വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും. ഇന്നും വടക്കന്‍ കേരളത്തിലെ ഏതെങ്കിലും ഒരുപഴയ ഗ്രാമത്തില്‍ ബസ്സിറങ്ങേണ്ടി വന്നാല്‍ കണ്ണുകള്‍ അറിയാതെ പ്രഭു ഡോക്ടറുടെ സഞ്ജീവ് ക്ലിനിക്ക് പരതും. മിഴിയും മനവും അതിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും തേടിയെന്നിരിക്കും. അത്രയധികം ആഹ്ലാദം നല്കിയ ഒന്നായിരുന്നു ഈ നോവല്‍. ഈ വായന അവസാനിച്ചിടത്ത്നിന്ന് തുടങ്ങണം പരൽ മീൻ നീന്തുന്ന പാടം എന്ന കൃതിയുടെ വായന . സ്വന്തം ഗ്രാമവും ജീവിതവും എത്രത്തോളം എഴുത്തുകാരനെ സ്വാധീനിക്കുന്നു എന്ന് രണ്ട് കൃതികളുടെയും കൂട്ടിവായന മനസ്സിലാക്കി തരും . ആ നോവലിൽ കണ്ട കുറെ കാര്യങ്ങൾ ഇവിടേയും പുനർജ്ജനിക്കുന്ന പോലെ .
ചെറിയ ചെറിയ ഓർമ്മകളെ മനോഹരമായ ചിത്രങ്ങൾ പോലെ ഫ്രൈം ചെയ്ത് വെച്ചതാണ് ഓരോ അദ്ധ്യായവും. എല്ലാ ആത്മകഥകളിലുമെന്നപോലെ സ്വന്തം കഥ തന്നെയാണ് സി വി യും പറയുന്നത്. പക്ഷേ എഴുത്തുകാരന്റെ പൊങ്ങച്ചം പറച്ചിലല്ല . . തന്നിലേക്ക് വന്നു ചേർന്ന ഒരു കാലഘട്ടത്തെ , തന്നോടൊപ്പം വളർന്ന , തനിക്കു ശേഷവും ഒഴുകിയേക്കാവുന്ന ഒരു സംസ്കൃതിയെ നോക്കി അദ്ദേഹം സംസാരിക്കുകയാണ് . കഥകൾ പറയുകയാണ് . സ്വയം കഥാപാത്രമാവുകയാണ് .
കുട്ടയും തലയിൽ വെച്ച് കൂകിവിളിച്ച് നടന്നു പോകുന്ന മീൻകാരനെ നിങ്ങൾ പലയിടത്തും കണ്ടുകാണും . മീൻ വിറ്റ് തീർന്നിട്ടും ആയാൾ കൂകികൊണ്ട് പോകുന്നത് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ സന്തോഷം കൊണ്ടാണ് . കഥപറയാൻ വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു കൃതിമ കഥാപാത്രങ്ങളും ഇതിലില്ല . ഒരു വരിയിൽ വന്നുപോകുന്നവർക്ക് പോലും ഉണ്ട് ആത്മാവ് . അവർ നമ്മുടെ കൂട്ടുകാരാവും ഒപ്പം നൊമ്പരവും . കല്യാണം കഴിക്കാൻ കഴിയാതെ മാനസിക നില തെറ്റുന്ന കല്യാണി , ചെവിയിൽ ചെമ്പരത്തിയും ചൂടി എല്ലാരോടും ചോദിക്കുന്ന ചോദ്യം "എന്നെ കല്യാണം കഴിക്കോ " എന്നാണ് . എന്നോടും ചോദിച്ചു, ഞാനും കേട്ടു ആ ചോദ്യം .
അമ്മാവനുമായുള്ള ബന്ധം ഇതിൽ കുറെ പരാമർശിക്കപ്പെട്ട ഒന്നാണ്, പഴയകാലത്തെ അമ്മാവന്മാർക്ക് വില്ലൻ മുഖം സാധാരണമാണ്; സാഹിത്യത്തിലും സിനിമയിലുമെല്ലാം. ഇവിടെയും മറിച്ചല്ല . പക്ഷേ അർബുദം ബാധിച്ച് എല്ലാം കഴിയുന്നു എന്ന അവസ്ഥയിൽ അമ്മാവൻ പറയുന്നു . "നിനക്കായി ഒന്നും ഞാൻ ചെയ്തിട്ടില്ല . നീ എഴുതിയത് എല്ലാം ഞാൻ വായിച്ചിട്ടുണ്ട് . ഉള്ളിലുള്ള ഒരാള് സമ്മതിച്ചു തന്നിട്ട് വേണ്ടേ . എനിക്കഭിമാനമായിരുന്നു നിന്റെ അമ്മാവൻ എന്ന് പറയുന്നത് . ഇനിയും എഴുതണം ഒരുപാട് " . സി . വി യെ വികാരാധീനാക്കിയ അമ്മാവൻ നമുക്കും പ്രിയപ്പെട്ടവനാവുന്നു . ഇനിയും എഴുതണം എന്ന വാക്ക് ഏറ്റുവാങ്ങുന്നത് മലയാളമാണല്ലോ .
കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരുടെ ജൽപനങ്ങളാണ് ആത്മകഥ എന്ന അബദ്ധധാരണ എന്നാണാവോ എന്നെ പിടികൂടിയത് . ഇനി ആ ധാരണ ഞാൻ അഴിച്ചു വെക്കുന്നു . കാരണം "പരൽ മീൻ നീന്തുന്ന പാടം " തുറന്നപ്പോൾ ഞാൻ കണ്ടത് മറ്റൊരു ലോകമാണ് . ഓരോ താളുകൾക്കും ഓരോ ഗന്ധം . ചിലതിന് ഊഷ്മളായ ബന്ധങ്ങളുടെ വേലിയേറ്റവും ഇറക്കവും . മറ്റു ചിലതിന് പച്ച പുല്ലിന്‍റെ മണമെങ്കിൽ അടുത്ത പേജിന് പുകയിലയുടെ മണമാണ് . തെയ്യങ്ങൾ ആടുന്ന പേജുകളുണ്ട് . വറുതിയുടെ കാലവും , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലവും സ്വാതന്ത്ര്യ സമരവും തുടങ്ങി വൈകാരികതയുടെയും ഗൃഹാതുരത്വത്തിന്‍റെയും രുചിയും മണവും ഓരോ പുറങ്ങളിലും നമ്മെ വിരുന്നൂട്ടും . വായിച്ചു തീരുന്നത് ഒരു ആത്മകഥയാണ് എന്നാ കാര്യം വീണ്ടും മറന്നു പോകുന്നു . വായിച്ചത് ഒരു കാലഘട്ടത്തിന്‍റെ കഥയാണ് . എഴുതിയത് സി വി ബാലകൃഷ്ണൻ എന്ന കഥാകാരനാണ് .
കെ . ഷരീഫിന്‍റെ വരകൾ മനോഹരമാണ് . കൂടെ ഇതിലൂടെ നമ്മൾ പരിചയപ്പെട്ട ചില സ്ഥലങ്ങളും കഥാപാത്രങ്ങളും മനോഹരമായി പകർത്തിയിട്ടുണ്ട് മധു രാജിന്‍റെ ക്യാമറ . ഈ കാഥാപാത്രങ്ങളെ തേടി , കഥ നടന്ന ഗ്രാമത്തിലൂടെ ഒരു യാത്ര ആഗ്രഹിച്ചു പോകുന്നു . പോസ്റ്റ്മാൻ കൃഷ്ണ പൊതുവാളും ബാർബർ കൃഷ്ണേട്ടനുമെല്ലാം ചിരിച്ചുകൊണ്ട് ആ വഴിയോരത്ത് ഇരിക്കുന്നുണ്ടെങ്കിലോ .
പരൽ മീൻ നീന്തുന്ന പാടം
മാതൃഭൂമി ബുക്ക്സ്