Saturday, February 18, 2012
ആരവമൊഴിയുന്ന മൈതാനങ്ങള്‍
"ചലഞ്ചെഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന വമ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. കാലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന നിങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം കാണാന്‍ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്"
ഗ്രാമങ്ങളിലെ നിരത്തിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു അനൌണ്‍സ്മെന്റ് ജീപ്പ് കടന്ന് പോയി . ഒപ്പം അതില്‍ നിന്നും പുറത്തേക്കെറിയുന്ന നോട്ടീസുകള്‍ വാരിക്കൂട്ടാന്‍ പിറകെ ഓടുന്ന കുറെ കുട്ടികളും. ഒരു പഴയ കാലഘട്ടത്തെയാണ് ഈ പരിചയപ്പെടുത്തിയത്. നമ്മളില്‍ പലരും ഇപ്പോള്‍ അല്പം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന വാക്കുകള്‍. പ്രത്യേകിച്ചും മലബാര്‍ ഗ്രാമങ്ങളില്‍. ആ ഗ്രാമങ്ങളുടെ തുടിപ്പും ആവേശവുമായിരുന്നു സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങള്‍. വൈകുന്നേരങ്ങളെ സജീവമാക്കിയിരുന്ന ഈ കായിക ഉത്സവത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്...? ചെറിയൊരു തിരിഞ്ഞു നോട്ടം നന്നാവുമെന്ന് തോന്നുന്നു.
നാട്ടുക്കാരെല്ലാം ചേര്‍ന്ന് , നെല്ല് കൊയ്ത പാടങ്ങള്‍ ചെത്തി മിനുക്കി നിരപ്പുള്ള മൈതാനമാക്കുന്നതില്‍ തുടങ്ങുന്നു ആവേശത്തിന്‍റെ കൊടിയേറ്റം. അയല്‍ പ്രദേശങ്ങളിലെ മിക്ക ക്ലബ്ബുകളും പങ്കെടുക്കുന്ന മത്സരത്തിന്‍റെ ആവേശത്തിലേക്ക് റഫറിയുടെ വിസില്‍ മുഴങ്ങുന്നത് മുതല്‍ ഉത്സവമാണ്. പൊടി പാറുന്ന മണ്ണില്‍ മത്സരത്തിന്‍റെ താളം മുറുകുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍. ലോക്കല്‍ മറഡോണമാരുടെയും മെസ്സിമാരുടെയും പേര് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍.അവരുടെ ആവേശം കാലിലെ ഊര്‍ജ്ജമാക്കി കുതിച്ച് പാഞ്ഞു എതിര്‍ടീമിന്‍റെ വല കുലുക്കുമ്പോള്‍ ചാടി മറിയുന്ന കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ.
പക്ഷെ, ഇപ്പോള്‍ ഈ മൈതാനങ്ങളിലെ ആരവങ്ങള്‍ക്ക് ചെവിയോര്‍ക്കുമ്പോള്‍ എനിക്കൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ... ഫുട്ബോളിന് മരണ മണി മുഴങ്ങി എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. പക്ഷെ ഗ്രാമങ്ങളെ മുന്‍നിര്‍ത്തി നടന്നു വന്നിരുന്ന സെവന്‍സ് മത്സരങ്ങള്‍ ഇപ്പോള്‍ വളരെ കുറഞ്ഞുപ്പോയി. വെറും ഫുട്ബോള്‍ എന്നതിനുപരി ഒരുപാട് തലങ്ങളിലേക്ക് അതിന്‍റെ ഗുണങ്ങള്‍ പരന്നിരുന്നു എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. ഐക്യത്തിന്റെ, സാഹോദര്യത്തിന്‍റെ , മത സൗഹാര്‍ദ്ധത്തിന്‍റെ മേഖലകളിലേക്ക്. പല മലബാര്‍ തറവാട്ടുകാരുടെയും പ്രതാപം അറിയിക്കുന്ന വേദി കൂടിയായിരുന്നു ഇത്. സ്വന്തം ടീമും, മത്സരത്തിന്‍റെ സംഘാടനവും തുടങ്ങി അവരുടെ പൊങ്ങച്ചത്തിന്‍റെ മുഖം കൂടി കാണിക്കാന്‍ ഒരു അവസരം കൂടി ആയിരുന്നു ഇത്.
ഫുട്ബോളിന്റെ സാമ്പ്രദായിക സൗന്ദര്യത്തെ, സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങള്‍ നശിപ്പിക്കുന്നു എന്നൊക്കെ പറയാറും കേള്‍ക്കാറുമുണ്ട്. അതിന്‍റെ ശരിയും തെറ്റും വിശകലനം ചെയ്യാന്‍ ഞാനാളല്ല. പക്ഷെ ഒരു മലബാറുക്കാരനായ എനിക്ക് ഫുട്ബോള്‍ എന്നാല്‍ ജീവശ്വാസം പോലെയാണ്. പാടങ്ങളിലും സ്കൂള്‍ മൈതാനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ആരവങ്ങള്‍ കണ്ടും കേട്ടുമാണ് ഞങ്ങള്‍ വളര്‍ന്നത്. അതിപ്പോള്‍ കുറയുന്നു എന്നറിയുമ്പോഴുള്ള വിഷമം ചെറുതല്ല. ഒരു ഗ്രാമത്തിന്‍റെ ഹൃദയം മുഴുവന്‍ ഒരേ താളത്തില്‍ മിടിച്ചിരുന്ന ഒരു കായിക രൂപമാണ് ചുരുങ്ങി പോകുന്നത്.
ഒരു സ്ഥലത്ത് കളി കഴിയുമ്പോള്‍ അടുത്ത ഗ്രാമത്തില്‍ വേറെ തുടങ്ങിയിരിക്കും. പിന്നെ കൂട്ടങ്ങളായി അങ്ങോട്ട്. ഒരു വേനല്‍ കഴിയുമ്പോള്‍ അടുത്ത സീസന്‍ ആവുന്നത് വരെ കാത്തിരിപ്പിന് നീളം കൂടും. ആ സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളുടെ പരിമിതമായ സാന്നിധ്യമാണ് ഞാനിവിടെ അന്വഷിച്ചതും.
പക്ഷെ മലപ്പുറം ജില്ല വേറെ തന്നെ നില്‍ക്കുന്നു. പേര് കേട്ട പല മത്സരങ്ങളും ഇപ്പോള്‍ ഇല്ല എങ്കിലും കുറെയേറെ ഇപ്പോഴും ഉണ്ട്. അരീക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും സജീവമാണ്. കളിക്കുന്നതിനും കളി ഒരുക്കുന്നതിനും. ഇത് വഴി പോകുമ്പോള്‍ പന്ത് തട്ടി കളിക്കുന്ന കൊച്ചു കുട്ടികളെ കാണാം അവര്‍ക്ക് കളി പറഞ്ഞു കൊടുക്കുന്നവരേയും. നാളത്തെ ഇന്ത്യുടെ പ്രതീക്ഷകള്‍ ആണവര്‍. ഇന്ത്യന്‍ ടീമിലേക്ക് എത്രയെത്ര പ്രതിഭകളെ സമ്മാനിച്ച നാടാണിത്. ഷറഫലിയും ഹബീബും ജാബിറും തുടങ്ങി കുട്ടിക്കാലത്ത് ആരാധിച്ച എത്ര പേരുകള്‍. പുതിയ ഇന്ത്യന്‍ ടീമിലേക്കും കയറി ഇവിടെ നിന്നും കുറെ പേര്‍. എനിക്കുറപ്പുണ്ട് ഈ കൊച്ചു കുട്ടികള്‍ പന്തുതട്ടി പഠിക്കുന്നത് ഇന്ത്യയുടെ പുതിയ പ്രതീക്ഷകളിലേക്കേക്കാണ് എന്ന്. ഒരു പക്ഷെ ഒരു ലോകക്കപ്പ് എന്‍ഡ്രി എന്ന സ്വപ്നത്തിലേക്ക്.
കളികള്‍ മാത്രമല്ല അന്യം നിന്ന് പോകുന്നത്. കളിയരങ്ങുകള്‍ കൂടിയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ പറ്റി എങ്ങിനെ പറയാതിരിക്കും. ഇതുവഴി പോകുമ്പോള്‍ ഒരു നഷ്ടബോധം തോന്നും ഇപ്പോഴും. ഗാലറികളുടെ പഴയ ആരവം മനസ്സിലേക്ക് ഇരച്ചു കയറുന്നു. സിസ്സെഴ്സ് കപ്പ്, നെഹ്‌റു കപ്പ്, പിന്നെ കോഴിക്കോടിന്‍റെ സ്വന്തം നാഗ്ജി. ബികാസ് പാഞ്ചിയും പാപച്ചനും വിജയനും ജാംഷെഡ് നസ്സീരിയും ചീമ ഒകീരിയും തുടങ്ങി പിന്നെ റഷ്യക്ക് വേണ്ടി ലോക കപ്പ് കളിച്ച ഇഗോര്‍ ബലനോവും അലക്സി മിഹൈലി ചെങ്കോയും വരെ ആവേശം വാരിവിതറിയ രാവുകള്‍.. . കഷണ്ടി തലയുമായി ബെലനോവിനെയും സ്വര്‍ണ്ണ തലമുടിയുമായി ചെങ്കോയെയും പിന്നെ റഷ്യക്ക് വേണ്ടി ലോകകപ്പില്‍ കണ്ടപ്പോള്‍ എത്ര മാത്രം സന്തോഷിച്ചു. നമ്മള്‍ നേരിട്ട് കണ്ട താരങ്ങള്‍. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്.
രാവുകളെ പകലാക്കിയ ഫ്ലെഡ് ലൈറ്റ് ആരവങ്ങള്‍ക്ക് ഇന്ന് ശ്മശാന മൂകത. കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികളുടെ നൊമ്പരങ്ങള്‍ അവിടെ ചുറ്റിതിരിയുന്നതായി അനുഭവപ്പെടുന്നു. കാലം മാപ്പ് നല്‍കാത്ത അവഗണന. ഇടയ്ക്കെന്നോ ദേശീയ ലീഗിലെ ചില മത്സരങ്ങള്‍ വന്നു. വീണ്ടും പഴയ പടി. കണ്ണ് തുറക്കാത്ത അധികാരി വര്‍ഗങ്ങള്‍ അറിയുന്നോ കോഴിക്കോടന്‍ ഫുട്ബോള്‍ പ്രേമികളുടെ സങ്കടം. പട്ടിണി കിടന്നു മരിക്കുന്നവരെ പോലും തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ വരുമ്പോള്‍ ഈ ഒരു ചിന്ത അല്പം കടന്നതാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ എഴുതി വന്ന വിഷയം അതായിപോയല്ലോ.
മൈതാനത്തിലെ പച്ച പുല്ല് കിളിര്‍ക്കുന്നത് പോലെ വീണ്ടും ഗ്രാമങ്ങളും കളിയരങ്ങുകളും സജീവമാകും എന്ന ശുഭാപ്തി വിശ്വാസം ബാക്കി വെക്കാനെ എന്നിലെ കായികപ്രേമിക്കും കഴിയൂ. ഇനി വിസില്‍ മുഴങ്ങുന്നത് പുതിയൊരു മത്സരത്തിന്‍റെ ആവേശത്തിലേക്കാവട്ടെ.
(നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്)
Saturday, February 11, 2012
"നിള"യെന്നെ വിളിക്കുന്നുണ്ട്..!
ബസ്സിന്റെ സൈഡ് സീറ്റില്‍ ചാഞ്ഞിരുന്ന് ഒരു പാതിയുറക്കത്തിന്‍റെ സുഖത്തിലായിരുന്നു ഞാന്‍ . പതിയെ കടന്നുവന്നൊരു കാറ്റിന്റെ തലോടലില്‍ കണ്ണു തുറന്നു നോക്കിയപ്പോള്‍ കുറ്റിപ്പുറം പാലമെത്തിയിട്ടുണ്ട്. പുറത്ത് നിശബ്ദമായി ഒരു പുഴ ഒഴുകുന്നു. "നിള" യെന്ന സുന്ദരി ഒരു സായാഹ്ന മയക്കത്തില്‍ ആണെന്ന് തോന്നുന്നു.
എന്ന് മുതലാണ് നിളയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്..?
ഉച്ചക്ക് ശേഷം വന്നെത്തുന്ന ഉറക്കം അലട്ടുന്ന പീരിയഡുകളുടെ വിരസത ശിവദാസന്‍ മാസ്റ്റര്‍ ക്ലാസ് എടുക്കുമ്പോള്‍ ഉണ്ടാവാറില്ല. മാമാങ്ക മഹോത്സവത്തെ കുറിച്ച് മനോഹരമായി വര്‍ണ്ണിച്ച ആ സാമൂഹ്യ പാഠം ക്ലാസ് മുതലാവണം ആദ്യം നിളയെ അറിയുന്നത്.
ഒരിക്കല്‍ തിരുനാവായ പോയിരുന്നു. നിളയുടെ തീരത്തുള്ള നവമുകുന്ദ ക്ഷേത്രത്തിലും. ഈ പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. എട്ട് തവണ പ്രതിഷ്ഠ നടന്നപ്പോഴും വിഗ്രഹം മണ്ണിനടിയിലേക്ക് താഴ്ന്നു പോകുകയും ഒമ്പതാമത്തെ ശ്രമത്തില്‍ പകുതി താഴ്ന്നെങ്കിലും പൂജാരിമാര്‍ മനശക്തികൊണ്ട് താങ്ങി നിര്‍ത്തി. അങ്ങിനെയാണ് നവമുകുന്ദ എന്ന പേര് വന്നതത്രെ. വിഷു ദിവസങ്ങളില്‍ ഉദയ സൂര്യന്റെ രശ്മികള്‍ വിഗ്രഹത്തിന്റെ പാദങ്ങളില്‍ പതിക്കും എന്നും പറയുന്നു. പുഴയുടെ തീരത്തുള്ള ഈ ക്ഷേത്രവും അവിടെ കണ്ടിരുന്ന ശാന്തതയും ഭംഗിയും ഇപ്പോഴും ഓര്‍മ്മയിലുണ്ട്. മറുകരയില്‍ ഒരു ബ്രഹ്മ ക്ഷേത്രവും ഉണ്ടായിരുന്നു. എന്‍റെ ഓര്‍മ്മയില്‍ കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഉള്ളൂ എന്നാണ്. ഈ അമ്പലത്തിന്റെ അരികിലൂടെയുള്ള ചെങ്കല്ല് പാകിയ പടവിലൂടെ ഇറങ്ങിചെന്നാണ് ഞാന്‍ നിളയെന്ന പ്രണയിനിയെ ആദ്യമായി തൊട്ടറിയുന്നത്. കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് ഞാനെന്റെ ഇഷ്ടവും അറിയിച്ചു.
അഞ്ഞൂറ് വര്‍ഷങ്ങളുടെ പാരമ്പര്യവുമായി തലയുയര്‍ത്തി നില്‍ക്കുന്ന പൊന്നാനി ജുമാ മസ്ജിദും നിളയുടെ തീരത്താണ്. . ഇതിന്‍റെ മിനാരങ്ങളുടെ ആശീര്‍വാദം നേടിയാകണം ഓരോ പ്രഭാതത്തിലും നിള ഉണര്‍ന്ന് ഒഴുകിത്തുടങ്ങുന്നത്. ... വാസ്തുശില്പ കലയുടെയും ചരിത്ര തിരുശേഷിപ്പുക്കളുടെയും സമ്മേളനമാണ് പള്ളിയുടെ അകത്തളം. സൈനുദ്ധീന്‍ മഖ്തൂം ആണ് പള്ളിയുടെ സ്ഥാപകന്‍ .
"വിളക്കത്തിരിക്കല്‍ " എന്ന പേരില്‍ അറിയപ്പെടുന്നതാണ് ഇവിടത്തെ മത പഠന ക്ലാസ്. മക്കയില്‍ നിന്നും കൊണ്ട് വന്ന കല്ലിനു മീതെ പ്രത്യേക രീതിയില്‍ ആണ് ഈ എണ്ണ വിളക്കിരിക്കുന്നത്. സന്ധ്യാ നമസ്കാരത്തിന് ശേഷമാണ് ഇത് തെളിയിക്കുന്നത്. പള്ളി ദര്‍സ് സമ്പ്രദായങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. ഒരുപാട് ചരിത്രങ്ങള്‍ ഇനിയും പള്ളിയോട് ചേര്‍ന്ന് ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ യാത്രയുടെ അവ്യക്തമായ ഓര്‍മ്മകളെ എനിക്കുള്ളൂ.
ഇന്നിപ്പോള്‍ ആ യാത്രയെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു അപൂര്‍ണ്ണത തോന്നുന്നുണ്ട് . വെറും കൗതുകത്തിനപ്പുറം അന്നതിനൊരു പ്രാധാന്യം കൊടുക്കാത്തത് തെറ്റല്ല. പക്ഷെ ഇപ്പോള്‍ എന്തൊക്കെയോ അറിയാനും പറയാനും ശ്രമിക്കുമ്പോള്‍ സാധിക്കാതെ വരുന്നല്ലോ എന്നൊരു വിഷമം . ഈ പള്ളിയുടെ , ക്ഷേത്രത്തിന്‍റെ, മാമാങ്കത്തിന്‍റെ , പെരുമ്പടപ്പ് സ്വരൂപത്തിന്‍റെ , വള്ളുവനാടിന്‍റെ പിന്നെ മറ്റനേകം നാട്ടുകഥകളും ഉറങ്ങുന്ന ഈ നിളയുടെ തീരത്തൂടെ വീണ്ടുമൊരു യാത്ര കൊതിച്ചു പോകുന്നു.
കേരളത്തിന്റെ സംസ്കാരത്തോട് ഇത്രയധികം ചേര്‍ന്ന് നിന്നൊരു പുഴ വേറെയുണ്ടോ..? എം. ടി . ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. " ലോകത്തെ ഏത് വലിയ സമുദ്രത്തെക്കാളും കൂടുതലാണ് എനിക്ക് നിളയുടെ മഹത്വം " എന്ന്. നദികള്‍ സംസ്കാരങ്ങളെ സൃഷ്ടിക്കുന്നു എന്നല്ലേ. എല്ലാവരുടെ ജീവിതത്തിലും സ്വാധീനമായി ഒരു നദിയുണ്ടായിരിക്കണം. കൂടല്ലൂര്‍ ഗ്രാമങ്ങളെ നനച്ചു വളര്‍ത്തിയ നിളയല്ലേ മലയാള സാഹിത്യലോകത്തിന് തണല്‍ മരമായ എം. ടീ. യെയും നല്‍കിയത്. ഇന്നും മലയാളികളുടെ വായനയിലെ സുകൃതമായ എത്രയോ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് ഈ പുഴയെ നോക്കിയാണ് എന്നറിയുമ്പോള്‍ എം. ടീ യേക്കാള്‍ കൂടുതല്‍ ഞാന്‍ നിളയെ സ്നേഹിച്ചു പോകുന്നു. പക്ഷെ നഷ്ടപ്പെട്ടു പോകുന്ന പുഴയുടെ അവസ്ഥ കണ്ട് "ഇനിയൊരിക്കലും ഞാന്‍ നിളയെ പറ്റി എഴുതുകയോ മിണ്ടുകയോ ചെയ്യില്ല " എന്ന് വിലപിച്ചപ്പോള്‍ "നിളയുടെ കഥാക്കാരന്‍ "എത്ര കണ്ട് വിഷമിച്ചിട്ടുണ്ടാവണം .
അതൊരു സത്യമാണ്. പലരും പറയാറുണ്ട് ഇനി ചാലിയാറിനെ പറ്റി എഴുതരുത് എന്ന്. പക്ഷെ ഞാന്‍ എഴുതുന്ന ചാലിയാറിനേയും ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. എന്‍റെ ഓര്‍മ്മകളില്‍ നിറയുന്ന ചാലിയാറിന്റെ ആ പഴയ സൌന്ദര്യത്തെ കാണാന്‍ കഴിയാത്ത വിഷമമാണ് പറയുന്നതെന്ന് ഞാനെങ്ങിനെ പറഞ്ഞു മനസ്സിലാക്കും...? ആ ഓര്‍മ്മകളുടെ നിവേദ്യമാണ് ചാലിയാര്‍ കഥകളായി ഞാന്‍ പറഞ്ഞു പോകുന്നത്.
നമുക്ക് നിളയുടെ തീരത്തേക്ക് തിരിച്ചുവരാം. പുഴ ഒഴുകുന്ന വഴികളിലൂടെ ചരിത്രത്തിന്റെ പിന്നാമ്പുറം തേടി, നാട്ടുകഥകളുടെ മിഴിച്ചെപ്പുകള്‍ തേടി , നാടന്‍ പാട്ടുകളുടെ ശീലുകള്‍ തേടി ഈ സംസ്കാരത്തോട് ചേര്‍ന്ന് യുഗങ്ങള്‍ പിറകിലോട്ട് പോയാലോ ?. പല്ലക്കില്‍ ഒരു നാട്ടു രാജാവ് കടന്ന് പോകുന്നത് കാണുന്നില്ലേ..? പെരുമ്പടപ്പ് സ്വരൂപത്തിലേക്ക് സാമൂതിരിയുടെ മുന്നേറ്റമാണ് ഉയര്‍ന്ന് പൊങ്ങുന്ന ആ പൊടിപടലങ്ങള്‍. അകലെ മാമാങ്കത്തിന്റെ കൊടിയേറ്റമുണ്ട്. ഉത്സവത്തിന്റെ ആരവങ്ങളും കേള്‍ക്കുന്നുണ്ട്. നമ്മളിപ്പോള്‍ നൂറ്റാണ്ടുകള്‍ പിറകിലൂടെ യാത്ര ചെയ്യുകയാണ്.
രക്തപങ്കിലമായ മാമാങ്കത്തിന്റെ ഓര്‍മ്മയിലായിരിക്കുമോ പുഴക്ക് ചുവപ്പ് നിറം കാണുന്നത്. കാരണം ഈ അസ്തമയ സൂര്യന്റെ വെളിച്ചം ഏറ്റുവാങ്ങുന്ന പുഴക്ക് ഒരു രക്തവര്‍ണ്ണം തോന്നുന്നു. നഷ്ടപ്പെട്ട മാമാങ്കത്തിന്റെ സാരഥ്യം തിരിച്ച് പിടിക്കാന്‍ വള്ളുവകോനാതിരി , സാമൂതിരിയുമായി നടത്തിയ യുദ്ധങ്ങള്‍. അതില്‍ പിടഞ്ഞു വീണവരുടെ രക്തവും കണ്ണീരും ഒരു കാലത്ത് ഈ നിളയെപോലും കരയിപ്പിച്ചിട്ടുണ്ടാവണം . പുഴയില്‍ വെള്ളം ചീറ്റി കുളിക്കുന്ന ഈ നാട്ടാന പോലും എന്നെ വഴിതിരിച്ചു വിടുന്നത് ആ കാലത്തിലേക്കാണ്. കാരണം ചരിത്രക്കാരന്‍മാര്‍ പറയുന്നത് സാമൂതിരി കൊന്നൊടുക്കിയ പടയാളികളുടെ മൃതദേഹങ്ങള്‍ ആനകള്‍ കാലുകൊണ്ട് ചവിട്ടി മണിക്കിണറിലേക്ക് ഇടാറായിരുന്നു എന്നാണ്. മാമാങ്കത്തിന്റെ പല ശേഷിപ്പുകളും നിളയുടെ തീരത്ത് ചിതറി കിടപ്പുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ കേവലം സ്കൂള്‍ പരീക്ഷയില്‍ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള അഭ്യാസം ഒഴിച്ചാല്‍ ഒരിക്കല്‍ പോലും ഇതൊക്കെ കാണാനോ അറിയാനോ ശ്രമിച്ചിട്ടുണ്ടോ..? ഇല്ലെന്ന് തന്നെ ഉത്തരം.
ഒരു പക്ഷെ മറന്ന ആ ചരിത്രം മുതലാകണം എം ടീ യിലൂടെ വീണ്ടും നമ്മള്‍ നിളയിലേക്കെത്തിയത്. കഥകളിലൂടെ അദ്ദേഹം മറ്റൊരു നദിയെ കാണിച്ച് തന്നു. പുതിയൊരു സംസ്കാരത്തെ പരിചയപ്പെടുത്തി. കുട്ട്യേടത്തിയിലേയും ഇരുട്ടിന്റെ ആത്മാവിലെയും തുടങ്ങി ഇന്നും നമ്മുടെ വായനയെ ഉത്സവമാക്കുന്ന അനശ്വര കഥാപാത്രങ്ങള്‍ എം ടി രചിച്ചത് നിളയിലെ തെളിനീരില്‍ പേന മുക്കി അതിന്‍റെ തീരത്തെ പഞ്ചാരമണലില്‍ എഴുതിയാകണം. ആ കഥാപാത്രങ്ങള്‍ പിറന്നു വീണ തീരത്ത് കൂടി, ചരിത്ര കഥകള്‍ പറയുന്ന കാറ്റും കൊണ്ട് , എല്ലാം അനുഭവമാക്കി ഒരു യാത്ര നിങ്ങളും കൊതിക്കുന്നില്ലേ..?
എം ടിയില്‍ മാത്രം, ഒതുങ്ങി നില്‍ക്കുന്നതല്ലല്ലോ നിളയുടെ തീരം നല്‍കിയ സമ്മാനങ്ങള്‍. ഒ.വി. വിജയനും , വീ കെ എന്നും തുടങ്ങി ലോകം അംഗീകരിച്ച സാഹിത്യ പ്രതിഭകള്‍ , ചരിത്രത്തില്‍ ഇടം പിടിച്ച പള്ളികളും ക്ഷേത്രങ്ങളും . സാംസ്കാരിക കലാ കേരളത്തിന്റെ അഭിമാനമായ കലാ മണ്ഡലം . കൂടെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള , ഇന്നും നമ്മുടെ ചരിത്ര പഠന ക്ലാസ്സുകളിലെ നിറമുള്ള അധ്യായങ്ങളായ ആ പഴയ നാട്ടുരാജ്യ കഥകള്‍. നിള ഒരത്ഭുതമായി മനസ്സില്‍ നിറയുന്നു.
കുറ്റിപ്പുറം പാലം കടന്ന് ബസ്സ് നീങ്ങുമ്പോള്‍ ഞാനൊന്നൂടെ തിരിഞ്ഞു നോക്കി. മയക്കത്തില്‍ നിന്നുണര്‍ന്ന് നിളയെന്നെ വിളിക്കുന്നുണ്ട്. ചരിത്രത്തിന്റെ വഞ്ചിയില്‍ കയറി തന്റെ മാറിലൂടെ ഒരു സവാരിക്ക്.
(ചിത്രങ്ങള്‍ - ഗൂഗിള്‍ )
Subscribe to:
Posts (Atom)