Friday, March 16, 2012

പവിഴ ദ്വീപില്‍ ഉറങ്ങുന്ന ചരിത്രസ്മരണകള്‍ഏതാനും ദ്വീപുകള്‍ കൂടിച്ചേര്‍ന്ന ഒരു രാജ്യം , അധികം ശ്രദ്ധിക്കപ്പെടാത്ത കുറച്ച് ചരിത്രം , അതിലുപരി "ട്രീ ഓഫ് ലൈഫ് "എന്ന മരം ചേര്‍ന്ന ഒരു പാരമ്പര്യം ഇത്രയും മാത്രമാണ് ബഹ്റൈന്‍ എന്ന രാജ്യത്തിന് പറയാനുള്ളത് എന്ന് കരുതിയിരുന്ന എന്‍റെ വിവരക്കേട് ഞാനിവിടെ അഴിച്ചു വെക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ എന്‍റെ ഈ അബദ്ധ ധാരണയ്ക്കുള്ള പ്രായക്ശ്ചിത്തമായി എഴുതിച്ചേര്‍ക്കുന്നു.

ബഹ്റൈനിലെ പ്രസിദ്ധമായ ബുദയ്യ കോട്ട തേടിയുള്ള ആ യാത്ര വഴിതെറ്റി എന്നെ എത്തിച്ചത് ചരിത്ര സ്മരണകള്‍ മിഴി പൂട്ടി ഉറങ്ങുന്ന ഒരു ഭൂമിയിലേക്കായിരുന്നു . ഓരോ രാജ്യത്തിന്റെയും പുരാതനമായ സംസ്കാരത്തെ അന്വേഷിച്ചിറങ്ങിയാല്‍ അറിയാനും പഠിക്കാനും ഏറെ കാണുമെന്ന ഒരു തിരിച്ചറിവിലേക്കായിരുന്നു ഞാന്‍ എത്തപ്പെട്ടതും . ബഹ്‌റൈന്‍ എന്ന ഈ കൊച്ചു രാജ്യത്തിനും ഉള്ളിലടക്കി പിടിച്ച കുറേ ചരിത്ര സത്യങ്ങള്‍ ഉണ്ടായിരുന്നു എന്ന പുതിയ അറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു .തകര്‍ന്ന് കിടക്കുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന്റെ നോട്ടത്തില്‍ ഒന്നും കാണില്ലായിരിക്കാം. പക്ഷെ ഒരു ചരിത്രാന്യോഷിയുടെ കണ്ണിലൂടെ സമീപ്പിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു നാഗരികതയുടെ ബാക്കിപത്രം ഇവിടെ വായിച്ചെടുക്കാം . ആര്‍ക്കിയോളജിക്കല്‍ വിഭാഗം "ബാര്‍ബാര്‍ ക്ഷേത്രം " എന്ന് വിളിപ്പേരിട്ട , പുരാതന നാഗരികതയുടെ തിരുശേഷിപ്പുകള്‍ നിറഞ്ഞ ഈ മണ്ണില്‍ നിന്ന് എന്തെല്ലാം അറിയാനുണ്ട് നമുക്ക്..?

ഡില്‍മന്‍ സംസ്കാരവുമായ ബന്ധപ്പെട്ട പേരത്രേ ഇത്. 2000 BC യില്‍ ഡില്‍മന്‍ സംസ്കാരത്തിന്റെ അവസാന കാലത്താണ് ഇത് നിലനിന്നിരുന്നത് എന്നാണ് ചില രേഖകള്‍ പറയുന്നത്. 1954 ഡാനിഷ് പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തുന്നത്. ലൈം സ്റ്റോണുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇത്തരം മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു . സുമേറിയന്‍ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ ഓരോന്നും ഓരോ കാലഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് . എന്നാല്‍ വലിപ്പത്തിലും, ആകൃതിയിലും മൂന്നാമത്തെ ക്ഷേത്രം മറ്റ് രണ്ടിനെക്കാളും വ്യത്യസ്തമായിരുന്നു.എങ്കി (Enki )എന്ന ദേവനേയും പത്നി നാന്‍ഖൂര്‍ സാക് ( (Ninhursag). ) എന്ന ദേവതയെയും ആയിരുന്നു ഇവര്‍ ആരാധിച്ചിരുന്നത്. വെള്ളത്തിന്‍റെയും വിജ്ഞാനത്തിന്റെയും ദൈവമായിരുന്ന enki യെക്കുറിച്ച് സുമേറിയന്‍ മിത്തോളജിയിലാണ് പരാമര്‍ശമുള്ളത്‌. ക്ഷേത്രത്തിന്‌ ഉള്ളില്‍ത്തന്നെ കാണുന്ന കിണറുകള്‍ ഒരു പക്ഷെ ആ വിശ്വാസത്തിന്റെ അടയാളമാകാം . കിണറിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകള്‍ ഇന്നും കേടു കൂടാതെയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വിഭാഗം ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ആയുധങ്ങളും പാത്രങ്ങളും ചെറിയ സ്വര്‍ണ തകിടുകളും മറ്റും ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിച്ചിട്ടുണ്ട്. പ്രധാനമായും കണ്ടെടുത്തത് ചെമ്പില്‍ നിര്‍മ്മിച്ച ഒരു പശുവിന്റെ തലയാണ് എന്നും പറയപ്പെടുന്നു. മ്യൂസിയത്തിലെ ശേഖരത്തില്‍ ഉള്ള ഈ രൂപം ആരാധനയുമായി ബന്ധപ്പെട്ട ഒന്നാണോ എന്ന് ഒരു വിവരണങ്ങളില്‍ നിന്നും അറിയുവാന്‍ സാധിച്ചില്ല.സിന്ധൂ നദീതട സംസ്കാരവും, മറ്റ് പല സംസ്കാരങ്ങളെയും കുറിച്ച് പണ്ട് സ്കൂളില്‍ ചരിത്ര പുസ്തകങ്ങളില്‍ പഠിച്ച കുറെ അദ്ധ്യായങ്ങളുണ്ട്‌. അന്ന് പഠന വിഷയം എന്നതിലപ്പുറം അതിനെക്കുറിച്ചൊന്നും അറിയാന്‍ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം . ജീവിതത്തില്‍ ഒരിക്കല്‍ പോലും അതുമായി ബന്ധപ്പെട്ട ഒരു സ്ഥലങ്ങളും കണ്ടിട്ടുമില്ല. പക്ഷേ യുഗങ്ങള്‍ക്ക് പിറകില്‍ സംഭവിച്ചു പോയ ഒരു നാഗരികതയുടെ അവശിഷ്ടങ്ങള്‍ കഥ പറയുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ചിക്കിച്ചികയാന്‍ വളരെയധികം കാര്യങ്ങളുണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു. മിത്തുകളിലെ ദൈവങ്ങളും ആരാധനാ മുറകളും ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും തുടങ്ങി ഇന്ന് ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വാസത്തിലേക്കുള്ള ഈ രാജ്യത്തിന്‍റെ യാത്ര എങ്ങിനെ ആയിരുന്നിരിക്കണം..?

മെസപ്പൊട്ടോമിയന്‍ സംസ്കാരവും, പിന്നെ അതിനോട് തന്നെ ചേര്‍ന്ന ഡില്‍മന്‍ സംസ്കാരവും ആയിരുന്നു ആദ്യ കാലത്തെ ബഹ്റൈന്‍ . അസ്സീറിയന്‍സും ( ആദ്യകാല സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗം) ബാബിലോണിയന്‍ സംസ്കാരവും ആണ് തുടര്‍ന്ന് വന്നത്. പിന്നെ പേര്‍ഷ്യന്‍സും കഴിഞ്ഞാണ് ഇന്ന് കാണുന്ന ഈ ഇസ്ലാമിക രാജ്യം അറബ് സംസ്കാരത്തിലേക്ക് എത്തിയത് എന്നാണ് രേഖകളില്‍ കാണുന്നത്, അത് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ .അ ) കാലത്താണ് . AD 628 ലാണ് പ്രവാചകന്‍ അയച്ച സംഘം ദൌത്യവുമായി ബഹ്റൈനില്‍ എത്തിയത്. അന്നത്തെ ബഹ്റൈന്‍റെയും ഖത്തറിന്റെയും ഭരണാധികാരി ആയിരുന്ന മിര്‍സ ബിന്‍ സവ അല്‍ തമീമിയുടെ നേതൃത്വത്തില്‍ ഈ രണ്ട് രാജ്യവും ഇസ്ലാമിക സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. അതായത് ഏകദേശം ഒരേ സമയത്ത് തന്നെയാണ് ബഹ്റൈനും ഖത്തറും ഇസ്ലാമിക രാജ്യമായി മാറിയത് എന്ന് സാരം . അതിന് ശേഷം മറ്റു മുസ്ലിം മത വിഭാഗങ്ങള്‍ ഭരണത്തില്‍ വന്നിട്ടുണ്ട് എന്നും രേഖകളില്‍ കാണുന്നുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശേഷമാണ് അത്. ഒരു കാലത്ത് യൂറോപ്പില്‍ Tylos എന്ന പേരിലായിരുന്നത്രേ ബഹ്‌റൈന്‍ അറിയപ്പെട്ടിരുന്നത് .

പോര്‍ച്ചുഗീസ് അധിനിവേശം ആരംഭി ക്കുന്നത് 1622 AD മുതല്‍ക്കാണ് . നീണ്ട എണ്‍പതോളം വര്‍ഷങ്ങള്‍ പിന്നെ അവരുടെ അധീനതയില്‍ ആയിരുന്നു രാജ്യം. ഇന്ന് കാണുന്ന ബഹ്റൈനിലേക്ക് എത്തിയത് പിന്നെയും രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും . ആ ചരിത്രം പറയാന്‍ ഒരുപാടുണ്ട്. ബാര്‍ബാര്‍ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു വന്നിട്ട് ഞാന്‍ വന്നു നിന്നത് ബഹ്‌റൈന്‍ ചരിത്രത്തില്‍ ആയി പോയല്ലേ..? പക്ഷെ ചരിത്രത്തിന്റെ ശേഷിപ്പായി അവശേഷിക്കുന്ന ഈ മണ്ണില്‍ ഒരു ചരിത്ര വിദ്യാര്‍ഥിയുടെ ആവേശത്തോടെ നില്‍ക്കുമ്പോള്‍ ആ കഥകളും പറയാതെ വയ്യല്ലോ.അറാദ്‌ ഫോര്‍ട്ട്‌ കൂടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ബഹ്റൈന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഈ കോട്ടയും. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആണ് ഇതിന്‍റെ നിര്‍മ്മാണം . അതായത് പോര്‍ച്ചുഗീസ് അധിനിവേശത്തിനും മുമ്പ്. പ്രതിരോധത്തിന് വേണ്ടി തന്നെയാണ് ഇതിന്റെയും നിര്‍മ്മാണം. ആ കാലത്തെ യുദ്ധങ്ങളിലും മറ്റും ഒരു നിര്‍ണ്ണായകമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കും ഉണ്ടായിരുന്നിരിക്കണം. കാരണം ഖലീഫ ഭരണം വരുന്നതിന്‌ മുമ്പ് പല അധിനിവേശങ്ങളും നാട്ടു യുദ്ധങ്ങളും ഇവിടെയും നടന്നിരുന്നു എന്ന് രേഖകളില്‍ കാണപ്പെടുന്നുണ്ട്. തനിമ നഷ്ടപ്പെടാതെ പുതുക്കി പണിതെങ്കിലും അറാദ്‌ ഫോര്‍ട്ടിന്റെ ഉള്ളറകള്‍ നമ്മെ വിസ്മയിപ്പിക്കും. പക്ഷെ ഈ ചരിത്ര സത്യങ്ങള്‍ അറിയാനും പഠിക്കാനും സഞ്ചാരികള്‍ക്കായി ഇവിടെ ഒരു വിവരങ്ങളും ലഭ്യമാകുന്നില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ് . അതേ സമയം ഇവയെല്ലാം സൂക്ഷമമായി പരിപാലിക്കുന്ന കാര്യത്തില്‍ ഇവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെ നാട്ടിലെ ഓരോ ചരിത്ര സ്മാരകങ്ങളില്‍ ചെല്ലുമ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലും , അവയെല്ലാം പരിചയപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും നമ്മുടെ രാജ്യം വളരെ ശ്രദ്ധിക്കുന്നു എന്നതും ഇവിടെ എടുത്ത് പറയേണ്ട കാര്യമാണ്.

പൊടിക്കാറ്റ് മറച്ചിട്ടുണ്ട്‌ ഹൈവേകളെ . പതുക്കെയാണ് വാഹനം നീങ്ങുന്നത്‌. കോട്ടയിലെ അനുഭവങ്ങള്‍ക്കൊപ്പം അമര്‍ ദിയാബിന്റെ അറബി സംഗീതം കൂടി ചേര്‍ന്നപ്പോള്‍ സന്തോഷം തോന്നുന്നു. ഈ അവധി ദിവസം നല്ലൊരു അനുഭവമായി എന്ന്തന്നെ പറയാം. പതുക്കെ തണുപ്പിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് ചൂടിലേക്കുള്ള പ്രയാണത്തില്‍ ആണ് പവിഴ ദ്വീപ്‌. ഒപ്പം സമ്പന്നമായ കുറേ ചരിത്ര സത്യങ്ങളെ അടുത്തറിഞ്ഞ സന്തോഷത്തില്‍ എന്‍റെ മനസ്സും.

Saturday, March 3, 2012

ബാക്കിയാവുന്ന മാമ്പഴക്കാലം

തൊടിയിലെ അണ്ണാരകണ്ണന്മാര്‍ക്കും കിളികള്‍ക്കും ഇനി പരിഭവിക്കേണ്ടി വരില്ല. ഇനി ഈ മാവിലെ ഓരോ മാങ്ങയും അവര്‍ക്ക് സ്വന്തമാണ്. അവരുടെ സാമ്രാജ്യത്തിലേക്ക് ചരല്‍കല്ലുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് ഓടിക്കാന്‍ മാമ എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഉമ്മത്തി താത്ത ഇല്ല ഇന്ന്.

ഉമ്മ പറയുമായിരുന്നു , നിന്നെ പെറ്റത്‌ ഞാനാണെങ്കിലും നോക്കിയത് മാമ ആയിരുന്നു എന്ന്. ആ സ്നേഹവും കടപ്പാടും എനിക്കെന്നും മാമയോടും ഉണ്ടായിരുന്നു. പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടി നടന്നു വരുന്ന മാമയുടെ മുഖം മനസ്സിലുണ്ട് ഇന്നും. ഇഷ്ടപ്പെട്ടവര്‍ വിടപറയുമ്പോള്‍ ബാക്കിയാവുന്ന ഓര്‍മ്മകളുടെ കൂട്ടത്തില്‍ അവര്‍ പകര്‍ന്നു തന്ന സ്നേഹത്തിനു പുറമേ ഇങ്ങിനെ ചില അടയാളങ്ങളുമുണ്ട് . വീടിന്‌ പിറകിലൂടെ ഇറങ്ങി ഒറ്റയടിപ്പാതയിലൂടെ നടന്ന് ഈ പറമ്പിലെത്തുമ്പോള്‍ ഞാനറിയാതെ നിന്ന് പോകും. സ്നേഹത്തിന്‍റെ ഒരദൃശ്യ സ്പര്‍ശവുമായി കിളികളോട് കലഹിച്ച് , മാങ്ങകള്‍ പെറുക്കി കൂട്ടി മാമ ഇവിടെയെല്ലാമോ നില്‍ക്കുന്ന പോലെ.

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഇടനാഴികളില്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്‌.
പക്ഷെ കോഴിക്കോട്ടേക്കെത്താന്‍ ഇതുവഴിയല്ലാതെ ഒരു യാത്രയും പറ്റില്ല ഞങ്ങള്‍ക്ക്. പക്ഷെ ഇവിടെത്തുമ്പോള്‍ മനസ്സ് ഞാനറിയാതെ അസ്വസ്ഥമാവുന്നു. ചുറ്റും കണ്ണോടിക്കുമ്പോള്‍ ദൈന്യതയുടെ എത്ര മുഖങ്ങളാണ് നമ്മെ വേട്ടയാടുന്നത്. ഒരു തൂക്ക് പാത്രത്തില്‍ കഞ്ഞിയും പിടിച്ചു ഓടുന്നവര്‍, കയ്യില്‍ മരുന്നും , മനസ്സില്‍ ദുഃഖ ഭാരവുമായി നീട്ടി നടക്കുന്നവര്‍ , ഓരോ ചിത്രങ്ങളും മനസ്സില്‍ ഒരു വേദനയായി നില്‍ക്കുന്നു.

ജനറല്‍ വാര്‍ഡിന്റെ ഇടനാഴികകളിലൂടെ കുറെ വേദനിക്കുന്ന ചിത്രങ്ങളും കണ്ടുനീങ്ങുമ്പോള്‍ ഹഫി എന്‍റെ കയ്യില്‍ മുറുക്കെ പിടിച്ചു. "ദേ ഇവിടെ" എന്ന് പതുക്കെ മന്ത്രിക്കുകയും ചെയ്തു. വിശാലമായ ആ ആശുപത്രിക്ക് പോലും ഉള്‍കൊള്ളാന്‍ പറ്റാത്ത രോഗികള്‍ക്കിടയില്‍ ഒരു പുല്‍പ്പായയില്‍ ചുരുണ്ട് കിടക്കുന്ന മുഖത്തേക്ക് നോക്കിയതും എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മുടിയിഴകളിലൂടെ എന്നെ തലോടിയ , എനിക്ക് വേണ്ടി പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടിയ ആ കൈകള്‍ ശോഷിച്ചിട്ടുണ്ട്, ഞാന്‍ ചിരിക്കുമ്പോള്‍ സന്തോഷിച്ച കണ്ണുകളില്‍ മാത്രം ഒരു തിളക്കം കണ്ടു. അത് ഞങ്ങള്‍ വന്ന സന്തോഷതിന്റെതാണ് . ആ കൈകള്‍ എന്‍റെ മുഖത്ത് തലോടി ആദ്യം പറഞ്ഞത് "മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണോ എന്‍റെ കുട്ടി നാട്ടിലെത്തിയത് " എന്നാണ്. പരിസരം മറന്നു എന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി. പുല്‍പ്പായയില്‍ അമര്‍ന്നിരുന്ന് ഒന്നും പറയാനില്ലാതെ മുഖത്തോട് നോക്കി ഞാനിരുന്നു.

കൈപിടിച്ച് സ്കൂളിലെ ക്ലാസ് മുറി വരെ കൊണ്ടാക്കുന്നതും, എന്നെ തല്ലിയ ഉസ്താദിനോട് വഴക്കിനു പോയതും, നബിദിന ഘോഷയാത്രക്ക്‌ കൊടി കിട്ടാതെ കരഞ്ഞ എനിക്ക് വര്‍ണ്ണ കടലാസുകള്‍ ഒട്ടിച്ച കൊടി ഉണ്ടാക്കി തന്നതും, പഴുത്ത മാങ്ങകളുടെ തൊലി ചെത്തി പാത്രത്തില്‍ ഇട്ട് തരുന്നതും തുടങ്ങി ഗള്‍ഫിലേക്കുള്ള ആദ്യ യാത്രയില്‍ കൂടെ എയര്‍പോര്‍ട്ട് വരെ വന്നതുമായ കുറെ ഓര്‍മ്മകള്‍ എന്നെ പിടിച്ചു വലിക്കുന്നു.

ചുരുട്ടി നല്‍കിയ നോട്ടുകള്‍ മാമ വാങ്ങിയത് മകന്റെ അവകാശമായി കണ്ടാവണം. എന്നാല്‍ "എന്നെ കാണാന്‍ ഓടി വന്നല്ലോ എന്‍റെ കുട്ടി " എന്ന തൊണ്ടയില്‍ കുടുങ്ങിപ്പോയ വാക്കുകള്‍ ആണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത്. അര്‍ബുദത്തിന്റെ വേദനയില്‍ ആ ഒരാശ്വാസം ഞാന്‍ കണ്ടതാണ്. എങ്ങിനെ അവിടിന്നറങ്ങി എന്നറിയില്ല എനിക്ക്. പക്ഷെ അതൊരു അവസാന കൂടിക്കാഴ്ച ആയിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും നാവിന്‍ തുമ്പില്‍ നിന്നും ഒഴിഞ്ഞുപോകാത്ത ഒരു മാമ്പഴത്തിന്റെ രുചി പോലെ ഈ പോറ്റമ്മയും ആ സ്നേഹവും എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

എന്നോ എഴുതേണ്ടിയിരുന്ന ഒരു ഓര്‍മ്മകുറിപ്പ്. ഞാനിതിവിടെ കുറിക്കുന്നു. വിഷമിപ്പിക്കാനല്ല. ഓര്‍മ്മകളും സ്വപ്നങ്ങളും സന്തോഷങ്ങളും ഗൃഹാതുരത്വവും പങ്കു വെക്കുന്ന എന്റെയീ അക്ഷരങ്ങളുടെ ചെറിയ ലോകത്ത് ഈ വളര്‍ത്തുമ്മയേയും കാണണം എനിക്ക്. പ്രാര്‍ത്ഥനകളോടെ .