Friday, August 8, 2014

മുസഫർ കമാൽ ഹുസൈൻ .. നീ തന്നെയാണോ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌..?




ക്കത്തയിലെ തതോല ബസാറി ഒരു മുഗള ചക്രവർത്തിയുടെ കൊട്ടാരമുണ്ട്. പേർഷ്യന്‍ ശില്പ ചാതുരി നിറഞ്ഞു നില്‍ക്കുന്ന അകത്തളങ്ങളും തൂണുകളും വിശാലമായ ദര്‍ബാറും മുറ്റത്ത്‌ പൂന്തോട്ടങ്ങളും തുടങ്ങി രാജപ്രൗഡിയുടെ എല്ലാ ആർഭാടവും നിറയുന്ന ഒരു കൊട്ടാരമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ തെറ്റി. പകരം വാതില്‍ പാളികള്‍ തലയില്‍ വീഴാതിരിക്കാന്‍ ചണനൂലുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ച ഒരു മണ്‍ക്കൂര , ചുമരുകളില്‍ കാണുന്ന ചിത്രങ്ങള്‍ വിശ്വവിഖ്യാതരായ ചിത്രകാരന്മാര്‍ വരച്ചു ചേര്‍ത്തതല്ല. മൂട്ടക്കറകള്‍ ചെഞ്ചായം പൂശിയതാണ്‌. നാന്നൂറ്റി എണ്‍പത് വര്‍ഷം ഇന്ത്യ മഹാരാജ്യം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി പരമ്പരയിലെ ഇപ്പോഴത്തെ കിരിടാവകാശി താമസിക്കുന്നത് ഇവിടെയാണ്‌. ഇരുപതു വര്‍ഷത്തിനുപ്പുറം മറ്റൊരു ഭരണ മാറ്റം ഈ കുടില്‍ കൊട്ടാരത്തില്‍ നടന്നിട്ടില്ലെങ്കില്‍ അവന്‍ തന്നെയാവും മഹാരാജാവ്.

എങ്ങിനെ ഈ കൊട്ടാരത്തിലേക്ക് എത്തിപ്പെട്ടു . ഇനിയുള്ള കഥകള്‍ പറയാന്‍ എനിക്കെന്റെ ഉപ്പയെ കൂട്ടുപിടിച്ചേ പറ്റൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ ഉപ്പ എഴുതിയ "താല്തോല ബസാറിലെ മുഗള്‍ ചക്രവര്‍ത്തി" എന്ന അന്വോഷണാത്മക ലേഖനം. പുകള്‍ പെറ്റ മുഗള്‍ ഭരണാധികാരികളുടെ ബാക്കിപത്രം തേടിയുള്ള ഒരു യാത്രയായിരുന്നു അത്. ബാബറും, ഹുമയൂണും , അക്ബറും, ജഹാംഗീറും, ഷാജഹാനും , ഔറം ഗസീബും തുടങ്ങി അവസാനം ബഹദൂര്‍ഷയില്‍ അവസാനിച്ച ഭരണചക്രം, ഷാലിമാറും ചെങ്കോട്ടയും താജ്മഹലും തുടങ്ങി ഇന്നും സചേതനമായി നില്‍ക്കുന്ന സ്മാരകങ്ങള്‍, ചരിത്രത്തിനും സാഹിത്യത്തിനും സംസ്കാരത്തിനും കലകള്‍ക്കും നല്‍കിയ സംഭാവനകള്‍, രാജ്യ വിസ്തൃതിക്കും, പെരുമക്കും നിലനില്‍പ്പിനും വേണ്ടി നടത്തിയ അനേകം യുദ്ധങ്ങള്‍ . ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇന്നും ദാഹശമനം വരാത്ത കഥകളുടെ മിഴിചെപ്പായ മുഗള്‍ ഭരണം. കൊടിപറത്തിയ ഈ വംശപെരുമുടെ പുതിയ തലമുറകള്‍ എവിടെയായിരിക്കും...? ഉപ്പ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സാമൂഹ്യപാഠ പുസ്തകങ്ങളുടെ ചട്ടക്കൂടില്‍ നിന്നും ഈ ചോദ്യം പുറത്ത്‌ കടന്നപ്പോഴായിരിക്കണം അവരെ തേടിയുള്ള യാത്രയും നടന്നത്.

കല്‍ക്കത്തയിലെ തല്തോല ബസാര്‍. ഇവിടെ എവിടെയോ ആണ് ആ കുടുംബം താമസിക്കുന്നത് എന്ന കേട്ടറിവേ അവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി അവര്‍ അന്യോഷണം തുടര്‍ന്നു. ഇപ്പോഴത്തെ മുഗള രാജാവിനെ തേടി അങ്ങ് ദൂരെ കേരളത്തില്‍ നിന്നും വന്ന സഞ്ചാരികള്‍ അവനും കൌതുകമായി കാണണം. പുരാതനമായ കല്‍ക്കത്തന്‍ തെരുവുകളിലൂടെ അവന്‍റെ പഴയ റിക്ഷ മുന്നോട്ട് നീങ്ങി. ഒരു ചരിത്രം തേടിയുള്ള യാത്രയില്‍ അവനും ഭാഗമാവുകയായിരുന്നു.

ഒരു നൂറ് ഇടവഴികളും അതിലേറെ കൈവഴികളുമുള്ള തല്തോല ബസാറിലെ തെരുവുകളിലൂടെ കുറെ അലഞ്ഞിട്ടും അവര്‍ക്ക് മുഗളപാദുഷായുടെ കൊട്ടാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചോദിച്ചവര്‍ക്കാര്‍ക്കും അങ്ങിനെയൊരു മുഗള ചക്രവര്‍ത്തി ഈ ഗലികളില്‍ താമസിച്ചിരുന്നു എന്നത് അറിയില്ലായിരുന്നു. അവസാനം വാട്ടര്‍ ടാപ്പിനടുത്തു ക്യൂ നില്‍ക്കുന്ന സ്ത്രീകളോട് കൂടി അന്വേഷിച്ചു.

"കഴിഞ്ഞ വര്‍ഷം അന്തരിച്ച മുഗള ചക്രവര്‍ത്തി മിര്‍സ മുഹമ്മദ്‌ ബേദാര്‍ ഭക്തിന്റെ ഭാര്യയും കുടുംബവും താമസിക്കുന്നത് എവിടെയാണെന്ന് അറിയാമോ..?
ഇത് കേട്ടപ്പോള്‍ മണ്‍കുടവും തൂക്കിപ്പിടിച്ച് തന്‍റെഊഴം കാത്തിരിക്കുന്ന ഒരു സ്ത്രീ ഞങ്ങളെ ഇമ പൂട്ടാതെ കുറെ നേരം നോക്കി നിന്നു. കരിപുരണ്ട അവരുടെ കവിള്‍ തടങ്ങളിലൂടെ കണ്ണുനീര്‍തുള്ളികള്‍ ചാലിട്ടൊഴുകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപ്പോയി. നീല ഞരമ്പുകള്‍ തുടിച്ചുനില്‍ക്കുന്ന ഇടതുകൈകൊണ്ട് പിന്നിപറിഞ്ഞ സാരിത്തുമ്പ് തലയില്‍ വലിച്ചിട്ട ശേഷം അവര്‍ വിതുമ്പി. "വോ സുല്‍ത്താന മേം ഹൂം". (ഞാന്‍ തന്നെയാണ് നിങ്ങള്‍ അന്യോഷിക്കുന്ന മഹാറാണി )
സുഖലോലുപതയില്‍ മതിമറന്നപ്പോള്‍ "ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് , അതിവിടെയാണ് " എന്ന് വിളിച്ചുപറഞ്ഞ നൂര്‍ജഹാന്‍റെയും മുംതാസ് മഹലിന്‍റെയും പരമ്പരയില്‍ പെട്ട ബീഗം തന്നെയാണല്ലോ ഇവരും. "

എനിക്കോര്‍മ്മയുണ്ട് ഉപ്പ പറഞ്ഞത്. ഇവരെ പറ്റി. ഈ രാജ്ഞിയുടെ കണ്ണീരിനെ പറ്റി. അത് പറഞ്ഞപ്പോള്‍ ഉപ്പയുടെ ശബ്ദവും ഇടറിയിരുന്നു. ഇന്ത്യയെ ഒറ്റിക്കൊടുത്ത മിര്‍ ജാഫറിന്‍റെ കുടുംബത്തിനു ആയിരം രൂപ പെന്‍ഷന്‍ കൊടുക്കുന്ന രാജ്യത്ത് , ഒരു നേരത്തെ ആഹാരത്തിനു പോലും വിഷമിക്കുന്ന രാജപരമ്പരയിലെ ഈ കണ്ണികളുടെ അവസ്ഥ താഴെ കാണുന്ന ലേഖനത്തിലെ വരികളില്‍ നിന്നും വായിച്ചെടുക്കാം.

"വാതില്‍ പൊളികള്‍ തലയില്‍ വീഴുന്നത് ശ്രദ്ധിക്കണം. ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ചതാണ്.ബീഗം മുന്നറിയിപ്പ് നല്‍കി. പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്ന് രണ്ട് കുട്ടികള്‍ റൊട്ടി പരിപ്പുവെള്ളത്തില്‍ മുക്കി ആര്‍ത്തിയോടെ തിന്നുകയാണ്. മൂട്ടക്കറകൊണ്ട് ചെഞ്ചായം പൂശിയ ചുവരില്‍ പൊട്ടിത്തകര്‍ന്ന ചില്ലുകള്‍ക്കുള്ളിലിരുന്ന് ബഹദൂര്‍ഷ ചക്രവര്‍ത്തി തുറിച്ചു നോക്കുന്നു. കുട്ടികള്‍ ഭക്ഷണ പാത്രങ്ങള്‍ എടുത്തു അകത്തേക്ക് ഓടിപ്പോയി. ഒരു കീറ് സൂര്യപ്രകാശത്തിനോ ഒരിറ്റ് ശുദ്ധവായുവിനോ പ്രവേശനം അനുവദിക്കാത്ത മുറി".

ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണ ആധ്യായമായ മുഗള്‍ വംശത്തിലെ പുതിയ തലമുറയുടെ കൊട്ടാരവും ജീവിതവും ആണ് ഇവിടെ ലേഖനത്തില്‍ വരച്ചിട്ടത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാവും. എവിടെ ഇപ്പോഴത്തെ ചക്രവര്‍ത്തി എന്ന്. വീണ്ടും ലേഖനത്തിലെ വരികളിലേക്ക് .

" ബീഗം, മൂത്തമകന്‍ കിരീടാവകാശി മുസഫര്‍ കമാല്‍ ഹുസൈനെ കണ്ടില്ലല്ലോ ! നിങ്ങളുടെ കൈയ്യില്‍ ഇന്ത്യ മഹാരാജ്യത്തിന്‍റെ ചെങ്കോല്‍ ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണോ?

ഇറയത്ത്‌ കെട്ടിക്കിടക്കുന്ന ചെളിയില്‍ ചവിട്ടി വഴുതി വീഴാതിരിക്കാന്‍ പെരുവിരല്‍ അമര്‍ത്തിയൂന്നി ഞങ്ങള്‍ പുറത്ത്‌ കടന്നു.വഴി തെറ്റാതിരിക്കാന്‍ ബീഗം കൂടെ അയച്ച സഹോദരന്‍ മുഷ്താഖ് അഹമ്മദ് , തെരുവിലെ മത്സ്യ വില്‍പ്പനക്കാരന്‍റെ അരികില്‍ നിന്നും ഒരു കുട്ടിയെ പിടിച്ച് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹമായിരുന്നു ഇപ്പോഴത്തെ മുഗള ചക്രവര്‍ത്തി "ഹിസ്‌ ഹൈനസ് മുസഫര്‍ കമാല്‍ ഹുസൈന്‍ ".

കാലം ചേര്‍ത്തുവെച്ചൊരു വിധി. രാജ്യഭരണം കയ്യാളേണ്ട പിന്മുറക്കാരന്‍ ഒരു നേരത്തെ അന്നം മുട്ടിക്കാന്‍ തെരുവില്‍ മീന്‍ വില്‍ക്കുന്നു . ബാഗ്‌ ഇ ബാബരില്‍ ഉറങ്ങുന്ന ബാബറും , സികന്ദ്രയിലെ സമാധിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അക്ബറും അറിയുന്നുണ്ടോ അവരുടെ പിന്‍തലമുറയിലെ യുവരാജാവ് തെരുവില്‍ മീന്‍ വില്‍ക്കുകയാണെന്ന്. താജ്മഹലിന്‍റെ  അകത്ത് ഉറങ്ങുന്ന മുംതാസ് മഹലും അറിയുന്നില്ല ഈ രാജ്ഞിയെ പറ്റി. പരിചരിക്കാന്‍ ഒരുപാട് തോഴിമാരില്ല . ആഭരണങ്ങളുടെ പകിട്ടും സുഗന്ധങ്ങളുടെ ഉന്മാദവും ഇല്ല ഈ അന്തപുരത്തില്‍. കാണുന്നത് മുഖം തിരിച്ചു പോകുന്ന ഇന്ത്യന്‍ ചേരികളുടെ മുഖമാണ് .

രാജ്യത്തെ പറ്റി, രാജാക്കന്മാരെ പറ്റി ചരിത്ര ക്ലാസുകളില്‍ നിറഞ്ഞു നിന്ന കുറെ അദ്ധ്യായങ്ങള്‍ ഉണ്ട് . പുസ്തകത്തിന്‌ പുറത്തേക്കും നീണ്ടുപോയ കഥകളും കാണും. പലതും പിന്നീട കണ്ടും കേട്ടും കൂടുതല്‍ അറിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ എന്‍റെ മനസ്സില്‍ എന്നും നിറഞ്ഞു നിന്നത് മുഗള്‍ ഭരണ കര്‍ത്താക്കളും അവരോട് ചേര്‍ത്ത് വായിച്ച കഥകളും തന്നെ. ചരിത്രത്തിലും വായനയിലും പഠനത്തിലും ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു രാജവംശമില്ല. താജ്മഹലും ചെങ്കോട്ടയും ഷാലിമാറും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അതിനുപിന്നിലെ ചരിത്രവും കഥകളും എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്‌. ബാബര്‍ സ്ഥാപിച്ചത് തുടങ്ങി , പാനിപ്പത്ത് യുദ്ധങ്ങളും ,അക്ബറിന്‍റെ ദര്‍ബാറിലെ പണ്ഡിത സദസ്സും , ഷാജഹാന്റെയും മുംതാസിന്‍റെയും പ്രണയവും അതിന്‍റെ അനശ്വര സ്മാരകമായ താജ്മഹലും തുടങ്ങി ഓരോ മുഗള ചക്രവര്‍ത്തിമാരുടെയും ജീവിതം ഒരു ചിത്രമായി എന്നോ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും തോന്നാത്ത ഒരു വികാരം ഈ കഥ വായിക്കുമ്പോള്‍ എന്നെ തൊട്ടുണര്‍ത്തുന്നു. പകിട്ടിലും പത്രാസിലും നീന്തി തുടിച്ച ഒരു രാജകുടുംബത്തിലെ പുതിയ തലമുറക്കാര്‍, ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഴിവില്ലാതെ അതേ ഭാരതത്തില്‍ കഴിഞ്ഞു കൂടുന്നു എന്നറിയുമ്പോള്‍ എന്‍റെ മനസ്സില്‍ താജ്മഹലിന്‍റെ വിസ്മയിപ്പിക്കുന്ന ഭംഗിയില്ല,പകരം മനസ്സ് ഒരു നിര്‍വികാരതയോടെ ഈ കുടിലിനകത്ത് തന്നെ ചുറ്റിത്തിരിയുന്നു. ചെങ്കോട്ടയേയും മുഗള്‍ കൊട്ടാരങ്ങളെയും തഴുകി വീശുന്ന കാറ്ററിയുന്നുണ്ടോ , അതിന് പ്രവേശനം ഇല്ലാത്ത ഒരു കുടില്‍ കൊട്ടാരം ഈ ചേരിയില്‍ ഉണ്ടെന്ന്..?


ഞാനെങ്ങിനെ മറക്കും ആ രാത്രി. ഞങ്ങള്‍ കുട്ടികളുടെ ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ഒന്നര മാസം നീണ്ട ആ ഭാരത പര്യടനവും കഴിഞ്ഞ് ഉപ്പ വന്നുചേര്‍ന്നത്. സമ്മാനങ്ങള്‍ക്കൊപ്പം കെട്ടഴിച്ച യാത്രാവിശേഷങ്ങള്‍. അതില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈ അധ്യായമാണ്. ആ സുല്‍ത്താനയും മുസഫറും അവരുടെ ജീവിതവും. "യാത്രക്കിടയില്‍ " എന്ന പേരില്‍ ആനുകാലികങ്ങളില്‍ പരമ്പരകളായി ആ അനുഭവങ്ങള്‍ നിറഞ്ഞു. പക്ഷെ ചരിത്ര പഠനങ്ങളില്‍ എന്നെ ഏറെ സ്വാധീനിച്ച മുഗള്‍ ഭരണവും ഭരണാധികാരികളും. അവരുടെ പരമ്പര തേടി കണ്ടെത്തിയ ഈ യാത്ര എന്‍റെ  നൊമ്പരമായും ആവേശമായും ഇന്നും നിലനില്‍ക്കുന്നു. ലേഖനത്തില്‍ വായിച്ചറിഞ്ഞ വരികളേക്കാള്‍ ഉപ്പ പറഞ്ഞുതന്ന രൂപത്തില്‍.

ഞാനൊരു യാത്ര മനസ്സില്‍ കുറിച്ചിട്ടു. തല്തോല ബസാറിലേക്ക്. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി ഉപ്പ നടന്ന വഴികളിലൂടെ പോയി എനിക്കും തേടി പിടിക്കണം ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ച ആ മുഗള കൊട്ടാരം. ആ ദര്‍ബാറിലേക്ക് കയറിച്ചെന്ന് എനിക്കവനെ കാണണം. മുസഫര്‍ കമല്‍ ഹുസൈന്‍ എന്ന ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തിയെ. മുംതാസിന്‍റെ പദവി അലങ്കരിക്കുന്ന അവന്‍റെ ബീവിയേയും കാണണം . പറ്റുമെങ്കില്‍ അവരോടൊപ്പം ഇരുന്ന് ഉണക്ക റൊട്ടി പരിപ്പുകറിയില്‍ മുക്കി ഒരു രാജകീയ ഭക്ഷണം കഴിക്കണം. അതൊരു കുടിലാണെങ്കിലും എന്‍റെ ഭാവന ലോകത്ത് അതൊരു കൊട്ടാരമായി തോന്നും. ആ മുറ്റത്ത്‌ വിരിഞ്ഞു നില്‍ക്കുന്നത് ഒരു പൂവാണെങ്കിലും അതിലെനിക്കൊരു ഷാലിമാര്‍ കാണാനാവും. ആ ഒരു സെന്റ്‌ ചുറ്റളവില്‍ ഞാനൊരു മുഗള്‍ സാമ്രാജ്യത്തെ തന്നെ കുടിയിരുത്തും . എന്നിട്ട് തിരിച്ചു പോരുമ്പോള്‍ ഉപ്പ ചോദിച്ച ആ സങ്കല്‍പ്പിക ചോദ്യം ഒരിക്കല്‍ കൂടേ ചോദിക്കണം. ഇന്ത്യ മഹാരാജ്യത്തിന്‍റെ കിരീടവും ചെങ്കോലും ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കുമോ എന്ന്.

തല്തോല ബസാറിലെ ഗലികളിലൂടെ യാത്ര തുടരാന്‍ എന്നെയും നോക്കി മറ്റൊരു സൈക്കിള്‍ റിക്ഷക്കാരന്‍ കാത്തിരിക്കുന്നുണ്ടാവുമോ അവിടെ..?
***


"യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ " എന്ന ബുക്കിനെ പറ്റി സുജ എഴുതിയ അവലോകനം "വായനയുടെ കാണാപ്പുറങ്ങള്‍ "

ആയിഷ എന്ന കഥാപാത്രത്തെ കുറിച്ച് ഷബീര്‍ തിരിച്ചിലാന്‍ എഴുതിയ കുറിപ്പ് " എന്‍റെ ആയിഷ "

Thursday, August 7, 2014

ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌



പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില്‍ ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള്‍ കുട്ടിയായി. ഏതോ കുട്ടികള്‍ കഴിച്ചിട്ട മാങ്ങയണ്ടി ഞാന്‍ തട്ടി തെറിപ്പിച്ചു. സ്കൂള്‍ മുറ്റത്തെ ആ പഴയ കാഞ്ഞിര മരത്തില്‍ തട്ടി അത് തിരിച്ചുവരുമ്പോള്‍ കുറെ പഴയ ഓര്‍മ്മകളും കൂടെ പോന്നു. ഒരു പഞ്ചാരമാങ്ങയുടെ രുചിയുള്ള ഓര്‍മ്മകള്‍. റഹീം മാഷിന്‍റെ മലയാളം ക്ലാസുകള്‍ നടക്കുമ്പോള്‍ പുറത്തു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കി ആരും കാണാതെ എനിക്ക് തരും പ്യൂണ്‍ നാരായണേട്ടന്‍ . ഉപ്പ ഇതേ സ്കൂളിലെ മാഷായതില്‍ ഉള്ള ആനുകൂല്യമാണ്. ഒരിത്തിരി കുശുമ്പ് മറ്റു കുട്ട്യോള്‍ക്ക് എന്നോട് തോന്നാതിരുന്നില്ല.

ഇന്നും ഞാന്‍ ക്ലാസിലെത്താന്‍ അല്പം വൈകിയോ..? ഇടത്തോട്ടൊന്ന് പാളി നോക്കി. കുട്ട്യാലി മാഷിനെ കാണാനില്ല. സമാധാനം. നേരം വൈകിയതിന് ഇന്നലെയും കണ്ണുരുട്ടിയതാണ് എന്നോട്. ഞാനോടി ഏഴ് ബിയിലെ ഒന്നാമത്തെ ബെഞ്ചില്‍ ഇരുന്നു. എന്നേ കണ്ടതും ആമി ഹോം വര്‍ക്ക് ചെയ്ത കണക്കു പുസ്തകം നീട്ടി. ഗംഗാധരന്‍ മാഷ്‌ വരുന്നതിന് മുമ്പായി അത് പകര്‍ത്തണം. അല്ലേല്‍ ബുക്ക്‌ കൊണ്ട് ചെകിടത്താണ് മാഷ്‌ പൊട്ടിക്കുക. ആറാം ക്ലാസ് മുതല്‍ മാഷിന്‍റെ അടിയില്‍ നിന്നും എന്നെ കാക്കുന്നത് ആമിയുടെ സഹായമാണ്.

പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില്‍ നിന്നും ചുണ്ടില്‍ ഒരു കള്ളചിരിയും മുഖത്തൊരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്‍റെ നേരെ നീണ്ടു വരുന്നുണ്ടോ..? എനിക്കങ്ങിനെ തോന്നി. ഹോം വര്‍ക്ക് ചെയ്തു ബുക്ക്‌ തിരിച്ചു നല്‍കുമ്പോള്‍ എന്നെക്കാള്‍ ആശ്വാസം അവള്‍ക്കായിരുന്നോ? എനിക്ക് അടി കിട്ടില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ലേ അത്. നിന്‍റെ നിഷ്കളങ്കതക്ക് നന്ദി ഇപ്പോള്‍ പറഞ്ഞാല്‍ മതിയോ ആമീ..? വൈകിയിട്ടില്ല. കാരണം ഞാനിപ്പോള്‍ ആ പഴയ ഏഴാം ക്ലാസുകാരനാണ്.

സ്കൂളിന്‍റെ മൈതാനത്തിലേക്കിറങ്ങി. എത്ര തവണ വീണതാ ഇവിടെ. തൊലിപൊട്ടി ചോര വരുമ്പോള്‍ ശിവദാസന്‍ മാസ്റ്റര്‍ പഞ്ഞിയില്‍ ടിങ്ക്ചര്‍ മുക്കി മുറിവില്‍ വെക്കും. നീറിയിട്ട് സ്വര്‍ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ്‌ മരുന്ന് വെക്കുമ്പോള്‍ അതില്‍ ഒളിപ്പിക്കുന്ന വാത്സല്യത്തിന്‍റെ മധുരം കൊണ്ടാണ്. യൂത്ത് ഫെസ്റ്റിവലിന് മാഷിന്‍റെ വീട്ടില്‍ നിന്നും ഹാര്‍മോണിയം കൊണ്ടുവരും. മാഷിന്‍റെ വിരലുകള്‍ അതില്‍ തലോടുമ്പോള്‍ പൊഴിക്കുന്ന സംഗീതം പോലെ തന്നയായിരുന്നു മാഷിന്‍റെ ക്ലാസുകളും. അറിയാതെ കേട്ടു പോകുന്ന ഏത് ഹാര്‍മോണിയം ശ്രുതികളും ഇപ്പോഴും എന്നെ കൊണ്ട് പോവാറുണ്ട് ആ പഴയ സ്കൂള്‍ കാലത്തിലേക്ക്. ഒപ്പം മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും . മിക്കപ്പോഴും മാഷിന്‍റെ ക്ലാസുകള്‍ സ്കൂളിനു പുറത്ത് ഏതേലും മരത്തിന്‍റെ ചുവട്ടിലാകും. ആ മരങ്ങളൊക്കെ മാറി അവിടെയെല്ലാം പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ വന്നു. പ്രകൃതിയോട് ചേര്‍ന്നുള്ള ഇത്തരം അനുഭവങ്ങളൊക്കെ പുതിയ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു.

ഈ മൈതാനത്തില്‍ ആയിരുന്നു സ്കൂള്‍ അസംബ്ലി കൂടുക. ഏഴാം ക്ലാസില്‍ വെച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്തപ്പോള്‍ ഇത്തിരി അഹങ്കാരം തോന്നിയോ എനിക്ക് . ആദ്യത്തെ അസംബ്ലിയില്‍ തന്നെ "അസ്സംബ്ലി അറ്റന്‍ഷന്‍ " എന്ന് വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി കുട്ടികളെ ഞെട്ടിക്കുകയും അധ്യാപകരെ ചിരിപ്പിക്കുകയും ചെയ്ത റെക്കോര്‍ഡ്‌ ആരേലും മാറ്റിയിട്ടുണ്ടാവുമോ ആവോ. "എന്നെ സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്താല്‍ സ്കൂളിന്‍റെ ഭാവിക്ക് അത് ചെയ്യും ഇത് ചെയ്യും " എന്നൊക്കെ പ്രസംഗിപ്പിച്ചത് സുബ്രമണ്യന്‍ സാറായിരുന്നു. അത് കേട്ട് ചിരിച്ചു മറിയാന്‍ മുമ്പില്‍ തന്നെ സാറും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.

നോക്കിനില്‍ക്കെ മറ്റൊരു സ്കൂള്‍ ദിവസം കടന്നുവരുന്നു. ഇന്ന് കലോത്സവം അല്ലേ. ഞാനും ഉണ്ടല്ലോ പ്രസംഗ മത്സരത്തിന്. വരാന്‍ സാധ്യതയുള്ള വിഷയങ്ങളെ പറ്റി ഒരു ചെറുകുറിപ്പ് എഴുതിതന്നിട്ടുണ്ട് ഉപ്പ. ഇനി അതുവെച്ച്‌ ഒന്ന് വിശാലമാക്കണം പ്രസംഗം. ആ കുറിപ്പും തേടി ഞാന്‍ അറിയാതെ പോക്കറ്റില്‍ തപ്പിയോ? ഫസല്‍ സാറിന്‍റെ അനൌണ്‍സ്മെന്റ് വരുന്നു. പ്രസംഗ മത്സരം ഫസ്റ്റ് പ്രൈസ് ഗോസ് റ്റു... ആമി ഓടിവന്നു കയ്യില്‍ പിടിച്ചു. ഒപ്പന മത്സരത്തില്‍ അവള് മണവാട്ടി ആയ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അവളുടെ ഉമ്മാന്‍റെ പട്ടുസാരിയുടുത്ത് മുഖത്തൊരു കള്ള നാണവുമായി അവള്‍ നന്നായി ശോഭിച്ചിരുന്നു. മുന്നിലൂടെ ഓടിപ്പോയ ഒരു കുട്ടിയുടെ പാദസരത്തിന്‍റെ കിലുക്കം എന്നെ തിരിച്ചു വിളിച്ചു.



മഴക്കാലമായി. സ്കൂളിലേക്കുള്ള റോഡൊക്കെ വെള്ളത്തിനടിയിലായി. ഇനി കുറച്ച് കാലം സ്കൂളിന് അവധിയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന പോലെ വെള്ളപൊക്കമിറങ്ങാന്‍ കുറെ കഴിയും. വെള്ളമിറങ്ങി കഴിഞ്ഞാല്‍ വീണ്ടും സ്കൂള്‍ തുറക്കും. നല്ല രസമാണ് രണ്ടു വശത്തും വെള്ളം നിറഞ്ഞ വയലുകള്‍ക്കിടയിലൂടെ പോവാന്‍ . പക്ഷെ റോഡിന്‌ നടുവിലൂടെ നടക്കണം . അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വഴക്ക് പറയും. വെള്ളത്തില്‍ വീണു പോകുമോ എന്ന പേടിയാണ് അവര്‍ക്ക്.

അന്നും ഇന്നും ചെറുവാടിക്കാരുടെ സ്വന്തം ഹെഡ് മാഷ്‌ ആണ് കുട്ട്യാലി മാസ്റ്റര്‍. വാത്സല്യം കൊണ്ട് എങ്ങിനെ കുട്ടികളെ നേരെയാക്കാം എന്നതായിരുന്നു മാഷിന്‍റെ വിജയം.ആ മനോഹരമായ പുഞ്ചിരിയുമായി ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ സാറുണ്ട്‌. തലമുറകളുടെ അക്ഷര സൗഭാഗ്യത്തിന് തിരികൊളുത്തിയ സുകൃതവുമായി. നാട്ടിലെത്തുമ്പോള്‍ ഞാനും ഓടിയെത്തും മാഷിനടുത്ത്. ആ ആലിംഗനത്തില്‍ അറിയുക ഒരച്ഛന്‍റെ വാത്സല്യമാണ്.

സ്കൂള്‍ വരാന്തയിലൂടെ പുറത്തോട്ട് നടന്നു. വീതികൂടിയ നെറ്റിയിലെ വിയര്‍പ്പ് തുടച്ച് വേഗത്തില്‍ നടന്നു വരുന്നത് ഖാദര്‍ മാഷല്ലേ. പക്ഷെ മാഷ്‌ ഇന്നില്ല എന്നത് മറ്റൊരു തിരിച്ചറിവും. ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടില്ല. അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ കൂടി പാഠങ്ങളാണ്. കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ. ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവര്‍... ..., പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്.

ദേ... പ്യൂണ്‍ നാരായണേട്ടന്‍ ലോങ്ങ്‌ ബെല്‍ അടിക്കുന്നു. ക്ലാസ് തുടങ്ങാന്‍ സമയമായി. വര്‍ഷങ്ങള്‍ പിറകിലേക്കോടി വീണ്ടും ഏഴ് ബി യിലെ മുന്‍ ബെഞ്ചില്‍ ചെന്നിരുന്നു . നീണ്ട ഹാജര്‍ പുസ്തകവുമായി ഗംഗാധരന്‍ മാസ്റ്റര്‍ എത്തി.
അസീസ്‌ ടീ.പി
ഹാജര്‍ സര്‍
മായ. സി
ഓള് വന്നീല്ല സേര്‍
കെ. ടി. മന്‍സൂര്‍ അഹമ്മദ്
പ്രസന്റ് സര്‍ .
.....................
.....................

Wednesday, August 6, 2014

ഒരു " കുട്ട " നിറയെ മധുരം




കാട് അതിന്‍റെ എല്ലാ അഹങ്കാരത്തോടേയും നിറഞ്ഞു നില്‍ക്കുന്നു . നല്ലൊരു സ്ഥലം നോക്കി റോഡരികില്‍ പുല്‍പ്പായ വിരിച്ച് ഭക്ഷണം കഴിക്കാനിരുന്നു . പുതുതായി തൂമ്പിട്ട മഞ്ഞനിറമുള്ള മുളകള്‍ കാടിന് പതിവിലും ഭംഗി തോന്നിപ്പിക്കുന്നുണ്ട് . കാറ്റിനൊപ്പം മുട്ടിയുരുമ്മുമ്പോള്‍ പുറത്ത് വരുന്നത് മുളകളുടെ പ്രണയത്തിന്‍റെ ശീല്‍ക്കാരമാണോ ..? അങ്ങിനെ തോന്നാതിരുന്നില്ല . കാടിന്‍റെ അരിക് പറ്റിയതിന് അവകാശം പറഞ്ഞ് കുറേ വാനര സുഹൃത്തുക്കളും അടുത്തുക്കൂടി . അവര്‍ക്കും ഭക്ഷണത്തിന്‍റെ വീതം വേണമെന്ന് . പരിഗണിക്കാം എന്ന ഉറപ്പ് കിട്ടിയ പോലെ അവരല്‍പം മാറിയിരുന്നു . വയറ് ആവശ്യപ്പെടുന്ന അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ. യാത്രയില്‍ അത് അങ്ങിനെയാവണം . ബാക്കി വന്നത് വാനരന്മാര്‍ക്ക് നിവേദിച്ചു . കാടിന്‍റെ നിയമത്തിന് എതിരാണത് . അവര്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും മാറി , നമ്മള്‍ തയ്യാറാക്കുന്ന എരിവും എണ്ണയും ഉള്ള ഭക്ഷണങ്ങള്‍ അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും . എല്ലാ വനപാതകളിലും കര്‍ശനമായി എഴുതിവെച്ച ഒന്നാണത് . പക്ഷെ ഭക്ഷണത്തിന് വേണ്ടി ഞങ്ങളോട് സംയമനത്തോടെ സമരം ചെയ്ത അവര്‍ക്ക് വേണ്ടി ആ നിയമലംഘനം നടത്തേണ്ടി വന്നു . അതും കഴിച്ച് മരത്തില്‍ നിന്നും മരത്തിലേക്ക് ചാടി അവര്‍ സന്തോഷം പങ്കുവെച്ചു .

വാര്‍ദ്ധക്യത്തിന്‍റെ ഞെരക്കവുമായി ഒരു കെ . എസ് . ആര്‍ . ടി . സി ബസ് ഞങ്ങളെ കടന്നുപോയി . തിമിരം ബാധിച്ച അതിന്‍റെ പിറകിലെ ചില്ലിലൂടെ സ്ഥലപ്പേര് വായിക്കാം . " കുട്ട " . ഞങ്ങള്‍ക്ക് പോവേണ്ടതും അവിടേക്ക് തന്നെ . പലപ്പോഴും "കുട്ട" എന്ന പേര് വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട് . തോല്‍പ്പെട്ടിയില്‍ നിന്നും രണ്ട് കിലോമീറ്ററോളം മാത്രമേയുള്ളൂ കുട്ടയിലേക്ക് . കര്‍ണ്ണാടകയുടെ ഭാഗം . ഒരു ബസ്സില്‍ കയറി കുട്ടയിലേക്ക് പോവണം എന്നുള്ളത് കുറെ നാളായി നടക്കാത്ത ഒരു മോഹമായി തന്നെ അവശേഷിക്കുന്നു . തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലേയും ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുള്ള ബസ് യാത്രകള്‍ രസകരമാണ് . ഒരു ഗ്രാമം തന്നെ ബസ്സിനകത്ത് കാണാം . മുടി നിറയെ വിവിധ തരം പൂക്കള്‍ ചൂടിയ സ്ത്രീകള്‍ ഒരു പൂന്തോട്ടം പോലെ തോന്നിക്കും . ഒച്ചയും കളിയും ചിരിയുമായി നമ്മളൊരു കവലയിലാണോ അതോ ബസ്സിലാണോ എന്ന് സംശയിച്ചുപോകും . പക്ഷെ അതൊരു രസകരമായ അനുഭവമാണ് . കുട്ട ഒരതിര്‍ത്തി ഗ്രാമം ആണെങ്കിലും കൂടുതലും മലയാളികള്‍ തന്നെ . കുടിയേറ്റക്കാരാണ് കൂടുതലും .



ഓറഞ്ച് തോട്ടങ്ങള്‍ കായ്ച്ചുതുടങ്ങി എന്നറിഞ്ഞപ്പോള്‍ മുതല്‍ അത് കാണണം എന്നുറപ്പിച്ചതാണ് . ഇത്തരം യാത്രകളില്‍ മാത്രമേ കൂടെ കൂടാന്‍ ഭാര്യക്കും താല്‍പര്യമുള്ളൂ . ബത്തേരിയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായ സുഹൃത്ത്‌ അവരുടെ പരിചയത്തിലുളള ഒരു തോട്ടം തന്നെ ഏര്‍പ്പാടാക്കി തന്നു . കണ്ണുകള്‍ക്ക് വിസ്മയം ഒരുക്കി ഓറഞ്ച് തോട്ടങ്ങള്‍ക്കരികില്‍ വണ്ടി നിന്നു . ദൂരങ്ങളോളം പരന്നുകിടക്കുന്ന മരങ്ങള്‍ . എല്ലാത്തിലും നിറഞ്ഞു നില്‍ക്കുന്ന ഓറഞ്ചും . തോട്ടത്തിന് നടുക്ക് പനയോലകള്‍ മറച്ച് ഉണ്ടാക്കിയ മനോഹരമായ ഒരു ഔട്ട്‌ഹൗസ് കാണാം . കുറച്ചകലെ ചെറിയൊരു ഓലമേഞ്ഞ വീടും . വാഹനത്തിന്‍റെ ശബ്ദം കേട്ട് പുറത്തുവന്ന ആള് പരിചയപ്പെടുത്തി . "റഹീം . വീട് മാനന്തവാടി . റഹീംക്ക എന്ന് വിളിക്കാം . പറഞ്ഞിരുന്നു നിങ്ങള്‍ വരുമെന്ന് ". തോട്ടം ചുറ്റിക്കാണുന്നതിന് മുമ്പ് ഒരു ചായയാവാം എന്ന് പറഞ്ഞ് റഹീംക്ക അകത്തേക്ക് പോയി .

മനസ്സ് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട് . തിരക്കില്‍ നിന്നും മാറി ശാന്തമായ പ്രകൃതിയോട് ചേര്‍ന്ന് , ശുദ്ധമായ വായു ശ്വസിച്ച് , മരങ്ങളോടും കിളികളോടും മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പറ്റുന്ന ചില സ്ഥലങ്ങള്‍ . അവിടെ ചിന്തകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പ്രവേശനം പാടില്ല . അതിന് പറ്റിയ ഒരന്തരീക്ഷം എന്തുകൊണ്ടും ഇവിടെയുണ്ട് . ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒരു തീര്‍ത്ഥാടനം പോലെയാണെനിക്ക്. മനസ്സിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്ന എല്ലാ യാത്രകളും ഒരു രീതിയില്‍ തീര്‍ത്ഥാടനം തന്നെയാണ് . തോട്ടത്തില്‍ അങ്ങിങ്ങായി കുറേ തൊഴിലാളികളെ കാണാം . എല്ലാം ഈ നാട്ടുകാര്‍ ആണെന്ന് തോന്നുന്നു . മകളുടെ ശബ്ദം കേട്ടതുകൊണ്ടാവാം , ഓലമേഞ്ഞ കുടിലില്‍ നിന്നും അവളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടി ഇറങ്ങിവന്നു . കൈനിറയെ കുപ്പിവളയും കിലുക്കി അവള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു . ചെറിയൊരു മുക്കുത്തി അവളുടെ മുഖം ആകര്‍ഷണീയമാക്കി . ഒട്ടും സങ്കോചമില്ലാതെ അവള്‍ മകളുടെ സുഹൃത്തും ആയി .

കുട്ടയിലെ തണുപ്പില്‍ ചായക്ക്‌ നല്ല രുചി തോന്നി . അതും ഊതികുടിച്ച്‌ കണ്ണുകള്‍ തോട്ടങ്ങളിലേക്ക് നീട്ടിയെറിഞ്ഞു .

കുട്ടികള്‍ തമ്മില്‍ നല്ല കമ്പനി ആയെന്ന് തോന്നുന്നു .
പക്ഷെ എന്തായിരിക്കും അവര്‍ തമ്മില്‍ സംസാരിക്കുന്നത് ..? കയ്യും കാലും തലയും ഇളക്കി അവര്‍ പരസ്പരം സംസാരിക്കുന്നു. കുട്ടികള്‍ക്ക് സംസാരിക്കാന്‍ ഭാഷ അല്ലെങ്കിലും ഒരു പ്രശ്നമല്ലല്ലോ . നിഷ്കളങ്കമായ നോട്ടത്തിലൂടെയും ആംഗ്യങ്ങളിലൂടെയും ആശയങ്ങള്‍ കൈമാറുന്നു . ഈ തോട്ടം മാത്രമാവും അവളുടെ ലോകം. അവള്‍ ചിരിക്കുന്നതും സംസാരിക്കുന്നതും പരിഭവം പറയുന്നതും ഈ മരങ്ങളോട് തന്നെയാവും . റഹീംക്കയോടൊപ്പം ഞങ്ങളും നടന്നു തുടങ്ങി . ഈ ആഴ്ച മുതല്‍ ഇവ പറിച്ചു തുടങ്ങും . കൂടുതലും കയറ്റി പോകുന്നത് കേരളത്തിലേക്ക് തന്നെ . അന്ന് മുതല്‍ പുറത്തുനിന്നും ദിവസകൂലിക്ക് പണിക്കാര്‍ വരും . തോട്ടത്തെ പറ്റിയും വിളവെടുപ്പുമെല്ലാം പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും തോട്ടത്തില്‍ നിന്നും നേരിട്ട് പറിച്ച് ഒരു നാരങ്ങ എങ്ങിനെ ശാപ്പിട്ട് തുടങ്ങണം എന്ന ചിന്തയിലാണ് ഞാന്‍ . മനസ്സിലിരിപ്പ് പിടികിട്ടിയ പോലെ റഹീംക്ക ഒരു കൊമ്പ് പിടിച്ചു താഴ്ത്തി . ഞാനും ഭാര്യയും അതില്‍ കേറി പിടിച്ചത് ഒന്നിച്ചായിരുന്നു . ആക്രാന്തത്തിന് എന്തൊരു ഐക്യം എന്ന് റഹീംക്കക്ക് തോന്നിക്കാണണം . കുറേ മരങ്ങളിലെ നാരങ്ങകള്‍ ഭൂമിയെ തൊടാന്‍ വെമ്പുന്ന പോലെ . വളരാന്‍ മണ്ണും വളവും നല്‍കിയ ഭൂമിയെ ചുംബിക്കാന്‍ അവ ആഗ്രഹിക്കുന്ന പോലെ തോന്നുന്നു ആ കാഴ്ച .

ഇതിന്‍റെ സന്തോഷം ഒന്ന് വേറെതന്നെ . തോട്ടങ്ങളില്‍ നിന്നും നേരിട്ടറിയുന്ന രുചി . കുടക് ഓറഞ്ച് എന്ന പേരില്‍ മാര്‍ക്കറ്റില്‍ പ്രത്യേകം വില്‍ക്കപ്പെടുന്നു ഇത് . മുക്കുത്തി പെണ്‍കുട്ടിയും മോളും അവരുടെ വീതം മാറി നിന്ന് കഴിക്കുന്നുണ്ട് . കഴിപ്പിക്കുന്നതില്‍ ആണ് ആ പെണ്‍കുട്ടിക്ക് താല്‍പര്യം എന്ന് മനസ്സിലാക്കാം . നല്ല രുചിയുള്ള നാരങ്ങകള്‍ . അതും നുണഞ്ഞ് മുന്നോട്ട് നടന്നു . പരിചിതമല്ലാത്ത കാലൊച്ചകള്‍ കേട്ടിട്ടെന്ന പോലെ ഒരു കറുമ്പന്‍ മുയല്‍ ചാടി മറിഞ്ഞു . ഇവരെല്ലാം ഇവിടത്തെ അന്തേവാസികള്‍ ആണ് . ഓറഞ്ച് മരങ്ങള്‍ക്കിടക്ക് ഇടകൃഷി പോലെ കൈതച്ചക്കകള്‍ ഉണ്ട് . അവയും നല്ല മൂപ്പില്‍ ചുവന്ന് തുടുത്തു നില്‍ക്കുന്നു . രുചി നോക്കാന്‍ മറന്നില്ല . ഈ തോട്ടത്തില്‍ ദിവസം മുഴുവന്‍ ഇങ്ങിനെ നടന്നാലും മടുക്കില്ല . അത്രക്കും മനസ്സിനെ തരളിതമാക്കുന്ന ഒരന്തരീക്ഷം ഇവിടെയുണ്ട്. ഇലകള്‍ മറച്ച് നാരങ്ങകള്‍ തൂങ്ങികിടക്കുന്നത്‌ കുടകിലേക്കുള്ള റോഡിലും മറ്റും കാണാം . അടുത്തറിയുന്നത് ആദ്യമായാണ്‌ . റഹീംക്ക രണ്ട് ഓറഞ്ച് തൈകള്‍ തന്നു . ഭാഗ്യം ഉണ്ടെങ്കില്‍ ഇത് അവിടെയും തളിര്‍ക്കും . കവര്‍ വണ്ടിയില്‍ നിന്നും ഇളകാതെ നോക്കണം . വേര് ഇളകിയാല്‍ ചിലപ്പോള്‍ നശിച്ചുപോകും എന്നും കൂട്ടിച്ചേര്‍ത്തു .

"ഉപ്പാ .. എനിക്കുമൊരു മുക്കുത്തി വേണം ട്ടോ " . മോളുടെ ആവശ്യം ചിരിപ്പിച്ചു . വിട പറയുന്നതിന്‍റെ വിഷമം അവര്‍ക്കിടയിലുണ്ട് . തോട്ടത്തിന്‍റെ അതിര്‍ത്തി കടക്കുമ്പോള്‍ അവര്‍ തമ്മില്‍ കൈമാറിയ ചിരിയില്‍ ഒരു സങ്കടം കാണാമായിരുന്നു . കയ്യില്‍ പാതി കഴിച്ച ഓറഞ്ചുമായി ആ മുക്കുത്തി കുട്ടി കുറച്ച് ദൂരം വാഹനത്തിന് പിറകെ ഓടി . അവളുടെ കുപ്പിവളകളുടെ കിലുക്കം വീണ്ടും കുറെ ദൂരം വന്നു . പിന്നേയത് അവളുടെ പൊട്ടിച്ചിരിയായി ഞങ്ങളില്‍ നിറഞ്ഞു .



കുട്ടയില്‍ നിന്നും മടങ്ങുന്നത് ഒരു കുട്ട നിറയെ മധുരമുള്ള കാഴ്ചകളുമായാണ്. വെള്ളിനാരുകള്‍ പോലെ നരച്ച തലമുടിയുമായി റഹീംക്കയും സ്നേഹം ചേര്‍ത്ത ചായയും . ആ മരങ്ങളുടെ തണലില്‍ വളരുന്ന ഒരു പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ മുഖമുണ്ട് . വനപാതകള്‍ പതുക്കെ ഇരുട്ട് മൂടുന്നു . പേരറിയാത്ത ഏതോ പക്ഷികളുടെ കരച്ചില്‍ മാത്രം വേറിട്ട്‌ നില്‍ക്കുന്നു . അടച്ചിട്ട ചില്ലുകള്‍ക്കിടയിലൂടെ അതിക്രമിച്ചു കടക്കുന്ന തണുത്ത കാറ്റ് . പതുക്കെ കണ്ണുകള്‍ ഉറക്കത്തിലേക്ക് വഴുതിവീണു . അതിലേക്ക് ഒരു സ്വപ്നം കടന്നുവന്നു . എന്‍റെ കയ്യിലിരിക്കുന്ന ഓറഞ്ച് തൈകള്‍ വളര്‍ന്നുവലുതാകുന്നു . കുറെ മരങ്ങള്‍ . അത് കായ്ക്കുന്നു . മരത്തിന് ചുറ്റും കിളികള്‍ പറക്കുന്നു . മുക്കുത്തിയിട്ട ഒരു കുഞ്ഞു പെണ്‍കുട്ടി കുപ്പിവളകളും കിലുക്കി അവിടെല്ലാം ഓടി കളിക്കുന്നു . ഒരു കിളി പറന്നുവന്ന് മരത്തില്‍ നിന്നും പഴുത്തൊരു നാരങ്ങ കൊത്തി താഴേയിട്ടു . അതിന്‍റെ അല്ലികളില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന മധുരവും നുണഞ്ഞ് ആ സ്വപ്നം നാടുകാണി ചുരമിറങ്ങി .

Monday, August 4, 2014

ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട ചില ചിത്രങ്ങൾ



മനസ്സിന്‍റെ  ആൽബത്തിനുള്ളിൽ ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട അനേകം ചിത്രങ്ങളുണ്ട്, ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയ ചില  അവ്യക്ത ബിംബങ്ങൾ . വല്ലപ്പോഴുമൊക്കെ ഒറ്റപ്പെടുമ്പോൾ നൊമ്പരങ്ങളുടെ കുന്നിറങ്ങിവരുന്ന പേരറിയാത്ത  നിമിഷങ്ങളിൽ , എനിക്ക് മറിച്ചു നോക്കുവാനുള്ളതാണ് ആ ആൽബത്തിലെ  ഓരോ താളുകളും  . അവയെന്നോട് സംസാരിക്കാറുണ്ട് . പഴയ കാലങ്ങളെ കുറിച്ചുള്ള കഥകൾ പറഞ്ഞു തരാറുണ്ട് . ചിലപ്പോഴൊക്കെ എന്നെ നോക്കി കരയാറുമുണ്ട്‌ . 

ഓർമ്മകളിൽ ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണ്  ഒരു റാന്തൽ വിളക്ക് .വർഷങ്ങൾ പിറകിൽ നിന്ന് അതിന്‍റെ വെളിച്ചം എന്നെ തേടി പലപ്പോഴും എത്തുന്നു  . പക്ഷേ അത് ചിതറി വീഴുന്നത് ഈ കാലത്തിലേക്കും .  വാഴക്കാട്ടെ മണന്തല കടവിലെ ചെറിയ പള്ളിയുടെ മൂലയിൽ , അത് തെളിഞ്ഞു കൊണ്ടേയിരിക്കുന്നു . മാനമിരുളുമ്പോൾ അതുവഴി കടന്നു പോകുന്ന ഏതെങ്കിലും ഒരു വഴിയാത്രക്കാരനാവാം അതിന് തിരികൊളുത്തുക  . പിന്നത് എരിയുന്നത് കുറേ പേരുടെ പ്രതീക്ഷകളിലേക്കാണ് . കടത്തുതോണി കാത്തുനിൽക്കുന്നവർക്കും  മറുകരയിൽ ഉള്ളവർക്കും ആ വെളിച്ചം ഒരാശ്വാസമാണ് . പുഴയുടെ മടിത്തട്ടിൽ  എവിടെയോ മീൻ പിടിക്കുന്നവർക്കും ഈ വെളിച്ചം തന്നെ കാവൽക്കാരൻ . എനിക്കീ ചിത്രം മറക്കാൻ പറ്റില്ല . ഈ റാന്തൽ വിളക്ക് മാറ്റി നിർത്തിയാൽ ഇങ്ങിനെ ഒരു ചിത്രത്തിനും ഓർമ്മക്കും പൂരണം ഇല്ല . ഇരുകരകളും മാറി മാറി സഞ്ചരിച്ചിരുന്ന ഒരു കാലത്ത് എന്നെ അത്രമാത്രം സന്തോഷിപ്പിച്ചിട്ടുണ്ട് ഇതെല്ലാം  . ഫെയറി ടെയിലുകളിൽ വായിച്ചു മറന്ന  ഏതോ  നാടൻ കഥക്കൂട്ടിന്‍റെ പാശ്ചാത്തലമാണ് ഓർമ്മയിൽ തെളിയുക  . തൊട്ടു താഴെയുള്ള ബോട്ട് ജെട്ടിവരെ ആ വെളിച്ചം കാണാം . ആ പ്രകാശം നൽകുന്ന ധൈര്യത്തിൽ ബോട്ട് ജെട്ടിയുടെ കൈവരിയിൽ ഞങ്ങൾ കുറെ നേരമിരിക്കും . ഗ്വാളിയോർ റയോണ്‍സിലെ രണ്ടാം ഷിഫ്റ്റും കഴിഞ്ഞ് വീടുപറ്റാൻ ഓടുന്നവരും പോയി കഴിഞ്ഞാൽ ആ ഇത്തിരി വെട്ടം താനേ എരിഞ്ഞു തീരും .  പിന്നെ എപ്പോഴോ കമ്പനി പൂട്ടി . ഉച്ചക്ക് രണ്ട് മണിക്കും പിന്നെ രാത്രി പത്ത് മണിക്കും മുഴങ്ങിയിരുന്ന സൈറണ്‍ ഒരിക്കലും വരാത്ത ജോലിക്കാരെ തേടി പിന്നെയും കുറേ കാലം ചൂളമടിച്ചു . കമ്പനിയുടെ അടച്ചുപൂട്ടൽ കാരണം പട്ടിണിയിൽ ആയ കുറെ കുടുംബങ്ങൾ ഉണ്ടായിരുന്നു . അവരുടെ വിശന്ന വയറുകളുടെ നിലവിളിയുടെ വേദന തോന്നി പിന്നെ പലപ്പോഴും ആ ശബ്ദത്തിന് . തുരുമ്പെടുത്ത ഗേറ്റിന്‍റെ  പടികടന്നാരും വരാനില്ലെന്ന് മനസ്സിലാക്കിയിട്ടോ എന്തോ , മാസങ്ങൾക്ക് ശേഷം  അതും നിലച്ചു . ഇന്ന് തിരക്കൊഴിഞ്ഞ കടവിലിരുന്ന് നോക്കിയാൽ  കാലങ്ങൾക്കിപ്പുറവും കെടാതെ ആ റാന്തൽ എരിയുന്നത് എനിക്ക് കാണാം  . ചെവിയിൽ മധുരമുള്ള ,നൊമ്പരമുള്ള ഗാനം പോലെ ആ സൈറനും കേൾക്കാം . ഓർമ്മകൾക്ക് നിറവും മണവും ശബ്ദവും നൽകാൻ പറ്റുന്ന ഒന്നില്ലേ .. ഈ ആൽബം മറിക്കുമ്പോൾ അത് ഞാനറിയുന്നുണ്ട് . 



ഒരു ഫോക്ക് നൃത്തത്തിന്‍റെ ചുവടുകളുമായി വേഗത്തിൽ നടന്ന് വന്ന് കീരൻകുട്ടി തലച്ചുവട് അത്താണിയിൽ ഇറക്കി വെച്ചു . എന്നിട്ടൊരു നാടൻ ബീഡി കത്തിച്ച് അത്താണിയുടെ അരികിൽ ചാരിയിരുന്നു . ആ ഇരുത്തത്തിലെ ചെറിയൊരു മയക്കത്തിൽ മറഞ്ഞുപോയത് ഒരു കാലമാണ് . അത്താണികൾ ഒരു കാലഘട്ടത്തിന്‍റെ അടയാളമായി മാറി കഴിഞ്ഞിരുന്നു . പഴയ കാലത്തെ തലച്ചുവട് എടുക്കുന്നവർക്ക് ഭാരം ഇറക്കി വെക്കാനും പരസഹായമില്ലാതെ തിരിച്ചു തലയിൽ വെക്കാനും വിശ്രമിക്കാനും വേണ്ടി ഉണ്ടാക്കിയവയായിരുന്നു അത്താണികൾ .  . ഒരു പക്ഷേ  കേരളത്തിന്‍റെ ചരിത്രത്തോളം നീണ്ട ഒരു കഥ അത്താണികൾക്കും പറയാൻ കാണുമായിരിക്കും . മാര്‍ത്താണ്ഡ  വർമ്മ മഹാരാജാവിന്‍റെ  കാലത്താണ് കേരളത്തിലെ ഗ്രാമങ്ങളിൽ അത്താണികൾ കണ്ടു തുടങ്ങിയതെന്ന് എവിടേയോ വായിച്ചതോർക്കുന്നു. എന്‍റെ ഗ്രാമത്തിൽ പുഴയിലേക്ക് പോകുന്ന വഴിയിൽ ഉണ്ടായിരുന്നു അതേപോലെ ഒന്ന് . അതിൽ കയറിയിരുന്ന് സൊറ പറയുന്ന മുതിർന്നവരെ ആരാധനയോടെ നോക്കിയിരുന്ന  കാലമുണ്ടായിരുന്നു . പിന്നെപ്പോഴോ പറഞ്ഞറിഞ്ഞു അതിനും പറയുവാൻ കഥയുണ്ടെന്ന് . അത് തൊഴിലാളികളുടെ വിയർപ്പിന്‍റെ സ്മാരകങ്ങൾ ആണെന്ന് . അതുകൊണ്ടാണ് എന്‍റെ ഓർമ്മയിൽ നാട്ടിലാകെയുള്ള ഒരു തലച്ചുമടുകാരൻ കീരൻകുട്ടിയെ അത്താണിയുടെ ഓർമ്മകളോട് ഞാൻ ചേർത്ത് വെച്ചത് .  ഒറ്റ കരിങ്കൽ കൊണ്ടുള്ളതാണ് മിക്ക അത്താണികളും . ഒരുപക്ഷേ ചുമട്ടു തൊഴിലാളികളുടെ വിയർപ്പുതുള്ളികളും കണ്ണീരും വീണ് ദ്രവിച്ചു പോയിരിക്കണം കുറെ അത്താണികൾ . എന്നിരുന്നാലും ജീവിക്കുന്ന ഓർമ്മകളുമായി അവയിപ്പോഴും ചിലയിടങ്ങളിൽതലയുയർത്തി നിൽപ്പുണ്ട്  . അടുത്ത് ചെന്ന് ചെവിയോർത്താൽ ചിലപ്പോൾ ചില ഗദ്ഗദങ്ങൾ കേട്ടെന്നിരിക്കും . 



ആൽബത്തിലെ അടുത്ത പേജ് മറിക്കുമ്പോൾ വീണ്ടുമൊരു പുഴ ഒഴുകുന്നു .  ആ പുഴയെ  ഇത്തിരി കാലങ്ങൾ പിറകിലേക്ക് ഒഴുക്കിയാൽ വീണ്ടും ചില ചിത്രങ്ങൾ തെളിയും . കൂടെ മാപ്പിളപ്പാട്ടിന്‍റെ ഈരടികളും കേൾക്കാം . 'തെരപ്പം'എന്ന് ഞങ്ങൾ വിളിക്കുന്ന ചങ്ങാടമാണത് . പണ്ട് നിലമ്പൂർ കാടുകളിൽ നിന്നും കല്ലായിയിലേക്ക് ഒഴുകിയിരുന്നത്‌ മരങ്ങൾ മാത്രമല്ല ജീവിതങ്ങൾ കൂടിയാണ് . രാത്രികളിൽ പുഴയിലൂടെ പോകുന്ന ചങ്ങാടങ്ങൾ തുഴയുന്നവരുടെ ഇമ്പമാർന്ന മാപ്പിള പാട്ടുകൾ കേട്ട് തീരങ്ങൾ പോലും മയങ്ങിയിട്ടുണ്ടാവണം . ചങ്ങാടത്തിന്‍റെ ഒരറ്റത്ത് വലിയ വിളക്ക് കാണാം . അതൊരു റാന്താലോ പെട്രോൾ മാക്സോ അതുമല്ലെങ്കിൽ മുളകൊണ്ടുള്ള വിളക്കോ ആവാം . എന്നോ പുറപ്പെട്ടതാവണം അവരെല്ലാം . 



മുമ്പ് വാഴക്കാട് മപ്രം  കടവിൽ ഒരു ചായക്കട ഉണ്ടായിരുന്നു . ഹാജിക്ക എന്ന് വിളിക്കുന്ന ആളുടെ . മക്കയിലേക്ക് നടന്നു പോയി ഹജ്ജ് ചെയ്ത ആളാണത്രേ ഹാജിക്ക . ആ വെള്ളത്താടി നിറഞ്ഞ ഐശ്വര്യമുള്ള മുഖം കണ്ടാൽ ഹാജിക്ക തരുന്ന ചായക്ക് വേറെ മധുരം വേണ്ട . ഹാജിക്ക പറയുന്ന തെരപ്പം കഥകളിൽ ഒരു ഹീറോയുണ്ട് . തെരപ്പം കരക്കടുപ്പിച്ച് തമാശകൾ പറഞ്ഞ് വീണ്ടും പുഴയിലൂടെ ഒഴുകുന്ന ചങ്ങാടത്തിന്‍റെ അമരക്കാരനെ കുറിച്ച് . അയാളുടെ പേര് സീതി എന്നായിരുന്നു . പിന്നെ ഏറനാടൻ തമാശയുമായി നിയമസഭ വരേ കയറിച്ചെന്ന സീതി ഹാജിയായിരുന്നു അത് . കാലം പിന്നെയുമൊഴുകി . ബണ്ടുകളും ഡാമുകളും പുഴയെ വേർതിരിച്ചു . കല്ലായിപുഴയെ തേടി ചങ്ങാടങ്ങൾ ഒന്നുമൊഴുകിയില്ല . പക്ഷേ പണ്ടെപ്പോഴോ അവർ പാടിയ മാപ്പിള പാട്ടിന്‍റെ ഈണങ്ങൾ ഇപ്പോഴും എവിടെയൊക്കെയോ മുഴങ്ങി കേൾക്കുന്നുണ്ട് . ആ പാട്ടുകളുടെ ഈരടികൾ എന്നെ വലയം ചെയ്യുന്നുണ്ട് . 

ആൽബം അടച്ച് വെച്ച് കണ്ണുകൾ നീട്ടിയെറിഞ്ഞു .  ദൂരെ ദൂരെ ഓർമ്മകളുടെ  ചങ്ങാടത്തിൽ ഒരു റാന്തൽ വിളക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു . ആരും ചുമട് ചായ്ക്കുവാനില്ലാതെ ഇരുട്ടിന്‍റെ മറവിൽ ഒരത്താണിയും .

- o - 

(മനസ്സിലുള്ളത് വരകളായി പുനർജ്ജനിക്കുക എന്ന് പറയാറില്ലേ .. എന്‍റെ ഓർമ്മചിത്രങ്ങൾക്ക് ഉജ്ജ്വലമായ വരയിലൂടെ ജീവൻ നൽകിയത് ഇസ്ഹാഖ്‌ ഭായിയാണ് ( ഇസ്ഹാഖ്‌ നിലമ്പൂർ ) ഒത്തിരി  സന്തോഷം . ഒത്തിരി സ്നേഹം) 


Sunday, August 3, 2014

മണിക്ക് സ്നേഹപൂർവ്വം .



പാട്ടിയാർ പുഴയിൽ നിന്നും മീനും പിടിച്ച് വരുന്ന വഴിയാണ് മണി . മീനിന് ഒന്നിച്ച് വിലപറഞ്ഞപ്പോൾ കൂടെ കൂടി . കാടിന്‍റെ ഉള്ളിലേക്കൊക്കെ പോവാൻ ഇതുപോലുള്ളവർ നല്ലതാണ് . അല്ലെങ്കിൽ തിരിച്ചു വരുമെന്ന് ഉറപ്പൊന്നുമില്ല . മണി ഒരു ആദിവാസിയാണ്  . ഏത് ഊരാണെന്നൊന്നും   ഓർക്കാൻ പറ്റുന്നില്ല . കാടിനോട് ചേർന്ന്  ഇതുപോലെ  ചില ആദിവാസി വിഭാഗങ്ങൾ കാണും . അവരുടെ രീതിയും ആചാരങ്ങളും അറിയുക രസകരമാണ് . അത് പിന്നെ പറയാം .  

മണിയുടെ  കൂടെ കാട്ടിനുള്ളിൽ നടക്കുമ്പോൾ ഒരു സുരക്ഷിതത്വം തോന്നിയിരുന്നു . അട്ടകൾക്ക് നമ്മളോട് തോന്നുന്ന സ്നേഹം ഇയാളോട് തോന്നുന്നില്ല എന്നത് അത്ഭുതമാണ് . അതോ എന്നെ കടിക്കുന്ന അട്ടയെ ഒഴിവാക്കാനുള്ള ശ്രമത്തിൽ അത് നമ്മൾ അറിയാതെ പോകുന്നതാണോ ..? രണ്ടായാലും പുള്ളി അത് മൈൻഡ് ചെയ്യുന്നില്ല . എന്നെ വല്ലാതെ സ്നേഹിച്ച ഏതാനും അട്ടകളെ കൂളായി മണി കൈകാര്യം ചെയ്യുകയും ചെയ്തു .

മണിയുടെ സംസാരം മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് . ഞങ്ങൾ മുന്നോട്ട് നടന്നു . കാടുകളെ നോക്കി കാണേണ്ടത്  ഹൃദയത്തിലൂടെയാണ് . അറിയാതെ വന്നു കയറുന്ന ഒരു ഭീതിയുണ്ട്  . വേറൊരു സാമ്രാജ്യത്തിലേക്കാണ് അതിക്രമിച്ചു കയറിയത് . അതിനു സ്വന്തക്കാർ ഉണ്ട് . അവരെന്തെങ്കിലും ചെയ്യുമോ എന്ന പേടി . ആ പേടി തന്നെ ഒരു ലഹരിയാണ് . മനസ്സിനെയും ശരീരത്തെയും ഉന്മാദമാക്കുന്ന ഭീതിയുടെ ലഹരി . 

കാടിനുള്ളിലൂടെ നടന്ന് പാട്ടിയാർ പുഴക്കടുത്തെത്തി . മണി വല ഇട്ടിട്ടുണ്ട് . അത് വലിച്ചെടുത്തു . കുറച്ച് നേരത്തെ എടുത്തത്‌ കൊണ്ടാവും അതിൽ കാര്യമായി ഒന്നുമില്ല . പക്ഷേ അതല്ല  കാര്യം . ഒരു വശത്ത് കാടും അതിനോട് ചേർന്ന് പുഴയും ഒക്കെ ചേർന്ന ഈ അന്തരീക്ഷമുണ്ടല്ലോ .. ഇതിന് പകരം വെക്കാൻ എന്തുണ്ട് വേറെ . വന്യമായ നിശബ്ദത ... ഒരു ചെറിയ ഓളം പോലുമില്ലാതെ നിശബ്ദമായി ഉറങ്ങുന്ന പാട്ടിയാർ പുഴ . മേലെ ആകാശം നോക്കി തപസ്സ് ചെയ്യുന്ന വൻ വൃക്ഷങ്ങൾ . ധ്യാനനിരതനായി   ഞാനും കണ്ണടച്ചു . 

അധികം ചുറ്റി തിരിയരുത് എന്ന മുന്നറിയിപ്പ് തന്നിരുന്നു ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും . മാത്രമല്ല , തിരിച്ച് വേഗം പോവണം എന്ന് മണിക്കും നിർബന്ധമുള്ള പോലെ . അതൊരുപക്ഷെ നേരമിരുട്ടുന്നത് കൊണ്ട്  സുരക്ഷയെ ഓർത്തുള്ള വേവലാതി ആവാനും മതി . ഏതായാലും ഉറച്ച കാൽവെപ്പുകളുമായി മണി മുന്നിൽ നടക്കുമ്പോൾ ഒരു ധൈര്യമുണ്ട് . 

ഇത്തരം ഇടങ്ങളിൽ കണ്ടുമുട്ടുന്ന ചിലരുണ്ട് . ആരുമല്ലാതെ നമ്മുടെ എല്ലാമാവുന്നവർ . ഒരു ദിവസമോ അല്ലെങ്കിൽ ഏതാനും മണിക്കൂറുകളോ  മാത്രം നീണ്ടുനിൽക്കുന്നൊരു സൗഹൃദം ആവുമത്  . അതവർക്കും നമുക്കുമറിയാം . എന്നാലും അറിയാതെ വിളക്കി ചേർക്കുന്ന ഒരു സ്നേഹത്തിന്‍റെ  കണ്ണിയുണ്ട് . അങ്ങിനെ എത്രപേരുണ്ട് വഴിയമ്പലങ്ങളിൽ പരിചയപ്പെട്ടവർ . പേരോർക്കുന്നില്ലെങ്കിലും പുഞ്ചിരിയിൽ പൊതിഞ്ഞ അവരുടെ സ്നേഹത്തിന്‍റെ  ഓർമ്മകൾ പിന്തുടരുന്നുണ്ട് . അതുപോലൊരു മുഖത്തെ യാത്രകളിൽ പ്രതീക്ഷിക്കുന്നുമുണ്ട് .  പഴയ ചിത്രങ്ങൾ തപ്പിയപ്പോൾ മണി ദേ  മുന്നിൽ വന്നു നിൽക്കുന്നു . കാട്ടിൽ ഞങ്ങളെ നയിച്ച ആ ഒറ്റയാന് ഒരിക്കൽ കൂടെ സ്നേഹം . 

ഗസല്‍ പൂക്കള്‍



പതിവില്ലാതെ വീണുകിട്ടിയ ഒരവധി. അതുകൊണ്ട് തന്നെ ഈ സായാഹ്നത്തിന് തെളിച്ചം കൂടുതലുണ്ട്. ജാലക കാഴ്ച്ചകളിലൂടെ തെളിയുന്നത് എന്തൊക്കെയാണ്. നിരത്തുകളിലൂടെ ചീറിപ്പായുന്ന പോലീസ് വാഹനങ്ങള്‍. ഇതിപ്പോള്‍ ബഹ്റൈനിലെ പതിവ് കാഴ്ച്ച ആയി മാറിയിരിക്കുന്നു.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ , ഇന്നത്തെ നിയോഗം കഴിഞ്ഞ് സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. നാളെ വീണ്ടും ഉദിക്കും, പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും. സൂര്യോദയവും അസ്തമയവും കാണാന്‍ പറ്റാറേയില്ല ഇപ്പോള്‍. ഇന്നെനിക്ക് നല്ല സന്തോഷം തോന്നുന്നു.

ദിവസങ്ങളിലെ ഏറ്റവും മനോഹരമായ സമയമാണ് സായാഹ്നങ്ങള്‍. എനിക്കീ കാഴ്ചകള്‍ മടുക്കാറില്ല ഒരിക്കലും. മാനത്തെ മേഘങ്ങളില്‍ അസ്തമയ സൂര്യന്റെ ചെഞ്ചായം വീണ്‌ കുറെ ചിത്രങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. നമ്മള്‍ എന്ത് സങ്കല്‍പ്പിക്കുന്നോ അതേ രൂപമായിരിക്കും ഈ ചിത്രങ്ങള്‍ക്കും. കുതിരപ്പുറത്ത്‌ പോകുന്ന പടയാളിയുടെ മുഖവും രണഭൂമിയും തിരയും തീരവുമെല്ലാം ഞാന്‍ വായിച്ചെടുക്കാറുണ്ട് ഈ രൂപങ്ങളില്‍.

"ഹംക്കോ അബ് തക്ക് ആശിഖി കാ , വൊഹ് സമാന യാദ് ആയെ
ചുപ്കെ ചുപ്കെ രാത് ദിന്‍ ആന്‍സൂ ബഹാന യാദ് ആയെ"

ഗുലാം അലി പാടി നിര്‍ത്തിയപ്പോള്‍ വീണ്ടും മനസ്സുണര്‍ന്നു. എവിടെയൊക്കെയോ ഒരു നഷ്ടബോധം. ഒരു നാലുമണിപ്പൂവ് വിരിഞ്ഞത് കാണാന്‍ കൊതിയാകുന്നല്ലോ. സായാഹ്ന സ്വപ്നങ്ങളിലെ കാമുകിയുടെ മുഖമാണ് നാലുമണിപ്പൂക്കള്‍ക്ക് . ഓരോ പൂക്കളും വിരിയുന്നത് ഓരോ സ്വപ്നങ്ങളുമായാണ്. ആ പൂക്കളുടെ വിവിധ വര്‍ണ്ണങ്ങളാണ് സ്വപ്നങ്ങളുടെ വൈവിധ്യവും. മനുഷ്യന്റെ വികാരങ്ങള്‍ തന്നെയല്ലേ പൂക്കള്‍ക്കും.? വെയിലത്ത്‌ തിളങ്ങുന്ന പൂക്കള്‍ ചിരിക്കുകയാണ്. മഞ്ഞുതുള്ളികള്‍ ഇതളിലൂടെ പൊഴിയുമ്പോള്‍ പൂക്കള്‍ കരയുകയാണ് എന്ന് തോന്നും. ഇത് രണ്ടും തന്നെയാണല്ലോ മനുഷ്യന്റെ വലിയ രണ്ടു വികാരങ്ങളും.



ഇഷ്ടപ്പെട്ട രണ്ടു പൂക്കളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ഞാന്‍ ഒട്ടും സംശയിക്കാതെ പറയും നാലുമണിപ്പൂക്കളും നന്ദ്യാര്‍ വട്ടവും എന്ന്. രണ്ടും രണ്ട് കാരണങ്ങള്‍ കൊണ്ട്. നാലുമണിപ്പൂക്കള്‍ വിരിയുന്നത് എനിക്കിഷ്ടപ്പെട്ട വൈകുന്നേരങ്ങളിലാണ്. നന്ദ്യാര്‍വട്ടം എന്ന പേരിനോട് എനിക്ക് വല്ലാത്തൊരു പ്രണയവും. ആ പൂവിനേക്കാള്‍ ഇഷ്ടപ്പെട്ട പേര്. ശരിയല്ലേ..? ആ പൂവിനേക്കാള്‍ ഭംഗിയില്ലേ നന്ദ്യാര്‍വട്ടം എന്ന പേരിന്. പിന്നെ വിരിഞ്ഞു നില്‍ക്കുന്ന നന്ദ്യാര്‍വട്ട പൂവുകള്‍ കാണാത്ത ഒരു കുട്ടിക്കാലം എന്റെ ഓര്‍മ്മയില്‍ ഇല്ല. പിന്നിട്ട ഓരോ കാലഘട്ടത്തിന്റെയും ഓര്‍മ്മത്താളുകളില്‍ ഒപ്പ് വെക്കാന്‍ ഇപ്പോഴും വിരിയുന്നുണ്ട് ആ നന്ദ്യാര്‍വട്ടം തറവാടിന്റെ മുറ്റത്ത്‌.

അന്ന് അര്‍ത്ഥമറിയാതെ കേള്‍ക്കുന്ന ഗസലുകള്‍ക്കൊപ്പം താളം പിടിക്കാന്‍ ഈ പൂക്കളും ഉണ്ടായിരുന്നു. ജഗ്ജിത് സിങ്ങും പങ്കജ് ഉദാസും ഗുലാം അലിയും മാറി മാറി പാടും. കാറ്റില്‍ അലിയുന്ന ഗസല്‍ നാദങ്ങള്‍, അതിനൊപ്പം ചേര്‍ന്ന് താളം പിടിക്കുന്ന പൂക്കള്‍ . ഇന്ന് അര്‍ത്ഥമറിഞ്ഞ് വീണ്ടും ആ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മാധുര്യം കൂടുന്നു. ഇപ്പോള്‍ പൂക്കള്‍ വിരിയുന്നത് മനസ്സിലാണ്. കണ്മുന്നില്‍ ഒരു നന്ദ്യാര്‍വട്ടം വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ഒളിക്കണ്ണിട്ടൊരു നാലുമണിപ്പൂവും ഉണ്ട് . ഇവിടെ വീശുന്ന ചൂടുള്ള കാറ്റിന് ഇപ്പോള്‍ നാട്ടിലെ കാറ്റിന്റെ അതേ കുളിര്‍മ്മ ഉണ്ട്. ഓര്‍മ്മകള്‍ നല്‍കുന്ന സമ്മാനമാണത്.

കോഴിക്കോടന്‍ തെരുവുകള്‍ക്ക്‌ ഒരു ഗസലിന്റെ താളം എപ്പോഴും തോന്നാറുണ്ട്. സംഗീതത്തെ ഉപാസിച്ച നഗരമായത് കൊണ്ടായിരിക്കണം അത്. മിഠായി തെരുവിലൂടെയും മാവൂര്‍ റോഡിലൂടെയും ഒക്കെ നടന്നു നീങ്ങുമ്പോള്‍ എപ്പോഴും എവിടെ നിന്നോ ഒരു ഗസലിന്റെ ഈരടികള്‍ നമ്മളെ പിന്തുടരും. മാനാഞ്ചിറ സ്ക്വയറിലോ ലയന്‍സ് പാര്‍ക്കിലോ ഇരിക്കുമ്പോഴും കാണും നമ്മോടൊപ്പം ഇതേ അനുഭവം. പങ്കജ് ഉദാസും, തലത്ത് അസീസും ചന്ദന്‍ ദാസും പാടിയുറക്കിയ ഗസല്‍ സന്ധ്യകളുടെ ഒരുപാട് ഓര്‍മ്മകളുണ്ട്‌ ഈ നഗരത്തിന്‌.



സ്റ്റേഡിയത്തിന്റെ മൂലയില്‍ ഇരുന്നു ഒരു നാടോടി ഗായകന്‍ പാടുന്നു. ഹൃദയത്തില്‍ തട്ടി ആ വൃദ്ധന്‍ പാടുന്ന ഗസലിനും കേള്‍വിക്കാര്‍ ഏറെ. മുന്നില്‍ വിരിച്ച തുണിയില്‍ നാണയ തുട്ടുകള്‍ നിറയുമ്പോള്‍ പാടുന്ന പാട്ടുകളുടെ മാധുര്യവും കൂടുന്നു. മലബാര്‍ മഹോത്സവം തുടങ്ങിയ നാളില്‍ ജഗജിത് സിംഗിന്റെ ഗസല്‍ സന്ധ്യ ഉണ്ടായിരുന്നു. അറബി കടലിലെ ഓളങ്ങളും കടപ്പുറത്തെ മണല്‍ തരികളും മാനാഞ്ചിറ കുളത്തിലെ കുഞ്ഞോളങ്ങള്‍ പോലും ആസ്വദിച്ച ആ ഗസല്‍ രാവിന്റെ ഓര്‍മ്മകള്‍ ഇന്ന് ഈ നാടോടി ഗായകനും നല്‍കാന്‍ പറ്റുന്നുണ്ട്. അതാണല്ലോ സംഗീതത്തിന്റെ മാഹാത്മ്യവും. ഓരോ ഓര്‍മ്മകളെയും ഓരോ പാട്ടിനോട് ചേര്‍ത്ത് വെക്കുക. അത് വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ആ ഓര്‍മ്മകളിലേക്ക് ഒരു സംഗീതയാത്ര. രസകരമായിരിക്കും അത്. ചിലപ്പോള്‍ നൊമ്പരവും തോന്നിയേക്കാം.

"ഓര്‍ ആഹിസ്ത, കീജി യേ ബാത്തേന്‍ , ധട്ക്കനേക്കൊയീ, സുന്‍ രഹാ ഹോഗ"

വീണ്ടും പങ്കജ് ഉദാസ് പാടുന്നു. ഞാന്‍ വീണ്ടും പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണെറിഞ്ഞു. സൂര്യന്‍ ഇപ്പോള്‍ മുങ്ങി താഴും. മേഘങ്ങള്‍ക്കും വന്നു നിറം മാറ്റം. കൂടണയാന്‍ കൂട്ടമായും ഒറ്റക്കും ദൃതിയില്‍ പറന്നകലുന്ന കുറെ വെള്ള പറവകള്‍. കാറ്റില്‍ പതുക്കെ ആടുന്ന ഈന്തപനകളുടെ ഓലകള്‍. നല്ല മനോഹരമായ സായാഹ്നം. കുറുകി കുറുകി രണ്ട് വെള്ളരിപ്രാവുകള്‍ പറന്നു വന്ന് ബാല്‍ക്കണിയുടെ കൈവരിയില്‍ ഇരുന്നു. അവരും ലയിച്ചിരിക്കട്ടെ ഈ സംഗീത സായാഹ്നത്തില്‍.

(ചിത്രങ്ങള്‍ - ഗൂഗിള്‍ )

Saturday, August 2, 2014

പുഴയെപ്പോലെ ചിരിക്കുന്നവര്‍



പതിവുള്ള ചെറിയ തിരക്കുകള്‍ കാണുന്നില്ല ഇന്ന്. ഇലക്ട്രിക് പോസ്റ്റിന്മേല്‍ പുതിയ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുകയാണ് ഒരു പയ്യന്‍ . തൊട്ടപ്പുറത്തെ മരമില്ലില്‍ നിന്നും ജോലിക്കാരുടെ ചെറിയ ശബ്ദവും ഒഴിച്ചാല്‍ പൊതുവേ ശാന്തമാണ് പുഴയോരം. ചീനിയുടെ ചുവട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത് മുഹമ്മദ്‌ കാക്കയുടെ കടയിലേക്ക് നടന്നു . ചീനി മരങ്ങള്‍ ഇപ്പോള്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. പണ്ട് എന്‍റെ ഗ്രാമത്തിന്റെ നടുവിലും ഉണ്ടായിരുന്നു വലിയൊരു ചീനിമരം. ഇവിടെയെത്തുമ്പോഴെല്ലാം ആ പഴയ ചീനി മുത്തശ്ശിയെ ഓര്‍ത്തുപോകും .

ഒരു ചായ കുടിക്കണം എന്നതിനേക്കാള്‍ ഇക്കയെ കണ്ട് കുറച്ചു നേരം നാട്ടു വിശേഷങ്ങളും പറഞ്ഞിരിക്കാലോ എന്നതാണ് ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകം. പുഴവക്കിലെ ഈ മക്കാനിയില്‍ ഇരിക്കുമ്പോഴും ചൂടുള്ള ചായ ഊതി കുടിക്കുമ്പോഴും മനസ്സ് എപ്പോഴും സ്വതന്ത്രമാവാറുണ്ട്.കടലിനക്കരെ പ്രവാസത്തിന്റെ ചൂടില്‍ ഇരുന്ന്‍ ഓര്‍ക്കുമ്പോള്‍ ഇന്ന് ഗൃഹാതുരത്വത്തിന്റെ രുചിയാണ് ആ ചായക്ക്‌.

മുഹമ്മദ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകും. പഞ്ചസാരക്കും പാലിനുമൊപ്പം ചായയില്‍ ചേര്‍ക്കുന്ന സ്നേഹം കൊണ്ട് മാത്രമല്ലത്. മുന്നില്‍ ബാക്കിയായ രണ്ട് പല്ല് മാത്രം കാണിച്ച് ആദ്യമായി കാണുന്നവരോട് പോലും കുട്ടികളെ പോലെ ചിരിക്കുമ്പോള്‍ ഒരു പുതിയ സൌഹൃദം അവിടെ ജനിക്കുന്നു. കാരണം നിഷ്കളങ്കമായ ആ ചിരിയില്‍ സംവേദിക്കപ്പെടുന്നത് നാട്യങ്ങളില്ലാത്ത ഗ്രാമത്തിന്റെ നന്മ തന്നെയാണ്. ഇങ്ങിനെ ചിരിക്കാനും സ്നേഹിക്കാനും കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെ. അകം കറുപ്പിച്ച് പുറത്ത്‌ വെളുക്കെ ചിരിക്കുന്ന കാപട്യ ലോകത്ത് അപൂര്‍വ്വമായി കാണുന്ന ഈ പുഞ്ചിരിയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക.

മുട്ടറ്റം എത്തുന്ന കള്ളിമുണ്ടും ബനിയനും തോളിലൊരു തോര്‍ത്തും ഇട്ട് നാടന്‍ ബീഡിയുടെ പുകവട്ടവുമായി മാത്രമേ ഞാന്‍ ഇക്കയെ കണ്ടിട്ടുള്ളൂ. വര്‍ഷങ്ങളായി ഈ കടവില്‍ ചെറിയൊരു ചായക്കട നടത്തുന്നു. കടവ് കടന്ന് വരുന്ന ഓരോരുത്തരോടും വലിയ ഒച്ചയില്‍ വിശേഷങ്ങള്‍ കൈമാറി എപ്പോഴും കാണും പുഴയുടെ തീരത്ത്. ഇക്കാക്ക് എപ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കണം. ചിലപ്പോഴത് പുഴയോടായിരിക്കും. ആ ചിരിയില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും സങ്കടം കാണുമായിരിക്കും ആ വൃദ്ധ മനസ്സിനും.പലപ്പോഴും ചോദിക്കണം എന്ന് തോന്നാറുണ്ടെങ്കിലും വേണ്ടെന്നു വെക്കും.കാരണം ചിരി മാഞ്ഞ ആ മുഖം ഒരുപക്ഷെ എന്നെയും വിഷമിപ്പിച്ചേക്കാം .

നടന്ന്‌ പീടികയിലേക്ക്‌ കയറി.
" പഹയാ ..ജ്ജി എന്നേ വന്നത് ... ഒറ്റക്കേ ഉള്ളൂ....എബടെ അന്റെ ചങ്ങായിമാരൊക്കെ..?

"മറ്റ് ഔപചാരികതകള്‍ ഒന്നുമില്ല. ആ ചോദ്യത്തില്‍ തന്നെ എല്ലാമുണ്ട്. കാണാത്ത സങ്കടവും കണ്ട സന്തോഷവും എല്ലാം.

"ഇങ്ങള് ചെറുപ്പാവാണല്ലോ ഇക്കാ.."
ആ രണ്ട് പല്ല് കാണിച്ച് ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് ഇക്ക വിശേഷത്തിലേക്ക് കടന്നു.

"പത്രത്തില് കണ്ടല്ലോ അന്റെ ബഹ്‌റൈന്‍ല് ആകെ കൊയപ്പാണ് ന്ന്...കരുതണം ട്ടോ .ഇപ്പോ മീന്‍ പുടിച്ചണോര്‍ക്ക് കാര്യായി ഒന്നും കിട്ടണില്ല്യ , ബണ്ട് കെട്ട്യത് കാരണം പയേ മാതിരി മീന്‍ കേറണില്ല്യ . പൂഴിയുടെ കാര്യവും അതന്നെ. പോലീസ് എപ്പളും വന്ന് പോകും. കള്ളപ്പൂഴി പുടിച്ചാന് . ഓല്‍ക്ക് വേറെ പണില്ല്യല്ലോ. പൈസ മേടിച്ചാനാണ് പഹയന്മാര്‍ വരണത് . ഇപ്പൊ പുതിയ ആളാണ്‌ ബോട്ട് നടത്തണത് . ഫറൂക്ക്കാരനാ...
എന്തൊക്കെ കാര്യങ്ങളാ ഇക്കാക്ക് വിഷയം. മുഷിപ്പ് തോന്നുകയേ ഇല്ല ഈ സംസാരം കേട്ടിരിക്കുമ്പോള്‍.
നല്ല പൊടിച്ചായയുമായി ഇക്കയെത്തി.
"കഴിക്കാന്‍ നുറുക്ക് എടുക്കട്ടെടാ..? "
വേണ്ട . ചായ മതി.
"കള്ള പഹയാ . ഇത് ന്റെ കെട്ട്യോള് പൊരേന്ന് ണ്ടാക്കിയതാ ..അല്ലാതെ തമിയ്നാട്ടീന്ന് വരണ സാധനല്ല . കഴിക്ക്‌" .

അരി നുറുക്കിന് നല്ല രുചിയുണ്ട്. പറഞ്ഞപ്പോള്‍ ഇപ്പോ എങ്ങനുണ്ട് എന്ന ഭാവത്തില്‍ ഒരു ചിരി.
ഈ ചുറ്റുപാട് തന്നെ ചെറിയൊരു ലോകമാണ്. പുഴയും മീന്‍ പിടിക്കുന്നവരും പൂഴി വാരുന്നവരും തോണിക്കാരും റോഡും ചീനിയും പിന്നെ മുഹമ്മദിക്കയുടെ ചായക്കടയും എല്ലാമായി ഒരു ലോകം. വല്യ വല്യ വിഷയങ്ങള്‍ക്കൊന്നും ഇവിടെ ആവശ്യക്കാരില്ല. ചെറിയ മനുഷ്യരും അവരുടെ പരിഭവങ്ങളുടേയും കൊച്ചു കൊച്ചു സന്തോഷങ്ങളുടേയും ലോകം. ഇവര്‍ക്ക് പരാതികളില്ല. ചിരി മാഞ്ഞ ഒരു മുഖത്തെപ്പോലും ഇവിടെ കാണാനും പറ്റില്ല.

കുട്ട്യാലി മാഷ്‌ എപ്പോഴും പറയുമായിരുന്നു "ജീവിതം അറിയണമെങ്കില്‍ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കണം" എന്ന്. അന്നത് എനിക്ക് മനസ്സിലായില്ല. ഇന്നീ പുഴവക്കിലെ മക്കാനിയിലെ കാലിളകിയ മരബെഞ്ചിലിരുന്ന് ഇവരെ നോക്കിക്കാണുമ്പോള്‍ അറിയുന്നതും പഠിക്കുന്നതുമായ കുറെ കാര്യങ്ങളുണ്ട്. എത്ര ആയാസകരമായാണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. അന്നത്തെ ജോലി , കൂലി , വീട് , കുടുംബം. ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമായിരിക്കും. പക്ഷെ അവരുടെ മുഖത്ത് നിന്നും അത് വായിച്ചെടുക്കാന്‍ ഞാന്‍ പഠിച്ച ജീവിതം മതിയാവില്ല. കാരണം മായാത്ത ഒരു ചിരിയില്‍ അവരത് ഒളിപ്പിക്കുന്നു. ആത്മാര്‍ഥമായി ജോലിയില്‍ മുഴുകി അവരത് മറക്കുന്നു. സമ്മര്‍ദ്ധങ്ങളെയും സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ഒരു പാഠം ഇവരുടെ ജീവിതത്തില്‍ നിന്നും പഠിച്ചെടുക്കാനുണ്ട്‌. പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥയോടെ നോക്കിക്കാണുകയാണ് ഇവരുടെ ജീവിതത്തെ.

"പുഴ മീന്‍ മാണോ അനക്ക്.? കൊണ്ടോയി മുളകിട്ട് തരാന്‍ പറ ഉമ്മാനോട് . ഇമ്മാതിരി രുചീള്ള മീനൊന്നും അന്റെ ഗള്‍ഫില് കിട്ടൂല".
ഒരു കയറില്‍ കോര്‍ത്ത കുറെ മുഴുത്ത പുഴമീനുമായി മുഹമ്മദിക്ക.
"ഇവനെ അറിയോ ആലിക്കുട്ടീ അനക്ക്. ഞമ്മടെ അബ്ദു മാസ്റ്ററെ മോനാണ്. ഗള്‍ഫിലാ. ഓന്റെ ഉപ്പ ന്റെ പയേ ദോസ്താണ് " . ഇപ്പോ ഈ ഹിമാറും". പിന്നെയൊരു പൊട്ടിച്ചിരി.
തോണിയില്‍ പോയി വലയിട്ട് മീന്‍ പിടിക്കുന്ന ആളാണ്‌ ആലിക്കുട്ടിക്ക.
എനിക്ക് പുഴമീന്‍ ഇഷ്ടമല്ല. എന്നാലും വാങ്ങി.

"അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
...............................
ലാഇലാഹ ഇല്ലള്ളാ"

ഇക്കയുടെ പീടികയുടെ മുകളില്‍ തന്നെയാണ് ഈ ചെറിയ പള്ളി . ബാങ്ക് വിളിക്കുന്നതും മുഹമ്മദിക്ക തന്നെ. എന്തൊക്കെ നിയോഗങ്ങളാണ് ഈ മനുഷ്യന്. ഈ ജിവിതം സമ്മാനിച്ച ദൈവത്തിനുള്ള നന്ദി അറിയിക്കാന്‍ സമയാസമയങ്ങളില്‍ ഭക്തരെ ഓര്‍മ്മിപ്പിക്കുന്നു. പുഴയില്‍ നിന്നും അംഗ ശുദ്ധി വരുത്തി പള്ളിയിലേക്ക് കയറി. നിസ്കരിക്കാന്‍ അധികം പേരില്ല. ബോട്ട് കാത്തു നില്‍ക്കുന്നവരും തോണിക്കാരും തൊട്ടപ്പുറത്തുള്ള മരമില്ലില്‍ ജോലി ചെയ്യുന്നവരുമായി കുറച്ചാളുകള്‍ മാത്രം.

പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങി. ഉച്ചവെയിലില്‍ പുഴയിലെ വെള്ളം തിളങ്ങുന്നു. വേലിയേറ്റവും ഉണ്ടെന്നു തോന്നുന്നു. പൂഴി വഞ്ചികള്‍ തിരിച്ചെത്തിയിട്ടുണ്ട്. അത് കയറ്റി പോകാന്‍ വന്ന രണ്ട് ടിപ്പര്‍ ലോറികളും. ഇനിയും വൈകിയാല്‍ വാങ്ങിച്ച മീനും കേടാവും. പുഴക്കടവും ഈ അന്തരീക്ഷവും ചൂടാവാന്‍ ഇനി വൈകുന്നേരമാവണം. ആ സായാഹ്നങ്ങള്‍ ഒഴിവാക്കാനാവാത്തൊരു സന്തോഷമായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്.
ഇപ്പോള്‍ പ്രവാസം നല്‍കിയ ഇടവേളകളുടെ മരവിപ്പ് തീര്‍ക്കാനാണ് ഈ വരവെങ്കില്‍ മുമ്പത് അലസത നിറഞ്ഞ കൌമാരത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

അന്നും ഉണ്ടായിരുന്നു പൊടിച്ചായയും അരിനുറുക്കും വലിയ ഒച്ചയുമായി മുഹമ്മദിക്ക.

തിരിച്ച്‌ വീട്ടിലേക്ക് തിരിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ. അടുത്ത അവധിക്കാലത്തും വിശേഷങ്ങളും നാട്ടുകഥകളുമായി മനസ്സ് നിറക്കാന്‍ ഈ പുഞ്ചിരിയുമായി മുഹമ്മദിക്കയും ഇവിടെ കണ്ട ജീവിതങ്ങളും അവരുടെ സ്നേഹവും പിന്നെ അതേറ്റു വാങ്ങാന്‍ എന്റെയീ ചെറിയ ജന്മവും ബാക്കിയാവണേ എന്ന്.

Sunday, June 1, 2014

ഒരു ഫുട്ബോൾ കാലത്തിന്‍റെ ഓർമ്മയ്ക്ക്‌



മറഡോണയാവാം  അർജന്റീനയോട് ഇഷ്ടം കൂടാൻ കാരണം . പക്ഷേ അത് മറഡോണയിൽ മാത്രം ഒതുങ്ങി നിൽക്കില്ല എന്നത് കൊണ്ടാവാം ആ ഇഷ്ടം നിറഞ്ഞു തുളുമ്പുന്നത് .  നെറി പുംപിഡോയും ഗോയ്ക്കൊഷ്യെയും ബാറ്റിയും കനീജിയയും സിമയോണിയും ക്രെസ്പോയും ഒർട്ടെഗയും ഒരു കാലത്ത് ആവേശം നൽകിയെങ്കിൽ മെസ്സിയും ടവറെസ്സും അഗ്യൂറോയും ഇപ്പോഴും നൽകുന്നത് മറ്റൊന്നല്ല . ഒരു ഉത്സവം കൂടെ കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ചൂടുള്ള സുലൈമാനിക്കൊപ്പം ഉറക്കമൊഴിഞ്ഞ് കളികണ്ടിരുന്ന പഴയ നാളുകൾ വല്ലാത്തൊരു സന്തോഷം നൽകുന്നുണ്ട് .

എന്തുകൊണ്ടാവും പഴയ കളിക്കാർ വീണ്ടും ബൂട്ട് കെട്ടി മൈതാനത്തിറങ്ങിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത് ..? ഒരുപക്ഷേ നേരത്തെ പറഞ്ഞ പഴയ നാളുകളിലെ സന്തോഷം പിന്നൊരിക്കലും വന്നിട്ടില്ല എന്നത് കൊണ്ടാവുമോ ? നാട്ടിലെ വായനശാലകളിലും മറ്റും മുതിർന്നവരോടും കൂട്ടുക്കാരോടും ഒപ്പമിരുന്ന് , ആർത്തുവിളിച്ച ഒരു ഫുട്ബാൾ കാലം ഇപ്പോൾ ബാക്കിയില്ല . പക്ഷേ ഗൃഹാതുരത്വം ഒരു ഫൈനലിനോളം ആവേശം മനസ്സിൽ ആരവങ്ങൾ ഉയർത്തുന്നുണ്ട് . അതിനിടയിലൂടെ സ്വർണതലമുടിയും ഇളക്കി ക്ലീൻസ്മാൻ പറക്കുന്നതും  മിന്നൽ പിണർ പോലെ ഒരു ഹെഡർ വല തുളഞ്ഞു കയറുന്നതും കാണാം . ഫിലിപ്പ് ലാമും ക്ലോസും പൊടോള്സ്കിയും ഓസിലും എല്ലാം മനം നിറച്ചിട്ടുണ്ട് . പക്ഷേ വോളറും ക്ലീൻസ്മാനും മത്തെയസും ഇറങ്ങിയിരുന്ന ജെർമനിയെ കാണാനാണ് എനിക്കിഷ്ടം . അത് നടക്കില്ലെങ്കിലും . 

ഒരു കള്ള് കമ്പനിയുടെ പരസ്യം കണ്ട് കയ്യടിച്ചിട്ടുണ്ടെങ്കിൽ   അത് ജോണി വാക്കറിന്‍റെയാണ്  . റോബർട്ടോ ബാജിയോ പെനാൽറ്റി തുലക്കുന്നതും അടുത്ത തവണ വിജയിക്കുന്നതും എല്ലാം ചേർത്ത ഒന്ന് . കള്ളടിക്കാതെ കിക്കായിപോകുന്ന പരസ്യം .  മാൽഡിനിയുടെ പന്തും വാങ്ങി ബാജിയോയും ദെൽപിയെറോയും വിയാലിയും കുതിക്കുന്നത് ഒരിക്കൽക്കൂടെ കാണാൻ സ്വപ്നം കാണാത്തവരുണ്ടോ ..? കാനാവറോയും പിർലോയും കൂടിയാൽ ഒരു മാൽഡിനി ആവുമോ ..? എങ്കിലും വല കാക്കാൻ ബഫോണ്‍ അവിടെയുണ്ട് . 

വിരസമായ ഇടവേളകളിൽ യൂറ്റൂബിന്‍റെ  സേർച്ച്‌ ബോക്സിൽ മിഷൽ പ്ലാറ്റിനിയും സിദാനുമെല്ലാം വന്നുപോകാറുണ്ട്‌ . വിൽതോടിന്‍റെ  അവസാന സെക്കന്റിലെ ഗോൾ കണ്ട് ഇപ്പോഴും കയ്യടിക്കാറുണ്ട് . പെറ്റിറ്റും തുറാമും വിയെരയുമെല്ലാം അനെൽക്കയുമെല്ലാം പന്തുമായി കുതിക്കുന്നത് ഇപ്പോഴും കാണുന്നുണ്ട് . മൊട്ടത്തല ഉഴിഞ്ഞ് ബാർത്തേസിന്‍റെ  സ്റ്റയിലൻ സേവുകൾ കണ്ട് എത്ര വിസ്മയിച്ചിട്ടുണ്ട് . പത്താം നമ്പർ ജഴ്സിയിൽ സിദാനില്ലാത്ത വിടവ് നികത്താൻ റിബേറിക്കോ ബെൻസാമക്കൊ കഴിയുമോ ..? 

ഗോൾ വല കാക്കാൻ പീറ്റർ ഷിൽട്ടൻ ഇല്ലാതെ , ഫ്രീ കിക്കുകൾ എടുക്കാൻ ബെക്കാം ഇല്ലാതെ ലിനേക്കറും ഓവനും കുടി ഇറങ്ങിയ ചുവന്ന ജേഴ്സിയിൽ ഇനിയൊരു റൂണി തന്നെ പ്രതീക്ഷ . കൂടെ ജെറാൾഡും ലാംപാർഡും . 

ഒരാളെ എടുത്ത് പറയാൻ പറഞ്ഞാൽ കുറേ പേരുകൾ കിടന്ന് വട്ടം കറങ്ങും ബ്രസീലിനെ പറ്റി പറയുമ്പോൾ . റൊണാൾഡോ , റൊണാൾടീഞ്ഞോ , റിവാൾഡോ , റോബർട്ടോ കാർലോസ് , കാക്ക , ഡുംഗ , ജൂലിയസ് സീസർ അങ്ങിനെ നീണ്ടുപോകും . ഒരഞ്ചു മിനുട്ടെങ്കിലും ഇവരിൽ ആരെങ്കിലും കളത്തിൽ ഇറങ്ങിയെങ്കിൽ എന്നാശിച്ചു പോകുന്നു . ഒരു കാർലോസിയൻ ഫ്രീ കിക്ക് , റൊണാൽഡീയുടെ ഒരു കരിയില കിക്ക് , വേഗത കുറഞ്ഞ ഒരു റിവാൾഡോ പ്ലേസിംഗ് . നടക്കില്ല . എന്നാലും മോഹിച്ചു പോകുന്നു . 

ഇങ്ങിനെ കുറെ കളിക്കാരുണ്ട് . ടീമുകളും . ഇപ്പോഴും  കണ്ണുകളിൽ ഒരുത്സവം ബാക്കി വെക്കുന്നവർ , പറഞ്ഞാൽ തീരില്ല അവരെ പറ്റി . അവർ നൽകിയ ആവേശത്തെ പറ്റി . പുതിയവർ ഇന്ദ്രജാലം സൃഷിടിക്കട്ടെ . ഗോൾ മുഖങ്ങൾ പ്രകമ്പനം കൊള്ളട്ടെ . പഴയവർ ഓർമ്മയിൽ നിന്നും മാറില്ല. അവരുടെ വിയർപ്പ് തുള്ളികളാവും ഇന്നും മൈതാനങ്ങളെ കരിയാതെ നിരത്തുന്നത് , അവരുടെ കാലിലെ ഊർജ്ജം പകർന്നെടുത്താവണം പുതിയ കളിക്കാർ ഓടുന്നത് . കഴിവുണ്ടായിട്ടും കളിക്കാൻ കഴിയാത്ത നിർഭാഗ്യവാന്മാരുടെ സങ്കടം കൂടിയാവണം മൈതാനങ്ങൾ .  ഴാൻ പിയെറി പാപിനും പോൾ  ഗാസ്കോയിനും  അടിക്കാതെ പോയ ഗോളുകൾ ഇപ്പോഴും മൈതാനങ്ങളിൽ ഗതി കിട്ടാതെ അലയുന്നുണ്ടാവണം . 

മറക്കാന സ്റ്റേഡിയത്തിലെ ആരവം ഇങ്ങടുത്തെത്തി . ഒരു പെലെ ഗോൾ പോലെ . 

Sunday, May 11, 2014

ഒരിക്കൽകൂടെ പോകണം ഈ വഴികളിലൂടെ



ഒരവധിക്കാലം വരാൻ ഇനിയും സമയമുണ്ട്. ഇപ്പോൾ യാത്രകൾ പഴയ ചിത്രങ്ങളിലൂടെയാണ് ഇരിക്കുന്ന സീറ്റിനും മോണിറ്ററിനും ഇടക്കൊരു പാലം വന്നുചേർന്നു . ഓർമ്മ യാത്രകൾ . ഈ വഴിയിലെ മഞ്ഞു വന്ന് ശരീരമാകെ പുതക്കുന്നു . കുന്നിറങ്ങി വരുന്ന മഞ്ഞിന്‍റെ കുളിര് തണുപ്പിക്കുന്നത് മനസ്സിനെയാണ്‌ . നിസ്സഹായാതയുടെ അങ്ങേയറ്റം ആണെങ്കിലും ഇതെനിക്ക് സന്തോഷം നൽകുന്നുണ്ട് . നടന്നു തീർത്ത വഴികളിലൂടെ വീണ്ടും വീണ്ടും ഓർമ്മകളിലൂടെ ഞാൻ നടന്ന് തീർക്കും . വഴിയമ്പലങ്ങളിൽ കിടന്നുറങ്ങും . പൊതിച്ചോറ് വാങ്ങി കഴിക്കും . പാറക്കെട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ഉറവ് വെള്ളം ആർത്തിയോടെ കുടിക്കും . ഇടക്കെപ്പോഴോ കാട്ടിലോ മലയിലോ പെയ്യുന്ന മഴയെ ഏറ്റുവാങ്ങും . കോടമഞ്ഞിനിടയിൽ ഒളിച്ചു കളിക്കുന്ന സൂര്യനും ചന്ദ്രനും നിലാവും നക്ഷത്രങ്ങളും എന്‍റെ കൂട്ടുകാരാവും . വഴിയമ്പലങ്ങളിൽ ഇരുളിൽ നിന്നും കേൾക്കുന്ന ഈണമില്ലാത്ത നാടോടി ഗാനങ്ങളിലെ വിരഹവും സന്തോഷവും സന്താപവും ഏറ്റുവാങ്ങും . തട്ടുകടകളിലെ മണ്ണെണ്ണ അടുപ്പിന്‍റെ ചൂടിനോട്‌ ചേർന്ന് നിൽക്കും . ഉണക്ക ചുള്ളികൾ പെറുക്കി കൂട്ടി തീ കായുമ്പോൾ ലോകം അവിടെ മാത്രമായി ഒതുങ്ങും . പേരറിയാത്ത പൂക്കളോടും ചെടികളോടും സംസാരിക്കും . ലക്ഷ്യമില്ലാതെ നീണ്ടുപോകുന്ന വനപാതകളും നാട്ടു വഴികളും . ഈറ്റക്കാടുകൾ വകഞ്ഞുമാറ്റി ആനച്ചൂര് മണക്കുന്ന കാട്ടുവഴികളിലൂടെ . ഒരു മലയണ്ണാൻ ഓടിയൊളിച്ചു . ദൂരെ ഒരു ഒറ്റയാന്‍റെ ചിന്നംവിളി . കാട്ടുപക്ഷികളുടെ കലപില . കുരങ്ങന്മാരുടെ ഊഞ്ഞാലാട്ടം . പകച്ചുനോക്കുന്ന മാനുകൾ . കാലുകൾ ഇടറുന്നില്ല . ശുദ്ധമായ കാറ്റ് ആവോളം ഊർജ്ജം കാലുകൾക്ക് നൽകുന്നുണ്ടല്ലോ . യാത്രകൾ അങ്ങിനെയാണ് . വന്യമായ ഒരാവേശം മുന്നോട്ട് നയിക്കും . അദൃശ്യമായ ഒരു ശക്തി എപ്പോഴും കൂട്ടിനുണ്ടാവും . ഏതാനും പഴയ യാത്രാ ചിത്രങ്ങൾ നൽകിയ വികാരമാണ് ഈ എഴുതിയത് .
                                                         -x-

എനിക്ക് തോന്നുന്നത് ഏറ്റവും റൊമാൻറ്റിക് ആയ സ്ഥലം തേയില തോട്ടങ്ങൾ ആണെന്നാണ്‌ . പുലർക്കാലത്തും വൈകുന്നേരവും തേയില ചെടികൾക്കിടയിലൂടെ നടക്കാൻ എന്ത് രസമാണ് . തൂമ്പിലെല്ലാം മഞ്ഞു തുള്ളികൾ ഏറ്റുവാങ്ങി കുളിച്ച് ഈറനുടുത്ത് നിൽക്കുന്ന തേയിലച്ചെടികൾ .ഹൈറേഞ്ചുകളിൽ കുറച്ചൂടെ വൈകിയെത്തുന്ന സൂര്യനെ കണ്ടാൽ തിളക്കം കൂടും അവക്കെല്ലാം . വൈകുന്നേരം കൂടുതൽ രസകരമാണ് . തോട്ടങ്ങൾക്കുള്ളിലൂടെ കാട്ടുമുയലുകൾ വട്ടം ചാടുന്ന നടപ്പാതകൾ . തേയില നുള്ളുന്നവർ . കൂടകളിൽ നിറയുന്നത് ഇലകൾ മാത്രമല്ല അവരുടെ സ്വപ്‌നങ്ങൾ കൂടിയാണ് . നടക്കാതെ പോകുന്ന ആ സ്വപ്നങ്ങളാണ് നമ്മുടെ ചായക്കോപ്പയിലെ ചൂട് . എന്‍റെ മനസ്സിനും താളത്തിനും കൂടുതൽ ചേരുക ചെമ്പ്ര കുന്നിന്‍റെ താഴ്വാരമാണ് . കൂടുതൽ സ്വപ്നം വിളയിക്കുന്നതും അവിടെ തന്നെ . മകരമഞ്ഞിന്‍റെ തണുപ്പിൽ സ്വപ്നങ്ങളുടെ കമ്പിളിയും പുതച്ച് ആ താഴ്വാരങ്ങളിൽ രാപാർത്തത് എത്ര തവണയാണ് . നിറയെ കായ്ച്ചു നിൽക്കുന്ന നെല്ലിമരങ്ങൾ കാണാം ഇടക്ക് . സ്വപ്നങ്ങളും ചേർത്ത് ചവക്കുന്നത് കൊണ്ടാവാം അവക്കൊരിക്കലും കയ്പ്പ് തോന്നാറില്ല . 

ഇന്നലെ മച്ചാൻ വിളിച്ചു . വയനാട്ടിലെ ഞങ്ങളുടെ എല്ലാം മച്ചനാണ് . ഈ അവധിക്ക് വരുന്നില്ലേ എന്ന അന്വോഷണം . തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള കൈവഴിലൂടെ ഇറങ്ങിച്ചെന്നാൽ ഡാലിയയും ജമന്തിപ്പൂക്കളും നിറഞ്ഞ ഒരു കൊച്ചു കുടിലിന്‍റെ മുറ്റത്ത്‌ എത്തും . പാടി എന്ന് വിളിക്കുന്ന അവരുടെ കുടിൽ . ഓരോ അവധിക്കാലത്തും ഞങ്ങളെ കാത്തിരിക്കുന്ന മച്ചാനും സഫിയാത്തയും പിന്നെ വയനാടൻ പ്രകൃതി പോലെ നിറഞ്ഞു നിൽക്കുന്ന അവരുടെ സ്നേഹവും .
അവരുടെ പാടിയുടെ താഴെ കൂടി ഒഴുകുന്ന കാട്ടരുവി ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടാവും . നെല്ലിക്കയും മാതളവും കൊഴിഞ്ഞു പോകാതെ അവിടെ തന്നെ ഇരിക്കണേ . ഇനിയും വിരിയാൻ ബാക്കി നിൽക്കുന്ന ഡാലിയയും . വേലിക്കരികിൽ നിന്നും കുശലം പറയുന്ന ലെന്റാനയോട് വൈകിയതിന് പറയാൻ ഒരു കാരണം കണ്ടെത്തണം . വീണ്ടും സ്വപ്നങ്ങളുടെ കമ്പിളി പുതക്കട്ടെ . 

Monday, February 17, 2014

പരൽമീൻ നീന്തുന്ന പാടം

     വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടുംഇന്നും വടക്കന്‍ കേരളത്തിലെ ഏതെങ്കിലും ഒരുപഴയ ഗ്രാമത്തില്‍ ബസ്സിറങ്ങേണ്ടി വന്നാല്‍ കണ്ണുകള്‍ അറിയാതെ പ്രഭു ഡോക്ടറുടെ സഞ്ജീവ് ക്ലിനിക്ക് പരതുംമിഴിയും മനവും അതിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും തേടിയെന്നിരിക്കുംഅത്രയധികം ആഹ്ലാദം നല്കിയ ഒന്നായിരുന്നു  നോവല്‍.   വായന അവസാനിച്ചിടത്ത്നിന്ന് തുടങ്ങണം പരൽ മീൻ നീന്തുന്ന പാടം എന്ന കൃതിയുടെ വായന . സ്വന്തം ഗ്രാമവും ജീവിതവും എത്രത്തോളം എഴുത്തുകാരനെ സ്വാധീനിക്കുന്നു എന്ന് രണ്ട് കൃതികളുടെയും കൂട്ടിവായന മനസ്സിലാക്കി തരും .  നോവലിൽ കണ്ട കുറെ കാര്യങ്ങൾ ഇവിടേയും പുനർജ്ജനിക്കുന്ന പോലെ . 

ചെറിയ ചെറിയ ഓർമ്മകളെ മനോഹരമായ ചിത്രങ്ങൾ പോലെ  ഫ്രൈം ചെയ്ത് വെച്ചതാണ് ഓരോ അദ്ധ്യായവുംഎല്ലാ ആത്മകഥകളിലുമെന്നപോലെ സ്വന്തം കഥ തന്നെയാണ് സി വി യും പറയുന്നത്പക്ഷേ  എഴുത്തുകാരന്റെ പൊങ്ങച്ചം പറച്ചിലല്ല . . തന്നിലേക്ക് വന്നു ചേർന്ന ഒരു കാലഘട്ടത്തെ , തന്നോടൊപ്പം വളർന്ന , തനിക്കു ശേഷവും ഒഴുകിയേക്കാവുന്ന ഒരു സംസ്കൃതിയെ നോക്കി അദ്ദേഹം സംസാരിക്കുകയാണ് . കഥകൾ പറയുകയാണ്‌ . സ്വയം കഥാപാത്രമാവുകയാണ് . 

കുട്ടയും തലയിൽ വെച്ച് കൂകിവിളിച്ച് നടന്നു പോകുന്ന മീൻകാരനെ നിങ്ങൾ പലയിടത്തും കണ്ടുകാണും . മീൻ  വിറ്റ് തീർന്നിട്ടും ആയാൾ  കൂകികൊണ്ട് പോകുന്നത് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ സന്തോഷം കൊണ്ടാണ് . കഥപറയാൻ വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു കൃതിമ കഥാപാത്രങ്ങളും ഇതിലില്ല . ഒരു വരിയിൽ വന്നുപോകുന്നവർക്ക് പോലും ഉണ്ട് ആത്മാവ് . അവർ നമ്മുടെ കൂട്ടുകാരാവും ഒപ്പം നൊമ്പരവും . കല്യാണം കഴിക്കാൻ കഴിയാതെ മാനസിക നില തെറ്റുന്ന കല്യാണി , ചെവിയിൽ ചെമ്പരത്തിയും ചൂടി എല്ലാരോടും ചോദിക്കുന്ന ചോദ്യം "എന്നെ കല്യാണം കഴിക്കോ " എന്നാണ് . എന്നോടും ചോദിച്ചുഞാനും കേട്ടു  ചോദ്യം . 

അമ്മാവനുമായുള്ള ബന്ധം ഇതിൽ കുറെ പരാമർശിക്കപ്പെട്ട ഒന്നാണ്പഴയകാലത്തെ അമ്മാവന്മാർക്ക്  വില്ലൻ മുഖം സാധാരണമാണ്സാഹിത്യത്തിലും സിനിമയിലുമെല്ലാംഇവിടെയും മറിച്ചല്ല . പക്ഷേ അർബുദം ബാധിച്ച് എല്ലാം കഴിയുന്നു എന്ന അവസ്ഥയിൽ അമ്മാവൻ പറയുന്നു . "നിനക്കായി ഒന്നും ഞാൻ ചെയ്തിട്ടില്ല . നീ എഴുതിയത് എല്ലാം ഞാൻ വായിച്ചിട്ടുണ്ട് . ഉള്ളിലുള്ള ഒരാള് സമ്മതിച്ചു തന്നിട്ട് വേണ്ടേ . എനിക്കഭിമാനമായിരുന്നു നിന്റെ അമ്മാവൻ എന്ന് പറയുന്നത് . ഇനിയും എഴുതണം ഒരുപാട്  " . സി . വി യെ വികാരാധീനാക്കിയ അമ്മാവൻ നമുക്കും പ്രിയപ്പെട്ടവനാവുന്നു . ഇനിയും എഴുതണം എന്ന വാക്ക് ഏറ്റുവാങ്ങുന്നത് മലയാളമാണല്ലോ . 

കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരുടെ ജൽപനങ്ങളാണ് ആത്മകഥ എന്ന അബദ്ധധാരണ എന്നാണാവോ എന്നെ പിടികൂടിയത് . ഇനി ആ ധാരണ ഞാൻ അഴിച്ചു വെക്കുന്നു . കാരണം "പരൽ മീൻ  നീന്തുന്ന പാടം " തുറന്നപ്പോൾ ഞാൻ കണ്ടത് മറ്റൊരു ലോകമാണ് . ഓരോ താളുകൾക്കും ഓരോ ഗന്ധം . ചിലതിന് ഊഷ്മളായ ബന്ധങ്ങളുടെ വേലിയേറ്റവും ഇറക്കവും  . മറ്റു ചിലതിന് പച്ച പുല്ലിന്‍റെ മണമെങ്കിൽ അടുത്ത പേജിന് പുകയിലയുടെ മണമാണ് .  തെയ്യങ്ങൾ ആടുന്ന പേജുകളുണ്ട് . വറുതിയുടെ കാലവും , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലവും സ്വാതന്ത്ര്യ സമരവും തുടങ്ങി വൈകാരികതയുടെയും ഗൃഹാതുരത്വത്തിന്‍റെയും  രുചിയും മണവും ഓരോ പുറങ്ങളിലും നമ്മെ വിരുന്നൂട്ടും . വായിച്ചു തീരുന്നത് ഒരു ആത്മകഥയാണ് എന്നാ കാര്യം വീണ്ടും മറന്നു പോകുന്നു . വായിച്ചത് ഒരു കാലഘട്ടത്തിന്‍റെ  കഥയാണ്‌ . എഴുതിയത് സി വി ബാലകൃഷ്ണൻ എന്ന കഥാകാരനാണ് . 

കെ . ഷരീഫിന്‍റെ വരകൾ മനോഹരമാണ് . കൂടെ  ഇതിലൂടെ നമ്മൾ പരിചയപ്പെട്ട ചില സ്ഥലങ്ങളും കഥാപാത്രങ്ങളും മനോഹരമായി പകർത്തിയിട്ടുണ്ട് മധു രാജിന്‍റെ ക്യാമറ . ഈ കാഥാപാത്രങ്ങളെ തേടി , കഥ നടന്ന ഗ്രാമത്തിലൂടെ ഒരു യാത്ര ആഗ്രഹിച്ചു പോകുന്നു . പോസ്റ്റ്മാൻ കൃഷ്ണ പൊതുവാളും ബാർബർ കൃഷ്ണേട്ടനുമെല്ലാം ചിരിച്ചുകൊണ്ട് ആ വഴിയോരത്ത് ഇരിക്കുന്നുണ്ടെങ്കിലോ . 

പരൽ മീൻ നീന്തുന്ന പാടം 
മാതൃഭൂമി ബുക്ക്സ്