Sunday, January 8, 2017

ബർമാഗിലെ മഞ്ഞുപൂക്കൾ



മൈനസ് 2 സെൽഷ്യസിൽ ബാക്കു നഗരം തണുത്തു  വിറച്ചു നില്‍ക്കുമ്പോഴാണ് അസർബൈജാൻ തലസ്ഥാനത്ത് വിമാനമിറങ്ങുന്നത്. . മുഖത്തേക്ക് പാറി വീഴുന്ന ചെറിയ മഞ്ഞുപാളികൾ ഒരു പുഷ്‌പാർച്ചന പോലെ നഗരം ഞങ്ങളെ സ്വാഗതം ചെയ്യുന്നതായി തോന്നിപ്പിച്ചു  . കാസ്പിയൻ കടലും കടന്നെത്തിയ കാറ്റ് നഗരം മുഴുവൻ നിറഞ്ഞു നിൽക്കുന്ന  ഒലീവ്മരങ്ങളെ തഴുകിവന്ന് ഞങ്ങളെ  തൊട്ടു .

മഞ്ഞുകാലമെന്നാൽ പ്രണയമാണ് . ബാക്കുവിലെ തെരുവുകൾക്ക് പ്രണയത്തിന്റെ മണമാണ്. മേപ്പിൾ  - ചിനാർ മരങ്ങൾ അതിരിട്ട നിരത്തുകളിലൂടെ ആ ഗന്ധവും ശ്വസിച്ച് നടന്നു . മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നത് കാണാനെന്ത് ഭംഗിയാണ്! . കാലാകാലങ്ങളില്‍ പ്രണയിനികള്‍ കണ്ടുകൂട്ടിയ കാല്പനിക സ്വപ്നങ്ങളാവണം  മേപ്പിൾ -ചിനാര്‍ മരങ്ങള്‍ക്കിത്ര സൌന്ദര്യം.  പ്രാചീനതയുടെ  ഗാഭീര്യം നഗരത്തിന് കൂടുതൽ പ്രൌഢിയേകുന്നു . ഞാനീ നിരത്തുകളിൽ ആരെ തേടണംപഴയ സോവിയറ്റ് സംസ്കാരത്തിന്റെ അവശിഷങ്ങൾക്കിടയിൽ  ദസ്തയേവിസ്കിയുടെ അന്നയെ തിരഞ്ഞു . ഒരു പൂക്കൂടയും പിടിച്ച് എനിക്കെതിരെ വരുന്ന അന്നയെ കൊഴിഞ്ഞു വീഴുന്ന മേപ്പിൾ ഇലകൾക്കിടയിലൂടെ ഞാൻ  കണ്ടു . അന്ന കൂടുതൽ സുന്ദരിയായിരിക്കുന്നു. എത്രയെത്ര ഋതുക്കളിലൂടെ പിറകോട്ട് പോയാണ്   ഈ നിമിഷം അന്നയെ പുനർജ്ജനിപ്പിച്ചത് . ചില പരിസരങ്ങൾ വരച്ചുകാട്ടുന്ന പ്രണയചിത്രങ്ങളാണത്.  സോവിയറ്റ് സ്മരണകളുടെ ചെറിയൊരു അംശം പോലും  ഉരുക്കിയൊലിക്കാൻ കാത്തിരിക്കുന്നൊരു മണ്ണിൽ പഴയ റഷ്യയുടെ അവശിഷ്ടം തേടുന്നത് ചരിത്രപരമായി ശരിയല്ലായിരിക്കാം . പക്ഷേ കാൽപ്പനികതളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരിക്ക് അതാവാം.



പോരാട്ടത്തിൻറെ തെരുവ് 

മാർട്ടിയർ ലെയിനു  മുന്നിലെത്തിയപ്പോള്‍ പൂക്കൾ വിൽക്കുന്നവർ ചുറ്റും കൂടി . മഞ്ഞിന് ഘനീഭവിച്ച ദുഖങ്ങളുടെ മുഖമുണ്ടെങ്കിൽ ആ ചരിത്രം നിങ്ങളെ ഇവിടെയെത്തിക്കുംകറുത്ത ജനുവരി എന്ന് പേരിട്ടു വിളിക്കുന്ന ഒരു പോരാട്ട ദിനത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മയിലേക്ക് . അസർബയ്ജാൻ  കരഞ്ഞ ദിവസമാണത്. നൂറ്റിനാൽപതോളം സാധാരണക്കാർ സോവിയറ്റ് പട്ടാളത്തിന് മുന്നിൽ മരിച്ചുവീണ ദിവസം . ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ മോഹങ്ങളെ ജ്വലിപ്പിച്ച സമരം . മാർട്ടിയാർ ലൈനിലെ സമര സ്മാരകത്തിനകത്ത് കെടാതെ കത്തുന്ന തീജ്വാലയുണ്ട് . അതിനൊരുവശത്ത്  മരിച്ചുവീണവരെല്ലാം അടുത്തടുത്തായി ഉറങ്ങുന്നു . അവരുടെ ചിത്രങ്ങൾ പതിപ്പിച്ച ആദ്യത്തെ അസ്ഥിമാടം തന്നെ നമ്മുടെ ഉള്ളം ഉലക്കുമെന്നുറപ്പ് . അടുത്തടുത്തായുറങ്ങുന്ന ഇണകള്‍. . തന്റെ പ്രിയപ്പെട്ടവൻ മരണപ്പെട്ടതറിഞ്ഞു  ജീവൻ ഹോമിച്ച പ്രിയതമ . അവക്കൊരുമിച്ചു തന്നെ നിത്യനിദ്രയ്ക്കായി ഇടവുമൊരുങ്ങി .ഒരുപക്ഷേ ആ ഒരു സമരത്തിന്റെ ഭാഗമായി ജീവൻ നഷ്ടപ്പെട്ട ഒരേയൊരു സ്ത്രീയും അവരാകണം .രണ്ടും സമർപ്പണം തന്നെ . മാർട്ടിയാർ ലൈനിലെ തീജ്വാലകൾക്ക് ചൂട് കൂടുന്നു . ഈ ശവകുടീരത്തില്‍ കിടക്കുന്നവരുടെ സമരവീര്യം ഇപ്പോഴും തിളക്കുന്നുണ്ടാവണം . മറുവശത്ത് നിരയൊപ്പിച്ച് കായ്ച്ചുനിൽക്കുന്ന ഒലീവ് മരങ്ങൾ . യുദ്ധവും സമാധാനവും. ഇവിടെ നിന്നാൽ കാസ്പിയൻ  കടലിന്‍റെ മനോഹരമായ ദൃശ്യം അനുഭവിക്കാം. നഗരമിഴഞ്ഞു കടലിലേക്കിറങ്ങി ചെല്ലുന്നു. ഉപ്പുരസമുള്ള കാറ്റ്. അത് അസർബൈജാനികളുടെ കണ്ണീരിന്റെ ഉപ്പാണ് .  നമ്മളേയും ഒലീവ് മരങ്ങളേയും തഴുകി ആ കാറ്റ് പിന്നെ കബറുകളെ വലയം ചെയ്യും. അങ്ങനെ നമ്മളും ആ കറുത്ത ജനുവരിയുടെ ഓര്‍മ്മകളില്‍ ചാരും.




മുൾത്താൻ എന്ന വിശ്രമകേന്ദ്രം 
സിൽക്ക് റോഡിലൂടെ നഗരവും കണ്ടു നടക്കുമ്പോഴാണ് മുൾട്ടാൻ കാരവൻസെറായി ((multani Caravanserai) എന്ന ബോർഡ് ശ്രദ്ധയിൽ പെട്ടത് . മുൾട്ടാൻ എന്ന പേര് പാകിസ്ഥാനുമായി ബന്ധപ്പെട്ടതാണ്  എന്നറിയാം; അതുകൊണ്ട്തന്നെ  ഈ നഗരവും അതുമായുള്ള ബന്ധം അറിയണമെന്ന് തോന്നി . പതിനഞ്ചാം നൂറ്റാണ്ടിൽ  മുൾട്ടാനിൽ നിന്നുള്ള കച്ചവടക്കാർ വിശ്രമിക്കുന്ന സ്ഥലമായിരുന്നു ഇത് .   എനിക്കത്ഭുതം തോന്നി . എത്ര ദൂരങ്ങൾ താണ്ടിയാവണം യാത്രാ സൗകര്യം പോലും പരിമിതമായ  ഒരു കാലത്ത് അവരിവിടെ എത്തിപ്പെട്ടത് ! . മറ്റൊന്നുണ്ട് , അന്നത് ഇന്ത്യയാണ് . വിഭജനം നടന്നത് പിന്നെയാണ് . മുൾട്ടാൻ ഇപ്പോൾ പാകിസ്ഥാനിലാണെങ്കിലും , ഈ ചരിത്രം ഇന്ത്യയുടേത്കൂടിയാണ് . ഈ ചിന്തകൾ , ഈ ചരിത്രത്തിന് മേലുള്ള എന്റെകൂടെ  അവകാശം  മാനസികമായി  സ്ഥാപിച്ചെടുത്തു .  ബാക്കുവിലെ പുരാതനമായ ഈ നഗരത്തിൽ അത്രയും പുരാതനമായ ഒരു ബന്ധത്തിന്റെ സ്മാരകം ,   ഒരു മാറ്റത്തിനും ഇടം കൊടുക്കാതെ മറ്റൊരു രാജ്യം അതേ  പേരിൽ സംരക്ഷിച്ചു നിർത്തപ്പെടുന്നു. ചരിത്രത്തോടും സംസ്കാരത്തോടുമുള്ള ബഹുമാനം കൂടിയാണത് . ഉള്ളിലേക്ക് കയറിയാൽ അധികം വിശാലതയൊന്നുമില്ലാത്ത ഒരു ഇടത്താവളം പോലെ. ഇപ്പോഴത് സഞ്ചാരികൾക്ക് കാണാനായി മാത്രമുള്ള ഒരു സ്മാരകം മാത്രമാണ് . വൈകുന്നേരങ്ങളിൽ ചിലപ്പോൾ ചായ കിട്ടാറുണ്ട് എന്നറിഞ്ഞു .  സമയം അനുവദിക്കുമായിരുന്നെങ്കിൽ , ഒരു വൈകുന്നേരം ഇവിടെ വന്നിരുന്ന് ഞാനൊരു ചായ കുടിച്ചേനേ  .  പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ഇന്ത്യൻ കച്ചവടക്കാരന്റെ  വേഷം മനസ്സിലണിഞ്ഞ്  ഓരോ തുള്ളി ചായയിലൂടെയും പഴയൊരു കാലത്തിന്റെ രുചി ഞാൻ ആസ്വദിച്ചേനെ . 

യാനാർ ദാഗിലേക്ക് 
യനാർ ദാഗിലേക്കുള്ള യാത്രയിൽ ഗ്രാമങ്ങളുടെ ഭംഗിയും അറിയാം . നഗരത്തിന്റെ പകിട്ടിൽ ആകൃഷ്ടമാവാത്ത ഗ്രാമങ്ങൾ . വഴിയരികിലെല്ലാം പൂക്കൾ വിൽക്കുന്നവരെ കാണാം. തൊണ്ണൂറ് ശതമാനത്തിലധികവും മുസ്‌ലിംങ്ങളുള്ള രാജ്യമാണ് അസർ ബയ്ജാൻ . ഖാർസ്ഥാനുകളിലെ മീസാൻ കല്ലുകളിൽ മരിച്ചവരുടെ രൂപവും കൊത്തിവെച്ചിട്ടുണ്ട് . പൂക്കൾ അർപ്പിക്കുവരേയും കാണാം . റഷ്യൻ സ്വാധീനമാണ് ഇതിന് പിറകിലെന്ന് എൽച്ചിൻ എന്ന ഗൈഡ് പറഞ്ഞു . ഔദ്യോഗികമായി ഒരു മതവും പ്രഖ്യാപിക്കാത്ത , പൂർണ്ണമായും സെക്കുലറായ ഒരു രാജ്യമാണ്  അസർബയ്ജാൻ . 

യനാർദാഗ് എന്നാൽ കത്തുന്ന പർവ്വതം എന്നാണർത്ഥം . കൃത്രിമമായ ഒരു സംവിധാനവും ഇല്ലാതെ പ്രകൃതിയിൽ നിന്നും മാത്രം വരുന്ന വാതകത്താല്‍ അടിഭാഗം കത്തികൊണ്ടേയിരിക്കുന്നു . 1950  ൽ ഒരു ആട്ടിടയൻ അറിയാതെ തീ കൊളുത്തിയപ്പോഴാണ് ഇത് കണ്ടുപിടിക്കപ്പെട്ടത് എന്ന് പറയുന്നു . മേൽ ഭാഗത്ത് മഡ് വോൾക്കാനോ എന്ന് വിളിക്കുന്ന ചളി തെറിപ്പിക്കുന്ന അഗ്നിപർവ്വതങ്ങൾ . താഴെ കെടാതെ കത്തുന്ന യനാർ ദാഗ്.. ബാക്കുവിലെ തണുപ്പിൽ  അവിടെ നിൽക്കുന്നത്  ആശ്വാസകരമായി തോന്നി. 



ബേഷ് ബർമാഗ് പർവ്വതങ്ങളിലൂടെ

കിഴക്കൻ ഭാഗത്തുള്ള സിയാസൻ ജില്ലയിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ . അവിടെയാണ് ബേഷ് ബർമാഗ് പർവ്വതങ്ങൾ . അസർബയ്ജാനിലേക്ക് തിരിക്കുമ്പോൾ തന്നെ നോക്കി വെച്ചത് മഞ്ഞുമലകൾ എവിടെ ആയിരിക്കുമെന്നാണ് . നിറയെ മഞ്ഞുവീണുകിടക്കുന്ന മലക്ക് മുകളിലേക്ക് പോവാൻ ഞങ്ങളുടെ സാരഥി അലിയുടെ ബെൻസ് വാനിനും കഴിഞ്ഞില്ല . റഷ്യൻ നിർമിതമായ ചെറിയൊരു പഴയ ഫോർ വീൽ കാറിനേ മുകളിലേക്ക് പോവാൻ സാധിക്കൂ. പേരിന് കാറെന്നു പറയുമെങ്കിലും മൂന്നു പേർക്ക് മാത്രം യാത്ര ചെയ്യാൻ പറ്റുന്ന ആ വാഹനം മഞ്ഞുപാളികൾക്കിടയിലൂടെ കുതിച്ചു പായുന്നത് അത്ഭുതമുണ്ടാക്കുന്ന ഒന്നാണ് . മലയുടെ അടിവാരത്ത് മഞ്ഞിൽ ചവിട്ടി നടക്കുന്ന കുതിരകളും പക്ഷികളും എവിടെയോ കണ്ടു മറന്ന ഒരു ചിത്രം പോലെ അനുഭവപ്പെട്ടു . പിന്നെ അതിനെ വിട്ട് വീണ്ടും മുകളിലേക്ക്.  താഴേനിന്നേ കാണാം ഒരു മുസ്ലിം പള്ളിയുടെ ചെറിയ മിനാരങ്ങൾ. അവ മുകളിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു . അതൊരു പ്രലോഭനം പോലെ ഉയരങ്ങൾ കീഴടക്കാൻ തുടങ്ങി.  മുകളിലെ കാഴ്ചകൾ അതിമനോഹരമാണ് .  നിലത്ത് ഉറച്ച് നിന്നില്ലെങ്കിൽ കാറ്റിന്റെ ശക്തിയിൽ ഇടറി വീഴും . ഒരു വശത്ത് കാസ്പിയൻ കടൽ. മറുവശത്ത് മഞ്ഞു മലകൾ, അതിമനോഹരമാണിവിടം. മഞ്ഞുരുകി വെള്ളം കാസ്പിയൻ കടലിലേക്ക് ഒഴുകുന്നത് മൂലം വെള്ളത്തിന്റെ അളവിലും മാറ്റമുണ്ടാകുന്നുണ്ട് എന്ന് ഒരു വായനയിൽ മനസ്സിലായി . കാസ്പിയൻ കടൽ എന്ന് വിളിക്കുന്നുണ്ടെങ്കിലും അതൊരു കടലല്ല . 38000  സ്ക്വയർ കിലോമീറ്റർ വലിപ്പമുള്ള ഒരു തടാകമാണിത് . കാറ്റിന് ശക്തി കൂടി വരുന്നു . നിൽക്കുന്നത് കൂടുതൽ അപകടമാവുമെന്ന മുന്നറിയിപ്പ്. മറ്റൊരു മനുഷ്യസാമീപ്യം പോലും കാണാത്ത ഈ മലമുകളില്‍ അടഞ്ഞു കിടക്കുന്ന പള്ളിയുടെ പടവുകളിലിരുന്ന് ഒരിക്കൽ കൂടെ ഈ കാഴ്ചകളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിച്ചു . പിന്നെ ഒരു കൊച്ചു കുട്ടിയെ പോലെ മഞ്ഞിലൂടെ ഉരുണ്ട് താഴ്വാരത്തേക്ക് .


മഞ്ഞുയുഗവും  താണ്ടി   പഴയ വണ്ടിയിൽ വീണ്ടും   കൊച്ചു ഗ്രാമത്തിലെത്തി. വിശപ്പ് അതിന്റെ ഭീകരാവസ്ഥ കാണിച്ചു  തുടങ്ങിയിരുന്നു. വഴിയരികിൽ കബാബും ചപ്പാത്തിയും വിൽക്കുന്ന ഒരു ചെറിയ തട്ടുകട . ഈ ചപ്പാത്തിയും കബാബുമാണ് കഴിച്ചതിൽ ഏറ്റവും രുചികരമായ ഭക്ഷണം എന്ന് തോന്നി  . ചപ്പാത്തിയും കബാബും ചവച്ച് ഞാനാ  മലമുകളിലേക്ക് നോക്കി നിന്നു . മഞ്ഞിൽ പൊതിഞ്ഞ ബേഷ് ബർമാഗ് പർവ്വതങ്ങൾ . മഞ്ഞുയുഗത്തിലൂടെ ഐസ് ഏജ് സിനിമയിലെ മന്നിയും സിഡും സ്ക്രാട്ടും ഡീഗോയും എല്ലിയുമെല്ലാം  വരിവരിയായി നടന്നുപോകുന്നത് പോലെ .  ആ ഓർമ്മകൾ കാസ്പിയൻ കടലും പർവ്വതങ്ങളും കടന്ന് ദുബായിയിൽ  എന്നെ കാത്തിരിക്കുന്ന കുട്ടികളിൽ  ചെന്നെത്തി . അവർക്കായി മഞ്ഞുവാരി ഞാനുണ്ടാക്കിയ ഒലാഫ് എന്ന കാർട്ടൂൺ കഥാപാത്രം ഇപ്പോഴും ആ മഞ്ഞുമലകളിൽ എന്റെ സ്നേഹത്തിൽ ഉരുകാതെ ഓടിക്കളിക്കുന്നുണ്ടാവും!



(മാധ്യമം വാരാന്തപ്പതിപ്പ് " സഞ്ചാരപഥങ്ങൾ " എന്ന സ്‌പെഷ്യൽ എഡിഷനിൽ പ്രസിദ്ധീകരിച്ചത്)