
ഓല മേഞ്ഞ കുടിലിന്റെ ജാലകങ്ങല്‍ക്കരികിലിരുന്ന് പരന്ന് കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കിയിരിക്കണം. കോടമഞ്ഞ് മാഞ്ഞുപോവാത്ത ഒരു പുലരിയില്‍. നീ എന്നോട് പങ്കുവെച്ച ആദ്യത്തെ സ്വപ്നമിതായിരുന്നു. കേട്ട് കേട്ട് ആ സ്വപ്നത്തെ ഞാനുമേറെ ഇഷ്ടപ്പെട്ടുപ്പോയി. നിന്നോളമോപ്പം. പിന്നൊരിക്കല്‍ നീ പറഞ്ഞു ,മഴ പെയ്യുന്നൊരു സായം സന്ധ്യയില്‍ നഗരത്തിന്റെ തിരക്കിലൂടെ ഓട്ടോറിക്ഷയില്‍ സവാരി പോവണമെന്ന്. കോഫീ ഹൗസിന്റെ ഇരുണ്ട മൂലയിലിരുന്ന് ചൂടുള്ള കോഫി ഊതികുടിക്കുക എന്ന മറ്റൊരു ആഗ്രഹവും. എളുപ്പം സാധിക്കാവുന്നതായിട്ടും ഞാനത് മാറ്റിവെച്ചത് നഷ്ടസ്വപ്നങ്ങളുടെ കണക്കിലേക്ക് എഴുതി ചേര്‍ത്ത് നൊമ്പരപ്പെടാനായിരുന്നോ..?.
മഞ്ചാടികുരുക്കള്‍ പെറുക്കി കൂട്ടുന്നത് പോലെ നീ ഒരുക്കൂട്ടി വെച്ച സ്വപ്നങ്ങളില്‍ നടക്കാതെ പോയത് നമ്മളൊന്നാവണം എന്ന വലിയ സ്വപ്നം കൂടിയാണ്. . മരുന്ന് മണക്കുന്ന ആശുപത്രിയുടെ ഇടനാഴികകളിലൂടെ തീയേറ്ററിനകത്തേക്ക് ഒഴുകിനീങ്ങുമ്പോഴും നിന്റെ കണ്ണുകളില്‍ കണ്ടത് സ്വപ്നസാഫല്യം തേടുന്നൊരു പ്രണയിനിയെ ആയിരുന്നു. പിന്നെ ആ വാതില്‍ തുറക്കുമ്പോള്‍ കേട്ടത് പളുങ്ക് പാത്രം വീണുടഞ്ഞു മഞ്ചാടികുരുക്കള്‍ ചിതറിയോടുന്നതിന്റെ ശബ്ദമായിരുന്നു.
ചാംകൌര്‍ സിംഗിന്റെ ഗോതമ്പ് പാടങ്ങള്‍ പൂക്കാന്‍ ഒരുങ്ങി നിക്കുന്നു. പാടത്തിനരികെ ഒറ്റ മുറിയുള്ള വൈക്കോല്‍ മേഞ്ഞൊരു കുടിലുണ്ട്. നിന്റെ സ്വപ്നത്തിലെ അതേ വീട്. പന്തലിട്ട പോലെ കോടമഞ്ഞും . പഞ്ചാബിലെക്കുള്ള ഈ യാത്ര യാദൃശ്ചികമായിരുന്നില്ല. സഹപ്രവര്‍ത്തകനായി എത്തിയ സുഹൃത്ത് ഒരു നിമിത്തം മാത്രം. അച്ഛന്റെ ഗോതമ്പ് പാടങ്ങളെ കുറിച്ച് അവന്‍ പറഞ്ഞപ്പോഴേ ഇങ്ങിനെ ഒരു യാത്ര മനസ്സില്‍ കുറിച്ചിട്ടതായിരുന്നു. മഞ്ഞു പെയ്യുന്ന പുലരിയില്‍. ജാലകം തുറന്നു അരിച്ചെത്തുന്ന തണുപ്പ് വക വെക്കാതെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ നീ പങ്കു വെച്ച നഷ്ട സ്വപ്നങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ.
"എത്ര നാളായി കാണാന്‍ കൊതിക്കുന്ന കാഴ്ചയാണിത് ". പിന്നില്‍ വന്നു അവള്‍ ചെവിയില്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞെട്ടിത്തരിച്ച് തിരിഞ്ഞു നോക്കിയ എന്റെ കണ്ണിലെ ബാഷ്പകണങ്ങള്‍ അവള്‍ കണ്ടുവോ..? ഈ മേഘങ്ങള്‍ക്കിടയിലൂടെ പറന്ന് വന്ന് നീ അവളിലൂടെ പറഞ്ഞതാവണം ഈ വാക്കുകള്‍.. വിവാഹ ജീവിതത്തിന്റെ പിന്നിട്ട ദിനങ്ങളിലോന്നും ഇതുപോലൊരു സ്വപ്നം അവള്‍ എന്നോട് പറഞ്ഞിട്ടില്ല. ഇങ്ങിനെ ഒരു തിളക്കം ആ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടും ഇല്ല. അതിനവസരം നല്‍കിയില്ല എന്നുപറയുന്നതാവും ശരി. പക്ഷെ അവളുടെ ഈ വാക്കുകള്‍ എന്നെ കീഴ്പ്പെടുത്തി. എവിടെയൊക്കെയോ നിന്റെ സാന്നിധ്യം അവളിലൂടെ അറിയുന്നു . എന്റെ തോന്നലാവാം. അറിയാതെ ഞാനവളെ എന്നോട് ചേര്‍ത്ത് പിടിച്ചു. ആദ്യമായി.