Sunday, December 6, 2020

ഈ രാത്രി പ്രണയം നോൽക്കാനുള്ളതാണ്.

വാൾപ്പാറക്കൊരു നിഗൂഡ സൗന്ദര്യമുണ്ട്. വാരിപുണരുന്നൊരു വന്യഭാവമുണ്ട്. നിലാവുള്ള രാത്രികളിലത്‌ കൂടുതൽ മാദകമായി തോന്നും. ഗസലുകളും ഖവാലികളും ഏറ്റവും ഹൃദ്യമായി അനുഭവപ്പെടുന്നത് ഇത്തരം സമയങ്ങളിലാണ്. എനിക്ക് ഹാറൂൺ ബച്ചയെ കേൾക്കണമെന്ന് തോന്നി. ബാക്കുവിലെ ഒരു പാകിസ്ഥാനി റസ്റ്റോറന്റിൽ നിന്നാണ് ഹാറൂൺ ബച്ചയെ ആദ്യമായി കേൾക്കുന്നത്. അവിടത്തെ ഡിജെ വഖാസ് അലി മൊബൈലിലേക്ക് ബച്ചയുടെ ഏതാനും പാട്ടുകൾ പകർത്തിത്തന്നു. പിന്നെ തേടിപ്പിടിച്ചു കേൾക്കുന്നൊരു ശീലമായി. ബച്ചയുടെ ടപ്പയും ഗസലുകളും പ്ലേലിസ്റ്റുകളിൽ കയറിക്കൂടി. അത്രയും പ്രണയാതുരമാണ് ഹാറൂൺ ബച്ചയുടെ ശബ്ദം. ബാക്കുവിലെ തെരുവുകൾക്കും പ്രണയത്തിന്റെ മണമാണ്. ആ ഹോട്ടൽ നിന്നിരുന്ന തെരുവിലെ രാത്രി ഞാനൊരിക്കലും മറക്കില്ല. അതൊരു പുരാതനമായ തെരുവാണ്. നവംബറിലെ മഞ്ഞുകാലം. റോഡരികിലെ ചിനാർ മരങ്ങളിളെല്ലാം മഞ്ഞുവീണ് പൊതിഞ്ഞിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റിൽ അവയെല്ലാം മഞ്ഞുപൂക്കൾപോലെ തിളങ്ങിനിന്നു. ഹോട്ടലിൽനിന്നുമിറങ്ങി ആ തെരുവിലൂടെ നടക്കുമ്പോൾ ഹാറൂൺ ബച്ചയുടെ പാട്ടുകൾ പിന്തുടർന്നു. ഓരോ കാൽവെപ്പിലും ഒരുകോടി പ്രണങ്ങൾ വന്നെന്നെ പൊതിഞ്ഞു. ബാക്കുവിലെ പുരാതനമായ ആ തെരുവിലെ രാത്രി എന്നെ കൂടുതൽ ഉന്മാദിയാക്കി. മങ്ങിയ വെളിച്ചം നിറഞ്ഞ അപ്പാർട്ടുമെന്റുകളിലെ നിഴലുകളിൽ പ്രണയം മറഞ്ഞിരിക്കുന്നപോലെ തോന്നി. ഹാറൂൺ ബച്ചയെ കേൾക്കുമ്പോഴെല്ലാം ആ തെരുവ് മുന്നിൽ വന്നുനിൽക്കും. അവിടത്തെ മഞ്ഞുപൂക്കളും പ്രണയരാത്രിയും പുനർജ്ജനിക്കും. സംഗീതം അങ്ങനെയാണ്. പ്രിയപ്പെട്ടൊരു പാട്ട് ആദ്യമായി കേൾക്കുന്ന സ്ഥലമാകും പിന്നീട് ആ പാട്ടുകളുടെ സ്വരസ്ഥാനങ്ങൾ. പതിഞ്ഞ താളത്തിൽ ബച്ച പാടുന്നു. ഈ രാത്രി പ്രണയം നോൽക്കാനുള്ളതാണ്.