Thursday, January 27, 2011

ചാലിയാര്‍.. ഞാനറിയുന്നു നിന്റെ വേദനകളെ..!രണ്ട് പുഴകള്‍. ചാലിയാറും ഇരുവഴിഞ്ഞിയും.ഇവ രണ്ടും തലങ്ങും വിലങ്ങും ഒഴുകുന്ന ഒരു ദേശക്കാരനാണ് ഞാൻ എങ്കിലും എനിക്ക് നീന്തല്‍ അറിയില്ല.എന്നാലും ഇവയിലേതെങ്കിലുമൊന്നില്‍ കളിച്ചുമറിയാത്ത ഒരു ദിവസം പോലുമില്ല എന്റെ ബാല്യത്തില്‍... എന്നിട്ടും എന്നോട് പരിഭവം പറഞ്ഞിട്ടില്ല രണ്ട് നദികളും.നീന്തലറിയാത്ത എന്നെ മുക്കികളഞ്ഞതും ഇല്ല. അതന്ന്.

വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരു ബാല്യകാലത്തിന്റെ ഗൃഹാതുര സ്മരണകളില്‍ മുന്നില്‍ നില്‍ക്കുന്ന ചാലിയാര്‍ പുഴയെ കുറിച്ചാണ് ഈ കുറിപ്പ്.ബാല്യത്തിന്റെ ഓരോ ഘട്ടങ്ങളിലും പുഴ പറഞ്ഞുതന്നത് ഓരോ കഥയാണ്‌,ഓരോ അനുഭവങ്ങളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയാറിന്റെ തീരങ്ങളില്‍ ചിലവഴിക്കുന്ന വൈകുന്നേരങ്ങള്‍.ചെറിയ ചെറിയ ഓളങ്ങള്‍ കാലിളിക്കിളി ഇടുകയും ഇളം കാറ്റുകള്‍ കാതില്‍ സംഗീതം മൂളുകയും ചെയ്ത ആ കാലം ഇന്ന് ചാലിയാറിന് തിരിച്ചു തരാന്‍ പറ്റില്ല.കാരണം ദയാവധം കാത്തു നില്‍ക്കുന്ന രോഗിയെ പോലെയാണ് ഇന്നെന്റെ പ്രിയ ചാലിയാര്‍.
സുന്ദരമായ തീരങ്ങള്‍ ഇന്ന് പുഴ തന്നെ തിരിച്ചെടുത്തു.എന്നെ സംരക്ഷിക്കാത്ത നിങ്ങള്‍ക്കും എന്റെ മടിത്തട്ട് ആവിശ്യമില്ല എന്ന വാശിയോടെ.
നീന്തലറിയുന്നവനും അറിയാത്തവനും ഇന്നിവിടെ തുല്യരാണ്.മണല്‍ വാരല്‍ സമ്മാനിച്ച മരണകുഴികള്‍ നിരവധിയാണ്. തോണിയപകടങ്ങളിലും മറ്റും വില്ലനായി വരുന്നത് ഇത്തരം കെണികളാണെന്നത് നമ്മുടെ അനുഭവം. പണ്ട് വേനല്‍ കാലത്ത് പുഴ കുറുകെ കടക്കാന്‍ തോണി വേണ്ടിയിരുന്നില്ല.കണ്ണാടി വെള്ളത്തില്‍ പരല്‍ മീനുകളോടൊക്കെ കിന്നരവും പറഞ്ഞ്‌ പുഴ മുറിച്ച്‌ കടക്കാന്‍ നല്ല രസമായിരുന്നു.ഇന്ന് ബോട്ടില്‍ പോകുമ്പോഴും പേടി ബാക്കി.
പ്രത്യക്ഷത്തില്‍ സുന്ദരിയായി തോന്നുമെങ്കിലും ഒരു വിധവയുടെ വിഷാദമില്ലേ ചാലിയാറിന്? എനിക്കങ്ങിനെ തോന്നിയതല്ല.പുഴ എന്നോട് പറയുകയാണ്‌.."എനിക്ക് വയ്യ കുട്ടീ.നിന്നോടൊത്തു കളിച്ചും നിങ്ങളുടെ താളങ്ങള്‍ക്കൊത്ത് ഒഴുകിയും നടന്ന ആ ബാല്യം എനിക്ക് നഷ്ടപ്പെട്ടു". ഒരു അകാല വാര്‍ധക്യത്തിന്റെ ദൈന്യത.
നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കും മറ്റും മണലിന്റെ ആവിശ്യകത ഒഴിച്ചുകൂടാന്‍ പറ്റാത്തത് തന്നെ. പക്ഷെ മറുവശത്ത് സംഭവിക്കുന്നതോ? നദികള്‍ നഷ്ടപ്പെടുന്നു. അതോടൊപ്പം മനുഷ്യ ജീവനും.പരിഹാരം കാണണം എന്നൊരു പരാതി പുതിയതാവില്ല. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ കുറവുമല്ല.പക്ഷെ കൂട്ടം ചേര്‍ന്നൊരു മുന്നേറ്റം അത്യാവിശ്യമാണ്.അല്ലെങ്കില്‍ നമ്മുടെ നദികളിലൂടെ ഒഴുകുന്ന വെള്ളത്തിന്‌ ഉപ്പുരസമായിരിക്കും.കണ്ണീരിന്റെ.

Saturday, January 22, 2011

പൂക്കാലം കടന്ന് ജബല്‍ ഹഫീതിന് മുകളില്‍.നല്ല സ്വാദുള്ള ഗ്രില്‍ഡ്‌ ചിക്കനും ലബനീസ് റൊട്ടിക്കൊപ്പം ഹമ്മൂസും പിന്നെ നല്ല ചൂടുള്ള സുലൈമാനിയും ഊതിക്കുടിച്ച് ഞാനിപ്പോള്‍ അല്‍ ഐനിലെ ജബല്‍ ഹഫീത് കുന്നിന്റെ മുകളില്‍ ഇരിക്കുകയാണ്. തിരക്കുമാറിയ ഈ സായാഹ്നം അല്‍ ഐനിലാക്കാമെന്നു നിര്‍ദേശിച്ച സുഹൃത്തുക്കളെ ആദ്യം നിരുത്സാഹപ്പെടുത്തിയതില്‍ എനിക്ക് കുറ്റബോധം തോന്നി. കാരണം നനുത്ത കാറ്റും കൊണ്ട് ഈ മുകളിലിരിക്കുമ്പോള്‍ പതിവില്‍ കവിഞ്ഞൊരു സന്തോഷം ഞാന്‍ അനുഭവിക്കുന്നു.

ഇപ്പോള്‍ എന്തെഴുതിയാലും നാട്ടില്‍ ചെന്നേ നില്‍ക്കൂ. ചങ്ങാതിമാര്‍ പറയുന്നു ഇനിയൊന്ന് മാറ്റിപ്പിടിക്കാന്‍ . പക്ഷെ അടിസ്ഥാനപരമായി എഴുത്തുകാരനല്ലാത്ത എനിക്ക് നാടും അതിന്റെ ചുറ്റുവട്ടവും ഒക്കെയെഴുതി മുന്നോട്ട് പോകുകയേ നിവൃത്തിയുള്ളൂ. ഇത് മടുത്തു എന്ന് നിങ്ങള്‍ പ്രിയപ്പെട്ട വാനയക്കാര്‍ പറയുന്നിടം വരെ. ഒരു പക്ഷെ ഈ പോസ്റ്റിന്റെയും വിധി അത് തന്നെയാകാം. എന്നാലും ഒരു വിത്യസ്ഥതക്ക് ഞാന്‍ ശ്രമിക്കാം.

പറഞ്ഞുവന്നത് അല്‍ ഐനെ പറ്റിയാണല്ലോ. തിക്കും തിരക്കുംനിറഞ്ഞ ഗള്‍ഫിലെ പട്ടണങ്ങളില്‍ നിന്നും ഞാന്‍ അല്‍ ഐനെ മാറ്റിനിര്‍ത്തുന്നു. അല്ലെങ്കില്‍ പ്രത്യേകത ആവിശ്യപ്പെടുന്ന ഒരു അന്തരീക്ഷം ഈ നാടിനുണ്ട്. നല്ല മോടിയുള്ള അതോടൊപ്പം ഗ്രാമീണത വിട്ടുപോരാന്‍ മടിക്കുന്ന ഒരു നാട്ടിന്‍ പുറത്തിന്റെ പ്രതീതി. തണുത്ത ഈ രാത്രിയില്‍ ജബല്‍ ഹഫീതിന്റെ മുകളില്‍ ഇരിക്കുമ്പോള്‍ ഞാനത് അറിയുന്നുണ്ട്. നിയോണ്‍ ബള്‍ബുകള്‍ പ്രഭ വിതറി രാവിനെ പകലാക്കി മാറ്റിയെങ്കിലും നിലാവുള്ള രാത്രിയില്‍ ഒരു കസേരയും വലിച്ചിട്ട്‌ വീടിന്റെ മുറ്റത്തിരിക്കുന്ന ഒരു സുഖം എനിക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ മനസ്സുകൊണ്ട് ആ രാത്രികളെ പറ്റി ഒരു താരതമ്യ പഠനം ഞാന്‍ നടത്തി നോക്കി.

പണ്ട് നിലാവുള്ള രാത്രികളില്‍ മുറ്റത്തിരിക്കാന്‍ എന്ത് രസമായിരുന്നു. രാത്രിയില്‍ വിരിയുന്ന മുല്ലപ്പൂക്കളുടെ മാദക ഗന്ധം. ആസ്വദിച്ച് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും നോക്കി എത്ര രാത്രികള്‍ അങ്ങിനെ സ്വപ്നം കണ്ടിരിന്നിട്ടുണ്ട്. ഈ കുന്നിന്റെ മുകളിലെ സമാനമായ ആ രാത്രികളെ തിരിച്ചി വിളിക്കാന്‍ ഞാന്‍ നടത്തിയ ശ്രമം പാഴായി പോകുന്നു. പാല്‍നിലാവിന് പകരം നിയോണ്‍ പ്രകാശങ്ങള്‍. അതുകൊണ്ട് തന്നെ നക്ഷത്രങ്ങള്‍ക്കും ചെറിയൊരു പിണക്കമുള്ളപോലെ.അവരുടെ ശോഭയ്ക്ക് ഈ കൃത്രിമ പ്രകാശങ്ങള്‍ മങ്ങലേല്‍പ്പിക്കുന്നോ എന്ന വിഷമമാകാം.

പൂക്കളുടെ നഗരം എന്നാണ് അല്‍ ഐന്‍ അറിയപ്പെടുന്നത്. നിരവധി വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് ഒരു പൂക്കാലം തന്നെ ഇവിടെ വിരിഞ്ഞിട്ടുണ്ട്. നട്ടുവളര്‍ത്തിയ പ്രകൃതി നല്‍കുന്നത് ഒരു ഗ്രാമീണ അന്തരീക്ഷം. തെങ്ങുകള്‍ക്ക് പകരം സമൃദ്ധമായ ഈത്തപനകള്‍. രാത്രികളും സുന്ദരം. തെങ്ങോലകല്‍ക്കിടയിലൂടെയും ഉളര്‍മാവിന്റെ
കൊമ്പുകള്‍ക്കിടയിലൂടെയും ഒളിച്ചു കളിക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളും ഇവിടെ കാണില്ലായിരിക്കാം. അതൊരു കുറവല്ല. പകരം വെള്ളിവെളിച്ചം നേരെ പതിക്കുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. കാരണം വലിയ കെട്ടിടങ്ങളും മറ്റും ഇല്ലാത്ത സുന്ദരമായ പ്രകൃതിയില്‍ അവ പതിക്കുന്നത് കാണാന്‍ ഭംഗിയുണ്ട്. നാട്ടിലെ ആ നിലാവിന്റെ ഭംഗി. ഞാനിവിടെ ഒരു ഗ്രാമത്തെ കണ്ടു.

ഇതുകൊണ്ടൊക്കെ തന്നെയാണ്, നാടുമായി ഈ നഗരം ഏറെ അടുത്ത് നില്‍ക്കുന്നു എന്ന് ഞാന്‍ പറഞ്ഞു വെക്കുന്നത്. ജബല്‍ ഹഫീതിലേക്ക് കയറി വരുന്ന വഴികള്‍ തന്നെ നോക്കൂ. എത്ര സുന്ദരമാണ്. പൂവുകള്‍ വിരിഞ്ഞുനില്‍ക്കുന്ന പാതകളിലൂടെ വന്നു വളവും തിരിവുമുള്ള കയറ്റം കഴിഞ്ഞു ജബല്‍ ഹഫീതിനു മുകില്‍ എത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് ഒരു ചിരി വിരിയും. ഈ പൂക്കളെ പോലെ മനോഹരമായ ഒരു പുഞ്ചിരി.

ഞാന്‍ ഉദ്ദേശിച്ചത് ഒരു യാത്ര വിവരണമല്ല. നിങ്ങളടുത്തറിയുന്ന ഈ നാടിനെ പറ്റി അതിന്റെ ആവിശ്യവും ഇല്ല. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈന്തപന തോട്ടങ്ങള്‍ തഴുകി വരുന്ന കുളിര്‍ക്കാറ്റും കൊണ്ട് ജബല്‍ ഹഫീത് കുന്നില്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സ് ചെന്നെത്തിയിടം വരെ. അത് ഞാനിവിടെ കുറിച്ചു. അത്രമാത്രം.

(ഫോട്ടോ ഗൂഗിളില്‍ നിന്ന്)

Sunday, January 2, 2011

ഓര്‍മ്മകളുടെ കളിമുറ്റത്ത്.

മടുത്തു . എനിക്കൊന്നു ചുറ്റിക്കറങ്ങിയേ പറ്റൂ. ബെന്‍സും ലാന്‍ഡ് ക്രൂയിസറും ചീറിപായുന്ന ഇവിടത്തെ നിരത്തുകളിലൂടെയല്ല, കോണ്‍ക്രീറ്റ് സൗധങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിലൂടെയും അല്ല. പകരം ശുദ്ധവായു ശ്വസിച്ച്, മരത്തണലില്‍ ഇരുന്ന്, പുഴയില്‍ കുളിച്ച്, ഞാന്‍ വളര്‍ന്ന നാട്ടിലൂടെ.... എന്താ ചെയ്യാ?. വെക്കേഷന് ഇനിയും കാത്തിരിക്കണം ആറ് മാസത്തോളം. കാലത്തെഴുന്നേറ്റ് ഉടയാത്ത വസ്ത്രങ്ങളും ധരിച്ച് ഒരു സുലൈമാനിയില്‍ തുടങ്ങി യാന്ത്രികമായി നീങ്ങുന്ന വിരസമായ ദിവസങ്ങള്‍ക്ക് ചെറിയൊരു ഇടവേള. പകരം കാലത്ത് ഇത്തിരി വൈകി എഴുന്നേറ്റ്, ആ കാരണത്താല്‍ തന്നെ തണുത്തുപോയ ദോശയും കഴിച്ച് ഒരു ലുങ്കിയും മാടിക്കുത്തി ഞാന്‍ ഇറങ്ങുകയാണ് നാട്യങ്ങളില്ലാത്ത എന്റെ നാട്ടിലേക്ക് . ശരീരത്തെ ഇവിടെ കുടിയിരുത്തി ഞാന്‍ പറക്കുകയാണ് എന്റെ ചെറുവാടിയിലേക്ക്....നിങ്ങളെയും കൂട്ട് വിളിക്കുകയാണ്‌ ആ ഓര്‍മ്മകളിലേക്ക്...

ചെമ്മണ്ണിട്ട ഈ റോഡിലൂടെ നടന്ന് ഈ ഇടവഴി തിരിഞ്ഞ് കുറച്ചു ദൂരം നടന്നാല്‍ വയലായി. വയലിനിടയിലെ വീതികുറഞ്ഞ നടവരമ്പിലൂടെ നടന്ന് ഞാനിപ്പോള്‍ ആ പഴയ തോടിന്റെ വക്കത്ത് ഇരിക്കാണ്‌. മൊബൈലും ഇന്റര്‍ നെറ്റും ഓഫീസ് ജാടകലുമില്ലാതെ ഈ ഗ്രാമത്തിന്റെ ലാളിത്യം ഏറ്റുവാങ്ങി.

വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ കാണാം ആ പഴയ മദ്രസ്സ.
ആ മദ്രസ വരാന്തയിൽ എണ്ണയിട്ടുഴുഞ്ഞ ചൂരലുമായി അബുമുസ്ലിയാർ നിൽക്കുന്നുണ്ടോ എന്ന് അറിയാതെ തോന്നി പോയി. സുബഹി നിസ്കരിക്കാത്തതിന്, യാസീന്‍ കാണാതെ പഠിക്കാത്തതിന് , പതിവ് പോലെ നേരം വൈകി എത്തുന്നതിനു തുടങ്ങി ആ ചൂരലും ഞാനുമായുണ്ടായിരുന്ന ബന്ധം അഭേദ്യമായിരുന്നു.
പക്ഷെ ഗുരുനാഥന്‍ എന്നൊരു പേരു കേൾക്കുമ്പോൾ തന്നെ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖവും അബു മുസ്ലിയാരുടെതാണ്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ രോഗബാധിതനായി കിടക്കുന്ന ഉസ്താദിനെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അനുസരണ ഒട്ടും ഇല്ലാതിരുന്ന ആ പഴയ വികൃതി പയ്യന്റെ മുഖം ഒട്ടും പരിഭവം ഇല്ലാതെ അതില്‍ കൂടുതല്‍ സന്തോഷത്തോടെ ഇപ്പോഴും ആ മനസ്സിലുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞു. സ്നേഹത്തിന്റെയും ആദരവിന്റെയും പാഠങ്ങള്‍ ഒരിക്കല്‍ കൂടി എന്നെ നിശബ്ദമായി പഠിപ്പിക്കുകായിരുന്നു ഉസ്താദ് . പരസ്പരം പൊരുത്തപ്പെട്ടു ഞാന്‍ ആ വീടിറങ്ങി. സര്‍വ്വശക്തന്‍ എന്റെ പ്രിയപ്പെട്ട ഉസ്താദിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെ.

മദ്രസ്സ കഴിഞ്ഞാല്‍ ഉടനെ തന്നെ എന്റെ പഴയ സ്കൂളും കാണാം. ചുള്ളിക്കാപറമ്പിലെ ആ എല്‍. പി സ്കൂള്‍. സ്ലെയിറ്റും പുസ്തകവുമായി വള്ളി ട്രൌസറുമിട്ട് ഓടികിതച്ചു ക്ലാസിലെത്തുന്ന ആ പഴയ കുട്ടിയാകും ഞാനീ സ്കൂളിന്റെ മുറ്റത്തെത്തിയാൽ. വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല ഈ കലാലയത്തിന്റെ മുഖത്തിന്‌. സ്കൂളിലേക്ക് കയറുന്ന കല്‍പടവിന് പോലും തേയ്മാനം പറ്റിയിട്ടില്ലെങ്കില്‍ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. സ്കൂളിലെ ഉപ്പുമാവ് പുരയുടെ ചൂട് എന്റെ ഓര്‍മ്മകള്‍ക്കും ഉണ്ട്. എത്രയെത്ര അധ്യാപകര്‍. സീതി മാഷും തങ്കമണി ടീച്ചറും ഓമന ടീച്ചറും തുടങ്ങി ഞാനെത്രയോ തവണ കാണാന്‍ കൊതിച്ച മുഖങ്ങള്‍ എല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. പലരും വെറും ഓര്‍മ്മകള്‍ മാത്രമാകുകയും ചെയ്തു.

സ്കൂളിന്റെ മുറ്റം തന്നെയായിരുന്നു ഞങ്ങളുടെ കളിമുറ്റവും. ഇപ്പോഴും വൈകുന്നേരങ്ങളില്‍ അങ്ങാടിയിലേക്ക് ഇറങ്ങുമ്പോള്‍ ആ മുറ്റത്തിരുന്നു ഗോട്ടി കളിക്കുന്ന കുട്ടികൾക്കിടയിൽ ഞാന്‍ തേടാറുണ്ട് , ഉപ്പ വരുന്നോ എന്നും നോക്കി പേടിയോടെ ഗോട്ടി കളിക്കുന്ന ഒരു പത്ത് വയസ്സുകാരനെ. കളിയില്‍ തോറ്റ് മുതിര്‍ന്ന കുട്ടികളുടെ ഗോട്ടി കൊണ്ട് കൈമടക്കിന് അടി കിട്ടുമ്പോള്‍ വേദനിച്ച് കരഞ്ഞത് ഇന്നലെയാണോ..?

"എന്നേ കുട്ട്യേ ജ്ജി വന്നത് .... ഞാന്‍ അറിഞ്ഞീലല്ലോ ... പള്ളീല് കണ്ടതും ല്ല്യ".
ആരാണെന്നറിയോ ഇത്. ആലികുട്ടി കാക്കയാണ്. വീടിന്റെ മുമ്പിലിരുന്നാല്‍ വെള്ള മുണ്ടും വെള്ള കുപ്പായവും വെള്ള താടിയും വെള്ള തലേക്കെട്ടുമായി ആലികുട്ടി കാക്ക സ്പീഡില്‍ പോകുന്നത് കണ്ടാല്‍ മനസ്സിലാക്കാം ബാങ്ക് വിളിക്കാന്‍ സമയമായെന്ന്. പക്ഷെ ആ ചോദ്യം എനിക്ക് തോന്നിയതാണ്. കാരണം സ്ഥിരമായി കേട്ടിരുന്ന ആ ചോദ്യം ചോദിക്കാന്‍ ആലികുട്ടികാക്ക ഇപ്പോഴില്ല. ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ ഇടതരാതെ അദ്ദേഹവും ഓര്‍മ്മയില്‍ മറഞ്ഞു.
എങ്കിലും അദ്ദേഹത്തിന്റെ ആ ചോദ്യം ഓര്‍മ്മകളിലെങ്കിലും കേള്‍ക്കാതെ എനിക്കീ കുറിപ്പ് നിര്‍ത്താന്‍ പറ്റില്ല. ഇങ്ങിനെ കുറെ നല്ല മനുഷ്യര്‍ ഉണ്ട് ഞങ്ങളുടെ നാട്ടില്‍. വര്‍ഷത്തിലൊരിക്കല്‍ അഥിതികളായി നാട്ടിലെത്തുന്ന എന്നെയൊക്കെ ഇവരോര്‍ക്കുന്നത് ഉപ്പയോടുള്ള സ്നേഹം കൊണ്ട് കൂടിയായിരിക്കണം.
നാട്ടിലൊന്നു പോകണം എന്ന് തോന്നിയപ്പോള്‍ എന്തൊക്കെയോ എഴുതി പോയതാണ്. കുറെ പഴംകഥകള്‍ പറഞ്ഞു നിങ്ങളെ മുഷിപ്പിച്ചോ. അങ്ങിനെയെങ്കില്‍ ദയവായി ക്ഷമിക്കുക. ഇതെഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നുന്ന സന്തോഷത്തെയോർത്തെങ്കിലും, എഴുത്തിനെ അല്ല , എഴുതിയ കാര്യങ്ങളെ ഓര്‍ത്ത്‌.