ബൂലോകത്തും ഒരു പുതുവര്‍ഷം പിറക്കുകയല്ലേ... എല്ലാവരും പുതുവർഷത്തെ വരവേൽക്കുന്ന തിരക്കിലാകും.എനിക്കും ഇതൊരു സന്തോഷത്തിന്‍റെ നിമിഷമാണ്. ബ്ലോഗ്ഗിങ്ങില്‍ സജീവമായതിന്(?) ശേഷം ആദ്യമെത്തുന്ന പുതുവര്‍ഷ പുലരി. അപ്പോള്‍ ഈ പോസ്റ്റ് ബൂലോകത്തെ കുറിച്ചാകുമ്പോള്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതട്ടെ.
സുഹൃത്തുക്കളെ സമ്പാദിക്കുന്നതില്‍ ഞാൻ പിശുക്കനും, അത് നഷ്ടപ്പെടുത്തുന്നതില്‍ ആർഭാഡനുമാണെന്നാണ് എന്നെ പറ്റി എനിക്കു തോന്നിയിട്ടുള്ളത്. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലെ എന്‍റെ അലസത ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ചോദ്യത്തിന് ഇന്നുവരെ ഉത്തരം കണ്ടെത്താൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷെ മനപൂര്‍വ്വമല്ല എന്നത് സത്യം. തേടിയെത്തുന്ന ക്ഷേമാന്യോഷണങ്ങള്‍ക്ക് ചെവികൊടുക്കാതെ പോകുന്നത്, മെയിലുകള്‍ക്ക് മറുപടി അയക്കാത്തത്, ഇതെല്ലാം പലരെയും തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ അതിന്‍റെ ഉത്തരവാദി എന്‍റെ അലസത തന്നെയാണ്. പക്ഷെ എന്നിലുള്ള ഈ ദുശ്ശീലം അടുത്തറിഞ്ഞ് എന്നെ മനസ്സിലാക്കാൻ കഴിയുന്ന ചില സുഹൃത്തക്കളങ്കിലും എനിക്കുണ്ട് എന്നത് എന്‍റെ ഭാഗ്യം തന്നെയാണ്. അതുകൊണ്ട് തന്നെ അവർ ഇപ്പോഴും എന്‍റെ കൂടെയുണ്ട്.
പക്ഷെ ഇപ്പോഴതല്ല കാര്യം. ബ്ലോഗിങ്ങ് എന്ന ലോകത്തേക്ക് കയറാന്‍ ഞാന്‍ കീബോര്‍ഡില്‍ കയ്യമര്‍ത്തിയതുമുതല്‍ സൗഹൃദത്തിന്‍റെ പുതിയൊരു ലോകമാണ് എന്‍റെ മുമ്പില്‍ തുറന്നത്. ഇവിടെ കാണുന്ന സ്നേഹവും സന്തോഷവും പുതിയൊരു നിര്‍വചനം തന്നു. തമ്മില്‍ കാണുമ്പോള്‍ ഒരു ഷേക്ക് ഹാന്‍ഡില്‍ തുടങ്ങി ഒരു കെട്ടിപിടുത്തത്തില്‍ ഒതുങ്ങി ബൈ പറയുന്ന ലൈവ് ഫ്രണ്ട്ഷിപ്പിനേക്കാള്‍ ആഴത്തില്‍ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ എന്നെ കീഴടക്കുന്നു. പരസ്പരം ഇഷ്ടപ്പെടുന്ന ഒരുപാടുപേര്‍. പലരുമായും സംസാരിക്കാന്‍ അല്ലെങ്കില്‍ ചാറ്റ് ചെയ്യാന്‍ പറ്റിയില്ലായിരിക്കാം. പക്ഷെ ഒരു ഹായ് പറഞ്ഞാല്‍ ഏത് തിരക്കിനിടയിലും ഓടിയെത്തുന്ന ദൂരത്തു അവരുണ്ട് എന്നെനിക്കുറപ്പുണ്ട്. ഇതിന്‍റെ വ്യാപ്തി അറിയുന്നവര്‍ തന്നെയാവും നിങ്ങളെല്ലാവരും. ബൂലോകത്ത് ഞാനാര് എന്ന ചോദ്യത്തിന് എന്‍റെ ആദ്യത്തെയും അവസാനത്തെയും ഉത്തരം സമ്പന്നമായ ഒരുപാട് സൗഹൃദത്തിന്‍റെ ഉടമ എന്നാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് എങ്ങിനെ ഇവിടെയെത്തിപ്പെട്ടു എന്നത്. അല്ലെങ്കില്‍ ഏത് സുകൃതം നിറഞ്ഞ കൈകളാണ് എന്നെ ഇവിടെയെത്തിച്ചത് എന്ന്. തീര്‍ച്ചയായും വായനയോടുള്ള താല്പര്യം തന്നെയാകണം. ഒരു എഴുത്തുക്കാരന്‍ എന്ന രീതിയില്‍ ഞാന്‍ വളര്‍ന്നിട്ടില്ല. ഞാഴുതുന്നത് ഇഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സന്തോഷിക്കാറുണ്ട്. അഭിപ്രായങ്ങളില്‍ നിങ്ങളെനിക്ക് സന്തോഷത്തിന്‍റെ പൂക്കാലം തരാറുണ്ട്. അതില്‍ നിന്നും ഒരു റോസാപൂവെടുത്ത് അതിന്‍റെ മുള്ളുകൊണ്ട് എന്നെ വിമര്‍ശിക്കാറുമുണ്ട്. രണ്ടും എനിക്ക് പ്രോത്സാഹനമാണ്. അതിന്‍റെ സന്തോഷവും ആഹ്ലാദവും ഞാന്‍ മറച്ചുവെക്കുന്നില്ല. എന്നെ വായിക്കുന്നവര്‍, അഭിപ്രായം പറയുന്നവര്‍, വായിച്ചു പോകുന്നവര്‍, വിമര്‍ശിക്കുന്നവര്‍, എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കട്ടെ. ഒപ്പം കമ്മന്റുകളിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു.
ഇതൊക്കെയാണേലും വായന തന്നെയാണ് ഈ ബൂലോകത്തിന്‍റെ ബൗണ്ടറിയില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. സമയകുറവു കാരണം എല്ലാം വായിച്ചെടുക്കാന്‍ പറ്റാറില്ല. വായിക്കുന്നതിലെല്ലാം അഭിപ്രായം പറയാനും. പക്ഷെ എല്ലായിടത്തും ഞാന്‍ എത്തി നോക്കാറുണ്ട്. അതെനിക്ക് ഇതുവരെ പിടുത്തം തരാത്ത കവിതകളില്‍ വരെ. മനോഹരമായ കഥകള്‍ വായിച്ചു അതുപോലെ എഴുതാന്‍ പറ്റാത്തതില്‍ അസൂയപ്പെട്ടിട്ടുണ്ട്, കവിതകള്‍ വായിച്ചു മനസ്സിലാവാതെ എന്‍റെ ആസ്വാദന പരിമിതി ഓര്‍ത്ത് ലജ്ജിച്ചിട്ടുണ്ട്, നര്‍മ്മക്കഥകള്‍ വായിച്ചു പരിസരം മറന്നു ചിരിച്ചിട്ടുണ്ട്, യാത്ര വിവരണങ്ങള്‍ വായിച്ച് പല ഗ്രാമങ്ങളിലും പുറം നാടുകളിലും ചുറ്റി കറങ്ങിയിട്ടുണ്ട്, പിന്നെ പാചക വിധികള്‍ വായിച്ച് കെട്ട്യോള്‍ക്ക് സമാധാനം കൊടുക്കാതിരിന്നിട്ടുമുണ്ട്. പല ബ്ലോഗുകളും പോസ്റ്റുകളിലെ മികവും കണ്ടിട്ട് എന്‍റെ ബ്ലോഗ് പൂട്ടി പാസ്സ്‌വേര്‍ഡ് കടലിലെറിഞ്ഞാലോ എന്നും തോന്നിയിട്ടുണ്ട്.
എന്നിട്ടും ഞാന്‍ എഴുതി എന്തൊക്കെയോ. അത് അഹങ്കാരം കൊണ്ടല്ല മറിച്ച് വിമര്‍ശനത്തെ ഉള്‍കൊള്ളാനുള്ള തൊലിക്കട്ടി കൊണ്ടുതന്നെയാണ്. പിന്നെ ബ്ലോഗിങ്ങ് അനുവദിക്കുന്ന വിശാലമായ സ്വാതന്ത്ര്യം. എഴുത്തില്‍ എനിക്ക് പരിമിതികളുണ്ട്. മനസ്സില്‍ വരുന്നത് പേപ്പറിലേക്ക് എന്നതില്‍ കവിഞ്ഞൊരു രചനാ കൗശലം എനിക്കറിയില്ല. അതൊകൊണ്ട് തന്നെ എന്‍റെ തെറ്റുകളെ ചൂണ്ടികാണിക്കുക. അതെന്നോട് ചെയ്യുന്ന നീതിയാണ് എന്ന് ഞാന്‍ കരുതുന്നു.
എഴുത്തിനുപരി ബ്ലോഗിങ്ങ് എനിക്ക് നല്‍കിയത് സ്നേഹവും ആത്മാർഥതയും നിറഞ്ഞ നിങ്ങളേയാണ്.അതുകൊണ്ട് തന്നെ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ഈ ബൂലോകത്ത് നിങ്ങളുടെ പ്രിയ കൂട്ടുകാരനായി ഞാനുണ്ടാവും. ഇന്‍ശാ അല്ലാഹ്.
എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
പ്രാര്‍ത്ഥനകളോടെ
ചെറുവാടി
Wednesday, December 29, 2010
Thursday, December 23, 2010
വിടവാങ്ങിയ പുഞ്ചിരി
ഞാനൊരു രാഷ്ട്രീയക്കാരനല്ല. പക്ഷെ ചൂടും ചൂരുമുള്ള കേരള രാഷ്ട്രീയത്തിന്റെ പന്തലിലേക്ക് എത്തിനോക്കാതിരിക്കാന്‍ ശരാശരി മലയാളിയെപോലെ എനിക്കു പറ്റില്ല. അതിനു കാരണങ്ങള്‍ പലതാകാം.. പക്ഷെ ഇപ്പോള്‍ ഇത് പറയുന്നത് കെ കരുണാകരന്‍ എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍ പടിയിറങ്ങിയപ്പോള്‍ എന്റെ മനസിൽ തോനുന്ന ചില വികാരങ്ങള്‍ പങ്കുവെക്കാന്‍ മാത്രം.
കേരള രാഷ്ട്രീയത്തില്‍ ഒരു ക്ലീന്‍ ഇമേജ് ലീഡര്‍ക്ക് ഉണ്ടായിരുന്നു എന്ന് ഞാന്‍ പറയുന്നില്ല. അതിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഔചിത്യമുള്ള കാര്യവുമല്ല.
പക്ഷെ ഈ വിമര്‍ശനങ്ങളെ മാറ്റിവെച്ചു നോക്കിയാല്‍ ഞാന്‍ അദ്ധേഹത്തെ വളരെ ഇഷ്ടപ്പെടുന്നു. മികച്ചൊരു സംഘാടകനെ, അണികളില്‍ വികാരമാവുന്ന ഒരു നേതാവിനെ, മികച്ച ഭരണാധികാരിയെ പിന്നെ ഒരു പാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പുത്രസ്നേഹം കാണിച്ച പിതാവിനെ.വര്‍ഷങ്ങളോളം കേരള രാഷ്ട്രീയം ചുറ്റികറങ്ങിയത് ഈ അച്ചുതണ്ടിലാണ്. കേരളത്തിന് പുറത്തു ദല്‍ഹി രാഷ്ട്രീയം വരെ ഈ വാക്കുകള്‍ കാതോര്‍ത്ത കാലങ്ങളുണ്ട്.
പ്രതിസന്ധികളില്‍ നിന്നും പിടിച്ചു കയറിയ ഒരു മാതൃക ഉണ്ടതില്‍, കുഞ്ഞു നാളുകളില്‍ മുതല്‍ കാണുന്നത് അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. അദ്ദേഹത്തെ പറ്റി കേൾക്കുന്നതെല്ലാം വീര കഥകളാണ്, പിന്നെ വിവാദങ്ങളിലെ നായകനായി. പക്ഷെ എപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു തന്റെടിയുടെ മുഖം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നത് ആരും നിഷേധിക്കുകയുമില്ല.
എന്നെ തെറ്റിദ്ധരിക്കരുത്. പറഞ്ഞല്ലോ ഞാന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ലെന്നു. പക്ഷെ ചെറുപ്പം മുതല്‍ പല കാരണങ്ങള്‍ കൊണ്ട് ഇഷ്ടപെട്ടൊരു വ്യക്തി. ആ വിയോഗം അറിയുമ്പോള്‍ തോന്നിയൊരു വിഷമം. അതീ കുഞ്ഞു പോസ്റ്റില്‍ ഉള്‍പ്പെടുത്താം എന്ന് തോന്നി. അത്രമാത്രം.

Saturday, December 18, 2010
ചാലിയാറിലെ ഓളങ്ങളിലൂടെ. (ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍)
അഞ്ചു രൂപ കൊടുത്താല്‍ കുഞ്ഞിയുടെ തോണി ഒരു മണിക്കൂറിന് വാടകക്ക് കിട്ടും. പക്ഷെ കാശ് പറയുകയല്ലാതെ കുഞ്ഞി ഇതുവരെ വാടക മേടിച്ചിട്ടും ഇല്ല ഞങ്ങള്‍ കൊടുത്തിട്ടും ഇല്ല. പക്ഷെ ഇന്ന് ഞങ്ങളിറങ്ങുന്നത് ഒരു മണിക്കൂറിനല്ല. തോണിയില്‍ ഒരു യാത്ര. അങ്ങിനെ ലക്ഷ്യം ഒന്നുമില്ല. ചാലിയാറിലൂടെ കുറെ നേരം ഒരു നേരമ്പോക്ക് സവാരി. തോണിയാത്രയാണ് ഇന്നത്തെ തരികിട എന്ന് വീട്ടിലറിയില്ല. പറഞ്ഞാല്‍ കടവിലേക്ക് പോലും വിടില്ല. പിന്നല്ലേ തോണി. കുരുത്തക്കേടിന്‍റെ മൊത്ത കച്ചവടമുള്ള ഞങ്ങള്‍ അഞ്ച് കസിന്‍സ് നടത്തിയ ഒരു ഒരു തോണി യാത്രയും കുറച്ച് അനുഭവങ്ങളും നിങ്ങളുമായി പങ്കുവെക്കാം.
ആദ്യം ചാലിയാറിനെ അടുത്തറിയാം. ഈ പുഴക്കരയിലെ പഞ്ചാരമണലില്‍ കിടന്നു നക്ഷത്രങ്ങളെയും നോക്കി ഞങ്ങള്‍ സുഹൃത്തുക്കള്‍ കത്തിവെച്ചിരിക്കും. ചാലിയാര്‍ എനിക്ക് കളികൂട്ടുകാരനാണ്. സന്തോഷത്തില്‍ കൂടെ ചിരിക്കുന്ന സങ്കടത്തില്‍ കൂടെകരയുന്ന പ്രിയ സുഹൃത്ത്. സംഭവിക്കുമായിരുന്ന ഒരു മഹാദുരന്തത്തില്‍ നിന്നും ഞങ്ങള്‍ ഒരു കുടുംബത്തിലെ ഒരുപാട് കുട്ടികളെ കാത്ത അമ്മപ്പുഴ. നിലാവുള്ള രാത്രിയില്‍ ചാലിയാറിലൂടെ തോണി സവാരി ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അങ്ങിനെ ഒരു രാത്രി സഞ്ചാരത്തില്‍ ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ കെട്ടിയ ബണ്ടിന്‍റെ ചീപ്പ് തുറന്നത് അറിയാതെ ആ ദിശയില്‍ നീങ്ങിയ ഞങ്ങള്‍ രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വിത്യാസം കൊണ്ടാണ്. ചലപില സംസാരിക്കുന്നതിനിടയില്‍ തുറന്ന തടയണക്ക് കാവല്‍ നില്‍ക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഞങ്ങള്‍ കേട്ടില്ല. കളിച്ചു വളര്‍ന്ന പുഴയ്ക്കു തന്നെ ഞങ്ങളുടെ ജീവനെടുക്കാന്‍ മനസ്സ് തോന്നിക്കാണില്ല. അതുമല്ലെങ്കില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥന. അല്ലെങ്കില്‍ വരല്ലേ ..വരല്ലേ ..എന്ന ആ കാവല്‍ക്കാരുടെ ആര്‍പ്പുവിളികള്‍ അവസാന നിമിഷം ഞങ്ങളുടെ കാതില്‍ എത്തില്ലായിരുന്നു. പങ്കായവും കഴുക്കോലും കയ്യും എല്ലാമിട്ട് തോണി തിരിച്ചില്ലായിരുന്നെങ്കില്‍ റയോണ്‍സിന്‍റെ വിഷ ദ്രാവകം ചേര്‍ന്ന് വേദനിക്കുന്ന ചാലിയാറിന് ഞങ്ങള്‍ വേദനിപ്പിക്കുന്ന മറ്റൊരു ഓര്‍മ്മയായേനെ. സര്‍വ്വ ശക്തന്‍ കാത്തു.
ഇന്നിപ്പോള്‍ ഞങ്ങളീ യാത്ര തുടങ്ങുന്നതും ഈ തീരത്ത് നിന്നാണ്. ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ നിന്ന്. ഒരു കാലത്ത് കുറെ കുടുംബങ്ങളുടെ സന്തോഷത്തിന്‍റെ പ്രതീകമായിരുന്നു ഈ കമ്പനി. പരിസരത്തെ പഞ്ചായത്തുകളിലെ സാമ്പത്തിക സന്തുലിതാവസ്ഥ നിയന്ത്രിച്ചിരുന്ന വ്യവസായം . ഇതിന്‍റെ കുഴലുകളിലൂടെ പുക പുറം തള്ളുമ്പോള്‍ അവരുടെ അടുപ്പിലും തീ പുകഞ്ഞു. അതോടൊപ്പം വിഷവായു ശ്വസിച്ചും മലിന ജലം കുടിച്ചും രോഗ ബാധിധരായവരുടെ വിഷമവും ബാക്കിയായി. അതുമൂലമുള്ള സമരവും മറ്റും കമ്പനി പൂട്ടിക്കുന്നതിലും കുറെ പേരുടെ സ്വപ്‌നങ്ങള്‍ കരിയുന്നതിലും മറ്റു ചിലരുടെ സന്തോഷത്തിലും അവസാനിച്ചു. ഇവിടെ നിന്നും യാത്ര തുടങ്ങുമ്പോള്‍ സാന്ദര്‍ഭികമായി ഈ കാര്യങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം.
പുഴക്കരയിലുള്ള ഹാജിക്കയുടെ മക്കാനിയില്‍ നിന്നും തലേ ദിവസമേ പറഞ്ഞുറപ്പിച്ചതാണ് യാത്രക്കുള്ള ഭക്ഷണത്തിന്‍റെ കാര്യം. വാഴയില വാട്ടി അതില്‍ നല്ല നെയ്ച്ചോറും ബീഫ് കറിയും പൊതിഞ്ഞു തന്നു ഹാജിക്ക. ആലിക്കയുടെ കടയില്‍ നിന്ന് കൊറിക്കാനുള്ളതും വാങ്ങി. പിന്നെയും ഉണ്ട് ഒരുക്കങ്ങള്‍. വീട്ടിലറിയാതെ കടത്തിയ പുല്‍പായയും തലയിണയും. രണ്ടു മൂന്ന് ചൂണ്ട, പിന്നെ എനിക്കിഷ്ടപ്പെട്ട കുറച്ച് പുസ്തകങ്ങളും. ഒന്നൂടെ വാങ്ങി. പണിക്കാരനെ വിട്ട് ഒരു പാക്കറ്റ് സിഗരറ്റ്. ആരും വലിക്കുന്നവരല്ല. പക്ഷെ ഈ യാത്രയില്‍ അത് ട്രൈ ചെയ്യണം എന്ന സാരോപദേശം നല്‍കിയത് ഞാനാണോ എന്നെനിക്ക് ഓര്‍മ്മയില്ല. പക്ഷെ ചുമച്ചും കണ്ണീന്നും മൂക്കീന്നും വെള്ളം വന്നും ആ പാക്കറ്റ് തീര്‍ത്തത് എനിക്കോര്‍മ്മയുണ്ട്.
അങ്ങിനെ ഞങ്ങള്‍ തോണിയിറക്കി. പ്രായത്തിലും കുരുത്തക്കേടിലും മൂപ്പ് എനിക്കായതുകൊണ്ട് അമരത്തും ഞാനാണ്. അതല്ലേ നാട്ടുനടപ്പ്. ഇരു കരകളിലെയും പ്രകൃതി ഭംഗി ആസ്വദിച്ച്, ചാലിയാറിന്‍റെ ഓളപരപ്പിലൂടെ ഞങ്ങള്‍ തുഴഞ്ഞു നീങ്ങി. സ്വപ്നം പോലൊരു യാത്ര. കുറച്ചു ദൂരം പോയപ്പോഴേക്കും കൈ കുഴഞ്ഞ് അമരക്കാരന്‍റെ സ്ഥാനം ഞാന്‍ രാജിവെച്ചു. ഈ സീറ്റിനായി നല്ല കസേര കളിതന്നെയുണ്ട്. പക്ഷെ എന്‍റെ ഉദ്ദേശം വേറെയാണ്. ചൂണ്ടയിടണോ അതോ നോവല്‍ വായിക്കണോ എന്ന ഡിലേമ്മയില്‍ ആണ് ഞാനിപ്പോള്‍. രണ്ടും കൂടെ ഒന്നിച്ചു നടക്കും. പക്ഷെ ഞാന്‍ വെള്ളത്തില്‍ വീഴും. കാരണം ഏണസ്റ്റ് ഹെമിംഗ് വേയുടെ The old man and The sea എന്ന നോവലിന്‍റെ മലയാള പരിഭാഷ "കിഴവനും കടലും " ആണ് ഞാന്‍ വായിക്കാന്‍ എടുത്തത്. വെറുതെ കൂടെയുള്ളവര്‍ക്ക് പണിയാക്കേണ്ട. ഞാന്‍ നോവല്‍ വായിക്കാന്‍ തീരുമാനിച്ചു . തോണിയില്‍ പായ വിരിച്ചു കിടന്നു. അപ്പോള്‍ അടുത്ത പ്രശ്നം. തെളിഞ്ഞ മാനവും പാറിപറക്കുന്ന പക്ഷികളെയും നോക്കി ദിവാസ്വപ്നം കണ്ടിരിക്കണോ അതോ വായന വേണോ എന്നത്. ഇതുരണ്ടും ഒന്നിച്ചാവാം. ബുക്ക് പിടിച്ചു കൈ കഴക്കുമ്പോള്‍ ഞാന്‍ മാനം നോക്കിയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം വായിക്കാന്‍ ഇങ്ങിനെയുള്ള സമയങ്ങളാണ് ഇഷ്ടം. കടിച്ചാല്‍ പൊട്ടാത്ത ആനന്ദിന്‍റെ നോവലുകള്‍ വരെ എളുപ്പം കൈകാര്യം ചെയ്യാം. എന്ത് രസാന്നോ ഈ അനുഭവം. കിഴവനും കടലും വായിക്കേണ്ടത് ഈ ഒരു മൂഡില്‍ തന്നെയാണ്. ചെറിയ ചെറിയ ഓളങ്ങളില്‍ തോണി കുലുങ്ങുമ്പോള്‍ ഞാന്‍ സാന്‍റിയാഗോ ആയി മാറും. അത്രക്കും ആവേശകരമാണ് ആ കഥ. ഇന്ന് ചാലിയാറിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആ കഥയും എനിക്കോര്‍മ്മവരും .
കൂളിമാട് കടവും ചെറുവാടിക്കടവും ഒക്കെ കടന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പുഴവക്കിലുള്ള എല്ലാ മക്കാനിയിലും തോണി അടുപ്പിക്കും. ചായ കുടിക്കാന്‍. അത് വേണ്ടിയിട്ടല്ല. പക്ഷെ പുഴയുടെ തീരത്തിരുന്നു മൂളിപറക്കുന്ന കാറ്റിനൊപ്പം ചായയും നെയ്യപ്പവും കഴിക്കാന്‍ എന്ത് സ്വാദാണ്. പൂഴി പണിക്കാരും കാറ്റ് കൊള്ളാന്‍ വന്നവരും ഒക്കെയായി അവിടെ ഉരുത്തിരിയുന്ന കൂട്ടായ്മയുണ്ട്. കുറെ നല്ല മനുഷ്യര്‍, അവരുടെ നിഷ്കളങ്കമായ പെരുമാറ്റം, പുഴമീനും കക്കയും വില്‍ക്കുന്നവര്‍. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളല്ലിത്. പക്ഷെ ഇതുപോലൊരു യാത്ര ആദ്യമാണ്. അതിന്‍റെ ആവേശം ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നുമുണ്ട്. ഓരോ തീരങ്ങളും ഒരുപാട് ആഹ്ലാദം തരുന്നു. അനുഭവങ്ങളും. ഞങ്ങള്‍ വീണ്ടും തുഴഞ്ഞു. ചൂണ്ടയില്‍ മീന്‍പിടുത്തം നന്നായി നടക്കുന്നു. എനിക്ക് പുഴമീന്‍ പറ്റില്ല. പക്ഷെ ഒരു മണ്ണെണ്ണ സ്റ്റൌവ് കൂടെ എടുക്കാമായിരുന്നു എന്ന നജ്മുവിന്‍റെ അഭിപ്രായത്തോട് എനിക്ക് എതിര്‍പ്പ് തോന്നിയില്ല. ചൂണ്ടയില്‍ പിടിച്ച മീനുകളെ അപ്പോള്‍ തന്നെ പൊരിച്ചടിക്കാന്‍ പറ്റാത്ത വിഷമമാണ് അവര്‍ക്ക്. ഉണ്ടായിരുന്നെങ്കില്‍ അതൊരു രസകരമായ പരിപാടി ആവുമായിരുന്നു.
ചാലിയാറിന്‍റെ നടുവില്‍ തോണിയില്‍ ഒരു ഉച്ചഭക്ഷണം. വല്ലാത്തൊരു പരീക്ഷണം തന്നെ. എത്ര നേരായി ആ ബീഫ് കറിയുടെ മണം എന്നെ വേട്ടയാടുന്നു. ഹാജിക്കയുടെ കുക്ക് റഷീദ്ക്ക ഇത്ര കേമനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്. വയറ് നിറഞ്ഞ ആവേശത്തില്‍ ഞാന്‍ വീണ്ടും അമരത്തെത്തി. പിന്നെയും കുറെ മുന്നോട്ട് പോയി. അപ്പോഴേക്കും പേടിയും കയറി. ഇപ്പോള്‍ തന്നെ തിരിച്ചുതുഴഞ്ഞാലേ ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തൂ. ഇതായിരുന്നു പരിപാടി എന്ന് വീട്ടിലറിഞ്ഞിരിക്കുമോ . എത്രയും നേരത്തെ എത്തിയാല്‍ അത്രയും ഡോസ് കുറയും കിട്ടുന്ന അടിക്ക്. ഞങ്ങള്‍ റിവേഴ്സ് ഗിയര്‍ ഇട്ടു. പേടി കൂടിയാല്‍ എല്ലാം വേഗത്തിലായിരിക്കും. തുഴയാന്‍ എല്ലാരും നന്നായി ഉത്സാഹിച്ചു. അസ്തമിക്കാന്‍ പോവുന്ന സൂര്യന്‍ ചാലിയാറിന് കൂടുതല്‍ ശോഭ നല്‍കുന്നു. വെള്ളതിനെല്ലാം സ്വര്‍ണ്ണ നിറം.
ഞങ്ങളറിഞ്ഞ പുഴയിലെ ഈ പകല്‍ വിവരണങ്ങള്‍ക്കതീതമാണ്. കൂടണയുന്ന പക്ഷികളെ നോക്കി പൂഴിപണി കഴിഞ്ഞും മീന്‍പിടുത്തം കഴിഞ്ഞും മടങ്ങുന്ന വഞ്ചിക്കാരോട് വിശേഷം കൈമാറി ഞങ്ങള്‍ വേഗം തുഴഞ്ഞു. കൊന്നാര് തീരത്ത് തോണി എത്തുന്നതിനു മുമ്പ് തന്നെ പുഴയും നോക്കി ഫുള്‍ ടെന്‍ഷനില്‍ നില്‍ക്കുന്ന കുഞ്ഞിയുടെ മുഖം കണ്ടപ്പോഴേ സംഗതി കൈവിട്ടുപ്പോയി എന്നെനിക്കുറപ്പായി.
ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്.
(ഫോട്ടോസ് - ഷക്കീബ് കൊളക്കാടന്‍ , റിയാസ് എളമരം, ജലീല്‍ കൂളിമാട്)
Monday, December 6, 2010
സ്വയം നഷ്ടപ്പെടുന്ന നിമിഷങ്ങള്‍
ഇന്നൊരു വല്ലാത്ത ദിവസം തന്നെ. ..ടോട്ടല്‍ മൂഡ് ഓഫ് എന്നൊക്കെ പറയാറില്ലേ. ശരിക്കും അതുപോലെ. ചില ദിവസങ്ങള്‍ ഇങ്ങിനെയാണ്. ഒരുതരം നിര്‍ജീവമായ
അവസ്ഥ. ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല . ടേബിളിൽ കൂട്ടിയിട്ടിരിക്കുന്ന ഫയലുകളും കടലാസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ എനിക്കു തോന്നി.
സിസ്റ്റം ഓണ്‍ ചെയ്തു. അറിയാതെ ക്ലിക്കിയത് ഒരു പാട്ടില്‍.
തേരേലിയേ ഹം ഹി ജിയേ ഹോതോം കോ സിയേ
തേരേലിയേ ഹം ഹി ജിയേ ഹര്‍ ആര്‍സൂം കിയേ
എനിക്കിഷ്ടപ്പെട്ട പാട്ട് തന്നെ എന്തോ അത് ആസ്വദിക്കാനും എനിക്ക് പറ്റുന്നില്ല . ചിലര്‍ പറയും പാട്ട് കേള്‍ക്കുമ്പോള്‍ മനസിന്റെ ഏത് സങ്കീർണ്ണതയിലും
ആശ്വാസം കിട്ടുമെന്ന്. പക്ഷെ എനിക്ക് നേരെ തിരിച്ചാണ്. ജഗ്ജിത് സിംഗിന്റെ ഗസലുകളെ ഞാനേറെ ഇഷ്ടപ്പെടുന്നു. എന്നാലും സന്തോഷം തോന്നുമ്പോഴേ അതിനും മാധുര്യമുള്ളൂ.
ഞാന്‍ ജീമെയില്‍ ലോഗ്ഗിന്‍ ചെയ്തു.കോണ്ടാക്റ്റ് ലിസ്റ്റില്‍ കുറെ പച്ച ലൈറ്റുകള്‍ കത്തുന്നുണ്ട്. . .ഒന്ന് മനസ്സ് തുറന്ന് ആരോട് സംസാരിക്കണം . നോക്കട്ടെ, ആര് ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നു എന്ന്. ആദ്യം ഹായ് പറയുന്നവര്‍ ഏറ്റവും അടുത്തവര്‍ എന്ന് വെറുതെ തോന്നുന്നതാവാം. പക്ഷെ ഇപ്പോള്‍ അതാണ് എനിക്ക് ശരി. പ്രതീക്ഷ തെറ്റിയില്ല. ഞാന്‍ ആഗ്രഹിച്ച ഐഡിയില്‍ നിന്ന് തന്നെ എന്നെ തേടി ഒരു പുഞ്ചിരി വന്നു.
അസ്സലാമു അലൈക്കും.
ഞാന്‍ സലാം മടക്കി.
എന്തൊക്കെയാടോ വിശേഷങ്ങള്‍?
എന്ത് പറയാന്‍. ഒരു സുഖം തോന്നുന്നില്ല. മനസ്സിന്.
അതെന്താ അങ്ങിനെ.. ?
അറിയില്ല. എനിക്കെന്തോ കരയാന്‍ തോന്നുന്നു.
കൊള്ളാലോ. കരയാൻ വരട്ടെ . നീ നിസ്കരിച്ചോ?
ഇല്ല.
എങ്കില്‍ അത് കഴിഞ്ഞു വാ. ഞാനിവിടെ കാണും.
ഞാന്‍ ഇറങ്ങിപള്ളിയെ ലക്ഷ്യമാക്കി നടന്നു. വുളൂ എടുക്കുമ്പോള്‍ തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ എന്തെന്നില്ലാത്തെ ഉന്മേഷം തോന്നി. നിസ്കാരം കഴിഞ്ഞു എണീറ്റപ്പോഴും മനസ്സിലെ കാർമേഘം മാറിയില്ല. എനിക്കൊന്നു കരഞ്ഞേ പറ്റൂ. ഇത്തരം മാനസികാവസ്ഥക്കു നല്ല മരുന്ന് കരയുന്നതാണ്. പെട്ടന്നു കരച്ചില്‍ വരാന്‍ രണ്ട് സൂത്രമുണ്ട്. ഒന്ന് ഉമ്മയെ വിളിക്കുക. അല്ലെങ്കിൽ ഉപ്പാന്റെ ഫോട്ടോയില്‍ കുറച്ചു നേരം നോക്കിയിരിക്കുക. ഞാന്‍ ഉമ്മയെ വിളിക്കാന്‍ തീരുമാനിച്ചു. ഓഫീസിന്റെ ഡോര്‍ അടച്ച് വീട്ടിലെ നമ്പർ ഡയല്‍ ചെയ്തു. എന്റെ ശബ്ദത്തിലെ മാറ്റം ഉമ്മാക്ക് പെട്ടെന്ന് പിടികിട്ടും. കാരണം എന്റെയീ കുട്ടികളി ഗള്‍ഫില്‍ വന്നത് മുതല്‍ തുടങ്ങിയതാണ്. ഉമ്മാക്ക് നല്ല ധൈര്യമാണ് . എന്നാലും കുറെ കഴിഞ്ഞാല്‍ ഉമ്മാക്കും വിഷമമാകും. അതെനിക്കറിയാം. അതിനു മുമ്പേ ഞാന്‍ ഫോണ്‍ കട്ട്ചെയ്തു . പറഞ്ഞപോലെ ഞാനിപ്പോള്‍ കരയുകയാണ്.
വീണ്ടും സുഹൃത്തിന്റെ ചാറ്റ് മെസ്സേജ്.
നീ അവിടുണ്ടോ.
ഹൂം.
എന്ത് ചെയ്യുന്നു?
കരയുന്നു.
ഛെ.. ഇതെന്താ ഒരുമാതിരി കുട്ടികളെ പോലെ. നീ ഇത്രക്കെ ഉള്ളൂ. ..?
ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. മനസ്സില്‍ കുട്ടിത്തം ഇല്ലാത്ത ആരെങ്കിലും കാണുമോ? അതുപോലെ ആയിരിക്കും ഞാനും. അതുകൊണ്ടാകും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഞാനിത്ര ഇമോഷണലാവുന്നത്. ഒരു സുലൈമാനി കുടിച്ചു. അപ്പോഴേക്കും എന്റെ ടിക്കറ്റ് എത്തി,. നാളെ ദുബായില്‍ പോകണം.
ദുബായ് യാത്രകള്‍ എനിക്ക് ഊര്‍ജ്ജം റീഫില്‍ ചെയ്യാനുള്ള യാത്രകളാണ്. ഒരു പോസ്റ്റിലെ കമ്മന്റില്‍ ഞാന്‍ പറഞ്ഞതുപോലെ, ജുമൈറയിലെ കാറ്റിന്, അബ്രയിലെ ഓളങ്ങള്‍ക്ക്, അല്‍ മംസാറിലെ തണലിന് മാത്രം എന്നില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുന്നൊരു ആവേശമുണ്ട്. പഴയ സൗഹൃദ കൂട്ടങ്ങള്‍. ശരീരം ഇവിടെ ബഹ്റൈനിലും മനസ്സവിടെ ദുബായിലും ആയിരിക്കും എന്നും. എന്നിവിടെ വന്നാലും ഒരന്യതാ ബോധം തോന്നില്ല. എങ്ങും പരിചിതമായ ഒരു സൗഹൃദ ഭാവം.
ജോലി കഴിഞ്ഞ് വൈകുന്നേരം സുഹൃത്തുക്കള്‍ എല്ലാവരുമെത്തി. പഴയ താവളങ്ങളില്‍ ഒത്തുചേര്‍ന്നു. പഴയ ഓര്‍മ്മകള്‍ വീണ്ടും ഊതി കാച്ചി. പരദൂഷണം, പാരവെപ്പ്, പിന്നെ കുറെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍. ഞാന്‍ വേണ്ടുവോളം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞു. ജീവിതത്തിന്റെ ആവേശം തന്നെ ഇത്തരം ബന്ധങ്ങളല്ലേ. പിന്നെ കുടുംബം, വിശ്വാസം എല്ലാം.
മൂന്നു സുന്ദരമായ ദിവസങ്ങളും കഴിഞ്ഞ് ഞാനിന്ന് ബഹ്റൈനില്‍ എത്തി. ഇന്നലെ എന്നെ നോക്കി പരിഹസിച്ച കടലാസുകള്‍ ഇന്നെന്നെ നോക്കി ചിരിക്കുന്നു. ഒന്നൊന്നായി തീര്‍ത്തു ഞാനവയെ മൂലക്കിരുത്തി. ഇന്നലെ ഇവിടിരുന്നു കരഞ്ഞ ഒരു കുട്ടിയല്ല ഞാനിപ്പോള്‍. ഇപ്പോള്‍ സന്തോഷത്തിന്റെ സമയമാണ് ഞാനൊരു പാട്ട് കേള്‍ക്കാനിരുന്നു. ജഗ്ജിത് സിംഗിനെ മാധുര്യമുള്ള ഗസല്‍ നാദങ്ങള്‍ ഒരു കുളിര്‍മഴയായി എന്നിൽ പെയ്തിറങ്ങി....
തമന്ന ഫിര്‍ മ ചല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
യെ മോസം ഹി ബദല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
Saturday, December 4, 2010
നമുക്കൊരു യാത്ര പോയാലോ..?
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില കാരണങ്ങള്‍ കൊണ്ട് ചില സ്ഥലങ്ങളോട് ചില ഇഷ്ടങ്ങള്‍ നാം അറിയാതെ കയറിപ്പറ്റാറില്ലെ....? ഞാനും പറഞ്ഞുവരുന്നത് അങ്ങിനെയൊരിഷ്ടത്തെ കുറിച്ചാണ്. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ പറ്റി. സ്വന്തം നാടായ കോഴിക്കോട് നിന്നും തുടങ്ങാം നമുക്കീ യാത്ര. എനിക്കിഷ്ടപ്പെട്ട ചില സ്റ്റേഷനുകളില്‍ കുറച്ചു നേരം തങ്ങി തിരുവനന്തപുരത്ത് നമുക്കീ യാത്ര അവസാനിപ്പിക്കാം. ഈ എക്സ്പ്രസ് യാത്രയില്‍ താല്പര്യമുള്ളവര്‍ക്ക് എന്നോടൊപ്പം ഈ വണ്ടിയില്‍ കയറാം.
ഇത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ . യാത്ര ചെയ്യാനും യാത്ര അയക്കാനും കൂടുതല്‍ വന്നു പോയതിവിടേയാണ്. ഇവിടെയെത്തുമ്പോള്‍ നമ്മെ സ്വീകരിക്കുന്ന ആദ്യ മുഖം പോര്‍ട്ടര്‍ ആലിക്കയാണ്. ചുവന്ന തലേക്കെട്ടും ചുണ്ടിൽ എരിയുന്ന ദിനേശ് ബീഡിയുമായി നിൽക്കുന്ന ഈ പോര്‍ട്ടര്‍ സഖാവിന്റെ ബീഡിക്കറ പുരണ്ട മനോഹരമായ പുഞ്ചിരി കാണാതെ അകത്തു കയറാന്‍ നമുക്ക് പറ്റില്ല. " എന്താടാ കോയാ.... ദിനേസൊരെണ്ണം പിടിപ്പിക്കണോ" എന്ന് ആലിക്ക ചോദിക്കുമെങ്കിലും വേണ്ട എന്ന് പറയുന്നതാണ് ബുദ്ധി. അല്ലേല്‍ നല്ല അസ്സല്‍ മലബാര്‍ സ്നേഹ തെറി കേള്‍ക്കാം. ഏതായാലും ആലിക്കയെ പരിചയപ്പെട്ടില്ലേ. ഇനി ഇവിടെ ചുറ്റി തിരിയണ്ട. നമുക്ക് പ്ലാറ്റ്ഫോമിലേക്ക് കയറാം. ഇവിടന്നാണ് നമ്മുടെ കഥയും തുടങ്ങുന്നത്.
റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ ഇങ്ങിനെ ഇരിക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു സംഗതിയാണ് നിങ്ങൾക്കിഷ്ട്ടമില്ലെങ്കിലും തൽക്കാലം ഇത് സഹിക്കുകയല്ലാതെ വേറെ നിർവ്വാഹമില്ല എന്റെ കൂടെ ഇറങ്ങിത്തിരിച്ചതെല്ലെ.... ഒരു ബെഞ്ചിലിരുന്നു ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ നമ്മുടെ മുന്നിലൂടെ മാറി മറയുന്ന കുറെ മുഖങ്ങളുണ്ട്. ജോലിക്ക് പോകുന്നവര്‍, ജോലി കഴിഞ്ഞു മടങ്ങുന്നവര്‍, ജോലി തേടി വരുന്നവര്‍, രോഗികള്‍ അങ്ങിനെയങ്ങിനെ.. പല ലക്ഷ്യങ്ങളുമായി പരക്കം പായുന്നവര്‍. വിദേശത്തേക്ക് പോകുന്നവരുടെയും അവരെ യാത്രയാക്കാന്‍ എത്തിയവരുടെയും മുഖഭാവങ്ങള്‍, ഞാനിതൊക്കെ താല്പര്യപൂര്‍വ്വം വീക്ഷിക്കാറുണ്ട്. ചൂളം വിളിച്ചെത്തി കിതച്ചു നിലക്കുന്ന തീവണ്ടികളില്‍ നിന്നും ഇറങ്ങി വരുന്ന പ്രതീക്ഷകൾ നിറഞ്ഞ മുഖങ്ങൾ, ഇടയ്ക്കിടെ മുഴങ്ങിയെത്തുന്ന അന്നൌന്‍സ്മെന്റുകള്‍, പത്രം, ചായ ഇങ്ങിനെ രസകരമായ പരിസരത്തെയും ഞാന്‍ ആസ്വദിക്കാറുണ്ട്. ഏതായാലും കോഴിക്കോട് വിടാന്‍ സമയമായി. അടുത്ത് നമുക്കിറങ്ങേണ്ടത് തിരൂര്‍ ആണ്.
വണ്ടി ഇപ്പോള്‍ കോഴിക്കോട് വിട്ടു. പഴയ പ്രതാപ കാലത്തിന്റെ ഓര്‍മ്മകൾ പേറുന്ന കല്ലായി പാലവും കടന്ന് ഫറൂക്കിലെ ഓട്ടുകമ്പനികളിലെ വലിയ പുകകുഴലുകളും കഴിഞ്ഞു നമ്മളിപ്പോള്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തി.
ഈ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് സഞ്ചരിക്കേണ്ടത് വര്‍ഷങ്ങള്‍ പിന്നിലോട്ടാണ്. മലബാര്‍ കലാപത്തിന്റെ , വാഗണ്‍ ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക്. ആ ഓര്‍മ്മകളുമായി ഇവിടെ നില്‍ക്കുമ്പോള്‍ നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടുന്നു. ജീവശ്വാസത്തിന് വേണ്ടി ആര്‍ത്തുവിളിച്ച് ഒരു ബോഗിക്കുള്ളില്‍ പിടഞ്ഞു മരിച്ചവരുടെ രോദനങ്ങള്‍ ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടോ..? പട്ടാള ബൂട്ടുകളുടെ മുഴക്കങ്ങള്‍ നമ്മെ പിന്തുടരുന്നുണ്ടോ...? ഗതകാല സ്മരണകളുടെ നൊമ്പരങ്ങളും പേറി നില്‍ക്കുന്ന ഈ സ്റ്റേഷനില്‍ നിന്നും തല്ക്കാലം നമുക്ക് വിടപറയാം.
പച്ചയണിഞ്ഞു നില്‍ക്കുന്ന നെല്പാടങ്ങള്‍ക്കിടയിലൂടെ ഒരു കൊയ്ത്തുപ്പാട്ടും പാടി നമ്മളിപ്പോള്‍ ഷോര്‍ണ്ണൂര്‍ സ്റ്റേഷനിലാണ്. ഒരു ഗ്രാമ തനിമയുണ്ട് ഈ സ്റ്റേഷന്. ഒരു നാടന്‍ സുന്ദരിയുടെ ഐശ്വര്യം. ഇവിടെ അധികം വൈകിക്കേണ്ട. ഒരു നാടന്‍ മോരും കുടിച്ചു നമുക്ക് യാത്ര തുടരാമല്ലേ. യാത്രക്കും വേഗം കൂട്ടേണ്ടതുണ്ട്. കാരണം നമുക്കിനി ഇറങ്ങേണ്ടത് എറണാകുളം സ്റ്റേഷനിലാണ്. അതിവേഗം കുതിക്കുന്ന ഈ നഗരത്തിന്റെ റെയില്‍വേ സ്റ്റേഷനിലും കാണുമായിരിക്കും എന്തെങ്കിലും പുതുമകള്‍.
അതെ , ഗ്രാമത്തിന്റെ പൊലിമകള്‍ വിട്ട് നമ്മളിപ്പോള്‍ നഗരത്തിന്റെ തിരക്കുകളിലാണ്. എറണാകുളമെത്തി.മാറുന്ന ജീവിതത്തിന്റെ മാറിയ മുഖമാണ് ഇവിടം. ചുറ്റും തിരക്കിന്റെ ലോകം.... യാന്ത്രികമായ ചലനങ്ങള്‍.... ഒന്ന് കണ്ണോടിച്ചു നോക്കൂ. ആ തിരക്കിനൊപ്പം നമ്മുടെ കണ്ണുകള്‍ക്ക് എത്താൻ പ്രയാസമായിരിക്കും. രാഷ്ട്രീയക്കാര്‍, സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍, പ്രൊഫഷണല്‍സ് അങ്ങിനെ എത്രയോ മുഖങ്ങൾ . എല്ലാവരും തിരക്കിലാണ്. നമ്മളും അതെ. ചൂളം വിളിച്ച് നമ്മുടെ വണ്ടിയും നീങ്ങി തുടങ്ങി. തലസ്ഥാനത്തേക്ക്.
തമ്പാനൂര്‍ സ്റ്റേഷന്‍ എത്തിയല്ലോ. നമ്മുടെ യാത്ര ഇവിടെ തീരുകയാണ്. തലസ്ഥാനത്തിന്റെ പ്രതാപത്തിന് തികച്ചും യോജിക്കുന്ന പ്രൌഡി. വര്‍ഷങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന ഈ സ്റ്റേഷന്‍ നിങ്ങള്‍ക്കും പ്രിയപ്പെട്ടതാകും. മുഷിഞ്ഞിറങ്ങുന്ന ഖദറിനേയും വടി പോലെ തേച്ചു കയറുന്ന ഖദറിനേയും വേണേല്‍ നിങ്ങള്‍ക്ക് അവഗണിക്കാം. ഇനി നിങ്ങൾ പുറത്തൊന്നു കറങ്ങിയടിച്ചു വന്നോളൂ. അവിടെ നിങ്ങൾക്ക് ഭരണ കേന്ദ്രത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയാം. കോവളത്തിന്റെ ഭംഗിയില്‍ രമിക്കാം. പിന്നെയും നഗരമൊരുക്കുന്ന വിസ്മയങ്ങളില്‍ മതിമറക്കാം. ഈ പ്ലാറ്റ്ഫോമിന്റെ മൂലക്കുള്ള ആ ബെഞ്ചില്‍ ചില വട്ടുകളെ മേയാന്‍ വിട്ട് ഞാനിരിക്കുന്നുണ്ടാവും.......
(ഫോട്ടോസെല്ലാം ഗൂഗിളില്‍ നിന്നും എടുത്തത്)

Saturday, November 20, 2010
മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്
വീണ്ടും മഞ്ഞുകാലമെത്താറായി. മഴക്കാലം പോലെ എനിക്ക് പ്രിയപ്പെട്ടതാണ് മഞ്ഞു കാലവും. കാല്പനികവും യാഥാര്‍ത്യവുമായ ഒരുപാട് ഭാവങ്ങള്‍ വിരിയുന്നതും മഞ്ഞുമാസത്തിലല്ലേ. പ്രണയവും പൂക്കളും തുടങ്ങി അങ്ങിനെ മോഹിപ്പിക്കുന്ന പലതും. ഞാനും പ്രണയത്തിലാണ്. ഇല പൊഴിക്കുന്ന മരങ്ങളും പുഞ്ചിരിക്കുന്ന പൂക്കളും മഞ്ഞു പെയ്യുന്ന രാത്രികളും ക്രിസ്റ്റ്മസ് നക്ഷത്രങ്ങളും എല്ലാം സുന്ദരമാക്കുന്ന ഡിസംബറുമായി ഞാനെന്റെ പ്രണയം പങ്കുവെക്കുന്നു.
മൂടിപ്പിടിച്ച് കിടന്നുറങ്ങുന്നതില്‍ ഒരു സുഖമുണ്ട്. പക്ഷെ അതിനേക്കാള്‍ രസകരമല്ലേ മൂടല്‍ മഞ്ഞ് വിട്ടുമാറാത്ത പ്രഭാതം കാണുന്നത്. കുട്ടിക്കാലത്ത് കാലത്തെഴുന്നേറ്റ് കരിയിലകള്‍ കൂട്ടിയിട്ട് തീകായുന്നതില്‍ തുടങ്ങുന്നു എന്റെ മഞ്ഞുകാല ഓര്‍മ്മകളും. ബാല്യത്തോടൊപ്പം മറഞ്ഞ ഓര്‍മ്മയാണ് അതും. അതിനുമാത്രം പോരുന്ന തണുപ്പ് ഇപ്പോള്‍ ഡിസംബര്‍ നല്‍കാറില്ലെന്ന് തോന്നുന്നു.
ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വീണ്ടുമൊരു പ്രണയത്തില്‍ വീണു. സ്കൂള്‍ ലൈബ്രറിയില്‍ നിന്നും
കിട്ടിയ ഒരു നോവലുമായി. ഒരു ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. പേരോര്‍ക്കുന്നില്ല. ഒരു ഇംഗ്ലീഷ് വിന്ററിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ മനോഹരമായ ഒരു പ്രണയകഥ. അന്നുമുതല്‍ മഞ്ഞ് എനിക്ക് പ്രണയത്തിന്റെ കൂടി പ്രതീകമാണ്. നല്ല മഞ്ഞുള്ള ഒരു താഴ്വാരത്തിലൂടെ തലയില്‍ ഒരു തൊപ്പിയും പൂക്കളുള്ള ഉടുപ്പുമിട്ട് പാട്ടും പാടി വരുന്ന ഒരു പെണ്‍കുട്ടിയായി എന്റെ സങ്കല്‍പ്പത്തിലെ പ്രണയിനിയും. എനിക്ക് വട്ടായിരുന്നു എന്ന് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് തോന്നുന്നതില്‍ ഞാന്‍ തെറ്റ് പറയുന്നില്ല. അല്ലെങ്കില്‍ ചെറുവാടി എന്ന ഗ്രാമത്തിലിരുന്ന് ഇതുപോലെ വെസ്റ്റേണ്‍ സ്വപ്നവും കാണുന്ന എനിക്ക് മിനിമം വട്ടാണ് എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ വട്ട് നിങ്ങള്‍ക്കാണ്.
രണ്ടു കാര്യങ്ങള്‍ കൊണ്ട് ഊട്ടി എന്നും എന്നെ മോഹിപ്പിക്കുന്ന സ്ഥലമാണ്. ഒന്ന് കാലാവസ്ഥ. രണ്ട് കാടും യൂക്കാലിപ്സ് മരങ്ങള്‍ക്കുമിടയിലൂടെയുള്ള സുഗന്തം മണക്കുന്ന യാത്രകളും. സീസണ്‍ എന്നൊരു പ്രശ്നം ഇവിടേക്കുള്ള യാത്രകള്‍ ഒരിക്കലും എന്നെ മടുപ്പിക്കാറില്ല.പല യാത്രകളില്‍ നിന്നും ഒരു യാത്രയെ ഞാന്‍ പ്രത്യേകം മാറ്റിവെക്കുന്നു.
ഒരു ഡിസംബറില്‍ റോബര്‍ട്ട് എന്ന സുഹൃത്തിന്റെ വീട്ടിലേക്കു ഞങ്ങള്‍ സുഹൃത്തുക്കള്‍ നടത്തിയ ഒരു യാത്ര. അവരുടെ ക്രിസ്റ്റ്മസ് ആഘോഷങ്ങലിലേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ഞാന്‍ അടുത്തറിയുന്ന ആദ്യത്തെയും അവസാനത്തെയും ക്രിസ്റ്റ്മസ്സും അതാണ്. റോബിയും അവന്റെ അച്ഛനും അമ്മയും സഹോദരിമാരും എല്ലാം കൂടിചേര്‍ന്ന് ആഘോഷിച്ച ആ ഊട്ടി ക്രിസ്റ്റ്മസ്, മഞ്ഞിനേയും പൂകളെയും അറിഞ്ഞ് സന്തോഷിച്ച ആ ദിവസങ്ങളുടെ ഓര്‍മ്മയ്ക്ക് അവരുടെ വീട്ടിലെ ആ നെരിപ്പോടിന്റെ ചൂട് ഇപ്പോഴുമുണ്ട്.
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അലസതയുള്ള എന്റെ സ്വഭാവം ഇവിടെയും ഉണ്ട്. പക്ഷെ എല്ലാ വര്‍ഷവും ക്രിസ്റ്റ്മസിന് റോബിയെ തേടി പോകാറുള്ള ആശംസാ കാര്‍ഡിനൊപ്പം എന്റെ മനസ്സും പായാറുണ്ട്. കരോള്‍ സംഗീതവും മിന്നുന്ന നക്ഷത്രങ്ങളും നിറഞ്ഞ ആ പഴയ മഞ്ഞ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക്.
പിന്നൊരു ഊട്ടി മഞ്ഞുകാലം എന്നെ അലട്ടുന്ന മറ്റൊരു ഓര്‍മ്മയുടെതാണ്. അലക്ഷ്യമായ ഒരു ചിരിയില്‍ കോര്‍ത്ത നിര്‍ദോഷമായ ഒരു സൗഹൃദത്തിന്റേത്. ഹോട്ടല്‍ ഗാര്‍ഡനില്‍ ഓടികളിക്കുന്ന മൂന്ന് വയസ്സുകാരി കുഞ്ഞിനേയും നോക്കി ഒരമ്മ പറഞ്ഞുതീര്‍ത്ത(?) ജീവിതാനുഭവങ്ങള്‍. നീലഗിരിയിലെ കൊടും ശൈത്യത്തിലും എന്നെ പൊള്ളിച്ച അവരുടെ കഥ. പക്ഷെ അതെല്ലാം ഉള്‍കൊള്ളാനും ഒരു ആശ്വാസ വാക്കുകള്‍ പറയാനും സാധ്യമല്ലായിരുന്നു അന്ന് എന്റെ അപക്വമായ മനസ്സിന്. അതുകൊണ്ട് തന്നെ ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കുകയെ പറ്റുമായിരുന്നുള്ളൂ. ഒരു ചേച്ചീ എന്ന വിളിയെങ്കിലും അവര്‍ പ്രതീക്ഷിച്ചു കാണണം. ഇതൊരു പോസ്റ്റാക്കാന്‍ പലവട്ടം ഇറങ്ങിത്തിരിച്ചതാണ് ഞാന്‍ . പക്ഷെ രണ്ടു കാര്യങ്ങള്‍ എന്നെ എപ്പോഴും പുറകോട്ടു വലിച്ചു. അവരുടെ അനുഭവങ്ങളെ അതെ തീഷ്ണതയോടെ പകര്‍ത്താനുള്ള ഭാഷ എനിക്കില്ല എന്നത്. പിന്നെ എഴുതാപ്പുറങ്ങള്‍ വായിക്കുമോ എന്ന പേടിയും. പക്ഷെ ഞാനിത് എഴുതും . എഴുതാന്‍ സമയമായി എന്ന് എന്റെ മനസ്സ് പാകപ്പെടുന്ന നിമിഷം. കാരണം വായിക്കുന്ന നിങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളെക്കാള്‍ ഒരു നൂറ് ചോദ്യങ്ങള്‍ക്ക് എനിക്ക് തന്നെ ഉത്തരം കിട്ടേണ്ടതുണ്ട്.
ഇപ്പോള്‍ ഞാന്‍ ഒരുങ്ങികഴിഞ്ഞു. ഡിസംബറില്‍ വിരിയാനിരിക്കുന്ന പൂക്കള്‍ക്കായി, മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്. കരിയിലകള്‍ കൂട്ടി തീകായുന്ന ആ കാലം ഇനി തിരിച്ചുവരില്ല. പിന്നെ, മഞ്ഞുക്കാലത്ത് പൈന്‍ മരങ്ങള്‍ക്കിടയിലൂടെ പൂക്കളുള്ള തൊപ്പിയും ധരിച്ച് സ്വര്‍ണ്ണ തലമുടിയുമായി നടന്നുവരുന്ന ഞാന്‍ സ്വപ്നം കണ്ട കാമുകിയും ഇപ്പോള്‍ എന്റെ മനസ്സിലില്ല. പകരം ഒരു ചാറ്റല്‍മഴയില്‍ എന്റെ മനസ്സില്‍ കുടിയേറിയ സഖിയുമായുള്ള ഒരു ഊട്ടി ഹണിമൂണ്‍ ആ കാല്‍പനിക സ്വപ്നത്തെ യാഥാര്‍ത്യ ബോധത്തിലേക്ക് എന്നെ തിരിച്ചു കൊണ്ടുവന്നു. പക്ഷെ മഞ്ഞുകാലവും മഴക്കാലവും എന്റെ പ്രണയം പങ്കിട്ടെടുക്കും. തീര്‍ച്ച.
image from http://www.lisisoft.com
Friday, November 12, 2010
ഒരു പെരുന്നാള്‍ കൂടി വന്നെത്തുമ്പോള്‍
ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന ഈ പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. കൂടും കുടുംബവും നാടും നാട്ടാരെയും വിട്ടിട്ടുള്ള പെരുന്നാളിന്‍റെ ആഘോഷങ്ങള്‍ക്ക് തീര്‍ച്ചയായും മാറ്റ് കുറയും. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്. മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ സംഗീതം. അയല്‍പ്പക്കത്തെ ഹിന്ദു ക്രിസ്ത്യന്‍ സഹോദരങ്ങളും ഒന്നിച്ചിരുന്നാഘോഷിച്ച പെരുന്നാളിന്‍റെ നന്‍മ. മതസൗഹാര്‍ദത്തിന്‍റെ ആ മുഖം ഇപ്പോഴും നഷ്ടപെട്ടിട്ടില്ല.
പക്ഷെ എനിക്ക് പരാതികളില്ല. കാരണം ആഘോഷങ്ങളും ആഹ്ലാദവും നിഷേധിക്കപ്പെട്ട ഒരു പരിസരത്തെ ഞാന്‍ കാണാതെ പോകരുത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു സയോണിസ്റ്റ് ക്രൂരതയുടെ ബലിയാടുകള്‍ അങ്ങ് ഫലസ്തീനിലും മറ്റും കരയുന്നതിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട്. തോക്കുകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍
ദൈന്യതയോടെ കണ്ണ് മിഴിക്കുന്ന കുഞ്ഞുങ്ങളുടെ നൊമ്പരങ്ങളും ഞാനറിയുന്നുണ്ട്. സ്വന്തം മക്കളാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ അഭയം തേടിയ മാതാപിതാക്കള്‍, പെറ്റമ്മമാരാല്‍ തന്നെ തെരുവിലെറിയപ്പെട്ട അനാഥ ബാല്യങ്ങള്‍, ഒരുനേരത്തെ അന്നത്തിനു എച്ചില്‍തൊട്ടികളില്‍ പോലും കയ്യിടേണ്ടി വരുന്ന അശരണര്‍. ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാത്ത ഇവരുടെ ലോകത്തെ മറന്നുകൊണ്ട്, ഒരു പ്രവാസിയായി എന്നൊരു കാരണം പറഞ്ഞ്, ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയും എന്ന് വിലപിക്കുന്ന എന്‍റെ തെറ്റിന് മാപ്പ് തരിക.
അശാന്തിയുടെ കാര്‍മേഘങ്ങള്‍ മാറിപോകട്ടെ, ഭൂമിയില്‍ നന്മയുടെ പൂക്കള്‍ വിരിയട്ടെ. നിറഞ്ഞ സന്തോഷത്തിലേക്കാവട്ടെ ഓരോ ആഘോഷങ്ങളും കടന്നുവരുന്നത്.
എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.
Saturday, October 30, 2010
ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!
നാട്ടില് പൊരിഞ്ഞ മഴയാണത്രെ, എത്ര വിളിച്ചിട്ടും ഉമ്മയെ ലൈനില്‍ കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള്‍ പറഞ്ഞു മഴയും ഇടിയും കാരണം ഫോണെല്ലാം ഡിസ്കണക്റ്റ് ചെയ്തിരിക്കുകയാണെന്ന്. ഇവിടെ ചൂട് പോയതും ഇല്ല തണുപ്പ് വന്നതും ഇല്ല എന്ന അവസ്ഥയില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ എന്നും എന്നെ കൊതിപ്പിക്കുന്ന മഴ വിശേഷങ്ങള്‍. എനിക്കെങ്ങിനെ ഇരിക്കപൊറുതി കിട്ടും?. കണ്ടിട്ടും കൊണ്ടിട്ടും മതിയാവാത്ത അനുഭവങ്ങളാണ് എനിക്ക് മഴക്കാലം. തോന്നുമ്പോള്‍ പെയ്യണം. പെയ്തു പെയ്തങ്ങിനെ മനസ്സിനും ശരീരത്തിനും കുളിര് നല്‍കണം.
ഓര്‍മ്മവെച്ചതുമുതല്‍ മഴയും എന്നോടൊപ്പമുണ്ട്. ഉമ്മ പറഞ്ഞത് ഒരു കര്‍ക്കിടകത്തില്‍ ആയിരുന്നു എന്റെ ജനനവും എന്നാണ്. ഇനി അതാവുമോ ഈ പ്രണയത്തിന് പിന്നില്‍?
സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴൊക്കെ നല്ല മഴ കാണും. കുടയുണ്ടെങ്കിലും ചൂടില്ല. മുതിര്‍ന്നവര്‍ വഴക്ക് പറഞ്ഞാലും കേള്‍ക്കില്ല. അനുസരണക്കേട് കൂടപ്പിറപ്പാണെന്ന് അവര്‍ കരുതിക്കാണും. കാരണം ഈ അസുഖം പതിവാണ്.
മിക്ക അവധിക്കാലവും മഴക്കാലത്തായിരിക്കും. അതിലൊരു സുഖമുണ്ട്. കുറെ നല്ല ഓര്‍മ്മകള്‍. ബാല്യത്തിലേതും കൌമാരത്തിലേതും. തറവാടിന്റെ കോലായിയിലിരുന്നു നല്ല മഴയും കണ്ട് ഒരു സുലൈമായിയും വല്ലപ്പോഴും ഒരു പുകയും വിട്ട് ആ ഓര്‍മ്മകളൊക്കെ തിരിച്ചു വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിവിടെ പകര്‍ത്താന്‍ എന്റെ ഭാഷ മതിയാവില്ല.
കളിക്കിടയില്‍ മഴപെയ്താലും ഞങ്ങള്‍ പിന്മാറില്ല. മഴ അവിടെ പെയ്യട്ടെ, കളി ഇവിടെ നടക്കണം. അതാണ് ഞങ്ങളുടെ നിയമം. കളി കഴിഞ്ഞു ചളി പിടിച്ച വസ്ത്രങ്ങളൊക്കെയായി വീട്ടിലെത്തുമ്പോള്‍ നല്ല കോളായിരിക്കും. അതുകൊണ്ട് ആദ്യം പോകുക തറവാട്ടിലേക്കാണ്. അവിടെ സ്റ്റെപ്പിനി ആയി വെച്ചിട്ടുള്ള ഡ്രസ്സിട്ട്
പോയതിനെക്കാലും ഡീസന്റ് ആയാണ് വീട്ടില്‍ കയറുക. വല്ല്യുമ്മച്ചി ഈ കുസൃതിക്കൊക്കെ കൂട്ട് നില്‍ക്കും. വാത്സല്യത്തില്‍ തല തോര്‍ത്തി തരികയും ചെയ്യും.
പണ്ട് ഈ തറവാടിന്റെ മുറ്റത്തിരിക്കുന്നത് മഴ കാണാനും മുറ്റത്ത് തന്നെയുള്ള വലിയ കോമാവില്‍ നിന്നും പഴുത്ത മാങ്ങ വീഴുന്നതും നോക്കിയാണ്. വയറ് കേടാവുന്നത് വരെ തിന്നും. പിന്നെ വയറ് കേടായാലും തിന്നും. ഇന്ന് തറവാടിന്റെ മുറ്റത്ത് ആ മാവില്ല. പക്ഷെ ഓര്‍മ്മകള്‍ക്ക് ആ മാമ്പഴത്തിന്റെ രുചി ഇപ്പോഴുമുണ്ട്. വല്യുമ്മച്ചിക്കും
ഉണ്ടായിരുന്നു മാങ്ങകൊതി. പല്ല് കുറഞ്ഞ മോണയും കാട്ടി മാമ്പഴം തിന്നുന്നത് ഇപ്പോഴും ചിരി നല്‍കുന്നു. ഉപ്പ പുതിയ വീടെടുത്ത് മാറി താമസിച്ചിട്ടും ഞാന്‍ വല്യുമ്മച്ചിക്കൊപ്പം തന്നെ നിന്നു. അത്രയ്ക്കൊരു ആത്മബന്ധം ഉമ്മച്ചിയുമായി എനിക്കുണ്ടായിരുന്നു. ഗള്‍ഫിലേക്ക് പോരുന്നതിന്റെ തലേന്ന് ഉറങ്ങാതെ കിടന്ന എന്നെ കെട്ടിപിടിച്ച് ഉമ്മച്ചി പൊഴിച്ച കണ്ണീരിന്റെയും ചുംബനത്തിന്റെയും ഓര്‍മ്മകള്‍ ഇന്നും എന്റെ കണ്ണുകളെ ആര്‍ദ്രമാക്കാറുണ്ട്. പിന്നൊരു അവധിക്കാലം കൂടി മാത്രമേ ഉമ്മച്ചിയെ കാണാന്‍ പറ്റിയുള്ളൂ. സ്വര്‍ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം.
മഴയോര്‍മ്മകള്‍ ഇനിയും ബാക്കി. നല്ല മഴക്കാലത്ത് ഇരുവഴിഞ്ഞി പുഴ കര കവിഞ്ഞൊഴുകും. ചെറുവാടിയിലെ റോഡും പാടങ്ങളുമെല്ലാം വെള്ളത്തിനടിയിലാകും. വാഴകൊണ്ട് കൊച്ചു ചങ്ങാടങ്ങള്‍ ഉണ്ടാക്കി വെള്ളം കയറിയ റോഡിലെല്ലാം കളിക്കുന്നത് ഞങ്ങള്‍ കുട്ടികളുടെ ഇഷ്ട വിനോദമായിരുന്നു. വെള്ളമിറങ്ങിയാല്‍ മീനുകള്‍ നിറയുന്ന പാടത്തും തോട്ടിലും മീന്‍പിടുത്തം. ഇന്നിപ്പോള്‍ സാമ്പിളിന് ഒരു മഴകണ്ടിട്ട് തന്നെ നാളെത്രയായി.
കഴിഞ്ഞ തവണ അവധി കഴിഞ്ഞ് മടങ്ങിയത് ഒരു മഴക്കാലത്ത്. കേരള മണ്‍സൂണിനെ പറ്റി ഒരു സ്പെഷ്യല്‍ എഡിഷനായിരുന്നു അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് മാഗസിന്‍ . നല്ല ചിത്രങ്ങളൊക്കെയായി നല്ലൊരു സമ്മാനം. പ്രവാസികളെ വട്ടം കറക്കുന്ന ഇന്ത്യന്‍ വിമാന കമ്പനികളുടെ വകയായി എനിക്ക് ഓര്‍മ്മിക്കാന്‍ ഇത് മാത്രമേ ഉള്ളൂ. ഇറങ്ങുമ്പോള്‍ ഞാനിത് കൂടെയെടുത്തു. കുറ നല്ല എഴുത്തുക്കാരുടെ മഴ അനുഭവങ്ങള്‍. പക്ഷെ എനിക്കിഷ്ടപ്പെട്ടത് ശ്രീമതി അനിത നായരുടെ ഒരു ലേഖനമാണ്. "each raindrops is a poem " എന്ന് തുടങ്ങി ഒരു ക്വാട്ട് ഉണ്ടായിരുന്നു അതില്‍. ബുക്ക് നഷ്ടപ്പെട്ടത് കാരണം ഓര്‍ക്കുന്നില്ല. മഴയെ കുറിച്ച് ഇങ്ങിനൊരു കുറിപ്പ് എഴുതണമെന്ന് തോന്നിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നതും ആ വരികളാണ്. അത് കിട്ടാനായി ശ്രീമതി അനിത നായരുടെ ഈമെയില്‍ ഐഡി ഇല്ലാത്തതു കാരണം അവരുടെ വെബ് സൈറ്റില്‍ കയറി ഒരു കമ്മന്റ്റ് ഇട്ടു. ആ ക്വാട്ട് ഓര്‍മ്മയുണ്ടെങ്കില്‍ അയച്ചുതരണം എന്ന് പറഞ്ഞ്. മറുപടി കിട്ടിയില്ല. അവരത് കണ്ടുവോ എന്തോ?. ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
സന്തോഷവും ദുഃഖവും മഴയുമായി ബന്ധപ്പെട്ടുണ്ട്. എന്റെ വിവാഹത്തിന്റെ പകല്‍ മാറി നിന്ന മഴ രാത്രിയില്‍ തകര്‍ത്തു പെയ്തു. ഇന്നോര്‍ക്കുമ്പോള്‍ ആ സന്തോഷത്തിന്റെ ഓര്‍മ്മകളില്‍ മഴയുടെ പാശ്ചാത്തല സംഗീതമുണ്ട്.
പിന്നൊരിക്കല്‍ അസുഖമായി കിടക്കുന്ന ഉപ്പയെകാണാന്‍ അടിയന്തിരമായി നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുതല്‍ അമൃത ഹോസ്പിറ്റല്‍ വരെ തകര്‍ത്തു പെയ്യുന്ന മഴയായിരുന്നു. മഴ തോര്‍ന്ന് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി ശോക ചവയുള്ള ആ അന്തരീക്ഷത്തിലൂടെ നടന്ന് ഉപ്പകിടക്കുന്ന ഓണ്‍കോളജി വാര്‍ഡിലെത്തി ഉപ്പയെ കണ്ടപ്പോള്‍, എന്റെ കൈകള്‍ പിടിച്ചു ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ എന്റ കണ്ണീരിനൊപ്പം പുറത്ത് വീണ്ടും മഴയും പെയ്തുതുടങ്ങി. എന്നെ ആശ്വസിപ്പിക്കാനെന്നോണം. അന്നുമുതല്‍ ഞാന്‍ മഴയെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി.
ഇന്നെന്തായാലും ഒരു മഴ പെയ്യാതിരിക്കില്ല. സ്വപ്നത്തിലെങ്കിലും.
Saturday, October 16, 2010
കാടും നാടും കുന്നും .(വയനാടന്‍ കുളിര്‍ക്കാറ്റ് -3)
നല്ല തണുപ്പുള്ള രാത്രി. സുഖമുള്ളൊരു ഉറക്കവും കഴിഞ്ഞ് നേരത്തെ തന്നെ എഴുന്നേറ്റു. ചുടുവെള്ളത്തില്‍ കുളി. പാടിയിലെ കാട്ടരുവിയിലെ കുളി മിസ്സ് ചെയ്യുന്നു. കുളികഴിഞ്ഞെത്തിയപ്പോഴേക്കും ചായയുമായി ജോസേട്ടന്‍ വന്നു. "പുറത്ത് ആള് കാത്തുനില്‍ക്കുന്നു". ബഷീര്‍ക്കയാണ്. വണ്ടിയോടിക്കാന്‍ ഗഫൂര്‍ക്ക ഏര്‍പ്പാട് ചെയ്ത ആളാണ്. ഒരു ചാപ്ലിന്‍ സ്റ്റൈല്‍ മീശയും പഴയ ഇന്ദ്രന്‍സിന്റെ തടിയുമൊക്കെയുള്ള ഒരു മധ്യ വയസ്കന്‍ . പരിചയപ്പെട്ട ഉടനെതന്നെ മനസ്സിലായി ആള് ഇന്ന് ഞങ്ങളെ കത്തിവെച്ച് കൊല്ലുമെന്ന്. "ആദ്യം തോല്‍പ്പെട്ടി വനം, പിന്നെ ഗോപാല്‍ സാമി പേട്ട", ഞാനെന്റെ യാത്ര പരിപാടി അവതരിപ്പിച്ചു. എന്നാല്‍ വേഗം ഇറങ്ങാമെന്ന് ബഷീര്‍ക്ക.
ജോസേട്ടന്റെ പുട്ടും മുട്ടക്കറിയും കഴിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഉടനെതന്നെ ബഷീര്‍ക്കയുടെ കത്തിയും സ്റ്റാര്‍ട്ടായി. പിന്നെ വിശേഷങ്ങളുടെ പെരുമഴ. പഴയ പന്തുകളിക്കാരനാണത്രെ. ചെറുവാടിക്കാരുടെ പന്തുകളി പ്രേമത്തെപറ്റി ഒരു ഗവേഷണ കത്തി തന്നെ അവതരിപ്പിച്ചു ബഷീര്‍ക്ക.
ന്നാലും ഇത് വല്ലാത്തൊരു സ്നേഹപ്പാര ആയിപോയി ഗഫൂര്‍ക്ക. പക്ഷെ സംസാരം മാറ്റിനിര്‍ത്തിയാല്‍ ഒരു പാവം മനുഷ്യനാണ് ബഷീര്‍ക്ക. സ്ഥിരമായി ജോലിയൊന്നുമില്ല. "പലരും വിളിക്കും, അവര് വല്ലതും തരും. ഒരു ചെറിയ കുടുംബത്തിനു കഴിഞ്ഞുപോകാന്‍ മതിയാവും". ഗഫൂര്‍ക്കയെ കുറിച്ച് പറയുമ്പോള്‍ ബഷീര്‍ക്കക്ക് ഇരട്ടി ആവേശം.
വയനാട് മുഴുവന്‍ കാണാപാഠമാണ് ബഷീര്‍ക്കക്ക്. നാട്ടുവഴികളും കാട്ടുവഴികളുമൊക്കെ കടന്നു ഞങ്ങള്‍ തോല്‍പ്പെട്ടിയിലെത്തി.
ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടിലേക്ക് കയറുന്നതിനു തൊട്ടുമുമ്പുള്ള ഒരു ചെറിയ അങ്ങാടി. ബഷീര്‍ക്ക ഒരു പെട്ടികടയിലേക്ക് കയറി. ഞാനും. നല്ല എരുവൊക്കെ ചേര്‍ത്ത ഒരു മോര് സോഡ. ഇതെന്റെ ഫേവറിറ്റ് ആണ്. ബഷീര്‍ക്ക വെറ്റില മുറുക്കാന്‍ ഒരുങ്ങുന്നു. വേണോ എന്നായി എന്നോട്. ഒന്നും വേണ്ട എന്ന് പറഞ്ഞുള്ള ശീലം പണ്ടേ എനിക്കില്ല. മുമ്പ് ചെറിയൊരു കഷ്ണം തേങ്ങാപൂളും ചേര്‍ത്ത് പാതി വെറ്റിലയില്‍ വല്ല്യുപ്പ മുറുക്കാന്‍ തരുമായിരുന്നു. ഹഫിക്ക് നാണക്കേട് തോന്നിയെങ്കിലും ഞാന്‍ മുറുക്കാന്‍ തന്നെ തീരുമാനിച്ചു. പുകല വേണ്ട. യാത്ര കുളമാവും. ആ ചുറ്റുപാട് ചെറുതായൊന്നു കറങ്ങി ഞങ്ങള്‍ വണ്ടിയില്‍ കയറി.
ഇനി കാട്ടിലേക്ക്, എനിക്കാവേശം കയറി. കൂടുതല്‍ ഉള്ളിലേക്ക് .ബഷീര്‍ക്കക്ക് വല്യ സംസാരം ഒന്നുമില്ല. ശ്രദ്ധ മുഴുവന്‍ ഡ്രൈവിങ്ങിലാണ്. ഇനി ഒരു ആനപ്പേടി കഷിക്കും ഉണ്ടോ? പോകുന്ന വഴിയിലെങ്ങാനും കുറുകെ ഒരു കാട്ടുവീരന്‍ ? ഇതുവരെയുള്ള മൂപ്പരുടെ പെര്‍ഫോര്‍മന്‍സ് വെച്ച് നോക്കുമ്പോള്‍ അങ്ങിനെ ഒരു സംശയം ന്യായം.
ഏതായാലും ഈ തവണ യാത്ര മുതലായി. കാരണം സാമാന്യം എല്ലാ മൃഗങ്ങളും ദര്‍ശനം തന്നു. ആനകളൊക്കെ നല്ല പരിചയക്കാരെപോലെ ഒരല്പം വിട്ടുമാറി തന്നെ നിന്നു. അതുകൊണ്ട് ഹഫിക്ക് മര്യാദക്ക് ശ്വാസം വിടാന്‍ പറ്റി. എനിക്കും. കൂടാതെ കാട്ടുപോത്തുകളുടെ ഒരുഗ്രന്‍ ഗുസ്തിയും കണ്ടു.
വളരെ രസകരമായൊരു കാട്ടുസവാരിയും കഴിഞ്ഞ് ഞങ്ങള്‍ മാനന്തവാടി വന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ഗുണ്ടല്‍പ്പേട്ട വഴി ഗോപാല്‍ സാമി പേട്ടയിലേക്ക് .
ഈ സുന്ദരമായ അതോടൊപ്പം കടുപ്പവുമായ വഴികളിലൂടെ വണ്ടിയോടിക്കാനുള്ള എന്റെ പൂതി ബഷീര്‍ക്ക അപ്പീലിന് പോലും അവസരം നല്‍കാതെ നിര്‍ദയം തള്ളി.
ചുരം കയറി ഗോപാല്‍ സാമി പേട്ടയിലെത്തി. അതിസുന്ദരമായ സ്ഥലം. ദൈവം നേരിട്ട് ഇടപ്പെട്ട പ്രകൃതി ഭംഗി. പലവട്ടം ഇവിടെ വന്നിട്ടുണ്ട്. ബഷീര്‍ക്കയെ അവിടെ വിട്ടിട്ട് ഒരു റൊമാന്റിക് ഡ്യൂയറ്റും മനസ്സില്‍ പാടി ഞാനും ഹഫിയും ഒന്ന് കറങ്ങി. ഈ കുന്നിനു മുകളില്‍ തന്നെ വലിയൊരു ക്ഷേത്രം ഉണ്ട്. പ്രതിഷ്ഠ ഏതാണെന്നൊന്നും എനിക്കറിയില്ല. അവിടെ കയറുന്നത് തെറ്റാണോ എന്നും അറിയില്ല. ഉള്ളില്‍ കയറിയില്ലെങ്കിലും ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ കറങ്ങി. കയറരുതെന്ന് പറയുന്ന ഒരു സൂചികയും അവിടെ കണ്ടില്ല. ഇനി തെറ്റെങ്കില്‍ എന്റെ ഹിന്ദു സഹോദരങ്ങള്‍ ക്ഷമിക്കുക. ഏതായാലും സുന്ദരമായ ഈ പ്രകൃതിയില്‍ ആ ക്ഷേത്രത്തിന്റെ നില്‍പ്പിനു ഒരു പ്രൌഡി ഉണ്ട്.
ബഷീര്‍ക്ക തിരഞ്ഞു വന്നു. "വേഗം മടങ്ങണം . കോടമഞ്ഞിറങ്ങിയാല്‍ പിന്നെ ചുരമിറങ്ങാന്‍ പറ്റില്ല". ഞങ്ങള്‍ തിരിച്ചിറങ്ങി.
ഓരോ യാത്രയും മനസ്സില്‍ പതിച്ചുവെക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില അടയാളങ്ങള്‍. ഒരു ഗ്രാമം, ദേശം, വ്യക്തി ഇങ്ങിനെ പല പല ബിംബങ്ങളിലൂടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായാതെ മനസ്സിലങ്ങിനെ കിടക്കും ചില ഓര്‍മ്മകള്‍. ഇതും ഒരു പഴയ യാത്രയാണ്. എന്നാലും ഇന്നലെ പോയ പോലെയാണ് ഞാനീ കുറിപ്പെഴുതുന്നത്. കാരണം ആ യാത്രയുടെ ആവേശം ഇന്നും എന്റെ മനസ്സില്‍ സജീവമായുണ്ട്. മച്ചാനെയും സഫിയാത്തയേയും ഞങ്ങള്‍ പിന്നെയും കണ്ടിട്ടുണ്ട്. പിന്നീടൊരിക്കലും ഒന്ന് സംസാരിക്കാന്‍ പോലും പറ്റാതെ വിടപറഞ്ഞതാണ് ഗഫൂര്‍ക്ക.
ബഷീര്‍ക്കയും ജോസേട്ടനും ഈ യാത്രയോടെ ബന്ധം നഷ്ടപെട്ടവരാണ്. പക്ഷെ അവരിന്നും എന്റെ ഓര്‍മ്മകളിലുണ്ട്. ഏതെങ്കിലും ഒരു യാത്രയില്‍ എവിടെവെച്ചോ അവരെ കണ്ടുമുട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഗൂഡല്ലൂര്‍ വഴിയാണ് മടക്കം. എനിക്കിഷ്ടപ്പെട്ട സ്ഥലമാണിത്. ഒരു സ്കൂള്‍ ടൂറില്‍ കയറിപ്പറ്റിരിഷ്ടം. ഇവിടെത്തുമ്പോള്‍ അറിയാതെ മൂളുന്നൊരു പാട്ടുണ്ട്. "ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ...ഓലതുമ്പത്താടാന്‍ വാ..." . അന്ന് സ്കൂള്‍ ടൂര്‍ ഇവിടെയെത്തുമ്പോള്‍ ബസ്സിലെ സ്റ്റീരിയോയില്‍ ഈ പാട്ടായിരുന്നു. ഞങ്ങള്‍ കുട്ടികളെല്ലാം കൂടി ഇതിനോടൊപ്പം ചേര്‍ന്നുപാടി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനിതോര്‍ക്കുന്നത് നേരത്തെ പറഞ്ഞ യാത്രയിലെ ആ പ്രത്യേകതകള്‍ കൊണ്ട് തന്നെയാണ്.
പല യാത്രകളിലും ഒരു റിഫ്രഷ്മെന്റ് പോയിന്റ് ആയി വരാറുള്ള സ്ഥലമാണ് ഗൂഡല്ലൂര്‍. കച്ചവടക്കാര്‍ കൂടുതലും മലയാളികള്‍. കുടിയേറി പാര്‍ത്തവര്‍. കരുവാരകുണ്ടിലുള്ള ഹബീബിന്റെ കടയില്‍ നിന്നാണ് പല യാത്രയിലും വെള്ളവും ഫ്രൂട്ട്സും ഒക്കെ വാങ്ങാറുള്ളത്.
മടക്കം നാട്ടിലേക്ക് തന്നെയാണ്. പക്ഷെ ബഷീര്‍ക്ക വീട് വരെ വരുമെന്ന് നിര്‍ബന്ധം പിടിച്ചു. മുമ്പത് ഗഫൂര്‍ക്കയോടുള്ള കടപ്പാടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളോടുള്ള സ്നേഹം കൂടിയാണ്. അല്ലേല്ലും തിരിച്ചു വയനാട് വഴി മടങ്ങാനും പറ്റില്ല. രാത്രിയിലെ യാത്രക്ക് ഞങ്ങളെ ഒറ്റയ്ക്ക് വിടാന്‍ ആ നല്ല മനുഷ്യന് താല്പര്യമില്ല. ഒന്നാലോചിക്കുമ്പോള്‍ എനിക്കും അത് സ്വീകാര്യമായി തോന്നി. കാരണം വണ്ടിയോടിക്കാനല്ലാതെ അതിനെന്തെങ്കിലും പറ്റിയാല്‍ ഒരു ടയറു പോലും മാറ്റാന്‍ കഴിയാത്ത ഞാന്‍ കുഴങ്ങിയത് തന്നെ. ചെറുവാടിയില്‍ നിന്നും വയനാട്ടിലേക്ക് അധികം ദൂരവുമില്ല.
വേണമെങ്കില്‍ ഇന്നിവിടെ തങ്ങി ചില സ്ഥലങ്ങള്‍ കൂടി കണ്ടു നാളെ മടങ്ങാം. പക്ഷെ എനിക്ക് മടങ്ങണമെന്ന് തോന്നി. കാരണം പ്രവാസികളുടെ അവധികാലം അവരുടേത് സ്വന്തമല്ല. അവരെക്കാളും അതാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും രക്ഷിതാക്കളാണ്. വര്‍ഷത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ മാസം എന്റെ സ്വകാര്യ സന്തോഷത്തിനു മാത്രമായി മാറ്റി വെക്കാന്‍ എനിക്ക് താല്പര്യമില്ല. ഏത് നാട്ടില്‍ ചെന്നാലും എന്ത് കാഴ്ചകള്‍ കണ്ടാലും അവരുടെ സന്തോഷത്തിന് പകരമാവുമോ? അവരുടെ സ്നേഹത്തിന് പകരമാവുമോ? അല്ലെങ്കില്‍ ഈ നട്ടപാതിരക്ക് ഞങ്ങള്‍ സുരക്ഷിതരായി വരുന്നതും കാത്ത് അവരുറങ്ങാതെ കാത്തിരുന്നത് മറ്റെന്തിനാണ്?
ഫോട്ടോസ് - ഇരുവഴിഞ്ഞി. കോം , ഷക്കീബ് കൊളക്കാടന്‍
Saturday, October 2, 2010
വയനാടന്‍ കുളിര്‍ക്കാറ്റ് (2)
എട്ട് മണിക്ക് ഉണരനാണ് പരിപാടിയിട്ടതെങ്കിലും ഹഫി നേരത്തെ തന്നെ വിളിച്ചുണര്‍ത്തി. പാവം, ആനയെ പേടിച്ച് രാത്രി ഉറങ്ങിയില്ലെന്നു തോന്നുന്നു. പക്ഷെ അതൊരനുഗ്രഹമായി. കാരണം അത്രക്കും സുന്ദരമായ ഒരു വയനാടന്‍ പ്രഭാതം കാണാനായി. ചെമ്പ്ര കുന്നില്‍ നിന്നും മഞ്ഞ് ഇറങ്ങിതുടങ്ങുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തില്‍ തെയിലചെടികളിലെ മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു. പാടിയുടെ മുറ്റത്ത് കുറെകൂടി പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. കുളി തീര്‍ച്ചയായും അരുവിയില്‍ തന്നെയാവണം. തണുപ്പുണ്ടാകുമെന്ന് മച്ചാന്‍ പറഞ്ഞെങ്കിലും ഞാന്‍ അവഗണിച്ചു. തണുത്താലും ഈ ഒരു സന്തോഷം വേണ്ടെന്നു വെക്കാന്‍ എന്നിലെ പ്രവാസിക്ക് സാധ്യമല്ല. കാരണം അവധികാലത്തില്‍ വീണുകിട്ടുന്ന ഈ സന്തോഷങ്ങളാണ് ഞങ്ങളുടെ ഊര്‍ജ്ജം. പറഞ്ഞപോലെ നല്ല തണുപ്പുണ്ട്. എന്നാലും ആസ്വദിച്ചൊരു നീരാട്ട് നടത്തി ഞാന്‍ കയറി. പ്രാതലിനുള്ള മെനു എന്റെ സെലക്ഷനാണ്. കപ്പയും ചമ്മന്തിയും. സഫിയാത്തക്ക് അല്പം ചമ്മലുണ്ടെങ്കിലും ഞാന്‍ വിട്ടില്ല. നല്ല നാടന്‍ കാന്താരിമുളകിട്ടരച്ച ഈ ചമ്മന്തിയുടെ രുചി കഴിഞ്ഞിട്ടേ ഏത് ഫൈവ് സ്റ്റാര്‍ ഡിഷും വരൂ..
ഇനി ഇറങ്ങാന്‍ സമയമായി. ഈ സ്നേഹത്തിന് എങ്ങിനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ സുന്ദരമായ ഒരു ദിവസം നല്‍കിയ മച്ചാനും സഫിയാത്തക്കും കുട്ടികള്‍ക്കും, ഈ വയനാടന്‍ പ്രകൃതിപോലെ സുന്ദരമായ ഒരു ജീവിതം അവരിലും നിറയട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.
"ഞങ്ങള്‍ തിരിച്ചുപോകുന്നതിന് മുമ്പ് എല്ലാരും നാട്ടില്‍ വരണം" . ഹഫിക്ക് നല്ല വിഷമമുണ്ട്. സഫിയാത്തക്കും. തേയില നുള്ളുന്ന ഒന്ന് രണ്ടു പെണ്‍കുട്ടികളെ പേരെടുത്തു വിളിച്ച് അവള്‍ യാത്ര പറഞ്ഞു, അത്ഭുദം. ഞങ്ങളിറങ്ങി.
നേരെ പോവേണ്ടത് പടിഞ്ഞാറത്തറ pwd റസ്റ്റ് ഹൗസിലേക്കാണ്. പക്ഷ അതിനു മുമ്പ് ഗഫൂര്‍ സാഹിബിനെ കാണാം. ഉപ്പയുടെ പ്രിയ സുഹൃത്ത്. വയനാട് DFO ആണ്. ഞങ്ങള്‍ വരുന്ന വിവരം ഉപ്പ വിളിച്ച് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ കയറി ഗഫൂര്‍ സാഹിബിനെ കണ്ടു. സിഗരറ്റില്‍ നിന്നും സിഗരറ്റിലേക്ക് തീ കൊളുത്തി ഗഫൂര്‍ക്ക വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി, ഞങ്ങള്‍ നല്ല കേള്‍വിക്കാര്‍ മാത്രം. നിങ്ങള്‍ റൂമില്‍ പോയി വിശ്രമിക്ക്. ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ വരാം. എന്നിട്ടാവാം ബാണാസുര സാഗര്‍ ഡാമില്‍ കയറാന്‍ .
ഗസ്റ്റ് ഹൗസില്‍ ജോസേട്ടന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുമ്പിവിടെ വന്നപ്പോഴും കുക്ക് ജോസേട്ടന്‍ തന്നെ. ഗഫൂര്‍ക്കയുടെ വിളി കൂടി വന്നപ്പോള്‍ ജോസേട്ടന് സ്നേഹം കൂടി. ചായ വന്നു. യാത്ര വെയിലാറിയിട്ട് തന്നെയാണ് നല്ലത്. പുല്‍ത്തകിടിയില്‍ കസേരയിട്ട് ഞങ്ങള്‍ കുറച്ചു നേരം പരദൂഷണം പറഞ്ഞിരുന്നു. പിന്നെ ആനപ്പേടി കൊണ്ടുപോയ പാതിയുറക്ക് തീര്‍ക്കാന്‍ ഹഫി പോയി. "ഉച്ചക്കെന്താ വേണ്ടത്?" . ജോസേട്ടന്റെ കൈപ്പുണ്യം നേരത്തെ അറിയുന്നതുകൊണ്ട് തീരുമാനം ജോസേട്ടന് തന്നെ വിട്ടു. മരങ്ങളും പച്ചപ്പും നോക്കി ഞാനും ആ കസേരയില്‍ ഇരുന്നുതന്നെ ഉറങ്ങിപോയി. മൊബൈല്‍ റിങ്ങ് ചെയ്യുന്നു. ഉപ്പയാണ്. സൂക്ഷിച്ച് ഡ്രൈവ് ചെയ്യണം തുടങ്ങി പതിവ് ഉപദേശങ്ങള്‍. "എപ്പോള്‍ തിരിക്കും?" ഞാന്‍ പറഞ്ഞു " നാളെ അല്ലെങ്കില്‍ മറ്റന്നാള്‍. ". ഫോണ്‍ വെച്ചു. ഊണ് റെഡിയായെന്ന് ജോസേട്ടന്‍ വന്നു പറഞ്ഞു. നല്ല മീനൊന്നും കിട്ടിയില്ല. മത്തിയേ ഉള്ളൂ. "മതിയല്ലോ. ജോസേട്ടന്‍ പൊരിക്കുമ്പോള്‍ അതിന് രുചി കൂടും". ഞാനൊന്ന് സുഖിപ്പിച്ചു.
ഒരു മൂന്ന് മണിയായപ്പോഴേക്കും പുറത്തു ജീപ്പിന്റെ ശബ്ദം കേട്ട്. ഗഫൂര്‍ക്കയാണ്. ഒരു കിടിലന്‍ ബൈനോകുലറെല്ലാമായി സെറ്റപ്പിലാണ്. "നടക്കാം" ഞങ്ങള്‍
ഡാമിലേക്ക് കയറി. സിഗരറ്റിനും ഗഫൂര്‍ക്കയുടെ നാവിനും വിശ്രമമില്ല. " മുടിഞ്ഞ ടെന്‍ഷന്‍ കയറുമ്പോള്‍ ഞാനിവിടെ വരും. വല്ലാത്തൊരു ആശ്വാസം കിട്ടും ഇവിടിരിക്കുമ്പോള്‍." ഗഫൂര്‍ക്ക സംഭാഷണം തുടര്‍ന്നു. "നിങ്ങള്‍ ഒന്ന് നടന്നു വാ.ഞാനിവിടെ കാണും", ഞങ്ങള്‍ പതുക്കെ നടന്നു. കണ്ണുകള്‍ രണ്ടു പോര ഈ ഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍ . വാകുകളും ഇല്ല വിവരിക്കാന്‍ .എഴുതാന്‍ കഴിയാതെ പോകുന്ന ഒരുപാട് കവിതകള്‍ മനസ്സില്‍ വിരിയുന്നു.
തിരിച്ചുനടന്നു. "ഒരു ബോട്ട് സവാരി ആയാലോ " എന്ന് ഗഫൂര്‍ക്ക. പറഞ്ഞു തീരും മുമ്പ് ഹഫി ബോട്ടില്‍ കയറി. എനിക്ക് താല്പര്യമില്ല. സത്യം പറഞ്ഞാല്‍ പേടി തന്നെ.
നീന്തലറിയില്ലെങ്കില്‍ പേടി കാണില്ലേ?.
"ഗഫൂര്‍ക്കാ, ഇതില് മുതല കാണുമോ?" കയറിയതിനെക്കാള്‍ വേഗത്തില്‍ ഹഫി തിരിച്ചിറങ്ങി. എന്റെ ചോദ്യവും അവളുടെ ചാട്ടവും ഗഫൂര്‍ക്കക്ക് നല്ല ചിരിയായി. വനം മന്ത്രി അല്ല ഇനി മുഖ്യന്‍ നേരിട്ട് വന്നു ചീത്ത വിളിച്ചാലും ഡി എഫ് ഓക്ക് ഇനി ഒരു ടെന്‍ഷനും ബാക്കി കാണില്ല. മുതല ഇല്ലെന്നു DFO നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടും
അവള് കയറിയില്ല. പുലി, ആന, മുതല. എല്ലാമായി. ഒന്നും വന്നതും ഇല്ല. പേടിക്കാന്‍ ഈ പേര് തന്നെ ധാരാളം.
നേരമിരുട്ടി. ഞങ്ങള്‍ തിരിച്ച് ഗസ്റ്റ് ഹൗസിലെത്തി. ഗഫൂര്‍ക്കക്ക് നാളെ എന്തോ റിപ്പോര്‍ട്ടിംഗ് ഉണ്ട്,ഭക്ഷണം നേരത്തെ എടുക്കാന്‍ ജോസേട്ടനോട് പറഞ്ഞു. കമ്പിളികൊണ്ട് പുതച്ചു ഞങ്ങള്‍ മുറ്റത്തിരുന്നു. ഗഫൂര്‍ക്കയുടെ ആനകഥകളും നായാട്ടു കഥകളും കേട്ട് ഹഫി നല്ല ത്രില്ലിലാണ്. ജോസേട്ടന്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും എടുത്തുവെച്ചു. ഗഫൂര്‍ക്കയുടെ മീശക്കും ചുണ്ടിനുമിടക്കൂടെ ചിക്കന്‍ പീസുകള്‍ കയറിയിറങ്ങുന്ന വേഗം കണ്ട് ഞാനും മാക്സിമം കോന്‍സ്രണ്ടേഷന്‍ അതിലാക്കി.
ഈ കാര്യത്തില്‍ കൊംപ്രമൈസ് ഇല്ല ഓഫീസര്‍.
"അടുത്ത ആഴ്ച ചെറുവാടിയിലേക്ക് വരുന്നുണ്ട്. ഉപ്പയെ കണ്ടിട്ട് കുറെയായി" പിന്നെ നാളെ നിങ്ങള്‍ക്ക് കറങ്ങാന്‍ പോവാന്‍ ഒരാള് വരും. വണ്ടി അയാള് ഓടിച്ചോളും. നീ ഡ്രൈവ് ചെയ്യേണ്ട". ഈ ശബ്ദത്തിനു ഒരു ഓഫീസര്‍ ചുവയുണ്ട്. ഇത് ഉപ്പയും ഗഫൂര്‍ക്കയും ഒപ്പിച്ച പാരയാണ്. ഗഫൂര്‍ക്ക പോയി. വലിയ ശരീരത്തില്‍ ഒത്തിരി സ്നേഹവുമായി അടിപൊളിയായി ജീവിക്കുന്ന നല്ലൊരു മനുഷ്യന്‍ ..
ഇന്ന് ഉപ്പയും ഗഫൂര്‍ക്കയും ഇല്ല. ഈയടുത്ത് ഹാര്‍ട്ട് അറ്റാക്കായി മരിച്ചു. ഉപ്പ സ്നേഹിച്ച, ഉപ്പയെ സ്നേഹിച്ച ആ പ്രിയ സുഹൃത്തിന് ഒരു പ്രണാമം കൂടിയാവട്ടെ ഈ കുറിപ്പ്.
(എഴുതിയെഴുതി കൈവിട്ട് പോകുന്നു. ഒരു പോസ്റ്റില്‍ കൂടി സഹിക്കാന്‍ പറ്റുമെങ്കില്‍ അറിയിക്കുക. ഇല്ലെങ്കില്‍ ദേ..ഇവിടെ നിര്‍ത്തി)
Monday, September 20, 2010
വയനാടന്‍ കുളിര്‍ക്കാറ്റ്
ഒരിക്കലും മടുപ്പിക്കാത്ത യാത്രകളാണ് വയനാട്ടിലേക്ക്. ഇവിടത്തെ കാഴ്ചകളെപ്പറ്റി ഒരുപാട് ലേഖനങ്ങളും യാത്രാവിവരണങ്ങളും ബൂലോകത്തില്‍ തന്നെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥലങ്ങളെയും കാഴ്ചകളെയും പരിചയപ്പെടുത്താതെ, ഈ യാത്ര നല്‍കിയ വ്യക്തിപരമായ സന്തോഷവും അനുഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.
ചെമ്പ്ര കുന്നിന്റെ താഴ്വാരങ്ങളില്‍ നിന്നുമാണ് ഞങ്ങളുടെ ഈ യാത്ര തുടങ്ങുന്നത്. നേരത്തെ വിളിച്ചുപറഞ്ഞതിനാല്‍ ഞങ്ങളെ കാത്ത് മച്ചാന്‍(ശിഹാബ്) കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടില്‍ ഒരു കരാര് ജോലിയുമായി ബന്ധപ്പെട്ട് സഹോദരന്‍ വഴി മച്ചാനെ നേരത്തെ അറിയാം. ഇപ്പോള്‍ ഇവിടെ തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നു. മച്ചാന്‍ നേരെ പാടിയിലേക്ക് ( ഇവരുടെ കോര്‍ട്ടേഴ്സിന് "പാടി" എന്ന് പറയും) കൂട്ടികൊണ്ടുപോയി. തേയില തോട്ടത്തിനിടയില്‍ രണ്ട് മുറിയും അടുക്കളയുമായി ഒരു കൊച്ചു സുന്ദരന്‍ വീട്. ചെറിയ മുറ്റത്ത് നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ജമയന്തിയും ഡാലിയയും പിന്നെ പേരറിയാത്ത പലതരം വര്‍ണ്ണത്തിലുള്ള പൂക്കള്‍. ഒന്നിനും മണമില്ല. പക്ഷെ സുഗന്ധം മുഴുവനും മച്ചാന്‍റെയും സഫിയാത്തയുടെയും ജീവിതത്തിലുണ്ട്. പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്‍കിയ സ്നേഹം. ഈ പ്രകൃതിയുടെ സൗന്ദര്യം തുടര്‍ന്നും ഇവരുടെ ജീവിതത്തില്‍ നിറയട്ടെ.
സഫിയാത്ത ചായയും പലഹാരങ്ങളും എടുത്തുവെച്ചു. നല്ല തകര്‍പ്പന്‍ വയനാടന്‍ ചായ. യാത്രാക്ഷീണം അതില്‍ തീര്‍ന്നു. ചെമ്പ്രക്കുന്ന് കയറണമെന്ന് പറഞ്ഞപ്പോള്‍ മച്ചാന്‍ വിലക്കി. "വേണ്ട, നന്നായി ക്ഷീണിക്കും. ഒരു ദിവസം വെറുതെ പോവും. ചിലപ്പോള്‍ പുലി എങ്ങാനും?" മുഴുവനാക്കിയില്ല, കോറസ്സായി വേണ്ട എന്ന് പറഞ്ഞു. അത് ചിലപ്പോള്‍ മച്ചാന്‍ വെറുതെ പറഞ്ഞതാവും. ഏതായാലും പരീക്ഷണം വേണ്ട. അല്ലാതെ ഒത്തിരി കാണാനുണ്ടെന്ന് മച്ചാന്‍. എവിടെപോയാലും ഉച്ചക്ക് ഭക്ഷണത്തിന് തിരിച്ചെത്തണമെന്ന് സഫിയാത്ത ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ പാടിയുടെ പിന്നിലൂടെ താഴോട്ടിറങ്ങി. പാടിക്കു തൊട്ടു പിറകില്‍ തന്നെ കാട്ടരുവി. കുന്നിനു മുകളില്‍ നിന്നും ഒലിച്ച് കൊച്ചു കാടിന് നടുവിലൂടെ ഒഴുകിവരുന്ന ഈ കാഴ്ച കണ്ണുകള്‍ക്ക് ഉത്സവമാണ്. നല്ല തെളിഞ്ഞ വെള്ളം. കുടിക്കാനും ഉപയോഗിക്കുന്നത് ഇതുതന്നെ. മച്ചാന്‍ പറഞ്ഞു. നിറയെ വര്‍ണ മത്സ്യങ്ങള്‍. അധികം ആലോചിച്ചുനിന്നില്ല. ഞാന്‍ പാന്‍റും വലിച്ചെറിഞ്ഞ് വെള്ളത്തിലേക്കിറങ്ങി. കരുതിയപോലെ തണുപ്പല്ല വെള്ളത്തിന്. നല്ല ഇളം ചൂട്. കയറാന്‍ തോന്നിയില്ല.
കുറെ താഴോട്ട് പോയാല്‍ നിറയെ ഓറഞ്ച് കിട്ടുമെന്ന് മച്ചാന്‍ പറഞ്ഞപ്പോള്‍ തിരിച്ചുകയറി. കാട്ടിനുള്ളില്‍ ചെറിയൊരു ചോലക്ക് ചുറ്റുമായി നിറയെ ഓറഞ്ചു മരങ്ങള്‍. പഴുത്തത്. വലിഞ്ഞ് മരത്തില്‍ കയറിപ്പറ്റി. ഒരു കുലുക്കിന് തന്നെ കുറെ താഴെ വീണു. മായം ചേര്‍ത്തതല്ല.കാട് നേരിട്ട് തരുന്നത്. അതിന്റെ മെച്ചം രുചിയിലും ഉണ്ട്.
ചോലക്കരികിലെ ചെറിയ കാല്‍പാദങ്ങള്‍ നോക്കി മച്ചാന്‍ പറഞ്ഞു. "പുലി വെള്ളം കുടിക്കാന്‍ വന്നതാവും" പടച്ചോനെ..!തിരിച്ചോടിയാലോ? ഞങ്ങളുടെ പേടി കണ്ടിട്ടോ എന്തോ ,മച്ചാന്‍ പറഞ്ഞു. "പേടിക്കേണ്ട. പുലിയൊന്നുമില്ല,ഇത് മാനിന്‍റെതാണ്".ഏതായാലും തിരിച്ചുകയറുമ്പോള്‍ വേഗത കൂടുതലാണ്. പിന്നെ മച്ചാന്‍ നയിച്ചത് ചെറിയൊരു കുടിലിലേക്ക്. "ഇവിടെ നല്ല കാട്ടുതേന്‍ കിട്ടും". ഒരമ്മൂമ്മ മുള കൊണ്ടുള്ള തവിയില്‍ കുറച്ചു കയ്യിലൊഴിച്ചു തന്നു. "പടച്ചോനെ..ഇതാണോ തേനിന്‍റെ ഒറിജിനല്‍ രുചി?".ഞങ്ങള്‍ കുറേ വാങ്ങി.എല്ലാര്‍ക്കും കൊടുക്കാലോ.
വീണ്ടും കാടിന്‍റെ മറ്റൊരു ഭാഗത്തേക്ക്. ഇവിടെ നിറയെ പേരക്കയും നെല്ലിക്കയും. മച്ചാന്‍ കുറേ പറിച്ച് ബേഗിലാക്കി.
ഉച്ച ഭക്ഷണത്തിന് സമയമായി. കാടിന് പുറത്തുകടന്ന് ശ്രീമതി കാണാതെ തേയില നുള്ളുന്ന സുന്ദരികളെയും നോക്കി പാടിയിലെത്തി. സഫിയാത്ത നല്ല നാടന്‍ വിഭവങ്ങളുമായി ഉഗ്രന്‍ സദ്യ ഒരുക്കിയിട്ടുണ്ട്. പുലിയെ പേടിച്ചു കഴിച്ചതെല്ലാം ആവിയായിപോയ ഞങ്ങള്‍ക്ക് ഒന്നും നോക്കാന്‍ സമയമില്ല. തിരിച്ച് പാത്രങ്ങള്‍ എടുക്കുമ്പോള്‍ സഫിയാത്തക്ക് ഭാരം തോന്നികാണില്ല. അവര്‍ക്ക് കഴിക്കാന്‍ ഇനി വേറെ പാകം ചെയ്തിട്ട് വേണ്ടിവരും. പാടിയുടെ തിണ്ണമ്മേല്‍ വിശ്രമം. എനിക്കല്ല. വയറിന്. ഹഫി സഫിയാത്തയോടൊപ്പം
തേയില തോട്ടത്തില്‍ കയറി. തേയില നുള്ളുന്ന പെണ്‍കുട്ടികളോട് അവളെന്തൊക്കെയോ ചോദിക്കുന്നു. സഫിയാത്തയാണ് പരിഭാഷക. അവളുടെ മലയാളം അവരുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. രസകരം തന്നെ.ഞാനൊന്ന് മയങ്ങി. മച്ചാന്‍ വിളിച്ചുണര്‍ത്തി. എസ്റ്റേറ്റ് റോഡിലൂടെ ഒരു സവാരിയാവാം. ഞങ്ങള്‍ ഉത്സാഹത്തോടെ ഇറങ്ങി. ഡ്രൈവിംഗ് രസകരമാണ് ഈ വഴികളിലൂടെ. ഇടയ്ക്കിടയ്ക്ക് കാട്ടുമുയലുകള്‍ വട്ടം ചാടുന്നു. വേണമെങ്കില്‍ ഒന്നിനെ ഒപ്പിച്ച് കറിവെക്കാമെന്ന് മച്ചാന്‍ തമാശയായി പറഞ്ഞു. മറുപടി ഞാന്‍ സീരിയസ് ആയിത്തന്നെ പറഞ്ഞു. "വേണ്ട. ഇതവരുടെ കൂടി ലോകമാണ്. അവയും കൂടി ചേര്‍ന്നതാണ് ഈ പ്രകൃതിയുടെ ഭംഗി. തേയിലച്ചെടികള്‍ക്കുള്ളിലൂടെ അവരങ്ങിനെ തുള്ളികളിക്കട്ടെ.
രാത്രി സഫിയാത്തയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. മേപ്പാടി ടൗണില്‍ വന്ന് പൊറോട്ടയും ബീഫും വാങ്ങിച്ചു. തിരിച്ചെത്തിയപ്പോള്‍ മച്ചാന്റെ കുട്ടികള്‍ സ്കൂള്‍ വിട്ട് വന്നിട്ടുണ്ട്. രണ്ട് കുസൃതികള്‍. ഇന്നിവിടെ തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ആ ഒരു സന്തോഷം വിട്ടുകളയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ക്കും സന്തോഷം.
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നല്ല തണുപ്പ് ഉണ്ടെങ്കിലും പുറത്ത് കിടക്കട്ടെയെന്ന് ഞാന്‍ ചോദിച്ചു. ഇവിടാരും പുറത്ത് കിടക്കാറില്ല. വല്ല കാട്ടാനയോ പുലിയോ ഒക്കെ ഇറങ്ങിയെന്നു വരും. ദേ വീണ്ടും പുലി ഭീഷണി. കൂട്ടിന് കാട്ടാനയും ഉണ്ട് ഇത്തവണ. റൂമിനകത്ത് കയറി വാതിലും പൂട്ടി.
"ഇക്കാ ഈ ചുമരിനൊന്നും അത്ര ഉറപ്പില്ലെന്നാ തോന്നണെ.."
മിണ്ടാതിരിക്കെടീ. ഞാനും അതാ ആലോചിക്കണേ.
"ഇനി ആനയെങ്ങാനും വരുമോ?".
നീ ഉള്ളിടത് ആന പോയിട്ട് അണ്ണാന്‍ പോലും വരില്ല. കിടന്നുറങ്ങ്.
പുറത്ത് എന്ത് ശബ്ദം കേട്ടാലും പേടി ടോപ് ഗിയറില്‍ ആവും. പെട്ടൊന്ന് വാതിലില്‍ മുട്ട്. പേടിച്ചുപോയി. മച്ചാനാണ്. "കാലത്ത് എപ്പോള്‍ വിളിക്കണം?".
ഉറങ്ങിയിട്ട് വേണ്ടേ ഉണരാന്‍. എട്ട് മണിക്ക് വിളിക്ക്. മച്ചാന്‍ പോയി. എപ്പോഴോ ഉറങ്ങി.
(ഒരു പോസ്റ്റില്‍ കൂടി സഹിക്കേണ്ടി വരും)
images from ഇരുവഴിഞ്ഞി. കോം
Sunday, September 5, 2010
ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.
പടച്ച തമ്പുരാന്‍ മുന്നില്‍ വന്ന് എന്നോട് എന്ത് വേണമെന്ന് ചോദിച്ചാല്‍ ഞാന്‍ കരുതിവെച്ച രണ്ട് ആവിശ്യങ്ങളുണ്ട്. ഒന്ന്, എന്റെ ഉപ്പയെ തിരിച്ചുതരുമോ എന്ന്, പിന്നെ ഒരു ദിവസത്തേക്കെങ്കിലും ആ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകുമോ എന്നും. രണ്ടും നടക്കില്ലെന്നറിയാം. എന്നാലും എന്റെ പകല്‍ കിനാവുകളില്‍ ഇത് രണ്ടും സംഭവിക്കാറുണ്ട്.
സ്കൂളും വിട്ടുവന്ന് ചായ പോലും കുടിക്കാതെ ഓട്ടമാണ് കട്ടപുറത്തേക്ക്. കട്ടപുറമെന്നാല്‍ ചെറുവാടിക്കാരുടെ കളിസ്ഥലമാണ്. തോടിനും വയലിനും മധ്യേയുള്ള വിശാലമായ സുന്ദരന്‍ ഭൂമി. ഫുട്ബാളും ക്രിക്കറ്റും ഷട്ടിലും തുടങ്ങി എല്ലാ താല്പര്യക്കാരെയും ഉള്‍കൊള്ളാന്‍ കട്ടപുറത്തിന് സ്ഥലം ബാക്കി. ഒരു ലോക്കല്‍ മെസ്സി ആകാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഞാന്‍ ക്രിക്കറ്റിലെ കൂടൂ. മുത്തയ്യ മുരളീധരനെ മാങ്ങയേറ്കാരനെന്നു വിളിക്കാന്‍ ഒരു ബേദിയെ കാണൂ എങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ എല്ലാരും എന്നെ അങ്ങിനെയാ വിളിച്ചത്. ഇന്നത്തെ കുട്ടികള്‍ക്ക് കളിക്കാനായി ഇപ്പോഴും അല്പം സ്ഥലം ബാക്കിയുണ്ടവിടെ. കൂടുതലും ഇഷ്ടിക കളമായി. ഞങ്ങള്‍ വല്ലപ്പോഴും ആരും കാണാതെ പുകവിടാന്‍ ഒളിച്ചിരുന്നിരുന്ന കുറ്റികാടുകളെല്ലാം ഇഷ്ടിക കളത്തിലെ പാണ്ടിപിള്ളേര്‍ക്ക് അപ്പിയിടാന്‍ സ്വന്തമായി. പിന്നത്തെ രസം തോട്ടിലെ ചൂണ്ടയിടല്‍.പിടിക്കുന്ന മീനിനെ കൊടുത്താല്‍ മണ്ണിര കോര്‍ത്തുതരാന്‍ കുട്ടികളെ കിട്ടും. തോടിന് കുറുകെ ഒരു കവുങ്ങിന്റെ ഒറ്റത്തടി പാലമുണ്ടായിരുന്നു. അതിന്റെ മുകളില്‍ കയറി ട്രിപീസ് കളിക്കുമ്പോള്‍ ഒടിഞ്ഞു താഴെ വീണു. നല്ല വെള്ളമുള്ള സമയവും. കൂടെയുള്ളവര്‍ ഇടപ്പെട്ടതുകൊണ്ട് ഈ കുറിപ്പ് പരലോകത്തിരുന്നു എഴുതേണ്ടി വന്നില്ല. പിന്നൊരിക്കല്‍ കൂടി ഈ തോട്ടില്‍ ചാടിയിട്ടുണ്ട്. അത് അബുകാക്കയുടെ കാള കുത്താന്‍ ഓടിച്ചപ്പോഴാണ്. വെള്ളം കുറവുള്ള സമയം ആയതുകൊണ്ട് ഞാന്‍ രക്ഷപ്പട്ടു. എന്നെ കുത്തി എന്ന ചീത്തപ്പേരില്‍ നിന്നും കാളയും. ഈ തോടിന്റെ കൈവരിയിലൂടെ നടന്നാല്‍ അങ്ങേയറ്റം ഇരുവഴിഞ്ഞിപുഴയാണ്. കളിയൊക്കെ കഴിഞ്ഞ് തോടിന്റെ കരയിലൂടെ തെച്ചിക്കായയും പറിച്ചു തിന്ന് മുളക്കൂട്ടങ്ങള്‍ക്കിടയിലെ കുളക്കോഴികളെയും കണ്ട് ഇരുവഴിഞ്ഞിവരെ നടക്കും. ഒരു ദിവസം കുളക്കോഴിക്ക് പകരം വന്നത് ഒരുഗ്രന്‍ പാമ്പ്. എനിക്കിഷ്ടപ്പെട്ടില്ല. എങ്കിലും ആ ഇഷ്ടയാത്ര പറ്റെ ഉപേക്ഷിച്ചില്ല. ഞാന്‍ മുന്നില്‍ നടക്കില്ല എന്ന് മാത്രം. കാരണം, ഇരുവഴിഞ്ഞിപുഴയുടെ തീരങ്ങളിലെ വൈകുന്നേരം ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ്. ചെറുവാടിക്കാരുടെ സുന്ദരിക്കുട്ടിയാണ് ഈ പുഴ. ഒരുകാലത്തും ഇവള്‍ ഞങ്ങളോട് പിണങ്ങിയിട്ടില്ല. കലക്ക് വെള്ളം പെട്ടന്നു തെളിയുന്നത് ഇതിന്റെ തീരത്തുള്ള അത്യപൂര്‍വ്വമായ ഔഷധ ചെടികളുടെ പ്രത്യേകത കൊണ്ടാണത്രേ.
പൊട്ടിത്തെറികളുടെ ആ കുട്ടിക്കാലം തിരിച്ചുവരാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. സൈക്കിള്‍ ഓടിക്കാന്‍ പഠിക്കാന്‍ ശ്രമിച്ചു ഒടിഞ്ഞത് കയ്യും കൂടെയൊരു പ്ലാസ്റ്ററും. പിന്നെ ദാസന്‍ ഗുരിക്കളുടെ ഉഴിച്ചില്‍. അന്ന് വേദനിച്ചെങ്കിലും ഇന്ന് ഓര്‍ക്കാന്‍ സുഖമുണ്ട്. ഇന്നും നാട്ടിലൊക്കെ പോകുമ്പോള്‍, ഞാനീ വയലിലും തോട്ടിലും കട്ടപ്പുറത്തും പിന്നെ പുഴയുടെ തീരങ്ങളിലും പോകാന്‍ സമയം മാറ്റിവെക്കും. ആ പഴയ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഇവിടങ്ങളില്‍ നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് കയറി വരുന്ന വികാരത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
പൊട്ടിത്തെറികള്‍ക്ക് വീട്ടില്‍ നിന്നും നല്ല പൊട്ടിക്കലും കിട്ടും. ഉപ്പ തല്ലാന്‍ വരുമ്പോള്‍ ഓടാത്തത് ഓടിയ വകയില്‍ രണ്ടെണ്ണം കൂടുതല്‍ കിട്ടും എന്ന് പേടിച്ചാണെങ്കില്‍ ഉമ്മാന്റെ തല്ല് കൊള്ളുന്നത് അത് കഴിഞ്ഞു വല്ല സ്പെഷലും കിട്ടും എന്നതിനാലാണ്. എന്നാലും ഉപ്പാന്റെ തല്ല് ഒന്ന് മതി. ഒരു ഏഴുമണിക്ക് മുമ്പേ വീട്ടിലെത്തണം എന്നൊക്കെ നിയന്ത്രണം ഉള്ള സമയം. പഞ്ചായത്ത് ടീവിയില്‍ സിനിമയും കണ്ടു നേരം വൈകിപ്പോയി. വീട്ടിലെത്തുമ്പോള്‍ ഉമ്മറത്ത് തന്നെ ഉപ്പയുണ്ട്.
"മന്‍സ്വാ... നീ ഇശാഹ് നിസ്കരിച്ചോ "? പെട്ടന്നു ഞാന്‍ മറുപടിയും പറഞ്ഞു. "അതെ ഉപ്പാ".
അടുത്ത ചോദ്യം. പള്ളിയില്‍ കറന്റ് ഉണ്ടായിരുന്നോ?
അങ്ങിനെ ചോദിക്കുമ്പോള്‍ ഉണ്ടാവാന്‍ ചാന്‍സില്ല എന്ന് എന്റെ ഒടുക്കത്തെ ബുദ്ധി തോന്നിച്ചു.
" ഇല്ലായിരുന്നു"
ട്ടപ്പേ...ട്ടപ്പേ . രണ്ടെണ്ണമേ കിട്ടിയുള്ളൂ. എന്റെ കറന്റ് പോയി, കാരണം പള്ളിയിലെ കറന്റ് പോയിട്ടില്ലായിരുന്നു.
രണ്ടെണ്ണം കിട്ടിയതിന്റെ വിശദീകരണവും തന്നു. ഒന്ന് നിസ്കരിക്കാത്തതിന്, രണ്ട് കള്ളം പറഞ്ഞതിന്.
സിനിമ കാണുന്ന സ്വഭാവം ഉപ്പക്കില്ല. പിന്നെങ്ങിനെ ഇതുപോലുള്ള സേതുരാമയ്യര്‍ സ്റ്റയില്‍ ചോദ്യങ്ങള്‍ വരുന്നു? വരും. ഇതുപോലുള്ള വിത്തുകള്‍ ഉണ്ടായാല്‍ സേതുരാമയ്യരല്ല, ഷെര്‍ലക് ഹോംസ് തന്നെ ആയിപോകും. പക്ഷെ അതോടെ രാത്രി സഞ്ചാരത്തിന്റെ നിരോധാജ്ഞ മാറ്റി അടിയന്തിരാവസ്ഥ ആക്കി.
പിന്നെ ഓരോ പ്രായം കൂടുമ്പോഴും ഉപ്പ കൂടുതല്‍ അയവുകള്‍ വരുത്തി. പതുക്കെ പതുക്കെ ഞാനെന്റെ ഉപ്പയെ തിരിച്ചറിയുകയായിരുന്നു. സ്നേഹത്തെ, ഉത്തരവാദിതത്തെ, സുഹൃത്തിനെ എല്ലാം ഉപ്പയില്‍ കാണാന്‍ കഴിഞ്ഞു. അത് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഞാന്‍ ഗള്‍ഫിലേക്ക് വന്നിട്ടും ആ ആത്മബന്ധത്തിന് ഒന്നും പറ്റിയില്ല. വിളിക്കാന്‍ വൈകിയാല്‍ ഉടനെയെത്തും വിളി. എന്റെ അവധികാലങ്ങല്‍ക്കായി എന്നെക്കാളും മുമ്പേ ഒരുങ്ങും ഉപ്പ. ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ പല പോസ്റ്റിലും കടന്നുവരുന്നതിന് മാപ്പ്. കാരണം, ഞാനാ വേര്‍പ്പാടിന്റെ വേദന ഇപ്പോഴുമറിയുന്നു.
അതുകൊണ്ട് തന്നെയാണ് ഉപ്പയെ തിരിച്ചുകിട്ടുമോ എന്ന് ഞാന്‍ മോഹിച്ചു പോകുന്നതും.
കട്ടപ്പുറം,
ഇഷ്ടികകളത്തിന് കുഴിയെടുത്ത് ഇപ്പോള്‍ നല്ല സുന്ദരന്‍ പൊയ്കയായി മാറിയ മറ്റൊരു ഭാഗം.
ഇരുവഴിഞ്ഞിപുഴയുടെ മറ്റൊരു ഭാഗം,
image courtesy cheruvady .com
Sunday, August 8, 2010
തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍
രണ്ട് കിലോമീറ്ററോളം നടന്നും കുന്ന് കയറിയും സ്കൂളില്‍ എത്തുമ്പോഴേക്കും ഫസ്റ്റ് ബെല്‍ അടിച്ചിട്ടുണ്ടാവും. അതൊകൊണ്ട് തന്നെ എന്റെ ഒരു സ്കൂള്‍ ദിവസം ആരംഭിക്കുന്നത് വാസുദേവന്‍ മാഷിന്റെ ഒരടി നിവേദ്യം വാങ്ങിച്ചാവും. കൊടിയത്തൂര്‍ പി.ടി.എം ഹൈ സ്കൂളിന് ഞാനൊരു ഭാരം അല്ലെങ്കിലും സ്കൂള്‍ എനിക്കൊരു ഭാരം തന്നെയായിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ ഫുള്‍ ഫോം പോലും അറിയാത്ത കാലത്ത് ഇതിലൊന്നിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് എന്നെ പിന്താങ്ങിയ മണ്ടത്ത് ശരീഫിന്റെ(മണ്ടത്ത് എന്നത് വിളിപ്പേര് ) വോട്ട് പോലും കിട്ടാതെ ഐശ്വര്യമായി തോറ്റുകൊണ്ടാണ് എന്റെ ഇവിടത്തെ മൂന്നു വര്‍ഷങ്ങള്‍ ആരംഭിക്കുന്നത്.
പത്താം ക്ലാസ്സൊന്ന് കഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചത് കോളേജില്‍ പോയി ചെത്താനൊന്നും ആയിരുന്നില്ല പകരം കണക്ക് പഠിക്കേണ്ടല്ലോ എന്ന റിലീഫിന് വേണ്ടി മാത്രം. അല്ലേലും എന്റെ കണക്ക് കൂട്ടലുകള്‍ എന്നും തെറ്റിച്ചിട്ടുള്ള വിഷയമാണ് കണക്ക്. അതുകൊണ്ട് തന്നെ തോമസ് മാഷിന്റെ ചൂരലിന് എന്നോട് ഭയങ്കര പ്രേമമായിരുന്നു. മായാദേവി ടീച്ചറുടെ ഹിന്ദിയും ഏതാണ്ടിങ്ങനെയൊക്കെ ആയിരുന്നു. ടീച്ചറും നന്നായി പൊട്ടിക്കും. അത് താങ്ങുന്നില്ല എന്നായപ്പോള്‍ ചെറിയൊരു കൂറുമുന്നണി ഉണ്ടാക്കി ഹെഡ് മാസ്റ്ററുടെ അടുത്ത് പരാതിപ്പെട്ടു. ടീച്ചര്‍ക്കത് വിഷമമായെങ്കിലും അടിയുടെ ഡോസ് കുറച്ചത് ആദ്യ സമരവിജയം.
ഏതായാലും ഞാനിപ്പോള്‍ മായാദേവി ടീച്ചറോട് മാപ്പ് ചോദിക്കുന്നു. മുജ്ജന്മ ദോഷം കൊണ്ടോ ഗ്രഹപിഴ കൊണ്ടോ എന്റെ ബ്ലോഗ് വായിക്കുന്നവരുടെ കൂട്ടത്തില്‍ ഏതെങ്കിലും പി.ടി.എം. ഹൈ സ്കൂള്‍ സ്റ്റുഡന്റ് ഉണ്ടെങ്കില്‍ ഈ മാപ്പപേക്ഷ ടീച്ചറെ അറിയിക്കുക. തീര്‍ന്നില്ല. ഒരു മാപ്പപേക്ഷ വത്സമ്മ ടീച്ചര്‍ക്കും കൊടുക്കണം. ഇത് രണ്ട് ഭാഗവും IPC പ്രകാരം കേസുള്ള വകുപ്പാണ്. എന്റെ ചെവി തീറെഴുതികിട്ടിയ പോലെയാണ് വത്സമ്മ ടീച്ചര്‍ പെരുമാറുന്നത്. ഒരു ദിവസം നരകം കാണിച്ച് പിച്ചുമ്പോള്‍ ഞാന്‍ ടീച്ചറുടെ കൈക്കിട്ട് നന്നായൊരു തട്ട് കൊടുത്തു. അതോടെ എന്റെ ചെവിയുടെ ആധാരം ടീച്ചര്‍ തിരികെത്തന്നു. കൂടെ ക്ലാസ് ടെസ്റ്റിന് കെമിസ്ട്രിക്കൊരു വട്ടപൂജ്യവും. ന്നാലും എന്റെ വത്സമ്മ ടീച്ചറെ, പാഠം മുഴുവന്‍ പത്തു പ്രാവിശ്യം എഴുതികൊണ്ട് വരേണ്ട ആ ശിക്ഷയുണ്ടല്ലോ, അത് ഒരുതരം കാപിറ്റല്‍ പണിഷ്മെന്റ് തന്നെ ആയിരുന്നു. ഒരു തവണക്ക് 50 പൈസ വെച്ച് പലവട്ടം എഴുതിതന്നതിന്റെ കാശ് അലിക്ക് ഇന്നും കടമാണ്. ഏതായാലും എന്റെ ഈ അപേക്ഷ സ്വീകരിക്കുക. മാപ്പ്.
ശൈലജ ടീച്ചറുടെ ക്ലാസ് ശ്രദ്ധിക്കാത്ത കുട്ടികള്‍ കാണുമോ? ഉണ്ടാവില്ല. കാരണം ഞാന്‍ പോലും ആ ക്ലാസില്‍ ശ്രദ്ധിക്കുന്നു എന്നതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം. നല്ലൊരു ആസ്വാദനമായിരുന്നു ടീച്ചറുടെ ക്ലാസ്. തല്ല് കിട്ടാതെയില്ല . പക്ഷെ വേദനിക്കില്ല. കാരണം വാത്സല്യത്തിന്റെ ഒരു നോവ് അതില്‍ കാണും.
ലീല ടീച്ചറുടെ ബയോളജി ക്ലാസ് നൈറ്റ് മെയറായിരുന്നു. പക്ഷെ തല്ലുക എന്ന പിന്തിരിപ്പന്‍ മൂരാച്ചി സമീപനങ്ങളിലൊന്നും ടീച്ചര്‍ക്ക് താല്പര്യമില്ല. പകരം എല്ലാം മിക്സ് ചെയ്തൊരു നോട്ടം. അത് മതി, തകര്‍ന്നുപോകും. എന്റെ ഒരു ഉത്തരം ടീച്ചറെ വല്ലാതെ ചിരിപ്പിച്ചിട്ടുണ്ട്. ഏതോ ഒരു ഉത്തരത്തിനിടയില്‍ എന്റെ കഷ്ടകാലത്തിനു ഞാന്‍ " മൂത്ര കുഴലിലൂടെ " എന്നോ മറ്റോ പറഞ്ഞു പോയി. ആദ്യം ടീച്ചര്‍ തരിച്ചിരുന്നു. പിന്നെ ചിരിച്ചിരുന്നു. എന്റെ സൗണ്ടിന്റെ ആംപിയര്‍ വളരെ കുറവായത്‌കാരണം അടുത്തിരിക്കുന്ന അന്‍സാര്‍ മാത്രമേ കേട്ടുള്ളൂ. അവനാണെങ്കില്‍ ഒരവസരം തന്നാല്‍ ഇതിലും വലുത് ഞാന്‍ കാച്ചാം എന്ന ഭാവം.
ഈ ചിരി പിന്നെ സ്റ്റാഫ് റൂമിലേക്കും പടര്‍ന്നെന്ന് എന്നോട് പറഞ്ഞത് പ്യൂണ്‍ മണിയേട്ടനാണ്. എന്നെ കാണുമ്പോള്‍ ചിരിവരുന്നത് കൊണ്ടോ എന്തോ കൂടുതല്‍ ചോദ്യങ്ങള്‍ പിന്നെ എന്നെ തേടിവരാരില്ല. ദൈവാനുഗ്രഹം ഇങ്ങിനെയും വരാം. അതോ ഇനിയൊരു വെടിക്കെട്ട് താങ്ങാനുള്ള ശേഷി ലീല ടീച്ചര്‍ക്ക് ഇല്ലാതെപോയോ? ഏതായാലും ഞാന്‍ രക്ഷപ്പെട്ടു. (എന്നാലും അങ്ങിനെ ഒരുത്തരം എവിടന്നു വന്നാവോ? )
സ്കൂള്‍ കാലം ഓര്‍ക്കുമ്പോള്‍ മറക്കാത്ത ഒരു പേരാണ് ആസ്യ ടീച്ചര്‍ .ഒരു അധ്യാപികയുടെ പക്വത, ഒരമ്മയുടെ സ്നേഹം, ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തം എല്ലാം ടീച്ചറില്‍ കാണാന്‍ കഴിയും. എല്ലാ അധ്യാപകരെയും പറ്റി പറയാന്‍ ഒത്തിരി കാണും. പക്ഷെ ക്ലൈമാക്സ് പതിവുപോലെ അടി തന്നെയാവും. അതുകൊണ്ട് പറയുന്നില്ല. പക്ഷെ ലേബര്‍ ഇന്ത്യ തന്നിട്ടും ഗുണം പിടിക്കാതെ എനിക്ക് സണ്ണി മാഷില്‍ നിന്നും കിട്ടുന്ന തല്ലിന് ഇത്തിരി ചൂട് കൂടുതലായിരുന്നു.
പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഞാന്‍ ഭയങ്കര ഡീസന്റ് ആയിരുന്നു. സത്യായിട്ടും. ഒരെണ്ണത്തിനോട് പോലും മിണ്ടില്ല. പത്താം ക്ലാസ്സില്‍ നിന്നും പെട്ടി മടക്കുമ്പോള്‍ ഓട്ടോഗ്രാഫില്‍ ഒരുത്തി എഴുതിയത് ഇങ്ങിനെ. " ഒരിക്കലും മിണ്ടാത്ത സോദരാ.. വിട" . ഇത് പിന്നീട് വളരെ ഉപകാരപ്പെട്ടു. ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്.
സ്കൂള്‍ കാലത്തിനു ശേഷം ഒരിക്കല്‍ പോലും ഞാനിവിടെ പോയിട്ടില്ല. കാരണങ്ങള്‍ പലതാവാം. അത്ര സുന്ദരമായ ഓര്‍മ്മകളൊന്നും എനിക്കിവിടെ ബാക്കിയില്ല.
എന്നാലും സ്നേഹം നല്‍കിയ ഒരുപാട് ഗുരുനാഥന്മാര്‍ ഇവിടെയുണ്ട്. പലരും പിരിഞ്ഞുപോയി കാണും. എന്തേ ഒരിക്കലും അവരെയൊന്ന് കാണാന്‍ എനിക്ക് തോന്നാതെ പോയി? മാപ്പ്. എന്റെ ബ്ലോഗ്ഗെഴുത്ത് എന്ന സാഹസത്തിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സമയത്ത്, ഒരുപാട് സ്നേഹം നല്‍കിയ ആ പ്രിയ അധ്യാപകരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു.

Saturday, July 3, 2010
മെസ്സീ..... അടുത്ത ലോകകപ്പിലെങ്കിലും...?
പ്രത്യേകിച്ച് എന്ത് പറയാന്‍ ? എല്ലാ ദിവസങ്ങളും സന്തോഷത്തിന്റെതാവണമെന്നില്ലല്ലോ.അതുപോലൊരു ദിവസമായിരുന്നു ഇന്നലെ. അര്‍ജന്റീന പുറത്ത്. ദയനീയമായി എന്നെഴുതാന്‍ വിഷമമുണ്ടെങ്കിലും അതാണല്ലോ സത്യം. ഫുട്ബാളിനെ ആസ്വദിച്ചു തുടങ്ങിയത് മുതല്‍ സ്നേഹിക്കുന്ന മറഡോണയും അര്‍ജന്റീനയും. പക്ഷെ ഞങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് ഇവിടെ രാജിയാകുന്നില്ല. ഇനിയൊരു അങ്കത്തിനുള്ള ബാല്യം മറഡോണക്ക് ബാക്കിയില്ലെങ്കിലും മെസ്സിക്കത് പറ്റുമെന്ന് ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. അടുത്ത ലോകകപ്പിലെങ്കിലും?
കൂടുതല്‍ എന്തെഴുതാന്‍ ? ഇത് തന്നെ ധാരാളം.
കൂടുതല്‍ എന്തെഴുതാന്‍ ? ഇത് തന്നെ ധാരാളം.
Thursday, July 1, 2010
നഷ്ടപ്പെടുന്ന മരുപ്പച്ചകള്‍ (റീപോസ്റ്റ് )
പ്രവാസജീവിതത്തിലെ കയ്പ്പിനും മധുരത്തിനുമിടയില്‍ നഷ്ടപെടുന്ന സുഹൃത്‌ബന്ധങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. ഒരു പത്തൊമ്പത് വയസ്സിന്റെ അമ്പരപ്പില്‍ എത്തിച്ചേര്‍ന്നതുമുതല്‍ പിന്നിട്ട പതിനഞ്ച് വര്‍ഷങ്ങള്‍. പിന്നെ ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍. ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാന്‍ പ്രവാസം നല്‍കിയ ഒത്തിരി സുഹൃത്ബന്ധങ്ങള്‍. അതിലൂടെ വളര്‍ന്ന ആത്മബന്ധങ്ങള്‍. അവയുടെ ഊഷ്മളതയിലേക്കിറങ്ങി ചെല്ലുമ്പോള്‍ മങ്ങിയും തെളിഞ്ഞും കടന്നുവരുന്ന മുഖങ്ങള്‍. ഉമ്മുല്‍ ഖുവൈനില്‍ നിന്നും തുടങ്ങി ഷാര്‍ജയും ദുബായിയും അബുദാബിയും പിന്നിട്ട് ഇപ്പോള്‍ ബഹ്റൈനില്‍ എത്തിനില്‍ക്കുന്ന ഈ പ്രവാസത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ ഞാനൊന്നു തിരിഞ്ഞുനോക്കട്ടെ... ആ ബന്ധങ്ങളുടെ ആത്മാവിലേക്ക്.
ഇന്നും എന്റെ ഏറ്റവും മാധുര്യമുള്ള ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്നത് ദുബൈയില്‍ തന്നെയാണ്. അവിടെ ജീവിച്ച ഏഴ് വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ തന്ന സ്വാദ് ഇന്നും എന്റെ ഊര്‍ജ്ജമാണ്. സമ്പന്നമായ ഒരു ചങ്ങാതികൂട്ടത്തിന്റെ ഓര്‍മകളും അവിടെതന്നെയാണ് തങ്ങിനില്‍ക്കുന്നത്.
വെള്ളിയാഴ്ച്ചകള്‍ക്കുള്ള കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടുതലാണ്. തലേന്ന് രാത്രി തന്നെ തുടങ്ങുന്ന ആഘോഷങ്ങള്‍. സൊറക്കൂട്ടം. ബീച്ചിലും പാര്‍ക്കിലും കഫെകളിലും നേരം വെളുപ്പിക്കുന്ന ദിവസങ്ങള്‍. ചൂണ്ടയിടലും ബോട്ട് സവാരിയും തുടങ്ങി നേരം പുലരുന്നതറിയാതെയുള്ള സൊറ പറച്ചില്‍. സുന്ദരമായ ആ നാളുകളില്‍ നിന്നും ഒരു പറിച്ചുനടല്‍ സാധ്യമായത് എങ്ങിനെയാണ്?നിര്‍ബന്ധിതമായ ജീവിത സാഹചര്യങ്ങള്‍ തന്നെ. വേറെ എമിറേറ്റ്സുകളിലേക്കും രാജ്യങ്ങളിലേക്കും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള കൊഴിഞ്ഞു പോക്ക്, കുടുംബവുമായുള്ള മാറി താമസിക്കല്‍. അംഗ ബലം കുറഞ്ഞു തുടങ്ങി. പിന്നെ ഞാനും ഇങ്ങ് ബഹ്റിനിലേക്ക്.
നഷ്ടപെട്ടത് നന്മകള്‍ നിറഞ്ഞൊരു സൌഹൃദങ്ങളുടെ പൂക്കാലമാണ്. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു നഷ്ടബോധത്തിന്റെ കനല്‍ എരിയുന്നുണ്ട് എന്റെ മനസ്സില്‍. എല്ലാര്ക്കും ഉണ്ടാവില്ലേ ഇത്തരം ഓര്‍മ്മകള്‍? നാടും വീടും പിരിഞ്ഞു നില്‍ക്കുമ്പോള്‍ സൌഹൃദത്തിന്റെ മരുപ്പച്ചയായി കൂടിചേരുന്നവര്‍. വിഷമങ്ങളും ആകുലതകളും പങ്കുവെക്കുകയും ഒരുമിച്ചുണ്ണി ഒരു ബെഡില്‍ കിടന്ന് ഒരു സഹോദര ബന്ധങ്ങളിലേക്കെത്തുന്നവര്‍. പ്രവാസ കാലങ്ങളിലെ നന്മയെകുറിച്ചെഴുതാനെ എനിക്കും താല്പര്യമുള്ളൂ . കണ്ണീരിന്റെ നനവുള്ള ചില ഓര്‍മകളും ബാക്കിയുണ്ടെനിക്ക്.അവരെ കുറിച്ചെഴുതാതെ ഞാനെങ്ങിനെ ഈ കുറിപ്പ് അവസാനിപ്പിക്കും. അബൂദാബിയില്‍ നിന്നും ദുബായിലേക്കുള്ള ഒരു യാത്രയില്‍ ആക്സിടന്റില്‍ മരിച്ച പ്രിയ സുഹൃത്ത് കുഞ്ഞി മുഹമ്മദ്. ഉടനെ തന്നെ നാട്ടിലെത്തി നടത്തേണ്ട കല്യാണത്തിന്റെ സ്വപ്നങ്ങളുമായി അവന്‍ വിടപറഞ്ഞു. പിന്നെ ആലിക്ക. എന്റെ അലസതയെ സ്നേഹത്തില്‍ പൊതിഞ്ഞ അധികാരത്തോടെ ശാസിക്കാറുള്ള, നല്ല സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്തു തരുന്ന ആലിക്കയും എന്റെ ഓര്‍മകളില്‍ നിറയുന്നു. പടച്ച തമ്പുരാന്‍ അവര്‍ക്ക് സ്വര്‍ഗം നല്‍കട്ടെ.
തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വിഷാദ കാവ്യത്തിന്റെ ഭാഷയുണ്ട് പല ഓര്‍മകള്‍ക്കും. ഇന്നലെ അബൂദാബിയില്‍ നിന്നും സുഹൃത്ത് ഷമീര്‍ വിളിച്ചിരുന്നു. അവനൊരു ഫാമിലി മീറ്റ് സങ്കടിപ്പിക്കണം. പഴയ ബച്ചിലറുകള്‍ ഇന്ന് ഭാര്യയും കുട്ടികളുമായി ജീവിതത്തിന്റെ പുതിയ അധ്യായം എഴുതുന്നവര്‍. എല്ലാരും കൂടിയൊരു ഒത്തുചേരല്‍. എന്റെയും സ്വപ്നമാണത്. കാത്തിരിക്കുന്നതും ആ ഒരു ദിവസത്തിനായാണ്.
ദൈവികമായ ഇടപെടലുകളാണ് സുഹൃത്ത് ബന്ധങ്ങള്‍. അവയുടെ നഷ്ടപെടലുകള്‍ നൊമ്പരങ്ങളും. എല്ലാ പ്രവാസികള്‍ക്കും ഉണ്ടാവും ഇത്തരം ആത്മബന്ധങ്ങളുടെ കഥ. ആ നന്മയുള്ള ഓര്‍മ്മകളില്‍ ജീവിക്കുന്ന വായനക്കാര്‍ക്കായി ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു.
Tuesday, June 8, 2010
വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?
ശരിയാണ്. ഞാനിതുവരെ എന്റെ നാടിനെ പറ്റി ഒന്നും പറഞ്ഞില്ല. എഴുതിയതും ഇല്ല. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലാവാം. കോഴിക്കോട് ജില്ലയുടെ ഭാഗമായി, മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ കൊച്ചു ഗ്രാമത്തെ ചെറുവാടി എന്ന് വിളിക്കാം. ചാലിയാര്‍ - ഇരുവഴിഞ്ഞി പുഴകളുടെ കുളിരേറ്റ്, മൈസൂര്‍ മലകളിറങ്ങി വരുന്ന ഇളം കാറ്റില്‍ ലയിച്ച് ഒരു ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമായി ഞങ്ങളുടെ ചെറുവടി.
രണ്ടു പുഴകളെ പറ്റിയും മറ്റും പറഞ്ഞ് ഓടിപോകാനുള്ള ഒരു ചരിത്രമല്ല ചെറുവാടിക്കുള്ളത്. മലബാര്‍ കലാപ സമയത്ത് വെള്ളക്കാര്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ ഒരു സമരത്തിന്റെ ചരിത്രവുമുണ്ട് ഈ നാടിന്. കട്ടയാട്ട് ഉണ്ണിമോയിന്‍ കുട്ടി അധികാരിയുടെ നേതൃത്തത്തില്‍ ധീരമായി പൊരുതി അറുപത്തിനാല് രക്ത സാക്ഷികളെ നല്‍കിയ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ കഥ. പട്ടാള ബൂട്ടുകളുടെ മുഴക്കം ഇന്നും കാതുകളില്‍ മുഴങ്ങുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു കൂട്ടം നാട്ടു കാരണവന്മാരും പ്രാദേശിക ചരിത്രകാരന്മാരും ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഈ കഥകള്‍. ബ്രിട്ടീഷ് പട്ടാളത്തെ അമ്പരപ്പെടുത്തിയ സമരമുറകള്‍, ഇടപെടലുകള്‍. ചെറുവാടിയെ കുറിച്ചെഴുതുമ്പോള്‍ ആദ്യം പറയേണ്ടതും ഇതുതന്നെയാണ്.
പഴയ ചെറുവാടിയെ കുറിച്ചാണ് കൂടുതല്‍ പറയാനുള്ളത്. കൃഷിയെ സ്നേഹിച്ച്, ഫുട്ബോളിനെ നെഞ്ചിലേറ്റി നടന്നൊരു ജനത, കാളപ്പൂട്ട് മത്സരങ്ങള്‍ക്ക് പേര് കേട്ട നാട്. തടി വ്യവസായവും കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന തൊഴില്‍മേഖല. പ്രസിദ്ധമായൊരു ഞായറാഴ്ച ചന്തയും ഉണ്ടായിരുന്നു പണ്ട്. പക്ഷെ ഞങ്ങളുടെയൊക്കെ തലമുറകള്‍ക്ക് ബാക്കിവെച്ചത് കുറെ ഓര്‍മ്മകള്‍ മാത്രം. പഴയ ആ പ്രതാപ കാലത്തിന്റെ ഒരു സിംബലും ബാക്കിയില്ല ഞങ്ങള്‍ക്ക് താലോലിക്കാന്‍ . കാലത്തിനൊത്ത്
കുറെയൊക്കെ ചെറുവാടിയും മാറി. പുതിയ റോഡുകള്‍ , സൗകര്യങ്ങള്‍. പക്ഷെ ഗ്രാമത്തനിമ വിട്ടുപോരാന്‍ കൂട്ടാക്കാത്ത ആ മനസ്സ് തന്നെയാണ് ഇന്നത്തെയും ചെറുവാടിയുടെ സൗന്ദര്യം.
പിന്നെ, അന്നും ഇന്നും നഷ്ടപ്പെടാതെ ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നൊരു മതസൗഹാര്‍ദ്ധത്തിന്റെ മുഖം. നൂറ്റാണ്ടിന്റെ പ്രൌഡിയുമായി പുതിയോത്ത് ജുമാ മസ്ജിദും പിന്നെ പറയങ്ങാട്ട് ക്ഷേത്രവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് കാണിക്കാത്ത ജനങ്ങള്‍. ആകെയുള്ള വിത്യസ്തത വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലകൊള്ളുന്നു എന്ന് മാത്രം. അവര്‍ക്ക് വേണ്ടി പരസ്പരം പോര്‍ വിളിക്കാം. പക്ഷെ, പിറ്റേന്ന് ഒന്നിച്ച് പന്ത് കളിയും കഴിഞ്ഞു ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അലിഞ്ഞിരിക്കും ആ വിഷമവും.
എനിക്കെന്റെ നാടിനെ വല്ലാതെ നഷ്ടപ്പെടുന്നു. ചാലിയാറിനേയും ഇരുവഴിഞ്ഞിയെയും മാറി പ്രണയിച്ചുള്ള സായാഹ്നങ്ങള്‍, പച്ച വിരിഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങളിലൂടെ നടന്ന്, തോടിന്റെ കൈവരിയിലിരുന്നു ചൂണ്ടയിട്ട്, കട്ടപ്പുറം പറമ്പില്‍ നിന്നും കണ്ണി മാങ്ങയും താഴെ പറമ്പീന്ന് ഇളം വെള്ളരിയും കട്ട് പറിച്ച് ,
കൂട്ടുകാരോടൊപ്പം ചുറ്റിനടന്ന ആ പഴയ ചെറുവാടിക്കാലവും നഷ്ടമായോ. ഇല്ല. തിരിച്ച് നാട്ടിലെത്തുമ്പോള്‍ നമുക്കാ പഴയ ബാല്യം തിരിച്ചുനല്‍കുന്ന ഒരു മാന്ത്രിക ശക്തിയുണ്ട് എന്റെ ചെറുവാടിക്ക്.
കണ്ടോ. നാടിനെയും നാട്ടാരെയും പറ്റി പറയാന്‍ വന്നിട്ട്. ഞാന്‍ പതിവ് പോലെ അവസാനം ഇതൊരു പ്രവാസി നൊമ്പരമാകി അവസാനിപ്പിച്ചു. അതങ്ങിനെയേ വരൂ.
ചെറുവാടി ഫോട്ടോ ടൂര്‍
Sunday, May 16, 2010
ദേശീയോദ്ഗ്രഥനവും ഞാനും (ഒരു ചമ്മല്‍ കഥ )
എനിക്കിപ്പോഴും അറിയില്ല ഏത് അസുഖത്തിന്റെ പുറത്താണ് ഞാനാ സാഹസത്തിന് മുതിര്‍ന്നതെന്ന്. നാട്ടില് കേരളോത്സവം നടക്കുന്ന സമയം. എന്റെ പ്രായക്കാരെല്ലാം പാട്ടായും ഡാന്‍സായുമൊക്കെ ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇതൊന്നും എനിക്ക് പറഞ്ഞ പണിയല്ല. പിന്നെ അല്പം ജാടയൊക്കെ കാണിക്കാന്‍ സ്കോപ്പുള്ളത് പ്രസംഗ മത്സരത്തിനാണ്. കൂടുതലൊന്നും ആലോചിക്കാതെ ചാടി അതിന് തന്നെ പേര് കൊടുത്തു. മത്സരത്തിന്റെ മുഖ്യ സംഘാടകനായി UKDR എന്ന പേരില്‍ കൊടിയത്തൂരിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഉസ്സന്‍ മാസ്റ്റര്‍ ഉണ്ട്. മാഷിനാണെങ്കില്‍ എന്നെ നല്ല പരിചയവും ഉണ്ട്.
പ്രസംഗ മത്സരം ആയതുകൊണ്ട് ലോക്കല്‍ ബുജികളെല്ലാം വേദിയില്‍ ഉണ്ടെന്നും ഞാന്‍ മനസ്സിലാക്കി. വരട്ടെ.. എല്ലാരേം ഒന്ന് ഞെട്ടിക്കണം. പരിപാടി നടക്കുന്നത് ചെറുവാടിയിലെ LP സ്കൂളില്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാരേയും ഒരു ക്ലാസ്സ് മുറിയിലേക്ക് വിളിച്ചു. നോക്കുമ്പോള്‍ കോളേജ് ലെവലില്‍ ഉള്ള നാട്ടിലെ ഒരു വിധം എല്ലാരും ഉണ്ട് മത്സരത്തിന്. കൂട്ടത്തില്‍ ഏറ്റവും ചെറിയ ഐറ്റം ഞാനാണ്. ഇവന് ഇവിടെന്ത് കാര്യം എന്ന രീതിയില് അവരൊക്കെ എന്നെ നോക്കുന്നുമുണ്ട്. പക്ഷെ ഞാനാരെയും മൈന്‍ഡ് ചെയ്തില്ല. പക്ഷെ കളി മാറിയത് പ്രസംഗിക്കാനുള്ള വിഷയം കയ്യില്‍ കിട്ടിയപ്പോഴാണ്. 'ദേശീയോദ്ഗ്രഥനം".പടച്ചോനെ പെട്ടല്ലോ. ഇതെന്താവും സംഗതി, ഏതായാലും ഞാന്‍ കേട്ടിട്ടില്ല. മുന്നും പിന്നും നോക്കാതെ ചെന്ന് ചാടിയ അബദ്ധം. നല്ല ക്ഷീണവും വിറയലും തോന്നുന്നു. മത്സരം തുടങ്ങാന്‍ സമയമായി എന്ന അറിയിപ്പും വന്നതോടെ അത് കൂടുതലായി. എന്തെങ്കിലും ചെയ്തേ പെട്ടു. ഞാന്‍ ആലോചിച്ചു. എന്തും നേരിടാനുള്ള ധൈര്യം വേണം. ഉസ്സന്‍ മാഷൊന്ന് മാറിയ തക്കത്തിന് ഞാന്‍ പുറത്തിറങ്ങി. സ്കൂളിന്നു എന്റെ വീട്ടിലെത്താന്‍ കണ്ണടച്ച് തുറക്കേണ്ട സമയമേ വേണ്ടൂ. അല്ലെങ്കില്‍ ഞാനത്ര സമയമേ എടുത്തുള്ളൂ.
സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ്. നാലാളുടെ മുമ്പില്‍ നാണം കേടുന്നതിനേക്കാള്‍ ഭേദം ഇത് തന്നെയാണ്. ഏതായാലും എന്റെ പ്രസംഗം ഇല്ലാതെ അവിടെ പരിപാടി നടന്നു.
വൈകുന്നേരം ക്രിക്കറ്റ് ബാറ്റുമായി പുറത്തേക്കു പോവുമ്പോള്‍ മുമ്പില്‍ ഉസ്സന്‍ മാസ്റ്റര്‍. " നീ മുങ്ങി ല്ലേ " ? എന്ന മാഷിന്റെ ചോദ്യത്തിനു ഞാന്‍ പറഞ്ഞ മറുപടി എന്തായാലും മാഷ് ഇത്രയും കൂട്ടി ചേര്‍ത്തു. " നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു ". ഒരു പുഞ്ചിരിയോടെ ഉസ്സന്‍ മാഷ് നടന്നു നീങ്ങി.
(കഴിഞ്ഞ വര്‍ഷം അര്‍ബുദം ബാധിച്ച് ഉസ്സന്‍ മാഷ് വിടപറഞ്ഞു. മാഷിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു).

Tuesday, May 11, 2010
ഇവര്‍ അനുഭവിക്കണം
ഇതൊരു പുതിയ വിഷയമല്ല. എന്നാല്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തൊരു സമൂഹം നിലനില്‍ക്കുവോളം ഇതിന്റെ പ്രസക്തി നഷ്ടപ്പെടുകയുമില്ല.റിയാലിറ്റി ഷോകളില്‍ നിന്നും രക്ഷപ്പെടാന്‍ ചാനലുകള്‍ മാറ്റി മാറ്റി പിടിക്കുമ്പോഴാണ് ജീവന്‍ ടീവിയില്‍ ഒരു പ്രോഗ്രാം ശ്രദ്ധയില്‍ പെട്ടത്. സ്വന്തം ബന്ധുക്കളാല്‍ തന്നെ തെരുവിലെറിയപ്പെട്ട അച്ഛനമ്മമാരെ കുറിച്ചുള്ള ആ പരിപാടി കണ്ട വിഷമം അത്ര വേഗത്തില്‍ മാഞ്ഞുപോവില്ല മനസാക്ഷിയുള്ളവര്‍ക്ക്.
വിഷു കഴിഞ്ഞല്ലോ, ആരെങ്കിലും കാണാന്‍ വന്നിരുന്നോ അമ്മയെ എന്ന ചോദ്യത്തിന് ഒരമ്മ നല്‍കിയ മറുപടി കേള്‍ക്കൂ...
"ആറ് മാസമായി വീട്ടില്‍ നിന്നാരെങ്കിലും വന്നിട്ട്. മകന്‍ കൊണ്ടാക്കിയതാണ് ഇവിടെ. അവന്‍ തിരക്കിലാവും." പക്ഷെ ഒരാഘോഷ ദിവസം പോലും മാറ്റിനിര്‍ത്താന്‍ മാത്രം ജന്മം നല്‍കി എന്നതിലപ്പുറം എന്ത് തെറ്റാണ് ഈ അമ്മ ചെയ്തത്? എന്തൊരു ചൈതന്യമാണ് ഈ അമ്മയുടെ മുഖത്ത്. വെറ്റില ചെല്ലവും പാല്പുഞ്ചിരിയുമായി ഇങ്ങിനെ ഒരമ്മ വീടിന്റെ പൂമുഖത്ത് ഇരിക്കുന്നത് സ്വപ്നം കണ്ടാല്‍ തന്നെ കിട്ടും പുണ്യം. സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്നും അനുഭവിക്കാതെ ജീവിച്ചു തീര്‍ക്കില്ല ഈ ജന്മമൊന്നും. ഇങ്ങിനെ ശപിക്കാന്‍ ആ അമ്മമാര്‍ക്ക് കഴിയില്ലായിരിക്കാം. പക്ഷെ, ഈ വേദന കാണുന്ന ഏതൊരാളുടെയും ചെറിയൊരു ശാപം മതിയാവും അവര്‍ക്കനുഭവിക്കാന്‍ .
മറ്റൊരമ്മയുടെ സങ്കടം കേള്‍ക്കൂ. "തോന്നൂട്ടിനാലില്‍ വന്നതാ ഇവിടെ. സമ്പത്തെല്ലാം അവര്‍ അടിച്ചുമാറ്റി. ബന്ധുക്കള്‍ കുറേയുണ്ട്. പക്ഷെ ആരും വരാറില്ല. "
നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ ഈ അഗതിമന്ദിരത്തില്‍ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ അമ്മ. ഇക്കാലമത്രയും ഈ അമ്മ സഹിച്ച സങ്കടത്തിന്റെ പാപമുണ്ടല്ലോ, ഇനിയിരൊരു പത്ത് ജന്മം ഏത് രൂപത്തില്‍ ജനിച്ചു മരിച്ചാലും കിട്ടില്ല പാപമോക്ഷം.
ഇനിയുമുണ്ടിവിടെ അശരണരുടെ രോദനങ്ങള്‍. മകനും മകളും തിരിഞ്ഞു നോക്കാത്തവര്‍, അല്ലെങ്കില്‍ അവരുടെ അവഗണനയില്‍ മടുത്ത് സ്വയം ഒഴിഞ്ഞുകൊടുത്തവര്‍. ഇവരീ അഭയകേന്ദ്രങ്ങളില്‍ സന്തുഷ്ടരാവാം. പക്ഷെ, ഇതാണോ ഇവരര്‍ഹിക്കുന്നത്. സ്വന്തം മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട , മക്കളെയും പേരമക്കളേയും കളിപ്പിചിരിക്കേണ്ട ഈ പ്രായത്തില്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ഇവരെ തെരുവിലെറിഞ്ഞവരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ എനിക്കറപ്പുണ്ട്.
മാതൃത്തത്തിന്റെ വിലയറിയാത്ത ഈ നാല്‍കാലി ജന്മങ്ങളുടെ ജീവിതം, അവര്‍ക്കുള്ള വിധി ,ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഇവിടെ തന്നെ അനുഭവിച്ചു തീരണം.
ഇതിലൊരമ്മ പോലും പ്രത്യക്ഷത്തില്‍ മക്കളെ കുറ്റപ്പെടുത്തിയില്ല എന്നതില്‍ തന്നെയുണ്ട് ഒരമ്മയുടെ സ്നേഹത്തിന്റെ ആഴം. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് ശിക്ഷ നല്‍കാന്‍ പുതിയ നിയമം തന്നെ നാട്ടില്‍ ഇതിപ്പോഴും നടക്കുന്നു.
പക്ഷെ ഈ പരിപാടി ഇങ്ങിനെയല്ല അവതരിപ്പിക്കേണ്ടിയിരുന്നത്. നിസ്സഹായരായ ഈ അമ്മമാരെ സമൂഹത്തിന്റെ സഹതാപത്തിന് മുമ്പില്‍ എറിഞ്ഞു കൊടുക്കേണ്ടിയിരുന്നതിന് പകരം ഇവരെ ഒറ്റപ്പെടുതിയവരെ തിരഞ്ഞു പിടിച്ചു സമൂഹത്തിനു മുന്നില്‍ കുറ്റവിചാരണ ചെയ്യുകയായിരുന്നു വേണ്ടത്. ആവിശ്യത്തിലധികം അനാവിശ്യം കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇങ്ങിനെയും ആവാം ചില സാമൂഹ്യ ധര്‍മ്മങ്ങള്

Saturday, May 1, 2010
കേള്‍ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)
ഉപ്പ മരിക്കുന്നതിന്റെ ഒരു ആറ് മാസം മുമ്പ്. അമൃത ഹോസ്പിറ്റലില്‍ ഒരു ഓപ്പറേഷന് സമയവും കാത്ത് ഏറണാകുളത്തെ യാത്ര നിവാസില്‍ ഞങ്ങളെല്ലാം ഉണ്ട്. ഒരാഴ്ചത്തെ അവധിക്ക് ഉപ്പയെ കാണാന്‍ വന്നതാണ് ഞാന്‍. എന്റെ ഓരോ അവധിക്കാലവും സന്തോഷത്തോടെ കാത്തിരിക്കാറാണ് ഉപ്പ. നാട്ടിലെ ദിവസങ്ങള്‍ ഞാനെങ്ങിനെ ചിലവിടണം എന്നതിനെ കുറിച്ച് ഒരു രൂപരേഖ തന്നെ ഉണ്ടാക്കിയിരിക്കും ഉപ്പ. അതും എന്റെ മനസ്സിനും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച്. മുതിര്‍ന്നിട്ടും ഉപ്പയെടുക്കുന്ന ആ സ്വാതന്ത്ര്യം ഞാനസ്വദിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ഈ വരവ്? എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയിലേക്ക്. പ്രസന്നമായി പുഞ്ചിരിയോടെ വീടിന്റെ പൂമുഖത് എന്നെ കാത്തിരിക്കുന്നതിന് പകരം ഒന്ന് ചിരിക്കാന്‍ തന്നെ പണിപ്പെട്ട് ഇവിടെ ഓപ്പറേഷന്റെ ഊഴവും കാത്ത്. അല്ലെങ്കില്‍ വന്നു കയറുമ്പോള്‍ തന്നെ ഒരുപാട് വിശേഷങ്ങള്‍ കാണും ഉപ്പാക്ക് പറയാന്‍. ചെന്തെങ്ങില്‍ കുല കൂടിയതും ചെമ്പകം പൂക്കാത്തതും എന്തിനു ഒരു പുതിയ റോസ് വിരിഞ്ഞത് പോലും വാര്‍ത്തയാണ് . ഉപ്പയില്‍ നിന്നും പകര്‍ന്നു കിട്ടിയ വായന ശീലം. അത് കുറയുന്നതില്‍ പരിഭവിക്കും. വായിച്ചതിനെ കുറിച്ച് പറഞ്ഞാല്‍ സന്തോഷവും വിശകലനവും.
ഉപ്പ എഴുതിയത് ആദ്യം എനിക്കയച്ചുതരും. അഭിപ്രായം നല്ലതെങ്കില്‍ സ്വീകരിക്കും.ഇതെല്ലം ആലോചിച്ചിരിക്കെ ഉമ്മ മുറിയിലേക്ക് കയറിവന്നു.
"മന്‍സൂ...ഉറങ്ങിയോ നീ, ഉപ്പ വിളിക്കുന്നുണ്ട്"
ഞാന്‍ ഇറങ്ങി നടന്നു. എന്റെ കണ്ണ് നിറഞ്ഞത് ഉമ്മ കണ്ടിരിക്കുമോ. അല്ലെങ്കിലും ഉമ്മക്കിതൊക്കെ ശീലമായി. ഒരു വര്‍ഷത്തോളമായി ആശുപത്രിയും ഓപ്പറേഷനും ഒക്കെയായി ഉപ്പയോടൊപ്പം. വാക്കിലും നടപ്പിലുമൊക്കെ ഒരു ധൈര്യം വന്നിട്ടുണ്ട് ഉമ്മാക്ക് . അനുഭവങ്ങള്‍ നല്‍കിയ കരുത്ത്. അത് നല്ലതാണ്. ഞാനാലോചിച്ചു.
"ഉപ്പാ", ഞാന്‍ പതുക്കെ വിളിച്ചു, തലയിണയില്‍ ചാരി അല്പം മേല്‍പ്പോട്ടിരുന്നു. പിന്നെ എന്റെ കൈപിടിച്ച് തഴുകി ഒന്നും മിണ്ടാതെ കുറച്ചു സമയം.
പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി. ഒട്ടും പതറാതെ, " മന്‍സൂ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. മൂത്ത കുട്ടി എന്ന നിലയില്‍ നീ അറിയേണ്ട കാര്യങ്ങള്‍, ചുമതലകള്‍.
ഉപ്പക്കിനി അധികം നാളുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് എന്റെ ഒസ്യത്തായി നീ ഇതിനെ എടുക്കുക". ഞാന്‍ ഉപ്പയെ തടഞ്ഞു. വേണ്ട, എനിക്കിപ്പോള്‍ കേള്‍ക്കണ്ട. അതിനുള്ള ഒരു മനസ്ഥിതിയിലല്ല ഞാനിപ്പോള്‍. ഉപ്പ വീണ്ടും പറഞ്ഞു. "പിന്നെ, ഉപ്പ ഒന്നും പറഞ്ഞില്ലല്ലോ എന്ന വിഷമം നിനക്കുണ്ടാവരുത്. അതുകൊണ്ടാണ്". പഖെ ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ തിരിച്ചു നടന്നു. വാതിലിനരുകില്‍ ഉമ്മ. നിനക്കത് കേള്‍ക്കാമായിരുന്നു എന്ന് ഉമ്മയുടെ കണ്ണുകള്‍ എന്നോട് പറയുന്നത് പോലെ തോന്നി.
പക്ഷെ സാധിക്കില്ലായിരുന്നു. കാരണം ഉപ്പ ഇല്ലാതാവുന്ന ഒരു ദിവസം സങ്കല്‍പ്പിക്കാന്‍ ദുര്‍ബലമായ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു. തീര്‍ച്ചയായും ആയുസ്സിന്റെ ദൈര്‍ഘ്യം തീരുമാനിക്കുന്നത് സര്‍വ്വശക്തന്‍ തന്നെ. ഉപ്പയുടെ കാര്യത്തില്‍ ഒരത്ഭുതം തന്നെ സംഭവിക്കേണ്ടിയിരുന്നു തിരിച്ചുവരാന്‍.എന്നിട്ടും ഞാനാ അത്ഭുതം പ്രതീക്ഷിച്ചു. പരാജയപ്പെട്ടു.
ഇന്നും കേള്‍ക്കാതെപോയ ആ ഒസ്യതിന്റെ നഷ്ടബോധം എന്നെ വേട്ടയാടുന്നു. കുറച്ചുകൂടെ പക്വമായി ചിന്തിക്കമായിരുന്നു അന്നെനിക്ക്. ഒരു ഭീരുവിനെ പോലെ ഒളിച്ചോടിയ എന്നെ ഉപ്പ എങ്ങിനെ കണ്ടിട്ടുണ്ടാവും? എന്തായിരിക്കും ഉപ്പ പറയാന്‍ ആഗ്രഹിച്ചത്?
മനപ്പൂര്‍വമല്ലാത്ത തെറ്റ്. പക്ഷെ ഇതിനു പ്രായശ്ചിത്തമില്ല. പ്രതിസന്ധികളെ നേരിടുന്നതില്‍ പരാജയപ്പെട്ടു ഞാന്‍. കുറേകൂടെ ഗൗരവത്തോടെ സമീപിക്കേണ്ടിയിരുന്നു അന്ന്. എങ്കില്‍ ഈ നഷ്ടബോധം എന്നെ വേട്ടയാടുമായിരുന്നില്ല.

Monday, April 12, 2010
ഒരു യാത്രയും കുറെ പൊല്ലാപ്പുകളും
ഒരു വണ്‍ഡേ ടൂര്‍ എന്നൊരു ആശയമുദിച്ചാല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഒരൊത്ത്തീര്‍പ്പ് ഫോര്‍മുലയായി സ്വീകരിക്കാറുള്ള സ്ഥലമാണ് ഗോപാല്‍ സ്വാമി പേട്ട. കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ടക്ക് അടുത്തായി ഒരു ചുരവും കയറിയെത്തുന്ന ഈ സുന്ദരന്‍ ഹില്‍ സ്റ്റേഷന് അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യമാണ് മുതല്‍കൂട്ട്. അവിടെക്കുള്ള ഒരു യാത്രയും അതിനിടയിലെ ചില സംഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.
വയനാടും കഴിഞ്ഞ് വനപാതയിലൂടെ യാത്ര തുടരുമ്പോള്‍ വളരെ ക്ഷീണിതനെന്ന് തോന്നിക്കുന്ന ഒരാള്‍ കൈകാണിച്ചു. ഇരുവശത്തും നിറഞ്ഞ കാടുള്ള ഹൈവേയില്‍ ഒരു അപരിചിതന്റെ വിളി കേള്‍ക്കുന്നതിലെ റിസ്ക് മനസ്സിലാക്കി ഞങ്ങള്‍ വണ്ടി നിര്‍ത്തിയില്ല. പക്ഷെ ഒരു നിലവിളിയായി പിന്തുടര്‍ന്ന ആ ശബ്ദത്തെ അവഗണിക്കാന്‍ ഞങ്ങള്‍ക്കായില്ല. സങ്കഭലം കൂടുതലുള്ള ദൈര്യത്തില്‍ ഞങള്‍ വണ്ടി പിന്നോട്ടെടുത്തു. പുറത്തിറങ്ങിയപ്പോള്‍ "എന്റെ കൂടെ ഒരാളും കൂടെയുണ്ട്" എന്നും പറഞ്ഞു അയാള്‍ ബോധം മറഞ്ഞു വീണു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ അമ്പരന്നെങ്കിലും ഞങ്ങള്‍ മൂന്നുപേര്‍
കാട്ടിലേക്കിറങ്ങി. റോഡിനു ഏകദേശം രണ്ടു മീറ്റര്‍ മാറി തകര്‍ന്ന നിലയില്‍ ഒരു ബൈക്ക് കണ്ടു. തൊട്ടപ്പുറത്ത് രക്തത്തില്‍ കുളിച്ചു ഒരു യുവാവും. പേടിയും അമ്പരപ്പും എല്ലാം കൂടി എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. ഞങ്ങളുടെ വിളി കേട്ട് ഓടിയെത്തിയ മറ്റു കൂട്ടുകാരും കൂടി താങ്ങി അയാളെ റോഡിലെത്തിച്ചു. മുഖത്ത് വെള്ളം തെളിച്ചപ്പോള്‍ ആദ്യത്തെ ആള്‍ക്ക് ബോധം വീണെങ്കിലും മറ്റേയാളെ കണ്ടപ്പോള്‍ വീണ്ടും പ്രശ്നമായി. അടുത്തെങ്ങും ആശുപത്രി ഇല്ല. തിരിച്ചിവരേയും കൂട്ടി പോവാനുള്ള പരിചയകുറവ്. വണ്ടിക്കകത്തെ സ്ഥലപരിമിതി. കുറച്ചു പേരെ ഒറ്റയ്ക്ക് ഈ കാട്ടുപാതയില്‍ ഇട്ടിട്ടു പോകാനും വയ്യ. തിരിച്ചു വയനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നിര്‍ത്തിയവര്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചു. അപ്പോഴേക്കും മറ്റൊരു ജീപ്പിലെ യാത്രക്കാര്‍ ഞങ്ങളെ സഹായിക്കാന്‍ കൂടി. അവസാനം വളരെ വളരെ നിര്‍ബന്ധത്തിനു ശേഷം ഒരു അംബാസഡര്‍ യാത്രക്കാര്‍ അവരെ കൊണ്ടുപോയി. ഒരു വലിയ സമാധാനം തോന്നിയെങ്കിലും ഒരു ചെറിയ വിഷമം ഇപ്പോഴും ബാക്കിയുണ്ട്. അല്പം നിഘൂടതയും. കാരണം ബോധം തെളിഞ്ഞപ്പോള്‍ അതിലൊരാള്‍ തന്നൊരു മൊബൈല്‍ നമ്പര്‍ ഉണ്ട്. പല പ്രാവിശ്യം വിളിച്ചിട്ടും ആ നമ്പരില്‍ ബന്ധപെടാന്‍ സാധിച്ചിട്ടില്ല. പക്ഷെ ഞാനാശ്വൊസിക്കുന്നു. അവര്‍ രണ്ടുപേരും ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ടാകും എന്ന്.
അവിടെയും തീര്‍ന്നില്ല ആ യാത്രയിലെ പൊല്ലാപ്പുകള്‍. ഗോപാല്‍ സ്വാമി പേട്ടയില്‍ പോയി മടങ്ങുന്ന വഴിക്കാണ് അടുത്ത പാര. ഒരു ഉള്‍ഗ്രാമത്തിലൂടെ എളുപ്പവഴിക്കു മടങ്ങുമ്പോള്‍ ഒരു കരിമ്പ് ലോറി ഞങ്ങളുടെ വണ്ടിയുടെ ഒരു സൈഡ് മുഴുവനും കൊളുത്തി വലിച്ചു പൊളിച്ചു. സമയം ഇരുട്ടാനും ആകുന്നു. അന്ന് മനസ്സിലാക്കി കര്‍ണാടകക്കാരുടെ തനിരൂപം. എല്ലാ അര്‍ത്ഥത്തിലും ന്യായം ഞങ്ങളോടൊപ്പം ആണെങ്കിലും ഒരുത്തനും സഹായിക്കുന്നില്ല. മാത്രമല്ല ആ ഗ്രാമം മുഴുവന്‍ ഞങ്ങള്‍ക്കെതിര്. അവിടെ കട നടത്തുന്ന ഒരു മലയാളി അല്പം ശ്രമിച്ചുനോക്കി. പക്ഷെ ഇനി തുടര്‍ന്ന് അവിടെതന്നെ നില്‍ക്കണം എന്നതിനാലാവണം അയാള്‍ക്ക് ഒരു പേടിയും. ഞങ്ങളും വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. പക്ഷെ അത് വഴി മാരുതി കാറില്‍ വന്ന രണ്ടു മലയാളികള്‍. ഗുണ്ടല്‍ പേട്ടയില്‍ കൃഷി നടത്തുന്ന മലപ്പുറത്തുകാരാണ്. അവര്‍ പറഞ്ഞു. "ഇവരോട് കളിക്കാന്‍ നില്‍ക്കേണ്ട. ഒന്നും കിട്ടിയില്ലെങ്കിലും ഇവിടന്നു വേഗം സ്ഥലം വിട്ടോളൂ. നേരം ഇരുട്ടിയാല്‍ നിങ്ങളുടെ പൊടി പോലും ഇവര്‍ വെച്ചേക്കില്ല. പോലീസ് കേസാണെങ്കില്‍ അതിലും വലിയ പൊല്ലാപ്പും ആണ്". ആ പ്രദേശം പരിചയമുള്ള അവരുടെ വാക്കുകളെ ധിക്കരിക്കാന്‍ മാത്രമുള്ള ധൈര്യം അന്നുമില്ല. ഇന്നുമില്ല.
അതുകൊണ്ട് ആ അനുഭവം ഒരു കുറിപ്പായി നിങ്ങളെ പീഡിപ്പിക്കാന്‍ ഞാന്‍ ബാക്കിയായി.
ഈ കുറിപ്പ് ഇഷ്ടപെട്ടെങ്കില്‍ അറിയിക്കുക. ഇനി ഇഷ്ടപെട്ടില്ലെങ്കിലോ, അതും അറിയിക്കണം. കാരണം കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാം.

Tuesday, April 6, 2010
എന്റേതും മോഷ്ടിക്കാന്‍ ആളുണ്ടോ?
ഇത് ശരിയായ മോഷണമാണെന്ന് ഞാന്‍ പറഞ്ഞിട്ടും അനീഷ് സമ്മതിക്കുന്നില്ല. സ്വന്തമായി അദ്ധേഹത്തിന്റെ വീട്ടില്‍ വെച്ച് രൂപ പ്പെടുത്തിയതാണെന്നും മേലില്‍ ഇതാവര്‍ത്തിക്കരുതെന്നും ഈ മെയിലിനു മറുപടിയായി എന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു അനീഷ്.
എനിക്ക് മനസ്സിലാവാത്തത് അതല്ല. ഞാന്‍ ഫെബ്രവരി 24 ന് പോസ്റ്റ് ചെയ്ത സംഭവം അതിന്റെ തലക്കെട്ട് പോലും മാറ്റാതെ മാര്‍ച്ച് പതിനഞ്ചിന് അനീഷിന്റെ ബ്ലോഗില് കാണുന്നു. വള്ളി പുള്ളി വിത്യാസമില്ലാതെ. ഇത്രക്കും സാമ്യം വരുമോ ഒരേ കാര്യം രണ്ടു പേര്‍ എഴുതുമ്പോള്‍?
ഇത് എന്റെ ബ്ലോഗില്‍ വന്നത് സച്ചിന്‍... ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക
ഇനി അനീഷ് സ്വന്തമായി രൂപപ്പെടുത്തിയ സംഭവം . അതിവിടെ വായിക്കാം.
എന്റെ മെയിലും അതിന് അനീഷിന്റെ മറുപടിയും താഴെ.
അനീഷിന്റെ ബ്ലോഗിന്റെ ഒരു സ്ക്രീന്‍ ഷോട്ട് കൂടി ആവാം. ഒരു വഴിക്ക് പോവല്ലേ.
പ്രിയപ്പെട്ട വായനക്കാര്‍ ഒരു തീര്‍പ്പ് ഉണ്ടാക്കുമല്ലോ?

Subscribe to:
Posts (Atom)