Tuesday, March 30, 2010

കണ്ണ് നനയിക്കുന്നൊരു ഓര്‍മ്മകുറിപ്പ്.

വായിച്ചുതീര്‍ന്നാലും നമ്മെ വിട്ടുപിരിയാത്തൊരു നൊമ്പരം.ചില അനുഭവകുറിപ്പുകള്‍ അങ്ങിനെയാണ്.മനോരമയില്‍ നടന്‍ അനൂപ്‌ മേനോനുമായി,ബി.ശ്രീരേഖ നടത്തിയ അഭിമുഖം.ഗോപിക എന്ന പെണ്‍കുട്ടിയുടെ വേദന.അവളുടെ മോഹങ്ങള്‍,സ്വപ്‌നങ്ങള്‍. ഹൃദ്യമായാണ് അനൂപ്‌ ഈകഥപറയുന്നത്.

വായിക്കാത്തവര്‍ക്കായി അതിന്റെ ലിങ്ക് ഇതാ..

സ്കാര്‍ഫ് കെട്ടിയ പെണ്‍കുട്ടി.

ഇത് നിങ്ങളുടെ കണ്ണ് നനയിക്കാതിരിക്കില്ല.തീര്‍ച്ച.

Sunday, March 28, 2010

ചന്ദ്രികയോടൊപ്പം ഒരു കൊച്ചു സന്തോഷം.

ബ്ലോഗ്ഗര്‍ എന്ന നിലയിലൊരു തുടക്കം പോലുമാവുന്നില്ല എന്റെ പരിശ്രമങ്ങള്‍.ഉപ്പയെ കുറിച്ചൊരു ഓര്‍മ്മകുറിപ്പ് എഴുതുക എന്നതില്‍ കവിഞ്ഞൊരു ബ്ലോഗിങ്ങ് സ്വപ്നവും എനിക്കുണ്ടായിരുന്നില്ല.എന്നിട്ടും എന്തൊക്കെയോ എഴുതി.നിങ്ങള്‍ക്കിഷ്ടപെട്ടോ എന്തോ?
ഇന്നെനിക്കൊരു കൊച്ചു സന്തോഷത്തിന്റെ ദിവസം.ഈ ബോഗ്ഗിലെഴുതിയ ഉപ്പയെ കുറിച്ചുള്ള എന്റെ ഓര്‍മ്മകുറിപ്പുകള്‍ ഒരു ഫെബ്രവരിയുടെ നഷ്ടം ഇന്നത്തെ ചന്ദ്രിക വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ചന്ദ്രികയില്‍ തന്നെ നിരവധി ലേഖനങ്ങളും യാത്രകുറിപ്പുകളും എഴുതിയ ഉപ്പയെ കുറിച്ചുള്ള അനുസ്മരണം,ബ്ലോഗ്ഗിന് പുറത്ത് തെളിയുന്ന എന്റെ ആദ്യത്തെ കുറിപ്പായി എന്നത് ഏത് നിമിത്തമാണ്?ഏതായാലും ഈ അംഗീകാരം എനിക്കല്ല.എണ്‍പതുകളിലും തൊണ്ണൂറുകളിലും ചന്ദ്രികയിലും മാതൃഭൂമി വീക്ക്ലിയിലുമൊക്കെയായി നിറഞ്ഞു നിന്നിരുന്ന ഉപ്പയുടെ ഓര്‍മ്മകള്‍ക്ക് തന്നെയാണ്.അങ്ങിനെ ചിന്തിക്കാനേ എനിക്ക് കഴിയൂ.
ഈ കൊച്ചു സന്തോഷം നിങ്ങളോടൊപ്പം പങ്കു വെക്കുന്നതോടൊപ്പം ചന്ദ്രിക ദിനപത്രത്തിനും അതിന്റെ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കട്ടെ..
സ്നേഹപൂര്‍വ്വം

Saturday, March 20, 2010

ഇതിഹാസം പിറന്ന മണ്ണിലൂടെ....

അതൊരു സ്വപ്നമായിരുന്നു.ചരിത്രം ഇതിഹാസം രചിച്ച പുണ്യഭൂമിയിലേക്ക്‌ ഒരു തീര്‍ഥയാത്ര.മഹത്തായൊരു പ്രസ്ഥാനത്തിന്റെ, ഗ്രന്ഥത്തിന്റെ ഉദ്ഭവം തൊട്ട് പ്രവാചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ,ഇസ്ലാമിക ചരിത്രത്തിന്റെ നിര്‍ണായകമായ മക്ക മദീന എന്ന ദേശങ്ങള്‍.ഒരു ഒരു സ്വപ്ന സാക്ഷാല്‍കാരത്തിന്റെ നിറവില്‍ തിരിച്ചെത്തി ഒരു കുറിപ്പെഴുതാനിരിക്കുമ്പോള്‍ ഞാനശക്ക്തനാണ്.എന്തെഴുതണം അല്ലെങ്കില്‍ എങ്ങിനെ എഴുതണം എന്നതിനെ പറ്റി. ഭക്തിയും പ്രാര്‍ഥനയും നിറഞ്ഞ പത്ത് ദിനരാത്രങ്ങള്‍ നല്‍കിയ ദിവ്യാനുഭൂതിയെ ഞാനെങ്ങിനെ വരികളാക്കി മാറ്റും. എന്നിരുന്നാലും എനിക്കെഴുതാതിരിക്കനാവില്ല അവിടത്തെ ചൈതന്യത്തെ പറ്റി.
മലയും മരുഭൂമികളും താണ്ടി വണ്ടി നീങ്ങിതുടങ്ങിയപ്പോള്‍ തന്നെ മനസ്സ് മുമ്പേ പായാന്‍ തുടങ്ങി.കുട്ടികാലം മുതല്‍ തന്നെ കേട്ടും പഠിച്ചുമറിഞ്ഞ ചരിത്ര സത്യങ്ങള്‍. ത്യാഗോജ്വലമായ ഒരു സമര ജീവിതത്തിലൂടെ ഇസ്ലാം എന്ന പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതില്‍ തുടങ്ങി ലോകത്തിന് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃക കാണിച്ചു കൊടുത്ത പ്രാവാചകന്‍ തിരുമേനിയുടെ ജന്മദേശം.പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ ഭാഗ്യനാട്. ഇവിടം കാലുകുത്താന്‍ ഇടം നല്‍കിയ നാഥാ... നിനക്ക് സര്‍വ്വ സ്തുതിയും.
പരിപാവനമായൊരു ലക്‌ഷ്യം മുന്നിലുള്ളത് കൊണ്ടോ എന്തോ ദീര്‍ഘയാത്രയായിട്ടും ക്ഷീണം തോന്നുന്നില്ല.ഉദ്വാഗജനകമായ മനസ്സിനുമുന്നിലതാ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ തെളിയുന്നു.പിന്നെ വലതുകാലും വെച്ച് അകത്തുകയറുമ്പോള്‍ മുന്നില്‍ കഅബ.ലോക മുസ്ലിംകളുടെ പ്രാര്‍ത്ഥനകളില്‍ ലക്‌ഷ്യം വെക്കുന്ന കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത്.അറിയില്ല.ഉറ്റി വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍?കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും? സര്‍വ്വശക്തനായ നാഥാ... ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കേണമേ.. .തെറ്റുകളെ പൊറുക്കുകയും ശരികള്‍ക്ക്‌ പ്രതിഫലം നല്‍കുകയും ചെയ്യുന്ന നാഥാ. നീയാണ് സത്യം.
ദിവ്യമായൊരു അനുഭൂതിയാണ് കഅബക്ക് ചുറ്റും.ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് നമ്മള്‍ മറഞ്ഞു പോകുന്ന ഒരപൂര്‍വ്വ അനുഭവം.
വീണ്ടും വീണ്ടും തിരിച്ചെത്തിക്കണം എന്നൊരു പ്രാര്‍ത്ഥനയോടെ ഹറമിന് പുറത്തുകടന്നു.വലതുതിരിയുമ്പോള്‍ നബിയുടെ ജന്മഗേഹം.ലോകത്തിന്റെ വിളക്കുമാടം വളര്‍ന്ന സ്ഥലം.ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും എത്രയെത്ര കഥകളാണ് ഈ ദൃശ്യം നമ്മെഓര്‍മിപ്പിക്കുന്നത്‌.
ഇനി യാത്ര മദീനയിലേക്കാണ്.റസൂലിന് അഭയം നല്‍കിയ സ്നേഹനിധികളായ അന്‍സാരികളുടെ നാട്.ഹറമിന് ചുറ്റുമുള്ള പ്രാവുകള്‍ക്ക് പോലും ആ സൗഹൃദത്തിന്റെ മുഖമുണ്ടെന്ന് ഉപ്പ എഴുതിയത് ഓര്‍ക്കുന്നു.അന്‍സാരിപ്രാവുകള്‍ എന്നാണ്‌ ഉപ്പ വിശേഷിപ്പിച്ചത്‌.മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്.ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്റെ പൊടിപടലങ്ങള്‍,മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.അമീര്‍ ഹംസ അന്‍വരിയുടെ പക്വമായ വിവരണങ്ങള്‍.ഇവിടത്തെ കാറ്റിനു പോലുമുണ്ട് നമ്മോടെന്തെക്കൊയോ പറയാന്‍.ഓര്‍മകളെ അവിടെ തന്നെ മേയാന്‍ വിട്ട്‌ ഞങ്ങള്‍ തിരിച്ചു നടന്നു.ഇസ്ലാമിക ചരിത്രത്തിലെ രണ്ടു നിര്‍ണായക ഘടകങ്ങളായ മസ്ജിദുല്‍ ഖുബ്ബയും മസ്ജിദുല്‍ ഖിബ്‌ലതൈനും കടന്നു റസൂലുള്ളായുടെ മദീനയിലേക്ക്.ഹറമിന്റെ വാതിലുകളും കടന്ന്‌ ഉള്ളിലേക്ക്.വിശേഷണങ്ങള്‍ കിട്ടാതെ ഞാന്‍ വീണ്ടും കുഴങ്ങുന്നു. വികാരങ്ങളെ നിയന്ത്രിക്കാന്‍ യുക്ക്തിക്ക് സാധ്യമല്ലിവിടം. നബി പ്രാര്‍ത്ഥിച്ച,ഉദ്ബോധനം ചെയ്ത സ്ഥലം.നബി ഉറങ്ങുന്ന മണ്ണ്. നമ്മളിവിടെ സമര്‍പ്പിക്കപ്പെടുകയാണ്.പൊട്ടിയൊഴുകുന്ന കണ്ണുനീര്‍.തെറ്റുകളെ ഏറ്റുപറഞ്ഞും ശരികള്‍ക്കായി തേടിയും നമ്മളിവിടെ നിറയുന്നു.ഇതിലും വലിയൊരു ആശ്വാസം അല്ലെങ്കില്‍ ആഹ്ലാദം അതപൂര്‍വ്വമാണ്.അതാണ്‌ ഈ പുണ്യഭൂമികളുടെ ശക്തി.
മദീനയിലെ നാല്‌ ദിവസങ്ങളും കഴിയാറായി.ഇതൊരു വേദനിപ്പിക്കുന്ന വിടപറയലാണ്.ഒപ്പം സന്തോഷത്തിന്റെതും കാരണം കനവിലും നിനവിലും സ്വപ്നം കണ്ടത്‌ സാഫല്യമായ അനുഭൂതി.വിട്ടുപിരിയാന്‍ തോന്നില്ല നമുക്കിവിടം.എന്റെ മനസ്സിനെ ഇവിടെ വിട്ടിട്ടാണ് ഞങള്‍ മടങ്ങുന്നത്.കാരണം തിരിച്ചുവരണം എന്ന് നമ്മെ ഓര്‍മ്മപെടുത്തുന്ന ഒരു മായിക ശക്തിയുണ്ട് മക്കക്കും മദീനക്കും.
ഞാന്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.അനുഗ്രഹങ്ങളാല്‍ സ്വര്‍ഗം പെയ്ത പുണ്യഭൂമിയിലേക്ക്‌ തിരിച്ചെത്തുന്നത്.ഇന്നെന്റെ പ്രാര്‍ത്ഥനകളില്‍ നിറയുന്നതും അതുതന്നെയാണ്.

Monday, March 15, 2010

ഇത് പ്രവാചകന്റെ നാട്. ഇവര്‍ക്ക് സ്നേഹിക്കാനെ അറിയൂ...


(Image Courtesy- www.islamicsupremecouncil.com )

അത്ര ആധികാരികമാണോ ഈ ലേഖനം എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.പക്ഷെ എന്റെ അനുഭവങ്ങള്‍ വെളിച്ചം വീശുന്നിടത്തേക്ക് നോക്കി ഞാനീ കുറിപ്പെഴുതുന്നു.വിയോജന കുറിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്വാഗതം.
U A E,ബഹ്‌റൈന്‍ ,സൗദി അറേബ്യ.തൊഴില്‍പരമായും മറ്റും അടുത്തറിഞ്ഞ മൂന്നു രാജ്യങ്ങള്‍.വ്യക്തിബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും ഈ രാജ്യങ്ങള്‍ക്കിടയിലുള്ള വിത്യാസം.അതിന്റെ ചെറിയൊരുഅവലോകനമാണ് ഈ കുറിപ്പിലൂടെ ഞാനുദ്ദേശിക്കുന്നത് .
എനിക്കെന്തോ ഒരിത്തിരി കൂടുതല്‍ സ്നേഹം സൗദിയോട് കൂടിപോകുന്നു.ബന്ധങ്ങളുടെ മൂല്യങ്ങള്‍ക്ക് ഈ രാജ്യം നല്‍ക്കുന്ന പ്രാധാന്യം തന്നെയാണിതിന് കാരണം.മറ്റു രണ്ടു രാജ്യങ്ങള്‍ക്കും അവകാശപെടാനില്ല ഈ മേന്മ എന്ന് ഞാന്‍ പറയുന്നത് ഒരൊറ്റപ്പെട്ട വാദവുമായിരിക്കില്ല.പക്ഷെ അതൊരു കുറ്റമായിട്ടല്ല മറിച്ച്‌ യാന്ത്രികമായ ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഇതിനൊന്നും സമയം കാണില്ല എന്നതാവാം അതിന്റെ പരിമിതി.ഉയര്‍ന്ന ജിവിത നിലവാരവും മറ്റു കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥക്ക് ദുബായ് മുന്നില്‍ നില്‍ക്കുന്നു.നാട്ടില്‍ മെച്ചപ്പെട്ടൊരു സമ്പാദ്യവും കുടുംബത്തിന്റെ സുരക്ഷിതത്തവും ന്യായീകരണമാവുമ്പോള്‍ തന്നെ നഷ്ടപെടുന്ന മറ്റൊരു തലമില്ലേ പ്രവാസിക്ക്? സുഹൃത്തുക്കളുമായുള്ള നേരമ്പോക്കുകള്‍,കളികള്‍ അങ്ങിനെ പലതും.എല്ലാവരും പറയുന്ന പോലെ കുടവയറും കഷണ്ടിയുമായി യൌവനം നഷ്ടപ്പെട്ട് നാട്ടിലെത്തുമ്പോള്‍ എന്ത് ബാകിയുണ്ടാവും നമുക്കൊക്കെ. തിരിച്ചു പറഞ്ഞാല്‍,ഇവിടത്തെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനും വേണ്ടേ ഒരിടം.
സൗദിയോട് ഇത്തിരി സ്നേഹക്കൂടുതലുണ്ടെന്ന് ഞാന്‍ പറഞ്ഞു വെക്കുന്നത് ഇവിടെയാണ്‌.പ്രസന്നമായൊരു ജീവിതരീതിയാണ് ഞാനവിടെ കണ്ടത്.രണ്ടറ്റ് നിന്ന് ടെലഫോണില്‍ പറഞ്ഞു തീര്‍ക്കുന്ന സ്നേഹന്യോഷണങ്ങളല്ല അവിടെ സൌഹൃദം.ഇല്ലാത്ത സമയമുണ്ടാക്കി അവരൊത്തുചേരുന്നു.സജീവമാണ് അവിടത്തെ വൈകുന്നേരങ്ങള്‍.ഫുട്ബാളും ക്രിക്കറ്റും വോളിബോളും നിറയുന്ന കളിമുറ്റങ്ങള്‍.പ്രോത്സാഹിപ്പിക്കാനും വാശി കേറ്റാനും മലയാളികള്‍,ഒപ്പം അറബികളും.ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ കൂടെ കൂട്ടുന്ന പിരിമുറുക്കങ്ങലില്ല അവിടത്തെ ഫ്ലാറ്റുകളില്‍. രാഷ്ട്രീയ സാംസ്കാരിക ചര്‍ച്ചകളും മറ്റുമായി സുന്ദരമായൊരു അന്തരീക്ഷമാണ്‌ അവിടെ നിറയുന്നത്.അല്‍ ബെയ്കിന്റെ ചിക്കന്‍ ബ്രോസ്റ്റിന്റെ രുചിയുള്ളത്.പലരുടെയും വീട്ടുമുറ്റത്ത്‌മുണ്ടാകും ചെറിയൊരു തോട്ടം.തക്കാളിയായാലും വഴുതന ആയാലും ഒരു നാടന്‍ പകിട്ടായി അതവിടെ കാണും.ഒരു സവാരിക്കിടക്ക് എത്തിച്ചേര്‍ന്നത് സൗദി കേബിള്‍സിന്റെ കാമ്പിലായിരുന്നു.പഴയ മക്ക റോഡിന്‍റെ അടുത്തായി സുന്ദരന്‍ മലനിരകള്‍ക്കു താഴെയുള്ള
ഈ ക്യാമ്പ്‌ ഒരു കേരള ഗ്രാമമാണെന്ന് തോന്നിപോയി.കാരണം വാഴയും മത്തനും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും മുരിങ്ങ മരങ്ങളും നിറഞ്ഞു നില്‍ക്കുന്നത് ഇവിടത്തെ മലയാളി സാന്നിധ്യമാണ്.ഗ്രാമീണ വിശുദ്ധി വിട്ടുപിരിയാത്ത ഈ മനസ്സാണ് ഇവിടെ സൌഹൃദങ്ങള്‍ക്ക് അതിര്‍ത്തികള്‍ വെക്കാത്തത്. ഇത്തരം കൂട്ടായ്മകള്‍ക്ക് ഖത്തറും ഒരു പരിധിവരെ സജീവമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.ഇവിടെ ബഹറൈനില്‍ ഇരുന്ന്‌ ഈ കുറിപ്പെഴുതുമ്പോള്‍ എന്റെ ഉദ്ധേശ ശുദ്ധിയെ ചോദ്യം ചെയ്യില്ല എന്ന് കരുതുന്നു.ദുബായിക്കും ബഹറിനും ഒപ്പം ഒമാനും കുവൈത്തും അല്പം പിറകിലാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ചിലപ്പോള്‍ ഞാന്‍ തെറ്റായേക്കാം.
എന്റെ യു. എ. ഇ . ബഹ്‌റൈന്‍ സുഹൃത്തുക്കള്‍ ക്ഷമിക്കുക.ഞാനെല്ലവരെയും തള്ളിപറയുന്നില്ല.പക്ഷെ കണ്ടറിഞ്ഞ ചില യാഥാര്‍ത്യങ്ങള്‍ സൗദിക്ക് ഇത്തിരി തനിമ കൂടുതലുണ്ടെന്ന് തുറന്നു പറയാന്‍ ഞാനെന്തിന്‌ മടിക്കണം.
ഹ്രസ്വമായൊരു സന്ദര്‍ശനത്തില്‍ എനിക്ക് തോന്നിയ വിഭ്രമങ്ങളല്ല ഇതൊന്നും.ഞാന്‍ വായിച്ചും കണ്ടും അറിഞ്ഞ സൗദിക്ക് ഈ മുഖം തന്നെയാണ്.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്ന പ്രവാചകന്‍ പിറന്ന മണ്ണാണിത്.ഇവര്‍ക്ക് സ്നേഹിക്കാനെ അറിയൂ.അത് മലയാളിയാണെങ്കിലും അറബികളാണെങ്കിലും.