ഓർമ്മകളിൽ ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണ് ഒരു റാന്തൽ വിളക്ക് .വർഷങ്ങൾ പിറകിൽ നിന്ന് അതിന്‍റെ വെളിച്ചം എന്നെ തേടി പലപ്പോഴും എത്തുന്നു . പക്ഷേ അത് ചിതറി വീഴുന്നത് ഈ കാലത്തിലേക്കും . വാഴക്കാട്ടെ മണന്തല കടവിലെ ചെറിയ പള്ളിയുടെ മൂലയിൽ , അത് തെളിഞ്ഞു കൊണ്ടേയിരിക്കുന്നു . മാനമിരുളുമ്പോൾ അതുവഴി കടന്നു പോകുന്ന ഏതെങ്കിലും ഒരു വഴിയാത്രക്കാരനാവാം അതിന് തിരികൊളുത്തുക . പിന്നത് എരിയുന്നത് കുറേ പേരുടെ പ്രതീക്ഷകളിലേക്കാണ് . കടത്തുതോണി കാത്തുനിൽക്കുന്നവർക്കും മറു കരയിൽ ഉള്ളവർക്കും ആ വെളിച്ചം ഒരാശ്വാസമാണ് . പുഴയുടെ മടിത്തട്ടിൽ എവിടെയോ മീൻ പിടിക്കുന്നവർക്കും ഈ വെളിച്ചം തന്നെ കാവൽക്കാരൻ . എനിക്കീ ചിത്രം മറക്കാൻ പറ്റില്ല . ഈ റാന്തൽ വിളക്ക് മാറ്റി നിർത്തിയാൽ ഇങ്ങിനെ ഒരു ചിത്രത്തിനും ഓർമ്മക്കും പൂരണം ഇല്ല . ഇരുകരകളും മാറി മാറി സഞ്ചരിച്ചിരുന്ന ഒരു കാലത്ത് എന്നെ അത്രമാത്രം സന്തോഷിപ്പിച്ചിട്ടുണ്ട് ഇതെല്ലാം . ഫെയറി ടെയിലുകളിൽ വായിച്ചു മറന്ന ഏതോ നാടൻ കഥക്കൂട്ടിന്‍റെ പാശ്ചാത്തലമാണ് ഓർമ്മയിൽ തെളിയുക . തൊട്ടു താഴെയുള്ള ബോട്ട് ജെട്ടിവരെ ആ വെളിച്ചം കാണാം . ആ പ്രകാശം നൽകുന്ന ധൈര്യത്തിൽ ബോട്ട് ജെട്ടിയുടെ കൈവരിയിൽ ഞങ്ങൾ കുറെ നേരമിരിക്കും . ഗ്വാളിയോർ റയോണ്‍സിലെ രണ്ടാം ഷിഫ്റ്റും കഴിഞ്ഞ് വീടുപറ്റാൻ ഓടുന്നവരും പോയി കഴിഞ്ഞാൽ ആ ഇത്തിരി വെട്ടം താനേ എരിഞ്ഞു തീരും . പിന്നെ എപ്പോഴോ കമ്പനി പൂട്ടി . ഉച്ചക്ക് രണ്ട് മണിക്കും പിന്നെ രാത്രി പത്ത് മണിക്കും മുഴങ്ങിയിരുന്ന സൈറണ്‍ ഒരിക്കലും വരാത്ത ജോലിക്കാരെ തേടി പിന്നെയും കുറേ കാലം ചൂളമടിച്ചു . കമ്പനിയുടെ അടച്ചുപൂട്ടൽ കാരണം പട്ടിണിയിൽ ആയ കുറെ കുടുംബങ്ങൾ ഉണ്ടായിരുന്നു . അവരുടെ വിശന്ന വയറുകളുടെ നിലവിളിയുടെ വേദന തോന്നി പിന്നെ പലപ്പോഴും ആ ശബ്ദത്തിന് . തുരുമ്പെടുത്ത ഗേറ്റിന്‍റെ പടികടന്നാരും വരാനില്ലെന്ന് മനസ്സിലാക്കിയിട്ടോ എന്തോ , മാസങ്ങൾക്ക് ശേഷം അതും നിലച്ചു . ഇന്ന് തിരക്കൊഴിഞ്ഞ കടവിലിരുന്ന് നോക്കിയാൽ കാലങ്ങൾക്കിപ്പുറവും കെടാതെ ആ റാന്തൽ എരിയുന്നത് എനിക്ക് കാണാം . ചെവിയിൽ മധുരമുള്ള ,നൊമ്പരമുള്ള ഗാനം പോലെ ആ സൈറനും കേൾക്കാം . ഓർമ്മകൾക്ക് നിറവും മണവും ശബ്ദവും നൽകാൻ പറ്റുന്ന ഒന്നില്ലേ .. ഈ ആൽബം മറിക്കുമ്പോൾ അത് ഞാനറിയുന്നുണ്ട് .
ഒരു ഫോക്ക് നൃത്തത്തിന്‍റെ ചുവടുകളുമായി വേഗത്തിൽ നടന്ന് വന്ന് കീരൻകുട്ടി തലച്ചുവട് അത്താണിയിൽ ഇറക്കി വെച്ചു . എന്നിട്ടൊരു നാടൻ ബീഡി കത്തിച്ച് അത്താണിയുടെ അരികിൽ ചാരിയിരുന്നു . ആ ഇരുത്തത്തിലെ ചെറിയൊരു മയക്കത്തിൽ മറഞ്ഞുപോയത് ഒരു കാലമാണ് . അത്താണികൾ ഒരു കാലഘട്ടത്തിന്‍റെ അടയാളമായി മാറി കഴിഞ്ഞിരുന്നു . പഴയ കാലത്തെ തലച്ചുവട് എടുക്കുന്നവർക്ക് ഭാരം ഇറക്കി വെക്കാനും പരസഹായമില്ലാതെ തിരിച്ചു തലയിൽ വെക്കാനും വിശ്രമിക്കാനും വേണ്ടി ഉണ്ടാക്കിയവയായിരുന്നു അത്താണികൾ . . ഒരു പക്ഷേ കേരളത്തിന്‍റെ ചരിത്രത്തോളം നീണ്ട ഒരു കഥ അത്താണികൾക്കും പറയാൻ കാണുമായിരിക്കും . മാര്‍ത്താണ്ഡ വർമ്മ മഹാരാജാ വിന്റെ കാലത്താണ് കേരളത്തിലെ ഗ്രാമങ്ങളിൽ അത്താണികൾ കണ്ടു തുടങ്ങിയതെന്ന് എവിടേയോ വായിച്ചതോർക്കുന്നു. എന്‍റെ ഗ്രാമത്തിൽ പുഴയിലേക്ക് പോകുന്ന വഴിയിൽ ഉണ്ടായിരുന്നു അതേപോലെ ഒന്ന് . അതിൽ കയറിയിരുന്ന് സൊറ പറയുന്ന മുതിർന്നവരെ ആരാധനയോടെ നോക്കിയിരുന്ന കാലമുണ്ടായിരുന്നു . പിന്നെപ്പോഴോ പറഞ്ഞറിഞ്ഞു അതിനും പറയുവാൻ കഥയുണ്ടെന്ന് . അത് തൊഴിലാളികളുടെ വിയർപ്പിന്‍റെ സ്മാരകങ്ങൾ ആണെന്ന് . അതുകൊണ്ടാണ് എന്‍റെ ഓർമ്മയിൽ നാട്ടിലാകെയുള്ള ഒരു തലച്ചുമടുകാരൻ കീരൻകുട്ടിയെ അത്താണിയുടെ ഓർമ്മകളോട് ഞാൻ ചേർത്ത് വെച്ചത് . ഒറ്റ കരിങ്കൽ കൊണ്ടുള്ളതാണ് മിക്ക അത്താണികളും . ഒരുപക്ഷേ ചുമട്ടു തൊഴിലാളികളുടെ വിയർപ്പുതുള്ളി കളും കണ്ണീരും വീണ് ദ്രവിച്ചു പോയിരിക്കണം കുറെ അത്താണികൾ . എന്നിരുന്നാലും ജീവിക്കുന്ന ഓർമ്മകളുമായി അവയിപ്പോഴും ചിലയിടങ്ങളിൽതലയുയർത്തി നിൽപ്പുണ്ട് . അടുത്ത് ചെന്ന് ചെവിയോർത്താൽ ചിലപ്പോൾ ചില ഗദ്ഗദങ്ങൾ കേട്ടെന്നിരിക്കും .
ആൽബത്തിലെ അടുത്ത പേജ് മറിക്കുമ്പോൾ വീണ്ടുമൊരു പുഴ ഒഴുകുന്നു . ആ പുഴയെ ഇത്തിരി കാലങ്ങൾ പിറകിലേക്ക് ഒഴുക്കിയാൽ വീണ്ടും ചില ചിത്രങ്ങൾ തെളിയും . കൂടെ മാപ്പിളപ്പാട്ടിന്‍റെ ഈരടികളും കേൾക്കാം . 'തെരപ്പം'എന്ന് ഞങ്ങൾ വിളിക്കുന്ന ചങ്ങാടമാണത് . പണ്ട് നിലമ്പൂർ കാടുകളിൽ നിന്നും കല്ലായിയിലേക്ക് ഒഴുകിയിരുന്നത് മരങ്ങൾ മാത്രമല്ല ജീവിതങ്ങൾ കൂടിയാണ് . രാത്രികളിൽ പുഴയിലൂടെ പോകുന്ന ചങ്ങാടങ്ങൾ തുഴയുന്നവരുടെ ഇമ്പമാർന്ന മാപ്പിള പാട്ടുകൾ കേട്ട് തീരങ്ങൾ പോലും മയങ്ങിയിട്ടുണ്ടാവണം . ചങ്ങാടത്തിന്‍റെ ഒരറ്റത്ത് വലിയ വിളക്ക് കാണാം . അതൊരു റാന്താലോ പെട്രോൾ മാക്സോ അതുമല്ലെങ്കിൽ മുളകൊണ്ടുള്ള വിളക്കോ ആവാം . എന്നോ പുറപ്പെട്ടതാവണം അവരെല്ലാം .
മുമ്പ് വാഴക്കാട് മപ്രം കടവിൽ ഒരു ചായക്കട ഉണ്ടായിരുന്നു . ഹാജിക്ക എന്ന് വിളിക്കുന്ന ആളുടെ . മക്കയിലേക്ക് നടന്നു പോയി ഹജ്ജ് ചെയ്ത ആളാണത്രേ ഹാജിക്ക . ആ വെള്ളത്താടി നിറഞ്ഞ ഐശ്വര്യമുള്ള മുഖം കണ്ടാൽ ഹാജിക്ക തരുന്ന ചായക്ക് വേറെ മധുരം വേണ്ട . ഹാജിക്ക പറയുന്ന തെരപ്പം കഥകളിൽ ഒരു ഹീറോയുണ്ട് . തെരപ്പം കരക്കടുപ്പിച്ച് തമാശകൾ പറഞ്ഞ് വീണ്ടും പുഴയിലൂടെ ഒഴുകുന്ന ചങ്ങാടത്തിന്‍റെ അമരക്കാരനെ കുറിച്ച് . അയാളുടെ പേര് സീതി എന്നായിരുന്നു . പിന്നെ ഏറനാടൻ തമാശയുമായി നിയമസഭ വരേ കയറിച്ചെന്ന സീതി ഹാജിയായിരുന്നു അത് . കാലം പിന്നെയുമൊഴുകി . ബണ്ടുകളും ഡാമുകളും പുഴയെ വേർതിരിച്ചു . കല്ലായിപുഴയെ തേടി ചങ്ങാടങ്ങൾ ഒന്നുമൊഴുകിയില്ല . പക്ഷേ പണ്ടെപ്പോഴോ അവർ പാടിയ മാപ്പിള പാട്ടിന്‍റെ ഈണങ്ങൾ ഇപ്പോഴും എവിടെയൊക്കെയോ മുഴങ്ങി കേൾക്കുന്നുണ്ട് . ആ പാട്ടുകളുടെ ഈരടികൾ എന്നെ വലയം ചെയ്യുന്നുണ്ട് .
ആൽബം അടച്ച് വെച്ച് കണ്ണുകൾ നീട്ടിയെറിഞ്ഞു . ദൂരെ ദൂരെ ഓർമ്മകളുടെ ചങ്ങാടത്തിൽ ഒരു റാന്തൽ വിളക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു . ആരും ചുമട് ചായ്ക്കുവാനില്ലാതെ ഇരുട്ടിന്‍റെ മറവിൽ ഒരത്താണിയും .
- o -
(മനസ്സിലുള്ളത് വരകളായി പുനർജ്ജനിക്കുക എന്ന് പറയാറില്ലേ .. എന്‍റെ ഓർമ്മചിത്രങ്ങൾക്ക് ഉജ്ജ്വലമായ വരയിലൂടെ ജീവൻ നൽകിയത് ഇസ്ഹാഖ് ഭായിയാണ് ( ഇസ്ഹാഖ് നിലമ്പൂർ ) ഒത്തിരി സന്തോഷം . ഒത്തിരി സ്നേഹം)
Hey,
ReplyDeleteYour Writings Seems to Look Good.
We Would Like to Advertise on Your Blog.
Please mail me @ oxterclub@gmail.com
ഓര്‍മ്മകള്‍ക്ക് എന്നും മധുരം തന്നെ അല്ലെ ......
ReplyDeleteചൂട്ടും റാന്തലും അത്താണിയും ആല്‍മരങ്ങളും പൂട്ടും കന്നും ഒക്കെയുള്ള ഒരുകാലം . മാഞ്ഞുപോയതിനെല്ലാം എന്നും മധുരം. ആ മധുരം നുകര്‍ന്ന മനസ്സില്‍ നിന്നുതിരുന്ന ഈ വാക്കുകള്‍ക്ക് ഇരട്ടിമധുരം. വരകള്‍ കേമം..സന്തോഷം ..ആശംസകളോടെ
ReplyDeleteഓര്മ്മകളിലേക്ക് ഊളിയിട്ടു പോകാനെന്തു രസമാണല്ലേ,
ReplyDeleteഞാൻ ഊളിയിടുമ്പോ ഴൊക്കെയും ഓര്മ്മ ക്കടലിന്റെ അടിത്തട്ടിൽ മുത്തും പവിഴവും പെറുക്കി നടക്കുന്ന നിന്നെ കാണാറുണ്ട് ...
അത് കൊണ്ട് നീ അത് വാരി വിതറു മ്പോൾ അത്യാഹ്ലാദത്തോടെ ഇവിടെ വരുന്നു ,
പെറുക്കി എടുക്കാൻ ,
ഓമനിക്കാൻ
ഓർമ്മകെട്ടിൽ സൂക്ഷിച്ചു വെക്കാൻ
:)
Deleteചില ചിത്രങ്ങൾ അക്ഷരങ്ങളേക്കാൾ സംസാരിക്കും , ഇസ് ഹാക്ക് ബായിയുടെ വരകളെ പോലെ
ReplyDelete:)
Deleteഅത്താണികള്‍ക്ക് പുറമെ പ്രധാന മുക്കിലെല്ലാം കന്നുകാലികള്‍ക്ക് വെള്ളം കുടിക്കാനായി തൊട്ടിയും തീര്‍ത്തിരുന്നു...
ReplyDeleteവിളക്കുകാലുകളും എല്ലാമെല്ലാം ഓര്‍മ്മകളില്‍....
ആശംസകള്‍
വായിക്കാൻ സുഖമുണ്ട്, റാന്തൽ വിളക്കിനോട് എനിക്കും വല്ല്യ ഇഷ്ടമാണു, ഓർമ്മ വെക്കുമ്പഴേ കറന്റ് ഉണ്ടായിരുന്നു വീട്ടിൽ, അത് കൊണ്ട് തന്നെ റാന്തൽ വിളക്ക് കത്തിഛ് വെച്ച് പഠിച്ച ഓർമ്മകളൊന്നും ഇല്ല, എന്നാലും എനിക്കിത് ഇഷ്ടമാണു, വെറുതെ തിരി താഴ്ത്തിയും പൊന്തിച്ചും നിഴലുകൾ അനങ്ങുന്നത് നോക്കി എത്ര വേണെലും ഇരിക്കാം.
ReplyDeleteഎഴുത്തിനൊത്ത വര, ഗ്രേറ്റ്.
ഒരു ക്ലാസ്സിക് ടച്ച് എഴിത്തിനും വരകൾക്കും. പൊടി പിടിച്ച ഓർമ്മകൾക്ക് വീണ്ടും നിറച്ചാർത്ത് നല്കി.
ReplyDeleteഓർമ്മകളുടെ മച്ചിൻ പുറത്തു നിന്ന്, അഭ്രപാളികളിലെ ദൃശ്യ വിസ്മയം പോലെ, ഓടി മറഞ്ഞു പോയ കാലാന്തരങ്ങളുടെ ക്ലാവ് പിടിച്ച പ്രതാപ ബിംബങ്ങൾ ഇവിടെ നാടൻ പാട്ടിന്റെ ലാളിത്യമുള്ള ഗദ്യ ഭാഷയിലൂടെ പുനർ സൃഷ്ടിക്കുകയാണ് എഴുത്തുകാരൻ
ReplyDeleteറാന്തൽ , അത്താണി, തെരപ്പം, ചായമക്കാനി, കാള വണ്ടി തുടങ്ങിയ നാട്ട്യങ്ങളില്ലാത്ത ഗ്രാമീണതയുടെ സമൃദ്ധ ഭാവങ്ങൾ അന്യമായ ഇന്നത്തെ മോഡേണ്‍ യുഗത്തിൽ, ആ ഓർമ്മകൾ ഇന്നും പഴ മനസ്സുകളിൽ ഗൃഹാതുരതയുടെ ഇടക്കനാദം തീർക്കുമ്പോൾ നാമറിയുന്നു, നമ്മൾ കൈ വിട്ടു പോയതേതൊരു നല്ല കാലമെന്നു.
ഈ പോസ്റ്റ് എനിക്കും ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര തരപ്പെടുത്തിത്തന്നു. മണന്തല കടവിലൂടെ തിരപ്പം ഒഴുകുന്ന പുഴ കടന്നു ഒരു യാത്ര. ചിത്രങ്ങൾ അതി മനോഹരം. നന്ദി എഴുത്തുകാരനും ചിത്രകാരനും
മറയുന്ന കാഴ്ചകള്‍, ഉണരുന്ന ഓര്‍മ്മകള്‍.. .'
ReplyDeleteസുഖസ്മരണകൾ മനസ്സിൽ എന്നും മരിക്കാതെ ഉണ്ടാകും
ReplyDeleteഎഴുത്ത് എവിടേക്കോ കൊണ്ട് പോയി
നന്ദി ഭായി
ആശംസകൾ
ഭംഗിയായിട്ടുണ്ട് എഴുത്തും വരയും ...
ReplyDeleteഇമ്മാതിരി ഓര്‍മ്മകള്‍ എല്ലാര്‍ക്കും കാണുമെങ്കിലും തെരെഞ്ഞെടുപ്പും മനോഹരമായ അവതരണവും എല്ലാര്‍ക്കും സാധിക്കുന്നില്ല..
ചില ചിത്രങ്ങൾ, ഓർമകൾ എപ്പോഴും അങ്ങനെതന്നെയാണു, ഇസ്ഹാക് ഭായുടെ വര തകർപ്പൻ
ReplyDeleteഅടുത്തറിഞ്ഞ് ചൂടും ചൂരും അനുഭവിച്ച സ്ഥലങ്ങള്‍. ഹൃദ്യമായ വിവരണം. നൊസ്റ്റാള്‍ജിക്ക്
ReplyDeleteme also
Deleteപതിവുപോലെ വായനാസുഖമുള്ള നല്ല എഴുത്ത്, ഒപ്പം അതിനുചേരുന്ന മനോഹര ചിത്രങ്ങളും.
ReplyDeleteഓര്‍മ്മമധുരം
ReplyDeleteമുനിഞ്ഞുകത്തുന്ന കടവത്തെ റാന്തൽ വിളക്കും, 'എരിയുന്ന വയറിലെ തീയിൽ നിന്നും ഉരുവപ്പെട്ട സൈറണും' (എത്ര ഭാവനാ സുന്ദരമായ നിരീക്ഷണം!), പിന്നെ, അത്താണികൾ എന്ന ഗതകാല ജീവിതഭാരത്തിന്റെ സ്മാരകശിലകളെയും ഓർത്തെടുത്ത പ്രിയ മന്സുന്റെ ഈ 'ആൽബം കാഴ്ചകൾ' എഴുത്താണിയിൽ നിന്നും ആകൃതിപ്പെട്ട അക്ഷരങ്ങൾ ആയിട്ടല്ല തോന്നിയത്; അതീവ ഹൃദ്യമായ വിഷ്വലുകൾ ആയിട്ടാണ് കാഴ്ചപ്പെട്ടത്.
ReplyDeleteഓർമയുടെ ചാലിയാറുകൾ വലിയ ലാവണ്യമുള്ള എഴുത്തുകടലുകളായി പരിണമിച്ച് ഒഴുകിക്കൊണ്ടിരിക്കുന്ന കാഴ്ച അതീവഹൃദ്യമായ, അതിമനോഹരമായ, ചേതോഹരമായ അനുഭവമാണ്. എഴുത്തിന്റെ ചേരുവയിൽ അനുഭവവും, നല്ല ഓർമകളോടുള്ള അനുഭാവവും സമം ചേർന്നു നില്ക്കുമ്പോൾ വായനക്കാരന്റെ പുണ്യമുള്ള അനുഭവമായി അതു മാറുന്നു.
അതീവ വാത്സല്യത്തോടെ ഈ അക്ഷരക്കൂട്ടത്തിൽ നിന്നും ഞാനീ അക്ഷരങ്ങൾ കടം കൊണ്ടോട്ടെ, എന്നിട്ട് എന്റെ ഇഷ്ടവചനങ്ങളുടെ പെട്ടിയിൽ ലാമിനേറ്റ് ചെയ്തുവച്ചോട്ടെ, സ്നേഹസുഹൃത്തെ:
"ആൽബം അടച്ച് വെച്ച് കണ്ണുകൾ നീട്ടിയെറിഞ്ഞു . ദൂരെ ദൂരെ ഓർമ്മകളുടെ ചങ്ങാടത്തിൽ ഒരു റാന്തൽ വിളക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു . ആരും ചുമട് ചായ്ക്കുവാനില്ലാതെ ഇരുട്ടിന്‍റെ മറവിൽ ഒരത്താണിയും ."
അതി മനോഹരമായ എഴുത്തും, അതിനോളം മനോഹരം വരയും.
ReplyDeleteപഴയ കാല ഓര്‍മ്മകള്‍ എല്ലാവര്‍ക്കുമുണ്ടാകും. പക്ഷെ അത് ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ എല്ലാവര്ക്കും കഴിയണമെന്നില്ല.
റാന്തലിന്റെ വശത്തായിക്കാണുന്ന ചെറിയ കമ്പി സുനയില്‍ അമര്‍ത്തിയാല്‍ പള്ളപോലുള്ള അതിന്റെ ചില്ല്മുട്ട പൊങ്ങുന്നതും തിരിച്ച് ആവുന്നതും കാണുന്നത് അതീവ കൗതുകമായിരുന്നു കുട്ടിക്കാലത്ത് ,
ReplyDeleteവേറൊന്നില്‍ തിരിച്ചാല്‍ പരന്ന തിരിയുടെ നിയന്ത്രണം കാസ്റ്ട്ടില്‍( കാസ്ട്റോയിലില്‍ നിന്നും ശുദ്ധീകരിച്ചെടുത്ത ഏറനാടന്‍ മണ്ണെണ്ണ..:) ) മുങ്ങിച്ചാകാന്‍ പോകുന്ന തിരിയെ രക്ഷിക്കുമ്പോള്‍ പൂര്വ്വാധികം പ്റഭയോടെയുള്ള അതിന്റെ........ ഓര്‍മ്മകള്‍ക്കെന്തു സുഖം...!
ആവിഷ്ക്കാരത്തിന്റെ ഈ ചെറുവാടി ശൈലിക്കും....!
കഥകൾ ഒരുപാട് പറയാനുള്ള അത്താണികൾ ഇന്ന് ഓർമ്മ മാത്രമായിക്കൊണ്ടിരിക്കുന്നു. നാട്ടില ഒരു പാട് സ്ഥലങ്ങളുടെ പേരുകൾ തന്നെ അത്താണിയോടു ചേർത്താണ് ഉള്ളത്. അത്താണി പുരാണത്തിലൂടെ മൻസൂർ വായനക്കാരനെ കൊണ്ട് പോയത് ഒർമ്മയുടെ നിലയ്ക്കാത്ത ഓളങ്ങളിലേക്കാണ്. മനോഹരമായ ഈ മനസ്സ് പങ്കു വെയ്ക്കലുകൾ ബ്ലോഗിലൂടെ തന്നെയാണ് അതിന്റെ പൂർണ്ണതയിൽ ചെയ്യാൻ കഴിയുക.
ReplyDeleteസ്കൂളില്‍ പോയിരുന്ന വഴിക്ക് ഒരു അത്താണിയുണ്ടായിരുന്നു. കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ വെറുതെ അത് തിരഞ്ഞു പോയി. ഇന്ന് അത്താണി അവിടെയില്ല. പുതിയ റോഡും മറ്റുമായി തിരക്കേറിയ ആ സ്ഥലം എനിക്ക് അപരിചിതമായി തോന്നി. പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍ത്തതാണ്....
ReplyDelete"ദൂരെ ദൂരെ ഓർമ്മകളുടെ ചങ്ങാടത്തിൽ ഒരു റാന്തൽ വിളക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു..."
നഷ്ടപ്പെട്ട കാലത്തിന്റെ ഏടുകള്‍ - വര ഗംഭീരം!
ReplyDeleteഓര്‍മ്മകളുടെ ഉള്ളറകളില്‍ നിന്നും പെറുക്കിയെടുത്ത് മനോഹരമായി ചേര്‍ത്തുവച്ച ഒരു രചനയും, എഴുത്തുകാരന്റെ മനസ്സിലേക്കിറങ്ങി ചെന്ന് കഥാപാത്രങ്ങളെ ആവാഹിച്ചെടുത്ത് വരച്ച വരകളും...!
ReplyDeleteവാക്കുകള്‍കൊണ്ട് രേഖപ്പെടുത്താനാവാത്തവയാകുന്നു ചില അഭിപ്രായങ്ങള്‍ .....
ഒരു സല്യൂട്ട് മാത്രം നല്‍കുന്നു ഭായ് !!
very nice . beautiful drawings
ReplyDeletekalam marakkatha kure thelinja chithrangal
പാരമ്പര്യങ്ങളുടെ വേർപടലങ്ങളിൽ നിന്നും വളരെ നേർത്ത മൂല്യങ്ങളെ പോലും ചേർത്തിണക്കി ചാലിച്ച തൂലികയ്ക്ക് അഭിനന്ദനങ്ങൾ..
ReplyDeleteമികവുറ്റ ചിത്രങ്ങൾ..
പൂർണ്ണതയിലെത്തി നിൽക്കുന്ന പോസ്റ്റ്..congrats
എഴുത്തും വരയും മിഴിവേകിയ ഗൃഹാതുരതയുടെ ശീതളിമയിൽ നിന്നു പുറത്തുകടക്കാൻ കഴിയുന്നില്ല.
ReplyDeleteനല്ല പോസ്റ്റ്!
ഹൃദയത്തിലെ ആര്‍ദ്രതയില്‍ നിന്നൊഴുകി വരുന്ന ഓര്‍മകള്‍ക്കു മിഴിവേകി മനോഹരമായ ചിത്രങ്ങളും...
ReplyDeleteവര കസറിയേട്ടൊ ..
ReplyDeleteകൂടെ ആ മനസ്സിലേ തേന്‍ നിലാവിന്റെ വരികള്‍ക്കും ..
എഴുതുമ്പൊള്‍ മനസ്സില്‍ നിന്നും പകര്‍ത്തി വയ്ക്കുന്ന
ഒരു ലാളനയുണ്ട് ഒരൊ വാക്കിനും മന്‍സൂന്റെ ..
വളരെ പതിയെ മനസ്സിലേക്ക് വീശുന്ന പഴമയുടെ കാറ്റ് ...
ക്ലാസ്സിക് ടച്ചുള്ള ഓര്‍മകുറിപ്പ് മന്‍സൂ ..
മനസ്സിനെ വാരിയെടുത്ത് മാറോടണച്ച് , പിന്നിലേക്ക്
വളരെ പതിയെ നടക്കുന്ന വരികളുടെ ജീവന്‍ ..
റാന്തല്‍ വിളക്കും , പുഴയും ചങ്ങാടവും , അത്താണിയും
അങ്ങാടിയും ചായ പീടികയും ,, റയോണ്‍സുമൊക്കെ
നൊവിന്റെ ഇത്തിരി പൊന്ന നീറ്റലേകി വന്ന് തലോടി ..
ഓര്‍മകളുടെ യാത്രകളുടെ രാജകുമാര , ഈ കുറിപ്പെനിക്ക്
വല്ലാണ്ട് ഇഷ്ടയേട്ടൊ ... ഒരുപാട് ഇഷ്ടം , സ്നേഹം മന്‍സൂ ..!
ഇത്തവണ ഇസ് ഹാക്ക് ബായിയുടെ ചിത്രങ്ങൾ പോസ്റ്റിന് തിളക്കം കൂട്ടുന്നു. പോസ്റ്റിനെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനുമുമ്പ് ആശയങ്ങൾക്ക് അനുയോജ്യമായ ഉന്നത നിലവാരം പുലർത്തുന്നവയാണ് വരകൾക്ക് അദ്ദേഹത്തെ അഭിനന്ദിക്കുന്നു.....
ReplyDeleteഎന്റെ ഓർമ്മകളിലും ഒരു റാന്തൽ വിളക്കുണ്ട്. പക്ഷേ ചെറുവാടി പറഞ്ഞത്ര നിറപ്പകിട്ടുള്ളതല്ല ആ റാന്തൽ വിളക്കിന്റെ ഓർമ്മകൾ. പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെ അടുക്കിപ്പിടുച്ച്,ഓലമേഞ്ഞ ഇറയുടെ അറ്റത്തെ മുളംതണ്ടിൽ തൂക്കിയിട്ട ആ റാന്തൽ വിളക്കിന്റെ മുനിഞ്ഞുകത്തുന്ന വെളിച്ചത്തിലിരുന്ന് പുറത്തെ ഇരുളിന്റെ കയങ്ങളിൽ കണ്ണിമക്കാതെ തിരഞ്ഞ് മിന്നാമിനുങ്ങുവെട്ടങ്ങൾ കണ്ടെടുക്കുയും, അതിൽനിന്ന് വെളിച്ചത്തിന്റെ അലകൾ സൃഷ്ടിച്ചെടുക്കുകയും ചെയ്ത ഒരമ്മയെ എനിക്കു കാണാം...
നല്ല രചന - പുതിയ തലമുറക്ക് കെട്ടുകഥകളായി തോന്നാവുന്നത്ര അന്യം നിന്നുപോയ നമ്മുടെ സാംസ്കരികത്തനിമകൾ ഓർമ്മകളുടെ അടരുകളിൽ നിന്ന് മനോഹരമായ ഭാഷയിലൂടെ അവതരിപ്പിച്ചു....
ഞാനും ഒരുപാട് പിറകിലോട്ട് പോയി
ReplyDeleteഅടുത്ത കാലത്ത് മറഞ്ഞ ഇതിലെ ചങ്ങാടം ഒഴികെ എല്ലാം എന്‍റെ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ക്കിടയിലും സ്ഥാനം പിടിച്ചിട്ടുണ്ട് .. ഇസഹാക്ക് ഇക്കയുടെ ചിത്രവും മനോഹരമായ ഭാഷാ പ്രയോഗങ്ങളും കൂടിയായപ്പോള്‍ പോസ്റ്റിനു മൊഞ്ചൊന്നു കൂടി ..
മറന്നു തുടങ്ങുന്ന പഴയ കാല ജീവിതങ്ങളുടെ ശേഷിപ്പുകള്‍ വീണ്ടും വരികളാക്കി ഓര്‍മ്മയില്‍ തെളിയിച്ചതിന് . നന്ദി
ആശംസകളോടെ
ഓര്‍മകളും അതിനൊത്തവരയും അസ്സലായി മന്‍സൂര്‍ ...
ReplyDeleteറാന്തല്‍ തെളിയിക്കുന്ന ഓര്‍മയിലെ ഒരേ ഒരു മുഖം എന്‍റെ വെല്ലിപ്പയുടെതാണ് . ചങ്ങാടം അന്നും ഇന്നും പേടിയുടെ സ്മരണയും . ഓര്‍മകൂടാരത്തിലെ മങ്ങിയ നിഴലുകളെ ഓര്‍മിപ്പിച്ച കുറിപ്പ് ... :)
പോയ തലമുറയുടെ ജീവിതായോധനത്തിന് ആവുംവിധം കൂട്ടുനിന്ന ഉപകരണങ്ങൾ, ഉപാധികൾ...
ReplyDeleteപുഴയുടെ സ്വച്ഛമായ ഒഴുക്കിനൊപ്പം ജീവിതത്തിന്റെ താളം ചിട്ടപ്പെടുത്തി ഒന്നിനെയും മുറിപ്പെടുത്താതെ കടന്നുപോയ നിഷ്ക്കളങ്ക ജന്മങ്ങൾ...
പഴക്കത്താൽ നുരുമ്പിച്ചു തുടങ്ങിയ ഓർമ്മച്ചിത്രങ്ങളെ ലാമിനേറ്റ് ചെയ്തെടുത്തപ്പോൾ അതിനെന്തൊരു മിനുക്കം!
അതിനെത്രമേൽ ഹൃദയഹാരിത!
പുഴയിലെ കുഞ്ഞോളങ്ങളോട് കിന്നാരം ചൊല്ലി ഒരു തിരപ്പം മങ്ങിയ റാന്തൽ വെളിച്ചമണിഞ്ഞ് നിൽക്കുന്ന കടവത്തേക്ക് നീങ്ങിവന്നെത്തുമ്പോലെ, കാവ്യാത്മകമായ വരികളിലൂടെ സഞ്ചരിച്ച് ഗതകാലത്ത്നിന്നുള്ള അപൂർവ്വചിത്രങ്ങൾ മനസ്സിന്റെ ഉള്ളറയിലേക്ക് പ്രവേശിക്കുന്നു....
മൻസൂറിന്റെ വാങ്മയചിത്രങ്ങളുടെ സത്ത സമ്യക്കായി സ്വന്തം വരകളിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് ഇസ്ഹാക്ക് ഭായിയും.
ഇരുവർക്കും സ്നേഹാദരങ്ങൾ.
നന്ദിയും.
ഓര്‍മകള്‍ക്കെന്തു സുഗന്ധം.
ReplyDeleteവശ്യമായ വര.
വരികള്ക്ക് ജീവന് കൊടുത്ത വര..അതോ വരയ്ക്കു ജീവൻ
ReplyDeleteകൊടുത്ത വരികളോ??രണ്ടും പരസ്പര പൂരകം
ആയി ഈ പോസ്റ്റിൽ എന്ന് പറയാതെ വയ്യ....
വായന സുഖം തരുന്ന മൻസൂറിന്റെ പോസ്റ്റുകൾ കണ്ടിട്ട്
കുറെ ആയി..എല്ലാവരും ബ്ലോഗില നിന്ന് മാറി നില്ക്കുന്നത്
കഷ്ടം തന്നെ..
ഞാൻ വീട്ടില്, ചുറ്റും ഗ്ലാസ്സിന്റെ സംരക്ഷണം ഇല്ലാത്ത മണ്ണെണ്ണ
വിളക്കുകൾ ഉപയോഗിച്ച് പഠിച്ചിരുന്നു..പിന്നീടു കറന്റു
കിട്ടിയപ്പോൾ അവയൊക്കെ കുറേക്കാലം തട്ടിന്പുറത്തു
സൂക്ഷിച്ചിരുന്നു..ഇപ്പോൾ അതൊന്നും കാണാൻ പോലും ഇല്ലാതായി.
ഓർമ്മകൾ നമുക്ക് സുഖം തരും എങ്കിലും ഇപ്പോൾ കുട്ടികളോട്
പറയുമ്പോൾ അല്പം പോലും ആസ്വദിക്കാൻ അവര്ക്ക് ആവുന്നില്ല.
അതിനു അവരെ എങ്ങനെ കുറ്റപ്പെടുത്താൻ അല്ലെ?
ഈ പോസ്റ്റിനു നന്ദി മൻസൂര്..ഇസഹാഖിനും...
ചിലത് ഇങ്ങനെയാണ് ,അതാതിന്‍റെ ധര്‍മ്മം നിറവേറ്റി സാര്‍ത്ഥകമായ ഒരു കര്‍മ്മപൂര്‍ത്തിയടയല്‍... അതിനു അനുവദിക്കുക എന്നതാണ് നല്ലതും ,കിണ്ടി ,പുട്ടില്‍ ,മെതിയടി,പത്തായം ,ചങ്ങലവട്ട ,ചൂട്ട്,തൂമ്പാ ,തെക്കുകൊട്ടയും ജലച്ചക്രവും ,കാളവണ്ടി ഇങ്ങനെ കേരളത്തിന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്ന എന്തെല്ലാം അങ്ങനെ കാലഗതി പ്രാപിച്ചു .അവ അപ്രസക്തമായത് കൊണ്ടും കൂടുതല്‍ സൗകര്യപ്രദമായവ തള്ളി മാറ്റിയതുമാണ് അതിനു കാരണം .
ReplyDeleteചില മഞ്ഞപ്പത്രങ്ങളില്‍ കാണുന്ന പരട്ട ഫീച്ചറുകള്‍ പോലെ ഇവയെ ഗ്ലോറിഫൈ ചെയ്യുന്നത് കാണ്‍കെ അരിശം പൊട്ടുന്നുണ്ടെങ്കിലും അവയെ എല്ലാം തകര്‍ക്കുന്ന ചെറുവാടിയുടെ രചനാജാലം ..തൊപ്പിയൂരാതെ വയ്യ ..
ഇസഹാക്ക് ഭായിക്ക് വേണ്ടി ഊരാന്‍ വേറെ തൊപ്പിയില്ല ,ഒരു തൊപ്പി പോരല്ലോ അതിനും ..
Deleteജീവസ്സുറ്റ ചിത്രങ്ങള്‍ ,മിഴിവുള്ള അവതരണം ,പഴമയുടെ ഗന്ധം പേറുന്ന ...എന്നാല്‍ ആദ്യമായി കേള്‍ക്കുന്ന ചില വാക്കുകള്‍ ..വളരെ നന്നായിരിക്കുന്നു മന്‍സൂര്‍ബായ് .ഇടവേളകളില്ലാതെ വീണ്ടും വീണ്ടും പുതിയ സൃഷ്ടികള്‍ ഞങ്ങളിലെയ്ക്ക് എത്തിക്കുമല്ലോ ...ആശംസകളോടെ....
ReplyDeleteകാലത്തിന്റെ കുത്തൊഴുക്കില്‍ മണ്മറഞ്ഞു പോയ ചില സ്മാരകങ്ങള്‍.
ReplyDeleteഅവയെ എഴുത്തുകാരന്‍ അയവിറക്കിയിരിക്കുന്നു. ഓരോ വായനക്കാരനും തന്‍റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുവാനുള്ള അത്താണിയായി മാറുന്നു ഈ പോസ്റ്റ്. ഇസഹാക്ക് ഭായിയുടെ മാന്ത്രികസ്പര്‍ശം ആ ഓര്‍മ്മകള്‍ക്ക് ആകൃതി പകര്‍ന്നു. ചെറുതെങ്കിലും അടുത്തനാലുകളില്‍ വായിച്ച മന്‍സൂറിന്റെ വളരെ മനോഹരമായ ഒരു കുറിപ്പ്.
ഉറങ്ങിക്കിടക്കുന്ന ഓർമ്മകളെ വിളിച്ചുണർത്തുന്ന പോസ്റ്റ്. പഴയ കാലത്തിലൂടെ അൽപ നേരം രസിച്ചു നടന്നു. ഓർമ്മകൾ നൽകുന്ന അനുഭൂതി ഏതു ഭാഷയിലാണ് എഴുതിയറിയിക്കുക. വല്ലാത്തൊരു സ്വകാര്യ സ്വത്താണത്. വിലയിടാൻ കഴിയാത്തത്. അല്പം കൂടി പേജുകൾ മറിക്കാമായിരുന്നു ചെറുവാടീ . കൊതിപ്പിച്ചു നിർത്തിക്കളഞ്ഞു
ReplyDeleteമന്‍സൂര്‍ജീ,
ReplyDeleteഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തി ഈ നല്ലോര്‍മ്മകള്‍....
ബാല്യകാലത്ത് എന്റെ ഗ്രാമത്തിലേ മുറുക്കാന്‍കടയിലെ വിശ്വന്‍ചേട്ടന്റെ റാന്തല്‍വിളക്കൊക്കെ ഓര്‍മ്മ വന്നു.
സസ്നേഹം
അജിത
ഓര്‍മകള്‍ക്കെന്നും സുഗന്ധം............. :)
ReplyDeleteമനോഹരമായെഴുതി, മാഷേ...
ReplyDeleteശരിക്കും പഴയ ഒരു ആൽബം മറിച്ചു നോക്കുന്ന സുഖമുണ്ട് ഈ പോസ്റ്റ്‌നു .ഭംഗിയുണ്ട് മൻസൂർക്കയുടെ എല്ലാ രചനകൾക്കും .
ReplyDeleteഅനുയോജ്യമായ വരയും .അസ്സലായിരിക്കുന്നു .
ഇസ്‌ഹാഖ് ബായിയുടെ ചിത്രങ്ങൾക്ക് നിറം പകർന്ന എഴുത്ത്.. ഓർമ്മകളിലേ ഓളങ്ങളൊരിക്കലുംനിലക്കില്ല. നന്ദി
ReplyDeleteവരികള്ക്ക് വരയുടെ ആലിംഗനം
ReplyDeleteചിട്ടയോടു കൂടി മിതത്വം പാലിച്ച് ഒഴുക്കിൽ എഴുതി. സുഖമായി വായിക്കാൻ കഴിയുന്നുണ്ട്.
ReplyDeleteവിവരിച്ച കാര്യങ്ങൾ കേള്ക്കുമ്പോ നമ്മളും ചിലതൊക്കെ ഓർത്ത് പോയി.
-
ഇഷാഖ് ഭായിയുടെ മാന്ത്രിക രേഖകൾ എഴുത്തിനെ പുഷ്ടിപ്പിക്കുന്നു.
അഭിനന്ദനം പറഞ്ഞാല കുറഞ്ഞു പോകും. .. അതിനൊക്കെ മോളിലാണ്.
-
ജന്മാന്തര സ്നേഹ ബന്ധങ്ങലെക്കുറിച്ചെന്തിനോ ഞാനുമിന്നോർത്തു പോയി ...
ഓര്‍മകള്‍ക്കെന്തു സുഗന്ധം, എന്‍ ആത്മാവിന്‍ നഷ്ടസുഗന്ധം.
ReplyDeleteഓര്മ്മകളിലേക്ക് ഊളിയിട്ടു പോകാനെന്തു രസമാണല്ലേ,മനോഹരമായെഴുതി,
ReplyDeleteഈ ആദ്യത്തെ ചിത്രം തന്നെ ഈ പോസ്റ്റ്‌നെ ഹൃദയത്തോട് ചേർക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.ഈ ആൽബം തുറന്നു നോക്കാൻ തോന്നിയത് നന്നായീട്ടോ.വാക്കുകളിലും,വരകളിലും നിറഞ്ഞു നിൽക്കുന്ന ഈ ഓർമ്മ ചിത്രങ്ങളുടെ ഭംഗി എല്ലാർക്കും കാണാൻ പറ്റീലോ. :)
ReplyDeleteഎന്തിനേക്കുറിച്ചെഴുതുന്നു... എന്നല്ല, എങ്ങിനെ എഴുതുന്നു എന്നതാണു പ്രധാനം എന്ന് സെന്റർകോർട്ട് പറഞ്ഞ് തരും
ReplyDeleteമധുരമുള്ള ഓര്‍മ്മകള്‍... അതിലേറെ മധുരിക്കുന്ന ഇസഹാക്ക് ഭായിയുടെ വരകള്‍.
ReplyDeleteഇന്ന് സെന്‍റര്‍കോര്‍ട്ടിലും പുഞ്ചപ്പാടത്തും ഞാന്‍ വായിച്ചത് ഒരിക്കലും മനസ്സില്‍ നിന്നും മായാന്‍ മടിക്കുന്ന സുന്ദരമായ ചില ഓര്‍മ്മച്ചിത്രങ്ങള്‍.
ആശംസകള്‍ മന്‍സൂര്‍
സഞ്ചാരസാഹിത്യകാരാ...ഞാൻ വീണ്ടും ഈ വഴിയേ...എന്തു പറയണമീ എഴുത്തിനെക്കുറിച്ച്?? ആവർത്തനങ്ങളാകുമോ..??? നന്നായിരിക്കുന്നു...റാന്തലും അത്താണിയും വിളക്കുമാടങ്ങളുമൊക്കെ കേട്ടറിവുകൾ മാത്രാണ്...അതിവിടെ ജീവനോടെ കാണുമ്പോ സന്തോഷം...ജീവൻ തുടിക്കുന്ന ചിത്രങ്ങളും...അഭിനന്ദനങ്ങൾ
ReplyDeleteമന്‍സൂര്‍ ഭായ്.. വ്യക്തിപരമായി എന്നെ തൊടുന്ന പോസ്റ്റിനു നന്ദി. കൌമാരത്തിന്‍റെ നല്ല കാലങ്ങളില്‍ ചാലിയാര്‍ പുഴയുടെ തീരത്തുണ്ടായിരുന്നു ഞാന്‍. മപ്രത്തും, ഹാജിക്കയുടെ മക്കാനിയിലും ഒക്കെയായി. അത് കൊണ്ട് തന്നെ, താങ്കളുടെ ഓരോ വരിയും. ഇസഹാക്ക് ഭായിയുടെ വരയും എന്നെ കൂട്ടിക്കൊണ്ടു പോകുന്നത്, ആ സുന്ദര ഓര്‍മ്മക്ളിലേക്കാണ്. മനോഹരമായ എഴുത്തിന്റെ കയ്യടക്കത്തിനും വരക്കാരനും ആശംസകള്‍. ചാലിയാര്‍ പുഴയില്‍ നിന്ന് പണ്ടൊരിക്കല്‍ ഞാന്‍ പകര്‍ത്തിയ ഒരു ദൃശ്യം ഇന്നലെ സംസാരിച്ചത് ഇവിടെ വായിക്കാം. http://noushadkoodaranhi.blogspot.com/2013/08/blog-post_21.html
ReplyDeleteപോസ്റ്റ് കാണാന്‍ അല്പം വൈകി മന്‍സൂ ,,നാട്ടിലുള്ളപ്പോള്‍ ഈ പോസ്റ്റ് വായിച്ചിരുന്നുവെങ്കില്‍ ഈ തവണത്തെ ചാലിയാര്‍ തോണിയാത്ര ഒന്ന് കൂടി ആസ്വാദ്യകരമായിരുന്നു. ചാലിയാറിനെയും മപ്രം കടവിനെയും തൊട്ടറിഞ്ഞ പോസ്റ്റ് ,( ചായമക്കാനി മുമ്പൊരു പോസ്റ്റില്‍ വായിച്ച ഒരോര്‍മ്മ വരുന്നു. )
ReplyDeleteനമ്മുടെ സൌകര്യാര്‍ത്ഥം തള്ളിമാറ്റിയതാണെങ്കിലും ഓര്‍മ്മകളില്‍ ഇന്നും തിളങ്ങുന്ന സ്ഥാനമുള്ള കുറേ ഏടുകളുണ്ട്. എത്ര പുച്ഛത്തോടെ ചുണ്ട്കോട്ടിയാലും മനസ്സിന്‍റെ ഉള്ളറകളില്‍ ഭദ്രമാക്കി ആരുംകാണാതെ ഓമനിച്ച് നടക്കുന്ന ചിലത്. ഗൃഹാതുരത്വത്തിന്‍റെ പേരില്‍ ആട്ടുംതുപ്പും ഏറെ ഏറ്റുവാങ്ങുമ്പോഴും പോട്ടെ സാരല്ല്യ എന്ന് നമ്മളെതന്നെ സമാധിനിപ്പിക്കുന്ന ചിലത്.
ReplyDeleteമനോഹരമായ എഴുത്തും ഓര്‍മ്മകളിലേക്ക് തുളച്ച് കയറുന്ന വരയും..
എല്ലാം മനസ്സിലേക്കാണ് വരച്ചിട്ടത്..,
ReplyDeleteകരിങ്കല്ലിൽ തീർത്തിട്ടും അത്താണികൾ ചുമട്ടു തൊഴിലാളികളുടെ വിയർപ്പുതുള്ളികളും കണ്ണീരും വീണ് ദ്രവിച്ചു പോയി..,
ഓർമ്മകളും ഓർമ്മച്ചിത്രങ്ങളും...
എല്ലാർക്കും സ്നേഹം എല്ലാർക്കും നന്ദി .
ReplyDeleteസ്നേഹാശംസകൾ
ഓര്‍മകള്‍ക്കെന്തു സുഗന്ധം.
ReplyDeleteമനസ്സിനുള്ളിലെ ചില നേർ ചിത്രങ്ങൾ വരകളായി
ReplyDeleteപുനർജനിക്കുന്ന ഇത്തരം ലാമിനേറ്റഡ് ചിത്രങ്ങളുണ്ടല്ലോ ..
അതിന്റെ മഹിമകൾ ഒന്ന് വേറെ തന്നെയാണ് കേട്ടൊ മൻസൂർ ഭായ്
ഓര്‍മ്മകള്‍ക്ക് എന്തൊരു മധുരം അതിനെക്കാള്‍ ഭംഗിയുള്ള വരകളും ......
ReplyDeleteഓര്‍മ്മകള്‍ തരും നിത്യ വസന്തം....
ReplyDeleteവളരെ നന്നായിരിക്കുന്നു...വരയും അതിലെ വരികളും.
ആശംസകള്‍
ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട അനേകം ചിത്രങ്ങള്‍ നന്നായി.
ReplyDeleteആശംസകള്‍
കൊള്ളാം, വളരെ നന്നായിട്ടുണ്ട്, പഴയ ഓർമയിലേക്ക് തിരികെ കൊണ്ട് പോയതിനു വളരെ നന്ദി.
ReplyDeleteവായനയെ ദൃശ്യ മനോഹരമാക്കി മനസ്സില്‍ ലയിപ്പിച്ചു തരുന്ന വര.
ReplyDeleteസംയോജിതമായ ഒരു വര്‍ക്ക് പോലെ, കഥയും ചിത്രവും ഇഴകിചേര്‍ന്നിരിക്കുന്നു.
അഭിനന്ദനങള്‍.
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...പിന്നെ ഈ എഴുത്തിന്‍റെ വഴിയിലെ ആത്മാംശ സൗന്ദര്യവും!അഭിനന്ദനങ്ങള്‍ ....!!
ReplyDeleteഓർമ്മകൾ ചിത്രങ്ങളായതാണോ ചിത്രങ്ങളിൽ നിന്ന് ഓർമ്മകൾ വിടർന്നതാണോ എന്ന് മനസ്സിലാക്കാൻ പ്രയാസമാകുന്ന തരത്തിൽ രണ്ടും ഒന്ന് ചേർന്ന് നിൽക്കുന്നു..
ReplyDeleteഎല്ലാർക്കും ഒത്തിരിയൊത്തോരി നന്ദി . സന്തോഷം
ReplyDeleteവരിയെക്കാൾ ഏറെ വരയാണോ അതോ വരയേക്കാൾ ഏറെ വരിയാണോ എന്ന് confuse ആക്കുന്ന ഇഷ്ടം...എന്തായാലും വരിയോടും വരയോടും ഇഷ്ടം..ഈ റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഇനിയുമേറെ വഴി നടക്കാൻ ഉണ്ടാവുമല്ലോ അല്ലെ..
ReplyDeleteജോലിത്തിരക്കുകൾ എന്റെ വിശ്രമങ്ങളിലെ വായനകൾക്കും തടസ്സമായപ്പോ അത്യാവശ്യമുള്ള വായനകളിലേക്ക് അത് ചുരുങ്ങി . പിന്നെ നാട്ടില നടക്കുന്ന എന്തിനെ കുറിച്ചും ഞാൻ ബ്ലോഗ് എഴുതിയാലേ പറ്റൂ എന്നാ നിലയില് ബ്ലോഗ്ഗെര്മാരുടെ ആനപ്രസവങ്ങൾ പന്നിപ്രസവങ്ങൾക്ക് വഴി മാറി എന്നായപ്പോ അങ്ങോട്ട് തിരിഞ്ഞു നോക്കാതായി . വീണ്ടും ഒരു ബ്ലോഗ് വായനക്ക് ഞാൻ ആദ്യം തെരഞ്ഞെടുത്തത് മൻസൂറിന്റെ ബ്ലോഗിടം തന്നെയാണ് അത്രക്കിഷ്ട്ടമാണ് അവന്റെ രചനകൾ . മൻസൂറിന്റെ ഉപ്പയെ മിസ്സ് ചെയ്യുന്നത് അവനിലൂടെ പരിഹരിക്കാനുള്ള ഒരു ശ്രമവും. വരയും വരികളും ചേർന്ന ഇവിടെ എഴുതിയതിനേക്കാൾ എഴുതാത്ത കുറെ ആണ് ഞാൻ വായിച്ചത്. അതിനു കാരണമായത് മൻസൂര് ഇട്ടേച്ചു പോയ കുറെ ചിന്തകളും അതും ഉയർത്തി നില്ക്കുന്ന ഇസുഹാഖിന്റെ ചിത്രങ്ങളുമാണ് .......നന്ദി ഒരു പാട് .......
ReplyDeleteഓര്‍മ്മകള്‍ക്ക് അക്ഷരപ്പകര്‍ച്ച നല്‍കിയപ്പോള്‍, ഹൃദ്യമായ ഒരു വായന നല്‍കി. കാരികേച്ചറുകളും ഗംഭീരം.
ReplyDeleteആശംസകള്‍; രചയിതാവിനും; ചിത്രകാരനും !!
സ്നേഹത്തോടെ @@
എന്റെ കുട്ടിക്കാലത്ത് ഞാനും റാന്തൽ വെളിച്ചത്തിലാണ് പഠിച്ചിരുന്നത്. അത്താണി, തെരപ്പം, ഇതൊക്കെ എന്റെ കുട്ടിക്കാല ഓര്‍മകളില്‍ മായാതെ നില്‍ക്കുന്നു. ഗ്രാമങ്ങളിലെ ചായക്കടകളില്‍ രാഷ്ട്രീയം എന്നും ചര്ചാവിഷയമാകുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ReplyDeleteഎമ്ടീ കഥ വായിച്ചപോലുന്ദ്.സ്വന്തം ചിത്രമാണോ. നമ്പൂരി ചിത്രങ്ങള്‍ പോലെ.ഹൃദ്യം.
അവധിക്കാലത്തിന്റെ തിരക്കില്‍ പെട്ട് വായിക്കാതെ പോയ ഈ പോസ്റ്റ് ഏറെ വൈകി ഇപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്. പോയ് പോയ കാലത്തിന്റെ വഴി വക്കുകളില്‍ ഇങ്ങിനെ നമുക്ക് എത്ര നഷ്ടങ്ങള്‍...നൊമ്പരങ്ങള്‍....
ReplyDeleteകുറെ ആയി ബ്ലോഗ് വായനയോ രചനയോ ഇല്ല. സാഹചര്യങ്ങൾ അങ്ങിനെ ആയിരുന്നു.ഇപ്പോൾ, വീണ്ടും വായനയിലേക്കും രചനയിലേക്കും പ്രവേശിക്കുകയാണ്. ജീവിതത്തിന്റെ വഴിത്താരയിൽ നേർവഴിയിലൂടെ നടത്തിയിരുന്ന എന്റെ മച്ചുനൻ ഉസ്മാൻ പള്ളിക്കരയാണ് താങ്കളുടെ ഈ തുടർ വായനക്ക് പ്രേരണയേകിയത്. തികച്ചും ഹൃദ്യമായി....
ReplyDelete