Monday, September 20, 2010
വയനാടന്‍ കുളിര്‍ക്കാറ്റ്
ഒരിക്കലും മടുപ്പിക്കാത്ത യാത്രകളാണ് വയനാട്ടിലേക്ക്. ഇവിടത്തെ കാഴ്ചകളെപ്പറ്റി ഒരുപാട് ലേഖനങ്ങളും യാത്രാവിവരണങ്ങളും ബൂലോകത്തില്‍ തന്നെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥലങ്ങളെയും കാഴ്ചകളെയും പരിചയപ്പെടുത്താതെ, ഈ യാത്ര നല്‍കിയ വ്യക്തിപരമായ സന്തോഷവും അനുഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.
ചെമ്പ്ര കുന്നിന്റെ താഴ്വാരങ്ങളില്‍ നിന്നുമാണ് ഞങ്ങളുടെ ഈ യാത്ര തുടങ്ങുന്നത്. നേരത്തെ വിളിച്ചുപറഞ്ഞതിനാല്‍ ഞങ്ങളെ കാത്ത് മച്ചാന്‍(ശിഹാബ്) കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടില്‍ ഒരു കരാര് ജോലിയുമായി ബന്ധപ്പെട്ട് സഹോദരന്‍ വഴി മച്ചാനെ നേരത്തെ അറിയാം. ഇപ്പോള്‍ ഇവിടെ തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നു. മച്ചാന്‍ നേരെ പാടിയിലേക്ക് ( ഇവരുടെ കോര്‍ട്ടേഴ്സിന് "പാടി" എന്ന് പറയും) കൂട്ടികൊണ്ടുപോയി. തേയില തോട്ടത്തിനിടയില്‍ രണ്ട് മുറിയും അടുക്കളയുമായി ഒരു കൊച്ചു സുന്ദരന്‍ വീട്. ചെറിയ മുറ്റത്ത് നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ജമയന്തിയും ഡാലിയയും പിന്നെ പേരറിയാത്ത പലതരം വര്‍ണ്ണത്തിലുള്ള പൂക്കള്‍. ഒന്നിനും മണമില്ല. പക്ഷെ സുഗന്ധം മുഴുവനും മച്ചാന്‍റെയും സഫിയാത്തയുടെയും ജീവിതത്തിലുണ്ട്. പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്‍കിയ സ്നേഹം. ഈ പ്രകൃതിയുടെ സൗന്ദര്യം തുടര്‍ന്നും ഇവരുടെ ജീവിതത്തില്‍ നിറയട്ടെ.
സഫിയാത്ത ചായയും പലഹാരങ്ങളും എടുത്തുവെച്ചു. നല്ല തകര്‍പ്പന്‍ വയനാടന്‍ ചായ. യാത്രാക്ഷീണം അതില്‍ തീര്‍ന്നു. ചെമ്പ്രക്കുന്ന് കയറണമെന്ന് പറഞ്ഞപ്പോള്‍ മച്ചാന്‍ വിലക്കി. "വേണ്ട, നന്നായി ക്ഷീണിക്കും. ഒരു ദിവസം വെറുതെ പോവും. ചിലപ്പോള്‍ പുലി എങ്ങാനും?" മുഴുവനാക്കിയില്ല, കോറസ്സായി വേണ്ട എന്ന് പറഞ്ഞു. അത് ചിലപ്പോള്‍ മച്ചാന്‍ വെറുതെ പറഞ്ഞതാവും. ഏതായാലും പരീക്ഷണം വേണ്ട. അല്ലാതെ ഒത്തിരി കാണാനുണ്ടെന്ന് മച്ചാന്‍. എവിടെപോയാലും ഉച്ചക്ക് ഭക്ഷണത്തിന് തിരിച്ചെത്തണമെന്ന് സഫിയാത്ത ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ പാടിയുടെ പിന്നിലൂടെ താഴോട്ടിറങ്ങി. പാടിക്കു തൊട്ടു പിറകില്‍ തന്നെ കാട്ടരുവി. കുന്നിനു മുകളില്‍ നിന്നും ഒലിച്ച് കൊച്ചു കാടിന് നടുവിലൂടെ ഒഴുകിവരുന്ന ഈ കാഴ്ച കണ്ണുകള്‍ക്ക് ഉത്സവമാണ്. നല്ല തെളിഞ്ഞ വെള്ളം. കുടിക്കാനും ഉപയോഗിക്കുന്നത് ഇതുതന്നെ. മച്ചാന്‍ പറഞ്ഞു. നിറയെ വര്‍ണ മത്സ്യങ്ങള്‍. അധികം ആലോചിച്ചുനിന്നില്ല. ഞാന്‍ പാന്‍റും വലിച്ചെറിഞ്ഞ് വെള്ളത്തിലേക്കിറങ്ങി. കരുതിയപോലെ തണുപ്പല്ല വെള്ളത്തിന്. നല്ല ഇളം ചൂട്. കയറാന്‍ തോന്നിയില്ല.
കുറെ താഴോട്ട് പോയാല്‍ നിറയെ ഓറഞ്ച് കിട്ടുമെന്ന് മച്ചാന്‍ പറഞ്ഞപ്പോള്‍ തിരിച്ചുകയറി. കാട്ടിനുള്ളില്‍ ചെറിയൊരു ചോലക്ക് ചുറ്റുമായി നിറയെ ഓറഞ്ചു മരങ്ങള്‍. പഴുത്തത്. വലിഞ്ഞ് മരത്തില്‍ കയറിപ്പറ്റി. ഒരു കുലുക്കിന് തന്നെ കുറെ താഴെ വീണു. മായം ചേര്‍ത്തതല്ല.കാട് നേരിട്ട് തരുന്നത്. അതിന്റെ മെച്ചം രുചിയിലും ഉണ്ട്.
ചോലക്കരികിലെ ചെറിയ കാല്‍പാദങ്ങള്‍ നോക്കി മച്ചാന്‍ പറഞ്ഞു. "പുലി വെള്ളം കുടിക്കാന്‍ വന്നതാവും" പടച്ചോനെ..!തിരിച്ചോടിയാലോ? ഞങ്ങളുടെ പേടി കണ്ടിട്ടോ എന്തോ ,മച്ചാന്‍ പറഞ്ഞു. "പേടിക്കേണ്ട. പുലിയൊന്നുമില്ല,ഇത് മാനിന്‍റെതാണ്".ഏതായാലും തിരിച്ചുകയറുമ്പോള്‍ വേഗത കൂടുതലാണ്. പിന്നെ മച്ചാന്‍ നയിച്ചത് ചെറിയൊരു കുടിലിലേക്ക്. "ഇവിടെ നല്ല കാട്ടുതേന്‍ കിട്ടും". ഒരമ്മൂമ്മ മുള കൊണ്ടുള്ള തവിയില്‍ കുറച്ചു കയ്യിലൊഴിച്ചു തന്നു. "പടച്ചോനെ..ഇതാണോ തേനിന്‍റെ ഒറിജിനല്‍ രുചി?".ഞങ്ങള്‍ കുറേ വാങ്ങി.എല്ലാര്‍ക്കും കൊടുക്കാലോ.
വീണ്ടും കാടിന്‍റെ മറ്റൊരു ഭാഗത്തേക്ക്. ഇവിടെ നിറയെ പേരക്കയും നെല്ലിക്കയും. മച്ചാന്‍ കുറേ പറിച്ച് ബേഗിലാക്കി.
ഉച്ച ഭക്ഷണത്തിന് സമയമായി. കാടിന് പുറത്തുകടന്ന് ശ്രീമതി കാണാതെ തേയില നുള്ളുന്ന സുന്ദരികളെയും നോക്കി പാടിയിലെത്തി. സഫിയാത്ത നല്ല നാടന്‍ വിഭവങ്ങളുമായി ഉഗ്രന്‍ സദ്യ ഒരുക്കിയിട്ടുണ്ട്. പുലിയെ പേടിച്ചു കഴിച്ചതെല്ലാം ആവിയായിപോയ ഞങ്ങള്‍ക്ക് ഒന്നും നോക്കാന്‍ സമയമില്ല. തിരിച്ച് പാത്രങ്ങള്‍ എടുക്കുമ്പോള്‍ സഫിയാത്തക്ക് ഭാരം തോന്നികാണില്ല. അവര്‍ക്ക് കഴിക്കാന്‍ ഇനി വേറെ പാകം ചെയ്തിട്ട് വേണ്ടിവരും. പാടിയുടെ തിണ്ണമ്മേല്‍ വിശ്രമം. എനിക്കല്ല. വയറിന്. ഹഫി സഫിയാത്തയോടൊപ്പം
തേയില തോട്ടത്തില്‍ കയറി. തേയില നുള്ളുന്ന പെണ്‍കുട്ടികളോട് അവളെന്തൊക്കെയോ ചോദിക്കുന്നു. സഫിയാത്തയാണ് പരിഭാഷക. അവളുടെ മലയാളം അവരുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. രസകരം തന്നെ.ഞാനൊന്ന് മയങ്ങി. മച്ചാന്‍ വിളിച്ചുണര്‍ത്തി. എസ്റ്റേറ്റ് റോഡിലൂടെ ഒരു സവാരിയാവാം. ഞങ്ങള്‍ ഉത്സാഹത്തോടെ ഇറങ്ങി. ഡ്രൈവിംഗ് രസകരമാണ് ഈ വഴികളിലൂടെ. ഇടയ്ക്കിടയ്ക്ക് കാട്ടുമുയലുകള്‍ വട്ടം ചാടുന്നു. വേണമെങ്കില്‍ ഒന്നിനെ ഒപ്പിച്ച് കറിവെക്കാമെന്ന് മച്ചാന്‍ തമാശയായി പറഞ്ഞു. മറുപടി ഞാന്‍ സീരിയസ് ആയിത്തന്നെ പറഞ്ഞു. "വേണ്ട. ഇതവരുടെ കൂടി ലോകമാണ്. അവയും കൂടി ചേര്‍ന്നതാണ് ഈ പ്രകൃതിയുടെ ഭംഗി. തേയിലച്ചെടികള്‍ക്കുള്ളിലൂടെ അവരങ്ങിനെ തുള്ളികളിക്കട്ടെ.
രാത്രി സഫിയാത്തയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. മേപ്പാടി ടൗണില്‍ വന്ന് പൊറോട്ടയും ബീഫും വാങ്ങിച്ചു. തിരിച്ചെത്തിയപ്പോള്‍ മച്ചാന്റെ കുട്ടികള്‍ സ്കൂള്‍ വിട്ട് വന്നിട്ടുണ്ട്. രണ്ട് കുസൃതികള്‍. ഇന്നിവിടെ തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ആ ഒരു സന്തോഷം വിട്ടുകളയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ക്കും സന്തോഷം.
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നല്ല തണുപ്പ് ഉണ്ടെങ്കിലും പുറത്ത് കിടക്കട്ടെയെന്ന് ഞാന്‍ ചോദിച്ചു. ഇവിടാരും പുറത്ത് കിടക്കാറില്ല. വല്ല കാട്ടാനയോ പുലിയോ ഒക്കെ ഇറങ്ങിയെന്നു വരും. ദേ വീണ്ടും പുലി ഭീഷണി. കൂട്ടിന് കാട്ടാനയും ഉണ്ട് ഇത്തവണ. റൂമിനകത്ത് കയറി വാതിലും പൂട്ടി.
"ഇക്കാ ഈ ചുമരിനൊന്നും അത്ര ഉറപ്പില്ലെന്നാ തോന്നണെ.."
മിണ്ടാതിരിക്കെടീ. ഞാനും അതാ ആലോചിക്കണേ.
"ഇനി ആനയെങ്ങാനും വരുമോ?".
നീ ഉള്ളിടത് ആന പോയിട്ട് അണ്ണാന്‍ പോലും വരില്ല. കിടന്നുറങ്ങ്.
പുറത്ത് എന്ത് ശബ്ദം കേട്ടാലും പേടി ടോപ് ഗിയറില്‍ ആവും. പെട്ടൊന്ന് വാതിലില്‍ മുട്ട്. പേടിച്ചുപോയി. മച്ചാനാണ്. "കാലത്ത് എപ്പോള്‍ വിളിക്കണം?".
ഉറങ്ങിയിട്ട് വേണ്ടേ ഉണരാന്‍. എട്ട് മണിക്ക് വിളിക്ക്. മച്ചാന്‍ പോയി. എപ്പോഴോ ഉറങ്ങി.
(ഒരു പോസ്റ്റില്‍ കൂടി സഹിക്കേണ്ടി വരും)
images from ഇരുവഴിഞ്ഞി. കോം
Sunday, September 5, 2010
ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.
പടച്ച തമ്പുരാന്‍ മുന്നില്‍ വന്ന് എന്നോട് എന്ത് വേണമെന്ന് ചോദിച്ചാല്‍ ഞാന്‍ കരുതിവെച്ച രണ്ട് ആവിശ്യങ്ങളുണ്ട്. ഒന്ന്, എന്റെ ഉപ്പയെ തിരിച്ചുതരുമോ എന്ന്, പിന്നെ ഒരു ദിവസത്തേക്കെങ്കിലും ആ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകുമോ എന്നും. രണ്ടും നടക്കില്ലെന്നറിയാം. എന്നാലും എന്റെ പകല്‍ കിനാവുകളില്‍ ഇത് രണ്ടും സംഭവിക്കാറുണ്ട്.
സ്കൂളും വിട്ടുവന്ന് ചായ പോലും കുടിക്കാതെ ഓട്ടമാണ് കട്ടപുറത്തേക്ക്. കട്ടപുറമെന്നാല്‍ ചെറുവാടിക്കാരുടെ കളിസ്ഥലമാണ്. തോടിനും വയലിനും മധ്യേയുള്ള വിശാലമായ സുന്ദരന്‍ ഭൂമി. ഫുട്ബാളും ക്രിക്കറ്റും ഷട്ടിലും തുടങ്ങി എല്ലാ താല്പര്യക്കാരെയും ഉള്‍കൊള്ളാന്‍ കട്ടപുറത്തിന് സ്ഥലം ബാക്കി. ഒരു ലോക്കല്‍ മെസ്സി ആകാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഞാന്‍ ക്രിക്കറ്റിലെ കൂടൂ. മുത്തയ്യ മുരളീധരനെ മാങ്ങയേറ്കാരനെന്നു വിളിക്കാന്‍ ഒരു ബേദിയെ കാണൂ എങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ എല്ലാരും എന്നെ അങ്ങിനെയാ വിളിച്ചത്. ഇന്നത്തെ കുട്ടികള്‍ക്ക് കളിക്കാനായി ഇപ്പോഴും അല്പം സ്ഥലം ബാക്കിയുണ്ടവിടെ. കൂടുതലും ഇഷ്ടിക കളമായി. ഞങ്ങള്‍ വല്ലപ്പോഴും ആരും കാണാതെ പുകവിടാന്‍ ഒളിച്ചിരുന്നിരുന്ന കുറ്റികാടുകളെല്ലാം ഇഷ്ടിക കളത്തിലെ പാണ്ടിപിള്ളേര്‍ക്ക് അപ്പിയിടാന്‍ സ്വന്തമായി. പിന്നത്തെ രസം തോട്ടിലെ ചൂണ്ടയിടല്‍.പിടിക്കുന്ന മീനിനെ കൊടുത്താല്‍ മണ്ണിര കോര്‍ത്തുതരാന്‍ കുട്ടികളെ കിട്ടും. തോടിന് കുറുകെ ഒരു കവുങ്ങിന്റെ ഒറ്റത്തടി പാലമുണ്ടായിരുന്നു. അതിന്റെ മുകളില്‍ കയറി ട്രിപീസ് കളിക്കുമ്പോള്‍ ഒടിഞ്ഞു താഴെ വീണു. നല്ല വെള്ളമുള്ള സമയവും. കൂടെയുള്ളവര്‍ ഇടപ്പെട്ടതുകൊണ്ട് ഈ കുറിപ്പ് പരലോകത്തിരുന്നു എഴുതേണ്ടി വന്നില്ല. പിന്നൊരിക്കല്‍ കൂടി ഈ തോട്ടില്‍ ചാടിയിട്ടുണ്ട്. അത് അബുകാക്കയുടെ കാള കുത്താന്‍ ഓടിച്ചപ്പോഴാണ്. വെള്ളം കുറവുള്ള സമയം ആയതുകൊണ്ട് ഞാന്‍ രക്ഷപ്പട്ടു. എന്നെ കുത്തി എന്ന ചീത്തപ്പേരില്‍ നിന്നും കാളയും. ഈ തോടിന്റെ കൈവരിയിലൂടെ നടന്നാല്‍ അങ്ങേയറ്റം ഇരുവഴിഞ്ഞിപുഴയാണ്. കളിയൊക്കെ കഴിഞ്ഞ് തോടിന്റെ കരയിലൂടെ തെച്ചിക്കായയും പറിച്ചു തിന്ന് മുളക്കൂട്ടങ്ങള്‍ക്കിടയിലെ കുളക്കോഴികളെയും കണ്ട് ഇരുവഴിഞ്ഞിവരെ നടക്കും. ഒരു ദിവസം കുളക്കോഴിക്ക് പകരം വന്നത് ഒരുഗ്രന്‍ പാമ്പ്. എനിക്കിഷ്ടപ്പെട്ടില്ല. എങ്കിലും ആ ഇഷ്ടയാത്ര പറ്റെ ഉപേക്ഷിച്ചില്ല. ഞാന്‍ മുന്നില്‍ നടക്കില്ല എന്ന് മാത്രം. കാരണം, ഇരുവഴിഞ്ഞിപുഴയുടെ തീരങ്ങളിലെ വൈകുന്നേരം ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ്. ചെറുവാടിക്കാരുടെ സുന്ദരിക്കുട്ടിയാണ് ഈ പുഴ. ഒരുകാലത്തും ഇവള്‍ ഞങ്ങളോട് പിണങ്ങിയിട്ടില്ല. കലക്ക് വെള്ളം പെട്ടന്നു തെളിയുന്നത് ഇതിന്റെ തീരത്തുള്ള അത്യപൂര്‍വ്വമായ ഔഷധ ചെടികളുടെ പ്രത്യേകത കൊണ്ടാണത്രേ.
പൊട്ടിത്തെറികളുടെ ആ കുട്ടിക്കാലം തിരിച്ചുവരാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. സൈക്കിള്‍ ഓടിക്കാന്‍ പഠിക്കാന്‍ ശ്രമിച്ചു ഒടിഞ്ഞത് കയ്യും കൂടെയൊരു പ്ലാസ്റ്ററും. പിന്നെ ദാസന്‍ ഗുരിക്കളുടെ ഉഴിച്ചില്‍. അന്ന് വേദനിച്ചെങ്കിലും ഇന്ന് ഓര്‍ക്കാന്‍ സുഖമുണ്ട്. ഇന്നും നാട്ടിലൊക്കെ പോകുമ്പോള്‍, ഞാനീ വയലിലും തോട്ടിലും കട്ടപ്പുറത്തും പിന്നെ പുഴയുടെ തീരങ്ങളിലും പോകാന്‍ സമയം മാറ്റിവെക്കും. ആ പഴയ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഇവിടങ്ങളില്‍ നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് കയറി വരുന്ന വികാരത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
പൊട്ടിത്തെറികള്‍ക്ക് വീട്ടില്‍ നിന്നും നല്ല പൊട്ടിക്കലും കിട്ടും. ഉപ്പ തല്ലാന്‍ വരുമ്പോള്‍ ഓടാത്തത് ഓടിയ വകയില്‍ രണ്ടെണ്ണം കൂടുതല്‍ കിട്ടും എന്ന് പേടിച്ചാണെങ്കില്‍ ഉമ്മാന്റെ തല്ല് കൊള്ളുന്നത് അത് കഴിഞ്ഞു വല്ല സ്പെഷലും കിട്ടും എന്നതിനാലാണ്. എന്നാലും ഉപ്പാന്റെ തല്ല് ഒന്ന് മതി. ഒരു ഏഴുമണിക്ക് മുമ്പേ വീട്ടിലെത്തണം എന്നൊക്കെ നിയന്ത്രണം ഉള്ള സമയം. പഞ്ചായത്ത് ടീവിയില്‍ സിനിമയും കണ്ടു നേരം വൈകിപ്പോയി. വീട്ടിലെത്തുമ്പോള്‍ ഉമ്മറത്ത് തന്നെ ഉപ്പയുണ്ട്.
"മന്‍സ്വാ... നീ ഇശാഹ് നിസ്കരിച്ചോ "? പെട്ടന്നു ഞാന്‍ മറുപടിയും പറഞ്ഞു. "അതെ ഉപ്പാ".
അടുത്ത ചോദ്യം. പള്ളിയില്‍ കറന്റ് ഉണ്ടായിരുന്നോ?
അങ്ങിനെ ചോദിക്കുമ്പോള്‍ ഉണ്ടാവാന്‍ ചാന്‍സില്ല എന്ന് എന്റെ ഒടുക്കത്തെ ബുദ്ധി തോന്നിച്ചു.
" ഇല്ലായിരുന്നു"
ട്ടപ്പേ...ട്ടപ്പേ . രണ്ടെണ്ണമേ കിട്ടിയുള്ളൂ. എന്റെ കറന്റ് പോയി, കാരണം പള്ളിയിലെ കറന്റ് പോയിട്ടില്ലായിരുന്നു.
രണ്ടെണ്ണം കിട്ടിയതിന്റെ വിശദീകരണവും തന്നു. ഒന്ന് നിസ്കരിക്കാത്തതിന്, രണ്ട് കള്ളം പറഞ്ഞതിന്.
സിനിമ കാണുന്ന സ്വഭാവം ഉപ്പക്കില്ല. പിന്നെങ്ങിനെ ഇതുപോലുള്ള സേതുരാമയ്യര്‍ സ്റ്റയില്‍ ചോദ്യങ്ങള്‍ വരുന്നു? വരും. ഇതുപോലുള്ള വിത്തുകള്‍ ഉണ്ടായാല്‍ സേതുരാമയ്യരല്ല, ഷെര്‍ലക് ഹോംസ് തന്നെ ആയിപോകും. പക്ഷെ അതോടെ രാത്രി സഞ്ചാരത്തിന്റെ നിരോധാജ്ഞ മാറ്റി അടിയന്തിരാവസ്ഥ ആക്കി.
പിന്നെ ഓരോ പ്രായം കൂടുമ്പോഴും ഉപ്പ കൂടുതല്‍ അയവുകള്‍ വരുത്തി. പതുക്കെ പതുക്കെ ഞാനെന്റെ ഉപ്പയെ തിരിച്ചറിയുകയായിരുന്നു. സ്നേഹത്തെ, ഉത്തരവാദിതത്തെ, സുഹൃത്തിനെ എല്ലാം ഉപ്പയില്‍ കാണാന്‍ കഴിഞ്ഞു. അത് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഞാന്‍ ഗള്‍ഫിലേക്ക് വന്നിട്ടും ആ ആത്മബന്ധത്തിന് ഒന്നും പറ്റിയില്ല. വിളിക്കാന്‍ വൈകിയാല്‍ ഉടനെയെത്തും വിളി. എന്റെ അവധികാലങ്ങല്‍ക്കായി എന്നെക്കാളും മുമ്പേ ഒരുങ്ങും ഉപ്പ. ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ പല പോസ്റ്റിലും കടന്നുവരുന്നതിന് മാപ്പ്. കാരണം, ഞാനാ വേര്‍പ്പാടിന്റെ വേദന ഇപ്പോഴുമറിയുന്നു.
അതുകൊണ്ട് തന്നെയാണ് ഉപ്പയെ തിരിച്ചുകിട്ടുമോ എന്ന് ഞാന്‍ മോഹിച്ചു പോകുന്നതും.
കട്ടപ്പുറം,
ഇഷ്ടികകളത്തിന് കുഴിയെടുത്ത് ഇപ്പോള്‍ നല്ല സുന്ദരന്‍ പൊയ്കയായി മാറിയ മറ്റൊരു ഭാഗം.
ഇരുവഴിഞ്ഞിപുഴയുടെ മറ്റൊരു ഭാഗം,
image courtesy cheruvady .com
Subscribe to:
Posts (Atom)