Wednesday, September 21, 2011

എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.മണലാരണ്യത്തിലെ ചൂടില്‍ വെന്തുരുകുമ്പോഴും ഓരോ പ്രവാസിയും ചെവിയോര്‍ക്കും സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലേക്ക്. സന്തോഷമുള്ള ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ അതേ പോലെ വിഷമിക്കുകയും ചെയ്യുന്ന പ്രവാസ മനസ്സിന്റെ നൊമ്പരങ്ങള്‍ പലരും കാണാതെ പോവാറുണ്ട്.

എന്‍റെ ഗൃഹാതുര സ്മരണകളില്‍ എന്നും നിറങ്ങള്‍ ചാര്‍ത്താറുള്ള ചെറുവാടിയുടെ പകിട്ടിനെ കുറിച്ച് എനിക്കെങ്ങിനെ പറയാതിരിക്കാനാവും. പക്ഷെ ദീര്‍ഘമായ പ്രവാസം ഒരു പരിധിവരെ എന്‍റെ നാടിനെ എന്നില്‍ നിന്നും അകറ്റിയിട്ടില്ലേ..?
അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഈ ശൂന്യത എനിക്ക് അനുഭവപ്പെടാറുണ്ട് എന്നത് സത്യം. ഈ മണല്‍തരികള്‍ക്ക്‌ എന്നെ പരിചയമുണ്ടായിരിക്കും, ചാലിയാറിലേയും ഇരുവഴിഞ്ഞിയിലേയും ഓളങ്ങള്‍ക്ക് എന്നോട് മുഖം തിരിക്കാനുമാവില്ല . കാരണം ഈ മണ്ണില്‍ വീണുരുണ്ടും ഈ ഓളപരപ്പില്‍ നീന്തിതുടിച്ചും വളര്‍ന്നു വലുതായ സമ്പന്നമായ ഒരു ബാല്യമുണ്ടല്ലോ എനിക്ക്. മനസ്സിനെ കുളിര്‍പ്പിച്ച് , കവിളില്‍ ചുംബനം നല്‍കി വീശിയകലുന്ന കാറ്റും എനിക്ക് നല്‍കുന്നത് അതേ ബാല്യത്തിന്റെ ഓര്‍മ്മകളാണ്. അതുകൊണ്ട് തന്നെ ഞാന്‍ കാതോര്‍ക്കുന്നത് പുഴകളും മലകളും അതിരിടുന്ന എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകളിലേക്കാണ് .

ചരിത്രത്തിന് എന്നും വിലപ്പെട്ട സംഭാനകള്‍ നല്‍കിയ മണ്ണാണ് ചെറുവാടി. ഖിലാഫത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍, ധീരമായ സമര വഴികളുടെ ആവേശം നിറക്കുന്ന കഥകള്‍, ഒരു സമര്‍പ്പണത്തിന്റെ ഭാഗമായി ധീര മരണം വരിച്ച രക്തസാക്ഷികള്‍ ഉറങ്ങുന്ന മണ്ണ്. ചരിത്ര പുസ്തകങ്ങളില്‍ പരതിയാല്‍ ഇനിയും കാണും ഈ നാടിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ട നിരവധി സംഭവങ്ങള്‍.

എടുത്ത് പറയേണ്ട ഒന്നാണ് ഞങ്ങളുടെ മത സൌഹാര്‍ദം. വിവിധ മതങ്ങള്‍ , വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഇവര്‍ പരസ്പരം പോര് വിളിച്ചേക്കാം . പക്ഷെ നടുക്കലെ പാലത്തിലിരുന്ന് വെടി പറഞ്ഞ്, താഴെ പാടത്ത് പന്ത് കളിച്ച് , വൈകുന്നേരം ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍ തീരുന്ന വിദ്വാശങ്ങളെ ഞങ്ങള്‍ക്കുള്ളൂ. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഇഷ്ടപ്പെടുന്ന മനസ്സ്. ഈ നാടിന്റെ നന്മയും അത് തന്നെ. നഷ്ടമാവാതെ പോവട്ടെ ഈ സാഹോദര്യം .

വീണ്ടുമൊരു ചരിത്രം രചിക്കാനുള്ള കേളികൊട്ട് തുടങ്ങി കഴിഞ്ഞു ഇവിടെ. നാളെ ഈ ഗ്രാമം അറിയപ്പെടുന്നത് മറ്റൊരു പേരിലാവും. "സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം " എന്ന പേരില്‍. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഉണ്ടായേക്കാം. ഇതെങ്ങിനെ സാധ്യമാകും എന്ന പുച്ഛത്തില്‍ പൊതിഞ്ഞ ചോദ്യവും വന്നേക്കാം. പക്ഷെ എനിക്കുറപ്പുണ്ട് ആ വിസ്മയിപ്പിക്കുന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം അകലെയല്ല എന്ന്. കാരണം ഈ ഗ്രാമത്തിന്റെ നന്മയിലേക്ക് പ്രകാശം ചൊരിയുന്നൊരു വിളക്ക് മരം ഉണ്ട് . നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളുമായി ചെറുവാടിയുടെ സാമൂഹ്യ സാംസ്കാരിക വേദികളില്‍ ശ്രദ്ധേയമായ സ്വാധീനമാകുന്ന "മാറ്റം ചെറുവാടി " എന്ന കൂട്ടായ്മ.

ചെറുവാടി എന്ന പ്രിയപ്പെട്ട ഗ്രാമത്തിന്റെ കുതിപ്പില്‍ സന്തോഷിക്കുകയും കിതപ്പില്‍ വേദനിക്കുകയും ചെയ്യുന്ന എന്നെ പോലുള്ളവര്‍ക്ക് , ഈ പ്രവാസ ലോകത്ത് നിന്നും നേരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രമേയുള്ളൂ. പരിപാവനമായ ഈ ലക്ഷ്യത്തിലേക്കുള്ള
യാത്ര എളുപ്പമാവില്ല. വഴിയില്‍ കല്ലുകളും മുള്ളുകളും ഉണ്ടായേക്കാം. പക്ഷെ കാത്തിരിക്കുന്നത് ചരിത്രമാണ്. നാടിനെ ഓര്‍ത്തു നമ്മുടെ അഭിമാനം ഹിമാലയത്തെക്കാളും ഉയരത്തില്‍ പൊങ്ങുന്ന ഒരു നാളെ. അന്നത്തെ സൂര്യോദയത്തിന് കൂടുതല്‍ പ്രകാശമുണ്ടാവും. വിരിയുന്ന പൂക്കള്‍ക്ക് കൂടുതല്‍ സുഗന്ധമുണ്ടാവും , വീശുന്ന കാറ്റിന് കുളിര്‍മ കൂടും. ഇരുവഴിഞ്ഞിയിലൂടെയും ചാലിയാറിലൂടെയും ഒഴുകുന്ന വെള്ളത്തിന്‌ തെളിമ കൂടും.

ആ സന്തോഷത്തിന്‍റെ ആഘോഷം കാത്തിരിപ്പാണ് ഞങ്ങളെല്ലാം . ചെറുവാടി എന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം , സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന ആ ദിവസവും കാത്ത്. ചരിത്രത്തിന്റെ സ്വര്‍ണ ലിപികളില്‍ ചെറുവാടി എന്ന പേര് എഴുതി ചേര്‍ക്കുമ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷമാവും. നാടിനും ഇതിന്‍റെ പിന്നില്‍ സമര്‍പ്പണ മനസ്സോടെ സംഘടിച്ച "മാറ്റം ചെറുവാടി" എന്ന പ്രസ്ഥാനത്തിനും.

നാട്ടിലെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവാസ മനസ്സിന്റെ പ്രാര്‍ത്ഥന ഇതിനോടൊപ്പം വെക്കുന്നു. ആശംസകള്‍ .

75 comments:

 1. നാടിനെ ലഹരി വിമുക്തമാക്കാനുള്ള പരിശ്രമത്തിലാണ് ചെറുവാടിയിലെ സമര്‍പ്പണ ബോധമുള്ള കുറെ ചെറുപ്പക്കാര്‍. ആ
  ലക്ഷ്യത്തിലേക്കുള്ള അവരുടെ യാത്ര വിജയമാവട്ടെ. "മാറ്റം ചെറുവാടി " എന്ന പ്രസ്ഥാനത്തിന് ആശംസകള്‍ .

  ReplyDelete
 2. ആദ്യത്തെ കമന്റ് എന്റെ വക.
  നന്നായി, എല്ലാ ഗ്രാമങ്ങളൂം പട്ടണങ്ങളും ഇങ്ങനെ ലഹരി മുക്തമാകുന്ന ഒരു നല്ല നാളെ ഉണ്ടാകട്ടെ...

  ReplyDelete
 3. ഇതിനെക്കുറിച്ച് നാട്ടില്‍ പോയപ്പോള്‍ കേട്ടിരുന്നു
  നമുക്കൊന്നിക്കാം ..ഒരു ലഹരി മുക്ത ലോകത്തിനായി ..
  ആശംസകള്‍

  ReplyDelete
 4. ആശംസകള്‍, മാഷേ

  ReplyDelete
 5. പ്രകൃതി സൌന്ദര്യം കൊണ്ട് തന്നെ അനുഗ്രഹീതമായ ചെറുവാടി. വീണ്ടും സുന്ദരിയാകാന്‍ പോകുന്നു. ആശംസകള്‍ മാറ്റം ചെറുവാടിക്കും.. പിന്നെ എല്ലാ ചെറുവാടിക്കാര്‍ക്കും.
  ചെറുവാടിയിലെ "ബന്ധുക്കാരന്‍"

  ReplyDelete
 6. എല്ലാവിധ ആശംസകളും നേരുന്നു'
  നല്ലെതെന്ന് നല്ലത് തന്നെ

  ReplyDelete
 7. നന്നായി വരട്ടെ.....ആശംസകള്‍....
  പ്രതിബന്ധങ്ങള്‍ തരണം ചെയ്യമ്പോള്‍ ആണ്
  ഇത്തരം പ്രസ്ഥാനങ്ങള്‍ വിജയം വരിക്കുക...
  അതിനു കഴിയട്ടെ....

  ReplyDelete
 8. എല്ലാ വിധ ആശംസകളും ...

  ReplyDelete
 9. “ഇവര്‍ പരസ്പരം പോര് വിളിച്ചേക്കാം . പക്ഷെ നടുക്കലെ പാലത്തിലിരുന്ന് വെടി പറഞ്ഞ്, താഴെ പാടത്ത് പന്ത് കളിച്ച് , വൈകുന്നേരം ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍ തീരുന്ന വിദ്വാശങ്ങളെ ഞങ്ങള്‍ക്കുള്ളൂ. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഇഷ്ടപ്പെടുന്ന മനസ്സ്. ഈ നാടിന്റെ നന്മയും അത് തന്നെ“

  ഈ നന്മ ചെറുവാടിയിൽ മാത്രമല്ല എല്ലായിടത്തുമുണ്ടാവട്ടെ.കുടിയന്മാർ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ലഹരി മുക്ത ഗ്രാമമായി ചെറുവാടി മാറുന്നുവെന്നത് അത്ഭുതകരമായ കാര്യമാണ്.ചെറുവാടിയുടെ കീർത്തി എല്ലായിടത്തും പാറി നടക്കട്ടെയെന്ന് ആശംസിക്കുന്നു.
  എല്ലാ ചെറുവാടിക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

  ReplyDelete
 10. ലഹരിമുക്ത ഗ്രാമത്തിന് എന്റെ അഭിവാദനങ്ങള്‍
  കേരളം മുഴുവന്‍ ഇതൊരു പ്രചോദനമാകട്ടെ!
  പുകവലികൂടി ഈ ലഹരിയുടെ പരിധിയില്‍ പെടുത്തണം.കാരണം;മദ്യവും മയക്കുമരുന്നും അതുപയോഗിക്കുന്നവന്റെ ശരീരമേ നശിപ്പിക്കു. എന്നാല്‍ പുകവലി അപരന്റെ ആരോഗ്യവും സ്വസ്ഥതയും നശിപ്പിക്കും

  ReplyDelete
 11. അഭിനന്ദനങ്ങള്‍ "മാറ്റം ചെറുവാടി കൂട്ടായ്മ"
  വളരെ സന്തോഷം തോന്നി ഇതു വായിക്കുമ്പോള്‍..
  ഇതു പോലെ അര്‍പ്പണ മനോഭാവം ഉള്ള ഒരു കൂട്ടായ്മ എല്ലാ ഗ്രാമങ്ങളിലും ഉണ്ടാവട്ടെ എന്ന്‌
  ആശിക്കുന്നു..
  എല്ലാ ഭാവുകങ്ങളും ചെറുവാടിക്ക് നേരുന്നു..
  സസ്നേഹം..
  www.ettavattam.blogspot.com

  ReplyDelete
 12. ആ സന്തോഷത്തിന്‍റെ ആഘോഷം കാത്തിരിപ്പാണ് ഞങ്ങളെല്ലാം . ചെറുവാടി എന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം , സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന ആ ദിവസവും കാത്ത്.... ഈ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് എന്റെയും ഭാവുകങ്ങള്‍......

  ReplyDelete
 13. നല്ലത്. അപ്പോള്‍ ചെറുവാടി ഒരു മലര്‍വാടി ആകും അല്ലെ ? ഇതിന്റെ പുറകിലുള്ള പ്രവര്‍ത്തന രീതി കൂടി വിശദീകരിക്കാമായിരുന്നു .

  ReplyDelete
 14. മദ്യവും മയക്കു മരുന്നും സംസ്ക്കാര ത്തിന്റെ (?) ഭാഗമായി മാറുമ്പോള്‍ ചെരുവാടിയില്‍ ജനത ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നു എന്നത് ഒരു വലിയ പ്രത്യാശ നല്‍കുന്നു
  മാനസികമായ എല്ലാ പിന്തുണയും

  ReplyDelete
 15. രണ്ടു കാര്യങ്ങള്‍

  ഒന്ന്: സൗമ്യമായ ഒരു നീരൊഴുക്കുപോലെയുള്ള ഈ ശൈലി.ശൈലിയുടെ ആകര്‍ഷകത്വമാണ് വായനക്ക് പ്രചോദനമാകുന്നത്.താങ്കള്‍ എഴുതുന്നത് നന്നായി വായിക്കപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ല.

  രണ്ട്: ഇതിലെ സന്ദേശം. ഈ കൂട്ടായ്മയെക്കുറിച്ച് ഈയിടെ അറിയാന്‍ കഴിഞ്ഞു.അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് താങ്കളെയാണ്.ബ്ലോഗെഴുത്തിലൂടെ ഒരു ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് അത്രമാത്രം താങ്കള്‍ സ്വയം ചേര്‍ത്തുവെച്ചിരിക്കുന്നു.

  നന്മകള്‍ ഉണ്ടാവട്ടെ.

  ReplyDelete
 16. ലഹരിയുടെ ഒരു മായാലോക്കത്തിലേക് ഇ ജനം ഇറങ്ങിചെന്നുകൊണ്ടിരിക്കുകയാണ്, ഇത്തരം ഒരു സാഹചര്യത്തില്‍ ഈ ചുവടുകള്‍ വലിയ മുതല്‍ക്കുട്ടാണ്, ആശംസകള്‍

  ReplyDelete
 17. നല്ല ഒഴുക്കുള്ള ശൈലിയില്‍ ഉള്ള ഈ കുറിപ്പ് ഒരു ചരിത്ര സംഭാവമാകാന്‍ പോകുന്ന ഒരു കാര്യത്തെ കുറിച്ച് ആണല്ലോ..മദ്യത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു സംസ്ഥാനത്ത് ഇതൊരു ചരിത്രം തന്നെ ആയിരിക്കും..ഈ സംരംഭത്തിന് പിന്നിലുള്ള എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു..എല്ലാ ആശംസകളും..ചെറുവാടി ക്കാര്‍ക്കും അത് പോലെ മന്‍സൂര്‍ ഭായിക്കും..ഇനി ചാലക്കുടിയും കരുനാഗപ്പള്ളിയും നേരെ ആവുന്ന കാലത്തിനു വേണ്ടി കാത്തിരിക്കാം..അല്ലെ???

  ReplyDelete
 18. ഏറ്റവും ആഹ്ലാദകരമായ വാര്‍ത്ത ..
  വഴിതെറ്റുന്ന യുവതയെ നന്മയിലേക്ക് വഴിനടത്താനുള്ള ഈ പുണ്യ കര്‍മം വിജയത്തില്‍ കലാശിക്കട്ടെ..
  ആശംസകള്‍ :)

  ReplyDelete
 19. ഇത് വിജയിക്കുമോ എന്ന കാര്യത്തില്‍ എന്തിന് സംശയത്തിനു ഇടം നല്‍കണം ?
  ചെറുവാടി യെ ക്കുറിച്ച് അറിയുന്നവര്‍ക്ക് ,,ഒരിക്കലവിടെ സന്ദര്ഷിച്ചവര്‍ക്ക് ഈ കൂട്ടായ്മയുടെ ഭാവിയില്‍ ഒരു ആശങ്കയുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല ,,തൊട്ടുടുത്ത കൂളിമാടില്‍ ,സമ്പൂര്‍ണ പുകവലി വിരുദ്ധ ഗ്രാമം സൃഷ്ട്ടിച്ചു ചരിത്രം കുറിച്ചപ്പോള്‍ ചെരുവാടിക്കാര്‍ക്ക് ഈ ഉദ്യമത്തില്‍ കല്ലും മുള്ളും നിറഞ്ഞ പാതകളാകില്ല ,,മറിച്ചു സഹകരണത്തിന്റെയും ആത്മാര്തതയുടെയും ,പച്ചപ്പരവതാനി യായിരിക്കും .തീര്‍ച്ച

  ReplyDelete
 20. ലഹരിമുക്ത ഗ്രാമത്തിന് എല്ലാവിധ ആശംസകളും...

  ReplyDelete
 21. ഈ നല്ല ഉദ്ദ്യമത്തിന് ചെറു വാടികര്‍ക്ക് എന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍.

  ReplyDelete
 22. നൂറു ശതമാനം മുക്തമാവും എന്ന് പറയാന്‍ പറ്റില്ല. കുടിയന്‍മാര്‍ ഒറ്റപ്പെട്ടു പോയാല്‍ തന്നെ അതിനെ ഒരു സമ്പൂര്‍ണ വിജയം എന്ന് വിശേഷിപ്പിക്കാം. ഒണ്‍ പെഗ് എ ഡേ ആരോഗ്യം കാക്കും എന്ന് പറയുന്ന ചില വിദ്വാന്‍മാര്‍ ഇറങ്ങിയിട്ടുണ്ട് കുറെ കാലമായിട്ടു. എന്തെല്ലാം ഒഴികഴിവുകള്‍ കുടിക്കാനായി.
  ഉന്നതമായ ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള ചെറുവാടിക്കാരുടെ ഈ യത്നം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കട്ടെ.

  ReplyDelete
 23. ഒരു സന്തോഷകരമായ വാർത്ത. ആശംസകൾ..!

  ReplyDelete
 24. മാറ്റം ചെറുവാടി വിജയമാവട്ടെ..ഇതു പോലെ മറ്റു ഗ്രാമങ്ങളും ചിന്തിക്കട്ടെ.എല്ലാ ആശംസകളും നേരുന്നു..

  ReplyDelete
 25. മാറ്റത്തിന്റെ കാറ്റ് ഗ്രാമങ്ങളില്‍ ഉണര്‍ന്ന് നഗരങ്ങള്‍ ചുറ്റി
  ഒരു ലഹരി വിമുക്ത ഭാരതം......എല്ലാ വിധ ആശംസകളും.
  നല്ല ഒഴുക്കുള്ള ഭാഷ.

  ReplyDelete
 26. ഇതറിഞ്ഞപ്പോള്‍ എനിക്കേറെ
  സന്തോഷമാണ് ഉണ്ടായത്.ധീരമായി
  രംഗത്തിറങ്ങിയ നിസ്വാര്‍ത്ഥസേവന
  പ്രവര്‍ത്തനത്തിനിറങ്ങിയ ചെറുപ്പക്കാര്‍ക്കും,മറ്റുചെറുവാടിക്കാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ
  ആശംസകള്‍.
  "മാറ്റം ചെറുവാടി"വിജയിക്കട്ടേ!
  സി.വി.തങ്കപ്പന്‍

  ReplyDelete
 27. വളരെ നല്ല ഒരു സംരംഭം.. ചെറുവാടി ഒരു വല്യവാടിയാകട്ടെ.. ഒരുപാട് സുഗന്ധം നിറഞ്ഞ പൂക്കള്‍ നിറഞ്ഞ വാടി ..ആ സൌരഭ്യം ഈ കേരളക്കരയാകെ വീശാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

  ReplyDelete
 28. ലഹരി ഒരു ഫാഷനായി മാറിയ ഇക്കാലത്ത് "സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന" ചെറുവാടിക്കാര്‍ക്ക് ആശംസകള്‍. ഇത് എല്ലാ ഗ്രാമവും ഏറ്റു പിടിച്ചിരുന്നുവെങ്കില്‍ എന്നാശിക്കുന്നു. ഒപ്പം ചെരുവാടിയെ പോലെ ഞാനും പ്രാര്‍ഥിക്കുന്നു, ചെരുവാടിയെ പോലെ എന്റെ ഗ്രാമവും ഇങ്ങിനെ ആയിരുന്നെങ്കില്‍...

  ആശമസകളും പ്രാര്‍ഥനകളും

  ReplyDelete
 29. കേരളത്തില്‍ അങ്ങിനെയും സംഭവിക്കാമല്ലേ...........ആശംസകള്‍ ....:)

  ReplyDelete
 30. നാട്‌ എങ്ങനെ ഓടണം എന്ന് അബ്കാരികളും നാറി രാഷ്ട്രീയക്കാരും തീരുമാനിക്കുന്ന വര്‍ത്തമാനകാലത്ത്‌ നിങ്ങളുടെ ശ്രമംവിജയം കാണാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ

  ReplyDelete
 31. ചെറൂവാടി മാറട്ടെ... ലഹരി വിമുക്തമായി മാറുന്ന ചെറുവാടിക്കു പുറമേ അതിനടൂത്ത പ്രദേശങ്ങളായ അരീക്കോടൂം മറ്റു സ്ഥലങ്ങളും ഇതു പോലെ മാതൃക ഉൾകൊണ്ട് നന്നാവട്ടെ എന്നാഗ്രഹിക്കുന്നു...
  എല്ലാ ആശംസകളും

  ReplyDelete
 32. JIYAD Koolimadu:

  വളരെ നന്നായി....
  എന്ത് പറയണം എന്നെനിക്കറിയില്ല....
  എല്ലാം തുടര്‍ന്നുള്ള സുധീര്‍ഘമായ മൗനത്തില്‍ ഒതുക്കുന്നു......

  ReplyDelete
 33. പ്രിയപ്പെട്ട മന്‍സൂര്‍,
  മനോഹരമായ ഒരു നാടും,നന്മ നിറഞ്ഞ മനുഷ്യരും ചരിത്രത്തിന്റെ ഭാഗമാവുമ്പോള്‍,ഒരു പാട് അമ്മമ്മാരുടെ,സഹോദരിമാരുടെ,മക്കളുടെ അനുഗ്രഹവും പുഞ്ചിരിയും സന്തോഷവും തിരിച്ചു കിട്ടും,നാട്ടുകാര്‍ക്ക്! :)
  ഒരു സ്ത്രീയുടെ കണ്ണ്നീര് കാണാന്‍ സന്മനസ്സുള്ള ആ കൂട്ടായ്മക്ക് അഭിനന്ദനങ്ങള്‍!
  നന്മയുടെ ഒരു വിത്ത് പടര്‍ന്നു പന്തലിച്ചു വന്മരം ആകുമ്പോള്‍,
  അതൊരു പ്രചോദനമാണ്! ആവേശം ആണ്!
  അനുവും കിളികളും നീല കടലും ഹൃദ്യമായ ആശംസകള്‍ നേരുന്നു!
  അഭിനന്ദനങ്ങളും!
  ഈ ചെറുവാടി ഗ്രാമം എത്ര സുന്ദരം!
  സസ്നേഹം,
  അനു

  ReplyDelete
 34. ഇത് കൊള്ളാല്ലോ.. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാടിന്റെ എല്ലാ ഭാഗത്തേക്കും തീ പോലെ പടര്ന്നെങ്കില്‍.. അതെങ്ങനെയാ... കള്ളും കഞ്ചാവും വ്യാപിക്കുന്ന വേഗത്തില്‍ നന്മകള്‍ വ്യപിക്കില്ലലോ...


  Kudos to each and everyone behind this renovating attempt.

  ReplyDelete
 35. എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 36. എല്ലാ ചെറുവാടിക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

  ReplyDelete
 37. നല്ലൊരു നാളെക്കായുള്ള കാത്തിരുപ്പിന് ആശംസകള്‍...
  ലക്ഷ്യം നേടട്ടെ....

  ReplyDelete
 38. ചെറുവാടിക്കാരുടെ ലഹരിമുക്ത തെളിമനസ്സിനു ഭാവുകങ്ങൾ...

  ReplyDelete
 39. ഹൃദയം നിറഞ്ഞ ആശംസകൾ. സന്ദേശം അവതരിപ്പിച്ച ഭാഷയുടെ ലഹരി അതീവ ഹൃദയം..

  ReplyDelete
 40. നല്ല കാര്യങ്ങള്‍.. യുവത്വത്തില്‍ നിന്നും നന്മയുടെ തായ്‌വേരറ്റിട്ടില്ലല്ലോ..

  ReplyDelete
 41. നടന്നു നീങ്ങിയ ബാല്യം അക്കരെ അറബിക്കടലിലെത്തി ജീവിതം യുവത്വത്തിലൂടെ നീങ്ങുമ്പോൾ, നാടിന്റെ നന്മയും ഉറങ്ങാത്തെ കിടക്കുന്ന രക്തസാക്ഷികളും ദൈവത്തിന്റെ കയ്യൊപ്പും ഈ വരികളിലൂടെ നിറഞ്ഞു നിൽക്കുന്നു.


  നന്മയുടെ മാറ്റം..അതു തന്നെയാവട്ടെ നാളെയുടെ മാറ്റവും

  ReplyDelete
 42. അഭിനന്ദനങ്ങള്‍..............ആ നല്ല കൂട്ടായ പ്രവര്‍ത്തനത്തിന്........
  ഇനി ഒരു മദ്യവിമുക്ത കേരളം കൂടി നമുക്ക് സ്വപ്നം കാണാം ല്ലേ..?

  ReplyDelete
 43. ഈ ഉദ്യമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി വന്ന എല്ലാവര്ക്കും ആശംസകള്‍.........

  ReplyDelete
 44. അങ്ങിനെ എങ്കിലും ഒരു നാട് എങ്കിലും നന്നായാല്‍ അല്ലെ.ആശംസകള്‍

  ReplyDelete
 45. ലഹരി വിമുക്തമാവാനുള്ള തെയ്യാറെടൂപ്പിൽ എന്റേയും അഭിവാദ്യങ്ങൾ.
  കൂട്ടത്തിൽ പുകവലിയും, പാനമസാല ചവക്കലും ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും.

  ആശംസകൾ...

  ReplyDelete
 46. സന്തോഷം തരുന്ന വാര്‍ത്ത... അറിയിച്ചതിനു നന്ദിട്ടോ...

  "മാറ്റം ചെറുവാടി " എന്നാ കൂട്ടായ്മ എത്രയും പെട്ടെന്ന് ലക്‌ഷ്യം കാണട്ടെ, എല്ലാ ആശംസകളും..

  ReplyDelete
 47. നല്ല സംരംഭം. എന്റെ ആശംസകൾ!

  ReplyDelete
 48. “..ആ സന്തോഷത്തിന്‍റെ ആഘോഷം കാത്തിരിപ്പാണ് ഞങ്ങളെല്ലാം . ചെറുവാടി എന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം , സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന ആ ദിവസവും കാത്ത്. ചരിത്രത്തിന്റെ സ്വര്‍ണ ലിപികളില്‍ ചെറുവാടി എന്ന പേര് എഴുതി ചേര്‍ക്കുമ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷമാവും. .”
  വായിച്ചപ്പോള്‍ സന്തോഷം തോന്നി. എല്ലാ ഗ്രാമങ്ങളും ഇതനുകരിച്ചെങ്കില്‍!. മാറ്റത്തിനായി കാത്തിരിക്കാം. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

  ReplyDelete
 49. മന്‍സൂര്‍ ചെറുവാടിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി!
  ലഹരി വിമുക്ത ഗ്രാമത്തിന്റെ കൂടുതല്‍ വിവരമറിയാന്‍
  ഫേസ് ബുക്കില്‍ mattam cheruvaadi ലോഗ് ചെയ്യൂ ....

  ReplyDelete
 50. ലഹരി യുടെ മറ്റൊരു വേര്‍ഷനാണ് പുകയിലയും പുകവലിയും അതും കൂടെ ഇതിന്റെ കൂടെ ? (ഏത്!)

  ReplyDelete
 51. സ്വന്തം നാടിനെ കുറിച്ച് അഭിമാനിയ്ക്കാന്‍ കഴിയുന്നത് ഒരു അഭിമാനം തന്നെയാ..അഭിനന്ദനങ്ങള്‍ ട്ടൊ.

  ReplyDelete
 52. ആറു വര്ഷം മുമ്പ് കൂളിമാട് "F1 Computer Centre"ല്‍ കംബ്യൂട്ടര്‍ ട്യൂട്ടര്‍ ആയി ജോയിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ എന്നോട് കംബ്യൂട്ടെര്‍ സെന്റെറിന്റെ ഉടമ പറഞ്ഞ ഒരു വാചകം ഉണ്ട്. "നീ ബീഡി വലിക്കാരുണ്ടോ? ഉണ്ടെങ്കില്‍ അത് ഇവിടെ നടക്കില്ല. കാരണം ഞങ്ങളുടെ കൂളിമാട് ആദ്യത്തെ പുകവലി വിമുക്ത ഗ്രാമമാണ്."
  ഞാന്‍ പറഞ്ഞു: "ഞാന്‍ വലിക്കാറില്ല".
  പിന്നെ ഒരു വര്‍ഷക്കാലം കൂളിമാട് വര്‍ക്ക്‌ ചെയ്തപ്പോള്‍ എനിക്ക് ആ നാടിനെ അടുത്തറിയാനായി. "പുകവലി വിമുക്ത ഗ്രാമം" എന്നത് കടലാസിലല്ല പ്രവര്തിയാലാണെന്ന് കൂളിമാടുള്ളവര്‍ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു മാതൃകയായി. ഇപ്പോള്‍ കേള്‍ക്കുന്നു തൊട്ടടുത്ത സുന്ദര ഗ്രാമം ചെറുവാടിയും "ലഹരി വിമുക്ത ഗ്രാമം" ആവുന്നു എന്ന്. ഒരുപാട് സന്തോഷം. "മാറ്റം ചെറുവാടി" യുടെ മാറ്റത്തിന്റെ വക്താക്കള്‍ക്കു ഒരായിരം അഭിവാദനങ്ങള്‍...

  ReplyDelete
 53. എല്ലാ ആശംസകളും , കേരളം മുഴുവന്‍ ഇത് മാതൃക ആക്കി ലഹരി വിമുക്തം ആകട്ടെ ..........

  ReplyDelete
 54. ലഹരിവിമുക്തഗ്രാമം വളര്‍ന്ന് ലഹരിവിമുക്തകേരളം ആയിത്തീരട്ടെ. അഭിവാദ്യങ്ങള്‍

  ReplyDelete
 55. സന്തോഷം തരുന്ന വാര്‍ത്ത‍, സ്വര്‍ണലിപികളാല്‍ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെടുന്ന ചെറുവാടിയില്‍ നിന്നും മറ്റു ഗ്രാമങ്ങള്‍ക്കും പ്രചോദനം ഉണ്ടാവട്ടെ....
  സംരംഭത്തിന് എല്ലാവിധ ആശംസകളും.

  ReplyDelete
 56. നമ്മുടെ നാടിനെപ്പറ്റി എത്ര പറഞ്ഞാലും മതിയാവില്ല. ഈയൊരു മഹാസംരംഭത്തിലൂടെ നമ്മുടെ നാടിന്റെ യശസ്സ് വാനോളം ഉയരട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. ലേഖനം വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 57. ചെറുവാടിക്കാര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു...

  ReplyDelete
 58. വളരെ നല്ല ശൈലിയില്‍ വളരെയേറെ സന്തോഷകരമായ കാര്യം എഴുതി ചേര്‍ത്തിരിക്കുന്നു. ഇത് അടുത്ത് തന്നെ പുലരട്ടെ ലഹരി മുക്ത ചെറുവാടി ,,ഇത് പോലെ ഓരോ ഗ്രാമവും പട്ടണവും മാറി ഒരു നല്ല കേരളം നമുക്ക്‌ കാണാന്‍ ഇടവരട്ടെ ആശംസകള്‍.. നല്ല എഴുത്തിന്..

  ReplyDelete
 59. ചെറുവാടിയെക്കുറിച്ച് പറഞ്ഞ് കൊതിപ്പിക്ക്യാ അല്യേ...ഒരു നാടെങ്ങനെയാവണം എന്നതിനുത്തരമുണ്ട് ഈ വിവരണത്തിൽ..ലഹരി വിമുക്തമാക്കാനുള്ള ശ്രമങ്ങൾക്ക് ലക്ഷ്യം കാണട്ടെ...ആശംസകൾ

  ReplyDelete
 60. ചെറു വാടിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്...അവിടുത്തെ ഗ്രാമ ഭംഗിയെക്കുറിച്ച്....നല്ല കൂട്ടായ്മകളെ കുറിച്ച്...നല്ല മനുഷ്യരെക്കുറിച്ച്.......എല്ലാ ഭാവുകങ്ങളും.......................

  ReplyDelete
 61. ലഹരി വിമുക്തമായ നല്ല നാളേക്ക് വേണ്ടി
  എല്ലാവിധ ആശംസകളും നേരുന്നു'

  ReplyDelete
 62. എന്നാലും ചെറിയ ലഹരികളൊന്നുമില്ലാതെന്ത് ചെറുവാടി...?

  ReplyDelete
 63. നല്ല ഉദ്യമങ്ങള്‍ക്ക് ആശംസകള്‍.....

  ReplyDelete
 64. നല്ല വാര്‍ത്ത!! ഇങ്ങനുള്ള നല്ല ഉദ്യമങ്ങള്‍ നമ്മുടെ നാടിനെ നന്‍മയിലേയ്ക്കും പുരോഗതിയിലേയ്ക്കും നയിക്കട്ടെ.

  ReplyDelete
 65. വളരെ നല്ലൊരു സ്വപ്നം.
  വിജയിക്കുമാറാകട്ടെ..

  ReplyDelete
 66. പ്രിയപ്പെട്ടവരേ
  തീര്‍ച്ചയായും നിങ്ങളുടെ ഈ ആശംസകള്‍ , പ്രാര്‍ഥനകള്‍ , മാറ്റം ചെറുവാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാവും.
  എല്ലാവര്‍ക്കും എന്‍റെ നാടിന് വേണ്ടി ഞാന്‍ നന്ദി അറിയിക്കട്ടെ.

  ReplyDelete
 67. നല്ല ഒരു ഗ്രാമം...ഇത്തരമൊരു ഗ്രാമത്തില്‍ ജനിക്കാനായി എന്നത് തന്നെ ഒരു വലിയ ഭാഗ്യമല്ലേ?
  പോസ്റ്റ്‌ നന്നായിരിക്കുന്നു....പ്രാര്‍ഥനകള്‍ സഫലമാകട്ടെ....

  ReplyDelete
 68. This comment has been removed by the author.

  ReplyDelete
 69. മൂന്നു വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഈ പോസ്റ്റ്‌ ഇന്നാണ് വായിക്കാനായത്. എന്റെ വായനാ വേഗത അത്രയ്ക്ക് ഫാസ്റ്റാണ് :).

  അകലെ മണലാരുണ്ണ്യത്തിലേക്ക് പറിച്ചു നടപ്പെടുമ്പോഴും നാടിന്റെ ഹൃദയത്തെ നെഞ്ചേ റ്റു കയാണ് ഓരോ പ്രവാസിയും. ചെറുവാടി സ്വന്തം നാടിനെ സ്വന്തമായ ഭാഷാചാരുതയോടെ വിവരിക്കുമ്പോൾ ഞാനെന്റെ ഗ്രാമത്തിലൂടെ ഒരു ഓട്ടപ്രദക്ഷണം നടത്തി..ഒപ്പം ചെറുവാടിയിലൂടെയും.

  ReplyDelete
 70. Thanks for your marvelous posting! I actually enjoyed reading it, you could be
  a great author.I will remember to bookmark your blog and will
  eventually come back from now on. I want to encourage you to continue your great
  writing, have a nice weekend!

  website:온라인카지노


  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....