Sunday, October 13, 2013

തണുത്ത നീലഗിരി പ്രഭാതങ്ങളുടെ ഓർമ്മക്ക് .


ആദ്യമൊക്കെ ഊട്ടിയിൽ പോവുമ്പോൾ കമ്പിളിയും പുതച്ച് ഉറങ്ങുക എന്നതായിരുന്നു രസം . പിന്നെയാണ് തണുത്ത പ്രഭാതങ്ങളുടെ ഭംഗി അറിഞ്ഞത് . ദേവദാരു മരങ്ങളിൽ നിന്നും ഉറ്റി വീഴുന്ന മഞ്ഞു തുള്ളികളിൽ പ്രണയം കണ്ടത് മുതൽ ഞാനാ പ്രഭാതങ്ങളുടെ കൂട്ടുകാരനായി . കഴുത്തിലൊരു മഫ്ലറും ചുറ്റി മഞ്ഞു പെയ്യുന്ന വഴികളിലൂടെ നടക്കുമ്പോൾ കൂടെ കുറേ കാൽപനിക സ്വപ്നങ്ങളും കാണും . ഊട്ടിയിലെ ഓരോ മതിലിലും വിരിഞ്ഞു നിൽക്കുന്ന ഒരു തരം മഞ്ഞപ്പൂക്കളുണ്ട് . മഞ്ഞു തുള്ളികളിൽ വീണ് കുളിച്ച് ഈറനുടുത്ത് നിൽക്കുന്ന ഈ പൂക്കൾ ഊട്ടി പ്രഭാതങ്ങളുടെ കണിയാണ് . നന്മയും .
ലേക്ക് വ്യൂ റിസോർട്ടിന്‍റെ മതില് കടന്നാൽ ചെവിയിൽ ബാൻഡ് മേളങ്ങൾ കേൾക്കാം . ഗുഡ് ഷെപ്പേർഡ് സ്കൂളിൽ നിന്നാണത് . ഈ ബാൻഡ് മേളങ്ങൾ തന്നെയാണ് ഊട്ടിയുടെ പ്രഭാത ഭേരി എന്ന് പലപ്പോഴും തോന്നാറുണ്ട് . കൂടെ പകരുന്ന സംഗീതത്തിന് പിടിച്ചിരുത്തുന്നൊരു ഭാവമുണ്ട് . ഒരുപക്ഷേ ബോർഡിങ്ങിന്റെ മതിൽ കെട്ടിനകത്ത് അച്ഛനെയും അമ്മയെയും കാണാത്തൊരു കുട്ടിയുടെ വേദന ആ സംഗീതത്തിൽ കലർന്നിട്ടുണ്ടാകുമോ . എനിക്കങ്ങിനെ തോന്നി . എതിരെ നടന്നു വരുന്നൊരു തിബത്തൻ ബാലിക . അവളുടെ കയ്യിൽ കുറച്ച് പൂക്കൾ കാണാം . അതുപോലെ വശ്യമായൊരു ചിരി മുഖത്തും . പണ്ടൊക്കെ പരമ്പരാഗത വേഷവും ധരിച്ച് തിബത്തൻ കുടുംബങ്ങൾ ഊട്ടിയിൽ സജീവമായിരുന്നു . ഇപ്പോൾ അതൊരു അപൂർവ്വമായ കാഴ്ചയായി . എന്നും അലയാൻ വിധിക്കപ്പെട്ട ദലൈലാമയുടെ അനുയായികൾ ഊട്ടിയിലെ തണുപ്പിനൊപ്പം അപ്രത്യക്ഷമായി . പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമാണ് ഇപ്പോൾ ഊട്ടി .
മുന്നോട്ട് നടന്നു . എനിക്കൊരാളെ കാണാനുണ്ട് . പാലക്കാട്ടുക്കാരൻ മോഹനേട്ടൻ . വർഷങ്ങളായി ഇവിടെ ഹോട്ടൽ നടത്തുന്നു . കുടുംബ സമേതം . ദോശയുടെയും ചമ്മന്തിയുടെയും രുചിയും താലോലിച്ച് വന്ന ഞാൻ ഒരു നിമിഷം നിന്നു . അങ്ങിനെ ഒരു ഹോട്ടൽ നിന്ന അടയാളം പോലുമില്ല . അവർ പാലക്കാട്ടേക്ക് തിരിച്ചു പോയിരിക്കാം . കഴിക്കാത്ത സാമ്പാറിന്‍റെ പുളി തികട്ടി വന്നു . അതവരെ കാണാത്ത വിഷമമായിരുന്നു . എങ്കിലും ഒന്നുറപ്പുള്ള പോലെ , ഏതെങ്കിലും പാലക്കാടൻ യാത്രയിൽ കഴിക്കുന്ന ഒരു ദോശയുടെ രുചിയിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞിരിക്കും അതിന്‍റെ മാവ് അരച്ച കൈകളെ .
റോസുകൾ ഊട്ടിയിൽ സുഗന്ധം പരത്തുന്നുണ്ട് . ഫ്ലവർ ഷോയുടെ കാലം ഇപ്പോഴും ഊട്ടി തിളങ്ങി നിൽക്കും . ബൊട്ടനിക്കൽ ഗാർഡന്‍റെ മേലെ ഭാഗത്ത്‌ ഒരു മരത്തിന് ചുവട്ടിൽ അലസമായി ഇരുന്നു . താഴെ അവധി ആഘോഷിക്കുന്നവരുടെ മുഖത്തും കാണാം ഒരു പൂക്കാലം .
ഈ നിമിഷം എനിക്ക് നഷ്ട്ടപ്പെടുന്നത്‌ എന്താണ് ..? അല്ലെങ്കിൽ ഞാൻ തിരിച്ചു വിളിക്കാൻ ശ്രമിക്കുന്നത് എന്താണ് ...? തണുത്ത കാറ്റും മങ്ങിയ പകലും പൂക്കളുടെ സുഗന്ധവും എന്നെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . കരിഞ്ഞ ഓർമ്മകൾക്ക് മേലെ സാന്ദ്വനം പോലെ യൂക്കാളിപ്സിന്‍റെ ഔഷദക്കാറ്റും. പിടി കൊടുക്കാൻ തയ്യാറാവാത്ത മനസ്സിനെ ഞാനവിടെ ഉപേക്ഷിച്ചു. അറിയാതൊരു ഗസൽ മൂളി തിരിച്ചു നടന്നു .
Tamanna Phir Machal Jaye
Ager Tum Milne Aajao
Ye Mousam Hi Badal Jaye
Ager Tum Milne Aajao


(ഒരു ഫേസ് ബുക്ക് കുറിപ്പ് . ഇവിടെയും കിടക്കട്ടെ അല്ലേ ..? :) 

Saturday, October 5, 2013

അണക്കെട്ടിലെ കാറ്റ് പറഞ്ഞത്

                                                  Malampuzha Dam.   Photo - Hashiq A.H


ഈ പാറ കെട്ടിന്‍റെ  മുകളിൽ ഇരുന്നാൽ താഴെ മലമ്പുഴ പുഴ ശാന്തമായി ഉറങ്ങുന്നത് കാണാം . ഈ ഡാമും പുഴയും ചുറ്റുവട്ടവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാവുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് . ഇവിടെക്കായിരുന്നു എന്‍റെ  ആദ്യത്തെ വിനോദയാത്ര . കഴിഞ്ഞ ഡിസംബറിലും ഞാനീ ഡാമിന്‍റെ മുകളിലൂടെ നടന്നു . കൂടെ എന്‍റെ ആറ് വയസ്സുള്ള മകനും ഉണ്ടായിരുന്നു . അവന്‍റെ  കണ്ണുകളിൽ ഞാൻ കണ്ട തിളക്കത്തിന് കുറേ വർഷങ്ങളുടെ പഴക്കം തോന്നി . ഉപ്പയുടെ കൈപിടിച്ച് വർഷങ്ങൾക്ക് മുമ്പ് നടന്നു നീങ്ങിയ എന്‍റെ കണ്ണുകളിൽ നിറഞ്ഞ അതേ തിളക്കമല്ലേ അത് ? 

യാത്രകളിൽ നമ്മെ ഇപ്പോഴും പിന്തുടരുന്ന ഒരു സഹാചാരിയുണ്ട് . കാറ്റ് . നമ്മുടെ മൂഡിനൊപ്പം സന്തോഷിക്കാൻ ദുഖിക്കാനും പിണങ്ങാനും പരിഭവിക്കാനും ഇത്രയും നല്ലൊരു സഹായാത്രികക്കല്ലാതെ ആർക്ക് പറ്റും . ഡാമുകൾക്ക് മീതെ പറക്കുന്ന കാറ്റുകൾക്ക്‌ പക്ഷേ ഒരേ ഭാവമാണോ ? അല്ലെന്നാണ് എന്‍റെ പക്ഷം . മലമ്പുഴ ഡാമിലെ കാറ്റ് എന്നെ ഓർമ്മിപ്പിക്കുന്നത് നേരത്തെ പറഞ്ഞ ബാല്യമാണ് . ഒരു സ്നേഹപൂർവ്വമുള്ള തലോടൽ പോലെ . അതിലൊരു വാത്സല്യം ഞാനറിയുന്നുണ്ട് . ഒരു പക്ഷേ ആദ്യത്തെ യാത്രയും ഉപ്പയുടെ വിരൽത്തുമ്പും ആകാം അത്തരം ഒരു വൈകാരിക തലം മലമ്പുഴക്കാറ്റിന് തോന്നാൻ കാരണം . 


Shiruvani Dam

രണ്ടറ്റവും കാട് . അതിനെ ബന്ധിപ്പിച്ച് , ശിരുവാണി പുഴയെ നെടുകെ പിളർന്ന് ശിരുവാണി ഡാം . ചിലപ്പോഴൊക്കെ ഒറ്റപ്പെടാൻ ആഗ്രഹിക്കാറില്ലേ നമ്മൾ ..? ഒരു സന്യാസിയെ പോലെ അലഞ്ഞും തിരിഞ്ഞും അങ്ങിനെയങ്ങിനെ . എന്തോ എനിക്കങ്ങിനെ തോന്നാറുണ്ട് . അങ്ങിനെ തോന്നുമ്പോഴൊക്കെ ഞാൻ മനസ്സ് കൊണ്ട് ഇവിടെ വരും . ആനച്ചൂര് മണക്കുന്ന വഴിയിലൂടെ ഇറങ്ങി ചെന്ന് പാട്ടിയാർ പുഴയെ നോക്കി ധ്യാനമിരിക്കും . അപ്പോൾ കരിമല  കുന്നിറങ്ങി ഒരു കാറ്റ് വരും . അതെന്നെ വട്ടം ചുറ്റുമ്പോൾ ഞാനെന്നെ മറക്കും . ഈ കരിമല കുന്നിൽ , രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് റോയൽ ഫോഴ്സിന്‍റെ  ഒരു ആയുധ വിമാനം തകര്‍ന്നു വീണിരുന്നു എന്ന് പറയുന്നു. അതിനോടൊപ്പം ഈ കാടിന്‍റെ നിഗൂഡതയില്‍ മറഞ്ഞു പോയ രഹസ്യങ്ങള്‍ എന്തൊക്കെയാവും..? ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ ജീവനും കാണില്ലേ ? ഈ അണക്കെട്ടിന് മുകളിൽ നിന്ന്  കുറേ രഹസ്യങ്ങള്‍ ഗര്‍ഭം പേറുന്ന കരിമലയെ നോക്കിയിരിക്കുമ്പോള്‍ എനിക്കെന്തോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരം മനസ്സില്‍ നിറയുന്നു. കേട്ടും,വായിച്ചും, പഠിച്ചും അറിഞ്ഞ ഒരു യുദ്ധത്തിന്‍റെ  ഓര്‍മ്മകള്‍. അതിന്‍റെ  അടയാളമായി ഒരു ദുരന്തവും , പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും. എല്ലാം ഈ കാടിനകത്ത് ഉറങ്ങുന്നു എന്നറിയുമ്പോള്‍ എനിക്കതൊരു വേദനയാകുന്നു. കുറെ നേരം. ഒരു കാറ്റ് വന്ന്‌ ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞു തന്നിരുന്നുവെങ്കില്‍. ..!!

എപ്പോഴും  വിലാപകാവ്യം കേൾപ്പിച്ചൊരു കാറ്റ് പറന്നു പോവാറുണ്ട് . കക്കയം ഡാമിന്‍റെ താഴ്വരയിൽ പെയ്യുന്ന മഴക്ക് പോലും ഉണ്ടാവും ഉപ്പുരസം . ചോദിച്ചു നോക്കൂ.. ആ കാറ്റിനോട് .. എന്തിനിങ്ങിനെ വിലാപകാവ്യം പാടി വീശിയകലുന്നു എന്ന് ? ഒരു നിമിഷം നിന്ന് , കുറ്റ്യാടി പുഴയിൽ മുങ്ങാം കുഴിയിട്ട്  കാറ്റ് പറയും , ഒരച്ഛന്‍റെ വേദനയെ പറ്റി . മകന്‍റെ  ഘാതകരെ തേടി നീതി ദേവതയുടെ കടാക്ഷവും തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെ പറ്റി. അലക്ഷ്യമായി വീശുന്ന കാറ്റിനെ പോലെ ആ ചോദ്യവും അവസാനിച്ചു . ഇനിയൊരിക്കൽ കൂടി കക്കയം ഡാം കാണാൻ എനിക്ക് താൽപര്യമില്ല . 


Kakki Dam - Photo Wiki 

ഒരു സമര ജീവിതത്തെ ഓർമ്മപ്പെടുത്തുന്നൊരു ശിലാ ഫലകമുണ്ട് കക്കി അണക്കെട്ടിന്‍റെ ചുവരുകളിൽ . ഉത്ഘാടനം ചെയ്തത് ഇ എം എസ് നമ്പൂതിരിപ്പാട് എന്ന് . 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്‌. നമൂതിരിപ്പടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ്‌ . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. പച്ചനിറമുള്ള വെള്ളത്തിലേക്ക്‌ നോക്കിയിരിക്കാൻ ഭയം തോന്നുന്നുണ്ട് . നല്ല ആഴമുണ്ട് . ഒരു നിമിഷം മുങ്ങാംകുഴിയിട്ട് അതിന്‍റെ അടിതട്ടിലൊന്ന് പോയി വന്നാലോ എന്നൊരു ഭ്രാന്തൻ ആവേശം എന്നെ പിടിക്കൂടി . നിഗൂഡതകളുടെ  പുറംചട്ടകൾ ഉണ്ടെന്ന് തോന്നുന്ന ഡാമുകളിലൊക്കെ  ഇങ്ങിനെ തോന്നാറുണ്ട് എനിക്ക് . ഒരു പക്ഷേ ചുറ്റും കാണുന്ന നിബിഡ വനങ്ങൾ ആവാം അതുപോലൊരു നിഗൂഡതലം തോന്നാൻ കാരണം .  വല്ലാത്തൊരു അപരിചിതത്വം തോന്നി കക്കിയിലെ കാറ്റിനോട് . ഒട്ടും സൗഹാർദ്ദമില്ലാത്ത ഒന്നുപോലെ . അതിനൊരു കാരണം പറയാൻ ഞാനശക്നാവുന്നു . 

പച്ചക്കാനം പമ്പ ഹൗസിന്‍റെ  മുറ്റത്തിരുന്നാൽ താഴെ പമ്പ ഡാം കാണാം . അടുത്തേക്ക് പ്രവേശനം ഇല്ല . ഞാൻ താഴോട്ട് നോക്കി നിസ്സഹായനായി ഇരുന്നു . അതറിഞ്ഞോ എന്തോ , താഴെ കാണുന്ന മരങ്ങളുടെ ചില്ല കിലുക്കി ആ കാറ്റ് എന്നെ തേടി ഇങ്ങോട്ട് വന്നു . ഒരു യാത്രയുടെ ആലസ്യത്തിലിരുന്ന എന്നെ കുളിർപ്പിച്ച് സൌഹൃദത്തിലാക്കി . ഒരിത്തിരി പമ്പാ വിശേഷങ്ങളും പറഞ്ഞ് തിരിഞ്ഞോടി . പമ്പയിലെ ഓളങ്ങളെ ഉണർത്തി അവയോടൊപ്പം ലയിച്ചു . നിമിഷ നേരം കൊണ്ട് പരിചയത്തിലാവുന്ന കൂട്ടുക്കാരെ പോലെ ആയി ഞങ്ങൾ . കാടിന്‍റെ രാത്രിക്കും പകലിനും ചെവിയോർത്ത്‌ പമ്പ ഹൗസിന്‍റെ മുറ്റത്ത്‌ ചുറ്റി തിരിയുമ്പോഴെല്ലാം വിശേഷങ്ങൾ പറഞ്ഞ് ആ കാറ്റുമുണ്ടായിരുന്നു   കൂടെ .  പിറ്റേന്ന് തിരിച്ചിറങ്ങുമ്പോൾ യാത്രയയക്കാൻ  കൂടെ വന്നു  . കുറെ ദൂരത്തോളം . 

ഏറ്റവും പ്രണയാതുരമായ കാറ്റിനെ അറിയണമെങ്കിൽ മൂന്നാറിലേക്ക് പോവണം . മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ  മുകളിലിരുന്നാൽ മനോഹരമായ തടാകം കാണാം  . സായാഹ്നങ്ങളിൽ ഇവിടെ പോയി നിൽക്കൂ . ദൂരെ കുന്നിന് മുകളിൽ കോടമഞ്ഞ്‌ . കണ്ണുകൾ ചിമ്മി ഒന്ന് മാടി വിളിച്ചാൽ , ആ മഞ്ഞിന്‍റെ  തണുപ്പും വഹിച്ച് മാട്ടുപ്പെട്ടി കാറ്റ് കുതിച്ചു വരും . ഒരാവേശത്തോടെ ആ പ്രണയക്കാറ്റ് നമ്മെ വാരിപ്പുണരും . സ്വയം മറന്ന് നിന്നുപോകവേ തന്നെ സൂര്യൻ വഴിമാറും . തടാകത്തിന് മീതെ വെള്ളിവെളിച്ചം വിതറി ചന്ദ്രനുദിക്കും . മിന്നി മിന്നി നക്ഷത്രങ്ങളും . സ്നേഹിച്ചു തുടങ്ങിയാൽ വിട്ടു പോരാൻ മടിക്കുന്ന പ്രണയിനിയെ പോലെ അപ്പോഴുമുണ്ടാവും ആ മാട്ടുപ്പെട്ടിയൻ കാറ്റ് നമ്മളോടൊപ്പം . 

കണ്ടിട്ടില്ലെങ്കിലും ഒന്ന് പറയാതെ പോയാൽ അതൊരു അനീതിയാവും . കാരണം എന്‍റെ  കണ്ണുകളെ കുറേ തവണ തേടി വന്ന ഒരു ചിത്രമുണ്ട് . കാതുകളിൽ ഇപ്പോഴും മുഴങ്ങുന്ന മൗനമായ ഒരു നിലവിളിയുണ്ട് . ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി പോയേക്കാവുന്ന ജീവിതത്തെ ഓർത്ത് , ഗ്രാമത്തെ ഓർത്ത് ഉറ്റവരെയും ഉടയവരേയും ഓർത്ത് മുല്ലപ്പെരിയാർ ഡാം അങ്ങകലേ നിൽക്കുന്നുണ്ട് . അണക്കെട്ടുകൾ മാറി മാറി കാറ്റ് കൊള്ളാൻ ഇറങ്ങുന്ന ഞാൻ മുല്ലപ്പെരിയാർ ഡാമിന് മീതെ പറക്കുന്ന കാറ്റിനോട് എന്ത് ചോദിക്കാൻ ..?  ജീവശ്വാസം നൽകുന്ന കാറ്റ് ഡാമിനടുത്ത് എത്തുമ്പോൾ വേഗത കുറക്കുന്നുണ്ടാവണം . അത്രയും പതുക്കെ വീശിയാൽ  അത്രയും ഉറപ്പ് അതിന് നൽകാൻ പറ്റും എന്ന തോന്നലാവണം അത് . അല്ലെങ്കിൽ ഒരു കൂട്ടനിളിവിളിക്ക് പോലും സമയം കിട്ടാതെ വരുന്ന സാഹചര്യത്തിന് മീതെ ഗതി കിട്ടാതെ ചുറ്റിത്തിരിയാൻ ആ കാറ്റും ആഗ്രഹിക്കുന്നില്ല . ഇങ്ങകലേയിരുന്ന് ഞാൻ കൊള്ളുന്ന കാറ്റിൽ ഒരു പ്രാർത്ഥന പറത്തി വിട്ടിട്ടുണ്ട് . ഒരുപാട് പേരുടെ പ്രാർത്ഥന . അതവിടെ ഒരായിരം പ്രാർത്ഥന കളായി ആ കാറ്റ് എത്തിക്കട്ടെ .



ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലിയുടെ മകനാണ് ബാണാസുരൻ . ബാണാസുരന്‍റെ  പേരിൽ ഒരു അണക്കെട്ട് പൊങ്ങിയപ്പോൾ ഒരു ഗ്രാമവും ചവിട്ടി താഴ്ത്തപ്പെട്ടു . വാമനനോളം വലിപ്പം ബാണാസുരന് ഇല്ലാതെ പോയത് ഭാഗ്യം . അല്ലെങ്കിൽ തരിയോട് എന്ന ഗ്രാമത്തിന് പകരം കേരളം തന്നെ മുങ്ങിയേനെ . തരിയോട് പഞ്ചായത്തിലെ കരിങ്കാണി , ചൂരാണി , കുമ്പളവയൽ എന്നീ ഗ്രാമങ്ങളെ വെള്ളത്തിനടിയിൽ മുക്കി കൊന്നാണ് ബാണാസുര സാഗർ അണക്കെട്ട് തല ഉയരത്തി നിൽക്കുന്നത് . സംസ്കരിക്കപ്പെട്ട ഗ്രാമങ്ങളുടെ നെഞ്ചിലൂടെ ചവിട്ടിയാണ് നമ്മൾ നടക്കുന്നത് . എന്നിരുന്നാലും  വീണ്ടും വീണ്ടും നമ്മേ മോഹിപ്പിച്ചു വിളിക്കും ഇവിടത്തെ കാറ്റ് . ഈ പറഞ്ഞ എല്ലാറ്റിലും കൂടുതൽ എന്നോട് കൂട്ട് കൂടിയതും ഇവിടത്തെ കാറ്റ് തന്നെ . എത്രയോ തവണ ഒറ്റക്കും കൂട്ടമായും ഞാനിവിടെ വന്നിട്ടുണ്ട് . പ്രിയപ്പെട്ടൊരു കൂട്ടുക്കാരനോട് സംസാരിച്ചിരിക്കുന്ന പോലെ ആ കാറ്റുകൾ എന്നോട് കഥകൾ പറഞ്ഞു തന്നിട്ടുണ്ട് . മറ്റു ചിലപ്പോൾ കഥാപാത്രം തന്നെ ആയിട്ടുണ്ട്‌ . പക്ഷേ ആ വെള്ളത്തിലേക്ക്‌ കണ്ണുമിഴിച്ച് നോക്കിയാൽ ചില നിഴൽ ചിത്രങ്ങൾ കാണാം . പിഴുതെറിയപ്പെട്ട ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങൾ പുഴക്കടിയിലൂടെ ഗതി കിട്ടാതെ അലയുന്നത് കാണാം . പുറത്തേക്ക് ചാടാനുള്ള പഴുതുകൾ തേടി . 

ബാണാസുര മാത്രമല്ല , ഏത്  അണക്കെട്ടുകൾ  കണ്ടു മടങ്ങുമ്പോഴും  ഈ കാറ്റ് അകാരണമായ ഒരസ്വസ്ഥതയും  എന്നിൽ പകരാറുണ്ട്.. ആരുടെയൊക്കെയോ നിലവിളികൾ. ചവിട്ടി താഴ്ത്തപ്പെട്ട അനേകം  ഗ്രാമങ്ങളിലെ നിസ്സഹായരായ മനുഷ്യരുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ. പിഴുതെറിയലിന്‍റെ , പുനരധിവാസത്തിന്‍റെ . പുഴക്കടിയിൽ   നിന്നും  അവർ നിർത്താതെ കരയുമ്പോഴായിരിക്കുമൊ ഡാമുകൾ നിറഞ്ഞു കവിയുന്നത് ..? 



(മാധ്യമം വാരപ്പതിപ്പ്  - 4/10/2013)