Sunday, July 31, 2011

ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .



മഴ മാറി മാനം തെളിഞ്ഞിട്ടുണ്ട്. രണ്ട് ദിവസമായി സൂര്യനെ കാണാനേയില്ല. എന്തായാലും ഇന്ന് പതിവിലും കൂടുതല്‍ തിളക്കമുണ്ട് സൂര്യ രാജാവിന്. ഒരു യാത്രക്കുള്ള തക്കവും നോക്കി കുറെ ദിവസമായി ഞങ്ങള്‍ കാത്തിരിക്കുന്നു. ശിരുവാണി കാടുകള്‍ എന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈ അവധിക്കാലം അവിടെ പോകണം എന്ന് നേരത്തെ തീരുമാനിച്ചുറച്ചതാണ്.

ശിരുവാണിയിലേക്ക്

അഗളി ഫോറസ്റ്റ് റെയ്ഞ്ചിന്‍റെ ഭാഗമാണ് ശിരുവാണി എന്ന അതിസുന്ദരമായ സ്ഥലം. ഇവിടെയെത്തുന്നതിന് മുമ്പ് നമ്മളെ സ്വീകരിക്കുന്ന ഓരോ സ്ഥലങ്ങളും കണ്ണിന് ഉത്സവമാകുന്ന കാഴ്ചകളാണ്. അതില്‍ നമ്മള്‍ ആദ്യമെത്തുക കാഞ്ഞിരപുഴ ഡാം ആണ്.



അത് കഴിഞ്ഞാല്‍ ശിരുവാണി ഡാം ആയി. പക്ഷെ സന്ദര്‍ശകര്‍ക്കായി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല ഇവിടെ. ഇതാണ് ശിരുവാണി ഡാം.



ഇനി മുന്നോട്ടുള്ള ഓരോ ദൂരവും ഞങ്ങളില്‍ ആവേശം കൂട്ടുന്നു. ഒരുഭാഗത്ത്‌ പാട്ടിയാര്‍ പുഴയും പിന്നെ നിബിഡ വനവും. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ ശിരുവാണിയില്‍ എത്തി.




സര്‍വ്വശക്തനായ ദൈവത്തോട് ആദ്യം തന്നെ നന്ദി പറയട്ടെ. ഈ പ്രകൃതി വിസ്മയത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന്‌. ദൈവം കയ്യൊപ്പിട്ട ഈ മനോഹര ലോകത്തെ ഒപ്പിയെടുക്കാന്‍ കൂടുതല്‍ കണ്ണുകള്‍ ഇല്ലാതെ പോയല്ലോ.





എല്ലാറ്റിലുമുപരി ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ശിരുവാണിയും പാട്ടിയാര്‍ പുഴയും.
ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ ജലമാണത്രെ പാട്ടിയാര്‍ പുഴയിലേത്. എണ്ണൂരില്‍പരം ഔഷദ സസ്യങ്ങളെ തഴുകി വനത്തില്‍ നിന്നും ഒലിച്ചിറങ്ങുന്നത് കൊണ്ടാണത്രേ ഇത്. ഗവേഷണങ്ങള്‍ ഇതിനു പിന്‍ബലം നല്‍കുന്നു. തമിഴ്നാടിന്റെ മിക്ക ഭാഗങ്ങളിലേക്കും ശുദ്ധജലമെത്തുന്നത് ഇവിടെ നിന്നാണ്.





ഈ കാണുന്നതാണ് മുത്തിക്കുളം വെള്ളച്ചാട്ടം. ഒരു ചെറിയ കുളത്തില്‍ നിന്നും വന്നു കരിമലയുടെ നാഭിയിലൂടെ പാട്ടിയാര്‍ പുഴയില്‍ വന്നു ചാടുന്ന മുത്തിക്കുളം വെള്ളച്ചാട്ടം നയനാന്ദകരമായ കാഴ്ചയാണ് . ഇതിനോടപ്പം തന്നെ വെള്ളിയരഞ്ഞാണം പോലെ കുന്നിന്‍ ചരിവുകളില്‍ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ വേറെയും ഉണ്ട് ഇവിടെ.



ഇത് കരിമല. നിബിഡ വനങ്ങളുള്ള കരിമല മറ്റൊരു വാര്‍ത്ത കൊണ്ടു ഞങ്ങള്‍ക്ക് നിഗൂഡമായ മറ്റൊരു അനുഭവമായി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മ്മനിയുടെ ഒരു ആയുധ വിമാനം ഈ വനത്തിനുള്ളില്‍ തകര്‍ന്നു വീണിരുന്നു എന്ന് പറയുന്നു. അതിനോടൊപ്പം ഈ കാടിന്റെ നിഗൂഡതയില്‍ മറഞ്ഞു പോയ രഹസ്യങ്ങള്‍ എന്തൊക്കെയാവും..? ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ ജീവനും കാണില്ലേ ? ഈ രഹസ്യങ്ങള്‍ ഗര്‍ഭം പേറുന്ന കരിമലയെ നോക്കിയിരിക്കുമ്പോള്‍ എനിക്കെന്തോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരം മനസ്സില്‍ നിറയുന്നു. കേട്ടും,വായിച്ചും, പഠിച്ചും അറിഞ്ഞ ഒരു യുദ്ധത്തിന്റെ ഓര്‍മ്മകള്‍. അതിന്റെ അടയാളമായി ഒരു ദുരന്തവും , പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും. എല്ലാം ഈ കാടിനകത്ത് ഉറങ്ങുന്നു എന്നറിയുമ്പോള്‍ എനിക്കതൊരു വേദനയാകുന്നു. കുറെ നേരം.
ഞാന്‍ ആ കാടുകളെ തന്നെ നോക്കിയിരുന്നു. ഒരു കാറ്റ് വന്ന്‌ ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞു തന്നിരുന്നുവെങ്കില്‍.

അതിന്റെ പരിസരങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഒരു ആദിവാസി പറഞ്ഞെങ്കിലും സാഹസികതയെക്കാള്‍ വിവേകബുദ്ധി, ആ രഹസ്യങ്ങളുടെ കലവറ തേടിപ്പോകാനുള്ള ഉദ്യമത്തെ വേണ്ടെന്നു പറയിപ്പിച്ചു. ഈ കാടുകളെ ചുറ്റിപറ്റി ഇനിയും നിഗൂഡതകള്‍ ബാക്കിയുണ്ടായെക്കാം. പക്ഷെ ആധികാരികമായ വിവരങ്ങള്‍ നല്‍കുന്ന സൂചികയോ മറ്റു മാര്‍ഗങ്ങളോ ഇല്ല. അതുകൊണ്ട് ശിരുവാണി നല്‍കിയ അനുഭൂതികളും മറ്റു വിശേഷങ്ങളും ഞാന്‍ പങ്ക്‌ വെക്കാം . അത് അടുത്ത ലക്കത്തിലാവട്ടെ.





Sunday, July 24, 2011

ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍



മഴ മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രനെ നോക്കിയിരിക്കുകയാണ് ഞാന്‍. കൂടെ ഒളിഞ്ഞും തെളിഞ്ഞും വരുന്ന നക്ഷത്ര കുഞ്ഞുങ്ങളും. ചെറിയ കാറ്റില്‍ താളം പിടിക്കുന്ന വെള്ള ഓര്‍ക്കിഡ് പുഷ്പങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട്. കൂടെ നന്നായി വിരിഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന ഒരു ചെമ്പരത്തിയും. ഉറങ്ങാതെ നില്‍ക്കുന്ന ഈ രാത്രിയില്‍ ഇവരാണ് എന്‍റെ കൂട്ടുകാര്‍.
പക്ഷെ നിലാവുള്ള ഈ രാത്രിയില്‍ ഞാന്‍ മാത്രം അസ്വസ്ഥനാണ്. അത് മനസ്സിലാക്കിയ പോലെ ഒരു ചെറുകാറ്റില്‍ ആ ചെമ്പരത്തിപൂവ് എന്‍റെ കവിളില്‍ തലോടി. ഒപ്പം നേരത്തെ പെയ്ത മഴയുടെ ബാക്കി ഒരു മഴത്തുള്ളി അതിന്‍റെ ഇതളില്‍ നിന്നും ഉറ്റി വീണു. "നീയും കരയുകയാണോ"..?

പൂക്കളെ വല്ലാതെ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം എന്‍റെ മനസ്സിലെ സങ്കടവും അവര്‍ക്ക് കാണാന്‍ പറ്റിയത്. പെരുമഴയുടെ സംഗീതത്തില്‍ സന്തോഷത്തിന്‍റെ ഒരു പൂക്കാലം സമ്മാനിച്ച അവധിക്കാലം നാളെ കഴിയാന്‍ പോകുന്നു. രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് എന്നും മുറ്റത്ത്‌ കുറച്ച് നേരം നില്‍ക്കുന്ന എന്നെ കാണാതാവുമ്പോള്‍ അന്വേഷിച്ച് വാടുമോ ഈ പൂക്കളെല്ലാം.


ചിലത് നഷ്ടപ്പെടുത്തിയല്ലേ മറ്റുചിലത് നേടാന്‍ പറ്റൂ. പ്രവാസത്തിലേക്കുള്ള ഈ തിരിച്ച് പോക്കും അങ്ങിനെയാണ് എന്ന് കരുതി സമാധാനിക്കാം. പക്ഷെ ഉമ്മ വിളമ്പി തരുന്ന സ്നേഹത്തില്‍ പൊതിഞ്ഞ ആ ഭക്ഷണത്തിന്‍റെ രുചി ഓര്‍ക്കുമ്പോള്‍, ആ മടിയില്‍ കിടന്ന് തലയില്‍ തലോടുമ്പോള്‍ അനുഭവിക്കുന്ന വാത്സല്യത്തിന്‍റെ ഓര്‍മ്മ വരുമ്പോള്‍ എനിക്ക് തിരിച്ച് ഓടിവരാന്‍ തോന്നുമായിരിക്കും. കഥ പറഞ്ഞ് തരുന്ന ചാലിയാറിന്‍റെയും ഇരുവഴിഞ്ഞിയുടെയും ഓളങ്ങളുടെ താളത്തിന് അപ്പോള്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍എനിക്ക് ആശ്വാസം നല്‍കാന്‍ പറ്റുമോ. കഴിയണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന.
ഓരോ പ്രവാസിയും അനുഭവിക്കുന്ന എത്രയെത്ര വിഷമങ്ങള്‍. പക്ഷെ അങ്ങിനെ എല്ലാം വിഷമങ്ങള്‍ ആണ് എന്നെഴുതി വെക്കാന്‍ മാത്രം എന്‍റെ അഹങ്കാരം വളര്‍ന്നിട്ടില്ല . അതുകൊണ്ട് തന്നെ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. അടുത്ത അവധിക്കാലം വരെ ഊര്‍ജ്ജം നല്‍കാന്‍ അനുഭവങ്ങളുടെ ഒരു വസന്തം സമ്മാനിച്ചതിന്.

നാളെ വീണ്ടും ബഹറിനിലേക്ക് . പുറത്തു നല്ല പെരുമഴയുടെ ആരവം കേട്ട് ഞാന്‍ കുറിക്കുന്ന ഈ എളിയ വരികള്‍ക്ക് നിങ്ങളെഴുതുന്ന അഭിപ്രായം ഞാന്‍ വായിക്കുക ഒരുപക്ഷെ അവിടത്തെ ചൂടിലായിരിക്കും. അപ്പോള്‍ അന്തരീക്ഷത്തിലെ ചൂടിനും മനസ്സിലെ ചൂടിനുമിടയില്‍ സങ്കടപ്പെടുന്ന എനിക്ക് കുളിര് നല്‍കാന്‍ ഞാന്‍ കണ്ടുകൊണ്ടെഴുതുന്ന ഈ പെരുമഴയുടെ ഓര്‍മ്മകള്‍ക്ക് കഴിയുമായിരിക്കും.

എങ്കിലും ഒന്ന് ആഗ്രഹിച്ചുപോകുന്നു. കാലത്ത് എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ചെമ്പരത്തി പൂവ് മാത്രം വാടാതിരുന്നെങ്കില്‍ ...!

Monday, July 11, 2011

മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.



മഴ പെയ്തു കൊണ്ടേയിരിക്കുകയാണ് .
നനഞ്ഞു കുതിര്‍ന്ന മണ്ണിലേക്ക് വീണ്ടും വീണ്ടും.
മനസ്സ് കുളിര്‍പ്പിക്കുന്ന ആ കാഴ്ചക്ക് വേണ്ടിയാണ് ഒരു മണ്‍സൂണ്‍ വെക്കേഷന്‍ ഞാന്‍ തിരഞ്ഞെടുത്തത്. ഈ മഴക്കാലത്താണോ നാട്ടിലേക്ക് പോകുന്നത് എന്ന് എത്ര പേരാണ് ചോദിച്ചത്. മഴ പെയ്തു കുളിരുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നടത്തുന്നത് ഓര്‍മ്മകളുടെ വിളവെടുപ്പാണ്.
ബാല്യത്തിന്റെ , കൌമാരത്തിന്റെ, പ്രണയത്തിന്റെ സമൃദ്ധമായ വിളവെടുപ്പുകള്‍.

ഇന്ന് പുറത്തേക്ക്‌ ഇറങ്ങിയതേ ഇല്ല.
മഴ കണ്ട്, അതിന്റെ സംഗീതത്തില്‍ ലയിച്ച്‌, അതിന്റെ താളത്തില്‍ ആടി ഞാന്‍ വീടിന്റെ ഉമ്മറത്തിരുന്നു. ചൂടുള്ള കട്ടന്‍ ചായ ഊതികുടിക്കുമ്പോള്‍ ശരീരം ചൂടായെങ്കിലും മനസ്സിനിപ്പോഴും കുളിര് തന്നെ. ഉളര്‍മാവിന്‍ കൊമ്പിലെ അവശേഷിക്കുന്ന മാമ്പഴം ആര്‍ത്തിയോടെ കൊത്തി തിന്നുന്നു ഒരു കാക്ക. എത്ര കാലമായി ഇങ്ങിനെ ഒരു കാഴ്ച കണ്ടിട്ട്. അതുകൊണ്ടാവും ഈ കാഴ്ചയും സന്തോഷം നല്‍കുന്നു.

കാലില്‍ തൊട്ടുരുമ്മി ഒരു പൂച്ചകുട്ടിയും കൂടി. നീയും ആസ്വദിക്കുകയാണോടീ മഴയെ. വന്നത് മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നതാണ് ഇവളുമായി കൂട്ടുകൂടാന്‍. പക്ഷെ പരിചയമില്ലാത്ത എനെ മൈന്‍ഡ് ചെയ്തതേ ഇല്ല ഈ സുന്ദരിക്കുട്ടി. ഉമ്മക്കൊപ്പം ഞാനും അടുക്കളയില്‍ ചുറ്റിത്തിരിയുന്നത് കണ്ടത് കൊണ്ടാവാം ഇവള്‍ക്ക് ഞാന്‍ വീട്ടുകാരന്‍ തന്നെയെന്ന് മനസ്സിലായത്‌. പുറത്തെ മഴയുടെ ആരവം കേട്ട് , മൂടിപുതച്ച് കിടന്നുറങ്ങിയ എന്റെ മുറിയുടെ വാതിലിന് ഇടയിലൂടെ തലയിട്ട് ചെറിയൊരു മ്യാവൂ മൂളി അവളെന്നോടുള്ള സൌഹൃദം പ്രഖ്യാപിച്ചു. അതോ ഉമ്മ കാണാതെ ഇട്ടുകൊടുത്ത അയല കഷ്ണത്തിന്റെ നന്ദിയും ആവാം.
പൂച്ചകുഞ്ഞുങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കൊച്ചുകുട്ടികളുടെ മുഖം പോലെ തോന്നും പൂച്ചകുട്ടികള്‍ക്ക്. ഇവരുമായുള്ള കമ്പനി ഞാനും ആസ്വദിക്കുന്നു.

മഴ വീണ്ടും തകര്‍ക്കുകയാണ് . മനോഹരമായ ഒരു പ്രണയ ചിത്രം കാണുന്നതുപോലെ.
മഴയ്ക്ക് എത്ര ഭാവങ്ങളാണ്..? പ്രണയത്തിന്റെ ഭാവമെന്ന് ചിലര്‍, അല്ല രൗദ്രം എന്ന് മറ്റുള്ളവര്‍. ശോകമാണെന്ന് പറയുന്നവരും ഉണ്ടല്ലോ. ശരിയാവാം അത്. കണ്ടും കെട്ടും
അറിഞ്ഞ ഈ സത്യങ്ങളെ അവഗണിക്കാനും വയ്യ. അല്ലെങ്കില്‍ ഞാന്‍ പറയുന്നത് പോലെ മാത്രമാണ് മഴ എന്ന് പറഞ്ഞ് ഈ കുറിപ്പിനെ എകപക്ഷീയമാക്കാന്‍ എനിക്കും താല്പര്യമില്ല . അത് ശരിയും അല്ല.

പക്ഷെ ഞാനിത് ആസ്വദിക്കുന്നത് ആഗ്രഹിച്ച രീതിയില്‍ തന്നെയാണ്.
അപ്രതീക്ഷിതമായി പെയ്തൊരു മഴയില്‍ ഞാന്‍ ഓടികയറിയത് എന്റെ പഴയ എല്‍ പി സ്കൂളിന്റെ വരാന്തയിലേക്കാണ്. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക്‌ തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.
കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി കളയാന്‍ അവരും ഉണ്ട് കൂടെ.
ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ.
ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍ മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?
സ്കൂളിലെ സമയ ക്രമങ്ങളെ നിയന്ത്രിച്ചിരുന്ന ആ ബെല്ലിന് പോലും മാറ്റമില്ല. എത്ര പഴക്കം കാണും ഇതിന്‌.
അതില്‍ പിടിച്ചൊന്ന് തടവിയപ്പോള്‍ മനസ്സില്‍ വന്ന വികാരമെന്താണ്...?
തിരിച്ച് കിട്ടാത്ത ബാല്യത്തിന്റേതോ.? അതോ വഴിവക്കില്‍ നഷ്ടപ്പെട്ടുപോയെ ബാല്യകാല സുഹൃത്തുക്കളെ ഓര്‍മ്മയോ..? അതോ പാഠങ്ങള്‍ ചൊല്ലിയും പറഞ്ഞും പഠിപ്പിച്ച ഗുരുനാഥന്‍മാരെ കുറിച്ചുള്ള ഓര്‍മ്മകളോ..? എനിക്കറിയില്ല. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഏതൊക്കെയോ വികാരങ്ങളിലൂടെ എന്റെ മനസ്സ് പാഞ്ഞു എന്നുറപ്പ്.



വീണ്ടും നല്ലൊരു മഴക്കാഴ്ച കൂടി. മുമ്പ് ഞങ്ങള്‍ തോണിയില്‍ കുറുകെ കടന്നിരുന്ന ഇരുവഴിഞ്ഞി പുഴയ്ക്കു മീതെ പാലം വന്നു. അതിന് മുകളില്‍ നിന്ന് ഇരുവഴിഞ്ഞിയിലേക്ക് പെയ്തിറങ്ങുന്ന മഴ. വെള്ളം കുടിച്ച്‌ വയറ് വീര്‍ത്തിട്ടും ദാഹമടങ്ങാതെ ഈ മഴത്തുള്ളികളെ ആവേശപൂര്‍വ്വം വലിച്ചു കുടിക്കുന്ന ഇരുവഴിഞ്ഞി പുഴ. എന്റെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന തുള്ളികളും ഇരുവഴിഞ്ഞി ഏറ്റുവാങ്ങി അറബികടലിലേക്ക് ഒഴുക്കി വിടുന്നു.
ഓര്‍മ്മകളില്‍ ഒരു കടലിരമ്പം ഞാനും കേള്‍ക്കുന്നുണ്ട്.
അതുകൊണ്ട് മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.

Wednesday, July 6, 2011

നാട്ടുവിശേഷങ്ങള്‍



മദ്രസ്സയുടെ അരികിലൂടെയുള്ള കൈവഴി ഇപ്പോള്‍ റോഡ്‌ ആയി.
ഒട്ടുമാവില്‍ ഇത്തവണ കൂടുതല്‍ മാങ്ങ ഉണ്ടായിരുന്നു പോലും . പക്ഷെ എനിക്ക് കിട്ടിയില്ല ഒരെണ്ണം പോലും.
ചില്ലകള്‍ക്കിടയില്‍ ഒരു കിളിക്കൂടും വന്നിട്ടുണ്ട് . രണ്ട് ഇണകുരുവികള്‍.
ഇവരുടെ പ്രേമ സല്ലാപം നല്ല രസികന്‍ കാഴ്ച ആണ്.
തറവാട്ടിലെ കിണര്‍ നിറഞ്ഞ് വെള്ളം മുറ്റത്തൂടെ ഒഴുകുന്നു.
കണ്ണാംച്ചുട്ടികളും പരലുകളും ഇപ്പോള്‍ മുറ്റത്തായി നീരാട്ട്‌.
കിണറിനരികില്‍ നിറയെ പുളികളുമായി വലിയ പുളിമരം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. താഴെ മധുരിക്കുന്ന ഓര്‍മ്മകളും.
ഇത്ര തണുപ്പായിട്ടും ആ കിണറില്‍ നിന്നും വെള്ളം കോരി ഒന്ന് കുളിച്ചു. അതില്‍ ഒഴുകി തീര്‍ന്നു കുറെ പ്രവാസ സങ്കടങ്ങള്‍.
വരിക്കപ്ലാവില്‍ ഇനി കുറച്ച് ചക്കകളെ ബാക്കിയുള്ളൂ എന്ന് സച്ചു പറഞ്ഞിരുന്നു. അതെങ്ങാനും തീരട്ടെ. അപ്പോള്‍ കാണാം കളി എന്ന് ഞാനും പറഞ്ഞു. ഭാഗ്യം.തീര്‍ന്നില്ല.
അയമുക്കാന്‍റെ മോളുടെ കല്യാണം കഴിഞ്ഞു . ഇനി അപ്പുറത്തെ പറമ്പില്‍ നിന്നും പഞ്ചാര മാങ്ങ ആര് പെറുക്കി കൊണ്ടുവരും .?
പെരുമഴയില്‍ ചെടികളെല്ലാം നശിച്ചു പോയെന്ന് ഉമ്മാക്ക് പരാതി.
ചെടി പോയാലും മഴ പോകല്ലേ എന്നായിരുന്നു എന്‍റെ പ്രാര്‍ത്ഥന.
ഒരു പുതിയ നേഴ്സറി വന്നു വീടിനടുത്ത്‌. സാനു അവിടെ പോയി തുടങ്ങി . കുസൃതി കുടുക്ക അവിടെയും എത്തി.
വലിയ വടിയും കുത്തി പിടിച്ചു മയമ്മാക്ക വന്നു മോന്‍ എത്തിയോ എന്നും പറഞ്ഞു..?
മടി കുത്തില്‍ നിന്ന് അടക്കയും വെറ്റിലയും നല്‍കാന്‍ പൌക്ക പെണ്ണും വന്നു. പക്ഷെ കഴിഞ്ഞ തവണത്തെ പോലെ പുകയില ഇടയ്ക്കു ചേര്‍ത്ത് എന്നെ പറ്റിക്കരുത്.
ഹംസ ബാഖഫി തന്നെയാകുമോ പള്ളിയില്‍ ഇമാം. പക്ഷെ ബാങ്ക് വിളിക്കാന്‍ ആലി കുട്ടി കാക്ക ഇല്ലല്ലോ. ആരായിരിക്കും ഇപ്പോള്‍ .

ആ എല്‍ പി സ്കൂളിന്റെ മുറ്റത്ത്‌ നിന്ന് ഗോട്ടി കളിച്ചാലോ. വേണ്ട അമ്പസ്താനി ആകാം. അതും വേണ്ട . ചുള്ളിയും വടിയും ആയാലോ. അയ്യേ..? വയസ്സെത്ര ആയി. എന്ത് പിരാന്താ ഇത്..?
പാടത്തെ നടവരമ്പുകളുടെ താളം എനിക്ക് മനസ്സിലാകാതെ പോയോ..? വഴുക്കി വീഴാന്‍ പോകുന്നു. ഏത് മഴയത്തും വീഴാതെ ഓടിയിരുന്ന വഴികളാ... ഏയ്‌ ഇല്ല. താളം വീണ്ടു കിട്ടുന്നു. ഈ വഴി മറന്നാല്‍ പോവുക ജീവിതത്തിന്‍റെ താളം തന്നെയല്ലേ.
തോട്ടില്‍ നിറയെ വെള്ളം . മീനുകളും ഒരുപാട് കാണും. ആ ചൂണ്ടയിങ്ങ് എടുക്കെടാ. ഇന്നത്തേക്ക് ഇതാവട്ടെ നേരം പോക്ക്.
ഒരു കുളക്കോഴി ഓടിപ്പോയി. . വംശ നാശം സംഭവിച്ചിട്ടില്ല ഇവക്ക് മുമ്പ് കെണി വെച്ച് എത്ര പിടിച്ചതാ. ദൈന്യത ഉള്ള നോട്ടം കാണുമ്പോള്‍ അതുപോലെ വിടുകയും ചെയ്യും.
തെച്ചിപ്പൂക്കളും നിറയെ ഉണ്ട്. പാമ്പ്‌ കൊത്താത്ത പഴുത്ത കായകള്‍ ഉണ്ടോന്ന് നോക്കട്ടെ. സ്കൂളില്‍ പോവുന്ന വഴികളിലും നിറയെ തെച്ചിക്കായകള്‍ ഉണ്ടായിരുന്നു. കുന്നു കയറിയുള്ള ആ വഴികള്‍ ഒക്കെ ഇപ്പോള്‍ അടഞ്ഞു കാണും . ബസ്സിലല്ലേ ഇപ്പോള്‍ കുട്ടികള്‍ പോകുന്നത്.
കയ്യിലൊരു ചെറിയ ബാഗും പിടിച്ചു കണ്ണട നേരെയാക്കി നടന്നു വരുന്നത് പിള്ള മാഷാണോ.? ആ ചിരി കണ്ടാല്‍ അറിഞ്ഞൂടെ . പിള്ള മാഷ്‌ തന്നെ .
ഞാന്‍ ചെറുവാടി ബസാറിലേക്ക് ഇറങ്ങി. നിരത്തുകള്‍ക്ക് എന്നെ പരിചയം ഉണ്ട്. പഴമകാര്‍ക്കും. പക്ഷ പുതിയ കുട്ടികള്‍. ഇവന്‍ ഈ നാട്ടുകാരാനാണോ എന്ന ഒരു നോട്ടം. കാരയില്‍ മുഹമ്മദ്‌ കാക്കാന്‍റെ പീടികയില്‍ നല്ല മൈസൂര്‍ പഴം തൂങ്ങി കിടക്കുന്നു. ഞാന്‍ രണ്ടെണ്ണം ഇരിഞ്ഞു. എന്ത് രുചി. ഒന്നൂടെ തട്ടി.
ചെറുവാടി ജുമാഅത്ത് പള്ളിയിലേക്ക്. പള്ളിക്കുളം കഴിഞ്ഞു വെക്കുന്ന ഓരോ അടികള്‍ക്കും വേഗത കുറയുന്നു. ഉപ്പ ഉറങ്ങുന്നത് ഇവിടെയാണ്‌.
ഉപ്പാ ...അസ്സലാമു അലൈക്കും .
ഞാനെത്തി. വീണ്ടും ഉപ്പയുടെ അരികിലേക്ക്. ഞാനെന്തോകെയോ പറഞ്ഞു. ഉപ്പ കേട്ട് കാണും. പ്രാര്‍ത്ഥന.
ഞാന്‍ തിരിച്ചു നടന്നു വീട്ടിലേക്കു.

ചോറ് ആയോ ഉമ്മാ...?
ഞാന്‍ അടുക്കളയില്‍ ഇരുന്നു കഴിച്ചോളാം. ആ പഴയ പലക ഇങ്ങെടുത്തെ. അതില്‍ ഇരുന്നു കഴിക്കാം.
ഉമ്മാ .. ഈ പാവക്ക തോരന്‍ അടിപൊളി ട്ടോ. മീന്‍ ഇങ്ങിനെ പോരിക്കണം. ഒന്ന് നോക്കി പഠിക്ക് പെണ്ണെ.
ഇത് കിണറ്റിലെ വെള്ളമാണ്. ആ രുചി ഉണ്ടാവില്ലേ പിന്നെ.
ഉമ്മാന്റെ തറവാട്ടില്‍ പോവണം ഇന്ന്.
വിളക്ക് പോലെ ഉമ്മച്ചി ഉണ്ട് അവിടെ. തലമുറകളുടെ ഐശ്വര്യമായി. ആ മടിയില്‍ തല വെച്ചാല്‍ നമ്മളും കൊച്ചു കുട്ടിയായി.
കാറ്റിലും കോളിലും കെടാതെ കത്തട്ടെ ഈ വിളക്ക്. പ്രാര്‍ത്ഥന.
കുളം നല്ല വൃത്തിയുണ്ട്. അങ്ങില്ലാ പൊങ്ങുകള്‍ എല്ലാം കോരിയെടുത്തു.
ഞാന്‍ വെള്ളത്തില്‍ കാലിട്ടു. പരല്‍ മീനുകള്‍ പരിചയ ഭാവത്തില്‍ കാലില്‍ കൊത്തി. ഒരു നീര്‍ക്കോലി നോക്കുന്നുണ്ടല്ലോ . ഇത് പണ്ടത്തെ പേടി തൊണ്ടനല്ല സഖാവേ നിന്നെ കണ്ടാല്‍ നിലവിളിച്ച്‌ ഓടാന്‍ . നീ വേറെ ആളെ നോക്ക്.
കല്ല്‌ ഇളകിയിട്ടുണ്ട്‌. സൂക്ഷിച്ചോ. എളേമാക്ക് പേടി.
ച്ളും..
പേടിച്ചു പോയി. ഒരു കൊട്ട തേങ്ങ കുളത്തില്‍ വീണതാ. ഭാഗ്യം . തലയില്‍ വീണില്ലല്ലോ.

കഴിക്കാനെന്താ വേണ്ടത്..? ഉമ്മച്ചിയാണ്.
നല്ല പച്ചക്കായ ഉപ്പേരി വെച്ചത്. കുത്തരിയുടെ കഞ്ഞിയും. അമ്മായിക്ക് മടി. ഇവനെന്താ അസുഖം ..?
ചിക്കനും മട്ടനും ഞമ്മക്ക് വേണ്ട. കൂട്ടത്തില്‍ ഒരു പപ്പടവും ചുട്ടോ . പച്ച മുളക് ഒരെണ്ണം ഞാന്‍ പറിച്ചെടുത്തു.
കഞ്ഞി കുടിച്ചു ആരേലും ക്ഷീണിക്കുമോ. ..? ഞാന്‍ ക്ഷീണിച്ചു.
കാലത്ത് നേരത്തെ എണീറ്റ്‌. നേരെ വിട്ടു ചാലിയാറിലേക്ക് .
ഒന്ന് മുങ്ങി നിവര്‍ന്നു. മനസ്സ് കുളിര്‍ന്നു. ഓര്‍മ്മകള്‍ പിടിച്ചു വലിക്കുന്നു. തോണിക്കാര്‍ പോവുന്നുണ്ട്. നിക്ക് നിക്ക് ഞാനും വരുന്നു ഒരു സവാരിക്ക്.
തോണിയാത്ര എന്നും ആവേശമാണ്. വഞ്ചിക്കാരുടെ തമാശകളും പിന്നെ ചാലിയാറിന്‍റെ താളവും.
തീരത്ത് കുറെ പേര മരങ്ങള്‍ ഉണ്ടായിരുന്നല്ലോ. വെള്ളം കരയുമ്പോള്‍ മണ്ണ് ഇടിഞ്ഞ് തീരം നഷ്ടമാവാതിരിക്കാന്‍ ഗ്രാമ സമിതി നട്ടത്.
വളര്‍ന്നു വലുതായി എന്തോരം പെരക്കയാ ഉണ്ടായിരുനത്. എപ്പോള്‍ വന്നു നോക്കിയാലും ഒരു പേരക്കയെങ്കിലും കാണാതിരിക്കില്ല. ഇലകള്‍ക്കുള്ളില്‍ മരം തന്നെ ഒളിപ്പിച്ചു വെക്കും എനിക്ക് വേണ്ടി. പക്ഷെ ഇപ്പോള്‍..? മരവും ഇല്ല തീരവും ഇല്ല.
പക്ഷെ മനസ്സിനെ കുളിര്‍ക്കുന്ന ആ കാറ്റ് ഇപ്പോഴുമുണ്ട്. ദേ... കണ്ടില്ലേ ഇപ്പോള്‍ തന്നെ എന്നെ തഴുകി തലോടി കടന്നു പോയത്.

(ഫോട്ടോ ജലീല്‍ കെ വി )