Monday, December 24, 2012
മരങ്ങള്‍ക്കിടയിലൂടെ....!
തീവണ്ടിയാത്രകളെ വെറുത്തിരുന്ന ഒരു കാലം എനിക്കോര്‍മ്മയുണ്ട്. പക്ഷെ എന്ന് മുതലാണ് അതൊരു പ്രിയപ്പെട്ട ഇഷ്ടങ്ങളില്‍ ഒന്നായി മാറിയത്...? ഒരു പക്ഷെ ഉപ്പയുടെ കൈതുമ്പില്‍ നിന്നും മാറി പ്രായപൂര്‍ത്തി ആയി എന്നൊരു ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം സ്വയം നടത്തി കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചുള്ള യാത്രകള്‍ സാധ്യമായ അന്ന് മുതലാവണം തീവണ്ടിയാത്രകള്‍ കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങിയത്.
കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് ഞാനിപ്പോള്‍.. ... 1921 ലാണ് നിലമ്പൂര്‍ പാത തുറന്നത്. ബ്രിട്ടീഷ് സായുധ സേനക്ക് മലബാര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ വേണ്ടിയാണ് എന്നാണ് പറയുന്നത്. നിലമ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന കുറെ കാഴ്ച്ചകളില്ലേ ..? തേക്കും കാടും എല്ലാം നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ ഒരു സ്ഥലത്തെപറ്റി . കാടും നാടും കുന്തിപ്പുഴയും കടന്ന് ഷോര്‍ണൂര്‍ എത്തുന്ന ഈ അറുപത്തിയഞ്ച് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്രയുടെ ഭംഗിയേപറ്റി പലരും പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട്. കാലത്ത് തന്നെ സ്റ്റേഷനില്‍ എത്തുമ്പോള്‍ നിറയെ യാത്രക്കാരുണ്ട് ഇവിടെ. കൂടിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയില്‍ ബുദ്ധിമുട്ടാതെ റെയില്‍വേയുടെ കുറഞ്ഞ നിരക്കില്‍ പല സ്ഥലങ്ങളിലേക്കും പോകുന്നവര്‍.. . പലരും പല മതക്കാരാവാം. പക്ഷെ ഭാഷയ്ക്ക് എല്ലാര്‍ക്കും ഒരു മലപ്പുറം ചുവയുണ്ട്. അത് കേട്ടിരിക്കുക എന്നത് കൗതുകകരമാണ്. ഒരു രണ്ടു ഭാഗത്തും കാടുകള്‍ക്കിടയിലൂടെ ഇഴഞ്ഞു വരുന്ന പാതകള്‍. . മേലെ മലനിരകള്‍. . വെയിലിന് വിരുന്നുവരാന്‍ പോലും അനുവദിക്കാതെ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ പഴമയുടെ ഭംഗിയുമായി നിലമ്പൂര്‍ സ്റ്റേഷന്‍. .. ആളൊഴിഞ്ഞ സമയത്ത് ഈ സ്റ്റേഷനില്‍ കുറച്ചു നേരം ഇരിക്കണം എന്നൊരു മോഹം എനിക്കുണ്ടായിരുന്നു. നല്ലൊരു അനുഭവം ആയിരിക്കുമത്.
ഒരു ഇഷ്ടത്തെ പറ്റി പറഞ്ഞോട്ടെ. നീണ്ടുപോകുന്ന പാളങ്ങള്‍ക്കിടക്ക് എത്തിച്ചേരുന്ന ഒരു സ്റ്റേഷന്‍. . മരങ്ങളുടെ തണുപ്പില്‍ താഴെ ആരെയോ കാത്തിരിക്കുന്നത് പോലെ ഒരു മരബെഞ്ച്. വാചാലമായ നിശബ്ദതയുള്ള അന്തരീക്ഷം. ഇഷ്ടപ്പെട്ട എഴുത്തുക്കാരന്‍റെ ഒരു പുസ്തകവുമായി അല്ലെങ്കില്‍ നല്ല കുറെ ചിന്തകളുമായി ഇത്തരം ഒരു മരബെഞ്ചില്‍ ചാഞ്ഞിരിക്കുന്നതും ഉറങ്ങുന്നതും ഞാനേറെ കൊതിക്കുന്ന ഒന്നാണ്. "കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് " എന്ന സിനിമ ഓര്‍മ്മ വരുന്നു. എന്ത് മനോഹരമായിരുന്നു അതില്‍ കാണിച്ചിരുന്ന ആ റെയില്‍വേ സ്റ്റേഷന്‍. .. ഒരു മഞ്ഞുക്കാലത്തിന്‍റെ ആലസ്യത്തില്‍ ആ സ്റ്റേഷന്‍ ഉണരുന്നതും ഉറങ്ങുന്നതും കാണാന്‍ വേണ്ടി മാത്രം എത്ര തവണയാ ആ സിനിമ കണ്ടത്. അതെവിടെയാകും എന്നറിയാന്‍ കുറെ ശ്രമിച്ചു. പിന്നെപ്പോഴോ വായിച്ചറിഞ്ഞു കലാസംവിധായകന്‍റെ കരവിരുതാണ് അതെന്ന് . എന്നിട്ടും എനിക്കിഷ്ടം കുറഞ്ഞില്ല . കാരണം അതുപൊലൊന്നാണല്ലോ എന്‍റെയും ഇഷ്ടങ്ങളില്‍ ഒന്ന്. അങ്ങാടിപ്പുറം സ്റ്റേഷന്‍ ആണെന്നും കേള്‍ക്കുന്നു.
രാത്രിയാത്രകളിലെ പാതിയുറക്കത്തില്‍ നിന്നും ഞെട്ടിയെണീക്കുമ്പോള്‍ കാണുന്ന ചില കാഴ്ചകളുണ്ട്.. .. പതിയെ ഒരു സ്റ്റേഷനില്‍ എത്തി വണ്ടി നില്‍ക്കും. ഇലക്ട്രിക് ബള്‍ബിന്‍റെ മങ്ങിയ വെളിച്ചത്തില്‍ മഞ്ഞ കളറില്‍ സ്റ്റേഷന്‍റെ പേരെഴുതിയ ബോര്‍ഡ് കാണാം. എനിക്കിഷ്ടമാണ് അത് വായിച്ചെടുക്കുന്നത്. പക്ഷെ ഒരിക്കലും ഓര്‍മ്മയില്‍ നില്‍ക്കില്ല ഒന്നും. പിന്നെ വിജനമായ പ്ലാറ്റ്ഫോം കാണും. ആരും കയറണോ ഇറങ്ങാനോ ഇല്ലെങ്കിലും വണ്ടി അവിടെ നിന്നിരിക്കും ഒരു മിനുട്ടെങ്കിലും. ആരോ ഒരാള്‍ മൂടിപുതച്ച് ഉറങ്ങുന്നതും കണ്ടെന്നിരികും. അതൃ വഴിയാത്രക്കാരനാവാം, അല്ലെങ്കില്‍ ഒരു യാചകന്‍. . പക്ഷെ ഇത്തരം ഓര്‍മ്മകളിലെ പതിവുമുഖങ്ങള്‍ ആണത്. ഇതുപോലൊരു പേരറിയാത്ത ഒരു സ്റ്റേഷനില്‍ അലക്ഷ്യമായി ഇറങ്ങിയാലോ എന്നെനിക്കു തോന്നാറുണ്ട്. എന്നിട്ട് ആ വിജനമായ രാത്രയില്‍ അതുവഴി പോകുന്ന തീവണ്ടികളും നോക്കി ആ അന്തീക്ഷത്തിന്‍റെ ഭീകരമായ ഭംഗിയും ആസ്വദിച്ച് അങ്ങിനെ നില്‍ക്കണം. ഒരു പ്രേതകോട്ടയിലെക്കുള്ള വഴിപോലെ തോന്നിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ വല്ലാതെ ഭ്രമിപ്പിക്കുന്നു.
സ്റ്റേഷനിലെ തിരക്കില്‍ നിന്നും മാറി മറുവശത്ത് ഒരു പെണ്‍കുട്ടി നില്‍ക്കുന്നു . പൂക്കളുള്ള നീല സാല്‍വാറും അണിഞ്ഞു ഭംഗിയുള്ള ഈ സ്റ്റേഷനില്‍ മരങ്ങള്‍ക്കിടയില്‍ ആരെയോ കാത്തു നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ എല്ലാവരും ശ്രദ്ധിക്കുന്നു എന്നുറപ്പ്. കാരണം എവിടെയോ കണ്ടു മറന്ന ഒരു ചിത്രം പോലുണ്ട് ആ കൗമാരക്കാരിയുടെ നില്‍പ്പിന് . ഈ ട്രെയിനില്‍ വന്നിറങ്ങാവുന്ന തന്‍റെ കാമുകനെ കാത്തിരിക്കുന്നതാവാം പ്രതീക്ഷയോടെ. അങ്ങിനെ ആയിരുന്നെങ്കില്‍ എന്ന് ഞാനും ആശിച്ചുപ്പോയി. എങ്കില്‍ ആ കാല്‍പനിക ചിത്രത്തിന് ഒരു പൂരണം വന്നേനെ . അടുത്തിരുന്ന രണ്ടു പയ്യന്മാര്‍ പരസ്പരം പറഞ്ഞതും " അവള്‍ അങ്ങിനെ ഒരാളെ കാത്തിരിപ്പാണ് എന്നാണ് . പക്ഷെ കിതച്ചു നിന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ പ്രായമായ ഒരു അച്ഛന്‍റെ കൈപിടിച്ച് പതുക്കെ അവള്‍ മരങ്ങള്‍ക്കിടയിലൂടെ നടന്ന് മറയുന്നത് തീവണ്ടിയുടെ ജാലകങ്ങല്‍ക്കിടയിലൂടെ ഞങ്ങള്‍ കണ്ടു. അപ്പോള്‍ നിലമ്പൂര്‍ കാടുകളെ തഴുകിവന്ന കാറ്റിന് സ്നേഹത്തിന്‍റെയും കടപ്പാടിന്‍റെയും ആര്‍ദ്ര സ്പര്‍ശമുണ്ടായിരുന്നു.
തേക്കിന്‍ കാടുകള്‍ക്കുള്ളിലൂടെ തീവണ്ടി പതുക്കെ ചലിച്ചു തുടങ്ങി. കാടും പുഴകളും നെല്‍പാടങ്ങളും പതുക്കെ പിറകിലേക്ക് മറിയുന്നു. ഇടക്കിടക്ക് പാടങ്ങളില്‍ നിറയെ ആമ്പല്‍ പൂവുകള്‍ വെള്ളത്തിന് മുകളിലേക്ക് തലയുയര്‍ത്തി ധ്യാനം ചെയ്യുന്നു. നല്ല കാഴ്ചകളുമായി ഈ യാത്രയും തുടരുന്നു.
(ചിത്രം ഗൂഗിള്‍ )
Saturday, December 15, 2012
സ്വപ്‌നങ്ങള്‍ പൂക്കുന്ന തീരത്ത്.
ചില യാത്രകള്‍ സംഭവിക്കുന്നത് മുന്‍കൂട്ടി തീരുമാനിക്കാതെയാണ്. അതിലും ഒരു ഭംഗിയുണ്ട് . കോഴിക്കോടിന്റെ ആഥിത്യം സ്വീകരിക്കാനെത്തിയ ബ്ലോഗ് സുഹൃത്ത് ജിമ്മിക്ക് ഞങ്ങള്‍ ഒരുക്കിയ ഒരു യാത്രാനുഭവം. പ്രതീക്ഷിക്കാതെ തീരുമാനിച്ച യാത്ര. കരിയാത്തും പാറയിലേക്ക്. കൂടെ റഷീദ് പുന്നശേരി, ഷബീര്‍ തിരിച്ചിലാന്‍ , ഇസ്മായില്‍ ചെമ്മാട് എന്നിവരും. ബ്ലോഗും കടന്ന് ആത്മബന്ധം പോലെയെത്തിയ സുഹൃത്തുക്കള്‍, തീര്‍ച്ചയായും അതൊരു നല്ല അനുഭവം തന്നെയായിരിക്കും.
അടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും നമ്മള്‍ ഇറങ്ങാറുണ്ട്. ഒരിക്കല്‍ പോലും കരിയാത്തുംപാറ യാത്ര ഡയറിയില്‍ കയറിപറ്റാതെ പോയതെന്തേ എന്നൊരു ചോദ്യത്തിനു ഇനി പ്രസക്തിയില്ല. കാരണം കോഴിക്കോടിന്റെ മുറ്റത്തുള്ള ഈ സ്വപ്ന തീരത്ത് ഞങ്ങളെത്തിക്കഴിഞ്ഞു. ഒരു നിമിഷം കൊണ് നമ്മള്‍ അറിയാതെ ഈ പ്രകൃതിയുടെ ഭാഗമായി തീരും. തടാകത്തില്‍ നീന്തികളിക്കുന്ന താറാവുകള്‍ക്കൊപ്പം നമ്മളും നീന്തിത്തുടിക്കും. അക്കരെ നിന്നും ഇക്കരേക്കും തിരിച്ചും സവാരി നടത്തുന്ന കാറ്റിനൊപ്പം നമ്മള്‍ മറുകരകള്‍ താണ്ടും. കുന്നിറങ്ങി വരുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്‍ക്കൊപ്പം നമ്മുടെ മനസ്സും ഒഴുകും. പ്രകൃതിയില്‍ ലയിക്കുക എന്ന് പറയില്ലേ.? അത് സംഭവിക്കുകയാണ് ഇവിടെ
നല്ല തണുത്ത വെള്ളം.മലയിറങ്ങി വന്നു തേയ്മാനം സംഭവിച്ച ഉരുളന്‍ കല്ലുകള്‍ തെളിഞ്ഞ വെള്ളത്തില്‍ കാണാം. ഈ കല്ലുകളില്‍ പ്രകൃതി ശില്‍പങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട് . അവയ്ക്കിടയിലൂടെ നീന്തിതുടിക്കുന്ന വര്‍ണ്ണ മത്സ്യങ്ങള്‍. അക്വാറിയത്തില്‍ പോലും ഇത്തരം ഭംഗിയുള്ള മത്സ്യങ്ങളെ കാണില്ലെന്ന് തോന്നുന്നു. ഒരു ഈ തണുത്ത വെള്ളത്തില്‍ ഒന്ന് മുങ്ങി നിവരാതെ പൂര്‍ണ്ണമാകില്ല യാത്ര.
ഞങ്ങള്‍ പുഴയിലേക്കിറങ്ങി. ഒന്ന് മുങ്ങി നിവര്‍ന്നപ്പോഴേക്കും യാത്രയുടെ ചെറിയൊരു ആലസ്യം പുഴ ഒഴുക്കി അറബി കടലില്‍ എത്തിച്ചു. പതിവില്ലാത്ത ഒരുണര്‍വ് മുഖത്ത്. എത്ര സമയം ആ വെള്ളത്തില്‍ കളിച്ചിരുന്നോ ആവോ. മാനം ഇരുണ്ട് കൂടി . മലയടിവാരത്തിലെ ഈ മാറ്റം ഇപ്പോഴും ഒരു അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചേക്കാവുന്ന ഒരു മലവെള്ള പാച്ചിലില്‍ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാം. ഇവിടെ തന്നെ അത് സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുക്കാര്‍ പറഞ്ഞതുമാണ്. മഴ ഒഴിഞ്ഞ ഈ കാലം അത് സംഭവിക്കുമോ..? പ്രകൃതി കോപിക്കുന്നത് നമ്മുടെ ഇഷ്ടം നോക്കിയല്ലല്ലോ.
പക്ഷെ മനം മയക്കുന്ന ഈ പ്രകൃതിയിലും എവിടെയോ ഒരു രോദനം കേള്‍ക്കുന്നപോലെയില്ലേ? കുറ്റ്യാടി പുഴയിലെ വെള്ളത്തിന് ഉപ്പുരസം ഉണ്ടെന്ന് വെറുതെ തോന്നിയതാകുമോ..? അല്ല എന്ന് പറയണമെങ്കില്‍ പുഴയെ കുറച്ചു കാലങ്ങള്‍ പിറകിലോട്ട് ഒഴുക്കണം. അപ്പോള്‍ കേരള രാഷ്ട്രീയത്തെ ഒരു കാലത്ത് പിടിച്ചു കിലുക്കിയ ഒരു കൊലപാതകവും പിന്നെ ഒരച്ഛന്റെ സമരവഴികളും കാണാം. രാജന്‍റെ കൊലപാതകവും അതിനു മുന്നും പിന്നുമുള്ള രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. കെ, കരുണാകരന്റെ രാജിയും ഈ വിഷയത്തില്‍ പങ്കിലെന്ന കുമ്പസാരവും എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷെ ഒരാളെ എനിക്കറിയാം. മകന്റെ ഘാതകരെ തേടി നീതി ദേവതയുടെ കടാക്ഷവും തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെ പറ്റി . ഞങ്ങള്‍ കുളിച്ച് ഉല്ലസിക്കുന്ന ഈ പുഴയുടെ മേലെയാണ് ആ അച്ഛന്റെ മകന്‍റെ ശരീരം കണ്ടത്. ഈ പുഴ ഒരിക്കലും വറ്റാറില്ലെന്ന് ഒരു നാട്ടുക്കാരന്‍ പറഞ്ഞു. ഒരു സമുദ്രം തന്നെ തീര്‍ക്കാനുള്ള കണ്ണുനീര്‍ ആ അച്ഛന്‍ ഒഴുക്കി കാണണം. പിന്നല്ലേ ആ കണ്ണുനീരിന്‍റെ അംശം കലര്‍ന്ന ഈ പുഴയിലെ ഒഴുക്ക് നില്‍ക്കാന്‍. അതുകൊണ്ടെല്ലാമാവാം മനം മയക്കുന്ന ഈ പ്രകൃതിയിലും ഒരു വിലാപത്തിന്റെ അലയൊലികള്‍ ഉണ്ടോ എന്ന് അറിയാതെ തോന്നിപ്പോയത്.
തിരിച്ചു വരാം. കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ മാത്രമേയുള്ളൂ കരിയാത്തുംപാറയിലേക്ക്. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗം. എനിക്കുറപ്പുണ്ട് പ്രകൃതിയില്‍ സ്വയം അലിയാനും സ്വപ്നം കാണാനും പ്രണയിക്കാനും ഏകാന്തതയില്‍ ഊളിയിടാനും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അനുഭവത്തിന്റെ ഉത്സവം ഒരുക്കാന്‍ ഈ പ്രദേശത്തിന് കഴിയും എന്ന്. ക്യാമറയുടെ മിഴി തുറന്നാല്‍ കാണുന്ന ലോകം മറ്റൊന്ന് എന്ന് തോന്നിപോകും. അത്രക്കും പര്‍ഫക്റ്റ് കമ്പോസിംഗ് പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട് . അതുകൊണ്ടാവാം ഷബീര്‍ പറഞ്ഞത് ഇത് കേരളത്തിന് പുറത്ത് തേക്കടിയില്‍ പോയ പോലെയുണ്ട് എന്ന്. തേക്കടി ഇനി കേരളത്തില്‍ തന്നെയല്ലേ എന്ന സംശയം എനിക്കും തോന്നിപ്പോയി.
നേരം വൈകുന്നേരം ആകുന്നു. ഇവിടൊരു ടെന്‍റ് കെട്ടി ഈ രാത്രി ഇവിടെ കൂടാം എന്ന് തോന്നാതിരുന്നില്ല. എങ്കില്‍ ഡിസംബറിലെ ഒരു മഞ്ഞു പുലരി ഇവിടെ ഞങ്ങള്‍ക്ക് സ്വന്തമായേനെ . പക്ഷെ കൂടണയാന്‍ തിരിച്ചു പറക്കുന്ന ഈ പറവകളെ പോലെ ഞങ്ങള്‍ക്കും കൂടണയേണ്ടതുണ്ട്. പാട്ട് മൂളിക്കൊണ്ട് പടിഞ്ഞാറന്‍ കാറ്റ് കുളിര്‍പ്പിച്ചു കൊണ്ടേയിരിക്കുന്നു. ദൂരെ ഉണങ്ങിയ ഒരു മരത്തിന് താഴെ ഇരിക്കുന്ന പ്രണയജോടികള്‍. അവരുടെ സല്ലാപത്തില്‍ ആ മരം തളിര്‍ക്കും. കാരണം മോഹഭംഗങ്ങള്‍ക്ക് ഇടം നല്‍കാന്‍ ആവില്ല ഈ തീരത്തിന്.
Monday, October 29, 2012
താളുകള്‍ മറിക്കുമ്പോള്‍
ഓര്‍മ്മകളുടെ ഷെല്‍ഫില്‍ നിന്നും ഒരു പുസ്തകത്തെ എടുക്കാന്‍ പറഞ്ഞാല്‍ "The Illustrated weekly " യെ പൊടി തട്ടി എടുക്കും. അതില്‍ വന്നിരുന്ന ഒരു ലേഖനം പോലും വായിച്ചു കാണില്ല. എന്നാലും വായനയെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഒരു കാലത്ത് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപിന്റെ അഭിമാനം ആയിരുന്ന ഈ വാരിക തന്നെയാണ്. അതിലെ കളര്‍ ചിത്രങ്ങള്‍ മറിച്ച് നോക്കുക എന്നതായിരുന്നു ആദ്യത്തെ വിനോദം. പതുക്കെ ചിത്രങ്ങളിലെ അടികുറിപ്പുകളിലേക്ക്. അര്‍ത്ഥമറിയാത്ത ആര്‍ . കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളിലേക്ക് . ഒന്നും മനസ്സിലാവില്ല. എന്നാലും ഉപ്പയുടെ ലൈബ്രറിയിലെ മേശപ്പുറത്ത് നല്ല വീതിയിലും നീളത്തിലും കിടന്നിരുന്ന ഈ വാരിക തന്നെയാണ് വായനയുമായി ബന്ധിപ്പിക്കുന്ന എന്റെ ഗൃഹാതുര സ്മരണകളില്‍ ഒന്നാമത്തെ അദ്ധ്യായം . തൊണ്ണൂറുകളുടെ മധ്യത്തില്‍ ആണെന്ന് തോന്നുന്നു വാരികയിലെ മഷി എന്നേക്കുമായി ഉണങ്ങി പോയത്. കോഴിക്കോട് പാളയം ബസ് സ്റ്റാണ്ടിലെ നവകേരള ബുക്ക് സ്റ്റാളില്‍ ഇപ്പോഴുമൊരു Illustrated weekly തൂങ്ങി കിടക്കുന്നത് സ്വപ്നം കാണാറുണ്ട്. പതുക്കെ മാറുന്ന കോഴിക്കോടിന്റെ മാറാത്ത മുഖമായി ഇപ്പോഴുമുണ്ട് നവകേരള ബുക്ക് സ്റ്റാളും അതിന്‍റെ ഉടമ പ്രകാശേട്ടനും. ഇവിടെനിന്നായിരുന്നു ഉപ്പ പുസ്തകങ്ങള്‍ വാങ്ങിക്കുക. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പ്രകാശേട്ടനെ കണ്ടു. ഉപ്പയുടെ കയ്യില്‍ തൂങ്ങി മലര്‍വാടിയും പൂമ്പാറ്റയും ഒന്നിച്ചു കിട്ടാന്‍ വാശി പിടിക്കുന്ന ആ ചെറിയ കുട്ടിയെ മനസ്സിലായില്ല പ്രകാശേട്ടന്. പറഞ്ഞറിയിച്ചപ്പോള്‍ നല്ല സന്തോഷം. ഉപ്പാക്ക് വല്ലാത്തൊരു ആത്മബന്ധമായിരുന്നു ഇവരോട്.
വായനയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇതുപോലെ ചില ചിത്രങ്ങളാണ് ഓര്‍മ്മയില്‍ വരുന്നത് . ഒരിക്കലും മുടങ്ങിപോവാത്ത ഒരു വായനയെ കുറിച്ച് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും എം. കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം എന്ന്. പക്ഷെ അതിനേക്കാള്‍ മുമ്പ് മലയാള നാട് എന്ന വാരികയെ പറ്റി പറയേണ്ടി വരും. ഇന്നും പലരുടെയും മനസ്സില്‍ വായനയുമായി ബന്ധപെട്ട ഒരുനഷ്ട ഗൃഹാതുരത്വം സൃഷ്ടികുന്ന ഒന്നാവണം ഈ വാരികയും അതിന്റെ പിന്‍വാങ്ങലും. ഇതില്‍ കൂടിയാണ് സാഹിത്യ വാരഫലത്തിലേക്ക് എത്തുന്നത്. പക്ഷെ ഗൗരവമായ ഒരു വായന സാധ്യമല്ലായിരുന്നു ഒരു പ്രായത്തിലെന്നെ സാഹിത്യ വാരഫലം എങ്ങിനെ ആകര്‍ഷിച്ചിരിക്കണം..? പംക്തിയുടെ ഇടയില്‍ കാണുന്ന പാശ്ചാത്യ സാഹിത്യത്തിലെ ലൈംഗികമായ ഇടപെടലുകളുടെ പരിചയപ്പെടുത്തല്‍. അതായിരിക്കുമോ ആ ആകര്‍ഷണത്തിന്റെ ഘടകം എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ എനിക്ക് സമ്മതിക്കേണ്ടി വരും. അതൊരു പ്രായത്തിന്റെ മാത്രം ആവേശം. പക്ഷെ ഒന്നുണ്ട്. സമ്പൂര്‍ണ്ണമായ വായനയിലേക്ക് എന്നെ എത്തിച്ചതും സാഹിത്യ വാരഫലം മുടങ്ങാത്ത ഒരു ശീലമായതിനും പിന്നില്‍ അതെല്ലാമായിരുന്നു എന്നതും സത്യം. ഒരുകാലത്ത് കൃഷ്ണന്‍ നായര്‍ ഈ സമീപനത്തിന്റെ പേരില്‍ കുറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. പിന്നെ കലാകൌമുദി വാരികയിലും അതിന് ശേഷം സമകാലിക മലയാളത്തിലും എന്റെ തുടര്‍വായന നീണ്ടു. അതോടൊപ്പം ആ വാരികകളിലെ മറ്റ് വിഷയങ്ങളിലേക്കും. എം. കൃഷന്‍ നായര്‍ എന്ന വിമര്‍ശന സാഹിത്യ കുലപതിയുടെ അവസാനത്തോടെ ഒരു വായനാ യുഗത്തിന് അവസാനമായി എന്ന് പറയാം. തട്ടിന്‍പുറത്തെ പഴ പുസ്തകങ്ങള്‍ പരതി നോക്കിയാല്‍ കാണുമായിരിക്കും പഴയ മലയാളനാട് വാരികയുടെ ഒരു കോപി. മറഞ്ഞുപ്പോയ ഒരു യുഗത്തിന്റെ തിരുശേഷിപ്പായി സൂക്ഷിക്കാന്‍ അതവിടെ കാണണേ എന്ന് ആഗ്രഹിച്ചു പോകുന്നു .
സജീവമായ വായനാ ലോകത്തിലേക്ക് പേജുകള്‍ മറിക്കുമ്പോള്‍ എന്റെ മുന്നില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് മാത്രമേയുള്ളൂ. എന്റെ കുട്ടിക്കാലം മുതല്‍ എന്നോടൊപ്പമുള്ള വായനാലോകം. ഇപ്പോഴും വായന എന്ന സുകൃതം നിലനിന്നുപോകുന്ന ഒരു കണ്ണി അതുതന്നെയാണ് . മലയാളത്തിലെ പ്രതിഭാധനന്മാരായ എഴുത്തുക്കാരിലേക്കും അവരുടെ സൃഷ്ടികളിലേക്കും എത്തിപ്പെടുന്നതില്‍ നിര്‍ണ്ണായകമായി നിന്നത് മാതൃഭൂമി ആഴ്ചപതിപ്പ് തന്നെയാണ് എന്ന് നിസംശ്ശയം പറയാം. കേരളത്തിന് പുറത്തുള്ള സാഹിത്യ ലോകത്തെ പരിചയപ്പെടുത്തിയതും അതുപോലെ തന്നെ. ബംഗാളി സാഹിത്യത്തിലെ മികച്ച രചനകള്‍ പരിചയപ്പെടുന്നത് മാതൃഭൂമിയിലൂടെയാണ്. ഭീഷ്മാ സാഹ്നി ശീര്‍ഷെന്തു മുഗോപാധ്യായ , സുനില്‍ ഗംഗോപാധ്യായ തുടങ്ങിയവര്‍ പ്രിയപ്പെട്ടവരായി. തമസ്സും അര്‍ദ്ധവിരാമവും പ്രിയപ്പെട്ട രചനകളായി. ഒരിക്കല്‍ കൂടെ വായിക്കാന്‍ ആഗ്രഹം ഉള്ള രചനയില്‍ ഒന്നാണ് ജി . ബാലചന്ദ്രന്‍ എഴുതിയിരുന്ന "ജക "എന്ന നോവല്‍. ഭൂട്ടാന്റെ ഒരു പാശ്ചാതലത്തില്‍ ആയിരുന്നു ആ കഥ എന്നാണ് ഓര്‍മ്മ. ബാലചന്ദ്രന്റെ തന്നെ വേറെയും നോവലുകള്‍ വായിച്ചത് ഓര്‍ക്കുന്നു. പക്ഷെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നത് സങ്കടകരം തന്നെ. "ജക"യുടെ പുസ്തക രൂപം എവിടെയെങ്കിലും കിട്ടുമോ എന്ന അന്യോഷണത്തിലാണ് ഞാന്‍ . കുറച്ചൂടെ പേജുകള്‍ കൂട്ടിമറിച്ചാല്‍ ചിരിക്കുന്ന മുഖവുമായി ടീ. വി . കൊച്ചുബാവ എന്ന എഴുത്തുകാരനെ കാണാം. കൂടെ ഒരു വൃദ്ധ സദനവും അവിടത്തെ അന്തേവാസികളും. എല്ലാ വായക്കാരെയും ആകര്‍ഷിച്ച മികച്ചൊരു നോവല്‍ ആയിരുന്നു "വൃദ്ധ സദനം ".
സേതുവിനെയും എം.മുകുന്ദനെയും കൂടുതല്‍ അറിഞ്ഞതും മാതൃഭൂമിയിലൂടെ തന്നെ. നിയോഗവും അടയാളവും സേതുവിന്റെ രചനകളില്‍ മുന്നില്‍ നില്‍ക്കുന്നു. അടുത്ത കാലത്ത് വന്ന അടയാളങ്ങള്‍ ആണ് വായനയില്‍ മികച്ചു നില്‍ക്കുന്നത് എങ്കിലും ഒരു പഴയ വായന കാലത്തിന്റെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് നിയോഗം തന്നെയാണ് എനിക്ക് പ്രിയപെട്ടത്.. ... , "പുലയപ്പാട്ട് "ആണ് അവസാനം വായിച്ചത് എങ്കിലും "ആദിത്യനും രാധയും മറ്റുചിലരും "എന്ന മുകുന്ദന്‍ രചന എക്കാലവും പ്രിയപ്പെട്ട ഒന്നാണ്. ആഴ്ചകളില്‍ നിന്നും ആഴ്ച്ചകളിലെക്കുള്ള ദൈര്‍ഘ്യം കൂട്ടിയിരുന്ന കാത്തിരിപ്പ്. ഇന്ന് അതിന്റെയെല്ലാം പുസ്തക രൂപങ്ങള്‍ പുനര്‍ വായനക്കെടുക്കുമ്പോള്‍ പഴയ മാതൃഭൂമിയുടെ താളുകളിലാണോ എന്നെനിക്ക് തോന്നിപോകാറുണ്ട്. പറഞ്ഞുവരുമ്പോള്‍ ഇങ്ങിനെ ഓരോ എഴുത്തുകാരും അവരുടെ സൃഷ്ടികളെ പറ്റിയും പറയേണ്ടി വരും . എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ വായനയെ സ്വാധീനിച്ചത്. പക്ഷെ എല്ലാം പറയാന്‍ പറ്റില്ലല്ലോ എന്ന പരിമിതിയും ഉണ്ട്. എന്നാലും അവസാനം മികച്ചൊരു വായന തന്ന പ്രിയപ്പെട്ട എഴുത്തുക്കാരന്‍ സി വി. ബാലകൃഷ്ണനെ കൂടിപറയാതെ എങ്ങിനെ ഈ കുറിപ്പ് പൂര്‍ത്തിയാകും. "അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍ "എന്ന നോവലിനെ പറ്റി പറയാം. കാരണം പ്രവാസം അതിര്‍വരമ്പിട്ട എന്റെ വായനാലോകത്ത് ഞാനവസാനം മാതൃഭൂമിയിലൂടെ വായിച്ച നോവല്‍ അതാണ്. കഥ നടക്കുന്ന ഭൂമികയേയും കഥാപാത്രങ്ങളെയും നമ്മുടെ മുന്നില്‍ നിര്‍ത്തിയിട്ടാണ് സി . വി മുന്നോട്ടു പോകുക. സഞ്ജീവ് ക്ലിനിക്കും പ്രഭു ഡോക്ടറും അമരേശ്വരനും ദെക്കയ്യയും തുന്നല്‍ക്കാരന്‍ ചന്ദാരനും കല്യാണി ടാകീസും എല്ലാം ഒരു ഗ്രാമവും അവിടത്തെ ജീവിതവും ജനങ്ങളും എന്നപോലെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു. വായന കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും. ഇന്ന് വടക്കന്‍ കേരളത്തിലെ ഏതെങ്കിലും ഒരുപഴയ ഗ്രാമത്തില്‍ ബസ്സിറങ്ങേണ്ടി വന്നാല്‍ അറിയാതെ പ്രഭു ഡോക്ടറുടെ സഞ്ജീവ് ക്ലിനിക് അന്യോഷിച്ച് പോകും. അതുപോലെ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും തേടിയെന്നിരിക്കും. അത്രയധികം ആഹ്ലാദം നല്‍കിയ ഒന്നായിരുന്നു ഈ നോവല്‍ . മറ്റൊന്ന് ആയുസ്സിന്റെ പുസ്തകം. പക്ഷ വായനലോകം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ആ മനോഹര സൃഷ്ടിയെ പറ്റി ഞാനെഴുതിയാല്‍ അതൊരു അഹങ്കാരമാവും എന്ന് തോന്നുന്നു.
മാതൃഭൂമിയെ പറ്റി പറയുമ്പോള്‍ എന്റെ സ്വാര്‍ഥത കൊണ്ട് ഒരു കാര്യം കൂടെ പറയാന്‍ ആഗ്രഹിക്കുന്നു. ഉപ്പയുടെ എഴുത്തിന്റെ മികച്ചൊരു തട്ടകം ആയിരുന്നു മാതൃഭൂമി. "ദ്രവിക്കുന്ന സ്മാരകങ്ങള്‍" , "ഹൈദരാബാദിലെ അറബിക്കല്യാണം ", "വിഷവായു ശ്വസിച്ച് മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ "ന്യൂനപക്ഷ വര്‍ഗീയത ഒരു പാഠഭേദം ", തുടങ്ങിയവ അതിലെ ശ്രദ്ധേയമായ ലേഖനങ്ങളും. ഗ്വാളിയോര്‍ റയോണ്‍സ് ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളെ കുറിച്ച് ഏറ്റവും ആദ്യം പ്രതിവാദിച്ച ലേഖനം ആയിരുന്നു "വിഷവായു ശ്വസിച്ച് മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ " . അടുത്ത ലക്കത്തില്‍ വായനക്കാരുടെ കത്തുകളില്‍ ശ്രീമതി . സുഗതകുമാരി എഴുതിയ അഭിനന്ദന കുറിപ്പ് നല്ലൊരു അംഗീകാരം ആയിരുന്നു ഉപ്പാക്ക്.
"ചിദംബര സ്മരണകള്‍ "ക്ക് ശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്തുകൊണ്ടൊരു ഗദ്യം എഴുതുന്നില്ല എന്നൊരു ചോദ്യം പലരെയും പോലെ ഞാനും ചോദിക്കാറുണ്ട്. കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കറന്റ് ബൂകിസ്ന്റെ കോഴിക്കോട് ശാഖയില്‍ കയറി അവരോടു അന്യോഷിച്ചു ചുള്ളിക്കാടിന്റെ മറ്റേതേലും ഗദ്യം വന്നിട്ടുണ്ടോ എന്ന്. ഉത്തരം രസകരമായിരുന്നു. " ദേ നിക്കുന്നു നേരിട്ട് ചോദിച്ചോളൂ "എന്ന്. നോക്കുമ്പോള്‍ പുസ്തകങ്ങള്‍ പരത്തി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കുറെ നാളായി സ്വയം ചോദിക്കുന്ന ചോദ്യം നേരയങ്ങു ചോദിച്ച്. ഖന ഗംഭീര ശബ്ധത്തില്‍"ഇല്ല "എന്നൊരു മറുപടി മാത്രം. വരുമോ എന്ന് വീണ്ടും ചോദിക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. കാരണം സംസാരിക്കാന്‍ ഇത്തിരി പിശുക്ക് ഉള്ള പോലെ. എന്നാലും " തുറമുഖം " എന്നൊരു ബ്ലോഗ് കൂടി അദ്ദേഹം കൈകാര്യം ചെയ്യുന്ന സ്ഥിതിക്ക് സഹ ബ്ലോഗ്ഗര്‍ കൂടി ആണല്ലോ. അതുകൊണ്ട് വേറെയും എന്തൊക്കെയോ ചോദിച്ച്. പിന്നെ പുള്ളിയെ സ്വന്ത്രമാക്കി. ആശ്വാസം തോന്നിക്കാണണം. എന്നാലും ചിദംബര സ്മരണകള്‍ നല്‍കിയ വായനയുടെ അനുഭൂതി, കൂടെ ഒരു പാട് അനുഭവങ്ങളിലൂടെ സഞ്ചരിച്ച ഒരു വ്യക്തി എന്ന നിലയില്‍ വീണ്ടുമൊരു അനുഭവകുറിപ്പ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അത് കാത്തിരിക്കുന്നു സാഹിത്യ ലോകം.
ഇതെഴുതുമ്പോഴും സാഹിത്യലോകം സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയം "വായന മരിക്കുന്നോ "എന്നതാണ്. ഒരുത്തരം പറയാന്‍ ബുദ്ധിമുട്ടുന്നു. നേരത്തെ പറഞ്ഞ പോലെ പ്രവാസം അതിര്‍ വരമ്പിട്ട എന്റെ ലോകത്ത് ഈ പ്രിയപ്പെട്ട ഇഷ്ടത്തെ മാറ്റിവെച്ചിരിക്കുന്നു. സങ്കടത്തോടെ. പക്ഷെ ഓഫീസിലെ വിരസമായ ഇടവേളകളില്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞു വരുന്ന സൈബര്‍ അക്ഷരങ്ങളില്‍ ഒതുങ്ങുന്നു ഇപ്പോഴത്തെ വായന. ബ്ലോഗും മറ്റ് മിനിയേച്ചര്‍ ഓണ്‍ലൈന്‍ കുറിപ്പുകളും ചര്‍ച്ചകളും വായിച്ചു ചെറിയൊരു ബന്ധം സൂക്ഷിക്കുന്നു എന്ന് മാത്രം. പുസ്തകങ്ങളുടെ ,അച്ചടിച്ച അക്ഷരക്കൂട്ടുകളുടെ ആ ഗന്ധം , താളുകളില്‍ നിന്ന് താളുകളിലേക്ക് മറിയുമ്പോള്‍ ലഭിച്ചിരുന്ന ആ ആവേശം നഷ്ടമാകുന്നല്ലോ എന്ന ദുഃഖം വല്ലാതെ ആകുലപ്പെടുത്തുന്നു .
(" എഴുത്തും എഴുത്തുക്കാരും" എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. " ഈ ഭാഗം പ്രസിദ്ധീകരിച്ചത് "വാചികം " മാസികയില്‍ )
Friday, October 19, 2012
പൊടി തട്ടിയെടുത്ത ചിലത് (എഴുത്തും എഴുത്തുകാരും )
ആദ്യം വായിച്ചത് "എന്റെ കഥ" യാവും. പിന്നെ നീര്‍മാതളം പൂത്തക്കാലം .അതും കഴിഞ്ഞ് "നഷ്ടപ്പെട്ട നീലാംബരി". അവസാനത്തില്‍ "ജാനുവമ്മ പറഞ്ഞ കഥ"യും വണ്ടിക്കാളകളും. വായനയുടെ ആഘോഷം എന്ന് പറയേണ്ടി വരുമ്പോള്‍ മാധവിക്കുട്ടി എന്ന എഴുത്തുക്കാരി പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തിന് താഴെ ഇപ്പോഴും ഇരിക്കുന്ന പോലെ . പുസ്തകത്തിന്റെ തലക്കെട്ട് തന്നെ നമ്മെ വായനയിലേക്ക് ക്ഷണിക്കുന്ന ഒരു പ്രത്യേകത മാധവിക്കുട്ടിയുടെത് മാത്രമാണോ ? "നഷ്ടപ്പെട്ട നീലാംബരി" വീണ്ടും വീണ്ടും ഒരു ചെറുകഥ പോലെ ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന പേര്. കുറെ നാളിന് ശേഷം വണ്ടിക്കാളകളുമായി മാതൃഭൂമിയില്‍ വന്നപ്പോള്‍ നല്ല സന്തോഷം തോന്നി. പക്ഷെ തെറിവിളികള്‍ സഹിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു പെട്ടന്നു നിര്‍ത്തി ആ കഥാകാരി പേന അടച്ചപ്പോള്‍ ആരാണ് വിജയിച്ചത്..? ഇന്ന് വര്‍ഷത്തില്‍ നീര്‍മാതളം പൂക്കുമ്പോള്‍ പത്രങ്ങളില്‍ വീണ്ടും അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിറയും. പക്ഷെ നീര്‍മാതളത്തിന്റെ മണമടിക്കുമ്പോള്‍ പട്ടിന്റെ ഉലച്ചിലുമായി നാലപ്പാട് തറവാടിന്റെ ജനാലകള്‍ക്കരികിലേക്ക് ഓടിയെത്തുന്ന ആമിയോപ്പുവിന്റെ മുഖമാണ് നമ്മുടെ മനസ്സില്‍ തെളിയുന്നത് എങ്കില്‍ നീര്‍മാതളം പൂത്തക്കാലം എന്ന കൃതിയും അതിന്റെ ആവിഷ്ക്കാരവും ഉണ്ടാക്കിയ സ്വാധീനം ആണത്.
ചുണ്ടില്‍ തിരുകിയ ബീഡിയും മുണ്ടും അധികം സംസാരിക്കാത്ത പ്രകൃതവും ഉള്ള കൂടല്ലൂര്‍ക്കാരന്‍ ഇന്ന് മലയാള സാഹിത്യത്തിന്റെ കാരണവര്‍ അല്ലെ.ഇതേ രൂപത്തില്‍ തന്നെയാണ് എം ടിയെ ആദ്യമായി കാണുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് . ദൂരെ നിന്ന് ഒരത്ഭുതത്തോടെ നോക്കി നിന്നു . ഇരുട്ടിന്റെ ആത്മാവും നാലുക്കെട്ടും മഞ്ഞും എല്ലാം എഴുതി വിസ്മയിപ്പിച്ച ഈ സാഹിത്യ കുലപതിയുടെ "വാരാണസി " എന്ന നോവല്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ രണ്ടു അദ്ധ്യായത്തിനപ്പുറം വായന തുടരാന്‍ പറ്റാത്തത് തീര്‍ച്ചയായും എന്റെ ആസ്വാദനത്തിന്റെ പരിമിതികൊണ്ട് തന്നെയാവണം. ഇതിനപ്പുറം എം ടി യെ കുറിച്ചെഴുതാന്‍ ഞാനാര്..!
കോഴിക്കോട് പട്ടാളപ്പള്ളിയില്‍ നിന്നും അസര്‍ നിസ്കരിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ എതിരെ പള്ളിയിലേക്ക് കയറുന്ന കുറിയ മനുഷ്യന് കൈകൊടുത്ത് ഉപ്പ എന്നെ പരിചയപ്പെടുത്തി . ചെറിയ കുട്ടിയായ എന്റെ കൈ പിടിച്ച് വിശേഷങ്ങള്‍ ചോദിച്ച അദ്ദേഹം പിന്നെ എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരനായി . തൃക്കോട്ടൂര്‍ പെരുമയും ഒരു പടകാളി പെണ്ണിന്റെ ചരിതവും പന്താലയനിയിലേക്ക് ഒരു യാത്രയും തുടങ്ങി പുതിയൊരു ശൈലിയില്‍ വായനയുടെ വസന്തം തീര്‍ത്തു. പക്ഷെ അദ്ധേഹത്തെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം കടന്നു വരുന്ന രണ്ട് മുഖങ്ങളുണ്ട് . മാറാവ്യാധി ബാധിച്ച് ബര്‍മ്മയില്‍ നിന്നും മടങ്ങുമ്പോള്‍ പലരും പറഞ്ഞിട്ടും ആ കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കാതെ നാട്ടില്‍ കൊണ്ടുവന്ന സ്നേഹനിധിയായ ഉപ്പ. ഒരു കല്യാണത്തിന് കുട്ടികള്‍ മുഴുവന്‍ ബസ്സില്‍ കയറിയപ്പോള്‍ അമ്മമാര്‍ ഇല്ലാത്ത കുട്ടികളെയൊക്കെ ബസ്സില്‍ നിന്നും പിടിച്ചിറക്കി . വഴിയരികില്‍ നിന്ന് ഉമ്മയെ ഓര്‍ത്തു കരഞ്ഞ ഒരു കൊച്ചു കുട്ടി. ആ കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞ ഒരിക്കലും കാണാത്ത ഉമ്മയും ആ നഷ്ടത്തിന്റെ വേദനയും . യു എ ഖാദര്‍ എന്ന അനുഗ്രഹീത എഴുത്തുക്കാരനെ ഓര്‍ക്കുമ്പോള്‍ ഈ ഉമ്മയും ഉപ്പയും എന്റെ മനസ്സില്‍ വരാന്‍ കാരണം ഈ അനുഭവം അദ്ദേഹം എഴുതിയത് വായിച്ചപ്പോള്‍ ആ പുറങ്ങളില്‍ വീണ എന്റെ കണ്ണുനീരിന്റെ ഓര്‍മ്മ കൂടിയാണ് . പക്ഷെ ഒരിക്കല്‍ കൂടി അദ്ദേഹത്തെ കാണുമ്പോള്‍ ഞാന്‍ ചോദിക്കാന്‍ കരുതിവെച്ച ഒന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയ ഒരു ഭ്രാന്തന്‍ മൊല്ലാക്കയുടെ കഥ. ഭ്രാന്തിന്റെ മൂര്‍ദ്ധന്യത്തില്‍ പുഴക്കരയില്‍ വെച്ച് മൊല്ലാക്ക ചൊല്ലുന്ന വരികള്‍ ഉണ്ട്.
"ബാളോക്ക് ബപ്പന്‍ ബെയ്
ബാലിക്ക് പപ്പാന്‍ ബെയ്
ഖസോക് മൂപ്പര് ബെയ് "
മോല്ലാക്കയുടെ വായിലേക്ക് വെറുതെ തിരുകിയ വാക്കുകള്‍ ആയി തോന്നിയില്ല എനിക്കിത്. ഏതോ ഒരു ഫോള്‍ക്ക് പാട്ടിന്റെ വരികള്‍ പോലെ. അല്ലെങ്കില്‍ മറ്റെന്തോ ഒന്ന്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ വരികളും ചോദ്യവും എന്റെ പിറകെയുണ്ട്.
ടീവി സ്ക്രീനുകളില്‍ ക്രിക്കറ്റിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കുന്ന എഴുത്തുക്കാരന്‍ . "ക്രിക്കറ്റ്" എന്ന നോവല്‍ ആയിരിക്കാം ചാനലുകളില്‍ ഈ മുഖം തെളിയാന്‍ കാരണം. പക്ഷെ കെ . എല്‍ .മോഹനവര്‍മ്മയെന്ന ഈ ക്രിക്കറ്റ് പ്രേമിയുടെ ഒരേയൊരു നോവലെ ഞാന്‍ വായിച്ചിട്ടുള്ളൂ. "ഓഹരി " . പക്ഷെ അതുമതി ഈ പേര് ഓര്‍ക്കാന്‍ . മിനിയും നേഹയും മാത്യൂസും സക്കറിയാ അങ്കിളും ധന്വന്തരി ഹെര്‍ബല്‍ പ്രൊഡക്ട്റ്റ്സ് ലിമിറ്റഡും ഇന്നും എന്റെ പ്രിയപ്പെട്ടവര്‍ തന്നെ. ഷെയര്‍ മാര്‍ക്കറ്റിലെ കുതിപ്പും കിതപ്പും കളികളും പരിചയപെടുത്തി അത്യുജ്ജ്വലമായ ഒരു വായനാനുഭവം ആയിരുന്നു മാതൃഭൂമി ആഴ്ചപതിപ്പിന്റെ താളുകളെ സജീവമാക്കിയിരുന്ന ഈ നോവല്‍ . ഒരിക്കല്‍ കൂടി "ഓഹരി" പുനര്‍വായനക്ക് എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അഞ്ച് ബി യുടെ മൂലയില്‍ ഒരു മേശക്കു പിറകില്‍ ഇരിക്കുന്ന കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ . പിറകിലെ ജനലില്‍ കൂടി നോക്കിയാല്‍ സ്കൂളിനു പിറകിലെ നിറയെ കായ്ക്കുന്ന പഞ്ചാരമാവ് കാണാം. പിന്നെ വയലും. മാഷിനായിരുന്നു സ്കൂള്‍ ലൈബ്രറിയുടെ ചാര്‍ജ്ജ്. ആദ്യമായി ഒരു ബുക്ക് മേടിക്കാന്‍ ചെന്നപ്പോള്‍ പരുക്കന്‍ ശബ്ധത്തില്‍ എന്തെ എന്നൊരു ചോദ്യം. ബുക്ക് വേണം എന്ന് പറഞ്ഞപ്പോള്‍ ഒന്നമര്‍ത്തി മൂളി അലമാര തുറന്നു കട്ടിയുള്ളൊരു ബുക്ക് എടുത്തു കയ്യില്‍ തന്നു. ഞാന്‍ പേര് വായിച്ചു . "പാവങ്ങള്‍ " വിക്ടര്‍ ഹ്യൂഗോ. പരിഭാഷ നാലപ്പാട് നാരായണമേനോന്‍ . ബുക്കിന്റെ കട്ടി കണ്ട് എനിക്ക് സങ്കടം ആയി. പരിതാപത്തോടെ നോക്കിയപ്പോള്‍ മാഷ് പറഞ്ഞു."കൊണ്ടുപ്പോയി വായിക്കു. വെറുതെയാവില്ല. ഇന്നലെ മാതൃഭൂമി ബുക്സിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ കണ്ടു ലെസ് മിസറബിള്‍സിന് നൂറ്റമ്പത് വയസ്സ് എന്ന്. എന്റെ വായനക്കും പ്രായം ഒത്തിരി ആയി. വായനാ അഭിരുചികളും മറ്റും മാറി. ചെറുവാടി യൂ പി സ്കൂളിന്റെ ലൈബ്രറിയില്‍ നിന്നും മാഷ് ബുക്ക് എടുത്തു തന്നതും ഒറ്റയിരുപ്പിനു അത് വായിച്ചു തീര്‍ത്തതും ഓര്‍മ്മയുണ്ട്. ഇപ്പോള്‍ വീണ്ടും അത് വായനക്കെടുക്കാന്‍ തോന്നുന്നതിന്റെ കാരണം രണ്ടാണ്. ഒന്ന്‍ മാറിയ കാലത്ത് അത് ഞാനെങ്ങിനെ വായിക്കുന്നു എന്ന്. രണ്ടു അകാലത്തില്‍ പൊലിഞ്ഞു പോയ എന്റെ കുഞ്ഞഹമ്മദ് കുട്ടിമാസ്റ്ററുടെ ഓര്‍മ്മയും ആ പഴയ അഞ്ച് ബിയും അതിന്റെ മൂലയിലെ അലമാരയും പിന്നെ ജനലിലൂടെ കാണുന്ന മാവും വയലും വീണ്ടും എന്റെ ഓര്‍മ്മകളില്‍ നിറയില്ലേ ..!
ബഹ്റൈനിലെ സല്‍മാനിയ പള്ളിയില്‍ നിന്നും ജുമാ നിസ്കരിച്ചു കഴിഞ്ഞപ്പോള്‍ മുന്നിലൂടെ നടന്നു പോയ ആളെ ഞാന്‍ സൂക്ഷിച്ചു നോക്കി. കറുത്ത് തടിച്ച ഈ മനുഷ്യനെ എവിടെയാണ് കണ്ടുമറന്നത് ...? പെട്ടന്നു ഉണ്ടായ ബോധോദയം പോലെ എണീറ്റ് പിറകെ ഓടി. മരുഭൂമികള്‍ക്കുള്ളില്‍ ഓടി നടന്ന് ഒരു മസറയില്‍ നിന്നും ആ മുഖത്തെ തിരഞ്ഞു പിടിച്ചു. നടന്നു നീങ്ങുന്ന ആ മുഖം നജീബിന്റെതായിരുന്നു . ബെന്യാമിന്റെ ആട് ജീവിതത്തിലെ നായകന്‍ . എനിക്കൊന്നു ചെന്ന് കൈ പിടിക്കണം എന്നുണ്ടായിരുന്നു. ബെന്യാമിന് കഥ പറയാനും ലോകത്തിനു അത്ഭുതമായി ഒരു വായനക്കും കാരണമായി നിന്നതിനല്ല . പകരം കുറെ അനുഭവങ്ങളും കഷ്ടപ്പാടും സഹിച്ച് കുടുംബത്തിലേക്ക് തിരിച്ച് വന്ന സഹനത്തിനും പോരാട്ടത്തിനും ധീരതക്കും . പക്ഷെ ആടുജീവിതം എന്ന സുന്ദരമായ രചന വായിച്ചു മടക്കി വെക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് നജീബ് അല്ല. മരുഭൂമിയുടെ നടുവില്‍ വെള്ളം കിട്ടാതെ വിഭ്രാന്തിയുടെ അങ്ങേയറ്റം വരെ എത്തി മണല്‍ വാരി തിന്ന് അവസാനം ഒരു മരുക്കാറ്റില്‍ അണഞ്ഞുപോയ ഹക്കീം എന്ന ചെറുപ്പക്കാരനാണ് . നജീബിനെക്കാളും എന്റെ കണ്ണ് നനയിച്ചത് അവന്റെ അവസാനം ആണ്. അവനെ എല്പ്പിച്ചുപ്പോയ ആ ഉമ്മയുടെ ആധിയും കണ്ണീരുമാണ്. പ്രിയപ്പെട്ട ബെന്യാമിന്‍ ," താങ്കളുടെ മഞ്ഞവെയില്‍ മരണങ്ങളുടെ " പ്രകാശന വേളയില്‍ ബഹ്റൈനിലെ ഓഡിറ്റോറിയത്തില്‍ വെച്ച് ആട്ജീവിതം എഴുതിയ കൈകള്‍ പിടിച്ചു കുലുക്കിയ നിമിഷം സന്തോഷതിന്റെതായിരുന്നു . കൂടെ എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരനും സുഹൃത്തും ആയ മുസഫര്‍ അഹമ്മദിനെ ആദ്യമായി കണ്ടതും അതെ വേദിയില്‍ ആയിരുന്നു എന്നത് മറ്റൊരു സന്തോഷം. കൂടെ സന്തോഷ് എച്ചിക്കാനവും .
"ചെറുവാടിക്ക് ഒരു ചായ " അകത്തേക്ക് നീട്ടി ഒരു വിളി . വിശ്വവിഖ്യാതമായ സുലൈമാനി കിട്ടാത്തതില്‍ ഞാന്‍ ഖിന്നനായി. " പേപ്പറും പേനയും എടുത്ത് കുറിക്കാന്‍ തയ്യാറായി .
" നില്‍ക്ക് . ഞാന്‍ പറയുന്നതൊന്നും എഴുതാനുള്ളതല്ല . അതിനുള്ളത് ഞാന്‍ പറയുമ്പോള്‍ എഴുതിയാല്‍ മതി " സുല്‍ത്താന്‍ ആജ്ഞാപ്പിച്ചു "
ഇത് എനിക്കോര്‍മ്മയില്ല . "മുസ്ലീം പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍ " എന്ന കൃതിക് വേണ്ടി വൈക്കം മുഹമ്മദ് ബഷീറിനെ ഉപ്പ അഭിമുഖം ചെയ്തപ്പോള്‍ ഉള്ള സംഭാഷണം ആണ് ഇത്. ആ പുസ്തകത്തിലെ വരികള്‍ ഓര്‍മ്മിച്ചു ഞാന്‍ ഇവിടെ എഴുതി. പക്ഷെ മാങ്കോസ്റ്റിന്‍ ചുവട്ടിലെ സിംഹാസനത്തില്‍ ഇരുന്ന് അക്ഷരങ്ങളുടെ സുല്‍ത്താന്‍ ഉപ്പയോട് സംസാരിക്കുമ്പോള്‍ ഇതാര് എന്ത് എന്നൊന്നും അറിയാതെ ഞാനുമുണ്ടായിരുന്നു കൂടെ. പിന്നെയും കാലങ്ങള്‍ കഴിഞ്ഞു . ബാല്യകാല സഖിയും മതിലുകളും പ്രേമലേഖനവും തുടങ്ങി ഓരോന്നോരോന്നും മത്സരിച്ചു വായിക്കുമ്പോള്‍ എന്റെ മനസ്സ് വയലാലിലെ വളപ്പിലൂടെ മാങ്കോസ്റ്റിന്‍ ചുവട്ടിലെത്തും കുപ്പായമിടാതെ ഇരുന്നിരുന്ന ആ സുല്‍ത്താന്റെ ഓര്‍മ്മകളില്‍ മതി മറക്കും. അന്ന് ആരെന്നറിയാത്ത ആ മുഖം പില്‍ക്കാലത്ത് വായനയെ വസന്തമാക്കിയപ്പോള്‍ ഞാന്‍ അല്പം അഹങ്കരിക്കും. ആ സുല്‍ത്താന്റെ ദര്‍ബാറില്‍ ഞാനും ചെന്നിട്ടുണ്ടല്ലോ . അക്ഷരങ്ങളുടെ സുകൃതം പെയ്യിച്ച കൈകള്‍ കൊണ്ട് എന്നെയും തോട്ടിട്ടുണ്ടല്ലോ എന്ന്.
ഒരു വിവാദം എത്തിച്ചതാണ് മറ്റൊരു സുന്ദരമായ കൃതിയിലേക്ക് . അവതാരിക എഴുതിയ ആള് തന്നെ മോഷണം എന്ന് പറഞ്ഞു അതിനെ തള്ളിപ്പറയുക . വി, രാജകൃഷ്ണന്‍ പിന്നെയത് മാറ്റിയോ എന്നൊരു സംശയം ഉണ്ട്. പക്ഷെ ആ വിവാദം ആണ് " പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീര്‍ത്തനം പോലെ " യിലേക്ക് എത്തിച്ചത്.. പലയാവര്‍ത്തി വായിച്ച നോവലുകളില്‍ ഏറ്റവും പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നതും ഇത് തന്നെ. മലയാള നോവലിലെ ഒരു ഏകാന്ത വിസ്മയം എന്ന് മലയാറ്റൂർ രാമകൃഷ്ണൻ വിശേഷിപ്പിച്ച ഈ കൃതി ഓരോ മലയാളിയുടെയും വായനയെ ഉത്സവമാക്കിയ ഒന്നാണ് എന്നതില്‍ രണ്ടഭിപ്രായം കാണില്ല . ദസ്തയേവ്‌സ്കിയുടേയും അന്നയുടെയും കഥ. പലപ്പോഴും വൃഥാ സ്വപ്നം കാണാറുണ്ട് മോസ്കോ തെരുവുകളില്‍ കൂടി എന്നെങ്കിലും ഒരു യാത്ര . ദസ്തയേവ്‌സ്കിയേയും അന്നയെയും തേടി അദ്ദേഹം ചൂതുകളിച്ച സ്ഥലങ്ങള്‍ തേടി , അവരുടെ പ്രണയം വിരിഞ്ഞ റഷ്യയിലെ വസന്തം തേടി. ഓരോ തവണ വായിക്കുമ്പോഴും സൌന്ദര്യം കൂടിവരുന്ന രചന.
ഓരോ കഥകള്‍ അല്ലെങ്കില്‍ നോവലുകള്‍ വായിച്ചു കഴിയുമ്പോഴും കഥാകാരന്‍ ബാക്കി വെക്കുന്ന കുറെ ചോധ്യങ്ങളുണ്ട്. കിട്ടുന്ന കുറെ ഉത്തരങ്ങളുണ്ട്. കാലങ്ങളോളം നമ്മെ പിന്തുടരുന്ന കഥാ മുഹൂര്‍ത്തങ്ങളുണ്ട് . കഥാ പാത്രങ്ങളുണ്ട്.. .., മറ്റുചിലപ്പോള്‍ നമ്മള്‍ തന്നെ അതിലൊരു കഥാപാത്രമാവും.പറഞ്ഞത് നമ്മുടെ കഥയെന്നു തോന്നും. നോവായും നൊമ്പരമായും സുഹൃത്തായും സ്വാധീനമായും മാറുന്ന കഥകളും കഥാപാത്രങ്ങളും. പരിമിതമായ എന്റെ വായനാ ആസ്വാദന ലോകത്ത് പുതിയ കഥകള്‍ ഇപ്പോള്‍ കടന്നു വരാറില്ല. പക്ഷെ സമയത്തെ ഞാന്‍ പഴിക്കുന്നില്ല.
(ഒരു ഭാഗം കൂടി വരും )
Saturday, October 6, 2012
നീലഗിരിയെ മയക്കിയ ഈണങ്ങള്‍
അലക്ഷ്യമായി പുറപ്പെടുന്ന ഏത് യാത്രകളും ചെന്നവസാനിക്കുന്നത് ഊട്ടിയിലാകും. ഔഷധം മണക്കുന്ന യാത്രകള്‍ എന്നാണ് ഞങ്ങള്‍ പറയാറ്. തൊലിയുരിഞ്ഞ് നില്‍ക്കുന്ന യൂക്കാലിപ്സ് മരങ്ങളില്‍ നിന്നും വരുന്ന നാസരന്ദ്രങ്ങളെ തുളച്ചു കയറുന്ന ഔഷധ മണം. പിന്നെ ഒരുപാട് നിഗൂഡതകള്‍ ഒളിപ്പിച്ച് വെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന വനങ്ങള്‍. . ഇത് രണ്ടും മതി ഒരു യാത്ര സമ്പന്നമാവാന്‍. . പക്ഷെ ഊട്ടി എന്ന പ്രകൃതിയുടെ ഉദ്യാനം ആ പഴയ സന്തോഷം ഇപ്പോള്‍ നല്‍കുന്നില്ല എന്നത് സത്യമല്ലേ..?
എവിടെയോ നഷ്ടപ്പെട്ടുപ്പോയ പ്രതാപത്തിന്‍റെ ചിതല്‍ തിന്ന ബാക്കി എന്ന് എഴുതേണ്ടി വരുമ്പോള്‍ അല്‍പം വിഷമമുണ്ട്. നേരവും കാലവും നോക്കാതെ ഇവിടേക്കുള്ള യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അകാല വാര്‍ദ്ധക്യം പിടിച്ച പോലെ നില്‍ക്കുന്ന ഊട്ടിയുടെ ഈ പുതിയ മുഖം ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്നു. എന്നിരുന്നാലും തറവാട്ടിലേക്കുള്ള തിരിച്ച് പോക്ക് പോലെ അറിയാതെ ഞങ്ങളെത്തിപ്പെടും ഈ നീലഗിരിയുടെ മടിത്തട്ടിലേക്ക്.
"പാല്‍വെ സുഖവാസം " റിസോര്‍ട്ട് മനോഹരമാണ്. ഊട്ടിയെ മുഴുവന്‍ ഒപ്പിയെടുക്കാന്‍ പറ്റുന്ന കുന്നിനുമുകളില്‍ തേയിലക്കാടുകള്‍ക്കിടയില്‍ നല്ലൊരു താമസം. കുടുംബവുമായി വന്നെത്തിയപ്പോള്‍ ജെയിംസ് കാത്തിരിക്കുന്നു. തലശ്ശേരിക്കാരനായ ജെയിംസ് രണ്ട് വര്‍ഷമായി ഇവിടെ മാനേജറാണ്. അറിയുന്നത് കൊണ്ട് തേയില തോട്ടങ്ങളിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുള്ള മുറി തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. ഇന്ന് രാത്രി നിങ്ങള്‍ക്കായി ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നു എന്ന സസ്പെന്‍സ് വെച്ചിട്ട് ജെയിംസ് പോയി.
ഭക്ഷണത്തിന് ശേഷം എല്ലാവരെയും പുറത്തേക്ക് വിളിച്ചു. റിസോര്‍ട്ടിന്‍റെ മുന്നിലെ ചെറിയ തോട്ടത്തില്‍ എല്ലാ താമസക്കാരും നിറഞ്ഞിട്ടുണ്ട്.. ജെയിംസ് ഞങ്ങളെ കണ്ടപ്പോള്‍ വിളിച്ച് മുന്നില്‍ തന്നെയിരുത്തി. തൊട്ടപ്പുറത്ത് കുറെ വിദേശികളും ഇരിക്കുന്നുണ്ട്. നിലത്തു വിരിച്ച കോസടിയില്‍ അവര്‍ ഇരിക്കാന്‍ പാടുപെടുന്നപ്പോലെ. താല്‍ക്കാലികമായി ഒരു സ്റ്റേജും ഒരുക്കിയിട്ടുണ്ട്. വാദ്യോപകരണങ്ങളും. ഒരു ഗാനമേളയാവും . സ്വല്‍പം നിരാശ തോന്നി തുടങ്ങിയപ്പോള്‍ ശര്‍വാണിയും ചുവന്ന വലിയ തലയില്‍ കെട്ടുമായി കടന്ന് വന്ന ചെറുപ്പക്കാരന്‍ ഒരു പ്രതീക്ഷ നല്‍കി. പിന്നെ പതുക്കെ ആ ഗായകന്‍ കൊണ്ടുപോയത് ഗസലിന്‍റെ ലോകത്തേക്ക്.
ജഗ്ജിത് സിംഗിന്‍റെയോ ഗുലാം അലിയുടെയോ ഒന്നില്‍ നിന്നും ഒരു തുടക്കം പ്രതീക്ഷിച്ച എനിക്ക് ഖവ്വാലിയുടെ സുല്‍ത്താന്‍ നുസ്റത്ത് ഫതഹ് അലി ഖാന്‍റെ ഒരു ഖവ്വാലിയില്‍ നിന്നുള്ള തുടക്കം ഏറെ ആവേശം നല്‍കി. വീണ്ടും സുല്‍ത്താന്‍റെ മറ്റൊരു പഞ്ചാബി ഗസലിലേക്ക്.
സുന്‍ ചര്‍ഖെ മിത്തി മിത്തി കൂക്
മാഹിയ മെയ്നു യാദ് ആവ്ദാ മേരി ദില്‍
മേരി ദില്‍ വിച്ചു ഉട്ത്തി യീ ഊക്
മാഹിയ മെയ്നു യാദ് ആവ്ദാ
മേരി ഇദ് വാല ചന്‍ കദോ ചടെഗാ
സൂഫി സംഗീതത്തിന്‍റെ സുല്‍ത്താന്‍റെ ഗാനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഈ യുവഗായകന്‍ പാടിതകര്‍ക്കുന്നു. കുറച്ച് നേരത്തേക്കെങ്കിലും എന്‍റെ മനസ്സ് പിടിവിട്ട് ലാഹോറിലെ തെരുവുകളില്‍ എത്തിപ്പെട്ടു. ഒരു ഖവാലിയുടെ ഈണവുമായി കുര്‍ത്തയും പൈജാമയും ധരിച്ച ഞാന്‍ ആ തെരുവുകളില്‍ അലയുന്നത് എന്തിനാവും..? ഒരു വീടിന്‍റെ ജനല്‍ തുറന്ന് ഈറന്‍ കണ്ണുകളുമായി എന്നെ നോക്കിയേക്കാവുന്ന ഒരു മുഖത്തെ ഞാനവിടെ പ്രതീക്ഷിക്കുന്നുണ്ട്. ഖവ്വാലിയുടെ രണ്ട് വരികള്‍ അവിടെ ഒരു ക്ഷമാപ്പണം ആയി ഇട്ട് ഞാന്‍ തിരിച്ച് നടന്നു. ഗായകന്‍ അപ്പോള്‍ പാടുന്ന രാഗത്തിന് ഒരു ശോകഭാവം അറിയാതെ വന്നതാണോ...?
ചില പാട്ടുകള്‍ അങ്ങിനെയാണ്. ഗസലുകള്‍ നമ്മെ വഴിനടത്തുക ഉത്തരേന്ത്യന്‍ തെരുവുകളിലൂടെയാവും. കണ്ടതും കാണാത്തതും ആയ സ്ഥലങ്ങളില്‍. .. ആഗ്രയും ജയ്പൂര്‍ പാലസും മുഗള്‍ കൊട്ടാരങ്ങളും അവിടത്തെ അന്തപ്പുരങ്ങളും എല്ലാം മാറി മാറി വരും. ഔറം ഗസീബിന്‍റെ കാലമൊഴിച്ചാല്‍ സൂഫി സംഗീതത്തിന് നല്ല വേരോട്ടം ഉണ്ടായിരുന്നു മുഗള്‍ കാലത്ത്. അധികം വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ഒരു പഴയക്കാല ഉത്തരേന്ത്യന്‍ ഗ്രാമവും അതിലൂടെ സ്വപ്നത്തിലെന്ന പോലെ അലയുന്ന എന്നിലേക്കുമാണ് ഓരോ ഗസലുകള്‍ കേള്‍ക്കുമ്പോഴും ഞാനെത്തിപ്പെടാറുള്ളത് . ഗായകന്‍ നല്ല ഫോമിലെത്തിയിരിക്കുന്നു. വിദേശികള്‍ വരെ ലയിച്ചുപോയ സ്വരമാധുരി. ആസ്വാദനത്തിന് ഭാഷ പോലും തടസ്സം നില്‍ക്കാത്ത ഒന്നല്ലേ സംഗീതം. ഞങ്ങള്‍ വീണ്ടും അതില്‍ ലയിക്കുന്നു. ചുറ്റും ഒരുക്കിയ നെരിപ്പോടില്‍ നിന്നും വരുന്ന ചൂട് ഈ തണുപ്പില്‍ നല്ല ആശ്വാസം നല്‍കുന്നു.
യേ പാഗല്‍ ദില്‍ മേരാ ഭുജ് ഗയാ അവാര്ഗി
ഇസ് ദഷ്‌ത് മേ ഏക് ഷഹര്‍ ഥാ വോ ക്യാ ഹുവാ അവാര്ഗി
പാടുന്നത് ഗുലാം അലി തന്നെയാണോ..? അത്രക്കും മനോഹരം. ഗാനവീചികള്‍ മുറ്റത്തിന് ചുറ്റും വട്ടം കറങ്ങി ഊട്ടിയിലെ നിലാവിലേക്ക് ലയിച്ച് ചേര്‍ന്നു. തിരിഞ്ഞു നോക്കുമ്പോള്‍ കുന്നിന് മേലെ ദേവദാരു മരങ്ങള്‍ പോലും താളം പിടിച്ചിരിക്കുന്നു. നിയോണ്‍ വെളിച്ചത്തില്‍ അവയെ കാണാന്‍ വെള്ള സാല്‍വാറിട്ട സുന്ദരികളെ തോന്നിപ്പിച്ചു. തേയില ചെടികള്‍ പോലും സംഗീതത്തില്‍ ലയിച്ച് മയങ്ങി നില്‍ക്കുന്ന പോലെ. മകരമഞ്ഞിന്‍റെ തണുപ്പും ഗസല്‍ ഈണങ്ങളും നിലാവും ചേര്‍ന്ന സ്വപ്നസുന്ദരമായ രാവ്. രാവേറെ ആയിട്ടും ഈണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു ചേരുന്നു. പ്രിയപ്പെട്ട ഗായകരുടെ ശബ്ദങ്ങള്‍ പുനര്‍ജനിക്കുന്നു. നെരിപ്പോടിലെ ചൂടും അതിന് മേലെ കമ്പിളിയുടെ ഊഷ്മളതയും . അതേ ..ഈ രാവ് മറക്കാനുള്ളതല്ല.
പലപ്പോഴും ആഗ്രഹിക്കുന്ന ഒരു ഇഷ്ടം എന്തെന്നോ..? ആരും കൂട്ടിനിലലാത്ത ഒരു രാവ്. ഒരു മെഴുകുതിരിയുടെ വെട്ടത്തില്‍ ഒതുങ്ങുന്നൊരു ലോകം. കൂട്ടിന് പതിയെ പതിയെ മനസ്സിലേക്ക് അലിയുന്ന ഗസലുകള്‍. പിന്നെ ഓരോ പ്രിയപ്പെട്ട പാട്ടിനൊപ്പവും ചേര്‍ത്തുവെച്ച ഓര്‍മ്മകള്‍. അതൊരു പേരറിയാ സ്ഥലത്തേക്കുള്ള പുലര്‍ക്കാല യാത്രയാവാം. അല്ലെങ്കില്‍ ഒരു പ്രണയത്തിന്‍റെ . സംഗീതത്തിന്‍റെ ലഹരിയില്‍ നിദ്ര കണ്ണുകളില്‍ നൃത്തം വെക്കും. പതിയെ ഉറക്കത്തിലേക്കും പിന്നെയൊരു സ്വപ്നത്തിലേക്കും. സ്വപ്നത്തിന്‍റെ ദേവത വന്നു ഈ രാത്രിയില്‍ നിന്നെ എവിടെ കൊണ്ടുപോകണം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും രണ്ട് വര്‍ഷങ്ങള്‍ മുമ്പേയുള്ള ആ നീലഗിരിയെ മയക്കിയ ഗസല്‍ രാവിലേക്ക് എന്ന്.
Friday, September 21, 2012
ഷഹാനിയയിലെ നിലാവ്
വെള്ളിയാഴ്ചകളില്‍ നിന്നും മറ്റൊരു വെള്ളിയാഴ്ച്ചകളിലെക്കുള്ള ദൂരം വളരെ കുറയുന്നു. ഇന്നലെ തന്നെയല്ലേ ജുമാ കഴിഞ്ഞ് ഒരു ബിരിയാണിയും കഴിച്ച് ഇങ്ങിനെ കിടന്നത്. ഒരുതരം യാന്ത്രികമായ ഒഴുക്ക്. പുതിയ സാഹചര്യവുമായി ഇണങ്ങിചേരാന്‍
മനസ്സ് ഇത് വേറെ തയ്യാറായിട്ടില്ലല്ലോ . ഇനിയും ഇങ്ങിനെ കിടന്നാല്‍ ചിന്തകള്‍ കാടുകയറി വട്ടു പിടിക്കും. ഇറങ്ങി നടന്നു. ഫ്ലാറ്റിന്‍റെ മുന്നിലെ ചെറിയ മൈതാനത്ത് എത്ര പ്രാവിന്‍ കൂട്ടങ്ങളാണ്. വെളുത്തതും തവിട്ടു നിറത്തിലും കുറെയെണ്ണം. അവര്‍ തമ്മില്‍ തൊലിനിറത്തിന്‍റെ പേരില്‍ വഴക്കൊന്നും ഇല്ല. എല്ലാരും നല്ല സന്തോഷത്തില്‍ ആണ്. തൊട്ടപ്പുറത്തെ സൂക്കിലെ ഒരു കാവല്‍കാരന്‍ ആണ് ഇവരുടെ അന്നദാതാവ്. പ്ലാസ്റ്റിക്ക് കവറില്‍ നിന്നും വാരി അയാള്‍ എറിഞ്ഞു കൊടുക്കുന്ന ഗോതമ്പ് മണികള്‍ അവ കൊത്തിപെറുക്കുന്നത് കാണാന്‍ നല്ല കൌതുകമാണ്. . .. പിന്നെ എല്ലാവരും കൂടി ഒന്നിച്ചു പറന്നുയരും. അതിരുകളില്ലാത്ത അവരുടെ ആകാശത്ത് ചുറ്റിനടക്കും. വാനവും ഭൂമിയും അവര്‍ക്ക് സ്വന്തമാണല്ലോ. ബംഗാളിയായ കാവല്‍ക്കാരന്‍ അസീസിന്‍റെ കയ്യില്‍ നിന്നും ഗോതമ്പ് മണികള്‍ വാങ്ങി ഞാനും വീശിയെറിഞ്ഞു മൈതാനത്തേക്ക്.. പതുക്കെ പറന്നിറങ്ങി കുണുങ്ങി കുണുങ്ങി നടന്നു വന്ന് അവ കൊത്തി പെറുക്കുന്നതും നോക്കി ഞാനിരുന്നു. സുന്ദരികളും സുന്ദരന്മാരും.
കര്‍ട്ടന്‍ നീക്കിയാല്‍ പബ്ലിക് ബസ് സ്റ്റേഷന്‍ കാണാം താഴെ. തിരക്കിയും തിരക്കില്ലാതെയും പായുന്ന മനുഷ്യര്‍. വിത്യസ്തമായ മുഖഭാവം. ഓരോലക്ഷ്യത്തിലേക്ക് നീങ്ങുന്നവര്‍. , പക്ഷെ ആത്യന്തികമായി ജീവിതം എന്ന ലക്ഷ്യം തന്നെ. ഒരു ചെറിയ ലോകം തന്നെയാണ് ഇവിടെ. എനിക്ക് നോക്കിയാല്‍ കുറെ രാജ്യക്കാരെ കാണാം. ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും അഫ്രിക്കക്കാരും എല്ലാമുണ്ട്. രൂപത്തില്‍ അവരെല്ലാം വിത്യസ്തമാണ്. പക്ഷെ മുഖത്തെ വികാരങ്ങള്‍ക്ക് അതില്ല താനും. ഒരു ബസ് വന്ന് നില്‍ക്കുമ്പോള്‍ ഞാനാദ്യം എന്ന് കരുതി ഓടുന്നവര്‍.., ചിലര്‍ വഴിമാറി കൊടുക്കുന്നു, ജയിക്കുന്നവര്‍, തോല്‍ക്കുന്നവര്‍, തോറ്റു കൊടുക്കുന്നവര്‍ . ഒരു സീറ്റിനു വേണ്ടിയുള്ള ഓട്ടം കാണിക്കുന്നത് ജീവിത ദര്‍ശനത്തെ തന്നെ. പള്ളി മിനാരത്തിന്‍റെ മുകളില്‍ വന്ന് നില്‍ക്കുന്നു സൂര്യന്‍. .. ഒരു പകല്‍ കൂടി അസ്തമിക്കുകയാണ്.
അറബ് നാട്ടിലെ എല്ലാ കടലോരത്തിനും ഒരേ സ്വഭാവമാണ്. ഇവിടെ വീശുന്ന കാറ്റിന് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു തരം മാന്ത്രികതയുണ്ട്. ദുബായ് അബ്രയിലും , ഷാര്‍ജ കോര്‍ണിഷിലും ബഹ്റൈനിലെ സെല്ലാക്കിലും ഒക്കെ അനുഭവിച്ച അതേ സുഖം. ഇന്നിപ്പോള്‍ ഇവിടെ ദോഹ കോര്‍ണിഷിലും. ചെറുതായി ഇളകുന്ന തിരകള്‍ക്കൊപ്പം അലിഞ്ഞു പോകുന്നത് കുഞ്ഞു കുഞ്ഞു വിഷമങ്ങള്‍ ആണ്. ഗൃഹാതുരത്വത്തെ ഏറ്റവും നന്നായി ഓര്‍ക്കാനും അത് അതേ പോലെ ഉരുക്കിക്കളയാനും ഇതിനേക്കാള്‍ നല്ല സ്ഥലമില്ല. വര്‍ണ്ണ വെളിച്ചം വിതറി കുറെ ജലനൗകകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
"അര മണിക്കൂറിന് മുപ്പത് റിയാല്‍. ... വാ ഒന്ന് കറങ്ങി വരാം ". കൂടെയുള്ളവര്‍ പോയി ഒരു ബോട്ടും ഏര്‍പ്പാടാക്കി വന്നു. കാതടപ്പിക്കുന്ന ഇംഗ്ലിഷ് സംഗീതം. ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒരു അടിപൊളി ഹിന്ദി പാട്ടിലേക്ക് മാറി. ഒരു പക്ഷെ അവനു കിട്ടുന്ന കസ്റ്റമേഴ്സ് ഇതൊക്കെയാവും ഇഷ്ടപ്പെടുക."പക്ഷെ എന്‍റെ ബംഗാളി സ്രാങ്കെ,ഞാനിരിക്കുന്നത് നിന്‍റെയീ ലോകത്തൊന്നും അല്ല ട്ടോ. എണ്ണയിട്ടു മിനുക്കിയ നല്ല നാടന്‍ തോണിയില്‍ ആണ്. അതൊഴുകുന്നത് ഈ കടലിലൂടെയല്ല..ഞങ്ങളുടെ ചാലിയാറിലൂടെയാണ്. കേള്‍ക്കുന്നത് നിന്‍റെയീ പേടിപ്പെടുത്തുന്ന ഫ്യൂഷന്‍ സംഗീതമല്ല, ഹൃദയത്തില്‍ ലഹരി പടര്‍ത്തുന്നൊരു മാപ്പിളപ്പാട്ടിന്‍റെ ഈണമാണ്. ഈ രണ്ടുക്കരയിലും കാണുന്നത് വന്‍ കെട്ടിടങ്ങള്‍ ആണ്. പക്ഷെ എന്‍റെ മനസ്സില്‍ അതെല്ലാം തെങ്ങും പ്ലാവും ഗുല്‍മോഹറും തുടങ്ങി കുറെ മരങ്ങളാണ്. അവിടത്തെ നിലാവിന് പകരം വെക്കാനാവുമോ ഈ കൃത്രിമ വെളിച്ചത്തിന്. ഇല്ല. എന്നാലും സുഹൃത്തേ.. ഈ യാത്ര തന്നെയാണ് എന്നെ ആ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയത്. അതിനെന്‍റെ നന്ദി അറിയിക്കുന്നു .
രാത്രി ഷഹാനിയയില്‍ എത്തി. ക്യാമല്‍ റേസ് നടക്കുന്ന സ്ഥലം. നാട്ടുക്കാരന്‍ കേസി ഈ ലോകത്തെ പരിചയപ്പെടുത്തി. ഒരു റേസിനുള്ള ഒരുക്കം മുതല്‍ ഒട്ടകങ്ങളുടെ പരിപാലനം വരെ. മില്ല്യന്‍ ഡോളറിന്‍റെ കളികള്‍. . . ഒരു റൂമില്‍ കുറെ സുഡാനികള്‍ ഇരുന്ന് കുബൂസും ഇറച്ചിക്കറിയും കഴിക്കുന്നു.റേസിനു വേണ്ടി ഒട്ടകങ്ങളെ പരിശീലിപ്പിക്കുന്നവര്‍ ആണിവര്‍. ഞാന്‍ പേര് ചോദിച്ചു. പാത്രത്തില്‍ നിന്നും കണ്ണെടുക്കാതെ അവര്‍ പേരുകള്‍ പറഞ്ഞു. ഓര്‍ക്കണം എന്ന് തോന്നിയില്ല എനിക്ക്. മറവിയാണ് ചിലപ്പോള്‍ നല്ലത്. എല്ലാം നിര്‍വികാരമായ മുഖങ്ങള്‍. . മാന്യമായ വേതനം ഇവര്‍ക്ക് കിട്ടുന്നു എന്ന് മനസ്സിലായി. സന്തോഷിക്കുന്ന ഒരു കുടുംബം ഉണ്ടല്ലോ എന്ന ചിന്തയെങ്കിലും വര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടാവനം. മുമ്പ് കുട്ടികള്‍ ആയിരുന്നു ഒട്ടകത്തിന്‍റെ ജോക്കി ആയി ഉണ്ടായിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം റോബോട്ടുകള്‍ ആ സ്ഥാനം ഏറ്റെടുത്തു. കൂനിമേല്‍ അതും വെച്ച് നടന്ന് നീങ്ങുന്ന കുറെ ഒട്ടകങ്ങളെ കണ്ടു. പുറത്ത് കൂട്ടില്‍ കുറെ ഒട്ടകങ്ങള്‍ ഉണ്ട്. സാധാരണ അവിടേക്ക് പുറത്തുള്ളവരെ കടത്തി വിടില്ല. കാരണം റേസില്‍ പങ്കെടുക്കുന്ന ഒട്ടകങ്ങള്‍ക്കു മറ്റ് ഒട്ടകത്തിന്‍റെ ഉടമകള്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി നല്‍കുമോ എന്ന ഭയമാണ്. പക്ഷെ ഞങ്ങള്‍ അടുത്ത് ചെന്നു. എന്ത് പാവമാണ് ഇവ. മുഖത്ത് തടവുമ്പോള്‍ നമ്മിലേക്ക് കൂടുതല്‍ ചേരുന്നു. സ്നേഹം കൊതിക്കാത്തവര്‍ ആരാണുള്ളത്. അടുത്ത റെയ്സിന് നീ ഒന്നാമാതാവണം ട്ടോ എന്ന് പറഞ്ഞ് ഞാന്‍ മുറിയിലേക്ക് കയറി.
കേസിയും കൂട്ടരും നല്ല ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട്. "ഒട്ടകത്തിന്‍റെ ബിരിയാണി ആണ് ട്ടോ . തട്ടിക്കോ" . പ്ലേറ്റിലേക്ക് നീട്ടിയ കൈ ഞാന്‍ അറിയാതെ പിന്‍വലിച്ചു. കുറച്ച് മുമ്പ് എന്‍റെ കവിളില്‍ ചേര്‍ന്നു നിന്നത് ഇതുപോലൊരു ഒട്ടകം തന്നെയല്ലേ. ഒരു പക്ഷെ നാളെ ഞാനിത് കഴിച്ചെന്നു വരും. പക്ഷെ ഈ നിമിഷം. അതെനിക്ക് പറ്റില്ല. ആദ്യമായി ഒരു ഭക്ഷണത്തിന്‍റെ മുന്നില്‍ നിന്നും ഞാന്‍ ഇറങ്ങി നടന്നു. ഷഹാനിയയിലെ നിലാവില്‍ കുറെ ഒട്ടകങ്ങള്‍ ചിരിക്കുന്നു. ഞാനും അവരോടൊപ്പം ചേര്‍ന്നു.
(ഖത്തറില്‍ വന്നിട്ട് മൂന്നു മാസമായി. എന്തെങ്കിലും ഒന്ന് പറഞ്ഞില്ലേല്‍ ഖത്തര്‍ പിണങ്ങിയാലോ )
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തു
Saturday, September 1, 2012
ചരിത്രത്തിലേക്കുള്ള ചൂളംവിളികള്‍

വൈകിയെത്തിയ ജയന്തി ജനതയും സ്റ്റേഷന്‍ വിട്ടിരിക്കുന്നു. ഒരു പറ്റം ചെറുപ്പക്കാരുടെ ശബ്ദ കോലാഹലം കൊണ്ട് സജീവമായിരുന്ന സ്റ്റേഷന്‍ വീണ്ടും ജീവനറ്റുകിടന്നു. സ്വതന്ത്ര ദില്ലിയിലേക്കുള്ള പ്രയാണത്തില്‍ ഈ സ്റ്റേഷന്‍ ബലികൊടുത്ത രക്തസാക്ഷികളെക്കുറിച്ചുണ്ടോ ഈ യുവതലമുറ വല്ലതും അറിയുന്നു..! കോരങ്ങത്ത് പള്ളിയില്‍ നിന്നും ഒഴുകി വന്ന ളുഹര്‍ ബാങ്കോലിയും ഒരു വിലാപഗാനം പോലെ നേര്‍ത്ത് നേര്‍ത്ത് അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുന്നു. ആ പള്ളിപറമ്പില്‍ സുഖനിദ്ര കൊള്ളുന്ന അമ്പത്തിനാല് രക്ത സാക്ഷികള്‍ അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ റെയില്‍പാളത്തില്‍ നിന്നും ഒരു നുള്ള് വായുവിനു വേണ്ടി , ഒരു തുള്ളി ദാഹജലത്തിനു വേണ്ടി നടത്തിയ വനരോദനം പോലെ , അവസാനം സ്വന്തം സഹോദരന്‍റെ മൂത്രം കുടിച്ച് രക്തം രുചിച്ച് മലം പുരണ്ട് മരിക്കേണ്ടി വന്ന രക്തസാക്ഷികളെ നിരനിരയായി കിടത്തിയതും ഈ പ്ലാറ്റ്ഫോമിലായിരുന്നല്ലോ. എല്ലാറ്റിനും സാക്ഷിനിന്ന തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇന്നും ആ മരവിപ്പില്‍ നിന്നും മോചനം നേടിയിട്ടില്ല. ഞെട്ടലില്‍ നിന്നും ഉണര്‍ന്നിട്ടില്ല.
അബ്ദു ചെറുവാടി (വാഗണ്‍ ട്രാജഡി സ്മരണിക )
പെരുമഴ പെയ്യുന്നൊരു രാവില്‍ മണ്ണെണ്ണ വിളക്കിന്‍റെ ചെറുവെട്ടത്തിലിരുണ് ഉമ്മച്ചി ഒരു കഥ പറഞ്ഞ് തന്നു. വെള്ളക്കാരോട് പൊരുതി മരിച്ച ധീരയോദ്ധാക്കളുടെ കഥ. ചെറുവാടിയിലെ പള്ളിതൊടിയിലും പാടത്തും അവര്‍ വീറോടെ പൊരുതി വീണ കഥ. പട്ടാളക്കാരുടെ വെടിയൊച്ചയും ബൂട്ടിന്‍റെ ശബ്ദവും പേടിച്ച് ഉമ്മച്ചിയും വല്ല്യുപ്പയും ഉറങ്ങാതെ ഇരുന്ന രാവുകളെ പറ്റി. പള്ളിയില്‍ ഒളിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത വെള്ളക്കാരും അതില്‍ മരിച്ചു വീണ ശഹീദുകളെയും പറ്റി . അവരെ മറവു ചെയ്തിരിക്കുന്നത് ചെറുവാടി പള്ളിയില്‍ ആണ്. അന്നത്തെ സംഭവങ്ങളെ ഉമ്മച്ചി വിവരിച്ചു തരുമ്പോള്‍ പേടിയും ആകാംക്ഷയും നിറഞ്ഞു വിടര്‍ന്ന കണ്ണുകളുമായി കഥ കേട്ടിരുന്ന ഞാനും വളര്‍ന്നു വലുതായി. എന്‍റെ ഗ്രാമത്തെ കുറിച്ചോര്‍ത്തു പുളകം കൊള്ളാന്‍ , അഭിമാനിക്കാന്‍ ആ കഥകളുടെ കൂടുതല്‍ താളുകള്‍ തേടി ഞാന്‍ നടന്നു . ലോഗന്‍റെ മലബാര്‍ മാന്വലില്‍ വരെ ചെറുവാടി എന്ന ഗ്രാമം കയറി. മലബാര്‍ കലാപത്തില്‍ വലിയൊരു സ്വാധീനമായി ഈ ഗ്രാമവും അന്നത്തെ ആള്‍ക്കാരും ഉണ്ടായിരുന്നു എന്നത് ചരിത്രം.
ഒരുപാട് താല്‍പര്യത്തോടെ വായിച്ചെടുത്ത മലബാര്‍ കലാപത്തിന്‍റെ കഥകള്‍ വല്ലാതെ ആവേശം കൊള്ളിച്ചിട്ടുണ്ട്. അതിനെ കുറിച്ചുള്ള ഒരു ചെറിയ സൂചനകളില്‍ നിന്നുപോലും വലിയൊരു ചിത്രം മനസ്സില്‍ കല്‍പ്പിച്ചെടുക്കാറുണ്ട്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ മനസ്സില്‍ ഇരമ്പി കയറുന്ന ചില വികാരങ്ങളുണ്ട്. കലാപത്തിന്‍റെ ഓര്‍മ്മകളില്‍ എന്നും വിറങ്ങലിച്ചു നിന്ന ഗ്രാമം. ഓര്‍മ്മകളും കാഴ്ചകളും സന്തോഷവും എല്ലാം പെറുക്കിക്കൂട്ടി ഒരു തീവണ്ടിയാത്ര ഇവിടെ എത്തുമ്പോള്‍ മനസ്സ് കുറെ കാലം പിറകിലേക്ക് വലിക്കും. കാരണം എനിക്കേറെ ഇഷ്ടപെട്ട തീവണ്ടിയാത്രയും ഈ റെയില്‍വേ സ്റ്റേഷനുമായി വല്ലാത്തൊരു ഹൃദയ ബന്ധമുണ്ട്. അതറിയണമെങ്കില്‍ ഈ പാളത്തിലൂടെ കാലങ്ങള്‍ പിറകിലോട്ട് ഓടണം. ഇന്നത്തെ ബോഗിക്ക് പകരം ഭീകര മുഖമുള്ള MSM 1711 LV എന്ന ബ്രിട്ടീഷ് കമ്പനി തീവണ്ടിയുടെ ബോഗിയില്‍ .
വീണ്ടും അതുവഴി ഒരു യാത്ര. കുതിച്ചു വന്ന് ഒരു കിതപ്പോടെ ജനശതാബ്ദി എക്സ്പ്രസ് അതേ തിരൂര്‍ സ്റ്റേഷനില്‍ നിന്നപ്പോള്‍ അറിയാതെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു. മഴവെള്ളം ഒലിച്ചിറങ്ങുന്ന വിന്‍ഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മനസ്സും തപ്തമാകുന്നു. ഇതുപോലൊരു ബോഗിയില്‍ അന്ന് കലാപത്തിന്‍റെ നാളുകളില്‍ പിടഞ്ഞു വീണവരുടെ ഓര്‍മ്മയില്‍ ഈ ബോഗിയും കരയുന്നതാവുമോ.. ജാലകത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴ തുള്ളികള്‍..? ആ ഓര്‍മ്മയില്‍ ഇരിക്കുമ്പോള്‍ എനിക്കങ്ങിനെ തോന്നിപോകുന്നു.

എന്നും ഒരു വിരഹഗാനം പോലെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും തോന്നിക്കുക. ഓര്‍മ്മകളെ പിടിച്ച് വലിക്കുന്ന ഒരു വികാരം, ചരിത്രമായും പാഠമായും മാപ്പിള പാട്ടുകളായും സ്വാധീനിക്കപ്പെട്ട മലബാര്‍ കലാപത്തിന്‍റെ ദുരന്ത സ്മരണകള്‍ പേറുന്ന മണ്ണ്. ഇവിടത്തെ മരത്തിന്‍റെ ബെഞ്ചിലിരുന്ന് ഒരു നിമിഷം കണ്ണടച്ച് നോക്കൂ.. നമ്മളറിയാതെ മനസ്സ് പായും വര്‍ഷങ്ങള്‍ പിറകിലോട്ട്. ചെവികളില്‍ മുഴങ്ങി കേള്‍ക്കുക പട്ടാള ബൂട്ടുകളുടെ ശബ്ദം മാത്രമല്ല പിച്ചി ചീന്തപ്പെട്ട യൌവനങ്ങളുടെയും നിരാവലംബരമായ വൃദ്ധ ജനങ്ങളുടെയും നിലവിളി കൂടിയാണ്. മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഏതെങ്കിലും ഒരു തീവണ്ടിയെ നോക്കുമ്പോള്‍ ആ പഴയ MSM 1711 LV എന്ന ബോഗി ഓര്‍മ്മ വരും. അതിനകത്തായിരുന്നു വെള്ളവും വായുവും കിട്ടാതെ കുറെ സഹോദരങ്ങള്‍ വെള്ളക്കാരുടെ ക്രൂരതകളുടെ ഇരകളായി പിടഞ്ഞു വീണത്. . മരിച്ചു വീഴുമ്പോഴും യൂണിയന്‍ ജാക്കിന്‍റെ പതനം അവര്‍ സ്വപ്നം കണ്ടിരിക്കണം. ആ ഓര്‍മ്മകള്‍ തന്നെയാണ് ഇന്നും തിരൂരിന്‍റെ ഏറ്റവും വലിയ വേദന. പക്ഷെ ഈ പൊരുതി വീണവര്‍ ഉറങ്ങുന ഈ മണ്ണിനോട് വേണ്ടത്ര പരിഗണന ഇപ്പോഴത്തെ ഭരണാധികാരികള്‍ നല്‍കിയിട്ടില്ല എന്നുതന്നെ പറയാം. സ്മാരകം എന്നുപറയാവുന്ന വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ മുനിസിപ്പല്‍ ഹാള്‍ തികഞ്ഞ അവഗണനയില്‍ ആണെന്ന് എവിടെയോ വായിച്ചറിഞ്ഞു. മലബാര്‍ കലാപത്തിന്‍റെ തൊണ്ണൂറ്റിയൊന്നാം വാര്‍ഷികം കടന്നുവരുന്ന ഈ അവസരത്തില്‍ ആ പോരാട്ടത്തിന്‍റെ ഓര്‍മ്മകളില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റിയെങ്കില്‍ അതവരോടുള്ള ആദരവാകും.

മലബാര്‍ കലാപത്തിന്‍റെ കഥകള്‍ പറയുന്ന ഒത്തിരി ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. വൈകാരികമായി എന്തോ ആ ചരിത്രത്തോട് വല്ലാത്ത ഒരടുപ്പവും തോന്നിയിട്ടുണ്ട്. വാഗണ്‍ ദുരന്തത്തില്‍ നിന്നും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുമായി അഭിമുഖം നടത്തിയിരുന്നു ഉപ്പ. ബോഗിയുടെ ഇളകിയ ഒരാണിയുടെ ദ്വാരത്തിലൂടെ മൂക്ക് വെച്ച് ശ്വാസം മാറി മാറി വലിച്ചു ഹാജിയും സഹോദരനും രക്ഷപ്പെട്ടു. ബോഗിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ചയെ പറ്റി ഹാജി പറഞ്ഞത് " മത്തി വറ്റിച്ച പോലെ " എന്നാണ്. അത്രക്കും ഭയാനകമായിരുന്നു ആ കാഴ്ച്ച. ഇവിടിരിക്കുമ്പോള്‍ ഞാനിതൊക്കെ മനപൂര്‍വ്വം ഓര്‍ത്തു വിഷമിക്കാറുണ്ട്. ഒത്തിരി വായനക്കാരെ കണ്ണീരണിയിച്ച ആ അഭിമുഖം വന്നത് "വാഗണ്‍ ട്രാജഡി സ്മരണിക " യിലായിരുന്നു. ആ കഥ പറഞ്ഞ കൊന്നോല അഹമ്മദാജിയും അത് പകര്‍ത്തിയ ഉപ്പയും ഇന്ന് ജീവിച്ചിരിപ്പില്ല . ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട പ്രിയതമന് കൌമാരം കഴിയാത്ത ഭാര്യ എഴുതുന്ന കത്തിനെ പറ്റിയും അതിലെ വരികളും പറയുന്നുണ്ട് വാഗണ്‍ ട്രാജഡി സ്മരണികയില്‍. . . പുലിക്കോട്ടില്‍ ഹൈദര്‍ അതിന്‍റെ മാപ്പിള പാട്ട് രൂപം രചിച്ചിട്ടുണ്ട്. ഏതാനും സ്ത്രീ നാമങ്ങളും എന്നും പിന്നെ കുറെ നിലവാരം കുറഞ്ഞ പദങ്ങളും ചേര്‍ത്ത് വികലമാക്കപ്പെട്ട ഒരു ഗാനശാഖക്ക് മുന്നില്‍ ഹൃദയത്തെ തൊടുന്നൊരു നൊമ്പരമായി അതിലെ വരികള്‍ എന്നെ പൊള്ളിക്കുന്നുണ്ട്. എവിടെയോ എന്നെങ്കിലുമൊരിക്കല്‍ ആ ഗാനം മൂളി കേള്‍ക്കുന്നതിന് ഞാന്‍ ചെവിയോര്‍ക്കാറുണ്ട്.

പഴയ പാരമ്പര്യം വിട്ടുപോരാന്‍ ഇപ്പോഴും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ തയ്യാറല്ല. അതൊക്കെ തന്നെയാവണം മലബാര്‍ കലാപത്തിന്‍റെ വേദനിക്കുന്ന ഓര്‍മ്മകള്‍ ഈ പരിസരത്തെ എപ്പോഴും ചുറ്റിപ്പറ്റി നില്‍ക്കാന്‍ കാരണം. പച്ചക്കൊടി വീശുന്നു. തീവണ്ടി പതുക്കെ ഇളകി തുടങ്ങി . സന്തോഷവും കളിചിരിയുമായി യാത്ര തുടരുമ്പോള്‍ , അന്ന് ഇതേ പാളങ്ങളില്‍ , ഇതുപോലൊരു ബോഗിയില്‍ സ്വതന്ത്ര ഭാരതം സ്വപ്നം കണ്ട് പിടഞ്ഞ വീണ രക്തസാക്ഷികളെ ഓര്‍ക്കുന്നവര്‍ എത്ര പേര്‍ കാണും ഈ വണ്ടിയില്‍..? ഉണ്ടാവാം ഇല്ലാതിരിക്കാം. പക്ഷെ ജീവന്‍ നല്‍കി അവര്‍ നേടി തന്ന സ്വാതന്ത്ര്യം നമ്മള്‍ ആഘോഷിക്കുന്നു. അവരെ മറക്കാം. പോരാടി നേടിയ സ്വാതന്ത്ര്യം പോലും ആഘോഷിക്കാന്‍ പറ്റാതെ ബെല്ലാരിയിലും മറ്റും ഉരുകി ജീവിച്ചു മരിച്ചവര്‍ എത്രയുണ്ട്. ദാമ്പത്യം
പൂത്തുലയാതെ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ട എത്ര സഹോദരിമാരുണ്ട്. ഈ മണ്ണില്‍ അവരുടെ വിയര്‍പ്പും ചോരയും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. വായുവില്‍ അവരുടെ ശ്വാസവും കരച്ചിലും മുഴങ്ങുന്നുണ്ട്. അവര്‍ കണ്ട സ്വപ്നത്തിന്‍റെ സാഫല്യം നമ്മളിലൂടെ കണ്ട് അവരുട ആത്മാവ് സന്തോഷിക്കുന്നുണ്ടാവണം. ചങ്ങല വലിച്ചു നിര്‍ത്തിയ പോലെ ആ ഓര്‍മ്മകള്‍ ഈ പരിസരത്തില്‍ തന്നെ എന്നെ പിടിച്ചുനിര്‍ത്തുന്നു. ഒരു സൈറനോടെ വേഗമെടുക്കാന്‍ ശ്രമിക്കുന്ന തീവണ്ടിക്കൊപ്പം അകലെ പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്കോലി നേര്‍ത്തു നേര്‍ത്തു വരുന്നു. ജാലകത്തിലൂടെ പുറത്തോട്ട് നോക്കുമ്പോള്‍ പെയ്യാന്‍ മടിച്ചുനിന്ന കാര്‍മേഘങ്ങള്‍ ആര്‍ത്തലച്ചു പെയ്യുന്നു. പ്രകൃതിയും കരയുകയാണ്.
(നന്ദി ജാബിര്‍..... മലബാരി , ഈ നല്ല ചിത്രങ്ങള്‍ അയച്ചു തന്നതിന്)
(ടൌണ്‍ ഹാള്‍ ഫോട്ടോ ..ഗൂഗിള്‍ )
Wednesday, August 15, 2012
ഗോതമ്പ്പാടങ്ങള്‍ തിരികെ തന്നത്

ഓല മേഞ്ഞ കുടിലിന്റെ ജാലകങ്ങല്‍ക്കരികിലിരുന്ന് പരന്ന് കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കിയിരിക്കണം. കോടമഞ്ഞ് മാഞ്ഞുപോവാത്ത ഒരു പുലരിയില്‍. നീ എന്നോട് പങ്കുവെച്ച ആദ്യത്തെ സ്വപ്നമിതായിരുന്നു. കേട്ട് കേട്ട് ആ സ്വപ്നത്തെ ഞാനുമേറെ ഇഷ്ടപ്പെട്ടുപ്പോയി. നിന്നോളമോപ്പം. പിന്നൊരിക്കല്‍ നീ പറഞ്ഞു ,മഴ പെയ്യുന്നൊരു സായം സന്ധ്യയില്‍ നഗരത്തിന്റെ തിരക്കിലൂടെ ഓട്ടോറിക്ഷയില്‍ സവാരി പോവണമെന്ന്. കോഫീ ഹൗസിന്റെ ഇരുണ്ട മൂലയിലിരുന്ന് ചൂടുള്ള കോഫി ഊതികുടിക്കുക എന്ന മറ്റൊരു ആഗ്രഹവും. എളുപ്പം സാധിക്കാവുന്നതായിട്ടും ഞാനത് മാറ്റിവെച്ചത് നഷ്ടസ്വപ്നങ്ങളുടെ കണക്കിലേക്ക് എഴുതി ചേര്‍ത്ത് നൊമ്പരപ്പെടാനായിരുന്നോ..?.
മഞ്ചാടികുരുക്കള്‍ പെറുക്കി കൂട്ടുന്നത് പോലെ നീ ഒരുക്കൂട്ടി വെച്ച സ്വപ്നങ്ങളില്‍ നടക്കാതെ പോയത് നമ്മളൊന്നാവണം എന്ന വലിയ സ്വപ്നം കൂടിയാണ്. . മരുന്ന് മണക്കുന്ന ആശുപത്രിയുടെ ഇടനാഴികകളിലൂടെ തീയേറ്ററിനകത്തേക്ക് ഒഴുകിനീങ്ങുമ്പോഴും നിന്റെ കണ്ണുകളില്‍ കണ്ടത് സ്വപ്നസാഫല്യം തേടുന്നൊരു പ്രണയിനിയെ ആയിരുന്നു. പിന്നെ ആ വാതില്‍ തുറക്കുമ്പോള്‍ കേട്ടത് പളുങ്ക് പാത്രം വീണുടഞ്ഞു മഞ്ചാടികുരുക്കള്‍ ചിതറിയോടുന്നതിന്റെ ശബ്ദമായിരുന്നു.
ചാംകൌര്‍ സിംഗിന്റെ ഗോതമ്പ് പാടങ്ങള്‍ പൂക്കാന്‍ ഒരുങ്ങി നിക്കുന്നു. പാടത്തിനരികെ ഒറ്റ മുറിയുള്ള വൈക്കോല്‍ മേഞ്ഞൊരു കുടിലുണ്ട്. നിന്റെ സ്വപ്നത്തിലെ അതേ വീട്. പന്തലിട്ട പോലെ കോടമഞ്ഞും . പഞ്ചാബിലെക്കുള്ള ഈ യാത്ര യാദൃശ്ചികമായിരുന്നില്ല. സഹപ്രവര്‍ത്തകനായി എത്തിയ സുഹൃത്ത് ഒരു നിമിത്തം മാത്രം. അച്ഛന്റെ ഗോതമ്പ് പാടങ്ങളെ കുറിച്ച് അവന്‍ പറഞ്ഞപ്പോഴേ ഇങ്ങിനെ ഒരു യാത്ര മനസ്സില്‍ കുറിച്ചിട്ടതായിരുന്നു. മഞ്ഞു പെയ്യുന്ന പുലരിയില്‍. ജാലകം തുറന്നു അരിച്ചെത്തുന്ന തണുപ്പ് വക വെക്കാതെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ നീ പങ്കു വെച്ച നഷ്ട സ്വപ്നങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ.
"എത്ര നാളായി കാണാന്‍ കൊതിക്കുന്ന കാഴ്ചയാണിത് ". പിന്നില്‍ വന്നു അവള്‍ ചെവിയില്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞെട്ടിത്തരിച്ച് തിരിഞ്ഞു നോക്കിയ എന്റെ കണ്ണിലെ ബാഷ്പകണങ്ങള്‍ അവള്‍ കണ്ടുവോ..? ഈ മേഘങ്ങള്‍ക്കിടയിലൂടെ പറന്ന് വന്ന് നീ അവളിലൂടെ പറഞ്ഞതാവണം ഈ വാക്കുകള്‍.. വിവാഹ ജീവിതത്തിന്റെ പിന്നിട്ട ദിനങ്ങളിലോന്നും ഇതുപോലൊരു സ്വപ്നം അവള്‍ എന്നോട് പറഞ്ഞിട്ടില്ല. ഇങ്ങിനെ ഒരു തിളക്കം ആ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടും ഇല്ല. അതിനവസരം നല്‍കിയില്ല എന്നുപറയുന്നതാവും ശരി. പക്ഷെ അവളുടെ ഈ വാക്കുകള്‍ എന്നെ കീഴ്പ്പെടുത്തി. എവിടെയൊക്കെയോ നിന്റെ സാന്നിധ്യം അവളിലൂടെ അറിയുന്നു . എന്റെ തോന്നലാവാം. അറിയാതെ ഞാനവളെ എന്നോട് ചേര്‍ത്ത് പിടിച്ചു. ആദ്യമായി.
Sunday, August 12, 2012
പിണങ്ങിപോയ പൂക്കള്‍.

ഒരു പടിഞ്ഞാറന്‍ കാറ്റിനൊപ്പം ചെമ്പക പൂവിന്റെ നറുമണം വിരുന്നെത്തി. എവിടെ വിരിഞ്ഞ പൂവില്‍ നിന്നായിരിക്കണം എന്നെ ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ഈ സുഗന്ധംഒഴുകി വന്നിരിക്കുക. വീടിന്‍റെ മുറ്റത്തൊരു ചെമ്പകം ഉണ്ടായിരുന്നു. നാട്ടില്‍ പോയപ്പോള്‍ അത് കാണാനില്ല മുറ്റത്ത്. വേര് വീട്ടിലേക്ക് ഇറങ്ങുന്നത് കാരണം മുറിച്ചു കളഞ്ഞെന്ന് ഉമ്മ പറഞ്ഞു. എനിക്ക് സങ്കടമായി. ത്രിശ്രൂരില്‍ ഒരു അധ്യാപക ക്യാമ്പ് കഴിഞ്ഞുവരുമ്പോള്‍ ഉപ്പ വാങ്ങികൊണ്ടുവന്നാതായിരുന്നു അത്. എന്നോടൊപ്പം ചെമ്പകവും വളര്‍ന്നു വലുതായി. ഉപ്പയെ പോലെ എനിക്കും ഒരുപാടിഷ്ട്ടമായിരുന്നു ആ ചെമ്പകം. എന്റെ വിവാഹത്തിന്റെ നാളുകളിലാണ് ചെമ്പകവും ആദ്യമായി പൂവിട്ടത്. മധുവിധുവിന്റെ ഓര്‍മ്മകളില്‍ ആ ചെമ്പക പൂവിന്റെ സുഗന്ധം കൂടി കലര്‍ന്നതാകുമ്പോള്‍ അതിന്റെ വേര്‍പ്പാട് എനിക്കെങ്ങിനെ നൊമ്പരമാവാതിരിക്കും. ഉമ്മയോട് ഞാനത് മറച്ചുവെച്ചില്ല. ഞാനോര്‍ത്തു. ഉപ്പയുണ്ടായിരുന്നെങ്കില്‍ ഒരു അകാല മരണം അതിന് വിധിക്കില്ലായിരുന്നു.
അറുത്തു മാറ്റിയ ചെമ്പകത്തിനോടൊപ്പം പിണങ്ങി പോയ പൂക്കളെ കുറിച്ചും അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അസര്‍മുല്ല പൂവെന്ന് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിച്ചിരുന്ന കൊച്ചു സുന്ദരി പൂക്കളെ ഇപ്പോള്‍ കാണാനേയില്ല. നാലുമണിക്ക് വിരിഞ്ഞ് , ഇളം കാറ്റില്‍ കൊഞ്ചികുഴഞ്ഞ് , നിഷ്കളങ്കമായ പുഞ്ചിരിയോടെ മുറ്റത്ത് നിറഞ്ഞു നിന്നിരുന്ന ഈ സുന്ദരിപൂവുകള്‍ പിണങ്ങിപോയത് ആരോടായിരിക്കും. എനിക്കുറപ്പാണ് എന്നോടവര്‍ പിണങ്ങില്ലെന്ന്. വെള്ളമൊഴിക്കാനും തൊട്ടു തലോടാനുംഅവരോടൊപ്പം ഞാനെന്നുമുണ്ടായിരുന്നു . അവര്‍ക്ക് പിണക്കം പുതിയ കാലത്തോടും ജീവിത രീതിയോടുമായിരിക്കണം. പക്ഷെ വീണ്ടും എന്റെ വീടിന്റെ മുറ്റത്ത് ആ കുസൃതി ചിരിയുമായി അവര്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ എനിക്ക് കൊതിയായി.

" അയ്യോ.. നീയൊരു തൊട്ടാവാടി തന്നെ". പലപ്പോഴും പറയാറില്ലേ നമ്മള്‍. ഈ തോട്ടാവാടിയെ തേടി പറമ്പ് മുഴുവന്‍ കറങ്ങുകയാണ് ഞാന്‍ . അവരും പിണക്കത്തിലാണ്. എന്തുപറ്റി ഇവര്‍ക്കൊക്കെ. ദേ.. ആ മൂലയില്‍ ആരോടും കൂട്ടില്ലാതെ ഇരിക്കുന്നു . ഞാന്‍ അടുത്ത് ചെന്നു തൊട്ടപ്പോള്‍ തന്നെ പരിഭവം കൊണ്ട് അവള്‍ വാടി. കൂട്ടുകാരാരും ഇല്ലാതെ ഒറ്റക്കിരിക്കുന്നതിന്റെ വിഷമം മാത്രമല്ല. നല്ല കാലത്തും ഞങ്ങളെ ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്ന പരാതിയും പറഞ്ഞു. പക്ഷെ ഞാന്‍ വന്നു കണ്ട സന്തോഷത്തില്‍ അവള്‍ വീണ്ടും ഉഷാറായി. ഞാനൊരു മുത്തം കൊടുത്തു. നാണത്താല്‍ അവള്‍ വീണ്ടും വാടി.

ആ വരിക്കപ്ലാവിന്റെ അടുത്തേക്ക് പോവാം. കുറെ തുമ്പ പൂക്കളുണ്ടാവും അതിനു ചുറ്റും. വരിക്കപ്ലാവിനോട് ഞാന്‍ പണ്ടേ പിണങ്ങിയതാ. ഒരു ദയയും ഇല്ലാതെയല്ലേ എന്നെ പണ്ട് താഴെയിട്ടത്. കളിക്കൂട്ടുകാരായ സുന്ദരി പെണ്‍കുട്ടികളുടെ ഇടയില്‍ ആളാവാന്‍ വലിഞ്ഞുകയറിയ കൊച്ചു കുട്ടിയാണ് എന്നുപോലും ഓര്‍ത്തില്ലല്ലോ അന്ന്. ദാസന്‍ ഗുരിക്കള്‍ എത്ര ഉഴിഞ്ഞിട്ടാ എന്റെ കൈ നേരെ ആയത്. എത്ര വേദനയാ ഞാന്‍ സഹിച്ചത്. നിന്റെ പ്രായമോര്‍ത്തും , പിന്നെ തേനൂറുന്ന വരിക്ക ചക്ക ഞാന്‍ വരുമ്പോഴൊക്കെ തരുന്നത് കൊണ്ടും അതെല്ലാം ഞാനങ്ങു ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഞാന്‍ നിന്നെ നോക്കാനേല്‍പ്പിച്ച തുമ്പപൂക്കളെവിടെ. ഒരാളെ പോലും കാണാനില്ലല്ലോ. കാലില്‍ ആരോ ഇക്കിളിയിടുന്നു. നോക്കിയപ്പോള്‍ എന്നെ തലോടിക്കൊണ്ട് നില്‍ക്കുന്നു ഒരു തുമ്പ ചെടി. നിങ്ങളും പിണങ്ങിയോ എന്നോട്. വരുമ്പോഴൊക്കെ ഞാനെത്താറില്ലേ നിങ്ങളുടെ ക്ഷേമവും അന്വേഷിച്ച് . നിങ്ങളില്ലാതെ ഓണമുണ്ടായിട്ടുണ്ടോ എനിക്ക്. പിന്നെയെന്താ ഞാന്‍ വരുമെന്നറിഞ്ഞിട്ടുംഎന്നെ വരവേല്‍ക്കാന്‍ കൂട്ടുകാരികള്‍ ആരും കൂടെ വന്നില്ല.. പിണക്കം മാറി അവരെ കണ്ടതും ഇല്ലല്ലോ .

ഉമ്മാന്റെ തറവാടിന്റെ മുറ്റത്ത് വലിയൊരു പൂമരം ഉണ്ടായിരുന്നു. പൂമരം എന്ന് തന്നെയാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. വേറെ പേരുണ്ടോ എന്നറിയില്ല. അത് പൂത്തുകഴിഞ്ഞാല്‍ പിന്നെ ഇലകള്‍ കാണില്ല. മരം നിറയെ പൂക്കള്‍. കൊഴിഞ്ഞുവീണ പൂക്കള്‍ കൊണ്ട് മരത്തിന് താഴെ വലിയൊരു പൂക്കളം തന്നെയുണ്ടാകും. അതിന്റെ ചുവട്ടിലിരുന്ന് കളിക്കുന്നത് എന്ത് ഹരമായിരുന്നു. വേനലവധിക്ക് ഉമ്മാന്റെ വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ ആദ്യം കാണുക പൂത്തുലഞ്ഞു സുന്ദരിയായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ പൂമരമാണ്. അല്ലെങ്കില്‍ ഞങ്ങളുടെ അവധിക്കാലവും കാത്തിരിക്കുകയാണോ ഇത് പൂത്തുലയാന്‍ എന്നും തോന്നിപ്പോകും . കാലത്തിന്റെ ചുഴിയില്‍ പെട്ട് അതും അപ്രത്യക്ഷമായി. ഇന്നും ആ തറവാട്ടിലേക്കെത്തുമ്പോള്‍ ഞാന്‍ അറിയാതെ ആഗ്രഹിച്ചുപോകും ഒരിക്കല്‍ കൂടി ആ പൂമരമൊന്നു കണ്ടെങ്കിലെന്ന്.
ഗ്രാമക്കാഴ്ച്ചകളുടെ സൗന്ദര്യമാണ് കോളാമ്പിപൂക്കള്‍. പക്ഷെ ചുരുക്കമെങ്കിലും പറ്റെ കൈവിട്ടുപോയിട്ടില്ല ഇവര്‍. വേലിക്കിടയിലും പടിപ്പുരയിലും ഇവ പൂത്തുനില്‍ക്കുന്നത്
കാണാന്‍ എന്ത് ഭംഗിയാണ്. എന്റെ മനസ്സിലെ മഞ്ഞ നിറം കോളാമ്പിപൂക്കളാണ്. പക്ഷെ എത്രനാള്‍..? കുറെ കഴിയുമ്പോള്‍ ഇവരെയും തേടി നടക്കേണ്ടി വരും. പിന്നെയുമുണ്ട് കുറെ തേടി അലയാന്‍ . മാങ്ങാപുല്ല്. കയ്യില്‍ പിടിച്ചു തിരുമ്മിയാല്‍ മാങ്ങയുടെ മണം. പൊട്ടിക്ക, തവര ചെടി , ഇങ്ങിനെ ബാല്യത്തില്‍ നമ്മളറിഞ്ഞ വര്‍ണ്ണങ്ങള്‍. പലതിന്റെയും പേര് തന്നെ മറന്നു പോയി. വെറുതെയല്ല ഇവരെല്ലാം പിണങ്ങിപോയത്. പക്ഷെ സീനിയയും ഡാലിയയുമൊക്കെ ഇപ്പോഴും നിത്യ യൌവനങ്ങളായി ബാക്കിയുണ്ട്. നന്ദ്യാര്‍വട്ടവും തെച്ചിപ്പൂക്കളുമൊക്കെ എന്നെ കാത്ത് ഇപ്പോഴും ഇരിപ്പുണ്ട്. ഇനിയിപ്പോള്‍ ഇവരെ പ്രണയിക്കാം.
(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന്)
Thursday, June 21, 2012
കാടിനെ ധ്യാനിച്ച് ഗവിയിലേക്ക്
ഈയടുത്തക്കാലത്തായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായിരിക്കും “ഗവി”. ഏകദേശം അഞ്ചോളം ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ട് ഗവിയെ പറ്റി. “ഓര്‍ഡിനറി” എന്ന സിനിമയാണ് ഗവിയുടെ തിരുത്തി എഴുതപ്പെട്ട ജാതകത്തിന് പിന്നില്‍ എന്ന് അവിടെ കണ്ടു മുട്ടിയ സന്ദര്‍ശകരില്‍ നിന്നും മനസ്സിലാകാന്‍ പറ്റി. ഈ സ്ഥലം നിങ്ങള്‍ കണ്ടിരിക്കണം എന്ന് പറയാതെ പറഞ്ഞിരിക്കണം ആ സിനിമ. കാരണം ആ സിനിമ ഇറങ്ങിയതിനു ശേഷം സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുണ്ട് ഇവിടേയ്ക്ക്. ഇവരെല്ലാം ഗവി ആസ്വദിച്ചിരിക്കാം ഇല്ലായിരിക്കാം . പക്ഷെ എരുമേലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശ്രീ. ബേബി ജോണ്‍ പറയുന്നത് , ഈ സന്ദര്‍ശകരുടെ ബാഹുല്യം ഏറ്റവും കൂടുതല്‍ ബാധിച്ചതും ബാധിക്കാന്‍ പോകുന്നതും ഇവിടത്തെ പ്രകൃതിയെ ആണ്. യാത്രയിലുടനീളം വഴിയരികിലും , കാട്ടരുവികളുടെ തീരത്തും മരച്ചുവട്ടിലും എല്ലാം കാണുന്നത് വലിച്ചെറിയപ്പെട്ട മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളുമാണ്. . ആഘോഷ തിമിര്‍പ്പിന്‍റെ അവശിഷ്ടങ്ങള്‍ ഏറ്റു മുറിവേറ്റ പ്രകൃതി ഇങ്ങിനെ വിളിച്ചു പറയുന്നത് കേള്‍ക്കാം. ” എന്നെ ആസ്വദിച്ചോളൂ.. ഉപദ്രവിക്കരുതേ ” എന്ന് . ആഘോഷങ്ങള്‍ക്ക് മാത്രമായി കാടുകയറി പ്രകൃതിയെ ഇങ്ങിനെ ബലാല്‍സംഘം ചെയ്യുന്നവരോട് നിയമം അല്‍പം കൂടി ഗൗരവമായി ഇടപെട്ടേ പറ്റൂ എന്നൊരു അപേക്ഷ കൂടി ഈ കുറിപ്പിനൊപ്പം വെക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും ശക്തവും കണിശവുമായ നിയമങ്ങള്‍ ഉള്ളത് പരിസ്ഥിതി വകുപ്പിനാണ് എന്ന് പറയപ്പെടുന്നു. ലക്ഷ കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരി മല റോഡ് വികസനം പോലും വനം ഭൂമി വിട്ട് കിട്ടാതെ നിയമ കുരുക്കില്‍ പെട്ട് നില്‍ക്കുന്നു. എങ്കില്‍ അതേ കണിശമായ നിയമങ്ങള്‍ ഇങ്ങിനെ പ്രകൃതിയോട് എട്ടുമുട്ടുന്നവരോടും സ്വീകരിച്ചേ മതിയാവൂ. കഴിഞ്ഞ ആഴ്ച വന്ന വാര്‍ത്തയില്‍ പറയുന്നു ഗവിയിലേക്ക് സന്ദര്‍ശകരെ നിയന്ത്രിച്ചു എന്ന്. നിയന്ത്രിക്കേണ്ടത് സന്ദര്‍ശകരെ അല്ല , അവരില്‍ ചിലരുടെ നടപടികളെ ആണ്. ചുരുങ്ങിയത് അഞ്ചു ചെക്ക് പോസ്റ്റുകള്‍ എങ്കിലും ഉണ്ട് ഗവിയിലേക്ക് എത്തുന്നതിനു മുമ്പായിട്ട്. മൂഴിയാര്‍ ഡാം ചെക്ക് പോസ്റ്റില്‍ വിശദമായ പരിശോധന തന്നെയുണ്ട്. എന്നിട്ടും മദ്യ കുപ്പികള്‍
വനത്തിനകത്തേക്ക് എത്തിപ്പെടുന്നു എങ്കില്‍ ഈ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അപാകതയുണ്ട് എന്ന് വേണം കരുതാന്‍. പ്രകൃതിയോടുള്ള സ്നേഹമാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് പിന്നിലെങ്കില്‍ അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടത് മദ്യ നിരോധനം ആണ്. കര്‍ണാടകയിലേയോ തമിഴ്നാട്ടിലേയോ വനത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ നിയന്ത്രണമാണ് ഉള്ളത്. ഒരു ബിസ്കറ്റിന്‍റെ പാക്കറ്റ് പോലും പൊളിച്ച് കവര്‍ ഒഴിവാക്കിയേ അവര്‍ അകത്തേക്ക് കടത്തി വിടൂ. ഇവിടെ മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും ലഹരിയില്‍ മനുഷ്യന്‍റെ നിലവിളി പോലും കേള്‍ക്കാത്തവര്‍ എങ്ങിനെ പ്രകൃതിയുടെ നിലവിളി കേള്‍ക്കും…?
ഗവിയിലേക്ക്
കോട്ടയം വരെ ട്രെയിനിലും അവിടന്ന് എരുമേലി കുമളി കാഞ്ഞിരപ്പള്ളി വഴി ഗവിയിലേക്ക് എത്തിപ്പെടുന്നതുമാണ് ഞങ്ങളുടെ യാത്രാ പരിപാടി, സുഹൃത്തുക്കളായ മുണ്ടക്കയം സ്വദേശികള്‍ ജോമോനും സഹോദരന്‍ മാത്തുക്കുട്ടിയും പിന്നെ പൂഞ്ഞാര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി റെജിയും ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. കൂടെ എല്ലാ സഹായവും ചെയ്ത് തന്ന് എരുമേലി ഡെപ്യൂട്ടി റെയ്ഞ്ചാര്‍ ബേബി ജോണ്‍ സാറും ഉണ്ടായിരുന്നു ഞങ്ങളോടൊപ്പം . നന്ദി ഏറെയുണ്ട് ഓഫീസര്‍ , നിങ്ങള്‍ ചെയ്തു തന്ന സഹായത്തിന്.
ഞങ്ങളുടെ വരവിന് നന്നായി ഒരുങ്ങിയിട്ടുണ്ട് ജോമോനും കൂട്ടരും. ഒരു ചെമ്പ് നിറയെ ദമ്മിട്ട ചിക്കന്‍ ബിരിയാണി, കപ്പ പുഴുങ്ങിയതും നല്ല കാന്താരി ചമ്മന്തിയും , പഴവര്‍ഗങ്ങള്‍, പിന്നെ വെള്ളവും എല്ലാം കൂടെ കരുതിയിട്ടുണ്ട്. കാടിനകത്തൂടെ കുറെ യാത്ര ചെയ്യണം ഗവിയിലേക്ക്. ഉച്ച ഭക്ഷണത്തിന് സമയമായി. പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ക്ക് മീതെ പാലത്തില്‍ വെച്ചു ബിരിയാണിയുടെ ദമ്മു പൊട്ടിച്ചു. പിന്നൊന്നും ഓര്‍മ്മയില്ല. ഭക്ഷണത്തിന് ശേഷം കമാണ്ടര്‍ ജീപ്പ് വീണ്ടും ആനച്ചൂര് മണക്കുന്ന കാട്ടു വഴിയിലൂടെ നുഴഞ്ഞുകയറി. ദുര്‍ഘടമായ ഈ വഴികളിലൂടെ അനായാസകരമായി നീങ്ങാന്‍ ജീപ്പ് തന്നെ നല്ല വാഹനം. കാടിന്‍റെ സൌന്ദര്യം നന്നായി ആസ്വദിച്ചു ഞങ്ങളും അച്ചായന്‍ കത്തികളുമായി യാത്രയെ സജീവമാക്കി മാത്തുക്കുട്ടി വാഹനം ഓടിക്കുന്നു. കോണ്‍ഗ്രസ് അനുഭാവി എങ്കിലും പീ സി ജോര്‍ജ്ജിന്‍റെ ആരാധകന്‍ ആണ് മാത്തുക്കുട്ടി.
നാല് ഡാം രിസര്‍വോയിറുകള്‍ ഗവിയിലേക്ക് എത്തുന്നതിനു മുമ്പ് കാണാം. മൂഴിയാര്‍ ഡാം, ആനത്തോട് ഡാം, കാക്കി ഡാം, പമ്പ ഡാം . എല്ലാം ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക് റ്റിന്‍റെ ഭാഗമായി ഉള്ളത്. ഇതില്‍ കാക്കി ഡാമും പരിസരവും ആണ് ഏറ്റവും മനോഹരമായിട്ടുള്ളത്. കുത്തനെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയ കരിങ്കല്‍ തൂണുകള്‍ സ്ഥാപിച്ചു അതുവഴി റെയില്‍ സംവിധാനവും ക്രെയിനും കൊണ്ടുവന്നാണ് ജോലി പൂര്‍ത്തിയാക്കിയത്. ആ സമര്‍പ്പണത്തിന്‍റെ അടയാളമെന്നോണം ഇപ്പോഴും ആ തൂണുകള്‍ കാട് മൂടി കിടപ്പുണ്ട് ഇവിടെ. എങ്ങിനെ അതവിടെ ഉണ്ടാക്കി എന്ന ചോദ്യം ഡാം തന്നെ പണിതില്ലേ എന്ന ഉത്തരത്തില്‍ തട്ടി നില്‍ക്കും. പൊന്നാപ്പുരം കോട്ട എന്ന സിനിമയുടെ ഷൂട്ടിംഗ് ഇവിടെ വെച്ചാണ് നടന്നത്. പക്ഷെ ഈയടുത്ത് ഒരു മലയാള പത്രത്തില്‍ ഗവിയെ പറ്റി വായിച്ച റിപ്പോര്‍ട്ടില്‍ ആ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി സെറ്റ് ഇട്ടതാണ് ഈ തൂണുകള്‍ എന്ന് കണ്ടു. തെറ്റാണ് അത് എന്ന് ഇവിടത്തെ കാവല്‍ക്കാര്‍ പറയുന്നു. കൃത്രിമമായ ഈ തടാകത്തില്‍ ബോട്ടിംഗ് ഉണ്ട്. പക്ഷെ പൊതുജങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. ചുറ്റും കൊടും കാടുകളും ഈ ജലാശയവും ഡാമും മതി മറക്കുന്ന ഒരു കാഴ്ച തന്നെ.
പക്ഷെ ഇവിടെ എന്നെ ആകര്‍ഷിച്ച കാഴ്ച മറ്റൊന്നാണ്. 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്. നമൂതിരിപ്പടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ് . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. ഇന്നും യാത്ര ദുര്‍ഘടമായ വഴികള്‍ താണ്ടി അദ്ദേഹം ഇവിടെയെത്തിപ്പെടാന്‍ നന്നായി ബുദ്ധിമുട്ടി കാണണം. ഫോട്ടോഗ്രാഫി നിരോധിച്ചത് കാരണം അതിന്‍റെ ചിത്രം എടുക്കാന്‍ പറ്റിയില്ല. എന്‍റെ ആദര്‍ശം മറ്റൊന്നെങ്കിലും ഇതൊക്കെ കാണുന്നത് സന്തോഷകരം തന്നെ.
കാക്കി ഡാം കഴിഞ്ഞാല്‍ വീണ്ടും വനപാത തന്നെ. റോഡരികില്‍ എല്ലാം ഈറ്റ വെട്ടി കെട്ടി വെച്ചിട്ടുണ്ട്. മേലെ ആദിവാസികളുടെ കുടിലുകള്‍ കാണാം. പാറകള്‍ക്കും മരത്തിനും ഇടയില്‍ കെട്ടി കൂട്ടിയ ചെറിയ സങ്കേതങ്ങള്‍. ഒരാള്‍ക്ക് പോലും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ഇതിനകത്ത് എങ്ങിനെ മൂന്നു നാലാളുകള്‍ താമസിക്കുന്നു. കാറ്റിനെയും മഴയേയും കാട്ടു മൃഗങ്ങളെയും അതിജീവിച്ചു ഇവരെങ്ങിനെ ഇവിടെ ജീവിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ല. ദൈവം ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രത്യേകത നല്‍കിയിരിക്കണം.
“മല പണ്ടാരങ്ങള്‍” എന്ന ആദിവാസി വിഭാഗം ആണിവര്‍. നല്ല കാട്ടുതേന്‍ കിട്ടും എന്നറിഞ്ഞു ഞങ്ങള്‍ അവരുടെ കുടിലിലേക്ക് കയറി ചെന്നു. മുളയുടെ കുറ്റികളില്‍ ശേഖരിച്ചു വെച്ച തേന്‍ രുചി നോക്കിയപ്പോള്‍ തന്നെ മനസ്സിലായി മേന്മ. ഒട്ടും മായം ഇല്ലാത്തത്. തേനീച്ച കൂടിന്റെ അവശിഷ്ടങ്ങള്‍ വരെ ഉണ്ട് അതില്‍. ലിറ്ററിന് നാനൂറു രൂപ വെച്ചാണ് ഇവര്‍ വില്‍ക്കുന്നത്. വില പേശിയപ്പോള്‍ രണ്ട് ലിറ്റര്‍ മുന്നൂറു രൂപയ്ക്കു തന്നു. കാലത്ത് തേന്‍ ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ തടി കുറയുമത്രെ. ഭക്ഷണം കുറയ്ക്കാതെ തടി കുറയുമെങ്കില്‍ പരീക്ഷണം ഈ കാട്ടുതേനില്‍ ആക്കണം. നാട്ടിലെത്തട്ടെ.
വഴിയില്‍ ഇറങ്ങിയും വിശ്രമിച്ചും യാത്ര തുടരുകയാണ്. ഇപ്പോള്‍ എക്കോ പാറ എന്ന് വിളിക്കുന്ന സ്ഥലത്താണ്. കാക്കി ഡാമിന് വേണ്ടി പാറ പൊട്ടിച്ച സ്ഥലം ആണിത്. ഉറക്കെ കൂവിയാല്‍ ശബ്ദം പ്രതിധ്വനിക്കുന്നത് കാരണം ആണ് ഈ പേര് വീണത്. കപ്പയും കാന്താരി മുളകും കഴിക്കാന്‍ ഈ സ്ഥലം ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. കോട്ടയംക്കാരുടെ കാന്താരി ചമ്മന്തിയുടെ എരുവ് ഇപ്പോഴും പോയിട്ടില്ല നാവില്‍ നിന്നും. അത്രക്കും രുചിയും ഉണ്ട്. യാത്രയില്‍ എല്ലാര്‍ക്കും ഒരേ സ്വരത്തില്‍ സംസാരിക്കാന്‍ പറ്റുന്നത് ഭക്ഷണക്കാര്യത്തില്‍ ആണ്.
വഴിയരികില്‍ കാഴ്ചകള്‍ ആസ്വദിച്ച് പതുക്കെ നീങ്ങുന്നത് കാരണം ഗവിയിലെക്കുള്ള ദൂരവും കൂടുന്നു. ഇന്ന് പച്ചക്കാനം എന്ന സ്ഥലത്ത് അന്തിയുറങ്ങി നാളെ ഗവിയിലേക്ക് പോവാനാണ് പരിപാടി. പച്ചക്കാനം വരെ കെ .എസ്. ആര്‍. ടി. സി . ബസ് സര്‍വീസ് ഉണ്ട്. കാലത്തും വൈകീട്ടും.
പക്ഷെ ഇതുവഴി ഗവിയിലേക്ക് വരുന്നവര്‍ കുറെ നടക്കേണ്ടി വരും അവിടെയെത്താന്‍. നല്ല ഭംഗിയുള്ള താഴ്വാരം ആണ് പച്ചക്കാനം. കെ. എസ്. ഈ. ബി. യുടെ ഒരു ചെറിയ കാന്റീന്‍ ഉണ്ട് ഇവിടെ. നേരത്തെ ഓര്‍ഡര്‍ കൊടുത്താല്‍ ഭക്ഷണം കിട്ടും. ഞങ്ങള്‍ താമസിക്കുന്നത് കെ. എസ്. ഈ. ബി. യുടെ “പമ്പ ഹൗസ്” എന്ന റസ്റ്റ് ഹൗസിലാണ്. തിരുവനന്ദപുരം വൈദ്യുതി ഭവന്‍ മുഖേന ബുക്ക് ചെയ്‌താല്‍ ഇവിടെ താമസം കിട്ടും. മുറ്റത്ത് നിന്നാല്‍ തൊട്ടു മുന്നില്‍ പമ്പ ഡാം ആണ്. അതി മനോഹരമായ സ്ഥലം. പക്ഷെ ഡാമിനടുത്തേക്ക് പ്രവേശനം ഇല്ല. പക്ഷെ ഈ മുറ്റത്ത് ഇരുന്നാല്‍ തന്നെ സ്വയം മറന്നു പോകും. കാടിന് നടുവില്‍ പമ്പ ഹൌസും, ഡാമും ജലാശയവും എല്ലാം കൂടി മൂഡിലേക്ക് എത്തിക്കും .
. ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങള്‍ നടന്നു താഴെ വന്നു. ചായ ചോദിച്ചപ്പോള്‍ കരിംചായ മാത്രമേ ഉള്ളൂ എന്നായി . അതെന്ത് എന്ന രീതിയില്‍ എല്ലാരും മുഖത്തോട് മുഖം നോക്കി. ഇനി കരിംകുരങ്ങ് രസായനം പോലെ വല്ല സാധനവും ആയിരിക്കുമോ? സംഗതി വന്നപ്പോള്‍ എല്ലാവരിലും ചിരി ആയി. വൈക്കം മുഹമ്മദ് ബഷീര്‍ പ്രസിദ്ധമാക്കിയ സുലൈമാനി എന്ന കട്ടന്‍ ചായ തന്നെ. അതോടെ ഇടയ്ക്കിടയ്ക്ക് ഒരു കരിംചായ എന്ന് പറഞ്ഞു വാങ്ങിക്കുന്നത് രസകരമാക്കി. പച്ചക്കാനത്ത് ഇടയ്ക്കിടെ കടുവ ആക്രമണം ഉണ്ടാവാറുണ്ട് എന്ന് ബേബി ജോണ്‍ സാര്‍ ഓര്‍മ്മപ്പെടുത്തി. പശുക്കളെ ഇടയ്ക്കിടയ്ക്ക് പിടിച്ചു കൊണ്ട് പോകുമത്രേ. അതോടെ ഇത്തിരി ഭയം കയറി. കാരണം താമസിക്കുന്ന പമ്പ ഹൗസിലേക്ക് കുറച്ച് ദൂരം നടന്നു വേണം പോകാന്‍. സമയം രാത്രിയും. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍. ഏതായാലും രാത്രി ഒരു ട്രെക്കിംഗ് നടത്തി. കാട് ഏറ്റവും ഭീതിയും രസകരവും ആവുന്നത് രാത്രിയില്‍ ആണ്. ഓരോ ഇലയനക്കവും ഉള്ളില്‍ നേരിയ ഒരു ഭീതി ഉണ്ടാക്കും. അപ്പോള്‍ പേടി തോന്നുമെങ്കിലും ഓര്‍ക്കാന്‍ രസമുള്ള അനുഭവം ആണത്. ഒരു കൊമ്പനെ വഴിയില്‍ കാണണേ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം ഉള്ളിലെ ഭീതി കാണരുതേ എന്നും പറയുന്നുണ്ടാവും. ആ ത്രില്‍ തന്നെയാണ് ഇതിലെ രസവും. പക്ഷെ മാത്തുക്കുട്ടിയുടെ മുഖത്ത് ഒരു പേടിയും ഇല്ല. കാടിനെ കീറി മുറിച്ചു പാട്ടും പാടി കൂളായി ചെയ്യുന്നു . എനിക്കാണേല്‍ ആന മുന്നില്‍ വന്നു പെട്ടാല്‍ എന്ത് ചെയ്യും എന്ന് മാത്തുകുട്ടിയോട് ചോദിക്കാന്‍ പോലും ധൈര്യമില്ല.
നല്ല തണുപ്പും കോടമഞ്ഞും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതം . പൂത്തു നില്‍ക്കുന്ന പല വര്‍ണ്ണത്തിലുള്ള വേലിച്ചെടികള്‍ സൂര്യ വെളിച്ചത്തില്‍ നന്നായി തിളങ്ങുന്നു. ലെന്റാന എന്ന് വിളിക്കുന്ന ഈ വേലിച്ചെടികള്‍ക്ക് ഒരു ഗൃഹാതുരത്വത്തിന്‍റെ മുഖവും മണവുമാണ്. സ്കൂളിന്‍റെ അരികില്‍, നമ്മള്‍ സഞ്ചരിച്ച നാട്ടു വഴികളില്‍ , മറ്റേതേലും ഗ്രാമത്തില്‍ എല്ലാം ചിരപരിചയക്കാരെ പോലെ ഇവ നമ്മളെ നോക്കി ചിരിക്കാറില്ലേ..? ഒരിക്കലും ഒരു അന്യതാ ബോധം നല്‍കില്ല ഇവ. നിത്യവും നമ്മള്‍ കാണുന്ന ഒരു സുഹൃത്തിനെ പോലെ തോന്നും ഈ കുഞ്ഞു പൂക്കളെ കാണുമ്പോള്‍. നിഷ്കളങ്കാരായ ഈ പൂക്കളെ വേലി ചെടികള്‍ എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയത് ആരാണ് ..?
നൂല്‍പ്പുട്ടും മുട്ടക്കറിയും പിന്നെ കരിംചായയും. ഇതാണ് പ്രഭാത ഭക്ഷണം . വന്നു നിന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും ഗവിയിലെക്കുള്ള യാത്രക്കാര്‍ ഇറങ്ങി. ഉച്ചയോടടുക്കും ഇവര്‍ നടന്നു അവിടെ എത്തുമ്പോള്‍. ഒരു വാഹനം പോലും കിട്ടില്ല . അതറിയാതെ വന്നു പെടുന്നവര്‍ ആകും. പക്ഷെ വണ്ടിപ്പെരിയാര്‍ വഴി വരുന്നവര്‍ക്ക് വാഹന സൗകര്യം കിട്ടുമെന്ന് തോന്നുന്നു. ആനച്ചൂര് അടിച്ചപ്പോള്‍ പേടിച്ചു വഴിയില്‍ നിന്ന രണ്ട് പേരെ ഞങ്ങളുടെ വണ്ടിയില്‍ കയറ്റി. തീര്‍ച്ചയായും അവര്‍ക്കത് ആശ്വാസമായിക്കാണണം.
പെരിയാര്‍ വന്യ ജീവി സംരക്ഷണ വനത്തിന്‍റെ ഭാഗമാണ് ഗവി. സമൃദ്ധമായ കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. പ്രകൃതി അതിന്‍റെ എല്ലാ സൗന്ദര്യവും നല്‍കിയത് നമ്മുടെ കേരളത്തിനാണോ..? കേരളത്തിലെ മിക്ക സ്ഥലങ്ങള്‍ കാണുമ്പോഴും ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് തോന്നും. ഗവിയും വിത്യസ്ഥമല്ല. നിബിഡ വനങ്ങള്‍ അതിരിടുന്ന തടാകത്തില്‍ ബോട്ടിംഗ് നടത്താം. പക്ഷെ പാക്കേജ് ടൂറിന്‍റെ ഭാഗമായി വരുന്നവര്‍ക്കെ അവിടേക്ക് പ്രവേശനം ഉള്ളൂ. അതൊരു കുറവ് തന്നെയാണ്. മറ്റു നിലയില്‍ എത്തിപ്പെടുന്നവര്‍ക്ക് ടിക്കറ്റ് വെച്ചെങ്കിലും അതിനടുത്തേക്ക് പ്രവേശനം അനുവദിക്കാമായിരുന്നു. അതുപോലെ തടാകത്തിനു അരികെയുള്ള ചുവന്ന മണ്ണുകള്‍ ചെറിയൊരു കൃത്രിമത്വം തോന്നിപ്പിക്കുന്നുണ്ട്. നന്നായി മതിലുകള്‍ കെട്ടി അതൊന്നു മോടി പിടിപ്പിക്കാമായിരുന്നു.
ഗവി എന്ന ചെറിയ സ്ഥലത്തേക്കാള്‍ ഇവിടേക്കുള്ള യാത്ര ആയിരിക്കും നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കുക. കാരണം നിഗൂഡമായ കാട്ടു വഴികളിലൂടെ കാടിന്‍റെ സ്പന്ദനം അറിഞ്ഞു , കാട്ടു മൃഗങ്ങളോട് സല്ലപ്പിച്ചു , കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഇങ്ങിനെ യാത്ര ചെയ്യുന്നത് സമാനതകളില്ലാത്ത അനുഭവം തന്നെ. ആ ആനന്ദത്തിനൊപ്പം പ്രകൃതി സമ്മാനമായി നല്‍കിയ മഴ ആ സന്തോഷത്തെ ഇരട്ടിയാക്കി. ഒരു മലയണ്ണാന്‍ ചിലച്ചു കൊണ്ട് മറ്റൊരു മരത്തിലേക്ക് ചാടി മറിഞ്ഞു. ഈ മഴ അവനെയും സന്തോഷിപ്പിച്ചിരിക്കണം.
ശബരി മല തീര്‍ഥാടനം ചെയ്യുന്നവര്‍ വാവര്‍ പള്ളിയില്‍ കയറിയിട്ടെ പോകൂ. അപ്പോഴേ അവരുടെ കര്‍മ്മം പൂര്‍ത്തിയാകൂ എന്നാണ് വിശ്വാസം. ഞങ്ങളും നടത്തിയത് ഒരു തീര്‍ത്ഥയാത്ര തന്നെ . പക്ഷെ പ്രകൃതിയിലേക്ക് ആണെന്ന് മാത്രം. യാത്ര അവസാനിക്കുന്നതിനു പകരം പള്ളിയില്‍ കയറിയാണ് യാത്ര തുടങ്ങിയത്. എരുമേലി വന്നു പെട്ടപ്പോള്‍ മത സൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായ ആ പള്ളിയും കണ്ടു എന്ന് മാത്രം. കോട്ടയം, പത്തനംത്തിട്ട , ഇടുക്കി , എന്നീ ജില്ലകളിലൂടെയുള്ള യാത്ര നല്ലൊരു അനുഭവം ആയിരുന്നു.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജനശതാബ്ദി എക്സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കയറുമ്പോള്‍ മനസ്സ് നിറയെ സന്തോഷമുണ്ട്. ഒരു തീര്‍ഥാടനം നടത്തിയ സുഖം. പ്രകൃതി ഒരുക്കിയ കാഴ്ച്ചകള്‍, വാര്‍ത്തകളില്‍ വായിച്ചറിഞ്ഞ സ്ഥലങ്ങള്‍, ജോമോനും മാത്തുക്കുട്ടിയും സുഹൃത്തുക്കളും നല്‍കിയ ഊഷ്മളമായ ആഥിത്യം അങ്ങിനെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഹൃദ്യമായ രണ്ട് ദിവസങ്ങള്‍. അവധിക്കാലങ്ങള്‍ സന്തോഷകരമാവുന്നത് ഇങ്ങിനെയൊക്കെയാണ്. പുതിയ ദേശങ്ങള്‍ കാഴ്ച്ചകള്‍ , സ്നേഹം കോരി ചൊരിയുന്ന സുഹൃത്തുക്കള്‍. ഇവരെ, ഈ കാഴ്ചകളെ ഞാനെന്റെ സന്തോഷങ്ങളുടെ പുസ്തകത്തിലേക്ക് എഴുതി ചേര്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് എടുത്ത് പൊടിപിടിക്കാതെ മറിച്ചുനോക്കാന്‍.
Subscribe to:
Posts (Atom)