Sunday, June 26, 2011

ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.



നാടുകാണി ചുരവും കയറി ബന്ദിപൂര്‍ വനങ്ങള്‍ വഴിയുള്ള യാത്രകള്‍ ഇത്ര പ്രിയപ്പെട്ടതായത് എന്തുകൊണ്ടാണ്? പ്രത്യേകിച്ചും രാത്രിയിലെ യാത്രകള്‍. നിഗൂഡമായ ഒരു സൗന്ദര്യമുണ്ട് രാത്രിയില്‍ ഇതുവഴിയുള്ള യാത്രക്ക്. കാടിന്‍റെ ഭീകരമായ അന്തരീക്ഷത്തില്‍, മുന്നില്‍ വന്നുചാടിയേക്കാവുന്ന കാട്ടു മൃഗങ്ങളെയും ഭയന്ന് ഇടയ്ക്കിടയ്ക്ക് പാസ്‌ ചെയ്യുന്ന പാണ്ടി ലോറികളുമൊക്കെയായി ഈ രാത്രിയാത്രകള്‍ ആസ്വദിക്കാന്‍ പലവട്ടം ഇതിലൂടെ പോയിട്ടുണ്ട്. പിന്നിലോട്ടു മറയുന്ന വനങ്ങള്‍ക്കിടയില്‍ മുളയൊടിക്കുന്ന കാട്ടാനകള്‍ , ഇരുട്ടില്‍ വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി നമ്മെ തുറിച്ചുനോക്കുന്ന ചെന്നായകളും കുറുക്കന്മാരും, ഇവയൊക്കെ കാണുമ്പോള്‍ ഉള്ളില്‍ വരുന്ന ഭീതിനിറഞ്ഞ ഒരു അനുഭവമില്ലേ..? ഞാനതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു.

ഈ യാത്ര ഗുണ്ടല്‍പെട്ടയിലേക്കാണ്. മനസ്സില്‍ പതിയുന്ന ചില അനുഭവങ്ങളാണ് കന്നഡ ഗ്രാമങ്ങള്‍. നഗരത്തിന്‍റെ പൊലിമയിലൊന്നും ഇവര്‍ വീഴില്ല. പകരം കൃഷിയിലൂടെയും മറ്റും അവരുടെ വിയര്‍പ്പും നഗരങ്ങളിലെത്തുന്നു. എന്തൊരു രസമാണ് ഈ ഗ്രാമീണ റോഡുകളിലൂടെ നടക്കാന്‍ . ഇടയ്ക്കിടയ്ക്ക് വലിയ മരങ്ങള്‍. അതിനു താഴെ ചെറിയൊരു പ്രതിഷ്ഠ. തിരി എപ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് കാളവണ്ടികള്‍ , പിന്നെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന ട്രാക്ടറുകള്‍. ഇനിയൊരു പത്ത് വര്‍ഷം കഴിഞ്ഞാലും ഇവിടെ ഇങ്ങിനെതന്നെ ആയിരിക്കും.

ഞങ്ങളിപ്പോള്‍ കേജീ ഹള്ളി (Kaligowdanahalli) എന്ന ഗ്രാമത്തിലാണ്. ഇവിടെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കരിമ്പ്‌ കൃഷിചെയ്യുന്ന ഒരു സുഹൃത്തിന്‍റെ കൂടെ. ഇനി രണ്ട് ദിവസം ഈ ഗ്രാമമാണ് ഞങ്ങളുടെ ലോകം. കരിമ്പിന്‍ ‌ കാടുകളിലൂടെയും സൂര്യകാന്തി തോട്ടങ്ങല്‍ക്കിടയിലൂടെയും ഞങ്ങള്‍ അലഞ്ഞുനടന്നു. ഉള്ളിയും തണ്ണിമത്തനും ബീറ്റ്റൂട്ടും കടലയും എല്ലാം കൃഷി ചെയ്യുന്നുണ്ട് ഇവിടെ. കൃഷിയാണ് ഇവരുടെ ദൈവം. സ്ഥലത്തിന്‍റെ മുതലാളി രാമദേവ ഗൗഡ സ്നേഹമുള്ള ആള്‍ തന്നെയാണ്. പാടങ്ങള്‍ക്കിടയില്‍ വളരുന്ന തെങ്ങില്‍ നിന്നും ഇളനീര്‍ പൊട്ടിച്ചുനല്കാന്‍ കുശന്‍ എന്ന ശിങ്കിടിയോട്‌ ഗൗഡ പറഞ്ഞു. എന്തൊരു രുചി. തണ്ണിമത്തന്‍ പൊട്ടിച്ച്‌ അവിടന്ന് തന്നെ തട്ടാന്‍ രസം വേറെ തന്നെ. ഞങ്ങളുടെ ആവേശം കണ്ട് കുടവയറും കുലുക്കി ഗൗഡ ചിരിക്കുന്നു.

കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ചെറിയ കുളങ്ങള്‍. നല്ല തണുത്ത വെള്ളം. മുങ്ങി നിവരുമ്പോള്‍ തണുപ്പ് കാരണം വിറക്കുന്നു. പക്ഷെ ക്ഷീണം പരിസരത്ത് കാണില്ല പിന്നെ. കരിമ്പിന്‍ കാടിന് അരികെ പുല്‍പായ വിരിച്ചു ഉച്ചയൂണ്. ഉമ്മച്ചി പൊതിഞ്ഞു തന്ന ബീഫ് ഫ്രൈയുടെ മണം കുറ നേരത്തെ തന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഗൗഡയുടെ കുടവയര്‍ ഇത്തിരി പേടിപ്പിച്ചെങ്കിലും വെജിറ്റെറിയന്‍ ആണെന്നുള്ള പ്രഖ്യാപനം ആശ്വാസം തന്നു. "സ്നേഹം വേറെ ബീഫ് ഫ്രൈ വേറെ".
പഞ്ചായത്ത് ആപ്പീസില്‍ പോവണം, നാളെ കാണാം എന്നും പറഞ്ഞു ഒരു ട്രാക്ടറില്‍ കയറി ഗൗഡ പോയി. കുശണ്ണന്‍ കൂടെത്തന്നെയുണ്ട്‌.

ഇവിടെ തന്നെ ഒന്ന് മയങ്ങാം. കരിമ്പിന്‍കാടുകള്‍ക്കിടയിലൂടെ മൂളിവരുന്ന പാട്ടിനൊപ്പിച്ച് സൂര്യകാന്തി പൂക്കള്‍ താളം പിടിക്കുന്നു. പുല്‍ത്തകിടിയില്‍ മാനം നോക്കി നോക്കി അങ്ങിനെ മയങ്ങിപോയി എല്ലാരും. എത്ര നേരം ഉറങ്ങിയോ ആവോ. ഉണര്‍ന്നപ്പോള്‍ കട്ടന്‍ ചായയുമായി ഒരു പെണ്ണ്. കുശണ്ണന്‍ പറഞ്ഞു, "നിങ്ങളുടെ നാട്ടുകാരി ആണ് ". കല്‍പ്പറ്റയില്‍ നിന്നും കല്യാണം കഴിഞ്ഞു ഇവിടെ എത്തിയതാണ്. ചിത്ര പറഞ്ഞു തുടങ്ങി. ഇവിടെ കള പറിച്ചും മറ്റു കൂലി പണികള്‍ ചെയ്തും നില്‍ക്കുന്നു. ഭര്‍ത്താവും അതെ. ചിത്രയുടെ വിഷമം അതല്ല. അവിടത്തെ പെണ്ണുങ്ങള്‍ അവളോടൊപ്പം ജോലി ചെയ്യും. പക്ഷ ഭക്ഷണം ഒന്നിച്ചു കഴിക്കില്ല. ജാതി താഴെയാണത്രെ. ഇതിനൊരു പരിഹാരം ഞങ്ങളുടെ അടുത്തില്ല ചിത്രേ. എന്നാലും മലയാളം പറയാന്‍ ആളെ കിട്ടിയതില്‍ അവള്‍ക്കും സന്തോഷം.

ഇന്നത്തെ രാത്രി ഞങ്ങള്‍ ഇവിടെയാണ്‌. കൃഷിയിടങ്ങള്‍ക്ക് നടുവിലായി ഗൗഡയുടെ തന്നെ ഒരു ചെറിയ വീട്. എന്തൊരു പ്രസന്നതയാണ് ഇവിടത്തെ അന്തരീക്ഷത്തിന്‌.
ഇന്ന് രാത്രി നെയ്ച്ചോറും ചിക്കനും ആവാം. നജ്മുവും ആരിഫും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയി. "പെട്ടൊന്ന് മടങ്ങണം. പകല് പോലെയല്ല ഇവിടെ രാത്രി".
കുശണ്ണന്‍ ഓര്‍മ്മിപ്പിച്ചു. വീടിനു പുറത്തിറങ്ങിയപ്പോള്‍ എന്തൊരു തണുപ്പ്. കോടമഞ്ഞ്‌ ഇറങ്ങിയിട്ടുണ്ട്. തണുത്താലും വേണ്ടീല, ഇത് ആസ്വദിച്ചേ പറ്റൂ. വില്‍സിനൊന്നും സ്ട്രോങ്ങ്‌ പോര. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലില്‍ ഇരുന്ന്‌ ശാപ്പാട്. ഓരോന്നും ഓരോ അനുഭവമാണ്. തണുപ്പും ഒട്ടും സഹിക്കില്ല എന്നായപ്പോള്‍ ഉറങ്ങാന്‍ കിടന്നു.

ഇത്രയും സുന്ദരമായ പ്രഭാതം മുമ്പ് കണ്ടിട്ടുണ്ടോ? സൂര്യകാന്തി പൂക്കളിലെ മഞ്ഞുത്തുള്ളികള്‍ ഇളം വെയിലില്‍ മിന്നിത്തിളങ്ങുന്നു. കളത്തില്‍ നിറയെ പെണ്ണുങ്ങള്‍. പാട്ടും വര്‍ത്താനവുമായി എന്തൊരു സന്തോഷത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്. പ്രകൃതിയോടു ചേര്‍ന്നുതന്നെ വേണം പ്രഭാത കര്‍മ്മങ്ങളും. യാത്ര സിനിമയിലെ രംഗം ഓര്‍മ്മവന്നത് കൊണ്ടോ എന്തോ ഞാനൊന്ന് മടിച്ചു. നാണം കൊണ്ടൊന്നും അല്ല. ഒരു കന്നടകാരിയെ പ്രേമിച്ചു നടക്കാനൊന്നും നമുക്ക് ടൈം ഇല്ല. പിന്നെ ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ".

ഇനി തിരിച്ചുപോകാം. ഗൗഡ കുറെ തണ്ണിമത്തനും ഇളനീരും വണ്ടിയില്‍ എടുത്തു വെപ്പിച്ചു. എതിര്‍പ്പ് സ്നേഹത്തിന്‌ വഴിമാറി. ഇനിയും വരണമെന്ന് ഓര്‍മ്മിപ്പിച്ചു. എങ്ങിനെ വരാതിരിക്കും? തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങള്‍ വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധികാലത്തിന്.

കോടമഞ്ഞും സൂര്യകാന്തി വര്‍ണങ്ങളും സന്തോഷത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ രണ്ടു ദിവസങ്ങള്‍. ഞങ്ങള്‍ ഇറങ്ങി. ഇനി വീണ്ടും ബന്ദിപൂരിന്‍റെയും മുതുമലയുടെയും നിഗൂഡതകളിലൂടെ നാടുകാണി ചുരവും ഇറങ്ങി നാട്ടിലേക്ക്.
സൂര്യകാന്തി പൂക്കള്‍ തലകുലുക്കി ഞങ്ങളോട് യാത്ര പറഞ്ഞു.

(ചിത്രം ഗൂഗിള്‍ )

Monday, June 20, 2011

ഈന്തപ്പനകളുടെ തണലില്‍..



ഇവിടെ ചൂടിന് അല്പം കുറവ് വന്നിട്ടുണ്ട് . രണ്ട് ദിവസമായി നിര്‍ത്താതെ വീശുന്ന പൊടിക്കാറ്റ് നിലച്ചിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷം. ജോലി കഴിഞ്ഞ് പുറത്തിങ്ങനെ കുറച്ച് സമയം സൊറ പറഞ്ഞു നില്‍ക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് നല്ല രസമാണ്. തൊട്ടപ്പുറത്ത് മിലിട്ടറി ചെക്ക്‌ പോസ്റ്റില്‍ വാഹനങ്ങളുടെ നീണ്ട നിര.

കുറെ നാളായി ബഹ്റൈനെ പറ്റി എന്തെങ്കിലും എഴുതണം എന്ന് കരുതുന്നു. ചിലരൊക്കെ ചോദിക്കുകയും ചെയ്തു. ശരിയാണത്. ഇവിടെത്തി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഈ നാടിനെ പറ്റി കാര്യമായി ഒന്നും പറഞ്ഞില്ല ഞാനായിട്ട്. അല്ലെങ്കിലും ഒന്ന് നീട്ടി നടന്നാല്‍ കണ്ട് തീര്‍ക്കാവുന്ന ഈ കൊച്ചു ദ്വീപിനെ പറ്റി എന്ത് പറയാനാണ് . സ്ഥലവും കാഴ്ചകളും പറഞ്ഞാല്‍ നിങ്ങള്‍ക്കും ഇഷ്ടാവില്ല. അതൊക്കെ എല്ലാവരും പറഞ്ഞതും എഴുതിയതും അല്ലേ.

പതുക്കെ സമാധാനത്തിലേക്ക് തിരിച്ചെത്തുകയാണ് ഈ കൊച്ചു ദ്വീപ്‌ .എങ്കിലും പത്തു മിനുട്ടിനുള്ളില്‍ ഓടിയെത്താവുന്ന ഓഫീസിലേക്ക് ഇപ്പോഴും രണ്ട് ചെക്ക് പോസ്റ്റ്‌ കഴിയണം. അതൊരു പുതിയ അനുഭവം ആണ്. എന്നും ഈ വഴി പോകുന്നത് കൊണ്ടാവാം. "വേറെ ജോലിയൊന്നും ഇല്ലേടെയ്" എന്ന ചോദ്യം അവരുടെ മുഖത്തും ഉണ്ട്. ഇതും ഇപ്പോള്‍ ഒരു പതിവ് കാഴ്ച ആയി. അല്ലേലും അങ്ങിനെ തന്നെയല്ലേ പ്രവാസം. യാന്ത്രികമായി നീങ്ങുന്ന ദിവസങ്ങള്‍. ഒരു മാറ്റവും ഇല്ലാതെ ഒരേ കാര്യങ്ങള്‍ , രീതികള്‍, കാഴ്ചകള്‍. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ വിത്യസ്തമായി എന്തെങ്കിലും കാണാന്‍ പറ്റുമോ എന്ന്.

തുടക്കം ഫ്ലാറ്റിന്‍റെ മുമ്പില്‍ നിന്ന് തന്നെയാകാം. ഒരു പാലപൂവിന്‍റെ മണം വരുന്നില്ലേ. തൊട്ടു മുന്നിലെ അറബി വീടിന്‍റെ മുമ്പില്‍ നിന്നാണ്. നിറയെ പൂക്കളുമായി രണ്ടെണ്ണം ഉണ്ട്. നാട്ടില്‍ നിന്നും മൈന്‍ഡ് ചെയ്യില്ലായിരുന്നു പാലപൂക്കളെ. യക്ഷികളുടെ അധിവാസമല്ലേ. നോവലില്‍ വായിച്ചു വായിച്ചു ഒരു പേടിപ്പെടുത്തുന്ന സിംബല്‍ ആയി മാറിയിരുന്നു പാലമരം. പക്ഷെ പകലും രാത്രിയും വേര്‍തിരിച്ചറിയാത്ത ഈ ഗള്‍ഫില്‍ എന്ത് യക്ഷി. പക്ഷെ ഈ പാലമരം എന്തേ ഞാനിതുവരെ കാണാതെ പോയി. ഉത്തരം കൂടുതല്‍ അന്യോഷിക്കേണ്ട. വീട് വിട്ടാല്‍ ഓഫീസും, ഓഫീസ് കഴിഞ്ഞാല്‍ വീടും എന്ന രീതിയില്‍ ഓടുന്ന നമുക്ക് ഇതൊക്കെ കാണണമെങ്കില്‍ ഇങ്ങിനെ ഒന്ന് മാറി നിന്ന് നോക്കണം. രാത്രിയില്‍ കാണാനാണ് ഇതിനു ഭംഗി കൂടുതല്‍. സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ വെള്ള പൂക്കള്‍ക്ക് നല്ല ഭംഗിയുണ്ട്. ഒപ്പം ഈ മണം എന്നെയും കൊണ്ട് കടല്‍ കടന്ന് നാട്ടിലും എത്തിച്ചു.

തൊട്ടപ്പുറത്തെ കാഴ്ച കൂടുതല്‍ സന്തോഷം നല്‍കുന്നു. നല്ല പച്ചപ്പില്‍ വിശാലമായി ചില്ലകള്‍ വിരിച്ച്‌ ഒരു മുരിങ്ങ മരം. അതും പൂവിട്ടിട്ടുണ്ട്. മടുപ്പിക്കുന്ന മണം ആണെങ്കിലും അത് കാണാന്‍ ഭംഗിയാണ്. ചിലപ്പോള്‍ ഈ മണ്ണില്‍ ഇത് കാണുന്നത് കൊണ്ടാവും. പിന്നെ നാടിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാഴ്ചയും ആണല്ലോ അത്. ഇതെന്താണ് സംഭവം എന്നറിയുമോ ഈ അറബികള്‍ക്ക്. അറിയാന്‍ വഴിയില്ല . ചോദിക്കാനും വയ്യ.

ഞാനൊന്ന് നടക്കാന്‍ ഇറങ്ങി. സുഡാനി ഇക്കയുടെ ഗ്രോസറിയില്‍ നിന്നും ദേശീയ ഭക്ഷണമായ കുബൂസ് വാങ്ങണം. പക്ഷെ അവിടെത്തുന്നതിന് മുമ്പ് പുതിയൊരു കാഴ്ച കൂടി വന്നിട്ടുണ്ട്. ഒരു അറബി വില്ലയുടെ മുറ്റത്ത്‌ ഒരു ഉഗ്രന്‍ വാഴ കുലച്ചു നില്‍ക്കുന്നു. ആര് നട്ടതാവും അത്. ഒരു മലബാറി കൈ അതിന്റെ പിന്നില്‍ ഉണ്ടാവും എന്ന് എനിക്ക് തോന്നി. രണ്ട് പ്രാവിശ്യം ഞാന്‍ അതിന്‍റെ ഫോട്ടോ ഒന്ന് പകര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ആ ഇന്തോനേഷ്യന്‍ ഹൗസ് മെയിഡ് മുറ്റത്ത്‌ തന്നെ കാണും. നമ്മടെ കഷ്ടകാലത്തിന് ഇനി ഫോട്ടോ എടുക്കുന്നത് അവളുടെതാണ് എന്ന് കരുതിയാല്‍ മാനം തിരിച്ച് വിമാനം കയറേണ്ടി വരും. തല്ക്കാലം ഫോട്ടോ വേണ്ട , മാനം മതി. ക്ഷമിക്കുമല്ലോ.

സുഡാന്‍ ഇക്ക നല്ല ചൂടിലാണ്. ഏതോ അറബി ചെക്കന്‍ ടെലഫോണ്‍ കാര്‍ഡ് മേടിച്ചു കാശ് കൊടുക്കാതെ ഓടിയ ചൂടിലാണ് . "കൈഫല്‍ ഹാല്‍" എന്ന് ചോദിച്ച എന്നെ തല്ലിയില്ല എന്നെ ഉള്ളൂ. അല്ലേലും സ്ഥിരമായി ഒരു പെപ്സി മേടിക്കുന്ന ഈ റോയല്‍ കസ്റ്റമറെ തല്ലാന്‍ വഴിയില്ല. പക്ഷെ ആള് നല്ല രസികന്‍ ആണ്. നല്ല തമാശ പറയും. അറബിയില്‍ പറയുന്ന തമാശകള്‍ കേട്ട് ഞാന്‍ കൂടുതല്‍ ആവേശത്തില്‍ ചിരിക്കും. കാരണം അതെനിക്ക് മനസ്സിലാവില്ല. എപ്പോഴാണാവോ പണി പാളുക. ഇനി സൂക്ഷിക്കണം.

അതിനിടക്ക് ഒരു വെള്ളിയാഴ്ചയും എത്തി. മക്കള്‍ക്കും കേട്ട്യോള്‍ക്കും സന്തോഷം. ഇന്ന് ബിരിയാണി ഉണ്ടാവും ഉച്ചക്ക്. പക്ഷെ അത് ഉണ്ടാക്കണമെങ്കില്‍ ആദ്യം ഹഫിയുമായി കരാറില്‍ ഒപ്പിടണം. ഇന്ന് നെറ്റില്‍ കയറില്ല എന്ന്. ശരി മാഡം. ആദ്യം ബിരിയാണി പോരട്ടെ. കരാര് ഇന്ത്യ- പാക് കരാര് പോലെ ആവിശ്യം വന്നാല്‍ ഉണ്ടാക്കുകയും അത്യാവിശ്യം വന്നാല്‍ ലംഘിക്കാനും ആണ്.

ഈ വൈകുന്നേരം ഒന്ന് പുറത്തേക്കിറങ്ങട്ടെ . പാര്‍ക്ക് അടുത്തുതന്നെ ‍. ഇതൊക്കെയല്ലേ ഇവിടത്തെ സന്തോഷം. പക്ഷെ കൃത്രിമമായ ഇവിടത്തെ ഒരുക്കങ്ങളില്‍ ഓടികളിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഒരു സങ്കടം അറിയാതെ വന്നുപോകുന്നു. അവര്‍ക്ക് നഷ്ടമാകുന്ന നാട്ടിലെ ശുദ്ധമായ കളിയരങ്ങുകളെ പറ്റി. നല്ല നാടന്‍ മണ്ണില്‍ ഓടിയും മണ്ണപ്പം ചുട്ടും കളിക്കാന്‍ കഴിയാതെ പോകുന്ന ബാല്യത്തെ പറ്റി , കണ്ണി മാങ്ങ പറിച്ച് ഉപ്പും മുളകും കൂട്ടി തിന്നുകയും അതില്‍ ഒരു കഷ്ണം കിട്ടാതെ വരുമ്പോള്‍ കരഞ്ഞു കൊണ്ട് ഓടി വന്ന് ഉമ്മയോട് പരാതി പറയാന്‍ കഴിയാത്തത്, അതിനൊക്കെ പുറമേ വല്യുപ്പ കൊണ്ട് വരുന്ന വാത്സല്യത്തില്‍ പൊതിഞ്ഞ മിഠായി പൊതികള്‍ , കൂടാതെ വല്യുമ്മ പറഞ്ഞു കൊടുക്കുന്ന മുത്തശ്ശി കഥകളും. കുഞ്ഞുങ്ങളെ .. ഞങ്ങള്‍ക്ക് മാപ്പ് തരിക. ചിലതൊക്കെ നഷ്ടപ്പെടുത്തിയെ ചിലത് നേടാനാവൂ. അങ്ങിനെ സമാധാനിക്കാം. ല്ലേ..?

ഈന്തപനകള്‍ കുലച്ചു തുടങ്ങിയിട്ടേ ഉള്ളൂ. ഇവിടത്തെ മാമ്പഴ കാലമാണ് ഇത് പഴുക്കുന്ന സമയം. റോഡരികില്‍ തണലും പിന്നെ സമൃദ്ധമായ വിളവുമായി അവ കുലച്ചു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. ഇത് പാകമാവുമ്പോഴേക്കും നാട്ടില്‍ ഒരവധിക്കാലം കഴിഞ്ഞു തിരിച്ചെത്താം. ഇതുപോലെ വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവിലും കാണുമോ കുലച്ചു നില്‍ക്കുന്ന മാങ്ങകള്‍. ഞങ്ങള്‍ക്ക് കണിയൊരുക്കാന്‍ ..?

(ഫോട്ടോ ഗൂഗിള്‍ )

Saturday, June 4, 2011

ഇലഞ്ഞിപ്പൂക്കള്‍ പറയുന്നത്



"പൂവു നുള്ളീടവേ നിൻ വിരൽ സ്പർശവും
ഈ വെറും മുൾ ചെടിക്കാത്മ ഹർഷം"

ഉമ്പായി പാടി നിര്‍ത്തിയിടത്ത് നിന്നും പ്രകൃതി തുടങ്ങി.
ഈ കുളിരുള്ള വെളുപ്പാന്‍ കാലത്ത് ഒരു മഴക്കുവേണ്ടി കുറെ നേരമായി ഞാന്‍ കാത്തിരിക്കുന്നു.
ഒരു കാര്യം ഉറപ്പാണ്. മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാകില്ല.
മനസ്സിലെ പ്രണയം പെയ്തു തീരുകയും ഇല്ല.
മഴ പെയ്തു തുടങ്ങി .......
ഓരോ മഴത്തുള്ളിയും വന്ന്‌ വീഴുന്നത് ഭൂമിയിലേക്ക്‌ മാത്രമല്ല. എന്നിലേക്ക്‌ കൂടിയാണ്. തണുക്കുന്നത് ഭൂമി മാത്രമല്ല , മനസ്സും കൂടിയാണ്.
മഴത്തുള്ളികള്‍ ഉറവകളായി ....പിന്നെ പുഴയായി ഓര്‍മ്മകളുടെ സമുദ്രത്തില്‍ അലിഞ്ഞു ചേരും.
മഴയ്ക്ക് പതിവിലും ശക്തി കുറവാണ് . എന്നാലും മുറിയാതെ പെയ്യുന്നുണ്ട്. മുന്നയും സിനുവും ഒരു കുടക്കീഴില്‍ നടന്ന് വരുന്നുണ്ട്. സ്കൂളിലേക്കാണ്. ബെല്ലടിക്കുന്നതിനു മുമ്പ് ക്ലാസ്സില്‍ എത്താനുള്ള വെപ്രാളം മുന്നയുടെ മുഖത്ത് ഉണ്ട്. എന്നാല്‍ കുസൃതിയായ സിനുവാകട്ടെ മഴ വെള്ളം തട്ടി തെറിപ്പിച്ചാണ് നടക്കുന്നത്. ഒരു സഹോദരന്‍റെ അധികാര ഭാവത്തില്‍ എന്നോണം ഇടയ്ക്കിടയ്ക്ക് മുന്ന അവളെ വഴക്ക് പറയുന്നുമുണ്ട്. പക്ഷെ അവള്‍ക്കുണ്ടോ പുതുമ.

ഈ തവണ അവധിക്ക് നാട്ടിലെത്തിയത് മുതല്‍ ഇവരാണ് എന്‍റെ പുതിയ കൂട്ടുകാര്‍ . തലമുറകളുടെ അന്തരം ഇവരുടെയിടയില്‍ ഞാന്‍ മറക്കുന്നു. എന്‍റെ അയല്പക്കത്തുള്ളവരാണ് ഈ കുസൃതികള്‍.
ഇന്ന് വൈകുന്നേരം അവര്‍ സ്കൂള്‍ വിട്ട് വന്നാല്‍ എനിക്ക് ഇലഞ്ഞി പൂമരം കാട്ടിത്തരാം എന്ന് ഏറ്റിട്ടുണ്ട് . എന്‍റെ അറിവില്‍ വീടിന്‍റെ പരിസരത്ത് അങ്ങനെയൊരു പൂമരം ഉള്ളതായി എനിക്കൊരു ഓര്‍മയും ഇല്ല. പക്ഷെ അത് കാണണം എന്ന് അതിയായ ആഗ്രഹം തോന്നി . കാരണം സ്കൂളിലെ ക്ലാസ് മുറികളുടെ ഗന്ധമാണ് ഇലഞ്ഞിപ്പൂക്കള്‍ക്ക്. പണ്ട് ഈ പൂക്കള്‍ കൊണ്ട് വലിയ മാലകള്‍ കോര്‍ത്ത്‌ കൊണ്ട് വരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അപ്പോള്‍ ക്ലാസ് നിറയെ ഇലഞ്ഞി പൂക്കളുടെ മാദക ഗന്ധം ആയിരിക്കും.

മഴയ്ക്ക് ശക്തി കൂടി. ഒപ്പം ചെറിയ കാറ്റും . കാറ്റിനൊപ്പം മഴവെള്ളം തുള്ളികളായി എന്‍റെ ശരീരത്തിലേക്ക് തെറിക്കുന്നുണ്ട്. എനിക്ക് മാറിയിരിക്കാന്‍ തോന്നിയില്ല. മരുഭൂമിയിലെ ഉഷ്ണക്കാറ്റില്‍ പൊള്ളുന്ന എന്‍റെ പ്രാവാസി നൊമ്പരങ്ങളെ ... നിങ്ങള്‍ തല്‍ക്കാലം മാറി നില്‍ക്കുക.
ഞാനെന്‍റെ നാടിന്‍റെ പ്രകൃതിയോട് അല്‍പം സംസാരിക്കട്ടെ.

" അങ്ങട്ട് മാറിയിരുന്നോ. ഉള്ള അവധി പരിചയം ഇല്ലാത്ത മഴവെള്ളം കൊണ്ട് പനി പിടിച്ച് കളയേണ്ട".
ഉമ്മയാണ്. അങ്ങിനെയല്ലേ പറയൂ. ലീവ് കുറഞ്ഞു പോയതിന്‍റെ പരിഭവം കൂടിയുണ്ട് ആ വാക്കുകളില്‍.
പക്ഷെ.....ഉമ്മാക്കറിയാം മഴയ്ക്ക് എന്നെയും എനിക്ക് മഴയേഴും വിടാന്‍ പറ്റില്ലെന്ന്.



നാട്ടിലെത്തിയാല്‍ ഉച്ചയുറക്കം പതിവില്ല. പക്ഷെ ഇന്ന് ശാപ്പാട് ഇത്തിരി കൂടിപ്പോയി. എനിക്കിഷ്ടപ്പെട്ട മുരിങ്ങയില തോരനും ചെമ്മീന്‍ ചമ്മന്തിയും. പിന്നെ മീന്‍ മുളകിട്ടതും . പോരെ പൂരം. ഞാന്‍ തിരിഞ്ഞ് നോക്കാതെ തട്ടി. ഒരു വയറ് വാടകയ്ക്ക് കിട്ടിയിരുന്നെങ്കില്‍ കുറച്ചൂടെ കഴിക്കാമായിരുന്നു. ഇങ്ങിനെ വയറ് നിറഞ്ഞാല്‍ ഉറക്കം ഞാന്‍ പറയാതെ തന്നെ വരും. ബെഡ് റൂമിന്‍റെ ജനല്‍ തുറന്നു. മഴ തോര്‍ന്നെങ്കിലും മൂടി കെട്ടിയ അന്തരീക്ഷം . ചെന്തെങ്ങിന്‍റെ പട്ടയില്‍ നിന്നും നേരത്തെ പെയ്ത മഴയുടെ ബാക്കി ഇറ്റിറ്റു വീഴുന്നുണ്ട്‌. അറിയാതെ ഞാനൊന്ന് മയങ്ങി.
അങ്ങനെ ഒരു സ്വപ്നത്തിലേക്ക് വഴുതി വീഴുമ്പോള്‍ മുന്നയുടെ വിളിയാണ് എന്നെ ആ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയത് .
ഇവനെന്‍റെ സ്വപ്നം മുഴുവനാക്കാന്‍ സമ്മതിച്ചില്ല. അഹങ്കാരി .
പക്ഷെ അവനുണ്ടോ വല്ല ഭാവ ഭേദവും.
"എന്തുറക്കമാ ഇത് . ഒന്ന് വേഗം വാ" എന്ന ലൈനില്‍ ആണ് കുട്ടി സഖാവ്. അവന്‍റെ കുസൃതി പെങ്ങളും കാണും മുറ്റത്ത്‌ . ഉമ്മ കാണാതെ വല്ല പൂവോ ചെടികളോ അടിച്ചു മാറ്റാനുള്ള ശ്രമത്തില്‍ ആയിരിക്കും അവള്‍. ഉമ്മ തന്ന കട്ടന്‍ ചായ കുടിച്ചിട്ട് ഞാന്‍ അവരോടൊപ്പം ഇറങ്ങി. എന്‍റെ പുതിയ ചങ്ങാതിമാരെ കണ്ട്‌ ഉമ്മാക്ക് ചിരി. കുറച്ചു ദൂരം ഞങ്ങള്‍ നടന്നു. രണ്ട് മൂന്ന്‌ പറമ്പിനപ്പുറത്ത്‌ ആ ഇലഞ്ഞി പൂമരം കണ്ടു. അടുത്ത് എത്തിയപ്പോള്‍ ഞാന്‍ ആ മരത്തില്‍ ഒന്ന് തൊട്ട് നോക്കി. ഇങ്ങനെയൊരു ഇലഞ്ഞി മരം ഇവിടെ ഉള്ളതായി ഞാന്‍ എന്തെ ഇന്നേ വരെ അറിഞ്ഞില്ല . മനസ്സില്‍ പറയാന്‍ പറ്റാത്ത ഒരു സന്തോഷം . പൂവിടുന്ന സമയം അല്ലെങ്കിലും ആ ഇലഞ്ഞി പൂക്കളുടെ ഒരു ഗന്ധം എനിക്ക് അനുഭവിക്കാന്‍ ആവുന്നുണ്ട്‌. എന്‍റെ ഓര്‍മ്മകള്‍ ഇലഞ്ഞി പൂക്കളുടെ മണം നിറഞ്ഞ ആ പഴയ ക്ലാസ് മുറിയിലേക്ക് പോവുന്നുമുണ്ട്.



ഒരു മരം കണ്ടാല്‍ ഇങ്ങിനെ പരിസരം മറക്കുമോ എന്ന ഭാവത്തില്‍ നില്‍ക്കുകയാണ് മുന്ന. സിനു ഒരു ഭാഗം പൊട്ടിയ പല്ല് കൊണ്ട് ഒരു നെല്ലിക്ക കടിച്ചു തിന്നുന്നു. അവള്‍ ഇതൊന്നും അറിയുന്നില്ല . ഈ വട്ട് ഒന്നും നമ്മളെ ബാധിക്കില്ല എന്ന നിലയില്‍. ഒരു പക്ഷെ കുട്ടിക്കാലത്ത് ഈ ഇലഞ്ഞിമര ചുവട്ടില്‍ ഞാനും വന്നിരിക്കാം, എന്‍റെ ബാല്യം ഇതുപോലൊരു നെല്ലിക്കയുടെ മധുരത്തില്‍ ഇത് കാണാതെ പോയതും ആകാം.

ഞാന്‍ തിരിച്ചു നടന്നു. മഴക്കാലാമായതിനാല്‍ നല്ല പച്ചപ്പ്‌ ഉണ്ട്. എവിടെയെങ്കിലും ഒരു കശുവണ്ടി മുളച്ചത് ഉണ്ടോ എന്ന് അറിയാതെ നോക്കിപ്പോയി ഞാന്‍ . മണ്ണില്‍ വീണ് മുളച്ച കശുവണ്ടിയുടെ പരിപ്പ് കഴിക്കാന്‍ എന്ത് രസമായിരുന്നു. പഴയ കമ്മ്യൂണിസ്റ്റ് അപ്പയൊന്നും കാണാനേയില്ല . പിന്നെ ശരീരം ചൊറിയുന്ന ആ തുവ്വയും. അതുമായി ഒന്ന് കൊമ്പ് കോര്‍ക്കാന്‍ ഇപ്പോള്‍ ഞാന്‍ തയ്യാറായിരുന്നു. പണ്ട് തൊടിയില്‍ കൂടി ഓടികളിക്കുമ്പോള്‍ എന്നെ ഉപദ്രവിച്ചതിന് പകരം വീട്ടാനും. പക്ഷെ മുന്നില്‍ വന്ന്‌ പെട്ടില്ല ആരും .
വീണ്ടും ഒരു മഴക്കോള് വരുന്നുണ്ട്. പീടികയില്‍ പോകാന്‍ മുന്നയെ അവന്‍റെ ഉമ്മ വിളിക്കുന്നു. എന്നിട്ടും അവര്‍ എന്‍റെ കൂടെ വീട് വരെ വന്നു.
പണ്ട് ഞാനും ഇങ്ങനെയായിരുന്നല്ലോ , ഉമ്മയുടെ എത്രയോ വിളികള്‍..... കേട്ടിട്ടും കേള്‍ക്കാതെ ഭാവത്തില്‍ ഞാന്‍ എവിടെയൊക്കെയോ ഒളിച്ചു നിന്നിരുന്നു.

വീട്ടിലേക്കു തിരിച്ചു പോകും മുമ്പ് മുന്ന എന്തോ പറയാന്‍ പരുങ്ങുന്നതായി തോന്നി. ഒരു കള്ളത്തരം ഉണ്ടല്ലോ എന്ന് ആ കള്ള ചിരിയില്‍ എനിക്ക് തോന്നാതിരുന്നില്ല. അവര്‍ക്ക് വിരിഞ്ഞു നില്‍ക്കുന്ന ബോഗന്‍ വില്ലയുടെ ഒരു കൊമ്പ് കിട്ടണം. അപ്പോള്‍ അതാണ്‌ കാര്യം. ഉമ്മയോട് ചോദിച്ചാല്‍ കിട്ടില്ല.



ഇപ്പോള്‍ ഇതൊക്കെയാണ് എന്‍റെ ഉമ്മയുടെ ലോകം. ഞാന്‍ നാട്ടില്‍ വരും വരെ ഈ പൂക്കളും ചെടികളും ആണ് ഉമ്മയുടെ മക്കള്‍. ഞാന്‍ നാട്ടിലെത്തിയാല്‍ പിന്നെ പൂക്കളെ നോക്കാന്‍ ഉമ്മാക്ക് സമയം തികയില്ല. പൂക്കള്‍ക്ക്‌ എന്നോട് ദേഷ്യമുണ്ടാകുമോ? . എത്രയെത്ര പൂക്കളാണ് വിരിഞ്ഞുനില്‍ക്കുന്നത് . പല വര്‍ണ്ണങ്ങളില്‍.
ആ കാഴ്ച മനസ്സിന് സന്തോഷം നല്‍കുന്നു. ഈ ബോഗണ്‍ വില്ലകള്‍ പുതിയ അതിഥികള്‍ ആണെന്ന് തോന്നുന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവരൊന്നും ഉണ്ടായിരുന്നില്ലല്ലോ.
ഞാന്‍ ഉമ്മ കാണാതെ അവര്‍ക്കൊരു കൊമ്പ് മുറിച്ചു കൊടുത്തു. ഒരു മുള്ളുകൊണ്ട് വിരലില്‍ അല്‍പ്പം രക്ത പൊടിഞ്ഞു . എന്നോടുള്ള ദേഷ്യം തീര്‍ത്തതാവും അവര്‍. ബോഗണ്‍ വില്ല കിട്ടിയ സന്തോഷത്തില്‍ പൊട്ടിയ പല്ലുമായി സിനു ചിരിക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. മഴയത്ത് നട്ടാല്‍ ഇത് തളിര്‍ക്കില്ല എന്നറിയാം. എന്നാലും ഈ കുട്ടികളുടെ സന്തോഷം കളയേണ്ട. ഉമ്മയെ കാണാതെ അത് ഒളിപ്പിച്ചു പിടിച്ച് അവരോടി. അപ്പോഴും സിനു മഴവെള്ളം തട്ടി തെറിപ്പിച്ചാണ് ഓടുന്നത് . പക്ഷ ഇത്തവണ മുന്നയും അവളോടൊപ്പം കൂടി.

വീണ്ടും മഴ പെയ്തു തുടങ്ങി. പക്ഷെ ഈ മഴയ്ക്ക് ഒരു ഇലഞ്ഞി പൂവിന്‍റെ സുഗന്ധം കൂടിയുണ്ടല്ലോ ‍. ബാല്യത്തിന്‍റെ നനു നനുത്ത ഓര്‍മ്മകളും. ഞാന്‍ വീണ്ടും ഉമ്മറത്തേക്ക് കയറിയിരുന്നു. മഴയോടൊപ്പം ഓര്‍മ്മകളെ താലോലിച്ച് ഇങ്ങിനെ കുറച്ച് നേരം ഇരിക്കാം


(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തത്‌)