Saturday, February 26, 2011

കഥ പറയുന്ന കടലോരം .



മഴമേഘങ്ങള്‍ മാറി മാനം തെളിഞ്ഞ ഈ വൈകുന്നേരം ഞങ്ങളിരിക്കുന്നത് കാപ്പാട് കടപ്പുറത്താണ്. കുട്ടനാടന്‍ കാഴ്ചകള്‍ വിട്ട് ചെറുവാടി ഗ്രാമത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ എത്തിയ സുഹൃത്ത്‌ പ്രകാശും ഉണ്ട് കൂട്ടിന്. ഇന്നത്തെ യാത്ര ഇവിടേക്കാവാമെന്നത് എന്റെ നിര്‍ദേശം തന്നെ. കാരണം മറ്റു തീരങ്ങളെക്കാള്‍ വിത്യസ്ഥമായി
നമ്മളേറെ ഇഷ്ടപ്പെടും ഈ തീരവും ഇവിടത്തെ അന്തരീക്ഷവും. തഴുകി തലോടി കടന്നു പോകുന്ന കാറ്റിന് ചരിത്രത്തിന്റെ നറുമണമുണ്ട്. നൂറ്റാണ്ടുകള്‍ മുമ്പ് വാസ്കോഡ ഗാമ ഇവിടെ കപ്പലിറങ്ങിയത്‌ മുതല്‍ ചരിത്രത്തിന്റെ ഭാഗമാണല്ലോ ഈ തീരവും. സ്കൂള്‍ കാലം മുതല്‍ തന്നെ മനസ്സിലിരുപ്പുറപ്പിച്ച ചരിത്ര കഥകളെ കാറ്റിനൊപ്പം താലോലിക്കാനായി ഞങ്ങളീ പാറപ്പുറത്തിരുന്നു.



പതിവിനു വിപരീതമായി ശാന്തമായ കടലിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലേക്ക് കയറിവരുന്നു. ചെറുവാടി യു .പി .സ്കൂളിലെ ഏഴാം ക്ലാസില്‍ മുന്‍ബെഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെ , ഉപ്പ തന്നെ പഠിപ്പിച്ചു തന്ന ചരിത്ര പാഠങ്ങളിലെ കഥാപാത്രങ്ങളെ , ഇന്നീ കടപ്പുറത്തിരുന്ന് ഒന്ന് കൂട്ടിവായിക്കാന്‍ ശ്രമിച്ചു ഞാന്‍ . കടലിന്റെ അങ്ങേ തലക്കല്‍ തെളിയുന്നത് ഗാമയുടെ പായക്കപ്പലാണോ..?. ഒരു രാജ്യത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍ ഹേതുവായ ആ യാത്രയില്‍ തീരം കണ്ട ആഹ്ലാദാരവങ്ങളുടെ ശബ്ദം മുഴങ്ങുന്നതാണോ ആ കേള്‍ക്കുന്നത്. ഒരു അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണോ അറബികടലിലെ തിരകള്‍ നിശബ്ദമായത്?.



പാഠപുസ്തകത്തിലെ പേജുകള്‍ മറിയുന്നു. അപ്രത്യക്ഷമായ ഗാമയുടെ പായകപ്പലിനു പകരം മറ്റൊരു പടകപ്പല്‍ ചിത്രത്തില്‍ തെളിയുന്നു. ആ കപ്പലിന്റെ മുകളില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്നത് കുഞ്ഞാലി മരക്കാരല്ലേ. സാമൂതിരിയുടെ പടത്തലവന്‍ . പറങ്കി പടയെ ചങ്കുറപ്പോടെ നേരിട്ട പോരാട്ട വീര്യത്തിന്റെ ആള്‍രൂപം. മൂളിപായുന്ന കാറ്റിനൊപ്പം ഞാന്‍ കേള്‍ക്കുന്നത് ആ പടവാളിന്റെ ശീല്‍ക്കാരങ്ങളല്ലേ.
കുഞ്ഞാലി മരക്കാരുടെ പടകപ്പലില്‍ കയറി ഞാന്‍ സാമൂതിരി രാജാവിന്റെ ദര്‍ബാറിലുമെത്തി. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ നിന്നും എന്റെ ഓര്‍മ്മകളിറങ്ങി വന്ന്‌ ഈ പ്രൌഡമായ രാജധാനിയില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. പ്രസിദ്ധമായ സാമൂതിരിയുടെ പണ്ഡിത സദസ്സ്. രാജ്യ തന്ത്രങ്ങള്‍. തര്‍ക്കങ്ങള്‍.

ഞാനവിടെ ഒരധികപറ്റാണ് എന്ന് സാമൂതിരിയുടെ കിങ്കരന്മാര്‍ക്ക് തോന്നിയോ. വഴു വഴുപ്പുള്ള പാറക്കെട്ടിന്റെ അടിഭാഗത്ത്‌ നിന്നും ഒരഭ്യാസിയെ പോലെ കടലിലേക്ക്‌ വലയെറിയുന്ന ഒരു നാട്ടുകാരന്‍ എന്നെ തിരിച്ചു വിളിച്ചു. ഞാന്‍ കടലിലേക്ക് നോക്കി. കുഞ്ഞാലിമരക്കാരുടെ പടകപ്പലും ഗാമയുടെ പായ കപ്പലും എല്ലാം പോയി മറഞ്ഞിരിക്കുന്നു. പകരം മീന്‍ പിടിക്കുന്ന കൊച്ചു വള്ളങ്ങളും അവരുടെ ആര്‍പ്പുവിളികളും മാത്രം. എനിക്ക് നിരാശ തോന്നി.



ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ഈ കടപ്പുറം നല്‍കുന്ന അനുഭവമാണിത്. തീരവും തിരകളും കാറ്റും നമ്മോട് കഥ പറയും. ഞാനിപ്പോള്‍ അനുഭവിച്ചതും അതാണ്‌. പറയാന്‍ കഥകള്‍ ഇനിയും ബാക്കിയെന്ന പോലെ.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. തീരത്തെ പള്ളിയില്‍ നിന്നും സുന്ദരമായ ശബ്ദത്തില്‍ മഗരിബ് ബാങ്കിന്റെ അലയൊലികള്‍. ഞങ്ങള്‍ തിരിച്ചു നടന്നു.
(ഫോട്ടോസ് എല്ലാം ഗൂഗിളില്‍ നിന്ന് )

Saturday, February 19, 2011

പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍

സ്നേഹത്തിന്റെ മധുരമാണ് എനിക്ക് പോപ്പിന്‍സ്‌ മിഠായികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ എവിടെ കണ്ടാലും ഒരു പാക്കറ്റ് ഞാനറിയാതെ വാങ്ങിപോകും എന്റെ കുട്ടികള്‍ക്ക് വേണ്ടി.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഹിമായത്ത് സ്കൂളില്‍ നിന്നും ഉപ്പ ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത് അതിനു വേണ്ടിയായിരുന്നു. അതിന്റെ പലവിധ വര്‍ണ്ണങ്ങളില്‍ ഒളിപ്പിച്ച സ്നേഹത്തെ ആയിരുന്നു. ഇന്ന് എന്റെ കുട്ടികള്‍ അത് നുണയുമ്പോള്‍ അവരുടെ ചുണ്ടില്‍ വിരിയുന്ന മധുരമുള്ള ചിരി കാണുമ്പോള്‍ ഞാനോര്‍ക്കുക എന്റെ ഉപ്പയെ ആണ്.

പോപ്പിന്‍സ്കാലം കഴിഞ്ഞെത്തിയത് ബാലരമയും പൂമ്പാറ്റയും മലര്‍വാടിയും നല്‍കിയ ചിത്രകഥകളുടെ ലോകത്തേക്കാണ്‌. പിന്നെയുള്ള കാത്തിരിപ്പുകള്‍ അതിനുവേണ്ടിയായിരുന്നു. ബാലരമയില്‍ ഒരു പദപ്രശ്നം പൂരിപ്പിച്ചയച്ചതിന് ഒരിക്കല്‍ സമ്മാനം കിട്ടി. എന്റെ പേരതില്‍ അച്ചടിച്ച്‌ വന്നപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. സമ്മാനമായി കിട്ടിയ പതിനഞ്ചു രൂപയില്‍ നിന്നും ഞാനൊരു നോട്ട്ബുക്ക് വാങ്ങിയത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. ആ അനാവിശ്യത്തിന് കിട്ടിയ അടിക്ക് ഒരു സച്ചിന്‍ സിക്സറിന്റെ ചൂടും ഉണ്ടായിരുന്നു.

ഇന്ന് ഉപ്പ വിടപറഞ്ഞിട്ട്‌ മൂന്നു വര്‍ഷം കഴിയുന്നു. എനിക്ക് നഷ്ടപ്പെട്ടത് ഒരു സുഹൃത്തിനെ കൂടിയായിരുന്നു. എന്റെ വഴികളില്‍ വെളിച്ചം വിതറിയ ഒരു വിളക്കുമാടത്തെ. ആ ശൂന്യത ഇന്നും ജീവിതത്തില്‍ നിറയുന്നത് കൊണ്ടാണ് മൂന്നു വര്‍ഷത്തെ ഒരു മുന്നൂറു വര്‍ഷമായി എനിക്ക് തോന്നുന്നത്. ഒരു അവധിക്കാലം കൂടി അടുക്കുന്നു. ഞങ്ങളുടെ വരവും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം സന്തോഷം നല്‍കുന്നെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഉമ്മറത്തെ കസേര എനിക്ക് നല്‍കുന്ന വിഷമം ചെറുതല്ല.

എഴുത്തിനെയും വായനയേയും ഒരു പാട് ഇഷ്ടപെട്ടിരുന്ന ഉപ്പാക്ക് എന്റെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങള്‍ വരികളാക്കി ഒരു ഓര്‍മ്മകുറിപ്പ്. ഒപ്പം മനസ്സില്‍ വരുന്നത് അക്ഷരങ്ങളാവുമ്പോള്‍ ഉള്ള ആശ്വാസം. പ്രാര്‍ഥനയോടെ.

Sunday, February 13, 2011

കാട്ടിലെ അനുഭവങ്ങളിലൂടെ

സന്തോഷത്തിലേക്കുള്ള കിളിവാതിലുകലാണ് ഒരു യാത്രകളും. മണ്ണിനെ അറിഞ്ഞ്, മനുഷ്യനെ അറിഞ്ഞ് , പ്രകൃതിയോടു സല്ലപിച്ച്‌, ഗ്രാമങ്ങളിലൂടെ , പട്ടണങ്ങളിലൂടെ, കാട്ടിലൂടെ അങ്ങിനെ ഒഴുകി നടക്കാന്‍ എന്ത് ഹരമാണ്. കാടുകളിലൂടെയുള്ള സഞ്ചാരം നല്ല രസകരമായ അനുഭവം ആണ്. വയനാടന്‍ കാടുകള്‍ നല്‍കിയ ആവേശം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. വീണ്ടും രണ്ട് കാട്ടു സവാരികളിലൂടെ.

ഓടക്കയം എന്നൊരു സ്ഥലമുണ്ട് മലപ്പുറം ജില്ലയില്‍. കാട് എന്ന് കേട്ടപ്പോള്‍ ഇറങ്ങി പുറപ്പെട്ടതാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍. ചെറിയൊരു അങ്ങാടിയില്‍ നിന്നും കുറെ മേലോട്ട് കയറി പോകണം കാട്ടില്‍ എത്തിപ്പെടാന്‍ . ചെറുപ്പത്തിന്റെ ആവേശം ക്ഷീണം തോന്നിച്ചില്ല. പക്ഷെ കുറെ കയറിയപ്പോള്‍ മുന്നോട്ടുള്ള യാത്ര ദുസ്സഹമായി. വലിയ കുണ്ടും കുഴികളുമൊക്കെയായി തീര്‍ത്തും പ്രയാസം നിറഞ്ഞ വഴികള്‍. അവിടെ ഒരു മുത്താച്ചി അപ്പൂപ്പന്‍ (ഒരു ഇത്തിരി ഗ്രേഡ് കൂടുതലുള്ള ആദിവാസി സമൂഹം ആണെന്ന് തോന്നുന്നു) സഹായത്തിനെത്തി. നല്ല പേര മരത്തിന്റെ കൊമ്പ് മുറിച്ചു ഒരുക്കിതന്നു കുത്തി പിടിക്കാന്‍ . പിന്നെ അതും പിടിച്ചായി അഭ്യാസം.

സാഹസികമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ കാടിനുള്ളിലെത്തി. വല്ലപ്പോഴും കാണുന്ന ഈറ്റ വെട്ടുന്ന ആള്‍ക്കാരെ ഒഴിച്ചാല്‍ കാടിനുള്ളില്‍ ഞങ്ങള്‍ ഒറ്റക്കാണ്. പേടിയില്ല എന്ന് പറഞ്ഞാല്‍ അത് കളവാകും. പക്ഷെ ഈ ഭയത്തിനും ഉണ്ട് ഒരു ത്രില്‍. നിഗൂഡമായ ഒരു സംതൃപ്തി. കുറെ കാട്ടുചോലകള്‍. നല്ല തെളിഞ്ഞ വെള്ളം. അപകടം ഇല്ല എന്ന് ഉറപ്പു തോന്നിയതിനാല്‍ കുളിക്കാന്‍ തീരുമാനിച്ചു. ഒരു തോര്‍ത്ത്‌ എടുക്കാത്തതില്‍ വിഷമം തോന്നിയെങ്കിലും പരിസരം അനുകൂലമായതിനാല്‍ അണ്ടര്‍ വെയറില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു. കാട്ടുപൊയ്കയിലെ നീരാട്ടും കഴിഞ്ഞു തിരിച്ചു കയറാന്‍ നോക്കുമ്പോഴാണ് സംഗതി കുഴഞ്ഞത്. അടുക്കിയ ചിരി വരുന്നത് എവിടന്നാണാവോ..? മരത്തിനു മുകളില്‍ തേനെടുക്കാന്‍ കയറിയ മുത്താച്ചി പെണ്ണുങ്ങള്‍ ആണ്. പടച്ചോനെ..ഇവരെ മരം കയറ്റം ആര് പഠിപ്പിച്ചു. മാനം കപ്പല് കയറുമോ..? ചോദ്യം കുറെ വന്നെങ്കിലും ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ അവരുടെ കയ്യില്‍ ഉണ്ടാവില്ല എന്നുറപ്പുള്ളതിനാല്‍ ഞാന്‍ ചാടി പാന്റിനുള്ളില്‍ കയറി.

ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെന്ന് ചാടിയത് കൂടുതല്‍ കുഴപ്പത്തിലെക്കാണ്. കാടിന്റെ കൂടുതല്‍ അകത്തേക്ക് പോയതാണ് പ്രശ്നമായത്‌. ഒരു വലിയ മരത്തടിയും വലിച്ചു കുറച്ചാളുകള്‍ വരുന്നു. ഞങ്ങളെ കണ്ടതും മരവും ഉപേക്ഷിച്ചു എല്ലാവരും കാട്ടില്‍ മറഞ്ഞു . അത് കട്ട് മുറിച്ചു കൊണ്ടുവരുന്നതാണെന്ന് മനസ്സിലായി. ഒപ്പം പേടിയും. ഇനി തെളിവ് നശിപ്പിക്കാന്‍ ഇവരെങ്ങാനും ഞങ്ങളെ പിടിച്ചു ചാമ്പിയാലോ . നിമിഷങ്ങള്‍ക്കകം മൂന്നാല് പേര്‍ ഞങ്ങളെ മുമ്പില്‍ ചാടിവീണു. ആരാ എന്ന ചോദ്യത്തിന് മുമ്പേ ഏറ്റവും മുമ്പില്‍ നിന്നിരുന്ന റാഫിയുടെ പാന്റും അവന്‍ നിന്ന ചുറ്റുവട്ടവും സാമാന്യം നന്നായി നനഞ്ഞു . സത്യം. ഏറ്റവും പുറകില്‍ ആയ തിനാല്‍ എനിക്ക് ചെറിയൊരു ശങ്ക മാത്രമേ വന്നുള്ളൂ. മാനക്കേടായില്ല.
വല്ല ഫോറസ്റ്റ് ടീം ആണ് എന്ന് കരുതി തടഞ്ഞതാ. കാട് കാണാന്‍ വന്ന പീക്കിരികളാണ് എന്ന് മനസ്സിലായി അവര്‍ വെറുതെ വിട്ടു . പക്ഷെ അവിടെ നിന്ന് തന്നെ യു uturn എടുക്കാന്‍ വാണിങ്ങും തന്നു . അവര്‍ മരത്തടികാത്തു . ഞങ്ങള്‍ ഞങ്ങളുടെ തടിയും കാത്ത് വേഗം മടങ്ങി . കഴിച്ച ഭക്ഷണവും കാട് കാണാനുള്ള പൂതിയും ഒന്നിച്ച് ആവിയായി പോയി. തിരിച്ചിറങ്ങുമ്പോള്‍ ഞാനോര്‍ത്തത് ഒറിജിനല്‍ ഫോറസ്റ്റ് ഓഫീസേഴ്സിന്റെ അവസ്ഥയെ കുറിച്ചായിരുന്നു.

അടുത്ത സവാരി നിലമ്പൂര്‍ കാട്ടിലേക്കാണ്. കാനന കാഴ്ചകളുടെ പൂരണമാണ് നിലമ്പൂര്‍ കാടുകള്‍. പക്ഷെ കൂടുതല്‍ അകത്തേക്ക് കയറാന്‍ ആരും ധൈര്യപ്പെടില്ല. ഫോറസ്റ്റുക്കാരുടെ വെടിയോ നായാട്ടുക്കാരുടെ വെടിയോ ഏതാണ് ആദ്യം കിട്ടുക എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. പോകരുതെന്ന് അവര്‍ വാണിങ്ങും തന്നിരുന്നത് കൊണ്ട് എന്റെ വെടിയില്‍ നിന്നും നിങ്ങള്‍ക്കും കിട്ടി രക്ഷ. പക്ഷെ കാടിന്റെ ഭാഗം തന്നെയെങ്കിലും ഞങ്ങള്‍ നില്‍ക്കുന്ന ഈ സ്ഥലത്തിന്റെ ഭംഗി അവര്‍ണ്ണനീയം. കൂടുതല്‍ താഴെയുള്ള ചിത്രങ്ങള്‍ പറയുമെന്ന് തോന്നുന്നു.







Saturday, February 5, 2011

മലമടക്കുകളിലെ സ്നേഹതീരം

ഡിസംബറിലെ തണുത്തുറഞ്ഞ ഈ വയനാടന്‍ മണ്ണിലേക്ക് ചുരം കയറി ഞങ്ങളെത്തിയത് ഒരു ഉല്ലാസ യാത്രക്കൊന്നുമായിരുന്നില്ല . ഒരുപാട് അനാഥര്‍ക്ക് ആശ്രയവും അവലംബവുമായ വയനാട് മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിക്കാനും അവരോടൊപ്പം അല്പം സമയം ചിലവഴിക്കാനുമാണ്. പക്ഷെ ഈ മതില്‍ കെട്ടിനകത്ത്‌ കയറി ഇവിടുത്തെ മക്കളെ കണ്ടത് മുതല്‍ ഞങ്ങളുടെ മനസ്സ് കൈവിട്ടു പോകുന്നത് പോലെ ..

ഒന്നിനും ഒരു കുറവുമില്ല ഇവര്‍ക്കിവിടെ. ഭക്ഷണവും വസ്ത്രവും അതിനേക്കാള്‍ കൂടുതല്‍ സ്നേഹവും വാരിക്കോരി നല്‍കാന്‍ നടത്തിപ്പുക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതിനൊക്കെ അപ്പുറം അവരാഗ്രഹിക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട കുറെ കാര്യങ്ങളില്ലേ.അമ്മയുടെ നെഞ്ചിലെ ചൂടും താരാട്ടിന്റെ ഈണവും അച്ഛന്‍ കൊണ്ടുവരുന്ന മിഠായി പൊതികളും അവരുടെ കൈതുമ്പ് പിടിച്ചുള്ള ഒരു കറക്കവുമെല്ലാം. അതിനെക്കാളുപരി സ്വന്തം വീടും കുടുംബവും നല്കൂന്ന ആശ്രയവും സുരക്ഷിതത്വവുമെല്ലാം ഒന്ന് വേറെ തന്നെയല്ലേ. ഇവരെ പൊന്നുപോലെ നോക്കുന്ന ഒരന്തരീക്ഷം ഇവിടുണ്ടെങ്കിലും കുട്ടികളുടെ മുഖത്ത് നിന്നും അങ്ങിനെയൊരു വികാരം ഞാന്‍ വായിച്ചെടുക്കുന്നത് തെറ്റാണോ എന്നെനിക്കറിയില്ല.

പക്ഷെ കുളിരണിയിക്കുന്ന വയനാടന്‍ പ്രകൃതി അവരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുണ്ടാവണം . ഇവിടത്തെ കുളിര്‍ക്കാറ്റുകള്‍ അവര്‍ക്ക് താരാട്ട് പാടുന്നുണ്ടാവണം. മലമടക്കുകള്‍ അവര്‍ക്ക് അമ്മയായി തോന്നുന്നുണ്ടാവണം. ഇങ്ങിനെയൊക്കെ ആശ്വസിക്കാനേ നമുക്ക് പറ്റൂ.

ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ എങ്ങിനെ കുട്ടികള്‍ അനാഥരായി പിറക്കുന്നു എന്ന ചോദ്യം അപ്രസക്തമായിരിക്കുന്നു. ഇവരെല്ലാം ജനിച്ചത്‌ അനാഥരായാണ് എന്നും പറയാന്‍ പറ്റില്ല. അനാഥാലയങ്ങളില്‍ ഇവരെത്തിപ്പെടാന്‍ കാരണങ്ങള്‍ പലതാവാം. അതിനെ പറ്റി പല പഠനങ്ങളും റിപ്പോര്‍ട്ടുകളും നാം തന്നെ ദിനേന വായിക്കാറുണ്ട്. പക്ഷെ "അമ്മതൊട്ടിലുകളില്‍" ഏതെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ എന്ന് നല്ല മനസ്സോടെ നമ്മള്‍ ചെവിയോര്‍ക്കുന്ന (അവരെ ഉപേക്ഷിക്കുന്നവരെ ആരറിയുന്നു) ഈ കാലത്ത് അവര്‍ക്ക് പറ്റിയ സംരക്ഷണം കിട്ടുന്നുണ്ടോ എന്നത് തന്നെയാണ് വലിയ കാര്യം. കേരളത്തിലെ അനാഥാലയ പ്രസ്ഥാനങ്ങള്‍ ഈ കാര്യത്തില്‍ മികച്ച സേവനം നല്‍കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ. അതോടൊപ്പം ഇവരുടെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന നീചന്മാരെ തിരിച്ചറിയേണ്ടതായും ഉണ്ട്.

നമുക്ക് വയനാട് ഓര്‍ഫനേജിലേക്ക് തിരിച്ചു വരാം. ഈ കുട്ടികള്‍ ഇവിടെ സന്തോഷവാന്മാരാണ്. സ്വാതന്ത്ര്യം അവര്‍ ആസ്വദിക്കുന്നു. ആത്മവിശ്വാസത്തോടെയാകും ഇവിടെ നിന്നും ഓരോ കുട്ടികളും പുറത്തിറങ്ങുന്നത്. അനാഥത്വത്തിന്റെ വേദന അവര്‍ക്കുണ്ടാവില്ല എന്ന് നമുക്ക് സമാധാനിക്കാം. ഇവിടെ പഠിച്ചു വലുതാകുന്ന പെണ്‍കുട്ടികള്‍ക്ക് സുന്ദരമായ കുടുംബ ജീവിതം ഇവര്‍ തന്നെ ഉറപ്പു വരുത്തുന്നു. വര്‍ഷങ്ങളില്‍ നടക്കുന്ന സമൂഹ വിവാഹങ്ങള്‍ അതിനോടൊപ്പം മതസൗഹാര്‍ദ്ധത്തിന്റെ കൂടി വേദിയാകുന്നു.

ഇത് പറയുമ്പോള്‍ ഊണിലും ഉറക്കത്തിലും ഇവരെ മനസ്സിലേറ്റുന്ന ഇവരുടെ സന്തോഷം സ്വപ്നം കാണുന്ന ജമാല്‍ സാഹിബ് എന്ന നല്ല മനുഷ്യനെയും അതെ മനസ്സോടെ കൂടെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരെയും പിന്നെ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്ന എല്ലാ മതവിഭാഗങ്ങളിലും പെട്ട ഉദാരമാതികളെയും ഓര്‍ക്കാതെ പോകുന്നത് വലിയ തെറ്റാവും.

ഈ കുട്ടികളുടെ സന്തോഷം കണ്ട്‌ മനസ്സ് നിറഞ്ഞുതന്നെയാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്. പക്ഷെ ഒന്ന് തിരിഞ്ഞുനോക്കാന്‍ എന്റെ സ്വാര്‍ഥത എന്നെ അനുവദിച്ചില്ല. ഞങ്ങളുടെ കയ്യും പിടിച്ചു ഞങ്ങളുടെ മകള്‍ ഇറങ്ങിപോരുന്നത് യതീംഖാനയുടെ ചുവരില്‍ ചാരിനിന്നുകൊണ്ട്‌ ഒരു കുട്ടി ഒരു നഷ്ടബോധത്തോടെ നോക്കിനില്‍ക്കുന്നുണ്ടാവുമോ എന്നൊരു പേടി. പരിമിതികളുടെയും പ്രയോഗികതയുടെയും ഈ ലോകത്ത് അതവഗണിക്കുകയല്ലാതെ ആ ഒരു ചിത്രം താങ്ങാനുള്ള കരുത്ത് എനിക്കില്ല തന്നെ.