-x-
എനിക്ക് തോന്നുന്നത് ഏറ്റവും റൊമാൻറ്റിക് ആയ സ്ഥലം തേയില തോട്ടങ്ങൾ ആണെന്നാണ് . പുലർക്കാലത്തും വൈകുന്നേരവും തേയില ചെടികൾക്കിടയിലൂടെ നടക്കാൻ എന്ത് രസമാണ് . തൂമ്പിലെല്ലാം മഞ്ഞു തുള്ളികൾ ഏറ്റുവാങ്ങി കുളിച്ച് ഈറനുടുത്ത് നിൽക്കുന്ന തേയിലച്ചെടികൾ .ഹൈറേഞ്ചുകളിൽ കുറച്ചൂടെ വൈകിയെത്തുന്ന സൂര്യനെ കണ്ടാൽ തിളക്കം കൂടും അവക്കെല്ലാം . വൈകുന്നേരം കൂടുതൽ രസകരമാണ് . തോട്ടങ്ങൾക്കുള്ളിലൂടെ കാട്ടുമുയലുകൾ വട്ടം ചാടുന്ന നടപ്പാതകൾ . തേയില നുള്ളുന്നവർ . കൂടകളിൽ നിറയുന്നത് ഇലകൾ മാത്രമല്ല അവരുടെ സ്വപ്‌നങ്ങൾ കൂടിയാണ് . നടക്കാതെ പോകുന്ന ആ സ്വപ്നങ്ങളാണ് നമ്മുടെ ചായക്കോപ്പയിലെ ചൂട് . എന്‍റെ മനസ്സിനും താളത്തിനും കൂടുതൽ ചേരുക ചെമ്പ്ര കുന്നിന്‍റെ താഴ്വാരമാണ് . കൂടുതൽ സ്വപ്നം വിളയിക്കുന്നതും അവിടെ തന്നെ . മകരമഞ്ഞിന്‍റെ തണുപ്പിൽ സ്വപ്നങ്ങളുടെ കമ്പിളിയും പുതച്ച് ആ താഴ്വാരങ്ങളിൽ രാപാർത്തത് എത്ര തവണയാണ് . നിറയെ കായ്ച്ചു നിൽക്കുന്ന നെല്ലിമരങ്ങൾ കാണാം ഇടക്ക് . സ്വപ്നങ്ങളും ചേർത്ത് ചവക്കുന്നത് കൊണ്ടാവാം അവക്കൊരിക്കലും കയ്പ്പ് തോന്നാറില്ല .
ഇന്നലെ മച്ചാൻ വിളിച്ചു . വയനാട്ടിലെ ഞങ്ങളുടെ എല്ലാം മച്ചനാണ് . ഈ അവധിക്ക് വരുന്നില്ലേ എന്ന അന്വോഷണം . തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള കൈവഴിലൂടെ ഇറങ്ങിച്ചെന്നാൽ ഡാലിയയും ജമന്തിപ്പൂക്കളും നിറഞ്ഞ ഒരു കൊച്ചു കുടിലിന്‍റെ മുറ്റത്ത് എത്തും . പാടി എന്ന് വിളിക്കുന്ന അവരുടെ കുടിൽ . ഓരോ അവധിക്കാലത്തും ഞങ്ങളെ കാത്തിരിക്കുന്ന മച്ചാനും സഫിയാത്തയും പിന്നെ വയനാടൻ പ്രകൃതി പോലെ നിറഞ്ഞു നിൽക്കുന്ന അവരുടെ സ്നേഹവും .
അവരുടെ പാടിയുടെ താഴെ കൂടി ഒഴുകുന്ന കാട്ടരുവി ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടാവും . നെല്ലിക്കയും മാതളവും കൊഴിഞ്ഞു പോകാതെ അവിടെ തന്നെ ഇരിക്കണേ . ഇനിയും വിരിയാൻ ബാക്കി നിൽക്കുന്ന ഡാലിയയും . വേലിക്കരികിൽ നിന്നും കുശലം പറയുന്ന ലെന്റാനയോട് വൈകിയതിന് പറയാൻ ഒരു കാരണം കണ്ടെത്തണം . വീണ്ടും സ്വപ്നങ്ങളുടെ കമ്പിളി പുതക്കട്ടെ .