![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiA38bUr83iPKNIebTp4phHmnJT6CrMBUIJfcNpy-yYKwwASo8oYCX_Ev-XfbECU_Fvo4ewY6UlUNwFCkoZdlHYoC4Mx6zf30MkQGTBWc9qNmg2WHILivkFMJWDjhtUUDYw71NQv1V20U8L/s320/Mother_Love2.jpg)
ഒരു പ്രിയ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു .
"കഞ്ഞിയും മാങ്ങയച്ചാറും "
ഇതും പറഞ്ഞാണ് അവര്‍ സംസാരം തുടങ്ങിയത് തന്നെ . ഉടനെ ഞാന്‍ പറഞ്ഞു " സ്നേഹത്തിന്‍റെ ഭക്ഷണമാണത് " .
കഞ്ഞി ഒരിക്കലും എനിക്കൊരു ഇഷ്ടഭക്ഷണം ആയിരുന്നില്ല. പിന്നെങ്ങിനെ അതിനെ സ്നേഹം എന്ന് വിളിക്കാന്‍ പറ്റും.
ഗൃഹാതുരത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നൊരു ഓര്‍മ്മയാണത് . കുഞ്ഞു നാളുകളിലൊക്കെ അസുഖം പിടിക്കുമ്പോള്‍ ഉമ്മ ഉണ്ടാക്കി തരുന്ന പൊടിയരിക്കഞ്ഞി. സ്നേഹത്തിന്‍റെ പാചക കൂട്ടാണത് . ഉപ്പിന് പകരം അമ്മയുടെ കണ്ണീരാണോ ചേര്‍ത്തത് എന്ന് തോന്നിപോകില്ലേ ചിലസമയത്ത് .
വേണ്ടെന്ന് പറയുമ്പോഴും വാത്സല്യത്തില്‍ മുക്കി ഒരു കവിള്‍ കൂടി തരുമ്പോള്‍ അമ്മിഞ്ഞ പാലിന്‍റെ രുചിയായിരിക്കും അതിന് . ഇന്നും അങ്ങിനെ ഒരവസ്ഥ വന്നാല്‍ ഉമ്മ തന്നെ കഞ്ഞി ഉണ്ടാക്കി തരണമെന്ന് ഞാന്‍ വാശിപിടിക്കാറുണ്ട് . ആ സ്നേഹത്തേക്കാള്‍ നല്ലൊരു മരുന്നില്ലെന്ന തിരിച്ചറിവ് മാത്രമല്ലത് .
അമ്മ , സ്നേഹം എന്നീ രണ്ട് ഘടകങ്ങളെ ചേര്‍ത്തൊരു കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ ചില യാഥാര്‍ത്യ ചിത്രങ്ങള്‍ പകര്‍ത്താനാണ് എനിക്കിഷ്ടം. നാട്ടില്‍ സ്ഥിരമായി ബസാറിലേക്ക് പോകുമ്പോള്‍ കാണുന്നൊരു കാഴ്ച്ചയുണ്ട് . മദ്രസ്സയുടെയും സ്കൂളിന്‍റെയും ഇടവേളകളില്‍ തന്‍റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ഒരമ്മ . എനിക്കറിയാം അവരെ. വളരെ ദൂരെ നിന്നാണ് അവര്‍ നടന്ന് വരുന്നത് . ഒട്ടും ആകര്‍ഷകമല്ല അവരുടെ മുഖം. പക്ഷെ ആ പെണ്‍കുട്ടി കുസൃതിയോടെ ഭക്ഷണം കഴിക്കുമ്പോള്‍ ആ അമ്മയുടെ മുഖത്ത് കാണുന്നൊരു സന്തോഷമുണ്ട്. ആ സമയത്ത് ഒരു മാലാഖയുടെ മുഖമാണ് ആ അമ്മക്ക് . സ്നേഹമാണ് സൗന്ദര്യമെങ്കില്‍ ആ സമയം ലോകത്തിലെ ഏറ്റവും വലിയ സുന്ദരി അവരായിരിക്കണം. എന്തോ എന്‍റെ ദിവസങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകളിലൊന്നായി തോന്നാറുണ്ട് ഇത്.
കവി പവിത്രന്‍ തീക്കുനി എഴുതിയ ഒരു അനുഭവകുറിപ്പ് ഓര്‍മ്മ വരുന്നു. ജീവിതം ചോദ്യചിഹ്നമായപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു . അദ്ദേഹവും ഭാര്യയും മകളും റെയില്‍വേ ട്രാക്കില്‍ കുറുകെ കിടക്കുകയാണ് . അകലെ മരണത്തിന്‍റെ ചൂളം വിളി കേള്‍ക്കുന്നു. ഉരുക്ക് പാളങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മരണവും പാഞ്ഞടുക്കുകയാണ് . അപ്പോഴാണ് മകള്‍ പറയുന്നത് " അമ്മേ വെള്ളം കുടിക്കണം " എന്ന്. നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തെ പുല്‍കാം . പക്ഷെ ദാഹിക്കുന്ന ആ കുഞ്ഞിന്‍റെ കരച്ചില്‍ അവഗണിക്കാന്‍ അവര്‍ക്ക് പറ്റുമായിരുന്നില്ല . കുഞ്ഞിനേയും എടുത്ത് തിരിഞ്ഞോടിയത് ജീവിതത്തിലേക്കായിരുന്നു. മകളുടെ ദാഹം അറിഞ്ഞ സ്നേഹത്തിന്‍റെ മനസ്സിന് ആ മകള്‍ തിരിച്ചു നല്‍കിയത് അവരുടെ ജീവിതമാണ്. ഇത് വായിച്ചപ്പോള്‍.... ഏത് നിരീശ്വരവാദിപോലും ദൈവത്തെ ഓര്‍ത്തുപോയിരിക്കും . മാധ്യമം വാരികയില്‍ ആണെന്ന് തോന്നുന്നു ഈ അനുഭവം വായിച്ചത് . വാരിക ഏതായാലും അതിന്‍റെ പേജുകള്‍ എന്‍റെ കണ്ണുനീര്‍ വീണ് നനഞ്ഞിരുന്നു എന്നുറപ്പ്.
മറ്റൊരു ഓര്‍മ്മകുറിപ്പ് കൂടി ഓര്‍മ്മയില്‍ വരുന്നു. അതാര് എഴുതിയത് എന്നോര്‍ക്കാനെ പറ്റുന്നില്ല. പക്ഷെ ആ അമ്മ എന്‍റെ മനസ്സില്‍ വല്ലാതെ പതിഞ്ഞു കിടക്കുന്നുണ്ട്. സ്കൂളില്‍ ഫീസ് അടക്കാതെ പുറത്താക്കുന്നതിന്‍റെ അന്ന് ക്ലാസിന്‍റെ ജനലിലൂടെ അമ്മയുടെ മുഖം കാണാം. പാടത്തെ ചേറും ചെളിയും പുരണ്ട് ചുരുട്ടി പിടിച്ച നോട്ടുകള്‍ കയ്യിലും. അപ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എന്‍റെ അമ്മക്ക് എന്ന് അനുസ്മരിച്ച ആ സ്നേഹമുള്ള മകന്‍ ആരായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലല്ലോ.
ഇനി നമ്മള്‍ തിരിച്ചു നല്‍കുന്നതോ..? തിരസ്കരിക്കപ്പെടുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുന്നു എന്ന് വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത കാലത്ത് ഒരു വൃദ്ധസദനത്തില്‍ നടന്ന ടി.വി ഷോ ഓര്‍മ്മ വരുന്നു. എല്ലാവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍. .. പക്ഷെ അതിലൊരാള്‍ പോലും സ്വന്തം മക്കളെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല എന്നത്. ആരെങ്കിലും കാണാന്‍ വന്നിരുന്നോ അമ്മയെ എന്ന ചോദ്യത്തിന് ഒരമ്മ നല്‍കിയ മറുപടി കേള്‍ക്കൂ.."ആറ് മാസമായി വീട്ടില്‍ നിന്നാരെങ്കിലും വന്നിട്ട്. മകന്‍ കൊണ്ടാക്കിയതാണ് ഇവിടെ. അവന്‍ തിരക്കിലാവും." പക്ഷെ ഒരാഘോഷ ദിവസം പോലും മാറ്റിനിര്‍ത്താന്‍ മാത്രം, ജന്മം നല്‍കി എന്നതിലപ്പുറം എന്ത് തെറ്റാണ് ഈ അമ്മ ചെയ്തത്? എന്തൊരു ചൈതന്യമാണ് ഈ അമ്മയുടെ മുഖത്ത്. വെറ്റില ചെല്ലവും പാല്‍പുഞ്ചിരിയുമായി ഇങ്ങിനെ ഒരമ്മ വീടിന്‍റെ പൂമുഖത്ത് ഇരിക്കുന്നത് സ്വപ്നം കണ്ടാല്‍ തന്നെ കിട്ടും പുണ്യം. സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? മറ്റൊരമ്മയുടെ സങ്കടം കേള്‍ക്കൂ. " തൊണ്ണൂറ്റി നാലില്‍ വന്നതാ ഇവിടെ. സമ്പത്തെല്ലാം അവര്‍ അടിച്ചുമാറ്റി. ബന്ധുക്കള്‍ കുറേയുണ്ട്. പക്ഷെ ആരും വരാറില്ല. " നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ ഈ അഗതിമന്ദിരത്തില്‍ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ അമ്മ. ഇക്കാലമത്രയും ഈ അമ്മ സഹിച്ച സങ്കടത്തിന്‍റെ പാപമുണ്ടല്ലോ, ഇനിയിരൊരു പത്ത് ജന്മം ഏത് രൂപത്തില്‍ ജനിച്ചു മരിച്ചാലും കിട്ടില്ല പാപമോക്ഷം.
ഇനിയുമുണ്ടിവിടെ അശരണരുടെ രോദനം. മകനും മകളും തിരിഞ്ഞു നോക്കാത്തവര്‍, അല്ലെങ്കില്‍ അവരുടെ അവഗണനയില്‍ മടുത്ത് സ്വയം മാറി കൊടുത്തവര്‍ . ഇവരീ അഭയകേന്ദ്രങ്ങളില്‍ സന്തുഷ്ടരാവാം. പക്ഷെ, ഇതാണോ ഇവരര്‍ഹിക്കുന്നത്..? സ്വന്തം മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട , മക്കളെയും പേരമക്കളേയും കളിപ്പിചിരിക്കേണ്ട ഈ പ്രായത്തില്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ഇവരെ തെരുവിലെറിഞ്ഞവരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ എനിക്കറപ്പുണ്ട്. മാതൃത്വത്തിന്‍റെ വിലയറിയാത്ത ഈ നാല്‍കാലി ജന്മങ്ങളുടെ ജീവിതം, അവര്‍ക്കുള്ള വിധി , അതിവിടെ തന്നെ അനുഭവിച്ചു തീരണേ എന്നൊരു പ്രാര്‍ത്ഥന കൂടിയുണ്ട് .
(സാന്ദര്‍ഭികമായി പഴയൊരു പോസ്റ്റിന്‍റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്)
(ചിത്രം ഗൂഗിളില്‍ നിന്നും )