Sunday, May 6, 2012

വിപ്ലവം തണുത്തുറഞ്ഞ മണ്ണില്‍ ..! പിന്നൊരു പ്രണയ തീരത്ത്"കബനി നദി ചുവന്നപ്പോള്‍" എന്ന ചിത്രത്തെ കുറിച്ചാണ് ഞാന്‍ ആദ്യം കേട്ടത്. നക്സല്‍ പശ്ചാത്തലത്തില്‍ പറഞ്ഞ പി . എ . ബക്കറിന്‍റെ ശ്രദ്ധേയമായ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ മനോഹരമായ ആ പേര് മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട് കുറെ നാളായിട്ട്. കബനി എന്ന നിഗൂഡ സൗന്ദര്യമുള്ള ആ പേരാവണം ആ ആകര്‍ഷണത്തിന്‍റെ ഘടകം എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.

ആ കബനിയുടെ തീരത്താണ് ഞാനിപ്പോള്‍. വിപ്ലവം തണുത്തുറഞ്ഞ വയനാടന്‍ മണ്ണില്‍. ഒരുകാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ നക്സല്‍ വിപ്ലവത്തിന്‍റെ കഥകള്‍ ഉറങ്ങുന്ന കബനി കാടുകള്‍. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കബനി കുറുകെ കടക്കുമ്പോള്‍ ഞാനീ പുഴയും കാടുകളും ഒരാവേശത്തോടെ നോക്കിയിരുന്നു . വേരറ്റുപ്പോയ ഒരു വിപ്ലവ പ്രസ്ഥാനത്തിന്‍റെ എന്തെങ്കിലും അടയാളങ്ങള്‍ ഇവിടെ ബാക്കി കാണുമോ..? ഇല്ലായിരിക്കാം. പക്ഷെ അങ്ങിനെ ഒരു കഥ ഈ ഭൂമികക്ക് പറയാന്‍ ഉണ്ട് എന്നത് തന്നെയാണ് കബനി തീരങ്ങളില്‍ എത്തുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത്. പക്ഷെ കബനി പുഴക്ക് ഇപ്പോള്‍ ചുവപ്പ് നിറമല്ല. കലക്ക വെള്ളമാണ്. കരഞ്ഞ് കലങ്ങിയതാണ് എന്ന് എഴുതാന്‍ എന്‍റെ ആദര്‍ശവും സമ്മതിക്കുന്നില്ല. നക്സല്‍ വിപ്ലവത്തിന്‍റെ ശരിയും തെറ്റും വേര്‍തിരിക്കുക ഇവിടെ എന്‍റെ ഉദ്ധേശമല്ല (തെറ്റായിരുന്നു എന്ന് തന്നെ ഞാന്‍ പറയുന്നു) . പക്ഷെ ഒരു ആദര്‍ശത്തില്‍ വിശ്വസിച്ച് ആ സമര സഖാക്കള്‍ ഈ കൊടും കാടുകളെ കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങള്‍, ഇന്ന് ഒരു സഞ്ചാരിയായി ഇത് വഴി പോകുമ്പോള്‍ എന്നെ ഏതെല്ലാമോ രീതിയില്‍ ആകര്‍ഷിക്കുന്നുണ്ട് എന്നത് സത്യം. ഡിറ്റക്ക്റ്റീവ് കഥകള്‍ ഒരു കാലത്ത് ആവേശമായിരുന്നു എന്നത് പോലെ തന്നെ, വയനാടന്‍ കാടുകളെ ചേര്‍ത്ത് നക്സല്‍ പോരാട്ടങ്ങളും കുറെ വായിക്കപ്പെട്ടിട്ടുണ്ട്. ശരിയും തെറ്റും തിരിച്ചറിയാനാവാത്ത കാലത്ത് അതൊരു കഥ പോലെ വായിച്ചത് അങ്ങിനെ മറക്കില്ലല്ലോ.ചങ്ങാടം ഇവിടെ കുറുവ ദ്വീപില്‍ എത്തിയിട്ടുണ്ട്. ഇറങ്ങി നടക്കേണ്ടത്‌ കാടിനകത്തൂടെയാണ്. വേലികള്‍ അതിരിട്ട വഴികളിലൂടെ നടക്കുമ്പോള്‍ കാടിനകത്തെ ഓരോ ഇലയനക്കവും ഒരു കൂട്ടം പോരാളികളുടെ കാലൊച്ചകളായി തോന്നിപ്പോകുന്നു . അതോ മുറി ട്രൌസറും തൊപ്പിയും ഇട്ട പോലീസിന്‍റെ ബൂട്ടിന്‍റെ ശബ്ദമോ..? കൊടുംകാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് അവര്‍ വിപ്ലവം നടത്തിയ അതേ വയനാടന്‍ കാടുകള്‍. വര്‍ഗീസ്‌ വെടിയേറ്റ്‌ വീണ തിരുനെല്ലിക്കാടുകള്‍ തൊട്ടപ്പുറത്തുണ്ട് . .മനോഹരമാണ് കുറുവ ദ്വീപ്‌. ചങ്ങാടയാത്രയുടെ ആവേശം മാറുന്നതിനു മുമ്പ് തന്നെ ഇവിടത്തെ പ്രകൃതി നമ്മളെ ഹൃദയപൂര്‍വ്വം സ്വീകരിക്കും. കാനന ഭംഗി നിങ്ങളെ മോഹിപ്പിക്കുന്നു അല്ലേ..? എന്നെയും. മനസ്സിനെ ഭരിക്കുന്ന ഭാരിച്ച ചിന്തകളെ മാറ്റി വെക്കാം. അല്ലെങ്കിലും ഈ പ്രകൃതി നിങ്ങളെ അതൊന്നും ഓര്‍മ്മിപ്പിക്കില്ല. സത്യം . വേനല്‍ ചൂടില്‍ ഈ കാടിന്‍റെ തണല്‍ തേടി വന്നവര്‍ കുറേയുണ്ട്. പുഴയില്‍ കുളിച്ചു ആഘോഷിക്കുന്നവരില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട്. ഒരു കാനന നീരാട്ടിനുള്ള ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. പക്ഷെ സമയം കഴിയുന്നു എന്ന വനപാലകരുടെ അറിയിപ്പ് ആ ആഗ്രഹത്തെ ഒഴിവാക്കേണ്ടി വന്നു. പക്ഷെ ഈ കാടിനെ അറിയാന്‍, ഈ തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ഇനിയും വരണം എന്ന് പറയാതെ പറയുന്നു ഈ പ്രകൃതി. വേറെയും തുരുത്തുകള്‍ ഉണ്ട് കുറുവ ദ്വീപില്‍. പക്ഷെ എല്ലാം വനം വകുപ്പ് അടച്ചിട്ടിരിക്കുന്നു . അത് നിരാശപ്പെടുത്തി. . കഴിഞ്ഞ അവധിക്കു വന്ന രണ്ട് കുട്ടികള്‍ ഒരു തുരുത്തിലെ വെള്ളത്തില്‍ മുങ്ങി മരിച്ചത്രെ. കബനിയിലെ വെള്ളം കലങ്ങിയത് ആ ഓര്‍മ്മയില്‍ കരഞ്ഞ് കരഞ്ഞാവണം. ഒരു പ്രകൃതി നല്‍കിയ കാഴ്ച്ചയുടെ സന്തോഷവുമായി തിരിച്ച് ചങ്ങാടത്തില്‍ പുഴ കടക്കുമ്പോള്‍ എന്‍റെ ഓര്‍മ്മയില്‍ ആ കുഞ്ഞുങ്ങളുടെ മുഖവുമുണ്ട്. പ്രിയപ്പെട്ട കബനീ ..നിനക്കെന്തേ എപ്പോഴും ഒരു ദുഃഖ പുത്രിയുടെ മുഖം വരുന്നു...? ദുഃഖങ്ങള്‍ കരഞ്ഞോഴുക്കി തെളിനീരുമായി നീ ഒഴുകി തുടങ്ങുമ്പോള്‍ ഞങ്ങള്‍ വീണ്ടും വരാം.

വയനാടിന് ഒരു പ്രത്യേക സ്വഭാവമുണ്ട് . ഏതുവഴി പോകുമ്പോഴും നമ്മളെത്തിപ്പെടുക ഒരു ചരിത്ര ഭൂമിയിലേക്കാവാം, അല്ലെങ്കില്‍ വിനോദവും വിജ്ഞാനവും പകരുന്ന മറ്റേതെങ്കിലും കാഴ്ചയിലേക്ക് . ഈ അന്തരീക്ഷത്തില്‍ നമ്മളറിയുന്ന ഏതെങ്കിലും കഥകളുടെ ഏടുകള്‍ വായിച്ചെടുക്കാം. അത് മൈസൂര്‍ പടയുമായി ടിപ്പു സുല്‍ത്താനും സംഘവും ചുരമിറങ്ങി വരുന്നതാവാം, പഴശ്ശി എന്ന ധീര യോദ്ധാവിന്‍റെ സമരവും ജീവിതവും ആവാം, ഒരു കാലഘട്ടത്തെ വിറപ്പിച്ച നക്സല്‍ പോരാട്ടങ്ങളുടേതാവാം . തിരുനെല്ലി ക്ഷേത്രവും പഴയ ജൈന ക്ഷേത്രവും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല. നൂറ്റാണ്ടുകള്‍ പിറകില്‍ ജീവിച്ച ഒരു നാഗരികതയുടെ കഥ പറയാന്‍ എടക്കല്‍ ഗുഹ ഉണ്ട്. എവിടന്നോ വന്നു വീഴുന്ന ഒരലര്‍ച്ച നിങ്ങളെ ചെറുതായി നടുക്കി എന്ന് വരാം. തിരുനെല്ലി കാട്ടില്‍ വര്‍ഗീസിന്‍റെ നെഞ്ചകം പിളര്‍ത്ത വെടിയുണ്ടയുടെ ഓര്‍മ്മയാകാം അത്. അല്ലെങ്കില്‍ തോല്‍പെട്ടി വനത്തില്‍ മദിച്ചു നടക്കുന്ന ഒരു കൊമ്പന്‍റെ കൊലവിളിയാകാം. മലയില്‍ ഉരുള്‍പൊട്ടുമ്പോള്‍ കാട്ടാറുകളിലൂടെ വെള്ളം കുതിച്ചു പായുന്നതിന്‍റെ ഇരമ്പലുമാവാം.ചുരം കയറി പലതവണ വയനാട് വഴി പോയിട്ടുണ്ടെങ്കിലും എടക്കല്‍ ഗുഹയെ ഞാന്‍ മനപൂര്‍വ്വമോ അല്ലാതെയോ അവഗണിച്ചിട്ടുണ്ട് . ഇത്രയും അടുത്ത് നില്‍ക്കുന്ന വയനാട്ടിലെ ഈ ചരിത്ര വിസ്മയത്തെ മുമ്പ് കാണാതെ പോയ നിമിഷങ്ങളെ ഞാന്‍ ശപിക്കുന്നു. ഒന്നര കിലോമീറ്റര്‍ ഉള്ള കയറ്റം കഴിഞ്ഞു ഈ ചരിത്രഭൂമിയില്‍ നില്‍ക്കുമ്പോള്‍ എനിക്കുള്ളത് വേനല്‍ ചൂടില്‍ ഒഴുകിപ്പോയ വിയര്‍പ്പിനെ കുറിച്ചുള്ള വിഷമമല്ല . പകരം ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിച്ച എടക്കല്‍ ഗുഹ മുന്നേ കാണാതെ പോയ സങ്കടം മാത്രമാണ് . പക്ഷെ ബ്ലോഗ്‌ പോസ്റ്റില്‍ അലക്ഷ്യമായി എഴുതി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചരിത്രത്തിന്‍റെ അടയാളത്തെ വലിപ്പം കുറച്ച് കാണിക്കാന്‍ എനിക്ക് താല്പര്യമില്ല . അത് ചരിത്രത്തോടുള്ള ബഹുമാനം കൊണ്ട് മാത്രം.


അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹയുള്ളത്. 1878 - ല്‍ അന്നത്തെ മലബാര്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന ഫാസറ്റ്‌ കണ്ടെത്തിയതോട് കൂടിയാണ് ഈ ചരിത്ര ശേഷിപ്പ് പുറം ലോകമറിയുന്നത്. അഥവാ ചരിത്രാതീത കാലത്തിലേക്കുള്ള ചൂണ്ടു പലകയയില്‍ ആധുനിക മനുഷ്യരുടെ കാല്‍പാടുകള്‍ പതിഞ്ഞു തുടങ്ങിയത്. ലോകത്തെങ്ങാനുമുള്ള ചരിത്രാതീത ഗുഹാചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയിലെ അപൂര്‍വ്വം കേന്ദ്രങ്ങളില്‍ ഒന്നാണ് എടക്കല്‍ ഗുഹ എന്ന് ഡോ. കെ .കെ .എന്‍. കുറുപ്പിന്‍റെ ലേഖനത്തില്‍ പറയുന്നുണ്ട്. അകത്തെ ശിലാലിഖിതങ്ങള്‍, ഗുഹയുമായി ബന്ധപ്പെട്ട മറ്റുക്കാര്യങ്ങള്‍ , ആരാധനയുമായും അന്നത്തെ ജൈവ സാന്നിധ്യവുമായുള്ള ബന്ധം,, ആദിവാസികളും ഈ ഗുഹയുമായുള്ള ബന്ധം, പിന്നെ ഇതിനോട് അനുബന്ധിച്ച് നടത്തിയ ഗവേഷണങ്ങളും എല്ലാം ഡോ. കെ .കെ .എന്‍. കുറുപ്പിന്‍റെ പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. ഞാനത് കൂടുതല്‍ വായിച്ചറിയാന്‍ ശ്രമിക്കുന്നു.ഗുഹക്കകത്തെ പാറക്കെട്ടുകളില്‍ കൊത്തി വെച്ച രൂപങ്ങളില്‍ ഞാന്‍ പതുക്കെ തടവി നോക്കി. ഒന്നും മനസ്സിലായിട്ടല്ല. പക്ഷെ ഒരു ചരിത്രമാണിത്. യുഗങ്ങള്‍ പിന്നില്‍ സംഭവിച്ചു പോയത്. ഇതിലൂടെ കയ്യോടിക്കുമ്പോള്‍ എന്തെല്ലാമോ വികാരങ്ങള്‍ എന്‍റെ പിടിച്ചു കുലുക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് പഠിക്കാനും പറയാനും കാലം ബാക്കി വെച്ച അടയാളങ്ങള്‍. ഇനിയും എത്രയുണ്ട് അറിയാനും പറയാനും..? വലിയ രണ്ട് പാറകള്‍ക്ക് മീതെ വന്നടിഞ്ഞ വലിയൊരു പാറക്കെട്ട്. ഇതാണ് ഗുഹയുടെ രൂപം. ഈ പൈതൃക കാഴച്ചയോടു വിടപറഞ്ഞ് ഞങ്ങള്‍ ഗുഹക്കു പുറത്തിറങ്ങി. അമ്പുകുത്തി മലയുടെ മേലെ നിന്നും നോക്കുമ്പോള്‍ പച്ചയണിഞ്ഞ വയനാടന്‍ പ്രകൃതി കൂടുതല്‍ ആവേശം പകരുന്നു. അതുകൊണ്ട് തന്നെ ഈ വേനല്‍ ചൂടിനെ അറിയാതെ മറന്നു പോകുന്നു.

എഴുതിയാല്‍ തീരില്ല ദൈവം ഈ മലയിടുക്കുകളില്‍ ഒളിപ്പിച്ചു വെച്ച കാഴ്ച്ചയുടെ ലോകത്തെ പറ്റി. ചരിത്രവും വിനോദവും കൂടിച്ചേര്‍ന്നു സഞ്ചാരികള്‍ക്ക് ഇത്രയും വൈവിധ്യം നല്‍കാന്‍ കഴിയുന്ന മറ്റൊരു ജില്ലയില്ല കേരളത്തില്‍ എന്ന് നിശ്ശംശയം പറയാം. പക്ഷെ ഒരു കാര്യം സാന്ദര്‍ഭികമായി പറയട്ടെ, ഇതുവഴി പോകുന്നവര്‍ മുട്ടില്‍ യതീംഖാന സന്ദര്‍ശിക്കാതെ പോകരുത്. നിങ്ങളുടെ ഒരിറ്റു സ്നേഹവും കാത്ത് കഴിയുന്ന കുറെ അനാഥകുട്ടികള്‍ ഉണ്ടിവിടെ. അനാഥരെന്ന് അവരെ വിളിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. കാരണം ഒന്നിനും ഒരു കുറവും അവര്‍ക്കില്ല ഇവിടെ. സ്വന്തം മക്കളെ പോലെ ഇവരെ നോക്കി വളര്‍ത്തുന്ന കുറെ മനുഷ്യസ്നേഹികള്‍ ഉണ്ടിവിടെ. അവരുടെ സന്തോഷത്തിലേക്ക് സഹായങ്ങള്‍ എത്തിക്കുന്ന നല്ല മനസ്സുകളും ഉണ്ട് ലോകമാകെ. പക്ഷെ എത്ര കിട്ടിയാലും മതിയാവാത്ത ഒരു വികാരം, സ്നേഹം, അച്ഛന്‍റെയോ അമ്മയുടെയോ ഒരു സ്പര്‍ശനത്തിന് പകരമാവാന്‍ പറ്റില്ലെങ്കിലും ഒരു നിമിഷം അവരുടെ സന്തോഷത്തിന് കാരണക്കാരാവാന്‍ നമുക്ക് പറ്റിയെങ്കില്‍ തീര്‍ച്ചയായും അതൊരു പുണ്യമാണ്.

ഗുല്‍മോഹര്‍ തണല്‍ വിരിച്ച പ്രണയ തീരത്ത് ...!കണ്ണടച്ചിരുന്നോളൂ.. നമുക്കൊരു പ്രണയസ്വപ്നം കാണാം. ഇരുവശങ്ങളിലും ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തുനില്‍ക്കുന്ന ഒരു നാട്ടുവഴി. തൊട്ടരികില്‍ ഒരു പുഴയുണ്ട്. മലമേടുകളെ തഴുകി വരുന്ന നല്ല കുളിര്‍ക്കാറ്റുമുണ്ട്. ഇതുപോലൊരു സ്ഥലത്ത് പ്രണയിനിയുടെ കൈപിടിച്ച് കഥകള്‍ പറഞ്ഞു നീങ്ങുന്ന ഒരു സ്വപ്നം നിങ്ങളുടെ മനസ്സിലുണ്ടോ..? എങ്കില്‍ കണ്ണു തുറന്നോളൂ. നമ്മളിപ്പോള്‍ അവിടെയാണ്. "മായാര്‍ " എന്ന പ്രണയതീരത്ത്.ഈ ഉള്‍ഗ്രാമം എന്‍റെ പ്രണയ ചിന്തകളെയും ഭരിച്ചു തുടങ്ങിയിരിക്കുന്നു. നീലഗിരിയുടെ താഴ്വാരമാണിത്. നീലഗിരി കുന്നുകള്‍ തഴുകി വരുന്ന കാറ്റില്‍ കണ്ണടച്ചിരുന്ന് ഞാനുമൊരു സ്വപ്നത്തിലേക്ക് വഴുതി വീണു. പതിയെ ഒഴുകി മായാര്‍ പുഴ എനിക്ക് കൂട്ടിരുന്നു. പ്രണയ സ്വപ്നങ്ങള്‍ക്ക് മേല്‍ കുറെ ഗുല്‍മോഹര്‍ പൂക്കള്‍ അടര്‍ന്നു വീണു. ഗുല്‍മോഹര്‍ എന്ന വാക്കില്‍ തന്നെ പ്രണയമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രണയവും സ്വപ്നവും ഒക്കെ ഇവിടെ നിര്‍ത്താം. അല്ലെങ്കില്‍ ഹഫിയോട് സമാധാനം പറയാന്‍ ഞാന്‍ പഠിച്ച കള്ളങ്ങള്‍ മതിയാവില്ല.

ഇനി മായാറിന്‍റെ ചരിത്രത്തിലേക്ക് വരാം. ഒരു തമിഴ്‌നാടന്‍ ഗ്രാമം. പക്ഷെ ജനവാസം കുറവ്. മസിനഗുഡിയില്‍ നിന്നും വനപാതയിലൂടെ പോയാല്‍ ഇവിടെത്താം. കാടുകളില്‍ നിറയെ കൊന്ന പൂത്തു നില്‍ക്കുന്നു. വിഷുവിനെ സ്വീകരിക്കാന്‍ കാടുകളും ഒരുങ്ങിയിട്ടുണ്ട്. ഒരു കൊമ്പനും കുറച്ച് മയിലുകളും മാനുകളും പിന്നെ കുറെ വാനരസുഹൃത്തുകളും വഴിയരികില്‍ ലോഗ്യം പറയാന്‍ വന്നു. ഓടിയാല്‍ എവിടം വരെ എന്നൊരു പേടി ഉള്ളതുകൊണ്ട് കൊമ്പനെ ഞങ്ങള്‍ വല്ലാതെ പരിഗണിച്ചില്ല. എന്നാലും ഒരു ക്യാമറ ക്ലിക്കിന് ചെറിയ വിരോധത്തോടെ അവന്‍ നിന്നുതന്നു.വളരെ പണ്ട് ബ്രിട്ടീഷുക്കാര്‍ ഉണ്ടാക്കിയ ഒരു പവര്‍ ഹൗസ്സ് ആണ് മായാറിന്‍റെ പ്രത്യേകത. വളരെ താഴെ , മലയുടെ അടിഭാഗത്ത്‌ ആണ് ഇത് നിര്‍മ്മിച്ചത്.പ്രത്യേക റോപ് വേ വഴിയാണ് അവിടെ എത്തുക. കഴിഞ്ഞ തവണ അതിനടുത്തുവരെ പോവാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ തോക്ക് ഒക്കെയായി പോലീസ് കാവല്‍ ആണ്. മേലെ ഓഫീസില്‍ പോയി എ .ഈ. യുടെ അനുമതി വാങ്ങണം. അതറിയാതെ മുന്നോട്ട് നീങ്ങിയ ഞങ്ങളെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാണ്‌ വിശദീകരണം തേടിയത്. പക്ഷെ നാട് തെണ്ടാന്‍ ഇറങ്ങിയ പാവങ്ങള്‍ ആണ് എന്ന് തോന്നിയത് കൊണ്ട് അവര്‍ ഓഫീസില്‍ പോയി അനുവാദം വാങ്ങി വരാന്‍ പറഞ്ഞു. പക്ഷെ എന്തോ നടക്കില്ല എന്നൊരു തോന്നല്‍ എവിടെന്നോ വന്നു കയറി. പക്ഷെ ഒന്ന് ശ്രമിക്കുക പോലും ചെയ്യാത്തതില്‍ ഇപ്പോള്‍ നിരാശ തോന്നുന്നു.സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരെനിന്നും വരുന്നതാണ് മായര്‍ പുഴ. ഇതിന്‌ മുമ്പേ ഇതുപോലെ നാല് പവര്‍ ഹൌസുകള്‍ ഉണ്ട്. കുന്ത, കട്ടെരി, മറവകണ്ടി, പൈക്കര എന്നിങ്ങിനെ. പക്ഷെ ഒന്നും അടുത്തടുത്തല്ല. വിവിധ ജില്ലകളില്‍ ,വ്യത്യസ്തമായ ഭൂമിശാസ്ത്ര പ്രത്യേകതകളില്‍ ആണ് ഇവയെല്ലാം. മായാര്‍ നീലഗിരി ജില്ലയിലാണ്.

നീലഗിരി കുന്നുകള്‍ക്ക് പിറകിലേക്ക് മറയാന്‍ സൂര്യന് തിടുക്കം ഉള്ള പോലെ. ചെഞ്ചായം വീണ് മായാര്‍ പുഴ ചുവന്നു തുടുത്തിരിക്കുന്നു. അതേ വെളിച്ചം ഗുല്‍മോഹര്‍ പൂക്കളില്‍ വിതറുമ്പോള്‍ എന്തൊരു ഭംഗിയാണ്. കുറച്ചൂടെ കഴിഞ്ഞാല്‍ നിലാവ് ഉദിക്കും. പക്ഷെ സമയമില്ല. എനിക്കറിയണം എന്നുണ്ടായിരുന്നു നിലാ വെളിച്ചത്തിന് താഴെ ഈ ഗുല്‍മോഹറും പുഴയുമെല്ലാം എങ്ങിനെയിരിക്കുമെന്ന്. നല്ലൊരു അനുഭവം തന്നെ ആയിരിക്കണം അത്.

ഇവിടം വിടുമ്പോള്‍ കൂടെ ആ സ്വപ്നങ്ങളും നമ്മോടൊപ്പം ഉണ്ടെങ്കില്‍ നന്ദി പറയേണ്ടത് ഈ ഗുല്‍മോഹര്‍ പൂക്കളോടാണ്. തണല്‍ വിരിച്ച ഗുല്‍മോഹര്‍ മരങ്ങളോടും , കിന്നാരം പറഞ്ഞ മായാര്‍ പുഴയോടും കുളിരണിയിച്ച നീലഗിരി കാറ്റിനോടും തല്‍ക്കാലം ഞങ്ങള്‍ വിടപറയുന്നു. വീണ്ടും കാണാന്‍ കൊതിക്കുന്ന ഒരു സ്വപ്നം പോലെ , തുടരുന്ന യാത്രകളുടെ ഏതെങ്കിലും ഒരു യാമത്തില്‍ ഈ പ്രണയ തീരം തേടി ഞങ്ങള്‍ വീണ്ടും വന്നേക്കാം. അന്നും ഈ ഗുല്‍മോഹര്‍ പൂക്കള്‍ ഇങ്ങിനെ വാടാതെ നില്‍ക്കുമായിരിക്കും. ഒരു പുതിയ സ്വപ്നത്തിന് പൂക്കാലം തീര്‍ക്കാന്‍.