Wednesday, July 3, 2013

ഇടത്താവളങ്ങൾ


വഴിക്കടവിൽ നിന്നും ഒരു സുലൈമാനി കുടിച്ചാൽ പിന്നെ അടുത്ത സ്റ്റോപ്പ്‌ തുറപ്പള്ളിയാണ് . മിക്ക യാത്രകളിലും ഞങ്ങളുടെ ഇടത്താവളം ആയി വരാറുള്ള സ്ഥലം . അതുകൊണ്ട് തന്നെ വല്ലാത്തൊരു ആത്മബന്ധം തോന്നിയിട്ടുമുണ്ട് തുറപ്പള്ളിയോട് . ഞാനാലോചിക്കാറുണ്ട്  .  എന്തുകൊണ്ട് എന്‍റെ  ചെറിയ  കുറിപ്പുകളിൽ തുറപ്പള്ളി ഇത് വരെ പറയാതെ പോയി എന്ന് . 

ബന്ദിപൂർ വനപാതയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള സ്ഥലം . ചെറിയൊരു  അങ്ങാടി . രണ്ട് ഹോട്ടലും പെട്രോൾ പമ്പും ഓട്ടോ ഗാരേജും പള്ളിയും പിന്നെ ചെറിയ പെട്ടികടകളും ഉൾകൊള്ളുന്ന ചെറിയ സ്ഥലം . ഒരു ചെക്ക് പോസ്റ്റും ചിരപരിചിതരെ പോലെ തോന്നിക്കുന്ന രണ്ട് പൊലീസ്കാരും കാണും . രാത്രിയാണ് തിരിച്ചു വരുന്നതെങ്കിൽ കാണാം ഈ പോലീസുകാരുടെ തനിസ്വഭാവം . ഇവിടെ ഇറങ്ങി റോഡ്‌ സൈഡിൽ നിന്ന് തന്നെ ചൂടുള്ള ഒരു ചായ കുടിക്കാൻ എന്ത് രസമാണ് . മുളക് ബജിയുമായി ഒരമ്മ എപ്പോഴും കാണും ഇവിടെ . രുചിയുള്ള  മുളക് ബജി കഴിക്കാമെങ്കിലും ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല അവരെ . പക്ഷേ ചിരിക്കാതെ ചിരിക്കുന്നൊരു മുഖം അവരോട് ഒരിഷ്ടം തോന്നിക്കും . അത് കഴിഞ്ഞാൽ ആ പെട്ടിക്കടയിൽ നിന്നും റോജയും കൂട്ടി ഒന്ന് മുറുക്കൽ പതിവാണ് . അതും വായിലിട്ട് ഏതെങ്കിലും ഒരു കടയുടെ മുന്നിൽ അലസമായി ഇരിക്കാം . യാത്രപോകുന്നവരെ ഇങ്ങിനെ നോക്കിയിരിക്കാൻ എനിക്കേറെ ഇഷ്ടമാണ് . സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഏതെല്ലാം ദിക്കുകളിലേക്കായിരിക്കും അവരൊക്കെ നീങ്ങുന്നത്‌ . യാത്രക്കാരുടെ മുഖത്തായിരിക്കാം ഏറ്റവും സന്തോഷം കാണുക . ഈ യാത്രയിൽ കിലോമീറ്ററകളോളം അവരെ പിന്തുടരുന്ന ഭാവം എന്തായിരിക്കുമെന്ന് എനിക്കറിയാം  . ഈ ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാൽ ബന്ദിപ്പൂർ വനമായി . വഴിയരികിൽ മുളയൊടിക്കുന്ന ഒരു കൊമ്പൻ അവരെ പേടിപ്പെടുത്തും . അപ്പോൾ ഭയം വിരിയും . കാട് കഴിഞ്ഞാൽ വിരിഞ്ഞു നിൽകുന്ന സൂര്യകാന്തി തോപ്പുകൾ കാണാം . അപ്പോൾ മുഖത്ത് സന്തോഷം വിരിയും . തൊട്ടടുത്ത നിമിഷം ആവുന്നതിലും കൂടുതൽ ഭാരവും വലിച്ച് രണ്ട് കാളകൾ നീങ്ങുന്നത്‌ കാണാം . അവരുടെ മുഖത്ത് അപ്പോൾ വിരിയുന്ന ഭാവം ദുഃഖമാവില്ലേ ? അതുകഴിഞ്ഞാൽ വഴിയരികിൽ ഇളനീർ വെട്ടി വിൽക്കുന്നവരെ കാണും . നെറ്റിയിലെ വിയർപ്പ്‌ തുടച്ച് നിങ്ങൾ നൽകുന്ന പത്ത് രൂപ വാങ്ങുന്ന ശോഷിച്ച കൈകൾ നിങ്ങളിൽ ഒരു ദയനീയ ഭാവം വിരിയിക്കും .  ഉടനെ ആൽമരത്തിൽ നിന്നും ഊർന്നിറങ്ങുന്ന വാനരന്മാർ ആശ്ചര്യം നൽകും . ഇങ്ങിനെ ദുഃഖം സന്തോഷവും പേടിയും നിസ്സഹായതയും എല്ലാം കൂടിച്ചേർന്നതാണല്ലോ ഓരോ യാത്രയും . അവർ യാത്ര തുടരട്ടെ . ഞാൻ തുറപ്പള്ളിയിലെ ആ ബെഞ്ചിലേക്ക് തന്നെ തിരിച്ചു വന്ന്  ബാക്കി പറയട്ടെ . ഒരിക്കൽ രാത്രി ബന്ദിപൂർ വനത്തിൽ വെച്ച് വണ്ടി കേടായി പതുക്കെ ഓടിച്ച് തുറപ്പള്ളി എത്തിയപ്പോൾ ഒരൊറ്റ കട തുറന്നിട്ടില്ല . ആനക്കൂട്ടം രാത്രിയിൽ  ഇപ്പോൾ ഇവിടേക്കും ഇറങ്ങുന്നുവത്രേ . പതുക്കെ വണ്ടി ഓടിക്കുമ്പോൾ ഞങ്ങൾ കണ്ടതാണ് അത് . ഗട്ടറിൽ ചാടി വല്ലാത്തൊരു ശബ്ദവുമായി ഓടുന്ന വണ്ടി . കാടിന്‍റെ നിശബ്ദതക്ക് ഭീഷണി യാലും കാട്ടുമൃഗങ്ങൾക്ക് പ്രകോപനം ആവരുതേ എന്നൊരു പ്രാർത്ഥനയേ ഉള്ളൂ .   നന്നായി പേടിച്ചൊരു യാത്ര . മുളകൾ തൂമ്പ് പൊട്ടിയ സമയമായത്‌ കൊണ്ടാവാം ധാരാളം ആനകളെയും കാണാം . രാത്രി ഒമ്പത് മണിക്ക് ശേഷം റോഡ്‌ തുറന്നുകൊടുക്കില്ല . കോടതി വിധിയാണ് . അതുകൊണ്ട് വാഹനങ്ങളും കുറഞ്ഞു വരുന്നു . ഒരു പാണ്ടിലോറിക്കാരൻ പതുക്കെ ഞങ്ങളുടെ മുന്നിലൂടെ ഓടിച്ചത് കൊണ്ടാണ് അപകടം ഇല്ലാതെ പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു . ആ സ്നേഹത്തിന് പകരമായി നീട്ടിയ നോട്ടുകൾ അയാൾ സ്വീകരിച്ചില്ല . വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി മനോഹരമായി ചിരിച്ചു . ഞങ്ങൾ സുരക്ഷിതമായി തുറപ്പള്ളി എത്തിയപ്പോൾ ആക്സിലേറ്റർ നീട്ടി ചവിട്ടി കാടിന്‍റെ ഇരുളിലൂടെ ആ ലോറി പാഞ്ഞുപ്പോയി .

രാത്രി ഒരു പഞ്ചർ അടക്കുന്ന ആളുടെ വീട് തപ്പി കണ്ടുപിടിച്ച് വിളിച്ചു വന്നു . അയാൾക്കൊരു പരിഭവവും തോന്നിയില്ല . സന്തോഷത്തോടെ വണ്ടിയുടെ കേട് തീർത്തുതന്നു . ഒരു തമിഴ് പാട്ടും മൂളി അയാൾ തിരിച്ചു പോയി . തിരിച്ച് കാറിൽ കയറുമ്പോൾ ഒന്നൂടെ തിരിഞ്ഞു നോക്കി . പെട്രോൾ പമ്പിലെ മങ്ങിയ വെളിച്ചത്തിനുമപ്പുറം ബന്ദിപ്പൂർ വനം തുറിച്ചു നോക്കുന്നു .  തുറപ്പള്ളി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഇടത്താവളം തണുപ്പിനെ വാരിപുണർന്ന്  ഉറങ്ങാൻ ഒരുങ്ങുന്നു .  എല്ലാം കഴിഞ്ഞ് വീടെത്തുമ്പോൾ രാത്രി മൂന്ന് മണി . കോഴിക്കോട് പോവാണ് എന്ന് പറഞ്ഞ് ഗുണ്ടൽ പേട്ട പോയി വന്ന സത്യസന്ധനായ മകനോടുള്ള സ്നേഹം ഉമ്മ ഒരടിയിലൂടെ തീർത്തു . പക്ഷേ ആ അടി എനിക്കിഷ്ടായി . കാരണം കാലങ്ങൾക്ക് ശേഷമാണ് ഉമ്മയുടെ അടി കൊള്ളുന്നത്‌ . അതിൽ സ്നേഹമുണ്ടായിരുന്നു . തുറപ്പള്ളിയിലെ ആ അമ്മയുടെ മുളകുബാജി പോലെ എരുവുള്ള മധുരമായി ആ അടിയിലെ സ്നേഹം ഞാൻ ഏറ്റുവാങ്ങി .