വെള്ളിയാഴ്ചകളില്‍ നിന്നും മറ്റൊരു വെള്ളിയാഴ്ച്ചകളിലെക്കുള്ള ദൂരം വളരെ കുറയുന്നു. ഇന്നലെ തന്നെയല്ലേ ജുമാ കഴിഞ്ഞ് ഒരു ബിരിയാണിയും കഴിച്ച് ഇങ്ങിനെ കിടന്നത്. ഒരുതരം യാന്ത്രികമായ ഒഴുക്ക്. പുതിയ സാഹചര്യവുമായി ഇണങ്ങിചേരാന്‍
മനസ്സ് ഇത് വേറെ തയ്യാറായിട്ടില്ലല്ലോ . ഇനിയും ഇങ്ങിനെ കിടന്നാല്‍ ചിന്തകള്‍ കാടുകയറി വട്ടു പിടിക്കും. ഇറങ്ങി നടന്നു. ഫ്ലാറ്റിന്‍റെ മുന്നിലെ ചെറിയ മൈതാനത്ത് എത്ര പ്രാവിന്‍ കൂട്ടങ്ങളാണ്. വെളുത്തതും തവിട്ടു നിറത്തിലും കുറെയെണ്ണം. അവര്‍ തമ്മില്‍ തൊലിനിറത്തിന്‍റെ പേരില്‍ വഴക്കൊന്നും ഇല്ല. എല്ലാരും നല്ല സന്തോഷത്തില്‍ ആണ്. തൊട്ടപ്പുറത്തെ സൂക്കിലെ ഒരു കാവല്‍കാരന്‍ ആണ് ഇവരുടെ അന്നദാതാവ്. പ്ലാസ്റ്റിക്ക് കവറില്‍ നിന്നും വാരി അയാള്‍ എറിഞ്ഞു കൊടുക്കുന്ന ഗോതമ്പ് മണികള്‍ അവ കൊത്തിപെറുക്കുന്നത് കാണാന്‍ നല്ല കൌതുകമാണ്. . .. പിന്നെ എല്ലാവരും കൂടി ഒന്നിച്ചു പറന്നുയരും. അതിരുകളില്ലാത്ത അവരുടെ ആകാശത്ത് ചുറ്റിനടക്കും. വാനവും ഭൂമിയും അവര്‍ക്ക് സ്വന്തമാണല്ലോ. ബംഗാളിയായ കാവല്‍ക്കാരന്‍ അസീസിന്‍റെ കയ്യില്‍ നിന്നും ഗോതമ്പ് മണികള്‍ വാങ്ങി ഞാനും വീശിയെറിഞ്ഞു മൈതാനത്തേക്ക്.. പതുക്കെ പറന്നിറങ്ങി കുണുങ്ങി കുണുങ്ങി നടന്നു വന്ന് അവ കൊത്തി പെറുക്കുന്നതും നോക്കി ഞാനിരുന്നു. സുന്ദരികളും സുന്ദരന്മാരും.
കര്‍ട്ടന്‍ നീക്കിയാല്‍ പബ്ലിക് ബസ് സ്റ്റേഷന്‍ കാണാം താഴെ. തിരക്കിയും തിരക്കില്ലാതെയും പായുന്ന മനുഷ്യര്‍. വിത്യസ്തമായ മുഖഭാവം. ഓരോലക്ഷ്യത്തിലേക്ക് നീങ്ങുന്നവര്‍. , പക്ഷെ ആത്യന്തികമായി ജീവിതം എന്ന ലക്ഷ്യം തന്നെ. ഒരു ചെറിയ ലോകം തന്നെയാണ് ഇവിടെ. എനിക്ക് നോക്കിയാല്‍ കുറെ രാജ്യക്കാരെ കാണാം. ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും അഫ്രിക്കക്കാരും എല്ലാമുണ്ട്. രൂപത്തില്‍ അവരെല്ലാം വിത്യസ്തമാണ്. പക്ഷെ മുഖത്തെ വികാരങ്ങള്‍ക്ക് അതില്ല താനും. ഒരു ബസ് വന്ന് നില്‍ക്കുമ്പോള്‍ ഞാനാദ്യം എന്ന് കരുതി ഓടുന്നവര്‍.., ചിലര്‍ വഴിമാറി കൊടുക്കുന്നു, ജയിക്കുന്നവര്‍, തോല്‍ക്കുന്നവര്‍, തോറ്റു കൊടുക്കുന്നവര്‍ . ഒരു സീറ്റിനു വേണ്ടിയുള്ള ഓട്ടം കാണിക്കുന്നത് ജീവിത ദര്‍ശനത്തെ തന്നെ. പള്ളി മിനാരത്തിന്‍റെ മുകളില്‍ വന്ന് നില്‍ക്കുന്നു സൂര്യന്‍. .. ഒരു പകല്‍ കൂടി അസ്തമിക്കുകയാണ്.
അറബ് നാട്ടിലെ എല്ലാ കടലോരത്തിനും ഒരേ സ്വഭാവമാണ്. ഇവിടെ വീശുന്ന കാറ്റിന് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു തരം മാന്ത്രികതയുണ്ട്. ദുബായ് അബ്രയിലും , ഷാര്‍ജ കോര്‍ണിഷിലും ബഹ്റൈനിലെ സെല്ലാക്കിലും ഒക്കെ അനുഭവിച്ച അതേ സുഖം. ഇന്നിപ്പോള്‍ ഇവിടെ ദോഹ കോര്‍ണിഷിലും. ചെറുതായി ഇളകുന്ന തിരകള്‍ക്കൊപ്പം അലിഞ്ഞു പോകുന്നത് കുഞ്ഞു കുഞ്ഞു വിഷമങ്ങള്‍ ആണ്. ഗൃഹാതുരത്വത്തെ ഏറ്റവും നന്നായി ഓര്‍ക്കാനും അത് അതേ പോലെ ഉരുക്കിക്കളയാനും ഇതിനേക്കാള്‍ നല്ല സ്ഥലമില്ല. വര്‍ണ്ണ വെളിച്ചം വിതറി കുറെ ജലനൗകകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
"അര മണിക്കൂറിന് മുപ്പത് റിയാല്‍. ... വാ ഒന്ന് കറങ്ങി വരാം ". കൂടെയുള്ളവര്‍ പോയി ഒരു ബോട്ടും ഏര്‍പ്പാടാക്കി വന്നു. കാതടപ്പിക്കുന്ന ഇംഗ്ലിഷ് സംഗീതം. ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒരു അടിപൊളി ഹിന്ദി പാട്ടിലേക്ക് മാറി. ഒരു പക്ഷെ അവനു കിട്ടുന്ന കസ്റ്റമേഴ്സ് ഇതൊക്കെയാവും ഇഷ്ടപ്പെടുക."പക്ഷെ എന്‍റെ ബംഗാളി സ്രാങ്കെ,ഞാനിരിക്കുന്നത് നിന്‍റെയീ ലോകത്തൊന്നും അല്ല ട്ടോ. എണ്ണയിട്ടു മിനുക്കിയ നല്ല നാടന്‍ തോണിയില്‍ ആണ്. അതൊഴുകുന്നത് ഈ കടലിലൂടെയല്ല..ഞങ്ങളുടെ ചാലിയാറിലൂടെയാണ്. കേള്‍ക്കുന്നത് നിന്‍റെയീ പേടിപ്പെടുത്തുന്ന ഫ്യൂഷന്‍ സംഗീതമല്ല, ഹൃദയത്തില്‍ ലഹരി പടര്‍ത്തുന്നൊരു മാപ്പിളപ്പാട്ടിന്‍റെ ഈണമാണ്. ഈ രണ്ടുക്കരയിലും കാണുന്നത് വന്‍ കെട്ടിടങ്ങള്‍ ആണ്. പക്ഷെ എന്‍റെ മനസ്സില്‍ അതെല്ലാം തെങ്ങും പ്ലാവും ഗുല്‍മോഹറും തുടങ്ങി കുറെ മരങ്ങളാണ്. അവിടത്തെ നിലാവിന് പകരം വെക്കാനാവുമോ ഈ കൃത്രിമ വെളിച്ചത്തിന്. ഇല്ല. എന്നാലും സുഹൃത്തേ.. ഈ യാത്ര തന്നെയാണ് എന്നെ ആ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയത്. അതിനെന്‍റെ നന്ദി അറിയിക്കുന്നു .
രാത്രി ഷഹാനിയയില്‍ എത്തി. ക്യാമല്‍ റേസ് നടക്കുന്ന സ്ഥലം. നാട്ടുക്കാരന്‍ കേസി ഈ ലോകത്തെ പരിചയപ്പെടുത്തി. ഒരു റേസിനുള്ള ഒരുക്കം മുതല്‍ ഒട്ടകങ്ങളുടെ പരിപാലനം വരെ. മില്ല്യന്‍ ഡോളറിന്‍റെ കളികള്‍. . . ഒരു റൂമില്‍ കുറെ സുഡാനികള്‍ ഇരുന്ന് കുബൂസും ഇറച്ചിക്കറിയും കഴിക്കുന്നു.റേസിനു വേണ്ടി ഒട്ടകങ്ങളെ പരിശീലിപ്പിക്കുന്നവര്‍ ആണിവര്‍. ഞാന്‍ പേര് ചോദിച്ചു. പാത്രത്തില്‍ നിന്നും കണ്ണെടുക്കാതെ അവര്‍ പേരുകള്‍ പറഞ്ഞു. ഓര്‍ക്കണം എന്ന് തോന്നിയില്ല എനിക്ക്. മറവിയാണ് ചിലപ്പോള്‍ നല്ലത്. എല്ലാം നിര്‍വികാരമായ മുഖങ്ങള്‍. . മാന്യമായ വേതനം ഇവര്‍ക്ക് കിട്ടുന്നു എന്ന് മനസ്സിലായി. സന്തോഷിക്കുന്ന ഒരു കുടുംബം ഉണ്ടല്ലോ എന്ന ചിന്തയെങ്കിലും വര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടാവനം. മുമ്പ് കുട്ടികള്‍ ആയിരുന്നു ഒട്ടകത്തിന്‍റെ ജോക്കി ആയി ഉണ്ടായിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം റോബോട്ടുകള്‍ ആ സ്ഥാനം ഏറ്റെടുത്തു. കൂനിമേല്‍ അതും വെച്ച് നടന്ന് നീങ്ങുന്ന കുറെ ഒട്ടകങ്ങളെ കണ്ടു. പുറത്ത് കൂട്ടില്‍ കുറെ ഒട്ടകങ്ങള്‍ ഉണ്ട്. സാധാരണ അവിടേക്ക് പുറത്തുള്ളവരെ കടത്തി വിടില്ല. കാരണം റേസില്‍ പങ്കെടുക്കുന്ന ഒട്ടകങ്ങള്‍ക്കു മറ്റ് ഒട്ടകത്തിന്‍റെ ഉടമകള്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി നല്‍കുമോ എന്ന ഭയമാണ്. പക്ഷെ ഞങ്ങള്‍ അടുത്ത് ചെന്നു. എന്ത് പാവമാണ് ഇവ. മുഖത്ത് തടവുമ്പോള്‍ നമ്മിലേക്ക് കൂടുതല്‍ ചേരുന്നു. സ്നേഹം കൊതിക്കാത്തവര്‍ ആരാണുള്ളത്. അടുത്ത റെയ്സിന് നീ ഒന്നാമാതാവണം ട്ടോ എന്ന് പറഞ്ഞ് ഞാന്‍ മുറിയിലേക്ക് കയറി.
കേസിയും കൂട്ടരും നല്ല ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട്. "ഒട്ടകത്തിന്‍റെ ബിരിയാണി ആണ് ട്ടോ . തട്ടിക്കോ" . പ്ലേറ്റിലേക്ക് നീട്ടിയ കൈ ഞാന്‍ അറിയാതെ പിന്‍വലിച്ചു. കുറച്ച് മുമ്പ് എന്‍റെ കവിളില്‍ ചേര്‍ന്നു നിന്നത് ഇതുപോലൊരു ഒട്ടകം തന്നെയല്ലേ. ഒരു പക്ഷെ നാളെ ഞാനിത് കഴിച്ചെന്നു വരും. പക്ഷെ ഈ നിമിഷം. അതെനിക്ക് പറ്റില്ല. ആദ്യമായി ഒരു ഭക്ഷണത്തിന്‍റെ മുന്നില്‍ നിന്നും ഞാന്‍ ഇറങ്ങി നടന്നു. ഷഹാനിയയിലെ നിലാവില്‍ കുറെ ഒട്ടകങ്ങള്‍ ചിരിക്കുന്നു. ഞാനും അവരോടൊപ്പം ചേര്‍ന്നു.
(ഖത്തറില്‍ വന്നിട്ട് മൂന്നു മാസമായി. എന്തെങ്കിലും ഒന്ന് പറഞ്ഞില്ലേല്‍ ഖത്തര്‍ പിണങ്ങിയാലോ )
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തു