Thursday, December 1, 2011

ഇന്ന് പെയ്ത മഴ തന്നത് ..!കുറെ കാലത്തിന് ശേഷം വീണ്ടും മഴ നനഞ്ഞു. ഇവിടെ ബഹറിനില്‍ നല്ല മഴ. ഇപ്പോള്‍ തോന്നുന്ന വികാരങ്ങളെ വരികളാക്കാതെ പറ്റില്ല എനിക്ക്. കാരണം പറഞ്ഞാലും തീരാത്ത പ്രണയമാണ് എനിക്ക് മഴയോട്. ഒരിക്കല്‍ എഴുതിയിരുന്നു, "മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാവില്ല. മനസ്സിലെ പ്രണയം പെയ്ത് തീരുകയും ഇല്ല" എന്ന്. മഴത്തുള്ളികള്‍ വന്ന് വീഴുന്നത് വരണ്ടുണങ്ങിയ ഈ മണ്ണില്‍ മാത്രമല്ലല്ലോ , മനസ്സിലേക്ക് കൂടിയല്ലേ. നല്ല തണുപ്പും. എന്തുകൊണ്ട് ഈ മഴയേയും തണുപ്പിനെയും ഇങ്ങിനെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ ഞാന്‍ ബുദ്ധിമുട്ടും. എന്നാലും വ്യത്യസ്തമായ കുറെ മഴ ആസ്വാദനത്തെ കുറിച്ച് പറയാമല്ലോ.ഴ മേഘങ്ങള്‍ കൂടി അന്തരീക്ഷം ആകെ ഇരുണ്ടിട്ടുണ്ട്. പക്ഷെ സമയം നാല് മണിപോലും ആയിട്ടില്ല. ഈ ഇരുട്ടിന് എന്തോ ഒരു ശോക ഭാവമാണ് എനിക്ക് തോന്നുന്നത്. ചുറ്റും തെങ്ങുകളും മാവും മറ്റു വൃക്ഷങ്ങളും നിറഞ്ഞ തറവാടിന്റെ കോലായില്‍ ഒറ്റക്കിരിക്കുമ്പോള്‍ മൂടിക്കെട്ടിയ ഈ അന്തരീക്ഷം ആസ്വദിക്കുന്നത് രസകരം തന്നെ. പിന്നെ മഴ പെയ്തു തുടങ്ങി. തകര്‍പ്പന്‍ മഴ. വാഴയിലയില്‍ ശബ്ദത്തോടെ വീണ്‌ വെള്ളം ഒലിച്ചിറങ്ങുന്നു . മരങ്ങളെ ആട്ടിയുലച്ച് കാറ്റും വീശുന്നുണ്ട്. കാറ്റും മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൂടി ഭീകരമായ ഒരവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇതെന്നെ പേടിപ്പെടുത്തുന്നില്ല. പകരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിലേക്ക് നയിക്കുന്നു. കൂട്ടിന് ആരും ഇല്ലാതെ പോയതാണോ അതോ ഒരു കൂട്ടിന്റെ കുറവാണോ ഈ സമയത്തിന്റെ ഭംഗി. രണ്ടുമാവാം. മനസ്സിപ്പോള്‍ സഞ്ചരിക്കുന്നത് യാഥാര്‍ത്യ ലോകം വിട്ട്‌ കാല്പനികമായ ഒരു പ്രപഞ്ചത്തിലൂടെയാണ്. അതില്‍ പ്രണയമുണ്ടാവാം , രതിയുണ്ടാവാം , സ്വപ്നത്തിനുമാത്രം അവകാശപ്പെടാവുന്ന നിറങ്ങളുമുണ്ടാവാം. പക്ഷെ വന്യമായ ഈ മഴ തോരുന്നതോടെ പറന്നുപോകും ഈ ഭാവനാലോകം.രക്കൊപ്പം വളര്‍ന്നുനില്‍ക്കുന്ന നെല്‍കൃഷി. വിശാലമായ പാടത്തിന് നടുവില്‍ പണിക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കെട്ടിപ്പൊക്കിയ കളപ്പുര. വൈകുന്നേരങ്ങളില്‍ ഇവിടെയിരിക്കാന്‍ നല്ല ഹരമാണ്. തത്തകളും പ്രാവുകളും പറന്നുല്ലസിക്കുന്ന പാടത്ത് , പതുക്കെ കാറ്റിലാടുന്ന പച്ചയണിഞ്ഞ നെല്‍ കൃഷികള്‍ നൃത്തം ചെയ്യുന്നതും നോക്കിയിരിക്കുന്നത് എന്തൊരു രസമായിരുന്നു. ഇതോടൊപ്പം ഒരു മഴ കൂടി വന്ന് ചേര്‍ന്നാലോ. മഴയുടെ വരവും അറിയിച്ചുകൊണ്ട്‌ ഒരു പടിഞ്ഞാറന്‍ കാറ്റ് വീശി. അതറിഞ്ഞിട്ടെന്നോണം കിളികള്‍ പറന്നകന്നു. കാറ്റിന് പിറകെ മഴയെത്തി. കളപ്പുരയിലേക്ക് ഓടിക്കയറി. കൂടേ ഒന്ന് രണ്ട് പണിക്കാരും. പാള തൊപ്പി ഊരിവെച്ച് , മടിക്കുത്തില്‍ നിന്നും വെറ്റിലയെടുത്ത് മുറുക്കാനുള്ള ഒരുക്കം കൂട്ടി നല്ലംപെരവന്‍ ആത്മഗതം പറഞ്ഞു. "ഇപ്പോഴൊന്നും ചോരുന്ന മട്ടില്ല ".
എനിക്ക് സന്തോഷമായി. നെല്‍കതിരുകള്‍ മഴനൃത്തമാടുകയാണ്. അതാസ്വദിച്ച് ഞാനും. ഓലകൊണ്ട് മറച്ച കളപ്പുരയുടെ അരികിലൂടെ തണുത്ത കാറ്റും ഒപ്പം കൂടേ വരുന്ന മഴത്തുള്ളികളും. തണുത്ത് വിറക്കുന്നല്ലോ.രു മാറ്റവുമില്ല. ഓര്‍മ്മചിത്രങ്ങള്‍ക്ക് മറവിയുടെ ക്ലാവ് പിടിക്കാതിരിക്കാന്‍ അതുപോലെ തന്നെയുണ്ട്‌ ഈ സ്കൂള്‍. തലമുറകള്‍ മാറിമാറി അക്ഷരാഭ്യാസത്തിന്റെ സുകൃതം നുണഞ്ഞിട്ടും, കാലചക്രം ഒരുപാട് തിരിഞ്ഞിട്ടും ഈ വിദ്യാലയം അന്നും ഇന്നും ഒരുപോലെ. സ്കൂളിലേക്ക് കയറുന്ന കല്പടവുകള്‍ക്ക് പോലും തേയ്മാനം വന്നിട്ടില്ലെങ്കില്‍ പിന്നെ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഓടി ഞാനും ഈ കല്‍പടവുകള്‍ കയറുകയാണ്. കയറി കയറി പോകുന്നത് വര്‍ഷങ്ങള്‍ പിറകിലോട്ട് ആണെന്നുമാത്രം. സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക്‌ തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.
കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി കളയാന്‍ അവരുമുണ്ടല്ലോ എന്നോടൊപ്പം. ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ. ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍ മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ . മലബാര്‍ എക്സ്പ്രസ് വരാന്‍ ഇനിയും സമയമെടുക്കും. കയ്യിലിരിക്കുന്ന പുസ്തകം വായിക്കണോ അതോ പരക്കം പായുന്ന ആള്‍ക്കാരുടെ മുഖഭാവം വായിക്കണോ എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ , രണ്ടിനും അവസരം നല്‍കാതെ മഴയെത്തി. തണുത്തുറഞ്ഞ മരത്തിന്റെ ബെഞ്ചിലിരുന്ന് പാളത്തിലേക്ക് പെയ്തിറങ്ങുന്ന മഴയും ഏറെ ഭംഗിയുള്ള കാഴ്ച്ച തന്നെ. പ്രകൃതി ഒരുക്കിയ കുളിയും കഴിഞ്ഞ് നിറമുള്ള ബോഗികളുമായി മലബാര്‍ എക്പ്രസ് കിതച്ചെത്തി. ഓരോ പ്രദേശങ്ങളിലും പെയ്യുന്ന മഴയുടെ ഭംഗി ട്രെയിനിന്റെ വിന്‍ഡോയിലൂടെ നോക്കികാണ്ട് ഈ മഴയാത്ര അവിസ്മരണീയമാണ്. ഫറോക്ക് പാലത്തിന്റെ മുകളിലൂടെ നീങ്ങുമ്പോള്‍ താഴെ പുഴയില്‍ മഴ പെയ്യുന്നു. തൊപ്പിക്കുട തലയില്‍ ഇട്ട്‌ ഒരു ചെറുവഞ്ചിയില്‍ ഒരാള്‍ തുഴഞ്ഞു നീങ്ങുന്നു. മീന്‍ പിടിക്കുകയാവും. ഞാന്‍ മഴയോടൊപ്പം ആ കാഴ്ച്ച ആസ്വദിക്കുമ്പോള്‍ അയാള്‍ ശപിക്കുകയായിരിക്കും മഴയെ. ഇന്നത്തെ അന്നത്തെ ബുദ്ധിമുട്ടിച്ച നശിച്ച മഴയെന്ന്.യാനകമായ കാടിന്റെ നിശബ്ധതയിലേക്ക് പെയ്യുന്ന മഴയെ അറിഞ്ഞുട്ടുണ്ടോ..? ശിരുവാണി കാടുകള്‍ ആദ്യമായി അത്തരം ഒരു അനുഭവം ഒരുക്കി. അപ്പോള്‍ പാട്ടിയാര്‍ ബംഗ്ലാവിന് ഒരു പ്രേത കോട്ടയുടെ മുഖമായിരുന്നു. പണ്ട് ഡിറ്റക്ടീവ് നോവലുകളിലോക്കെ വായിച്ച ഭീകര കഥാപാത്രങ്ങള്‍ ചുറ്റും അട്ടഹസിക്കുന്ന പോലെ. പൊതുവേ വെളിച്ചം കുറഞ്ഞ കാട്ടില്‍ ഒരു മഴയുടെ അകമ്പടി കൂടി ആയപ്പോള്‍ ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ ബംഗ്ലാവ് ശരിക്കും ഒരു പ്രേതഭവനം പോലെ തന്നെ. പക്ഷെ ഇത്തിരി ഭയം തോന്നിയെങ്കിലും ഈ അനുഭവത്തെയും ഞാന്‍ ചേര്‍ത്ത് വെക്കുന്നത് പ്രിയപ്പെട്ടൊരു മഴക്കാഴ്ച്ചയുടെ ആല്‍ബത്തിലേക്ക് തന്നെയാണ്. നിഗൂഡതകള്‍ പൊതിഞ്ഞൊരു സുഖമുള്ള അനുഭവം.തിരക്കിട്ട് തിരിച്ചുവരുന്ന ബോട്ടുകളും ചെറുവഞ്ചികളും. അവര്‍ക്കറിയാം കടലിന്റെയും ആകാശത്തിന്റെയും മാറിവരുന്ന സ്വഭാവം. വൈകിയില്ല. വലിയ തിരമാലകള്‍ക്കൊപ്പം തകര്‍പ്പന്‍ മഴയുമെത്തി. കടലിലേക്ക്‌ പെയ്യുന്ന മഴ. ദൂരെ നങ്കൂരമിട്ടിരുന്ന ആ കപ്പല്‍ മഴ മറച്ചു. പഴയ പ്രതാപത്തിന്റെ ദ്രവിച്ച സ്മാരകമായി ഏതാനും തൂണുകളുമായി നില്‍ക്കുന്ന കോഴിക്കോട്ടെ കടല്‍പ്പാലം. അതിന്റെ താഴെ മഴ നനഞ്ഞ് പന്ത് കളിക്കുന്ന കുട്ടികള്‍. ഓടിച്ചെന്ന് അവരിലൊരാളായി കൂടിയാലോ .? ഉപ്പിലിട്ട നെല്ലിക്ക വില്‍ക്കുന്ന പെട്ടികടക്കാരന്റെ വണ്ടിയോട് ചേര്‍ന്ന് പകുതി നനഞ്ഞും പകുതി നനയാതെയും ഞങ്ങള്‍ നിന്നു. ഈ മഴയിലും ബീച്ചിലെ ബെഞ്ചില്‍ ഒരു കുടക്കീഴിലിരിക്കുന്ന പ്രണയ ജോഡികള്‍. ഒരുപക്ഷെ അവരുടെ പ്രണയ ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം മഴയോട് ചേര്‍ന്നുള്ള ഈ സല്ലാപം.തിരിച്ചു വരാം. മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല ഇവിടെ . പതിവില്ലാതെ പെയ്യുന്ന മഴയെ കാണാന്‍ ബാല്‍ക്കണിയില്‍ നിന്നും പലരും എത്തിനോക്കുന്നു. ആകാംഷയോടെ നോക്കുന്നവരില്‍ അധികവും കുട്ടികളാണ് . വീടിന്റെ മുറ്റത്ത്‌ നിറഞ്ഞ മഴവെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി കളിക്കുന്നതിന് പകരമാകുമോ അവരുടെ ഈ ജാലക കാഴ്ച്ചകള്‍ ...? ഇപ്പോള്‍ പെയ്യുന്ന ഈ മഴ എന്നെ കൂട്ടികൊണ്ടു പോകുന്നതും അതേ ഓര്‍മ്മകളിലേക്കാണ് മഴയില്‍ കുതിര്‍ന്ന എന്‍റെ ബാല്യത്തിലേക്ക് ..... ഒരുകുടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് പോകുന്നതും, പുസ്തകതാളുകള്‍ കീറി കടലാസ് വഞ്ചി ഉണ്ടാക്കുന്നതും തുടങ്ങി കുറെ മഴയനുഭവങ്ങള്‍ ..... ഇതെല്ലാം കൈമോശം വന്ന ബാല്യങ്ങളെ .......നിങ്ങള്‍ ക്ഷമിക്കുക. പകരം നല്‍കാന്‍ ഈ ഓര്‍മ്മകുറിപ്പുകളല്ലാതെ മറ്റൊന്നുമില്ലെനിക്ക് .
ഇനിയൊരിക്കല്‍ ഒരു മഴക്കാലത്ത് നാട്ടിലെത്തുമ്പോള്‍ തട്ടിന്‍പുറത്തെ തകരപ്പെട്ടിയില്‍ ‍ നിന്നും പഴയ നോട്ടുപുസ്തകത്തിന്റെ മങ്ങിയ താളുകള്‍ കീറി നിങ്ങള്‍ക്ക് കടലാസ് വഞ്ചി ഉണ്ടാക്കിത്തരാം . മുറ്റത്തെ മഴവെള്ളത്തിലൂടെ ഇളംകാറ്റില്‍ ആടിയുലഞ്ഞു പോകുന്ന ആ കടലാസ് വഞ്ചിയില്‍ കയറി ഒരു യാത്രയുമാവാം നമുക്ക്. ദൂരെ ദൂരെ ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ തീരത്തേക്ക്. അപ്പോള്‍ തിളങ്ങുന്ന നിങ്ങളുടെ കണ്ണുകളില്‍ ഞാന്‍ കാണും നഷ്ടപ്പെട്ടുപോയ എന്‍റെ ആ പഴയ ബാല്യം....

(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്നു.
സ്കൂള്‍ ഞങ്ങളുടെ സ്വന്തം തന്നെ)

Saturday, November 19, 2011

മഞ്ഞ് പുതച്ച വഴിയിലൂടെ"ഈ നാട്ടുവഴിയിലെ കാറ്റ് മൂളണ പാട്ട് കേട്ടില്ലേ " എന്ന മനോഹരമായ ഗാനം സ്റ്റീരിയോയില്‍ നിന്നും ഒഴുകി വരുന്നു. പക്ഷെ ഞങ്ങളിപ്പോള്‍ നാട്ടുവഴിയില്‍ അല്ലല്ലോ. കാട്ടുവഴിയിലല്ലേ. പക്ഷെ കാറ്റുണ്ട്. യാത്രയില്‍ വീശുന്ന കാറ്റിന് സംഗീതം കാണും. പറയാന്‍ കഥകളും കാണും. അതൊരുപക്ഷെ ഓര്‍മ്മകളുടെതാവാം, ചരിത്രത്തിന്റെതാവാം, സന്തോഷവും വിരഹവും അതില്‍ വന്നേക്കാം. പക്ഷെ വയനാടന്‍ ചുരത്തിന്റെ ഒമ്പതാം വളവില്‍ എനിക്കോര്‍ക്കാനുള്ളത് ഇതുവഴി മുമ്പ് പോയ ഒത്തിരി യാത്രകളുടെ സന്തോഷം തന്നെയാണ്.കോടമഞ്ഞ്‌ കാഴ്ച്ചകളെ പറ്റെ മറച്ചിട്ടുണ്ട്‌. നല്ല തണുപ്പും. ചൂടുള്ള ചായയും ഊതികുടിച്ച്‌ , മഞ്ഞു മറച്ച താഴ്വാരങ്ങളിലേക്ക് നോക്കി നില്‍ക്കാന്‍ നല്ല രസമുണ്ട്. പക്ഷെ ഇതൊരു ഇടത്താവളം മാത്രം. ഞങ്ങള്‍ക്ക് പോവേണ്ടത് മറ്റൊരു സ്ഥലത്തേക്കാണ്‌. ഇന്നൊരു ദിവസം വയനാടന്‍ പ്രകൃതിയോടൊപ്പം രമിച്ച് നാളെ ഗോപാല്‍സാമി ബേട്ടയിലേക്ക് പോവണം. ഗുണ്ടല്‍ പേട്ടയില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ പോയാല്‍ ഇവിടെയത്താം. മറ്റൊരു പ്രകൃതി വിസ്മയത്തിലേക്ക്.പതിവ് പോലെ ഇറങ്ങാന്‍ ഉച്ച കഴിയേണ്ടി വന്നു. ഈ വഴിക്കുള്ള യാത്ര രസകരമാണ്. കാടും കൃഷിയിടങ്ങളും മാറി മാറി വരും. എല്ലായിടത്തും നിര്‍ത്തി അതെല്ലാം ആസ്വദിച്ചാണ് ഞങ്ങള്‍ നീങ്ങുന്നത്‌. കാട്ടാനകള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ കെട്ടിയ ഏറുമാടങ്ങള്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. അതിലൊന്നില്‍ കയറിക്കൂടി പരിസരമൊക്കെ ഒന്ന് കാണണമെന്ന് എനിക്ക് നല്ല പൂതിയുണ്ടായിരുന്നു. പക്ഷെ പരിസരത്തൊന്നും ആരെയും കാണാത്തതിനാല്‍ ആ ആഗ്രഹം നടന്നില്ല.

കടന്ന് പോകുന്ന വഴികളിലെല്ലാം ഈ നാട്ടുക്കാരുടെ വിശ്വാസത്തിന്റെ അടയാളം കാണാം. വലിയ മരത്തിനു താഴെ ചെറിയ പ്രതിഷ്ഠകള്‍ . എന്റെ വിശ്വാസം മറ്റൊന്നെങ്കിലും ദൈവിമകായ ഇത്തരം അടയാളങ്ങള്‍ കാണിക്കുന്നത് മനുഷ്യരുടെ നല്ല വശങ്ങള്‍ തന്നെ. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും സന്തോഷം തോന്നും. കൃഷിയോടും മറ്റൊരു ദൈവികമായ കാഴ്ചപ്പാട് ഇവര്‍ക്ക്. ഗോപാല്‍സാമി ബേട്ടയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മൂന്നു നാല് ചെറിയ അമ്പലങ്ങള്‍ കണ്ടു.

രണ്ട് വശത്തും കാട്. അതിനു നടുവിലൂടെയുള്ള ചുരം കയറിയാല്‍ ഗോപാല്‍സാമി ബേട്ട എത്തി. ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഈ കാടുകളിലും വന്യ മൃഗങ്ങള്‍ ധാരാളം. ചുരം കയറുന്നതിനു മുമ്പ് താഴ്വാരത്ത് നല്ല തെളിച്ചമുള്ള കാലാവസ്ഥ ആയിരുന്നു എങ്കില്‍ മുകളില്‍ എത്തിയപ്പോള്‍ കഥ മാറി. കോടമഞ്ഞു കാരണം റോഡ്‌ തന്നെ കാണാനില്ല എന്ന അവസ്ഥ. പക്ഷെ ഞങ്ങള്‍ ബുദ്ധിമുട്ടി മുന്നോട്ട് തന്നെ നീങ്ങി. പക്ഷെ ഇവിടെത്തിയപ്പോള്‍ ചെറിയൊരു നിരാശ തോന്നുന്നു. തൊട്ടടുത്ത്‌ നില്‍ക്കുന്നവരെ പോലും കാണാന്‍ കഴിയാത്ത വിധത്തില്‍ കോടമഞ്ഞ്‌ നിറഞ്ഞിട്ടുണ്ട്‌. നിരാശ ആണെന്ന് പറയാന്‍ പറ്റില്ല. കാരണം മുമ്പിടെ വന്നപ്പോള്‍ നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. അന്ന് വിരുന്നൂട്ടിയ ആ പ്രകൃതി സൌന്ദര്യം തേടിയാണ് ഞങ്ങള്‍ വീണ്ടും വന്നത്. പക്ഷെ മഞ്ഞ് പുതച്ച ഈ പ്രകൃതിക്കും ഉണ്ട് ഭംഗി ഏറെ.കാഴ്ച്ചയുടെ സൌന്ദര്യവും ഭക്തിയുടെ നിറവും തേടി ഇവിടേയ്ക്ക് വരുന്നവര്‍ ഉണ്ട്. ഞങ്ങള്‍ വന്നത് പ്രകൃതിയെ അറിയാനായിരുന്നെങ്കിലും ഒരിക്കലും അവഗണിക്കാനാവില്ല ഇവിടെയുള്ള ഈ ക്ഷേത്രത്തെ.
"ഹിമവദ് ഗോപാല്‍സാമി ബേട്ട ക്ഷേത്രം". ഇതിന്റെ ഭംഗി , ശില്പ ചാരുത എല്ലാം എന്നെ വിസ്മയിപ്പിച്ചതാണ് പലപ്പോഴും. പക്ഷെ ഒരിക്കല്‍ പോലും അതിന്റെ ചരിത്രത്തിലേക്ക് എത്തി നോക്കാന്‍ പറ്റിയിട്ടില്ല എനിക്ക്. ആ വിഷമം ഇത്തവണ മാറി.

എനിക്ക് കൂട്ടിനു കിട്ടിയത് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനെ തന്നെയാണ്. ഗോപി സ്വാമി . ക്ഷേത്രവും അതിനോടനുബന്ധിച്ച കഥകളും വിശദമായി പറഞ്ഞു തന്നു സാമി. AD 1315 ല് ചോള രാജാക്കന്മാരില്‍ ഒരാള്‍ പണികഴിപ്പിച്ചത് ആണ് ഇത്. ആ രാജാവിന്റെ പേര് സാമി പറഞ്ഞു തന്നെങ്കിലും അത് ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് എന്റെ തെറ്റ്. എഴുപത്തിരണ്ട് കുളങ്ങള്‍ ഈ ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ട്. എല്ലാം കാട്ടിനകത്താണ്. അനുമതി കിട്ടില്ല പോവാന്‍ . ഓരോ കുളത്തിനും ഓരോ പേരും അതിന്റെ പിറകില്‍ ഓരോ കഥകളും ഉണ്ടത്രേ.

സന്താനലബ്ധിക്ക് വളരെ ഫലം ചെയ്യും ഇവിടെ പ്രാര്‍ഥിച്ചാല്‍. കൂടുതല്‍ പ്രാര്‍ഥനയും വഴിപ്പാടും നടക്കുന്നത് ആ വഴിക്കാണ്. അതിനു പിന്നിലും ഒരു കഥയുണ്ട്. അതും ഗോപി സ്വാമി പറഞ്ഞു തന്നിരുന്നു. പക്ഷെ ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് കൊണ്ട് ഒരു വിശ്വാസത്തിന്റെ പുറത്തുള്ള കാരണത്തെ അവ്യക്തമായി എഴുതാന്‍ പ്രയാസം തോന്നുന്നു.

വര്‍ഷങ്ങളില്‍ നടക്കുന്ന രഥോത്സവം ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. വളരെ വിപുലമായ രീതിയില്‍ ആണത്രേ ഇത് കൊണ്ടാടുന്നത്. ആ സീസണില്‍ വരണമെന്ന് ഗോപി സാമി സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എതെന്ന എന്റെ ചോദ്യത്തിനു രസകരമായാണ് അദ്ദേഹം മറുപടി തന്നത്.
"ഉങ്ക കേരളാവ് കൃഷ്ണന്‍ "
ശ്രീ കൃഷ്ണനെ അങ്ങിനെ കേരളത്തിന്‌ മാത്രമായി പതിച്ചു നല്‍കാന്‍ ഗോപി സ്വാമി തുനിഞ്ഞത് , ഗുരുവായൂര്‍ അമ്പലത്തിന്റെ പ്രസിദ്ധി കൊണ്ട് തന്നെയാവണം. മറ്റൊരു കാരണം ഇല്ലല്ലോ. പക്ഷെ ശ്രീകോവില്‍ വരെ കയറി കൃഷ്ണനെ കാണാന്‍ ഞാന്‍ നില്‍ക്കാഞ്ഞത് ഹൈന്ദവ വിശ്വാസങ്ങളോടുള്ള ബഹുമാനം കൊണ്ട് തന്നെ. അവിടത്തെ സാഹചര്യം അത് വിലക്കുന്നില്ലെങ്കിലും. കൃഷ്ണന്‍ ഗുരുവായൂര്‍ നടയില്‍ ഇരുന്നാലും ഈ കുന്നിന്‍ പുറത്തെ അമ്പലത്തില്‍ ഇരുന്നാലും ഒന്ന് തന്നെ, അങ്ങിനെ വരുമ്പോള്‍ ഗുരുവായൂരില്‍ ദര്‍ശനം സാധിക്കാതെ പരിഭവിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഇവിടെ വന്നൂടെ. അവരുടെ ഇഷ്ട ദൈവം ഇവിടെയുമുണ്ടല്ലോ . ഇങ്ങിനെ എന്റെ തലതിരിഞ്ഞ ബുദ്ധിയില്‍ തോന്നിയത് അവിവേകമാണെങ്കില്‍ എന്റെ വിവരക്കേട് ഓര്‍ത്ത് ക്ഷമിക്കുമല്ലോ. ഞാനുദ്ദേശിച്ചത് ചിലരുടെ വ്യക്തിപരമായ പരാതിയുടെ കാര്യം മാത്രം. അല്ലാതെ ക്ഷേത്രത്തിന്റെ കര്‍മ്മ വിധികളെ ചോദ്യം ചെയ്യാന്‍ ഞാനാളല്ല.

ഏതായാലും അതി മനോഹരമായ പ്രകൃതിയോടെ ചേര്‍ന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഈ കുന്നിന് മുകളില്‍ ക്ഷേത്രം നില്‍ക്കുന്നത് കാണാന്‍ നല്ല പ്രൌഡിയുണ്ട്.

ഗോപി സ്വാമിയോട് നന്ദി പറഞ്ഞ് ഞങ്ങള്‍ അമ്പലം ഒന്നൂടെ ചുറ്റി കണ്ടു. ഇനി അധികം ഇവിടെ നിന്നാല്‍ ചുരമിറങ്ങാന്‍ പറ്റില്ല. കാരണം അത്രക്കും കൂടുതലാണ് കോടമഞ്ഞ്‌. മഞ്ഞ് മറച്ച ദൃശ്യങ്ങള്‍ കാണാന്‍ കഴിയാതെ പോയതില്‍ ഇപ്പോള്‍ നിരാശയില്ല. പല തവണ വന്നിട്ടും അറിയാതെപ്പോയ ഈ അമ്പലവും അതിനോട് ചേര്‍ന്ന ചരിത്രവും അറിയാന്‍ കഴിഞ്ഞല്ലോ.

മഞ്ഞിനൊപ്പം മഴക്കൂടി പെയ്യുന്നു. പൊട്ടിപ്പൊളിഞ്ഞ വഴികളിലൂടെ ഡ്രൈവിംഗ് ദുഷ്കരമാണ്. പക്ഷെ അതിലും ഉണ്ട് ഒരു രസം. പതുക്കെ ഓടി താഴ്വാരത്തെത്തി. നേരെ കീഴ്മേല്‍ മറിഞ്ഞ കാലാവസ്ഥ. മഴയുമില്ല മഞ്ഞുമില്ല. തെളിഞ്ഞ മാനം. ഞാന്‍ തിരിഞ്ഞു നോക്കി. മേലെ കുന്നിന് മുകളില്‍ കോടമഞ്ഞ്‌ പുതച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.

Saturday, October 29, 2011

മരുഭൂമികള്‍ പറയുന്ന കഥതൊണ്ണൂറുകളുടെ തുടക്കത്തില്‍ ആണെന്ന് തോന്നുന്നു, ലയണ്‍ ഓഫ് ഡസേര്‍ട്ട് എന്ന സിനിമ കാണുന്നത്. ആ സിനിമ നല്‍കിയ ആസ്വാദനം ഇപ്പോഴുമുണ്ട് ബാല്യത്തിന്റെ അവ്യക്തമായ ഓര്‍മ്മകളില്‍. ഉമര്‍ മുഖ്താര്‍ എന്ന പോരാളിയും സംഘവും നടത്തുന്ന അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍ , ഒരു കുട്ടിയുടെ കൗതുകത്തോടെയും ഒപ്പം പേടിയോടെയും ഞാന്‍ കണ്ടിരുന്നു നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്നും. ഉമര്‍ മുഖ്താര്‍ ഒരു ഹീറോ ആയി മനസ്സില്‍ കയറിയതോടൊപ്പം മറ്റൊരു ഇഷ്ടം കൂടി എന്റെ മനസ്സില്‍ ഇടം നേടി. മരുഭൂമി എന്ന പ്രകൃതി വിസ്മയം . പിന്നെ കഥകളിലും വായനയിലും കുറെ അടുത്തറിഞ്ഞു മരുഭൂമിയെ.ഒട്ടകപ്പുറത്ത് പോകുന്ന കച്ചവടക്കാരെയും മറ്റു യാത്രക്കാരെയും കൊള്ളയടിക്കുന്ന ബദുക്കളുടെ കഥ പറഞ്ഞു തന്ന വല്യുമ്മ നല്‍കിയത് മരുഭൂമിയുടെ മറ്റൊരു മുഖമായിരുന്നു.

പിന്നെയും കുറെ വര്‍ഷങ്ങള്‍ എടുത്തു മരുഭൂമിയെ നേരില്‍ കാണാനും അനുഭവിക്കാനും. വിശാലമായ അറേബ്യന്‍ മരുഭൂമിയില്‍ കാലുകുത്തിയത് മുതല്‍ ഞാന്‍ മറ്റൊരു ലോകത്തായി. ഇവിടെ ഞാന്‍ തേടിയത് യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകളെയായിരുന്നു. വായിച്ചും കേട്ടുമറിഞ്ഞ ഒരുപാട് കഥകളും കെട്ടു കഥകളും ചരിത്രങ്ങളും സംഭവിച്ചത് വിവിധ ദേശങ്ങളിലെ മരുഭൂമികളില്‍ ആയിരുന്നെങ്കിലും, ആ എല്ലാ സംഭവങ്ങളെയും ഞാന്‍ ഈ മരുഭൂമിയോട് ചേര്‍ത്ത് വെച്ചു.

പേരറിയാത്ത ഒരു കൂട്ടം കള്ളിചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. അതിജീവനത്തിന്റെ പ്രതീകങ്ങളായ അവയോട് ചേര്‍ന്ന് ഞാനിരുന്നു. ദൂരെ ദൂരെ കണ്ണും നട്ടിരിക്കുമ്പോള്‍ അങ്ങകലെ പൊടിപടലങ്ങള്‍ ഉയരുന്നുണ്ടോ. വെള്ളക്കുതിരയുടെ പുറത്ത്‌ ഉമര്‍ മുഖ്താറും സംഘവും അല്ലേ പാഞ്ഞടുക്കുന്നത്..? അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍. ഇറ്റാലിയന്‍ പട്ടാളത്തിന്റെ ഹുങ്കിന്റെ നെഞ്ചിലൂടെ നാശം വിതറി മരുഭൂമിയുടെ സിംഹം പൊരുതുന്ന കാഴ്ച്ചകളാണോ എന്റെ അബോധ മനസ്സില്‍ തെളിയുന്നത്. പണ്ടത്തെ ആ ഗ്രാമീണ വായനശാലയുടെ മൂലയില്‍ "ലയന്‍ ഓഫ് ഡസര്‍ട്ടിലെ " രംഗങ്ങള്‍ കണ്ട് ആശ്ചര്യത്തോടെയും പേടിയോടെയും ഇരുന്ന കൊച്ചുകുട്ടിയായി ഞാന്‍ മാറിപ്പോയി.

പതുക്കെ സൂര്യന്‍ മറയുകയാണ് ഈ മരുഭൂമിയില്‍. ആദ്യമായി കാണുകയാണ് മരുഭൂമിയിലെ അസ്തമയം. പക്ഷെ ചുവന്ന മണ്ണും ചുവന്ന ആകാശവും നല്‍കുന്നത് വേറൊരു അനുഭവം. ഒരു നഷ്ടപ്രണയത്തിന്റെ ഭാവമുണ്ടോ ഈ അന്തരീക്ഷത്തിന്..? എവിടെ നിന്നോ ഒരു വിരഹഗാനം കേള്‍ക്കുന്നില്ലേ ..? ആ പാട്ടിന് "ലൈല മജ്നു " എന്ന അനശ്വര പേര്‍ഷ്യന്‍ പ്രണയ കാവ്യത്തിലെ നായകന്‍ ഖയസ്സിന്റെ ശബ്ദമാണോ. ആണ്. എനിക്കങ്ങിനെ തോന്നി. ലൈല -അഫലാജ് എന്ന മരുഭൂമിയില്‍ പെയ്ത ആ പ്രണയ മഴയുടെ ഭാവം എനിക്കിവിടെ തോന്നാന്‍ കാരണവും ഉണ്ട്. മാതൃഭൂമി ആഴ്ചപതിപ്പില്‍ മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനം. ലൈല - മജ്നു ജീവിച്ച "അഫലാജ്" എന്ന നാട്ടില്‍ പോയി അദ്ദേഹം എഴുതിയ അതി സുന്ദരമായ ലേഖനം വായിച്ച്‌ മനസ്സ് നിറഞ്ഞ സമയത്താണ് ഈ യാത്രയും. ലൈലയും മജ്നുവും അവരുടെ പ്രണയവും ഈ മരുഭൂമിയിലും എന്റെ ചിന്തകള്‍ക്ക് ഉത്തേജനം ആവുന്നതിന് വേറെ കാരണം വേണ്ട. ലൈലയെ നഷ്ടപ്പെട്ട ഖയസ് ഭ്രാന്തനാവുന്നതും പിന്നെ മരുഭൂമിയില്‍ അലിഞ്ഞ്‌ ഇല്ലാതായി എന്നുമാണ് ആ കാവ്യത്തെ ഉദ്ധരിച്ച് മുസഫര്‍ പറയുന്നത്. അങ്ങിനെയാണ് ഭ്രാന്തന്‍ എന്ന അര്‍ത്ഥത്തില്‍ മജ്നൂന്‍ എന്ന പേരും പിന്നെ അത് മജ്നുവുമായി മാറിയതത്രേ.
അതുകൊണ്ടുതന്നെ ഞാനീ അന്തരീക്ഷത്തില്‍ വായിച്ചെടുക്കുന്നത് ഒരു നഷ്ടപ്രണയത്തിന്റെ ഭാവമാണ്. കേള്‍ക്കുന്നത് മജ്നു ഹൃദയം പൊട്ടി പാടുന്നതാണ്. ലൈലയുടെ കണ്ണുനീര്‍ വീണ്‌ മണല്‍തരികള്‍ ആര്‍ദ്രമായിട്ടുണ്ട്. അതേ ലേഖനത്തില്‍ തന്നെ സിതാര എന്ന സ്ഥലത്താണ് ലൈലയും കുടുംബവും ജീവിച്ചിരുന്നത് എന്ന് എഴുതിയ ശേഷം , അവിടെ കാണുന്ന കബറുകളെ നോക്കി "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ" എന്ന് മുസഫര്‍ എഴുതിയത് വായിച്ച് മനസ്സ് പിടഞ്ഞതും കൂടി ഓര്‍ത്തുപോയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവോ..?ആര്‍ദ്രമായ ഈ മണല്‍തരികളെ ലൈലയുടെ കണ്ണീരിനോട് മാത്രം എഴുതി ചേര്‍ക്കുന്നത് ഭംഗിയാണോ..? പ്രായവും രൂപവും മാറ്റി കള്ളച്ചുവടിട്ട് "പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍" പേരില്‍ ഞാനെഴുതിയ കഥയിലെ നായികയുടെ ദുഃഖവും ഞാന്‍ ചേര്‍ത്ത് വെച്ചത് മരുഭൂമിയോടായിരുന്നു എന്നതും യാദൃശ്ചികത ആണോ..?
"സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍ നടക്കുന്നതായും, കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണല്‍തരികളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി"
ഇങ്ങിനെ എഴുതി ചേര്‍ക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചത് എന്തിനായിരുന്നു. ഇതില്‍ കൂടുതല്‍ ഒരു ഏറ്റുപറച്ചില്‍ എന്നെക്കൊണ്ട് സാധിക്കില്ല.

നേരം ഇരുട്ടി തുടങ്ങുന്നു. പതിഞ്ഞ നിലാവ് പരന്നിട്ടുണ്ട് ഇവിടെ. ഈന്തപ്പനയുടെ ഓലകള്‍ കൊണ്ട് മറച്ച ടെന്റിനുള്ളില്‍ നിന്നും തുര്‍കിഷ് സുന്ദരി ആടിത്തിമര്‍ക്കുന്ന ബെല്ലി ഡാന്‍സ്. പക്ഷെ ഫെയറി ടെയിലുകളിലെ വിസ്മയങ്ങള്‍ വേട്ടയാടുന്ന എന്റെ മനസ്സിനുണ്ടോ അതാസ്വദിക്കാന്‍ പറ്റുന്നു. ഞാന്‍ പതുക്കെ പുറത്തിറങ്ങി.

നിലാവുണ്ടെങ്കിലും അല്പം പേടിപ്പെടുത്തുന്നു മരുഭൂമി. ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് വല്യുമ്മ പറഞ്ഞു തന്ന കഥകളാണ്. മരുഭൂമികളിലൂടെ യാത്ര ചെയ്യുന്നവരെയും കച്ചവടക്കാരെയും കൊള്ളയടിക്കുന്ന ദുഷ്ടരായ ബദുക്കളുടെ ചിത്രമാണ് മനസ്സില്‍. എത്ര മനുഷ്യരുടെ കണ്ണീരാവണം മരുഭൂമികള്‍ ഏറ്റുവാങ്ങി കാണുക. എത്ര സ്വപ്നങ്ങളാവണം ഈ മണ്ണില്‍ കൊഴിഞ്ഞു പോയിട്ടുണ്ടാവുക. പിന്നെയും ഇല്ലേ സങ്കട കഥകള്‍ കുറെയേറെ. ബെന്യാമിന്‍ പറഞ്ഞു തന്ന നജീബിന്റെ കഥയില്ലേ. മരുഭൂമി ഏറ്റുവാങ്ങിയ നജീബിന്റെ കണ്ണീര്‍ തുള്ളികള്‍ വീണ്‌ ഒരു സമുദ്രം തന്നെ ഉണ്ടായിക്കാണണം. എന്നിട്ടും കഥ പറയാന്‍ ബാക്കി വെച്ചല്ലോ നജീബിനെ. അകത്ത് അറേബ്യന്‍ സംഗീതം കൊഴുക്കുന്നു . പാദരക്ഷ അഴിച്ചു വെച്ച് ഞാനല്പം മുന്നോട്ട് നടന്നു. ഇളം ചൂടുള്ള മണ്ണില്‍ കാലുകള്‍ തൊടുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം ഇരച്ചു കയറുന്നു ശരീരത്തിലേക്ക്. മുന്നോട്ട് നടന്ന ഞാന്‍ ഭയത്തോടെ പിറകിലേക്ക് തന്നെ നീങ്ങി. ഇരുട്ടിന്റെ മറവില്‍ നിന്നും മരുകൊള്ളക്കാര്‍ എന്നെയും നോക്കുന്നുണ്ടോ..? എനിക്കങ്ങിനെ തോന്നിപ്പോയി.ഒട്ടകപുറത്ത് വരിവരിയായി നീങ്ങുന്ന കാഫില കൂട്ടങ്ങള്‍ ഇപ്പോള്‍ കഥകളിലെ ഉള്ളൂ. പക്ഷെ ആ കഥകള്‍ കേട്ട് ചിരിച്ചും പേടിച്ചും ഉറങ്ങിയ എത്ര രാവുകളുണ്ട് കുട്ടിക്കാലത്ത്. ഇനിയും കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു ഈ വിസ്മയത്തെ. . ആഴത്തില്‍ ഇറങ്ങിച്ചെന്ന് അനുഭവിച്ചറിയണം. കേട്ടതും കേള്‍ക്കാത്തതുമായ കുറെ കഥകള്‍ ഒളിച്ചിരിപ്പുണ്ട് ഇനിയുമിവിടെ. പ്രവാചകന്റെ കാലത്തെ എത്രയെത്ര കഥകളുണ്ട് . ഉസ്താദ്‌ പറഞ്ഞു തരുമ്പോള്‍ കണ്ണിമ പൂട്ടാതെ കേട്ട ചരിത്ര കഥകള്‍ക്ക് സാക്ഷ്യം വഹിച്ചതും ഇതേ മരുഭൂമിയല്ലേ. ബദര്‍ യുദ്ധവും ഉഹ്ദ് യുദ്ധവും തുടങ്ങി ഇസ്ലാമിക ചരിത്രത്തിലെ എത്ര ത്രസിപ്പിക്കുന്ന അധ്യായങ്ങളാണ് ഇവിടെ ഉറങ്ങുന്നത്. ഉഹ്ദ് യുദ്ധം നടന്ന ഭൂമിയില്‍ ഒരിക്കല്‍ പോയപ്പോള്‍ വികാരങ്ങളുടെ വേലിയേറ്റം
അനുഭവിച്ചറിഞ്ഞതാണ്. സഹന സമരങ്ങളുടെ ആ കഥകളും ഇതിനോട് കൂട്ടിച്ചേര്‍ത്ത് ഒന്നൂടെ അനുഭവിച്ചറിയണം എനിക്ക്. നജീബിന്റെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ മണ്ണില്‍ എനിക്കും പൊഴിക്കണം ഒരിറ്റ് കണ്ണുനീര്‍. അവനെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയതിന് ദൈവത്തോട് നന്ദിയും പറയണം ആ മണ്ണില്‍ നിന്ന്. പുറംലോകം അറിയാതെ ഇനിയും വേദന അനുഭവിക്കുന്ന എത്രയെത്ര നജീബുമാര്‍ കാണുമായിരിക്കും മരുഭൂമിയില്‍. ഒരുപാട് വിജയകഥകളുടെ ചരിത്രങ്ങള്‍ പറയുന്ന മണ്ണേ....തിരിച്ചു നല്‍കണേ അവരെയും ജീവിതത്തിലേക്ക്.
നിരയൊത്ത് കാഫിലക്കൂട്ടങ്ങള്‍ പോകുന്നത് ഒരു മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ കേട്ട് കാണണം എനിക്ക്. ഒരിക്കല്‍ കൂടേ ഉമര്‍ മുഖ്താറിന്റെ യുദ്ധമുന്നണിയെ മനക്കണ്ണ് കൊണ്ട് കാണുമ്പോള്‍ വീണ്ടും ആവേശം നിറയും മനസ്സില്‍. പിന്നെ ഞാനിതുവരെ കാണാത്ത മരുപ്പച്ച എന്ന മരുഭൂമിയിലെ സ്വര്‍ഗത്തില്‍ ഇരുന്ന്‌ ആ കഥ പറയുന്ന കാറ്റും കൊള്ളണം.

അകത്ത് ടെന്റില്‍ സംഗീതം നിലച്ചിട്ടുണ്ട്. ഇനി അറേബ്യന്‍ പാചക വൈവിധ്യത്തിന്റെ രുചി ഭേദങ്ങള്‍ അറിയാം. പക്ഷെ അതിനേക്കാള്‍ രുചിയുള്ള ഓര്‍മ്മക്കൂട്ടുകള്‍ ചേര്‍ത്ത വിഭവങ്ങളല്ലേ മരുഭൂമി തന്നത്. ഭാവനകളെ മരുഭൂമിയില്‍ മേയാന്‍ വിട്ട്‌ ഞങ്ങള്‍ ഇറങ്ങി. കൂടെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന മരുക്കാറ്റും.

(ചിത്രങ്ങള്‍ - ഗൂഗിള്‍)

Monday, October 10, 2011

നിലച്ചുപ്പോയ ഗസല്‍ നാദംപതിഞ്ഞ താളത്തില്‍ ഹൃദയത്തെ ലോലമാക്കുന്ന ആ മാസ്മരിക ശബ്ദം നിലച്ചെന്ന് പറയാന്‍ പറ്റില്ല എനിക്ക്. കാരണം വിരസമായ ഇടവേളകളെ സമ്പന്നമാക്കുന്ന ഒരായിരം ഗസലുകളുടെ ഈരടികള്‍ കാതില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കും. അതാണ്‌ ജഗ്ജിത് സിംഗ് എന്ന പ്രിയപ്പെട്ട ഗായകന്‍ ബാക്കിയാക്കി പോയത്. ഓരോ പാട്ട് കേള്‍ക്കുമ്പോഴും ഹൃദയത്തില്‍ നിന്ന് ഇറങ്ങി വരുന്ന സ്വരങ്ങള്‍ എന്ന് തോന്നി
തുടങ്ങിയടത്താണ് എന്‍റെ ഇഷ്ടങ്ങളില്‍ ജഗ്ജിത് സിങ്ങും വന്നു ചേര്‍ന്നത്‌. അവസാനം ഗസല്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഈ പേരില്‍ മാത്രം ഒതുങ്ങി പോവുന്നോ എന്ന് പോലും സംശയിച്ച സ്വര മാധുര്യം . സമീപകാല ഗായകരില്‍ പലരും ദിശ മാറി സഞ്ചരിച്ചപ്പോഴും , പരമ്പരാകത ഗസലിന്റെ വഴികളില്‍ നിന്നും ഒട്ടും മാറി നടക്കാതെ, അദ്ദേഹം നടത്തിയ സംഗീത യാത്രകള്‍ എന്നും നല്ലൊരു ആസ്വാദനമാണ്.
"ഗസല്‍ പൂക്കള്‍" എന്ന പോസ്റ്റ്‌ എഴുതാനുള്ള പ്രചോദനം തന്നെ ഈ സ്വരലയത്തില്‍ മറന്നിരുന്ന ഒരു സായാഹ്നം എന്ന് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട് . കൂടെ ഒരാഴ്ച പോലും കഴിയാത്ത ആ പോസ്റ്റിനു പിന്നില്‍ ആ പ്രിയ ഗായകന് ഒരു അനുശോചന കുറിപ്പും എഴുതേണ്ടി വരും എന്നും ചേര്‍ത്ത് വെച്ചത് ഏത് വിധിയാണ്.

ഇന്നലെ മനോഹരമായ ആ സായാഹ്നത്തോട്‌ ചേര്‍ന്ന് ഞാന്‍ കേട്ട ഈ ഗാനമുണ്ടല്ലോ
"തമന്ന ഫിര്‍ മ ചല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
യെ മോസം ഹി ബദല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ "

ഇപ്പോഴിത് വീണ്ടും കേള്‍ക്കുമ്പോള്‍ ഇതിന്‌ മറ്റൊരു ഭാവമാണ്. ഒരു വേര്‍പാടിന്റെ വേദന അറിയുന്നു ഈ വരികളില്‍. വിധി തിരിച്ചെടുത്തത് ജഗ്ജിത് സിംഗ് എന്ന വ്യക്തിയെ മാത്രമാണ്. ലക്ഷങ്ങളുടെ മനസ്സില്‍ കുളിരായി പെയ്ത , പെയ്യുന്ന ആ മാന്ത്രിക ശബ്ദം ഇവിടെ തന്നെയുണ്ട്‌. ഒരു മൂളിപ്പാട്ടായോ , സംഗീത മഴയായോ അത് പെയ്തു കൊണ്ടേയിരിക്കും.
അന്ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരുക്കിയ സ്റ്റേജില്‍ ചമ്രം പടിഞ്ഞിരുന്ന് , ഞങ്ങളുടെ ഹൃദയത്തിലേക്ക് ഹൃദയരാഗത്തിന്റെ മാന്ത്രിക ശബ്ദവീചികള്‍ തൊടുത്തു വിട്ട പ്രിയ ഗായകാ...
യാത്രകളിലും നേരമ്പോക്കുകളിലും എന്നും ഹരമായി കൂടെയുണ്ടായിരുന്ന നാദവിസ്മയതിന്റെ ചക്രവര്‍ത്തീ...
ഞങ്ങളുടെ മനസ്സില്‍ ഗസല്‍ എന്ന സംഗീത രൂപത്തോട് ചേര്‍ത്ത് വെച്ച ആദ്യത്തെ പേര് അങ്ങയുടെത് തന്നെയാണ് . പാടുമ്പോള്‍ നിറയുന്ന ഭാവവും താളവും ഞങ്ങളോടൊപ്പം എന്നുമുണ്ടാവും. അത് ഉള്ളില്‍ നിറയുന്നിടത്തോളം കാലം ജഗജിത് സിംഗ് എന്ന ഗായകനും മരണമില്ല.

Wednesday, September 21, 2011

എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.മണലാരണ്യത്തിലെ ചൂടില്‍ വെന്തുരുകുമ്പോഴും ഓരോ പ്രവാസിയും ചെവിയോര്‍ക്കും സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലേക്ക്. സന്തോഷമുള്ള ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ അതേ പോലെ വിഷമിക്കുകയും ചെയ്യുന്ന പ്രവാസ മനസ്സിന്റെ നൊമ്പരങ്ങള്‍ പലരും കാണാതെ പോവാറുണ്ട്.

എന്‍റെ ഗൃഹാതുര സ്മരണകളില്‍ എന്നും നിറങ്ങള്‍ ചാര്‍ത്താറുള്ള ചെറുവാടിയുടെ പകിട്ടിനെ കുറിച്ച് എനിക്കെങ്ങിനെ പറയാതിരിക്കാനാവും. പക്ഷെ ദീര്‍ഘമായ പ്രവാസം ഒരു പരിധിവരെ എന്‍റെ നാടിനെ എന്നില്‍ നിന്നും അകറ്റിയിട്ടില്ലേ..?
അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഈ ശൂന്യത എനിക്ക് അനുഭവപ്പെടാറുണ്ട് എന്നത് സത്യം. ഈ മണല്‍തരികള്‍ക്ക്‌ എന്നെ പരിചയമുണ്ടായിരിക്കും, ചാലിയാറിലേയും ഇരുവഴിഞ്ഞിയിലേയും ഓളങ്ങള്‍ക്ക് എന്നോട് മുഖം തിരിക്കാനുമാവില്ല . കാരണം ഈ മണ്ണില്‍ വീണുരുണ്ടും ഈ ഓളപരപ്പില്‍ നീന്തിതുടിച്ചും വളര്‍ന്നു വലുതായ സമ്പന്നമായ ഒരു ബാല്യമുണ്ടല്ലോ എനിക്ക്. മനസ്സിനെ കുളിര്‍പ്പിച്ച് , കവിളില്‍ ചുംബനം നല്‍കി വീശിയകലുന്ന കാറ്റും എനിക്ക് നല്‍കുന്നത് അതേ ബാല്യത്തിന്റെ ഓര്‍മ്മകളാണ്. അതുകൊണ്ട് തന്നെ ഞാന്‍ കാതോര്‍ക്കുന്നത് പുഴകളും മലകളും അതിരിടുന്ന എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകളിലേക്കാണ് .

ചരിത്രത്തിന് എന്നും വിലപ്പെട്ട സംഭാനകള്‍ നല്‍കിയ മണ്ണാണ് ചെറുവാടി. ഖിലാഫത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍, ധീരമായ സമര വഴികളുടെ ആവേശം നിറക്കുന്ന കഥകള്‍, ഒരു സമര്‍പ്പണത്തിന്റെ ഭാഗമായി ധീര മരണം വരിച്ച രക്തസാക്ഷികള്‍ ഉറങ്ങുന്ന മണ്ണ്. ചരിത്ര പുസ്തകങ്ങളില്‍ പരതിയാല്‍ ഇനിയും കാണും ഈ നാടിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ട നിരവധി സംഭവങ്ങള്‍.

എടുത്ത് പറയേണ്ട ഒന്നാണ് ഞങ്ങളുടെ മത സൌഹാര്‍ദം. വിവിധ മതങ്ങള്‍ , വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഇവര്‍ പരസ്പരം പോര് വിളിച്ചേക്കാം . പക്ഷെ നടുക്കലെ പാലത്തിലിരുന്ന് വെടി പറഞ്ഞ്, താഴെ പാടത്ത് പന്ത് കളിച്ച് , വൈകുന്നേരം ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍ തീരുന്ന വിദ്വാശങ്ങളെ ഞങ്ങള്‍ക്കുള്ളൂ. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഇഷ്ടപ്പെടുന്ന മനസ്സ്. ഈ നാടിന്റെ നന്മയും അത് തന്നെ. നഷ്ടമാവാതെ പോവട്ടെ ഈ സാഹോദര്യം .

വീണ്ടുമൊരു ചരിത്രം രചിക്കാനുള്ള കേളികൊട്ട് തുടങ്ങി കഴിഞ്ഞു ഇവിടെ. നാളെ ഈ ഗ്രാമം അറിയപ്പെടുന്നത് മറ്റൊരു പേരിലാവും. "സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം " എന്ന പേരില്‍. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഉണ്ടായേക്കാം. ഇതെങ്ങിനെ സാധ്യമാകും എന്ന പുച്ഛത്തില്‍ പൊതിഞ്ഞ ചോദ്യവും വന്നേക്കാം. പക്ഷെ എനിക്കുറപ്പുണ്ട് ആ വിസ്മയിപ്പിക്കുന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം അകലെയല്ല എന്ന്. കാരണം ഈ ഗ്രാമത്തിന്റെ നന്മയിലേക്ക് പ്രകാശം ചൊരിയുന്നൊരു വിളക്ക് മരം ഉണ്ട് . നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളുമായി ചെറുവാടിയുടെ സാമൂഹ്യ സാംസ്കാരിക വേദികളില്‍ ശ്രദ്ധേയമായ സ്വാധീനമാകുന്ന "മാറ്റം ചെറുവാടി " എന്ന കൂട്ടായ്മ.

ചെറുവാടി എന്ന പ്രിയപ്പെട്ട ഗ്രാമത്തിന്റെ കുതിപ്പില്‍ സന്തോഷിക്കുകയും കിതപ്പില്‍ വേദനിക്കുകയും ചെയ്യുന്ന എന്നെ പോലുള്ളവര്‍ക്ക് , ഈ പ്രവാസ ലോകത്ത് നിന്നും നേരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രമേയുള്ളൂ. പരിപാവനമായ ഈ ലക്ഷ്യത്തിലേക്കുള്ള
യാത്ര എളുപ്പമാവില്ല. വഴിയില്‍ കല്ലുകളും മുള്ളുകളും ഉണ്ടായേക്കാം. പക്ഷെ കാത്തിരിക്കുന്നത് ചരിത്രമാണ്. നാടിനെ ഓര്‍ത്തു നമ്മുടെ അഭിമാനം ഹിമാലയത്തെക്കാളും ഉയരത്തില്‍ പൊങ്ങുന്ന ഒരു നാളെ. അന്നത്തെ സൂര്യോദയത്തിന് കൂടുതല്‍ പ്രകാശമുണ്ടാവും. വിരിയുന്ന പൂക്കള്‍ക്ക് കൂടുതല്‍ സുഗന്ധമുണ്ടാവും , വീശുന്ന കാറ്റിന് കുളിര്‍മ കൂടും. ഇരുവഴിഞ്ഞിയിലൂടെയും ചാലിയാറിലൂടെയും ഒഴുകുന്ന വെള്ളത്തിന്‌ തെളിമ കൂടും.

ആ സന്തോഷത്തിന്‍റെ ആഘോഷം കാത്തിരിപ്പാണ് ഞങ്ങളെല്ലാം . ചെറുവാടി എന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം , സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന ആ ദിവസവും കാത്ത്. ചരിത്രത്തിന്റെ സ്വര്‍ണ ലിപികളില്‍ ചെറുവാടി എന്ന പേര് എഴുതി ചേര്‍ക്കുമ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷമാവും. നാടിനും ഇതിന്‍റെ പിന്നില്‍ സമര്‍പ്പണ മനസ്സോടെ സംഘടിച്ച "മാറ്റം ചെറുവാടി" എന്ന പ്രസ്ഥാനത്തിനും.

നാട്ടിലെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവാസ മനസ്സിന്റെ പ്രാര്‍ത്ഥന ഇതിനോടൊപ്പം വെക്കുന്നു. ആശംസകള്‍ .

Sunday, September 11, 2011

സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്മനസാക്ഷിക്കോടതിയില്‍ കുറ്റ വിചാരണ ആരംഭിച്ചു.
പരാതിക്കാര്‍ ഒരുപാട് പേരുണ്ട്.
പക്ഷെ ആരോപ്പിക്കപ്പെട്ട കുറ്റം ഒന്ന് തന്നെ.
കുപ്പിവള കൈകള്‍ ചോദ്യങ്ങളായി നീണ്ടുവരുന്നു.
ഞാന്‍ കണ്ടെത്തേണ്ടത്‌ ഉത്തരങ്ങളാണ്.
ഉത്തരമില്ലാത്ത ചോദ്യമായി വിചാരണ കൂട്ടില്‍ നിന്നും വിയര്‍ത്തു.
സാക്ഷികള്‍ അണിനിരന്നു.
എല്ലാം പരിചിത മുഖങ്ങള്‍. സ്കൂളിലെ നോട്ട് ബുക്കും, കോളേജ് വരാന്തയും , ഇടവഴികളും, ചുറ്റമ്പലവും, മൊബൈലും , ചാറ്റ് റൂമും സാക്ഷി കൂട്ടില്‍ തെളിവുകള്‍ നല്‍കി.
സാക്ഷി മൊഴികള്‍ ശക്തമാണ്. വിചാരണ മനസാക്ഷി കോടതിയിലും. എങ്ങിനെ നിഷേധിക്കും..?
കുറ്റം സമ്മതം നടന്നു .
വിധിയും വന്നു.
"ഇനിയുള്ള രാത്രികള്‍ നിനക്ക് ദുസ്വപ്നങ്ങളുടെത്. കുപ്പിവളകള്‍ വീണുടയുന്ന ശബ്ദങ്ങള്‍ കേട്ട് നീ ഞെട്ടിയുണരും. വീണുടഞ്ഞ വളപ്പൊട്ടുകളുടെ അറ്റം കൊണ്ട് നിന്‍റെ ഹൃദയം മുറിയും. അതില്‍ നിന്നും കിനിയുന്ന രക്തം നിന്‍റെ പ്രായശ്ചിത്തത്തിന്റെ കണക്കില്‍ എഴുതാം. അതുവരെ നിനക്ക് സംഘര്‍ഷങ്ങളുടെ ജീവപര്യന്തം".
വിധിയെഴുത്ത് കഴിഞ്ഞു. വിചാരണ കൂടില്‍ നിന്നുമിറങ്ങി ഇനി സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്.
വിധി അനുകൂലമോ പ്രതികൂലമോ..?

Sunday, September 4, 2011

ഹൃദയത്തിലേക്ക് തുറക്കുന്ന യാത്രകള്‍ദൂരെ ദൂരെയേതോ ലക്ഷ്യവും തേടി നീണ്ടു പോകുന്നൊരു തീവണ്ടി പാത. രണ്ട് ഭാഗത്തും ധാരാളം വലിയ മരങ്ങള്‍. അത് നല്‍കുന്ന തണല്‍ പാളത്തിലേക്ക് ഇറങ്ങി നില്‍ക്കുന്നുണ്ട് ഈ നട്ടുച്ചയിലും. അരികില്‍ പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ട ഒരു ചരക്കു വാഗണ്‍ കാട് പിടിച്ചു കിടക്കുന്നു. കാലില്‍ ഇക്കിളിയിടുന്ന പച്ചപുല്ലുകള്‍ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ഞാന്‍ നടന്നു. പേരാലിന്‍റെ വള്ളിയില്‍ തൂങ്ങി കളിക്കുന്ന കുരുവികളും ,ഊര്‍ന്നിറങ്ങുന്ന അണ്ണാറകണ്ണന്മാരും അവരുടെ ചലപിലാ ശബ്ദവും മാത്രമാണ് നിശബ്ധതക്ക് ഭംഗം വരുത്തുന്നത്. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ എന്ന ഗ്രാമത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ മുമ്പ് എത്തിപ്പെട്ടപ്പോള്‍ കണ്ട കാഴ്ചയാണ് ഞാന്‍ പറഞ്ഞത്. ഒരിക്കല്‍ കൂടി അവിടെ പോവണം എന്ന് പലവട്ടം മനസ്സ് നിര്‍ബന്ധിച്ചതാണ്‌ എന്നെ. ആ കാട്ടു വഴികളില്‍ , തണല്‍ പാകിയ റെയില്‍ പാളത്തില്‍, ഞാന്‍ കേള്‍ക്കാതെ പോയ ഒരു പാട് ചരിത്ര കഥകള്‍ ഒളിഞ്ഞിരിക്കുന്നത് പോലെ . അതൊരുപക്ഷെ ഈ മണ്ണില്‍ മുളച്ചു പൊങ്ങിയ മലബാര്‍ കലാപത്തിന്‍റെതാവാം അല്ലെങ്കില്‍ മറ്റെന്തോ ഒന്ന്. പക്ഷെ തിരക്കില്‍ പേജുകള്‍ കൂട്ടിമറിച്ചപ്പോള്‍ , ഞാനെന്തൊക്കെയോ വായിക്കാതെ പോയിട്ടുണ്ട് ആ അന്തരീക്ഷത്തില്‍. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നാട്ടിന്‍ പുറം എന്‍റെ മനസ്സിലിങ്ങിനെ പച്ചപിടിച്ച്‌ നില്‍ക്കുന്നതെന്തിന്...?

ഇനി മറ്റൊരു ചിത്രം .വയനാട്ടിലെ ചെമ്പ്ര കുന്നിന് താഴെ വിശാലമായ തേയില തോട്ടം. ആ തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള കൈവഴിലൂടെ നടന്ന് ഞങ്ങളെത്തിയത് ഡാലിയയും ജമന്തിപ്പൂക്കളും നിറഞ്ഞ ഒരു കൊച്ചു കുടിലിന്‍റെ മുറ്റത്ത്‌. ഓരോ അവധിക്കാലത്തും ഞങ്ങളെ കാത്തിരിക്കുന്ന മച്ചാനും സഫിയാത്തയും ഉണ്ടിവിടെ. ഇവരുടെ സ്നേഹമനുഭവിച്ച്, ഇവിടത്തെ തണുപ്പിനെ പ്രണയിച്ച് ഞാനും ഹഫിയും ഒരു രാത്രി കഴിഞ്ഞിട്ടുണ്ട് "പാടി" എന്ന് വിളിക്കുന്ന ഇവരുടെ ഈ ക്വോര്‍ട്ടേഴ്സില്‍ . ആ പ്രകൃതിയോട് കിന്നാരം പറഞ്ഞ് , പാടിയുടെ പിറകിലൂടെ ഒഴുകുന്ന കാട്ടരുവിയില്‍ കുളിച്ച്, കൊട്ടയിലേക്ക് ചടുലമായ താളത്തില്‍ തേയില നുള്ളിയിടുന്ന സുന്ദരികളെ നോക്കി ഒരു രാത്രിയും പകലും ഇവിടെ കഴിഞ്ഞ നിമിഷങ്ങള്‍. ഇന്നും എന്‍റെ ഓര്‍മ്മ ചെപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന സുന്ദരമായ ഒരനുഭവം ആണത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇവിടെക്കൊരു യാത്ര ഞാന്‍ ആഗ്രഹിക്കാറുണ്ട്.

ഇനി വിഷയത്തിലേക്ക് വരാം. ഇതുപോലെ ഏതെല്ലാമോ പ്രത്യേകതകള്‍ കൊണ്ട് ചില സ്ഥലങ്ങള്‍ നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാറില്ലേ..? പ്രത്യേകിച്ച് ഗ്രാമങ്ങള്‍. ഒരു പുഴ , ഒരു ആല്‍മരം, വായനശാല , അതുമല്ലെങ്കില്‍ ഒരു സ്കൂള്‍ ഇങ്ങിനെ എന്തുമാകാം. ഞാന്‍ മുകളില്‍ എഴുതിയ കാര്യങ്ങള്‍ പോലെ ഒരിക്കല്‍ കണ്ടാല്‍ മനസ്സിലങ്ങിനെ കൊത്തിവെച്ച പോലെ നില്‍ക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും. വീണ്ടും വീണ്ടും അവിടെ എത്തിപ്പെടാന്‍ മനസ്സ് കൊതിക്കും.

അതുപോലെ ഒരുപാടിഷ്ടപ്പെട്ടുപോയ ഒരു ഗ്രാമത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഈ യാത്ര. സ്നേഹം വിതച്ച് സ്നേഹം കൊയ്യുന്ന കലിഗോധന ഹള്ളി എന്ന കന്നഡ ഗ്രാമത്തിലേക്ക് വീണ്ടുമൊരു യാത്ര. "ഗുണ്ടല്‍ പേട്ടയില്‍ ഒരു സൂര്യക്കാന്തിക്കാലത്ത് " എന്ന എനിക്ക് പ്രിയപ്പെട്ട പോസ്റ്റില്‍ ഞാന്‍ ഇങ്ങിനെ എഴുതി ചേര്‍ത്തിരുന്നു .

"തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങളിനിയും വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധിക്കാലത്തിന്."

ആ വാക്ക് ഞങ്ങള്‍ പാലിച്ചിരിക്കുന്നു. കുറഞ്ഞ അവധിയാണെങ്കിലും ഒന്നിവിടെ വരാതിരിക്കാന്‍ പറ്റില്ല ഞങ്ങള്‍ക്ക്. അല്ലെങ്കില്‍ അന്ന് നിങ്ങള്‍ നല്‍കിയ സ്നേഹത്തോടുള്ള നന്ദി കേടാവും അത്. കണ്ടില്ലേ ഇളനീരുമായി മഹിയും കൂട്ടരും ഓടി വരുന്നത്. ഇവനൊരു മാറ്റവും ഇല്ല. തിരഞ്ഞെടുപ്പ് വാഗ്ദാനമായി എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും കര്‍ണാടക ഗവര്‍മെന്റ് നല്‍കിയ സൈക്കിളും ചവിട്ടി പ്രസാദും പറന്നെത്തി. ഞങ്ങളെ കണ്ടപ്പോള്‍ അവന്‍റെ ഉണ്ടകണ്ണ് അത്രത്തോളം വീണ്ടും വലുതായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു കൂടെയുണ്ടായിരുന്ന കുഷണ്ണന്‍റെ മകനാണ് പ്രസാദ്. പക്ഷെ കാലം മാറി. കുഷണ്ണന്‍ ഇപ്പോള്‍ പഞ്ചായത്ത് മെമ്പറാണ്. ബീ ജെ പി യുടെ. പക്ഷെ യെദൂരിയപ്പ ആരാന്നു ചോദിച്ചാല്‍ അങ്ങിനെ ഒരാളുണ്ടോ..ഞാനറിയില്ല എന്ന മട്ടില്‍ നമ്മളെ നോക്കും. അല്ല. നോക്കി. ഇവിടെ തിരഞ്ഞെടുപ്പും മെമ്പറും ഒക്കെ ഒരു ചടങ്ങ് മാത്രമാണ്. അതിനപ്പുറം ആര്‍ക്കും ഒന്നുമില്ല. ഇവര്‍ക്ക് പ്രത്യേകിച്ചും.ഓരോരുത്തരായി വന്നു തുടങ്ങി. ഇതാണ് സുന്ദരി കറുമ്പി ദര്‍മതി. ഇവളിത്തിരി വളര്‍ന്നിട്ടുണ്ട് . കണ്ണുകളിലെ കുസൃതിക്കും ഉണ്ട് വളര്‍ച്ച. കഴിഞ്ഞ തവണ വന്നപ്പോള്‍ സംഗതിയും പിച്ചും എല്ലാം വേണ്ടുവോളം ചേര്‍ത്ത് ഒരു കന്നഡ പാട്ടുപാടി ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചതാണ് ഇവള്‍. ഒന്നൂടെ പാടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വേല കയ്യിലിരിക്കട്ടെ എന്നായി. പക്ഷെ ഇവരൊക്കെ ഇപ്പോഴും ഓര്‍ക്കുന്നല്ലോ ഞങ്ങളെ. ദര്‍മതി കൈ പിടിച്ച് കൊണ്ടുപോയി രണ്ട് മീറ്റര്‍ സ്ഥലത്ത് അവളുണ്ടാക്കിയ അടുക്കള തോട്ടം കാണിക്കാന്‍ . പല തരത്തിലുള്ള മുളകുകള്‍ മാത്രം. "ചെനായിക്കുത്" (നന്നായിട്ടുണ്ട് ) ആകെ അറിയുന്ന കന്നഡ അവള്‍ക്കു കൊടുത്തു. അവളുടെ ഭാഷയില്‍ തന്നെ അഭിനന്ദനം കിട്ടിയപ്പോള്‍ ദര്‍മതിക്ക് പെരുത്ത്‌ സന്തോഷം.

ഇനി നാട് കാണാന്‍ ഇറങ്ങണം. പെട്ടൊന്ന് ചുറ്റിക്കറങ്ങിയേ പറ്റൂ . ഇന്ന് തന്നെ തിരിച്ച് പോകണം. നേരം വൈകിയാല്‍ കുടുങ്ങിപോകും. ഒമ്പത് മണിക്ക് ബന്ദിപൂര്‍ വനപാത അടക്കും. ഇപ്പോള്‍ രാത്രി യാത്രാനിരോധനം ഉള്ള സമയമാണ്. ഞങ്ങള്‍ നടന്നു തുടങ്ങി.കാറ്റില്‍ ഒഴുകി വരുന്ന പൂമണം പിടിച്ച് നടന്നു ഞങ്ങളെത്തിയത് ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന വിശാലമായ പാടത്ത് ആണ്. ക്ഷേത്രങ്ങളിലെ പൂജക്കും അലങ്കാരത്തിനും പിന്നെ കന്നഡ സുന്ദരികളുടെ കാര്‍ക്കൂന്തലില്‍ അഴക്‌ വിരിയിക്കാനും ഒരുങ്ങി നില്‍ക്കുകയാണ് ഈ പൂക്കള്‍.
വിശാലമായി പാടങ്ങള്‍ നിറയെ വര്‍ണാഭ പരത്തി നിറഞ്ഞുനില്‍ക്കുന്ന ഈ ചെണ്ടുമല്ലി പൂക്കള്‍ മനസ്സിലൊരു സന്തോഷത്തിന്‍റെ പൂക്കാലം തന്നെ തീര്‍ക്കുന്നുണ്ട്. ഒരു പൂവ് പറിക്കാന്‍ എനിക്ക് പേടി തോന്നിയെങ്കിലും ദര്‍മതി പറിച്ചു തന്നു.തലയാട്ടി ഞങ്ങളെ വിളിക്കുന്നത്‌ സൂര്യകാന്തി പൂക്കളാണ്. അവരുടെ അടുത്ത് എത്താന്‍ വൈകിയതിലെ പരിഭവം കൂടിയാണത്. സൂര്യകാന്തി തോട്ടങ്ങള്‍ക്ക് ഒരു പ്രണയത്തിന്‍റെ സിംബലുണ്ടോ..? എനിക്കങ്ങിനെ തോന്നി. കാല്‍പനിക പ്രണയ സ്വപ്നങ്ങളില്‍ സൂര്യകാന്തി പൂക്കളും വരാറില്ലേ..? മഞ്ഞ പട്ടുടുത്ത ഈ സുന്ദരി പൂക്കളുടെ അടുത്ത് നില്‍ക്കുമ്പോള്‍ എന്തോ എനിക്കങ്ങിനെ തോന്നുന്നു. പ്രണയത്തിന്‍റെ ചൂടുള്ള ഒരു ചുംബനം നല്‍കി ഞങ്ങള്‍ വീണ്ടും നടന്നു.


ഒരു മൂളിപ്പാട്ട് കേള്‍ക്കുന്നുണ്ടോ..? കരിമ്പിന്‍ കാടുകളില്‍ നിന്നാണ്. വളര്‍ന്നു പാകമായി നില്‍ക്കുന്ന കരിമ്പിന്‍ തോട്ടത്തിനുള്ളിലൂടെ കാറ്റ് വീശുമ്പോള്‍ ശരിക്കും ഒരു പാട്ട് കേള്‍ക്കുന്നത് പോലെതന്നെയുണ്ട്‌. കാറ്റില്‍ തല കുനിച്ചു തന്ന ഏതാനും മുഴുത്ത കരിമ്പ് അരിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തി പ്രസാദ്. തൊലി കടിച്ചു പറിച്ച് ഞങ്ങള്‍ പിന്നെ അത് ചവച്ചു തുപ്പുന്ന തിരക്കിലായി. മത്ത് പിടിക്കും എന്ന അവസ്ഥ ആയപ്പോള്‍ മാത്രമേ നിര്‍ത്തിയുള്ളൂ. വീണ്ടും കുറെ കരിമ്പ് വെട്ടി പ്രസാദ് വണ്ടിയില്‍ വെക്കുന്നു. വേണ്ട എന്ന് പറയരുത്. അത് അവരുടെ അവകാശമാണ്. സ്നേഹത്തിന്‍റെ അടയാളമാണ്.

ഈ കാണുന്ന കാഴ്ച എനിക്ക് ആദ്യത്തെ അനുഭവമാണ്. ചോള കാടുകള്‍. എല്ലാം കായ്ച്ചു കുലച്ചു നില്‍ക്കുന്നു. വിളവെടുക്കാന്‍ ഒരു മാസം കൂടെ കഴിയണം. പക്ഷെ നിരയൊത്ത് നിറഞ്ഞു നില്‍ക്കുന്ന ചോള കൃഷിക്ക് നല്ല ഭംഗിയുണ്ട്. അടുത്ത മാസം വന്നാല്‍ ചോളങ്ങള്‍ തരാമെന്ന്‌ പറഞ്ഞെങ്കിലും അടുത്ത മാസത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും എനിക്കിഷ്ടമില്ല. കാരണം ഈ പച്ചപ്പ്‌ നിറയുന്ന ഓര്‍മ്മകളുമായി കടലിനക്കരെ ആയിരിക്കും ഞാന്‍ . ഏതായാലും പാകമായ ഒരു ചോളം കൃഷിയിടത്തില്‍ നിന്നും കഴിക്കാന്‍ പറ്റാതെ സങ്കടത്തോടെ ഞങ്ങള്‍ നടന്നു.നമ്മുടെ തീന്മേശകളില്‍ തോരന്‍റെ രുചിഭേദമുമായി വിലസുന്ന ബീന്‍സ്. ഒരു വിളവെടുപ്പ് കഴിഞ്ഞു രണ്ടാം കൃഷി ഇറക്കിയിട്ടുണ്ട്. അതും വിളവെടുപ്പിന് കാത്ത് നില്‍ക്കുന്നു. കുഷണ്ണന്റെ വീടിനു മുമ്പില്‍ ബീന്‍സുകള്‍ കൂട്ടിയിട്ടിരിക്കുന്നു. നാളത്തെ ഓണം മാര്‍ക്കറ്റുകള്‍ സജീവമാക്കാനുള്ളതാണ് ഇതെല്ലാം. തൊട്ടപ്പുറത്ത് തക്കാളി കൃഷിയും. അതും രണ്ടാം വിളയാണ്. ആദ്യത്തേത്‌ എല്ലാം കയറ്റി അയച്ചു കഴിഞ്ഞു.നേരം ഇരുട്ടി തുടങ്ങുന്നു. തിരിച്ച് പോകണം . പക്ഷെ ഞാന്‍ തേടിയ ഒരു മുഖം മാത്രം ഇതുവരെ കണ്ടില്ല. ചിത്ര. കഴിഞ്ഞ തവണ വന്നപ്പോള്‍ ജാതി വ്യവസ്ഥയുടെപേരില്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ചെറിയൊരു വിഷമം പറഞ്ഞതാണ് അവള്‍. മലയാളികളെ കണ്ട സന്തോഷത്തില്‍ വാ തോരാതെ സംസാരിച്ചതാണ് ആ മലയാളി പുതുപെണ്ണ് . പക്ഷെ ഇത്തവണ കണ്ടില്ലല്ലോ .ഞങ്ങള്‍ വന്നത് അറിഞ്ഞിരുന്നെങ്കില്‍ ഓടി വന്നേനെ. എന്നാലും രണ്ട് ജാതിയെങ്കിലും ഇവിടെ ഒരേ പാടത്ത് തൊട്ടുരുമ്മി വളരുന്ന മല്ലികയെയും സൂര്യകാന്തി പൂവിനേയും പോലെ അവളുടെ ജീവിതവും മാറിയിട്ടുണ്ടാവും എന്ന് ഞങ്ങള്‍ സമാധാനിച്ചു.ഈ കാഴ്ചകള്‍ മാത്രമാണ് ഇവിടെ മനസ്സിനെ അസ്വസ്തമാക്കുന്നത്. കാളവണ്ടികള്‍. ഭാരിച്ച സാധനങ്ങളുമായി ഈ സാധു മൃഗങ്ങള്‍ കഷ്ടപ്പെട്ടു നീങ്ങുന്നത്‌ കാണാന്‍ വല്ലാത്തൊരു സങ്കടമാണ്. അവര്‍ക്ക് വേറെ മാര്‍ഗമില്ലായിരിക്കാം. പക്ഷെ പ്രതികരിക്കാന്‍ കഴിയാത്ത ഈ മിണ്ടാപ്രാണികളുടെ വേദന ആരറിയുന്നു.മുഖ്താര്‍ ഹോട്ടല്‍. ഗുണ്ടല്‍ പേട്ട ടൌണ്‍ തുടങ്ങുന്നിടത്താണ് ഈ ഭക്ഷണ ശാല. ഇവിടെ വരുന്ന ഒരാളും ഈ ചെറിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാതെ പോവില്ല. അത്രക്കും പ്രസിദ്ധമാണ് ഇവിടത്തെ വിഭവങ്ങള്‍. രുചിഭേദങ്ങള്‍ തേടിയെത്തിയ അറബികളുടെയെല്ലാം ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അവര്‍. കാട പൊരിച്ചതാണ് ഏറ്റവും പ്രസിദ്ധം. "കുഷ്ക്ക " എന്ന് വിളിക്കുന്ന ഒരു തരം ബിരിയാണിയാണ് ഞങ്ങള്‍ പറഞ്ഞത്. അത് മുമ്പ് കഴിച്ചവര്‍ മറ്റൊരു പരീക്ഷണത്തിന്‌ പോലും നില്‍ക്കാതെ അതില്‍ തന്നെ കയറി പിടിക്കും. അത്രക്കും രുചികരമാണ് കുഷ്ക. കൂടെ സ്പെഷല്‍ മസാലയില്‍ പൊരിച്ചെടുത്ത കാടയും. രുചിയുടെ പിറകെ പോകുന്നവര്‍ക്ക് മുഖ്താറിലെ പാചകപ്പുരയില്‍ ഒരുങ്ങുന്ന വൈവിധ്യങ്ങള്‍ ഒരു നഷ്ടക്കച്ചവടമാകില്ല. ഉറപ്പ്.

ഞങ്ങള്‍ തിരിച്ച് പോകുകയാണ്. മനസ്സിലെവിടെയോ ഒരു വിഷമം പോലെ . ഞങ്ങള്‍ സ്നേഹിച്ച, ഞങ്ങളെ സ്നേഹിച്ച ഗ്രാമവും ഗ്രാമീണരും. ഇങ്ങോട്ടുള്ള ഈ യാത്ര ഞാന്‍ കുറെ ആഗ്രഹിച്ചതാണ്‌. പ്രവാസത്തിന്റെ ചൂടിലും ഉരുകാതെ താലോലിച്ചതാണ്. ഇന്നിവിടെ വീണ്ടും എത്തുമ്പോള്‍ അതേ സ്നേഹം അതേ അളവില്‍ അനുഭവിക്കുമ്പോള്‍ ആ സ്വപ്നങ്ങളൊന്നും വെറുതെ ആയില്ല എന്നറിയുന്നത് എത്ര സന്തോഷം നല്‍കുന്നുവെന്നോ.ബന്ദിപൂര്‍ വനത്തിലെ ഭീകരമായ നിശബ്ദതയെ ഭേദിച്ച് ഞങ്ങളുടെ വണ്ടി പതുക്കെ നീങ്ങുമ്പോള്‍ എന്‍റെ മനസ്സ് മുഴുവന്‍ ആ ഗ്രാമത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു. പോകരുത്, ഇന്നിവിടെ ഉറങ്ങാന്‍ ഞങ്ങള്‍ മെത്ത വിരിക്കാം എന്ന് പുല്‍മേടുകള്‍ പറയുന്നു. പാട്ട് പാടാമെന്ന് കരിമ്പിന്‍ കാടും, താളം പിടിക്കാമെന്ന് സൂര്യകാന്തി പൂക്കളും പറയുന്നുണ്ട് . പിന്നെ പുതപ്പിച്ച്‌ ഉറക്കാമെന്ന് കോടമഞ്ഞും പറയുന്ന പോലെ.
എന്തോ...എനിക്ക് അന്യമായി തോന്നുന്നില്ല ഈ ഗ്രാമം.

(റെയില്‍ ഫോട്ടോ - ഗൂഗിള്‍ )

Monday, August 22, 2011

നിലാവും മിനാരങ്ങളുംഎത്ര വേഗമാണ് ദിവസങ്ങള്‍ കടന്ന് പോകുന്നത്. ഈ നോമ്പ് കാലവും കഴിയാറാവുന്നു. മാനത്ത് റംസാന്‍ ചന്ദ്രിക പൂര്‍ണ്ണമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മനസ്സിലും ശരീരത്തിലും കുളിര് നല്‍കി സന്തോഷത്തിന്‍റെ വെള്ളി വെളിച്ചം വിതറുന്നുണ്ട് ഈ അമ്പിളി. ആ നിലാവ് തെളിയിച്ച വഴിയിലൂടെ നടന്ന് നടന്ന് ഞാനെത്തിയത് കുറെ ഓര്‍മ്മകളുടെ തീരത്താണ്. അത് നിങ്ങളുമായി പങ്കുവെക്കുമ്പോള്‍ അതില്‍ സന്തോഷത്തിന്‍റെ പൂത്തിരികള്‍ കണ്ടേക്കാം . കൂടെ ഇത്തിരി നോവും നൊമ്പരങ്ങളും.

റമളാന്‍ നല്‍കുന്ന സന്തോഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക , താളത്തില്‍ ഒന്ന് നീട്ടി , പിന്നെ അല്‍പം കുറുക്കി ബാങ്ക് വിളിക്കുന്ന മരക്കാര്‍ കാക്കയുടെ മുഖമായിരിക്കും. ഓര്‍മ്മ വെച്ച കാലം മുതല്‍ മരക്കാര്‍ കാക്കയെ ഞാന്‍ കാണാറുണ്ട്‌. പള്ളിയുടെ വാതിലിന്‍റെ പടിയില്‍ കയറി നിന്ന് ബാങ്ക് വിളിക്കുന്നത്‌ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ ചുണ്ടില്‍ എരിയുന്ന ഭാസ്കര്‍ ചുരുട്ടുമായി പള്ളി കിണറില്‍ നിന്നും വെള്ളം കോരി മുറ്റത്തെ വലിയ റോസാ ചെടികള്‍ നനക്കുന്ന മുഖവും. ഇത് കണ്ടു കൊണ്ട് വല്യുപ്പ പള്ളിയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടാവും. വല്യുപ്പ നട്ടതാണ് പള്ളിമുറ്റത്തെ ചെടികളെല്ലാം. കാലത്ത് വിരിയുമ്പോള്‍ വെള്ളയും വൈകുന്നേരം പിങ്ക് നിറവുമാകുന്ന ആ വലിയ റോസാ പൂക്കള്‍ പള്ളിമുറ്റത്തിന് നല്ല അലങ്കാരമായിരുന്നു. വല്ലപ്പോഴും ഒരു പൂവ് പറിച്ച് തരും വല്യുപ്പ. അത് കിട്ടാതെ ഞാന്‍ കരയുമെന്ന് തോന്നുമ്പോള്‍ മാത്രം. കിട്ടിയാല്‍ പിന്നെ അതുമായി ഒരോട്ടമാണ് വീട്ടിലേക്ക്. മരക്കാര്‍ കാക്ക ചെടി നനക്കുന്നത്ത് കണ്ടുകൊണ്ടാകും ഞാനെപ്പോഴും അസര്‍ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നത്‌ . പള്ളിയുടെ മുമ്പില്‍ വല്ല്യുപ്പയെ കണ്ടില്ലെങ്കില്‍ അന്നെനിക്ക് അസര്‍ നിസ്കാരം ഇല്ല. കാരണം നിസ്കാരം കഴിഞ്ഞ് വരുമ്പോള്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും പത്തു പൈസ എടുത്ത് തരും. ആലിക്കാന്‍റെ കടയില്‍ എന്നെ നോക്കി ചിരിക്കുന്ന ജോസഞ്ചര്‍ മിഠായികള്‍ക്കുള്ളതാണ് അത് .ഇന്ന് വല്യുപ്പ ഇല്ല. പള്ളിമുറ്റത്ത്‌ റോസാ ചെടികളും ഇല്ല. പക്ഷെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് , വെള്ളിയുടെ നിറമുള്ള , സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള ആ പത്തു പൈസ . റോസാപൂവിന്‍റെ നൈര്‍മല്യമുള്ള ചിരിയുമായി വല്ല്യുപ്പയുടെ മുഖവും ഉണ്ട് മനസ്സില്‍ മായാതെ. ആ ചെടി ഇന്നെവിടെയും കാണാനില്ല . കണ്ടു കിട്ടുമ്പോള്‍ എനിക്ക് നട്ടുവളര്‍ത്തണം, എന്‍റെ വീടിന്‍റെ മുറ്റത്ത്‌. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന് വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് . ആ നന്മയുടെ പൂക്കള്‍ കണിക്കണ്ടുണരുന്ന ഓരോ പ്രഭാതത്തിലും എനിക്കൊരു യാത്രയാവാലോ ... സുഖമുള്ള ആ ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക് .

നോമ്പ് കാലത്ത് അത്താഴം കഴിഞ്ഞാല്‍ സുബഹിക്ക് പള്ളിയില്‍ പോകും വല്യുപ്പയുടെ കൂടെ. വേറെയും കൂട്ടുകാര്‍ കാണും അവിടെ. ബാങ്ക് കൊടുക്കുന്നത് വരെ ഞങ്ങള് മാവിന്‍റെ ചോട്ടില്‍ ആയിരിക്കും. പള്ളിയുടെ അടുത്തുള്ള മാവില്‍ നിന്നും നല്ല രുചിയുള്ള മാമ്പഴം വീഴും. ചിലപ്പോള്‍ സുബഹി ബാങ്ക് വിളിച്ചിട്ടും അത് കഴിച്ചു പോയിരുന്നോ ? ബാല്യത്തിന്‍റെ കുസൃതി ആയി അത് പടച്ചവന്‍ കാണുമായിരിക്കും.

സുന്നത്ത് കഴിഞ്ഞ് ആദ്യമായി ഈ പള്ളിയില്‍ പോയതും വല്യുപ്പാന്‍റെ കൈ പിടിച്ചാണ്. കഴിഞ്ഞ ആഴ്ച എന്‍റെ മകന്‍റെ സുന്നത്ത് കഴിഞ്ഞു. ഈ പെരുന്നാളിന് അവനും പോകും അതേ പള്ളിയില്‍. ഞാന്‍ ആദ്യമായി സുജൂദ് ചെയ്ത പള്ളിയില്‍ . പക്ഷെ പുത്തനുടുപ്പിട്ട് ആ പള്ളിയിലേക്ക് കയറുമ്പോള്‍ കൈപിടിക്കാന്‍ ‍, കീശയില്‍ നിന്നും സ്നേഹം മണക്കുന്ന നാണയതുട്ടുകള്‍ എടുത്ത് നല്‍കാന്‍ അവന്‍റെ വല്യുപ്പ ഇല്ലാതെ പോയല്ലോ.

എന്നും ആവേശത്തിന്‍റെതാണ് നോമ്പ് കാലം ഞങ്ങള്‍ കുട്ടികള്‍ക്ക്. ആദ്യം നോമ്പിന്‍റെനിര്‍വൃതി മുതല്‍ പെരുന്നാള്‍ വരെ എത്തുന്ന ആഘോഷങ്ങള്‍. പെരുന്നാള്‍ രാവിനു എന്തൊരു ഭംഗിയാണ്. ശവ്വാല്‍ പിറവി കണ്ടാല്‍ എല്ലാരുടെ മുഖത്തും അതെ ചന്ദ്രന്‍റെനിലാവായിരിക്കും. മൈലാഞ്ചി ഇടണം എന്നും പറഞ്ഞ് ഞാനും വാശി പിടിക്കും. ഇടത്തേ ഉള്ളം കയ്യിലും പിന്നെ ചെറുവിരലിന്‍റെ നഖത്തിലും മൈലാഞ്ചി ഇട്ട് തരും എന്‍റെ ആത്ത. അമ്മിയില്‍ അരച്ചെടുത്ത നാടന്‍ മൈലാഞ്ചി നന്നായി ചുവക്കും.

വല്യുമ്മച്ചിയെ കുറിച്ച് ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. എന്നെ പോലെ മഴയെ ഇഷ്ടപ്പെടുന്ന , പല്ലില്ലാത്ത മോണ കൊണ്ട് മാമ്പഴം കഴിക്കുന്ന , ബള്‍ബിന്‍റെ വെളിച്ചം കൂടാതെ ഒരു മണ്ണെണ്ണ വിളക്കും കയ്യില്‍ പിടിച്ച്‌ എപ്പോഴും രാത്രി പത്രം വായിക്കുന്ന ആ സ്നേഹനിധിയെ കുറിച്ച്. സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം. ഉപ്പ എപ്പോഴും പറയുമായിരുന്നു , ഉമ്മച്ചിയുടെ ഈ വായനയാണ് എഴുത്തിന്‍റെ വഴിയിലേക്ക് ഉപ്പയെ വഴിനടത്തിയത് എന്ന്. അത് വെറും വാക്കായിരുന്നില്ല. ആദ്യ പുസ്തകം ഇറങ്ങിയപ്പോള്‍ അതിന് സമര്‍പ്പണം ആയി ഉപ്പ ഇങ്ങിനെ എഴുതി .

"നാടുകാണാന്‍ ഇറങ്ങുമ്പോഴെല്ലാം അകം നിറഞ്ഞ ആശംസകള്‍ നേരാറുള്ള വന്ദ്യ പിതാവിന് ...
ബാല്യ - കൌമാര ജിജ്ഞാസനാളുകളില്‍ മണ്ണെണ്ണ വിളക്കിന്‍റെ മങ്ങിയ ജ്വാലയില്‍ വിസ്മയലോകത്തിന്‍റെ കിളിവാതില്‍ തുറന്നുതന്ന പ്രിയപ്പെട്ട ഉമ്മയ്ക്ക് "

പെരുന്നാളിന് ഏറ്റവും രസകരം വല്ല്യുമ്മച്ചി ഉണ്ടാക്കുന്ന കാവ എന്ന് പറയുന്ന ഗോതമ്പിന്‍റെ പായസം ആണ്. ഇന്നും മദ്രസകളിലും മറ്റും വിശിഷ്യ ദിവസങ്ങളില്‍ അത് കാണുമെങ്കിലും ഉമ്മച്ചി ഉണ്ടാക്കുന്ന കാവയുടെ രുചി പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല. കാലത്ത് പെരുന്നാള്‍ നിസ്കാരത്തിന്‌ പള്ളിയില്‍ എത്തുന്ന തറവാട്ടിലെ എല്ലാ ആണുങ്ങളും ഇത് കുടിച്ചേ അവരുടെ വീട്ടിലേക്കു പോകൂ. ഉമ്മറത്തെ കസേരയില്‍ ഇരുന്നു വല്യ കയില് കൊണ്ട് കാവ കോരി ഒഴിച്ച് കൊടുക്കുന്ന ഉമ്മച്ചിയുടെ മുഖം മറക്കാന്‍ പറ്റുന്നില്ല. കൂടുതല്‍ ആള്‍ക്കാര്‍ വരട്ടെ എന്നാണ് എന്‍റെയും പ്രാര്‍ത്ഥന. അപ്പോഴേ കൈനീട്ടം കൂടുതല്‍ കിട്ടൂ. പിന്നെ വൈകുന്നേരം വരെ അതിഥികളുടെ വരവായിരിക്കും. വല്ല്യുപ്പയോടും വല്യുമ്മയോടും കൂടി നിന്ന് പോയോ ഇത്തരം ഊഷ്മളതയുടെ കാലം..? തിരക്കിന്‍റെ ലോകത്ത് ഇതൊന്നും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഓരോരുത്തര്‍ക്കും ഓരോ കുടുംബം , വീട്, പ്രശ്നങ്ങള്‍. ഇതിനിടയില്‍ ആത്മാവ് നഷ്ടപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് വേദനിക്കാന്‍ ആര്‍ക്കുണ്ട് സമയം. ആര് നിഷേധിച്ചാലും ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ വയ്യ. കൂട്ട് കുടുംബ വ്യവസ്ഥിതിയില്‍ അനുഭവിച്ചിരുന്ന സ്നേഹവും സന്തോഷവും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ അതെനിക്ക് ശരിയെന്ന് തോന്നിയ കാര്യം തന്നെയാണ്.

ഒരുപാട് ഓര്‍മ്മകളുടെ സമ്മേളനം കൂടിയാണ് നോമ്പും പെരുന്നാളും ഒക്കെ സമ്മാനിക്കുന്നത്. നിഷ്കളങ്കമായ ബാല്യത്തിന്‍റെ , മുതിര്‍ന്നവരുടെ ആത്മാര്‍ഥമായ വാത്സല്യത്തിന്‍റെ , മണ്മറഞ്ഞു പോയവരെ പറ്റിയുള്ള കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളുടെ, പിന്നെ വിശ്വാസത്തിന്‍റെയും ആത്മസംസ്കരണത്തിന്‍റെയും മാസം നല്‍കിയ ആത്മീയ നിര്‍വൃതിയുടെ . അതും കഴിഞ്ഞ് പെരുന്നാള്‍ രാവും പെരുന്നാളും നല്‍കുന്ന കൂടിച്ചേരലിന്‍റെ സൗന്ദര്യത്തെ.

ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന ഈ പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്. മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ വര്‍ണ്ണവും സംഗീതവും.പ്രിയപ്പെട്ടവരേ , എന്‍റെ പെരുന്നാള്‍ സമ്മാനമായി ഈ പൂക്കള്‍ സ്വീകരിക്കുക, സ്നേഹത്തിന്‍റെ , നന്മയുടെ , ഐശ്വര്യത്തിന്‍റെ , ശാന്തിയുടെ, സമാധാനത്തിന്‍റെ, സൗഹൃദത്തിന്‍റെ, സാഹോദര്യത്തിന്‍റെ പ്രാര്‍ത്ഥനാപ്പൂക്കള്‍ .

മദീന ഫോട്ടോ- നൗഷാദ് അകമ്പാടം.
റോസ് - ഗൂഗിള്‍

Wednesday, August 17, 2011

സ്നേഹപൂര്‍വ്വം...!രണ്ട് വര്‍ഷങ്ങള്‍. ബൂലോകത്തില്‍ നീന്തി കയറാനുള്ള എന്‍റെ ശ്രമങ്ങള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകാറായി. പ്രത്യേകിച്ച് ഒരു അവകാശവാദത്തിനുള്ള അവസരവും ഇല്ലെങ്കിലും ഞാന്‍ സന്തുഷ്ടനാണ്. അതോടൊപ്പം ഈ പുണ്യ മാസത്തില്‍, കൂടാതെ പുതിയൊരു മലയാള വര്‍ഷത്തില്‍ പ്രതീക്ഷയോടെ ഞാന്‍ കാലെടുത്തു വെക്കുകയാണ് ബ്ലോഗ്ഗിങ്ങിന്റെ മൂന്നാം വര്‍ഷത്തിലേക്ക്.

പരിമിതികള്‍ക്കുള്ളില്‍ നിന്നുമുള്ള പരിശ്രമങ്ങളാണ് എന്‍റെ എഴുത്ത്. അതിനപ്പുറം ഒരു അവകാശവാദവും ഇല്ല .ഒരു പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സന്തോഷിക്കാറുണ്ട്‌. അത് നന്നായില്ല എന്ന് പറയുമ്പോള്‍ അതിനേക്കാള്‍ വലിയ സന്തോഷവും . കാരണം ആത്മാര്‍ഥമായ അത്തരം സമീപനങ്ങള്‍ ഗുണപരമായ മാറ്റം വരുത്തും എന്നത് തന്നെ. അല്ലെങ്കില്‍ ഒരു ശ്രമം നടത്താനെങ്കിലും അതുപകരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ രീതിയില്‍ നോക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ക്കാണ് കൂടുതല്‍ മൂല്യവും. എന്നെ വായിക്കുന്നവര്‍, അഭിപ്രായം പറയുന്നവര്‍, വായിച്ചു പോകുന്നവര്‍, വിമര്‍ശിക്കുന്നവര്‍, എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കട്ടെ.

തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷിക്കാന്‍ വേറെയും കാരണങ്ങള്‍ ഉണ്ട്. പുതുതായി എത്തിയ , അതോടൊപ്പം സമ്പന്നമായ സുഹൃത്ത് ബന്ധങ്ങള്‍. അതിന്‍റെ വിശാലമായ ലോകം. ചര്‍ച്ചകള്‍, സ്നേഹാന്യോഷണങ്ങള്‍ , കൂടിച്ചേരലുകള്‍. എഴുത്തിനുപരി ബ്ലോഗിങ്ങ് എനിക്ക് നല്‍കിയത് സ്നേഹവും ആത്മാർഥതയും നിറഞ്ഞ നിങ്ങളെയൊക്കെ തന്നെയാണ്. ഇത് കാരണം ലഭിച്ച ഗുണങ്ങളില്‍ ഞാന്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നതും ഈ സൌഹൃദങ്ങളെ തന്നെ.

പ്രിയപ്പെട്ടവരേ , ഞാനെന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. എഴുതിതെളിയാനുള്ള എന്‍റെ എളിയ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനത്തിലൂടെ ജീവജലം നല്‍കുന്ന നിങ്ങളോട് എനിക്ക് പറയാന്‍ അത് മാത്രമേയുള്ളൂ. നിങ്ങള്‍ നല്‍കുന്ന ആത്മാര്‍ഥമായ സ്നേഹത്തിനും പിന്തുണക്കും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ, ഹൃദയം കൊണ്ട്.
സ്നേഹാശംസകളോടെ
ചെറുവാടി

Saturday, August 6, 2011

ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള പാട്ടിയാര്‍ ബംഗ്ലാവിലാണ് ഞങ്ങളുടെ താമസം. ബ്രിട്ടിഷുകാര്‍ പണിതതാണ് മനോഹരമായ ഈ ബംഗ്ലാവ്. ശിരുവാണിയുടെ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഇതിന്‍റെ മുറ്റത്തിരുന്ന് ഒപ്പിയെടുക്കാം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞതിനാല്‍ റെജി ഞങ്ങളെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. റെജി പത്തു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. അതിനിടക്ക് ഒരു മാസം ദുബായില്‍ പോയി . ഒടുവില്‍ ശിരുവാണിയിലേക്ക് തന്നെ തിരിച്ച് പോന്നു . അല്ലെങ്കില്‍ത്തന്നെ ഈ കുളിര്‍മ വിട്ട് മരുഭൂമിയിലെ ചൂടില്‍ എങ്ങിനെ നില്‍ക്കാന്‍ ആകും . രാവിലെ മുതല്‍ ഞങ്ങളെ കാത്തിരിക്കുകയാണ് റെജി. ഞങ്ങളെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണ സാധനങ്ങള്‍ എല്ലാം റെജിയെ ഏല്‍പ്പിച്ചു ഞങ്ങള്‍ കസേരയിട്ട് മുറ്റത്തിരുന്നു.നേരം സന്ധ്യയോട് അടുത്തു തുടങ്ങിയിരിക്കുന്നു. ശുദ്ധമായ പടിഞ്ഞാറന്‍ കാറ്റും കൊണ്ട് മനോഹരമായ ഈ ശിരുവാണിയെയും നോക്കി മുറ്റത്തിരിക്കുമ്പോള്‍ അറിയാതെ ഒരു അതിമോഹം എന്നെ പിടികൂടി. "ഒരു നിമിഷത്തേക്കെങ്കിലും ദൈവം എന്നെയൊരു കവി ആക്കിയിരുന്നുവെങ്കില്‍ , എന്‍റെ അക്ഷരങ്ങള്‍ കവിതകള്‍ ആയിരുന്നുവെങ്കില്‍ , ദൈവം കയ്യൊപ്പിട്ട ഈ പ്രകൃതി നോക്കി ഒരായിരം കവിതകള്‍ ഞാന്‍ രചിച്ചേനെ".

അകത്ത് റെജി ഭക്ഷണം തയ്യാറാക്കുന്ന തിരക്കില്‍ ആണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ പാവം കഷ്ടപ്പെടും. അതുകൊണ്ട് ഞാനും ചപ്പാത്തി പരത്താന്‍ കൂടി . അത് ബുദ്ധിമുട്ടാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ പതുക്കെ ചപ്പാത്തി ചുടാന്‍ കൂടി. ഒന്ന് രണ്ടെണ്ണം കരിഞ്ഞ മണം വന്നപ്പോള്‍ റെജി ഇടപ്പെട്ടു. "ഇതിനേക്കാള്‍ എളുപ്പമുള്ള ഒരു ജോലികൂടി ഉണ്ട്. വെട്ടിവിഴുങ്ങള്‍. അതിന് സമയമാകുമ്പോള്‍ പറയാം". ചമ്മിയെങ്കിലും ആ തമാശ ആസ്വദിച്ച് ഞാന്‍ മുറ്റത്ത്‌ കത്തിയടിക്കാന്‍ കൂടി. റെജി ഭക്ഷണം റെഡിയാക്കി വിളിച്ചു. ഇവിടെ നിന്നും എഴുന്നേല്‍ക്കാനേ തോന്നുന്നില്ല. മുറ്റത്ത്‌ തന്നെ ഇരുന്നു ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ചിക്കന്‍ കറിക്ക് പതിവിലും എരിവ് കൂടുതല്‍ എങ്കിലും റെജി പാചകത്തില്‍ ഒരു സ്പെഷലിസ്റ്റ് ത്തന്നെ ആണെന്ന് ആ കറിയുടെ സ്വാദില്‍ നിന്നും മനസ്സിലായി

വന്യ മൃഗങ്ങളെ കാണുവാന്‍ പോകാം എന്ന് റെജി തന്നെയാണ് പറഞ്ഞത്, ഒരു രാത്രി ട്രെക്കിംഗ് ആവാം എന്ന് ഞങ്ങളും തീരുമാനിച്ചു. ആനയും പുലിയും കാട്ടുപ്പോത്തും കരടിയും എല്ലാം ഉള്ള കാടാണ്. പേടി ഇല്ലാതില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ഒരാള്‍ "നമുക്ക് പോവണ്ട" എന്ന് പറയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും . രാത്രി ട്രെക്കിംഗ് സമയത്ത് പേടിക്കേണ്ടത് ആനയെ ആണെന്നും വാഹനം ഉണ്ടായാല്‍ പ്രശ്നം ഇല്ലെന്നും റെജി സമാധാനിപ്പിച്ചു . അതോടെ ഇത്തിരി ധൈര്യം ചാര്‍ജ് ആയി. അങ്ങനെ ഞങ്ങള്‍ ഇറങ്ങി. മുന്നിലെ സീറ്റിന് ഇത്തവണ കാലിയാണ്. ആരും അവിടെ ഇരിക്കുവാന്‍ തയാറല്ല ,ഒടുവില്‍ അത് കിട്ടിയത് എനിക്കും. ഒരു നിവൃത്തിയുമില്ല എന്നായപ്പോള്‍ ഞാന്‍ മുന്‍ സീറ്റില്‍ തന്നെ കയറി. പക്ഷെ ഒരു കിലോമീറ്റര്‍ പോലും മുന്നോട്ട് പോയില്ല. അതിന് മുമ്പേ ദാ നില്‍ക്കുന്നു സകല പ്രൌഡിയോടും കൂടി ഒരു കൊമ്പന്‍ . ശിരുവാണിയുടെ വന സൗന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന ഗജവീരനാണ് അത് എങ്കിലും ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ എല്ലാം രക്തം ഐസ് പോലെ ഉറഞ്ഞു പോയി. ആരുടെ മുഖത്തും ചോരയോട്ടമില്ല. എനിക്കാണേല്‍ "ആന "എന്ന് പോലും പറയാന്‍ പറ്റുന്നില്ല. വണ്ടി ഡ്രൈവ് ചെയ്യുന്ന ആരിഫിനു എല്ലാ ശക്തിയും കൊടുക്കണേ എന്നായിരുന്നു അപ്പോള്‍ എന്‍റെ പ്രാര്‍ഥന . ഇനി ഇറങ്ങി ഓടേണ്ട അവസ്ഥ ആണേല്‍ എന്‍റെ ജീവിതം അവിടെ തീര്‍ന്നേനെ. കാരണം കാല് അനക്കാന്‍ പറ്റുന്നില്ല പേടിച്ചിട്ട്. ഓടിയ അത്രയും പതുക്കെ പുറകിലോട്ട് വന്നു ഞങ്ങള്‍ ബംഗ്ലാവിലേക്ക് തന്നെ തിരിച്ച് കയറി. അതുകൊണ്ട് ഇതെഴുതാന്‍ ജീവിതം ബാക്കി.

യാത്രയും പേടിയും കാരണം നല്ല ക്ഷീണമുണ്ട്‌. എന്നെയും അന്വോഷിച്ചു ആന ബംഗ്ലാവിലേക്ക് വന്നേക്കുമോ എന്നൊരു ഭയവും ഉള്ളില്‍ ഉണ്ട് ബംഗ്ലാവിന് ചുറ്റും കിടങ്ങുകള്‍ ഉള്ളതുകാരണം ആന അകത്തേക്ക് കയറില്ല
എന്ന ധൈര്യത്തില്‍ ഞങ്ങള്‍ കുറച്ച് സമയം കൂടെ ബംഗ്ലാവിന്‍റെ മുറ്റത്ത്‌ ഇരുന്നു.

ഇവിടെ കറന്റ് ഇല്ല. സോളാര്‍ പാനല്‍ വച്ചിട്ടുണ്ട് . റെജിയെ സമ്മതിക്കണം. ഇത്രയും പേരുണ്ടായിട്ടും ഞങ്ങള്‍ക്കിവിടെ പേടി തോന്നുന്നു. വര്‍ഷങ്ങളായി ഇവിടെ ഒറ്റക്കാണ് റെജി താമസം. വന്യമൃഗങ്ങളെ കണ്ട കഥകള്‍ ഇഷ്ടംപോലെ ഉണ്ട് റെജിയുടെ ഓര്‍മയില്‍ . മുറ്റത്ത്‌ ഇഷ്ടിക പതിപ്പിച്ച ചില സ്ഥലങ്ങള്‍ കുഴിഞ്ഞിരിക്കുന്നത് കാണിച്ച്‌ റെജി പറഞ്ഞു ആന കയറിയപ്പോള്‍ താഴ്ന്നത് ആണ് എന്ന്. ഞാനൊന്ന് ചുറ്റും നോക്കി. പേടിച്ചിട്ടൊന്നും അല്ല. വെറുതെ. ചുറ്റും കിടങ്ങ് ഉള്ളതിനാല്‍ ഒരു ഭാഗത്ത്‌ അതിന്‍റെ മേലെ ഷീറ്റ് ഇട്ടാണ് വണ്ടി അകത്തോട്ട് കയറ്റുക. അത് കഴിഞ്ഞാല്‍ ആ ഷീറ്റ് മാറ്റിവെക്കും. ഞങ്ങള്‍ വന്ന വണ്ടി അകത്തേക്ക് കയറിയ ശേഷം ആ ഷീറ്റ് മാറ്റിവെക്കാന്‍ റെജി ഇന്ന് മറന്നിട്ടുണ്ടാകുമോ ?

ഒരു പ്രത്യേക മൂഡ്‌ ആണ് ഇപ്പോള്‍ ഇവിടെ. വല്ലാത്ത ഒരു ഹൊറര്‍ മൂഡ്‌ ... അതിന്‍റെ സുഖം അനുഭവിച്ചു തന്നെ അറിയണം. കരിമല കുന്നിന് മീതെ ഒരു നക്ഷത്രം മാത്രം തിളങ്ങി നില്‍ക്കുന്നു. നിലാവ് പരത്തി അര്‍ദ്ധ ചന്ദ്രനും. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ ആ കുന്നിലെ നിബിഡ വനത്തില്‍ നിഗൂഡമായി ഉറങ്ങുന്ന തകര്‍ന്നു വീണ ആ വിമാനത്തിന്‍റെ കഥ ഈ രാത്രിയും എന്നെ വേട്ടയാടും, തീര്‍ച്ച.

ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. നല്ല തണുപ്പുണ്ട്. റൂമില്‍ പണ്ട് ഉണ്ടാക്കിയ നെരിപ്പോട് ഉണ്ട്. അത് കത്തിക്കേണ്ട ആവിശ്യം തോന്നിയില്ല.ചീവിടുകളുടെ പാട്ടിനോടൊപ്പം മുത്തിക്കുളം വെള്ള ചാട്ടത്തിന്‍റെ ശബ്ദവും ഉച്ചത്തില്‍ കേള്‍ക്കാം ഇപ്പോള്‍ . ഇതാണ് ഈ രാത്രിയിലെ ഉറക്ക പാട്ട്. ജനലഴികളിലൂടെ മൂളിവരുന്ന ആ പടിഞ്ഞാറന്‍ കാറ്റിന് നല്ല താളമുണ്ട്. പിന്നെ ബംഗ്ലാവിന്‍റെ മുറ്റത്ത്‌ പൂത്തുനില്‍ക്കുന്ന കാട്ടുചെമ്പകത്തിന്‍റെ മാദക ഗന്ധം . ഞങ്ങള്‍ സുഖമായി ഉറങ്ങി.അരിച്ചിറങ്ങുന്ന തണുപ്പില്‍ ഇങ്ങിനെ മൂടിപ്പുതച്ച് ഉറങ്ങിയാല്‍ നഷ്ടമാവുക ഒരു ശിരുവാണി പ്രഭാതമാണ്‌. പക്ഷെ റെജി ഇന്നലെ രാത്രി തന്നെ വാണിംഗ് തന്നിരുന്നു . കാലത്ത് പുറത്തെ വാതില്‍ തുറക്കുമ്പോള്‍ പതുക്കെ അല്‍പം തുറന്നു നോക്കിയിട്ടേ ഇറങ്ങാവൂ എന്ന് . ബംഗ്ലാവിന്‍റെ വരാന്തയില്‍ പുലിയോ മറ്റോ കയറി കിടക്കുമത്രേ. പേടിയുണ്ടെങ്കിലും വാതില്‍ തുറന്നു പുറത്തോട്ട് ആകാംക്ഷയോടെ നോക്കിയ ഞങ്ങള്‍ക്ക് നിരാശ നല്‍കി. അതോ ആശ്വാസമോ..? പക്ഷെ പുറത്തെ കാഴ്ചകള്‍ നല്ലൊരു വിരുന്നായി. കരിമല കുന്നില്‍ നിന്നും കോടമഞ്ഞ്‌ മാഞ്ഞിട്ടില്ല. മഞ്ഞ് നീങ്ങുമ്പോള്‍ പതുക്കെ തെളിയുന്ന മുത്തിക്കുളം വെള്ളച്ചാട്ടം. താഴെ നിശബ്ദമായി പാട്ടിയാര്‍ പുഴ. എനിക്കറിയില്ല ഇനി ഞാനെന്താ എഴുതേണ്ടതെന്നു ഈ കാഴ്ചകളെ പറ്റി. എന്‍റെ മലയാളത്തിനും പരിമിതികള്‍ ഉണ്ടല്ലോ.

ഞങ്ങള്‍ പതുക്കെ പുഴയിലേക്ക് ഇറങ്ങി. പേടിക്കെണ്ടാതായി ഒന്നേ ഉള്ളൂ. അട്ട. അതാണേല്‍ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. റെജി കുറെ ഉപ്പു കയ്യില്‍ തന്നിരുന്നു. അതിട്ടാല്‍ അട്ട പിടിവിടും. പക്ഷെ അതിനെ സമയമുണ്ടായിരുന്നുള്ളൂ. ഞാനാണേല്‍ അട്ട കടിച്ചാല്‍ ആദ്യം മേലോട്ട് ചാടും. അറപ്പും പേടിയും. ഉപ്പിന്‍റെ കാര്യമൊക്കെ അപ്പോള്‍ മറന്നു പോകും. ആദിവാസിയെ പോലെ തോന്നിക്കുന്ന ഒരാള്‍ വല എടുക്കുന്നുണ്ട്. ഞങ്ങള്‍ ഒപ്പം കൂടി. വല രാത്രി ഇട്ടുവെക്കും. കാലത്ത് എടുക്കും. വല പുറത്തെടുത്തപ്പോള്‍ ഞെട്ടിപ്പോയി. എത്ര വലിയ വരാലുകള്‍ ആണ്. പിന്നെ കരിമീനിനെ പോലെ തോന്നിക്കുന്ന മത്സ്യങ്ങളും. വിലക്ക് ചോദിച്ചപ്പോള്‍ അയാള് കുറെ വെറുതെ തന്നു. അയാള്‍ വേറെയും വല ഇട്ടിട്ടുണ്ടാത്രേ. ഉച്ചക്ക് പൊരിച്ചെടുക്കാന്‍ റെജിയുടെ കയ്യില്‍ കൊടുത്തപ്പോള്‍ റെജിയും പേടിച്ചു. കാരണം ഡാമില്‍ നിന്നും മീന്‍ പിടുത്തം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വിലക്കിയിട്ടുണ്ടത്രേ. ഏതായാലും സംഗതി തീന്മേശയില്‍ എത്തി. പുഴമീന്‍ പറ്റാത്ത ഞാന്‍ നോക്കി നിന്നതെ ഉള്ളൂ. രാത്രിയിലെ ചിക്കന്‍ കറിക്ക് അവര്‍ പകരം വീട്ടി. എന്‍റെ വിധി.ഉച്ചക്ക് ഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങാനാണ് ആദ്യം പരിപാടി ഇട്ടത് എങ്കിലും വഴിയിലൊന്നും ആന ഇല്ലെന്ന് താഴെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും വന്ന ഒരു ജീപ്പിലുള്ളവര്‍ പറഞ്ഞത് കാരണം ഒന്ന് കറങ്ങിയിട്ട് വരാമെന്ന് എല്ലാവരും തീരുമാനിച്ചു . സത്യത്തില്‍ വീതി കുറഞ്ഞ ഈ കാടുപ്പാതയില്‍ ആനയെ കണ്ടാല്‍ അപകടമാണ്. ബന്ദിപൂര്‍ - മുതുമല വഴിയുള്ള യാതകളില്‍ കാട്ടാനകളെ ധാരാളം കാണുമെങ്കിലും ഭയം തോന്നാറില്ല . വീതിയുള്ള റോഡും മറ്റു വാഹനങ്ങളുമൊക്കെ കാണും അവിടെ. പക്ഷെ ഈ കാട്ടില്‍ ഞങ്ങള്‍ തനിച്ചാണ്. ഇത് ഒട്ടും പരിചയമില്ലാത്ത ചുറ്റുപാട്.മഴക്കാലം, വീതികുറഞ്ഞ റോഡ്‌ എല്ലാം പ്രതികൂലമാണ്. ഏതായാലും ഈ റോഡിലൂടെ കുറച്ച് മുന്നോട്ട് പോകാന്‍ ത്തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കേരള ബോര്‍ഡര്‍ കഴിഞ്ഞ് ഇപ്പോള്‍ തമിഴ്നാടിന്‍റെ ഭാഗങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. അവിടെ ചെക്ക് പോസ്റ്റില്‍ തടയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ ഭാഗ്യത്തിന് അന്നവിടെ ഇന്‍സ്പെക്ഷന് എത്തിയ തമിഴ്നാട് ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എന്‍ജിനീയര്‍ മിസ്റ്റര്‍.സദന്‍ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചു . ആ നല്ല ഓഫീസര്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു .കാട്ടിലൂടെയുള്ള ഈ യാത്രക്ക് നല്ല ഹരമാണ്.വഴിയില്‍ മുളങ്കാടുകള്‍ പൂത്തുനില്‍ക്കുന്നു. നല്ലൊരു ഔഷദമാണത്രേ മുളയരി. പൂത്തുകഴിഞ്ഞാല്‍ മുളയുടെ ആയുസും അതോടെ തീരും. ഈ വഴിക്കാണ് മനോഹരമായ കോവൈ വെള്ളച്ചാട്ടം . പക്ഷെ ഒരു കിലോമീറ്റര്‍ നടന്നു പോകണം. ദുര്‍ഘടമായ വഴിയിലൂടെ. സമയകുറവുകാരണം അതും വേണ്ടെന്നു വെച്ചു.ഇടയ്ക്കിടെ കാട്ടരുവികളും ഭംഗിയുള്ള സ്ഥലങ്ങളും ഒക്കെയായി ഞങ്ങള്‍ എത്തിച്ചേര്‍ന്നത് വാടിവയല്‍ എന്ന ചെറുതും സുന്ദരവുമായ ഒരു തമിഴ്നാട് ഗ്രാമത്തില്‍ ആണ്. ഒട്ടും ആഗ്രഹിക്കാതെ എത്തിപ്പെട്ട ഈ ഗ്രാമം ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.നല്ലൊരു മസാല ചായയും കുടിച്ച്‌ ഞങ്ങള്‍ ഗ്രാമം ഒന്ന് ചുറ്റികറങ്ങി. തൊട്ടു പിറകിലൂടെ ഒരു ചെറിയ അരുവി , അതില്‍ മീന്‍ അരിച്ചു പിടിക്കുന്ന കുട്ടികള്‍, . റോഡില്‍ നിറയെ പൂക്കള്‍. ഒരു ചെറിയ ഗ്രാമത്തിന്‍റെ എല്ലാ സന്തോഷവും ഇവിടെ കാണാനുണ്ട്. ഇതുവഴി കുറച്ച് ദൂരം പോയാല്‍ കോയമ്പത്തൂര്‍ ആയി. റോഡൊക്കെ നല്ല നിലവാരം ഉള്ളത് ആണ്.
കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുന്നതാണ് കാര്യമായ ഉപജീവന മാര്‍ഗം.
യാദൃക്ഷികമായി വന്നുചേരുന്ന ഇത്തരം അനുഭവങ്ങളും കാഴ്ചകളും വളരെ സന്തോഷം നല്‍കുന്നു. പൊന്നു അമ്മാളില്‍ നിന്ന് ഒരു മസാല ചായയും കൂടെ കുടിച്ച്‌ ഞങ്ങള്‍ ചെറിയ ചുരം കയറി വീണ്ടും ശിരുവാണിയില്‍ എത്തി.ഓരോ ഇടവേളയില്‍ കാണുമ്പോഴും ഓരോ മുഖമാണ് ശിരുവാണിക്ക്. ചിലപ്പോള്‍ പ്രണയം മണക്കുന്ന താഴ്വര എന്ന് തോന്നും. മറ്റുചിലപ്പോള്‍ സ്വയം മറന്നു മറ്റൊരു സ്വപ്നലോകത്തേക്ക് മനസ്സ് പായുന്ന പോലെ. ചിലപ്പോള്‍ കരിമല കാടും അവിടത്തെ കാറ്റും നമ്മോടു പറയാത്ത കഥകളുടെ പൊരുള്‍ തേടുന്ന ഒരു ദുഃഖ സാന്ത്രമായ മൂഡ്‌. ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാന്‍ പറ്റി.

ഞങ്ങള്‍ക്ക് തിരിച്ചുപോരാന്‍ സമയമായി. റെജിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് അടുത്ത അവധിക്കാലം "വീണ്ടും ഈ താഴ്വരകള്‍ ഞങ്ങള്‍ക്ക് വിരുന്നൊരുക്കും എന്ന് മനസ്സില്‍ പറഞ്ഞ് ഞങ്ങളിറങ്ങി. ഇന്ന് ദിവസങ്ങള്‍ക്കു ശേഷം ഈ ബഹറിനില്‍ ഇരുന്നു ആ അനുഭവങ്ങളെ വരികളാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ആ പ്രകൃതിയില്‍ ഇനി കാണാതെ പോയ കാഴ്ച്ചകളുണ്ടോ എന്ന് പരതുകയാണ്. കാതില്‍ ഒരു സംഗീതമായി മുത്തിക്കുളം വെള്ളച്ചാട്ടത്തിന്‍റെ
ശബ്ദമുണ്ട്. മനസ്സില്‍ കുളിര് നിറച്ച്‌കൊണ്ട് അവിടത്തെ കാറ്റുമുണ്ട്‌. ഒപ്പം കരിമല കാടുകളില്‍ ആ ദുരന്തത്തിന്‍റെ പിന്നാമ്പുറം തേടി എന്‍റെ അന്യോഷണ ത്വരയാര്‍ന്ന മനസ്സ് അലയുന്നുമുണ്ട്.

പ്രകൃതി , അതിന്‍റെ സൌന്ദര്യം കൊണ്ട് വിരുന്നൂട്ടിയ ഈ രണ്ട് നാളുകളെ ഞാനെന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ ശിരുവാണിയെ ഞാന്‍ പറഞ്ഞത്. "ദൈവം കയ്യൊപ്പിട്ട പ്രകൃതി "എന്ന്. അവിടത്തെ കാറ്റ് കുറെ ദൂരം ഞങ്ങളോടൊപ്പം വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയയക്കാന്‍ .