Saturday, October 29, 2011

മരുഭൂമികള്‍ പറയുന്ന കഥതൊണ്ണൂറുകളുടെ തുടക്കത്തില്‍ ആണെന്ന് തോന്നുന്നു, ലയണ്‍ ഓഫ് ഡസേര്‍ട്ട് എന്ന സിനിമ കാണുന്നത്. ആ സിനിമ നല്‍കിയ ആസ്വാദനം ഇപ്പോഴുമുണ്ട് ബാല്യത്തിന്റെ അവ്യക്തമായ ഓര്‍മ്മകളില്‍. ഉമര്‍ മുഖ്താര്‍ എന്ന പോരാളിയും സംഘവും നടത്തുന്ന അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍ , ഒരു കുട്ടിയുടെ കൗതുകത്തോടെയും ഒപ്പം പേടിയോടെയും ഞാന്‍ കണ്ടിരുന്നു നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്നും. ഉമര്‍ മുഖ്താര്‍ ഒരു ഹീറോ ആയി മനസ്സില്‍ കയറിയതോടൊപ്പം മറ്റൊരു ഇഷ്ടം കൂടി എന്റെ മനസ്സില്‍ ഇടം നേടി. മരുഭൂമി എന്ന പ്രകൃതി വിസ്മയം . പിന്നെ കഥകളിലും വായനയിലും കുറെ അടുത്തറിഞ്ഞു മരുഭൂമിയെ.ഒട്ടകപ്പുറത്ത് പോകുന്ന കച്ചവടക്കാരെയും മറ്റു യാത്രക്കാരെയും കൊള്ളയടിക്കുന്ന ബദുക്കളുടെ കഥ പറഞ്ഞു തന്ന വല്യുമ്മ നല്‍കിയത് മരുഭൂമിയുടെ മറ്റൊരു മുഖമായിരുന്നു.

പിന്നെയും കുറെ വര്‍ഷങ്ങള്‍ എടുത്തു മരുഭൂമിയെ നേരില്‍ കാണാനും അനുഭവിക്കാനും. വിശാലമായ അറേബ്യന്‍ മരുഭൂമിയില്‍ കാലുകുത്തിയത് മുതല്‍ ഞാന്‍ മറ്റൊരു ലോകത്തായി. ഇവിടെ ഞാന്‍ തേടിയത് യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകളെയായിരുന്നു. വായിച്ചും കേട്ടുമറിഞ്ഞ ഒരുപാട് കഥകളും കെട്ടു കഥകളും ചരിത്രങ്ങളും സംഭവിച്ചത് വിവിധ ദേശങ്ങളിലെ മരുഭൂമികളില്‍ ആയിരുന്നെങ്കിലും, ആ എല്ലാ സംഭവങ്ങളെയും ഞാന്‍ ഈ മരുഭൂമിയോട് ചേര്‍ത്ത് വെച്ചു.

പേരറിയാത്ത ഒരു കൂട്ടം കള്ളിചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. അതിജീവനത്തിന്റെ പ്രതീകങ്ങളായ അവയോട് ചേര്‍ന്ന് ഞാനിരുന്നു. ദൂരെ ദൂരെ കണ്ണും നട്ടിരിക്കുമ്പോള്‍ അങ്ങകലെ പൊടിപടലങ്ങള്‍ ഉയരുന്നുണ്ടോ. വെള്ളക്കുതിരയുടെ പുറത്ത്‌ ഉമര്‍ മുഖ്താറും സംഘവും അല്ലേ പാഞ്ഞടുക്കുന്നത്..? അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍. ഇറ്റാലിയന്‍ പട്ടാളത്തിന്റെ ഹുങ്കിന്റെ നെഞ്ചിലൂടെ നാശം വിതറി മരുഭൂമിയുടെ സിംഹം പൊരുതുന്ന കാഴ്ച്ചകളാണോ എന്റെ അബോധ മനസ്സില്‍ തെളിയുന്നത്. പണ്ടത്തെ ആ ഗ്രാമീണ വായനശാലയുടെ മൂലയില്‍ "ലയന്‍ ഓഫ് ഡസര്‍ട്ടിലെ " രംഗങ്ങള്‍ കണ്ട് ആശ്ചര്യത്തോടെയും പേടിയോടെയും ഇരുന്ന കൊച്ചുകുട്ടിയായി ഞാന്‍ മാറിപ്പോയി.

പതുക്കെ സൂര്യന്‍ മറയുകയാണ് ഈ മരുഭൂമിയില്‍. ആദ്യമായി കാണുകയാണ് മരുഭൂമിയിലെ അസ്തമയം. പക്ഷെ ചുവന്ന മണ്ണും ചുവന്ന ആകാശവും നല്‍കുന്നത് വേറൊരു അനുഭവം. ഒരു നഷ്ടപ്രണയത്തിന്റെ ഭാവമുണ്ടോ ഈ അന്തരീക്ഷത്തിന്..? എവിടെ നിന്നോ ഒരു വിരഹഗാനം കേള്‍ക്കുന്നില്ലേ ..? ആ പാട്ടിന് "ലൈല മജ്നു " എന്ന അനശ്വര പേര്‍ഷ്യന്‍ പ്രണയ കാവ്യത്തിലെ നായകന്‍ ഖയസ്സിന്റെ ശബ്ദമാണോ. ആണ്. എനിക്കങ്ങിനെ തോന്നി. ലൈല -അഫലാജ് എന്ന മരുഭൂമിയില്‍ പെയ്ത ആ പ്രണയ മഴയുടെ ഭാവം എനിക്കിവിടെ തോന്നാന്‍ കാരണവും ഉണ്ട്. മാതൃഭൂമി ആഴ്ചപതിപ്പില്‍ മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനം. ലൈല - മജ്നു ജീവിച്ച "അഫലാജ്" എന്ന നാട്ടില്‍ പോയി അദ്ദേഹം എഴുതിയ അതി സുന്ദരമായ ലേഖനം വായിച്ച്‌ മനസ്സ് നിറഞ്ഞ സമയത്താണ് ഈ യാത്രയും. ലൈലയും മജ്നുവും അവരുടെ പ്രണയവും ഈ മരുഭൂമിയിലും എന്റെ ചിന്തകള്‍ക്ക് ഉത്തേജനം ആവുന്നതിന് വേറെ കാരണം വേണ്ട. ലൈലയെ നഷ്ടപ്പെട്ട ഖയസ് ഭ്രാന്തനാവുന്നതും പിന്നെ മരുഭൂമിയില്‍ അലിഞ്ഞ്‌ ഇല്ലാതായി എന്നുമാണ് ആ കാവ്യത്തെ ഉദ്ധരിച്ച് മുസഫര്‍ പറയുന്നത്. അങ്ങിനെയാണ് ഭ്രാന്തന്‍ എന്ന അര്‍ത്ഥത്തില്‍ മജ്നൂന്‍ എന്ന പേരും പിന്നെ അത് മജ്നുവുമായി മാറിയതത്രേ.
അതുകൊണ്ടുതന്നെ ഞാനീ അന്തരീക്ഷത്തില്‍ വായിച്ചെടുക്കുന്നത് ഒരു നഷ്ടപ്രണയത്തിന്റെ ഭാവമാണ്. കേള്‍ക്കുന്നത് മജ്നു ഹൃദയം പൊട്ടി പാടുന്നതാണ്. ലൈലയുടെ കണ്ണുനീര്‍ വീണ്‌ മണല്‍തരികള്‍ ആര്‍ദ്രമായിട്ടുണ്ട്. അതേ ലേഖനത്തില്‍ തന്നെ സിതാര എന്ന സ്ഥലത്താണ് ലൈലയും കുടുംബവും ജീവിച്ചിരുന്നത് എന്ന് എഴുതിയ ശേഷം , അവിടെ കാണുന്ന കബറുകളെ നോക്കി "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ" എന്ന് മുസഫര്‍ എഴുതിയത് വായിച്ച് മനസ്സ് പിടഞ്ഞതും കൂടി ഓര്‍ത്തുപോയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവോ..?ആര്‍ദ്രമായ ഈ മണല്‍തരികളെ ലൈലയുടെ കണ്ണീരിനോട് മാത്രം എഴുതി ചേര്‍ക്കുന്നത് ഭംഗിയാണോ..? പ്രായവും രൂപവും മാറ്റി കള്ളച്ചുവടിട്ട് "പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍" പേരില്‍ ഞാനെഴുതിയ കഥയിലെ നായികയുടെ ദുഃഖവും ഞാന്‍ ചേര്‍ത്ത് വെച്ചത് മരുഭൂമിയോടായിരുന്നു എന്നതും യാദൃശ്ചികത ആണോ..?
"സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍ നടക്കുന്നതായും, കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണല്‍തരികളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി"
ഇങ്ങിനെ എഴുതി ചേര്‍ക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചത് എന്തിനായിരുന്നു. ഇതില്‍ കൂടുതല്‍ ഒരു ഏറ്റുപറച്ചില്‍ എന്നെക്കൊണ്ട് സാധിക്കില്ല.

നേരം ഇരുട്ടി തുടങ്ങുന്നു. പതിഞ്ഞ നിലാവ് പരന്നിട്ടുണ്ട് ഇവിടെ. ഈന്തപ്പനയുടെ ഓലകള്‍ കൊണ്ട് മറച്ച ടെന്റിനുള്ളില്‍ നിന്നും തുര്‍കിഷ് സുന്ദരി ആടിത്തിമര്‍ക്കുന്ന ബെല്ലി ഡാന്‍സ്. പക്ഷെ ഫെയറി ടെയിലുകളിലെ വിസ്മയങ്ങള്‍ വേട്ടയാടുന്ന എന്റെ മനസ്സിനുണ്ടോ അതാസ്വദിക്കാന്‍ പറ്റുന്നു. ഞാന്‍ പതുക്കെ പുറത്തിറങ്ങി.

നിലാവുണ്ടെങ്കിലും അല്പം പേടിപ്പെടുത്തുന്നു മരുഭൂമി. ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് വല്യുമ്മ പറഞ്ഞു തന്ന കഥകളാണ്. മരുഭൂമികളിലൂടെ യാത്ര ചെയ്യുന്നവരെയും കച്ചവടക്കാരെയും കൊള്ളയടിക്കുന്ന ദുഷ്ടരായ ബദുക്കളുടെ ചിത്രമാണ് മനസ്സില്‍. എത്ര മനുഷ്യരുടെ കണ്ണീരാവണം മരുഭൂമികള്‍ ഏറ്റുവാങ്ങി കാണുക. എത്ര സ്വപ്നങ്ങളാവണം ഈ മണ്ണില്‍ കൊഴിഞ്ഞു പോയിട്ടുണ്ടാവുക. പിന്നെയും ഇല്ലേ സങ്കട കഥകള്‍ കുറെയേറെ. ബെന്യാമിന്‍ പറഞ്ഞു തന്ന നജീബിന്റെ കഥയില്ലേ. മരുഭൂമി ഏറ്റുവാങ്ങിയ നജീബിന്റെ കണ്ണീര്‍ തുള്ളികള്‍ വീണ്‌ ഒരു സമുദ്രം തന്നെ ഉണ്ടായിക്കാണണം. എന്നിട്ടും കഥ പറയാന്‍ ബാക്കി വെച്ചല്ലോ നജീബിനെ. അകത്ത് അറേബ്യന്‍ സംഗീതം കൊഴുക്കുന്നു . പാദരക്ഷ അഴിച്ചു വെച്ച് ഞാനല്പം മുന്നോട്ട് നടന്നു. ഇളം ചൂടുള്ള മണ്ണില്‍ കാലുകള്‍ തൊടുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം ഇരച്ചു കയറുന്നു ശരീരത്തിലേക്ക്. മുന്നോട്ട് നടന്ന ഞാന്‍ ഭയത്തോടെ പിറകിലേക്ക് തന്നെ നീങ്ങി. ഇരുട്ടിന്റെ മറവില്‍ നിന്നും മരുകൊള്ളക്കാര്‍ എന്നെയും നോക്കുന്നുണ്ടോ..? എനിക്കങ്ങിനെ തോന്നിപ്പോയി.ഒട്ടകപുറത്ത് വരിവരിയായി നീങ്ങുന്ന കാഫില കൂട്ടങ്ങള്‍ ഇപ്പോള്‍ കഥകളിലെ ഉള്ളൂ. പക്ഷെ ആ കഥകള്‍ കേട്ട് ചിരിച്ചും പേടിച്ചും ഉറങ്ങിയ എത്ര രാവുകളുണ്ട് കുട്ടിക്കാലത്ത്. ഇനിയും കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു ഈ വിസ്മയത്തെ. . ആഴത്തില്‍ ഇറങ്ങിച്ചെന്ന് അനുഭവിച്ചറിയണം. കേട്ടതും കേള്‍ക്കാത്തതുമായ കുറെ കഥകള്‍ ഒളിച്ചിരിപ്പുണ്ട് ഇനിയുമിവിടെ. പ്രവാചകന്റെ കാലത്തെ എത്രയെത്ര കഥകളുണ്ട് . ഉസ്താദ്‌ പറഞ്ഞു തരുമ്പോള്‍ കണ്ണിമ പൂട്ടാതെ കേട്ട ചരിത്ര കഥകള്‍ക്ക് സാക്ഷ്യം വഹിച്ചതും ഇതേ മരുഭൂമിയല്ലേ. ബദര്‍ യുദ്ധവും ഉഹ്ദ് യുദ്ധവും തുടങ്ങി ഇസ്ലാമിക ചരിത്രത്തിലെ എത്ര ത്രസിപ്പിക്കുന്ന അധ്യായങ്ങളാണ് ഇവിടെ ഉറങ്ങുന്നത്. ഉഹ്ദ് യുദ്ധം നടന്ന ഭൂമിയില്‍ ഒരിക്കല്‍ പോയപ്പോള്‍ വികാരങ്ങളുടെ വേലിയേറ്റം
അനുഭവിച്ചറിഞ്ഞതാണ്. സഹന സമരങ്ങളുടെ ആ കഥകളും ഇതിനോട് കൂട്ടിച്ചേര്‍ത്ത് ഒന്നൂടെ അനുഭവിച്ചറിയണം എനിക്ക്. നജീബിന്റെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ മണ്ണില്‍ എനിക്കും പൊഴിക്കണം ഒരിറ്റ് കണ്ണുനീര്‍. അവനെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയതിന് ദൈവത്തോട് നന്ദിയും പറയണം ആ മണ്ണില്‍ നിന്ന്. പുറംലോകം അറിയാതെ ഇനിയും വേദന അനുഭവിക്കുന്ന എത്രയെത്ര നജീബുമാര്‍ കാണുമായിരിക്കും മരുഭൂമിയില്‍. ഒരുപാട് വിജയകഥകളുടെ ചരിത്രങ്ങള്‍ പറയുന്ന മണ്ണേ....തിരിച്ചു നല്‍കണേ അവരെയും ജീവിതത്തിലേക്ക്.
നിരയൊത്ത് കാഫിലക്കൂട്ടങ്ങള്‍ പോകുന്നത് ഒരു മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ കേട്ട് കാണണം എനിക്ക്. ഒരിക്കല്‍ കൂടേ ഉമര്‍ മുഖ്താറിന്റെ യുദ്ധമുന്നണിയെ മനക്കണ്ണ് കൊണ്ട് കാണുമ്പോള്‍ വീണ്ടും ആവേശം നിറയും മനസ്സില്‍. പിന്നെ ഞാനിതുവരെ കാണാത്ത മരുപ്പച്ച എന്ന മരുഭൂമിയിലെ സ്വര്‍ഗത്തില്‍ ഇരുന്ന്‌ ആ കഥ പറയുന്ന കാറ്റും കൊള്ളണം.

അകത്ത് ടെന്റില്‍ സംഗീതം നിലച്ചിട്ടുണ്ട്. ഇനി അറേബ്യന്‍ പാചക വൈവിധ്യത്തിന്റെ രുചി ഭേദങ്ങള്‍ അറിയാം. പക്ഷെ അതിനേക്കാള്‍ രുചിയുള്ള ഓര്‍മ്മക്കൂട്ടുകള്‍ ചേര്‍ത്ത വിഭവങ്ങളല്ലേ മരുഭൂമി തന്നത്. ഭാവനകളെ മരുഭൂമിയില്‍ മേയാന്‍ വിട്ട്‌ ഞങ്ങള്‍ ഇറങ്ങി. കൂടെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന മരുക്കാറ്റും.

(ചിത്രങ്ങള്‍ - ഗൂഗിള്‍)

Monday, October 10, 2011

നിലച്ചുപ്പോയ ഗസല്‍ നാദംപതിഞ്ഞ താളത്തില്‍ ഹൃദയത്തെ ലോലമാക്കുന്ന ആ മാസ്മരിക ശബ്ദം നിലച്ചെന്ന് പറയാന്‍ പറ്റില്ല എനിക്ക്. കാരണം വിരസമായ ഇടവേളകളെ സമ്പന്നമാക്കുന്ന ഒരായിരം ഗസലുകളുടെ ഈരടികള്‍ കാതില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കും. അതാണ്‌ ജഗ്ജിത് സിംഗ് എന്ന പ്രിയപ്പെട്ട ഗായകന്‍ ബാക്കിയാക്കി പോയത്. ഓരോ പാട്ട് കേള്‍ക്കുമ്പോഴും ഹൃദയത്തില്‍ നിന്ന് ഇറങ്ങി വരുന്ന സ്വരങ്ങള്‍ എന്ന് തോന്നി
തുടങ്ങിയടത്താണ് എന്‍റെ ഇഷ്ടങ്ങളില്‍ ജഗ്ജിത് സിങ്ങും വന്നു ചേര്‍ന്നത്‌. അവസാനം ഗസല്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഈ പേരില്‍ മാത്രം ഒതുങ്ങി പോവുന്നോ എന്ന് പോലും സംശയിച്ച സ്വര മാധുര്യം . സമീപകാല ഗായകരില്‍ പലരും ദിശ മാറി സഞ്ചരിച്ചപ്പോഴും , പരമ്പരാകത ഗസലിന്റെ വഴികളില്‍ നിന്നും ഒട്ടും മാറി നടക്കാതെ, അദ്ദേഹം നടത്തിയ സംഗീത യാത്രകള്‍ എന്നും നല്ലൊരു ആസ്വാദനമാണ്.
"ഗസല്‍ പൂക്കള്‍" എന്ന പോസ്റ്റ്‌ എഴുതാനുള്ള പ്രചോദനം തന്നെ ഈ സ്വരലയത്തില്‍ മറന്നിരുന്ന ഒരു സായാഹ്നം എന്ന് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട് . കൂടെ ഒരാഴ്ച പോലും കഴിയാത്ത ആ പോസ്റ്റിനു പിന്നില്‍ ആ പ്രിയ ഗായകന് ഒരു അനുശോചന കുറിപ്പും എഴുതേണ്ടി വരും എന്നും ചേര്‍ത്ത് വെച്ചത് ഏത് വിധിയാണ്.

ഇന്നലെ മനോഹരമായ ആ സായാഹ്നത്തോട്‌ ചേര്‍ന്ന് ഞാന്‍ കേട്ട ഈ ഗാനമുണ്ടല്ലോ
"തമന്ന ഫിര്‍ മ ചല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
യെ മോസം ഹി ബദല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ "

ഇപ്പോഴിത് വീണ്ടും കേള്‍ക്കുമ്പോള്‍ ഇതിന്‌ മറ്റൊരു ഭാവമാണ്. ഒരു വേര്‍പാടിന്റെ വേദന അറിയുന്നു ഈ വരികളില്‍. വിധി തിരിച്ചെടുത്തത് ജഗ്ജിത് സിംഗ് എന്ന വ്യക്തിയെ മാത്രമാണ്. ലക്ഷങ്ങളുടെ മനസ്സില്‍ കുളിരായി പെയ്ത , പെയ്യുന്ന ആ മാന്ത്രിക ശബ്ദം ഇവിടെ തന്നെയുണ്ട്‌. ഒരു മൂളിപ്പാട്ടായോ , സംഗീത മഴയായോ അത് പെയ്തു കൊണ്ടേയിരിക്കും.
അന്ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരുക്കിയ സ്റ്റേജില്‍ ചമ്രം പടിഞ്ഞിരുന്ന് , ഞങ്ങളുടെ ഹൃദയത്തിലേക്ക് ഹൃദയരാഗത്തിന്റെ മാന്ത്രിക ശബ്ദവീചികള്‍ തൊടുത്തു വിട്ട പ്രിയ ഗായകാ...
യാത്രകളിലും നേരമ്പോക്കുകളിലും എന്നും ഹരമായി കൂടെയുണ്ടായിരുന്ന നാദവിസ്മയതിന്റെ ചക്രവര്‍ത്തീ...
ഞങ്ങളുടെ മനസ്സില്‍ ഗസല്‍ എന്ന സംഗീത രൂപത്തോട് ചേര്‍ത്ത് വെച്ച ആദ്യത്തെ പേര് അങ്ങയുടെത് തന്നെയാണ് . പാടുമ്പോള്‍ നിറയുന്ന ഭാവവും താളവും ഞങ്ങളോടൊപ്പം എന്നുമുണ്ടാവും. അത് ഉള്ളില്‍ നിറയുന്നിടത്തോളം കാലം ജഗജിത് സിംഗ് എന്ന ഗായകനും മരണമില്ല.