Saturday, January 12, 2013

എന്‍റെ ചെഗ്വേര


ഏതോ ഒരു ചുവര്‍ ചിത്രത്തില്‍ നിന്നും മനസ്സിലേക്ക് നടന്നുകയറിയ മുഖം. ചിലരങ്ങിനെയാണ്. ഒരു ചിരിയിലൂടെ , നോട്ടത്തിലൂടെ , ഒരു വാക്കിലൂടെ ഹൃദയത്തിലേക്ക് കയറിപറ്റും . അവര്‍ നമ്മെ എങ്ങിനെ സ്വാധീനിച്ചു എന്നല്ല . പുഞ്ചിരിയുടെ ഭംഗി കൊണ്ട് അല്ലെങ്കില്‍ വാക്കുകളിലെ മാധുര്യം കൊണ്ട് നമ്മള്‍ ഇഷ്ടപ്പെട്ടുപോകുന്നവര്‍. ... അവര്‍ ഏത് രാജ്യക്കാരുമാവാം . ഒരിക്കലും കണ്ടിട്ടുള്ളവരും ഇനി കാണാന്‍ സാധ്യത ഇല്ലാത്തവരുമാവാം . വഴിയരികിലെ പോസ്റ്ററുകളില്‍ നിന്നും പലതവണ കണ്ട് ആദ്യം വെറുപ്പും പിന്നൊരു ഇഷ്ടവും തോന്നിയ ചെഗ്വേരയെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.

അണയാത്ത വിപ്ലവ വീര്യം ജ്വലിക്കുന്ന കണ്ണുകള്‍ , ചുണ്ടിലെ നിഗൂഡമായ പുഞ്ചിരി , എരിയുന്ന ചുരുട്ടും പിന്നെ തലയിലെ നക്ഷത്രം തുന്നിയ തൊപ്പിയും പട്ടാള കുപ്പായവും . ആദ്യം വെറുപ്പ്‌ തോന്നിയതും പിന്നെ ഒരു ഇഷ്ടക്കാരനായി മാറിയതും ഇതേ രൂപഭാവങ്ങള്‍ കൊണ്ട് തന്നെ . ചിലപ്പോള്‍ ഒരു അധോലോക നായകന്‍റെ മുഖം , പിന്നെ ഒരു നിഷേധ യുവത്വത്തിന്‍റെ പ്രതീകം പോലെ ഒരു റിബല്‍ , അല്ലെങ്കില്‍ പുരുഷ സൗന്ദര്യത്തിന്‍റെ ഗാംഭീര്യം. "ചെ " യുടെ ചിത്രങ്ങളിലേക്ക് നോക്കുമ്പോള്‍ ഇങ്ങിനെയൊക്കെ തോന്നിയെന്നിരിക്കും. ഫിഡല്‍ കാസ്ട്രോക്കൊപ്പം നില്‍ക്കുന്ന മറഡോണയുടെ കൈപത്തിയില്‍ കൊത്തിവെച്ച "ചെ" യുടെ രൂപം ശ്രദ്ധിക്കാത്തവര്‍ കാണില്ല . ഈ വിപ്ലവനായകനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മറഡോണക്ക് നല്ല പങ്കുണ്ട്. ഫുട്ബോള്‍ ദൈവത്തിന്‍റെ ആരാധ്യപുരുഷന്‍ ആരെന്നു തേടിപോകുക സ്വാഭാവികമാണല്ലോ .

"ചെ" യുടെ ബാഹ്യരൂപത്തെ മാത്രം പരാമര്‍ശിച്ചുപോയാല്‍ അതൊരു അനീതിയാകും. ബൊളീവിയന്‍ ഗറില്ല യുദ്ധമുറകളിലെ വിപ്ലവ നായകന്‍ പലരുടെയും ആവേശമാണ് . വിയോജിക്കുന്നവര്‍ പോലും യോജിപ്പില്‍ എത്തുന്ന ഒന്ന് സാമ്രാജ്യത വിരുദ്ധത തന്നെയായിരിക്കണം. സത്യത്തില്‍ ഇത്തരം ചിന്തകളെ ഒന്നിപ്പിക്കുന്ന ചില പാലങ്ങളുണ്ട്. ക്യൂബയില്‍ നിന്നും വെനീസ്വലയിലേക്കും മറ്റും നീളുന്നത്. കാസ്ട്രോയും ഷാവേസും തൂണുകളായി നില്‍ക്കുന്നത്. പ്രതിഷേധവും ധീരമായ നിലപാടുകളും ധൈര്യവും കൂട്ടികുഴച്ച് ഇവര്‍ നിര്‍മ്മിച്ചത് . കമ്മ്യൂണിസത്തെ എതിര്‍ക്കുമ്പോഴും ചില ബഹുമാനങ്ങള്‍ ബാക്കിയാവുന്നത് ഇവിടെയൊക്കെയാണ്. പട്ടാള യൂണിഫോമും ആ ട്രേഡ് മാര്‍ക്ക് താടിയുമായി ഗാംഭീര്യത്തോടെ കാസ്ട്രോ നടന്നു വരുന്നത് സാമ്രാജിത്യത്തിന്‍റെ നെഞ്ചില്‍ ചവിട്ടിയാണ്. പ്രായം തളര്‍ത്തില്ല ആ പോരാളിയെ. ചിരിയിലും പുകയുന്ന രോഷമായി നില്‍ക്കുന്ന ഷാവേസിനെ അര്‍ബുദത്തിനും പിടികിട്ടല്ലേ എന്ന് ആഗ്രഹിച്ചു പോകുന്നത് നമ്മുടെ മനസ്സിലും എരിയുന്ന അതേ നിലപാടുകള്‍ കൊണ്ടാണ്.


മാധ്യമം ആഴ്ചപതിപ്പില്‍ നിന്നാണ് "ചെ " യുടെ രക്തസാക്ഷിത്വത്തിന്‍റെ നാല്‍പത്തി എട്ടാമത്തെ വാര്‍ഷികം ആണ് എന്നറിഞ്ഞത്. അവിടെയും പിടികൂടി വധിച്ചു കളഞ്ഞത് അമേരിക്ക തന്നെ. അവിടെയും കാലന്‍റെ നിയോഗം അവര്‍ക്ക് തന്നെ. ചരിത്രത്തില്‍ പിന്നെ വലിയൊരു സ്വാധീനമായ പലരുടെയും അന്ത്യകൂദാശ ചെയ്തത് അവരാണല്ലോ. അത് ചെ ആയാലും സദ്ധാം ഹുസൈന്‍ ആയാലും ഗദ്ദാഫി ആയാലും . "ചെ " യുടെ ജീവചരിത്രം എഴുതിയജെയിംസ് ലീ ആന്‍ഡേഴ്സനെ ഉദ്ധരിച്ച് പറയുന്ന ഒന്നുണ്ട്. പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്രേ . " Do not shoot. I am Cheguera. And worth to you alive than dead". ഇത് ശരിയായി എന്ന് സമ്മതിക്കേണ്ടിവരും. വെറും മുപ്പത്തിയൊമ്പത് വര്‍ഷത്തെ ജീവിതം. വിപ്ലവത്തിന്‍റെ വീര്യം കൊയ്തത് വെറും ബൊളീവിയയില്‍ മാത്രമല്ല . വേറെയും രാജ്യങ്ങള്‍. .... ഇടപെടലുകള്‍. . കൂടതല്‍ അറിയാത്തതും പിന്നെ കൂടുതല്‍ പറയേണ്ടതും എന്‍റെ ചുമതലയല്ല. . എനിക്ക് ഇഷ്ടം തോന്നിയ ഒരു പുഞ്ചിരിയെ പരിചയപ്പെടുത്തുക മാത്രം.

കുറെ നല്ല പുസ്തകങ്ങളുടെ രചയിതാവ് കൂടിയായിരുന്നു എന്നറിയുന്നു. " Lets dream the impossible " എന്ന പേര് വല്ലാതെ ആകര്‍ഷിക്കുന്നു. വായിക്കണം എന്നുമുണ്ട്. ഇത്രയും ചെറിയ കാലയളവില്‍ ഒരു വലിയ ചരിത്രം തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്ത് തലയുയര്‍ത്തി മരണത്തെ നേരിട്ട പോരാളി. ക്യൂബയുടെ മണ്ണില്‍ ഉറങ്ങി കിടക്കുമ്പോള്‍ ആ കുഴിമാടത്തില്‍ നിന്നും ഇപ്പോഴും ഉയരുന്ന വിപ്ലവ വീര്യം തന്നെയാവണം ക്യൂബ എന്ന കൊച്ചു രാജ്യത്തിന്‍റെ ശക്തി.

ഏതായാലും എനിക്ക് പിടികിട്ടാത്ത ഒരു മനശാസ്ത്രം. ഞാന്‍ പിന്തുടരാത്ത ഒരു ആശയത്തിന്‍റെ അവകാശി എങ്ങിനെ എന്‍റെ നൂറാമത്തെ പോസ്റ്റിന് വിഷയമായി എന്ന്. അതിന് പിറകെ പോയാല്‍ ഒരു കമ്മ്യൂണിസ്റ്റായി തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയം ഇല്ലാതില്ല . :). അതുകൊണ്ട് ഈ കുറിപ്പ് ഇവിടെ നിര്‍ത്തുന്നു .

61 comments:

 1. ചിലര്‍ അങ്ങിനെയാണ്. ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കുമപ്പുറം നാമറിയാതെ ചിലരുടെ വ്യക്തിത്വം നമ്മെ സ്വാധീനിക്കും.
  ചെഗ്വേര ചെറുവാടിയുടെ നൂറാം പോസ്റ്റില്‍ ഇടം പിടിച്ചത് അങ്ങിനെയാവാം. നല്ല പോസ്റ്റു.

  ReplyDelete
 2. എതിർക്കേണ്ട കാര്യമൊന്നുമില്ല, ചെയെ ഇഷ്ടപ്പെടാതിരിക്കാനും കാരണമൊന്നുമില്ല. എന്തായാലും ഇന്നത്തെ നേതാക്കളേക്കാൾ മഹത്വമുണ്ട്, താൻ വിശ്വസിച്ചിരുന്ന ആദർശത്തെ വിറ്റ് കാശാക്കിയിട്ടില്ല.

  ReplyDelete
  Replies
  1. അതു കൊണ്ടു തന്നെയാണു ഇദ്ദേഹം ഇന്നും പ്രസക്തമാവുന്നത്.... നാം ചേരിയില്ലാതെ ചേരുന്നതും...

   Delete
  2. മുല്ല പറഞ്ഞതിനോട് യോജിക്കുന്നു.

   Delete
 3. താൻ പ്രചരിപ്പിച്ച ആശയഗതികളിൽ ആത്മസമർപ്പണം നടത്തുന്നവരും, തന്റെ ജീവിതം തന്നെ തന്റെ സന്ദേശമാക്കുന്നവരുമായ വ്യക്തികളെ നാം ആരാധിച്ചു പോവും. നമുക്ക് വിയോജിപ്പുള്ള ആശയഗതികളുടെ പ്രചാരകർ പോലും അവരുടെ വ്യക്തിത്വത്തിലെ സത്യസന്ധതകൊണ്ടും, ത്യാഗമനോഭാവം കൊണ്ടും നമ്മുടെ ആരാധന നേടിയെടുക്കാറുണ്ട്.

  ചെഗുവേരയോടും, വർഗീസിനോടുമൊക്കെ എന്റെയും ആരാധനാപാത്രങ്ങളാണ്. ഒരിക്കൽ ചെഗുവേരയുടെ മകൾ കോഴിക്കോട് വന്നപ്പോൾ പ്രസംഗം കേൾക്കാൻ ഞാനും പോയിരുന്നു.

  ചെഗുവേരയുടെ ചിത്രം ബനിയനിൽ പതിപ്പിച്ച്, ക്ഷോഭിക്കുന്ന യുവതയുടെ വേഷം കെട്ടിനടക്കുന്ന അമുൽ ബേബികളോട് എനിക്ക് തോന്നാറുള്ളത് കടുത്ത വെറുപ്പാണെന്നതും പറഞ്ഞുകൊള്ളട്ടെ...

  ReplyDelete
  Replies
  1. ചെഗുവേരയുടെ ചിത്രം ബനിയനിൽ പതിപ്പിച്ച്, ക്ഷോഭിക്കുന്ന യുവതയുടെ വേഷം കെട്ടിനടക്കുന്ന അമുൽ ബേബികളോട് എനിക്ക് തോന്നാറുള്ളത് കടുത്ത വെറുപ്പാണെന്നതും പറഞ്ഞുകൊള്ളട്ടെ...like ittttttttttt

   Delete
 4. ചെറുപ്പം തൊട്ടേ എന്‍റെ വീര പുരുഷന്‍ ഛെ ആണ്
  അതോടൊപ്പം തന്നെ "ഒരു നൂറ്റാണ്ട് എലിയായി ജീവിക്കുന്നതിലും ഭേദം ഒരു നിമിഷം പുലിയായി ജീവിക്കുക എന്ന വാക്കും

  ReplyDelete
 5. "വിയോജിക്കുന്നവര്‍ പോലും യോജിപ്പില്‍ എത്തുന്ന ഒന്ന് സാമ്രാജ്യത വിരുദ്ധത തന്നെയായിരിക്കണം. സത്യത്തില്‍ ഇത്തരം ചിന്തകളെ ഒന്നിപ്പിക്കുന്ന ചില പാലങ്ങളുണ്ട്. ക്യൂബയില്‍ നിന്നും വെനീസ്വലയിലേക്കും മറ്റും നീളുന്നത്. കാസ്ട്രോയും ഷാവേസും തൂണുകളായി നില്‍ക്കുന്നത്. പ്രതിഷേധവും ധീരമായ നിലപാടുകളും ധൈര്യവും കൂട്ടികുഴച്ച് ഇവര്‍ നിര്‍മ്മിച്ചത് . കമ്മ്യൂണിസത്തെ എതിര്‍ക്കുമ്പോഴും ചില ബഹുമാനങ്ങള്‍ ബാക്കിയാവുന്നത് ഇവിടെയൊക്കെയാണ്."

  മനുസൂർ നൂറ് തികയ്ക്കുന്നത് ചെഗ്വേരയെ തൊട്ടുകൊണ്ടാകുന്നതിന്റെ ന്യായീകരണം മുകളിലുദ്ധരിച്ച മൻസൂറിന്റെത്തന്നെ വാചകങ്ങൾ സുതാരാം വ്യക്തമാക്കുന്നുണ്ടല്ലോ.

  ചിന്തകളെ ഒന്നിപ്പിക്കുന്ന ആ പാലം ഏറെ ബലിഷ്ടമാകുമ്പോഴാണ് ആധുനികകാലത്ത് കാലന്റെ നിയോഗം സ്വയമേറ്റെടുത്ത ദുഷ്ടശക്തികൾ പരാജയം രുചിക്കുക.

  രക്തസാക്ഷിത്വത്തിന്റെ നാൽ‌പ്പത്തെട്ടാം വാർഷികവേളയിൽ ഈ പോസ്റ്റ് സമുചിതമായി.

  ReplyDelete
 6. മരണത്തിന് ശേഷം വര്‍ഷങ്ങളെമ്പാടും കഴിഞ്ഞിട്ടും ഈ വിപ്ലവകാരി ലോകത്താകമാനമുള്ള യുവാക്കളുടെയും പോരാളികളുടെയും ആവേശമായി മാറുന്നു. അത് തന്നെയാണ് അദ്ദേഹത്തിന്‍റെ വലിയ മഹത്വവും.

  ReplyDelete
 7. ആശയങ്ങൾക്കും ആദർശങ്ങൾക്കുമുപരിയായി വ്യക്തിപ്രഭാവംകൊണ്ട് മനസ്സിൽ ഇടം പിടിക്കുന്ന ചെ

  ReplyDelete
 8. എവിടെയോകെയോ കണ്ടും .. കുറച്ചൊക്കെ അറിഞ്ഞും ചെ യുടെ ഒരു ചിത്രം എന്റെ മനസ്സിലും ഉണ്ട്... കൂടുതല്‍ അറിയാന്‍ ശ്രമിക്കാനൊരു പ്രചോദനമായി ഈ എഴുത്ത്... നന്ദി..

  ReplyDelete
 9. വിപ്ലവത്തിന്റെ പര്യായം എന്ന് ഒറ്റ വിശേഷണം മതി. 90% ആള്‍ക്കാരും ഇദ്ദേഹത്തിന്റെ പേര്‍ പറയും.

  നല്ല ലേഖനം. ആ ജീവിതത്തെ ഒന്ന് സ്പര്‍ശിച്ച് പോയതേയുള്ളു എങ്കില്‍ക്കൂടി

  ReplyDelete
 10. ഏതായാലും എനിക്ക് പിടികിട്ടാത്ത ഒരു മനശാസ്ത്രം. ഞാന്‍ പിന്തുടരാത്ത ഒരു ആശയത്തിന്‍റെ അവകാശി എങ്ങിനെ എന്‍റെ നൂറാമത്തെ പോസ്റ്റിന് വിഷയമായി എന്ന്. അതിന് പിറകെ പോയാല്‍ ഒരു കമ്മ്യൂണിസ്റ്റായി തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയം ഇല്ലാതില്ല . :).

  അനാവശ്യ ആശങ്ക !!!...

  അനുകൂലിക്കാവുന്ന എല്ലാ നയങ്ങളും നെഞ്ചേറ്റാവുന്ന തരത്തിൽ താങ്കളുടെ എഴുത്ത് അഭിനന്ദനമർഹിക്കുന്നു...

  ReplyDelete
 11. നന്നായിരിക്കുന്നു ലേഖനം
  ആശംസകള്‍

  ReplyDelete
 12. അറിയാത്തവര്‍ അറിയുമ്പോള്‍ പോലും ഇഷ്ടപ്പെടുന്നത് ചെയില്‍ നമുക്കിഷ്ടപ്പെടുന്നത്, നമ്മള്‍ ആഗ്രഹിക്കുന്നത് ഉണ്ടായതുകൊണ്ടു തന്നെ.
  ചെറിയ ഒരു തലോടല്‍ പോലെ എങ്കിലും ഈ കുറിപ്പ് നന്നായി.

  ReplyDelete
 13. നല്ല ഒരു കുറിപ്പ്. ചെഗ്വേരയുടെ വ്യക്തമായ ഒരു ചിത്രം മനസ്സില്‍ പതിഞ്ഞു.അഭിവാദ്യങ്ങള്‍

  ReplyDelete
 14. ഈ പേരും ചിത്രവും പോസ്ടരുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ .അറിയാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം ഈ ചെറിയ കുറിപ്പിന് വലിയ ആശംസ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
 15. ചെ ഒരു പ്രതീകമാണ് .അടങ്ങാത്ത സമരവീര്യത്തിന്റെ ,മനുഷ്യസ്നേഹത്തിന്റെ ,സമഭാവനയുടെ ഒക്കെ പ്രതീകം .എങ്ങനെ കൊന്നിട്ടും മരിക്കാത്ത ചെയെ സാമ്രാജ്യത്വം ബനിയനില്‍ ചിത്രങ്ങളായി വീണ്ടും വീണ്ടും തൂക്കിക്കൊല്ലുന്നു .എന്നാലും ബൊളീവിയയിലെ കാടുകളില്‍ വെച്ച് മനുഷ്യ രാശിയുടെ അന്തസ്സിനു വേണ്ടി നെഞ്ചു കാട്ടിക്കൊടുത്ത സഖാവെ ,ഇതാ ഈ മന്‍സൂര്‍ പോലും നിങ്ങളെ അനുസ്മരിച്ചിരിക്കുന്നു.അതിനര്‍ത്ഥം നിങ്ങള്‍ വിജയിച്ചു എന്നാണു ..നല്ല ഭാഷയുടെ സുല്‍ത്താന്‍ ആയിരുന്ന മന്‍സൂര്‍ എന്ത് കൊണ്ടായിരിക്കാം ഈയിടെയായി എഴുത്തില്‍ ഒട്ടും ഏകാഗ്രത പുലര്‍ത്താത്തത് ?

  ReplyDelete
 16. പേടിക്കേണ്ട നിങ്ങള്‍ കമ്മ്യുണിസ്റ്റല്ല എന്നും ഞങ്ങളെ പോലെ ..ചെ യെ ഇഷ്ടമാണെന്നും മനസ്സിലാക്കുന്നു ..:) നിരുപാധികം ;)!!
  നൂറും കടന്നു ആയിരവും കടന്നു മുന്നേറുക എല്ലാ ആശംസകളും !

  ReplyDelete
 17. വിയോജിപ്പുകള്‍ക്കിടയിലും ആരെയും ആകര്‍ഷിക്കുന്ന ചരിത്രമാണ് ചെഗുവേരയുടെ ജീവിതം.
  ചെറുതെങ്കിലും നല്ല കുറിപ്പ്.
  ആശംസകള്‍ ചെറുവാടീ................

  ReplyDelete
 18. വിപ്ലവത്തിന്റെ മഹാ നായകന്‍ ചെഗുവേര.... എത്ര വായിച്ചാലും മടുക്കാത്ത ഒന്നാവുന്നു ചെ യെക്കുറിച്ചുള്ള എഴുത്തുകള്...

  ആശംസകള്

  ReplyDelete
 19. ചെഗുവേരയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

  ReplyDelete
 20. ചെറുവാടി നൂറു പോസ്റ്റ് എഴുതല്ലേ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ ,കാരണം നൂറില്‍ ബൂലോകം നിര്‍ത്തും എന്ന് പറഞ്ഞത് ഇപ്പോഴും വിഷമത്തോടെയാണ് ഓര്‍ക്കുന്നത് ,,നിങ്ങള്‍ക്ക് ഇനിയും ഒരു പാട് പറയാനില്ലേ വായനക്കാരോട് ?? ,അത് കൊണ്ട് ഒരു ആയിരം പോസ്റ്റ്‌ കഴിഞ്ഞിട്ട് അതിനെ കുറിച്ച് ചിന്തിച്ചാല്‍ മതി :) നിര്‍ത്തിയാല്‍ ക്വട്ടേഷന്‍ കൊടുക്കും പറഞ്ഞേക്കാം :):

  ReplyDelete
 21. ഇന്നലെ പോവുന്ന വഴി റോഡില്‍ കണ്ടിരുന്നു ഇദ്ദേഹത്തിന്‍റെ ചിത്രമുള്ള വല്യേ ബോര്‍ഡുകള്‍ .
  താഴെ കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്നും.
  പലയിടത്തും കണ്ടിട്ടുണ്ട് ഇത് പോലെ ഓരോ വാചകങ്ങളും ചിത്രവും.
  അതിലൂടെ ചെ യോട് എനിക്കും ഒരു ഇഷ്ടം ബഹുമാനം ഒക്കെ എന്നും തോന്നിയിട്ടുണ്ട്.
  പറഞ്ഞത് ശരിയാണ്.
  "ചിലരങ്ങിനെയാണ്. ഒരു ചിരിയിലൂടെ , നോട്ടത്തിലൂടെ , ഒരു വാക്കിലൂടെ ഹൃദയത്തിലേക്ക് കയറിപറ്റും . അവര്‍ നമ്മെ എങ്ങിനെ സ്വാധീനിച്ചു എന്നല്ല . പുഞ്ചിരിയുടെ ഭംഗി കൊണ്ട് അല്ലെങ്കില്‍ വാക്കുകളിലെ മാധുര്യം കൊണ്ട് നമ്മള്‍ ഇഷ്ടപ്പെട്ടുപോകുന്നവര്‍. ... അവര്‍ ഏത് രാജ്യക്കാരുമാവാം . ഒരിക്കലും കണ്ടിട്ടുള്ളവരും ഇനി കാണാന്‍ സാധ്യത ഇല്ലാത്തവരുമാവാം . "
  ചെ എനിക്കും അങ്ങനെ തന്നെ.
  വായന എനിക്കശേഷം ഇല്ലാത്ത ഒന്നാണ്.
  ഇപ്പൊ ബ്ലോഗുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്ന്.
  അതുകൊണ്ട് ഈ പോസ്റ്റ്‌ എനിക്ക് അദ്ദേഹത്തെ പറ്റി കുറച്ചെങ്കിലും അറിയാന്‍ സഹായിച്ചു.
  തുടക്കം കണ്ടപ്പോള്‍ പോസ്റ്റ്‌ ന്‍റെ പേര് കണ്ടപ്പോള്‍ ഒക്കെ ഞാന്‍ കരുതി വലിയ ഒരു പോസ്റ്റ്‌ ആവും എന്ന്.
  ഈയിടെ ആയി മന്‍സൂര്‍ എഴുതുന്ന പോസ്റ്റുകളുടെ അവസാനം നന്നാവുന്നില്ല എന്നെനിക്കു തോന്നാറുണ്ട് .
  അവസാനിപ്പിക്കാന്‍ വേണ്ടി തിടുക്കം കൂട്ടുന്ന പോലെ.
  എന്‍റെ മാത്രം പൊട്ടത്തരം ആവും ഈ തോന്നല്‍.
  എന്നാലും നന്നായി ട്ടോ.
  ഇനിയും ഒരു നൂറു പോസ്റ്റ്‌ എഴുതാന്‍ മന്‍സൂര്‍ നു കഴിയട്ടെ.
  ഹൃദയം നിറഞ്ഞ ആശംസകളും,പ്രാര്‍ഥനയും ...........!!!!!!!!!!

  ReplyDelete
 22. അനക്ക് കമ്മുനിസ്റ്റ്‌ ആകാന്‍ ഒന്നും കഴിയില്ല ചെറുവാടീ , നന്നായിട്ടുണ്ട്

  ReplyDelete
 23. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കരുതേ

  ReplyDelete
 24. ഒരു ചെഗുവേര ഫാസ്റ്റ്ഫുഡ് കഴിച്ചപോലെ! ഇപ്പോൾ ചെ മയമാണ്. പല ചെറുപ്പക്കാർക്കും ചെയുടെ വിഖ്യാതമായ ചിത്രം ഒരു ഹോളിവുഡ് താരത്തിനോ കായികതാരത്തിനോ ഒപ്പം നിൽക്കുന്ന ഒരു "ഗഗ്നം സറ്റൈൽ" മാത്രം. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളും മോട്ടോർ സൈക്കിൾ യാത്രകളും വായിച്ചതാണ് ആ വിപ്ലവകാരിയെ അടുത്തറിയാൻ സഹായിച്ചത്.

  നൂറാമത്തെ പോസ്റ്റായതിന്റെ യാദൃശ്ചികത, ചെറുവാടിയിലുമുണ്ടല്ലോ ഒരു "ചെ"!

  ReplyDelete
 25. വായിക്കപ്പെടേണ്ട കുറിപ്പ്..!!
  ചെഗ്വേര എന്തെന്നറിയാത്തവർ പ്രദീപ് മാഷ് പറഞ്ഞപൊലെ റ്റീഷർട്ടിൽ ഫോട്ടോ പതിപ്പിച്ച് നടക്കുന്നവരോട് പുച്ഛം..

  ReplyDelete
 26. പിന്തുടാതിരുന്ന ശാസ്ത്രത്തിന്റെ ഒരു ഗോഡ് ഫാദറായിട്ട് പോലും ,
  മൻസൂർ ഭായിക്ക് സ്വെഞ്ചറിയിലൂടെ ഒരു വിപ്ലവം ഉണ്ടാക്കാൻ കഴിഞ്ഞല്ലോ...
  അതാണ് ‘ചെ’യുടെ മഹത്വം..!
  പിന്നെ നൂറിന്റെ നൂറ് മേനിക്ക് നൂറഭിനന്ദനങ്ങൾ...!

  ReplyDelete
 27. നൂറാമത്തെ പോസ്റ്റ്‌ ഒരു 'ചരിത്ര'മാക്കിയ അതിരുകള്‍ കടന്നുള്ള ബഹുമാനത്തിന് വിപ്ലവാഭിവാദ്യങ്ങള്‍.

  ReplyDelete
 28. ഞാന്‍ കുറെ ചിന്തിച്ചിട്ടുണ്ട്.. ഈ വിപ്ലവകാരി എങ്ങനെ ഇത്രയധികം പ്രസക്തനാകുന്നത് എന്ന്.. Motor Cycle Diaries വായിച്ചപ്പോള്‍ കുറെയൊക്കെ ഉത്രം കിട്ടി. Guerrilla Warfare കുറേക്കൂടി ഉത്തരങ്ങള്‍ നല്‍കി. പക്ഷെ അതൊന്നുമല്ല കാരണം. ഒരു വിപ്ലവം ജയിച്ചിട്ടും അതിന്റെ സുഖലോലുപതയില്‍ , അധികാരത്തിന്റെ ആസ്വാദനത്തില്‍ മുഴുകാതെ വീണ്ടും ബൊളീവിയന്‍ വനങ്ങളില്‍ അടുത്ത വിപ്ലവത്തിന് ശ്രമങ്ങള്‍ നടത്തിയ അദ്ദേഹം ഒരു യഥാര്‍ത്ഥ പോരാളിയായിരുന്നു.

  ആശയപരമായി യോജിപ്പില്ലാത്ത ഒരു വ്യക്തിത്വത്തെ പോലും അപഗ്രഥിക്കാന്‍ നടത്തിയ ഈ ശ്രമത്തിനു എന്റെ സലാം. അതും നൂറാമത്തെ പോസ്റ്റായി.

  നൂറു നൂറാശംസകള്‍ പ്രിയ സുഹൃത്തേ

  ReplyDelete
 29. ഒരു ഹിന്ദുസ്ഥാനി സംഗീതം പോലെ..
  ചിലപ്പോൾ ഗസൽ..പിന്നെയൊരു നാടൻ തേങ്ങൽ
  അങ്ങനെ ഒത്തിരിയൊത്തിരി സ്വര ലയ താള ഗതികളിലൂടെ സഞ്ചരിക്കുന്ന ഈ അക്ഷര പ്രപഞ്ചം 100ൽ തിളങ്ങുന്നൂ...
  സന്തോഷിക്കുക മാത്രല്ല അഭിമാനിക്കുന്നൂ ഞാൻ..
  കൂടുതൽ ഉയരങ്ങളിലേക്ക്‌ പ്രാർത്ഥനകൾ..!

  നൂറിൽ തിളങ്ങുന്നവൻ ശരിക്കും Rocks...Congrats dear.,!

  ReplyDelete
 30. "Silence is an argument carried out by other means" (Che Guevara)

  ചെറുതെങ്കിലും നല്ല കുറിപ്പ്...

  ReplyDelete
 31. chilappol oru ishtam vannu kayarum,lle.

  ReplyDelete
 32. ആദ്യം സെഞ്ച്വറി അടിച്ചതിനൊരു ക്ലാപ്പ് ..

  സെഞ്ച്വറി പോസ്റ്റിനു തിരഞ്ഞെടുത്തത് ഇതിഹാസ സമര നായകനെ തന്നെയായതില്‍ സന്തോഷവും.

  ReplyDelete
 33. Small is Beautiful !!!
  Shathaabhishaekaththin nooru noor abhinandanangal.....

  ReplyDelete
 34. എനിക്ക് ചെകുവേരയെ ഇഷ്ടമാണ്. ആദര്‍ശങ്ങള്‍ വാക്കിലും പ്രവര്‍ത്തിയിലും ഒരുപോലെ പാലിച്ചതുകൊണ്ടാവാം ആ ഇഷ്ടം . ചെകുവേര നല്ലൊരു ചിന്തകന്‍ കൂടി ആയിരുന്നു എന്ന് ചില അനുസ്മരണകുറിപ്പുകളും ലേഖനങ്ങളും വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ട്‌ . കുഞ്ഞുനാളില്‍ മനസ്സില്‍ പതിഞ്ഞുപോയ മുഖമാണ് ചെകുവേരയുടെത് . ഞങ്ങളുടേത് ഒരു കമ്യുണിസ്റ്റ് അനുഭാവികള്‍ കൂടുതലായുള്ള ഗ്രാമം ആയതിനാല്‍ മുക്കിലും മൂലയിലും ചെകുവേരയുടെ ചിത്രം ഉണ്ടായിരുന്നു . ഹോജ്മീന്‍ , ഹിലുമുംബ , എന്നിങ്ങനെയുള്ള ചൈനീസ്‌ വിപ്ലവകാരികളുടെ പേരുകള്‍ മക്കള്‍കിട്ട സഖാക്കള്‍ പോലും ഉണ്ടായിരുന്നു അവിടെ . അതിനാല്‍ തന്നെ വീര കഥകള്‍ക്ക് ഒരുക്ഷാമവുമില്ല . കുറിപ്പൊക്കെ നന്നായി ചെറുവാടി . പക്ഷേ ഈയിടെയായി എഴുതുവാന്‍ മാത്രമായി എഴുതുന്നു എന്നൊരു തോന്നല്‍ . പഴയ പോസ്റ്റുകള്‍ പോലെ പൂര്‍ണമാകുന്നില്ല ഈയിടെ എഴുതിയ ഒന്ന് രണ്ടെണ്ണം . കഴിവുള്ളവര്‍ അത് നശിപ്പിച്ചു കളയുന്നത് സങ്കടകരമായ കാര്യമാണ് . എന്തായാലും നൂറു തികച്ചതിനു എന്റെ അഭിനന്ദനങ്ങള്‍ .

  ReplyDelete
 35. യഥാര്‍ത്ഥ വിപ്ലവനായകന്‍. അതായിരുന്നു ചെഗുവേര. നല്ല രചന..

  ReplyDelete
 36. ചെ: ദ ഡയറീസ് ഓഫ് ഏണസ്റ്റോ ചെഗുവേര,
  ദ ബൊളീവിയൻ ഡയറി ഓഫ് ഏണസ്റ്റോ ചെഗുവേര എന്നീ പുസ്തകങ്ങള്‍ കിട്ടിയാല്‍ വായിക്കൂ. നന്നായിരിക്കും.

  നൂറു തികച്ചതിനു എന്റെയും അഭിനന്ദനങ്ങള്‍

  ReplyDelete
 37. നന്നായിരിക്കുന്നു ലേഖനം
  ആശംസകള്‍

  ReplyDelete
 38. " Do not shoot. I am Cheguera. And worth to you alive than dead".
  പുറത്തു നിന്നുള്ള ഈ പങ്കുവെപ്പിന് ഒരു തനിമയുണ്ട്, സൌന്ദര്യവും!

  ReplyDelete
 39. ചെഗുവേരയെന്ന വിപ്ലവ നായകനെ വളരെ നന്നായി തന്നെ പ്രസന്‍റ് ചെയ്‌തിരിക്കുന്നു,ഇന്നത്തെ വിപ്ലവകാരികള്‍ ഇത് വായിച്ചു നാണിക്കട്ടെ.ആശംസകള്‍

  ReplyDelete
 40. ചെഗ്വേരയെ കുറിച്ചുള്ള നല്ല ലേഖനം..
  സെഞ്ച്വറിയടിച്ച ചെറുവാടിയുടെ സെന്‍റര്‍കോര്‍ട്ടിന് അഭിനന്ദനങ്ങള്‍

  ReplyDelete
 41. നൂറിന്റെ മികവില്‍ , ച്ഗുവേരയെ കുറിച്ചുള്ള വാക്കുകള്‍ തിളങ്ങുന്നു. ആശംസകള്‍ ചെറുവാടി.

  ReplyDelete
 42. നല്ല ലേഖനം. നൂറിന്‍റെ നിറവിന് ആശംസകള്‍

  ReplyDelete
 43. പ്രിയപ്പെട്ടവരേ
  എല്ലാര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി. കഴിഞ്ഞ നൂറ് പോസ്റ്റുകള്‍ക്ക്‌ നിങ്ങള്‍ നല്‍കിയ സ്നേഹം പിന്തുണ എല്ലാം ഞാന്‍ പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍ ആണ് . അതിനേക്കാള്‍ കൂടുതല്‍ ഞാന്‍ വിലമതിക്കുന്നത് കിട്ടിയ കുറെ സൌഹൃദങ്ങളെയാണ് . ഇനി ഒരു ഇടവേള എടുക്കുന്നു . ഉടനെയൊരു തിരിച്ചു വരവ് ആഗ്രഹിക്കുന്നും ഇല്ല. പക്ഷെ ഒരിക്കല്‍ വീണ്ടും ഇവിടെയൊക്കെ കാണാന്‍ പറ്റും എന്ന പ്രതീക്ഷയുണ്ട്. നിങ്ങളുടെ സ്നേഹത്തിന് ഒരിക്കല്‍കൂടെ നന്ദി അറിയിക്കുന്നു. പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുമല്ലോ .

  സ്നേഹത്തോടെ
  മന്‍സൂര്‍ ചെറുവാടി

  ReplyDelete
 44. പ്രിയപ്പെട്ട മന്‍സൂര്‍

  മനുഷ്യനന്മയില്‍ വിശ്വസിക്കുന്ന ആര്‍ക്കും ചെഗുവരെയേ ഇഷ്ടപ്പെടാതിരിക്കാന്‍ ആവില്ല ..എവിടെ അനീതികണ്ടാലും അതിനെതിരെ ശബ്ദമുയര്താനാണ് അദ്ദേഹം എന്നും പറഞ്ഞു കൊണ്ടിരുന്നതും...ലേഖനത്തിന് ആശംസകള്‍..

  നൂറു മേനി കൊയ്തു സന്തോഷത്തോടെ മാറി നില്‍ക്കുകയാണോ? വീണ്ടും ഇവിടെ വരുമെന്ന പ്രതീക്ഷ ബാക്കിയുണ്ടല്ലേ..ഞങ്ങളും കാത്തിരിക്കാം..ഇടവേളയ്ക്കു ശേഷമുള്ള പോസ്ടുകള്‍ക്കായ്..

  എല്ലാ ആശംസകളും

  സ്നേഹപൂര്‍വ്വം
  ധനലക്ഷ്മി

  ReplyDelete
 45. പ്രിയപ്പെട്ട മന്‍സൂര്‍,

  നൂറിന്റെ നിറവില്‍..........,ഹാര്ദമായ അഭിനന്ദനങ്ങള്‍ !

  നിലാവിന്റെ കുളിരും, നന്മയുടെ തണലുമായി എത്രയും വേഗം എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചു വരിക.

  അറിഞ്ഞതിനപ്പുറം ,അറിയാതെ പോയ ആട്ടക്കഥ പോലെ

  പറയാന്‍ ഏറെ, എഴുതാന്‍ അതിലേറെ ഈ ചെറുവാടിക്കാരന് ഉണ്ടാകും എന്നറിയാം.

  കര്ണികാരം പൂത്തുലയുന്ന മേടമാസത്തില്‍, വിഷുപക്ഷി ചിലക്കുമ്പോള്‍,

  ഓര്‍ക്കുക........പ്രിയപ്പെട്ടവര്‍ കാതിരിക്കുന്നുവെന്നു !

  ചങ്ങായി, സൌഹൃദത്തിന്റെ നറുംമലരുകളുടെ സൌരഭ്യം നഷ്ട്ടപ്പെടാതിരിക്കട്ടെ !

  ഇന്ഷ അള്ള !

  സസ്നേഹം,

  അനു

  ReplyDelete
 46. ചെ എന്ന പേരു മാത്രം...
  മോട്ടോര്‍ സൈക്കിള്‍ ഡയറീസും ഗറില്ലാ വാര്‍ ഫയറും ബൊളീവിയന്‍ ഡയറിയും ബാക് ഓണ്‍ ദ റോഡും ......അങ്ങനെ എത്ര പേജുകള്‍... ഓര്‍മ്മകളിലേക്ക് കൊണ്ടു പോയതിനു ഒത്തിരി നന്ദി.


  മന്‍ സൂര്‍ ഭംഗിയായി എഴുതി... ഇടവേള എടുക്കുന്നതെന്തിനെന്ന് മനസ്സിലായില്ല.തുടര്‍ന്നും എഴുതൂ, ആരാധകരെ സങ്കടപ്പെടുത്തരുത്.

  ReplyDelete
 47. this post is very interesting and easy to read, I hope to visit again

  ReplyDelete
 48. ഏണസ്റ്റൊ ഷെ-ഗുവേര എന്ന പേരും രൂപവും അറിയാത്ത മലയാളികള്‍ ഏറെ വിരളമായിരിക്കും. "അറബിക്കഥ" എന്ന സിനിമയിലെ ശ്രീനിവാസനെ ഓര്‍ക്കുക. ഒരു ക്യൂബക്കാരിയെ ഇണയായി കിട്ടാതെ ക്യൂബ മുകുന്ദന്‍ ഒരു ചൈനക്കാരിയെ കൊണ്ട് ഒരു വിധം അഡ്ജസ്റ്റ്‌ ചെയ്യുകയാണ്. സിനിമയില്‍ അത് വ്യക്തമാക്കുന്നില്ലെങ്കിലും ഇതുപോലും ഒരു ഷെ-ഗുവേര ഇഫക്റ്റ്‌ ആണെന്ന് പറയണം.

  ReplyDelete
 49. visit a good blog and full of interesting information that is happiness itself .... keep on sharing information

  ReplyDelete
 50. പ്രീയപെട്ട മന്‍സൂ , സുഖമെന്നു കരുതുന്നു ..
  ഇത്തിരി ഇടവേളകളില്‍ നാം കാണാറുണ്ടെങ്കിലും
  ബ്ലൊഗില്‍ വന്നു തൊട്ടിട്ടില്ല .
  നൂറാമത്തേ പോസ്റ്റ് ആ പൗരുഷത്തിന് സമര്‍പ്പിച്ചതിന് ...
  നൂറമത്തേ മനസ്സിന്റെ ചിന്തകള്‍ക്ക് ആശംസകള്‍ ..
  ശരിയാണ് മന്‍സൂ , ചിലരങ്ങനെയാണ് ..
  ചിരി കൊണ്ട് , സ്വഭാവം കൊണ്ട് , ഒരു നേരത്തേ
  കാഴ്ച കൊണ്ട് , അവരാരുമലെങ്കിലും ,
  നമ്മളില്‍ ഒരു സ്വാധീനവും ചെലുത്തിയില്ലെങ്കിലും
  മനസ്സില്‍ ഇഷ്ടപെട്ടു പൊകും .. ഇഷ്ട്പെടാതിരിക്കാന്‍
  "ചെ" യ്ക്ക് എന്താകാം കുറവുള്ളത് ..( മുല്ല പറഞ്ഞത്, യോജിക്കുന്നു )
  ആശയങ്ങള്‍ എന്തായാലും വഴികള്‍ ഉള്ളില്‍ കരുതിവയ്ക്കേണ്ടത് ..
  ലോകത്തിന്റെ നെറുകില്‍ , ആ മുഖവും , കൂസാത്ത ശൈലിയും
  ആ മുഖവും മനസ്സില്‍ ജ്വലിക്കുന്നത് അതുകൊണ്ടാകാം ..
  ആധികാരികമായ അറിവില്ല എങ്കിലും , പലപ്പൊഴും മനസ്സില്‍
  ഈ മുഖവും , ചിന്തകളും മനസ്സിനേ മദിച്ചിട്ടുണ്ട് ...........
  വളരെ ലളിതമായീ , നേരായി എഴുതി വച്ചു മന്‍സൂ ..
  ആ മനസ്സ് തന്നെയാണ് ഈ വരികളിലും പ്രകടമായത് ..
  സ്നേഹപൂര്‍വം.

  ReplyDelete
 51. പ്രിയ മന്‍സൂര്‍,
  ചെയെ പറ്റി എഴുതിയത് സന്തോഷമായി. പോസ്റ്ററുകളിലും ചില കുറിപ്പുകളിലുമൊക്കെയായി കണ്ടും വായിച്ചും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും ഐലവ്രേസ്കിയുടെ ഒരു പുസ്തകം വായിച്ചതോടെ കടുത്ത ആരാധനയും ബഹുമാനവുമാണ്.തെറ്റിദ്ധരിക്കുമോ എന്ന് എന്തിനാണു ഭയപ്പെടുന്നത്. നല്ലതിനെ സ്നേഹിക്കുവാന്‍ ആരെ ഭയപ്പെടാന്‍. തന്നെതാന്‍ തന്നെ അറിയുകയെന്നതേ കര്‍മ്മപ്രപഞ്ചത്തിന്‍ കാവ്യസാരം.......എന്നല്ലേ കവി നമ്മെ പാടി പഠിപ്പിച്ചിരിക്കുന്നത്..പിന്നെ ആരെന്തു ചൊല്‍കിലും സാരമില്ല.
  സസ്നേഹം അജിത

  ReplyDelete
 52. ആദർശധീരൻ !!

  ആർക്കാണ് ചെഗുവേരയെ ഇഷ്ടമില്ലാത്തത് ?

  ReplyDelete
 53. ചെ" ഇന്നൊരു മൂടുപടമാണ് പലര്‍ക്കും! അല്ലെങ്കില്‍ വെറുമൊരു പടം.
  കുഞ്ഞും നാളില്‍ എസ,എഫ്. ഐ,ഡി.വൈ.എഫ്.ഐ.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒക്കെ പോസ്റ്റരുകളില്‍ കണ്ടിരുന്നതുകൊണ്ട് നെഗറ്റീവ് ഇമ്പാക്റ്റ് ആണ് ഉള്ളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അറിയുംതോറും, വായിക്കുംതോറും ഉള്ളിലെ പല രൂപങ്ങള്‍ക്കും പരിണാമം സംഭവിക്കുകയാണ്.

  ReplyDelete
 54. മുരുകൻ കാട്ടാക്കടയുടെ രക്തസാക്ഷി ഓര്മ വരുന്നു

  ReplyDelete
 55. ചെഗ്വേര നല്ലതായിരിക്കാം അല്ലായിയിരിക്കാം. അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിന് അല്ലെങ്കില്‍ ഇന്ത്യാ മഹാരാജ്യത്തിന് നല്‍കിയ സംഭാവന എന്താണ്? നമ്മുക്ക് ആരാധിക്കാന്‍ അനവധി ഇന്ത്യാക്കാര്‍ തന്നെയുണ്ട്‌. ഒരു പക്ഷെ ചെഗുവേരെയേക്കാള്‍ കൂടുതല്‍ ത്യാഗങ്ങള്‍ അനുഭവിച്ചവര്‍. പിന്നെ വിപ്ലവ പാര്‍ട്ടിക്കാര്‍ക്ക് എന്നും വിപ്ലവം നടന്നുകൊണ്ടെയിരിക്കണം. ഒരിക്കലും നില്‍ക്കാതെ. അല്ലെതെ രാജ്യം നന്നാകനമെന്നോ? നാട്ടുകാര്‍ക്ക് നിലവിലുള്ള സൌകര്യങ്ങള്‍ വര്ധിപ്പിക്കണമെന്നോ യാതൊരു താല്‍പ്പര്യവുമില്ല. പിന്നെ എന്ത് കണ്ടാലും നല്ലതായാലും ചീത്തയായാലും എതിര്‍ക്കുക. അത്രേ ഉള്ളു.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....