Saturday, October 2, 2010

വയനാടന്‍ കുളിര്‍ക്കാറ്റ് (2)



എട്ട് മണിക്ക് ഉണരനാണ് പരിപാടിയിട്ടതെങ്കിലും ഹഫി നേരത്തെ തന്നെ വിളിച്ചുണര്‍ത്തി. പാവം, ആനയെ പേടിച്ച് രാത്രി ഉറങ്ങിയില്ലെന്നു തോന്നുന്നു. പക്ഷെ അതൊരനുഗ്രഹമായി. കാരണം അത്രക്കും സുന്ദരമായ ഒരു വയനാടന്‍ പ്രഭാതം കാണാനായി. ചെമ്പ്ര കുന്നില്‍ നിന്നും മഞ്ഞ് ഇറങ്ങിതുടങ്ങുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തില്‍ തെയിലചെടികളിലെ മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു. പാടിയുടെ മുറ്റത്ത്‌ കുറെകൂടി പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. കുളി തീര്‍ച്ചയായും അരുവിയില്‍ തന്നെയാവണം. തണുപ്പുണ്ടാകുമെന്ന് മച്ചാന്‍ പറഞ്ഞെങ്കിലും ഞാന്‍ അവഗണിച്ചു. തണുത്താലും ഈ ഒരു സന്തോഷം വേണ്ടെന്നു വെക്കാന്‍ എന്നിലെ പ്രവാസിക്ക് സാധ്യമല്ല. കാരണം അവധികാലത്തില്‍ വീണുകിട്ടുന്ന ഈ സന്തോഷങ്ങളാണ് ഞങ്ങളുടെ ഊര്‍ജ്ജം. പറഞ്ഞപോലെ നല്ല തണുപ്പുണ്ട്. എന്നാലും ആസ്വദിച്ചൊരു നീരാട്ട് നടത്തി ഞാന്‍ കയറി. പ്രാതലിനുള്ള മെനു എന്റെ സെലക്ഷനാണ്. കപ്പയും ചമ്മന്തിയും. സഫിയാത്തക്ക് അല്പം ചമ്മലുണ്ടെങ്കിലും ഞാന്‍ വിട്ടില്ല. നല്ല നാടന്‍ കാ‍ന്താരിമുളകിട്ടരച്ച ഈ ചമ്മന്തിയുടെ രുചി കഴിഞ്ഞിട്ടേ ഏത് ഫൈവ് സ്റ്റാര്‍ ഡിഷും വരൂ..
ഇനി ഇറങ്ങാന്‍ സമയമായി. ഈ സ്നേഹത്തിന്‌ എങ്ങിനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ സുന്ദരമായ ഒരു ദിവസം നല്‍കിയ മച്ചാനും സഫിയാത്തക്കും കുട്ടികള്‍ക്കും, ഈ വയനാടന്‍ പ്രകൃതിപോലെ സുന്ദരമായ ഒരു ജീവിതം അവരിലും നിറയട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.
"ഞങ്ങള്‍ തിരിച്ചുപോകുന്നതിന് മുമ്പ് എല്ലാരും നാട്ടില്‍ വരണം" . ഹഫിക്ക് നല്ല വിഷമമുണ്ട്. സഫിയാത്തക്കും. തേയില നുള്ളുന്ന ഒന്ന് രണ്ടു പെണ്‍കുട്ടികളെ പേരെടുത്തു വിളിച്ച് അവള്‍ യാത്ര പറഞ്ഞു, അത്ഭുദം. ഞങ്ങളിറങ്ങി.
നേരെ പോവേണ്ടത് പടിഞ്ഞാറത്തറ pwd റസ്റ്റ്‌ ഹൗസിലേക്കാണ്. പക്ഷ അതിനു മുമ്പ് ഗഫൂര്‍ സാഹിബിനെ കാണാം. ഉപ്പയുടെ പ്രിയ സുഹൃത്ത്‌. വയനാട് DFO ആണ്. ഞങ്ങള്‍ വരുന്ന വിവരം ഉപ്പ വിളിച്ച് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ കയറി ഗഫൂര്‍ സാഹിബിനെ കണ്ടു. സിഗരറ്റില്‍ നിന്നും സിഗരറ്റിലേക്ക് തീ കൊളുത്തി ഗഫൂര്‍ക്ക വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി, ഞങ്ങള്‍ നല്ല കേള്‍വിക്കാര്‍ മാത്രം. നിങ്ങള്‍ റൂമില്‍ പോയി വിശ്രമിക്ക്. ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ വരാം. എന്നിട്ടാവാം ബാണാസുര സാഗര്‍ ഡാമില്‍ കയറാന്‍ .
ഗസ്റ്റ് ഹൗസില്‍ ജോസേട്ടന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുമ്പിവിടെ വന്നപ്പോഴും കുക്ക് ജോസേട്ടന്‍ തന്നെ. ഗഫൂര്‍ക്കയുടെ വിളി കൂടി വന്നപ്പോള്‍ ജോസേട്ടന് സ്നേഹം കൂടി. ചായ വന്നു. യാത്ര വെയിലാറിയിട്ട് തന്നെയാണ് നല്ലത്. പുല്‍ത്തകിടിയില്‍ കസേരയിട്ട് ഞങ്ങള്‍ കുറച്ചു നേരം പരദൂഷണം പറഞ്ഞിരുന്നു. പിന്നെ ആനപ്പേടി കൊണ്ടുപോയ പാതിയുറക്ക്‌ തീര്‍ക്കാന്‍ ഹഫി പോയി. "ഉച്ചക്കെന്താ വേണ്ടത്?" . ജോസേട്ടന്റെ കൈപ്പുണ്യം നേരത്തെ അറിയുന്നതുകൊണ്ട് തീരുമാനം ജോസേട്ടന് തന്നെ വിട്ടു. മരങ്ങളും പച്ചപ്പും നോക്കി ഞാനും ആ കസേരയില്‍ ഇരുന്നുതന്നെ ഉറങ്ങിപോയി. മൊബൈല്‍ റിങ്ങ് ചെയ്യുന്നു. ഉപ്പയാണ്. സൂക്ഷിച്ച് ഡ്രൈവ് ചെയ്യണം തുടങ്ങി പതിവ് ഉപദേശങ്ങള്‍. "എപ്പോള്‍ തിരിക്കും?" ഞാന്‍ പറഞ്ഞു " നാളെ അല്ലെങ്കില്‍ മറ്റന്നാള്‍. ". ഫോണ്‍ വെച്ചു. ഊണ് റെഡിയായെന്ന് ജോസേട്ടന്‍ വന്നു പറഞ്ഞു. നല്ല മീനൊന്നും കിട്ടിയില്ല. മത്തിയേ ഉള്ളൂ. "മതിയല്ലോ. ജോസേട്ടന്‍ പൊരിക്കുമ്പോള്‍ അതിന് രുചി കൂടും". ഞാനൊന്ന് സുഖിപ്പിച്ചു.
ഒരു മൂന്ന് മണിയായപ്പോഴേക്കും പുറത്തു ജീപ്പിന്റെ ശബ്ദം കേട്ട്. ഗഫൂര്‍ക്കയാണ്. ഒരു കിടിലന്‍ ബൈനോകുലറെല്ലാമായി സെറ്റപ്പിലാണ്. "നടക്കാം" ഞങ്ങള്‍
ഡാമിലേക്ക് കയറി. സിഗരറ്റിനും ഗഫൂര്‍ക്കയുടെ നാവിനും വിശ്രമമില്ല. " മുടിഞ്ഞ ടെന്‍ഷന്‍ കയറുമ്പോള്‍ ഞാനിവിടെ വരും. വല്ലാത്തൊരു ആശ്വാസം കിട്ടും ഇവിടിരിക്കുമ്പോള്‍." ഗഫൂര്‍ക്ക സംഭാഷണം തുടര്‍ന്നു. "നിങ്ങള്‍ ഒന്ന് നടന്നു വാ.ഞാനിവിടെ കാണും", ഞങ്ങള്‍ പതുക്കെ നടന്നു. കണ്ണുകള്‍ രണ്ടു പോര ഈ ഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍ . വാകുകളും ഇല്ല വിവരിക്കാന്‍ .എഴുതാന്‍ കഴിയാതെ പോകുന്ന ഒരുപാട് കവിതകള്‍ മനസ്സില്‍ വിരിയുന്നു.
തിരിച്ചുനടന്നു. "ഒരു ബോട്ട് സവാരി ആയാലോ " എന്ന് ഗഫൂര്‍ക്ക. പറഞ്ഞു തീരും മുമ്പ് ഹഫി ബോട്ടില്‍ കയറി. എനിക്ക് താല്പര്യമില്ല. സത്യം പറഞ്ഞാല്‍ പേടി തന്നെ.
നീന്തലറിയില്ലെങ്കില്‍ പേടി കാണില്ലേ?.
"ഗഫൂര്‍ക്കാ, ഇതില് മുതല കാണുമോ?" കയറിയതിനെക്കാള്‍ വേഗത്തില്‍ ഹഫി തിരിച്ചിറങ്ങി. എന്റെ ചോദ്യവും അവളുടെ ചാട്ടവും ഗഫൂര്‍ക്കക്ക് നല്ല ചിരിയായി. വനം മന്ത്രി അല്ല ഇനി മുഖ്യന്‍ നേരിട്ട് വന്നു ചീത്ത വിളിച്ചാലും ഡി എഫ് ഓക്ക് ഇനി ഒരു ടെന്‍ഷനും ബാക്കി കാണില്ല. മുതല ഇല്ലെന്നു DFO നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടും
അവള് കയറിയില്ല. പുലി, ആന, മുതല. എല്ലാമായി. ഒന്നും വന്നതും ഇല്ല. പേടിക്കാന്‍ ഈ പേര് തന്നെ ധാരാളം.

നേരമിരുട്ടി. ഞങ്ങള്‍ തിരിച്ച്‌ ഗസ്റ്റ് ഹൗസിലെത്തി. ഗഫൂര്‍ക്കക്ക് നാളെ എന്തോ റിപ്പോര്‍ട്ടിംഗ് ഉണ്ട്,ഭക്ഷണം നേരത്തെ എടുക്കാന്‍ ജോസേട്ടനോട് പറഞ്ഞു. കമ്പിളികൊണ്ട്‌ പുതച്ചു ഞങ്ങള്‍ മുറ്റത്തിരുന്നു. ഗഫൂര്‍ക്കയുടെ ആനകഥകളും നായാട്ടു കഥകളും കേട്ട് ഹഫി നല്ല ത്രില്ലിലാണ്. ജോസേട്ടന്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും എടുത്തുവെച്ചു. ഗഫൂര്‍ക്കയുടെ മീശക്കും ചുണ്ടിനുമിടക്കൂടെ ചിക്കന്‍ പീസുകള്‍ കയറിയിറങ്ങുന്ന വേഗം കണ്ട് ഞാനും മാക്സിമം കോന്‍സ്രണ്ടേഷന്‍ അതിലാക്കി.
ഈ കാര്യത്തില്‍ കൊംപ്രമൈസ് ഇല്ല ഓഫീസര്‍.
"അടുത്ത ആഴ്ച ചെറുവാടിയിലേക്ക് വരുന്നുണ്ട്. ഉപ്പയെ കണ്ടിട്ട് കുറെയായി" പിന്നെ നാളെ നിങ്ങള്‍ക്ക് കറങ്ങാന്‍ പോവാന്‍ ഒരാള് വരും. വണ്ടി അയാള് ഓടിച്ചോളും. നീ ഡ്രൈവ് ചെയ്യേണ്ട". ഈ ശബ്ദത്തിനു ഒരു ഓഫീസര്‍ ചുവയുണ്ട്. ഇത് ഉപ്പയും ഗഫൂര്‍ക്കയും ഒപ്പിച്ച പാരയാണ്. ഗഫൂര്‍ക്ക പോയി. വലിയ ശരീരത്തില്‍ ഒത്തിരി സ്നേഹവുമായി അടിപൊളിയായി ജീവിക്കുന്ന നല്ലൊരു മനുഷ്യന്‍ ..
ഇന്ന് ഉപ്പയും ഗഫൂര്‍ക്കയും ഇല്ല. ഈയടുത്ത് ഹാര്‍ട്ട്‌ അറ്റാക്കായി മരിച്ചു. ഉപ്പ സ്നേഹിച്ച, ഉപ്പയെ സ്നേഹിച്ച ആ പ്രിയ സുഹൃത്തിന് ഒരു പ്രണാമം കൂടിയാവട്ടെ ഈ കുറിപ്പ്.
(എഴുതിയെഴുതി കൈവിട്ട് പോകുന്നു. ഒരു പോസ്റ്റില്‍ കൂടി സഹിക്കാന്‍ പറ്റുമെങ്കില്‍ അറിയിക്കുക. ഇല്ലെങ്കില്‍ ദേ..ഇവിടെ നിര്‍ത്തി)

47 comments:

  1. ഇതില്‍ നിര്‍ത്തണം എന്ന് കരുതിയതാ. പറ്റിയില്ല.അടുത്ത പോസ്റ്റില്‍ ഉറപ്പായും അവസാനിപ്പിക്കും.
    പറഞ്ഞപോലെ ഒരു യാത്രാവിവരണമല്ല. കുറച്ചു സ്വകാര്യ സന്തോഷങ്ങള്‍.
    ബോറടിയാണേല്‍ തുറന്നു പറയണം

    ReplyDelete
  2. എഴുത്ത് നിറുത്തണ്ട..എഴുത്ത് രസകരമാവുന്നുണ്ട്..!
    ആ ചിത്രം നന്നായി..മരത്തിന്റെ മറവ് ഇല്ലായിരുന്നെങ്കില്‍ ഒരൊന്നൊന്നര ചിത്രമായേനെ!

    ReplyDelete
  3. പടച്ചോനെ! നിര്‍ത്തുകയോ?!! ഇതൊരു നൂറ് എപിസോഡ് തികഞ്ഞാലും നിര്‍ത്തേണ്ടതില്ല. മധുരമായ എഴുത്താണ്. തികച്ചും ആസ്വാദ്യകരം.

    ReplyDelete
  4. ഇത്രയും രസകരമായ എഴുത്തിന്റെ ബാക്കി കൂടി വേഗം പോസ്റ്റ് ചെയ്യണം കേട്ടോ!

    ReplyDelete
  5. ചെറുവാടീ....കൊടു കൈ..വിടു കൈ...
    ആഹാ.ആഹഹാ..കൊള്ളാം മോനെ ദിനേശാ...
    ഇതിവിടെ നിര്‍ത്തിയാല്‍ അന്നു നിന്നെ തട്ടും..
    മര്യാദക്കു ബാക്കിയുള്ളത് കൂടി എഴുത്...സീരിയല്‍ പോലെ നീട്ടി വലിച്ചെഴുത്..പിന്നെ കുറച്ച് ഫോട്ടോസ് കൂടി ചേര്‍ക്കാമായിരുന്നു...

    ReplyDelete
  6. സുഖിപ്പിച്ച്..സുഖിപ്പിച്ച് ധിടീന്ന് നിറുത്തിയപ്പോൾ ഒരു സുഖല്യായ്മ.അടുത്തതിനായി കാത്തിരിക്കുന്നു.

    ReplyDelete
  7. നിര്‍ത്തല്ലേ നിര്‍ത്തല്ലേ നിര്‍ത്തിയാല്‍ ഹാ : ( .....
    ആനയെ കണ്ടപ്പോള്‍ പേടിയാകുന്നു, ഒരിക്കല്‍ ബംഗ്ലൂര്‍ പോയി വരുമ്പോള്‍ ആനകൂട്ടത്തില്‍ വണ്ടി പെട്ടു, ഓളിയിട്ടു കരഞ്ഞു അല്ലാതെ എന്ത് ചെയ്യാന്‍, ആദ്യമായി മരണത്തെ മുന്നില്‍ കണ്ട നിമിഷം ! ഹാവൂ....

    ReplyDelete
  8. Never stop. Its really interesting. I have gone through all of your old posts, You are improving a lot. There is a great eriter in you. Dont think like boring...!!!!!!!

    ReplyDelete
  9. മേണ്ട മേണ്ട വയനാട് തൊട്ടുള്ള കളി മേണ്ട

    ReplyDelete
  10. നൗഷാദ് അകമ്പാടം,
    നന്ദി, സന്തോഷം,
    ചിത്രം എന്റേതല്ല. ഇരുവഴിഞ്ഞി അവരോടു ചോദിച്ചു പൊക്കിയതാണ്.
    ശുക്കൂര്‍ ചെറുവാടി,
    നന്ദി, ഏതായാലും മെഗാ സീരിയലാക്കി നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കാന്‍ ഇല്ല.
    കൃഷ്ണകുമാര്‍,
    നന്ദി, പെട്ടൊന്ന് തീര്‍ക്കാന്‍ ശ്രമിക്കും.
    റിയാസ് മിഴിനീര്‍തുള്ളി,
    റൊമ്പ നന്ട്രി, ഫോട്ടോസ് ഇല്ലാതെ വിഷമം എനിക്കും ഉണ്ട് .
    യൂസുഫ്പ,
    വായനക്കും അഭിപ്രായത്തിനും കാത്തിരിപ്പിനും നന്ദി,
    ജിഷാദ് ക്രോണിക് ,
    നന്ദി,
    ആ യാത്രയുടെ കഥ എഴുതൂ, രസകരമാവും.
    ഷമീര്‍,
    നന്ദി, വായനക്ക്, പ്രോത്സാഹനത്തിന്.
    ഒഴാക്കന്‍ ,
    വയനാട് അങ്ങിനെ സ്വന്തം സ്ഥലമാക്കി ഒതുക്കേണ്ട. പൊതുസൊത്താണ്.

    ReplyDelete
  11. നല്ല ഭാഷയിൽ ഒതുക്കത്തിൽ പറഞ്ഞു, കപ്പ, കാന്താരിച്ചമ്മന്തി, മത്തി,ചിക്കൻ ഫ്റൈ, ശാപ്പാടുരാമാ, ഇനിയും കാണാം!

    ReplyDelete
  12. ചെറുവാടി....ബാക്കികൂടി പോരട്ടെ മാഷേ...കൂടുതല്‍ വയനാടന്‍ ചിത്രങ്ങളും പോരട്ടെ.....സസ്നേഹം

    ReplyDelete
  13. സഹിക്കുകയൊ.....എന്തായീ..കേൾക്കുന്നത്...കാത്തിരിക്കുകയാ..വായിക്കാനായി...ഇനിയും ഒരുപാട് എഴുതണം...വളരെ നന്നായിട്ടുണ്ട്..!അടുത്ത്ത് ഉട്നെ പ്രതീക്ഷിക്കുന്നു...

    ReplyDelete
  14. എഴുതൂ. നന്നായി പറയുന്നുണ്ട്..
    ബ്ലോഗ് എന്ന മാധ്യമത്തോട് സന്തോഷം തോന്നുന്നതു ഇതുകൊണ്ടാണ്. നമുക്കു ചോദിക്കാം ബോറടിക്കുന്നുണ്ടോ, ഇനി എഴുതണോ എന്ന്,ല്ലേ.

    ReplyDelete
  15. nannayi monee.. takarkkunnundu ketoo... Goooo ahead yaar.......... Am reading...........

    ReplyDelete
  16. യാത്രാനുഭവങ്ങള്‍ ഹൃദ്യമാകുന്നു.
    ഒപ്പം ഒരു 'നോസ്ട്ടാര്‍ജിക് ഫിലിംഗ്സും'
    യാത്ര നടക്കട്ടെ..

    ReplyDelete
  17. ബാക്കികൂടി പോരട്ടെ ..

    ReplyDelete
  18. മന്‍സൂര്‍, നന്നായി മധുരതരമീ വയനാടന്‍ ഓര്‍മ്മകള്‍..എല്ലാ തവണയും നാട്ടില്‍ വന്നാല്‍ ഒരു വയനാടന്‍ യാത്രയില്ലെങ്കില്‍ അത് അവധിക്കാലത്തിന്റെ പൂര്‍ണ്ണതയാകില്ലെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. പലപ്പോഴും ഒററക്ക് വണ്ടിയോടിച്ച് മേപ്പാടിയിലൂടെ അമ്പലവയല്‍ ഗൂഢല്ലൂര്‍ വഴി കുറേ ഫോട്ടോകളെല്ലാമെടുത്ത് മടങ്ങാനാണെനിക്കിഷ്ടം. അങ്ങിനെ എന്റെ അവധിക്കാല ഫോട്ടോ കലക്ഷനുകളിലേറെയും വയനാടന്‍ ചിത്രങ്ങളുമാണ്. ഇനിയും എപ്പിസോഡുകള്‍ പ്രതീക്ഷിക്കുന്നു. എവിടേയോ ഉപ്പയെ വായിക്കുന്നതു പോലെയും ഒരനുഭവം...ആശംസകളോടെ....ഷക്കീബ്.

    ReplyDelete
  19. നന്നാകുന്നുണ്ട് മാഷേ

    ReplyDelete
  20. ഒട്ടും ബോറടിച്ചില്ല്യട്ടോ. ലളിതമായ ഭാഷയില്‍ രസകരമായിട്ട്‌ ആരോ പറയുന്നതു പോലെ തോന്നി. ഹൃദ്യമാണീ ഓര്‍മ്മകുറിപ്പ്.

    ReplyDelete
  21. ശരിക്കും വയനാടന്‍ തണുപ്പിലൂടെ ഒന്നു പോയി വന്ന സുഖം താങ്കളുടെ എഴുത്ത് വായിക്കുമ്പോള്‍ കിട്ടാറുണ്ട്. തുടരുക.

    ReplyDelete
  22. ശ്രീനാഥന്‍,
    നന്ദി, ശാപ്പാട് വിട്ടു കളിയില്ല. സന്ദര്‍ശനത്തിന്‌ നന്ദി.
    ഒരു യാത്രികന്‍ ,
    നന്ദി, സന്തോഷം, കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.
    അഷ്‌റഫ്‌,
    വായനക്കും അഭിപ്രായത്തിനും നന്ദി,
    മുകില്‍,
    നന്ദി, അതെ, ബ്ലോഗിങ്ങ് നല്‍കുന്ന സന്തോഷം തന്നെയാണത്. ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉപകരിക്കും.
    വിഷ്ണു.
    നന്ദി ചങ്ങാതീ, എല്ലാര്‍ക്കും സുഖമല്ലേ?
    പുലരി,
    വായനക്കും പ്രോത്സാഹനത്തിനും നന്ദി.
    രഞ്ജിത്ത്,
    നന്ദി,സന്തോഷം,
    ഷക്കീബ്ക്ക,
    വളരെ സന്തോഷം. വായനക്കും ഉപ്പയെ ഓര്‍ത്തതിലും. ഉപ്പയെ വായിക്കുന്നത് പോലെ എന്നെഴുതിയത് സന്തോഷം നല്‍കുന്നു.
    ശ്രീ,
    നന്ദി, വായനക്കും അഭിപ്രായത്തിനും.
    വായാടീ,
    നന്ദി, വായനക്ക്, നല്ല വാക്കുകള്‍ക്ക്,
    അലി,
    ഒരുപാട് നന്ദി , ഈ യാത്രയെ ഇഷ്ടപ്പെട്ടതിനും പ്രോത്സാഹനത്തിനും.

    ReplyDelete
  23. മറ്റുപല യാത്രാവിവ്രനങ്ങളില്‍ നിന്നും അല്പം മാറി നില്‍ക്കുന്ന ഒരവതരണമായി അനുഭവപ്പെട്ടു. വളരെ ശാന്തമായി ഒഴുകുന്ന നദി പോലെ തഴുകി കടന്നു പോകുന്ന വിവരണം. സമാധാനമായി യാത്ര ചെയ്യുന്ന ഒരു ഫീല്‍ വായനയില്‍ ലഭിച്ചു. അടുത്തതും പോന്നോട്ടെ. പ്രതീക്ഷിക്കുന്നു.

    ReplyDelete
  24. വായിക്കാനും ആസ്വദിക്കാനും ഞങ്ങള്‍ ഉള്ളിടത്തോളം നിര്‍ത്തണ്ട കേട്ടാ....നന്നാകുന്നു ചെറുവാടീ

    ReplyDelete
  25. സഞ്ചാരസാഹിത്യം!എസ്.കെ.പൊറ്റക്കാട്
    തോല്‍ക്കുമല്ലോ.(തമാശയാണേ)

    നന്നായിരിക്കുന്നു, ഫോട്ടോകള്‍ കൂടി
    ഉണ്ടെങ്കില്‍ ഒന്നുകൂടി രസമാകുമായിരുന്നു.
    ഇനിയെങ്കിലും ടൂര്‍ പോകുമ്പോള്‍
    ആ പാവത്തിനെ പേടിപ്പിച്ചു
    പററിക്കാതിരിക്കുക.(ശെരിക്കും പാവമാണോ?)

    ReplyDelete
  26. "ഫോട്ടോസ് എവിടെ, ഫോട്ടോസ് എവിടെ...പറയൂ..പറയൂ...ചെറുവാടി..??"

    ചുമ്മാ എഴുതി കൊതിപ്പിച്ചാ പോരാ..ഫോട്ടോസും കാണിക്കണം.. :-)

    ReplyDelete
  27. ദയവായി ഇനിയും സഹിപ്പിക്കൂ...

    ReplyDelete
  28. ശുദ്ധമായ വായിക്കാന്‍ പിന്നെയും പ്രേരിപ്പിക്കുന്ന ശൈലി.. ഇഷ്ടപ്പെട്ടു.

    ReplyDelete
  29. നേരില്‍ അനുഭവിച്ച കാര്യങ്ങള്‍ അസ്വാഭാ വികതകള്‍ക്കിടം കൊടുക്കാതെ തികച്ചും അനായാസേന വിവരിക്കുമ്പോള്‍ വായനക്ക് മധുരമാമാനുഭൂതി ലഭിക്കുന്നു . ശൈലി അഭിനന്ദനീയം

    ReplyDelete
  30. എഴുത്ത് നിര്‍ത്തേണ്ട,യാത്രകളും.ഭാവുകങ്ങള്‍.

    നാട്ടുപച്ചയില്‍ ഇനി മുതല്‍ ഓരോ ലക്കവും ഓരോ ബ്ലോഗിനെ പരിചയപ്പെടുത്തുന്നു ബ്ലോഗ് ജാലകത്തിലൂടെ. എഴുത്തുകാരന്റെ ഒരു ബ്ലോഗ് പോസ്റ്റ് പൂര്‍ണമായി ഉള്‍പ്പെടുത്തുന്നു ഈ പംക്തിയില്‍. നിങ്ങളുടെ സ്വന്തം ബ്ലോഗ് പോസ്റ്റുകളുടെയോ നിങ്ങള്‍ വായിച്ച് നിങ്ങള്‍ക്കിഷ്ടമായ ബ്ലോഗ് പോസ്റ്റുകളുടേയോ ലിങ്കുകള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക.blogreview@nattupacha.com എന്ന മെയില്‍ ഐഡീയിലേക്കാണ് ലിങ്കുകള്‍ അയക്കേണ്ടത്.

    yasmin@nattupacha.com

    ReplyDelete
  31. പ്രവാസത്തിന്റെ മട്ടുപ്പാവില്‍ ഇരുന്ന്‍ വയാനാടന്‍ യാത്രാവിവരണം വായിക്കാന്‍ നല്ല രസം.
    ഞാനിതു വരെ വയനാട്ടില്‍ പോയിട്ടില്ല. പോവാന്‍ ആഗ്രഹം ജനിപ്പിക്കുന്ന വിവരണം.Continue...

    ReplyDelete
  32. പട്ടേപ്പാടം റാംജീ,
    വളരെ നന്ദി റാംജീ, സന്തോഷം നല്‍കുന്നൊരു അഭിപ്രായത്തിന്.
    ആചാര്യന്‍ ,
    നന്ദി. പ്രോത്സാഹനത്തിന്, വായനക്ക്.
    എക്സ് പ്രവാസിനി,
    നന്ദി, ഈ വഴി വന്നതിന്.
    പിന്നെ പാവമാണെന്നെ എഴുതാന്‍ പറ്റൂ. ഇല്ലെങ്കില്‍ പട്ടിണിയാവും.
    സിബു നൂറനാട്.
    നന്ദി, സന്തോഷം. വായനക്ക്, ഇഷ്ടപ്പെട്ടതിന്.
    കൂടുതല്‍ ഫോട്ടോസ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.
    പാവം ഞാന്‍ ,
    സഹിപ്പിക്കാം. പിന്നെ കുറ്റം പറയരുത് ;)
    കുമാരന്‍ ജീ,
    വളരെ നന്ദി, സന്തോഷം. ഈ പ്രോത്സാഹനത്തിന്,
    ഖാദിര്‍ ഭായ്,
    നന്ദി പറയുന്നു. നല്ല വാക്കുകള്‍ക്ക്‌, സന്ദര്‍ശനത്തിനു.
    മുല്ല,
    നന്ദി,
    ഇതുവഴി വന്നതിനും വായനക്കും.
    പിന്നെ നാട്ടുപ്പച്ച വിശേഷങ്ങള്‍ അറിയിച്ചതിനും.
    സലിം ഇ.പി.
    നന്ദി. വായനക്ക്, പിന്നെ കൂടെ ചേര്‍ന്നതിനും.

    ReplyDelete
  33. തുടര്‍ന്നോളൂ-വളരെ നന്നായി.

    ReplyDelete
  34. ചെറുവാടി..
    നല്ല നിമിഷങ്ങളല്ലെ പങ്കുവെക്കുന്നത്.. പിന്നെ എന്തിനാ നിര്‍ത്തുന്നത്.. പോരട്ടെ...
    വയനാട്ടില്‍ പലപ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇതുപോലെ അവിടെ താമസിച്ച് കാണാന്‍ പറ്റിയിട്ടില്ല...
    ആശംസകള്‍

    ReplyDelete
  35. തണുത്താലും ഈ ഒരു സന്തോഷം വേണ്ടെന്നു വെക്കാന്‍ എന്നിലെ പ്രവാസിക്ക് സാധ്യമല്ല. കാരണം അവധികാലത്തില്‍ വീണുകിട്ടുന്ന ഈ സന്തോഷങ്ങളാണ് ഞങ്ങളുടെ ഊര്‍ജ്ജം.

    അതെ സത്യമാണ് . പ്രവാസ ജീവിതത്തിനിടയില്‍ കിട്ടുന്ന ഇതുപോലുള്ള സുന്ദര നിമിഷങ്ങള്‍ തണുപ്പിന്‍റെ പേരില്‍ മാറ്റി നിറുത്താന്‍ എങ്ങനെ മനസ്സ് അനുവദിക്കും ...
    സുന്ദരമായ വിവരണം തന്നെയാണു കെട്ടോ.. ആശംസകള്‍ :)

    ReplyDelete
  36. ഞങ്ങള്‍ കണ്നുര്‍ക്കാരുടെ ഭാഷയാണല്ലോ " മീന്‍ പൊരിക്കല്‍"....:)
    ചെറുവാടി ഏത് ജില്ലയിലാ?
    ചുട്ടരച്ച ചമ്മന്തീം,കപ്പേം...എന്‍റെ വായില്‍ കപ്പലോടിക്കാം...
    നല്ല എഴുത്ത്... ഇതെന്തിനാപോ നിര്തുന്നിഷ്ട്ടാ...

    ReplyDelete
  37. അതേയ് കാര്യങ്ങള്‍ ഇങ്ങിനെ നേരെ ചൊവ്വേ വളച്ചു കെട്ടാതെ പറഞ്ഞാല്‍ ഞാന്‍ ഈ ബ്ലോഗില്‍ തന്നെ അങ്ങ് കൂടും. യാത്രാ വിശേഷം തുടരുക. വയനാട്ടിലൂടെ സഞ്ചരിച്ച ഒരു സുഖം അനുഭവപ്പെടുന്നു. അടുത്ത പോസ്റ്റില്‍ വീണ്ടും കാണാം.

    ReplyDelete
  38. വയനാടന്‍ മഹിമ നന്നായിട്ടുണ്ട്. ബോറടിയൊന്നുമില്ല. അടുത്തഭാഗം വരട്ടേ. കൂടുതല്‍ ചിത്രങ്ങളും ചേര്‍ക്കു.

    ReplyDelete
  39. സഞ്ചാരം കാണുന്നത് പോലെ ഹൃദ്യമായ വിവരണം.

    ReplyDelete
  40. ശരിക്കും അടുത്തിരുന്നു സംസാരിക്കുന്നത് പോലെ ..........
    രസമായിട്ടുണ്ട്.ബാക്കി കൂടി വേഗം പോരട്ടെ .
    ഇനിയും കാണാം ...........

    ReplyDelete
  41. ജ്യോ,
    വളരെ നന്ദി,
    നസീഫ് അരീക്കോട്,
    നന്ദി വായനക്ക്, അഭിപ്രായത്തിനു.
    ഹംസ,
    നന്ദി സുഹൃത്തേ, ഈ വഴി വന്നതിനും വായനക്കും നല്ല വാക്കുകള്‍ക്കും.
    ജാസ്മികുട്ടി,
    കോഴിക്കോട്ട് നിന്നും കണ്ണൂരെത്താന്‍ മീന്‍ പൊരിക്കുന്ന സമയല്ലേ വേണ്ടുള്ളൂ.
    അക്ബര്‍ ഭായ്,
    ഇങ്ങിനെ പറയുമ്പോള്‍ സന്തോഷം.ഒപ്പം പേടിയും. നന്ദി, ഈ പ്രോത്സാഹനത്തിന്.
    ഗീത,
    നന്ദി, സന്തോഷം. തീര്‍ച്ചയായും ചിത്രങ്ങള്‍ കൂടുതല്‍ ചേര്‍ക്കും.
    ഹാപ്പി ബാച്ചിലേഴ്സ് ,
    നന്ദി, വായനക്ക്, അഭിപ്രായത്തിനു.
    chithrangada ,
    നന്ദി, സന്തോഷം. വായനക്കും ഇഷ്ടപ്പെട്ടതിനും .

    ReplyDelete
  42. എഴുത്ത് ഹൃദ്യമായിരുന്നു.. നന്ദി

    ReplyDelete
  43. ആടുത്തതിനും കൂടി കാത്തിക്കുന്നു.

    ReplyDelete
  44. ബോറടി ഒന്നുമില്ല നന്നായിരിക്കുന്നു ബാക്കി കൂടി..

    ReplyDelete
  45. റൈസ് ഹ്യൂസ്,
    ഹൈന,
    ജുവൈരിയ സലാം ,
    നന്ദി, സന്തോഷം.

    ReplyDelete
  46. ആ ഗഫൂര്‍ക്കയുടെ മകളാണോ ഇപ്പോഴത്തെ പെണ്‍ ഡി.എഫ്.ഒ?ബാണാസുര സാഗറിലെ ഫോട്ടൊ കണ്ടില്ല.

    ഓ.ടോ:മാത്രുഭുമി യാത്രാ വിവരണ ബ്ലോഗ് മത്സരം സംഘടിപ്പിക്കുന്നു.ഇതാ ഇവിടെ
    http://www.mathrubhumi.com/yathra/upload.php

    ReplyDelete
  47. "പ്രാതലിനുള്ള മെനു എന്റെ സെലക്ഷനാണ്. കപ്പയും ചമ്മന്തിയും. സഫിയാത്തക്ക് അല്പം ചമ്മലുണ്ടെങ്കിലും ഞാന്‍ വിട്ടില്ല. നല്ല നാടന്‍ കാ‍ന്താരിമുളകിട്ടരച്ച ഈ ചമ്മന്തിയുടെ രുചി കഴിഞ്ഞിട്ടേ ഏത് ഫൈവ് സ്റ്റാര്‍ ഡിഷും വരൂ..കൊട് കൈ !! ഈ പറഞ്ഞതില്‍ ഒരു വെള്ളവും ചേര്‍ത്തിട്ടില്ല്ല!!
    =============================================
    മുകളില്‍ ആരോ പറഞ്ഞപോലെ വളച്ചു കെട്ടാതെ വിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ വായനക്ക് എന്തോ ഒരു സുഖം തോന്നി !!

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....