Saturday, June 4, 2011

ഇലഞ്ഞിപ്പൂക്കള്‍ പറയുന്നത്



"പൂവു നുള്ളീടവേ നിൻ വിരൽ സ്പർശവും
ഈ വെറും മുൾ ചെടിക്കാത്മ ഹർഷം"

ഉമ്പായി പാടി നിര്‍ത്തിയിടത്ത് നിന്നും പ്രകൃതി തുടങ്ങി.
ഈ കുളിരുള്ള വെളുപ്പാന്‍ കാലത്ത് ഒരു മഴക്കുവേണ്ടി കുറെ നേരമായി ഞാന്‍ കാത്തിരിക്കുന്നു.
ഒരു കാര്യം ഉറപ്പാണ്. മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാകില്ല.
മനസ്സിലെ പ്രണയം പെയ്തു തീരുകയും ഇല്ല.
മഴ പെയ്തു തുടങ്ങി .......
ഓരോ മഴത്തുള്ളിയും വന്ന്‌ വീഴുന്നത് ഭൂമിയിലേക്ക്‌ മാത്രമല്ല. എന്നിലേക്ക്‌ കൂടിയാണ്. തണുക്കുന്നത് ഭൂമി മാത്രമല്ല , മനസ്സും കൂടിയാണ്.
മഴത്തുള്ളികള്‍ ഉറവകളായി ....പിന്നെ പുഴയായി ഓര്‍മ്മകളുടെ സമുദ്രത്തില്‍ അലിഞ്ഞു ചേരും.
മഴയ്ക്ക് പതിവിലും ശക്തി കുറവാണ് . എന്നാലും മുറിയാതെ പെയ്യുന്നുണ്ട്. മുന്നയും സിനുവും ഒരു കുടക്കീഴില്‍ നടന്ന് വരുന്നുണ്ട്. സ്കൂളിലേക്കാണ്. ബെല്ലടിക്കുന്നതിനു മുമ്പ് ക്ലാസ്സില്‍ എത്താനുള്ള വെപ്രാളം മുന്നയുടെ മുഖത്ത് ഉണ്ട്. എന്നാല്‍ കുസൃതിയായ സിനുവാകട്ടെ മഴ വെള്ളം തട്ടി തെറിപ്പിച്ചാണ് നടക്കുന്നത്. ഒരു സഹോദരന്‍റെ അധികാര ഭാവത്തില്‍ എന്നോണം ഇടയ്ക്കിടയ്ക്ക് മുന്ന അവളെ വഴക്ക് പറയുന്നുമുണ്ട്. പക്ഷെ അവള്‍ക്കുണ്ടോ പുതുമ.

ഈ തവണ അവധിക്ക് നാട്ടിലെത്തിയത് മുതല്‍ ഇവരാണ് എന്‍റെ പുതിയ കൂട്ടുകാര്‍ . തലമുറകളുടെ അന്തരം ഇവരുടെയിടയില്‍ ഞാന്‍ മറക്കുന്നു. എന്‍റെ അയല്പക്കത്തുള്ളവരാണ് ഈ കുസൃതികള്‍.
ഇന്ന് വൈകുന്നേരം അവര്‍ സ്കൂള്‍ വിട്ട് വന്നാല്‍ എനിക്ക് ഇലഞ്ഞി പൂമരം കാട്ടിത്തരാം എന്ന് ഏറ്റിട്ടുണ്ട് . എന്‍റെ അറിവില്‍ വീടിന്‍റെ പരിസരത്ത് അങ്ങനെയൊരു പൂമരം ഉള്ളതായി എനിക്കൊരു ഓര്‍മയും ഇല്ല. പക്ഷെ അത് കാണണം എന്ന് അതിയായ ആഗ്രഹം തോന്നി . കാരണം സ്കൂളിലെ ക്ലാസ് മുറികളുടെ ഗന്ധമാണ് ഇലഞ്ഞിപ്പൂക്കള്‍ക്ക്. പണ്ട് ഈ പൂക്കള്‍ കൊണ്ട് വലിയ മാലകള്‍ കോര്‍ത്ത്‌ കൊണ്ട് വരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അപ്പോള്‍ ക്ലാസ് നിറയെ ഇലഞ്ഞി പൂക്കളുടെ മാദക ഗന്ധം ആയിരിക്കും.

മഴയ്ക്ക് ശക്തി കൂടി. ഒപ്പം ചെറിയ കാറ്റും . കാറ്റിനൊപ്പം മഴവെള്ളം തുള്ളികളായി എന്‍റെ ശരീരത്തിലേക്ക് തെറിക്കുന്നുണ്ട്. എനിക്ക് മാറിയിരിക്കാന്‍ തോന്നിയില്ല. മരുഭൂമിയിലെ ഉഷ്ണക്കാറ്റില്‍ പൊള്ളുന്ന എന്‍റെ പ്രാവാസി നൊമ്പരങ്ങളെ ... നിങ്ങള്‍ തല്‍ക്കാലം മാറി നില്‍ക്കുക.
ഞാനെന്‍റെ നാടിന്‍റെ പ്രകൃതിയോട് അല്‍പം സംസാരിക്കട്ടെ.

" അങ്ങട്ട് മാറിയിരുന്നോ. ഉള്ള അവധി പരിചയം ഇല്ലാത്ത മഴവെള്ളം കൊണ്ട് പനി പിടിച്ച് കളയേണ്ട".
ഉമ്മയാണ്. അങ്ങിനെയല്ലേ പറയൂ. ലീവ് കുറഞ്ഞു പോയതിന്‍റെ പരിഭവം കൂടിയുണ്ട് ആ വാക്കുകളില്‍.
പക്ഷെ.....ഉമ്മാക്കറിയാം മഴയ്ക്ക് എന്നെയും എനിക്ക് മഴയേഴും വിടാന്‍ പറ്റില്ലെന്ന്.



നാട്ടിലെത്തിയാല്‍ ഉച്ചയുറക്കം പതിവില്ല. പക്ഷെ ഇന്ന് ശാപ്പാട് ഇത്തിരി കൂടിപ്പോയി. എനിക്കിഷ്ടപ്പെട്ട മുരിങ്ങയില തോരനും ചെമ്മീന്‍ ചമ്മന്തിയും. പിന്നെ മീന്‍ മുളകിട്ടതും . പോരെ പൂരം. ഞാന്‍ തിരിഞ്ഞ് നോക്കാതെ തട്ടി. ഒരു വയറ് വാടകയ്ക്ക് കിട്ടിയിരുന്നെങ്കില്‍ കുറച്ചൂടെ കഴിക്കാമായിരുന്നു. ഇങ്ങിനെ വയറ് നിറഞ്ഞാല്‍ ഉറക്കം ഞാന്‍ പറയാതെ തന്നെ വരും. ബെഡ് റൂമിന്‍റെ ജനല്‍ തുറന്നു. മഴ തോര്‍ന്നെങ്കിലും മൂടി കെട്ടിയ അന്തരീക്ഷം . ചെന്തെങ്ങിന്‍റെ പട്ടയില്‍ നിന്നും നേരത്തെ പെയ്ത മഴയുടെ ബാക്കി ഇറ്റിറ്റു വീഴുന്നുണ്ട്‌. അറിയാതെ ഞാനൊന്ന് മയങ്ങി.
അങ്ങനെ ഒരു സ്വപ്നത്തിലേക്ക് വഴുതി വീഴുമ്പോള്‍ മുന്നയുടെ വിളിയാണ് എന്നെ ആ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയത് .
ഇവനെന്‍റെ സ്വപ്നം മുഴുവനാക്കാന്‍ സമ്മതിച്ചില്ല. അഹങ്കാരി .
പക്ഷെ അവനുണ്ടോ വല്ല ഭാവ ഭേദവും.
"എന്തുറക്കമാ ഇത് . ഒന്ന് വേഗം വാ" എന്ന ലൈനില്‍ ആണ് കുട്ടി സഖാവ്. അവന്‍റെ കുസൃതി പെങ്ങളും കാണും മുറ്റത്ത്‌ . ഉമ്മ കാണാതെ വല്ല പൂവോ ചെടികളോ അടിച്ചു മാറ്റാനുള്ള ശ്രമത്തില്‍ ആയിരിക്കും അവള്‍. ഉമ്മ തന്ന കട്ടന്‍ ചായ കുടിച്ചിട്ട് ഞാന്‍ അവരോടൊപ്പം ഇറങ്ങി. എന്‍റെ പുതിയ ചങ്ങാതിമാരെ കണ്ട്‌ ഉമ്മാക്ക് ചിരി. കുറച്ചു ദൂരം ഞങ്ങള്‍ നടന്നു. രണ്ട് മൂന്ന്‌ പറമ്പിനപ്പുറത്ത്‌ ആ ഇലഞ്ഞി പൂമരം കണ്ടു. അടുത്ത് എത്തിയപ്പോള്‍ ഞാന്‍ ആ മരത്തില്‍ ഒന്ന് തൊട്ട് നോക്കി. ഇങ്ങനെയൊരു ഇലഞ്ഞി മരം ഇവിടെ ഉള്ളതായി ഞാന്‍ എന്തെ ഇന്നേ വരെ അറിഞ്ഞില്ല . മനസ്സില്‍ പറയാന്‍ പറ്റാത്ത ഒരു സന്തോഷം . പൂവിടുന്ന സമയം അല്ലെങ്കിലും ആ ഇലഞ്ഞി പൂക്കളുടെ ഒരു ഗന്ധം എനിക്ക് അനുഭവിക്കാന്‍ ആവുന്നുണ്ട്‌. എന്‍റെ ഓര്‍മ്മകള്‍ ഇലഞ്ഞി പൂക്കളുടെ മണം നിറഞ്ഞ ആ പഴയ ക്ലാസ് മുറിയിലേക്ക് പോവുന്നുമുണ്ട്.



ഒരു മരം കണ്ടാല്‍ ഇങ്ങിനെ പരിസരം മറക്കുമോ എന്ന ഭാവത്തില്‍ നില്‍ക്കുകയാണ് മുന്ന. സിനു ഒരു ഭാഗം പൊട്ടിയ പല്ല് കൊണ്ട് ഒരു നെല്ലിക്ക കടിച്ചു തിന്നുന്നു. അവള്‍ ഇതൊന്നും അറിയുന്നില്ല . ഈ വട്ട് ഒന്നും നമ്മളെ ബാധിക്കില്ല എന്ന നിലയില്‍. ഒരു പക്ഷെ കുട്ടിക്കാലത്ത് ഈ ഇലഞ്ഞിമര ചുവട്ടില്‍ ഞാനും വന്നിരിക്കാം, എന്‍റെ ബാല്യം ഇതുപോലൊരു നെല്ലിക്കയുടെ മധുരത്തില്‍ ഇത് കാണാതെ പോയതും ആകാം.

ഞാന്‍ തിരിച്ചു നടന്നു. മഴക്കാലാമായതിനാല്‍ നല്ല പച്ചപ്പ്‌ ഉണ്ട്. എവിടെയെങ്കിലും ഒരു കശുവണ്ടി മുളച്ചത് ഉണ്ടോ എന്ന് അറിയാതെ നോക്കിപ്പോയി ഞാന്‍ . മണ്ണില്‍ വീണ് മുളച്ച കശുവണ്ടിയുടെ പരിപ്പ് കഴിക്കാന്‍ എന്ത് രസമായിരുന്നു. പഴയ കമ്മ്യൂണിസ്റ്റ് അപ്പയൊന്നും കാണാനേയില്ല . പിന്നെ ശരീരം ചൊറിയുന്ന ആ തുവ്വയും. അതുമായി ഒന്ന് കൊമ്പ് കോര്‍ക്കാന്‍ ഇപ്പോള്‍ ഞാന്‍ തയ്യാറായിരുന്നു. പണ്ട് തൊടിയില്‍ കൂടി ഓടികളിക്കുമ്പോള്‍ എന്നെ ഉപദ്രവിച്ചതിന് പകരം വീട്ടാനും. പക്ഷെ മുന്നില്‍ വന്ന്‌ പെട്ടില്ല ആരും .
വീണ്ടും ഒരു മഴക്കോള് വരുന്നുണ്ട്. പീടികയില്‍ പോകാന്‍ മുന്നയെ അവന്‍റെ ഉമ്മ വിളിക്കുന്നു. എന്നിട്ടും അവര്‍ എന്‍റെ കൂടെ വീട് വരെ വന്നു.
പണ്ട് ഞാനും ഇങ്ങനെയായിരുന്നല്ലോ , ഉമ്മയുടെ എത്രയോ വിളികള്‍..... കേട്ടിട്ടും കേള്‍ക്കാതെ ഭാവത്തില്‍ ഞാന്‍ എവിടെയൊക്കെയോ ഒളിച്ചു നിന്നിരുന്നു.

വീട്ടിലേക്കു തിരിച്ചു പോകും മുമ്പ് മുന്ന എന്തോ പറയാന്‍ പരുങ്ങുന്നതായി തോന്നി. ഒരു കള്ളത്തരം ഉണ്ടല്ലോ എന്ന് ആ കള്ള ചിരിയില്‍ എനിക്ക് തോന്നാതിരുന്നില്ല. അവര്‍ക്ക് വിരിഞ്ഞു നില്‍ക്കുന്ന ബോഗന്‍ വില്ലയുടെ ഒരു കൊമ്പ് കിട്ടണം. അപ്പോള്‍ അതാണ്‌ കാര്യം. ഉമ്മയോട് ചോദിച്ചാല്‍ കിട്ടില്ല.



ഇപ്പോള്‍ ഇതൊക്കെയാണ് എന്‍റെ ഉമ്മയുടെ ലോകം. ഞാന്‍ നാട്ടില്‍ വരും വരെ ഈ പൂക്കളും ചെടികളും ആണ് ഉമ്മയുടെ മക്കള്‍. ഞാന്‍ നാട്ടിലെത്തിയാല്‍ പിന്നെ പൂക്കളെ നോക്കാന്‍ ഉമ്മാക്ക് സമയം തികയില്ല. പൂക്കള്‍ക്ക്‌ എന്നോട് ദേഷ്യമുണ്ടാകുമോ? . എത്രയെത്ര പൂക്കളാണ് വിരിഞ്ഞുനില്‍ക്കുന്നത് . പല വര്‍ണ്ണങ്ങളില്‍.
ആ കാഴ്ച മനസ്സിന് സന്തോഷം നല്‍കുന്നു. ഈ ബോഗണ്‍ വില്ലകള്‍ പുതിയ അതിഥികള്‍ ആണെന്ന് തോന്നുന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവരൊന്നും ഉണ്ടായിരുന്നില്ലല്ലോ.
ഞാന്‍ ഉമ്മ കാണാതെ അവര്‍ക്കൊരു കൊമ്പ് മുറിച്ചു കൊടുത്തു. ഒരു മുള്ളുകൊണ്ട് വിരലില്‍ അല്‍പ്പം രക്ത പൊടിഞ്ഞു . എന്നോടുള്ള ദേഷ്യം തീര്‍ത്തതാവും അവര്‍. ബോഗണ്‍ വില്ല കിട്ടിയ സന്തോഷത്തില്‍ പൊട്ടിയ പല്ലുമായി സിനു ചിരിക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. മഴയത്ത് നട്ടാല്‍ ഇത് തളിര്‍ക്കില്ല എന്നറിയാം. എന്നാലും ഈ കുട്ടികളുടെ സന്തോഷം കളയേണ്ട. ഉമ്മയെ കാണാതെ അത് ഒളിപ്പിച്ചു പിടിച്ച് അവരോടി. അപ്പോഴും സിനു മഴവെള്ളം തട്ടി തെറിപ്പിച്ചാണ് ഓടുന്നത് . പക്ഷ ഇത്തവണ മുന്നയും അവളോടൊപ്പം കൂടി.

വീണ്ടും മഴ പെയ്തു തുടങ്ങി. പക്ഷെ ഈ മഴയ്ക്ക് ഒരു ഇലഞ്ഞി പൂവിന്‍റെ സുഗന്ധം കൂടിയുണ്ടല്ലോ ‍. ബാല്യത്തിന്‍റെ നനു നനുത്ത ഓര്‍മ്മകളും. ഞാന്‍ വീണ്ടും ഉമ്മറത്തേക്ക് കയറിയിരുന്നു. മഴയോടൊപ്പം ഓര്‍മ്മകളെ താലോലിച്ച് ഇങ്ങിനെ കുറച്ച് നേരം ഇരിക്കാം


(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തത്‌)

86 comments:

  1. വിരിയുന്ന ഓരോ പൂക്കളും സന്തോഷത്തിന്റെതാവട്ടെ. അത് പരത്തുന്ന സുഗന്ധം സമാധാന പൂര്‍ണ്ണമായ ജീവിതത്തിന്റെതാവട്ടെ . എല്ലാവര്‍ക്കും സ്വന്തമായി ഒരു പൂക്കാലം ഉണ്ടാവട്ടെ

    ReplyDelete
  2. നാട്ടില്‍ വീണ്ടും ഒരു മഴക്കാലം വന്നെത്തിയ ഈ നേരത്ത് മനസ്സതിലെക്കിങ്ങനെ എത്താന്‍ കൊതിപൂണ്ടിരിക്കുന്ന ഈ സമയത്ത് ചെറുവാടി താങ്കളുടെ ഈ എഴുത്ത് അതിനെത്ര വേഗത കൂട്ടി എന്ന് താങ്കള്‍ അറിയുന്നുണ്ടോ ?ചെറുവാടിയുടെ മിക്ക പോസ്റ്റും പോലെ തന്നെ ഇതും മനസ്സിലെവിടെയൊക്കെയോ ഒരു "കാളല്‍" ഉണ്ടാക്കുന്നു .കാണാന്‍ കൊതിച്ച ,നനയാന്‍ കൊതിച്ച ..മഴ ..അതിപ്പോള്‍ എന്റ്റെ മനസ്സിലും തിമര്‍ത്ത് പെയ്യുന്നു ....ഇടിയും മിന്നലും, ശക്തിയായി വീശി അടിക്കുന്ന കാറ്റും അങ്ങിനെ എല്ലാം എല്ലാം അടുതെതിയത് പോലെ ...വല്ലാത്തൊരു തണുപ്പനുഭവപ്പെടുന്നു..എന്തൊരു സുഖം ..തിരിച്ചു വരാന്‍ തോന്നുന്നില്ല മനസ്സിന് ...പക്ഷെ എന്ത് ചെയ്യാനാ ...............ഈ ചുട്ടുപൊള്ളുന്ന യഥാര്‍ത്യതിലെക്ക് തിരിച്ചിറങ്ങി വന്നല്ലേ പറ്റൂ .....എങ്കിലും ഒരുനിമിഷമെങ്ങില്‍ ഒരു നിമിഷം അതിനെ അനുഭവമാക്കിതന്ന പ്രിയപ്പെട്ട എഴുത്ത്കാരാ താങ്കള്‍ക്ക് നന്ദി
    പ്രാര്‍ത്ഥനയോടെ സോന്നെറ്റ്

    ReplyDelete
  3. മഴ പെയ്തു കൊണ്ടേയിരിക്കും...ഓര്‍‌മ്മകളുടെ മഴ മനസ്സില്‍‌ എന്നും പെയ്തുകൊണ്ടേയിരിക്കും...ഒരു നേര്‍‌ത്ത കുളിരോടെ...നോവുന്ന സുഖത്തോടെ...മഴ പെയ്തു കൊണ്ടേയിരിക്കും...ഈ മലരാണ്യത്തിലെ കൊടും ചൂടിലും മഴ പെയ്യുകയാണ്..മനസ്സിലും ഓര്‍മ്മയിലും മഴ ചിന്നം പിന്നം പെയ്യുകയാണ്...

    മഴ ശക്തമായാല്‍ ചെറുകുളങ്ങള്‍ നിറഞ്ഞു ചെറിയ
    തോടുകളിലൂടെ വെള്ളം ഒഴുകും ..അതിലൂടെ നിറയെ
    പരല്‍ മീനുകള്‍ ...അപ്പോഴും മഴ പെയ്തുകൊണ്ടേയിരിക്കും തോട്ടുവക്കില്‍ കുടയും ചൂടി ..പിന്നെ ആ കുട വലയാക്കി പരല്‍മീനുകളെ പിടിച്ചു ഹോര്‍ലിക്സ് കുപ്പിയെ അക്വേറിയം
    ആക്കിയ ബാല്യം ...മഴ ...ഒരു വികാരമാകുന്നു.

    ആകാശത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന ഈ കണ്ണീര്‍ കണങ്ങള്‍ കുട്ടിക്കാലത്ത് ഒരുപാടു ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ഈ മണല്‍ കാട്ടില്‍ കിട്ടാത്തതും അത് തന്നെയാണ്.

    {ഒരിലഞ്ഞി മരം എന്‍റെ വീട്ടിലുമുണ്ട്.}

    ReplyDelete
  4. ഇലഞ്ഞിപൂമണം ഒഴുകി വരുംപോലെ , ആശംസകള്‍ ........മണ്‍സൂണ്‍

    ReplyDelete
  5. ഈ പോസ്റ്റ് വായിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നുന്നു. എന്റെ അടുത്തു വരുന്ന കുട്ടികളോട് കമ്യൂണിസ്റ്റ് പച്ചയും തുവ്വയും തൊടിയിലെവിടെയെങ്കിലും നിങ്ങൾ കാണാറുണ്ടൊയെന്ന് ഞാൻ ചോദിക്കാറുണ്ട്. അത് എന്താണെന്നാവും അവരുടെ തിരിച്ചുള്ള ചോദ്യം.എല്ലാമൊരു ഓർമ്മയായി മാറി. അതിനെയെല്ലാം തൊട്ടുണർത്തുന്നതാവട്ടെ ഓരോ മഴക്കാലവും

    നല്ല അവതരണം.
    ആശംസകൾ........

    ReplyDelete
  6. ഒരു പ്രവാസിയുടെ ആകുലത,
    വളരെ മനോഹരമായി അവതരിപ്പിച്ചു.
    പ്രവാസ ജീവിതത്തിലെ നഷ്ടത്തില്‍,
    തൊട്ടുകാണിക്കാന്‍ പറ്റാത്ത വലിയൊരു നഷ്ടം.
    വളരെ വ്യക്തമായി അവതരിപ്പിച്ചു.
    ആശംസകള്‍.

    ReplyDelete
  7. ഈ ഇലഞ്ഞി പൂക്കളുടെ സുഗന്ധതിനോപ്പം ഞാനും എന്റെ കുട്ടി കാലം വരെ പോയി. മടുപ്പ് വരാത്ത വളരെ നല്ല ഭംഗിയായ അവതരണം. ഒത്തിരി ഇഷ്ട്ടമായി. ഭാവുകങ്ങള്‍ നേരുന്നു.

    www.ettavattam.blogspot.com

    ReplyDelete
  8. എന്താ പറയേണ്ടത് എന്നെനിക്കറിയില്ല..ലീവായിട്ടും ഓഫീസിലോട്ട് വിളിപ്പിച്ചത്തിന്റെ ദേഷ്യവും പരിഭവവും ആയിരുന്നു രാവിലെ മുതല്‍..താങ്കളുടെ മെയില്‍ കണ്ടപ്പോള്‍ വലിയ മൂഡ്‌ ഇല്ലാതെയാണ് വായിച്ചു തുടങ്ങിയത്.. പക്ഷെ ഏറെ കഴിയും മുന്‍പേ ഞാന സത്യം തിരിച്ചറിഞ്ഞു.. മുന്നയിലൂടെ ഞാന്‍ കാണുന്നത് എന്റെ ബാല്യമല്ലേ?..മഴയത്ത് കളിച്ചു നടക്കുന്ന സിനു എന്റെ അനിയത്തി തന്നെയല്ലേ? കുടയുണ്ടെങ്കിലും അത് ചൂടാതെ മഴ നനഞ്ഞു നടക്കുമ്പോള്‍ പനി വരുമെന്ന് പറഞ്ഞു അവളുടെ പുറകെ നടന്നു ശാസിക്കുന്ന ഞാന്‍ എന്ന ഇക്കയെ മുന്നയില്‍ എനിക്ക് കാണാന്‍ പറ്റി..തൊടിയിലെ തൂവയും കമ്മ്യൂണിസ്റ്റ് പച്ചയും( അപ്പയും) ഇലഞ്ഞി പൂക്കളും ബോഗന്‍ വില്ലയും എല്ലാം ഞാന്‍ കണ്ടു..ചെന്തെങ്ങിന്‍റെ പട്ടയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളുടെ നൈര്‍മല്യം ഞാന്‍ ആസ്വദിച്ചു..ആ മഴത്തുള്ളികള്‍ എന്റെ മനസ്സിലെ ദേഷ്യവും പരിഭവവും എല്ലാം തണുപ്പിച്ചിരിക്കുന്നു..ഇനി എനിക്ക് സമാധാനമായി ജോലി തുടങ്ങാം..താങ്കള്‍ പറഞ്ഞപോലെ സന്തോഷത്തിന്റെ ഒരു പൂക്കാലം സമ്മാനിച്ച്‌ എന്റെ ഒരു ദിവസം മനോഹരമാക്കി തന്നതിന് പ്രിയപ്പെട്ട ചെറുവാടി താങ്കള്‍ക്ക് നന്ദി ...ഒരായിരം നന്ദി..

    ReplyDelete
  9. "ഇത് പോലെ ഏതോ നെല്ലിക്കയുടെ മധുരത്തില്‍
    ഞാന്‍ ഈ ഇലഞ്ഞി മരം കാണാതെ പോയത്
    ആവും"

    .ഓര്‍മകളുടെ മധുരം ഇതിലും
    നന്നായി പറയാന്‍ വാക്കുകള്‍ ഇല്ല ചെറുവാടി .


    കമ്മ്യുണിസ്റ്റ് പച്ചയും ,ഇലഞ്ഞി മരവും ഞാന്‍
    ഇപ്പോളും നാട്ടില്‍ തിരക്കാറുണ്ട് ..!!

    ReplyDelete
  10. കൊതിപ്പിച്ചു വീണ്ടും...ആ കുട്ട്യോളോടൊപ്പം മഴവെള്ളം കെട്ടിക്കിടക്കുന്ന മുറ്റത്തും തൊടിയിലുമൊക്കെ ഓടി നടക്കാൻ കൊതി തോന്നണു..മഴത്തുള്ളികളേറ്റുവാങ്ങി മനസ്സും ശരീരവും കുളിർപ്പിക്കാൻ..
    അമ്മയുടെ സ്നേഹം പങ്കു വച്ചതിന്റെ കുശുമ്പ് തീർത്തതാവും ആ ബോഗന്വില്ലകൾ...നന്നായി പറഞ്ഞു ഒരു പ്രവാസ ദുഃഖവും ഗൃഹാതുര സ്മരണകളും

    ReplyDelete
  11. മഴ എപ്പഴും ഇങ്ങിനെയാണ്‌......
    ശീതലായി വീഴുന്ന ഓരോ തുള്ളികളും ഒത്തിരി ഓര്‍മ്മക്കൂട്ടുകളുടെ വിരഹ വേദനയിലേക്കാണ് കൂട്ടികൊണ്ടുപോകുന്നത്‌......
    പച്ചമണ്ണിന്റെ ഗന്ധം നസാദ്വാരങ്ങളിലെന്നപോലെ മനസ്സിനും സുഗന്ധമായി ബാല്യത്തിന്റെ കൊച്ചു കുറുന്പുകളെ കൂടെക്കൂട്ടുന്നു.......
    തൊടിയില്‍ നിറയുന്ന വെള്ളത്തില്‍ ഉണ്ടാക്കിവിട്ട കടലാസ് വഞ്ചികള്‍ പിന്നെയും പെയ്യുന്ന മഴയില്‍ കുതിരുന്ന പോലെ ഓര്‍മ്മകള്‍ക്കും ഒരു നനവ്‌........

    മനസൂര്‍ക്ക,
    പ്രവാസത്തിന്റെ ഈ തീചൂടിലും കുളിരായി പെയ്തിറങ്ങിയ ഒരു പോസ്റ്റ്‌. ഓര്‍മ്മകള്‍ക്ക് പിന്നെയുമെത്ര ബാല്ല്യമെന്നു അറിയുന്നു ഞാന്‍.....

    ReplyDelete
  12. മഴയാണല്ലെ എവിടെയും.. :)
    പെയ്യട്ടെ തുള്ളികളായും അക്ഷരങ്ങളായും

    ആശംസകള്‍

    ReplyDelete
  13. പ്രവാസിയുടെ മനസ്സിൽ മഴ ഒരു മാഞ്ഞുപോയ ചിത്രം മാത്രമാണ്.

    ReplyDelete
  14. ഹ! ഞാനൊരു വാചകം കോപ്പി പേസ്റ്റീത് താഴേക്ക് പോരണ വഴിയാ കണ്ടത്. ‘എന്‍‌റെ ലോകം” അത് ആദ്യം തന്നെ തോണ്ടിയെടുത്തിട്ടത് :(
    ഒരു പ്രത്യേക ഭാവമുണ്ട് ആ വരികള്‍ക്ക്. :)

    പോസ്റ്റ് വായിച്ച് തീരും വരെ കരുതിയത് സ്വന്തം പോട്ടംസ് ആകും പോസ്റ്റിയിരിക്കണത് എന്നാണ്. വെര്‍തേ ഗൂഗിളിന് കട: വച്ച് ആ ഒരു സുഖം കളഞ്ഞ് ;)

    പോസ്റ്റ് ഗംഭീരം തന്നെ. സുഖമുള്ളൊരു അനുഭൂതി ;) ആശംസകള്‍ ചെറുവാട്യേ.

    ReplyDelete
  15. കുട്ടിയാകാനുള്ള മോഹം കൊള്ളാം...!
    ഒന്നും അറിയണ്ടല്ലോല്ലെ....!?

    ReplyDelete
  16. ഇലഞ്ഞിപ്പൂക്കളും മഴയും രണ്ടുമെനിക്കെന്നേക്കാള്‍ പ്രിയം.. നല്ലൊരു പോസ്റ്റ്.. ചെറുവാടിക്കാശംസകള്‍...

    ReplyDelete
  17. പോസ്റ്റ്‌ മഴ പോലെ മനോഹരം..സുഖപ്രദം..
    ദൈവം തന്ന ഈ വരദാനത്തേക്കാള്‍ വലുതായി എന്തുണ്ടീ ഭൂമിയില്‍..?
    അപ്പോഴും മഴ ചിലപ്പോള്‍ മനസ്സിനെ വേദനിപ്പിക്കുന്നു,നമ്മുടെ പ്രിയപ്പെട്ടവര്‍ മരുഭൂവിലെ ചൂടില്‍ കഴിയുമ്പോള്‍ ഈ മഴയ്ക്ക്‌ നമ്മുടെ മനസ്സ് തണുപ്പിക്കാന്‍ കഴിയുമോ?

    ReplyDelete
  18. നേരത്തെ കണ്ടിരുന്നു ഞാന്‍ വായിക്കുകേം ചെയ്തു. എന്റെ കൈയിനു രാശിയില്ലെങ്കിലോ എന്നു കരുതി ആദ്യകമന്റ് ഇടണ്ടാന്നു വെച്ചു.

    എല്ലായ്പ്പോഴുമെന്ന പോലെ മനോഹരം.സന്തോഷം നിറയട്ടെ എല്ലാടവും.
    ആശംസകളോടേ...

    ReplyDelete
  19. മണമില്ലെങ്കിലും ഈ ബോഗണ്‍വില്ല ഒരു സംഭവാണ് ട്ടൊ. രാണ്ട്മാസം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ നാല് ബോഗണ്‍വില്ലയും രണ്ട് കോളാമ്പിയും മാത്രമേ കാത്തിരിക്കാനുണ്ടായുള്ളൂ.

    ReplyDelete
  20. നനുത്ത ഒരു മഴ സ്പർശം പോലെ!!!!!!!! ആശംസകളോടെ........

    ReplyDelete
  21. ഇലഞ്ഞിപ്പൂമാല കൊരുത്ത് ദിവസേന ക്ലാസിൽ കൊണ്ടുവരുന്ന കൂട്ടുകാരുണ്ടായിരുന്നു എനിയ്ക്ക്. ഇഷ്ടം നിറഞ്ഞ ആ ഓർമ്മയിൽ ഈയിടെ ഒരു ഇലഞ്ഞിത്തൈ വാങ്ങി വീടിനരികിൽ പറമ്പോരത്ത് നട്ടിട്ടുണ്ട്. അത് വളർന്നു വലുതായി പൂവണിയുമ്പോൾ അതിൽ തൊട്ട് വരുന്ന കാറ്റ് വീടിനകത്തേയ്ക്ക് പൂമണം കൊണ്ടുവരും എന്ന സ്വപ്നവുമായി ഞാനിരിക്കുന്നു.

    ചെറുവാടിയുടെ പോസ്റ്റ് നന്നായി.

    ReplyDelete
  22. ഇലഞ്ഞിപ്പൂമണം ആസ്വദിക്കാത്ത ബാല്യം ആര്‍ക്കെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ചെറുവാടി പറഞ്ഞത്‌ പോലെ ഒരു തരം മാദക ഗന്ധം തന്നെ, കൊതിപ്പിക്കുന്ന മതിവരാത്ത.എഴുത്തിന്റെ സൌന്ദര്യം പോലെ തന്നെ ഉള്ളടക്കവും.

    ReplyDelete
  23. വാടിയാലും ഉണങ്ങിയാലും സുഗന്ധം പരത്തുന്ന ഇലഞ്ഞിപ്പൂവിനു പകരമായി മറ്റേതു പൂവുണ്ട്...

    ReplyDelete
  24. വീണ്ടും ചെറുവാടിയുടെ ഗ്രാഹതുര ത്വ കഥ ഞാനും പോയി കേട്ടോ ഈ കഥ വായിച്ചപ്പോള്‍ ആ ഇലഞ്ഞി മണമുള്ള പഴയ ക്ലാസ് മുറിയിലേക്ക് നന്നായിരിക്കുന്നു

    ReplyDelete
  25. എന്റെ ഓര്‍മ്മകള്‍ക്കുമേല്‍ മഴ പെയ്തു!
    ഇനി തലച്ചോറിനു പനി (ചൂട്) പിടിക്കുമോ ആവോ?
    എങ്കില്‍ ഞാനുമെഴുതും ഒരു ബാല്യകാലം.

    ReplyDelete
  26. വീണ്ടും ഗ്രിഹാ തുരത്വവുമായി ചെറുവാടി ടച്ച് post ...
    muringayila ente yum ishtavibhavamaanu changaayee........ ( sorru translater pinangeennu thonnunnu)

    ReplyDelete
  27. പ്രവാസിയുടെ മഴയില്‍ കുതിര്‍ന്ന ഗൃഹാതുരത്വം നന്നായി വരച്ചു കാട്ടി ചെറുവാടീ...
    ചോദിക്കാന്‍ പാടില്ല...എന്നാലും ചോദിക്കട്ടെ...എന്ന് വരെയുണ്ട് ലീവ്?? ജൂലൈയില്‍ അവിടെങ്ങാന്‍ കാണുമോ??

    ReplyDelete
  28. മഴയും ഇലഞ്ഞിപ്പൂക്കളും ഓര്‍മ്മകളും...

    (ഞാനും അവധിക്ക് പോവാണ്..ആഗസ്റ്റില്‍.)

    ReplyDelete
  29. പോസ്റ്റിലെ സുഗന്ധം ആസ്വദിച്ചു മടങ്ങുന്നു.. പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടും ഒരുപോലെ കാഴ്ച കാണാനുള്ള കഴിവു എന്നും കൂടെയുണ്ടായിരിക്കട്ടെ. ആശംസകൾ.

    ReplyDelete
  30. നമ്മള്‍ പ്രവാസികള്‍ക്ക് ഓര്‍ത്തു വെയ്ക്കാം ഇതൊക്കെ.... കാലങ്ങളില്‍ എന്നൊക്കെയോ തിമിര്‍ത്തു പെയ്ത മഴയില്‍ നനഞ്ഞ, വയല്‍വരമ്പിലെ ചളിയില്‍ ഓടിക്കളിച്ച കുറേ ഓര്‍മ്മകള്‍ ... മഴയില്‍ കുതിര്‍ന്ന പൂക്കള്‍ പറിച്ച് അതിലെ വെള്ളം മുഖത്തേയ്ക്ക് കുലുക്കി വീഴ്ത്തി നനുത്ത ചില തുള്ളികള്‍ വായിലേയ്ക്ക് ഇറ്റു വീഴ്ത്തിയ ആ കാലം... എല്ലാം ഓര്‍മ്മകള്‍ ... ഇനിയൊരിയ്ക്കലുമുന്‍ക്കാകാത്ത ആ കാലം .... ഇലഞ്ഞിപ്പൂക്കള്‍ ചെറുവാടി വളരെ നന്നായി പറഞ്ഞു... നന്നായി ചെറുവാടീ... സന്തോഷമുണ്ട്... വീണ്ടുമൊരു പൂക്കാലം മനസ്സില്‍ തളിര്‍ത്തി തന്നതിന്....

    ReplyDelete
  31. സൗമ്യവും ശാന്തവുമായി ഒഴുകുന്ന വരികള്‍.സാധാരണമായ ജീവിതാവസ്ഥയില്‍ നിന്ന് പറിച്ചെടുക്കുന്ന കഥാപാത്രങ്ങള്‍.'ഇതു എന്റെയും ജീവിതമാണല്ലോ' എന്ന് വായനക്കിടയില്‍ ചിന്തിച്ചു പോവുന്ന രീതിയില്‍ വായനക്കാരന്റെ മനോവ്യാപാരങ്ങളുമായി താതാത്മ്യം പ്രാപിക്കാന്‍ വിവരണത്തിലെ വൈദഗ്ദ്യം കൊണ്ട് സാദ്ധ്യമാവുന്നുണ്ട്.അഭിനന്ദനങ്ങള്‍

    ReplyDelete
  32. ഇലഞ്ഞിപ്പൂക്കള്‍ പകര്‍ന്ന പൂക്കാലം..!
    മലര്‍വാടി.

    ReplyDelete
  33. ഇലഞ്ഞി പൂക്കളുമായി വരുന്നു എന്ന് ഗൂഗിള്‍ buzz ല്‍ കണ്ടിരുന്നു ..ആകാംക്ഷ നിരാശയായില്ല ..എല്ലാ പ്രവാസികളെയും സവ്ജന്യമായി നാട്ടില്‍ കൊണ്ട് പോയി മഴ കാണിച്ചതിന് അല്ഫു ശുക്രന്‍ ...

    ReplyDelete
  34. നാട്ടില്‍ മഴ പെയ്തു പോകുന്നു പോകുന്നു ..എന്റെ യുള്ളില്‍ ഒരു വേനല്‍ എരിഞ്ഞു കത്തുന്നു ..:)
    ചെറു വാടിയുടെ കുറിപ്പ് മഴയില്‍ നനയിച്ചു ...:)

    ReplyDelete
  35. മനോഹരമായി അവതരിപ്പിച്ചു.
    ഓര്‍മ്മകളേക്കാള്‍ സുഗന്ധം ഉണ്ടോ ഈ ഇലഞ്ഞിപ്പൂക്കള്‍ക്ക്... :)

    ReplyDelete
  36. മഴയ്ക്ക്‌ ശേഷം അവശേഷിച്ച ഇത്തിരി തുള്ളികള്‍ ഉറ്റി , ഇലഞ്ഞി പൂക്കളുടെ സുഗന്ധം പേറി എന്നെ തഴുകി വന്ന കാറ്റ് എന്റെ മഴക്കാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.. ആ മഴ നനഞ്ഞ ഓര്‍മ്മകളില്‍ കുളിര് തോന്നും രാത്രികളും..ഇറയത്ത് നിന്നും ഉറ്റി കൊണ്ടിരിക്കുന്ന മഴത്തുള്ളികളും ..പ്രഭാതത്തിലെ സൂര്യന്റെ മിഴി തുറന്നുള്ള നോട്ടത്തിനായി കാത്തിരിക്കുന്നതിനിടയില്‍.. എന്റെ കളികൂട്ടുകാരിയും ഞാനും ഒരു ചെറിയ കുന്നിനു മുകളില്‍ പേടിയോടെ പോയി ഇലഞ്ഞി പൂക്കള്‍ പാവാട തുമ്പില്‍ പെറുക്കിയിട്ടതും അതിനടുത്തുള്ള അമ്പലത്തില്‍ പ്രാര്‍ഥിച്ചു മടങ്ങുന്ന അതിന്റെ ഉടമസ്ഥനെ കാണുമ്പോള്‍ പാവാട തുമ്പു മടക്കി പിടിച്ചു ഓടിയതും.. ഓര്‍മ്മകളിലൂടെ കടന്നുപോയി.ബാല്യത്തിന്‍റെ നനു നനുത്ത ഓര്‍മ്മകളില്‍ .എന്നും അങ്ങിനെ ആയിരുന്നെങ്കില്‍.. തിരികെ വരാതെ .ആ ഓര്‍മ്മകള്‍ക്കെന്തൊരു സുഗന്ധം.. ലളിത സുന്ദര വരികളില്‍ സുഗന്ധവും പേറി മറ്റൊരു നല്ല പോസ്റ്റു... ആശംസകള്‍...

    ReplyDelete
  37. മഴയ്ക്ക് പലപ്പോഴും പല ഭാവങ്ങളാണ്‌. മഴപെയ്ത നനഞ്ഞ തൊടിയും, അതില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കടലാസ്സു വഞ്ചി ഉണ്ടാക്കി കളിച്ചതുമെല്ലാം ഇന്നലെ എന്നതുപോലെ ഓര്‍ക്കുന്നു. ചാറ്റല്‍ മഴ കൊള്ളാന്‍ മുറ്റത്തേക്കിറങ്ങി നില്‍ക്കുമ്പോള്‍ അമ്മ വഴക്കു പറയും, അതു കേട്ടാലും കേള്‍ക്കാത്ത ഭാവത്തില്‍ ഞാനും ഇതുപോലെ ഒളിച്ചു നില്‍ക്കാറുണ്ടായിരുന്നു. മഴ പെയ്തു തോര്‍ന്ന രാത്രിയില്‍ മഴയുടെ കുളിരില്‍ ചീവിടിന്റെ സംഗീതം കേട്ട് കിടക്കാന്‍ എന്തു രസമാണ്‌!

    മഴയും, തൊടിയും, ബാല്യവും എത്ര കേട്ടാലും പറഞ്ഞാലും കൊതിതീരാത്ത വിഷയങ്ങള്‍ ആണ്‌. ഇവിടെ ചൂടില്‍ ഈ മഴ എന്നെ കൊതിപ്പിക്കുന്നു..

    ReplyDelete
  38. മുന്നയുടെ പ്രായമോ ലേഖകനെന്നു തോന്നും ഈ പ്രകൃതിയോടുള്ള അഭിനിവേശം കണ്ടാൽ. സുഖം സുന്ദരം എഴുത്ത്!

    ReplyDelete
  39. പ്രിയ സുഹൃത്തേ ......സത്യം .. താങ്കള്‍ എഴുതിയതെല്ലാം ഞാന്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു .... എനിക്കും കിട്ടി രണ്ടു കൂട്ടുകാരെ ......
    എന്റെ അയല്‍വാസികളായ രണ്ടു കൊച്ചു കൂട്ടുകാര്‍ ..........ഇനിയും രണ്ടാഴ്ച കൂടി മാത്രം ........അത് കഴിഞ്ഞാല്‍
    മഴ പൈതു കൊണ്ടേ ഇരിക്കുന്നു ........... മീന്‍ പിടിത്തവും കഴിഞ്ഞു .............. ഒരു പ്രവാസിയുടെ .................

    നന്ദി ചെറുവാടി .........

    ReplyDelete
  40. മഴ തകര്‍ക്കുവാണല്ലേ നാട്ടില്‍..........? മഴകൂടാന്‍ പദ്ധതിയിട്ട് നാട്ടില്‍ പോയത് പോലെയുണ്ടല്ലോ? മഴത്തുള്ളിക്കിലുക്കം സുന്ദര വരികളില്‍ ഒളിപ്പിച്ച് നല്ല ഒരു പോസ്റ്റ്‌....
    (ഞാനും വരുന്നുണ്ട് രണ്ടാഴ്ച കഴിഞ്ഞ്)

    ReplyDelete
  41. സെന്റര്‍ കോര്‍ട്ടില്‍ കേറി മഴ നനഞ്ഞിറങ്ങുമ്പോള്‍ മനസ്സു നന്നായി തണുക്കുകയും ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധത്തില്‍ നിറയുകയും ചെയ്തു ട്ടോ...

    ReplyDelete
  42. നന്നായിരിക്കുന്നു

    ReplyDelete
  43. ഒരു മഴയ്ക്ക് വേണ്ടി കാത്തിരുന്നു ഞാന്‍. പോരുന്ന ദിവസം എന്നെ നന്നായി നയിച്ചു പുതു മണ്ണിന്റെ മണം. ഇന്ന് ചെരുവാടിയുടെ വരികളില്‍ എനിക്ക് നഷ്ട ബോധം ഒപ്പം ഓര്‍മകളില്‍ ഇലഞ്ഞി പൂവിന്റെ സുഗന്ദവും.. ഹൃദ്യമായി ഓരോ വാക്കുകളും..

    ReplyDelete
  44. പ്രിയ മന്‍സൂര്‍ ചെറുവാടി ,

    "ഇന്ന് മഴ പെയ്തപ്പോള്‍ മണ്ണിന്‍റെ സുഗന്ധം ഏത് ഓര്‍മ്മകളെയാണ് തിരികെ തന്നത് .........ചില സുഗന്ധങ്ങള്‍ അങ്ങനെയാണ്.......എന്തെല്ലാം നമുക്ക് തിരികെ തരുമെന്നോ "

    മുന്‍പ് എപ്പോഴോ ഞാന്‍ എഴുതിയ ചില വരികള്‍.
    ആ ചെറിയ പോസ്റ്റ്‌ അവസാനിച്ചത് കുറച്ച് ഇലഞ്ഞി പൂക്കളുടെ നഷ്ട്ട സുഗന്ധം പേറിയായിരുന്നു.

    "കാടുകള്‍ വേരറ്റു പോയില്ലെങ്കില്‍, കാവുകള്‍ അന്യം നിന്നു പോയില്ലെങ്കില്‍ എന്‍റെ നഷ്ട്ട ബാല്യങ്ങളുടെ ഓര്‍മ്മകള്‍ തിരികെ തരാന്‍ എവിടെയെങ്കിലും പൂത്ത്നില്‍പ്പുണ്ടാകും ഒരു ഇലഞ്ഞി മരം........."

    താങ്കളുടെ ഈപോസ്റ്റ് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി ,അന്യംനിന്നു പോകാതെ ,വേരറ്റ് പോകാതെ എവിടെയെങ്കിലും ഉണ്ടല്ലോ ഇപ്പോഴും ഒരു ഇലഞ്ഞിമരം.....

    2011, "ലോക വനവര്‍ഷമായി" ആഘോഷിക്കുന്ന ഈ വേളയില്‍ പരിസ്ഥിതിദിനമായ ഇന്ന് ( ജൂണ്‍ 5) താങ്കളുടെ "ഇലഞ്ഞിപൂക്കള്‍ പറയുന്നത് "എന്ന ഈ പോസ്റ്റിനു അഭിപ്രായം ഇടാന്‍ കഴിഞ്ഞത് തികച്ചും യാദ്രിശ്ചികം.

    നാളെ ഇവിടെ എല്ലാ വിദ്യാലയങ്ങളിലും സൌജന്യമായി വൃക്ഷത്തയ്കള്‍ വിതരണം ചെയ്യും . ആ കൂട്ടത്തില്‍ ഇലഞ്ഞിയും ഉണ്ടാകുമോ എന്തോ ?. അങ്ങനെയെങ്കില്‍ എനിക്കും വാങ്ങണമെന്ന് ആഗ്രഹമുണ്ട് .ഇനി ബാല്യത്തിലേക്ക് തിരിച്ചു പോകാനും കഴിയില്ലല്ലോ. ഏതെങ്കിലുമൊരു വിദ്യാലയ മുറ്റത്ത്‌ നാളെ പോയാലോ എന്നും തോന്നുന്നു.

    ഇന്ന് 2011 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
    മഴയുടെയും , ഇലഞ്ഞിപൂക്കളുടെയും സുഗന്ധം തിരികെതന്ന ആ ഓര്‍മകളില്‍ താങ്കള്‍ എഴുതിയ പോസ്റ്റ് ഈ ദിനത്തിന് വേണ്ടി ഞാന്‍ സമര്‍പ്പിക്കട്ടെ......?.

    എല്ലാ വായനക്കാര്‍ക്കും ഇലഞ്ഞിപൂക്കളുടെ സുഗന്ധമുള്ള ഒരു നല്ല ദിനം ആശംസിക്കുന്നു,ഒപ്പം മന്‍സൂര്‍ ചെറുവാടിക്കും.

    ഇനിയും എഴുതുക .ആശംസകള്‍.

    ReplyDelete
  45. വല്ലാതെ കൊതിപ്പിച്ചു കളഞ്ഞല്ലോ മാഷേ !!

    ReplyDelete
  46. മഴയായി പെയ്യുന്നത് നനുത്ത ഓര്‍മ്മകളാണ്.. ബാല്യത്തിലേക്ക് കൈ പിടിച്ചു കൊണ്ടു പോവുന്ന സുഖമുള്ള ഓര്‍മ്മകള്‍...
    ഇവിടെ മഴയോടൊപ്പം ഇലഞ്ഞിപൂക്കളുടെ സൗരഭ്യവും ഇതള്‍ വിടര്‍ത്തി... അല്‍പനേരം സിനുവോടൊപ്പം ഞാനും മഴയുടെ ഓര്‍മ്മകളിലൂടെ മഴ വെള്ളം കൈ കൊണ്ടു തട്ടിത്തെറിപ്പിച്ചു.. നല്ല പോസ്റ്റ്‌ മന്‍സ്വൂ...:)

    ReplyDelete
  47. മഴയിലൂടെയുള്ള തുടക്കം വളരെ ഇഷ്ടായി..
    ഭൂമിയിലെ സ്വര്‍ഗ്ഗം
    ഇതായിരിയ്ക്കുമല്ലേ..‘ചെറുവാടി’...
    ഞാനും പറയും ഭൂമിയിലെ സ്വര്‍ഗ്ഗം ന്റ്റെ വീടും, നാടുമാണെന്ന്..തര്‍ക്കിയ്ക്കാനുള്ള ത്വര നല്‍കുന്നൂ ചെറുവാടിയുടെ പ്രകൃതി വര്‍ണ്ണനകള്‍..
    മനസ്സില്‍ കണ്ടു കൊണ്ട് വായിച്ചു.. കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കി, സന്തോഷവും..നന്ദി.
    പിന്നെ, മുന്നയും, സിനുവും...ചക്കര മക്കള്‍ക്ക് ഞങ്ങടെ സ്നേഹം അറിയിയ്ക്കാ..

    ReplyDelete
  48. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു നഷ്ടബോധം ചെറുവാടീ... രണ്ട് വയസ്സില്‍ പത്ത് സെന്റില്‍ നാല് വലിയ മതില്‍കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയ കുട്ടിക്കാലം. സ്വന്തമായി റോഡ് മുറിച്ച് കടക്കാന്‍ പ്രാപ്തിയായെന്ന് ഉമ്മക്ക് ബോധ്യം വരേണ്ടി വന്നു ഗ്രാമത്തെ കൂടുതല്‍ അറിയാന്‍. പൂക്കളോടുള്ള ഇഷ്ടമൊക്കെ അവസാനിച്ചിരുന്നു അപ്പോഴേക്കും. പിന്നീട് പോയതോ... മാങ്ങക്കും, പേരക്കക്കും, വരാലിനും, ഞണ്ടിനും, തോട്ടിലെ ചെമ്മീനിനും പിന്നാലെ. ഈ ഓര്‍മ്മകള്‍ വായിക്കുംബോള്‍ സ്വന്തം ഓര്‍മ്മകള്‍ പൊടി തട്ടി എടുക്കാന്‍ ആകുന്നു എന്നതാണ് എന്നെ ഇവിടേക്ക് വല്ലാതെ ആകര്‍ഷിക്കുന്ന ഒരു ഘടകം...

    രണ്ടാഴ്ച്ച കഴിഞ്ഞ് ഞാനും ഉണ്ടേ... പനി പിടിച്ചാലും വേണ്ടില്ല... മഴ കൊണ്ടിട്ടെന്നെ ബാക്കി കാര്യം...

    ReplyDelete
  49. കാറ്റിന്റെ താളത്തില്‍ ആടുകയും ,
    മഴത്തുള്ളികളോടോപ്പം മാദകഗന്ധമുള്ള പൂക്കള്‍ പൊഴിക്കുകയും ചെയ്യുന്ന ഒരു ഇലഞ്ഞിമരം മനസ്സില്‍ കാഴ്ചയില്‍ എന്നപോലെ വിരിയിക്കുന്നു ഈ പോസ്റ്റ്‌ !
    മഴയുടെ ഇരമ്പത്തില്‍ ആകെ കുളിര്‍ന്നു വിറച്ചു ഉള്ളില്‍ എവിടെയോ പേരറിയാത്ത അനുഭൂതി ആയി പ്രണയവും ഇവിടെ വായിക്കാം .
    നന്നായിരിക്കുന്നു ചെറുവാടി!
    ആശംസകള്‍ ...

    ReplyDelete
  50. ഇതുവരെ നഷ്ടപ്പെട്ട മണൊഹരമായ പ്രകൃതിയെ പുൽകാൻ ലഭിയ്ക്കുന്ന അവസരങ്ങൾ....
    എന്നെപ്പോലെ പ്രവാസിയല്ലാത്ത ഒരാൾക്ക് മനസ്സിലാക്കൻ ബുദ്ധിമുട്ടാണ് എന്നറിയാം...പക്ഷേ ചെറുവാടിയുടെ വാക്കുകൾ നൈർമല്യത്തിന്റെ ഒരു കുന്ന് ഇലഞ്ഞിപ്പൂവിന്റെ സുഭഗഗന്ധം മനസ്സിൽ പരത്തുന്നു...നല്ല പോസ്റ്റ്...

    ReplyDelete
  51. ഗൃഹാതുരരതയില്‍ വിങ്ങുന്ന പ്രവാസത്തില്‍ ശാന്തിതേടുന്ന മനസ്സിന്‍റെ മടക്കയാത്രയാവാം ചെറുവാടിയെ ഓര്‍മ്മയിലെ മഴക്കാലത്തിലേക്ക് തൂലിക ചലിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

    മഴക്കാലവും മാമ്പഴക്കാലവുമെല്ലാം പ്രവാസികളുടെ മനസ്സില്‍ നഷ്ടബോധം നിറക്കുന്ന സുഖമുള്ള നോവുകളാണ്. പ്രവാസം നല്‍കുന്ന വലിയ നഷ്ടങ്ങള്‍ക്കിടയില്‍ ചെറുതല്ലാത്തതാണു അനുഭവിക്കാന്‍ കഴിയാതെ പോകുന്ന ഓരോ മഴക്കാലവും പകൃതി തരുന്ന മഴക്കാല വിഭവങ്ങളും.

    വരികള്‍ക്കിടയിലൂടെ മഴവെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ട് തെങ്ങിന്‍ തോപ്പിലൂടെ, പറമ്പിലൂടെ, പാടവരമ്പിലൂടെ ഞാനും നടന്നു പോകുകയായിരുന്നു. കുസൃതി പിള്ളാരോടൊപ്പം ഇലഞ്ഞിപ്പൂമരം തേടി.

    പോസ്റ്റ് തീര്‍ന്നപ്പോള്‍ തണുത്തു വിറച്ച ഞാന്‍ ചില്ല് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. കത്തുന്ന സൂര്യന്‍റെ താഴെ ഭൂമി ചുട്ടു പഴുക്കുകായാണ്. പ്രവാസിയുടെ മനസ്സ് പോലെ.

    അല്‍പനേരത്തേക്ക് മഴ തന്നു, ഇലഞ്ഞിപ്പൂമണം തന്നു മനസ്സ് തനുപ്പിച്ചതിനു നന്ദി ചെറുവാടി. എഴുത്ത് സൂപര്‍ എന്ന് ഇനി പറയേണ്ടതില്ലല്ലോ.

    ReplyDelete
  52. നന്നായിരിക്കുന്നു.....മഴക്കാലത്തിന്റെയും പ്രകൃതിയുടെയു നനവ് ഉണ്ട്....

    ആശംസകള്‍

    ReplyDelete
  53. ഓര്‍മ്മകള്‍ മരിക്കുന്നില്ല മഴയും മഴക്കാലവും ഓര്‍മകളെ
    കുളിരണിയിക്കുന്നു ഈ വേനല്‍ ചൂടിലും ഇതിലൂടെ
    കുറച്ചു മഴ നനയട്ടെ

    ReplyDelete
  54. പതിവു പോലെ മനസ്സിനെ സന്തോഷിപ്പിച്ച പോസ്റ്റ്, മാഷേ

    ReplyDelete
  55. വളരെ മനോഹരമായി എഴുതി-ഇലഞ്ഞിപൂവിന്റെ സുഗന്ധവും,മഴയുടെ താളവും ശരിക്കും ഉള്‍ക്കൊണ്ടു.ഞാന്‍ മഴക്കാലത്ത് നാട്ടില്‍ പോകുന്നു-ദിവസങ്ങള്‍ എണ്ണിത്തുടങ്ങി.

    ReplyDelete
  56. മഴയുടെ തണുപ്പ് ശരീരത്തിലേക്ക് തുളച്ചു കയറുന്നു!, ഇലഞ്ഞിയുടെ മണം മത്തുപിടിപ്പിക്കുന്നു! ഒരു വേള മനസ്സുകൊണ്ട് ആര്‍ത്തു പെയ്യുന്ന മഴകൊണ്ട് കുളിരണിഞ്ഞ നാട്ടിലെത്തിച്ചു പോസ്റ്റ്‌.
    ചെറുവാടി...!

    ReplyDelete
  57. നശിച്ച മഴയെന്നു പഴിച്ചു പോയ കാലമേ മാപ്പ്!

    എന്നെ നാട്ടില്‍ പറഞ്ഞയച്ചേ അടങ്ങൂ ല്ലേ? :)

    ReplyDelete
  58. ഇവിടെയും ഇപ്പൊ നല്ല മഴയാ... എന്നിട്ടും ഈ പോസ്റ്റ്‌ വായിച്ചപ്പോ നാട്ടിലെ മഴ നനയാന്‍ കൊതിയായി... ചെറുത്‌ പറഞ്ഞപോലെ ആ വാചകങ്ങള്‍ ഞാനും കോപ്പി ചെയ്തു... പിന്നെ ‘എന്‍‌റെ ലോകം' എഴുതിയ കമന്റ്‌ കണ്ടപ്പോ വേണ്ടെന്നു വച്ചു. :)

    ReplyDelete
  59. സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഇലഞ്ഞിമരമുള്ളത് ഇന്ന് ഓർമ്മകൾ മാത്രം…

    മുരിങ്ങയില തോരനും.. ഹായ്! വയറ് വാടകക്ക് വേണ്ട, ലങ്സിന്റെ സ്പേസ് കുറച്ച് വയറ് കൂട്ടിയാലും മതി ;)

    ഇലഞ്ഞിപ്പൂക്കളുടെ മണമറിയിക്കുന്ന പോസ്റ്റ് വീണ്ടും നോസ്റ്റാൾജ്യയിലേക്ക് തിരിച്ചു വന്നു…

    ReplyDelete
  60. നമ്മുടെ നാട്ടിലെത്തുമ്പോൾ ഇതുപോലെ കിട്ടുന്ന സന്തോഷത്തിന്റെ പൂക്കാലങ്ങളാണല്ലൊ പിന്നീട് വീണ്ടുമുള്ള പ്രവാസജീവിതത്തിൽ സുഗന്ധം പരത്തുന്ന ഓർമ്മകളായി ഒഴുകിവരാറ് അല്ലെ മൻസൂർ

    ReplyDelete
  61. മാഷേ വായിച്ചപ്പോൾ ശരിക്കും കൊതി തോന്നി…നാട്ടിൽ പോകാൻ അതിയായ ആഗ്രഹം…നന്നായി എഴുതിയിരിക്കുന്നു….ആസ്വദിച്ച് വായിച്ചു….

    ReplyDelete
  62. ഉള്ളില്‍ കുളിര്‍ മഴ ആയ പോസ്റ്റ്‌......

    ReplyDelete
  63. ഇലഞ്ഞി പൂകളുടെ സുഗന്തമുള്ള മഴത്തുള്ളികള്‍, ചെറുവാടി പഴയകാല ചിന്തകളിലേക്ക് ഒരിക്കല്‍ കൂടി കൊണ്ട് പോയി. ഇലഞ്ഞി പൂകള്‍ എല്ലാം ഇപ്പോഴും ഉണ്ടോ ചെറുവാടി നാട്ടില്‍..

    നല്ല പോസ്റ്റ്‌, ആശംസകള്‍...

    ReplyDelete
  64. വീണ്ടുമൊരു നല്ല പോസ്റ്റ്‌....സൂപ്പര്‍

    ReplyDelete
  65. മഴയിലെ പ്രണയവും പ്രണയത്തിലെ മഴയും ചെറുവാടി എഴുതുമ്പോള്‍ ഞാന്‍ വായിക്കുകയല്ല അനുഭവിക്കുകയാണ്.

    ReplyDelete
  66. ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. കുറെ പോസ്റ്റുകള്‍ വായിച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു വായിക്കാന്‍ ഒരു രസം ഒക്കെയുണ്ട്

    ReplyDelete
  67. ഞാനും അറിയുന്നു, അല്ല അനുഭവിക്കുന്നു ആ ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം, ഈ വരികളിലൂടെ

    ReplyDelete
  68. എങ്ങനെയാ ഇത്രയും മനസ്സിനെ നനക്കുന്ന ഗ്രഹാതുരത്വം സൃഷ്ടിക്കാന്‍ കഴിയുന്നത്... ഈ എഴുത്തിന്‍റെ ഇലഞ്ഞിപ്പൂസുഗന്ധം എന്നെന്നും നിലനില്കട്ടെ.......ഇലഞ്ഞിപ്പൂക്കള്‍ എന്നും എന്‍റെയും കൂട്ടുകാരിയാണ്...

    ReplyDelete
  69. എന്നാലും ന്റെ ചെരുവാട്യേയ്...
    എന്നോടിത് വേണ്ടായിരുന്നു....
    പ്രവാസിയായതിന്റെ പേരില്‍ പ്രയാസിയായി കഴിയുന്ന എന്നോടിത് വേണ്ടായിരുന്നു...
    മനോഹരമായ ചിത്രങ്ങളും, അതിനേക്കാള്‍ മനോഹരമായ വരികളും...
    ഇങ്ങളേയെനിക്ക് പെരുത്തിഷ്ടായി...

    എനിക്കിപ്പോ നാട്ടീ പോണം.......

    ReplyDelete
  70. നന്നായെഴുതി.
    പഴയൊരു ഇലഞ്ഞി ഓര്‍മ്മ വന്നു

    ReplyDelete
  71. നല്ല പോസ്റ്റ്‌. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ്‌ "വഴിയോര കാഴ്ചകള്‍ www.newhopekerala.blogspot.com സസ്നേഹം ... ആഷിക്

    ReplyDelete
  72. ‘എന്റെ വയർ വാടകയ്ക്ക് തരാൻ തയ്യാറാണേയ്...’ ബ്ലോഗൺ വില്ല മഴയത്ത് നട്ടാൽ തളിർക്കില്ലെന്നത് ഇപ്പോഴാണ് മനസ്സിലായത്.താങ്കളുടെകൂടെ ഉമ്മറത്ത് ഞാനും ഇരിക്കാം, കൂട്ടിനായി..... ആ ചെറുപ്രായത്തിലേയ്ക്ക് ഒന്നുകൂടി സഞ്ചരിക്കാൻ മോഹം, ഇതു വായിച്ചപ്പോൾ..... ആശംസകൾ....

    ReplyDelete
  73. മഴ അതിന്റെ ആരവത്തില്‍ ഏറ്റി വരുന്നത്
    നിറയെ ഓര്‍മ്മകള്‍
    അകവും പുറവും തണുക്കുമ്പോള്‍
    തനിമയില്‍ അലിയുന്ന നിര്‍വൃതി!
    എനിക്കും മഴക്കാലം

    ReplyDelete
  74. priya chruvaadi... thankal ezhutiyathonnum njan vaayichilla.. enikku bhayankara madiyaanu.. thankal malappuram jillkkaaran aanennu kandathu kondu maathram oru kurippezhutham ennu vichaarichu. ippo vichaarikkunnundaakum njanum malappuarathu karan aanennu. sory ketto... njan palakkattu kaaranaanu. pakshe joli ivide malappuaram jillayil .. athra mathram... apo pinne eppozhenkilum kaanaam

    ReplyDelete
  75. .
    മഴയെപ്പറ്റിതന്നെ ഇങ്ങനെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടെയിരുന്നുകൂടെ..മഴവിശേഷങ്ങള്‍ നന്നായി..ഞങ്ങള്‍ക്കും ഇവിടെ ഹൈറേഞ്ചില്‍ മഴ നല്ല രസമാണ്.

    ReplyDelete
  76. മഴ പോലെ സുന്ദരമായ ഒരു ബ്ലോഗ്‌

    ReplyDelete
  77. കുട്ടിക്കാലത്തെ ഓർമ്മകൾക്ക് ഇപ്പോഴും എന്തു മധുരമാണ്. വല്ലപ്പോഴും അതൊക്കെ അയവിറക്കുന്നത് ഒരു ഹരംതന്നെ. എന്റെ വീടിനു മുന്നിൽ ഒരു വലിയ ഇലഞ്ഞിപ്പൂമരം ഉണ്ടായിരുന്നു.പൂക്കൾ വീണു നിറഞ്ഞു കിടക്കുന്നത് തൂത്ത് മാറ്റാൻ പെടാപ്പാട് പെടണം.എല്ലാവരും പോയി ഞാനൊറ്റയ്ക്ക് താമസിച്ചു കൊണ്ടിരുന്ന ആവർഷങ്ങളിൽ എനിക്ക് വല്ലാത്ത വെറുപ്പായിരുന്നു ആ മരത്തോട്. വിശാലമായ ആ പറമ്പും, ഇലഞ്ഞിമരവും ഇന്ന് എന്റെ കൈയ്യിലില്ല. ദൂഖകരമായ ഓർമ്മകളേ....നിനക്കു വിട....

    ReplyDelete
  78. ഈ ഓര്‍ക്കകുറിപ്പുകള്‍ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കുന്നു.

    ReplyDelete
  79. mazha...etra paranjaalum aarrkkum mathiyaavillya...ee ezhuthum mazhapole manoharam..manassil mazhayude thanupp nirakkaan kazhinju.

    ReplyDelete
  80. വിരിയുന്ന ഓരോ പൂക്കളും സന്തോഷത്തിന്റെതാവട്ടെ. അത് പരത്തുന്ന സുഗന്ധം സമാധാന പൂര്‍ണ്ണമായ ജീവിതത്തിന്റെതാവട്ടെ . എല്ലാവര്‍ക്കും സ്വന്തമായി ഒരു പൂക്കാലം ഉണ്ടാവട്ടെ

    എഴുതുന്ന പോസ്റ്റുകൾ എല്ലാം ഇതേ പോലെ മഴ നനഞ്ഞതാവട്ടെ, എല്ലാം മഴയുടെ അനുഭൂതി പകരുന്നതാവട്ടെ. ഇക്കാ വൈകിയെങ്കിലും വായിക്കാൻ മറന്നില്ലാ ഈ മഴ പോസ്റ്റ്!

    [നാട്ടിലെത്തിയോ?]

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....