Wednesday, September 21, 2011

എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.



മണലാരണ്യത്തിലെ ചൂടില്‍ വെന്തുരുകുമ്പോഴും ഓരോ പ്രവാസിയും ചെവിയോര്‍ക്കും സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലേക്ക്. സന്തോഷമുള്ള ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ അതേ പോലെ വിഷമിക്കുകയും ചെയ്യുന്ന പ്രവാസ മനസ്സിന്റെ നൊമ്പരങ്ങള്‍ പലരും കാണാതെ പോവാറുണ്ട്.

എന്‍റെ ഗൃഹാതുര സ്മരണകളില്‍ എന്നും നിറങ്ങള്‍ ചാര്‍ത്താറുള്ള ചെറുവാടിയുടെ പകിട്ടിനെ കുറിച്ച് എനിക്കെങ്ങിനെ പറയാതിരിക്കാനാവും. പക്ഷെ ദീര്‍ഘമായ പ്രവാസം ഒരു പരിധിവരെ എന്‍റെ നാടിനെ എന്നില്‍ നിന്നും അകറ്റിയിട്ടില്ലേ..?
അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഈ ശൂന്യത എനിക്ക് അനുഭവപ്പെടാറുണ്ട് എന്നത് സത്യം. ഈ മണല്‍തരികള്‍ക്ക്‌ എന്നെ പരിചയമുണ്ടായിരിക്കും, ചാലിയാറിലേയും ഇരുവഴിഞ്ഞിയിലേയും ഓളങ്ങള്‍ക്ക് എന്നോട് മുഖം തിരിക്കാനുമാവില്ല . കാരണം ഈ മണ്ണില്‍ വീണുരുണ്ടും ഈ ഓളപരപ്പില്‍ നീന്തിതുടിച്ചും വളര്‍ന്നു വലുതായ സമ്പന്നമായ ഒരു ബാല്യമുണ്ടല്ലോ എനിക്ക്. മനസ്സിനെ കുളിര്‍പ്പിച്ച് , കവിളില്‍ ചുംബനം നല്‍കി വീശിയകലുന്ന കാറ്റും എനിക്ക് നല്‍കുന്നത് അതേ ബാല്യത്തിന്റെ ഓര്‍മ്മകളാണ്. അതുകൊണ്ട് തന്നെ ഞാന്‍ കാതോര്‍ക്കുന്നത് പുഴകളും മലകളും അതിരിടുന്ന എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകളിലേക്കാണ് .

ചരിത്രത്തിന് എന്നും വിലപ്പെട്ട സംഭാനകള്‍ നല്‍കിയ മണ്ണാണ് ചെറുവാടി. ഖിലാഫത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍, ധീരമായ സമര വഴികളുടെ ആവേശം നിറക്കുന്ന കഥകള്‍, ഒരു സമര്‍പ്പണത്തിന്റെ ഭാഗമായി ധീര മരണം വരിച്ച രക്തസാക്ഷികള്‍ ഉറങ്ങുന്ന മണ്ണ്. ചരിത്ര പുസ്തകങ്ങളില്‍ പരതിയാല്‍ ഇനിയും കാണും ഈ നാടിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ട നിരവധി സംഭവങ്ങള്‍.

എടുത്ത് പറയേണ്ട ഒന്നാണ് ഞങ്ങളുടെ മത സൌഹാര്‍ദം. വിവിധ മതങ്ങള്‍ , വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഇവര്‍ പരസ്പരം പോര് വിളിച്ചേക്കാം . പക്ഷെ നടുക്കലെ പാലത്തിലിരുന്ന് വെടി പറഞ്ഞ്, താഴെ പാടത്ത് പന്ത് കളിച്ച് , വൈകുന്നേരം ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍ തീരുന്ന വിദ്വാശങ്ങളെ ഞങ്ങള്‍ക്കുള്ളൂ. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഇഷ്ടപ്പെടുന്ന മനസ്സ്. ഈ നാടിന്റെ നന്മയും അത് തന്നെ. നഷ്ടമാവാതെ പോവട്ടെ ഈ സാഹോദര്യം .

വീണ്ടുമൊരു ചരിത്രം രചിക്കാനുള്ള കേളികൊട്ട് തുടങ്ങി കഴിഞ്ഞു ഇവിടെ. നാളെ ഈ ഗ്രാമം അറിയപ്പെടുന്നത് മറ്റൊരു പേരിലാവും. "സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം " എന്ന പേരില്‍. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഉണ്ടായേക്കാം. ഇതെങ്ങിനെ സാധ്യമാകും എന്ന പുച്ഛത്തില്‍ പൊതിഞ്ഞ ചോദ്യവും വന്നേക്കാം. പക്ഷെ എനിക്കുറപ്പുണ്ട് ആ വിസ്മയിപ്പിക്കുന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം അകലെയല്ല എന്ന്. കാരണം ഈ ഗ്രാമത്തിന്റെ നന്മയിലേക്ക് പ്രകാശം ചൊരിയുന്നൊരു വിളക്ക് മരം ഉണ്ട് . നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളുമായി ചെറുവാടിയുടെ സാമൂഹ്യ സാംസ്കാരിക വേദികളില്‍ ശ്രദ്ധേയമായ സ്വാധീനമാകുന്ന "മാറ്റം ചെറുവാടി " എന്ന കൂട്ടായ്മ.

ചെറുവാടി എന്ന പ്രിയപ്പെട്ട ഗ്രാമത്തിന്റെ കുതിപ്പില്‍ സന്തോഷിക്കുകയും കിതപ്പില്‍ വേദനിക്കുകയും ചെയ്യുന്ന എന്നെ പോലുള്ളവര്‍ക്ക് , ഈ പ്രവാസ ലോകത്ത് നിന്നും നേരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രമേയുള്ളൂ. പരിപാവനമായ ഈ ലക്ഷ്യത്തിലേക്കുള്ള
യാത്ര എളുപ്പമാവില്ല. വഴിയില്‍ കല്ലുകളും മുള്ളുകളും ഉണ്ടായേക്കാം. പക്ഷെ കാത്തിരിക്കുന്നത് ചരിത്രമാണ്. നാടിനെ ഓര്‍ത്തു നമ്മുടെ അഭിമാനം ഹിമാലയത്തെക്കാളും ഉയരത്തില്‍ പൊങ്ങുന്ന ഒരു നാളെ. അന്നത്തെ സൂര്യോദയത്തിന് കൂടുതല്‍ പ്രകാശമുണ്ടാവും. വിരിയുന്ന പൂക്കള്‍ക്ക് കൂടുതല്‍ സുഗന്ധമുണ്ടാവും , വീശുന്ന കാറ്റിന് കുളിര്‍മ കൂടും. ഇരുവഴിഞ്ഞിയിലൂടെയും ചാലിയാറിലൂടെയും ഒഴുകുന്ന വെള്ളത്തിന്‌ തെളിമ കൂടും.

ആ സന്തോഷത്തിന്‍റെ ആഘോഷം കാത്തിരിപ്പാണ് ഞങ്ങളെല്ലാം . ചെറുവാടി എന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം , സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന ആ ദിവസവും കാത്ത്. ചരിത്രത്തിന്റെ സ്വര്‍ണ ലിപികളില്‍ ചെറുവാടി എന്ന പേര് എഴുതി ചേര്‍ക്കുമ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷമാവും. നാടിനും ഇതിന്‍റെ പിന്നില്‍ സമര്‍പ്പണ മനസ്സോടെ സംഘടിച്ച "മാറ്റം ചെറുവാടി" എന്ന പ്രസ്ഥാനത്തിനും.

നാട്ടിലെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവാസ മനസ്സിന്റെ പ്രാര്‍ത്ഥന ഇതിനോടൊപ്പം വെക്കുന്നു. ആശംസകള്‍ .

Sunday, September 11, 2011

സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്



മനസാക്ഷിക്കോടതിയില്‍ കുറ്റ വിചാരണ ആരംഭിച്ചു.
പരാതിക്കാര്‍ ഒരുപാട് പേരുണ്ട്.
പക്ഷെ ആരോപ്പിക്കപ്പെട്ട കുറ്റം ഒന്ന് തന്നെ.
കുപ്പിവള കൈകള്‍ ചോദ്യങ്ങളായി നീണ്ടുവരുന്നു.
ഞാന്‍ കണ്ടെത്തേണ്ടത്‌ ഉത്തരങ്ങളാണ്.
ഉത്തരമില്ലാത്ത ചോദ്യമായി വിചാരണ കൂട്ടില്‍ നിന്നും വിയര്‍ത്തു.
സാക്ഷികള്‍ അണിനിരന്നു.
എല്ലാം പരിചിത മുഖങ്ങള്‍. സ്കൂളിലെ നോട്ട് ബുക്കും, കോളേജ് വരാന്തയും , ഇടവഴികളും, ചുറ്റമ്പലവും, മൊബൈലും , ചാറ്റ് റൂമും സാക്ഷി കൂട്ടില്‍ തെളിവുകള്‍ നല്‍കി.
സാക്ഷി മൊഴികള്‍ ശക്തമാണ്. വിചാരണ മനസാക്ഷി കോടതിയിലും. എങ്ങിനെ നിഷേധിക്കും..?
കുറ്റം സമ്മതം നടന്നു .
വിധിയും വന്നു.
"ഇനിയുള്ള രാത്രികള്‍ നിനക്ക് ദുസ്വപ്നങ്ങളുടെത്. കുപ്പിവളകള്‍ വീണുടയുന്ന ശബ്ദങ്ങള്‍ കേട്ട് നീ ഞെട്ടിയുണരും. വീണുടഞ്ഞ വളപ്പൊട്ടുകളുടെ അറ്റം കൊണ്ട് നിന്‍റെ ഹൃദയം മുറിയും. അതില്‍ നിന്നും കിനിയുന്ന രക്തം നിന്‍റെ പ്രായശ്ചിത്തത്തിന്റെ കണക്കില്‍ എഴുതാം. അതുവരെ നിനക്ക് സംഘര്‍ഷങ്ങളുടെ ജീവപര്യന്തം".
വിധിയെഴുത്ത് കഴിഞ്ഞു. വിചാരണ കൂടില്‍ നിന്നുമിറങ്ങി ഇനി സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്.
വിധി അനുകൂലമോ പ്രതികൂലമോ..?

Sunday, September 4, 2011

ഹൃദയത്തിലേക്ക് തുറക്കുന്ന യാത്രകള്‍



ദൂരെ ദൂരെയേതോ ലക്ഷ്യവും തേടി നീണ്ടു പോകുന്നൊരു തീവണ്ടി പാത. രണ്ട് ഭാഗത്തും ധാരാളം വലിയ മരങ്ങള്‍. അത് നല്‍കുന്ന തണല്‍ പാളത്തിലേക്ക് ഇറങ്ങി നില്‍ക്കുന്നുണ്ട് ഈ നട്ടുച്ചയിലും. അരികില്‍ പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ട ഒരു ചരക്കു വാഗണ്‍ കാട് പിടിച്ചു കിടക്കുന്നു. കാലില്‍ ഇക്കിളിയിടുന്ന പച്ചപുല്ലുകള്‍ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ഞാന്‍ നടന്നു. പേരാലിന്‍റെ വള്ളിയില്‍ തൂങ്ങി കളിക്കുന്ന കുരുവികളും ,ഊര്‍ന്നിറങ്ങുന്ന അണ്ണാറകണ്ണന്മാരും അവരുടെ ചലപിലാ ശബ്ദവും മാത്രമാണ് നിശബ്ധതക്ക് ഭംഗം വരുത്തുന്നത്. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ എന്ന ഗ്രാമത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ മുമ്പ് എത്തിപ്പെട്ടപ്പോള്‍ കണ്ട കാഴ്ചയാണ് ഞാന്‍ പറഞ്ഞത്. ഒരിക്കല്‍ കൂടി അവിടെ പോവണം എന്ന് പലവട്ടം മനസ്സ് നിര്‍ബന്ധിച്ചതാണ്‌ എന്നെ. ആ കാട്ടു വഴികളില്‍ , തണല്‍ പാകിയ റെയില്‍ പാളത്തില്‍, ഞാന്‍ കേള്‍ക്കാതെ പോയ ഒരു പാട് ചരിത്ര കഥകള്‍ ഒളിഞ്ഞിരിക്കുന്നത് പോലെ . അതൊരുപക്ഷെ ഈ മണ്ണില്‍ മുളച്ചു പൊങ്ങിയ മലബാര്‍ കലാപത്തിന്‍റെതാവാം അല്ലെങ്കില്‍ മറ്റെന്തോ ഒന്ന്. പക്ഷെ തിരക്കില്‍ പേജുകള്‍ കൂട്ടിമറിച്ചപ്പോള്‍ , ഞാനെന്തൊക്കെയോ വായിക്കാതെ പോയിട്ടുണ്ട് ആ അന്തരീക്ഷത്തില്‍. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നാട്ടിന്‍ പുറം എന്‍റെ മനസ്സിലിങ്ങിനെ പച്ചപിടിച്ച്‌ നില്‍ക്കുന്നതെന്തിന്...?

ഇനി മറ്റൊരു ചിത്രം .



വയനാട്ടിലെ ചെമ്പ്ര കുന്നിന് താഴെ വിശാലമായ തേയില തോട്ടം. ആ തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള കൈവഴിലൂടെ നടന്ന് ഞങ്ങളെത്തിയത് ഡാലിയയും ജമന്തിപ്പൂക്കളും നിറഞ്ഞ ഒരു കൊച്ചു കുടിലിന്‍റെ മുറ്റത്ത്‌. ഓരോ അവധിക്കാലത്തും ഞങ്ങളെ കാത്തിരിക്കുന്ന മച്ചാനും സഫിയാത്തയും ഉണ്ടിവിടെ. ഇവരുടെ സ്നേഹമനുഭവിച്ച്, ഇവിടത്തെ തണുപ്പിനെ പ്രണയിച്ച് ഞാനും ഹഫിയും ഒരു രാത്രി കഴിഞ്ഞിട്ടുണ്ട് "പാടി" എന്ന് വിളിക്കുന്ന ഇവരുടെ ഈ ക്വോര്‍ട്ടേഴ്സില്‍ . ആ പ്രകൃതിയോട് കിന്നാരം പറഞ്ഞ് , പാടിയുടെ പിറകിലൂടെ ഒഴുകുന്ന കാട്ടരുവിയില്‍ കുളിച്ച്, കൊട്ടയിലേക്ക് ചടുലമായ താളത്തില്‍ തേയില നുള്ളിയിടുന്ന സുന്ദരികളെ നോക്കി ഒരു രാത്രിയും പകലും ഇവിടെ കഴിഞ്ഞ നിമിഷങ്ങള്‍. ഇന്നും എന്‍റെ ഓര്‍മ്മ ചെപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന സുന്ദരമായ ഒരനുഭവം ആണത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇവിടെക്കൊരു യാത്ര ഞാന്‍ ആഗ്രഹിക്കാറുണ്ട്.

ഇനി വിഷയത്തിലേക്ക് വരാം. ഇതുപോലെ ഏതെല്ലാമോ പ്രത്യേകതകള്‍ കൊണ്ട് ചില സ്ഥലങ്ങള്‍ നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാറില്ലേ..? പ്രത്യേകിച്ച് ഗ്രാമങ്ങള്‍. ഒരു പുഴ , ഒരു ആല്‍മരം, വായനശാല , അതുമല്ലെങ്കില്‍ ഒരു സ്കൂള്‍ ഇങ്ങിനെ എന്തുമാകാം. ഞാന്‍ മുകളില്‍ എഴുതിയ കാര്യങ്ങള്‍ പോലെ ഒരിക്കല്‍ കണ്ടാല്‍ മനസ്സിലങ്ങിനെ കൊത്തിവെച്ച പോലെ നില്‍ക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും. വീണ്ടും വീണ്ടും അവിടെ എത്തിപ്പെടാന്‍ മനസ്സ് കൊതിക്കും.

അതുപോലെ ഒരുപാടിഷ്ടപ്പെട്ടുപോയ ഒരു ഗ്രാമത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഈ യാത്ര. സ്നേഹം വിതച്ച് സ്നേഹം കൊയ്യുന്ന കലിഗോധന ഹള്ളി എന്ന കന്നഡ ഗ്രാമത്തിലേക്ക് വീണ്ടുമൊരു യാത്ര. "ഗുണ്ടല്‍ പേട്ടയില്‍ ഒരു സൂര്യക്കാന്തിക്കാലത്ത് " എന്ന എനിക്ക് പ്രിയപ്പെട്ട പോസ്റ്റില്‍ ഞാന്‍ ഇങ്ങിനെ എഴുതി ചേര്‍ത്തിരുന്നു .

"തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങളിനിയും വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധിക്കാലത്തിന്."

ആ വാക്ക് ഞങ്ങള്‍ പാലിച്ചിരിക്കുന്നു. കുറഞ്ഞ അവധിയാണെങ്കിലും ഒന്നിവിടെ വരാതിരിക്കാന്‍ പറ്റില്ല ഞങ്ങള്‍ക്ക്. അല്ലെങ്കില്‍ അന്ന് നിങ്ങള്‍ നല്‍കിയ സ്നേഹത്തോടുള്ള നന്ദി കേടാവും അത്. കണ്ടില്ലേ ഇളനീരുമായി മഹിയും കൂട്ടരും ഓടി വരുന്നത്. ഇവനൊരു മാറ്റവും ഇല്ല. തിരഞ്ഞെടുപ്പ് വാഗ്ദാനമായി എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും കര്‍ണാടക ഗവര്‍മെന്റ് നല്‍കിയ സൈക്കിളും ചവിട്ടി പ്രസാദും പറന്നെത്തി. ഞങ്ങളെ കണ്ടപ്പോള്‍ അവന്‍റെ ഉണ്ടകണ്ണ് അത്രത്തോളം വീണ്ടും വലുതായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു കൂടെയുണ്ടായിരുന്ന കുഷണ്ണന്‍റെ മകനാണ് പ്രസാദ്. പക്ഷെ കാലം മാറി. കുഷണ്ണന്‍ ഇപ്പോള്‍ പഞ്ചായത്ത് മെമ്പറാണ്. ബീ ജെ പി യുടെ. പക്ഷെ യെദൂരിയപ്പ ആരാന്നു ചോദിച്ചാല്‍ അങ്ങിനെ ഒരാളുണ്ടോ..ഞാനറിയില്ല എന്ന മട്ടില്‍ നമ്മളെ നോക്കും. അല്ല. നോക്കി. ഇവിടെ തിരഞ്ഞെടുപ്പും മെമ്പറും ഒക്കെ ഒരു ചടങ്ങ് മാത്രമാണ്. അതിനപ്പുറം ആര്‍ക്കും ഒന്നുമില്ല. ഇവര്‍ക്ക് പ്രത്യേകിച്ചും.



ഓരോരുത്തരായി വന്നു തുടങ്ങി. ഇതാണ് സുന്ദരി കറുമ്പി ദര്‍മതി. ഇവളിത്തിരി വളര്‍ന്നിട്ടുണ്ട് . കണ്ണുകളിലെ കുസൃതിക്കും ഉണ്ട് വളര്‍ച്ച. കഴിഞ്ഞ തവണ വന്നപ്പോള്‍ സംഗതിയും പിച്ചും എല്ലാം വേണ്ടുവോളം ചേര്‍ത്ത് ഒരു കന്നഡ പാട്ടുപാടി ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചതാണ് ഇവള്‍. ഒന്നൂടെ പാടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വേല കയ്യിലിരിക്കട്ടെ എന്നായി. പക്ഷെ ഇവരൊക്കെ ഇപ്പോഴും ഓര്‍ക്കുന്നല്ലോ ഞങ്ങളെ. ദര്‍മതി കൈ പിടിച്ച് കൊണ്ടുപോയി രണ്ട് മീറ്റര്‍ സ്ഥലത്ത് അവളുണ്ടാക്കിയ അടുക്കള തോട്ടം കാണിക്കാന്‍ . പല തരത്തിലുള്ള മുളകുകള്‍ മാത്രം. "ചെനായിക്കുത്" (നന്നായിട്ടുണ്ട് ) ആകെ അറിയുന്ന കന്നഡ അവള്‍ക്കു കൊടുത്തു. അവളുടെ ഭാഷയില്‍ തന്നെ അഭിനന്ദനം കിട്ടിയപ്പോള്‍ ദര്‍മതിക്ക് പെരുത്ത്‌ സന്തോഷം.

ഇനി നാട് കാണാന്‍ ഇറങ്ങണം. പെട്ടൊന്ന് ചുറ്റിക്കറങ്ങിയേ പറ്റൂ . ഇന്ന് തന്നെ തിരിച്ച് പോകണം. നേരം വൈകിയാല്‍ കുടുങ്ങിപോകും. ഒമ്പത് മണിക്ക് ബന്ദിപൂര്‍ വനപാത അടക്കും. ഇപ്പോള്‍ രാത്രി യാത്രാനിരോധനം ഉള്ള സമയമാണ്. ഞങ്ങള്‍ നടന്നു തുടങ്ങി.



കാറ്റില്‍ ഒഴുകി വരുന്ന പൂമണം പിടിച്ച് നടന്നു ഞങ്ങളെത്തിയത് ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന വിശാലമായ പാടത്ത് ആണ്. ക്ഷേത്രങ്ങളിലെ പൂജക്കും അലങ്കാരത്തിനും പിന്നെ കന്നഡ സുന്ദരികളുടെ കാര്‍ക്കൂന്തലില്‍ അഴക്‌ വിരിയിക്കാനും ഒരുങ്ങി നില്‍ക്കുകയാണ് ഈ പൂക്കള്‍.
വിശാലമായി പാടങ്ങള്‍ നിറയെ വര്‍ണാഭ പരത്തി നിറഞ്ഞുനില്‍ക്കുന്ന ഈ ചെണ്ടുമല്ലി പൂക്കള്‍ മനസ്സിലൊരു സന്തോഷത്തിന്‍റെ പൂക്കാലം തന്നെ തീര്‍ക്കുന്നുണ്ട്. ഒരു പൂവ് പറിക്കാന്‍ എനിക്ക് പേടി തോന്നിയെങ്കിലും ദര്‍മതി പറിച്ചു തന്നു.



തലയാട്ടി ഞങ്ങളെ വിളിക്കുന്നത്‌ സൂര്യകാന്തി പൂക്കളാണ്. അവരുടെ അടുത്ത് എത്താന്‍ വൈകിയതിലെ പരിഭവം കൂടിയാണത്. സൂര്യകാന്തി തോട്ടങ്ങള്‍ക്ക് ഒരു പ്രണയത്തിന്‍റെ സിംബലുണ്ടോ..? എനിക്കങ്ങിനെ തോന്നി. കാല്‍പനിക പ്രണയ സ്വപ്നങ്ങളില്‍ സൂര്യകാന്തി പൂക്കളും വരാറില്ലേ..? മഞ്ഞ പട്ടുടുത്ത ഈ സുന്ദരി പൂക്കളുടെ അടുത്ത് നില്‍ക്കുമ്പോള്‍ എന്തോ എനിക്കങ്ങിനെ തോന്നുന്നു. പ്രണയത്തിന്‍റെ ചൂടുള്ള ഒരു ചുംബനം നല്‍കി ഞങ്ങള്‍ വീണ്ടും നടന്നു.


ഒരു മൂളിപ്പാട്ട് കേള്‍ക്കുന്നുണ്ടോ..? കരിമ്പിന്‍ കാടുകളില്‍ നിന്നാണ്. വളര്‍ന്നു പാകമായി നില്‍ക്കുന്ന കരിമ്പിന്‍ തോട്ടത്തിനുള്ളിലൂടെ കാറ്റ് വീശുമ്പോള്‍ ശരിക്കും ഒരു പാട്ട് കേള്‍ക്കുന്നത് പോലെതന്നെയുണ്ട്‌. കാറ്റില്‍ തല കുനിച്ചു തന്ന ഏതാനും മുഴുത്ത കരിമ്പ് അരിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തി പ്രസാദ്. തൊലി കടിച്ചു പറിച്ച് ഞങ്ങള്‍ പിന്നെ അത് ചവച്ചു തുപ്പുന്ന തിരക്കിലായി. മത്ത് പിടിക്കും എന്ന അവസ്ഥ ആയപ്പോള്‍ മാത്രമേ നിര്‍ത്തിയുള്ളൂ. വീണ്ടും കുറെ കരിമ്പ് വെട്ടി പ്രസാദ് വണ്ടിയില്‍ വെക്കുന്നു. വേണ്ട എന്ന് പറയരുത്. അത് അവരുടെ അവകാശമാണ്. സ്നേഹത്തിന്‍റെ അടയാളമാണ്.





ഈ കാണുന്ന കാഴ്ച എനിക്ക് ആദ്യത്തെ അനുഭവമാണ്. ചോള കാടുകള്‍. എല്ലാം കായ്ച്ചു കുലച്ചു നില്‍ക്കുന്നു. വിളവെടുക്കാന്‍ ഒരു മാസം കൂടെ കഴിയണം. പക്ഷെ നിരയൊത്ത് നിറഞ്ഞു നില്‍ക്കുന്ന ചോള കൃഷിക്ക് നല്ല ഭംഗിയുണ്ട്. അടുത്ത മാസം വന്നാല്‍ ചോളങ്ങള്‍ തരാമെന്ന്‌ പറഞ്ഞെങ്കിലും അടുത്ത മാസത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും എനിക്കിഷ്ടമില്ല. കാരണം ഈ പച്ചപ്പ്‌ നിറയുന്ന ഓര്‍മ്മകളുമായി കടലിനക്കരെ ആയിരിക്കും ഞാന്‍ . ഏതായാലും പാകമായ ഒരു ചോളം കൃഷിയിടത്തില്‍ നിന്നും കഴിക്കാന്‍ പറ്റാതെ സങ്കടത്തോടെ ഞങ്ങള്‍ നടന്നു.



നമ്മുടെ തീന്മേശകളില്‍ തോരന്‍റെ രുചിഭേദമുമായി വിലസുന്ന ബീന്‍സ്. ഒരു വിളവെടുപ്പ് കഴിഞ്ഞു രണ്ടാം കൃഷി ഇറക്കിയിട്ടുണ്ട്. അതും വിളവെടുപ്പിന് കാത്ത് നില്‍ക്കുന്നു. കുഷണ്ണന്റെ വീടിനു മുമ്പില്‍ ബീന്‍സുകള്‍ കൂട്ടിയിട്ടിരിക്കുന്നു. നാളത്തെ ഓണം മാര്‍ക്കറ്റുകള്‍ സജീവമാക്കാനുള്ളതാണ് ഇതെല്ലാം. തൊട്ടപ്പുറത്ത് തക്കാളി കൃഷിയും. അതും രണ്ടാം വിളയാണ്. ആദ്യത്തേത്‌ എല്ലാം കയറ്റി അയച്ചു കഴിഞ്ഞു.



നേരം ഇരുട്ടി തുടങ്ങുന്നു. തിരിച്ച് പോകണം . പക്ഷെ ഞാന്‍ തേടിയ ഒരു മുഖം മാത്രം ഇതുവരെ കണ്ടില്ല. ചിത്ര. കഴിഞ്ഞ തവണ വന്നപ്പോള്‍ ജാതി വ്യവസ്ഥയുടെപേരില്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ചെറിയൊരു വിഷമം പറഞ്ഞതാണ് അവള്‍. മലയാളികളെ കണ്ട സന്തോഷത്തില്‍ വാ തോരാതെ സംസാരിച്ചതാണ് ആ മലയാളി പുതുപെണ്ണ് . പക്ഷെ ഇത്തവണ കണ്ടില്ലല്ലോ .ഞങ്ങള്‍ വന്നത് അറിഞ്ഞിരുന്നെങ്കില്‍ ഓടി വന്നേനെ. എന്നാലും രണ്ട് ജാതിയെങ്കിലും ഇവിടെ ഒരേ പാടത്ത് തൊട്ടുരുമ്മി വളരുന്ന മല്ലികയെയും സൂര്യകാന്തി പൂവിനേയും പോലെ അവളുടെ ജീവിതവും മാറിയിട്ടുണ്ടാവും എന്ന് ഞങ്ങള്‍ സമാധാനിച്ചു.



ഈ കാഴ്ചകള്‍ മാത്രമാണ് ഇവിടെ മനസ്സിനെ അസ്വസ്തമാക്കുന്നത്. കാളവണ്ടികള്‍. ഭാരിച്ച സാധനങ്ങളുമായി ഈ സാധു മൃഗങ്ങള്‍ കഷ്ടപ്പെട്ടു നീങ്ങുന്നത്‌ കാണാന്‍ വല്ലാത്തൊരു സങ്കടമാണ്. അവര്‍ക്ക് വേറെ മാര്‍ഗമില്ലായിരിക്കാം. പക്ഷെ പ്രതികരിക്കാന്‍ കഴിയാത്ത ഈ മിണ്ടാപ്രാണികളുടെ വേദന ആരറിയുന്നു.



മുഖ്താര്‍ ഹോട്ടല്‍. ഗുണ്ടല്‍ പേട്ട ടൌണ്‍ തുടങ്ങുന്നിടത്താണ് ഈ ഭക്ഷണ ശാല. ഇവിടെ വരുന്ന ഒരാളും ഈ ചെറിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാതെ പോവില്ല. അത്രക്കും പ്രസിദ്ധമാണ് ഇവിടത്തെ വിഭവങ്ങള്‍. രുചിഭേദങ്ങള്‍ തേടിയെത്തിയ അറബികളുടെയെല്ലാം ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അവര്‍. കാട പൊരിച്ചതാണ് ഏറ്റവും പ്രസിദ്ധം. "കുഷ്ക്ക " എന്ന് വിളിക്കുന്ന ഒരു തരം ബിരിയാണിയാണ് ഞങ്ങള്‍ പറഞ്ഞത്. അത് മുമ്പ് കഴിച്ചവര്‍ മറ്റൊരു പരീക്ഷണത്തിന്‌ പോലും നില്‍ക്കാതെ അതില്‍ തന്നെ കയറി പിടിക്കും. അത്രക്കും രുചികരമാണ് കുഷ്ക. കൂടെ സ്പെഷല്‍ മസാലയില്‍ പൊരിച്ചെടുത്ത കാടയും. രുചിയുടെ പിറകെ പോകുന്നവര്‍ക്ക് മുഖ്താറിലെ പാചകപ്പുരയില്‍ ഒരുങ്ങുന്ന വൈവിധ്യങ്ങള്‍ ഒരു നഷ്ടക്കച്ചവടമാകില്ല. ഉറപ്പ്.

ഞങ്ങള്‍ തിരിച്ച് പോകുകയാണ്. മനസ്സിലെവിടെയോ ഒരു വിഷമം പോലെ . ഞങ്ങള്‍ സ്നേഹിച്ച, ഞങ്ങളെ സ്നേഹിച്ച ഗ്രാമവും ഗ്രാമീണരും. ഇങ്ങോട്ടുള്ള ഈ യാത്ര ഞാന്‍ കുറെ ആഗ്രഹിച്ചതാണ്‌. പ്രവാസത്തിന്റെ ചൂടിലും ഉരുകാതെ താലോലിച്ചതാണ്. ഇന്നിവിടെ വീണ്ടും എത്തുമ്പോള്‍ അതേ സ്നേഹം അതേ അളവില്‍ അനുഭവിക്കുമ്പോള്‍ ആ സ്വപ്നങ്ങളൊന്നും വെറുതെ ആയില്ല എന്നറിയുന്നത് എത്ര സന്തോഷം നല്‍കുന്നുവെന്നോ.



ബന്ദിപൂര്‍ വനത്തിലെ ഭീകരമായ നിശബ്ദതയെ ഭേദിച്ച് ഞങ്ങളുടെ വണ്ടി പതുക്കെ നീങ്ങുമ്പോള്‍ എന്‍റെ മനസ്സ് മുഴുവന്‍ ആ ഗ്രാമത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു. പോകരുത്, ഇന്നിവിടെ ഉറങ്ങാന്‍ ഞങ്ങള്‍ മെത്ത വിരിക്കാം എന്ന് പുല്‍മേടുകള്‍ പറയുന്നു. പാട്ട് പാടാമെന്ന് കരിമ്പിന്‍ കാടും, താളം പിടിക്കാമെന്ന് സൂര്യകാന്തി പൂക്കളും പറയുന്നുണ്ട് . പിന്നെ പുതപ്പിച്ച്‌ ഉറക്കാമെന്ന് കോടമഞ്ഞും പറയുന്ന പോലെ.
എന്തോ...എനിക്ക് അന്യമായി തോന്നുന്നില്ല ഈ ഗ്രാമം.

(റെയില്‍ ഫോട്ടോ - ഗൂഗിള്‍ )