വെള്ളിയാഴ്ചകളില്‍ നിന്നും മറ്റൊരു വെള്ളിയാഴ്ച്ചകളിലെക്കുള്ള ദൂരം വളരെ കുറയുന്നു. ഇന്നലെ തന്നെയല്ലേ ജുമാ കഴിഞ്ഞ് ഒരു ബിരിയാണിയും കഴിച്ച് ഇങ്ങിനെ കിടന്നത്. ഒരുതരം യാന്ത്രികമായ ഒഴുക്ക്. പുതിയ സാഹചര്യവുമായി ഇണങ്ങിചേരാന്‍
മനസ്സ് ഇത് വേറെ തയ്യാറായിട്ടില്ലല്ലോ . ഇനിയും ഇങ്ങിനെ കിടന്നാല്‍ ചിന്തകള്‍ കാടുകയറി വട്ടു പിടിക്കും. ഇറങ്ങി നടന്നു. ഫ്ലാറ്റിന്‍റെ മുന്നിലെ ചെറിയ മൈതാനത്ത് എത്ര പ്രാവിന്‍ കൂട്ടങ്ങളാണ്. വെളുത്തതും തവിട്ടു നിറത്തിലും കുറെയെണ്ണം. അവര്‍ തമ്മില്‍ തൊലിനിറത്തിന്‍റെ പേരില്‍ വഴക്കൊന്നും ഇല്ല. എല്ലാരും നല്ല സന്തോഷത്തില്‍ ആണ്. തൊട്ടപ്പുറത്തെ സൂക്കിലെ ഒരു കാവല്‍കാരന്‍ ആണ് ഇവരുടെ അന്നദാതാവ്. പ്ലാസ്റ്റിക്ക് കവറില്‍ നിന്നും വാരി അയാള്‍ എറിഞ്ഞു കൊടുക്കുന്ന ഗോതമ്പ് മണികള്‍ അവ കൊത്തിപെറുക്കുന്നത് കാണാന്‍ നല്ല കൌതുകമാണ്. . .. പിന്നെ എല്ലാവരും കൂടി ഒന്നിച്ചു പറന്നുയരും. അതിരുകളില്ലാത്ത അവരുടെ ആകാശത്ത് ചുറ്റിനടക്കും. വാനവും ഭൂമിയും അവര്‍ക്ക് സ്വന്തമാണല്ലോ. ബംഗാളിയായ കാവല്‍ക്കാരന്‍ അസീസിന്‍റെ കയ്യില്‍ നിന്നും ഗോതമ്പ് മണികള്‍ വാങ്ങി ഞാനും വീശിയെറിഞ്ഞു മൈതാനത്തേക്ക്.. പതുക്കെ പറന്നിറങ്ങി കുണുങ്ങി കുണുങ്ങി നടന്നു വന്ന് അവ കൊത്തി പെറുക്കുന്നതും നോക്കി ഞാനിരുന്നു. സുന്ദരികളും സുന്ദരന്മാരും.
കര്‍ട്ടന്‍ നീക്കിയാല്‍ പബ്ലിക് ബസ് സ്റ്റേഷന്‍ കാണാം താഴെ. തിരക്കിയും തിരക്കില്ലാതെയും പായുന്ന മനുഷ്യര്‍. വിത്യസ്തമായ മുഖഭാവം. ഓരോലക്ഷ്യത്തിലേക്ക് നീങ്ങുന്നവര്‍. , പക്ഷെ ആത്യന്തികമായി ജീവിതം എന്ന ലക്ഷ്യം തന്നെ. ഒരു ചെറിയ ലോകം തന്നെയാണ് ഇവിടെ. എനിക്ക് നോക്കിയാല്‍ കുറെ രാജ്യക്കാരെ കാണാം. ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും അഫ്രിക്കക്കാരും എല്ലാമുണ്ട്. രൂപത്തില്‍ അവരെല്ലാം വിത്യസ്തമാണ്. പക്ഷെ മുഖത്തെ വികാരങ്ങള്‍ക്ക് അതില്ല താനും. ഒരു ബസ് വന്ന് നില്‍ക്കുമ്പോള്‍ ഞാനാദ്യം എന്ന് കരുതി ഓടുന്നവര്‍.., ചിലര്‍ വഴിമാറി കൊടുക്കുന്നു, ജയിക്കുന്നവര്‍, തോല്‍ക്കുന്നവര്‍, തോറ്റു കൊടുക്കുന്നവര്‍ . ഒരു സീറ്റിനു വേണ്ടിയുള്ള ഓട്ടം കാണിക്കുന്നത് ജീവിത ദര്‍ശനത്തെ തന്നെ. പള്ളി മിനാരത്തിന്‍റെ മുകളില്‍ വന്ന് നില്‍ക്കുന്നു സൂര്യന്‍. .. ഒരു പകല്‍ കൂടി അസ്തമിക്കുകയാണ്.
അറബ് നാട്ടിലെ എല്ലാ കടലോരത്തിനും ഒരേ സ്വഭാവമാണ്. ഇവിടെ വീശുന്ന കാറ്റിന് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു തരം മാന്ത്രികതയുണ്ട്. ദുബായ് അബ്രയിലും , ഷാര്‍ജ കോര്‍ണിഷിലും ബഹ്റൈനിലെ സെല്ലാക്കിലും ഒക്കെ അനുഭവിച്ച അതേ സുഖം. ഇന്നിപ്പോള്‍ ഇവിടെ ദോഹ കോര്‍ണിഷിലും. ചെറുതായി ഇളകുന്ന തിരകള്‍ക്കൊപ്പം അലിഞ്ഞു പോകുന്നത് കുഞ്ഞു കുഞ്ഞു വിഷമങ്ങള്‍ ആണ്. ഗൃഹാതുരത്വത്തെ ഏറ്റവും നന്നായി ഓര്‍ക്കാനും അത് അതേ പോലെ ഉരുക്കിക്കളയാനും ഇതിനേക്കാള്‍ നല്ല സ്ഥലമില്ല. വര്‍ണ്ണ വെളിച്ചം വിതറി കുറെ ജലനൗകകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
"അര മണിക്കൂറിന് മുപ്പത് റിയാല്‍. ... വാ ഒന്ന് കറങ്ങി വരാം ". കൂടെയുള്ളവര്‍ പോയി ഒരു ബോട്ടും ഏര്‍പ്പാടാക്കി വന്നു. കാതടപ്പിക്കുന്ന ഇംഗ്ലിഷ് സംഗീതം. ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒരു അടിപൊളി ഹിന്ദി പാട്ടിലേക്ക് മാറി. ഒരു പക്ഷെ അവനു കിട്ടുന്ന കസ്റ്റമേഴ്സ് ഇതൊക്കെയാവും ഇഷ്ടപ്പെടുക."പക്ഷെ എന്‍റെ ബംഗാളി സ്രാങ്കെ,ഞാനിരിക്കുന്നത് നിന്‍റെയീ ലോകത്തൊന്നും അല്ല ട്ടോ. എണ്ണയിട്ടു മിനുക്കിയ നല്ല നാടന്‍ തോണിയില്‍ ആണ്. അതൊഴുകുന്നത് ഈ കടലിലൂടെയല്ല..ഞങ്ങളുടെ ചാലിയാറിലൂടെയാണ്. കേള്‍ക്കുന്നത് നിന്‍റെയീ പേടിപ്പെടുത്തുന്ന ഫ്യൂഷന്‍ സംഗീതമല്ല, ഹൃദയത്തില്‍ ലഹരി പടര്‍ത്തുന്നൊരു മാപ്പിളപ്പാട്ടിന്‍റെ ഈണമാണ്. ഈ രണ്ടുക്കരയിലും കാണുന്നത് വന്‍ കെട്ടിടങ്ങള്‍ ആണ്. പക്ഷെ എന്‍റെ മനസ്സില്‍ അതെല്ലാം തെങ്ങും പ്ലാവും ഗുല്‍മോഹറും തുടങ്ങി കുറെ മരങ്ങളാണ്. അവിടത്തെ നിലാവിന് പകരം വെക്കാനാവുമോ ഈ കൃത്രിമ വെളിച്ചത്തിന്. ഇല്ല. എന്നാലും സുഹൃത്തേ.. ഈ യാത്ര തന്നെയാണ് എന്നെ ആ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയത്. അതിനെന്‍റെ നന്ദി അറിയിക്കുന്നു .
രാത്രി ഷഹാനിയയില്‍ എത്തി. ക്യാമല്‍ റേസ് നടക്കുന്ന സ്ഥലം. നാട്ടുക്കാരന്‍ കേസി ഈ ലോകത്തെ പരിചയപ്പെടുത്തി. ഒരു റേസിനുള്ള ഒരുക്കം മുതല്‍ ഒട്ടകങ്ങളുടെ പരിപാലനം വരെ. മില്ല്യന്‍ ഡോളറിന്‍റെ കളികള്‍. . . ഒരു റൂമില്‍ കുറെ സുഡാനികള്‍ ഇരുന്ന് കുബൂസും ഇറച്ചിക്കറിയും കഴിക്കുന്നു.റേസിനു വേണ്ടി ഒട്ടകങ്ങളെ പരിശീലിപ്പിക്കുന്നവര്‍ ആണിവര്‍. ഞാന്‍ പേര് ചോദിച്ചു. പാത്രത്തില്‍ നിന്നും കണ്ണെടുക്കാതെ അവര്‍ പേരുകള്‍ പറഞ്ഞു. ഓര്‍ക്കണം എന്ന് തോന്നിയില്ല എനിക്ക്. മറവിയാണ് ചിലപ്പോള്‍ നല്ലത്. എല്ലാം നിര്‍വികാരമായ മുഖങ്ങള്‍. . മാന്യമായ വേതനം ഇവര്‍ക്ക് കിട്ടുന്നു എന്ന് മനസ്സിലായി. സന്തോഷിക്കുന്ന ഒരു കുടുംബം ഉണ്ടല്ലോ എന്ന ചിന്തയെങ്കിലും വര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടാവനം. മുമ്പ് കുട്ടികള്‍ ആയിരുന്നു ഒട്ടകത്തിന്‍റെ ജോക്കി ആയി ഉണ്ടായിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം റോബോട്ടുകള്‍ ആ സ്ഥാനം ഏറ്റെടുത്തു. കൂനിമേല്‍ അതും വെച്ച് നടന്ന് നീങ്ങുന്ന കുറെ ഒട്ടകങ്ങളെ കണ്ടു. പുറത്ത് കൂട്ടില്‍ കുറെ ഒട്ടകങ്ങള്‍ ഉണ്ട്. സാധാരണ അവിടേക്ക് പുറത്തുള്ളവരെ കടത്തി വിടില്ല. കാരണം റേസില്‍ പങ്കെടുക്കുന്ന ഒട്ടകങ്ങള്‍ക്കു മറ്റ് ഒട്ടകത്തിന്‍റെ ഉടമകള്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി നല്‍കുമോ എന്ന ഭയമാണ്. പക്ഷെ ഞങ്ങള്‍ അടുത്ത് ചെന്നു. എന്ത് പാവമാണ് ഇവ. മുഖത്ത് തടവുമ്പോള്‍ നമ്മിലേക്ക് കൂടുതല്‍ ചേരുന്നു. സ്നേഹം കൊതിക്കാത്തവര്‍ ആരാണുള്ളത്. അടുത്ത റെയ്സിന് നീ ഒന്നാമാതാവണം ട്ടോ എന്ന് പറഞ്ഞ് ഞാന്‍ മുറിയിലേക്ക് കയറി.
കേസിയും കൂട്ടരും നല്ല ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട്. "ഒട്ടകത്തിന്‍റെ ബിരിയാണി ആണ് ട്ടോ . തട്ടിക്കോ" . പ്ലേറ്റിലേക്ക് നീട്ടിയ കൈ ഞാന്‍ അറിയാതെ പിന്‍വലിച്ചു. കുറച്ച് മുമ്പ് എന്‍റെ കവിളില്‍ ചേര്‍ന്നു നിന്നത് ഇതുപോലൊരു ഒട്ടകം തന്നെയല്ലേ. ഒരു പക്ഷെ നാളെ ഞാനിത് കഴിച്ചെന്നു വരും. പക്ഷെ ഈ നിമിഷം. അതെനിക്ക് പറ്റില്ല. ആദ്യമായി ഒരു ഭക്ഷണത്തിന്‍റെ മുന്നില്‍ നിന്നും ഞാന്‍ ഇറങ്ങി നടന്നു. ഷഹാനിയയിലെ നിലാവില്‍ കുറെ ഒട്ടകങ്ങള്‍ ചിരിക്കുന്നു. ഞാനും അവരോടൊപ്പം ചേര്‍ന്നു.
(ഖത്തറില്‍ വന്നിട്ട് മൂന്നു മാസമായി. എന്തെങ്കിലും ഒന്ന് പറഞ്ഞില്ലേല്‍ ഖത്തര്‍ പിണങ്ങിയാലോ )
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തു
ReplyDelete"ചെറുതായി ഇളകുന്ന തിരകള്‍ക്കൊപ്പം അലിഞ്ഞു പോകുന്നത് കുഞ്ഞു കുഞ്ഞു വിഷമങ്ങള്‍ ആണ്"
ഈ കുഞ്ഞു വരികള്‍ ഏറെ ഇഷ്ടമായി.
ഒരു യാത്ര നല്‍കിയ ഓര്‍മ്മകള്‍ എന്തൊരു സുഖമാണ് അല്ലെ മന്‍സൂര്‍??????
ആ ഭാഗം എനിക്കേറെ ഇഷ്ടമായി.
"സ്നേഹം കൊതിക്കാത്തവര്‍ ആരാണുള്ളത്."
സത്യമാണ്.
ആരും ഇല്ല തന്നെ.
പിന്നേയ്...........അത് കഴിക്കാതിരുന്നത് നന്നായിട്ടോ മന്‍സൂര്‍.
uma.
"പക്ഷെ എന്‍റെ ബംഗാളി സ്രാങ്കെ,ഞാനിരിക്കുന്നത് നിന്‍റെയീ ലോകത്തൊന്നും അല്ല ട്ടോ. എണ്ണയിട്ടു മിനുക്കിയ നല്ല നാടന്‍ തോണിയില്‍ ആണ്. അതൊഴുകുന്നത് ഈ കടലിലൂടെയല്ല..ഞങ്ങളുടെ ചാലിയാറിലൂടെയാണ്. കേള്‍ക്കുന്നത് നിന്‍റെയീ പേടിപ്പെടുത്തുന്ന ഫ്യൂഷന്‍ സംഗീതമല്ല, ഹൃദയത്തില്‍ ലഹരി പടര്‍ത്തുന്നൊരു മാപ്പിളപ്പാട്ടിന്‍റെ ഈണമാണ്."
ReplyDelete-------------------------------------
എന്തിനെ കുറിച്ച് പറഞ്ഞാലും എവിടെപ്പോയാലും അവസാനം കറങ്ങി തിരിഞ്ഞു നമ്മള്‍ നമ്മുടെ ചാലിയാറില്‍ എത്തും ചെരുവാടീ ..പോസ്റ്റില്‍ ഏറ്റവും ഇഷ്ട്മായതും ഈ പാര തന്നെ !--------------------------------------
എന്നാലും ഒട്ടകബിരിയാണി കഴിക്കാതെ പോന്നു ല്ലേ .ചേര തിന്നുന്നവരുടെ നാട്ടില്‍ പോയാല്‍ നടുക്കഷ്ണം തിന്നണം ന്നു കേട്ടിട്ടില്ലേ ?
==========================================
വെള്ളിയാഴ്ചകളില്‍ നിന്നും മറ്റൊരു വെള്ളിയാഴ്ച്ചകളിലെക്കുള്ള ദൂരം വളരെ കുറയുന്നു. ഇന്നലെ തന്നെയല്ലേ ജുമാ കഴിഞ്ഞ് ഒരു ബിരിയാണിയും കഴിച്ച് ഇങ്ങിനെ കിടന്നത്!!
ഹഹഹ് ഇങ്ങനെ പോയി പോയി ഇനി എന്നാണാവോ ഞായറാഴ്ച വെള്ളിയാഴ്ച ആകുന്നത് ? അപ്പോള്‍ രണ്ടു ലീവ് ഒന്നിച്ചു കിട്ടുമല്ലോ
അപ്പൊ ശനിയോ?
Deleteee velliyaazhcha ellayidathum biriyaaniyaa???
ReplyDeletekazhikkanda mansu cholesterol ...sookshicho ;P
ദോഹയില്‍ ഞാനും ജോലി ചെയ്തിട്ടുണ്ട്. ചെറുവാടി പറഞ്ഞതുപോലെ കോര്‍ണിഷിലെ കാറ്റിനു ഒരു തരം പ്രത്യേകതയുണ്ട്. പക്ഷെ നമ്മുടെ നാടിന്റെ സുഗന്ധം മാത്രമില്ല. ഒട്ടകബിരിയാണി സൌദിയില്‍ വെച്ച് കഴിച്ചിട്ടുണ്ട്. ഒരു അറബി കല്യാണത്തിനു ജിദ്ദ റോസ് വുഡ് ഹോട്ടലില്‍ വെച്ച്.
ReplyDeleteGulf-നെ ക്കുറിച്ച് ഇങ്ങിനോയൊക്കെയേ എന്നെപോലെയുള്ളവര്‍ക്ക് അറിയാനാകൂ.മന്‍സൂറിന്റെ എഴുത്തിനെക്കുറിച്ചാണെങ്കില്‍ പറയാനുമില്ല.ഇതൊരു വരദാനമാണ്.കൂടെ ഇത്രകൂടി കുറിക്കട്ടെ.ഉപ്പയുടെ പുസ്തകത്തെക്കുറിച്ച് നല്ലൊരു റിവ്യൂ എഴുതണം.ആശംസകള്‍ !
ReplyDeleteവിവരണം മനോഹരമായി.യാത്രാനുഭവങ്ങള്‍ പകര്‍ത്തിയ ഭാഷയും നന്നായി.
ReplyDeleteഎവിടെയൊക്കെ പോയാലും മനസ്സ് കറങ്ങിത്തിരിഞ്ഞ് നാട്ടിലെത്തും..!
ReplyDeleteഎന്നാലെ ഒരു സമാധാനമുള്ളു...!!
ആശംസകൾ...
വിവരണം നന്നായി ചെറുവാടീ.. ഒരു പ്രാവസിയ്ക്ക് എളുപ്പം മനസ്സിലാകുന്ന വികാരം.
ReplyDeleteചിങ്ങനിലാവ് പരന്നോഴുകുന്നത് പോലെ വാക്കുകളോടെ പ്രവാഹം .മനോഹരമായ് പ്രതിപാദ്യം .ഏതു നാട്ടില്‍ ചെന്നാലും പെറ്റ നാടിനെ മറക്കാത്ത കൂറ് .സുന്ദരമായ ഈ ലേഖനം അതെല്ലാം സാക്ഷ്യപ്പെടുത്തുന്നു ..
ReplyDeleteമനോഹരം മന്‍സൂര്‍ക്കാ.. സ്ഥല വിവരണങ്ങള്‍ നല്‍കുന്നതില്‍ കാണിക്കുന്ന കയ്യടക്കവും ഭാഷാ ഭംഗിയും പ്രത്യേകം എടുത്തു പറയട്ടെ. അനുഭവിച്ചവരെ വീണ്ടും അനുഭവിപ്പിക്കാനും അറിയാത്തവര്‍ക്ക് സ്വയം അറിഞ്ഞ ഫീല്‍ നല്‍കാനും ഇപ്പോഴും കഴിയുന്നുണ്ട് .
ReplyDelete"അര മണിക്കൂറിന് മുപ്പത് റിയാല്‍. ... വാ ഒന്ന് കറങ്ങി വരാം ". കൂടെയുള്ളവര്‍ പോയി ഒരു ബോട്ടും ഏര്‍പ്പാടാക്കി വന്നു. കാതടപ്പിക്കുന്ന ഇംഗ്ലിഷ് സംഗീതം. ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒരു അടിപൊളി ഹിന്ദി പാട്ടിലേക്ക് മാറി. ഒരു പക്ഷെ അവനു കിട്ടുന്ന കസ്റ്റമേഴ്സ് ഇതൊക്കെയാവും ഇഷ്ടപ്പെടുക."പക്ഷെ എന്‍റെ ബംഗാളി സ്രാങ്കെ,ഞാനിരിക്കുന്നത് നിന്‍റെയീ ലോകത്തൊന്നും അല്ല ട്ടോ. എണ്ണയിട്ടു മിനുക്കിയ നല്ല നാടന്‍ തോണിയില്‍ ആണ്. അതൊഴുകുന്നത് ഈ കടലിലൂടെയല്ല..ഞങ്ങളുടെ ചാലിയാറിലൂടെയാണ്. കേള്‍ക്കുന്നത് നിന്‍റെയീ പേടിപ്പെടുത്തുന്ന ഫ്യൂഷന്‍ സംഗീതമല്ല, ഹൃദയത്തില്‍ ലഹരി പടര്‍ത്തുന്നൊരു മാപ്പിളപ്പാട്ടിന്‍റെ ഈണമാണ്. ഈ രണ്ടുക്കരയിലും കാണുന്നത് വന്‍ കെട്ടിടങ്ങള്‍ ആണ്. പക്ഷെ എന്‍റെ മനസ്സില്‍ അതെല്ലാം തെങ്ങും പ്ലാവും ഗുല്‍മോഹറും തുടങ്ങി കുറെ മരങ്ങളാണ്. അവിടത്തെ നിലാവിന് പകരം വെക്കാനാവുമോ ഈ കൃത്രിമ വെളിച്ചത്തിന്. ഇല്ല. എന്നാലും സുഹൃത്തേ.. ഈ യാത്ര തന്നെയാണ് എന്നെ ആ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയത്. അതിനെന്‍റെ നന്ദി അറിയിക്കുന്നു .
ReplyDelete***********************************************************
കേസിയും കൂട്ടരും നല്ല ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട്. "ഒട്ടകത്തിന്‍റെ ബിരിയാണി ആണ് ട്ടോ . തട്ടിക്കോ" . പ്ലേറ്റിലേക്ക് നീട്ടിയ കൈ ഞാന്‍ അറിയാതെ പിന്‍വലിച്ചു. കുറച്ച് മുമ്പ് എന്‍റെ കവിളില്‍ ചേര്‍ന്നു നിന്നത് ഇതുപോലൊരു ഒട്ടകം തന്നെയല്ലേ. ഒരു പക്ഷെ നാളെ ഞാനിത് കഴിച്ചെന്നു വരും. പക്ഷെ ഈ നിമിഷം. അതെനിക്ക് പറ്റില്ല. ആദ്യമായി ഒരു ഭക്ഷണത്തിന്‍റെ മുന്നില്‍ നിന്നും ഞാന്‍ ഇറങ്ങി നടന്നു. ഷഹാനിയയിലെ നിലാവില്‍ കുറെ ഒട്ടകങ്ങള്‍ ചിരിക്കുന്നു. ഞാനും അവരോടൊപ്പം ചേര്‍ന്നു.
മൂന്നു മാസങ്ങള്‍ കൊണ്ട് നിങ്ങള്‍ ദോഹയിലെ കാഴ്ചളെ പറ്റി നന്നായി വിവരിച്ചു ..23 വര്‍ഷമായിട്ടും ഇതു പോലെ യുള്ള ഒരെണ്ണം എഴുതാന്‍ പറ്റിയില്ല ...ആശംസകള്‍ സഹോദരാ..
ഒരു പ്രവാസിയുടെ കുഞ്ഞു സങ്കടങ്ങള്‍ ...നന്നായി ചെറുവാടി ...
ReplyDeleteനന്നായിരിക്കുന്നു ചെറുവാടീ. സങ്കടങ്ങളൊക്കെ ഇങ്ങനെ ഒഴിഞ്ഞ് പോകട്ടെ. അല്ലാതെന്താ...
ReplyDeleteവെള്ളിയാഴ്ചമുതല്‍ വെള്ളിയാഴ്ചവരെയുള്ള ദൂരം കുറയട്ടെ... കുറച്ചുകാലം കഴിയുമ്പോള്‍ മിക്ക പ്രവാസികളെയും ബാധിക്കുന്ന ഒരു 'മടുപ്പ്' അവിടെയും ബാധിച്ചുതുടങ്ങി എന്ന് ഇത് വായിക്കുമ്പോള്‍ തോന്നുന്നു.. (ചിലപ്പോള്‍ ഞാന്‍ ഈ മടുപ്പും ചുമലിലിട്ടു നടക്കാന്‍ തുടങ്ങിയതുകൊണ്ട് എനിക്ക് തോന്നുന്നതാവം)...ചെറുതെങ്കിലും വിവരണം നന്നായി.
ReplyDeleteപുതിയ സ്ഥലത്തെക്കുറിച്ച പരിചയപ്പെടുത്തല്‍ ഭംഗിയായി.
ReplyDeleteദിവസങ്ങള്‍ തമ്മിലുള്ള ദൂരം കുറയാന്‍ കാത്തിരിക്കുന്നവരാണ് അധികം പ്രവാസികളും എന്ന് തോന്നുന്നു....
'അറബ് നാട്ടിലെ എല്ലാ കടലോരത്തിനും ഒരേ സ്വഭാവമാണ്. ഇവിടെ വീശുന്ന കാറ്റിന് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു തരം മാന്ത്രികതയുണ്ട്. ദുബായ് അബ്രയിലും , ഷാര്‍ജ കോര്‍ണിഷിലും'
ReplyDeleteസത്യം... മണിക്കൂറുകളോളം ആ കാറ്റേറ്റ് ഇരുന്നിട്ടുണ്ട്. ആ കാറ്റിനോടൊപ്പം മനസ്സ് ഒരുപാട് ദൂരം സഞ്ചരിക്കാറുമുണ്ട്...
മനോഹരമായി എഴുതി മന്‍സൂ... അഭിനന്ദനങ്ങള്‍
(ഞാന്‍ പേര് ചോദിച്ചു. പാത്രത്തില്‍ നിന്നും കണ്ണെടുക്കാതെ അവര്‍ പേരുകള്‍ പറഞ്ഞ്.) ഇവിടെ ഒരു കല്ലുകടി. 'പറഞ്ഞു' എന്നാക്കുമല്ലോ...
അപ്പൊ ഇതാണ് ദോഹ... പെരുത്തിഷ്ടായി ദോഹയല്ല എഴുത്ത്
ReplyDeleteദോഹയിലെ കാഴ്ചകള്‍, വിശേഷങ്ങള്‍ എല്ലാം ഭംഗിയായി എഴുതി. പ്രവാസിയുടെ സ്ഥായിയായ ഗൃഹാതുരത ഇവിടെയും നിഴലിച്ചു കണ്ടു.
ReplyDeleteസുപ്രഭാതം..
ReplyDeleteഷഹാനിയയെ ചെറുവാടി കൂടുതല്‍ മൊഞ്ചത്തി ആക്കിയിരിക്കുന്നു..
പുതിയ ചുറ്റുപാടുകളേയും ബന്ധങ്ങളുമായും ഇണങ്ങി ചേരാന്‍ ഇച്ചിരി സമയം പിടിക്കും..
ആ സിക്ക്നസ്സ് എഴുത്തിലൂടെ ആശ്വാസം കൊള്ളുവാനും..
പ്രിയ മിത്രങ്ങളുടെ ആശ്വാസ വചനങ്ങളിലൂടെ പുതിയ ഇടം പ്രിയമുള്ളതാകുവാനും കഴിയുന്നത് സന്തോഷമല്ലേ..
നന്നായിരിക്കുന്നു..ആശംസകള്‍ ട്ടൊ..!
ചിത്രങ്ങളിലൂടെയാണ്‍ ഞാന്‍ വായന്‍ ആസ്വാദിച്ചത്..
അവ ഗൂഗിളിന്‍റേതായിരുന്നു എന്നറിഞ്ഞപ്പൊ ഇച്ചിരി നിരാശ.. :(
ദോഹയെ കുറിച്ച് ചെറുതെങ്കിലും സുന്ദരമായ ഈ വിവരണം ചെറുവാടി ഹൃദ്യമാക്കി അവതരിപ്പിച്ചു. എന്തെഴുതുമ്പോഴും അറിയാതെ കടന്നു വരുന്ന ആ ഗൃഹാതുരസ്മരണകള്‍ വരികള്‍ക്കിടയില്‍ ഒരു പ്രത്യേക അനുഭവ തലം പ്രദാനം ചെയ്തു... ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട് .... :)
ReplyDeleteഇഷ്ട്ടായി.
ഖത്തറില്‍ ഞാന്‍ ഏറെക്കാലം ആയെങ്കിലും ചെറുവാടിയുടെ കണ്ണില്‍ക്കൂടി കണ്ട ആ ഖത്തര്‍ ഒന്ന് വേറെ തന്നെ!
ReplyDeleteവശീകരണസ്വഭാവമുള്ള ഈ എഴുത്ത് ശൈലിക്ക് , തിരശീലയിലെന്ന പോലെ നമുക്ക് അനുഭവഭേദ്യമാക്കാനുള്ള കഴിവുണ്ട് !
ഖത്തര്‍ ബ്ലോഗര്‍മാരില്‍ ഒരു നല്ല എഴുതുക്കാരന്‍ കൂടി ചേരുന്നതില്‍ സന്തോഷം ....
ചെറുവാടിക്ക് സ്വീകരണമായി ചെറുവെടി ഒന്ന് , വലിയവെടി ഒന്ന് !!!
ഷഹാനിയ, ആ പേരിലൊളിച്ചിരിക്കുന്ന കാവ്യാത്മകത എഴുത്തിലുടനീളം തെളിഞ്ഞു നില്ക്കുന്നു. വായിക്കാന് വല്ലാത്തൊരു സുഖമുണ്ട്.
ReplyDeleteകാണാത്ത ഒരു നാടും, അവിടത്തെ കുറെ അനുഭവങ്ങളും.
ReplyDeleteനല്ല ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
അതെ,
ReplyDeleteമരുഭൂമിയുടെ പ്രകൃതിയെ തെല്ലു നേരം കയ്യൊഴിഞ്ഞ് വായനക്കാരന്‍റെ മനസിനെ ചാലിയാറിന്റെ കുളിരണിയിച്ച, ഗ്രഹാതുരത്വം ഉണര്‍ത്തിയ ആ ഓര്‍മ്മകള്‍ തന്നെയാണ് ഈ കുറിപ്പിന്റെ ഹൈലൈറ്റ്.
നന്നായിരിക്കുന്നു മന്‍സൂര്‍,
പ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteദോഹയെ, മനോഹരിയായി വര്‍ണിക്കുന്ന വാക്കുകളില്‍,ചങ്ങായിയുടെ ആത്മാവ് കാണാനില്ല. എങ്കിലും, എഴുതിയല്ലോ. സന്തോഷം.
ഈ പുഴയും സന്ധ്യകളും ഓര്‍മകളില്‍ പീലി വിടര്‍ത്തുമ്പോള്‍,
വീണ്ടും, ചാലിയാറിന്റെ തീരങ്ങളില്‍ എത്തുന്ന മനസ്സ്,
ശുഭസൂചന നല്‍കുന്നു,ആത്മാവ് നിറഞ്ഞു നില്‍ക്കുന്ന എഴുത്തിനു.
ആഹ്ലാദം തുടിക്കുന്ന നിമിഷങ്ങള്‍ തിരിച്ചു കിട്ടട്ടെ.ഇന്ഷ അള്ള !
സസ്നേഹം,
അനു
ReplyDeleteഎത്ര മനോഹരമായി വാക്കുകള്‍ ഒഴുകുന്നു,ഒരു യാത്ര കുറിപ്പിനും അപ്പുറം അത് വായനക്കാരനെ തൊട്ടു തലോടി തന്റെ മായാജാലം കാട്ടി വശീകരിച്ചു കൂടെ കൊണ്ട് പോകുന്നു ,സത്യം പറഞ്ഞാല്‍ എനിക്ക് അസൂയയാണ് മന്‍സൂര്‍ ജിയോട് ,ആ എഴുത്തിന്റെ ആത്മ സ്പര്‍ശം കണ്ടിട്ട് :) ദൈവ ദാനമാണ് ഈ കഴിവ്,. മടിപിടിച്ച് ഇരിക്കാതെ ഇനിയും എഴുതണം .............
മന്‍സൂര്‍ കൈഒപ്പു ഈ പോസ്റ്റിലും തെളിഞ്ഞു കാണാം .....ഒരുപാട് ഇഷ്ട്ടായി,വയനയെക്കാള്‍ ഒരു ഫീല്‍ ആണ് ഈ വാക്കുകളിലുടെ കടന്നു പോകുമ്പോള്‍ .............ഉപ്പയുടെ മോന്‍ ഉപ്പയെക്കള്‍ വലിയവനായ് മാറും എന്ന് എനിക്കുറപ്പ!
എല്ലാ ആശംസകളും, ഒരു ദുഃഖം മാത്രം ബാക്കി, ബഹറിനില്‍ താമസിച്ചിട്ട്, അധികം ഒന്നും പവിഴ് ദ്വീപിനെ കുറിച്ച് എഴുതി കണ്ടില്ല ,ഒരികല്‍ കൂടുതല്‍ നമ്മുടെ കൊച്ചു സുന്ദരിയെ കുറിച്ച് എഴുതും എന്ന് പ്രതീക്ഷിക്കുന്നു.
ആസ്വാദ്യകരമായ ശൈലിയില്‍ തന്നെ വിവരണങ്ങളും നല്‍കിയിരിക്കുന്നു.
ReplyDeleteഫോട്ടോകളും മനോഹരമായി.
ആശംസകള്‍
ബിരിയാണിയുടെ കഥ പറഞ്ഞത് ശരിക്കും വേദനിപ്പിച്ചു..
ReplyDeleteഈയിടെ നാട്ടില്‍ വെച്ചു ഒരു ബന്ധു വീട്ടില്‍ ആമയിറച്ചി
കഴിക്കാന്‍ അവസരം കിട്ടി..തലേ ദിവസം കിട്ടിയ
ആമയെ കുറെ സമയം വീട്ടില്‍ ഒരു പാത്രത്തില്‍ വെള്ളത്തില്‍
നീന്താന്‍ വിട്ടിരുന്നു എന്ന് കേട്ടു.. ഒരു കൌതുകത്തിന് എങ്ങനെ
ആണ് ആമയെ കൊല്ലുന്നത് എന്ന് ചോദിച്ചു? തിളച്ച വെള്ളത്തിലേക്ക്
അതിനെ ഇട്ടു എന്നും മരണ വെപ്രാളത്തില് അത് കയ്യും തലയും കഴുത്തും പുറത്തേക്കു വലിച്ച് നീട്ടി എന്നും അല്പം വിഷമത്തോടെ അവിടുത്തെ ഒരു കുട്ടി പറഞ്ഞപ്പോള്‍ എനിക്കും മനസ്സില്‍ ഒരു കൊളുത്തിപ്പിടുത്തം..
ജീവിതത്തില്‍ ഇന്ന് വരെ കഴിച്ചിട്ടില്ല ഞാന്‍ അത്..അന്നും വേണ്ടെന്നു വെച്ചു..ഇനി കഴിക്കരുത് എന്നും മനസ്സില്‍ ആഗ്രഹിച്ചു..മന്‍സൂര്‍ പറഞ്ഞത് പോലെ ഒരു പക്ഷെ നാളെ കഴിക്കുമായിരിക്കും.എന്നാലും അപ്പോള്‍ അങ്ങനെ ചെയ്യാന്‍ ആണ് തോന്നിയത്..
വളരെ സ്വാഭാവികമായ അവതരണം...അഭിനന്ദനങ്ങള്‍
മന്‍സൂര്‍..
ദോഹയുടെ വെള്ളിയാഴ്ചകളുമായി പൊരുത്തപ്പെട്ടു
ReplyDeleteവരുന്നു അല്ലെ?
പ്രവാസത്തിൽ കൊഴിഞ്ഞു പോയ മറ്റൊരു ദിനം, വളരെ രസമായി സുന്ദരമായി അവതരിപ്പിച്ചു
ReplyDeleteആശംസകൾ
ഒരു വെളളിയാഴ്ച കറക്കം നല്ലൊരു പോസ്റ്റായി വന്നുവല്ലേ... എല്ലാ പ്രവാസികളെയും പോലെ ഞങ്ങളും വെള്ളിയാഴ്ച വൈകുന്നേരമാകുമ്പോള്‍ അടുത്ത വ്യാഴാഴ്ച വരാന്‍ ഇനിയെത്ര ദിവസമുണ്ടെന്ന് കണക്കുകൂട്ടലാണ് പണി..
ReplyDeleteപോകുന്ന സ്ഥലങ്ങളെല്ലാം ചെറുവാടിയാക്കുന്ന പരിപാടി തുടങ്ങിയല്ലെ... എന്നാലും ആ ബിരിയാണി ...
ReplyDeleteവര്‍ത്തമാനവും ഭൂതവും ഇഴപിരിഞ്ഞു കിടക്കുന്ന പോസ്റ്റ്., ഖത്തറിനെ പിണക്കാതിരിക്കാന്‍ ഇനിയും ശ്രദ്ധിക്കണം.
ReplyDeleteദോഹയില്‍ തുടങ്ങി ചെറുവാടിയില്‍ പോയി പിന്നെയും ദോഹയില്‍ വന്നത് പോലെ. എഴുത്തിന്‍റെ മാസ്മരികത യാത്രയെ മനോഹരമാക്കി. നിങ്ങളോട് സ്നേഹം കലര്‍ന്ന ഒരസൂയ തോന്നിത്തുടങ്ങിയിരിക്കുന്നു.
ReplyDeleteഗൃഹാതുരതയുടെ നൊമ്പരങ്ങള്‍ ചെറുവാടിയില്‍ നിന്നും കേള്‍ക്കുമ്പോള്‍ അതിന്റെ സുഖം പറഞ്ഞറിയിക്കാനാവാത്തതാണ് . ചാലിയാറിന്റെ ഓളപ്പരപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ഒപ്പം ദോഹയിലെ ഗൃഹാതുരതയിലേക്കും..
ReplyDeleteമനോഹരമായ ദോഹയുടെ കടൽത്തീരക്കാഴ്ച്ചകളിലൂടെ
ReplyDeleteഗൃഹാതുരത്വ സ്മരണകൾ അയവിറക്കി മൻസൂറിന്റെ ഇത്തരം
സഞ്ചാരങ്ങളിലെ സന്തോഷവും ,സങ്കടവുമൊക്കെ ഇതൊക്കെ വായിക്കുന്ന
ഓരൊ പ്രവാസിയും തൊട്ടറിയുന്നുണ്ടാകും...!
അതാണീയെഴുത്തിന്റെ മാന്ത്രികത കേട്ടൊ ഭായ്
ഇഷ്ടമായി എഴുത്ത്...
ReplyDeleteനല്ല ഒരു പോസ്റ്റ് കൂടി ...ഇനി എത്ര കിടക്കുന്നു ഒരീസം ആ ഒട്ടകവും തീന്മേശയില്‍ വരില്ലേ?..
ReplyDeleteഈ വരച്ചിടുന്ന ചിത്രം ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്തതും ഇനി ഒരിക്കലും കാണാനിടയില്ലാത്തതുമാണ്.
ReplyDeleteഅതുകൊണ്ട് കൌതുകത്തോടുകൂടി വായിക്കുന്നു
അവതരണത്തിലെ മാന്ത്രികതയാണ് ചെറുവാടിയുടെ പോസ്റ്റുകളെ സുന്ദരമാക്കുന്നത്.
ReplyDeleteചാലിയാര്‍ എല്ലായ്പോഴും,ഒരു അതിഥിയായി എത്തുമ്പോള്‍ വിവരണങ്ങള്‍ ഒന്ന് കൂടി മികവാര്‍ജിക്കുകയും,ചെയ്യും......................
അഭിവാദ്യങ്ങള്‍....
എന്തെങ്കിലുമൊക്കെ പറയണമായിരുന്നോ...? ഖത്തര്‍ പിണങ്ങിയെങ്കിലെന്ത്..!!
ReplyDeleteഇഷ്ടമായി
ReplyDeleteആശംസകള്‍
മന്‍സൂറിന്റെ മനസ്സുള്ള ഒരാള്‍ക്ക് ഒരിക്കലും ആ ബിരിയാണി കഴിക്കാനാവുമായിരുന്നില്ല.
ReplyDeleteഹൃഹാതുരതകളെ അകറ്റുന്ന ഖത്തറിലെ കാറ്റും മനസിനെ തൊട്ടു.
ഖത്തറില്‍ ചെന്നിട്ട് മൂന്നു മാസമായിട്ടും പോസ്റിടാന്‍ എന്തെ വൈകി ചെറുവാടി..?
ReplyDeleteഖത്തറിനെ പിണക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണെ ട്ടോ ..
അടുത്ത ഖത്തര്‍ വിശേഷങ്ങള്‍ വളരെ പെട്ടെന്ന് പോരട്ടെ ...!!
സുന്ദരം സഖേ ....... ഈ വരികള്‍ ...
ReplyDeleteആദ്യ പാദത്തിലേ വരികളൊക്കെ
വല്ലാത്ത ഒരു മാന്ത്രിക സ്പര്‍ശം ഉണ്ട് ..
അറിയാതെ ഉള്ളിലേക്കിറങ്ങി പൊകുന്നുണ്ടവ ...
പ്രവാസം തീര്‍ക്കുന്ന ചിലതില്‍ നിന്നും പൊന്മുത്തുകളാണ്
പൊഴിഞ്ഞ് വീഴുന്നത് , പുതിയ പ്രദേശം മനസ്സിനേ പതിയേ
സ്വസ്ഥമായ തുരുത്തിലേക്ക് പതിയേ കൂട്ടുന്നു എന്നതിന്
വരികള്‍ തെളിവിടുന്നു , അല്ലെങ്കിലും അതിജീവനത്തിന്റെ
പാതയില്‍ നാമൊക്കെ അതു സ്വയം വരിക്കുന്നു എന്നുമാകാം ..
എത്ര കാതമകലെയെങ്കിലും , ഒരു നിമിഷം മതി , ഒരു കാഴ്ച മതി
നമ്മുടെ മനസ്സ് കുരുങ്ങി കിടക്കുന്ന നാട്ടിലേക്ക് പൊകുവാന്‍ ..
താരതമ്യപെടുത്തലുകളില്ലാതെ എല്ലാം നെഞ്ചേറ്റി , അതില്‍ നിറവു കണ്ട് ..
നന്നായി എഴുതി , മന്‍സൂ .. പതിയേ മനസ്സില്‍ നിന്നും പൊഴിഞ്ഞു വീണ
അക്ഷരങ്ങള്‍ക്ക് ഒരു മരുഭൂവിലേ മഴ കൊണ്ട പ്രതീതി ..
ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും അഫ്രിക്കക്കാരും എല്ലാമുണ്ട്. രൂപത്തില്‍ അവരെല്ലാം വിത്യസ്തമാണ്. പക്ഷെ മുഖത്തെ വികാരങ്ങള്‍ക്ക് അതില്ല താനും.
ReplyDeleteഏതു രാജ്യക്കാരായാലും എല്ലാ പ്രവാസികളുടെയും മുഖത്ത് എപ്പോഴും ഒരു നിര്‍വികാരികതയല്ലേ ഉണ്ടാകാറ് ? രണ്ടു മാസം ഞാനും ഉണ്ടായിരുന്നു ഖത്തറില്‍..,. പക്ഷെ എനിക്ക് ഇഷ്ടായില്ല. ഞങ്ങടെ ദുബായ് തന്നെയാണ് മെച്ചം :-)ഇനി ഇക്കയിലൂടെ ഖത്തര്‍ വിശേഷങ്ങള്‍ അറിയാലോ ! അടുത്ത ഖത്തര്‍ വിശേഷം പെട്ടെന്ന് പോന്നോട്ടെ !
പ്രവാസം എന്തെന്ന് അറിഞ്ഞുകൂടാത്തവര്‍ക്കും വായിക്കുമ്പോ ഒരു നൊമ്പരമാവുന്ന എഴുത്ത്..
ReplyDeleteഞാനിരിക്കുന്നത് എണ്ണയിട്ടു മിനുക്കിയ നാടന്‍ തോണിയില്‍ ആണ്. അതൊഴുകുന്നത് ഞങ്ങളുടെ ചാലിയാറിലൂടെയാണ്. കേള്‍ക്കുന്നത് ഹൃദയത്തില്‍ ലഹരി പടര്‍ത്തുന്നൊരു മാപ്പിളപ്പാട്ടിന്‍റെ ഈണമാണ്. ഈ രണ്ടു കരയിലും കാണുന്നത് തെങ്ങും പ്ലാവും ഗുല്‍മോഹറും .
ReplyDeleteമനോഹരമായി എഴുതി എന്നു പറയുന്നത് ഭംഗിവാക്കല്ല.....
ഏതായാലും കേവലം മൂന്നു മാസം കൊണ്ട് ഇത്ര കലക്കന്‍ കുറിപ്പെഴുതി വീണ്ടും കലക്കി
ReplyDeleteനന്നായിപ്പറഞ്ഞു, അടുത്ത എഴുത്തില്‍ പടങ്ങള്‍ക്ക് ഗൂഗില്നെ ആശ്രയിക്കാതെ സ്വന്തമായി എടുത്ത ചില ചിത്രങ്ങള്‍ ചേര്‍ക്കുക
വീണ്ടും കാണാം ബ്ലോഗില്‍ ചേരുന്നു,
അങ്ങനെ സ്വതസിദ്ധമായ ചെറുവാടി ടച്ചിൽ ഖത്തർ ദ്രിശ്യങ്ങൾ പ്രമേയമാക്കിയുള്ള ഒരു വിവരണം കൂടി. സുന്ദരമായി എഴുതി, വിവരണത്തിലൂടെ ആ ഭാഗങ്ങളെല്ലാം നേരിൽ കണ്ട പ്രതീതി.
ReplyDeleteഎന്റെ വീട്ടിൽ ഞാൻ നോക്കി വളർത്തിയ ഒരു പശുക്കുട്ടിയുണ്ടായിരുന്നു. എത്ര കഴിഞ്ഞും അത് പ്രസവിക്കുന്നില്ല - അതൊരു മച്ചിപ്പശുവാണെന്ന കാരണത്താൽ അതിനെ അറവുകാരന് വിറ്റു, ആ പശുവിനെ അറുത്തായിരുന്ന തൊട്ടടുത്ത വീട്ടിലെ കല്യാണത്തിന് ബിരിയാണി വെച്ചത്.
ഞാൻ ബിരിയാണി കഴിച്ച് കൊണ്ടിരിക്കുമ്പോൾ അറവുകാരന്റെ സഹായി അക്കാര്യം എന്നെ അറിയിച്ചപ്പോൾ ഞാൻ പുറത്തേക്ക് ഓടി. കഴിച്ചത് മുഴുവനും ചർദ്ദിച്ചു...
ഞാനും ആ പശുക്കുട്ടിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമായിരുന്നു... ആ പശുക്കുട്ടിയെ കുറിച്ച് എനിക്ക് കുറച്ച് എഴുതണമെന്നുണ്ട്..
ദോഹ/ഖത്തര്‍ സുന്ദരിയാണ്. ആരെയും എഴുത്തുകാരാക്കും. മന്‍സൂര്‍ ഏറെ വൈകാതെ താങ്കള്‍ ഇവിടവുമായി ഇഴുകി ചേരും.
ReplyDeleteഒട്ടകത്തിന്റെ ബിരിയാണി ഒട്ടകത്തിന് കൊടുത്തില്ലല്ലോ? :)
പ്രവാസി എന്ത് പറഞ്ഞു തുടങ്ങിയാലും...
ReplyDeleteഅത് അവസാനിപ്പിക്കും മുന്‍പേ എവ്ടെങ്കിലും അവന്റെ കുഞ്ഞു സങ്കട പൊട്ടുകള്‍ കയറി വരും.. അല്ലെ ഇക്കാ....
എന്നത്തേയും പോലെ ഇതും ... മനസ്സില്‍ സ്പര്‍ശിച വിവരണം തന്നെ,... നല്ല ചിത്രങ്ങളും .. ആശംസകള്‍....
ഈ നല്ല എഴുത്തിനു എന്റെ ആശംസകള്‍......
ReplyDelete"അറബ് നാട്ടിലെ എല്ലാ കടലോരത്തിനും ഒരേ സ്വഭാവമാണ്. ഇവിടെ വീശുന്ന കാറ്റിന് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു തരം മാന്ത്രികതയുണ്ട്. ദുബായ് അബ്രയിലും , ഷാര്‍ജ കോര്‍ണിഷിലും ബഹ്റൈനിലെ സെല്ലാക്കിലും ഒക്കെ അനുഭവിച്ച അതേ സുഖം. ഇന്നിപ്പോള്‍ ഇവിടെ ദോഹ കോര്‍ണിഷിലും"
സത്യമാണ്. നാട് വിട്ടു അന്യ നാട്ടില്‍ വരുന്ന നമ്മുടെ മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉള്ളൂ. ആ ചിന്ത മനസ്സില്‍ ഉള്ളോട്ത്തോളം കാലം ലോകത്തിന്റെ ഏതു കോണില്‍ ചെന്നിരുന്നാലും, ഒരേ അനുഭവം മാത്രമായിരിക്കും.
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി
ReplyDeleteഇതു ഭൂമികയിലും പൊരുത്തപെടാന്‍ കഴിയുക എന്നത് മനുഷ്യന് ദൈവം നല്‍കിയ ഒരു അനുഗ്രഹം ആണ് ഇവിടെ ചെറുവാടി ചെയ്തതും അത് തന്നെ അറേബ്യന്‍ കടലിലെ ബോട്ട് യാത്ര നമ്മുടെ സ്വന്തം ചാലിയാര്‍ ആണെന്ന് കരുതി ഇരിക്കുക അതെ നമ്മുടെ ആവാസത്തെ നാം മനസ്സില്‍ വികസിപ്പിച്ചു എടുക്കുക എന്നത് സൂപര്‍
ReplyDelete