മറഡോണയാവാം അർജന്റീനയോട് ഇഷ്ടം കൂടാൻ കാരണം . പക്ഷേ അത് മറഡോണയിൽ മാത്രം ഒതുങ്ങി നിൽക്കില്ല എന്നത് കൊണ്ടാവാം ആ ഇഷ്ടം നിറഞ്ഞു തുളുമ്പുന്നത് . നെറി പുംപിഡോയും ഗോയ്ക്കൊഷ്യെയും ബാറ്റിയും കനീജിയയും സിമയോണിയും ക്രെസ്പോയും ഒർട്ടെഗയും ഒരു കാലത്ത് ആവേശം നൽകിയെങ്കിൽ മെസ്സിയും ടവറെസ്സും അഗ്യൂറോയും ഇപ്പോഴും നൽകുന്നത് മറ്റൊന്നല്ല . ഒരു ഉത്സവം കൂടെ കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ചൂടുള്ള സുലൈമാനിക്കൊപ്പം ഉറക്കമൊഴിഞ്ഞ് കളികണ്ടിരുന്ന പഴയ നാളുകൾ വല്ലാത്തൊരു സന്തോഷം നൽകുന്നുണ്ട് .
എന്തുകൊണ്ടാവും പഴയ കളിക്കാർ വീണ്ടും ബൂട്ട് കെട്ടി മൈതാനത്തിറങ്ങിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത് ..? ഒരുപക്ഷേ നേരത്തെ പറഞ്ഞ പഴയ നാളുകളിലെ സന്തോഷം പിന്നൊരിക്കലും വന്നിട്ടില്ല എന്നത് കൊണ്ടാവുമോ ? നാട്ടിലെ വായനശാലകളിലും മറ്റും മുതിർന്നവരോടും കൂട്ടുക്കാരോടും ഒപ്പമിരുന്ന് , ആർത്തുവിളിച്ച ഒരു ഫുട്ബാൾ കാലം ഇപ്പോൾ ബാക്കിയില്ല . പക്ഷേ ഗൃഹാതുരത്വം ഒരു ഫൈനലിനോളം ആവേശം മനസ്സിൽ ആരവങ്ങൾ ഉയർത്തുന്നുണ്ട് . അതിനിടയിലൂടെ സ്വർണതലമുടിയും ഇളക്കി ക്ലീൻസ്മാൻ പറക്കുന്നതും മിന്നൽ പിണർ പോലെ ഒരു ഹെഡർ വല തുളഞ്ഞു കയറുന്നതും കാണാം . ഫിലിപ്പ് ലാമും ക്ലോസും പൊടോള്സ്കിയും ഓസിലും എല്ലാം മനം നിറച്ചിട്ടുണ്ട് . പക്ഷേ വോളറും ക്ലീൻസ്മാനും മത്തെയസും ഇറങ്ങിയിരുന്ന ജെർമനിയെ കാണാനാണ് എനിക്കിഷ്ടം . അത് നടക്കില്ലെങ്കിലും .
ഒരു കള്ള് കമ്പനിയുടെ പരസ്യം കണ്ട് കയ്യടിച്ചിട്ടുണ്ടെങ്കിൽ അത് ജോണി വാക്കറിന്‍റെയാണ് . റോബർട്ടോ ബാജിയോ പെനാൽറ്റി തുലക്കുന്നതും അടുത്ത തവണ വിജയിക്കുന്നതും എല്ലാം ചേർത്ത ഒന്ന് . കള്ളടിക്കാതെ കിക്കായിപോകുന്ന പരസ്യം . മാൽഡിനിയുടെ പന്തും വാങ്ങി ബാജിയോയും ദെൽപിയെറോയും വിയാലിയും കുതിക്കുന്നത് ഒരിക്കൽക്കൂടെ കാണാൻ സ്വപ്നം കാണാത്തവരുണ്ടോ ..? കാനാവറോയും പിർലോയും കൂടിയാൽ ഒരു മാൽഡിനി ആവുമോ ..? എങ്കിലും വല കാക്കാൻ ബഫോണ്‍ അവിടെയുണ്ട് .
വിരസമായ ഇടവേളകളിൽ യൂറ്റൂബിന്‍റെ സേർച്ച് ബോക്സിൽ മിഷൽ പ്ലാറ്റിനിയും സിദാനുമെല്ലാം വന്നുപോകാറുണ്ട് . വിൽതോടിന്‍റെ അവസാന സെക്കന്റിലെ ഗോൾ കണ്ട് ഇപ്പോഴും കയ്യടിക്കാറുണ്ട് . പെറ്റിറ്റും തുറാമും വിയെരയുമെല്ലാം അനെൽക്കയുമെല്ലാം പന്തുമായി കുതിക്കുന്നത് ഇപ്പോഴും കാണുന്നുണ്ട് . മൊട്ടത്തല ഉഴിഞ്ഞ് ബാർത്തേസിന്‍റെ സ്റ്റയിലൻ സേവുകൾ കണ്ട് എത്ര വിസ്മയിച്ചിട്ടുണ്ട് . പത്താം നമ്പർ ജഴ്സിയിൽ സിദാനില്ലാത്ത വിടവ് നികത്താൻ റിബേറിക്കോ ബെൻസാമക്കൊ കഴിയുമോ ..?
ഗോൾ വല കാക്കാൻ പീറ്റർ ഷിൽട്ടൻ ഇല്ലാതെ , ഫ്രീ കിക്കുകൾ എടുക്കാൻ ബെക്കാം ഇല്ലാതെ ലിനേക്കറും ഓവനും കുടി ഇറങ്ങിയ ചുവന്ന ജേഴ്സിയിൽ ഇനിയൊരു റൂണി തന്നെ പ്രതീക്ഷ . കൂടെ ജെറാൾഡും ലാംപാർഡും .
ഒരാളെ എടുത്ത് പറയാൻ പറഞ്ഞാൽ കുറേ പേരുകൾ കിടന്ന് വട്ടം കറങ്ങും ബ്രസീലിനെ പറ്റി പറയുമ്പോൾ . റൊണാൾഡോ , റൊണാൾടീഞ്ഞോ , റിവാൾഡോ , റോബർട്ടോ കാർലോസ് , കാക്ക , ഡുംഗ , ജൂലിയസ് സീസർ അങ്ങിനെ നീണ്ടുപോകും . ഒരഞ്ചു മിനുട്ടെങ്കിലും ഇവരിൽ ആരെങ്കിലും കളത്തിൽ ഇറങ്ങിയെങ്കിൽ എന്നാശിച്ചു പോകുന്നു . ഒരു കാർലോസിയൻ ഫ്രീ കിക്ക് , റൊണാൽഡീയുടെ ഒരു കരിയില കിക്ക് , വേഗത കുറഞ്ഞ ഒരു റിവാൾഡോ പ്ലേസിംഗ് . നടക്കില്ല . എന്നാലും മോഹിച്ചു പോകുന്നു .
ഇങ്ങിനെ കുറെ കളിക്കാരുണ്ട് . ടീമുകളും . ഇപ്പോഴും കണ്ണുകളിൽ ഒരുത്സവം ബാക്കി വെക്കുന്നവർ , പറഞ്ഞാൽ തീരില്ല അവരെ പറ്റി . അവർ നൽകിയ ആവേശത്തെ പറ്റി . പുതിയവർ ഇന്ദ്രജാലം സൃഷിടിക്കട്ടെ . ഗോൾ മുഖങ്ങൾ പ്രകമ്പനം കൊള്ളട്ടെ . പഴയവർ ഓർമ്മയിൽ നിന്നും മാറില്ല. അവരുടെ വിയർപ്പ് തുള്ളികളാവും ഇന്നും മൈതാനങ്ങളെ കരിയാതെ നിരത്തുന്നത് , അവരുടെ കാലിലെ ഊർജ്ജം പകർന്നെടുത്താവണം പുതിയ കളിക്കാർ ഓടുന്നത് . കഴിവുണ്ടായിട്ടും കളിക്കാൻ കഴിയാത്ത നിർഭാഗ്യവാന്മാരുടെ സങ്കടം കൂടിയാവണം മൈതാനങ്ങൾ . ഴാൻ പിയെറി പാപിനും പോൾ ഗാസ്കോയിനും അടിക്കാതെ പോയ ഗോളുകൾ ഇപ്പോഴും മൈതാനങ്ങളിൽ ഗതി കിട്ടാതെ അലയുന്നുണ്ടാവണം .
മറക്കാന സ്റ്റേഡിയത്തിലെ ആരവം ഇങ്ങടുത്തെത്തി . ഒരു പെലെ ഗോൾ പോലെ .
മാറഡോണയോട് ഇന്നും എന്തോ ഇഷ്ടമാ..
ReplyDeleteപഴയകാലത്തെ കളിയോടുള്ള ആത്മാര്‍ഥത കളിക്കാര്‍ക്കും കാണികള്‍ക്കും കുറഞ്ഞെന്നു തോന്നുന്നു. ക്ലബ് കളികളില്‍ കാശ് വാരുന്ന കൊണ്ട് പരിക്കേല്‍ക്കാതെ തടി തപ്പാനാണ് പ്രമുഖ താരങ്ങള്‍ക്ക് താത്പര്യം. വേള്‍ഡ് കപ്പ് ക്ലബ് സെലക്ഷന്‍ വേദികള്‍ മാത്രമായി മാറുന്നോ എന്നാണ് സംശയം. രാജ്യത്തിന് വേണ്ടി ഗോള്‍ നേടിയില്ലേലും മെസ്സിയും റൊണാള്‍ഡോയും ബാര്സയ്ക്കും റിയല്‍ മാഡ്രൈഡ്നും വേണ്ടി ഗോളടിക്കുന്നുണ്ടല്ലോ!
രാത്രി ഉറക്കമൊഴിച്ച് കാത്തിരുന്നു കളി കണ്ടിരുന്നത് ഓര്‍മ്മ വന്നു. ടീവി ഉള്ള വിടുകളില്‍ രാത്രി വളരെ വൈകി എത്തുന്നത് കള്ളനെപ്പോലെ പതുങ്ങി ആയിരുന്നു. മാറ്റങ്ങള്‍ എല്ലാത്തിന്റെയും നിറം മങ്ങിപ്പിച്ചിട്ടുണ്ട്.
ReplyDeleteവലിയ കളിചിരികളില്ലാത്ത ഒരു കുട്ടിക്കാലത്തിന്റെ ബാക്കിപത്രമാവാം, ഒരു കളിയോടും വലിയ കമ്പമൊന്നും തോന്നിയിട്ടില്ല. കളിക്കാരെ അറിയാനും മിനക്കെട്ടിട്ടില്ല. കളിയെക്കുറിച്ച് അധികമൊന്നും അറിയുകയുമില്ല. എങ്കിലും ചില ടീമുകളുടെ കളിക്കളത്തിലെ മറ്റുചില കളികൾ കാണാനായി ഉറക്കമൊഴിച്ചിട്ടുണ്ട്. ബ്രസീലും, അർജന്റീനയും കളിക്കുമ്പോൾ ലാറ്റിനമേരിക്കൻ സംസ്കാരത്തിന്റേയും,ആമസോൺ തടങ്ങളുടെ നാടോടിത്തനിമയുടേയും ശരീരഭാഷകളുടെ നല്ല നിമിഷങ്ങൾ ആസ്വദിക്കാനാവും.... കാമറൂണും, നൈജീരിയയുമൊക്കെ കളിക്കുമ്പോൾ ആഫ്രിക്കൻ ഗോത്രത്തനിമയുടെ കരുത്തും, നൈൽനദിയുടെ മെയ് വഴക്കവും തെളിയും. ഡെന്മാർക്കും, ഫ്രാൻസുമൊക്കെയുള്ള യൂറോപ്യൻ ഫുട് ബോളിന് സ്കാൻഡിനേവിയൻ മലഞ്ചരിവുകളുടെ മനോഹാരിതയുണ്ടെന്നു തോന്നും.....എന്റെ ഫുട്ബോൾ കമ്പം ഇത്രയൊക്കെയേ ഉള്ളു .
ReplyDeleteഇത്തവണ പതിവു രീതികളിൽ നിന്ന് വ്യത്യസ്ഥമായ ഒരു വിഷയത്തെ വ്യത്യസ്ഥമായ ശൈലിയിൽ സമീപിച്ചിരിക്കുന്നു . ലേഖനം നന്നായി.
മറഡോണക്കപ്പുറം എന്‍റെ ഫുട്ബോള്‍ അറിവ് വളര്‍ന്നിട്ടില്ല... ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ നാട്ടില്‍ പോയി വന്ന വിശേഷം പറയുന്നതിനിടയ്ക്ക് അത്ഭുതത്തോടെ പറയുന്നുണ്ടായിരുന്നു, "മലപ്പുറത്ത് അവരുടെ വീട്ടില്‍ പാല് കൊണ്ടുവരുന്നത് മെസ്സിയാണെന്നും, മീനും പച്ചക്കറിയും കൊണ്ട് കൊടുക്കുന്നത് റൊണാള്‍ഡോ ആണെന്നുമൊക്കെ" കുട്ടികള്‍ക്കറിയില്ലല്ലോ മലപ്പുറത്തെ ഫുട്ബോള്‍ കമ്പം! ഫുട്ബോള്‍ മാമാങ്കത്തിനായി കാത്തിരിക്കുന്ന രണ്ടു പേരുണ്ടിവിടെ... :)
ReplyDeleteവരവായ് ആവേശവും,ആരവവുമായ്........................
ReplyDeleteആശംസകള്‍
കാൽ പന്ത് കളിയുടെ ജ്വരങ്ങളിൽ നിന്നും
ReplyDeleteമുളച്ച് പൊന്തി വന്ന എനിക്കൊക്കെ ഇവിടെ
ലണ്ടനിൽ എത്തിയപ്പോൾ അതിന്റെയൊക്കെ
യഥാർത്ഥ ആരവം തൊട്ടറിയുവാൻ സാധിക്കുന്നു...
വീണ്ടും ആ ആവേശത്തിന് ഭായ്
ഇതിലൂടെ തിരികൊളുത്തിയിരിക്കുകയാണിവിടെ...
well said!
ReplyDeleteകളിയിലെ കാര്യങ്ങള്‍ ..
ReplyDeleteകളി നടക്കട്ടെ!
ReplyDeleteഒരു പന്തിന്റെ പിറകേ കുറെപ്പേര്‍ ഓടണ കളിയല്ലേ?!
ജൂൺ 12നായ് കാത്തിരിക്കുന്നു...
ReplyDeleteഒരാളെ എടുത്ത് പറയാൻ പറഞ്ഞാൽ കുറേ പേരുകൾ കിടന്ന് വട്ടം കറങ്ങും ബ്രസീലിനെ പറ്റി പറയുമ്പോൾ . അത് തന്നെയാണ് എന്നെ ബ്രസീലിന്റെ കടുത്ത ആരാധകനാക്കിയതും
ReplyDeleteഫുട്ബോള്‍ കനവുകളില്‍ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ആദ്യം കേട്ട പേര് മറഡോണയുടെതായിരുന്നു. അത് കൊണ്ട് തന്നെ അര്‍ജന്റീനനയോട് ഉള്ളുകൊണ്ട് ഒരു കൂറ് ഉണ്ട് എങ്കിലും എന്നും എന്റെ ഇഷ്ട ടീം ജര്‍മ്മനി തന്നെയാണ്. ക്ളിന്‍സ്മാനും,മത്തെയൂസും, വോളരും,ബല്ലാക്കും,ഒക്കെ ആ ഇഷ്ടത്തെ ഒരു അഭിനിവേഷമാക്കി. മാര്‍ക്കോ രെയസ്സും,ഓസ്സിലും, ടോണി ക്രൂസ്സും,ഒക്കെ ഇപ്പോഴും,ആ ഇഷ്ടത്തെ പിടിച്ചു നിര്‍ത്തുന്നു. പ്രധിരോധ തന്ദ്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ആധുനിക ഫുട്ബാള്‍ കാണുമ്പോള്‍ റൂട് ഗല്ലിട്ടും,വാന്ബാസ്ട്ടനും, ഗാസ്കോയിനും, ബാജിയോയും,റൊണാള്‍ഡോയും, സിദാനും,ഒക്കെ വീണ്ടും, കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും, വ്യാമോഹിക്കാറുണ്ട്. മെസ്സിക്ക് ഇത്തവണയെങ്കിലും, അര്‍ജന്റീനയെ തോളില്‍ ഏറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഒരു ദുരന്തം തന്നെയായിരിക്കും. ബ്രസീലില്‍ ഒരു മെസ്സി മാജിക്കിനായി നമുക്ക് പ്രാര്‍ഥിക്കാം മന്‍സൂ.....
ReplyDeleteശരിയാണ്, ഫുട്ബോള്‍ ഒരു ആവേശമാണ്
ReplyDelete