Saturday, January 17, 2015

പുകയിലപ്പാടങ്ങൾക്കിപ്പുറം



വീരനഹോസഹള്ളിയിലെ തണുത്ത പകലുകൾക്ക്‌ പുകയിലപ്പാടങ്ങളുടെ ഗന്ധം കൂടിയുണ്ട്. മഞ്ഞുമറച്ച ദൂരക്കാഴ്ചയില്‍ ഞങ്ങൾ അരണ്ട വെളിച്ചം കാണുന്ന ആ സ്ഥലം ലക്ഷ്യം വെച്ച് നടന്നു . അപൂർവ്വമായി മാത്രം കിട്ടുന്ന ഈ പുലർക്കാല യാത്രയുടെ സൗന്ദര്യം ആസ്വദിക്കാനാണ് ഞങ്ങൾ നടന്നു തുടങ്ങിയത് . പ്രതീക്ഷിച്ചതുപോലെ അതൊരു ചായക്കട തന്നെയായിരുന്നു. നാഗറോള കാടിന്‍റെ അതിർത്തിയിൽ ഈ  കട ഞങ്ങൾക്കായി മാത്രം തുറന്നുവെച്ചതുപോലെ തോന്നി  . ചൂടുള്ള ചായയുടെ മധുരത്തിലും തണുപ്പ് അവിടെ ബാക്കിയായി തന്നെ കിടന്നു . മജീദ്ക്ക എന്ന മലയാളി ഈ പുലർക്കാലത്ത് ഞങ്ങളുടെ ആതിഥേയനായി . അടുപ്പിലേക്ക് ആഞ്ഞൂതികൊണ്ട് മജീദ്ക്ക ഒരു കുടിയേറ്റത്തിന്‍റെ  കഥപറഞ്ഞു. അടുപ്പിന്‍റെ ചൂടിനോട് ചേർന്നുനിന്ന് ഞങ്ങൾ  കേൾവിക്കാരായി . 

ഓരോ കുടിയേറ്റത്തിന്‍റെ  പിന്നിലും അതിജീവനത്തിന്‍റെ കഥകൾ കാണും . മണ്ണിനോടും മലകളോടും കാറ്റിനോടും മൃഗങ്ങളോടും പൊരുതി ഒരു ജീവിതം തളിർപ്പിക്കുന്നതിന്‍റെ   കഥ . വേരുറച്ച മണ്ണിൽ  നിന്നും പറിച്ചെറിയപ്പെടുന്ന ജീവിതങ്ങൾ മറ്റൊരു ഭൂമികയിലേക്ക് നട്ടു പിടിപ്പിക്കുമ്പോഴും ആ വേരിൽ ബാക്കിയായ ഒരു  പിടി സ്വന്തം മണ്ണ് അവരെ തിരിച്ചു പോവാൻ പ്രലോഭിപ്പിക്കുന്നുണ്ടാവണം . എട്ട് വർഷമായി മജീദ്ക്കയുടേയും കുടുംബത്തിന്‍റെയും  ലോകം കാടിന്‍റെ  അതിർത്തിയിലുള്ള ഈ ഗ്രാമമാണ്  . നാഗറോള കാടുകളുടെ വന്യതയിലേക്ക് ചൂഴ്ന്നിറങ്ങാൻ ഇതുവഴി വരുന്ന ഓരോ സഞ്ചാരിയും കുടിക്കുന്ന ചായയിലും തിരിച്ച് നാട് പിടിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യന്‍റെ  സ്വപ്‌നങ്ങൾ കൂടി  കലർന്നിട്ടുണ്ട് .  എങ്കിലും പരിഭവങ്ങൾ ബാക്കിയില്ല മജീദ്ക്കാക്ക് . കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു സൗഹൃദാന്തരീക്ഷം ഞങ്ങൾക്കിടയിൽ  രൂപപ്പെട്ടു.




പതുക്കെ ഉണരുകയാണ് ഗ്രാമം . കമ്പിളി പുതച്ചും മഫ്ലർ ചുറ്റിയും ഗ്രാമീണര്‍ തണുത്ത് വിറച്ച് കടയിലേക്ക് വന്നു തുടങ്ങുന്നു . മജീദ്ക്കയും തിരക്കിലേക്ക് . ഞങ്ങളിറങ്ങി നടന്നു .റോഡരികില്‍ നിരന്നു നിൽക്കുന്ന ആൽമരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ വന്ന് നെറുകയിൽ വീഴുന്നു  . മരം പെയ്യുകയാണ് . തൊട്ടടുത്ത്‌ തന്നെ ഫോറസ്റ്റ് ഓഫീസും . അതിന്‍റെ  മരം കൊണ്ട് പണിയിച്ച വേലിക്ക് ചുറ്റും പലവർണ്ണത്തിലുള്ള ലെന്റാന പൂക്കൾ വിരിഞ്ഞു നിൽക്കുന്നു . അതിനെ ഉമ്മവെച്ച് മഞ്ഞുതുള്ളികളും . നിരത്തിലൂടെ നടന്നു കോടമഞ്ഞിനുള്ളിൽ മറഞ്ഞു പോകുന്ന മനുഷ്യർ ഏതോ കണ്ടുമറന്ന സിനിമയിലെ രംഗം ഓര്‍മ്മിപ്പിച്ചു . ഞങ്ങളിപ്പോൾ നാട് കാണാൻ വന്ന സഞ്ചാരികളല്ല . ഈ ഗ്രാമത്തോട് ,  ഇതിന്‍റെ  ആത്മാവിനോട് ലയിച്ച് ചേർന്ന ഗ്രാമീണർ മാത്രമാണ് . 

മഞ്ഞിനെ ആശ്ലേഷിച്ച് നിൽക്കുന്ന പുകയിലപാടങ്ങളും ഇഞ്ചി തോട്ടങ്ങളും പലതവണ കണ്ടതാണ് . അതുകൊണ്ട് അതൊഴിവാക്കി മറ്റുകാഴ്ചകളിലേക്കിറങ്ങി.കറക്കം  കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും മജീദ്ക്ക പ്രാതൽ റെഡിയാക്കി വെച്ചിട്ടുണ്ട് . "വയറ് നിറക്കാൻ ആർക്കും പറ്റും . മനസ്സും കൂടെ നിറയണം"; ഞങ്ങള്‍ നിറഞ്ഞ് കഴിച്ചു. യാത്രപറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു, മജീദ്ക്കയെ ഇനിയും കണ്ടുമുട്ടും, ജീവിതയാത്രയില്‍ പലയിടത്തായി. ഈ രൂപവും വേഷവും മാറിയേക്കാം. എങ്കിലും ഇതേ സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ ഏതെങ്കിലുമൊരു ദിക്കില്‍ ഏതോ ഒരാള്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാവണം.  ഈ മനുഷ്യർ , ഇവരുടെ സ്നേഹം , ഇതെല്ലാം യാത്രയിൽ പതിക്കുന്ന സ്നേഹത്തിന്‍റെ  കയ്യൊപ്പുകളാണ് .

കാടിന്‍റെ അരിക് പറ്റി ജംഗിൾ ഇൻ റിസോർട്ടിലാണ് ഞങ്ങളുടെ താമസം . അതിന്‍റെ വരാന്തയിൽ പുലരുവോളം  ഞങ്ങൾ സംസാരിച്ചിരുന്നു . ഈ   രാത്രിയാമത്തിൽ പതുക്കെ വീശിയെത്തുന്ന കാറ്റിന് പാരിജാതപ്പൂക്കളുടെ മണം . ഈ കാട്ടിലെവിടെയെങ്കിലും ഒരു പാരിജാതം പൂത്തു കാണണം . പൂത്തത് പൂക്കൾ  മാത്രമല്ല , ബ്ലോഗ്‌ ബാക്കി വെച്ച സൗഹൃദങ്ങൾ കൂടിയാണ്.  





ഇനി ഞങ്ങളുടെ വനപർവ്വമാണ് . എന്നും മോഹിപ്പിച്ച നാഗറോള കാടുകൾ . കുടക് ജില്ലയുടെ ഭാഗമാണ് ഇത് . ഒരു ഭാഗം മൈസൂർ ജില്ലയിലും . ബ്രഹ്മഗിരി മലകളുടെ താഴ്വാരം . വയനാട് നിന്നും തുടങ്ങി , ബന്ദിപ്പൂരും മുതുമലയും എല്ലാം ഒരേ കാടിന്‍റെ തുടർച്ച തന്നെ . മൈസൂരിലെ വാഡയാർ രാജാക്കന്മാർ വേട്ടക്കെത്തിയിരുന്നത്  ഈ കാട്ടിലേക്കായിരുന്നു .   കടുവയും പുലിയും ആനകളും ധാരാളമുള്ള കാട്ടിലൂടെയുള്ള പ്രയാണം  പേടിപ്പിക്കുന്ന ഒന്നാണ് . വഴിയരികിലെ കുടിലിന് മുന്നിലിരുന്ന്  തീ കായുകയും കൂടെ എന്തോ കിഴങ്ങ് വേവിക്കുകയും ചെയ്യുന്ന ഒരു ആദിവാസി കുടുംബത്തോട്  വഴിലെങ്ങാനും ആന കാണുമോ എന്ന് അറിയാവുന്ന ഭാഷയിൽ ചോദിച്ചു . അവർക്കറിയാവുന്ന ഭാഷയിൽ അവർ മറുപടിയും പറഞ്ഞു . രണ്ടും കൂടെ ചേർത്ത് ആനയുണ്ടാവില്ല , മുന്നോട്ട് പോവാം എന്ന തീരുമാനത്തിലെത്തി . രണ്ട് വിഭാഗം ആദിവാസി കുടുംബങ്ങൾ ആണ് നാഗറോള  കാടിന്‍റെ സംസ്കാരത്തോട്  ചേർന്ന് ജീവിക്കുന്നത് . കാട് സംരക്ഷിച്ച് നിർത്തുന്നതിന്‍റെ ഭാഗമായി ഇവരെ പുനരധിവസിപ്പിക്കുന്നതിനെ പറ്റി ചർച്ചകൾ നടക്കുന്നു എന്ന് കേൾക്കുന്നു . ആവാസ വ്യവസ്ഥയിൽ നിന്നും മാറി തമാസിക്കേണ്ടി വരുമ്പോൾ അവർക്കും  നേരിടാനുണ്ടാവും കുറേ  പ്രശ്നങ്ങൾ . 


ഞങ്ങൾ മുന്നോട്ട് നീങ്ങി .  ഓരോ ഇലയനക്കത്തിലും ഭീതിയെ ഒളിപ്പിച്ച വനങ്ങൾ . ഒളിക്കണ്ണിട്ട് നോക്കി ഒരു മിന്നായം പോലെ ഓടിമറയുന്ന പുള്ളിമാനുകൾ , അഹങ്കാരത്തിന്‍റെ  തലയെടുപ്പുമായി നിൽക്കുന്ന   കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ , കാടിന്‍റെ പ്രഭാത ഗീതം പാടി പേരറിയാത്ത കിളികൾ , അവർ ഞങ്ങളെ സ്വീകരിക്കുകയാണ് . കാടിന്‍റെ  പേരുകളേ മാറുന്നുള്ളൂ . അതിന്‍റെ പൊതുസ്വഭാവവും അത് നൽകുന്ന  അനുഭൂതിയും എല്ലായിടത്തും ഒന്ന് തന്നെ . വളരെ പതുക്കെ ഓടുന്ന ഞങ്ങളുടെ വാഹനം പോലും കാടിനോട് ചെയ്യുന്നത് അനീതിയാണ് . ആ  ചെറിയ ശബ്ദം പോലും നിശബ്ദമായ ഈ ലോകത്തേക്കുള്ള അധിനിവേശമാണ് .  വൻ വൃക്ഷങ്ങളും ചെറിയ ചെടികളും തപസ്സിലാണ് . താപസന്മാരെ ശല്യപ്പെടുത്തരുത് . നാഗറോള കാടുകളുടെ നിഗൂഡമായ നിശബ്ദത താപസമന്ത്രമാക്കി ഞങ്ങളും അതിനോട്  ചേർന്നു .



32 comments:

  1. നല്ല വിവരണം, ബട്ട് പെട്ടന്ന് ഒരു സഡൻ ബ്രേക്ക് ഇട്ടു കളഞ്ഞു

    ReplyDelete
  2. എഴുതുവാന്‍ എന്തൊക്കെയോ ബാക്കിയുണ്ടല്ലോ...ഇങ്ങിനെ പെട്ടെന്ന് നിര്‍ത്തിയത് ശരിയായില്ല...

    ReplyDelete
  3. vayichu...kanaththa kazhchakale anubhavangngal akki thannathinu nandi...

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. കാടിന്റെ പേരുകളെ മാറുന്നുള്ളൂ..അടുത്ത പ്രാവശ്യം ഞാനും കൂടെ ചേരും .അത് വരെ കൊതിപ്പിക്കടാ കൊതിപ്പിക്ക് !

    ReplyDelete
  6. ഓർമ്മകൾ തളച്ചിട്ടൊരു ചുറ്റുവട്ടം...ചിതലും മാറാലയും വാരി പുണർന്ന ഹൃദയ പ്രതലം...പിന്നാമ്പുറത്തെ വിദൂര മുഖങ്ങൾക്ക്‌ വഴുവഴുപ്പ്‌...വളപ്പൊട്ടുകൾക്കും...പഴകിയ മഞ്ചാടിക്കുരുവിനും പുളിങ്കുരുവിനും പറയാനുള്ളത്‌ എണ്ണമില്ലാ ദിനങ്ങളുടെ കഥക്കെട്ടുകൾ തന്നെയാവും...

    ReplyDelete
  7. മജീദിക്കയും കാടിന്റെ സൌന്ദര്യവും ചുറ്റുപാടും.
    പതിവുപോലെ നന്നായി.

    ReplyDelete
  8. കാട്ടിലായാലും നാട്ടിലായാലും നിനക്ക് തിരക്കിനും മടിക്കും ഒരു കുറവുമില്ല... വായിച്ചു രസം പിടിച്ചു തുടങ്ങിയപ്പോഴേക്കും "ദേ കുത്ത് ഇട്ടു വച്ചേക്കുന്നു..." തീര്‍ന്നെന്ന്!

    ReplyDelete
  9. ഉൾക്കാടിന്റെ വന്യതയിലേക്ക് ഒരു യാത്ര. മനോഹരമായ വിവരണം. ആദ്യ കമന്റിൽ പറഞ്ഞപോലെ പെട്ടെന്ന് തീർന്നു പോയി. വശ്യ സുന്ദമായ കാനന ചിത്രത്തെ ഒരഭ്ര പാളി യിലെന്ന പോലെ സ്വദസിദ്ധമായ ശൈലിയിലൂടെ ചെറുവാടി മനോഹരമാക്കി. ഷോര്ട്ട് & സ്വീറ്റ്.

    ReplyDelete
  10. അസൂയ..................... :(

    ReplyDelete
  11. മഞ്ഞുമൂടിയ പുലർകാലത്ത് ഒപ്പം നടന്നത് പോലെ തോന്നി...
    തുടർന്നെഴുതുക.

    ReplyDelete
  12. കാടിന്റെ വശ്യത മുഴുവനും വാക്കുകളിലൂടെ പ്രകടമാക്കി സഡൻ ബ്രേക്കിട്ടു നിറുത്തിക്കളഞ്ഞു.
    ആശംസകൾ...

    ReplyDelete
  13. തുടക്കം നന്നായി ..

    ReplyDelete
  14. കൊതിപ്പിക്കുന്ന വിധത്തില്‍ പരിസരവര്‍ണ്ണന നടത്തി ഞങ്ങളെ മോഹിപ്പിച്ച് കാടിന്റെ വന്യതയിലേക്ക് മുന്നേ നടന്നുപോയ നിങ്ങളുടെ പിന്നാലെ ഞങ്ങള്‍ വരുന്നേയുണ്ടായിരുന്നുള്ളു.

    പിന്നെ നോക്കുമ്പോള്‍ നിങ്ങളെ കാണാനില്ല !

    കാട്ടിനകത്തെ മരങ്ങളുടെ മറവിലേക്കോ മഞ്ഞുപാളികളുടെ അതാര്യതക്കപ്പുറത്തേക്കോ നിങ്ങള്‍ നടന്നുമറഞ്ഞുകഴിഞ്ഞു.

    ഞങ്ങള്‍ ദിക്കറിയാതെ ഇപ്പോഴും അവിടെത്തന്നെ നില്‍ക്കുകയാണ്‌.

    മിന്നായം പോലെ ഓടിമറയുന്ന പുള്ളിമാനുകള്‍ മാത്രമല്ല, കൊന്നുകൊളവിളിക്കാന്‍ ചിന്നംവിളിച്ച് പാഞ്ഞുവരുന്ന കാട്ടാനകളുമുള്ള കാടാണ്‌.

    നിങ്ങള്‍ക്കുള്ളത്ര ധൈര്യം ഞങ്ങള്‍ക്കില്ല. ബാക്കി കഥ കൂടി വേഗം പറഞ്ഞുതന്ന്‌ ഞങ്ങളെ ഈ കൊടുംകാട്ടില്‍നിന്ന് രക്ഷപ്പെടുത്തൂ ചെറുവാടീ.... :))

    (വിവരണം പതിവുപോലെ കൊതിപ്പിക്കുന്നവിധം കസറിയിരിക്കുന്നു കേട്ടോ)

    ReplyDelete
  15. ഒരു കൂട്ടം ബൂലോഗ കാട്ടാളർ കാട് കയറി
    കാടിളക്കിയതിന്റെ , ഒരു ചെറുവിരലനക്കം മാത്രം ,
    കൊതിപ്പിച്ച് കാണിപ്പിച്ച് , അതിലെ ഒരു ചെറുവാടിക്കാരൻ
    പ്രകൃതിയിലെ പച്ചപ്പ്‌ കാണിച്ച് വീണ്ടും ബൂലോകരെ ആനന്ദിപ്പിക്കുവാൻ
    തയ്യാറായതിൽ പെരുത്ത് സന്തോഷമുണ്ട് കേട്ടൊ ഭായ്

    ReplyDelete
  16. ഉസ്മാൻ ഭായ് അടക്കം പലരും പറഞ്ഞ വേഗം തീർന്നു എന്ന പോരായ്മയെ തീർച്ചയായും ഞാൻ ബഹുമാനിക്കുന്നു . പക്ഷേ ഒരു പരിധിവരേ ഈ പോസ്റ്റ്‌ ഇവിടെ നിർത്തണം എന്നൊരു തീരുമാനം എനിക്കുണ്ടായിരുന്നു . കാരണം , പോസ്റ്റിൽ തന്നെ പറഞ്ഞ പോലെ , കാടിന്റെ പേരുകളേ മാറുന്നുള്ളൂ , അത് നല്കുന്ന അനുഭൂതിയും അതിന്റെ സ്വഭാവവും ഏതാണ്ട് ഒന്ന് തന്നെയാണ് . അങ്ങിനെ വരുമ്പോൾ കർണാടകയിലേയും തമിഴ്നാട്ടിലേയും കേരളത്തിലേയും കാട്ടിലെ അനുഭങ്ങൾ പലപ്പോഴും എഴുതിയിട്ടുള്ള എന്റെ പോസ്റ്റുകളിലെ ആവർത്തനം മാത്രമായി പോകും ഇതും . അതിനെ മറിക്കടക്കാനുള്ള ഭാഷ ഇല്ലാത്തതാണ് എന്റെ പരിമിതിയും . ഇതൊരു ഒഴിഞ്ഞുമാറൽ അല്ല , തീർച്ചയായും മറ്റൊരു എഴുത്തിലേക്ക്‌ കടക്കുമ്പോൾ അതിനായി ശ്രമിക്കേണ്ടതുണ്ട്‌ . സ്നേഹത്തോടെ വായിക്കുകയും ആത്മാർഥമായി വിമർശിക്കുകയും ചെയ്തു പോന്നിട്ടുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ആത്മാർഥമായി സ്വീകരിക്കുന്നു .

    ReplyDelete
  17. കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം ചെറുവാടി ശൈലിയിൽ ഒരു വനയാത്ര ! കൂടെ
    കാടിന്റെ മനോഹാരിത ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളും.. വായനയിൽ ലയിക്കുമ്പോഴേക്കും ഞങ്ങളെയൊക്കെ വനമധ്യത്തിൽ തനിച്ചാക്കി ഒറ്റ പോക്ക്...ഹും !! .ഈ എഴുത്തിന്റെ വശ്യതയ്ക്ക് അലസത മങ്ങലേൽപ്പിക്കാതെ ഇരിക്കട്ടെ എന്നാശംസിക്കുന്നു.
    വാൽ കഷ്ണം : ആ പോത്തുകളെ അഹങ്കാരികൾ ആക്കേണ്ടിയിരുന്നില്ല .:)

    ReplyDelete
  18. മൈസൂരിനെ മൻസൂർ എഴുതി മോഹിപ്പിക്കുന്നു :) സുന്ദരം

    ReplyDelete
  19. നല്ലസല്‍ ഫോട്ടോസ്! വിവരണവും കലക്കി..പക്ഷെ, വേഗം തീര്‍ന്നു പോയൊന്നു ഒരു സംശയം :)

    ReplyDelete
  20. മടിയാ നിന്നോട് കൂട്ടില്ല ,,, :) പെട്ടന്നു നിര്‍ത്തിക്കളഞ്ഞതില്‍ പ്രതിഷേധിക്കുന്നു <3

    ReplyDelete
  21. കാടാറു മാസം കഴിഞ്ഞത്തിന്‍റെ നിറവില്‍ നല്ലൊരു പോസ്റ്റ്‌.

    ReplyDelete
  22. നാഗറോള കാടുകളുടെ നിഗൂഡമായ നിശബ്ദത താപസമന്ത്രമാക്കി ഞങ്ങളും അതിനോട് ചേർന്നു .
    അപ്പോള്‍ അതാണ്‌ കാര്യം.
    ഫോട്ടോകളും എഴുത്തും‍ നന്നായി
    ആശംസകള്‍

    ReplyDelete
  23. ചെറുവാടീ......................ഗുഡ് ഗുഡ്

    ReplyDelete
  24. ഈ യാത്രയില്‍ ഞാനും കൂടെ ഉണ്ടായിരുന്ന പോലെ ഒരു ഫീല്‍... ;)

    ReplyDelete
  25. കൊതിപ്പിക്കുന്ന എഴുത്ത്.
    എങ്കിലും പെട്ടന്ന്‍ എഴുതി തീര്‍ത്തുകളഞ്ഞു.
    യാത്രയില്‍ കൂടെ കൂടാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്. ഒരിക്കല്‍...ഇനിയും ഒരിക്കല്‍ നമുക്ക് കാട് കേറാം...

    ReplyDelete
  26. നിനക്ക് ‘കാടുകയറി’ എഴുതാനറിയില്ല എന്ന് അവസാനഭാഗം തെളിയിച്ചു. എഴുതിയിടത്തോളം മനോഹരം, ആ മാന്‍പേടകളുടെ ചിത്രം പോലെ...

    ReplyDelete
  27. പൂരിപ്പിക്കാൻ ഒരുപാട് ബാക്കിവെച്ച് നാഗർഹോള പെട്ടെന്ന് തീർന്നുപോയി.....

    ReplyDelete
  28. നാഗര്‍ഹോള വനവിശേഷങ്ങള്‍ ഇഷ്ടായി. എവിടെ ചെന്നാലുമുള്ള ആ പതിവ് പരിപാടിയുടെ (വെട്ടി വിഴുങ്ങലിന്റെ) ഒരു ഫോട്ടോ ഇല്ലാതെ പോയ വിഷമം താഴെക്കൊടുത്ത വരികള്‍ വായിച്ചപ്പോള്‍ തീര്‍ന്നു.

    കാടിന്‍റെ പേരുകളേ മാറുന്നുള്ളൂ . അതിന്‍റെ പൊതുസ്വഭാവവും അത് നൽകുന്ന അനുഭൂതിയും എല്ലായിടത്തും ഒന്ന് തന്നെ . വളരെ പതുക്കെ ഓടുന്ന ഞങ്ങളുടെ വാഹനം പോലും കാടിനോട് ചെയ്യുന്നത് അനീതിയാണ് . ആ ചെറിയ ശബ്ദം പോലും നിശബ്ദമായ ഈ ലോകത്തേക്കുള്ള അധിനിവേശമാണ് . വൻ വൃക്ഷങ്ങളും ചെറിയ ചെടികളും തപസ്സിലാണ് . താപസന്മാരെ ശല്യപ്പെടുത്തരുത് . നാഗറോള കാടുകളുടെ നിഗൂഡമായ നിശബ്ദത താപസമന്ത്രമാക്കി ഞങ്ങളും അതിനോട് ചേർന്നു .

    സാധാരണ മന്‍സൂര്‍ എഴുത്തിലെ മനോഹാരിത ഈ പോസ്റ്റില്‍ അല്‍പ്പം കുറഞ്ഞു പോയോ എന്നത് എന്റെ മാത്രം സംശയം .

    ReplyDelete

  29. മജീദിക്കയുടെ കടയിലെ ചായയുടെ മധുരം ഫേസ് ബുക്കിലൂടെ അറിഞ്ഞിരുന്നു. സുന്ദരമായ യാത്രയും സുന്ദരമായ വിവരണവും. പെയ്യുന്ന മരവും തപസ്സു ചെയ്യുന്ന വനവും ഒക്കെ വരികളിൽ വരച്ചു വച്ചിരിയ്ക്കുന്നു. ചിത്രങ്ങളും സുന്ദരം. ഇനിയും ഇത്തരം യാത്രകൾ തരപ്പെടട്ടെ. അതിലൂടെ ആസ്വാദ്യകരമായ കുറിപ്പുകളും. മജീദ്ക്കയെ ഇനി കാണുന്നെങ്കിൽ പറഞ്ഞോളൂ കാട് തന്നെയാ നല്ലത് എന്ന്. ആ ഇക്കയുടെ സ്വപ്നങ്ങളുടെ നല്ല രുചിയെയും വശ്യ സുന്ദര പ്രകൃതിയെയും ഞങ്ങളിലേക്ക് എത്തിച്ച മന്സൂറിന് നന്ദി.

    ReplyDelete
  30. നോട്ടിഫിക്കേഷൻ കണ്ടപ്പോ തന്നെ ഓടി വന്ന് വായിച്ചിരുന്നു.തുടക്കം വായിച്ചപ്പോ തന്നെ ഒരു ആവർത്തന വിരസത തോന്നി.കരുതി കൂട്ടി ചെറിയ പോസ്റ്റാക്കിയതാന്നും തോന്നി.എങ്കിലും പറയാതെ വയ്യ ഇലഞ്ഞി പറഞ്ഞ പോലെ ആ മാനുകളുടെ ചിത്രോം അവസാന പാരഗ്രാഫും ഒരുപാട് നന്നായിണ്ട്.കാടിന്റെ പച്ചേം,കുളിരും,നിശബ്ദതേം ഒക്കെ ആ വരികളിൽ ശരിക്കും ഫീൽ ചെയ്തു.ഈ യാത്ര മൻസൂർ എത്രമാത്രം ആസ്വദിച്ചുവെന്നും.ഒന്നൂടെ പറയാൻ ണ്ട്.അത് ഈ പോസ്റ്റ്‌ ചെറുതായി എന്നത് കൊണ്ടല്ല.അത്രയേറെ മനോഹരമായി എഴുതാൻ അറിയാവുന്ന ആൾ എന്നതുകൊണ്ടാണ്.മൻസൂർ ഒരു മടിയനാണ്.

    സ്നേഹത്തോടെ.................

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....