Tuesday, October 18, 2016

ചരിത്രത്തിന്റെ ശിൽപസൗന്ദര്യംകടുക് പാടങ്ങൾക്ക് മേലെ പടിഞ്ഞാറോട്ട് ഒഴുകുന്ന സൂര്യൻ . അതുകൊണ്ട് തന്നെ ചൂടിനൽപ്പം കുറവുണ്ട് . ശ്രാവണ ബലഗോളയിലേക്കുള്ള വഴികൾ  പൊതുവെ നിശബ്ദമാണ് . ഒരു ചരിത്രഭൂമിയിലേക്കുള്ള പാതകൾക്ക് ആധുനികതയുടെ നിറം കിട്ടുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് . പക്ഷേ അതാവശ്യവുമാണ് . ശ്രാവണ ബാലഗോളയിലെത്തുമ്പോൾ വൈകുന്നേരമായി. ഇന്ദ്രഗിരി ചന്ദ്രഗിരി കുന്നുകൾക്കിടയിലുള്ള ഒരു ചെറിയ നഗരം . ബെലഗോള എന്നാൽ കുളം എന്നാണ് അർത്ഥം . ഒരു ചതുരക്കുളത്തിന് ചുറ്റും നിൽക്കുന്നൊരു നഗരം. ഗോമതേശ്വരന്റെ  പ്രതിമക്ക് പാലഭിഷേകം നടത്താൻ ഉണ്ടാക്കിയതാണ് ഈ കുളം . 

ജൈനമതക്കാരുടെ പ്രധാന കേന്ദ്രമാണെങ്കിലും എല്ലാ വിഭാഗം മതക്കാരും വളരെ സൗഹൃദത്തിലാണ് ഇവിടെ . കച്ചവടക്കാരിൽ എല്ലാ വിഭാഗങ്ങളുമുണ്ട് . തൊട്ടപ്പുറത്ത് തന്നെ ഒരു മുസ്ലിം പള്ളിയും . നഗരപ്രദക്ഷിണം അൽപം കഴിഞ്ഞാവാം  . ആറുമണിക്ക് ഗോമതേശ്വരന്റെ പ്രതിമ ഇരിക്കുന്ന ക്ഷേത്രമടക്കും  . എഴുന്നൂറോളം പടികൾ കടന്നുവേണം ഇന്ദ്രഗിരി  കുന്നിൻമുകളിൽ ഈ ക്ഷേത്രത്തിലെത്താൻ . ഞങ്ങൾ കയറിത്തുടങ്ങി . കരിങ്കല്ല് ചെത്തിമിനുക്കിയ പടികൾ . നൂറ്റാണ്ടുകളുടെ പഴക്കം പടികൾക്ക് മാത്രമല്ല ചരിത്രത്തിന്റേത് കൂടിയാണ് . കയറിപ്പോകുന്നത് കാലങ്ങൾക്കപ്പുറത്തേക്കാണ് . കയറ്റം കാഠിന്യം കൂടിയതാണ് . എന്നാൽ ചരിത്രത്തെ കീഴടക്കാനുള്ള യാത്രികന്റെ ആവേശം മുന്നോട്ട് നയിച്ചു . പറയുന്നത്ര എളുപ്പമല്ല കയറ്റം ഇടക്ക് ക്ഷീണം കാരണം വിശ്രമിക്കും . അപ്പോൾ ഇറങ്ങിവരുന്നവരുടെ മുഖത്തുള്ള വെളിച്ചം കാണുമ്പോൾ വീണ്ടും കയറിത്തുടങ്ങും . ഒരു വൃദ്ധ ദമ്പതികൾ ഇറങ്ങിവരുന്നു . എനിക്കത്ഭുതം തോന്നി . എത്ര പ്രയാസപ്പെട്ടിട്ടായിരിക്കണം അവരവിടെ കയറിയത് . ഒരുപക്ഷേ അറിയാനും കാണാനുമുള്ള ഒരാവേശമുണ്ടല്ലോ . പ്രായത്തെപ്പോലും തോൽപ്പിക്കുന്ന ഒന്ന് . സഞ്ചാരികളുടെ മാത്രം സിരകളിലൂടെ ഒഴുകുന്ന  അത്തരമൊരു വികാരമില്ലെങ്കിൽ   ഇതുപോലൊരു സാഹസത്തിന് അവർ മുതിരില്ല എന്നുറപ്പ് . ഞാനൊരു ചിരിയിലൂടെ അവരോടുള്ള എന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു . (ഈ ദമ്പതികളെ പിന്നെ മായാറിലേക്കുള്ള വഴിയിലും കണ്ടു . അപ്പോൾ ആ ചിരി ഒരു പരിചയപ്പെടലായി മാറി . മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ് അവർ . ഇനി യാത്ര ഊട്ടിയിലേക്ക് . ഊട്ടിയിലെ നല്ല താമസം പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ അവർക്ക് നല്ല സന്തോഷം) . ഇവരുടെയൊക്കെ ആവേശം കണ്ടപ്പോൾ പാതിവഴി പിന്നിട്ട് ഇനി കയറാനുള്ള ദൂരവും നോക്കി നെടുവീർപ്പിടുന്ന എനിക്ക്  ലജ്ജ തോന്നി . വീണ്ടും കയറിത്തുടങ്ങി . കുന്നുകൾക്കിടയിൽ ചരിത്രത്തെ തൊട്ട് അങ്ങോട്ടുമിങ്ങോട്ടും വീശുന്ന കാറ്റ് വന്നു തഴുകിത്തുടങ്ങി . അത് മുന്നോട്ട് കയറാനുള്ള ക്ഷണപത്രം കൂടിയായിരുന്നു . നമ്മളിപ്പോൾ ആയിരം വർഷത്തോളം പഴക്കമുള്ള ചരിത്രത്തിന്റെ മുന്നിലാണ്.ഗോമതേശ്വരന്റെ (ബാഹുബലി ) പ്രതിമക്ക് താഴെ ആ കഴിഞ്ഞ നൂറ്റാണ്ടുകളിലെ കഥകൾക്ക് കാതോർത്തിരിപ്പാണ് . ചരിത്രത്തിന് അങ്ങിനെയൊരു സവിശേഷതയുണ്ട് . അത് കാലങ്ങളപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവും. ഒരു തൊട്ടുവിളി ഉണർത്തുന്നതുവരെ നമ്മൾ യുഗാന്തരങ്ങളിലൂടെ  സഞ്ചരിക്കുകയാവും . കയോസർഗ  (kayotsarga) എന്ന യോഗ പൊസിഷനിലാണ് ഗോമതേശ്വരന്റെ പ്രതിമയുള്ളത്. ആത്മനിയന്ത്രണം എന്നാതാണ്  ഈ യോഗരീതി .
പരിപൂർണ്ണ നഗ്നനായാണ് ഗോമതേശ്വരന്റെ നിൽപ്പ് . AD 981 ൽ ഗംഗാ സാമ്രാജ്യകാലത്ത് മന്ത്രിയായിരുന്ന
ചാമുണ്ഡരായനന്റെ നേതൃത്വത്തിൽ അരിഷ്ടനേമി എന്ന ശില്പിയാണ് ഇത് നിർമ്മിച്ചത് .  ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഏകശിലാപ്രതിമകളിൽ  ഒന്നാണ്  ഇത് .ജൈന കലയുടെയും പുരാതന കർണാടകയുടെയും ഏറ്റവും ശക്തമായ ശില്പ സൗന്ദര്യമായാണ് ഇത് കണക്കാക്കപ്പെടുന്നത് . പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാമസ്തകാഭിഷേകം എന്ന ചടങ്ങാണ് മറ്റൊരു പ്രസക്തി . ഇനി രണ്ടു രണ്ടു വർഷം കൂടി കഴിഞ്ഞാൽ ജൈനമതക്കാരുടെ ഏറ്റവും വലിയ ചടങ്ങായ മഹാമസ്തകാഭിഷേകത്തിന് വീണ്ടും അരങ്ങൊരുങ്ങും എന്ന് കേൾക്കുന്നു . ക്ഷേത്രത്തിന്റെ കരിങ്കൽ ചുമരുകളിൽ ഞാനൊന്ന് തൊട്ടു നോക്കി . ഒരു ചരിത്രത്തെ തൊടുകയാണ് .  ഒരു കാലഘട്ടത്തെ അറിയുകയാണ്. ചുറ്റും ആരുമില്ലാത്ത പോലെ . ഗംഗാ സാമ്രാജ്യകാലത്തേക്ക് , ചിന്തകളെ പറഞ്ഞുവിടാൻ മാത്രം കഴിവ് ഈ കല്ലുകൾക്കുണ്ടെന്ന് തോന്നി . പഴമയുടെ ഗന്ധവും  . പ്രാചീനതയുടെ പ്രൗഢിയും അറിയുന്നു . അല്ലെങ്കിലും ഹിന്ദു ക്ഷേത്രങ്ങളിലും മറ്റും കാണുന്ന പൂജയും സംഗീതവും ചേർന്നൊരുക്കുന്ന  ഒരാത്മീയ പശ്ചാതലം ജൈനക്ഷേത്രങ്ങളിൽ  കാണാറില്ല  . എന്നിരുന്നാലും ശാന്തമായ അകത്തളം  ഒരു ധ്യാനപരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുണ്ട്. ചുറ്റും ശിൽപഭംഗി നിറഞ്ഞ വേറേയും ചെറിയ കെട്ടിടങ്ങൾ . അതെല്ലാം അറിയാനുള്ള സമയം ബാക്കിയില്ല . ആറുമണിക്ക് ക്ഷേത്രമടക്കും . അതിനുള്ള ഒരുക്കത്തിലാണവർ. കുത്തനെയുള്ള പടവുകൾ കയറി ചരിത്രത്തിന്റെ ഈ തിരുശേഷിപ്പ് കാണാനെത്തിയവരുടെ മുഖത്തൊന്നും  നിരാശയുടെ പൊടി  പോലും കണ്ടില്ല . 
ഞങ്ങൾ ക്ഷേത്രത്തിന് പുറത്തിറങ്ങി . നൂറ്റാണ്ടുകളുടെ കഥ പറയുന്ന കാറ്റ് സമൃദ്ധമായി വീശുന്നു . രണ്ട്  കുന്നുകൾക്കിടയിൽ ശ്രാവണബേളഗോള എന്ന കൊച്ചു നഗരം രാത്രിയെ പുൽകാൻ കാത്തിരിക്കുന്നു . 


ഞങ്ങൾ പടികളിറങ്ങി തുടങ്ങി . ഇത്രയും സമയം ഞാനെവിടെയായിരുന്നു . ഒന്നുറപ്പ് . ഈ കാലത്തായിരുന്നില്ല . ഒരു സഞ്ചാരത്തിലായിരുന്നു . യുഗങ്ങൾക്ക്  മുന്നേ സംഭവിച്ചുപോയ ഒരു നാഗരികതക്കൊപ്പം . ഇന്ദ്രഗിരി കുന്നിറങ്ങി താഴെയെത്തി പിന്നിട്ട കാലഘട്ടത്തെ ഒന്ന് തിരിഞ്ഞു നോക്കി . മുകളിൽ ഒരു പുഞ്ചിരിയോടെ ഗോമതേശ്വരൻ . കുളത്തിന് ചുറ്റും പരന്ന നേരിയ  ഇരുട്ടിന് നിഗൂഢമായ ഭംഗി തോന്നി .  ഇവിടത്തെ ഈ നിശബ്ദമായ രാത്രികളിൽ എന്നുമൊരു  ജൈനകാലം പുനർജ്ജനിക്കുന്നുണ്ടാവുമോ ? ഗംഗാ സാമ്രാജ്യവും പ്രജകളും വഴിനടക്കുന്നുണ്ടാവുമോ ? ധ്യാനം വിട്ടൊരു രാത്രിസവാരിക്ക് ഇന്ദ്രഗിരി കുന്നിറങ്ങി ഗോമതേശ്വരനും വരുന്നുണ്ടാവും. 


(മാധ്യമം വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )

5 comments:

 1. ഇത്രയും സമയം ഞാനെവിടെയായിരുന്നു ...?
  അത് തന്നെയാണ് ഞങ്ങൾക്കും ചോദിക്കാനുള്ളത്

  'ഒന്നുറപ്പ് . ഈ കാലത്തായിരുന്നില്ല .
  ഒരു സഞ്ചാരത്തിലായിരുന്നു . യുഗങ്ങൾക്ക് മുന്നേ
  സംഭവിച്ചുപോയ ഒരു നാഗരികതക്കൊപ്പം . ഇന്ദ്രഗിരി
  കുന്നിറങ്ങി താഴെയെത്തി പിന്നിട്ട കാലഘട്ടത്തെ ഒന്ന്
  തിരിഞ്ഞു നോക്കി . മുകളിൽ ഒരു പുഞ്ചിരിയോടെ ഗോമതേശ്വരൻ .
  കുളത്തിന് ചുറ്റും പരന്ന നേരിയ ഇരുട്ടിന് നിഗൂഢമായ ഭംഗി തോന്നി . ഇവിടത്തെ ഈ നിശബ്ദമായ രാത്രികളിൽ എന്നുമൊരു ജൈനകാലം പുനർജ്ജനിക്കുന്നുണ്ടാവുമോ ? ഗംഗാ സാമ്രാജ്യവും പ്രജകളും വഴിനടക്കുന്നുണ്ടാവുമോ ? '

  ReplyDelete
 2. നൂറ്റാണ്ടുകളുടെ കഥ പറയുന്ന കാറ്റ് ആസ്വദിച്ചുട്ടോ...

  ReplyDelete
 3. ഇടയ്ക്ക് എങ്ങിനെയോ വിട്ടു പോയി .ഇനി കൂടെ ഞാനും ഉണ്ടാവും

  ReplyDelete
 4. സൂക്ഷ്മതയോടെ ചരിത്രകാലത്തേക്കുള്ള തിരിഞ്ഞുനോട്ടം അസ്സലായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
 5. ഫേസ് ബുക്കിൽ അന്നിത് കാണിച്ചപ്പോ വായിക്കാൻ സാധിച്ചിരുന്നില്ല. പതിവ് പോലെ ലളിതം സുന്ദരം.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....