Sunday, June 26, 2011

ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.



നാടുകാണി ചുരവും കയറി ബന്ദിപൂര്‍ വനങ്ങള്‍ വഴിയുള്ള യാത്രകള്‍ ഇത്ര പ്രിയപ്പെട്ടതായത് എന്തുകൊണ്ടാണ്? പ്രത്യേകിച്ചും രാത്രിയിലെ യാത്രകള്‍. നിഗൂഡമായ ഒരു സൗന്ദര്യമുണ്ട് രാത്രിയില്‍ ഇതുവഴിയുള്ള യാത്രക്ക്. കാടിന്‍റെ ഭീകരമായ അന്തരീക്ഷത്തില്‍, മുന്നില്‍ വന്നുചാടിയേക്കാവുന്ന കാട്ടു മൃഗങ്ങളെയും ഭയന്ന് ഇടയ്ക്കിടയ്ക്ക് പാസ്‌ ചെയ്യുന്ന പാണ്ടി ലോറികളുമൊക്കെയായി ഈ രാത്രിയാത്രകള്‍ ആസ്വദിക്കാന്‍ പലവട്ടം ഇതിലൂടെ പോയിട്ടുണ്ട്. പിന്നിലോട്ടു മറയുന്ന വനങ്ങള്‍ക്കിടയില്‍ മുളയൊടിക്കുന്ന കാട്ടാനകള്‍ , ഇരുട്ടില്‍ വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി നമ്മെ തുറിച്ചുനോക്കുന്ന ചെന്നായകളും കുറുക്കന്മാരും, ഇവയൊക്കെ കാണുമ്പോള്‍ ഉള്ളില്‍ വരുന്ന ഭീതിനിറഞ്ഞ ഒരു അനുഭവമില്ലേ..? ഞാനതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു.

ഈ യാത്ര ഗുണ്ടല്‍പെട്ടയിലേക്കാണ്. മനസ്സില്‍ പതിയുന്ന ചില അനുഭവങ്ങളാണ് കന്നഡ ഗ്രാമങ്ങള്‍. നഗരത്തിന്‍റെ പൊലിമയിലൊന്നും ഇവര്‍ വീഴില്ല. പകരം കൃഷിയിലൂടെയും മറ്റും അവരുടെ വിയര്‍പ്പും നഗരങ്ങളിലെത്തുന്നു. എന്തൊരു രസമാണ് ഈ ഗ്രാമീണ റോഡുകളിലൂടെ നടക്കാന്‍ . ഇടയ്ക്കിടയ്ക്ക് വലിയ മരങ്ങള്‍. അതിനു താഴെ ചെറിയൊരു പ്രതിഷ്ഠ. തിരി എപ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് കാളവണ്ടികള്‍ , പിന്നെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന ട്രാക്ടറുകള്‍. ഇനിയൊരു പത്ത് വര്‍ഷം കഴിഞ്ഞാലും ഇവിടെ ഇങ്ങിനെതന്നെ ആയിരിക്കും.

ഞങ്ങളിപ്പോള്‍ കേജീ ഹള്ളി (Kaligowdanahalli) എന്ന ഗ്രാമത്തിലാണ്. ഇവിടെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കരിമ്പ്‌ കൃഷിചെയ്യുന്ന ഒരു സുഹൃത്തിന്‍റെ കൂടെ. ഇനി രണ്ട് ദിവസം ഈ ഗ്രാമമാണ് ഞങ്ങളുടെ ലോകം. കരിമ്പിന്‍ ‌ കാടുകളിലൂടെയും സൂര്യകാന്തി തോട്ടങ്ങല്‍ക്കിടയിലൂടെയും ഞങ്ങള്‍ അലഞ്ഞുനടന്നു. ഉള്ളിയും തണ്ണിമത്തനും ബീറ്റ്റൂട്ടും കടലയും എല്ലാം കൃഷി ചെയ്യുന്നുണ്ട് ഇവിടെ. കൃഷിയാണ് ഇവരുടെ ദൈവം. സ്ഥലത്തിന്‍റെ മുതലാളി രാമദേവ ഗൗഡ സ്നേഹമുള്ള ആള്‍ തന്നെയാണ്. പാടങ്ങള്‍ക്കിടയില്‍ വളരുന്ന തെങ്ങില്‍ നിന്നും ഇളനീര്‍ പൊട്ടിച്ചുനല്കാന്‍ കുശന്‍ എന്ന ശിങ്കിടിയോട്‌ ഗൗഡ പറഞ്ഞു. എന്തൊരു രുചി. തണ്ണിമത്തന്‍ പൊട്ടിച്ച്‌ അവിടന്ന് തന്നെ തട്ടാന്‍ രസം വേറെ തന്നെ. ഞങ്ങളുടെ ആവേശം കണ്ട് കുടവയറും കുലുക്കി ഗൗഡ ചിരിക്കുന്നു.

കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ചെറിയ കുളങ്ങള്‍. നല്ല തണുത്ത വെള്ളം. മുങ്ങി നിവരുമ്പോള്‍ തണുപ്പ് കാരണം വിറക്കുന്നു. പക്ഷെ ക്ഷീണം പരിസരത്ത് കാണില്ല പിന്നെ. കരിമ്പിന്‍ കാടിന് അരികെ പുല്‍പായ വിരിച്ചു ഉച്ചയൂണ്. ഉമ്മച്ചി പൊതിഞ്ഞു തന്ന ബീഫ് ഫ്രൈയുടെ മണം കുറ നേരത്തെ തന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഗൗഡയുടെ കുടവയര്‍ ഇത്തിരി പേടിപ്പിച്ചെങ്കിലും വെജിറ്റെറിയന്‍ ആണെന്നുള്ള പ്രഖ്യാപനം ആശ്വാസം തന്നു. "സ്നേഹം വേറെ ബീഫ് ഫ്രൈ വേറെ".
പഞ്ചായത്ത് ആപ്പീസില്‍ പോവണം, നാളെ കാണാം എന്നും പറഞ്ഞു ഒരു ട്രാക്ടറില്‍ കയറി ഗൗഡ പോയി. കുശണ്ണന്‍ കൂടെത്തന്നെയുണ്ട്‌.

ഇവിടെ തന്നെ ഒന്ന് മയങ്ങാം. കരിമ്പിന്‍കാടുകള്‍ക്കിടയിലൂടെ മൂളിവരുന്ന പാട്ടിനൊപ്പിച്ച് സൂര്യകാന്തി പൂക്കള്‍ താളം പിടിക്കുന്നു. പുല്‍ത്തകിടിയില്‍ മാനം നോക്കി നോക്കി അങ്ങിനെ മയങ്ങിപോയി എല്ലാരും. എത്ര നേരം ഉറങ്ങിയോ ആവോ. ഉണര്‍ന്നപ്പോള്‍ കട്ടന്‍ ചായയുമായി ഒരു പെണ്ണ്. കുശണ്ണന്‍ പറഞ്ഞു, "നിങ്ങളുടെ നാട്ടുകാരി ആണ് ". കല്‍പ്പറ്റയില്‍ നിന്നും കല്യാണം കഴിഞ്ഞു ഇവിടെ എത്തിയതാണ്. ചിത്ര പറഞ്ഞു തുടങ്ങി. ഇവിടെ കള പറിച്ചും മറ്റു കൂലി പണികള്‍ ചെയ്തും നില്‍ക്കുന്നു. ഭര്‍ത്താവും അതെ. ചിത്രയുടെ വിഷമം അതല്ല. അവിടത്തെ പെണ്ണുങ്ങള്‍ അവളോടൊപ്പം ജോലി ചെയ്യും. പക്ഷ ഭക്ഷണം ഒന്നിച്ചു കഴിക്കില്ല. ജാതി താഴെയാണത്രെ. ഇതിനൊരു പരിഹാരം ഞങ്ങളുടെ അടുത്തില്ല ചിത്രേ. എന്നാലും മലയാളം പറയാന്‍ ആളെ കിട്ടിയതില്‍ അവള്‍ക്കും സന്തോഷം.

ഇന്നത്തെ രാത്രി ഞങ്ങള്‍ ഇവിടെയാണ്‌. കൃഷിയിടങ്ങള്‍ക്ക് നടുവിലായി ഗൗഡയുടെ തന്നെ ഒരു ചെറിയ വീട്. എന്തൊരു പ്രസന്നതയാണ് ഇവിടത്തെ അന്തരീക്ഷത്തിന്‌.
ഇന്ന് രാത്രി നെയ്ച്ചോറും ചിക്കനും ആവാം. നജ്മുവും ആരിഫും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയി. "പെട്ടൊന്ന് മടങ്ങണം. പകല് പോലെയല്ല ഇവിടെ രാത്രി".
കുശണ്ണന്‍ ഓര്‍മ്മിപ്പിച്ചു. വീടിനു പുറത്തിറങ്ങിയപ്പോള്‍ എന്തൊരു തണുപ്പ്. കോടമഞ്ഞ്‌ ഇറങ്ങിയിട്ടുണ്ട്. തണുത്താലും വേണ്ടീല, ഇത് ആസ്വദിച്ചേ പറ്റൂ. വില്‍സിനൊന്നും സ്ട്രോങ്ങ്‌ പോര. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലില്‍ ഇരുന്ന്‌ ശാപ്പാട്. ഓരോന്നും ഓരോ അനുഭവമാണ്. തണുപ്പും ഒട്ടും സഹിക്കില്ല എന്നായപ്പോള്‍ ഉറങ്ങാന്‍ കിടന്നു.

ഇത്രയും സുന്ദരമായ പ്രഭാതം മുമ്പ് കണ്ടിട്ടുണ്ടോ? സൂര്യകാന്തി പൂക്കളിലെ മഞ്ഞുത്തുള്ളികള്‍ ഇളം വെയിലില്‍ മിന്നിത്തിളങ്ങുന്നു. കളത്തില്‍ നിറയെ പെണ്ണുങ്ങള്‍. പാട്ടും വര്‍ത്താനവുമായി എന്തൊരു സന്തോഷത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്. പ്രകൃതിയോടു ചേര്‍ന്നുതന്നെ വേണം പ്രഭാത കര്‍മ്മങ്ങളും. യാത്ര സിനിമയിലെ രംഗം ഓര്‍മ്മവന്നത് കൊണ്ടോ എന്തോ ഞാനൊന്ന് മടിച്ചു. നാണം കൊണ്ടൊന്നും അല്ല. ഒരു കന്നടകാരിയെ പ്രേമിച്ചു നടക്കാനൊന്നും നമുക്ക് ടൈം ഇല്ല. പിന്നെ ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ".

ഇനി തിരിച്ചുപോകാം. ഗൗഡ കുറെ തണ്ണിമത്തനും ഇളനീരും വണ്ടിയില്‍ എടുത്തു വെപ്പിച്ചു. എതിര്‍പ്പ് സ്നേഹത്തിന്‌ വഴിമാറി. ഇനിയും വരണമെന്ന് ഓര്‍മ്മിപ്പിച്ചു. എങ്ങിനെ വരാതിരിക്കും? തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങള്‍ വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധികാലത്തിന്.

കോടമഞ്ഞും സൂര്യകാന്തി വര്‍ണങ്ങളും സന്തോഷത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ രണ്ടു ദിവസങ്ങള്‍. ഞങ്ങള്‍ ഇറങ്ങി. ഇനി വീണ്ടും ബന്ദിപൂരിന്‍റെയും മുതുമലയുടെയും നിഗൂഡതകളിലൂടെ നാടുകാണി ചുരവും ഇറങ്ങി നാട്ടിലേക്ക്.
സൂര്യകാന്തി പൂക്കള്‍ തലകുലുക്കി ഞങ്ങളോട് യാത്ര പറഞ്ഞു.

(ചിത്രം ഗൂഗിള്‍ )

Monday, June 20, 2011

ഈന്തപ്പനകളുടെ തണലില്‍..



ഇവിടെ ചൂടിന് അല്പം കുറവ് വന്നിട്ടുണ്ട് . രണ്ട് ദിവസമായി നിര്‍ത്താതെ വീശുന്ന പൊടിക്കാറ്റ് നിലച്ചിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷം. ജോലി കഴിഞ്ഞ് പുറത്തിങ്ങനെ കുറച്ച് സമയം സൊറ പറഞ്ഞു നില്‍ക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് നല്ല രസമാണ്. തൊട്ടപ്പുറത്ത് മിലിട്ടറി ചെക്ക്‌ പോസ്റ്റില്‍ വാഹനങ്ങളുടെ നീണ്ട നിര.

കുറെ നാളായി ബഹ്റൈനെ പറ്റി എന്തെങ്കിലും എഴുതണം എന്ന് കരുതുന്നു. ചിലരൊക്കെ ചോദിക്കുകയും ചെയ്തു. ശരിയാണത്. ഇവിടെത്തി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഈ നാടിനെ പറ്റി കാര്യമായി ഒന്നും പറഞ്ഞില്ല ഞാനായിട്ട്. അല്ലെങ്കിലും ഒന്ന് നീട്ടി നടന്നാല്‍ കണ്ട് തീര്‍ക്കാവുന്ന ഈ കൊച്ചു ദ്വീപിനെ പറ്റി എന്ത് പറയാനാണ് . സ്ഥലവും കാഴ്ചകളും പറഞ്ഞാല്‍ നിങ്ങള്‍ക്കും ഇഷ്ടാവില്ല. അതൊക്കെ എല്ലാവരും പറഞ്ഞതും എഴുതിയതും അല്ലേ.

പതുക്കെ സമാധാനത്തിലേക്ക് തിരിച്ചെത്തുകയാണ് ഈ കൊച്ചു ദ്വീപ്‌ .എങ്കിലും പത്തു മിനുട്ടിനുള്ളില്‍ ഓടിയെത്താവുന്ന ഓഫീസിലേക്ക് ഇപ്പോഴും രണ്ട് ചെക്ക് പോസ്റ്റ്‌ കഴിയണം. അതൊരു പുതിയ അനുഭവം ആണ്. എന്നും ഈ വഴി പോകുന്നത് കൊണ്ടാവാം. "വേറെ ജോലിയൊന്നും ഇല്ലേടെയ്" എന്ന ചോദ്യം അവരുടെ മുഖത്തും ഉണ്ട്. ഇതും ഇപ്പോള്‍ ഒരു പതിവ് കാഴ്ച ആയി. അല്ലേലും അങ്ങിനെ തന്നെയല്ലേ പ്രവാസം. യാന്ത്രികമായി നീങ്ങുന്ന ദിവസങ്ങള്‍. ഒരു മാറ്റവും ഇല്ലാതെ ഒരേ കാര്യങ്ങള്‍ , രീതികള്‍, കാഴ്ചകള്‍. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ വിത്യസ്തമായി എന്തെങ്കിലും കാണാന്‍ പറ്റുമോ എന്ന്.

തുടക്കം ഫ്ലാറ്റിന്‍റെ മുമ്പില്‍ നിന്ന് തന്നെയാകാം. ഒരു പാലപൂവിന്‍റെ മണം വരുന്നില്ലേ. തൊട്ടു മുന്നിലെ അറബി വീടിന്‍റെ മുമ്പില്‍ നിന്നാണ്. നിറയെ പൂക്കളുമായി രണ്ടെണ്ണം ഉണ്ട്. നാട്ടില്‍ നിന്നും മൈന്‍ഡ് ചെയ്യില്ലായിരുന്നു പാലപൂക്കളെ. യക്ഷികളുടെ അധിവാസമല്ലേ. നോവലില്‍ വായിച്ചു വായിച്ചു ഒരു പേടിപ്പെടുത്തുന്ന സിംബല്‍ ആയി മാറിയിരുന്നു പാലമരം. പക്ഷെ പകലും രാത്രിയും വേര്‍തിരിച്ചറിയാത്ത ഈ ഗള്‍ഫില്‍ എന്ത് യക്ഷി. പക്ഷെ ഈ പാലമരം എന്തേ ഞാനിതുവരെ കാണാതെ പോയി. ഉത്തരം കൂടുതല്‍ അന്യോഷിക്കേണ്ട. വീട് വിട്ടാല്‍ ഓഫീസും, ഓഫീസ് കഴിഞ്ഞാല്‍ വീടും എന്ന രീതിയില്‍ ഓടുന്ന നമുക്ക് ഇതൊക്കെ കാണണമെങ്കില്‍ ഇങ്ങിനെ ഒന്ന് മാറി നിന്ന് നോക്കണം. രാത്രിയില്‍ കാണാനാണ് ഇതിനു ഭംഗി കൂടുതല്‍. സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ വെള്ള പൂക്കള്‍ക്ക് നല്ല ഭംഗിയുണ്ട്. ഒപ്പം ഈ മണം എന്നെയും കൊണ്ട് കടല്‍ കടന്ന് നാട്ടിലും എത്തിച്ചു.

തൊട്ടപ്പുറത്തെ കാഴ്ച കൂടുതല്‍ സന്തോഷം നല്‍കുന്നു. നല്ല പച്ചപ്പില്‍ വിശാലമായി ചില്ലകള്‍ വിരിച്ച്‌ ഒരു മുരിങ്ങ മരം. അതും പൂവിട്ടിട്ടുണ്ട്. മടുപ്പിക്കുന്ന മണം ആണെങ്കിലും അത് കാണാന്‍ ഭംഗിയാണ്. ചിലപ്പോള്‍ ഈ മണ്ണില്‍ ഇത് കാണുന്നത് കൊണ്ടാവും. പിന്നെ നാടിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാഴ്ചയും ആണല്ലോ അത്. ഇതെന്താണ് സംഭവം എന്നറിയുമോ ഈ അറബികള്‍ക്ക്. അറിയാന്‍ വഴിയില്ല . ചോദിക്കാനും വയ്യ.

ഞാനൊന്ന് നടക്കാന്‍ ഇറങ്ങി. സുഡാനി ഇക്കയുടെ ഗ്രോസറിയില്‍ നിന്നും ദേശീയ ഭക്ഷണമായ കുബൂസ് വാങ്ങണം. പക്ഷെ അവിടെത്തുന്നതിന് മുമ്പ് പുതിയൊരു കാഴ്ച കൂടി വന്നിട്ടുണ്ട്. ഒരു അറബി വില്ലയുടെ മുറ്റത്ത്‌ ഒരു ഉഗ്രന്‍ വാഴ കുലച്ചു നില്‍ക്കുന്നു. ആര് നട്ടതാവും അത്. ഒരു മലബാറി കൈ അതിന്റെ പിന്നില്‍ ഉണ്ടാവും എന്ന് എനിക്ക് തോന്നി. രണ്ട് പ്രാവിശ്യം ഞാന്‍ അതിന്‍റെ ഫോട്ടോ ഒന്ന് പകര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ആ ഇന്തോനേഷ്യന്‍ ഹൗസ് മെയിഡ് മുറ്റത്ത്‌ തന്നെ കാണും. നമ്മടെ കഷ്ടകാലത്തിന് ഇനി ഫോട്ടോ എടുക്കുന്നത് അവളുടെതാണ് എന്ന് കരുതിയാല്‍ മാനം തിരിച്ച് വിമാനം കയറേണ്ടി വരും. തല്ക്കാലം ഫോട്ടോ വേണ്ട , മാനം മതി. ക്ഷമിക്കുമല്ലോ.

സുഡാന്‍ ഇക്ക നല്ല ചൂടിലാണ്. ഏതോ അറബി ചെക്കന്‍ ടെലഫോണ്‍ കാര്‍ഡ് മേടിച്ചു കാശ് കൊടുക്കാതെ ഓടിയ ചൂടിലാണ് . "കൈഫല്‍ ഹാല്‍" എന്ന് ചോദിച്ച എന്നെ തല്ലിയില്ല എന്നെ ഉള്ളൂ. അല്ലേലും സ്ഥിരമായി ഒരു പെപ്സി മേടിക്കുന്ന ഈ റോയല്‍ കസ്റ്റമറെ തല്ലാന്‍ വഴിയില്ല. പക്ഷെ ആള് നല്ല രസികന്‍ ആണ്. നല്ല തമാശ പറയും. അറബിയില്‍ പറയുന്ന തമാശകള്‍ കേട്ട് ഞാന്‍ കൂടുതല്‍ ആവേശത്തില്‍ ചിരിക്കും. കാരണം അതെനിക്ക് മനസ്സിലാവില്ല. എപ്പോഴാണാവോ പണി പാളുക. ഇനി സൂക്ഷിക്കണം.

അതിനിടക്ക് ഒരു വെള്ളിയാഴ്ചയും എത്തി. മക്കള്‍ക്കും കേട്ട്യോള്‍ക്കും സന്തോഷം. ഇന്ന് ബിരിയാണി ഉണ്ടാവും ഉച്ചക്ക്. പക്ഷെ അത് ഉണ്ടാക്കണമെങ്കില്‍ ആദ്യം ഹഫിയുമായി കരാറില്‍ ഒപ്പിടണം. ഇന്ന് നെറ്റില്‍ കയറില്ല എന്ന്. ശരി മാഡം. ആദ്യം ബിരിയാണി പോരട്ടെ. കരാര് ഇന്ത്യ- പാക് കരാര് പോലെ ആവിശ്യം വന്നാല്‍ ഉണ്ടാക്കുകയും അത്യാവിശ്യം വന്നാല്‍ ലംഘിക്കാനും ആണ്.

ഈ വൈകുന്നേരം ഒന്ന് പുറത്തേക്കിറങ്ങട്ടെ . പാര്‍ക്ക് അടുത്തുതന്നെ ‍. ഇതൊക്കെയല്ലേ ഇവിടത്തെ സന്തോഷം. പക്ഷെ കൃത്രിമമായ ഇവിടത്തെ ഒരുക്കങ്ങളില്‍ ഓടികളിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഒരു സങ്കടം അറിയാതെ വന്നുപോകുന്നു. അവര്‍ക്ക് നഷ്ടമാകുന്ന നാട്ടിലെ ശുദ്ധമായ കളിയരങ്ങുകളെ പറ്റി. നല്ല നാടന്‍ മണ്ണില്‍ ഓടിയും മണ്ണപ്പം ചുട്ടും കളിക്കാന്‍ കഴിയാതെ പോകുന്ന ബാല്യത്തെ പറ്റി , കണ്ണി മാങ്ങ പറിച്ച് ഉപ്പും മുളകും കൂട്ടി തിന്നുകയും അതില്‍ ഒരു കഷ്ണം കിട്ടാതെ വരുമ്പോള്‍ കരഞ്ഞു കൊണ്ട് ഓടി വന്ന് ഉമ്മയോട് പരാതി പറയാന്‍ കഴിയാത്തത്, അതിനൊക്കെ പുറമേ വല്യുപ്പ കൊണ്ട് വരുന്ന വാത്സല്യത്തില്‍ പൊതിഞ്ഞ മിഠായി പൊതികള്‍ , കൂടാതെ വല്യുമ്മ പറഞ്ഞു കൊടുക്കുന്ന മുത്തശ്ശി കഥകളും. കുഞ്ഞുങ്ങളെ .. ഞങ്ങള്‍ക്ക് മാപ്പ് തരിക. ചിലതൊക്കെ നഷ്ടപ്പെടുത്തിയെ ചിലത് നേടാനാവൂ. അങ്ങിനെ സമാധാനിക്കാം. ല്ലേ..?

ഈന്തപനകള്‍ കുലച്ചു തുടങ്ങിയിട്ടേ ഉള്ളൂ. ഇവിടത്തെ മാമ്പഴ കാലമാണ് ഇത് പഴുക്കുന്ന സമയം. റോഡരികില്‍ തണലും പിന്നെ സമൃദ്ധമായ വിളവുമായി അവ കുലച്ചു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. ഇത് പാകമാവുമ്പോഴേക്കും നാട്ടില്‍ ഒരവധിക്കാലം കഴിഞ്ഞു തിരിച്ചെത്താം. ഇതുപോലെ വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവിലും കാണുമോ കുലച്ചു നില്‍ക്കുന്ന മാങ്ങകള്‍. ഞങ്ങള്‍ക്ക് കണിയൊരുക്കാന്‍ ..?

(ഫോട്ടോ ഗൂഗിള്‍ )

Saturday, June 4, 2011

ഇലഞ്ഞിപ്പൂക്കള്‍ പറയുന്നത്



"പൂവു നുള്ളീടവേ നിൻ വിരൽ സ്പർശവും
ഈ വെറും മുൾ ചെടിക്കാത്മ ഹർഷം"

ഉമ്പായി പാടി നിര്‍ത്തിയിടത്ത് നിന്നും പ്രകൃതി തുടങ്ങി.
ഈ കുളിരുള്ള വെളുപ്പാന്‍ കാലത്ത് ഒരു മഴക്കുവേണ്ടി കുറെ നേരമായി ഞാന്‍ കാത്തിരിക്കുന്നു.
ഒരു കാര്യം ഉറപ്പാണ്. മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാകില്ല.
മനസ്സിലെ പ്രണയം പെയ്തു തീരുകയും ഇല്ല.
മഴ പെയ്തു തുടങ്ങി .......
ഓരോ മഴത്തുള്ളിയും വന്ന്‌ വീഴുന്നത് ഭൂമിയിലേക്ക്‌ മാത്രമല്ല. എന്നിലേക്ക്‌ കൂടിയാണ്. തണുക്കുന്നത് ഭൂമി മാത്രമല്ല , മനസ്സും കൂടിയാണ്.
മഴത്തുള്ളികള്‍ ഉറവകളായി ....പിന്നെ പുഴയായി ഓര്‍മ്മകളുടെ സമുദ്രത്തില്‍ അലിഞ്ഞു ചേരും.
മഴയ്ക്ക് പതിവിലും ശക്തി കുറവാണ് . എന്നാലും മുറിയാതെ പെയ്യുന്നുണ്ട്. മുന്നയും സിനുവും ഒരു കുടക്കീഴില്‍ നടന്ന് വരുന്നുണ്ട്. സ്കൂളിലേക്കാണ്. ബെല്ലടിക്കുന്നതിനു മുമ്പ് ക്ലാസ്സില്‍ എത്താനുള്ള വെപ്രാളം മുന്നയുടെ മുഖത്ത് ഉണ്ട്. എന്നാല്‍ കുസൃതിയായ സിനുവാകട്ടെ മഴ വെള്ളം തട്ടി തെറിപ്പിച്ചാണ് നടക്കുന്നത്. ഒരു സഹോദരന്‍റെ അധികാര ഭാവത്തില്‍ എന്നോണം ഇടയ്ക്കിടയ്ക്ക് മുന്ന അവളെ വഴക്ക് പറയുന്നുമുണ്ട്. പക്ഷെ അവള്‍ക്കുണ്ടോ പുതുമ.

ഈ തവണ അവധിക്ക് നാട്ടിലെത്തിയത് മുതല്‍ ഇവരാണ് എന്‍റെ പുതിയ കൂട്ടുകാര്‍ . തലമുറകളുടെ അന്തരം ഇവരുടെയിടയില്‍ ഞാന്‍ മറക്കുന്നു. എന്‍റെ അയല്പക്കത്തുള്ളവരാണ് ഈ കുസൃതികള്‍.
ഇന്ന് വൈകുന്നേരം അവര്‍ സ്കൂള്‍ വിട്ട് വന്നാല്‍ എനിക്ക് ഇലഞ്ഞി പൂമരം കാട്ടിത്തരാം എന്ന് ഏറ്റിട്ടുണ്ട് . എന്‍റെ അറിവില്‍ വീടിന്‍റെ പരിസരത്ത് അങ്ങനെയൊരു പൂമരം ഉള്ളതായി എനിക്കൊരു ഓര്‍മയും ഇല്ല. പക്ഷെ അത് കാണണം എന്ന് അതിയായ ആഗ്രഹം തോന്നി . കാരണം സ്കൂളിലെ ക്ലാസ് മുറികളുടെ ഗന്ധമാണ് ഇലഞ്ഞിപ്പൂക്കള്‍ക്ക്. പണ്ട് ഈ പൂക്കള്‍ കൊണ്ട് വലിയ മാലകള്‍ കോര്‍ത്ത്‌ കൊണ്ട് വരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അപ്പോള്‍ ക്ലാസ് നിറയെ ഇലഞ്ഞി പൂക്കളുടെ മാദക ഗന്ധം ആയിരിക്കും.

മഴയ്ക്ക് ശക്തി കൂടി. ഒപ്പം ചെറിയ കാറ്റും . കാറ്റിനൊപ്പം മഴവെള്ളം തുള്ളികളായി എന്‍റെ ശരീരത്തിലേക്ക് തെറിക്കുന്നുണ്ട്. എനിക്ക് മാറിയിരിക്കാന്‍ തോന്നിയില്ല. മരുഭൂമിയിലെ ഉഷ്ണക്കാറ്റില്‍ പൊള്ളുന്ന എന്‍റെ പ്രാവാസി നൊമ്പരങ്ങളെ ... നിങ്ങള്‍ തല്‍ക്കാലം മാറി നില്‍ക്കുക.
ഞാനെന്‍റെ നാടിന്‍റെ പ്രകൃതിയോട് അല്‍പം സംസാരിക്കട്ടെ.

" അങ്ങട്ട് മാറിയിരുന്നോ. ഉള്ള അവധി പരിചയം ഇല്ലാത്ത മഴവെള്ളം കൊണ്ട് പനി പിടിച്ച് കളയേണ്ട".
ഉമ്മയാണ്. അങ്ങിനെയല്ലേ പറയൂ. ലീവ് കുറഞ്ഞു പോയതിന്‍റെ പരിഭവം കൂടിയുണ്ട് ആ വാക്കുകളില്‍.
പക്ഷെ.....ഉമ്മാക്കറിയാം മഴയ്ക്ക് എന്നെയും എനിക്ക് മഴയേഴും വിടാന്‍ പറ്റില്ലെന്ന്.



നാട്ടിലെത്തിയാല്‍ ഉച്ചയുറക്കം പതിവില്ല. പക്ഷെ ഇന്ന് ശാപ്പാട് ഇത്തിരി കൂടിപ്പോയി. എനിക്കിഷ്ടപ്പെട്ട മുരിങ്ങയില തോരനും ചെമ്മീന്‍ ചമ്മന്തിയും. പിന്നെ മീന്‍ മുളകിട്ടതും . പോരെ പൂരം. ഞാന്‍ തിരിഞ്ഞ് നോക്കാതെ തട്ടി. ഒരു വയറ് വാടകയ്ക്ക് കിട്ടിയിരുന്നെങ്കില്‍ കുറച്ചൂടെ കഴിക്കാമായിരുന്നു. ഇങ്ങിനെ വയറ് നിറഞ്ഞാല്‍ ഉറക്കം ഞാന്‍ പറയാതെ തന്നെ വരും. ബെഡ് റൂമിന്‍റെ ജനല്‍ തുറന്നു. മഴ തോര്‍ന്നെങ്കിലും മൂടി കെട്ടിയ അന്തരീക്ഷം . ചെന്തെങ്ങിന്‍റെ പട്ടയില്‍ നിന്നും നേരത്തെ പെയ്ത മഴയുടെ ബാക്കി ഇറ്റിറ്റു വീഴുന്നുണ്ട്‌. അറിയാതെ ഞാനൊന്ന് മയങ്ങി.
അങ്ങനെ ഒരു സ്വപ്നത്തിലേക്ക് വഴുതി വീഴുമ്പോള്‍ മുന്നയുടെ വിളിയാണ് എന്നെ ആ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയത് .
ഇവനെന്‍റെ സ്വപ്നം മുഴുവനാക്കാന്‍ സമ്മതിച്ചില്ല. അഹങ്കാരി .
പക്ഷെ അവനുണ്ടോ വല്ല ഭാവ ഭേദവും.
"എന്തുറക്കമാ ഇത് . ഒന്ന് വേഗം വാ" എന്ന ലൈനില്‍ ആണ് കുട്ടി സഖാവ്. അവന്‍റെ കുസൃതി പെങ്ങളും കാണും മുറ്റത്ത്‌ . ഉമ്മ കാണാതെ വല്ല പൂവോ ചെടികളോ അടിച്ചു മാറ്റാനുള്ള ശ്രമത്തില്‍ ആയിരിക്കും അവള്‍. ഉമ്മ തന്ന കട്ടന്‍ ചായ കുടിച്ചിട്ട് ഞാന്‍ അവരോടൊപ്പം ഇറങ്ങി. എന്‍റെ പുതിയ ചങ്ങാതിമാരെ കണ്ട്‌ ഉമ്മാക്ക് ചിരി. കുറച്ചു ദൂരം ഞങ്ങള്‍ നടന്നു. രണ്ട് മൂന്ന്‌ പറമ്പിനപ്പുറത്ത്‌ ആ ഇലഞ്ഞി പൂമരം കണ്ടു. അടുത്ത് എത്തിയപ്പോള്‍ ഞാന്‍ ആ മരത്തില്‍ ഒന്ന് തൊട്ട് നോക്കി. ഇങ്ങനെയൊരു ഇലഞ്ഞി മരം ഇവിടെ ഉള്ളതായി ഞാന്‍ എന്തെ ഇന്നേ വരെ അറിഞ്ഞില്ല . മനസ്സില്‍ പറയാന്‍ പറ്റാത്ത ഒരു സന്തോഷം . പൂവിടുന്ന സമയം അല്ലെങ്കിലും ആ ഇലഞ്ഞി പൂക്കളുടെ ഒരു ഗന്ധം എനിക്ക് അനുഭവിക്കാന്‍ ആവുന്നുണ്ട്‌. എന്‍റെ ഓര്‍മ്മകള്‍ ഇലഞ്ഞി പൂക്കളുടെ മണം നിറഞ്ഞ ആ പഴയ ക്ലാസ് മുറിയിലേക്ക് പോവുന്നുമുണ്ട്.



ഒരു മരം കണ്ടാല്‍ ഇങ്ങിനെ പരിസരം മറക്കുമോ എന്ന ഭാവത്തില്‍ നില്‍ക്കുകയാണ് മുന്ന. സിനു ഒരു ഭാഗം പൊട്ടിയ പല്ല് കൊണ്ട് ഒരു നെല്ലിക്ക കടിച്ചു തിന്നുന്നു. അവള്‍ ഇതൊന്നും അറിയുന്നില്ല . ഈ വട്ട് ഒന്നും നമ്മളെ ബാധിക്കില്ല എന്ന നിലയില്‍. ഒരു പക്ഷെ കുട്ടിക്കാലത്ത് ഈ ഇലഞ്ഞിമര ചുവട്ടില്‍ ഞാനും വന്നിരിക്കാം, എന്‍റെ ബാല്യം ഇതുപോലൊരു നെല്ലിക്കയുടെ മധുരത്തില്‍ ഇത് കാണാതെ പോയതും ആകാം.

ഞാന്‍ തിരിച്ചു നടന്നു. മഴക്കാലാമായതിനാല്‍ നല്ല പച്ചപ്പ്‌ ഉണ്ട്. എവിടെയെങ്കിലും ഒരു കശുവണ്ടി മുളച്ചത് ഉണ്ടോ എന്ന് അറിയാതെ നോക്കിപ്പോയി ഞാന്‍ . മണ്ണില്‍ വീണ് മുളച്ച കശുവണ്ടിയുടെ പരിപ്പ് കഴിക്കാന്‍ എന്ത് രസമായിരുന്നു. പഴയ കമ്മ്യൂണിസ്റ്റ് അപ്പയൊന്നും കാണാനേയില്ല . പിന്നെ ശരീരം ചൊറിയുന്ന ആ തുവ്വയും. അതുമായി ഒന്ന് കൊമ്പ് കോര്‍ക്കാന്‍ ഇപ്പോള്‍ ഞാന്‍ തയ്യാറായിരുന്നു. പണ്ട് തൊടിയില്‍ കൂടി ഓടികളിക്കുമ്പോള്‍ എന്നെ ഉപദ്രവിച്ചതിന് പകരം വീട്ടാനും. പക്ഷെ മുന്നില്‍ വന്ന്‌ പെട്ടില്ല ആരും .
വീണ്ടും ഒരു മഴക്കോള് വരുന്നുണ്ട്. പീടികയില്‍ പോകാന്‍ മുന്നയെ അവന്‍റെ ഉമ്മ വിളിക്കുന്നു. എന്നിട്ടും അവര്‍ എന്‍റെ കൂടെ വീട് വരെ വന്നു.
പണ്ട് ഞാനും ഇങ്ങനെയായിരുന്നല്ലോ , ഉമ്മയുടെ എത്രയോ വിളികള്‍..... കേട്ടിട്ടും കേള്‍ക്കാതെ ഭാവത്തില്‍ ഞാന്‍ എവിടെയൊക്കെയോ ഒളിച്ചു നിന്നിരുന്നു.

വീട്ടിലേക്കു തിരിച്ചു പോകും മുമ്പ് മുന്ന എന്തോ പറയാന്‍ പരുങ്ങുന്നതായി തോന്നി. ഒരു കള്ളത്തരം ഉണ്ടല്ലോ എന്ന് ആ കള്ള ചിരിയില്‍ എനിക്ക് തോന്നാതിരുന്നില്ല. അവര്‍ക്ക് വിരിഞ്ഞു നില്‍ക്കുന്ന ബോഗന്‍ വില്ലയുടെ ഒരു കൊമ്പ് കിട്ടണം. അപ്പോള്‍ അതാണ്‌ കാര്യം. ഉമ്മയോട് ചോദിച്ചാല്‍ കിട്ടില്ല.



ഇപ്പോള്‍ ഇതൊക്കെയാണ് എന്‍റെ ഉമ്മയുടെ ലോകം. ഞാന്‍ നാട്ടില്‍ വരും വരെ ഈ പൂക്കളും ചെടികളും ആണ് ഉമ്മയുടെ മക്കള്‍. ഞാന്‍ നാട്ടിലെത്തിയാല്‍ പിന്നെ പൂക്കളെ നോക്കാന്‍ ഉമ്മാക്ക് സമയം തികയില്ല. പൂക്കള്‍ക്ക്‌ എന്നോട് ദേഷ്യമുണ്ടാകുമോ? . എത്രയെത്ര പൂക്കളാണ് വിരിഞ്ഞുനില്‍ക്കുന്നത് . പല വര്‍ണ്ണങ്ങളില്‍.
ആ കാഴ്ച മനസ്സിന് സന്തോഷം നല്‍കുന്നു. ഈ ബോഗണ്‍ വില്ലകള്‍ പുതിയ അതിഥികള്‍ ആണെന്ന് തോന്നുന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവരൊന്നും ഉണ്ടായിരുന്നില്ലല്ലോ.
ഞാന്‍ ഉമ്മ കാണാതെ അവര്‍ക്കൊരു കൊമ്പ് മുറിച്ചു കൊടുത്തു. ഒരു മുള്ളുകൊണ്ട് വിരലില്‍ അല്‍പ്പം രക്ത പൊടിഞ്ഞു . എന്നോടുള്ള ദേഷ്യം തീര്‍ത്തതാവും അവര്‍. ബോഗണ്‍ വില്ല കിട്ടിയ സന്തോഷത്തില്‍ പൊട്ടിയ പല്ലുമായി സിനു ചിരിക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. മഴയത്ത് നട്ടാല്‍ ഇത് തളിര്‍ക്കില്ല എന്നറിയാം. എന്നാലും ഈ കുട്ടികളുടെ സന്തോഷം കളയേണ്ട. ഉമ്മയെ കാണാതെ അത് ഒളിപ്പിച്ചു പിടിച്ച് അവരോടി. അപ്പോഴും സിനു മഴവെള്ളം തട്ടി തെറിപ്പിച്ചാണ് ഓടുന്നത് . പക്ഷ ഇത്തവണ മുന്നയും അവളോടൊപ്പം കൂടി.

വീണ്ടും മഴ പെയ്തു തുടങ്ങി. പക്ഷെ ഈ മഴയ്ക്ക് ഒരു ഇലഞ്ഞി പൂവിന്‍റെ സുഗന്ധം കൂടിയുണ്ടല്ലോ ‍. ബാല്യത്തിന്‍റെ നനു നനുത്ത ഓര്‍മ്മകളും. ഞാന്‍ വീണ്ടും ഉമ്മറത്തേക്ക് കയറിയിരുന്നു. മഴയോടൊപ്പം ഓര്‍മ്മകളെ താലോലിച്ച് ഇങ്ങിനെ കുറച്ച് നേരം ഇരിക്കാം


(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തത്‌)

Saturday, May 28, 2011

ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....



മകരമഞ്ഞിന്‍റെ അരിച്ചിറങ്ങുന്ന തണുപ്പും ജമന്തി പൂക്കളുടെ സുഗന്ധവുമുള്ള ഈ രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത്‌ ഞാനും നിലാവും മാത്രം . ടിപ്പു സുല്‍ത്താന്‍റെ കോട്ടകളെ തഴുകി വരുന്ന ചരിത്രത്തിന്‍റെ നറുമണമുള്ള ഇളംകാറ്റിനൊപ്പം ഈ നിലാവ് ഉറക്കം വാരാതിരിക്കുന്ന സ്കൂള്‍ കുട്ടിയായ എനിക്ക് കൂട്ടിരുന്നു.
എനിക്കെങ്ങിനെ ഉറക്കം വരും. ടിപ്പു സുല്‍ത്താന്‍റെ അശ്വമേധത്തിന്‍റെ കഥകളുറങ്ങുന്ന ഈ ശ്രീരംഗ പട്ടണത്തിന്റെ മണ്ണില്‍, കാല ത്ത് നടന്ന് കണ്ട ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളുടെ ഓര്‍മ്മകള്‍ അയവിറക്കി ഒരുതരം ഉന്മാദാവസ്ഥയില്‍ ആണല്ലോ ഞാന്‍ . യശോധന്യമായ ചരിത്രത്തിന്‍റെ ഓര്‍മ്മകളില്‍ ലയിച്ച് ഈ ഡോര്‍മെറ്ററിയുടെ പുറത്ത് ഞാനിരുന്നു.
ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ്റ് ഒരുക്കിയതാണ്‌ ഞങ്ങള്‍ക്കീ താമസം. ഒറ്റക്കിരുന്ന് മടുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. അടുത്ത് തന്നെയുള്ളത് സ്കൂളിനോട് ചേര്‍ന്ന ക്രിസ്ത്യന്‍ ദേവാലയമാണ്. പള്ളിക്ക് മുകളിലെ ക്രിസ്തു ദേവന്‍റെ രൂപം എന്നെ നോക്കി ചിരിക്കുന്നു. ചെറിയൊരു നിയോണ്‍ ബള്‍ബിന്‍റെ പ്രകാശം മാത്രമേയുള്ളൂഅവിടെ . ഉറങ്ങി കിടക്കുന്ന പൂക്കളും ഉണര്‍ന്നിരിക്കുന്ന ക്രിസ്തുവും,പിന്നെ ഞാനും . നിഗൂഡമായ ഒരു സൌന്ദര്യം തോന്നി ഈ രാത്രിക്ക്. ദേഷ്യത്തോടും അത്ഭുതത്തോടും കൂടി ടീച്ചര്‍ വന്ന് എന്നെ കൊണ്ടുപോകുന്നത് വരെ ഞാനറിയാതെ അവിടെ നിന്നുപ്പോയി.

എനിക്കെന്തോ ഒരു പ്രത്യേകത ആ അന്തരീക്ഷത്തോട് തോന്നിയിരുന്നു. കാലത്ത് ഉണര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും അവിടെത്തി. രാത്രി ഉറങ്ങി കിടന്നിരുന്ന പൂക്കളെല്ലാം ഉണര്‍ന്ന് , മഞ്ഞില്‍ കുളിച്ചു സുന്ദരികളായി ഇരിക്കുന്നു. സൂര്യകാന്തി പൂക്കള്‍ക്കാണ് കൂടുതല്‍ ശോഭ. തലയെടുപ്പോടെ അവ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ഒരു ജമന്തി പൂവിനെ തലോടി നിന്ന എന്‍റെ കവിളില്‍ മൃദുലമായ ഒരു സ്പര്‍ശം. ഹൃദ്യമായ പുഞ്ചിരിയുമായി ഒരു വൈദികന്‍ നില്‍ക്കുന്നു. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് പേരും നാടും മാത്രം പറയാനും ബാക്കി ചിരിക്കാനുമേ എനിക്ക് പറ്റിയുള്ളൂ. സ്നേഹത്തോടെ നെറുകയില്‍ തലോടി ആ പുരോഹിതന്‍ നടന്ന് നീങ്ങി.
ഞാന്‍ ആദ്യം അറിയുന്ന ഒരു ക്രിസ്ത്യന്‍ ദേവാലയം ഇതാണ്. അതുകൊണ്ട് തന്നെ ഇന്നും ചര്‍ച്ച് എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ ഓര്‍മ്മകളില്‍ ആദ്യം തെളിയുന്നത് ഇതാണ്. കൂടെ പൂമണമുള്ള ആ രാത്രിയും, പുഞ്ചിരിക്കുന്ന ക്രിസ്തുദേവനും.




എരിയുന്ന ചന്ദനത്തിരികളുടെ സുഗന്ധമുള്ള മറ്റൊരു മൈസൂര്‍ രാത്രി. ചാമുണ്ഡി ക്ഷേത്രത്തിന്‍റെ മുന്നിലാണ് ഞാനിപ്പോള്‍. ഭക്തിയെക്കാളേറെ സന്ദര്‍ശകരാണ്‌ ഇവിടെ . ഒരു ക്ഷേത്രത്തിന്‍റെ പ്രൌഡി ഉണ്ടെങ്കിലും ഒരു ആത്മീയ തലം ഇവിടെ അനുഭവപ്പെട്ടില്ല എന്ന് പറയുന്നത് എന്‍റെ വിവരക്കേടായി വായനക്കാര്‍ ക്ഷമിക്കുക. പക്ഷെ ഒരു പോസ്റ്റ്‌ കാര്‍ഡിലൂടെ എനിക്ക് ഇഷ്ടംതോന്നിയ നന്ദിയുടെ രൂപവും , മനോഹരമായ ഈ ക്ഷേത്രവും എന്‍റെ വര്‍ണ്ണ കാഴ്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

എം . എസ് . സുബ്ബലക്ഷ്മിയുടെ കീര്‍ത്തനങ്ങള്‍ എവിടെന്നോക്കെയോ ഉയര്‍ന്നു കേള്‍ക്കുന്നു. കലിഗോദന ഹള്ളി എന്ന കര്‍ണ്ണാടക ഗ്രാമത്തിലൂടെ നടക്കുകയാണ് ഞങ്ങളിപ്പോള്‍. പട്ടണത്തിന്‍റെ പൊങ്ങച്ചമില്ല. സൂര്യകാന്തി പാടങ്ങള്‍ തഴുകി വരുന്ന കാറ്റും കൊണ്ട് ഈ ഗ്രാമങ്ങളുടെ മനസ്സറിഞ്ഞാണ് ഞങ്ങള്‍ നടക്കുന്നത്. ഇവിടെയും കാണുന്നത് ഭക്തിയുടെ മറ്റൊരു ഭാവം തന്നെ. ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവിത ചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്. മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.

പക്ഷെ തികച്ചും വിത്യസ്തമായ അന്തരീക്ഷമാണ് മധുര മീനാക്ഷി ക്ഷേത്രത്തില്‍ എത്തുമ്പോള്‍. നല്ല ഭക്തി സാന്ദ്രമായ ഒരു അന്തരീക്ഷം. ഭക്തരും തീര്‍ത്ഥാടകരും ഒരുക്കുന്ന ഒരു ആത്മ്മീയ ചൈതന്യം. ക്ഷേത്രത്തിന്‍റെ മനോഹരമായ കൊത്തുപണികള്‍ അത്ഭുതത്തോടെ നോക്കി ഞാനൊരു ഓരത്ത് മാറി നിന്നു. വര്‍ഷങ്ങളുടെ പഴക്കവും ഹിന്ദു വിശ്വാസങ്ങളുടെ പൂര്‍ണതയുമായി നില്‍ക്കുന്ന ഈ ക്ഷേത്രവും നല്ലൊരു അനുഭവമായിരുന്നു.



വിശാലമായ മരുഭൂമികള്‍. അതും കഴിഞ്ഞു വരുന്ന വലിയ പര്‍വതങ്ങള്‍ . ഞാന്‍ വീണ്ടുമൊരു യാത്രയിലാണ്. മധുര മീനാക്ഷി ക്ഷേത്രത്തിലും ഗംഗാ തീരങ്ങളിലും അലയുമ്പോള്‍ സങ്കടത്തോടെ കിനാവ്‌ കണ്ട മക്ക എന്ന പുണ്യ ഭൂമി തേടിയുള്ള യാത്ര. ഒരു സ്വപ്നത്തിന്‍റെ സാക്ഷാത്‌ക്കാരം തേടി ഈ പൊള്ളുന്ന മരുഭൂമിയിലൂടെ യുള്ള യാത്രക്ക് പക്ഷെ കുളിരാണ് ഉള്ളത്. മനസ്സിനും ശരീരത്തിനും.
ഇതിഹാസം പിറന്ന മണ്ണിലൂടെയുള്ള യാത്ര. കാത്തിരുന്നു കാത്തിരുന്നു കണ്മുന്നില്‍ തെളിയുന്ന ഹറമിന്‍റെ മിനാരങ്ങള്‍. എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ ചൂടുള്ള മണ്ണിനെ തൊട്ടു എന്നുറപ്പ്.

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ നാഥാ നിനക്ക് സര്‍വ്വ സ്തുതിയും..........

പിന്നെ പരിശുദ്ധ "കഅബ "എന്ന വികാരം മുമ്പില്‍. കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത് ...?അറിയില്ല. ഇറ്റു വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍? കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും?
പ്രാവചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ മക്ക പുണ്യഭൂമിയില്‍ അനുഭവിച്ചറിയുന്ന ആത്മീയ ചൈതന്യം വരികളാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുന്നു.




ഇനി യാത്ര മദീനയിലേക്ക് . മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്‍റെ പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.
റസൂല്‍ ഉറങ്ങുന്ന മദീന പള്ളിയിലാണ് ഞാനിപ്പോള്‍. ഭക്തിയുടെ ഒരു തളം മാറ്റി വെച്ചാല്‍ യാത്രകളില്‍ ഞാന്‍ മുന്നില്‍ നിര്‍ത്തുന്നത് മദീനയെ ആണ്. സമാധാനത്തിന്റെ മണ്ണാണിത്. ഇവിടത്തെ കാറ്റുകള്‍ കഥ പറയും നമ്മളോട്. കുറെ വെള്ളരി പ്രാവുകള്‍ ഉണ്ടിവിടെ. സമാധാനത്തിന്റെ ചിഹ്നം വെള്ളരി പ്രാവുകള്‍ ആയത് മറ്റൊരു കാരണം കൊണ്ടായിരിക്കില്ല. എന്തൊരു ഭംഗിയാണെന്നോ ഇവിടത്തെ രാവുകള്‍ക്ക്‌ .
നക്ഷത്രങ്ങള്‍ നമ്മോട് സംസാരിക്കുന്നതായി തോന്നും. മിനാരങ്ങളെ തഴുകിവരുന്ന കാറ്റുകള്‍ നമ്മെ താലോലിക്കും , ആശ്വസിപ്പികും .
നബി തിരുമേനിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്‍റെയും കഥകള്‍.
ഈ മണ്ണിലിരുന്നു ഞാന്‍ കേട്ടത് ആ കഥകളാണ് . ഞാനെന്റെ മനസ്സിനെ അവിടെ നിര്‍ത്തിയിട്ടാണ് തിരിച്ചു പോന്നത്. ആ മനസ്സ് കാതങ്ങള്‍ക്കപ്പുറം നിന്ന് എന്നോട് മന്ത്രിക്കുന്നത്. അത് ഞാനിവിടെ കുറിച്ചിടുന്നു.
*

പ്രിയപ്പെട്ടവരേ.
ഇതൊരു യാത്ര കുറിപ്പല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്കൂള്‍ വിനോദയാത്രയില്‍ തുടങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു തീര്‍ത്ഥാടനം വരെയുള്ള ഓര്‍മ്മകളില്‍ മനസ്സില്‍ കയറിക്കൂടിയ സ്ഥലങ്ങള്‍. ആ ഓര്‍മ്മകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം. അതൊന്ന് പകര്‍ത്തി എന്ന് മാത്രം. ക്രിസ്ത്യന്‍ , ഹിന്ദു ദേവാലയങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ പരിമിതമാണ്. എന്റെ അറിവിന്റെ അപ്പുറത്തേക്ക് കയറേണ്ട എന്ന് കരുതി മനപൂര്‍വ്വം കുറച്ചത്. സഹോദരങ്ങള്‍ ക്ഷമിക്കുമല്ലോ. സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ. മത സൌഹാര്‍ദ ബൂലോകത്തിന് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.

ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്.
ആദ്യത്തെ ചര്‍ച്ചിന്റെ ഫോട്ടോ ഈ കുറിപ്പിലുള്ള ചര്‍ച്ച്‌ അല്ല.

Saturday, May 14, 2011

വിളക്ക് മരങ്ങള്‍



ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ് ‍. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍ .
മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത. ഓരോ യാത്രയിലും സിഗരറ്റും മാസികകളും വാങ്ങിയിരുന്നത് ഇവിടെനിന്നായിരുന്നു.
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് . എന്തെല്ലാം മാറ്റങ്ങള്‍ ...!

മുന്‍പ് ബാംഗ്ലൂരിലേക്കുള്ള ഓരോ യാത്രയും ആഘോഷമായിരുന്നു . ചുറ്റിലും സുഹൃത്തുക്കളുടെ വലയം . അതിലെ അപകടം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നില്ലേ ..

എവിടം മുതല്‍ക്കായിരുന്നു താളപ്പിഴകളുടെ തുടക്കം.....?.
ദാമുവേട്ടനില്‍ നിന്നോ ?. അതോ ഹമീദില്‍ നിന്നോ .....?

തലയിലെ കെട്ടഴിക്കുമ്പോള്‍ ഒരു ഇന്ദ്രജാലക്കാരന്‍റെ കയ്യടക്കത്തോടെ കഞ്ചാവ് ബീഡികള്‍ മാറ്റം ചെയ്തിരിക്കും പോര്‍ട്ടര്‍ ദാമുവേട്ടന്‍ .
വലിയൊരു കുടുംബത്തെ നോക്കാന്‍ പോര്‍ട്ടര്‍ ജോലിയില്‍ നിന്നും കിട്ടുന്നത് തികയാതെ വന്നപ്പോഴാണ് ദാമുവേട്ടന്‍ ഇതും തുടങ്ങിയത്. ഇതിലെ അപകടത്തെ കുറിച്ച് നല്ല ബോധ്യവും ഉണ്ടായിരുന്നു .
എന്നിട്ടും .....

ഇവിടെങ്ങും കാണാനില്ലല്ലോ ദാമുവേട്ടനെ. ആരോടെങ്കിലും ചോദിച്ചാലോ.....?
വേണ്ട.....
ജയിലിന്റെ ഇരുണ്ട അറകളില്‍ മക്കളെ ഓര്‍ത്ത് വിതുമ്പുന്ന ആ മുഖം എനിക്ക് സങ്കല്‍പ്പിക്കാന്‍ വയ്യ.

ഹമീദിനെ പരിചയപ്പെടുത്തിത്തന്നതും ദാമുവേട്ടന്‍ തന്നെയാണ് .സിറിഞ്ചിലൂടെ കത്തിപ്പടരുന്ന ലഹരിയുടെ പുതിയ ഒരു ലോകം, പുതിയ ബന്ധങ്ങള്‍........അങ്ങനെ പുതുമകള്‍ തേടി തുടങ്ങിയ ഒരു യാത്ര .
ബോധമണ്ഡലത്തില്‍ അപൂര്‍വ്വമായി കടന്നു വരുന്ന ഓര്‍മ്മകളിലൂടെ ഒരു തിരിച്ചു വരവ് ഞാന്‍ ആഗ്രഹിച്ചിരുന്നോ ?
നീന്തി കയറാന്‍ ഒരുങ്ങുമ്പോള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. വലിച്ചെറിയുന്ന സിറിഞ്ചുകള്‍ക്കൊപ്പം പറന്നുപോയത് കുറെ മൂല്യങ്ങളും , തകര്‍ന്നു പോയത് നൊന്തു പ്രസവിച്ച ഒരമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു.
അധാര്‍മ്മികതയിലൂടെ ഒരു വഴി നടത്തം ........
പതുക്കെ പതുക്കെ ജീവിതം കൈവിടുകയായിരുന്നു.

തെറ്റുകളെ ശരികളാക്കിയുള്ള എന്‍റെ യാത്ര ഇന്നെവിടെയെത്തി?

ഇന്നീ ജീവിതം കടപ്പെട്ടിരിക്കുന്നത് രണ്ട് അമ്മമാരോടാണ്. ജീവിതത്തില്‍ വെളിച്ചമാകേണ്ട ഏക മകന്‍ ലഹരിയുടെ തീരങ്ങളില്‍ പറന്നു നടന്ന് ജീവിതത്തിന്റെ തന്നെ താളം പിഴച്ചപ്പോള്‍ തളര്‍ന്നില്ലല്ലോ എന്‍റെ അമ്മ . സമൂഹവും കുടുംബവും ഒറ്റപ്പെടുത്തിയിട്ടും കാലിടറി പോയതും ഇല്ല. അച്ഛന്‍ മരിച്ചതില്‍ പിന്നെ പ്രതീക്ഷകളത്രയും എന്നിലായിരുന്നു. മകനൊരു എഞ്ചിനീയര്‍ ആയി തീരുമെന്ന് എത്ര സ്വപ്നം കണ്ടിരിക്കും ആ മനസ്സ്.
പക്ഷെ....

ഒരിക്കല്‍ ഹമീദിനെ കാണാതെ പതിവ് ഡോസ് വൈകിയതില്‍ പിന്നെയാണ് കഥയും മാറിയത്. സമനില തെറ്റിയപ്പോള്‍ കാണിച്ചു കൂട്ടിയ അവിവേകങ്ങള്‍ ആണല്ലോ അവസാനം ആ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചതും. അമ്മാവന്മാരുടെ പരിഹാസത്തിന് മുന്നില്‍ നിസ്സഹായതയോടെ കണ്ണ് തുടക്കുന്ന അമ്മയുടെ മുഖം ഇപ്പോഴും എന്‍റെ ഓര്‍മ്മകളില്‍ മായാതെയുണ്ട്‌ . ആ കണ്ണീര്‍ മാത്രം മതിയാകുമായിരുന്നു എന്‍റെ ഈ പാഴ്ജന്മം ഉരുകിതീരാന്‍ . എന്നിട്ടും എന്നെ ശപിച്ചില്ലല്ലോ എന്‍റെ അമ്മ. സ്വന്തം കണ്ണീരിലൂടെ കഴുകി തീര്‍ക്കുകയായിരുന്നോ എന്‍റെ പാപങ്ങളെ.....
ഓരോ തുള്ളി കണ്ണീരും ദൈവത്തിലേക്കുള്ള ഒരായിരം പ്രാര്‍ത്ഥനകളായിരിക്കണം......

ഡോക്ടര്‍ ബാലസുമ....... ഞാനെന്ത് വിളിക്കണം ......? ഡോക്ടറെന്നോ അമ്മയെന്നോ. ? അമ്മ എന്ന് തന്നെ വിളിക്കാം . എനിക്ക് അമ്മ മാത്രമായിരുന്നോ അവര്‍?. ജീവിതത്തിലേക്കുള്ള മകന്റെ തിരിച്ചു വരവും സ്വപ്നംകണ്ട് നാട്ടില്‍ നിന്നും വരുന്ന അമ്മക്ക് ഒരു സാന്ത്വനം കൂടി ആയിരുന്നില്ലേ ‍. ഒരു പക്ഷെ അമ്മയില്‍ പ്രതീക്ഷയുടെ തിരിതെളിയിക്കാനും അവര്‍ക്ക് കഴിഞ്ഞിരിക്കണം.
എനിക്കിഷ്ടപ്പെട്ട മധുരങ്ങളും കൊണ്ടാവും പലപ്പോഴും അമ്മ വരിക. "അവനിതൊന്നും കഴിക്കാന്‍ പറ്റില്ല" എന്ന് പറഞ്ഞ് ഒരിക്കലും എന്‍റെ അമ്മയെ നിരാശപ്പെടുത്തിയില്ല ഡോക്ടറമ്മ . അമ്മയുടെ വാത്സല്യ പകരുന്ന ആ മധുരം പലപ്പോഴും എന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് "അമ്മ തരുന്നതല്ലേ....... കഴിക്കു "എന്ന് എത്ര വട്ടം ഡോക്ടര്‍ അമ്മ എന്നെ ഊട്ടിയിട്ടുണ്ട്. ചികിത്സക്കിടയില്‍ പലപ്പോഴും വിഭ്രാന്തിയുടെ വക്കോളം എത്തിയ എത്രയെത്ര ദിവസങ്ങള്‍ ....! സ്വബോധം തന്നെ നഷ്ടപ്പെട്ട സമയങ്ങള്‍...

പതുക്കെ പതുക്കെ താളം വീണ്ടെടുക്കുക ആയിരുന്നു.
ആശുപത്രിയുടെ പുറത്തുള്ള മനോഹരമായി പൂന്തോട്ടത്തില്‍ എന്നെയും കൊണ്ട് നടക്കും ഡോക്ടറമ്മ. ഓരോ പൂക്കളെ പറ്റിയും ഓരോ കഥകള്‍ പറഞ്ഞുതരും. ഒരു കൊച്ചു കുട്ടിയോടെന്നപോലെ.

ഒരിക്കല്‍ ഡോക്ടറമ്മയുടെ മുറിയില്‍ ഇരിക്കുമ്പോള്‍ ടേബിളില്‍ ഫ്രെയിം ചെയ്ത് വച്ചൊരു ഫോട്ടോ കണ്ട് "ഇത് ആരാണ് .." എന്ന എന്‍റെ ചോദ്യത്തിന് . " നീ തന്നെ..... . നിന്നിലൂടെ ഞാന്‍ തിരിച്ചു പിടിച്ചത് എന്‍റെ മകനെയാണ്".
എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു .

എന്നിലെ തെറ്റുകളെ മനസ്സിലാക്കിയ ഒരു കുട്ടിയാണ് ഞാന്‍ ഇന്ന് .
നീണ്ട ആറുമാസത്തെ അനുഭവങ്ങള്‍ എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു.

ആ ചികിത്സാലയത്തിന്റെ പടികള്‍ ഇറങ്ങിയ നിമിഷങ്ങള്‍...... .

അമ്മ കരയുന്നുണ്ടായിരുന്നു ." ഇതാ ഞാനെന്റെ മകനെ തിരിച്ചു നേടിയിരിക്കുന്നു " എന്ന് ലോകത്തോട് വിളിച്ചുപറയുന്ന ആ മുഖം എനിക്കിന്നും മറക്കാന്‍ കഴിയുന്നില്ല . വെളുത്ത യൂണിഫോമില്‍ ഡോക്ടര്‍ ബാലസുമയും വന്നു. അന്നേവരെ ഡോക്ടറമ്മയെ ആ വേഷത്തില്‍ കണ്ടിട്ടില്ല ഞാന്‍ . എന്നെ നേര്‍വഴി നടത്താന്‍ ദൈവം ഭൂമിയിലേക്ക്‌ അയച്ച ഒരു മാലാഖയെ പോലെ............
നിറയുന്നു കണ്ണുകളോടെ ഡോക്ടറമ്മ എന്‍റെ കൈപിടിച്ച് അമ്മയെ ഏല്പിച്ചു. "ഇതാ നിങ്ങളുടെ മകനെ ഞാന്‍ തിരിച്ചു തരുന്നു" . അമ്മ തിരുത്തി, "എന്‍റെ അല്ല ..നമ്മുടെ മകനെ " .
എന്‍റെ അമ്മയോടൊപ്പം ഞാന്‍ ദൂരെ നടന്നു മറയുമ്പോള്‍ മകന്റെ ഫോട്ടോയില്‍ മുഖം ചേര്‍ത്ത് ഡോക്ടറമ്മ കരയുകയായിരുന്നോ ?

ഇന്‍റര്‍ സിറ്റി എക്സ്പ്രസ് കിതച്ചെത്തി. ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നെണീറ്റ് ഞാന്‍ ട്രെയിനിനടുത്തെക്ക് നീങ്ങി . സ്റ്റേഷനില്‍ തിരക്ക് കൂടിയിട്ടുണ്ട്. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ വേഗത്തില്‍ നീങ്ങുന്നത്‌ ദാമുവേട്ടനാണോ..? പക്ഷെ തലയില്‍ ആ കെട്ടില്ലല്ലോ..
കാഴ്ചകളെ മറച്ചുകൊണ്ട്‌ വണ്ടിക്കു വേഗത കൂടുന്നു. കിതപ്പ് മാറി. ഇനി ഇത് കുതിച്ചു പായും. പ്രതീക്ഷയുടെ പുതിയ ലോകത്തിലേക്ക്‌.

Sunday, April 10, 2011

ഈ പുഴയും ഇവിടത്തെ കാറ്റും



എന്തൊരു സൗന്ദര്യമാണ് ഈ സായാഹ്നത്തിന്. വിടപറയാനൊരുങ്ങുന്ന സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന ചാലിയാര്‍ മുഖം ചുവന്നു തുടുത്ത് സുന്ദരിയായിരിക്കുന്നു. ചെരുപ്പ് കരയില്‍ അഴിച്ചു വെച്ച് ഞാന്‍ പുഴയിലേക്കിറങ്ങി. നിശ്ചലമായിരുന്ന പുഴയിലെ ഓളങ്ങള്‍ കരക്കൊരു ചെറിയ മുത്തം കൊടുത്തു. നാണം വന്ന പരല്‍ മീനുകള്‍ ഓടിയൊളിച്ചു. നല്ല തെളിഞ്ഞ വെള്ളം. അടിത്തട്ട് കാണുന്നുണ്ട്. ഞാന്‍ മുട്ടറ്റം വെള്ളത്തിലേക്ക്‌ ഇറങ്ങി നിന്നു.എന്തൊരു അവാച്യമായ അനുഭൂതിയാണിപ്പോള്‍ ‍. ഒരു സുന്ദരമായ പ്രണയ കവിത വായിക്കുന്ന സുഖം. അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും ശാന്തമായി മയങ്ങുന്ന ചാലിയാറും ഇരു കരകളിലെ സുന്ദരമായ പച്ചപ്പും നല്‍കുന്നൊരു സ്വപ്ന ലോകം. എനിക്ക് തിരിച്ചു കയറാന്‍ തോന്നിയില്ല.

ചാലിയാറിനെ പറ്റി എത്ര തവണ പറഞ്ഞിരിക്കുന്നു ഞാന്‍ . പക്ഷെ ഓരോ തവണ
ഇവള്‍ക്കരികിലെത്തുമ്പോഴും ഓരോ കഥ പറഞ്ഞു തരും. പക്ഷെ മഴക്കാലത്ത് ഞങ്ങള്‍ പിണങ്ങും. ഇത്തിരി രൗദ്രമാകുന്ന ചാലിയാറിനെ പേടിയാണെനിക്ക്. അപ്പോഴെന്‍റെ പ്രണയം മഴയോട് മാത്രമാകും. ഇടക്കാലത്തേക്ക് കാമുകിയെ മാറുന്നത് കൊണ്ടാണോ എന്തോ വര്‍ഷക്കാലം കഥയൊന്നും പറഞ്ഞുതരില്ല. പക്ഷെ അവള്‍ക്കറിയാം വര്‍ഷം കഴിഞ്ഞാല്‍ ആ കാമുകിയേയും തള്ളിപറഞ്ഞ്‌ ഞാന്‍ തിരിച്ചെത്തുമെന്ന്. പരിഭവമില്ലാതെ എന്നെ സ്വീകരിക്കുകയും ചെയ്യും.

നല്ല ഇളം ചൂടുള്ള വെള്ളം. ഇറങ്ങി നില്‍ക്കാന്‍ നല്ല രസമുണ്ട്. ഇതുപോലെ ടാറിട്ട റോഡിലൂടെ ചെരിപ്പില്ലാതെ നടന്ന് നോക്കിയിട്ടുണ്ടോ നിങ്ങള്‍. ഒരു ഇളം ചൂട് കാലില്‍ തട്ടും. നല്ല രസമാണ് അതും. ഇത്തരം ചെറിയ വട്ടുകളല്ലേ നമ്മെ വിത്യസ്തമാക്കുന്നത് . ഞാനത് ആസ്വദിക്കുന്നു.

പുഴക്കരയില്‍ ഒരു പള്ളിയുണ്ട്. വഴിയാത്രകാര്‍ക്ക് നിസ്കരിക്കാനായി ഏതോ നല്ല മനുഷ്യര്‍ ഒരുക്കിയത്. പുഴയില്‍ നിന്നു കാലൊക്കെ കൊടുത്തു മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയൊരു പള്ളി. "സ്രാമ്പ്യ" എന്ന് പഴമക്കാര്‍ വിളിച്ചിരുന്നു. ഒരുകാലത്ത് വളരെ സജീവമായിരുന്നു ഇത്തരം പള്ളികള്‍. ദൂരയാത്ര പോകുന്നവര്‍ക്കും തോണി യാത്രകാര്‍ക്കും വിശ്രമിക്കാന്‍ ഒരു ഇടത്താവളം കൂടിയായിരുന്നു ഇത്. പുഴയില്‍ നിന്നു അംഗ ശുദ്ധി വരുത്തി ഞങ്ങള്‍ മഗ്രിബ് നിസ്കരിക്കാന്‍ കയറി. പതിയെ ഒഴുകുന്ന നദിയും മനസ്സിനെ കുളിരണിയിച്ച് പതുക്കെ വീശുന്ന കാറ്റും ഒപ്പം ഒരു നാട്ടുകാരന്റെ സുന്ദരമായ ഖുര്‍ ആന്‍ പാരായണവും പ്രസന്നമാക്കിയ ഈ അന്തരീക്ഷത്തില്‍ അനുഭവിക്കുന്ന ഒരു ആത്മീയ നിര്‍വൃതി അനിര്‍വചനീയം. മണന്തല കടവില്‍ ഇപ്പോഴും ഉണ്ടോ ആവോ ആ പള്ളി. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയുടെ ബാക്കി പത്രമായിരുന്നു അത്. ഓര്‍മ്മകളില്‍ ഒരു നന്മയുടെ വീണ്ടെടുപ്പിന് പരിക്കുകളൊന്നും പറ്റാതെ അതവിടെ തന്നെ കാണണേ എന്ന് ആശിച്ചുപോകുന്നു.



മഗരിബ് നിസ്കാരം കഴിഞ്ഞ്‌ ഞങ്ങള്‍ വീണ്ടും പുഴവക്കിലേക്കിറങ്ങി. പതിയെ ഇരുട്ടായി വരുന്നു. ബോട്ട് ജെട്ടിയുടെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു.കക്കയിറച്ചിയുമായി ഒരു തോണിക്കാരന്‍ വന്നു. ഇനി ഇത് പാകം ചെയ്യാന്‍ ഉമ്മച്ചിക്ക് പണിയായി. സന്തോഷത്തോടെ തോണിക്കാരന്‍ തുഴഞ്ഞു നീങ്ങി. വലയും ചൂണ്ടയുമായി ഒരുപ്പയും മകനും പുഴയിലേക്ക് ഇറങ്ങുന്നു. നാളത്തെ അന്നം തേടിയൊന്നും അല്ലെന്നു തോന്നുന്നു. പുഴയുടെ മാറിലൂടെ അല്പം നേരമ്പോക്കാവാം അവര്‍ക്ക്. പെട്രോള്‍ മാക്സ് നേരെ പിടിക്കെടാ എന്ന് പറഞ്ഞു അയാള്‍ മകനെ വഴക്ക് പറഞ്ഞു. അവനൊരു ചമ്മലോടെ ഞങ്ങളെ നോക്കി. സാരല്ല്യ എന്ന മട്ടില്‍ ഞങ്ങളും ചിരിച്ചത് അവനെ സന്തോഷിപ്പിച്ചു കാണും.

ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. എന്തേ ഈ കാറ്റിനൊരു ശോക ഭാവം. തിരിഞ്ഞു നോക്കിയാല്‍ കുന്നിന്‍റെ മുകളില്‍ നിന്നും മങ്ങിയ വെളിച്ചം കാണാം. എളമരം യതീം ഖാനയാണ്. ആ കുട്ടികളെ, അവരുടെ നൊമ്പരങ്ങളെ തഴുകിയാവണം ഈ കാറ്റും വന്നിട്ടുണ്ടാവുക. അല്ലെങ്കില്‍ ‌ പതിവില്ലാതെ ഇവിടത്തെ കാറ്റുകള്‍ സങ്കടം പറയാറില്ല. പാരമ്പര്യവും പ്രശസ്തിയും ഒത്തിരിയുള്ള സ്ഥാപനമാണിത്. ചാലിയാറിന്‍റെ മേലെ കുന്നിനു മുകളില്‍ ഈ അനാഥാലയം ഒരുപാട് കുട്ടികളുടെ കണ്ണീരൊപ്പുന്നു. ഈ പുഴക്കരയിലിരുന്ന് അവിടെ നിന്നുമുള്ള മങ്ങിയ വെളിച്ചവും കണ്ട്‌ പിന്നെ അന്തരീക്ഷത്തിന് പെട്ടൊന്നൊരു ശോകച്ഛായ പകര്‍ന്നപോലെ ഈ സങ്കടക്കാറ്റും കൊണ്ട് കൂടുതലിരിക്കാന്‍ എന്തോ വിഷമം തോന്നുന്നു. പുഴയിലും തോണിക്കാരുടെ ആരവം ഒഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കുറച്ചൂടെ വിശാലമായ തീരത്തേക്ക് മാറിയിരുന്നു. പൂഴിമണലില്‍ മലര്‍ന്നു കിടക്കുന്ന ഞങ്ങള്‍ക്ക് കൂട്ടായി നല്ല പാല്‍നിലാവും കുറെ നക്ഷത്രങ്ങളും. തീരത്തെ ഒരു കുടിലില്‍ നിന്നും പഴയൊരു മാപ്പിള പാട്ടിന്‍റെ ഈരടികള്‍ ഒഴുകിവരുന്നു. അതില്‍ ലയിച്ച്‌ ഞങ്ങളും.



(എളമരം ബോട്ട് ജെട്ടിയുടെ ഫോട്ടോ ശ്രീ. സന്ദീപിന്റെ ഈ ബ്ലോഗ്ഗില്‍ നിന്നും എടുത്തതാണ്) (ചാലിയാര്‍ അസ്തമയ ഫോട്ടോ ശ്രീ ജലീല്‍ കൂളിമാട്)

Monday, April 4, 2011

പാടം പൂത്ത കാലം



എല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്‍ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്‍ക്കണം. എത്ര വണ്‍ ഡേ മേച്ചാണ്‌ ഒരു ദിവസം കളിക്കുക. കളിയുടെ ആവേശം കൂടുമ്പോഴായിരിക്കും ഉമ്മാന്റെ വിളി. "മന്‍സ്വോ...പീടികയില്‍ പോയി സാധനങ്ങള്‍ മേടിച്ചു കൊണ്ടുവാ" എന്ന്. ഉപ്പ ഉമ്മറത്ത്‌ തന്നെ ഇരിക്കുമ്പോള്‍ ഈ തീരുമാനത്തിന് അപ്പീലിന് പോകാന്‍ പോലും പറ്റില്ല . കളി നിര്‍ത്തി മനസ്സില്ല മനസ്സോടെ പീടികയില്‍ പോവും. തിരിച്ചു വരുമ്പോള്‍ പോക്കറ്റില്‍ നിറയെ ആ കറുത്ത പുളി അച്ചാര്‍ കുത്തി നിറച്ചിരിക്കും. ഇടക്കൊക്കെ നാട്ടില്‍ പോവുമ്പോള്‍ കുട്ടികളെ കൊണ്ട് അതൊക്കെ മേടിച്ചു കഴിക്കാന്‍ രസായിരുന്നു. കവറിന്റെ മൂലയ്ക്ക് ഓട്ടയുണ്ടാക്കി അത് വലിച്ചു കഴിക്കുമ്പോള്‍ നമുക്ക് പ്രായം ഒത്തിരി കുറഞ്ഞ പോലെ തോന്നും. ഇന്ന് നോക്കുമ്പോള്‍ വെറും പുളിയച്ചാര്‍ മാത്രമല്ല അത്, ബാല്യവുമായി കണക്റ്റ് ചെയ്യുന്ന ഒരു പ്രതീകം കൂടിയാണ്.



നാളെ പാടത്ത് കന്ന്‌ പൂട്ടുകാര്‍ ഉണ്ടാവും എന്ന് വല്യുമ്മ പറയുന്നത് കേട്ടു. എനിക്ക് സന്തോഷമായി. നല്ല രസമാണ് ആ സമയത്ത് പാടത്തെ ചെളിയില്‍ കളിക്കാന്‍ . ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടാവും. മീന്‍ പിടിക്കാനായിരുന്നു കൂടുതല്‍ ആവേശം. നല്ല വലിയ പരല്‍ മീനുകള്‍ കിട്ടും. കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല്‍ രണ്ടു ദിവസം കൈ അനക്കാന്‍ പറ്റില്ല. അത്രക്കും കടച്ചിലാ.ഞങ്ങളെ ശല്യം കൂടുമ്പോള്‍ കന്ന്‌ പൂട്ടുന്ന ആല്യാക്ക വഴക്ക് പറയും. ഞങ്ങളുണ്ടോ കേള്‍ക്കുന്നു. കുറെ നാളായി എന്റെയൊരു പൂതിയാണ് കാളകളെ കെട്ടിയ ആ തട്ടില്‍ കയറി ഒരു റൌണ്ട് പാടത്ത് കറങ്ങണം എന്ന്. ആല്യാക്ക സമ്മതിക്കില്ല. നല്ലം പെരവനെ സോപ്പിട്ടു. നന്നായി മുറുകെ പിടിക്കണം . അല്ലേല്‍ താഴെ വീഴും എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലായിരുന്നു ഞാന്‍ . എന്റെ അഹങ്കാരം കാളകള്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു . എനിക്കൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. കാളകള്‍ നല്ല സ്പീഡില്‍ തന്നെ ഓട്ടം തുടങ്ങിയതും ഞാന്‍ പിടിവിട്ട് ചളിയില്‍ വീണു. ശരീരത്തിന്റെ ഒരു ഭാഗവും ചളി ആവാത്തതില്ല. കണ്ണ് എന്ന ഭാഗമേ ഇല്ല എന്ന് തോന്നും. ഒന്നും കാണുന്നില്ല. പിടിച്ചു എണീപ്പിച്ചത് നല്ലം പെരവന്‍ ആണെന്നും തലയ്ക്കു മേടിയത് ആല്യാക്ക ആണെന്നും പ്രതികരണം കൊണ്ട് മനസ്സിലായി. പക്ഷെ ആ പൂതി അതോടെ തീര്‍ന്നു.
നല്ലം പെരവന്‍ ഈയിടെ മരിച്ചെന്ന് കേട്ടു . നല്ല സ്നേഹം ആയിരുന്നു. പക്ഷെ എനിക്കിഷ്ടം പുറം പോക്കില്‍ നല്ലം പെരവന്‍ കൃഷി ചെയ്തിരുന്ന വെള്ളരിയോടായിരുന്നു. മൂപ്പ് ആകുന്നതിനു മുമ്പുള്ള നല്ല ഇളം വെള്ളരി കട്ട് തിന്നാന്‍ ഞങ്ങള്‍ ചങ്ങാതിമാര്‍ രാത്രിയിലാണ് പോകുക. അന്നതൊക്കെ ഒരു സല്‍കര്‍മ്മം ചെയ്യുന്നത് പോലെയാണ്. പിന്നെ നല്ലം പെരവന്റെതാകുമ്പോള്‍ കക്കുകയല്ല ഒരു അവകാശം മേടിക്കുകയാണ് എന്ന രീതിയിലാണ് എന്റെ സമീപനം. ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കുറച്ച് പൈസ കൊടുത്തിട്ട് വാങ്ങിയില്ല. കട്ട് തിന്ന വെള്ളരിയുടെ കണക്കില്‍ കുറച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ പല്ലില്ലാത്ത ഒരു പൊട്ടിച്ചിരി തന്നുകൊണ്ട് പറഞ്ഞു " എനിക്കറിയായിരുന്നു കുട്ടി കട്ട് തിന്നുന്ന കാര്യം" എന്ന് . ആ ചിരി കണ്ടപ്പോള്‍ എനിക്കും ഒരു പാപ മോക്ഷം കിട്ടിയ സുഖം.
എന്റെ കുട്ടിക്കാലം മുതലേ നല്ലം പെരവനെ ഞാന്‍ കാണാറുണ്ട്. കാണുമ്പോഴൊക്കെ കള്ളിന്റെ മണവും ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഒരു കുഴപ്പവും കണ്ടിട്ടില്ല. ഇടയ്ക്കു കെട്ട്യോളെ അടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കാണുമ്പോഴൊക്കെ അവര്‍ മാതൃകാ ദമ്പതികള്‍ ആണ്. പാടത്തെ പണിക്കാര്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍ അവരും വരും. ഞാനും കൂടും അവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ . ആ സമയത്ത് ആല്യാക്കക്ക് ദേഷ്യം ഒന്നും കാണില്ല. പുട്ടോ കപ്പയോ അടിക്കുന്നതിനിടക്ക് നല്ല തമാശയും പറയും. അത് കഴിഞ്ഞു നാടന്‍ ബീഡി വലിക്കുന്നത് കാണാന്‍ നല്ല രസാണ്. എനിക്കും പൂതി തോന്നും. നാടന്‍ ബീഡി കിട്ടിയില്ലെങ്കിലും നാടന്‍ അടി കിട്ടും . അതുകൊണ്ട് ചോദിക്കാന്‍ പേടി തോന്നും. പക്ഷെ നല്ലം പെരവന്റെ അടുത്ത് മുറുക്കാന്‍ കാണും. പകുതി വെറ്റിലയില്‍ പാകത്തിന് ചുണ്ണാമ്പ് ഒക്കെ ചേര്‍ത്ത് തരും. വല്യ കുട്ടിയായി എന്നൊക്കെ തോന്നും അത് കഴിക്കുമ്പോള്‍. ഭക്ഷണം കഴിഞ്ഞാല്‍ അവര്‍ വീണ്ടും പണിക്കിറങ്ങും. ഞങ്ങള്‍ പാടത്തിന്റെ മൂലക്കുള്ള വല്യ പേര മരത്തില്‍ വലിഞ്ഞു കയറും. മൂത്തതും മൂക്കാത്തതും ആയ എല്ലാ പേരക്കയും പറിച്ചു തിന്നും.



പാടത്തെ പണി തുടങ്ങിയാല്‍ പിന്നെ ഞാറ് നടുന്നത് മറ്റൊരു ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില്‍ വെള്ളംകൂടുതല്‍ ഉണ്ടെങ്കില്‍ വേറെ വയലിലേക്ക്‌ ഒഴുക്കി വിടണം. കുറവാണേല്‍ ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ്‌ കൂടുതല്‍ രസകരം. മുമ്പ് എഴുതിയത് കൊണ്ട് അത് പറയുന്നില്ല.
എന്ത് മധുരമാണ് ഈ ഓര്‍മ്മകള്‍ക്ക്. ആ ഓര്‍മ്മകളെ പ്രവാസവുമായി ഒരു താരതമ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്‍ക്കട്ടെ. അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌, ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.

(ചിത്രങ്ങള്‍ -ഗൂഗിളില്‍ നിന്ന് )