Tuesday, March 30, 2010

കണ്ണ് നനയിക്കുന്നൊരു ഓര്‍മ്മകുറിപ്പ്.

വായിച്ചുതീര്‍ന്നാലും നമ്മെ വിട്ടുപിരിയാത്തൊരു നൊമ്പരം.ചില അനുഭവകുറിപ്പുകള്‍ അങ്ങിനെയാണ്.മനോരമയില്‍ നടന്‍ അനൂപ്‌ മേനോനുമായി,ബി.ശ്രീരേഖ നടത്തിയ അഭിമുഖം.ഗോപിക എന്ന പെണ്‍കുട്ടിയുടെ വേദന.അവളുടെ മോഹങ്ങള്‍,സ്വപ്‌നങ്ങള്‍. ഹൃദ്യമായാണ് അനൂപ്‌ ഈകഥപറയുന്നത്.

വായിക്കാത്തവര്‍ക്കായി അതിന്റെ ലിങ്ക് ഇതാ..

സ്കാര്‍ഫ് കെട്ടിയ പെണ്‍കുട്ടി.

ഇത് നിങ്ങളുടെ കണ്ണ് നനയിക്കാതിരിക്കില്ല.തീര്‍ച്ച.

Sunday, March 28, 2010

ചന്ദ്രികയോടൊപ്പം ഒരു കൊച്ചു സന്തോഷം.

ബ്ലോഗ്ഗര്‍ എന്ന നിലയിലൊരു തുടക്കം പോലുമാവുന്നില്ല എന്റെ പരിശ്രമങ്ങള്‍.ഉപ്പയെ കുറിച്ചൊരു ഓര്‍മ്മകുറിപ്പ് എഴുതുക എന്നതില്‍ കവിഞ്ഞൊരു ബ്ലോഗിങ്ങ് സ്വപ്നവും എനിക്കുണ്ടായിരുന്നില്ല.എന്നിട്ടും എന്തൊക്കെയോ എഴുതി.നിങ്ങള്‍ക്കിഷ്ടപെട്ടോ എന്തോ?
ഇന്നെനിക്കൊരു കൊച്ചു സന്തോഷത്തിന്റെ ദിവസം.ഈ ബോഗ്ഗിലെഴുതിയ ഉപ്പയെ കുറിച്ചുള്ള എന്റെ ഓര്‍മ്മകുറിപ്പുകള്‍ ഒരു ഫെബ്രവരിയുടെ നഷ്ടം ഇന്നത്തെ ചന്ദ്രിക വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ചന്ദ്രികയില്‍ തന്നെ നിരവധി ലേഖനങ്ങളും യാത്രകുറിപ്പുകളും എഴുതിയ ഉപ്പയെ കുറിച്ചുള്ള അനുസ്മരണം,ബ്ലോഗ്ഗിന് പുറത്ത് തെളിയുന്ന എന്റെ ആദ്യത്തെ കുറിപ്പായി എന്നത് ഏത് നിമിത്തമാണ്?ഏതായാലും ഈ അംഗീകാരം എനിക്കല്ല.എണ്‍പതുകളിലും തൊണ്ണൂറുകളിലും ചന്ദ്രികയിലും മാതൃഭൂമി വീക്ക്ലിയിലുമൊക്കെയായി നിറഞ്ഞു നിന്നിരുന്ന ഉപ്പയുടെ ഓര്‍മ്മകള്‍ക്ക് തന്നെയാണ്.അങ്ങിനെ ചിന്തിക്കാനേ എനിക്ക് കഴിയൂ.
ഈ കൊച്ചു സന്തോഷം നിങ്ങളോടൊപ്പം പങ്കു വെക്കുന്നതോടൊപ്പം ചന്ദ്രിക ദിനപത്രത്തിനും അതിന്റെ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കട്ടെ..
സ്നേഹപൂര്‍വ്വം

Saturday, March 20, 2010

ഇതിഹാസം പിറന്ന മണ്ണിലൂടെ....

അതൊരു സ്വപ്നമായിരുന്നു.ചരിത്രം ഇതിഹാസം രചിച്ച പുണ്യഭൂമിയിലേക്ക്‌ ഒരു തീര്‍ഥയാത്ര.മഹത്തായൊരു പ്രസ്ഥാനത്തിന്റെ, ഗ്രന്ഥത്തിന്റെ ഉദ്ഭവം തൊട്ട് പ്രവാചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ,ഇസ്ലാമിക ചരിത്രത്തിന്റെ നിര്‍ണായകമായ മക്ക മദീന എന്ന ദേശങ്ങള്‍.ഒരു ഒരു സ്വപ്ന സാക്ഷാല്‍കാരത്തിന്റെ നിറവില്‍ തിരിച്ചെത്തി ഒരു കുറിപ്പെഴുതാനിരിക്കുമ്പോള്‍ ഞാനശക്ക്തനാണ്.എന്തെഴുതണം അല്ലെങ്കില്‍ എങ്ങിനെ എഴുതണം എന്നതിനെ പറ്റി. ഭക്തിയും പ്രാര്‍ഥനയും നിറഞ്ഞ പത്ത് ദിനരാത്രങ്ങള്‍ നല്‍കിയ ദിവ്യാനുഭൂതിയെ ഞാനെങ്ങിനെ വരികളാക്കി മാറ്റും. എന്നിരുന്നാലും എനിക്കെഴുതാതിരിക്കനാവില്ല അവിടത്തെ ചൈതന്യത്തെ പറ്റി.
മലയും മരുഭൂമികളും താണ്ടി വണ്ടി നീങ്ങിതുടങ്ങിയപ്പോള്‍ തന്നെ മനസ്സ് മുമ്പേ പായാന്‍ തുടങ്ങി.കുട്ടികാലം മുതല്‍ തന്നെ കേട്ടും പഠിച്ചുമറിഞ്ഞ ചരിത്ര സത്യങ്ങള്‍. ത്യാഗോജ്വലമായ ഒരു സമര ജീവിതത്തിലൂടെ ഇസ്ലാം എന്ന പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതില്‍ തുടങ്ങി ലോകത്തിന് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃക കാണിച്ചു കൊടുത്ത പ്രാവാചകന്‍ തിരുമേനിയുടെ ജന്മദേശം.പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ ഭാഗ്യനാട്. ഇവിടം കാലുകുത്താന്‍ ഇടം നല്‍കിയ നാഥാ... നിനക്ക് സര്‍വ്വ സ്തുതിയും.
പരിപാവനമായൊരു ലക്‌ഷ്യം മുന്നിലുള്ളത് കൊണ്ടോ എന്തോ ദീര്‍ഘയാത്രയായിട്ടും ക്ഷീണം തോന്നുന്നില്ല.ഉദ്വാഗജനകമായ മനസ്സിനുമുന്നിലതാ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ തെളിയുന്നു.പിന്നെ വലതുകാലും വെച്ച് അകത്തുകയറുമ്പോള്‍ മുന്നില്‍ കഅബ.ലോക മുസ്ലിംകളുടെ പ്രാര്‍ത്ഥനകളില്‍ ലക്‌ഷ്യം വെക്കുന്ന കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത്.അറിയില്ല.ഉറ്റി വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍?കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും? സര്‍വ്വശക്തനായ നാഥാ... ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കേണമേ.. .തെറ്റുകളെ പൊറുക്കുകയും ശരികള്‍ക്ക്‌ പ്രതിഫലം നല്‍കുകയും ചെയ്യുന്ന നാഥാ. നീയാണ് സത്യം.
ദിവ്യമായൊരു അനുഭൂതിയാണ് കഅബക്ക് ചുറ്റും.ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് നമ്മള്‍ മറഞ്ഞു പോകുന്ന ഒരപൂര്‍വ്വ അനുഭവം.
വീണ്ടും വീണ്ടും തിരിച്ചെത്തിക്കണം എന്നൊരു പ്രാര്‍ത്ഥനയോടെ ഹറമിന് പുറത്തുകടന്നു.വലതുതിരിയുമ്പോള്‍ നബിയുടെ ജന്മഗേഹം.ലോകത്തിന്റെ വിളക്കുമാടം വളര്‍ന്ന സ്ഥലം.ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും എത്രയെത്ര കഥകളാണ് ഈ ദൃശ്യം നമ്മെഓര്‍മിപ്പിക്കുന്നത്‌.
ഇനി യാത്ര മദീനയിലേക്കാണ്.റസൂലിന് അഭയം നല്‍കിയ സ്നേഹനിധികളായ അന്‍സാരികളുടെ നാട്.ഹറമിന് ചുറ്റുമുള്ള പ്രാവുകള്‍ക്ക് പോലും ആ സൗഹൃദത്തിന്റെ മുഖമുണ്ടെന്ന് ഉപ്പ എഴുതിയത് ഓര്‍ക്കുന്നു.അന്‍സാരിപ്രാവുകള്‍ എന്നാണ്‌ ഉപ്പ വിശേഷിപ്പിച്ചത്‌.മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്.ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്റെ പൊടിപടലങ്ങള്‍,മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.അമീര്‍ ഹംസ അന്‍വരിയുടെ പക്വമായ വിവരണങ്ങള്‍.ഇവിടത്തെ കാറ്റിനു പോലുമുണ്ട് നമ്മോടെന്തെക്കൊയോ പറയാന്‍.ഓര്‍മകളെ അവിടെ തന്നെ മേയാന്‍ വിട്ട്‌ ഞങ്ങള്‍ തിരിച്ചു നടന്നു.ഇസ്ലാമിക ചരിത്രത്തിലെ രണ്ടു നിര്‍ണായക ഘടകങ്ങളായ മസ്ജിദുല്‍ ഖുബ്ബയും മസ്ജിദുല്‍ ഖിബ്‌ലതൈനും കടന്നു റസൂലുള്ളായുടെ മദീനയിലേക്ക്.ഹറമിന്റെ വാതിലുകളും കടന്ന്‌ ഉള്ളിലേക്ക്.വിശേഷണങ്ങള്‍ കിട്ടാതെ ഞാന്‍ വീണ്ടും കുഴങ്ങുന്നു. വികാരങ്ങളെ നിയന്ത്രിക്കാന്‍ യുക്ക്തിക്ക് സാധ്യമല്ലിവിടം. നബി പ്രാര്‍ത്ഥിച്ച,ഉദ്ബോധനം ചെയ്ത സ്ഥലം.നബി ഉറങ്ങുന്ന മണ്ണ്. നമ്മളിവിടെ സമര്‍പ്പിക്കപ്പെടുകയാണ്.പൊട്ടിയൊഴുകുന്ന കണ്ണുനീര്‍.തെറ്റുകളെ ഏറ്റുപറഞ്ഞും ശരികള്‍ക്കായി തേടിയും നമ്മളിവിടെ നിറയുന്നു.ഇതിലും വലിയൊരു ആശ്വാസം അല്ലെങ്കില്‍ ആഹ്ലാദം അതപൂര്‍വ്വമാണ്.അതാണ്‌ ഈ പുണ്യഭൂമികളുടെ ശക്തി.
മദീനയിലെ നാല്‌ ദിവസങ്ങളും കഴിയാറായി.ഇതൊരു വേദനിപ്പിക്കുന്ന വിടപറയലാണ്.ഒപ്പം സന്തോഷത്തിന്റെതും കാരണം കനവിലും നിനവിലും സ്വപ്നം കണ്ടത്‌ സാഫല്യമായ അനുഭൂതി.വിട്ടുപിരിയാന്‍ തോന്നില്ല നമുക്കിവിടം.എന്റെ മനസ്സിനെ ഇവിടെ വിട്ടിട്ടാണ് ഞങള്‍ മടങ്ങുന്നത്.കാരണം തിരിച്ചുവരണം എന്ന് നമ്മെ ഓര്‍മ്മപെടുത്തുന്ന ഒരു മായിക ശക്തിയുണ്ട് മക്കക്കും മദീനക്കും.
ഞാന്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.അനുഗ്രഹങ്ങളാല്‍ സ്വര്‍ഗം പെയ്ത പുണ്യഭൂമിയിലേക്ക്‌ തിരിച്ചെത്തുന്നത്.ഇന്നെന്റെ പ്രാര്‍ത്ഥനകളില്‍ നിറയുന്നതും അതുതന്നെയാണ്.

Monday, March 15, 2010

ഇത് പ്രവാചകന്റെ നാട്. ഇവര്‍ക്ക് സ്നേഹിക്കാനെ അറിയൂ...


(Image Courtesy- www.islamicsupremecouncil.com )

അത്ര ആധികാരികമാണോ ഈ ലേഖനം എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.പക്ഷെ എന്റെ അനുഭവങ്ങള്‍ വെളിച്ചം വീശുന്നിടത്തേക്ക് നോക്കി ഞാനീ കുറിപ്പെഴുതുന്നു.വിയോജന കുറിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്വാഗതം.
U A E,ബഹ്‌റൈന്‍ ,സൗദി അറേബ്യ.തൊഴില്‍പരമായും മറ്റും അടുത്തറിഞ്ഞ മൂന്നു രാജ്യങ്ങള്‍.വ്യക്തിബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും ഈ രാജ്യങ്ങള്‍ക്കിടയിലുള്ള വിത്യാസം.അതിന്റെ ചെറിയൊരുഅവലോകനമാണ് ഈ കുറിപ്പിലൂടെ ഞാനുദ്ദേശിക്കുന്നത് .
എനിക്കെന്തോ ഒരിത്തിരി കൂടുതല്‍ സ്നേഹം സൗദിയോട് കൂടിപോകുന്നു.ബന്ധങ്ങളുടെ മൂല്യങ്ങള്‍ക്ക് ഈ രാജ്യം നല്‍ക്കുന്ന പ്രാധാന്യം തന്നെയാണിതിന് കാരണം.മറ്റു രണ്ടു രാജ്യങ്ങള്‍ക്കും അവകാശപെടാനില്ല ഈ മേന്മ എന്ന് ഞാന്‍ പറയുന്നത് ഒരൊറ്റപ്പെട്ട വാദവുമായിരിക്കില്ല.പക്ഷെ അതൊരു കുറ്റമായിട്ടല്ല മറിച്ച്‌ യാന്ത്രികമായ ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഇതിനൊന്നും സമയം കാണില്ല എന്നതാവാം അതിന്റെ പരിമിതി.ഉയര്‍ന്ന ജിവിത നിലവാരവും മറ്റു കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥക്ക് ദുബായ് മുന്നില്‍ നില്‍ക്കുന്നു.നാട്ടില്‍ മെച്ചപ്പെട്ടൊരു സമ്പാദ്യവും കുടുംബത്തിന്റെ സുരക്ഷിതത്തവും ന്യായീകരണമാവുമ്പോള്‍ തന്നെ നഷ്ടപെടുന്ന മറ്റൊരു തലമില്ലേ പ്രവാസിക്ക്? സുഹൃത്തുക്കളുമായുള്ള നേരമ്പോക്കുകള്‍,കളികള്‍ അങ്ങിനെ പലതും.എല്ലാവരും പറയുന്ന പോലെ കുടവയറും കഷണ്ടിയുമായി യൌവനം നഷ്ടപ്പെട്ട് നാട്ടിലെത്തുമ്പോള്‍ എന്ത് ബാകിയുണ്ടാവും നമുക്കൊക്കെ. തിരിച്ചു പറഞ്ഞാല്‍,ഇവിടത്തെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനും വേണ്ടേ ഒരിടം.
സൗദിയോട് ഇത്തിരി സ്നേഹക്കൂടുതലുണ്ടെന്ന് ഞാന്‍ പറഞ്ഞു വെക്കുന്നത് ഇവിടെയാണ്‌.പ്രസന്നമായൊരു ജീവിതരീതിയാണ് ഞാനവിടെ കണ്ടത്.രണ്ടറ്റ് നിന്ന് ടെലഫോണില്‍ പറഞ്ഞു തീര്‍ക്കുന്ന സ്നേഹന്യോഷണങ്ങളല്ല അവിടെ സൌഹൃദം.ഇല്ലാത്ത സമയമുണ്ടാക്കി അവരൊത്തുചേരുന്നു.സജീവമാണ് അവിടത്തെ വൈകുന്നേരങ്ങള്‍.ഫുട്ബാളും ക്രിക്കറ്റും വോളിബോളും നിറയുന്ന കളിമുറ്റങ്ങള്‍.പ്രോത്സാഹിപ്പിക്കാനും വാശി കേറ്റാനും മലയാളികള്‍,ഒപ്പം അറബികളും.ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ കൂടെ കൂട്ടുന്ന പിരിമുറുക്കങ്ങലില്ല അവിടത്തെ ഫ്ലാറ്റുകളില്‍. രാഷ്ട്രീയ സാംസ്കാരിക ചര്‍ച്ചകളും മറ്റുമായി സുന്ദരമായൊരു അന്തരീക്ഷമാണ്‌ അവിടെ നിറയുന്നത്.അല്‍ ബെയ്കിന്റെ ചിക്കന്‍ ബ്രോസ്റ്റിന്റെ രുചിയുള്ളത്.പലരുടെയും വീട്ടുമുറ്റത്ത്‌മുണ്ടാകും ചെറിയൊരു തോട്ടം.തക്കാളിയായാലും വഴുതന ആയാലും ഒരു നാടന്‍ പകിട്ടായി അതവിടെ കാണും.ഒരു സവാരിക്കിടക്ക് എത്തിച്ചേര്‍ന്നത് സൗദി കേബിള്‍സിന്റെ കാമ്പിലായിരുന്നു.പഴയ മക്ക റോഡിന്‍റെ അടുത്തായി സുന്ദരന്‍ മലനിരകള്‍ക്കു താഴെയുള്ള
ഈ ക്യാമ്പ്‌ ഒരു കേരള ഗ്രാമമാണെന്ന് തോന്നിപോയി.കാരണം വാഴയും മത്തനും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും മുരിങ്ങ മരങ്ങളും നിറഞ്ഞു നില്‍ക്കുന്നത് ഇവിടത്തെ മലയാളി സാന്നിധ്യമാണ്.ഗ്രാമീണ വിശുദ്ധി വിട്ടുപിരിയാത്ത ഈ മനസ്സാണ് ഇവിടെ സൌഹൃദങ്ങള്‍ക്ക് അതിര്‍ത്തികള്‍ വെക്കാത്തത്. ഇത്തരം കൂട്ടായ്മകള്‍ക്ക് ഖത്തറും ഒരു പരിധിവരെ സജീവമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.ഇവിടെ ബഹറൈനില്‍ ഇരുന്ന്‌ ഈ കുറിപ്പെഴുതുമ്പോള്‍ എന്റെ ഉദ്ധേശ ശുദ്ധിയെ ചോദ്യം ചെയ്യില്ല എന്ന് കരുതുന്നു.ദുബായിക്കും ബഹറിനും ഒപ്പം ഒമാനും കുവൈത്തും അല്പം പിറകിലാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ചിലപ്പോള്‍ ഞാന്‍ തെറ്റായേക്കാം.
എന്റെ യു. എ. ഇ . ബഹ്‌റൈന്‍ സുഹൃത്തുക്കള്‍ ക്ഷമിക്കുക.ഞാനെല്ലവരെയും തള്ളിപറയുന്നില്ല.പക്ഷെ കണ്ടറിഞ്ഞ ചില യാഥാര്‍ത്യങ്ങള്‍ സൗദിക്ക് ഇത്തിരി തനിമ കൂടുതലുണ്ടെന്ന് തുറന്നു പറയാന്‍ ഞാനെന്തിന്‌ മടിക്കണം.
ഹ്രസ്വമായൊരു സന്ദര്‍ശനത്തില്‍ എനിക്ക് തോന്നിയ വിഭ്രമങ്ങളല്ല ഇതൊന്നും.ഞാന്‍ വായിച്ചും കണ്ടും അറിഞ്ഞ സൗദിക്ക് ഈ മുഖം തന്നെയാണ്.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്ന പ്രവാചകന്‍ പിറന്ന മണ്ണാണിത്.ഇവര്‍ക്ക് സ്നേഹിക്കാനെ അറിയൂ.അത് മലയാളിയാണെങ്കിലും അറബികളാണെങ്കിലും.

Wednesday, February 24, 2010

സച്ചിന്‍... ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക....

ചരിത്രം ഇനി മാറ്റിയെഴുതാം.സയീദ്‌ അന്‍വറിന്‍റെ ഇന്ത്യക്കെതിരെ 194 എന്നത് ഇനി ഇന്ത്യക്കാരന്‍റെ 200 എന്ന് മാറ്റി വായിക്കാം.ഗ്വാളിയോറിലെ രൂപ സിംഗ് സ്റ്റേഡിയത്തിലെ പുല്‍കൊടികളില്‍ സച്ചിന്‍ രചിച്ച പുത്തന്‍ ചരിത്രം ഗ്യാലറികളിലെ ആരവങ്ങളെയും കടന്ന്‌ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ അമ്പരപ്പും ആഘോഷവും എല്ലാമായി മാറികഴിഞ്ഞു. ചെപ്പോക്കിലെ ആ നാണക്കേട്‌ ഇനി ചരിത്രത്തിലില്ല എന്നര്‍ത്ഥം.
കാലങ്ങളായി ക്രിക്കറ്റിലെ മഹാരഥന്മാര്‍ പലരും വഴിനടന്ന പിച്ചുകളില്‍ സംഭവിക്കാത്ത വിസ്മയം അത് സച്ചിനിലൂടെ തന്നെ സംഭവിക്കണം എന്ന് ദൈവം തീര്‍ച്ചപെടുത്തികാണണം.കാരണം രണ്ട്‌ ദശകങ്ങളും കഴിഞ്ഞു മുന്നേറുന്ന സമര്‍പ്പണത്തിന്‍റെയും ആവേശത്തിന്‍റെയും പര്യായമായ ലിറ്റില്‍മാസ്റ്റര്‍ക്കല്ലെങ്കില്‍ വേറെ ആരിലൂടെയാണ് ഇത് സംഭവിക്കേണ്ടത്‌? ഒരു പക്ഷെ ഡബിള്‍ സെഞ്ച്വറികള്‍ ഇനിയും പിറന്നേക്കാം(?).പക്ഷെ ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും പിടികൊടുക്കാത്ത റെക്കോര്‍ഡ്‌ ആദ്യം നേടി എന്നത് തന്നെയാണ് കാതല്‍.
വിമര്‍ശനങ്ങള്‍ക്ക് അതീതമായിരുന്നില്ല സച്ചിന്റെ ഇന്നിങ്ങ്സ്.കരിയറിന്‍റെ അവസാന ഘട്ടത്തിലും മുമ്പും ഇതിനെല്ലാം മറുപടി നല്‍കിയത് ബാറ്റിങ്ങില്‍ ആവാഹിച്ചെടുത്ത സംഹാരശക്തി കൊണ്ടാണ്.ടെസ്റ്റിലും ഏകദിനത്തിലുമായി അടുത്തകാലത്ത്‌ വാരികൂട്ടുന്ന സെഞ്ച്വറികള്‍ സൂചിപ്പിക്കുന്നത്,റെക്കോര്‍ഡ്‌കളുടെയും വിജയത്തിന്റെയും കണക്കുപുസ്തകം അടച്ചുവെക്കാന്‍ സമയമായില്ല എന്ന് തന്നെയാണ്.
ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാണ് അവിടെ ദൈവം.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മേല്‍വിലാസവും സച്ചിന്‍ തന്നെയാണ്.ഓരോ ഭാരതീയന്‍റെയും സ്വകാര്യമായ അഹങ്കാരം.രണ്ട്‌ ദശകങ്ങള്‍ കഴിഞ്ഞും തുടരുന്ന ഉജ്ജ്വലമായ ക്രിക്കറ്റ് വര്‍ഷങ്ങള്‍ക്ക്‌ ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി എന്ന നേട്ടത്തിന് മുമ്പില്‍ വിനീതനായി പുഞ്ചിരിയോടെ സച്ചിന്‍ നടന്നു കയറുന്നു.നമ്മുടെ ഹൃദയങ്ങളിലേക്ക്.
പ്രിയപ്പെട്ട സച്ചിന്‍,ഞങ്ങള്‍ ഭാഗ്യവാന്മാരാണ്.ആ സുന്ദര നിമിഷത്തിനു സാക്ഷികളായതിന്.നിങ്ങളുടെ കാലഘട്ടത്തില്‍ ജീവിച്ചതിന്.സര്‍വ്വോപരി ഒരു ഭാരതീയനായി പിറന്നതിന്.ഇന്ത്യയുടെ അഭിമാനമേ,ഞങ്ങളുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഉപഹാരമായി ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക

Saturday, February 20, 2010

പ്രിയപ്പെട്ട ഉപ്പാക്ക്....

ഉപ്പ വിടപറഞ്ഞിട്ട്‌ ഇന്നേക്ക് രണ്ട്‌ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്നും ഉള്‍ക്കൊള്ളാനാവാത്ത ആ ശൂന്യതയുടെ രണ്ടാം വര്‍ഷത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാനെങ്കിലും ഉപ്പയെകുറിച്ചുള്ള എന്റെ ഓര്‍മ്മകുറിപ്പ് ഒരിക്കല്‍ കൂടെ സമര്‍പ്പിക്കുന്നു.



ഉപ്പ വിടപറഞ്ഞിട്ട് രണ്ട്‌ വര്‍ഷങ്ങള്‍ കഴിയുന്നു. മനസ്സില്‍ അണയാതെ കിടക്കുന്ന ഇത്തിരി സങ്കടങ്ങളെ ഞാനൊന്നു തിരിച്ചു വിളിക്കട്ടെ. എന്റെ സ്വകാര്യ ദുഖങ്ങളുടെ ഒരു പങ്കുവെക്കല്‍. പക്ഷെ കുറെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിത്തീര്‍ക്കാന്‍ പറ്റുന്നതാണോ പലര്‍ക്കും മാതാപിതാക്കളെ കുറിച്ചുള്ള ഓര്‍മ്മകള്‍. ആയിരിക്കില്ല. പക്ഷെ എന്റെ ഉപ്പയെ കുറിച്ചെഴുതാനിരിക്കുമ്പോള്‍ എനിക്കെന്നെതന്നെ നഷ്ടപെടുന്നു. ഏതിനെ കുറിച്ചാണ് ഞാനെഴുതേണ്ടത്?ഓണ്‍കോളജി വാര്‍ഡില്‍ പാലിയേറ്റീവ് ഇന്‍ജക്ഷനുകളുടെ ഔദാര്യത്തില്‍ ഒരു പുനര്‍ജ്ജന്മം സ്വപ്നം കണ്ടുറങ്ങിയ ഉപ്പയെ കുറിച്ചോ അതോ ഒരുപാട് സ്നേഹം തന്ന് ലോകത്തിന്റെ കുതിപ്പും കിതപ്പും പരിചയപ്പെടുത്തി ശാസിച്ചും ലാളിച്ചും കൂടെയുണ്ടായിരുന്ന ഉപ്പയെ കുറിച്ചോ? അറിയില്ല.
യാത്രകളായിരുന്നു ഉപ്പയുടെ ദൗര്‍ബല്ല്യം. അറിഞ്ഞും പറഞ്ഞും കണ്ടും കേട്ടും സഞ്ചരിച്ച അന്‍പ്പത്തെട്ടു വര്‍ഷത്തെ ജീവിത ചക്രം. ലോകത്തിലെ യാത്രകള്‍ക്കും നിയോഗങ്ങള്‍ക്കും അവധി നല്‍കി പ്രസിദ്ധീകരിക്കാനിരിക്കുന്ന പുതിയ പുസ്തകത്തിന്റെ തലക്കെട്ടെന്ന സുകൃത പൂക്കള്‍ തേടി യാത്രയായപ്പോള്‍, മാനസികമായി ഈയൊരു വിധിക്ക് ഉപ്പ എന്നോ തയ്യാറായിരുന്നു എന്ന് നിറഞ്ഞ കണ്ണുകളോടെ ഉപ്പയുടെ ഡയറി കുറിപ്പുകളിലൂടെ പരതുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. അസാമാന്യമായ ധൈര്യം വരികളില്‍ വായിക്കുമ്പോഴും ഞങ്ങള്‍ മക്കളെയും ഉമ്മയെയും കുറിച്ചുള്ള വരികളില്‍ നിറഞ്ഞുനിന്നിരുന്ന വിഷമം, കൂടുതല്‍ കുറിപ്പുകളിലൂടെ കണ്ണോടിക്കാന്‍ ഞാനിന്നും അശക്തനാണ്.
അസുഖത്തിന്റെ നാളുകളൊന്നില്‍ അമൃത ആശുപത്രിയിലേക്ക് ഓടിയെത്തി പൊട്ടികരഞ്ഞ എന്നെ ചേര്‍ത്ത് പിടിച്ച് ഉപ്പ പറഞ്ഞു, "നീ എന്തിനാ മന്‍സൂ കരയണേ..എന്റെ അസുഖം മാറും, ഞാനും ഉമ്മയും നിന്റെയും കുട്ടികളുടെയും അടുത്തേക്ക് വരികയും ചെയ്യും". എന്നെ ആശ്വസിപ്പിക്കാനായിരുന്നോ വാക്കുകള്‍, അതോ ഇനിയും ഒരുപാട് ജീവിക്കാനുണ്ട് എന്ന സ്വപ്നമായിരുന്നോ? രണ്ടായാലും അത് നടന്നില്ല.തിരിച്ചിവിടെ ബഹറിനില്‍ എത്തിയിട്ടും എന്റെ മനസ്സിന്റെ അസ്വസ്ഥതകള്‍ നീങ്ങുന്നില്ല. വേദന സംഹാരികളുടെ തലോടലില്‍ കടന്നു വരുന്ന ഉപ്പയുടെ പ്രതീക്ഷാനിര്‍ഭരമായ മുഖം മനസ്സില്‍ തെളിയുന്നു.
ഉപ്പ എഴുതി കോഴിക്കോട്ടെ ഒലിവ് ബുക്സ് പുറത്തിറക്കാനിരിക്കുന്ന "സുകൃത പൂക്കള്‍ തേടിയുള്ള യാത്രകള്‍" എന്ന ഗ്രന്ഥത്തിന്റെ പൂര്‍ത്തിയാകാത്ത അവസാന അദ്ധ്യായത്തിലെ അവസാന വരികള്‍ ഞാനോര്‍ക്കുന്നു. " എന്റെ മോഹങ്ങളോട് വിടപറയാന്‍ ഞാന്‍ നിര്‍ബന്ധിതനായി". ഒരു ഉംറ തീര്‍ഥാടന കാലത്ത് ബദര്‍ യുദ്ധഭൂമി കണ്ടു മടങ്ങുന്ന സംഭവവുമായി ബന്ധപെട്ടാണ് വരികളെങ്കിലും അതിനു ശേഷം അസുഖം വര്‍ധിച്ചത് കാരണം പിന്നെ ഒരു വരിയും എഴുതാന്‍ കഴിഞ്ഞില്ല. ( മാധ്യമം എഡിറ്റര്‍ ശ്രീ. ടി പി ചെറൂപ്പയാണ് ഗ്രന്ഥത്തിന്റെ ഉപസംഹാരം എഴുതിയത്).
ഒരു കുരുത്വം പോലെ ഉപ്പ മരിക്കുന്നതിന്റെ തലേ ദിവസം ഞങ്ങള്‍ നാട്ടിലെത്തി. " ആപ്പാപ്പയ‌ടെ മോള് വന്നോ" എന്ന് എന്റെ മോളെ നോക്കി പറയുമ്പോള്‍ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാണ്. പക്ഷെ അവളെ കോരിയെടുത്ത് ഒന്നുമ്മവെക്കാന്‍ കഴിയാത്ത മനസ്സിന്റെ വേദനയും ഞാന്‍ കണ്ടു. ഉമ്മയെ നന്നായി നോക്കണം എന്നും പറഞ്ഞു ഞങ്ങളെല്ലാവരുടേയും പേരെടുത്തു വിളിച്ച ഒരു വെള്ളിയാഴ്ച്ച രാവില്‍ ഉപ്പ വിടവാങ്ങി. എന്നാലും എന്റെ ഉപ്പ ഭാഗ്യവാനാണ്. അര്‍ബുദത്തിന്റെ അസഹ്യമായ വേദനയുടെ കഴങ്ങളിലേക്ക് പടച്ചവന്‍ ഉപ്പയെ താമസിപ്പിച്ചില്ല.
എങ്കിലും എന്റെ ആപാപ്പ എവിടെ എന്ന് ചോദിച്ച് കരയുന്ന അന്നത്തെ മൂന്ന് വയസ്സുകാരി പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഞാനെന്തുത്തരമാണ് നല്‍കേണ്ടത്? ഇന്നും കുരുന്നു പ്രായത്തിലും അവളുടെ വല്യുപ്പയെ ഓര്‍ക്കാന്‍ വാല്‍സല്ല്യത്തിന്റെ ഏതിന്ദ്രജാലമാണ് അവളിലേക്ക്‌ പകര്‍ന്നത്? സ്നേഹം മതിയാവോളം നുകരാന്‍ കഴിയാതെ പോയ അവളുടെ കുഞ്ഞനുജന്റെ നഷ്ടം ഏത് കണക്കിലാണ് എഴുതേണ്ടത്? എങ്കിലും ആല്‍ബങ്ങളിലെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളില്‍ നോക്കി അവനും പറയാറുണ്ട്‌, വല്യുപ്പക്ക് ഒരുമ്മ.
പ്രിയപ്പെട്ട ഉപ്പാ... അവധികാലത്തും ഞാന്‍ വന്നിരുന്നു. പ്രാര്‍ത്ഥനയുമായി ഉപ്പയുടെ ഖബരിനരികില്‍, ഒരു മകനെന്ന നിലയില്‍ ഞാന്‍ ഉപ്പയുടെ പ്രതീക്ഷ നിറവേറ്റിയില്ല എങ്കില്‍, അറിയാതെയെങ്ങാനും എന്റെ ഉത്തരവാദിത്തങ്ങളെ മറന്നു എങ്കില്‍, ഉപ്പയുടെ ഖബറിടത്തില്‍ വീണ കണ്ണീര്‍തുള്ളികള്‍ എന്റെ പ്രായശ്ചിത്തമായി ‌സ്വീകരിക്കുക, പ്രാര്‍ത്ഥനകള്‍ എന്റെ മാപ്പപേക്ഷകളാണ്. ഞാനഭിമാനിക്കുന്നു, ഉപ്പയുടെ മകനായി ജനിച്ചതില്‍. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അങ്ങിനെതന്നെയാവണം എനിക്ക്. ഇനിയും മതിയാവാത്ത സ്നേഹ ശാസനമേറ്റുവാങ്ങാന്‍, നേരുകളിലേക്കുള്ള വഴിവിളക്കായും തെറ്റുകളിലെ തിരുത്തായും കൂടെ നില്‍ക്കാന്‍, പിന്നെ ഏതൊരു മകനും ആഗ്രഹിക്കുന്ന സുരക്ഷിതത്തിന്റെ തണല്‍ പറ്റാന്‍.
ഒരോര്‍മകുറിപ്പില്‍ എഴുതി തീര്‍ക്കാവുന്ന അനുഭവങ്ങളല്ല ഉപ്പ നല്‍കിയത്. എങ്കിലും എന്റെ ഓര്‍മകളിലെ ചെറിയൊരധ്യായം ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
പ്രാര്‍ഥനയാണ് ഓരോ മാതാപിതാക്കളും. സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഒരു നൂറ്‌ കോടി പുണ്യമായി അവര്‍ നമ്മളില്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കും. കുതിപ്പുകളിലെ ഊര്‍ജ്ജമായി, കിതപ്പുകളിലെ സാന്ത്വനമായി.

Monday, December 28, 2009

തൃക്കോട്ടൂര്‍ പെരുമ.

വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്.കോഴിക്കോട് പട്ടാള പള്ളിയില്‍ നിന്നും അസര്‍ നിസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ എതിരെ പള്ളിയിലേക്ക് കയറുന്ന വ്യക്തിയുമായി ഉപ്പ കുശലം പറയുന്നു.എന്നെയും പരിചയപ്പെടുത്തി,ഇത് യു.എ.ഖാദിര്‍ സാഹിബ്. എഴുത്തുകാരന്‍.വശ്യമായ പുഞ്ചിരിയോടെ എന്നോടും അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ചു.രൂപത്തിലെ പ്രത്യേകത കൊണ്ടോ എന്തോ എനിക്കദ്ധേഹത്തെ ഇഷ്ടപ്പെട്ടു.വീട്ടിലെത്തിയ ഉടനെ ഞാനുപ്പയോടെ അദ്ധേഹത്തെ കുറിച്ചും എഴുത്തിനെ പറ്റിയും കൂടുതല്‍ ചോദിച്ചറിഞ്ഞു.
വായനയുടെ ലോകത്തേക്ക് ഞാന്‍ പിച്ച വെച്ച് തുടങ്ങിയ കാലം.മാതൃഭൂമി അഴ്ചപതിപ്പിലും മറ്റും വരുന്ന കഥകള്‍ വായിക്കാന്‍ ശ്രമിച്ച് വിജയിക്കുകയും പരാജയപെടുകയും ചെയ്യും.കുറ്റാന്യോഷണ കഥകള്‍ തേടി കോഴിക്കോട് പൂര്‍ണ ബൂക്സിലും മറ്റും അലയുമ്പോള്‍ കണ്ണിലുടക്കുന്ന അദ്ധേഹത്തിന്റെ കഥകളും വാങ്ങിത്തുടങ്ങി.ഒന്നില്‍ നിന്നും തുടങ്ങി ഒരാവേശമായി ഖാദിര്‍ സാഹിബിന്റെ നിരവധി കഥകള്‍ ഞാന്‍ വായിച്ചു തീര്‍ത്തു.എനിക്കും കൂടി പരിചിതമായ ഒരു ഭൂമികയുടെ പാശ്ച്ചാത്തലത്തില്‍ കഥ പറയുന്നത് കൊണ്ടാവാം അദ്ധേഹത്തിന്റെ രചനകള്‍ എനിക്ക് കൂടുതല്‍ ആസ്വാദകരമാകുന്നത്.
ബര്‍മയില്‍ നിന്നും കൊയിലാണ്ടിയിലെത്തിയപ്പോള്‍ അനുഭവിച്ച ഏകാന്തതയുടെ നൊമ്പരം,ബാല്യത്തില്‍ തന്നെ ഉമ്മ നഷ്ടപെട്ട ഒരു കുട്ടിയുടെ ദുഃഖം,നിരവധി കുറിപ്പുകളിലൂടെ അദ്ദേഹം എഴുതിയ ഈ ഒറ്റപെടലുകളുടെയും അവഗണനയുടെയും ആത്മകഥനങ്ങള്‍ എന്നെ കണ്ണീരണിയിച്ചിട്ടുണ്ട്.ബര്‍മയിലെ ആ മാറാവ്യാധികളുടെ കാലത്ത് പലരും പറഞ്ഞിട്ടും സ്വന്തം രക്തത്തെ വഴിയിലെറിയാതെ ഇവിടെയെത്തിച്ച ആ പുണ്യം ചെയ്ത പിതാവിനോട് നമുക്ക് നന്ദി പറയാം,ഇന്ന് യു. എ. ഖാദിര്‍ എന്ന ഈ സാഹിത്യ രത്നത്തെ നമുക്ക് തന്നതിന്.ബുദ്ധി ജീവി ജാടകളില്ലാതെ വായനയുടെ പുതിയ അനുഭവങ്ങള്‍ നല്‍ക്കുന്ന ഖാദിര്‍ സാഹിബിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു എന്ന സന്തോഷത്തിലാണ് ഈ കുറിപ്പ്.തൃക്കോട്ടൂര്‍ പെരുമകളും മറ്റുമായി അദ്ധേഹത്തിന്റെ രചനകള്‍ നമ്മുടെ സാഹിത്യ ലോകത്തെ സമ്പന്നമാക്കട്ടെ എന്നാശംസിക്കുന്നു.