Sunday, August 8, 2010

തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍

രണ്ട് കിലോമീറ്ററോളം നടന്നും കുന്ന് കയറിയും സ്കൂളില്‍ എത്തുമ്പോഴേക്കും ഫസ്റ്റ് ബെല്‍ അടിച്ചിട്ടുണ്ടാവും. അതൊകൊണ്ട് തന്നെ എന്റെ ഒരു സ്കൂള്‍ ദിവസം ആരംഭിക്കുന്നത് വാസുദേവന്‍ മാഷിന്റെ ഒരടി നിവേദ്യം വാങ്ങിച്ചാവും. കൊടിയത്തൂര്‍ പി.ടി.എം ഹൈ സ്കൂളിന്‌ ഞാനൊരു ഭാരം അല്ലെങ്കിലും സ്കൂള്‍ എനിക്കൊരു ഭാരം തന്നെയായിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ ഫുള്‍ ഫോം പോലും അറിയാത്ത കാലത്ത് ഇതിലൊന്നിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് എന്നെ പിന്താങ്ങിയ മണ്ടത്ത് ശരീഫിന്റെ(മണ്ടത്ത് എന്നത് വിളിപ്പേര് ) വോട്ട് പോലും കിട്ടാതെ ഐശ്വര്യമായി തോറ്റുകൊണ്ടാണ് എന്റെ ഇവിടത്തെ മൂന്നു വര്‍ഷങ്ങള്‍ ആരംഭിക്കുന്നത്.

പത്താം ക്ലാസ്സൊന്ന് കഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചത്‌ കോളേജില്‍ പോയി ചെത്താനൊന്നും ആയിരുന്നില്ല പകരം കണക്ക് പഠിക്കേണ്ടല്ലോ എന്ന റിലീഫിന് വേണ്ടി മാത്രം. അല്ലേലും എന്റെ കണക്ക് കൂട്ടലുകള്‍ എന്നും തെറ്റിച്ചിട്ടുള്ള വിഷയമാണ് കണക്ക്. അതുകൊണ്ട് തന്നെ തോമസ്‌ മാഷിന്റെ ചൂരലിന് എന്നോട് ഭയങ്കര പ്രേമമായിരുന്നു. മായാദേവി ടീച്ചറുടെ ഹിന്ദിയും ഏതാണ്ടിങ്ങനെയൊക്കെ ആയിരുന്നു. ടീച്ചറും നന്നായി പൊട്ടിക്കും. അത് താങ്ങുന്നില്ല എന്നായപ്പോള്‍ ചെറിയൊരു കൂറുമുന്നണി ഉണ്ടാക്കി ഹെഡ് മാസ്റ്ററുടെ അടുത്ത് പരാതിപ്പെട്ടു. ടീച്ചര്‍ക്കത് വിഷമമായെങ്കിലും അടിയുടെ ഡോസ് കുറച്ചത് ആദ്യ സമരവിജയം.
ഏതായാലും ഞാനിപ്പോള്‍ മായാദേവി ടീച്ചറോട് മാപ്പ് ചോദിക്കുന്നു. മുജ്ജന്മ ദോഷം കൊണ്ടോ ഗ്രഹപിഴ കൊണ്ടോ എന്റെ ബ്ലോഗ്‌ വായിക്കുന്നവരുടെ കൂട്ടത്തില്‍ ഏതെങ്കിലും പി.ടി.എം. ഹൈ സ്കൂള്‍ സ്റ്റുഡന്റ് ഉണ്ടെങ്കില്‍ ഈ മാപ്പപേക്ഷ ടീച്ചറെ അറിയിക്കുക. തീര്‍ന്നില്ല. ഒരു മാപ്പപേക്ഷ വത്സമ്മ ടീച്ചര്‍ക്കും കൊടുക്കണം. ഇത് രണ്ട് ഭാഗവും IPC പ്രകാരം കേസുള്ള വകുപ്പാണ്. എന്റെ ചെവി തീറെഴുതികിട്ടിയ പോലെയാണ് വത്സമ്മ ടീച്ചര്‍ പെരുമാറുന്നത്. ഒരു ദിവസം നരകം കാണിച്ച് പിച്ചുമ്പോള്‍ ഞാന്‍ ടീച്ചറുടെ കൈക്കിട്ട് നന്നായൊരു തട്ട് കൊടുത്തു. അതോടെ എന്റെ ചെവിയുടെ ആധാരം ടീച്ചര്‍ തിരികെത്തന്നു. കൂടെ ക്ലാസ് ടെസ്റ്റിന് കെമിസ്ട്രിക്കൊരു വട്ടപൂജ്യവും. ന്നാലും എന്റെ വത്സമ്മ ടീച്ചറെ, പാഠം മുഴുവന്‍ പത്തു പ്രാവിശ്യം എഴുതികൊണ്ട് വരേണ്ട ആ ശിക്ഷയുണ്ടല്ലോ, അത് ഒരുതരം കാപിറ്റല്‍ പണിഷ്മെന്റ് തന്നെ ആയിരുന്നു. ഒരു തവണക്ക് 50 പൈസ വെച്ച് പലവട്ടം എഴുതിതന്നതിന്റെ കാശ് അലിക്ക് ഇന്നും കടമാണ്. ഏതായാലും എന്റെ ഈ അപേക്ഷ സ്വീകരിക്കുക. മാപ്പ്.

ശൈലജ ടീച്ചറുടെ ക്ലാസ് ശ്രദ്ധിക്കാത്ത കുട്ടികള്‍ കാണുമോ? ഉണ്ടാവില്ല. കാരണം ഞാന്‍ പോലും ആ ക്ലാസില്‍ ശ്രദ്ധിക്കുന്നു എന്നതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം. നല്ലൊരു ആസ്വാദനമായിരുന്നു ടീച്ചറുടെ ക്ലാസ്. തല്ല്‌ കിട്ടാതെയില്ല . പക്ഷെ വേദനിക്കില്ല. കാരണം വാത്സല്യത്തിന്റെ ഒരു നോവ്‌ അതില്‍ കാണും.
ലീല ടീച്ചറുടെ ബയോളജി ക്ലാസ് നൈറ്റ്‌ മെയറായിരുന്നു. പക്ഷെ തല്ലുക എന്ന പിന്തിരിപ്പന്‍ മൂരാച്ചി സമീപനങ്ങളിലൊന്നും ടീച്ചര്‍ക്ക് താല്പര്യമില്ല. പകരം എല്ലാം മിക്സ്‌ ചെയ്തൊരു നോട്ടം. അത് മതി, തകര്‍ന്നുപോകും. എന്റെ ഒരു ഉത്തരം ടീച്ചറെ വല്ലാതെ ചിരിപ്പിച്ചിട്ടുണ്ട്‌. ഏതോ ഒരു ഉത്തരത്തിനിടയില്‍ എന്റെ കഷ്ടകാലത്തിനു ഞാന്‍ " മൂത്ര കുഴലിലൂടെ " എന്നോ മറ്റോ പറഞ്ഞു പോയി. ആദ്യം ടീച്ചര്‍ തരിച്ചിരുന്നു. പിന്നെ ചിരിച്ചിരുന്നു. എന്റെ സൗണ്ടിന്റെ ആംപിയര്‍ വളരെ കുറവായത്‌കാരണം അടുത്തിരിക്കുന്ന അന്‍സാര്‍ മാത്രമേ കേട്ടുള്ളൂ. അവനാണെങ്കില്‍ ഒരവസരം തന്നാല്‍ ഇതിലും വലുത് ഞാന്‍ കാച്ചാം എന്ന ഭാവം.
ഈ ചിരി പിന്നെ സ്റ്റാഫ് റൂമിലേക്കും പടര്‍ന്നെന്ന് എന്നോട് പറഞ്ഞത് പ്യൂണ്‍ മണിയേട്ടനാണ്. എന്നെ കാണുമ്പോള്‍ ചിരിവരുന്നത്‌ കൊണ്ടോ എന്തോ കൂടുതല്‍ ചോദ്യങ്ങള്‍ പിന്നെ എന്നെ തേടിവരാരില്ല. ദൈവാനുഗ്രഹം ഇങ്ങിനെയും വരാം. അതോ ഇനിയൊരു വെടിക്കെട്ട്‌ താങ്ങാനുള്ള ശേഷി ലീല ടീച്ചര്‍ക്ക് ഇല്ലാതെപോയോ? ഏതായാലും ഞാന്‍ രക്ഷപ്പെട്ടു. (എന്നാലും അങ്ങിനെ ഒരുത്തരം എവിടന്നു വന്നാവോ? )
സ്കൂള്‍ കാലം ഓര്‍ക്കുമ്പോള്‍ മറക്കാത്ത ഒരു പേരാണ് ആസ്യ ടീച്ചര്‍ .ഒരു അധ്യാപികയുടെ പക്വത, ഒരമ്മയുടെ സ്നേഹം, ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തം എല്ലാം ടീച്ചറില്‍ കാണാന്‍ കഴിയും. എല്ലാ അധ്യാപകരെയും പറ്റി പറയാന്‍ ഒത്തിരി കാണും. പക്ഷെ ക്ലൈമാക്സ്‌ പതിവുപോലെ അടി തന്നെയാവും. അതുകൊണ്ട് പറയുന്നില്ല. പക്ഷെ ലേബര്‍ ഇന്ത്യ തന്നിട്ടും ഗുണം പിടിക്കാതെ എനിക്ക് സണ്ണി മാഷില്‍ നിന്നും കിട്ടുന്ന തല്ലിന് ഇത്തിരി ചൂട് കൂടുതലായിരുന്നു.

പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഞാന്‍ ഭയങ്കര ഡീസന്റ് ആയിരുന്നു. സത്യായിട്ടും. ഒരെണ്ണത്തിനോട് പോലും മിണ്ടില്ല. പത്താം ക്ലാസ്സില്‍ നിന്നും പെട്ടി മടക്കുമ്പോള്‍ ഓട്ടോഗ്രാഫില്‍ ഒരുത്തി എഴുതിയത് ഇങ്ങിനെ. " ഒരിക്കലും മിണ്ടാത്ത സോദരാ.. വിട" . ഇത് പിന്നീട് വളരെ ഉപകാരപ്പെട്ടു. ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്.

സ്കൂള്‍ കാലത്തിനു ശേഷം ഒരിക്കല്‍ പോലും ഞാനിവിടെ പോയിട്ടില്ല. കാരണങ്ങള്‍ പലതാവാം. അത്ര സുന്ദരമായ ഓര്‍മ്മകളൊന്നും എനിക്കിവിടെ ബാക്കിയില്ല.
എന്നാലും സ്നേഹം നല്‍കിയ ഒരുപാട് ഗുരുനാഥന്മാര്‍ ഇവിടെയുണ്ട്. പലരും പിരിഞ്ഞുപോയി കാണും. എന്തേ ഒരിക്കലും അവരെയൊന്ന് കാണാന്‍ എനിക്ക് തോന്നാതെ പോയി? മാപ്പ്. എന്റെ ബ്ലോഗ്ഗെഴുത്ത്‌ എന്ന സാഹസത്തിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സമയത്ത്, ഒരുപാട് സ്നേഹം നല്‍കിയ ആ പ്രിയ അധ്യാപകരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു.

52 comments:

  1. പഴയ സ്കൂള്‍ കാലത്തിലൂടെ ഒരു യാത്ര.
    ഒപ്പം ബ്ലോഗ്ഗെഴുത്തിന്റെ ഈ ഒന്നാം വര്‍ഷത്തില്‍ ഈ പോസ്റ്റ്‌ എന്റെ പ്രിയ അധ്യാപകര്‍ക്ക് സമര്‍പ്പിക്കുന്നു.
    കൂടാതെ എന്റെ സാഹസത്തെ ക്ഷമിച്ച, എന്നെ പ്രോത്സാഹിപ്പിച്ച , വായിച്ചു അഭിപ്രായം പറഞ്ഞവരും പറയാത്തവരും ആയ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  2. എന്റെയും പ്രീയ ടീച്ചര്‍മാരുടെ മുഖങ്ങള്‍ മനസ്സിലൂടെ കടന്നു പോയി......സസ്നേഹം

    ReplyDelete
  3. സ്കൂള്‍ ജീവിതം നന്നായി പകര്‍ത്തിയിരിക്കുന്നു..
    എല്ലാവര്‍ക്കുമുണ്ടാവും nightmare ആയി ഒരു ടീച്ചര്‍ എന്ന് ഇപ്പൊ മനസ്സിലായി..

    ReplyDelete
  4. ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ..........
    ഓര്‍ക്കകളിലെക്കുള്ള തിരിച്ചു പോക്ക് അസ്സലായി. അനുവാചകരെ പഴയ സ്കൂള്‍ മുറ്റത്തെത്തിക്കാന്‍ നടത്തിയ ശ്രമത്തെ അഭിനന്ദിക്കുന്നു.
    ഒരു ഓര്‍മ്മക്കുറിപ്പ്‌ ഇവിടെയും വായിക്കാം

    ReplyDelete
  5. " ഒരിക്കലും മിണ്ടാത്ത സോദരാ.. വിട" . ഇത് പിന്നീട് വളരെ ഉപകാരപ്പെട്ടു. ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്.

    നന്നായി എഴുതി. നല്ല രസായിത്തന്നെ വിവരിച്ചു.
    ഓര്‍മ്മകള്‍ സ്കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍ എല്ലാം ചചികഞ്ഞു പുറത്തെടുക്കാന്‍ സഹായിച്ച പോസ്ടായിരുന്നു.
    എല്ലാം നന്നായി ഒപ്പം പിറന്നാള്‍ ആശംസകളും...

    ReplyDelete
  6. ഒരു യാത്രികന്‍.
    നന്ദി സന്തോഷം.
    മെയ് ഫ്ലവേഴ്സ്
    നന്ദി, നൈറ്റ്‌മെയറായി ഒരു ടീച്ചറുടെ പേരെ പറഞ്ഞുള്ളൂ.. എല്ലാരും അങ്ങിനെ തന്നെ
    അക്ബര്‍,
    ഓര്‍മ്മകുറിപ്പ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം. അങ്ങോട്ടും വരുന്നുണ്ട്.
    റാംജീ,
    സുഖമല്ലേ,
    ഒരുപാട് സന്തോഷം നല്‍കിയ ഒരഭിപ്രായത്തിനു നന്ദി.
    ഭാര്യ ഇത് വായിക്കില്ല എന്ന ധൈര്യത്തില്‍ തട്ടിയതാണ്. കുളമാകുമോ?

    ReplyDelete
  7. ഞാനും തിരിച്ചു പോയി. ആ പഴയ സ്കൂള്‍ കാലത്തിലേക്ക്.
    അത്രക്കും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ ഓര്‍മ്മ .
    ആശംസകള്‍

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. നന്നായി എഴുതി സ്കൂള്‍ ജീവിതത്തെ കുറിച്ച്. പിന്നെ പിറന്നാള്‍ ആശംസകള്‍..

    ReplyDelete
  10. നല്ല കുറിപ്പ്‌ ..അത്രെയേ പറയാനുള്ളൂ

    ReplyDelete
  11. വളരെ നന്നായിരുന്നു...പഴയ ഓര്‍മയിലേക്ക് പോയി..കല്ലുകള്‍ പാകിയ റോഡുകളിലൂടെ ഞാനും കിലോമീട്ടരുകളോളം നടന്നാണ് പോയിരുന്നത്.ഇന്ന് സ്കൂള്‍ ബസ്‌ ,സര്‍വീസ് ബസ്‌ ,കാറുകള്‍,ബൈക്കുകള്‍ ,എല്ലാ സൌകര്യവും ഉണ്ടായിട്ടും എന്തോ ഒന്നിന്റെ കുറവ്?...

    ReplyDelete
  12. ചുരുക്കം പറയാലോ... താങ്കള്‍ സ്കൂളിലെ സ്ഥിരം തല്ലുകൊള്ളിയായിരുന്നു അല്ലേ.... പെണ്‍കുട്ടികളെ നോക്കാറില്ല എന്നത് വിശ്വാസിക്കാന്‍ ഇത്തിരി പ്രയാസം.........

    ReplyDelete
  13. എഫ് ആര്‍,
    സന്തോഷം . ഇനിയും വരുമല്ലോ ?
    ജിഷാദ് ക്രോണിക്ക്,
    നന്ദി. വായനക്കും അഭിപ്രായത്തിനും.
    ഏറക്കാടന്‍,
    നന്ദി.. നമസ്കാരം
    ആചാര്യന്‍,
    അതെ, നടന്ന്‌, മഴയും കൊണ്ട് പോയിരുന്ന ആ സ്കൂള്‍ കാലം തന്നെയാണ് നല്ല ഓര്‍മ്മകള്‍
    ഫിലിം പൂക്കള്‍,
    സ്വാഗതം. തല്ല്‌ വാങ്ങിക്കല്‍ ഒരു അവകാശമാകുമ്പോള്‍ അത് നേടിയെടുക്കുക തന്നെ വേണം.
    പെണ്‍കുട്ടികളുടെ കേസില്‍ അന്ന് ഞാന്‍ ഡീസന്റ് ആയിരുന്നു എന്നെ പറഞ്ഞുള്ളൂ.
    ഇനിയും ഈ വഴി വരുമല്ലോ?

    ReplyDelete
  14. ഈ പറഞ്ഞ അധ്യാപകവീരന്മാരെയൊക്കെ കണ്ടും കേട്ടും പരിചയം മാത്രമേ ഉള്ളൂ.. കാരണം ഞാന്‍ പഠിച്ചത് പുഴക്കക്കരെയായിരുന്നു. ഏതായാലും നല്ല ഒരു ഓര്‍മ്മക്കുറിപ്പ്.

    ReplyDelete
  15. >>ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്.<<
    എന്നു പറഞ്ഞാ ഇപ്പോഴും “ആക്സിഡന്റുകള്‍” ഉണ്ടാകാറുണ്ടെന്നു സാരം. സൂക്ഷിയ്ക്കണേ, ഹെല്‍മറ്റൊരെണ്ണം കരുതിയ്ക്കോ!
    ചെറുവാടീ..നല്ല പൊസ്റ്റ്..അഭിനന്ദനങ്ങള്‍ !

    ReplyDelete
  16. ശുക്കൂര്‍,
    ശരിയാണ്. പഠിപ്പിച്ചില്ലെങ്കിലും ചെറുവാടിയില്‍ ആയതുകൊണ്ട് അടുത്തറിയാവുന്നവര്‍ തന്നെയാണ് ഇവരെല്ലാം.
    കുറിപ്പ് ഇഷ്ടപ്പെട്ടതിന് നന്ദി.
    ബിജൂ കുമാര്‍,
    ഓട്ടോ ഗ്രാഫ് തന്നെ തല്‍കാലം ഹെല്‍മറ്റിന്റെ ഗുണം ചെയ്യുന്നു. കള്ളി പൊളിയുന്നത് വരെ അതുമതി.
    വായനക്കും അഭിപ്രായത്തിനും നന്ദി.
    ഫൈസല്‍ കൊണ്ടോട്ടി ,
    നന്ദി, സന്തോഷം
    സോണ,
    സന്തോഷം. ഇനിയും ഈ വഴി പ്രതീക്ഷിക്കുന്നു.

    ReplyDelete
  17. ബ്ലോപ്പിറന്നാളാശംസകൾ

    ReplyDelete
  18. വിദ്യാലയഓർമ്മകൾനന്നായിരിക്കുന്നു

    ReplyDelete
  19. ഒരുപാടോര്‍മ്മകള്‍ ഉണര്‍ത്തുന്ന നല്ല കുറിപ്പ്.

    ReplyDelete
  20. 'ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്'

    ഇപ്പോള്‍ ആക്സിഡന്റുകള്‍ ഉണ്ടാകുന്നെന്നര്‍ത്ഥം :)

    പോസ്റ്റ് പലര്‍ക്കും ഓര്‍മകളെ കുറേയേറെ പിന്നിലേക്ക് കൊണ്ട് പോകുമായിരിക്കും.

    മൂന്നാം ക്ലാസില്‍ വച്ച് എന്നെ നുള്ളി മുറിവാക്കിയതെന്തിനെന്നറിയില്ല.
    കുറേ കാലം ഗവ: ആശുപത്രീലെ mercurocrom തേച്ച് നടന്നു.

    പിന്നീട് ബസ്സില്‍ ജോലി ചെയ്തപ്പോള്‍ ബസ്സോണറുടെ ബന്ധുവായ അയാളോട് ബസ്സ് ചാര്‍ജ്ജ് നിര്‍ബന്ധമായി വാങ്ങി ആ ദേഷ്യം തീര്‍ത്തു...

    ReplyDelete
  21. കലാവല്ലഭന്‍,
    നന്ദി, സന്തോഷം
    ഹൈന
    കുത്തിവര ജോറാവുന്നുണ്ട് ട്ടോ
    അനികുമാര്‍,
    നന്ദി, ഇഷ്ടപ്പെട്ടതിന്
    ഓ എ ബി
    ചുമ്മാ എഴുതിയതാ, പ്രശ്നമാക്കല്ലേ
    പിന്നെ ടിക്കറ്റ് മേടിച്ചു പ്രതികാരം തീര്‍ത്ത സംഗതി കലക്കി

    ReplyDelete
  22. എന്നേം എന്‍റെ സ്കൂളിലേക്ക് കൂട്ടി കൊണ്ട് പോയി...കുറെ ടീച്ചര്‍മ്മാരുടെ മുഖങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ തെളിഞ്ഞു...
    നന്ദി, ഈ ഓര്‍മ്മക്കുറിപ്പിന്...

    - പിറന്നാള്‍ ആശംസകള്‍ -

    ReplyDelete
  23. പഴയ ഓര്‍മ്മയിലേക്ക് കൊണ്ട്പോയി
    എല്ലാവരുടെയും ഓര്‍മ്മകളില്‍ നല്ല അധ്യാപകരും നമ്മള്‍ ഇഷ്ടപ്പെടാത്ത അധ്യാപകരും കാണും...
    നന്നയി അവതരിപ്പിച്ചു... ആശംസകള്‍

    ReplyDelete
  24. മനസിന്റെ കിളിവാതിലിലൂടെ ഇടക്ക് സ്കൂൾ ഓർമകൾ തട്ടിവിളിക്കാറുണ്ടെങ്കിലും തിരക്കുകളിൽ തിരിഞ്ഞുനോക്കാതിരിക്കുകയാണു പതിവ്.പക്ഷേ ചെറുവാടി യുടെഓർമകൾ വായിച്ചപ്പോൾ ഓർകാതിരിക്കാൻ പറ്റുന്നില്ല.ഇനി ഭാര്യയേ പറ്റിക്കരുതേ.കക്ഷി ബ്ലോഗ് വായിച്ചാൽ ആക്സിടന്റുകൾ ഗുരുതരമാവില്ലേ

    ReplyDelete
  25. സ്കൂള്‍ ജീവിതത്തിലെ മറക്കാനാവാത്ത
    ഓര്‍മ്മകളിലേക്കെന്നെ കൂട്ടി കൊണ്ടു പോയ
    സഹോദരാ..സ്നേഹനിര്‍ഭരമായ ആശംസകള്‍...

    ReplyDelete
  26. സ്കൂളിനെക്കുരിച്ചുള്ള ഏതു ഓര്‍മ്മക്കുറിപ്പുകളും വായിക്കാന്‍ രസമുണ്ടാകും. കാരണം ഒരു അറുപതു ശതമാനമെങ്കിലും മിക്കവാറും എല്ലാവര്‍ക്കും അത് ഒരു പോലിരിക്കും. വല്ലാത്തൊരു മാജിക്കാണേ ......

    ReplyDelete
  27. സിബു നൂറനാട് ,
    നന്ദി.
    സ്കൂള്‍ ഓര്‍മ്മകള്‍ ഇഷ്ടപെട്ടതിന്, സന്ദര്‍ശനത്തിന്.

    നസീഫ് അരീക്കോട് ,
    നന്ദി, സന്തോഷം
    ജുവൈരിയ,
    ഭാര്യയെ പറ്റിക്കാറൊന്നും ഇല്ലാട്ടോ. പിന്നെ അവളിത് വായിച്ചുള്ള ആക്സിഡന്റിന് ചാന്‍സ് ഒട്ടും ഇല്ല.

    റിയാസ് ,
    സന്തോഷം. എല്ലാ പോസ്റ്റിലെ കമ്മന്റുകള്‍ക്കും നന്ദി

    പ്രേമന്‍ മാഷ്,
    നന്ദി,
    എന്നെപോലെ തല്ല്‌ മേടിക്കുന്ന കൂട്ടത്തിലായിരുന്നോ?
    അതോ മാഷിനെപോലെ കൊടുക്കുന്ന കൂട്ടത്തിലോ?
    ഏതായാലും അഭിപ്രായത്തിനു നന്ദി.

    ReplyDelete
  28. " ഒരിക്കലും മിണ്ടാത്ത സോദരാ.. വിട" .

    കള്ളം, പച്ചക്കള്ളം!

    കൊള്ളാം ഈ ഓർമ്മകൾ!

    ReplyDelete
  29. ചില മടങ്ങി പോക്കുകള്‍ നല്ലതാണ്

    ReplyDelete
  30. ആ പഴയ സ്കൂള്‍ കാലവും കലാപരിപാടികളും ഓര്‍മ്മയില്‍ ഓടിയെത്തി . അധികപേരുടെയും സ്കൂള്‍ ജീവിതം മിക്കവാറും ഒരേപോലെയാണെന്ന് തോന്നുന്നു വായിച്ചപ്പോള്‍ . താങ്കള്‍ എഴുതിയത് എന്നെക്കുറിച്ചാണോ എന്ന തോന്നല്‍ . വളരെ നന്നായിരിക്കുന്നു.

    ReplyDelete
  31. നല്ല ഓര്‍മ്മകള്‍... ഇതില്‍ സൂചിപ്പിച്ച വല്‍സമ്മ ടീച്ചറും ആസ്യ ടീച്ചറും ഇന്ന് നമ്മോടോപ്പമില്ല.. അവരുടെ ആതമാവിനു നിത്യ ശാന്തി ലഭിക്കട്ടെ ...

    ReplyDelete
  32. ജയന്‍ ഏവൂര്‍ ജീ ,
    സത്യമാണ്. റമദാന്‍ മാസത്തില്‍ കള്ളം പറയില്ല.
    ആയിരത്തിയൊന്നാംരാവ് ,
    അതെ, ഒരു തിരിച്ചുപോക്ക് ഉന്മേഷം നല്‍കും
    അബ്ദുല്‍ ഖാദിര്‍ ഭായ് ,
    സന്തോഷം. സ്കൂള്‍ ഓര്‍മ്മകള്‍ക്ക് ഒരേ വര്‍ണ്ണം തന്നെയാണ്.
    സുഹൈല്‍ ,
    വത്സമ്മ ടീച്ചര്‍ മരിച്ച വിവരം ഈ പോസ്റ്റ്‌ എഴുതുമ്പോഴും എനിക്കറിയില്ലായിരുന്നു.
    ഇത് വായിച്ചു ഒരു സുഹൃത്ത്‌ വിളിച്ചുപറഞ്ഞാണ് അറിഞ്ഞത്.
    ഇപ്പോള്‍ സുഹൈല്‍ പറഞ്ഞിട്ട് ആസ്യ ടീച്ചര്‍ മരിച്ച വിവരവും. ആസ്യ ടീച്ചറോട് ഒരു വലിയ ആത്മബന്ധം തോന്നിയിരുന്നു.
    രണ്ടും വിഷമം നല്‍കുന്ന വാര്‍ത്ത.

    ReplyDelete
  33. സ്കൂള്‍ കാലം ഓര്‍മ്മകളുടെ വസന്തം
    നല്ല ഓര്‍മ്മകുറിപ്പ് ചെറുവാടി.
    നന്ദി . ഓര്‍മ്മകളിലേക്ക് തിരിച്ചുകൊണ്ടുപോയത്തിന്

    ReplyDelete
  34. ഓര്‍മകളുടെ ഈ എട് ഇഷ്ടമായി. നല്ല അവതരണം ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്നു എഴുത്തില്‍ .

    ReplyDelete
  35. മനസിൽ നിന്നു മായാത്ത ആ സ്കൂൾ ജിവിതത്തിലേക്ക് തിരിച്ച് നടത്തിയ കുറിപ്പ്
    വളരെ നൊസ്റ്റാൾജിക്

    ReplyDelete
  36. >>ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്. <<


    പാവം.. അവർക്കറിയില്ലല്ലോ യാഥാർത്ഥ്യം :)

    ReplyDelete
  37. മിജൂ,
    നന്ദി സുഹൃത്തേ.
    റോബിന്‍,
    നന്ദി, സന്തോഷം. വായനക്കും നല്ല അഭിപ്രായത്തിനും.
    അക്കേട്ടന്‍ ,
    ഒരുപാട് നന്ദി. ;ഇനിയും ഈ വഴി വരുമല്ലോ.
    ബഷീര്‍ ഭായ്,
    സന്തോഷം. ഈ ഓര്‍മ്മകള്‍ ഇഷ്ടപ്പെട്ടതിന്.
    പിന്നെ അതൊരു തമാശക്ക് തട്ടിയതാണ്. അതുകൊണ്ടല്ലേ അവളിപ്പോഴും കൂടെയുള്ളത്.

    ReplyDelete
  38. മരിക്കാത്ത ഓര്‍മ്മകള്‍. പഴയ കാലം കുതിച്ചെത്തി. ഒരോര്‍മ്മ കണ്ണൂരാനും പോസ്ടിയിട്ടുണ്ട്. വരൂ, അങ്ങോട്ടേക്ക് ക്ഷണിക്കുന്നു.

    ആശംസകള്‍.

    ReplyDelete
  39. എന്റ്റെ ഒരുപാട് ഓര്‍മ്മകളെ ഉണര്‍ത്തിയ പ്രിയ സുഹൃത്തിന് ഒരായിരം നന്ദി.
    ആ വിദ്യാലയത്തിലേക്ക് ഒരിക്കല്‍ കൂടി ഒരു യാത്ര......
    കഴിയുമോ ..............
    വെറുതെയാണെക്കില്ലും ആഗ്രഹിക്കാമലോ..........
    ഒരിക്കല്‍ കൂടി നന്ദി.

    ReplyDelete
  40. മൊത്തത്തില്‍ എല്ലാ വിഷയങ്ങളും നൈറ്റ്മെയര്‍ തന്നെ-ഹിഹി-നന്നായി എഴുതി.
    ആശംസകള്‍

    ReplyDelete
  41. കണ്ണൂരാന്‍ ,
    നന്ദി . സന്തോഷം
    നിയ ജിഷാദ്,
    നന്ദി, വായനക്ക്, സന്ദര്‍ശനത്തിന്, നല്ലൊരു അഭിപ്രായത്തിനു.
    ജ്യോ ,
    അതാണ്‌ സത്യം. എല്ലാം നൈറ്റ്‌മെയര്‍ ആയിരുന്നു.
    നന്ദി.
    പ്രദീപ്‌,
    നന്ദി, ഇനിയും ഈ വഴി വരുമല്ലോ.

    ReplyDelete
  42. നല്ല ഓർമ്മകൾ!
    എന്റെ അധ്യാപകരെ ഞാനും ഓർത്തുപോയി...

    ReplyDelete
  43. പ്രജ്ഞാ‍പഥത്തിലേക്ക് കടന്നു വന്നതിന് ഒരായിരം നന്ദി...

    ReplyDelete
  44. സ്കൂള്‍ കാലം പോലെ ഗൃഹാതുരത്വമുണര്‍ത്തിയ ഓര്‍മ്മക്കുറിപ്പ്.

    ReplyDelete
  45. ശില്പാ മേനോന്‍,
    നന്ദി. സന്തോഷം.
    പ്രജ്ഞാപഥം.
    നന്ദി,
    തൊമ്മി,
    നന്ദി, സന്തോഷം
    കുമാരന്‍ ജീ,
    ഇഷ്ടപ്പെട്ടതില്‍ പെരുത്ത് സന്തോഷം. നന്ദിയും അറിയിക്കട്ടെ.

    ReplyDelete
  46. രണ്ട് ദിവസം മുമ്പ് കൊദിയത്തൂര്‍കാരനായ ഒരു മാഷെ ബസ്സില്‍ പരിചയപ്പെട്ടു.ആ സ്കൂളിനെപറ്റി അദ്ദേഹം വാചലനായത് ഓര്‍മ്മിക്കുന്നു.

    ReplyDelete
  47. വളരെ നന്നായി.
    അഭിനന്ദനങ്ങൾ

    ReplyDelete
  48. These thoughts are there in all the alumni of PTMHS. You presented in a nice words. Now the school is changed a lot. The old buildings gave way to new concrete multi storied buildins. Students are not going by walk, now there is school bus. Almost all of aour old teachers retired. Now it seems a new school.

    ReplyDelete
  49. " ഒരിക്കലും മിണ്ടാത്ത സോദരാ.. വിട" . ഇത് പിന്നീട് വളരെ ഉപകാരപ്പെട്ടു. ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്. കലക്കി മാഷേ..
    ഞാനും എന്റെ ഓട്ടൊഗ്രാഫിൽ ഒന്ന് എഴുതി ചേർക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്..

    ReplyDelete
  50. " ഒരിക്കലും മിണ്ടാത്ത സോദരാ.. വിട" . ഇത് പിന്നീട് വളരെ ഉപകാരപ്പെട്ടു. ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്. കലക്കി മാഷേ..
    ഞാനും എന്റെ ഓട്ടൊഗ്രാഫിൽ ഒന്ന് എഴുതി ചേർക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്..

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....