Sunday, May 6, 2012
വിപ്ലവം തണുത്തുറഞ്ഞ മണ്ണില്‍ ..! പിന്നൊരു പ്രണയ തീരത്ത്
"കബനി നദി ചുവന്നപ്പോള്‍" എന്ന ചിത്രത്തെ കുറിച്ചാണ് ഞാന്‍ ആദ്യം കേട്ടത്. നക്സല്‍ പശ്ചാത്തലത്തില്‍ പറഞ്ഞ പി . എ . ബക്കറിന്‍റെ ശ്രദ്ധേയമായ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ മനോഹരമായ ആ പേര് മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട് കുറെ നാളായിട്ട്. കബനി എന്ന നിഗൂഡ സൗന്ദര്യമുള്ള ആ പേരാവണം ആ ആകര്‍ഷണത്തിന്‍റെ ഘടകം എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
ആ കബനിയുടെ തീരത്താണ് ഞാനിപ്പോള്‍. വിപ്ലവം തണുത്തുറഞ്ഞ വയനാടന്‍ മണ്ണില്‍. ഒരുകാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ നക്സല്‍ വിപ്ലവത്തിന്‍റെ കഥകള്‍ ഉറങ്ങുന്ന കബനി കാടുകള്‍. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കബനി കുറുകെ കടക്കുമ്പോള്‍ ഞാനീ പുഴയും കാടുകളും ഒരാവേശത്തോടെ നോക്കിയിരുന്നു . വേരറ്റുപ്പോയ ഒരു വിപ്ലവ പ്രസ്ഥാനത്തിന്‍റെ എന്തെങ്കിലും അടയാളങ്ങള്‍ ഇവിടെ ബാക്കി കാണുമോ..? ഇല്ലായിരിക്കാം. പക്ഷെ അങ്ങിനെ ഒരു കഥ ഈ ഭൂമികക്ക് പറയാന്‍ ഉണ്ട് എന്നത് തന്നെയാണ് കബനി തീരങ്ങളില്‍ എത്തുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത്. പക്ഷെ കബനി പുഴക്ക് ഇപ്പോള്‍ ചുവപ്പ് നിറമല്ല. കലക്ക വെള്ളമാണ്. കരഞ്ഞ് കലങ്ങിയതാണ് എന്ന് എഴുതാന്‍ എന്‍റെ ആദര്‍ശവും സമ്മതിക്കുന്നില്ല. നക്സല്‍ വിപ്ലവത്തിന്‍റെ ശരിയും തെറ്റും വേര്‍തിരിക്കുക ഇവിടെ എന്‍റെ ഉദ്ധേശമല്ല (തെറ്റായിരുന്നു എന്ന് തന്നെ ഞാന്‍ പറയുന്നു) . പക്ഷെ ഒരു ആദര്‍ശത്തില്‍ വിശ്വസിച്ച് ആ സമര സഖാക്കള്‍ ഈ കൊടും കാടുകളെ കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങള്‍, ഇന്ന് ഒരു സഞ്ചാരിയായി ഇത് വഴി പോകുമ്പോള്‍ എന്നെ ഏതെല്ലാമോ രീതിയില്‍ ആകര്‍ഷിക്കുന്നുണ്ട് എന്നത് സത്യം. ഡിറ്റക്ക്റ്റീവ് കഥകള്‍ ഒരു കാലത്ത് ആവേശമായിരുന്നു എന്നത് പോലെ തന്നെ, വയനാടന്‍ കാടുകളെ ചേര്‍ത്ത് നക്സല്‍ പോരാട്ടങ്ങളും കുറെ വായിക്കപ്പെട്ടിട്ടുണ്ട്. ശരിയും തെറ്റും തിരിച്ചറിയാനാവാത്ത കാലത്ത് അതൊരു കഥ പോലെ വായിച്ചത് അങ്ങിനെ മറക്കില്ലല്ലോ.
ചങ്ങാടം ഇവിടെ കുറുവ ദ്വീപില്‍ എത്തിയിട്ടുണ്ട്. ഇറങ്ങി നടക്കേണ്ടത് കാടിനകത്തൂടെയാണ്. വേലികള്‍ അതിരിട്ട വഴികളിലൂടെ നടക്കുമ്പോള്‍ കാടിനകത്തെ ഓരോ ഇലയനക്കവും ഒരു കൂട്ടം പോരാളികളുടെ കാലൊച്ചകളായി തോന്നിപ്പോകുന്നു . അതോ മുറി ട്രൌസറും തൊപ്പിയും ഇട്ട പോലീസിന്‍റെ ബൂട്ടിന്‍റെ ശബ്ദമോ..? കൊടുംകാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് അവര്‍ വിപ്ലവം നടത്തിയ അതേ വയനാടന്‍ കാടുകള്‍. വര്‍ഗീസ് വെടിയേറ്റ് വീണ തിരുനെല്ലിക്കാടുകള്‍ തൊട്ടപ്പുറത്തുണ്ട് . .
മനോഹരമാണ് കുറുവ ദ്വീപ്. ചങ്ങാടയാത്രയുടെ ആവേശം മാറുന്നതിനു മുമ്പ് തന്നെ ഇവിടത്തെ പ്രകൃതി നമ്മളെ ഹൃദയപൂര്‍വ്വം സ്വീകരിക്കും. കാനന ഭംഗി നിങ്ങളെ മോഹിപ്പിക്കുന്നു അല്ലേ..? എന്നെയും. മനസ്സിനെ ഭരിക്കുന്ന ഭാരിച്ച ചിന്തകളെ മാറ്റി വെക്കാം. അല്ലെങ്കിലും ഈ പ്രകൃതി നിങ്ങളെ അതൊന്നും ഓര്‍മ്മിപ്പിക്കില്ല. സത്യം . വേനല്‍ ചൂടില്‍ ഈ കാടിന്‍റെ തണല്‍ തേടി വന്നവര്‍ കുറേയുണ്ട്. പുഴയില്‍ കുളിച്ചു ആഘോഷിക്കുന്നവരില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട്. ഒരു കാനന നീരാട്ടിനുള്ള ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. പക്ഷെ സമയം കഴിയുന്നു എന്ന വനപാലകരുടെ അറിയിപ്പ് ആ ആഗ്രഹത്തെ ഒഴിവാക്കേണ്ടി വന്നു. പക്ഷെ ഈ കാടിനെ അറിയാന്‍, ഈ തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ഇനിയും വരണം എന്ന് പറയാതെ പറയുന്നു ഈ പ്രകൃതി. വേറെയും തുരുത്തുകള്‍ ഉണ്ട് കുറുവ ദ്വീപില്‍. പക്ഷെ എല്ലാം വനം വകുപ്പ് അടച്ചിട്ടിരിക്കുന്നു . അത് നിരാശപ്പെടുത്തി. . കഴിഞ്ഞ അവധിക്കു വന്ന രണ്ട് കുട്ടികള്‍ ഒരു തുരുത്തിലെ വെള്ളത്തില്‍ മുങ്ങി മരിച്ചത്രെ. കബനിയിലെ വെള്ളം കലങ്ങിയത് ആ ഓര്‍മ്മയില്‍ കരഞ്ഞ് കരഞ്ഞാവണം. ഒരു പ്രകൃതി നല്‍കിയ കാഴ്ച്ചയുടെ സന്തോഷവുമായി തിരിച്ച് ചങ്ങാടത്തില്‍ പുഴ കടക്കുമ്പോള്‍ എന്‍റെ ഓര്‍മ്മയില്‍ ആ കുഞ്ഞുങ്ങളുടെ മുഖവുമുണ്ട്. പ്രിയപ്പെട്ട കബനീ ..നിനക്കെന്തേ എപ്പോഴും ഒരു ദുഃഖ പുത്രിയുടെ മുഖം വരുന്നു...? ദുഃഖങ്ങള്‍ കരഞ്ഞോഴുക്കി തെളിനീരുമായി നീ ഒഴുകി തുടങ്ങുമ്പോള്‍ ഞങ്ങള്‍ വീണ്ടും വരാം.
വയനാടിന് ഒരു പ്രത്യേക സ്വഭാവമുണ്ട് . ഏതുവഴി പോകുമ്പോഴും നമ്മളെത്തിപ്പെടുക ഒരു ചരിത്ര ഭൂമിയിലേക്കാവാം, അല്ലെങ്കില്‍ വിനോദവും വിജ്ഞാനവും പകരുന്ന മറ്റേതെങ്കിലും കാഴ്ചയിലേക്ക് . ഈ അന്തരീക്ഷത്തില്‍ നമ്മളറിയുന്ന ഏതെങ്കിലും കഥകളുടെ ഏടുകള്‍ വായിച്ചെടുക്കാം. അത് മൈസൂര്‍ പടയുമായി ടിപ്പു സുല്‍ത്താനും സംഘവും ചുരമിറങ്ങി വരുന്നതാവാം, പഴശ്ശി എന്ന ധീര യോദ്ധാവിന്‍റെ സമരവും ജീവിതവും ആവാം, ഒരു കാലഘട്ടത്തെ വിറപ്പിച്ച നക്സല്‍ പോരാട്ടങ്ങളുടേതാവാം . തിരുനെല്ലി ക്ഷേത്രവും പഴയ ജൈന ക്ഷേത്രവും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല. നൂറ്റാണ്ടുകള്‍ പിറകില്‍ ജീവിച്ച ഒരു നാഗരികതയുടെ കഥ പറയാന്‍ എടക്കല്‍ ഗുഹ ഉണ്ട്. എവിടന്നോ വന്നു വീഴുന്ന ഒരലര്‍ച്ച നിങ്ങളെ ചെറുതായി നടുക്കി എന്ന് വരാം. തിരുനെല്ലി കാട്ടില്‍ വര്‍ഗീസിന്‍റെ നെഞ്ചകം പിളര്‍ത്ത വെടിയുണ്ടയുടെ ഓര്‍മ്മയാകാം അത്. അല്ലെങ്കില്‍ തോല്‍പെട്ടി വനത്തില്‍ മദിച്ചു നടക്കുന്ന ഒരു കൊമ്പന്‍റെ കൊലവിളിയാകാം. മലയില്‍ ഉരുള്‍പൊട്ടുമ്പോള്‍ കാട്ടാറുകളിലൂടെ വെള്ളം കുതിച്ചു പായുന്നതിന്‍റെ ഇരമ്പലുമാവാം.
ചുരം കയറി പലതവണ വയനാട് വഴി പോയിട്ടുണ്ടെങ്കിലും എടക്കല്‍ ഗുഹയെ ഞാന്‍ മനപൂര്‍വ്വമോ അല്ലാതെയോ അവഗണിച്ചിട്ടുണ്ട് . ഇത്രയും അടുത്ത് നില്‍ക്കുന്ന വയനാട്ടിലെ ഈ ചരിത്ര വിസ്മയത്തെ മുമ്പ് കാണാതെ പോയ നിമിഷങ്ങളെ ഞാന്‍ ശപിക്കുന്നു. ഒന്നര കിലോമീറ്റര്‍ ഉള്ള കയറ്റം കഴിഞ്ഞു ഈ ചരിത്രഭൂമിയില്‍ നില്‍ക്കുമ്പോള്‍ എനിക്കുള്ളത് വേനല്‍ ചൂടില്‍ ഒഴുകിപ്പോയ വിയര്‍പ്പിനെ കുറിച്ചുള്ള വിഷമമല്ല . പകരം ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിച്ച എടക്കല്‍ ഗുഹ മുന്നേ കാണാതെ പോയ സങ്കടം മാത്രമാണ് . പക്ഷെ ബ്ലോഗ് പോസ്റ്റില്‍ അലക്ഷ്യമായി എഴുതി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചരിത്രത്തിന്‍റെ അടയാളത്തെ വലിപ്പം കുറച്ച് കാണിക്കാന്‍ എനിക്ക് താല്പര്യമില്ല . അത് ചരിത്രത്തോടുള്ള ബഹുമാനം കൊണ്ട് മാത്രം.
അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹയുള്ളത്. 1878 - ല്‍ അന്നത്തെ മലബാര്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന ഫാസറ്റ് കണ്ടെത്തിയതോട് കൂടിയാണ് ഈ ചരിത്ര ശേഷിപ്പ് പുറം ലോകമറിയുന്നത്. അഥവാ ചരിത്രാതീത കാലത്തിലേക്കുള്ള ചൂണ്ടു പലകയയില്‍ ആധുനിക മനുഷ്യരുടെ കാല്‍പാടുകള്‍ പതിഞ്ഞു തുടങ്ങിയത്. ലോകത്തെങ്ങാനുമുള്ള ചരിത്രാതീത ഗുഹാചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയിലെ അപൂര്‍വ്വം കേന്ദ്രങ്ങളില്‍ ഒന്നാണ് എടക്കല്‍ ഗുഹ എന്ന് ഡോ. കെ .കെ .എന്‍. കുറുപ്പിന്‍റെ ലേഖനത്തില്‍ പറയുന്നുണ്ട്. അകത്തെ ശിലാലിഖിതങ്ങള്‍, ഗുഹയുമായി ബന്ധപ്പെട്ട മറ്റുക്കാര്യങ്ങള്‍ , ആരാധനയുമായും അന്നത്തെ ജൈവ സാന്നിധ്യവുമായുള്ള ബന്ധം,, ആദിവാസികളും ഈ ഗുഹയുമായുള്ള ബന്ധം, പിന്നെ ഇതിനോട് അനുബന്ധിച്ച് നടത്തിയ ഗവേഷണങ്ങളും എല്ലാം ഡോ. കെ .കെ .എന്‍. കുറുപ്പിന്‍റെ പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. ഞാനത് കൂടുതല്‍ വായിച്ചറിയാന്‍ ശ്രമിക്കുന്നു.
ഗുഹക്കകത്തെ പാറക്കെട്ടുകളില്‍ കൊത്തി വെച്ച രൂപങ്ങളില്‍ ഞാന്‍ പതുക്കെ തടവി നോക്കി. ഒന്നും മനസ്സിലായിട്ടല്ല. പക്ഷെ ഒരു ചരിത്രമാണിത്. യുഗങ്ങള്‍ പിന്നില്‍ സംഭവിച്ചു പോയത്. ഇതിലൂടെ കയ്യോടിക്കുമ്പോള്‍ എന്തെല്ലാമോ വികാരങ്ങള്‍ എന്‍റെ പിടിച്ചു കുലുക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് പഠിക്കാനും പറയാനും കാലം ബാക്കി വെച്ച അടയാളങ്ങള്‍. ഇനിയും എത്രയുണ്ട് അറിയാനും പറയാനും..? വലിയ രണ്ട് പാറകള്‍ക്ക് മീതെ വന്നടിഞ്ഞ വലിയൊരു പാറക്കെട്ട്. ഇതാണ് ഗുഹയുടെ രൂപം. ഈ പൈതൃക കാഴച്ചയോടു വിടപറഞ്ഞ് ഞങ്ങള്‍ ഗുഹക്കു പുറത്തിറങ്ങി. അമ്പുകുത്തി മലയുടെ മേലെ നിന്നും നോക്കുമ്പോള്‍ പച്ചയണിഞ്ഞ വയനാടന്‍ പ്രകൃതി കൂടുതല്‍ ആവേശം പകരുന്നു. അതുകൊണ്ട് തന്നെ ഈ വേനല്‍ ചൂടിനെ അറിയാതെ മറന്നു പോകുന്നു.
എഴുതിയാല്‍ തീരില്ല ദൈവം ഈ മലയിടുക്കുകളില്‍ ഒളിപ്പിച്ചു വെച്ച കാഴ്ച്ചയുടെ ലോകത്തെ പറ്റി. ചരിത്രവും വിനോദവും കൂടിച്ചേര്‍ന്നു സഞ്ചാരികള്‍ക്ക് ഇത്രയും വൈവിധ്യം നല്‍കാന്‍ കഴിയുന്ന മറ്റൊരു ജില്ലയില്ല കേരളത്തില്‍ എന്ന് നിശ്ശംശയം പറയാം. പക്ഷെ ഒരു കാര്യം സാന്ദര്‍ഭികമായി പറയട്ടെ, ഇതുവഴി പോകുന്നവര്‍ മുട്ടില്‍ യതീംഖാന സന്ദര്‍ശിക്കാതെ പോകരുത്. നിങ്ങളുടെ ഒരിറ്റു സ്നേഹവും കാത്ത് കഴിയുന്ന കുറെ അനാഥകുട്ടികള്‍ ഉണ്ടിവിടെ. അനാഥരെന്ന് അവരെ വിളിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. കാരണം ഒന്നിനും ഒരു കുറവും അവര്‍ക്കില്ല ഇവിടെ. സ്വന്തം മക്കളെ പോലെ ഇവരെ നോക്കി വളര്‍ത്തുന്ന കുറെ മനുഷ്യസ്നേഹികള്‍ ഉണ്ടിവിടെ. അവരുടെ സന്തോഷത്തിലേക്ക് സഹായങ്ങള്‍ എത്തിക്കുന്ന നല്ല മനസ്സുകളും ഉണ്ട് ലോകമാകെ. പക്ഷെ എത്ര കിട്ടിയാലും മതിയാവാത്ത ഒരു വികാരം, സ്നേഹം, അച്ഛന്‍റെയോ അമ്മയുടെയോ ഒരു സ്പര്‍ശനത്തിന് പകരമാവാന്‍ പറ്റില്ലെങ്കിലും ഒരു നിമിഷം അവരുടെ സന്തോഷത്തിന് കാരണക്കാരാവാന്‍ നമുക്ക് പറ്റിയെങ്കില്‍ തീര്‍ച്ചയായും അതൊരു പുണ്യമാണ്.
ഗുല്‍മോഹര്‍ തണല്‍ വിരിച്ച പ്രണയ തീരത്ത് ...!
കണ്ണടച്ചിരുന്നോളൂ.. നമുക്കൊരു പ്രണയസ്വപ്നം കാണാം. ഇരുവശങ്ങളിലും ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തുനില്‍ക്കുന്ന ഒരു നാട്ടുവഴി. തൊട്ടരികില്‍ ഒരു പുഴയുണ്ട്. മലമേടുകളെ തഴുകി വരുന്ന നല്ല കുളിര്‍ക്കാറ്റുമുണ്ട്. ഇതുപോലൊരു സ്ഥലത്ത് പ്രണയിനിയുടെ കൈപിടിച്ച് കഥകള്‍ പറഞ്ഞു നീങ്ങുന്ന ഒരു സ്വപ്നം നിങ്ങളുടെ മനസ്സിലുണ്ടോ..? എങ്കില്‍ കണ്ണു തുറന്നോളൂ. നമ്മളിപ്പോള്‍ അവിടെയാണ്. "മായാര്‍ " എന്ന പ്രണയതീരത്ത്.
ഈ ഉള്‍ഗ്രാമം എന്‍റെ പ്രണയ ചിന്തകളെയും ഭരിച്ചു തുടങ്ങിയിരിക്കുന്നു. നീലഗിരിയുടെ താഴ്വാരമാണിത്. നീലഗിരി കുന്നുകള്‍ തഴുകി വരുന്ന കാറ്റില്‍ കണ്ണടച്ചിരുന്ന് ഞാനുമൊരു സ്വപ്നത്തിലേക്ക് വഴുതി വീണു. പതിയെ ഒഴുകി മായാര്‍ പുഴ എനിക്ക് കൂട്ടിരുന്നു. പ്രണയ സ്വപ്നങ്ങള്‍ക്ക് മേല്‍ കുറെ ഗുല്‍മോഹര്‍ പൂക്കള്‍ അടര്‍ന്നു വീണു. ഗുല്‍മോഹര്‍ എന്ന വാക്കില്‍ തന്നെ പ്രണയമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രണയവും സ്വപ്നവും ഒക്കെ ഇവിടെ നിര്‍ത്താം. അല്ലെങ്കില്‍ ഹഫിയോട് സമാധാനം പറയാന്‍ ഞാന്‍ പഠിച്ച കള്ളങ്ങള്‍ മതിയാവില്ല.
ഇനി മായാറിന്‍റെ ചരിത്രത്തിലേക്ക് വരാം. ഒരു തമിഴ്‌നാടന്‍ ഗ്രാമം. പക്ഷെ ജനവാസം കുറവ്. മസിനഗുഡിയില്‍ നിന്നും വനപാതയിലൂടെ പോയാല്‍ ഇവിടെത്താം. കാടുകളില്‍ നിറയെ കൊന്ന പൂത്തു നില്‍ക്കുന്നു. വിഷുവിനെ സ്വീകരിക്കാന്‍ കാടുകളും ഒരുങ്ങിയിട്ടുണ്ട്. ഒരു കൊമ്പനും കുറച്ച് മയിലുകളും മാനുകളും പിന്നെ കുറെ വാനരസുഹൃത്തുകളും വഴിയരികില്‍ ലോഗ്യം പറയാന്‍ വന്നു. ഓടിയാല്‍ എവിടം വരെ എന്നൊരു പേടി ഉള്ളതുകൊണ്ട് കൊമ്പനെ ഞങ്ങള്‍ വല്ലാതെ പരിഗണിച്ചില്ല. എന്നാലും ഒരു ക്യാമറ ക്ലിക്കിന് ചെറിയ വിരോധത്തോടെ അവന്‍ നിന്നുതന്നു.
വളരെ പണ്ട് ബ്രിട്ടീഷുക്കാര്‍ ഉണ്ടാക്കിയ ഒരു പവര്‍ ഹൗസ്സ് ആണ് മായാറിന്‍റെ പ്രത്യേകത. വളരെ താഴെ , മലയുടെ അടിഭാഗത്ത് ആണ് ഇത് നിര്‍മ്മിച്ചത്.പ്രത്യേക റോപ് വേ വഴിയാണ് അവിടെ എത്തുക. കഴിഞ്ഞ തവണ അതിനടുത്തുവരെ പോവാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ തോക്ക് ഒക്കെയായി പോലീസ് കാവല്‍ ആണ്. മേലെ ഓഫീസില്‍ പോയി എ .ഈ. യുടെ അനുമതി വാങ്ങണം. അതറിയാതെ മുന്നോട്ട് നീങ്ങിയ ഞങ്ങളെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാണ് വിശദീകരണം തേടിയത്. പക്ഷെ നാട് തെണ്ടാന്‍ ഇറങ്ങിയ പാവങ്ങള്‍ ആണ് എന്ന് തോന്നിയത് കൊണ്ട് അവര്‍ ഓഫീസില്‍ പോയി അനുവാദം വാങ്ങി വരാന്‍ പറഞ്ഞു. പക്ഷെ എന്തോ നടക്കില്ല എന്നൊരു തോന്നല്‍ എവിടെന്നോ വന്നു കയറി. പക്ഷെ ഒന്ന് ശ്രമിക്കുക പോലും ചെയ്യാത്തതില്‍ ഇപ്പോള്‍ നിരാശ തോന്നുന്നു.
സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരെനിന്നും വരുന്നതാണ് മായര്‍ പുഴ. ഇതിന് മുമ്പേ ഇതുപോലെ നാല് പവര്‍ ഹൌസുകള്‍ ഉണ്ട്. കുന്ത, കട്ടെരി, മറവകണ്ടി, പൈക്കര എന്നിങ്ങിനെ. പക്ഷെ ഒന്നും അടുത്തടുത്തല്ല. വിവിധ ജില്ലകളില്‍ ,വ്യത്യസ്തമായ ഭൂമിശാസ്ത്ര പ്രത്യേകതകളില്‍ ആണ് ഇവയെല്ലാം. മായാര്‍ നീലഗിരി ജില്ലയിലാണ്.
നീലഗിരി കുന്നുകള്‍ക്ക് പിറകിലേക്ക് മറയാന്‍ സൂര്യന് തിടുക്കം ഉള്ള പോലെ. ചെഞ്ചായം വീണ് മായാര്‍ പുഴ ചുവന്നു തുടുത്തിരിക്കുന്നു. അതേ വെളിച്ചം ഗുല്‍മോഹര്‍ പൂക്കളില്‍ വിതറുമ്പോള്‍ എന്തൊരു ഭംഗിയാണ്. കുറച്ചൂടെ കഴിഞ്ഞാല്‍ നിലാവ് ഉദിക്കും. പക്ഷെ സമയമില്ല. എനിക്കറിയണം എന്നുണ്ടായിരുന്നു നിലാ വെളിച്ചത്തിന് താഴെ ഈ ഗുല്‍മോഹറും പുഴയുമെല്ലാം എങ്ങിനെയിരിക്കുമെന്ന്. നല്ലൊരു അനുഭവം തന്നെ ആയിരിക്കണം അത്.
ഇവിടം വിടുമ്പോള്‍ കൂടെ ആ സ്വപ്നങ്ങളും നമ്മോടൊപ്പം ഉണ്ടെങ്കില്‍ നന്ദി പറയേണ്ടത് ഈ ഗുല്‍മോഹര്‍ പൂക്കളോടാണ്. തണല്‍ വിരിച്ച ഗുല്‍മോഹര്‍ മരങ്ങളോടും , കിന്നാരം പറഞ്ഞ മായാര്‍ പുഴയോടും കുളിരണിയിച്ച നീലഗിരി കാറ്റിനോടും തല്‍ക്കാലം ഞങ്ങള്‍ വിടപറയുന്നു. വീണ്ടും കാണാന്‍ കൊതിക്കുന്ന ഒരു സ്വപ്നം പോലെ , തുടരുന്ന യാത്രകളുടെ ഏതെങ്കിലും ഒരു യാമത്തില്‍ ഈ പ്രണയ തീരം തേടി ഞങ്ങള്‍ വീണ്ടും വന്നേക്കാം. അന്നും ഈ ഗുല്‍മോഹര്‍ പൂക്കള്‍ ഇങ്ങിനെ വാടാതെ നില്‍ക്കുമായിരിക്കും. ഒരു പുതിയ സ്വപ്നത്തിന് പൂക്കാലം തീര്‍ക്കാന്‍.
Subscribe to:
Post Comments (Atom)
ബക്കറുടെ ചിത്രം ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് വയനാടും.കബനിയുടെ തീരത്തിലൂടെ മൻസൂറിന്റെ വാക്കുകളുടെ സഞ്ചാരം ഇഷ്ടമായി.മായാറിന്റെ സ്വപ്ന കാഴ്ചകളിൽ വാക്കുകൾ പിന്നെയും ചേതോഹരമായി.
ReplyDeleteമന്‍സൂറിക്ക , പതിവു പോലെ യാത്ര വിവരണം ഇഷ്ടായി. ഞാനും പോയിട്ടുണ്ട് വയനാട്ടില്‍...ഞാനും കണ്ടിരുന്നു എടക്കല്‍ ഗുഹയും കുറുവ ദ്വീപും.. ഈ കാഴ്ചകള്‍ എല്ലാം എനിക്കൊരു ആല്‍ബത്തിലെക്കുള്ള ഫോട്ടോകള്‍ ആയിരുന്നു. ...നമ്മള്‍ രണ്ടു പേരുടെ കാഴ്ചയിലെ വ്യത്യാസം എത്ര വലുതാണെന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി....
ReplyDeleteപോസ്റ്റിനു അല്പം നീളം കൂടി പോയി...രണ്ടു യാത്രകളും വെവ്വേറെ പോസ്റ്റ് ആക്കിയാല്‍ കൂടുതല്‍ നന്നായേനെ എന്നൊരു തോന്നല്‍ എനിക്കുണ്ട് !
അങ്ങനെ പോസ്റ്റുകളുടെ എണ്ണം കൂട്ടാലോ അല്ലേ ദുബായിക്കാരാ ? ദുബായിക്കാരൻ കല്യാണ ക്ഷണത്തിന് ഓരോ വീടും കയറിയത് ഓരോ പോസ്റ്റാക്കിയ പോലെ.! അല്ലേ ? ഹാ ഹാ ഹാ
Deleteമനോഹരമായ ലേഖനം
ReplyDeleteഎല്ലാ ആശംസകളും...
നല്ല വിവരണം
ReplyDeleteഇഷ്ടായി
ആശംസകൾ
യാത്രകള്‍ നമ്മള്‍ പലപ്പോഴും നടത്താറുണ്ട്. എന്നാല്‍ ഓരോ യാത്രയിലെയും കാഴ്ചകള്‍ ഇത്ര മനോഹരമായി വിവരിക്കാന്‍ കഴിയാറില്ല. വീണ്ടും ഒരു നല്ല പോസ്റ്റ് കൂടി വായിക്കാനായതില്‍ സന്തോഷം.
ReplyDeleteവയനാട് ഏറെ സുന്ദരമാണ്. വീണ്ടും വീണ്ടും പോകാന്‍ തോന്നിക്കുന്ന ഭൂമിയിലെ പ്രകൃതിരമണീയമായ ഒരിടം. ആ കാഴ്ചകളെ വീണ്ടും വായനക്കാര്‍ക്ക് മുമ്പില്‍ എത്തിച്ചതില്‍ നന്ദി.
'പ്രിയപ്പെട്ട കബനീ ..നിനക്കെന്തേ എപ്പോഴും ഒരു ദുഃഖ പുത്രിയുടെ മുഖം വരുന്നു...? ദുഃഖങ്ങള്‍ കരഞ്ഞോഴുക്കി തെളിനീരുമായി നീ ഒഴുകി തുടങ്ങുമ്പോള്‍ ഞങ്ങള്‍ വീണ്ടും വരാം.'
ReplyDeleteമൻസൂറിക്കാ ആ യാത്രയിൽ ഇക്കയനുഭവിച്ച ആ ആനന്ദം ഈ വാക്കുകളിൽക്കൂടി ഞാൻ വായിച്ചനുഭവിക്കുന്നൂ. കാരണം ആ യാത്രയിൽ ഇക്ക അനുഭവിച്ച ആ സന്തോഷമാണ് ഇങ്ങനേയൊരു വരി എഴുതാൻ പ്രേരണയായത് എന്ന് ഞാൻ വിശ്വസിക്കട്ടെ. പതിവ് പോലെ ഇക്കായുടെ കയ്യൊപ്പ് പതിഞ്ഞ ഒരു യാത്രാവിവരണം.! യാത്രയിൽ ഇങ്ങനെ ഒരു കൂട്ടത്തെ മുഴുവൻ ഒപ്പം കൊണ്ട് പോകുന്ന പോലെ രസകരമായും നിയന്ത്രണത്തോടും ഇക്ക കാര്യങ്ങൾ വിശദീകരിച്ച് തന്നു. ആശംസകൾ ഇക്കാ.
കൊള്ളാമല്ലോ.. നമ്മുടെയൊക്കെ നാടിത്രക്ക് സുന്ദരമാണല്ലേ.. നല്ല ഫോട്ടംസ്... ആശംസകൾ
ReplyDeleteസത്യം പറയാലൊ മന്‍സൂ .. അസൂയ ആണേട്ടൊ
ReplyDeleteഈ കൂട്ടുകാരനോട് ........ യാത്രകള്‍ ഇങ്ങനെ ..
മനസ്സെപ്പൊഴും കൊതിക്കുന്നത് പക്ഷേ നേരുകള്‍
മുന്നില്‍ മാര്‍ഗ തടസ്സമുണ്ടാകുന്നത് .. എന്റെ
കൂട്ടുകാരനിലൂടെ ഞാനത് ആസ്വദിക്കുന്നുണ്ട് ,, സത്യം ..
പക്ഷേ എങ്കിലും അസൂയ ആണേട്ടൊ :)
വിശദമായി രാത്രി എഴുതാമേ മന്‍സൂ ..
പതിവുപോലെ കൊതിപ്പിക്കുന്ന എഴുത്ത് മന്‍സൂര്‍ :)
ReplyDeleteവയനാട് കാണാന്‍ കൊതിക്കുന്ന സുന്ദര സ്വപനമാണ്.
കാടുകളുടെയും അരുവികളുടേയും സൗന്ദര്യം!!
വനപാലകര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നമ്മുടെ പ്രകൃതിക്ക് നന്മ്മയായി ഭാവിച്ചാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ടൂറിസം മൂന്നാറിനെ നശിപ്പിച്ചപോലെ ആ പ്രകൃതി ഭംഗി മുഴുവന്‍ നഷ്ടപ്പെടും. എങ്കിലും വയനാടന്‍ വായന മനസ്സില്‍ താലോലിച്ചു തുടങ്ങിയപ്പോഴാണ് ഗുല്‍മോഹര്‍ വന്നത്. ആ വ്യത്യസ്തത അത്രകണ്ട് ആസ്വടിക്കാനായില്ല. (രണ്ടു പോസ്റ്റ് ആക്കിയാല്‍ മതിയാരുന്നു :)
ആശംസകള്‍!!
വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു യാത്രകളുടെ
ReplyDeleteവിവരണങ്ങളും,വിലയിരുത്തലുകളും,ചിന്തകളും.
ഫോട്ടോകളും അനുയോജ്യമായി.
ആശംസകള്‍
പോസ്റ്റിനു ഇത്തിരി നീളം കൂടിപോയല്ലേ..?
ReplyDeleteഒരു പോസ്റ്റില്‍ ഒതുങ്ങുകയും ഇല്ല രണ്ട് പോസ്റ്റിനുള്ള സംഭവും ഇല്ല എന്ന് വന്നപ്പോള്‍ സംഭവിച്ചതാണ്.
പിന്നെ ഒരു യാത്ര..ആയതുക്കൊണ്ട് ഒന്നിച്ചെഴുതാം എന്ന് വെച്ചു.
ബുദ്ധിമുട്ട് ക്ഷമിക്കുമല്ലോ .
നന്ദി
രണ്ട് പോസ്റ്റിനുള്ള സംഭവങ്ങളൊക്കെ ഇതിലുണ്ട്.എന്തായാലും ഒറ്റയിരുപ്പിന് വായിപ്പിച്ചല്ലോ. ഇനിഎന്ത് ക്ഷമിക്കാന്‍.......:-)
Deleteയാത്രാ വിവരണം എന്തെന്ന അറിയാത്ത കാലത്ത്താനാണ് വയനാട്ടില്‍ പോയത്. ഒളിത്താവളങ്ങള്‍, പച്ച പിടിച്ച പ്രകൃതിയെ കുറിച്ചെല്ലാം അവിടെയുള്ളവര്‍ വിവരിച്ചു തന്നു. ഇന്നും അതിനെ ചെറിയ ഓര്‍മ്മയുണ്ട്. വാക്കുകളില്‍ വികാരം നിറച്ച ചെറുവാടിയുടെ എഴുത്തിലൂടെ വീണ്ടും വയനാടിന്റെ പച്ച്ചപ്പിനെയും കോടമഞ്ഞിനെയും പ്രണയിച്ചു പോകുന്നു. അഭിനന്ദനങ്ങള്‍
ReplyDeleteമനോഹരമായ സ്ഥലങ്ങള്‍ അല്ലെ?....മനൂഹരമായ പടങ്ങളും...പിന്നെ നിങ്ങളുടെ വിവരണം വായിക്കുമ്പോള്‍ അതിന്റെ കൂടെ നിങ്ങളുടെ കൂടെ സഞ്ചരിക്കുകയാണ് വായനക്കാരന്‍...ആശംസകള്‍ കേട്ടാ അതെന്നെ ..നാട്ടില്‍ എത്തിയാല്‍ വിളിക്കും നമ്മള്‍ അന്ന് പറഞ്ഞ സ്ഥലത്തേക്ക് ..ഒക്കെ
ReplyDeleteവയനാടിന്റെ ഭംഗിയെ കുറിച്ച് വായിച്ചിട്ടുണ്ട്. പി.വത്സലയുടെയും മറ്റും കഥകളില്‍ വയനാടന്‍ ബാക്ക്ഗ്രൗണ്ട് കണ്ടിട്ടുണ്ട്. പോകണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ള സ്ഥലങ്ങളില്‍ ഒന്ന്. എന്ന് നടക്കുമെന്നറിയില്ല..ഈ വിവരണം ഏറെ കൊതിപ്പിച്ചു...
ReplyDeleteയാത്രകള്‍ ഒരു വലിയ കലാശാലയാണ്. എത്രയെത്ര പാഠങ്ങള്‍ ചൊല്ലിത്തരുന്നു, എത്രയെത്ര അനുഭവങ്ങള്‍ ചൊരിഞ്ഞു തരുന്നു. പോസ്റ്റിനെക്കുറിച്ച് ഇനി ഞാനെന്തു പറയാന്‍? ചെതോഹരമീ വിവരണം.
ReplyDeleteപ്രിയ മന്‍സൂര്‍ , നിങ്ങളെന്നെ കൊതിപ്പിക്കുന്നു.
ReplyDeleteമനോഹരമായി എഴുതി... കബനീ നദിയുടെ തണുപ്പും ഗുല്‍മോഹറിന്റെ വശ്യതയും അനുഭവിച്ചറിഞ്ഞതുപോലെ...
എങ്കിലും ഒന്ന് പറയാതെ വയ്യ - താങ്കളുടെ രാഷ്ട്രീയ വിശ്വാസം എന്തോ ആവട്ടെ, ഈ അനവസര കമന്റ് ഈ മനോഹര രചനയില്‍ ഒഴിവാക്കാമായിരുന്നു "ഏതായാലും നക്സല്‍ പ്രസ്ഥാനങ്ങള്‍ കേരളത്തിന്‍റെ മണ്ണിലെങ്കിലും തുടച്ചുനീക്കപ്പെട്ടു എന്നത് നല്ലത് തന്നെ."
പ്രിയ അനില്‍ജീ .
Deleteസ്നേഹപൂര്‍വ്വമായ വാക്കുകള്‍ ഉള്‍ക്കൊണ്ട് ആ പ്രയോഗം ഒഴിവാക്കിയിട്ടുണ്ട്. ഇനിയും വായനയും ക്രിയാത്മകമായ വിമര്‍ശനങ്ങളും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
നല്ലൊരു ദിവസം ആശംസിക്കുന്നു.
മനോഹരമായ പോസ്റ്റ്. ചരിത്രമുറങ്ങിക്കിടക്കുന്ന വയനാടന്‍ മലകളിലെ പ്രകൃതി സൌന്ദര്യങ്ങള്‍ എത്ര വര്‍ണിച്ചാലാണ് മതി വരിക!
ReplyDeleteവളരെ നല്ല വിവരണം
ReplyDeleteഞാന്‍ കൊച്ചുനാളില്‍ സിനിമകള്‍ കണ്ടു തുടങ്ങിയ സമയത്ത് പത്തില്‍ പതിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു കബനിനദി ചുവന്നപ്പോള്‍ എന്ന പടം കണ്ടത്. കാര്യമായി ഒന്നും ഓര്‍മ്മയില്‍ ഇല്ലെങ്കിലും അതിന്റെ പശ്ചാത്തലം (നദി ഒഴുകുന്നതും അതിന്റെ ഒച്ചയുമൊക്കെ) കണ്മുന്നില്‍ കാണുന്നുണ്ട്. സത്യത്തില്‍ അങ്ങിനെ ഒക്കെയാണ് അന്ന് മനസ്സില്‍ തങ്ങിയത്. പിന്നീടാണ് കാര്യം മനസ്സിലാക്കുന്നത്. കാഞ്ചനസീത, തമ്പ്, മണിമുഴക്കം, സ്വപ്നാടനം എന്നിങ്ങനെയുള്ള ചിത്രങ്ങലോടായിരുന്നു അന്ന് താല്പര്യം എന്നതിന്റെ കാരണം എന്താണെന്ന് ഞാനിപ്പോള്‍ ചിന്തിക്കാറുണ്ട്. ഒന്നും മനസ്സിലാവാത്ത കാഞ്ചനസീതയാണ് ഇന്നും എനിക്കിഷ്ടപ്പെട്ട സൌന്ദര്യമുള്ള ചിത്രം.
ReplyDeleteപഴയത് ഓര്‍ത്തുപോയി.
മന്‍സൂറിന്റെ യാത്രയിലൂടെ സഞ്ചരിച്ചപ്പോള്‍ ഗുഹയൊക്കെ കണ്ടങ്ങിനെ പ്രണയത്തിന്റെ തീരത്ത് കൂടെ നടന്ന അനുഭൂതി.
അവധിക്ക് പോയാല്‍ ഊര് ചുറ്റലാണല്ലേ ?? ഇങ്ങോട്ട് വാ.. ശിക്ഷ തരുന്നുണ്ട്
ReplyDeleteസെന്റര്‍കോര്‍ട്ടിലെ മലര്‍വാടിയില്‍ വിരിയുന്ന പുഷ്പ്പങ്ങള്‍ക്കെപ്പോഴും സുഗന്ധം തന്നെയാണ്... മനോഹരമായ ചിത്രങ്ങളിലൂടെയും ഹൃദ്യമായ വര്‍ണനകളിലൂടെയും ഈ യാത്രയും ...! പക്ഷേ, രണ്ടു കുറിപ്പുകളായി എഴുതിയിരുന്നെങ്കില്‍ ഈ പുഷ്പത്തിന് മനോഹാരിത വര്‍ദ്ധിച്ചേനെ എന്നൊരു തോന്നല്‍ കൂടിയുണ്ട് ട്ടോ...
ReplyDeleteമന്‍സൂറിന്റെ യാത്രാ വിവരണങ്ങള്‍
ReplyDeleteവായിച്ചാല്‍ മതിയല്ലോ..കൂടെപ്പോന്ന
പ്രതീതി..ആശംസകള്‍...
ഗുല്‍മോഹറും
ഗുഹയും ഒന്നിച്ചു ചേരാത്തത് പോലെ
എനിക്കും തോന്നി...വായന നീണ്ടതിന്റെ
ആലസ്യം ആവും..!!!..എന്നാലും ഭംഗി
ആയി എഴുതി കേട്ടോ..
വയനാടും ഇടുക്കിയും. എത്ര തവണ സഞ്ചരിച്ചാലും മടുപ്പ് തോന്നാത്ത കേരളത്തിലെ രണ്ടു സ്ഥലങ്ങള്‍. അതില്‍ വയനാടിന്റെ കാഴ്ചകളെ മനോഹരമായി വായനക്കാരനിലേക്ക് എത്തിച്ചിരിക്കുന്നു. വയനാട് കണ്ടുകഴിഞ്ഞെന്കില്‍ നമുക്ക് ഇടുക്കിയും ഗവിയുമൊക്കെ നോക്കാം ഇനി.
ReplyDeleteഓഫ് : ചെയ്യുന്നത് അല്പം അക്രമമാണ്. ബാക്കിയുള്ളവന്‍ ഒരു പോസ്റ്റ് ഒപ്പിക്കാന്‍ പാടുപെടുമ്പോള്‍ മൂന്നു പോസ്റ്റിനെ ഒരു പോസ്റ്റിലേക്ക് ഇടിച്ചുകയറ്റുകയറ്റുന്നത് ധാരാളിത്തമാണ് :-)
വിവരണത്തിനു നല്ല ഒഴുക്കുണ്ട് കബനി പുഴ പോലെ...പക്ഷെ ഇപ്പോള്‍ ഒഴുക്കുണ്ടോ...അതൊ കലങ്ങിയ വെള്ളം പോലെ അതും പോയോ?ഫോട്ടോകള്‍ അതിലും മനോഹരം...
ReplyDeleteചെരുവാടീ... നിങ്ങള്‍ വല്ലാതെ കൊതിപ്പിക്കുന്നുണ്ടേ എന്നെ...
ReplyDeleteവയനാട് കുറെ നാളായി മാടി വിളിക്കാന്‍ തുടങ്ങിയിട്ട്..
വയനാടിന്റെ ഏതു ഭാഗത്ത് സ്ന്ജരിചാലും അതൊരു ചരിത്രത്തിലേക്കുള്ള വഴികാട്ടലാണ് ,,അതെ അതാണ് വയനാട് കണ്ടാലും തീരാത്ത കാഴ്ചകളും ചരിത്രമുറങ്ങുന്ന മണ്ണും ,,,,നല്ല പോസ്റ്റ്
ReplyDeleteകേരളത്തിന്റെ കാശ്മീര്‍ ആണ് വയനാട് എല്ലാ അര്‍ത്ഥത്തിലും ,പലവട്ടം പോയിട്ടുണ്ട് ,ഇതാ ഇന്ന് ഒരിക്കല്‍ കൂടി പോയി .ലെരലത്തില്‍ നിന്ന് നക്ക്സലിസം തുടച്ചു മാറ്റി എന്ന് പറയാന്‍ പറ്റുമോ ?പോരാട്ടം എന്നോകെയായി എണ്ണത്തില്‍ കുറവെങ്കിലും ആ പ്രസ്ഥാനങ്ങള്‍ ഇപ്പോഴും ഉണ്ട് ,കാലക്രമേണ അവര്‍ ഉയിര്‍ത്തു എന്നും വരാം .എഴുത്ത് നന്നായി ,,ഭാവുകങ്ങള്‍
ReplyDeleteതിരുത്ത്,ലെരലത്തില്‍ നിന്ന് എന്നത് കേരളത്തില്‍ എന്നാക്കി വായിക്കുമല്ലോ ,
Deleteമുമ്പെപ്പഴോ കാഴ്ചകള്‍ ഉടക്കിയ ആ വന്യപാതകളിലേക്ക് മന്‍സൂറിനൊപ്പം ഒരു യാത്ര പോകാനായി.. വായനയുടെ അവാച്യമായ അനുഭൂതി പകരുന്നതോടൊപ്പം, മനോഹരങ്ങളായ വയനാടന്‍ , നീലഗിരിക്കാഴ്ച്ചകള്‍ മനസ്സില്‍ ഗുല്‍മോഹര്‍ വിരിയിച്ചു ..ആശംസകള്‍
ReplyDeleteമനോഹരമായി എന്റ നാടിനെ വര്‍ണിച്ചു ഒരു പാട് നന്ദി ഉണ്ട് :)
ReplyDeleteകണ്ടുമതിവരാത്ത ഒരിടമാണ് വയനാട്.. ചെറുവാടിയുടെ ഈ മനോഹരപോസ്റ്റ് ആ കൊതി ആര്‍ത്തിയാക്കി മാറ്റി. താങ്കള്‍ക്ക് ഒരുപാട് യാത്രകള്‍ സാധ്യമാകട്ടെ, അതുവഴി കാണാത്തൊരുപാടിടങ്ങളെ അക്ഷരങ്ങളിലൂടെ കാണുമാന്‍ ഞങ്ങള്‍ക്കുമാവുമല്ലൊ.
ReplyDeleteI was planning for a trip to kuruva iseland. Now your post has doubled my ambition. Insha allah definitely I will fill my vacation with the happiness as you had..
ReplyDeleteമൻസൂർ..എത്താൻ ഏറെ താമസിച്ചുപോയി...വർഷങ്ങൾക്കുമുൻപ് ഇടുക്കിയിലെ ഏലത്തട്ടകളുമായി വയനാടൻ ചുരം പലതവണ കയറിയിട്ടുണ്ട്...പക്ഷേ വയനാടിന്റെ കാഴ്ചകൾ ഇന്നും ഒരു സ്വപ്നമായി മനസ്സിൽ അവശേഷിയ്ക്കുന്നു..പോകണം ഒരിയ്ക്കൽ...വയനാടിന്റെ വന്യതയും, ശാന്തതയും മനസ്സു നിറയെ അനുഭവിയ്ക്കുവാൻ,,,മൻസൂറിന്റെ എഴുത്ത് വീണ്ടും വീണ്ടും ആ അഗ്രഹത്തെ വയനാട്ടിലേയ്ക്ക് പിടിച്ചുവലിയ്ക്കുന്നു..ഈ മാസം നാട്ടിൽ എത്തുന്നുണ്ട്..പറ്റിയാൽ ഒരു വയനാടൻ യാത്ര...സ്വപ്നം സഫലമാകും എന്ന് കരുതുന്നു..
ReplyDeleteപിന്നെ മായാർ...ചിത്രങ്ങളിൽ പോലും കവിത തുളുമ്പുന്ന സ്ഥലം...എന്റെ പ്രിയപ്പെട്ട പുഷ്പമാണ് ഗുൽമോഹർ..എന്നും രാവിലെ ഡൽഹിയിലെ വീട്ടുമുറ്റത്ത് പൂത്തുനിൽക്കുന്ന ഗുൽമോഹർ മരത്തിൽ നോക്കി ഞാൻ നിൽക്കാറുണ്ട്...അപ്പോൾ കാണുന്ന, മനസ്സിനെ സ്പർശിയ്ക്കുന്ന ആ സൗന്ദര്യം, മൻസൂറിന്റെ ഈ അക്ഷരങ്ങളിലൂടെ ഞാൻ വീണ്ടും അനുഭവിയ്ക്കുന്നു...
ഏതെങ്കിലും ഒരു യാമത്തില്‍ ആ പ്രണയ തീരം തേടി ഞാനും വന്നേക്കാം..അല്ല വരും..കാരണം ഇത്ര മനോഹരമായ ഒരു സ്ഥലത്തെ എങ്ങനെയാണ് എനിയ്ക്ക് പെട്ടന്ന് മറക്കുവാൻ സാധിയ്ക്കുക.
നന്ദി പ്രിയ സുഹൃത്തേ ഈ പരിചയപ്പെടുത്തലിന്.... നല്ല ചിത്രങ്ങൾക്കു..കവിത തുളുമ്പുന്ന അക്ഷരങ്ങൾക്ക്...ഏറെ നന്ദി.. സ്നേഹപൂർവ്വം ഷിബു തോവാള.
മായാറിനെപ്പറ്റി ആദ്യമായാണ് കേൾക്കുന്നത്. എഴുത്ത് നന്നായിട്ടുണ്ട്.
ReplyDeleteനല്ല വിവരണം... പക്ഷെ.. ഇത്തിരി ബല്യ വിവരണമായില്ലേന്നൊരു..സംശയം...
ReplyDeleteവയനാട് ഏറെ പരിചയമുള്ള സ്ഥലമാണ്. സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് പലപ്പോഴും വയനാട് സന്ദര്‍ശനം വേണ്ടിവരാറുണ്ട്. അലസമായ ദിനങ്ങളില്‍ എളുപ്പം ചുറ്റിയടിച്ച് തിരിച്ച് എത്താവുന്ന ഇടം എന്ന നിലയിലും സുഹൃത്തുക്കളോടോപ്പം വയനാട്ടിലൂടെ കറങ്ങാറുണ്ട്. ചിരപരിചിതമായ എന്റെ കാഴ്ചകളിലേക്ക് ചെറുവാടിയുടെ മനസ്സ് തുറന്നപ്പോള്‍ കാണുന്നത് മറ്റൊരു ലോകം!!!. തൊട്ടരുകില്‍ ഉണ്ടായിരുന്നിട്ടും നമ്മള്‍ കാണാതെ പോവുന്ന കാഴ്ച്ചകള്‍ കാണിച്ചു തരുന്ന ചെറുവാടി മാജിക് !!!.
ReplyDeleteബ്രഹ്മഗിരി മലനിരകളില്‍ നിന്ന് പക്ഷിപാതാളം കടന്നു,വന്യനിഗൂഡതയിലൂടെ, തിരുനെല്ലിയുടെ പിതൃദര്‍പ്പണങ്ങളുടെ ആത്മനൊമ്പരങ്ങളെ ഏറ്റുവാങ്ങി കാവേരിയില്‍ വിലയം പ്രാപിക്കുന്ന കബനി ഒരു കാലത്തെ ക്ഷുഭിത യൌവനങ്ങളുടെ മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും സാക്ഷിയാണ്. വൈക്തികമായ ആത്മരതിയുടെ നാളുകള്‍ക്കു തീറെഴുതേണ്ട ജീവിതത്തിന്റെ ഒരു ദശാസന്ധിയെ അവര്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ കണ്ണുനീരു തുടക്കുവാനുള്ള കാല്‍പനിക വ്യമോഹങ്ങള്‍ക്കായി ഹോമിച്ചു. ആ യൌവനങ്ങള്‍ പാഴായിപ്പോയി എന്ന് എനിക്ക് അഭിപ്രായമില്ല. അവര്‍ ഉയര്‍ത്തിയ തീവ്ര ഇടതു ആശയങ്ങള്‍ കേരള സമൂഹത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയയിക്കുന്നതില്‍ കാര്യമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട് എന്നാണു എന്റെ അഭിപ്രായം. അന്ന് നടത്തിയ നീക്കങ്ങളെ അപലപിക്കാത്ത, തങ്ങള്‍ ചെയ്ത ശരിയില്‍ അഭിമാനം കൊള്ളുന്ന ചിലരെയെങ്കിലും മാനന്തവാടിയിലും പരിസരത്തും എനിക്കറിയാം. മാത്രമല്ല അവര്‍ നടത്തിയ നീക്കങ്ങള്‍ ആവശ്യമായിരുന്നു എന്നുള്ളത് ആ കാലത്തിന്റെ വയനാടിന്റെ സാമൂഹ്യചിത്രം ഒന്ന് പരിശോധിച്ചാല്‍ മനസ്സിലാവും.
ലേഖനത്തിന്റെ രണ്ടാം ഭാഗത്ത് പറയുന്ന മായാര്‍ പ്രദേശം പുതിയൊരു അറിവാണ്. ഏതോ കാല്‍പ്പനിക പ്രണയകഥയുടെ പാശ്ചാത്തല സൌന്ദര്യം പോലെ തോന്നിക്കുന്നു ആ ഭൂവിഭാഗം. ആ പ്രദേശത്തിലൂടെ ഒന്ന് യാത്ര ചെയ്യുവാന്‍ കൊതിപ്പിക്കുന്നു ഈ ലേഖനം...
ശരിക്കും ചെറുവാടി ടച്ച് എന്താണെന്ന് അറിയിച്ചു തന്ന ലേഖനം...
ഈ യാത്രയും ഉഷാറായി........!
ReplyDeleteവളരെ നല്ല പോസ്റ്റ് അനുഭവമാകുന്ന വശമായ എഴുത്ത് ......ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteചരിത്രവും പ്രണയവും ഇഴപിരിക്കുന്ന പോസ്റ്റ് നന്നായി,കേട്ടോ. വയനാട്ടില്‍ അടുത്ത ബന്ധുവിന് കാപ്പി തോട്ടങ്ങള്‍ ഉണ്ട്...താമസിക്കാന്‍ ബന്ധുക്കളുടെ വീടുകളുണ്ട്. എന്നട്ടും ആകെ ഒരു തവണ മാത്രമേ വയനാട്ടില്‍ പോയിട്ടുള്ളൂ.
മനസ്സിലെ പ്രണയം, പുഴയും,പൂക്കളും കിളികളും ഉണര്‍ത്തുന്നു...ആ ചങ്ങാടം വലിയ ഇഷ്ടായി..!ചങ്ങാടത്തില്‍ ഇരുന്നു, പുഴയിലൂടെ ഒരു നീണ്ട യാത്ര സ്വപ്നങ്ങളില്‍ ഉണ്ട്.
ആര്യണകം സിനിമ കണ്ടിട്ടില്ലേ?ചില നക്സല്‍ ചിന്തകള്‍ മനസ്സില്‍ ഉണര്‍ന്നു.
ഓരോ യാത്രയും ചരിത്രത്തിലേക്ക് തിരിച്ചു പോകാന്‍ സഹായിക്കുന്നു. അനാഥമന്ദിരങ്ങളില്‍ പോകാറുണ്ട്,കേട്ടോ....!ആ കുരുന്നു മുഖങ്ങളില്‍ സന്തോഷം വിരിയുവാന്‍ അവസരം ഉണ്ടാക്കാറുണ്ട്.
ചങ്ങായി, ഇനി യാത്ര തൃശൂര്‍ വഴിയാകട്ടെ..!
സ്വാഗതം!
ഗുല്‍മോഹര്‍ പൂക്കള്‍ പ്രണയത്തിന്റെ പര്യായം തന്നെ ! :)
സസ്നേഹം,
അനു
വയനാടിന്റെ സൌന്ദര്യത്തിലൂടെ ദൃശ്യങ്ങള്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കും വിധം വിശദീകരണങ്ങള്‍ നല്‍കി ഒരു വഴി നടത്തല്‍ . മന്‍സൂറിന്റെ പതിവ് പാടവം ഇവിടെയും കാണുന്നു. അതിയായ സന്തോഷം.
ReplyDeleteഇവിടെ പോയിട്ടില്ല. എടക്കല്‍ ഗുഹ, തിരുനെല്ലി, കുറുവ ദ്വീപ് ഇതൊക്കെ നിരവധി ഇടങ്ങളില്‍ വായിച്ചിട്ടുണ്ട്. പക്ഷെ ഈ മായാറിനെ അറിയുന്നത് ഇത് ആദ്യമായാണ് !!!
നീലഗിരി കുന്നുകള്‍ക്ക് പിറകിലേക്ക് മറയാന്‍ സൂര്യന് തിടുക്കം ഉള്ള പോലെ. ചെഞ്ചായം വീണ് മായാര്‍ പുഴ ചുവന്നു തുടുത്തിരിക്കുന്നു. അതേ വെളിച്ചം ഗുല്‍മോഹര്‍ പൂക്കളില്‍ വിതറുമ്പോള്‍ എന്തൊരു ഭംഗിയാണ്. കുറച്ചൂടെ കഴിഞ്ഞാല്‍ നിലാവ് ഉദിക്കും..
ഇത്തരം വരികള്‍ കൊതിപ്പിക്കാതിരിക്കുന്നതെങ്ങിനെ ??
മനോഹരം ഈ യാത്ര വിവരണം.
(ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്റെ ആകസ്മിക നിര്യാണം നയിച്ചത് ഒരു പാട് തിരക്കുകളിലേക്ക് ആണ്. ബ്ലോഗ്ഗുകളില്‍ എത്തി വായിക്കാന്‍ വളരെ വൈകുന്നു. സദയം ക്ഷമിക്കുമല്ലോ)
വയനാടും കാഴ്ചകളും ഈ ചെറുവാടി പൊസ്റ്റിലൂടെ മുന്നോട്ട് വന്നു. സഞ്ചാരികളെന്ത് കൊണ്‌ട് വയാനാടും നീലഗിരിയും തേടിപ്പോകുന്നുവെന്ന് വ്യക്തം... ഈ വാക്കുകളിലൂടെ വയനാട്ടിലൂടെ ഞാനും സഞ്ചരിച്ചു,,,, എഴുത്ത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട ഒന്ന്.. നന്നായിട്ടുണ്‌ട്.
ReplyDeleteവയനാടും , നീലഗിരിയും , മായാറും മുന്നില്‍
ReplyDeleteകൊണ്ടു വന്നു നിര്‍ത്തി പ്രിയ മന്‍സൂ ..
എഴുത്തിലേ മഞ്ഞിന്‍ കണം പറയാതെ വയ്യ ..
വിവരിക്കുന്ന ഇടം വരെ പൊയ
പ്രതീതി നല്‍കുന്ന സുഖമുള്ള വരികള്‍ സഖേ ..
വളരെ കുറച്ച് മാത്രം കടന്നു പൊയിട്ടുള്ള വയനാട്ടില്‍
ഈയടുത്തൊരിക്കല്‍ ഒരു സുഹൃത്ത് നിര്‍ബന്ധിച്ച്
വിളിച്ചിട്ടും പൊകുവാന്‍ കഴിയാത്തതില്‍ നിരാശയുണ്ട് ..
പക്ഷേ അതിനെല്ലാം പകരം വീട്ടനായി
എനിക്കൊരു മിത്രമുണ്ട് ..യാത്ര കൊതിക്കുന്ന ,
ചരിത്രമറിയാന്‍ വെമ്പുന്ന ഹൃദയമുള്ളൊരു മിത്രം ..
വയനാടിന്റെ കാനന കുളിരും , പുഴയും ,ഗുഹയും
ചരിത്രവും തൊട്ട് തലോടുന്നുണ്ട് ..
വര്‍ഷങ്ങളുടെ പഴക്കമുണ്ടേലും -
ചരിതം ഉറങ്ങാതെ ഇന്നുമുണര്‍ന്നിരിക്കുന്നു
അവശേഷിപ്പുകളില്‍ ! ഒരു ചരിത്ര
വിദ്ധ്യാര്‍ത്ഥിയുടെ കൗതകത്തൊടെ
ഈ മനസ്സ് പാറി നടക്കുന്നുണ്ട് .....
പ്രണയത്തിന്റെ ആര്‍ദ്രഭാവം തൊട്ടുണര്‍ത്തുന്ന
ചിത്രങ്ങള്‍ കണ്ടപ്പൊള്‍ എനിക്കും ഉണ്ടായി
ഒരാഗ്രഹം കേട്ടൊ .. വെറുതെ ഇങ്ങനെ
കൈകള്‍ കോര്‍ത്ത് മഴ പൂക്കുന്ന ആ വഴികളിലൂടെ
ഒന്നുമുരിയാടാതെ കാതങ്ങള്‍ പൊകുവാന്‍
ഇരുവശവും പ്രണയം പൂക്കുന്ന ഗുള്‍മോഹറിന്‍ നടുവിലൂടെ ..
ഒരു പുഴ പൊലെ ഒഴികി ഇറങ്ങുന്ന സുഖമാണ് മന്‍സൂന്റെ
ഒരൊ പോസ്റ്റും , പതിയെ വന്നു തലൊടും , എന്നിട്ട്
മായാതെ കേറി ഇരിക്കും മനസ്സില്‍ ..
കാണാതെ കാണുന്നുണ്ട് ഈ മനസ്സ് സഞ്ചരിച്ച വഴികള്‍ ..
സ്നേഹപൂര്‍വം .. റിനീ
വയനാടിന്റെ വന്യത എന്നും ആകര്‍ഷണീയമായ ഒരു മിത്തായി ഉള്ളിലുണ്ട് , വായനയിലൂടെ ഒരു യാത്ര കഴിഞ്ഞ പ്രതീതി ..സന്തോഷം മന്‍സൂര്‍
ReplyDeleteസുപ്രഭാതം...
ReplyDeleteകണ്ടതും കേട്ടതുമായ വയനാടിന്‍ ആരും കാണാത്തതും കേള്‍ക്കാത്തതുമായ സൌന്ദര്യം സമ്മാനിച്ച ചെറുവാടിയ്ക്ക് സന്തോഷം അറിയിയ്ക്കട്ടെ..
നിലവാരം പുലര്‍ത്തിയ എഴുത്ത്..
കണ്ട കാഴ്ച്ചകള്‍ നിറം മങ്ങും മുന്നെ തൂലികയില്‍ എത്തിയ്ക്കുമ്പോള്‍ കിട്ടുന്ന ആനന്ദം ആവോളം അനുഭവിയ്ക്കുന്നു എന്നും വിശ്വസിയ്ക്കുന്നു...എഴുത്തില്‍ അത് ദൃശ്യമാണ്‍...
ആശംസകള്‍ ട്ടൊ..!
മന്‍സൂര്‍,
ReplyDeleteപോസ്റ്റ് രണ്ടു ദിവസം മുന്‍പേ വായിച്ചിരുന്നു. പക്ഷെ അപ്പോള്‍ അഭിപ്രായം അറിയിക്കാന്‍ പറ്റിയില്ല.
ഈ വയനാടിന്‍റെ ഭംഗി കണ്ടപ്പോള്‍ ശരിക്കും ഒരു യാത്ര പോകാന്‍ തോന്നിപ്പിക്കുന്നു അങ്ങോട്ടേയ്ക്ക്. പുഴയും, കുന്നും, അതിനെ തഴുകി വരുന്ന കാറ്റും, പിന്നെ ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന ഗുഹകളും, ക്ഷേത്രങ്ങളും..അസൂയ തോന്നുന്നുണ്ട് കേട്ടോ ഒരു പൊടിക്ക്.. :-) ..ഇത്തരം യാത്രകള്‍ ചെയ്യാന്‍ സമയം കണ്ടെത്തണം എനിക്കും. എന്നാലും ഇതുപോലെ വിവരിച്ചു എഴുതാന്‍ പറ്റിയെന്നു വരില്ല. ഈ യാത്രാനുഭവവും ഹൃദ്യമായി എഴുതി മന്‍സൂര്‍..ആശംസകള്‍.
മനു,,
വയനാട് യാത്ര ഒരാഗ്രഹമായി ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നു , ഇത് വായിച്ചപ്പോള്‍ ആ ആഗ്രഹത്തിന് തീവ്രത കൂടുന്നു , വിശദമായി തന്നെ വിവരണം തന്നു ആ പ്രണയം തുളുമ്പുന്ന ഗുല്‍മോഹറിനെ കുറിച്ച് മാത്രം ഒരു പോസ്റ്റ് ഇടാമായിരുന്നു ..... അവസാന ഭാഗം നന്നായി ഇഷ്ടമായി കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteനാട്ടീ പോയാ കുടുമ്മത്തിരുന്നൂടെ മനുഷ്യാ...നിങ്ങള്‍ക്ക്
ReplyDeleteവെറുതെ മറ്റുള്ളവരെ കൂടി മോഹിപ്പിക്കാന്‍ ഓരോ ഫോട്ടവും
അതിനു കുറെ വിവരണങ്ങളുമായി ഇറങ്ങിക്കോളും...
(ചുമ്മാതാ ചെറുവാടീ,നിന്റെയീ എഴുത്ത് കണ്ടിട്ട് ഒരിത്തിരി
അസൂയ,ഒരിത്തിരി കുശുമ്പ് അത്രേയുള്ളൂ...)
പോസ്റ്റ് പതിവു പോലെ സൂപ്പര്‍...
എടക്കല്‍ കോട്ടയെ പറ്റിയും, മായാര്‍ പ്രണയ തീരത്തെ പറ്റിയും വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു...
പ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteശരിക്കും ആസ്വദിച്ചു പോസ്റ്റ്. ഒരു സുന്ദരമായ യാത്ര അനുഭൂതി. അവിടത്തെ കാറ്റും കുളിരും ചരിത്രമുറങ്ങുന്ന ഗാംഭീര്യവും വാക്കുകളിലൂടെ നേരെ ഹൃദയത്തിലേക്ക്. ഗുല്‍മോഹറിന്റെ ഫോട്ടോ സൂപ്പര്‍!!!!! ഞാനും ഒരു വന സ്നേഹിയാണ്. എവിടെ പോയാലും കാട്ടിലും മലയിലും പോകാനാണ് താല്പര്യം. അത് കൊണ്ട് തന്നെ വയനാട് എന്നും ആകര്‍ഷിച്ചിട്ടുണ്ട്. കാട്ടാനകള്‍ വിഹരിക്കുന്ന അഗസ്ത്യാര്കൂടത്ത്തില്‍ രണ്ടു തവണ കയറിയിട്ടുണ്ടെങ്കിലും നേരിട്ട് കാണാന്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ ഉണ്ടായിട്ടില്ല. കാട്ടു കൊമ്പന്റെ ഫോട്ടോ എടുത്തതിനു അഭിനന്ദനങ്ങള്‍. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് വിനോദ യാത്രകള്‍ വന്നിട്ടുണ്ടെങ്കിലും ഇഷ്ടം പോലെ കറങ്ങാന്‍ സമയം കിട്ടിയില്ല. അടുത്ത് തന്നെ ഒരു വയനാടന്‍ യാത്ര തരപ്പെടുത്തണം. പോസ്റ്റിനു വളരെ നന്ദി.
സ്നേഹപൂര്‍വ്വം
അപ്പു
യാത്രകള്‍ എഴുത്തിനുള്ള തീര്ന്നുപോവാത്ത അക്ഷയഖനിയാണ്.
ReplyDeleteചെറുവാടിയുടെ യാത്രകള്‍ ചരിത്രത്തിലേക്ക് നീളുമ്പോള്‍ വായനക്കാരന്‍ ധന്യനാവുന്നു.
കാവ്യാതമാകമായ വിവരണം വായനക്കാരനെ മതി മയക്കുന്നുണ്ട്.
നീലഗിരിയുടെ താഴ്വാരങ്ങളിൽ കൂടി ഒരു പ്രണയിനിയുമായി
ReplyDeleteപ്രണയസല്ലാപം നടത്തി ,പഴയ വിപ്ലവ ഗാനങ്ങൾ ആലപിച്ച്
വീണ്ടും ഒരു പ്രണയവിപ്ലവം ഉണ്ടാക്കിയാലോ എന്നൊരു പ്രേരണ
ഇത് വായിച്ചപ്പോൾ ഉണ്ടാകുന്നു....
അത്രക്കെല്ലെ വായനക്കാരെ ചെറുവാടി
ഇതിൽ കൂടി വശീകരിച്ചുവെച്ചിരിക്കുന്നത് ..അല്ലേ
ഞാനെത്താന്‍ വൈകി അല്ലേ, ഗവീ പോണൂന്ന് പറഞ്ഞിട്ട് വയനാട്ടില്‍ പോയൊ..
ReplyDeleteപതിവ് പോലെ വിവരണം നല്ലത്.
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍
ReplyDeleteഒരു വയനാടന്‍ യാത്ര കൂടി കഴിഞ്ഞ പ്രതീതി.
നന്ദി സുഹൃത്തേ....
നാട്ടില്‍ ആയിരുന്നത് കാരണം പോസ്റ്റ് വായിക്കുവാന്‍ വൈകി. നന്നായിട്ടുണ്ട് മന്‍സൂര്‍ ഈ യാത്രാ വിവരണം .മായാര്‍ ചിത്രങ്ങള്‍ വളരെ മനോഹരം.
ReplyDeleteഅവധിക്കും നാട് ചുറ്റല്‍ തന്നെ ല്ലേ........:-)
മുല്ല പറഞ്ഞപോലെ ഗവിക്കും പോകുന്നുണ്ടോ?
പ്രണയവും ,വിപ്ലവവും ഒരു പോസ്റ്റില്‍ വേണ്ടായിരുന്നു എന്ന് എനിക്കും തോന്നി കേട്ടോ....
പുതിയ കാഴ്ചകളുമായി വീണ്ടും വരുമല്ലോ
ആശംസകള്‍
മനോഹരം ഈ യാത്ര.. ചിത്രങ്ങൾ കൂടി ആയപ്പോൾ നന്നായി ആസ്വദിച്ചു.. ആശംസകൾ..!!
ReplyDeleteയാത്രാവിവരണം നന്നായി.യാത്രാവിവരണമായി വാരികകളില്‍ കിടിലന്‍ ഫോട്ടോയുടെ അകമ്പടിയോടെ വന്നിരുന്നെങ്കില്‍ വായിക്കാന്‍ ഒന്നു കൂടി രസം കിട്ടും.ആശംസകള്‍
ReplyDeleteനല്ല രസമായിരുന്നു വായിക്കാന്‍ നന്ദി
ReplyDeleteയാത്ര വിവരണം നന്നായി ...ഇഷ്ടായി ട്ടോ !
ReplyDeleteഎടക്കല്‍ ഗുഹയില്‍ ഞാനും കയറിയിട്ടുണ്ട് ചെറുവാടി ...!!
>>>തുടരുന്ന യാത്രകളുടെ ഏതെങ്കിലും ഒരു യാമത്തില്‍ ഈ പ്രണയ തീരം തേടി ഞങ്ങള്‍ വീണ്ടും വന്നേക്കാം<<<
തണല്‍ വിരിച്ച ഗുല്‍മോഹര്‍ മരങ്ങളെ തേടി മിക്കവാറും വായിക്കുന്ന എല്ലാരും പോകുമെന്നാണ് തോന്നണെ ...:)
ഞാനും കണ്ടിട്ടുണ്ട് വയനാട്.
ReplyDeleteപക്ഷെ ഞാന്‍ കണ്ടതിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് ഈ കാഴ്ചകള്‍ ആണ്.
ഈ വാക്കുകളില്‍ നിറച്ച ഈ കാഴ്ചകള്‍.
ഗുല്‍മോഹര്‍ മരങ്ങള്‍ എന്‍റെ വീട്ടിലേക്കുള്ള തിരിവില്‍ രണ്ടെണ്ണം ഉണ്ട്.
ഈ തവണ അത് പൂത്തിരിക്കുന്നത് പറഞ്ഞു ഫലിപ്പിക്കാനാവില്ല അത്രയ്ക്കും ഉണ്ട്.
ആ പുഴയുടെ പേരെനിക്കിഷ്ടമായി.
ഞാന്‍ കേട്ടിട്ടില്ല.
(അതെങ്ങനെയാ ജീ കെ എന്നാ സാധനമേ എന്‍റെ കയ്യിലും,തലയിലും ഇല്ല.
പഠിക്കണ്ട പ്രായത്തില്‍ പ്രേമിച്ചു നടന്നാ ഇങ്ങനെ ഇരിക്കും.
ഈ മായാര്‍ എന്ന പേര് കേട്ടിട്ടില്ല എന്ന് പറഞ്ഞപ്പോ അമ്മയുടെ കമന്റ് ആണ് ഇത്.)
വയനാട്ടിലോന്നു പോയി വന്ന പ്രതീതി .
ReplyDeleteഫോട്ടോ എല്ലാം മനോഹരം
ലീവിന് വയനാട് ഒരു കറക്കം പ്ലാന്‍ ചെയ്യുന്നു ഈ പോസ്റ്റ് കണ്ടതിനു ശേഷം
ആശംസകള്‍ ഇക്കോ .
എനിക്ക് വളരെ അടുത്ത സ്ഥലമായിട്ടുപോലും വിശദമായ് കറക്കം ഇന്നുവരെ സാധ്യമായിട്ടില്ല. ഇഷ്ടമായി........സസ്നേഹം
ReplyDeleteവയനാടിന്റെ വിശാലതയില്‍ കണ്ടതും കാണാത്തതുമായ ഒട്ടേറെ സ്ഥലങ്ങളെ ചിത്രങ്ങള്‍ സഹിതം വീണ്ടും വിവരിച്ചു കണ്ടപ്പോള്‍ ഒരിക്കല്‍ കൂടി ആ ഹരിത ഭൂമിയിലൂടെ ഇത് പോലെ ഒന്ന് യാത്ര ചെയ്യാന്‍ തോന്നിപ്പോവുന്നു ...... നല്ല വിവരണം ഇക്കാ ആശംസകള്‍
ReplyDeleteവീണ്ടും നല്ലൊരു സഞ്ചാരവും എഴുത്തും ലഭിച്ചു. സന്തോഷം, ചെറുവാടി.
ReplyDeleteവയനാടും , നീലഗിരിയും , മായാറും കണ്‍മുന്നില്‍ കണ്ട വിസ്മയ കൊണ്ടു വന്നു നിര്‍ത്തിയ വിസ്മയ പ്രപഞ്ചത്തില്‍ എത്താന്‍ ഞാന്‍ വൈകി പോയി ല്ലേ...
ReplyDeleteവായന നല്ലൊരു യാത്രാനുഭവം നല്‍കിയ പോലെ...
ആശംസകള്‍...
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.
ReplyDeleteവര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും മായാറിലെത്തി....
ReplyDeletehttp://abidiba.blogspot.in/2017/05/blog-post_11.html