Friday, October 19, 2012

പൊടി തട്ടിയെടുത്ത ചിലത് (എഴുത്തും എഴുത്തുകാരും )


ആദ്യം വായിച്ചത് "എന്റെ കഥ" യാവും. പിന്നെ നീര്‍മാതളം പൂത്തക്കാലം .അതും കഴിഞ്ഞ് "നഷ്ടപ്പെട്ട നീലാംബരി". അവസാനത്തില്‍ "ജാനുവമ്മ പറഞ്ഞ കഥ"യും വണ്ടിക്കാളകളും. വായനയുടെ ആഘോഷം എന്ന് പറയേണ്ടി വരുമ്പോള്‍ മാധവിക്കുട്ടി എന്ന എഴുത്തുക്കാരി പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തിന് താഴെ ഇപ്പോഴും ഇരിക്കുന്ന പോലെ . പുസ്തകത്തിന്റെ തലക്കെട്ട്‌ തന്നെ നമ്മെ വായനയിലേക്ക് ക്ഷണിക്കുന്ന ഒരു പ്രത്യേകത മാധവിക്കുട്ടിയുടെത് മാത്രമാണോ ? "നഷ്ടപ്പെട്ട നീലാംബരി" വീണ്ടും വീണ്ടും ഒരു ചെറുകഥ പോലെ ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന പേര്. കുറെ നാളിന് ശേഷം വണ്ടിക്കാളകളുമായി മാതൃഭൂമിയില്‍ വന്നപ്പോള്‍ നല്ല സന്തോഷം തോന്നി. പക്ഷെ തെറിവിളികള്‍ സഹിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു പെട്ടന്നു നിര്‍ത്തി ആ കഥാകാരി പേന അടച്ചപ്പോള്‍ ആരാണ് വിജയിച്ചത്..? ഇന്ന് വര്‍ഷത്തില്‍ നീര്‍മാതളം പൂക്കുമ്പോള്‍ പത്രങ്ങളില്‍ വീണ്ടും അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിറയും. പക്ഷെ നീര്‍മാതളത്തിന്റെ മണമടിക്കുമ്പോള്‍ പട്ടിന്റെ ഉലച്ചിലുമായി നാലപ്പാട് തറവാടിന്റെ ജനാലകള്‍ക്കരികിലേക്ക് ഓടിയെത്തുന്ന ആമിയോപ്പുവിന്റെ മുഖമാണ് നമ്മുടെ മനസ്സില്‍ തെളിയുന്നത് എങ്കില്‍ നീര്‍മാതളം പൂത്തക്കാലം എന്ന കൃതിയും അതിന്റെ ആവിഷ്ക്കാരവും ഉണ്ടാക്കിയ സ്വാധീനം ആണത്.


ചുണ്ടില്‍ തിരുകിയ ബീഡിയും മുണ്ടും അധികം സംസാരിക്കാത്ത പ്രകൃതവും ഉള്ള കൂടല്ലൂര്‍ക്കാരന്‍ ഇന്ന് മലയാള സാഹിത്യത്തിന്റെ കാരണവര്‍ അല്ലെ.ഇതേ രൂപത്തില്‍ തന്നെയാണ് എം ടിയെ ആദ്യമായി കാണുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് . ദൂരെ നിന്ന് ഒരത്ഭുതത്തോടെ നോക്കി നിന്നു . ഇരുട്ടിന്റെ ആത്മാവും നാലുക്കെട്ടും മഞ്ഞും എല്ലാം എഴുതി വിസ്മയിപ്പിച്ച ഈ സാഹിത്യ കുലപതിയുടെ "വാരാണസി " എന്ന നോവല്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ രണ്ടു അദ്ധ്യായത്തിനപ്പുറം വായന തുടരാന്‍ പറ്റാത്തത് തീര്‍ച്ചയായും എന്റെ ആസ്വാദനത്തിന്റെ പരിമിതികൊണ്ട് തന്നെയാവണം. ഇതിനപ്പുറം എം ടി യെ കുറിച്ചെഴുതാന്‍ ഞാനാര്..!


കോഴിക്കോട് പട്ടാളപ്പള്ളിയില്‍ നിന്നും അസര്‍ നിസ്കരിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ എതിരെ പള്ളിയിലേക്ക് കയറുന്ന കുറിയ മനുഷ്യന് കൈകൊടുത്ത് ഉപ്പ എന്നെ പരിചയപ്പെടുത്തി . ചെറിയ കുട്ടിയായ എന്റെ കൈ പിടിച്ച് വിശേഷങ്ങള്‍ ചോദിച്ച അദ്ദേഹം പിന്നെ എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരനായി . തൃക്കോട്ടൂര്‍ പെരുമയും ഒരു പടകാളി പെണ്ണിന്റെ ചരിതവും പന്താലയനിയിലേക്ക് ഒരു യാത്രയും തുടങ്ങി പുതിയൊരു ശൈലിയില്‍ വായനയുടെ വസന്തം തീര്‍ത്തു. പക്ഷെ അദ്ധേഹത്തെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം കടന്നു വരുന്ന രണ്ട് മുഖങ്ങളുണ്ട് . മാറാവ്യാധി ബാധിച്ച് ബര്‍മ്മയില്‍ നിന്നും മടങ്ങുമ്പോള്‍ പലരും പറഞ്ഞിട്ടും ആ കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കാതെ നാട്ടില്‍ കൊണ്ടുവന്ന സ്നേഹനിധിയായ ഉപ്പ. ഒരു കല്യാണത്തിന് കുട്ടികള്‍ മുഴുവന്‍ ബസ്സില്‍ കയറിയപ്പോള്‍ അമ്മമാര്‍ ഇല്ലാത്ത കുട്ടികളെയൊക്കെ ബസ്സില്‍ നിന്നും പിടിച്ചിറക്കി . വഴിയരികില്‍ നിന്ന് ഉമ്മയെ ഓര്‍ത്തു കരഞ്ഞ ഒരു കൊച്ചു കുട്ടി. ആ കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞ ഒരിക്കലും കാണാത്ത ഉമ്മയും ആ നഷ്ടത്തിന്റെ വേദനയും . യു എ ഖാദര്‍ എന്ന അനുഗ്രഹീത എഴുത്തുക്കാരനെ ഓര്‍ക്കുമ്പോള്‍ ഈ ഉമ്മയും ഉപ്പയും എന്റെ മനസ്സില്‍ വരാന്‍ കാരണം ഈ അനുഭവം അദ്ദേഹം എഴുതിയത് വായിച്ചപ്പോള്‍ ആ പുറങ്ങളില്‍ വീണ എന്റെ കണ്ണുനീരിന്റെ ഓര്‍മ്മ കൂടിയാണ് . പക്ഷെ ഒരിക്കല്‍ കൂടി അദ്ദേഹത്തെ കാണുമ്പോള്‍ ഞാന്‍ ചോദിക്കാന്‍ കരുതിവെച്ച ഒന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയ ഒരു ഭ്രാന്തന്‍ മൊല്ലാക്കയുടെ കഥ. ഭ്രാന്തിന്റെ മൂര്‍ദ്ധന്യത്തില്‍ പുഴക്കരയില്‍ വെച്ച് മൊല്ലാക്ക ചൊല്ലുന്ന വരികള്‍ ഉണ്ട്.
"ബാളോക്ക് ബപ്പന്‍ ബെയ്
ബാലിക്ക് പപ്പാന്‍ ബെയ്
ഖസോക് മൂപ്പര് ബെയ് "

മോല്ലാക്കയുടെ വായിലേക്ക് വെറുതെ തിരുകിയ വാക്കുകള്‍ ആയി തോന്നിയില്ല എനിക്കിത്. ഏതോ ഒരു ഫോള്‍ക്ക് പാട്ടിന്റെ വരികള്‍ പോലെ. അല്ലെങ്കില്‍ മറ്റെന്തോ ഒന്ന്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ വരികളും ചോദ്യവും എന്റെ പിറകെയുണ്ട്.


ടീവി സ്ക്രീനുകളില്‍ ക്രിക്കറ്റിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കുന്ന എഴുത്തുക്കാരന്‍ . "ക്രിക്കറ്റ്" എന്ന നോവല്‍ ആയിരിക്കാം ചാനലുകളില്‍ ഈ മുഖം തെളിയാന്‍ കാരണം. പക്ഷെ കെ . എല്‍ .മോഹനവര്‍മ്മയെന്ന ഈ ക്രിക്കറ്റ് പ്രേമിയുടെ ഒരേയൊരു നോവലെ ഞാന്‍ വായിച്ചിട്ടുള്ളൂ. "ഓഹരി " . പക്ഷെ അതുമതി ഈ പേര് ഓര്‍ക്കാന്‍ . മിനിയും നേഹയും മാത്യൂസും സക്കറിയാ അങ്കിളും ധന്വന്തരി ഹെര്‍ബല്‍ പ്രൊഡക്ട്റ്റ്സ് ലിമിറ്റഡും ഇന്നും എന്റെ പ്രിയപ്പെട്ടവര്‍ തന്നെ. ഷെയര്‍ മാര്‍ക്കറ്റിലെ കുതിപ്പും കിതപ്പും കളികളും പരിചയപെടുത്തി അത്യുജ്ജ്വലമായ ഒരു വായനാനുഭവം ആയിരുന്നു മാതൃഭൂമി ആഴ്ചപതിപ്പിന്റെ താളുകളെ സജീവമാക്കിയിരുന്ന ഈ നോവല്‍ . ഒരിക്കല്‍ കൂടി "ഓഹരി" പുനര്‍വായനക്ക് എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


അഞ്ച് ബി യുടെ മൂലയില്‍ ഒരു മേശക്കു പിറകില്‍ ഇരിക്കുന്ന കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ . പിറകിലെ ജനലില്‍ കൂടി നോക്കിയാല്‍ സ്കൂളിനു പിറകിലെ നിറയെ കായ്ക്കുന്ന പഞ്ചാരമാവ്‌ കാണാം. പിന്നെ വയലും. മാഷിനായിരുന്നു സ്കൂള്‍ ലൈബ്രറിയുടെ ചാര്‍ജ്ജ്. ആദ്യമായി ഒരു ബുക്ക് മേടിക്കാന്‍ ചെന്നപ്പോള്‍ പരുക്കന്‍ ശബ്ധത്തില്‍ എന്തെ എന്നൊരു ചോദ്യം. ബുക്ക് വേണം എന്ന് പറഞ്ഞപ്പോള്‍ ഒന്നമര്‍ത്തി മൂളി അലമാര തുറന്നു കട്ടിയുള്ളൊരു ബുക്ക് എടുത്തു കയ്യില്‍ തന്നു. ഞാന്‍ പേര് വായിച്ചു . "പാവങ്ങള്‍ " വിക്ടര്‍ ഹ്യൂഗോ. പരിഭാഷ നാലപ്പാട് നാരായണമേനോന്‍ . ബുക്കിന്റെ കട്ടി കണ്ട് എനിക്ക് സങ്കടം ആയി. പരിതാപത്തോടെ നോക്കിയപ്പോള്‍ മാഷ്‌ പറഞ്ഞു."കൊണ്ടുപ്പോയി വായിക്കു. വെറുതെയാവില്ല. ഇന്നലെ മാതൃഭൂമി ബുക്സിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ കണ്ടു ലെസ് മിസറബിള്‍സിന് നൂറ്റമ്പത് വയസ്സ് എന്ന്. എന്റെ വായനക്കും പ്രായം ഒത്തിരി ആയി. വായനാ അഭിരുചികളും മറ്റും മാറി. ചെറുവാടി യൂ പി സ്കൂളിന്റെ ലൈബ്രറിയില്‍ നിന്നും മാഷ്‌ ബുക്ക് എടുത്തു തന്നതും ഒറ്റയിരുപ്പിനു അത് വായിച്ചു തീര്‍ത്തതും ഓര്‍മ്മയുണ്ട്. ഇപ്പോള്‍ വീണ്ടും അത് വായനക്കെടുക്കാന്‍ തോന്നുന്നതിന്റെ കാരണം രണ്ടാണ്. ഒന്ന്‍ മാറിയ കാലത്ത് അത് ഞാനെങ്ങിനെ വായിക്കുന്നു എന്ന്. രണ്ടു അകാലത്തില്‍ പൊലിഞ്ഞു പോയ എന്റെ കുഞ്ഞഹമ്മദ് കുട്ടിമാസ്റ്ററുടെ ഓര്‍മ്മയും ആ പഴയ അഞ്ച് ബിയും അതിന്റെ മൂലയിലെ അലമാരയും പിന്നെ ജനലിലൂടെ കാണുന്ന മാവും വയലും വീണ്ടും എന്റെ ഓര്‍മ്മകളില്‍ നിറയില്ലേ ..!


ബഹ്റൈനിലെ സല്‍മാനിയ പള്ളിയില്‍ നിന്നും ജുമാ നിസ്കരിച്ചു കഴിഞ്ഞപ്പോള്‍ മുന്നിലൂടെ നടന്നു പോയ ആളെ ഞാന്‍ സൂക്ഷിച്ചു നോക്കി. കറുത്ത് തടിച്ച ഈ മനുഷ്യനെ എവിടെയാണ് കണ്ടുമറന്നത്‌ ...? പെട്ടന്നു ഉണ്ടായ ബോധോദയം പോലെ എണീറ്റ്‌ പിറകെ ഓടി. മരുഭൂമികള്‍ക്കുള്ളില്‍ ഓടി നടന്ന് ഒരു മസറയില്‍ നിന്നും ആ മുഖത്തെ തിരഞ്ഞു പിടിച്ചു. നടന്നു നീങ്ങുന്ന ആ മുഖം നജീബിന്റെതായിരുന്നു . ബെന്യാമിന്റെ ആട് ജീവിതത്തിലെ നായകന്‍ . എനിക്കൊന്നു ചെന്ന് കൈ പിടിക്കണം എന്നുണ്ടായിരുന്നു. ബെന്യാമിന് കഥ പറയാനും ലോകത്തിനു അത്ഭുതമായി ഒരു വായനക്കും കാരണമായി നിന്നതിനല്ല . പകരം കുറെ അനുഭവങ്ങളും കഷ്ടപ്പാടും സഹിച്ച് കുടുംബത്തിലേക്ക് തിരിച്ച് വന്ന സഹനത്തിനും പോരാട്ടത്തിനും ധീരതക്കും . പക്ഷെ ആടുജീവിതം എന്ന സുന്ദരമായ രചന വായിച്ചു മടക്കി വെക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് നജീബ് അല്ല. മരുഭൂമിയുടെ നടുവില്‍ വെള്ളം കിട്ടാതെ വിഭ്രാന്തിയുടെ അങ്ങേയറ്റം വരെ എത്തി മണല്‍ വാരി തിന്ന് അവസാനം ഒരു മരുക്കാറ്റില്‍ അണഞ്ഞുപോയ ഹക്കീം എന്ന ചെറുപ്പക്കാരനാണ് . നജീബിനെക്കാളും എന്റെ കണ്ണ് നനയിച്ചത് അവന്റെ അവസാനം ആണ്. അവനെ എല്പ്പിച്ചുപ്പോയ ആ ഉമ്മയുടെ ആധിയും കണ്ണീരുമാണ്. പ്രിയപ്പെട്ട ബെന്യാമിന്‍ ," താങ്കളുടെ മഞ്ഞവെയില്‍ മരണങ്ങളുടെ " പ്രകാശന വേളയില്‍ ബഹ്റൈനിലെ ഓഡിറ്റോറിയത്തില്‍ വെച്ച് ആട്ജീവിതം എഴുതിയ കൈകള്‍ പിടിച്ചു കുലുക്കിയ നിമിഷം സന്തോഷതിന്റെതായിരുന്നു . കൂടെ എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരനും സുഹൃത്തും ആയ മുസഫര്‍ അഹമ്മദിനെ ആദ്യമായി കണ്ടതും അതെ വേദിയില്‍ ആയിരുന്നു എന്നത് മറ്റൊരു സന്തോഷം. കൂടെ സന്തോഷ്‌ എച്ചിക്കാനവും .


"ചെറുവാടിക്ക് ഒരു ചായ " അകത്തേക്ക് നീട്ടി ഒരു വിളി . വിശ്വവിഖ്യാതമായ സുലൈമാനി കിട്ടാത്തതില്‍ ഞാന്‍ ഖിന്നനായി. " പേപ്പറും പേനയും എടുത്ത് കുറിക്കാന്‍ തയ്യാറായി .
" നില്‍ക്ക് . ഞാന്‍ പറയുന്നതൊന്നും എഴുതാനുള്ളതല്ല . അതിനുള്ളത് ഞാന്‍ പറയുമ്പോള്‍ എഴുതിയാല്‍ മതി " സുല്‍ത്താന്‍ ആജ്ഞാപ്പിച്ചു "

ഇത് എനിക്കോര്‍മ്മയില്ല . "മുസ്ലീം പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍ " എന്ന കൃതിക് വേണ്ടി വൈക്കം മുഹമ്മദ്‌ ബഷീറിനെ ഉപ്പ അഭിമുഖം ചെയ്തപ്പോള്‍ ഉള്ള സംഭാഷണം ആണ് ഇത്. ആ പുസ്തകത്തിലെ വരികള്‍ ഓര്‍മ്മിച്ചു ഞാന്‍ ഇവിടെ എഴുതി. പക്ഷെ മാങ്കോസ്റ്റിന്‍ ചുവട്ടിലെ സിംഹാസനത്തില്‍ ഇരുന്ന് അക്ഷരങ്ങളുടെ സുല്‍ത്താന്‍ ഉപ്പയോട്‌ സംസാരിക്കുമ്പോള്‍ ഇതാര് എന്ത് എന്നൊന്നും അറിയാതെ ഞാനുമുണ്ടായിരുന്നു കൂടെ. പിന്നെയും കാലങ്ങള്‍ കഴിഞ്ഞു . ബാല്യകാല സഖിയും മതിലുകളും പ്രേമലേഖനവും തുടങ്ങി ഓരോന്നോരോന്നും മത്സരിച്ചു വായിക്കുമ്പോള്‍ എന്റെ മനസ്സ് വയലാലിലെ വളപ്പിലൂടെ മാങ്കോസ്റ്റിന്‍ ചുവട്ടിലെത്തും കുപ്പായമിടാതെ ഇരുന്നിരുന്ന ആ സുല്‍ത്താന്റെ ഓര്‍മ്മകളില്‍ മതി മറക്കും. അന്ന് ആരെന്നറിയാത്ത ആ മുഖം പില്‍ക്കാലത്ത്‌ വായനയെ വസന്തമാക്കിയപ്പോള്‍ ഞാന്‍ അല്പം അഹങ്കരിക്കും. ആ സുല്‍ത്താന്റെ ദര്‍ബാറില്‍ ഞാനും ചെന്നിട്ടുണ്ടല്ലോ . അക്ഷരങ്ങളുടെ സുകൃതം പെയ്യിച്ച കൈകള്‍ കൊണ്ട് എന്നെയും തോട്ടിട്ടുണ്ടല്ലോ എന്ന്.


ഒരു വിവാദം എത്തിച്ചതാണ് മറ്റൊരു സുന്ദരമായ കൃതിയിലേക്ക് . അവതാരിക എഴുതിയ ആള് തന്നെ മോഷണം എന്ന് പറഞ്ഞു അതിനെ തള്ളിപ്പറയുക . വി, രാജകൃഷ്ണന്‍ പിന്നെയത് മാറ്റിയോ എന്നൊരു സംശയം ഉണ്ട്. പക്ഷെ ആ വിവാദം ആണ് " പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീര്‍ത്തനം പോലെ " യിലേക്ക് എത്തിച്ചത്.. പലയാവര്‍ത്തി വായിച്ച നോവലുകളില്‍ ഏറ്റവും പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നതും ഇത് തന്നെ. മലയാള നോവലിലെ ഒരു ഏകാന്ത വിസ്മയം എന്ന് മലയാറ്റൂർ രാമകൃഷ്ണൻ വിശേഷിപ്പിച്ച ഈ കൃതി ഓരോ മലയാളിയുടെയും വായനയെ ഉത്സവമാക്കിയ ഒന്നാണ് എന്നതില്‍ രണ്ടഭിപ്രായം കാണില്ല . ദസ്തയേവ്‌സ്കിയുടേയും അന്നയുടെയും കഥ. പലപ്പോഴും വൃഥാ സ്വപ്നം കാണാറുണ്ട്‌ മോസ്കോ തെരുവുകളില്‍ കൂടി എന്നെങ്കിലും ഒരു യാത്ര . ദസ്തയേവ്‌സ്കിയേയും അന്നയെയും തേടി അദ്ദേഹം ചൂതുകളിച്ച സ്ഥലങ്ങള്‍ തേടി , അവരുടെ പ്രണയം വിരിഞ്ഞ റഷ്യയിലെ വസന്തം തേടി. ഓരോ തവണ വായിക്കുമ്പോഴും സൌന്ദര്യം കൂടിവരുന്ന രചന.

ഓരോ കഥകള്‍ അല്ലെങ്കില്‍ നോവലുകള്‍ വായിച്ചു കഴിയുമ്പോഴും കഥാകാരന്‍ ബാക്കി വെക്കുന്ന കുറെ ചോധ്യങ്ങളുണ്ട്. കിട്ടുന്ന കുറെ ഉത്തരങ്ങളുണ്ട്. കാലങ്ങളോളം നമ്മെ പിന്തുടരുന്ന കഥാ മുഹൂര്‍ത്തങ്ങളുണ്ട്‌ . കഥാ പാത്രങ്ങളുണ്ട്‌.. .., മറ്റുചിലപ്പോള്‍ നമ്മള്‍ തന്നെ അതിലൊരു കഥാപാത്രമാവും.പറഞ്ഞത് നമ്മുടെ കഥയെന്നു തോന്നും. നോവായും നൊമ്പരമായും സുഹൃത്തായും സ്വാധീനമായും മാറുന്ന കഥകളും കഥാപാത്രങ്ങളും. പരിമിതമായ എന്റെ വായനാ ആസ്വാദന ലോകത്ത് പുതിയ കഥകള്‍ ഇപ്പോള്‍ കടന്നു വരാറില്ല. പക്ഷെ സമയത്തെ ഞാന്‍ പഴിക്കുന്നില്ല.

(ഒരു ഭാഗം കൂടി വരും )

59 comments:

  1. നീര്‍മാതളം പൂത്ത നാട്ടില്‍ നിന്ന് വരുന്നവനെ ആദ്യമേ പ്രിയ എഴുത്തുകാരിയുടെ ഓര്‍മ്മകളിലേക്ക് മാടി വിളിച്ചതിനു നന്ദി.
    മഞ്ഞിലൂടെയും രണ്ടാമൂഴത്തിലൂടെയും എംടി യെ ഞാനോര്‍ക്കും.
    മെപ്പീം തീനി എന്ന് കളിയാക്കി വിളിക്കപ്പെട്ട ബാല്യത്തെ ഓര്‍മിച്ചു യു എ ഖാദര്‍ അടുത്തെഴുതിയ ലേഖനം വായിച്ചിരുന്നു
    വിക്റ്റര്‍ ഹ്യുഗോ ആണ് ലെ മിസെറബിള്‍ എഴുതിയതെങ്കിലും അതിനെ പാവങ്ങള്‍ ആക്കിയത് വീണ്ടും എന്റെ നാട്ടുകാരന്‍ :) എഴുത്തുകാരിലൂടെ ഉള്ള സഞ്ചാരം നന്നായി .

    ReplyDelete
  2. ഏറെ പരിചിതമായ എഴുത്തുകാരിലൂടെ, പലവട്ടം വായിച്ച കൃതികളിലൂടെയുള്ള ഈ വായന ഒട്ടും അലോസരമുണ്ടാക്കാത്തെ ആര്‍ത്തിയോടെ തന്നെ അവസാനിച്ചു. ചെറുവാടിയുടെ ഓര്‍മ്മകളോളം സമ്പുഷ്ടമല്ലായിരുന്നെങ്കിലും ഈ വായന ഒരുപാട് ഓര്‍മ്മകളിലേക്ക് എന്നേയും തിരികെ നടത്തി. ആടുജീവിതം മാത്രമാണ് സമീപഭാവിയില്‍ വായിച്ചവയില്‍ വരുന്നുള്ളൂ..

    ReplyDelete
  3. നമ്മെ അത്ഭുതപ്പെടുത്തുന്ന, ആരാധനതോന്നുന്ന എഴുത്തുകാരുണ്ട്. എഴുത്തിലൂടെ അവർ പ്രകടിപ്പിക്കുന്ന ഇന്ദ്രജാലം കണ്ട് എഴുത്തിനും കൃതികൾക്കും അപ്പുറം എഴുത്തുകാരനെത്തന്നെ നാം ആരാധിക്കാൻ തുടങ്ങുന്നു. അകലെയിരുന്ന് അവർ പ്രസംഗിക്കുന്നതും, റെയിൽവേസ്റ്റേഷനിൽ ട്രയിൻ കാത്തു നിൽക്കുന്നതും മറ്റും ആരാധനയോടെ നാം നോക്കി നിൽക്കുന്നു......

    ചെറുവാടിയുടെ മനസ്സിനെ സ്വാധീനിച്ച ഗുരുതല്യർക്കുള്ള നല്ലൊരു ദക്ഷിണയായി ഈ ചെറിയ കുറിപ്പ് ഞാൻ വായിക്കുന്നു.....

    ReplyDelete
  4. ഓര്‍മ്മകളോക്കെ ചികഞ്ഞെടുക്കുമ്പോള്‍ എത്രയോ എഴുത്തുകാരും എഴുത്തുകളും നമ്മളെ കീഴ്പ്പെടുത്തി സന്തോഷിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരിക്കുന്നു.
    ധാരാളം എഴുത്തുകാരില്‍ കുറച്ചുപേരെ കുറിച്ചുള്ള ചിന്തകള്‍ ചെറുവാടി പങ്കുവെച്ചപ്പോള്‍ എനിക്കും തോന്നിപ്പോയി ഞാനും അത്തരം വായനയിലേക്ക് ഇപ്പോള്‍ എത്തിപ്പെടുന്നില്ലേ എന്ന്.

    ReplyDelete
  5. Replies
    1. അതാണോ പോസ്റ്റ്‌ വായിച്ചിട്ട് തോന്നിയത് ? ശോ..ഞാനെന്താ എഴുതിയത് എന്ന് ഒന്നൂടെ വായിച്ചു നോക്കട്ടെ .

      Delete
    2. അത് പണ്ടേ തോന്നിയതാ ,,ഇത് വായിച്ചപ്പോള്‍ ഉറപ്പായി

      Delete
    3. പുലി എന്നൊക്കെ കേട്ടാല്‍ കാര്യമായാലും തമാശ ആയാലും എനിക്ക് irritating ആണ് .

      Delete
    4. പോസ്റ്റ്‌ വളരെ നന്നായി .ഇത്തരം അനുഭവങ്ങള്‍ ഇനിയും പങ്കു വെക്കണം .അറിവുള്ള ആള്‍ക്കരോടൊപ്പം കുറച്ചു നേരം ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ അതുമൊരു ഭാഗ്യം .വായനനുഭവങ്ങളും ഗുരുതുല്യരായ എഴുത്തുകാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും അനുവാചകര്‍ക്കായി പങ്കു വെക്കുക ഇനിയുമിനിയും .കൂടുതല്‍ കൂടുതല്‍ എഴുതാന്‍ ,വായിക്കാന്‍ അറിയാന്‍ മറ്റുള്ളവര്‍ക്ക് അതൊക്കെയും പ്രേരണ ആകട്ടെ ..

      Delete
    5. മസ്നൂ ഭായ്,നമ്മടെ റാംജി സാറിന്റെ പുലിയാവാതിരുന്നാല്‍ മതി മേരിപ്പുലി!! അങ്ങനെയുള്ള പുലിയാ കൂടുതലും...അങ്ങനെ ആവാതിരിക്കട്ടേ...നല്ല അനുഭവം!!നല്ല വായന!!

      Delete
  6. വ്യത്യസ്ത രചനകളുടെ വായനാവേളകളിൽ കഥാപാത്രങ്ങളുമായി സാന്മീകരിച്ച് സ്വത്വം മറന്ന് പല ലോകങ്ങളിൽ, കാലങ്ങളിൽ ജീവിക്കുന്ന വായനാനുഭവം സമ്മാനിക്കാനുള്ള ശേഷിയാണ് രചയിതാക്കളുടെ മഹത്വമളക്കാനുള്ള മാനദണ്ഡം എന്ന് സാമാന്യമായി പറയാമെന്ന് തോന്നുന്നു. ആ ഗണത്തിൽ പെട്ട ഏതാനും പ്രതിഭകളെ സംബന്ധിച്ച് ആത്മനിഷ്ഠമായി ചെറുവാടി പരാമർശിക്കുമ്പോൾ അതെനിക്ക് സമാകർഷകമായി അനുഭവപ്പെടുന്നത് ആ സാന്മീകരണം തുല്യ അളവിൽ അവരൊക്കെ എന്നെയും അനുഭവിപ്പിച്ചിട്ടുള്ളത്കൊണ്ട്കൂടിയാവണം. മിതവാക്കുകളിൽ ഔചിത്യപൂർവ്വം കുറിക്കപ്പെട്ട വരികൾക്ക് ചെറുവാടിക്ക് നന്ദി അറിയിക്കുന്നു.

    ReplyDelete
  7. പുലി എന്നൊക്കെ കേട്ടാല്‍ കാര്യമായാലും തമാശ ആയാലും എനിക്ക് irritating ആണ് .

    .........ന്നാപ്പിന്നെ സിംഹംന്നായാലോ?

    മേലെഴുതിയ എല്ലാ എഴുത്തുകാരുടെയും മൂന്നോ നാലോ പുസ്തകങ്ങള്‍ വച്ച് വായിച്ചിട്ടുണ്ടാവും. വിക്ടര്‍ യൂഗോ യുടെ ഒരു പുസ്തകം മാത്രം. പാവങ്ങള്‍(വിവര്‍ത്തനം) എന്നാല്‍ ആ ഒരെണ്ണം എത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും നിറം മങ്ങാതെ ഇന്നും മനോമുകുരത്തില്‍ പ്രകാശിക്കുന്നു. സാമ്യമകന്നൊരു ക്ലാസിക്. എക്കാലത്തെയും.

    ReplyDelete
  8. ചെറുവാടി ,ചെരുവാടിയുടെ ഇഷ്ട്ട വായനക്കാരുടെ കൂട്ടത്തില്‍ ഉള്ളതൊക്കെ എന്റെയും ഇഷ്ട എഴുത്തുകാര്‍ തന്നെയാണ് .,കൂട്ടത്തില്‍ മനസ്സു വേദനിച്ചത് യു എ സാറിനെ കുറിച്ചുള്ള ഓര്‍മ്മകളും നജീബിനെ കണ്ടതും ,,ബോര്‍ അടിച്ചു തുടങ്ങി സിസ്റ്റം ഓഫ്‌ ചെയ്യാന്‍ ഇരുന്നപ്പോഴാണ് ഈ പോസ്റ്റ്‌ കണ്ടത് ,,നല്ല വായന തന്നതിന് നന്ദി.

    ReplyDelete
  9. നാട്ടിലെ വായനശാലയിലിരുന്നു വായിച്ചു മനസ്സില്‍ കൊണ്ട് നടന്നിരുന്ന അനുഭവങ്ങളെ വീണ്ടും തൊട്ടുണര്‍ത്തിയ മനോഹരമായ പോസ്റ്റ്...നല്ല ഭാവുകങ്ങള്‍ ചെറുവാടീ,,,,,,,,,,,,

    ReplyDelete
  10. ബെന്യമിനെപ്പ റ്റിയും പ്രവാസി എഴുത്തു കാരെപ്പറ്റിയും

    ഉള്ള അമേരിക്കന്‍ കഥാകാരി നിര്‍മല തോമസിന്റെ ഒരു

    ഒരു പ്രസംഗം ഇപ്പോള്‍ ബിലാത്തി മലയാളിയുടെ ഒരു

    സഹോദര പ്രസിദ്ധീകരണത്തില്‍ കണ്ടതേയുള്ളൂ..

    ഈ കുറിപ്പുകള്‍ക്ക് നന്ദി മാഷെ ..

    ReplyDelete
  11. മലയാള സാഹിത്യ ഗുരു സമരണകള്‍ വളരെ നന്നായി..

    ReplyDelete
  12. പറഞ്ഞ എല്ലാ പുസ്തകങ്ങളും, എഴുത്തുകാരും എനിക്കും പ്രിയപ്പെട്ടവയാണു. ഇവരിൽ പലരെയും പരിചയപ്പെടാനായ താങ്കൾ ഒരു ഭാഗ്യവാൻ തന്നെ.ചെറുപ്പത്തിൽ ആരോടും മിണ്ടാതെ നടന്ന ഒരു പുസ്തകപുഴുവായിരുന്ന ഞാൻ ദിവസവും ഓരോ പുസ്തകങ്ങൾ വായിച്ചിരുന്നു. ബാലപ്രസിദ്ധീകരണങ്ങളും ,മനോരമ പോലുള്ള ആഴ്ചപതിപ്പുകളും തിന്നുന്ന കൂട്ടത്തിൽ അടുത്തുള്ള ടാഗോർ വായനശാലയിലെ പുസ്തകങ്ങൾ മുഴുവൻ ഞാൻ തിന്ന് തീർത്തിട്ടുണ്ട്.പക്ഷേ കോളേജിനു ശേഷം വായന കുറഞ്ഞു , പകരം ആളുകളോട് സംസാരം കൂടി. പറഞ്ഞതിൽ ബെന്യാമിനെ മാത്രം വായിച്ചത് അടുത്ത കാലത്താണു. മുകളിൽ പറഞ്ഞവരോടൊപ്പം എനിക്ക് പ്രിയപ്പെട്ട ചിലരെ കൂടി ഓർക്കട്ടെ!! മലയാറ്റൂർ, രാധാക്യഷ്ണൻ, വികെഎൻ,തകഴി.......

    ReplyDelete
  13. അനുസ്മരണം നന്നായി, പാരമ്പര്യമുള്ള എഴുത്തുകാരൻ..

    അടുത്ത ഭാഗം പോരട്ടെ..

    ReplyDelete
  14. " you are not saying that the moon is shining..
    but showing us the glint of light on broken glass.."
    This art of explaining the complications of other human souls with simplicity is something great..
    good effort dear..congrats...!

    ReplyDelete
  15. വന്ദേ: സാഹിത്യ ശ്രേഷ്ടരം...........

    ReplyDelete
  16. വായിച്ചു തീരുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ മായാതെകിടക്കും ചിലമുഹൂര്‍ത്തങ്ങള്‍ .
    ചിലപ്പോള്‍ ചില വരികള്‍ പോലും മനസ്സില്‍ കൊണ്ടുനടക്കും.എഴുത്തുകാരന്റെയും വായനക്കാരന്റെയും മനോവ്യാപാരങ്ങളുടെ സമാനതയായിരിക്കാം അതിന്റെ കാരണം.ഈ അനുസ്മരണം നന്നായി.

    ReplyDelete
  17. ishtapusthakangaleyum kadhakaranmareyum ezhuthan poyal athinu avasanam undakilla.

    wishes...
    mihanavarmmayum madhavikutim chernnezhuthiya oru bookund. Amavasi. vayichillel you must read that too. pinne varanasi enikkishtanu.

    ReplyDelete
  18. വിശാലമായ വായനയുടെ ലോകത്ത് നിന്നും മനസ്സിനെ ഏറെ സ്പര്‍ശിച്ച ഏതാനും എഴുത്തുകളേയും എഴുത്തുകാരെയും ചെറുവാടി ഓര്‍മ്മിചെടുക്കുമ്പോള്‍ ഒരിക്കല്‍ കൂടി വായിച്ച പുസ്തകങ്ങളിലൂടെ ഒക്കെ സഞ്ചരിക്കാന്‍ അവസരമായി. നല്ല ഭാഷയില്‍ എഴുതിയ ഒരു നല്ല ലേഖനം

    ReplyDelete
  19. ഇരുട്ടിന്റെ ആത്മാവും നാലുക്കെട്ടും മഞ്ഞും എല്ലാം എഴുതി വിസ്മയിപ്പിച്ച ഈ സാഹിത്യ കുലപതിയുടെ "വാരാണസി " എന്ന നോവല്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ രണ്ടു അദ്ധ്യായത്തിനപ്പുറം വായന തുടരാന്‍ പറ്റാത്തത് തീര്‍ച്ചയായും എന്റെ ആസ്വാദനത്തിന്റെ പരിമിതികൊണ്ട് തന്നെയാവണം. ഇതിനപ്പുറം എം ടി യെ കുറിച്ചെഴുതാന്‍ ഞാനാര്..

    മൻസൂറിക്കാ ഞാൻ വായിച്ചു,ഇക്കയുടെ ആ കഥാഓർമ്മകളും കഥാകാരന്മാരുടെ ഓർമ്മകളും. എനിക്കിത് വായിച്ച് ഉന്മാദപ്പെടാനായി ഒന്നുമില്ല, കാരണം ഞാനൊരു പുസ്തക വായനക്കാരനല്ല. പക്ഷെ ഇതിൽ പറഞ്ഞ കഥാകാരന്മാരേയും പുസ്തകങ്ങളേയും പറ്റി ഞാനും കേട്ടിട്ടുണ്ട്. ഒന്ന് രണ്ടെണ്ണം വായിച്ചിട്ടുമുണ്ട്. എനിക്കീ കഥകൾ വായിക്കുന്നതിനേക്കാൾ മനസ്സിനിഷ്ടം അതിന്റെ വായനാനുഭവം,അല്ലെങ്കിൽ ആ അനുഭൂതി മറ്റൊരാൾ വിവരിക്കുന്നത് വായിക്കാനും കാണാനുമാണ്. അതുകൊണ്ട് എനിക്കീ കുറിപ്പ് വളരെ ഇഷ്ടമായി. വായിക്കാത്തവയും വായിക്കാൻ തോന്നുന്നു, ആശംസകൾ.

    ReplyDelete
  20. നല്ലൊരു പോസ്റ്റ്. താങ്കളെപ്പോലെ എനിക്കും അടുജീവിതത്തിലെ മണല്‍ തിന്നു ശര്‍ദിച്ചു മരിച്ച ഹക്കീമിനെ മറക്കാന്‍ കഴിയുന്നില്ല. ഭാഗ്യവാനാണ് താങ്കള്‍. ഇവരെയൊക്കെ പരിചയപ്പെടാനായല്ലോ.ഞാന്‍രണ്ടു പേരെ പരിചയപ്പെട്ടിട്ടുണ്ട്. നോവലിസ്റ്റ് സേതു വിനെയും ഷിഹാബുദീനെയും.അത് എന്റെ അഹങ്കാരമായി ഇപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുന്നു.

    പോസ്റ്റിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete
  21. രാവിലെ തന്നെ നല്ലൊരു വായന സമ്മാനിച്ചതിനു മന്‍സൂറിന് നന്ദി .നല്ല സന്തോഷം തോന്നണൂ ഈ കുറിപ്പ് വായിച്ചപ്പോള്‍ . :) അത്ഭുതത്തോടെ പറയട്ടെ ഇന്നലെ നഷ്ടപ്പെട്ട നീലാംബരി ഒന്നുകൂടി വായിച്ചതേ ഉള്ളൂ . :)
    ഇതില്‍ മാധവകുട്ടി , ബഷീര്‍ , ഇവരെ രണ്ടു പേരെയും മാത്രേ സമ്പൂര്‍ണ കൃതികള്‍ ഞാന്‍ വായിച്ചിടുള്ളൂ. കെ.ല്‍. മോഹനവര്‍മ്മയുമൊത്തു "അമാവാസി " എന്നൊരു കൃതി മാധവിക്കുട്ടി എഴുതിയിടുണ്ട് . അത് മാത്രേ അദ്ധേഹത്തിന്റെതായി വായിച്ചിടുള്ളൂ . എം.ടി . വായനതുടങ്ങിയ കാലത്തേ പ്രിയപ്പെട്ട എഴുതുക്കാരന്‍ ആണ്. ആദ്യമായി വായിച്ച നോവല്‍ എന്‍റെ ഓര്‍മ്മയില്‍ എം.ടിയുടെ "നാലുക്കെട്ട്" ആയിരുന്നു . ഒരിക്കലും എനിക്ക് പിടിതരാതെ ആശയങ്ങള്‍ വഴുക്കി മാറിയത് "രണ്ടാമൂഴം " വായിച്ചപ്പോളും. നാലോ അഞ്ചോ തവണ വായിച്ചിട്ടും പൂര്‍ണമായി അതുള്‍കൊണ്ടുവായിക്കാന്‍ കഴിഞ്ഞില്ല .യു. എ .ഖാദറിന്റെതായി ഒരു അഭിമുഖം മാത്രേ വായിച്ചിടുള്ളൂ .
    ഒരു സങ്കീര്‍ത്തനംപോലെ ഈയടുത്തിടെ വാങ്ങി പക്ഷെ വായിച്ചിട്ടില്ല .പാവങ്ങള്‍ കുഞ്ഞുനാളില്‍ വായിച്ചതാണ് . നാലഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ആടുജീവിതം വായിക്കുന്നത് . ഇത്രയേറെ മനസ്സിനെ നൊമ്പരപ്പെടുത്തിയ അപൂര്‍വം കൃതികളെ എന്‍റെ വായനയില്‍ ഉണ്ടായിടുള്ളൂ . നജീമിനെയും ഹക്കീമിനെയും ഓര്‍ത്തു എത്രയോ ദിവസങ്ങള്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇഷ്ടമുള്ളതില്‍ ഒന്നായി എപ്പോളും ആടുജീവിതം മനസ്സിലുണ്ടാകും. ഒരിക്കല്‍ക്കൂടി നന്ദി ചെറുവാടി . കൂടുതല്‍ ഇതുപോലുള്ള അറിവുകള്‍ ഇനിയും പങ്കുവെക്കുക . അറിയാത്ത ചിലരെയെങ്കിലും നമ്മുടെ വായനയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സഹായിക്കും ഇത്തരം കുറിപ്പുകള്‍ . നിറഞ്ഞ സ്നേഹത്തോടെ ആമീ ...

    ReplyDelete
  22. നല്ല രചന. പുസ്തകങ്ങളും കഥാകാരമ്മാരും എനിക്കും പ്രീയങ്കരരാണ്.

    ReplyDelete
  23. വായിച്ചതും വായിക്കാന്‍ സാധിക്കാതെ പോയതുമായ കൃതികള്‍. എങ്കിലും ലളിതമായ രീതിയില്‍ പ്രിയപ്പെട്ട എഴുത്തുകാരെയും അവരുടെ രചനകളെയും ഇവിടെ അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു.
    ആശംസകള്‍......

    ReplyDelete
  24. ഒരു ഗുരുവിനെപ്പോലെ നമ്മെ സ്വാധീനിച്ച പുസ്തകമുണ്ടാകാം. പിതാവിനെപ്പോലെ കൈപ്പിടിച്ച് നടത്തിയ, കൂട്ടുകാരനെപ്പോലെ വച്ചികാനിച്ചു തന്നവയുണ്ടാകാം. നോക്കട്ടെ ബാക്കി ഭാഗം കൂടി, എന്നിട്ട് മുഴുവന്‍ പറയാം.

    ReplyDelete
  25. നല്ല വിവരണം, കുറെ നല്ല എഴുത്തുകാർ അവരുടെ എശുത്തുകളിലൂടെ നാം അവരുടെ സ്വന്തക്കാരും ബന്ധുക്കാരുമെല്ലാം ആകുന്നു, അവരിൽ പലരും നമ്മുടെ വീട്ടികാരാവുന്നു, ഈ എഴുത്തും വായനയും എല്ലാം എന്തൊക്കെയാണ് നൽക്കുനത് അല്ലേ

    ReplyDelete
  26. വായനക്ക് പ്രചോദനമാകുന്നു ഈ പോസ്റ്റ്... നന്ദി ഈ പങ്കുവെക്കലിന്... അടുത്തം ഭാഗം പോന്നോട്ടേ... :)

    ReplyDelete
  27. മാധവി കുട്ടിയുടെ നീലാംബരി എന്ന കഥ ഞാന്‍ വായിച്ചിട്ടില്ല ബാക്കി ചെറുവാടി വായിച്ച ബുക്കുകള്‍ എല്ലാം വായിച്ചിട്ടുണ്ട് അതില്‍ ജാനുവമ്മ പറഞ്ഞ കഥയാണ് എന്നെ നല്ലോണം ആകര്‍ഷിച്ചത് ഒരു നിഷ്കളങ്ക ഗ്രാമീണ മുഖമാണ് അതില്‍ ജാനു അമ്മക്ക് മാധവി കുട്ടി നല്‍കിയത് അതാവാം അതിനോട് ആഘര്‍ഷണം തോന്നിയത് പിന്നെ നീര്‍ മാതളം പൂത്തക്കാലവും ഏറെ ഇഷ്ടമായി എങ്കിലും അതിന്റെ തുടക്കത്തില്‍ അവരുടെ അടിവേരുകളെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ വായനയുടെ സുഖം ഇല്ലാതാക്കിയിരുന്നു
    പിന്നെ വണ്ടിക്കാളകളും എന്‍റെ ഏകദേശം അവരുടെ ഒരു തുറന്നു പറച്ചിലുകള്‍ പോലെ ആണ് അനുഭവപെട്ടത് ഒരു മികച്ച ഒന്ന് എന്നൊന്നും വിലയിരുത്താന്‍ മാത്രം വലിയ വായന ഒന്നും ആ പുസ്തകങ്ങള്‍ നല്‍കിയില്ല എന്നതാണ് എന്‍റെ അനുഭവം

    എംടിയുടെ രാണ്ടാമൂഴം ആണ് വായിച്ച ഏക പുസ്തകം തീര്‍ച്ചയായും പുരാണ പ്സ്ചാതലത്തിലൂടെ വളരെ വെത്യസ്തവും ഗഹനവുമായ ഒരു വായന എം ടി സമ്മാനിക്കുന്നുണ്ട് അതില്‍ ഇപ്പോള്‍ അദ്ദേഹവും എന്‍ പി മുഹമ്മദും ചേര്‍ന്ന് എഴുതിയ അറബി പൊന്നാണ്‌ വായിക്കുന്നത് അതിലെ കൊയയും കോഴിക്കോട് ന്റെ തനത് രീതികളും ഒക്കെ വളരെ അധികം നമ്മെ സ്വാധീനിക്കുന്ന ഒന്നാണ് വാഴിച്ചു തീര്‍ന്നിട്ടില്ല വായിച്ചു കഴിഞ്ഞു ബാക്കി പറയാം
    പിന്നെ ഉ എ ഖാദര്‍ കെ എല്‍ മോഹന വര്‍മ ഈ രണ്ടു പേരിലേക്കും ഞാന്‍ എത്തിയിട്ടില്ല അത് കൊണ്ട് ഒന്നും പറയാന്‍ ഇല്ല
    ഇനി ബന്യാമിന്‍ നാജീബ് പറഞ്ഞ ആടുജീവതവും ക്രിസ്റ്റി അന്ത്ര പ്പേര്‍ പറഞ്ഞ ഡീഗോ ഗാര്‍ഷ്യയുടെ ചരിത്രവും ജീവിതവും പറഞ്ഞ മഞ്ഞ വെയില്‍ മരണങ്ങളും വായിച്ചിട്ടുണ്ട് ഇതില്‍ രണ്ടിലും എനിക്ക് ബന്യാമിനെ ഒരു കേട്ടെഴുത്ത് ക്കാരന്‍ ആയിട്ടാണ് കാണാന്‍ കഴിഞ്ഞത്
    പിന്നെ വൈക്കം മുഹമ്മദ്‌ ബഷീര്‍ അദ്ദേഹത്തിന്റെ സമ്പൂര്ണ കൃതികളും വായിച്ചിട്ടുണ്ട് വായനയുടെ വെത്യസ്ത അര്‍ത്ഥ തലങ്ങള്‍ വേറിട്ട ശൈലിയില്‍ പറഞ്ഞ മലയാളത്തിന്റെ എക്കാലത്തെയും മികച്ച എഴുത്തുക്കാരന്‍ എന്ന് നിശംസയം പറയാന്‍ പറ്റും അഞ്ചു വയസ്സുക്കാരന്‍ വായിക്കുമ്പോള്‍ അവനെ ഒരു തലത്തിലും അന്‍പത വയസ്സുകാരന്‍ വായിക്കുമ്പോള്‍ അവനെ അവനെ മറ്റൊരു തലത്തിലും ഇരുത്തി ചിന്തി പിക്കുന്ന ആസ്വദിപ്പിക്കുന്ന വായനാനുഭവം ആണ് ആ മാന്ത്രിക വിരലുകള്‍ നമുക്ക് സമ്മാനിച്ചത്
    ഇനി ഒരു സന്കീര്തനങ്ങള്‍ ഒരു പാട് ചര്‍ച്ചകളില്‍ ഒരായിരം തവണ കേട്ട പേരാണ് സങ്കീര്‍ത്തനങ്ങള്‍ അത് കൊണ്ട് തന്നെ മുന്‍ വിധിയോടു കൂടിയാണ് ആ പുസ്തകം വായനക്ക് എടുത്തത് കൊട്ടി ഘോഷിക്കുന്ന ഒന്നും തന്നെ അതില്‍ ഒറ്റ വായനയില്‍ ഇല്ലെങ്കിലും രണ്ടാമത്തെ വായന അത് മികച്ച ഒരു കൃതി തന്നെ ആയിരുന്നു എന്ന് നിശംസയം പറയാം
    ചെരുവാടീ നല്ല വിലയിരുത്തലുകള്‍ ഇതിലൂടെ നടത്തിയിരിക്കുന്നു ആശംസകള്‍

    ReplyDelete
  28. ഈ പറഞ്ഞതിലെല്ലാമോന്നും ഞാന്‍ വായിച്ചിട്ടില്ല .. കൂടുതല്‍ വായിച്ചത് സുല്‍ത്താനെയും എം ടി യെയും തന്നെ..... വായിക്കാതെ പോയത് വായിക്കാനൊരു പ്രേരണയായി ഈ എഴുത്ത് നന്ദി...ആശംസ ,... :)

    ReplyDelete
  29. നന്ദി ഈ പങ്കുവെക്കലിന്...

    ReplyDelete
  30. വ്യത്യസ്തമായ അവതരണം. മുഷിപ്പിക്കാതെ എഴുത്തുകാരെ ലളിതമായി ഓര്‍മ്മപെടുതിയത്തിനു നന്ദി. ആശംസകള്‍

    ReplyDelete
  31. മന്‍സൂര്‍, ഒരുനാള്‍ ഇതെല്ലാം ഞാന്‍ വായിക്കും. പരിചയപ്പെടുത്തല്‍ നന്നായി!

    ReplyDelete
  32. വൈക്കം ബഷീർ സുൽത്താനെ നേരിൽ കണ്ടിട്ടുണ്ടല്ലെ.. ഭാഗ്യവാൻ...!

    ReplyDelete
  33. mansoor vayanayude ormathalukalilekk orikkalkkudi pinnadathiyathine nanni.beppursulthane kananmohichupoyathum massilullathu vilichuparayumennuparanju pedichumadagiyathum eppol orkkumbolvishamamthonnum addehathe kanda nigal bhagyavan.

    ReplyDelete
  34. പ്രിയ മന്‍സൂര്‍ ... എന്താ പറയുക? വെറുതെ കണ്ണടച്ചിരുന്നു മനസ്സില്‍ പതിഞ്ഞുകിടക്കുന്ന വായ്നാമുഹൂര്‍ത്തങ്ങളിലെക്ക് ഒരു മടക്കയാത്രക്ക് ഈ നല്ല കുറിപ്പ് സഹായിച്ചു. നന്ദി.

    ReplyDelete
  35. മന്‍സൂര്‍ ഈ പുസ്തകങ്ങളും,ഈ എഴുത്തുകാരും എനിക്കും ഏറെ പ്രിയപ്പെട്ടവര്‍ തന്നെയാണല്ലോ എന്നോര്തുപോയി. ഓഹരിയും പാവങ്ങളും ഈയിടെ വീണ്ടും വായിക്കാനിടയായി.
    രണ്ടാം ഭാഗം എഴുതുമ്പോള്‍ പുസ്തകങ്ങളില്‍ 'അമ്മ'യും, എഴുത്തുകാരില്‍ സി.രാധാകൃഷ്ണനും കൂടി ഉണ്ടാകണം എന്നാഗ്രഹിക്കുന്നു.

    ReplyDelete
  36. കഴിഞ്ഞ ഒക്റ്റോബറിൽ ടീ.വീ കെട്ടിപ്പൂട്ടിയതിന് ശേഷം പഴയ വായന തിരിച്ചു കിട്ടി. നീർമാതളവും ഒരു സങ്കീർത്തനം പോലെയുമൊക്കെ പുനർവായന നടത്തി. സുൽത്താൻ ക്ലാസിക്കുകളും.

    വരട്ടെ രണ്ടാം ഭാഗം.

    ReplyDelete
  37. നല്ലഭാഷയിൽ മനോഹരമായ ഒരുലേഖനം. പാരമ്പര്യം എഴുത്തിലൂടെ പകർന്ന് കിട്ടിയ ഭാഗ്യവാൻ.. ഓർമ്മകൾ പങ്കുവെച്ചതിന്‌ നന്ദി. മനസ്സ്‌ നിറയുന പോസ്റ്റ്‌...

    ReplyDelete
  38. ഇവരെയെല്ലാം ഒട്ടേറെ വായിച്ചിട്ടുണ്ടെങ്കിലും നേരില്‍ കാണാനോ സംസാരിക്കാനോ ഭാഗ്യം ലഭിച്ചിട്ടില്ല. ഇവിടെ പരാമര്‍ശിച്ച കൃതികളില്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനം പോലെ തന്നെ. മറ്റൊന്ന് ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളും മാധവികുട്ടിയുടെ നീര്‍മാതളം പൂത്തപ്പോളും മോഹനവര്‍മ്മയുടെ ഓഹരിയും (ഇവിടെ സൂചിപ്പിച്ചവയില്‍).. മറ്റുള്ളവയെല്ലാം ഇഷ്ടപെട്ട രചനകള്‍ തന്നെയെങ്കില്‍ പോലും ഇവ നല്‍കിയ സ്വാധീനത്തിന് മുന്‍പില്‍ അവയ്ക്ക് പ്രസക്തിയില്ല. എം.ടിയെന്ന എഴുത്തുകാരന്‍ എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും ഗുരുതുല്യനാണ്. വാരണാസിയേക്കാള്‍ എം.ടിയെ കുറിച്ച് പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നു വരുന്നത് രണ്ടാമൂഴവും കാലവും ആണ്. കഥകളിലാണെങ്കില്‍ നിന്റെ ഓര്‍മ്മക്കും.. ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ സങ്കീര്‍ത്തനം പോലെയ്ക്ക് ശേഷം അതുപോലെ ഒറ്റ സ്ട്രെച്ചില്‍ ഞാന്‍ വായിച്ച് തീര്‍ത്തത് മഞ്ഞവെയില്‍ മരണങ്ങള്‍ മാത്രം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  39. വശ്യമായ എഴുത്തിലൂടെ നല്ല എഴുത്തുകളെ ആവിഷ്കരിച്ചു . ഇഷ്ടപെട്ട ഈ പങ്കുവെക്കലിലും ഉണ്ട് മനോഹരമായ ആവിഷ്കാരം ഇനിയും എഴുതു മന്സൂര്‍ക്കാ എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  40. ഇവരെല്ലാം എന്റെയും ആരാധ്യരായ എഴുത്തുക്കാര്‍ ....

    ഒരാളെ പോലും നേരില്‍ കണ്ടിട്ടില്ലെങ്കിലും ഇവരുടെയൊക്കെ മാസ്മരികമായ എഴുത്ത് പല കൃതികളിലൂടെ വായിച്ചിട്ടുണ്ട്. പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ ആറു മാസം മുന്‍പാണ് വായിച്ചത് എന്ന് പറഞ്ഞാല്‍ ചെറുവാടി ചിരിക്കരുത്. മുംബയ്‌ ജീവിതം എന്നും എന്റെ വായനക്ക് ഒരു വിലങ്ങു തടിയായിരുന്നു.

    പ്രിയപ്പെട്ട എഴുത്തുകാരെ ഒരിക്കല്‍ കൂടി ചെറുവാടി സ്മരിച്ചപ്പോള്‍ അതൊരു വേറിട്ട അനുഭവമായി ..

    ആശംസകള്‍

    ReplyDelete
  41. പ്രിയപ്പെട്ട കൂട്ടുകാരാ... അക്ഷരങ്ങളിലൂടെ ലോകത്തിലൂടെ അലഞ്ഞുനടന്നിരുന്ന പഴയ കാലങ്ങളിൽ വായിച്ചറിഞ്ഞതും, പറഞ്ഞുകേട്ടതുമായ ഒരു പാട് എഴുത്തുകാർ... ചിലരൊക്കെ ഇന്നും അവരുടെ കഥാപാത്രങ്ങളിലൂടെ മനസ്സിൽ മായാതെ നിൽക്കുന്നു... അവരെയൊക്കെ കാണുവാനും, അവരുടെ കഥാപാത്രങ്ങളെ മനസ്സിലേറ്റുവാനും കഴിഞ്ഞ പ്രിയ സുഹൃത്തിന്റെ ഈ പരിചയപ്പെടുത്തലുകൾ മനസ്സിലേയ്ക്ക് ഹൃദയപൂർവ്വം സ്വീകരിയ്ക്കുന്നു... കാരണം ജീവിതത്തിരക്കുകളിൽപെട്ട്, വായനയുടെ ലോകം മനസ്സിൽനിന്നും മാഞ്ഞുപോയിട്ട് വർഷങ്ങൾ ഏറെയായിരിയ്ക്കുന്നു.. ഒരു തിരിച്ചുപോക്കിന് ഈ കുറിപ്പുകൾ പ്രേരിപ്പിയ്ക്കുന്നുണ്ട്.. പുതിയ ബുക്കുകൾ വാങ്ങണം... വായന തുടരണം... തുടക്കങ്ങൾ ഈ പരിചയപ്പെടുത്തലിൽനിന്നാകട്ടെ...ഇനിയും വരിക ഇത്തരം നല്ല അനുസ്മരണക്കുറിപ്പുകളുമായി... ഒരു പാട് ആശംസകൾ നേരുന്നു..
    ഏറെ സ്നേഹത്തോടെ ഷിബു തോവാള.

    ReplyDelete
  42. സ്മരണകള്‍....... ... നന്നായിരിക്കുന്നു.....

    ReplyDelete
  43. മന്‍സൂര്‍, നാല്ലൊരു പോസ്റ്റ്. ഇഷ്ടപ്പെട്ട എഴുത്തുക്കാരും അവര്‍ മനസ്സില്‍ വരച്ചിട്ട കുറെ നല്ല കഥാപാത്രങ്ങളും... ഇവിടെ വന്നു ഇത് വായിച്ചപ്പോള്‍ ഒന്നൂടെ തെളിഞ്ഞു. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

    ReplyDelete
  44. വായന ഒരു കൊതിപ്പിക്കുന്ന അനുഭവമാണെന്ന് വീണ്ടുമോർമ്മിപ്പിച്ചു..നന്ദി..

    ReplyDelete
  45. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് ഒരു മലയാളിയായി ജനിച്ചതില്‍ അഹങ്കാരം തോന്നിപ്പോയി. എത്രയെത്ര മഹാരഥന്മാരുടെ കാല്‍ പതിഞ്ഞതാണീ മലയാള സാഹിത്യതീരം. എത്ര ധന്യരാണ് നമ്മള്‍

    ReplyDelete
  46. Awesome Cheruvadi!! Awaited the second part. Go on....

    ReplyDelete
  47. വളരെ ഇഷ്ടപ്പെട്ട ഒരു അവലോകനം. സുല്‍ത്താന്റെ വീട്ടില്‍ ഞാന്‍ കഴിഞ്ഞ അവധിക്കു പോയിരുന്നു. അനീസ്‌ ബഷീര്‍ ഞങ്ങള്‍ക്ക്‌ ബഷീറിന്റെ ഓര്‍മ്മകള്‍ നിറച്ചു വെച്ച റൂം തുറന്നു തന്നു. മന്‍സൂറിന്റെ ഈ നല്ല പോസ്റ്റ്‌ വായിച്ചപ്പോള്‍ അതെല്ലാം വീണ്ടും ഓര്‍ത്തു പോയി.

    ReplyDelete
  48. വായനാലോകം ബ്ലോഗ്ഗേർസിലേക്ക് എത്തിച്ചതിനു നന്ദി.നല്ല രീതിയിൽ നിഷ്കളങ്കമായ രൂപത്തിൽ അവതരിപ്പിച്ചത് കൊണ്ട് ഇഷ്ടത്തോടെ വായിച്ചു.

    ReplyDelete
  49. യു പി സ്കൂള്‍ സമയത്ത് ഞാന്‍ ആദ്യമായി വായിച്ചതു മാനസി...അന്നെനിക്കൊട്ടും ദഹിചില്ലട്ടോ... അന്ന് മടക്കിയ മാധവിക്കുട്ടിയെ പിന്നീട് ഒരുപാട് വൈകി ഞാന്‍ വീണ്ടും വായിക്കാന്‍...
    പക്ഷെ ഒട്ടു മിക്കതും വായിച്ചൂട്ടോ പിന്നെ.അവരുടെ ആര്‍ജ്ജവം അത് എനിക്കെന്നും ഒരത്ഭുതമാണ് ... !!

    എന്റെ സുഹൃത്തിനു വായനയുടെ ലോകത്ത് കാലെടുത്തു വയ്ക്കാന്‍ ആദ്യമായ് ഞാന്‍ ബുക്ക്‌ കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍...എനിക്ക് സംശയമേ ഇല്ലായിരുന്നു ആരെ വാങ്ങണമെന്ന്
    എന്റെ ത്രിമൂര്‍ത്തികള്‍ മാധവിക്കുട്ടി ബഷീര്‍ ബന്യാമിന്‍ !!

    മന്‍സു ശരിക്കും നജീബിനെ കണ്ടുല്ലേ..എനിക്കസൂയ വന്നുട്ടോ
    എനിക്ക് വല്യ ആഗ്രഹമാണ് ബന്യാമിനെ കാണണം എന്ന്... ആ കൈകളില്‍ ഒന്ന് തൊടണമെന്നു.. ഈ ബന്യാമിന്‍ എനിക്ക് ശരിക്കും ഒരത്ഭുതമാണ് .
    മഞ്ഞവെയില്‍ മരണങ്ങള്‍ വായിചെനിക്ക് ഭ്രാന്തായി ഡീഗോ ഗാര്‍ഷ്യയില്‍ പോണംന്ന് തോന്നിട്ടെ...സത്യം പറയാലോ എന്റെ ഉറക്കം കെടുത്തിയ രണ്ടു ബുക്ക്‌കള്‍ ആണ് ആട് ജീവിതോം മഞ്ഞ വെയില്‍ മരണങ്ങളും..
    എപ്പോഴ്ലും ഇനി ബന്യാമിനെ കണ്ടാലേ എനിക്കൂടി വേണ്ടി ഒന്ന് തൊടണേ മന്സു...

    ReplyDelete
  50. മന്‍സൂര്‍ജീ
    ഈ എഴുത്തുകാരും ഈ
    കൃതികളും എനിക്കും പ്രിയപ്പെട്ടവര്‍ തന്നെ.
    ഹൃദ്യമയിരിക്കുന്നു
    സസ്നേഹം അജിത

    ReplyDelete
  51. രണ്ടു പോസ്റ്റും ഒന്നിച്ചു വായിക്കാന്‍ സാധിച്ചു ...പെരുമ്പടവത്തിന്റെ "ഒരു സങ്കീര്‍ത്തനം പോലെ " ഒരു മാസമായി വായിക്കാന്‍ കൊണ്ട് നടക്കുന്നു ... ഈ പോസ്റ്റ്‌ വായിച്ച ഞാന്‍ ഇനിയും അതെങ്ങിനെ വായിക്കാതിരിക്കും ??

    ReplyDelete
  52. രണ്ടാമത്തെ പോസ്റ്റ് ആദ്യം വായിച്ചു, പിന്നെ ആദ്യത്തെ പോസ്റ്റ് വായിച്ചു. പിന്നെ ഒന്ന് രണ്ട് എന്ന ക്രമത്തില്‍ വായിച്ചു......
    വായനയുടെ ഈ ഉല്‍സവം തന്നതിനു നന്ദി.... മന്സൂറിനു എന്നും നല്ലതു വരട്ടെ

    ReplyDelete
  53. nalla ezhuthu cheruvaadi. vaayikkan vaiki..

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....