Monday, October 29, 2012

താളുകള്‍ മറിക്കുമ്പോള്‍


ഓര്‍മ്മകളുടെ ഷെല്‍ഫില്‍ നിന്നും ഒരു പുസ്തകത്തെ എടുക്കാന്‍ പറഞ്ഞാല്‍ "The Illustrated weekly " യെ പൊടി തട്ടി എടുക്കും. അതില്‍ വന്നിരുന്ന ഒരു ലേഖനം പോലും വായിച്ചു കാണില്ല. എന്നാലും വായനയെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഒരു കാലത്ത് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപിന്റെ അഭിമാനം ആയിരുന്ന ഈ വാരിക തന്നെയാണ്. അതിലെ കളര്‍ ചിത്രങ്ങള്‍ മറിച്ച് നോക്കുക എന്നതായിരുന്നു ആദ്യത്തെ വിനോദം. പതുക്കെ ചിത്രങ്ങളിലെ അടികുറിപ്പുകളിലേക്ക്. അര്‍ത്ഥമറിയാത്ത ആര്‍ . കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളിലേക്ക് . ഒന്നും മനസ്സിലാവില്ല. എന്നാലും ഉപ്പയുടെ ലൈബ്രറിയിലെ മേശപ്പുറത്ത് നല്ല വീതിയിലും നീളത്തിലും കിടന്നിരുന്ന ഈ വാരിക തന്നെയാണ് വായനയുമായി ബന്ധിപ്പിക്കുന്ന എന്റെ ഗൃഹാതുര സ്മരണകളില്‍ ഒന്നാമത്തെ അദ്ധ്യായം . തൊണ്ണൂറുകളുടെ മധ്യത്തില്‍ ആണെന്ന് തോന്നുന്നു വാരികയിലെ മഷി എന്നേക്കുമായി ഉണങ്ങി പോയത്. കോഴിക്കോട് പാളയം ബസ് സ്റ്റാണ്ടിലെ നവകേരള ബുക്ക് സ്റ്റാളില്‍ ഇപ്പോഴുമൊരു Illustrated weekly തൂങ്ങി കിടക്കുന്നത് സ്വപ്നം കാണാറുണ്ട്‌. പതുക്കെ മാറുന്ന കോഴിക്കോടിന്റെ മാറാത്ത മുഖമായി ഇപ്പോഴുമുണ്ട് നവകേരള ബുക്ക് സ്റ്റാളും അതിന്‍റെ ഉടമ പ്രകാശേട്ടനും. ഇവിടെനിന്നായിരുന്നു ഉപ്പ പുസ്തകങ്ങള്‍ വാങ്ങിക്കുക. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പ്രകാശേട്ടനെ കണ്ടു. ഉപ്പയുടെ കയ്യില്‍ തൂങ്ങി മലര്‍വാടിയും പൂമ്പാറ്റയും ഒന്നിച്ചു കിട്ടാന്‍ വാശി പിടിക്കുന്ന ആ ചെറിയ കുട്ടിയെ മനസ്സിലായില്ല പ്രകാശേട്ടന്. പറഞ്ഞറിയിച്ചപ്പോള്‍ നല്ല സന്തോഷം. ഉപ്പാക്ക് വല്ലാത്തൊരു ആത്മബന്ധമായിരുന്നു ഇവരോട്.


വായനയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇതുപോലെ ചില ചിത്രങ്ങളാണ് ഓര്‍മ്മയില്‍ വരുന്നത് . ഒരിക്കലും മുടങ്ങിപോവാത്ത ഒരു വായനയെ കുറിച്ച് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും എം. കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം എന്ന്. പക്ഷെ അതിനേക്കാള്‍ മുമ്പ് മലയാള നാട് എന്ന വാരികയെ പറ്റി പറയേണ്ടി വരും. ഇന്നും പലരുടെയും മനസ്സില്‍ വായനയുമായി ബന്ധപെട്ട ഒരുനഷ്ട ഗൃഹാതുരത്വം സൃഷ്ടികുന്ന ഒന്നാവണം ഈ വാരികയും അതിന്റെ പിന്‍വാങ്ങലും. ഇതില്‍ കൂടിയാണ് സാഹിത്യ വാരഫലത്തിലേക്ക് എത്തുന്നത്‌. പക്ഷെ ഗൗരവമായ ഒരു വായന സാധ്യമല്ലായിരുന്നു ഒരു പ്രായത്തിലെന്നെ സാഹിത്യ വാരഫലം എങ്ങിനെ ആകര്‍ഷിച്ചിരിക്കണം..? പംക്തിയുടെ ഇടയില്‍ കാണുന്ന പാശ്ചാത്യ സാഹിത്യത്തിലെ ലൈംഗികമായ ഇടപെടലുകളുടെ പരിചയപ്പെടുത്തല്‍. അതായിരിക്കുമോ ആ ആകര്‍ഷണത്തിന്റെ ഘടകം എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ എനിക്ക് സമ്മതിക്കേണ്ടി വരും. അതൊരു പ്രായത്തിന്റെ മാത്രം ആവേശം. പക്ഷെ ഒന്നുണ്ട്. സമ്പൂര്‍ണ്ണമായ വായനയിലേക്ക് എന്നെ എത്തിച്ചതും സാഹിത്യ വാരഫലം മുടങ്ങാത്ത ഒരു ശീലമായതിനും പിന്നില്‍ അതെല്ലാമായിരുന്നു എന്നതും സത്യം. ഒരുകാലത്ത് കൃഷ്ണന്‍ നായര്‍ ഈ സമീപനത്തിന്റെ പേരില്‍ കുറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. പിന്നെ കലാകൌമുദി വാരികയിലും അതിന് ശേഷം സമകാലിക മലയാളത്തിലും എന്റെ തുടര്‍വായന നീണ്ടു. അതോടൊപ്പം ആ വാരികകളിലെ മറ്റ് വിഷയങ്ങളിലേക്കും. എം. കൃഷന്‍ നായര്‍ എന്ന വിമര്‍ശന സാഹിത്യ കുലപതിയുടെ അവസാനത്തോടെ ഒരു വായനാ യുഗത്തിന് അവസാനമായി എന്ന് പറയാം. തട്ടിന്‍പുറത്തെ പഴ പുസ്തകങ്ങള്‍ പരതി നോക്കിയാല്‍ കാണുമായിരിക്കും പഴയ മലയാളനാട് വാരികയുടെ ഒരു കോപി. മറഞ്ഞുപ്പോയ ഒരു യുഗത്തിന്റെ തിരുശേഷിപ്പായി സൂക്ഷിക്കാന്‍ അതവിടെ കാണണേ എന്ന് ആഗ്രഹിച്ചു പോകുന്നു .


സജീവമായ വായനാ ലോകത്തിലേക്ക്‌ പേജുകള്‍ മറിക്കുമ്പോള്‍ എന്റെ മുന്നില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് മാത്രമേയുള്ളൂ. എന്റെ കുട്ടിക്കാലം മുതല്‍ എന്നോടൊപ്പമുള്ള വായനാലോകം. ഇപ്പോഴും വായന എന്ന സുകൃതം നിലനിന്നുപോകുന്ന ഒരു കണ്ണി അതുതന്നെയാണ് . മലയാളത്തിലെ പ്രതിഭാധനന്മാരായ എഴുത്തുക്കാരിലേക്കും അവരുടെ സൃഷ്ടികളിലേക്കും എത്തിപ്പെടുന്നതില്‍ നിര്‍ണ്ണായകമായി നിന്നത് മാതൃഭൂമി ആഴ്ചപതിപ്പ് തന്നെയാണ് എന്ന് നിസംശ്ശയം പറയാം. കേരളത്തിന്‌ പുറത്തുള്ള സാഹിത്യ ലോകത്തെ പരിചയപ്പെടുത്തിയതും അതുപോലെ തന്നെ. ബംഗാളി സാഹിത്യത്തിലെ മികച്ച രചനകള്‍ പരിചയപ്പെടുന്നത് മാതൃഭൂമിയിലൂടെയാണ്. ഭീഷ്മാ സാഹ്നി ശീര്‍ഷെന്തു മുഗോപാധ്യായ , സുനില്‍ ഗംഗോപാധ്യായ തുടങ്ങിയവര്‍ പ്രിയപ്പെട്ടവരായി. തമസ്സും അര്‍ദ്ധവിരാമവും പ്രിയപ്പെട്ട രചനകളായി. ഒരിക്കല്‍ കൂടെ വായിക്കാന്‍ ആഗ്രഹം ഉള്ള രചനയില്‍ ഒന്നാണ് ജി . ബാലചന്ദ്രന്‍ എഴുതിയിരുന്ന "ജക "എന്ന നോവല്‍. ഭൂട്ടാന്റെ ഒരു പാശ്ചാതലത്തില്‍ ആയിരുന്നു ആ കഥ എന്നാണ് ഓര്‍മ്മ. ബാലചന്ദ്രന്റെ തന്നെ വേറെയും നോവലുകള്‍ വായിച്ചത് ഓര്‍ക്കുന്നു. പക്ഷെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നത് സങ്കടകരം തന്നെ. "ജക"യുടെ പുസ്തക രൂപം എവിടെയെങ്കിലും കിട്ടുമോ എന്ന അന്യോഷണത്തിലാണ് ഞാന്‍ . കുറച്ചൂടെ പേജുകള്‍ കൂട്ടിമറിച്ചാല്‍ ചിരിക്കുന്ന മുഖവുമായി ടീ. വി . കൊച്ചുബാവ എന്ന എഴുത്തുകാരനെ കാണാം. കൂടെ ഒരു വൃദ്ധ സദനവും അവിടത്തെ അന്തേവാസികളും. എല്ലാ വായക്കാരെയും ആകര്‍ഷിച്ച മികച്ചൊരു നോവല്‍ ആയിരുന്നു "വൃദ്ധ സദനം ".

സേതുവിനെയും എം.മുകുന്ദനെയും കൂടുതല്‍ അറിഞ്ഞതും മാതൃഭൂമിയിലൂടെ തന്നെ. നിയോഗവും അടയാളവും സേതുവിന്റെ രചനകളില്‍ മുന്നില്‍ നില്‍ക്കുന്നു. അടുത്ത കാലത്ത് വന്ന അടയാളങ്ങള്‍ ആണ് വായനയില്‍ മികച്ചു നില്‍ക്കുന്നത് എങ്കിലും ഒരു പഴയ വായന കാലത്തിന്റെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് നിയോഗം തന്നെയാണ് എനിക്ക് പ്രിയപെട്ടത്‌.. ... , "പുലയപ്പാട്ട് "ആണ് അവസാനം വായിച്ചത് എങ്കിലും "ആദിത്യനും രാധയും മറ്റുചിലരും "എന്ന മുകുന്ദന്‍ രചന എക്കാലവും പ്രിയപ്പെട്ട ഒന്നാണ്. ആഴ്ചകളില്‍ നിന്നും ആഴ്ച്ചകളിലെക്കുള്ള ദൈര്‍ഘ്യം കൂട്ടിയിരുന്ന കാത്തിരിപ്പ്‌. ഇന്ന് അതിന്റെയെല്ലാം പുസ്തക രൂപങ്ങള്‍ പുനര്‍ വായനക്കെടുക്കുമ്പോള്‍ പഴയ മാതൃഭൂമിയുടെ താളുകളിലാണോ എന്നെനിക്ക്‌ തോന്നിപോകാറുണ്ട്. പറഞ്ഞുവരുമ്പോള്‍ ഇങ്ങിനെ ഓരോ എഴുത്തുകാരും അവരുടെ സൃഷ്ടികളെ പറ്റിയും പറയേണ്ടി വരും . എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ വായനയെ സ്വാധീനിച്ചത്‌. പക്ഷെ എല്ലാം പറയാന്‍ പറ്റില്ലല്ലോ എന്ന പരിമിതിയും ഉണ്ട്. എന്നാലും അവസാനം മികച്ചൊരു വായന തന്ന പ്രിയപ്പെട്ട എഴുത്തുക്കാരന്‍ സി വി. ബാലകൃഷ്ണനെ കൂടിപറയാതെ എങ്ങിനെ ഈ കുറിപ്പ് പൂര്‍ത്തിയാകും. "അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍ "എന്ന നോവലിനെ പറ്റി പറയാം. കാരണം പ്രവാസം അതിര്‍വരമ്പിട്ട എന്റെ വായനാലോകത്ത്‌ ഞാനവസാനം മാതൃഭൂമിയിലൂടെ വായിച്ച നോവല്‍ അതാണ്‌. കഥ നടക്കുന്ന ഭൂമികയേയും കഥാപാത്രങ്ങളെയും നമ്മുടെ മുന്നില്‍ നിര്‍ത്തിയിട്ടാണ് സി . വി മുന്നോട്ടു പോകുക. സഞ്ജീവ് ക്ലിനിക്കും പ്രഭു ഡോക്ടറും അമരേശ്വരനും ദെക്കയ്യയും തുന്നല്‍ക്കാരന്‍ ചന്ദാരനും കല്യാണി ടാകീസും എല്ലാം ഒരു ഗ്രാമവും അവിടത്തെ ജീവിതവും ജനങ്ങളും എന്നപോലെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു. വായന കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും. ഇന്ന് വടക്കന്‍ കേരളത്തിലെ ഏതെങ്കിലും ഒരുപഴയ ഗ്രാമത്തില്‍ ബസ്സിറങ്ങേണ്ടി വന്നാല്‍ അറിയാതെ പ്രഭു ഡോക്ടറുടെ സഞ്ജീവ് ക്ലിനിക് അന്യോഷിച്ച്‌ പോകും. അതുപോലെ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും തേടിയെന്നിരിക്കും. അത്രയധികം ആഹ്ലാദം നല്‍കിയ ഒന്നായിരുന്നു ഈ നോവല്‍ . മറ്റൊന്ന് ആയുസ്സിന്റെ പുസ്തകം. പക്ഷ വായനലോകം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ആ മനോഹര സൃഷ്ടിയെ പറ്റി ഞാനെഴുതിയാല്‍ അതൊരു അഹങ്കാരമാവും എന്ന് തോന്നുന്നു.

മാതൃഭൂമിയെ പറ്റി പറയുമ്പോള്‍ എന്റെ സ്വാര്‍ഥത കൊണ്ട് ഒരു കാര്യം കൂടെ പറയാന്‍ ആഗ്രഹിക്കുന്നു. ഉപ്പയുടെ എഴുത്തിന്റെ മികച്ചൊരു തട്ടകം ആയിരുന്നു മാതൃഭൂമി. "ദ്രവിക്കുന്ന സ്മാരകങ്ങള്‍" , "ഹൈദരാബാദിലെ അറബിക്കല്യാണം ", "വിഷവായു ശ്വസിച്ച്‌ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ "ന്യൂനപക്ഷ വര്‍ഗീയത ഒരു പാഠഭേദം ", തുടങ്ങിയവ അതിലെ ശ്രദ്ധേയമായ ലേഖനങ്ങളും. ഗ്വാളിയോര്‍ റയോണ്‍സ് ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളെ കുറിച്ച് ഏറ്റവും ആദ്യം പ്രതിവാദിച്ച ലേഖനം ആയിരുന്നു "വിഷവായു ശ്വസിച്ച്‌ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ " . അടുത്ത ലക്കത്തില്‍ വായനക്കാരുടെ കത്തുകളില്‍ ശ്രീമതി . സുഗതകുമാരി എഴുതിയ അഭിനന്ദന കുറിപ്പ് നല്ലൊരു അംഗീകാരം ആയിരുന്നു ഉപ്പാക്ക്.


"ചിദംബര സ്മരണകള്‍ "ക്ക് ശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്തുകൊണ്ടൊരു ഗദ്യം എഴുതുന്നില്ല എന്നൊരു ചോദ്യം പലരെയും പോലെ ഞാനും ചോദിക്കാറുണ്ട്. കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കറന്റ് ബൂകിസ്ന്റെ കോഴിക്കോട് ശാഖയില്‍ കയറി അവരോടു അന്യോഷിച്ചു ചുള്ളിക്കാടിന്റെ മറ്റേതേലും ഗദ്യം വന്നിട്ടുണ്ടോ എന്ന്. ഉത്തരം രസകരമായിരുന്നു. " ദേ നിക്കുന്നു നേരിട്ട് ചോദിച്ചോളൂ "എന്ന്. നോക്കുമ്പോള്‍ പുസ്തകങ്ങള്‍ പരത്തി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കുറെ നാളായി സ്വയം ചോദിക്കുന്ന ചോദ്യം നേരയങ്ങു ചോദിച്ച്. ഖന ഗംഭീര ശബ്ധത്തില്‍"ഇല്ല "എന്നൊരു മറുപടി മാത്രം. വരുമോ എന്ന് വീണ്ടും ചോദിക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. കാരണം സംസാരിക്കാന്‍ ഇത്തിരി പിശുക്ക് ഉള്ള പോലെ. എന്നാലും " തുറമുഖം " എന്നൊരു ബ്ലോഗ്‌ കൂടി അദ്ദേഹം കൈകാര്യം ചെയ്യുന്ന സ്ഥിതിക്ക് സഹ ബ്ലോഗ്ഗര്‍ കൂടി ആണല്ലോ. അതുകൊണ്ട് വേറെയും എന്തൊക്കെയോ ചോദിച്ച്. പിന്നെ പുള്ളിയെ സ്വന്ത്രമാക്കി. ആശ്വാസം തോന്നിക്കാണണം. എന്നാലും ചിദംബര സ്മരണകള്‍ നല്‍കിയ വായനയുടെ അനുഭൂതി, കൂടെ ഒരു പാട് അനുഭവങ്ങളിലൂടെ സഞ്ചരിച്ച ഒരു വ്യക്തി എന്ന നിലയില്‍ വീണ്ടുമൊരു അനുഭവകുറിപ്പ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അത് കാത്തിരിക്കുന്നു സാഹിത്യ ലോകം.

ഇതെഴുതുമ്പോഴും സാഹിത്യലോകം സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയം "വായന മരിക്കുന്നോ "എന്നതാണ്. ഒരുത്തരം പറയാന്‍ ബുദ്ധിമുട്ടുന്നു. നേരത്തെ പറഞ്ഞ പോലെ പ്രവാസം അതിര്‍ വരമ്പിട്ട എന്റെ ലോകത്ത് ഈ പ്രിയപ്പെട്ട ഇഷ്ടത്തെ മാറ്റിവെച്ചിരിക്കുന്നു. സങ്കടത്തോടെ. പക്ഷെ ഓഫീസിലെ വിരസമായ ഇടവേളകളില്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞു വരുന്ന സൈബര്‍ അക്ഷരങ്ങളില്‍ ഒതുങ്ങുന്നു ഇപ്പോഴത്തെ വായന. ബ്ലോഗും മറ്റ് മിനിയേച്ചര്‍ ഓണ്‍ലൈന്‍ കുറിപ്പുകളും ചര്‍ച്ചകളും വായിച്ചു ചെറിയൊരു ബന്ധം സൂക്ഷിക്കുന്നു എന്ന് മാത്രം. പുസ്തകങ്ങളുടെ ,അച്ചടിച്ച അക്ഷരക്കൂട്ടുകളുടെ ആ ഗന്ധം , താളുകളില്‍ നിന്ന് താളുകളിലേക്ക് മറിയുമ്പോള്‍ ലഭിച്ചിരുന്ന ആ ആവേശം നഷ്ടമാകുന്നല്ലോ എന്ന ദുഃഖം വല്ലാതെ ആകുലപ്പെടുത്തുന്നു .


(" എഴുത്തും എഴുത്തുക്കാരും" എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. " ഈ ഭാഗം പ്രസിദ്ധീകരിച്ചത് "വാചികം " മാസികയില്‍ )

48 comments:

  1. നന്നായി എഴുതി .. ആശംസകള്‍ ..

    ReplyDelete
  2. വളരെ നല്ല എഴുത്ത്

    ReplyDelete
  3. വായന മരിക്കുമോ എന്നറിയില്ല. എങ്കിലും പൊതുവേ വലിയ കൃതികള്‍ക്ക് ഇപ്പോള്‍ വായന കുറവാണ്. മാതൃഭുമി അടക്കമുള്ള ആനുകാലികങ്ങളും ഇപ്പോള്‍ sensationalismത്തിനു പിന്നാലെ ആണ്. വായനക്കാരന്റെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചിക്കനുസരിച്ച് നില നില്‍ക്കാന്‍ കഴിഞ്ഞാല്‍ വായനയെ ജീവനോടെ കാണാം എന്ന് പ്രതീക്ഷിക്കാം
    ഓര്‍മ്മയിലെ വായനയെ നന്നായി വിവരിച്ചു. ചിലര്‍ക്കെങ്കിലും സമാനമായ വായനാ അനുഭവങ്ങള്‍ ഉണ്ടാകും. അവരുടെ മനസ്സിനെ ഏറെ സ്പര്‍ശിക്കും ഈ പോസ്റ്റ്.

    ReplyDelete
  4. ചുരുങ്ങിയ വേളകളിൽ വായനാനുഭവം ഇഷ്ടം പോലെ ലഭിച്ചിരുന്ന നാളുകൾ..
    താളുകൾ മറിക്കുമ്പോൾ അച്ചടിമഷിയുടെ പുതു ഗന്ധം മൂക്കിൽ തുളച്ച്‌ കയറും പോലെയൊരു അനുഭവം സാധ്യമായി..
    നന്ദി ട്ടൊ..!

    ReplyDelete
  5. എഴുത്തുകാരില്‍ നിന്ന് വായനയിലേക്കും പുസ്തങ്ങളിലേക്കും മാറ്റി നന്നായൊരു വിവരണം. വായനയെക്കുറിച്ച ധാരണകള്‍ ഇപ്പോള്‍ വ്യക്തമല്ലെങ്കിലും ഇടക്ക് മങ്ങിയിടത്ത് നിന്നും ഒരുണര്‍വ്വ് സംഭവിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
    മറക്കാനാവാത്ത വായന പലര്‍ക്കും പല വിധത്തിലുള്ള അനുഭവങ്ങള്‍ നല്‍കിയിരിക്കും.
    നന്നായി ഈ പങ്കുവെക്കല്‍

    ReplyDelete
  6. 'ഞാന്‍' ഒഴിവാക്കി ഒന്ന് മെരുക്കിയെടുത്താല്‍ (മടിയും കളഞ്ഞാല്‍) ) മുഖ്യ ധാര മാധ്യമങ്ങളിലെ സ്ഥിരം കോളങ്ങളില്‍ ഒന്ന് മന്‍സൂര്‍ ചെറുവാടിയുടെതാവും!

    ReplyDelete
  7. വായനയുടെ നഷ്ടവസന്തം തേടിയുള്ള ഈ കുറിപ്പും മനോഹരമായി. എം കൃഷ്ണന്‍ നായരുടെ സാഹിത്യവാര വാരഫലം എന്റെയും ഒരു ആവേശമായിരുന്നു. ഞാന്‍ വായിച്ചിട്ടുള്ളത് കലാകൌമുദിയിലായിരുന്നു. ഇന്റര്‍നെറ്റും ടെലിവിഷന്‍ സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയുടെ വ്യാപനവും ആ പഴയ വായനയുടെ മുരടിപ്പിന് കാരണമായി. എന്നാലും എഴുത്തും വായനയും പുതിയ രൂപഭാവങ്ങളോടെ വരും നാളുകളിലും ജീവിക്കുക തന്നെ ചെയ്യും. പൈങ്കിളി ആസ്വാദകര്‍ക്ക് ഇന്ന് വായനയുടെ ആവശ്യമില്ല. അവരുടെ നായികാ നായകന്മാര്‍ ജനപ്രിയ ചാനലുകളില്‍ എല്ലാ സന്ധ്യാ നേരങ്ങളിലും അവരെ തേടി എത്തുന്നുണ്ട്. ബാക്കിയാവുന്ന ചെറിയ ന്യൂനപക്ഷത്തിന്റെ വായനയും എഴുത്തും ഡിജിറ്റല്‍ ബുക്കുകളുടെ രൂപത്തിലായാലും നില നില്‍ക്കുമെന്ന് കരുതുന്നു.

    ReplyDelete
  8. നന്നായി ഈ വായനാനുഭവം. പറഞ എല്ലാ പുസ്തകങ്ങളും എനിക്കും സുപരിചിതമായവ. ജി ബാലചന്ദ്രന്റെ ഉറുമ്പുകൾ വായിച്ചൊ? നല്ലതാണു.

    ReplyDelete
  9. ആദ്യമേ അഭിനന്ദനങ്ങള്‍ മന്‍സൂര്‍. പങ്കു വെച്ചത് നല്ലൊരു ലേഖനം ആയിരുന്നു . ഓരോരുത്തരുടെയും വായനയുടെ രീതികള്‍ ഇഷ്ടങ്ങള്‍ ഒക്കെ വ്യത്യസ്തമായിരിക്കും . മാതൃഭൂമി പത്രം മാത്രേ ഞാന്‍ വായിചിട്ടുള്ളൂ . പ്രമുഖരായ പലരുടെയും ആദ്യകാലരചനകള്‍ മാതൃഭൂമിയാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത് എന്ന് കേട്ടിടുണ്ട് . ഇപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ ആയിട്ടെ ഉള്ളൂ വാരികകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് . സേതുവിന്‍റെ രചനകള്‍ ഒട്ടു മിക്കതും വായിച്ചിടുണ്ട് . മുകുന്ദന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിയിനകള്‍ ,മാത്രേ വായിച്ചതുള്ളൂ . ചുള്ളിക്കാട് ഗദ്യം എഴുതിയിടുണ്ട്‌ എന്നുള്ളത് പുതിയ അറിവ് . കവിതകള്‍ വായിച്ചിടുണ്ട് എന്നല്ലാതെ ഇതിനെക്കുറിച്ച് ഞാന്‍ കേട്ടിട്ട് പോലുമില്ല . വായന അങ്ങിനെ മരിക്കുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല . തീവ്രമായ ആഗ്രഹം ഉള്ളില്‍ ഉള്ളടത്തോളം കാലം ഇഷ്ടങ്ങള്‍ക്ക് വേണ്ടി ഒരിത്തിരി സമയം നമ്മള്‍ എത്ര തിരക്കിനിടയിലും ഉണ്ടാക്കിയിരിക്കും . അതാണെന്റെ അനുഭവം . പുസ്തകത്തിന്റെ പുതുമണവും ശ്വസിച്ചു ചാരിക്കിടന്നു നെഞ്ചോട്‌ ചേര്‍ത്ത് വെച്ച് വായിക്കുന്ന സുഖം ബ്ലോഗ്‌ വായനയ്ക്ക് കിട്ടില്ലതന്നെ... വായനയുടെ പൂക്കാലം സ്വപ്നം കണ്ടു ഞാനിവിടെ .... :)

    ReplyDelete
    Replies
    1. ലന്തന്‍ബത്തേരി മാധവന്റെയാണ് . എനിക്ക് തെറ്റിയതാ പെട്ടെന്ന് . :)

      Delete
  10. ആദ്യഭാഗത്തെക്കാള്‍ രണ്ടാം ഭാഗം ഏറെ ഇഷ്ടമായി.പകര്‍ത്തപ്പെട്ട പല വിഷയങ്ങളിലൂടെയും ഓര്‍മ്മകള്‍ സഞ്ചരിച്ചു.വായനയെ സ്വാധീനിച്ച വ്യക്തികളെയും ഓര്‍മ്മകളിലുള്ള അവരുടെ വരികളിലൂടെയും ഒരു യാത്ര.വളരെയധികം ഇഷ്ടപ്പെട്ടു.

    ReplyDelete
  11. ഗൃഹാതുരമായ കുറിപ്പ്...
    ആറാം ക്ലാസിൽ പഠിക്കുമ്പോൾ കലാകൌമുദിയും മാതൃഭൂമിയും വായിക്കാൻ തുടങ്ങിരുന്നു നിന്റച്ഛൻ എന്ന് ഇന്നലെ, അഞ്ചിൽ പഠിക്കുന്ന മോളോട് പറഞ്ഞതേ ഉള്ളു!
    ഇനി അവളെയും അനിയനെയും കൊണ്ട് വാരികകൾ വായിപ്പിച്ചു തുടങ്ങണം....

    ReplyDelete
  12. നല്ല കുറിപ്പ്, പഴയ ഓര്‍മ്മകള്‍ ഇളക്കി വിട്ടു!

    ReplyDelete
  13. ആദ്യഭാഗം തന്നെ സ്വാധീനിച്ച ഏതാനും പുസ്തകങ്ങളിലൂടെ കടന്നുവന്ന് രണ്ടാംഭാഗം ആഴ്ചപ്പതിപ്പുകളിലേക്കും, വായന എന്ന അനുഭവത്തിലേക്കും കടന്നുപോയശേഷം തിരക്കു പിടിച്ച് ഈ പരമ്പര അവസാനിപ്പിച്ചപോലെ തോന്നി. ഒരുപാട് പറയാൻ ഉണ്ടായിട്ടും വേഗം പറഞ്ഞവസാനിപ്പിക്കാൻ ഇത്ര ധൃതി കാട്ടിയത് എന്തിന് ?....

    ഇല്ലസ്ട്രേറ്റഡ് വീക്കിലിയെക്കുറിച്ചും,സാഹിത്യവാരഫലത്തെക്കുറിച്ചുമൊക്കെ പലരും മറന്നു തുടങ്ങിയിരിക്കുന്നു. കലാകൗമുദിയിലൂടെയും, സമകാലീക മലയാളത്തിലൂടേയും ഒരു കാലഘട്ടത്തിന്റെ വായന തീരുമാനിച്ച സാഹിത്യവാരഫലത്തിനു പകരം വെക്കാൻ പിന്നീട് ആർക്കും സാധ്യമായില്ല എന്നതുതന്നെ ആ പംക്തിയുടെ മഹത്വം വെളിവാക്കുന്നു.....

    വായനക്കാരെ അലോസരപ്പെടുത്തേണ്ട എന്നു കരുതിയാവും ഒരുപാട് പറയാനുണ്ടായിട്ടും കുറച്ചുമാത്രം പറഞ്ഞത് എന്ന് കരുതുന്നു. പക്ഷേ ആകർഷകമായ ചെറുവാടിയുടെ ഭാഷയിൽ പറയുമ്പോൾ താങ്കളെ വായിക്കുക എന്നത് ഹൃദ്യമായൊരു അനുഭവമാണ്. അതുകൊണ്ടാണ് ഒന്നുകൂടി വിശദമായി എഴുതാമായിരുന്നു എന്നു തോന്നിയത്....

    ReplyDelete
  14. നല്ലൊരു കുറിപ്പ്...ആദ്യമൊക്കെ മാതൃഭൂമിവായിച്ചിരുന്നു എല്ലാം സൂക്ഷിച്ചു വച്ചിട്ടുമുണ്ട്.ഇപ്പോള്‍ വായനയില്ല പക്ഷെ ഒന്നുറപ്പാ വായന മരിക്കില്ല. ഇക്ക പറഞ്ഞതു പോലെ ചിദംബരസ്മരണകള്‍ക്ക് ശേഷം മറ്റൊരു പുസ്തകം ഞാനും അന്വേഷിച്ചു കാരണം ആ അനുഭവങ്ങളും എഴുത്തും തന്നെ..

    ReplyDelete
  15. വായനാസ്മരണകള്‍ ഉണര്‍ത്തുന്ന ലേഖനം

    അല്പം കൂടി എഴുതാമായിരുന്നു കേട്ടോ ചെറുവാടീ

    ReplyDelete
  16. ഞാന്‍ അറിയാത്ത ഒരു കാലത്തിന്റെ വായനയെ പരിച്ചയപെടുതിയത്തിനു നന്ദി ...

    ReplyDelete
  17. ഇതെഴുതുമ്പോഴും സാഹിത്യലോകം സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയം "വായന മരിക്കുന്നോ "എന്നതാണ്. ഒരുത്തരം പറയാന്‍ ബുദ്ധിമുട്ടുന്നു. നേരത്തെ പറഞ്ഞ പോലെ പ്രവാസം അതിര്‍ വരമ്പിട്ട എന്റെ ലോകത്ത് ഈ പ്രിയപ്പെട്ട ഇഷ്ടത്തെ മാറ്റിവെച്ചിരിക്കുന്നു. സങ്കടത്തോടെ. പക്ഷെ ഓഫീസിലെ വിരസമായ ഇടവേളകളില്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞു വരുന്ന സൈബര്‍ അക്ഷരങ്ങളില്‍ ഒതുങ്ങുന്നു ഇപ്പോഴത്തെ വായന.
    ----------------------------------------------------------
    സത്യം ,,വായിക്കാന്‍ ഇഷ്ടമാണ് ,എന്നാല്‍ പുസ്തകങ്ങള്‍ കിട്ടാന്‍ ഒരു മാര്‍ഗ്ഗവുമില്ല .എന്നാലും ഇത്തവണ നാട്ടില്‍ പോയാല്‍ ഈ കഴിജ്ഞ പോസ്റ്റില്‍ പരിചയപ്പെടുത്തിയതടക്കം കുറെ ബുക്കുകള്‍ നോട്ട് ചെയ്ത് വച്ചിട്ടുണ്ട് ..രണ്ടു ഭാഗവും നന്നായി .ആദ്യ ഭാഗത്തിന്റെ ലിങ്ക് കൊടുക്കാമായിരുന്നു എന്ന് തോന്നി .

    ReplyDelete
  18. നന്ദി ചെറുവാടീ, ഓര്‍മ്മകളുടെ ഒരു വസന്തം എനിക്കും സമ്മാനിച്ചതിന്. പരിചയപ്പെടുത്തിയ വാരികകളും പുസ്തകങ്ങളും മിക്കതും എനിക്കുമേറെ പ്രിയപ്പെട്ടവ, വായനയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചവ. പുസ്തകത്താളുകള്‍ മറിക്കുമ്പോഴുള്ള ആ ആവേശം ഈ പോസ്റ്റിലൂടെ വീണ്ടും തൊട്ടറിഞ്ഞു.

    ReplyDelete
  19. വായനയുടെ വസന്ത കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചപ്പോള്‍ പഴയ പുസ്തകങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള ഒരു ജാലകവും കൂടെയായി ഈ പോസ്റ്റ്‌
    നന്ദി മന്‍സൂര്‍ ഇക്ക

    ReplyDelete
  20. പ്രവാസത്തിന്‍റെ ഈ വിരസതകളില്‍ വായന എന്നത് കേവലം മോനിറ്റെര്‍-റീഡിംഗ് മാത്രമാണ്.പക്ഷെ അതിനുഒരിക്കലും, പുസ്തകങ്ങളുടെയും,മാസികകളുടെയും, അനുഭവങ്ങള്‍ പകരാന്‍ കഴിയുന്നും ഇല്ല.
    ഓര്‍മ്മകളിലൂടെയുള്ള ഈ അവതരണം നന്നായിരിക്കുന്നു.
    ആശംസകള്‍....

    ReplyDelete
  21. "പുസ്തകങ്ങളുടെ ,അച്ചടിച്ച അക്ഷരക്കൂട്ടുകളുടെ ആ ഗന്ധം , താളുകളില്‍ നിന്ന് താളുകളിലേക്ക് മറിയുമ്പോള്‍ ലഭിച്ചിരുന്ന ആ ആവേശം നഷ്ടമാകുന്നല്ലോ എന്ന ദുഃഖം വല്ലാതെ ആകുലപ്പെടുത്തുന്നു." - enikkum mansoor :)

    ReplyDelete
  22. വായന അങ്ങനെയൊന്നും മരിക്കില്ല .അത് ജീവിതത്തിന്‍റെ വഴികാട്ടിയാണ് .ഇന്റര്‍നെറ്റില്‍ നിന്നും മൊബൈല്‍ വലയത്തില്‍ നിന്നും ഒക്കെ മനുഷ്യന്‍ പുറത്തു വരും .വായനക്ക് പകരം നില്‍ക്കാന്‍ അവക്ക് ഒന്നും ആകില്ല ..

    ReplyDelete
  23. വളരെ വളരെ നന്ദി,പ്രിയ മണ്‍സൂര്‍. ആപഴയ വാരഫലവും മാതൃഭൂമി ആഴ്ചപ്പതിപ്പും ഓര്‍മ്മയില്‍ ഓടിവന്ന ഗൃഹാതുരത്വം........ലേഖനം വിളിച്ചു പറയുമ്പോലെ വായന മരിക്കുമോ മനുഷ്യനുള്ള കാലം !

    ReplyDelete
  24. 'ഒന്നുകൂടി ചിദംബര സ്മരണകള്‍'വല്ലാത്തൊരു വായനാനുഭവമാണ്.ഗദ്യം ഇറക്കിയില്ലെങ്കിലും ചുള്ളിക്കാടിന്റെ ഒരു കവിതാ സമാഹാരം 'പ്രതിനായകന്‍'ഉണ്ട്.

    ReplyDelete
  25. എന്റെ മൻസൂറിക്കാ കൊച്ചു കുട്ടി ആദ്യായിട്ട് കടൽ കാണുന്ന പോലെയായിരുന്നു,ഇതു മുഴുവനും വായിച്ച്, ഇതിലെ കമന്റ്സ് മുഴുവനും വായിക്കുമ്പോഴും എന്റെ അവസ്ഥ.! കാരണം ഇതിൽ പറഞ്ഞതും വിശദീകരിച്ചതുമായ എഴുത്തുകളിൽ പെട്ട എല്ലാ എഴുത്തുകാരേയും അറിയാം,കേട്ടിട്ടുണ്ട് എങ്കിലും ഒന്നൊഴികെ ഒരു പുസ്തകവും എനിക്ക് കേട്ട് പരിചയമുള്ളതല്ല.! ആകെ പരിചയമുള്ളത് ചള്ള്ലിക്കാടിന്റെ 'ചിദംബര സ്മരണകൾ' മാത്രം. ഞാൻ ഒരു കൂട്ടുകാരന്റെ ഉപദേശ പ്രകാരം കുറെ തിരഞ്ഞു അതന്വേഷിച്ച്,പക്ഷെ കിട്ടിയില്ല. പിന്നെ അതേ പറ്റി വായിക്കുന്നതിപ്പഴാ.
    എന്നെപ്പോലൊരാൾക്ക് ഇത് വായിക്കുമ്പോൾ അത്ഭുതം.!കുറച്ച് നാണക്കേടും, ഇങ്ങനുള്ളതൊക്കെ വായിക്കുന്നവർക്കിടയിൽ 'വെറു'മൊരു ബ്ലോഗ്ഗർ മാത്രമായി ഞാനും.

    'അതുകൊണ്ട് വേറെയും എന്തൊക്കെയോ ചോദിച്ച്. പിന്നെ പുള്ളിയെ സ്വന്ത്രമാക്കി. ആശ്വാസം തോന്നിക്കാണണം. എന്നാലും ചിദംബര സ്മരണകള്‍ നല്‍കിയ വായനയുടെ അനുഭൂതി, കൂടെ ഒരു പാട് അനുഭവങ്ങളിലൂടെ സഞ്ചരിച്ച ഒരു വ്യക്തി എന്ന നിലയില്‍ വീണ്ടുമൊരു അനുഭവകുറിപ്പ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അത് കാത്തിരിക്കുന്നു സാഹിത്യ ലോകം.'
    ആശംസകൾ.

    ReplyDelete
  26. പുസ്തകങ്ങളെയും പംക്തികളെയും കുറിച്ച് വായിച്ച് നഷ്ടബോധവും കുറ്റബോധവും തോന്നുന്നു മന്‍സൂര്‍.,.
    എന്റെ വായനയുടെ ലോകവും വ്യാപ്തിയും എത്രയോ പരിമിതം എന്നതില്‍ ലജ്ജയും. :(

    ReplyDelete
  27. ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം വായിച്ചതിന്റെ ആവേശത്തില്‍ ഷെല്‍ഫില്‍ന്നും ഒരു ബുക്കെടുത്ത് കുറച്ച് വായിച്ച ശേഷം അവിടെ ഇട്ടു... രണ്ടാം ഭാഗം വായിച്ചതിന്റെ ആവേശത്തില്‍ കുറച്ചൂടെ വായിക്കാന്‍ പറ്റുമോന്ന് നോക്കട്ടെ...

    നന്ദി ഈ പങ്കുവെക്കലിന്...

    ReplyDelete
  28. മടിയും സമയക്കുറവും മൂലം പണ്ടെങ്ങോ വിട്ടുപോയ വായനാ ശീലം ബ്ലോഗ്ഗില്‍ എത്തിയതിനു ശേഷം അല്പ്പാല്‍പ്പം പുനരാരംഭിച്ചു. കഴിഞ്ഞ ലീവില്‍ നാട്ടില്‍ നിന്ന് വാങ്ങിയ പുസ്തകങ്ങളില്‍ ഇനിയും ചിലത് വായിക്കാന്‍ ബാക്കി. അവയില്‍ ചെറുവാടി ഈ രണ്ടു പോസ്റ്റുകളില്‍ മെന്‍ഷന്‍ ചെയ്ത പല പുസ്തകങ്ങളും ഉണ്ട്. ഈ പോസ്റ്റുകള്‍ പെട്ടെന്ന് അവയൊക്കെ വായിച്ചു തീര്‍ക്കാന്‍ ഒരു പ്രചോദനം തരുന്നു. ആശംസകള്‍

    ReplyDelete
  29. മന്‍സൂര്‍.. വളരെ ഹൃദ്യമായ എഴുത്ത്.

    വായിക്കുമ്പോള്‍ എന്റെ കുട്ടിക്കാലത്തേക്ക് അറിയാതെ ഓര്‍മ്മകള്‍ പോയി. ആ കാലം നിങ്ങള്‍ക്കൊക്കെ ഊഹിക്കാന്‍ പോലും കഴിയില്ല. മാതൃഭൂമി, മലയാളരാജ്യം, ജനയുഗം, മലയാള മനോരമ. മാതൃഭൂമിയിലെയും ജനയുഗത്തിലെയും ബംഗാളി നോവലുകള്‍ക്കായി കാത്തിരുന്ന ബാല്യം. അടുത്ത വീട്ടിലെ ചേട്ടന്റെ കയ്യില്‍ നിന്നും മനോരമ കിട്ടാനായിപെട്ട പാട്.. തിങ്കളാഴ്ച മുതല്‍ തുടങ്ങും,മനസ്സിന്റെ തിക്കുമുട്ടല്‍ . വ്യാഴാഴ്ച്ചയെ ചേട്ടന്റെ വായന കഴിഞ്ഞു കയ്യില്‍ കിട്ടൂ. അതില്‍ കാനം.ഇ ജെ യുടെ ,സോളമന്‍ ജോസഫിന്റെ,നീണ്ട കഥകള്‍. ചിലപ്പോള്‍ മാതൃഭൂമി അച്ഛന്‍ പൊടുന്നനെ നിര്‍ത്തിക്കളയും. വായന ഇടയ്ക്ക് നിര്‍ത്തേണ്ടി വരുമ്പോള്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. പിന്നീട്, മലയാള നാടില്‍ കഥ വന്നു കഴിയുമ്പോള്‍, അടുത്ത ലക്കത്തില്‍ വാരഫലത്തില്‍ കൃഷന്‍ നായര്‍ സാര്‍ എഴുതാനിടയുള്ള കമന്റ് ഓര്‍ത്തു പിടയ്ക്കുന്ന നെഞ്ചുമായി കഴിച്ചുകൂട്ടുന്ന ഏഴു ദിവസങ്ങള്‍... അതൊരു കാലമായിരുന്നു..

    ReplyDelete
  30. ചെറുവാടിയുടെ ഈ താള്‍ മറിക്കുന്നത് കാണുമ്പോള്‍ ശരിക്കും അസൂയ തോനുന്നു
    നന്നേ ചെറുപ്പത്തില്‍ തുടങ്ങിയ വായന അത് പോലെ തന്നെ മിക്ക എഴുത്തുക്കാരിലും താങ്കള്‍ക്ക് എത്താനായത് എല്ലാം
    തുടരുക എന്നെ പോലുള്ളവര്‍ക്ക് ഇതൊരു ഉപകാരമാവും

    ReplyDelete
  31. പ്രിയപ്പെട്ട മൻസൂർ.... വളരെ ഹൃദ്യമായ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേയ്ക്ക് ഈ വരികൾ കൂട്ടിക്കൊണ്ടുപോകുന്നു... പക്ഷേ ചെറുപ്പത്തിൽ സീരിയസായ വായനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. പൂമ്പാറ്റയും , ബാലരമയും, ലാലുലീലയുമൊക്കെ ആയിരുന്നു ആ കാലഘട്ടങ്ങളിലെ കളിക്കൂട്ടുകാർ.. പക്ഷേ ആ വായനാശീലം ഇന്നത്തെ നല്ല വായനകൾക്കയുള്ള ഒരു പ്രചോദനം തന്നെയായിരുന്നു... അതുപോലെയാണ് മൻസൂറിന്റെ ഈ പരിചയപ്പെടുത്തലുകളും.. നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന വായനയെ കുറച്ചേങ്കിലും പിടിച്ചുനിറുത്തുവാൻ ഈ എഴുത്തുകൾ എന്നെ ഏറെ സഹായിയ്ക്കുന്നുണ്ട്. ഒപ്പം പുതിയതും, പഴയതുമായ നല്ല ബുക്കുകളേക്കുറിച്ചുള്ള കുറിപ്പുകളൂം ഏറെ സഹായകരമാകുന്നു...

    നല്ല വായനകൾ ഒരിയ്ക്കലും അവസാനിയ്ക്കില്ല... സൈബർയുഗം എത്രകണ്ട് മുൻപോട്ട് പോയാലും, കടലാസിലെ അച്ചടികൾ വായിയ്ക്കുമ്പോൾ കിട്ടുന്ന സുഖം മറ്റൊരു മീഡിയത്തിനും നൽകാനാകുമെന്ന് തോന്നുന്നില്ല..

    കൂടുതൽ നല്ല ബുക്സുകളെയും പരിചയപ്പെടുത്തുക... ഈ അക്ഷരക്കൂട്ടുകൾ ഏറെ പ്രസംസനീയംതന്നെ..സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  32. മന്‍സൂര്‍ജീ,
    നല്ല വായനാനുഭവം...
    സസ്നേഹം
    അജിത

    ReplyDelete
  33. ഒന്നും പറയാനില്ല. വായനയുടെ ലോകത്ത് എത്രയോ പുറകില്‍ ആണെന്ന സത്യം മനസ്സിലാക്കുന്നു. മനസ്സ് നിറച്ച വരികള്‍ക്ക് അഭിനന്ദനങ്ങള്‍ ചെറുവാടി..

    ReplyDelete
  34. നല്ലൊരു വായന ഇനിയെങ്കിലും തുടങ്ങണം എന്ന ഒരു ചിന്ത ഉണ്ടാക്കിയതില്‍ ഈ ലേഖനത്തിന് ഒരു പങ്കുണ്ട്..വളരെ നന്ദി മന്‍സൂര്‍

    ReplyDelete
  35. പ്രിയപ്പെട്ട മന്‍സൂര്‍,



    ബാല്യം മുതല്‍ ഇഷ്ടായിരുന്നു,പോസ്റ്റില്‍ പറഞ്ഞ മാഗസിനുകളും,വാരികകളും,പുസ്തകങ്ങളും.എം.കൃഷ്ണന്‍നായരുടെ വാരഫലം ആര്‍ത്തിയോടെ വായിക്കുമായിരുന്നു. മലയാളനാട് വാരിക ഒരുപാട് ഇഷ്ടായിരുന്നു.

    എന്നും എപ്പോഴും അക്ഷരങ്ങള്‍ ആയിരുന്നു,കൂട്ട്.ഇപ്പോഴും.

    വായനയുടെ ലോകത്തിലേക്ക് വായനക്കാരെ,വീണ്ടും കൊണ്ടുവരാന്‍ പ്രചോദനമായ ഒരു പോസ്റ്റ്‌.

    ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  36. നല്ല എഴുത്ത്. ആദ്യഭാഗത്തേക്കാൾ എന്തുകൊണ്ടും മികച്ചത്. ഈ വായന എന്നെ ചെറുപ്പ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

    വായന മരിക്കില്ല എന്നാണെനിക്ക് തോന്നുന്നത്. ചിലപ്പോൾ ദീനം പിടിച്ച് കാര്യമായി അനങ്ങാതെ കിടപ്പിലാവും. പിന്നെ പൂർവ്വാധികം ശക്തിയോടെ ഏണീറ്റ് പായ്യും , പറക്കും, വീണ്ടും കിതപ്പ്. അതങ്ങനെ തുടരും.
    പുസ്തകങ്ങൾ വഴി തന്നെ വായന നടക്കണം എന്ന് ശഠിക്കുന്നവരാണ് ഇപ്പറഞ്ഞ മരണ വാറന്റുമായി നടക്കുന്നത്. ഡിജിറ്റൽ അക്ഷരങ്ങളോട് ചിറ്റമനയം പ്രഖ്യാപിക്കുക വഴി വായനയെ കൊല്ലാനാണവർ ശ്രമിക്കുന്നത്. ഏത് മാധ്യമം വഴിയായാലും ബൗദ്ധികവ്യയാമത്തിന് വായന നടന്നാൽ മതി. പഴയതെല്ലാം അതിമനോഹരമായിരുന്നു എന്ന നമ്മുടെ സ്ഥിരം പല്ലവിയാണ് പുസ്തകങ്ങളുടെ ഗൃഹാതുരതയിൽ നമ്മെ തളച്ചിടുന്നത്.. "ഇപ്പോഴെന്ത് ഓണം! അതൊക്കെ പണ്ട്" എന്നല്ലേ?

    ചില അക്ഷരത്തെറ്റുകൾ കാണുന്നു. തിരുത്തുമല്ലോ?

    ReplyDelete
  37. വായന ഒരിക്കലും മരിക്കില്ല എന്നതാണ് എന്റെ അഭിപ്രായം. ചിലപ്പോള്‍ നമ്മുടെ ജീവിതത്തില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാവുന്നത് പോലെ വായനയിലും അത് ഉണ്ടായേക്കാം... ചില സമയങ്ങളില്‍ വായന ഒന്ന് മന്ദീഭവിച്ച അവസ്ഥ. അതില്‍ നിന്ന് വീണ്ടും വായന ഊര്‍ജ്ജസ്വലതയോടെ തിരിച്ചു വരും.


    പിന്നെ ഒരു അക്ഷര തെറ്റ് കണ്ടുപിടിച്ചു - പുസ്തകങ്ങള്‍ "പരത്തി" ബാലചന്ദ്രന്‍ :)

    സ്മരണകള്‍ നാന്നായി പങ്കുവെച്ചു.
    ആശംസകള്‍ ഭായ് ..


    ReplyDelete
  38. വായനാസ്മരണകളുയർത്തുന്ന ലേഖനം നന്നായിട്ടുണ്ട്.

    ReplyDelete
  39. നല്ല പരിചയപ്പെടുത്തല്‍ ..!
    ഇന്നാണ് രണ്ടും വായിക്കാന്‍ സാധിച്ചത് ...
    ഞാനും കുറെ നേരം എന്‍റെ കുട്ടിക്കാലത്തെ വായനയെ കുറിച്ചു ചിന്തിച്ചുപോയി ...ആ വായന പിന്നീട് ഇതേവരെ എനിക്ക് കിട്ടീട്ടില്ല ...:(
    നല്ല ലേഖനത്തിനു അഭിനന്ദനങ്ങള്‍ ചെറുവാടീ

    ReplyDelete
  40. നിന്നിഷ്ട്ടം തന്നെ എന്നിഷ്ട്ടം..! വായന എന്ന സുകൃതം നിലനിന്നുപോകുന്ന പല കണ്ണികലിലൂടെ കണ്ണോടിക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.. കേട്ടൊ ഭായ്

    ReplyDelete
  41. പഴയകാല വായനയിലേക്ക് കൂട്ടിക്കൊണ്ടു പോയതില്‍ സന്തോഷം..
    മാതൃഭൂമി വീക് ലി ഒരു നൊസ്റ്റാള്ജിയയാണ്.
    പണ്ട് സുനില്‍ ഗംഗോപാധ്യായുടെ 'രക്തം'എന്നാ നോവല്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?ഞാന്‍ സ്കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വായിച്ചിരുന്നത് ഓര്‍ക്കുന്നു.അതിലെ 'ടുക്കു'എന്ന കഥാപാത്രത്തെ ഇപ്പോഴും ഓര്‍മയുണ്ട്.
    ഈ ബ്ലോഗിട്ടതില്‍ നന്ദി ചെറുവാടി..

    ReplyDelete
  42. മനസ്സ് നിറഞ്ഞു, മന്സൂറിനു നല്ലത് വരട്ടെ.....

    ReplyDelete
  43. Download four Malayala Manorama magazines for free, using simple bash script.
    Daily Life Tips And Tricks
    1. Fast Track
    2. Karshaka Sree
    3. Sambadyam
    4. Vanitha
    വനിത, കര്‍ഷക ശ്രീ , ഫാസ്റ്റ് ട്രാക്ക് , സമ്പാദ്യം

    ReplyDelete
  44. നല്ല കുറിപ്പ്. മാത്യഭൂമിയും, കലാകൗമുദിയും തന്നെ എനിക്കും പ്രിയങ്കരമായിരുന്നത്...

    എം. കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം വായിച്ചിരുന്നതോർക്കുന്നു.
    ആദിത്യനും രാധയും മറ്റുചിലരും , പാലേരി മാണിക്യം ഒക്കെ ഇപ്പോഴും ഓർക്കുന്നു. മറ്റൊരു വല്ലാത്ത ഇഷ്ടമായിരുന്നു ഓണപതിപ്പുകൾ, ഒരു പാടു കഥകളും, കവിതകളും നിറഞ്ഞ ഓൺപതിപ്പുകൾ...... ഇപ്പോൾ അത്തർഅം വായനകൾ നിലച്ചു

    ReplyDelete
  45. ഈശ്വരാനുഗ്രഹം ഉണ്ടാവുക...
    നന്മകള്‍ ചെയ്യുമ്പോഴും....
    നല്ലത് അംഗീകരിക്കുപ്പോഴുമാണ്....
    എന്‍റെ ബ്ലോഗ്‌ വായിക്കുക...
    നല്ലതെങ്കില്‍ അംഗീകരിക്കുക...
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....