Monday, December 24, 2012
മരങ്ങള്‍ക്കിടയിലൂടെ....!
തീവണ്ടിയാത്രകളെ വെറുത്തിരുന്ന ഒരു കാലം എനിക്കോര്‍മ്മയുണ്ട്. പക്ഷെ എന്ന് മുതലാണ് അതൊരു പ്രിയപ്പെട്ട ഇഷ്ടങ്ങളില്‍ ഒന്നായി മാറിയത്...? ഒരു പക്ഷെ ഉപ്പയുടെ കൈതുമ്പില്‍ നിന്നും മാറി പ്രായപൂര്‍ത്തി ആയി എന്നൊരു ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം സ്വയം നടത്തി കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചുള്ള യാത്രകള്‍ സാധ്യമായ അന്ന് മുതലാവണം തീവണ്ടിയാത്രകള്‍ കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങിയത്.
കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് ഞാനിപ്പോള്‍.. ... 1921 ലാണ് നിലമ്പൂര്‍ പാത തുറന്നത്. ബ്രിട്ടീഷ് സായുധ സേനക്ക് മലബാര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ വേണ്ടിയാണ് എന്നാണ് പറയുന്നത്. നിലമ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന കുറെ കാഴ്ച്ചകളില്ലേ ..? തേക്കും കാടും എല്ലാം നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ ഒരു സ്ഥലത്തെപറ്റി . കാടും നാടും കുന്തിപ്പുഴയും കടന്ന് ഷോര്‍ണൂര്‍ എത്തുന്ന ഈ അറുപത്തിയഞ്ച് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്രയുടെ ഭംഗിയേപറ്റി പലരും പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട്. കാലത്ത് തന്നെ സ്റ്റേഷനില്‍ എത്തുമ്പോള്‍ നിറയെ യാത്രക്കാരുണ്ട് ഇവിടെ. കൂടിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയില്‍ ബുദ്ധിമുട്ടാതെ റെയില്‍വേയുടെ കുറഞ്ഞ നിരക്കില്‍ പല സ്ഥലങ്ങളിലേക്കും പോകുന്നവര്‍.. . പലരും പല മതക്കാരാവാം. പക്ഷെ ഭാഷയ്ക്ക് എല്ലാര്‍ക്കും ഒരു മലപ്പുറം ചുവയുണ്ട്. അത് കേട്ടിരിക്കുക എന്നത് കൗതുകകരമാണ്. ഒരു രണ്ടു ഭാഗത്തും കാടുകള്‍ക്കിടയിലൂടെ ഇഴഞ്ഞു വരുന്ന പാതകള്‍. . മേലെ മലനിരകള്‍. . വെയിലിന് വിരുന്നുവരാന്‍ പോലും അനുവദിക്കാതെ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ പഴമയുടെ ഭംഗിയുമായി നിലമ്പൂര്‍ സ്റ്റേഷന്‍. .. ആളൊഴിഞ്ഞ സമയത്ത് ഈ സ്റ്റേഷനില്‍ കുറച്ചു നേരം ഇരിക്കണം എന്നൊരു മോഹം എനിക്കുണ്ടായിരുന്നു. നല്ലൊരു അനുഭവം ആയിരിക്കുമത്.
ഒരു ഇഷ്ടത്തെ പറ്റി പറഞ്ഞോട്ടെ. നീണ്ടുപോകുന്ന പാളങ്ങള്‍ക്കിടക്ക് എത്തിച്ചേരുന്ന ഒരു സ്റ്റേഷന്‍. . മരങ്ങളുടെ തണുപ്പില്‍ താഴെ ആരെയോ കാത്തിരിക്കുന്നത് പോലെ ഒരു മരബെഞ്ച്. വാചാലമായ നിശബ്ദതയുള്ള അന്തരീക്ഷം. ഇഷ്ടപ്പെട്ട എഴുത്തുക്കാരന്‍റെ ഒരു പുസ്തകവുമായി അല്ലെങ്കില്‍ നല്ല കുറെ ചിന്തകളുമായി ഇത്തരം ഒരു മരബെഞ്ചില്‍ ചാഞ്ഞിരിക്കുന്നതും ഉറങ്ങുന്നതും ഞാനേറെ കൊതിക്കുന്ന ഒന്നാണ്. "കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് " എന്ന സിനിമ ഓര്‍മ്മ വരുന്നു. എന്ത് മനോഹരമായിരുന്നു അതില്‍ കാണിച്ചിരുന്ന ആ റെയില്‍വേ സ്റ്റേഷന്‍. .. ഒരു മഞ്ഞുക്കാലത്തിന്‍റെ ആലസ്യത്തില്‍ ആ സ്റ്റേഷന്‍ ഉണരുന്നതും ഉറങ്ങുന്നതും കാണാന്‍ വേണ്ടി മാത്രം എത്ര തവണയാ ആ സിനിമ കണ്ടത്. അതെവിടെയാകും എന്നറിയാന്‍ കുറെ ശ്രമിച്ചു. പിന്നെപ്പോഴോ വായിച്ചറിഞ്ഞു കലാസംവിധായകന്‍റെ കരവിരുതാണ് അതെന്ന് . എന്നിട്ടും എനിക്കിഷ്ടം കുറഞ്ഞില്ല . കാരണം അതുപൊലൊന്നാണല്ലോ എന്‍റെയും ഇഷ്ടങ്ങളില്‍ ഒന്ന്. അങ്ങാടിപ്പുറം സ്റ്റേഷന്‍ ആണെന്നും കേള്‍ക്കുന്നു.
രാത്രിയാത്രകളിലെ പാതിയുറക്കത്തില്‍ നിന്നും ഞെട്ടിയെണീക്കുമ്പോള്‍ കാണുന്ന ചില കാഴ്ചകളുണ്ട്.. .. പതിയെ ഒരു സ്റ്റേഷനില്‍ എത്തി വണ്ടി നില്‍ക്കും. ഇലക്ട്രിക് ബള്‍ബിന്‍റെ മങ്ങിയ വെളിച്ചത്തില്‍ മഞ്ഞ കളറില്‍ സ്റ്റേഷന്‍റെ പേരെഴുതിയ ബോര്‍ഡ് കാണാം. എനിക്കിഷ്ടമാണ് അത് വായിച്ചെടുക്കുന്നത്. പക്ഷെ ഒരിക്കലും ഓര്‍മ്മയില്‍ നില്‍ക്കില്ല ഒന്നും. പിന്നെ വിജനമായ പ്ലാറ്റ്ഫോം കാണും. ആരും കയറണോ ഇറങ്ങാനോ ഇല്ലെങ്കിലും വണ്ടി അവിടെ നിന്നിരിക്കും ഒരു മിനുട്ടെങ്കിലും. ആരോ ഒരാള്‍ മൂടിപുതച്ച് ഉറങ്ങുന്നതും കണ്ടെന്നിരികും. അതൃ വഴിയാത്രക്കാരനാവാം, അല്ലെങ്കില്‍ ഒരു യാചകന്‍. . പക്ഷെ ഇത്തരം ഓര്‍മ്മകളിലെ പതിവുമുഖങ്ങള്‍ ആണത്. ഇതുപോലൊരു പേരറിയാത്ത ഒരു സ്റ്റേഷനില്‍ അലക്ഷ്യമായി ഇറങ്ങിയാലോ എന്നെനിക്കു തോന്നാറുണ്ട്. എന്നിട്ട് ആ വിജനമായ രാത്രയില്‍ അതുവഴി പോകുന്ന തീവണ്ടികളും നോക്കി ആ അന്തീക്ഷത്തിന്‍റെ ഭീകരമായ ഭംഗിയും ആസ്വദിച്ച് അങ്ങിനെ നില്‍ക്കണം. ഒരു പ്രേതകോട്ടയിലെക്കുള്ള വഴിപോലെ തോന്നിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ വല്ലാതെ ഭ്രമിപ്പിക്കുന്നു.
സ്റ്റേഷനിലെ തിരക്കില്‍ നിന്നും മാറി മറുവശത്ത് ഒരു പെണ്‍കുട്ടി നില്‍ക്കുന്നു . പൂക്കളുള്ള നീല സാല്‍വാറും അണിഞ്ഞു ഭംഗിയുള്ള ഈ സ്റ്റേഷനില്‍ മരങ്ങള്‍ക്കിടയില്‍ ആരെയോ കാത്തു നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ എല്ലാവരും ശ്രദ്ധിക്കുന്നു എന്നുറപ്പ്. കാരണം എവിടെയോ കണ്ടു മറന്ന ഒരു ചിത്രം പോലുണ്ട് ആ കൗമാരക്കാരിയുടെ നില്‍പ്പിന് . ഈ ട്രെയിനില്‍ വന്നിറങ്ങാവുന്ന തന്‍റെ കാമുകനെ കാത്തിരിക്കുന്നതാവാം പ്രതീക്ഷയോടെ. അങ്ങിനെ ആയിരുന്നെങ്കില്‍ എന്ന് ഞാനും ആശിച്ചുപ്പോയി. എങ്കില്‍ ആ കാല്‍പനിക ചിത്രത്തിന് ഒരു പൂരണം വന്നേനെ . അടുത്തിരുന്ന രണ്ടു പയ്യന്മാര്‍ പരസ്പരം പറഞ്ഞതും " അവള്‍ അങ്ങിനെ ഒരാളെ കാത്തിരിപ്പാണ് എന്നാണ് . പക്ഷെ കിതച്ചു നിന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ പ്രായമായ ഒരു അച്ഛന്‍റെ കൈപിടിച്ച് പതുക്കെ അവള്‍ മരങ്ങള്‍ക്കിടയിലൂടെ നടന്ന് മറയുന്നത് തീവണ്ടിയുടെ ജാലകങ്ങല്‍ക്കിടയിലൂടെ ഞങ്ങള്‍ കണ്ടു. അപ്പോള്‍ നിലമ്പൂര്‍ കാടുകളെ തഴുകിവന്ന കാറ്റിന് സ്നേഹത്തിന്‍റെയും കടപ്പാടിന്‍റെയും ആര്‍ദ്ര സ്പര്‍ശമുണ്ടായിരുന്നു.
തേക്കിന്‍ കാടുകള്‍ക്കുള്ളിലൂടെ തീവണ്ടി പതുക്കെ ചലിച്ചു തുടങ്ങി. കാടും പുഴകളും നെല്‍പാടങ്ങളും പതുക്കെ പിറകിലേക്ക് മറിയുന്നു. ഇടക്കിടക്ക് പാടങ്ങളില്‍ നിറയെ ആമ്പല്‍ പൂവുകള്‍ വെള്ളത്തിന് മുകളിലേക്ക് തലയുയര്‍ത്തി ധ്യാനം ചെയ്യുന്നു. നല്ല കാഴ്ചകളുമായി ഈ യാത്രയും തുടരുന്നു.
(ചിത്രം ഗൂഗിള്‍ )
Subscribe to:
Post Comments (Atom)
അത് അങ്ങാടിപ്പുറം സ്റ്റേഷന്‍ തന്നെയാണ് .ഒരു കലാ സംവിധായകനും കൃത്രിമമായി നിര്‍മ്മിക്കാന്‍ കഴിയാത്ത മനോഹാരിത തുളുമ്പുന്ന സ്റ്റേഷന്‍ .ഞാന്‍ പഠിച്ചിരുന്ന കാലത്ത് ക്ലാസ്സുകള്‍ കട്ട് ചെയ്തു അവിടെ പൂമരങ്ങളുടെ തണലില്‍ വെറുതെ കാറ്റ് കൊള്ളാന്‍ കൂട്ടരോട് ഒത്തു പോകാറുണ്ടായിരുന്നു അവിടെ ..
ReplyDeleteയാത്രകളോട് എന്നും വല്ലാത്തൊരു അഭിനിവേശമാണ്....
ReplyDeleteഅത് ട്രെയിന്‍ യാത്ര ആണെങ്കില്‍ പറയുകയും,വേണ്ട.....
ചെറുതെങ്കിലും,മനോഹരമായ കുറിപ്പ്....
ആശംസകള്‍......'''''''ചെറുവാടീ........
പഴമയുടെ മണമുള്ള, നിറമുള്ള നമ്മുടെ തീവണ്ടിസ്റ്റേഷനുകൾ ഗൃഹാതുരതയുടെ ഏറ്റവും മികച്ച പ്രവാചകന്മാരാണ്. തീവണ്ടി യാത്രയെ വെറുത്തിരുന്നെന്നോ? എനിക്കേറ്റവുമിഷ്ടപ്പെട്ട ഒന്നാണത്. ഒറ്റക്ക്, അല്ല കുറച്ച് പുസ്തകങ്ങൾ മാത്രം കൂട്ടിനുള്ള തീവണ്ടി യാത്രകൾ! ഇടവേളകളിലെ ചുടുചായ. ചിതലരിച്ച മരക്കഷ്ണങ്ങളിൽ അറ്റം കൂർപ്പിച്ച് നീണ്ട് കിടക്കുന്ന വേലിയും അതിൽപ്പടർന്നു കയറിയ വള്ളിച്ചെടികളും, അടർന്നു തുടങ്ങിയ സിമന്റു ബെഞ്ചുകളും, തുരുമ്പെടുത്ത ഉരുക്കുകാലുകളിൽ എണീറ്റ്നിൽക്കുന്ന ആൾ-ത്തിരക്കില്ലാത്ത നരച്ച നിറമുള്ള സ്റ്റേഷനുകളും.....
ReplyDeleteഎത്ര സുന്ദരവും ശുചിത്വവും ഉള്ളതാണ് കേരളത്തിലെ ചില സ്റ്റേഷനുകള്‍. ഞാന്‍ നാട്ടില്‍ ചില ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. അതില്‍ ഒന്ന് ഇവിടെ ചേര്‍ക്കുന്നു
ReplyDeletehttp://www.facebook.com/photo.php?fbid=405827449496252&set=a.109272289151771.18113.100002070028757&type=1&theater
ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇത്രയും ശുചിയായി കണ്ടപ്പോള്‍ അനുഭവിച്ച സന്തോഷം ഏറെയാണ്.
ഗൃഹാതുരത്വമുണര്‍ത്തുന്ന കുറിപ്പ്... ചെറുവാടി
മനോഹരമായ അവതരണം.....
ReplyDeleteപിന്നെ "കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് " എന്ന സിനിമയിലെ സ്റ്റേഷന്‍ അങ്ങാടിപ്പുറം റയില്‍വേ സ്റ്റേഷന്‍ തന്നെയാണ്.... ഷൂട്ടിംഗ് കാണാന്‍ ഞാനും പോയിരുന്നു.... :)
ലിങ്ക് സെലക്ട് ചെയ്തു റൈറ്റ് ക്ലിക്ക് ചെയ്തു തുറക്കുക. ചിത്രം കാണാം :)
ReplyDeleteയാത്രകള്‍ തുടരട്ടെ....അനുസ്യൂതം .......
ReplyDeleteഒപ്പം ഇത്തരം വശ്യമായ വാര്‍ത്താകുറിപ്പുകളും
ഞാനും ഇതേ വഴിയില്‍ ഒരു യാത്ര പോസ്റ്റ് ഇട്ടിരുന്നു..നമ്മള്‍ നാട്ടുകാര്‍ ആണല്ലേ! എന്തായാലും ആശംസകള്‍
ReplyDeleteഅതിമനോഹരമീ കുറിപ്പ് ..........
ReplyDeleteകൊതിപ്പിച്ചു ചെറുവാടീ.. നീലസല്‍വാറുകാരി അഛന്‍റെ കൈ പിടിച്ച് നടന്നുമറയുന്ന ദൃശ്യം എന്‍റെ കണ്മുന്നിലുണ്ട് ഇപ്പോഴും. ഒരുപാട് നല്ല പ്രയോഗങ്ങളും കണ്ടു. ഇഷ്ടായി ഈ പ്രകൃതിഭംഗി...
ReplyDeleteഞമ്മണ്ടേ നിലബൂര്‍ ...
ReplyDeleteവളരെ സുന്ദരമായ വായന...
ഞാന്‍ അവിടെയല്ലാം കറങ്ങിത്തിരിഞ്ഞ് വന്നു ..നന്ദി എന്നെ നാട്ടില്‍ കൊണ്ട് പോയതിനു !
കുറച്ചു ചിത്രങ്ങള്‍ കൂടി ആവായിരുന്നു ..ചെറുവാടീ
ആശംസകളോടെ
അസ്രുസ്
നിലമ്പൂര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള തീവണ്ടിയാത്ര. പോസ്റ്റു വായിച്ചപ്പോള്‍ അങ്ങിനെ ഒരു യാത്ര പോകാന്‍ തോന്നുന്നു
ReplyDeleteപെരിന്തല്‍മണ്ണയില്‍ ഇടയ്ക്കിടെ പോകാറുണ്ട് ഞാന്‍ പക്ഷെ ഇന്നുവരെ അങ്ങാടിപ്പുറം റെയില്‍വെ സ്റ്റെഷനില് / റെയില്‍വേ ക്രോസ്സില്‍ ഒരു ട്രെയിന്‍ കണ്ടിട്ടില്ല.. എന്നെങ്കിലും ഇനി കാണുമോ എന്നും അറിയില്ല.. ആ വഴി ഇന്നുവരെ ട്രെയിനില്‍ പോയിട്ടില്ല.. ഒരിക്കല്‍ പോകണം.
ReplyDeleteപിന്നെ വിജനമായ ഒരു റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങിയ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. ഒരുപക്ഷെ ഒരിക്കലും മറക്കാത്ത ഒരു രാത്രി.
ഹും ഞാനും പൂവും നിലമ്പൂര്..
ReplyDeleteകാഴ്ച്ചകൾ കാണാൻ ആർക്കാണിഷ്ടമില്ലാത്തത്..
ആ കാഴ്ച്ചകൾ പോലെ മനോഹരമായ വിവരണം
യാത്ര തുടരട്ടെ..
കൊതിപ്പിച്ച വിവരണം. കഴിഞ്ഞ മാസം നിലമ്പൂരില്‍ പോയപ്പോള്‍ ഈ ട്രെയിന്‍ യാത്ര ജസ്റ്റ് മിസ്സ് ആയതാണ്
ReplyDeleteകൃഷ്ണ ഗുഡി ഒരുപാട് തവണ കണ്ട ചിത്രം.. ഇപ്പോഴും കാണാന്‍ അവസരം കിട്ടിയാല്‍ ഇരുന്നു മുഴുവനും കാണുന്ന ചിത്രം. അങ്ങാടിപ്പുറം എന്ന സ്റേഷന്‍ എന്നെങ്കിലും കാണണം എന്ന് ഓര്‍ത്തിട്ടുണ്ട്. ആ ഭംഗി നേരില്‍ കാണാന്‍ മാത്രം.
ReplyDeleteനല്ല പോസ്റ്റ്..അഭിനന്ദങ്ങള്‍
കഥയുള്ള ഒരു സിനിമ പോലെ ഭംഗിയായ എഴുത്ത് യാത്ര അനുഭവിപ്പിച്ചു.
ReplyDeleteവിവരണം വായിക്കുമ്പോള്‍ റെയില്‍വെസ്റ്റേഷനില്‍ നില്‍ക്കുന്ന പ്രതീതിയുണ്ടായി.സ്റ്റേഷനിലെ മരങ്ങള്‍ക്കിടയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന
ReplyDeleteപെണ്‍കുട്ടിയുടെ ചിത്രം പതിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ മനസ്സില്‍ അസ്വസ്ഥതയും,ആശങ്കയും ഉണ്ടായി. "പക്ഷെ കിതച്ചു നിന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ പ്രായമായ ഒരു അച്ഛന്‍റെ കൈപിടിച്ച് പതുക്കെ അവള്‍ മരങ്ങള്‍ക്കിടയിലൂടെ നടന്ന് മറയുന്നത്"കണ്ടപ്പോഴാണ് മനസ്സില്‍ ആശ്വാസത്തിന്‍റെ കുളിര്‍കാറ്റു വീശിയത്.
പ്രകാശം പരത്തുന്ന നല്ലൊരു വിവരണം
ആശംസകള്‍
ആശംസകള്‍ ചെറുവാടീ
ReplyDeleteഈ നിലമ്പൂര്‍ സ്റ്റേഷനൊന്നു കാണണല്ലോ ചെറുവാടീ..
ReplyDeleteമരങ്ങളുടെ തണുപ്പുള്ള.. തണലുള്ള.. മനോഹര പോസ്റ്റ്.
മനോഹരമായിരിക്കുന്നു ഈ യാത്ര...ഒരു ട്രയിന്‍ യാത്ര ചെയ്ത പ്രതീതി...മഞ്ഞൌമൂടിയ റെയില്‍വേസ്റ്റേഷന്‍റെ ഒരു നേര്‍ത്ത ചിത്രം മനസ്സില്‍ പതിഞ്ഞു കിടക്കുന്നു...പിന്നെ അവളും...:)
ReplyDeleteആശംസകള്‍
ഈ ദിവസം തീരുന്നേനു മുന്‍പേ പറയട്ടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.
ReplyDeleteനാട്ടില്‍ വന്നപ്പോ പോസ്റ്റുകള്‍ ഇങ്ങു പോരുകയാണല്ലോ !!!!!!!
പതിവുപോലെ ഇതും ലളിതം മനോഹരം.
മന്‍സൂര്‍ ന്റെ ഇഷ്ടം എല്ലാര്‍ക്കും ഇഷ്ടായല്ലോ!!!!!
ആ സിനിമേല് കാനന ആ സ്റ്റേഷന്‍ അങ്ങാടിപ്പുറത്ത് സെറ്റ് ഇട്ടതു തന്നെ എന്ന് ഞാനും കേട്ടിട്ടുണ്ട്.
അതിലെ പാട്ടുകള്‍ എന്ത് രസാലെ???????
എനിക്കേറെ ഇഷ്ടാണ് ആ പാട്ടുകള്‍.
നല്ല ഫീല്‍ ഉണ്ടായിരുന്നു കേട്ടോ മന്‍സൂര്‍ വായിച്ചപ്പോ.
ശരിക്കും കണ്ട പോലെ അനുഭവപ്പെട്ടു ഓരോ കാഴ്ചയും.
നല്ല വിവരണം ......... നമുക്ക് ചുറ്റും ഉള്ള സുന്ദര കാഴ്ചകള്‍ പലപ്പോഴും നാം കാണാതെ പോകുന്നു
ReplyDeleteഉടനീളം പച്ചപ്പിന്റെ പത്രാസും മനോഹാരിതയും ഉള്ള ഒരു പാത..
ReplyDeleteഅതിലൂടെയുള്ള തീവണ്ടി യാത്രകള്‍ ഉണ്ടായിട്ടില്ലെങ്കിലും അതിന്റെ ഓരത്തുകൂടിയുള്ള യാത്രകളെല്ലാം മനസ്സിന് ഒരു അനുഭൂതി പകരുന്നതാണ്.നല്ല ഒരു കുറിപ്പ്.കുറച്ചുകൂടി ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു.
മ്മളെ നാട്ടിലും എത്തി അല്ലേ, അതിന്റെ ഇടയിലെ വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങി , ഒരിക്കൽ വാണിയമ്പലം പാറ കേറൂ
ReplyDeleteഷൊര്‍ണ്ണൂര്‍ - അങ്ങാടിപ്പുറം റൂട്ടില്‍ മാസത്തില്‍ ഒരുതവണ പോയിരുന്ന യാത്രക്കാരനായിരുന്നു ഞാനും.കേരളത്തിലെ ഏറ്റവും മനോഹരമായ സ്റ്റേഷന്‍ ഇതാണ് എന്ന് തോന്നിയിട്ടുണ്ട്.അങ്ങാടിപ്പുറം കഴിഞ്ഞുള്ള വല്ലപ്പുഴയും ഏതാണ്ട് അതുപോലെ തന്നെ.
ReplyDelete(ഇപ്പോള്‍ ഈ റൂട്ടില്‍ എക്സ്പ്രെസ്സ് ട്രെയിന്‍ ഓടി തുടങ്ങിയോ?)
ആശംസകള്‍ മന്‍സൂര്‍ ഭായ്......
ഈ ട്രെയിനിന് ബോഗികള്‍ വളരെ കുറവായിപ്പോയല്ലോ
ReplyDeleteവായനയാത്ര ഒന്ന് രസം പിടിച്ച് വന്നപ്പോഴേയ്ക്കും തീര്‍ന്നുപോയി
തീവണ്ടിയാത്രകളിൽ ഷൊർണൂർ നിലമ്പൂർ റൂട്ട് പ്രത്യേക രസം തരുന്നതാണ്.ആ യാത്രയുടെ മനോഹാരിത എഴുത്തിലൂടെ പ്രതിഫലിപ്പിച്ചു.നന്നായി
ReplyDeleteഇത്തരത്തിലുള്ള ഒരു എക്കോ സ്റ്റേഷൻ നാട്ടിലുള്ള കാര്യം ഈ മണ്ടനറിയില്ലായിരുന്നു കേട്ടോ ഭായ്
ReplyDeleteആഹ്..ന്റെ നാടിന്റെ പരിസരം വരെ എത്തിയല്ലോ..
ReplyDeleteവരികളിലൂടെ ന്റെ നാടിന്റെ മണം അറിയാനാകുന്നൂ..നന്ദി
കാണാന്‍ മോഹമുള്ള സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഒന്നുകൂടി :) ചെറുവാടി പോസ്റ്റുകള്‍ക്ക് പഴയ ഗ്രിപ്പ് ഇല്ല . തട്ടികൂട്ടാതെ മര്യാദക്ക് എഴുതൂ മനുഷ്യാ :) .
ReplyDeleteകാഴ്ച്ചകൾ കാണാൻ ആർക്കാണിഷ്ടമില്ലാത്തത് ആ കാഴ്ച്ചകൾ പോലെ മനോഹരമായ വിവരണം യാത്ര തുടരട്ടെ.
ReplyDeleteആശംസകൾ..കറക്കം തന്നെ അല്ലെ...
ReplyDeleteദൂരങ്ങളിലെക്കുള്ള ഓരോ തീവണ്ടിയാത്രയും എനിക്ക് ഓരോരോ അനുഭവങ്ങളാണ് -പതിവുപോലെ കൂടെ സഞ്ചരിക്കുന്ന വിശദീകരണം.
ReplyDeleteതീവണ്ടിയാത്രകള്‍ എനിക്കും ഏറെ പ്രിയമാണ്.
ReplyDeleteമന്‍സൂര്‍ജീ, ഇങ്ങനെ കറങ്ങി നടക്കുന്നത് നന്നായി. ഈ വിവരണങ്ങള്‍ വായിക്കാമല്ലോ!!!!
ബ്രിട്ടീഷുകാരുടെ പ്രതാപകാലത്തിന്റെ സ്മരണ ഉണർത്തുന്ന ഒരു റെയിൽ വഴിയാണ് നിലമ്പൂർ-ഷൊർണൂർ പാത എന്നു കേട്ടിട്ടുണ്ട്. കോഴിക്കോട്ടു നിന്നുള്ള പാത ഷൊർണൂർ അടുക്കാനാവുമ്പോൾ വടക്കു കിഴക്കൻ ദിശയിൽ തേക്കുമരങ്ങൾക്കിടയിലൂടെ ഉരുക്കുപാളങ്ങൾ ഏറനാടിന്റെ സംസ്കൃതിയിലേക്ക് നീണ്ടുപോവുന്നതു കാണാം.നിലമ്പൂർ പാസഞ്ചർ യാത്രക്കു തയ്യാറെടുക്കുന്നതിന്റെ മൂന്നു ഭാഷകളിലുള്ള കിളിമൊഴിയും ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പലപ്പോഴും സംഗീതം പോലെ ശ്രവിച്ചിട്ടുണ്ട്.
ReplyDeleteനാം അലസമായി വിടുന്ന ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മദൃക്കായ ഒരു യാത്രികന്റെ ഹൃദയതാളത്തിൽ അനുരണനങ്ങൾ സൃഷ്ടിക്കുന്നു എന്ന് തെളിയിക്കുന്ന ചെറിയ കുറിപ്പ്
എന്‍റെ വീട്ടിലെ ചെറുവാടിക്കാരന്‍ ഈ നിലമ്പൂര്‍ സ്റ്റേഷന്‍റെ കാര്യം ഇന്നലെ പറഞ്ഞിട്ടേ ഉള്ളു . ഈ ബ്ലോഗും കൂടി ആയപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു .അടുത്ത പ്രാവിശ്യം നാട്ടില്‍ പോവുമ്പോള്‍ തീര്‍ച്ചയായും ഒരു നിലമ്പൂര്‍-പാലക്കാട് യാത്ര പോണം.
ReplyDeleteകവിത പോലെ സുന്ദരം.. വെറുതെ യാത്ര പോകാന്‍ വേണ്ടി മാത്രം ഞാനും പോയിട്ടുണ്ട് ഈ വഴി.. മനസ്സിനെ ആര്‍ദ്രമാക്കുന്ന എന്തോ ഉണ്ട് ഈ യാത്രക്ക് നമുക്ക് തരാനായി. ചെറുതെങ്കിലും മനോഹരമായ് കുറിപ്പ്.
ReplyDeleteകുറേക്കാലം കൂടിയാണ് ഈ വഴി.
ReplyDeleteപതിവു പോലെ നൊസ്റ്റാള്‍ജിക്‍ എഴുത്ത്, മാഷേ.
പുതുവത്സരാശംസകള്‍!
ഈശ്വരാ!! ഇതൊക്കെ എന്നാണാവോ ഒന്ന് കാണാന്‍ കഴിയുക.?
ReplyDeleteഊരുതെണ്ടിയായി ഒരു ജുബ്ബയും സഞ്ചിയും തൂക്കി പണ്ടേ ഇറങ്ങേണ്ടാതായിരുന്നു.
മന്‍സൂറിന്റെ ഓരോ രചനയും വായനക്കാരെന്റെയുള്ളില്‍ നഷ്ടബോധം വളര്‍ത്തുകയാണ്.
കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് " എന്ന സിനിമ ഷൂട്ട് ചെയ്തത് അങ്ങാടിപ്പുറം എന്ന പെരിന്തല്‍മണ്ണക്കടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ആണെന്ന് കേട്ടിട്ടുണ്ട് ..അത് കാണാഞ്ഞത് ചെരുവാടിയുടെ നഷ്ടം :)
ReplyDeleteചിത്രം കണ്ടപ്പോള്‍ നിലംബൂര്‍ ആകുമോ എന്നൊരു കൌതുകം ഉണ്ടാരുന്നു.
ReplyDeleteഏറെ പ്രിയപ്പെട്ട ഇടമാണ് നിലമ്പൂര്‍.
ഇടയ്ക്കിടെ വരാറും ഉണ്ട് ട്ടോ,
ഒരുപാട് ഇഷ്ടായീ ഈ എഴുത്ത്.
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഓര്‍ക്കുംബോലോക്കെ എനിക്കും കൃഷ്ണ ഗുഡി ഓര്മ വരാറുണ്ട്.
വായിച്ചു കഴിഞ്ഞിട്ടും മനസ്സു മരങ്ങളുടെ ഇടയില്‍ തണുപ്പ് പടരുന്ന ആ സ്റ്റേഷനില്‍ തന്നെ ആണ്..
ഞാനും കാണുന്നു അച്ഛന്റെ കൈ പിടിചു നടന്നു മറയുന്ന പെണ്‍കുട്ടിയെ.
ആശംസകള്‍ മന്‍സൂര്‍. :)):)
:)
ട്രെയിൻ യാത്രയൊക്കെ ചെയ്തിട്ട് കാലം കുറേയായി.. വെറുതെ കൊതിപ്പിച്ചു.. ഹും
ReplyDeleteമുൻപ് വായിച്ചിരുന്നു, എന്നാലും ഒരിക്കൽകൂടി വായിക്കാൻ കൊതിച്ചുപോകുന്ന വിവരണം.....!
ReplyDeleteയാത്രകള്‍ ഇഷ്ടപെടുന്ന എനിക്കും ഈ യാത്ര ഇഷ്ടമായി ...ആശംസകള്‍
ReplyDeleteഎല്ലാര്‍ക്കും നന്ദി സ്നേഹം സന്തോഷം
ReplyDeleteVery nice post and interesting to read, I love visiting this blog.
ReplyDeleteപ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteഒരു വര്ഷം പല തവണ കൊങ്കണ്‍ തീരത്ത് കൂടെ ഓടുന്ന തീവണ്ടിയില്‍ യാത്ര ചെയ്യുന്നു.പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കണമെങ്കില്‍ ,ഒരിക്കലെങ്കിലും ഈ വഴി തീവണ്ടിയില്‍ യാത്ര ചെയ്യണം. മലയും, പുഴയും കടലും ഹരിതഭംഗിയും ഈ യാത്ര അവിസ്മരണീയമാക്കുന്നു .
കടന്നു പോകുന്ന സ്റ്റേഷന്‍ പേരുകള്‍ എഴുതി വെക്കുന്ന ശീലമുണ്ട്. അതൊരു രസമാണ്.
നിലമ്പൂരിലെ തേക്ക്മരങ്ങളുടെ ഒപ്പം ഹൃദയത്തില്‍ നിറയുന്ന ഒരു മുഖമുണ്ട്-മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ.
പരിചയപ്പെട്ട പ്രശസ്തരില്‍ സ്വഭാവമഹിമയും വിനയവും വേറിട്ട വ്യക്തിത്വവും കൊണ്ട് മറക്കാന്‍ പറ്റാത്ത ശ്രീ ഗോപിനാഥിനെ മറന്നു നിലമ്പൂര്‍ ഇല്ല. :)
ഈ യാത്ര പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നല്ലോ.കഷ്ടമായി.
ചങ്ങായിയുടെ ഓരോ യാത്രയും, എത്തിചേരുന്നത് വായനക്കാരുടെ ഹൃദയത്തിലാണ്.:)
ശുഭരാത്രി !
സസ്നേഹം,
അനു
ഇതുപോലൊരു പേരറിയാത്ത ഒരു സ്റ്റേഷനില്‍ അലക്ഷ്യമായി ഇറങ്ങിയാലോ എന്നെനിക്കു തോന്നാറുണ്ട്. എന്നിട്ട് ആ വിജനമായ രാത്രയില്‍ അതുവഴി പോകുന്ന തീവണ്ടികളും നോക്കി ആ അന്തീക്ഷത്തിന്‍റെ ഭീകരമായ ഭംഗിയും ആസ്വദിച്ച് അങ്ങിനെ നില്‍ക്കണം. ഒരു പ്രേതകോട്ടയിലെക്കുള്ള വഴിപോലെ തോന്നിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ വല്ലാതെ ഭ്രമിപ്പിക്കുന്നു.
ReplyDeleteഈ വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു...
അങ്ങനെ നിൽക്കുമ്പോൾ, ഭീകരമായ നിശബ്ദതയ്ക്കും, വിജനതക്കും അപാരമായ സൗന്ദര്യമുണ്ടെന്ന് തിരിച്ചറിയാം... ബ്ളോഗ് മനോഹരമായിരിക്കുന്നു.........