വഴിക്കടവിൽ നിന്നും ഒരു സുലൈമാനി കുടിച്ചാൽ പിന്നെ അടുത്ത സ്റ്റോപ്പ് തുറപ്പള്ളിയാണ് . മിക്ക യാത്രകളിലും ഞങ്ങളുടെ ഇടത്താവളം ആയി വരാറുള്ള സ്ഥലം . അതുകൊണ്ട് തന്നെ വല്ലാത്തൊരു ആത്മബന്ധം തോന്നിയിട്ടുമുണ്ട് തുറപ്പള്ളിയോട് . ഞാനാലോചിക്കാറുണ്ട് . എന്തുകൊണ്ട് എന്‍റെ ചെറിയ കുറിപ്പുകളിൽ തുറപ്പള്ളി ഇത് വരെ പറയാതെ പോയി എന്ന് .
ബന്ദിപൂർ വനപാതയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള സ്ഥലം . ചെറിയൊരു അങ്ങാടി . രണ്ട് ഹോട്ടലും പെട്രോൾ പമ്പും ഓട്ടോ ഗാരേജും പള്ളിയും പിന്നെ ചെറിയ പെട്ടികടകളും ഉൾകൊള്ളുന്ന ചെറിയ സ്ഥലം . ഒരു ചെക്ക് പോസ്റ്റും ചിരപരിചിതരെ പോലെ തോന്നിക്കുന്ന രണ്ട് പൊലീസ്കാരും കാണും . രാത്രിയാണ് തിരിച്ചു വരുന്നതെങ്കിൽ കാണാം ഈ പോലീസുകാരുടെ തനിസ്വഭാവം . ഇവിടെ ഇറങ്ങി റോഡ് സൈഡിൽ നിന്ന് തന്നെ ചൂടുള്ള ഒരു ചായ കുടിക്കാൻ എന്ത് രസമാണ് . മുളക് ബജിയുമായി ഒരമ്മ എപ്പോഴും കാണും ഇവിടെ . രുചിയുള്ള മുളക് ബജി കഴിക്കാമെങ്കിലും ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല അവരെ . പക്ഷേ ചിരിക്കാതെ ചിരിക്കുന്നൊരു മുഖം അവരോട് ഒരിഷ്ടം തോന്നിക്കും . അത് കഴിഞ്ഞാൽ ആ പെട്ടിക്കടയിൽ നിന്നും റോജയും കൂട്ടി ഒന്ന് മുറുക്കൽ പതിവാണ് . അതും വായിലിട്ട് ഏതെങ്കിലും ഒരു കടയുടെ മുന്നിൽ അലസമായി ഇരിക്കാം .
യാത്രപോകുന്നവരെ ഇങ്ങിനെ നോക്കിയിരിക്കാൻ എനിക്കേറെ ഇഷ്ടമാണ് . സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഏതെല്ലാം ദിക്കുകളിലേക്കായിരിക്കും അവരൊക്കെ നീങ്ങുന്നത് . യാത്രക്കാരുടെ മുഖത്തായിരിക്കാം ഏറ്റവും സന്തോഷം കാണുക . ഈ യാത്രയിൽ കിലോമീറ്ററകളോളം അവരെ പിന്തുടരുന്ന ഭാവം എന്തായിരിക്കുമെന്ന് എനിക്കറിയാം . ഈ ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ ബന്ദിപ്പൂർ വനമായി . വഴിയരികിൽ മുളയൊടിക്കുന്ന ഒരു കൊമ്പൻ അവരെ പേടിപ്പെടുത്തും . അപ്പോൾ ഭയം വിരിയും . കാട് കഴിഞ്ഞാൽ വിരിഞ്ഞു നിൽകുന്ന സൂര്യകാന്തി തോപ്പുകൾ കാണാം . അപ്പോൾ മുഖത്ത് സന്തോഷം വിരിയും . തൊട്ടടുത്ത നിമിഷം ആവുന്നതിലും കൂടുതൽ ഭാരവും വലിച്ച് രണ്ട് കാളകൾ നീങ്ങുന്നത് കാണാം . അവരുടെ മുഖത്ത് അപ്പോൾ വിരിയുന്ന ഭാവം ദുഃഖമാവില്ലേ ? അതുകഴിഞ്ഞാൽ വഴിയരികിൽ ഇളനീർ വെട്ടി വിൽക്കുന്നവരെ കാണും . നെറ്റിയിലെ വിയർപ്പ് തുടച്ച് നിങ്ങൾ നൽകുന്ന പത്ത് രൂപ വാങ്ങുന്ന ശോഷിച്ച കൈകൾ നിങ്ങളിൽ ഒരു ദയനീയ ഭാവം വിരിയിക്കും . ഉടനെ ആൽമരത്തിൽ നിന്നും ഊർന്നിറങ്ങുന്ന വാനരന്മാർ ആശ്ചര്യം നൽകും . ഇങ്ങിനെ ദുഃഖം സന്തോഷവും പേടിയും നിസ്സഹായതയും എല്ലാം കൂടിച്ചേർന്നതാണല്ലോ ഓരോ യാത്രയും . അവർ യാത്ര തുടരട്ടെ . ഞാൻ തുറപ്പള്ളിയിലെ ആ ബെഞ്ചിലേക്ക് തന്നെ തിരിച്ചു വന്ന് ബാക്കി പറയട്ടെ .
ഒരിക്കൽ രാത്രി ബന്ദിപൂർ വനത്തിൽ വെച്ച് വണ്ടി കേടായി പതുക്കെ ഓടിച്ച് തുറപ്പള്ളി എത്തിയപ്പോൾ ഒരൊറ്റ കട തുറന്നിട്ടില്ല . ആനക്കൂട്ടം രാത്രിയിൽ ഇപ്പോൾ ഇവിടേക്കും ഇറങ്ങുന്നുവത്രേ . പതുക്കെ വണ്ടി ഓടിക്കുമ്പോൾ ഞങ്ങൾ കണ്ടതാണ് അത് . ഗട്ടറിൽ ചാടി വല്ലാത്തൊരു ശബ്ദവുമായി ഓടുന്ന വണ്ടി . കാടിന്‍റെ നിശബ്ദതക്ക് ഭീഷണി ആയാലും കാട്ടുമൃഗങ്ങൾക്ക് പ്രകോപനം ആവരുതേ എന്നൊരു പ്രാർത്ഥനയേ ഉള്ളൂ . നന്നായി പേടിച്ചൊരു യാത്ര . മുളകൾ തൂമ്പ് പൊട്ടിയ സമയമായത് കൊണ്ടാവാം ധാരാളം ആനകളെയും കാണാം . രാത്രി ഒമ്പത് മണിക്ക് ശേഷം റോഡ് തുറന്നുകൊടുക്കില്ല . കോടതി വിധിയാണ് . അതുകൊണ്ട് വാഹനങ്ങളും കുറഞ്ഞു വരുന്നു . ഒരു പാണ്ടിലോറിക്കാരൻ പതുക്കെ ഞങ്ങളുടെ മുന്നിലൂടെ ഓടിച്ചത് കൊണ്ടാണ് അപകടം ഇല്ലാതെ പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു . ആ സ്നേഹത്തിന് പകരമായി നീട്ടിയ നോട്ടുകൾ അയാൾ സ്വീകരിച്ചില്ല . വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി മനോഹരമായി ചിരിച്ചു . ഞങ്ങൾ സുരക്ഷിതമായി തുറപ്പള്ളി എത്തിയപ്പോൾ ആക്സിലേറ്റർ നീട്ടി ചവിട്ടി കാടിന്‍റെ ഇരുളിലൂടെ ആ ലോറി പാഞ്ഞുപ്പോയി .
രാത്രി ഒരു പഞ്ചർ അടക്കുന്ന ആളുടെ വീട് തപ്പി കണ്ടുപിടിച്ച് വിളിച്ചു വന്നു . അയാൾക്കൊരു പരിഭവവും തോന്നിയില്ല . സന്തോഷത്തോടെ വണ്ടിയുടെ കേട് തീർത്തുതന്നു . ഒരു തമിഴ് പാട്ടും മൂളി അയാൾ തിരിച്ചു പോയി . തിരിച്ച് കാറിൽ കയറുമ്പോൾ ഒന്നൂടെ തിരിഞ്ഞു നോക്കി . പെട്രോൾ പമ്പിലെ മങ്ങിയ വെളിച്ചത്തിനുമപ്പുറം ബന്ദിപ്പൂർ വനം തുറിച്ചു നോക്കുന്നു . തുറപ്പള്ളി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഇടത്താവളം തണുപ്പിനെ വാരിപുണർന്ന് ഉറങ്ങാൻ ഒരുങ്ങുന്നു . എല്ലാം കഴിഞ്ഞ് വീടെത്തുമ്പോൾ രാത്രി മൂന്ന് മണി . കോഴിക്കോട് പോവാണ് എന്ന് പറഞ്ഞ് ഗുണ്ടൽ പേട്ട പോയി വന്ന സത്യസന്ധനായ മകനോടുള്ള സ്നേഹം ഉമ്മ ഒരടിയിലൂടെ തീർത്തു . പക്ഷേ ആ അടി എനിക്കിഷ്ടായി . കാരണം കാലങ്ങൾക്ക് ശേഷമാണ് ഉമ്മയുടെ അടി കൊള്ളുന്നത് . അതിൽ സ്നേഹമുണ്ടായിരുന്നു . തുറപ്പള്ളിയിലെ ആ അമ്മയുടെ മുളകുബാജി പോലെ എരുവുള്ള മധുരമായി ആ അടിയിലെ സ്നേഹം ഞാൻ ഏറ്റുവാങ്ങി .
യാത്രയുടെ മധുരവും മടിയുടെ അലസതയും ചേര്‍ന്നൊരു പോസ്റ്റ്. ഒരു മൂന്നുദിവസ വിനോദയാത്ര ഒറ്റദിവസം കൊണ്ട് തീര്‍ത്ത് തിരികെ പോരേണ്ടിവന്ന തോന്നലേകി വായിച്ചു കഴിഞ്ഞപ്പോള്‍...,.ഇത്രയും ത്രില്ലിങ്ങായ അനുഭവങ്ങള്‍ ഒന്നുകൂടി വിശദമായി എഴുതാമായിരുന്നില്ലേ, ചെറുവാടിയുടെ പഴയ പോസ്റ്റുകള്‍ പോലെ..
ReplyDeleteഇടത്താവളങ്ങളില്‍., ഒരിക്കല്‍ മൈസൂര്‍ യാത്രക്കിടെ ബന്ദിപൂർ വനത്തിൽ വെച്ച് വണ്ടി കേടായി....പിന്നെ സംഭവിച്ചത് :) സംഭവ ബഹുലമാണ് അതെല്ലാം പെട്ടെന്നൊരു ഓര്‍മയായി ഓടിയെത്തി. യാത്രകള്‍ തുടരട്ടെ ആശംസകള്‍ .
ReplyDeleteഹാ. ഇതിവിടെ പൊസ്റ്റായല്ലേ..:)
ReplyDeleteകൊള്ളാം..
ഞാനും ഒരുപാട് തവണ കടന്ന് പൊയിട്ടുണ്ട് ഈ വഴി..
കൊതുകടി കൊണ്ട് , വണ്ടിക്ക് മുകളില്‍ കിടന്നും, സീറ്റിലിരുന്നും നേരം വെളുപ്പിച്ചിട്ടുണ്ട് ഇങ്ങിനെ ചെക്ക് പോസ്റ്റുകളില്‍..
കലവ് പറഞ്ഞ് ഒരു പാട് മുങ്ങീട്ടുണ്ടെങ്കിലും അടി കൊണ്ടിട്ടില്ല ഇതു വരേം.. ഒരു പക്ഷേ അതായിരിക്കാം എന്‍റെ പ്രശ്നോം..
ഇത്തവണ നാട്ടില്‍ ചെന്നാല്‍ ചോദിക്കണം.. “ എന്താ ഉമ്മാ ഇത്രേം കാലായിട്ടും എന്നെ അടിക്കാഞ്ഞത് “ ന്ന്
എഴുത്ത് നന്നായടൊ
യാത്ര വിവരണം മുളക് ബജി പോലെ കിടിലൻ ലോറി ഡ്രൈവർക്ക് ഒരു അവധൂതന്റെ പരിവേഷം ഉണ്ട് നന്മകൾ ലോറി ഓടിച്ചും വരാം
ReplyDeleteവല്യ പ്രതീക്ഷയോടെയാണ് വന്നത് .
ReplyDeleteഇതിപ്പോ മൈസൂരിലേക്ക് ടൂര് പോകാൻ വന്ന കുട്ടികളെ നിലമ്പൂരിലെ തെക്ക് മൂസിയം കാട്ടി കൊടുത്ത് മടക്കി വിട്ട മാഷമ്മാരെ പണി പോലെയായി ..
തീരെ ചെറിയ പോസ്റ്റ് ..
അത് നേരത്തെ എഫ്. ബി യിൽ വായിച്ചതും ..
"പ്രതിഷേധം രേഖപ്പെടുത്തി പോകുന്നു "
നന്നായിട്ടുണ്ട്..
ReplyDeleteഉമ്മയുടെ കയ്യില്‍നിന്ന് കിട്ടിയ അടിയില്‍ എല്ലാം അടങ്ങിയിരിക്കുന്നു.
ReplyDeleteഎങ്കിലും ഇങ്ങനെയൊക്കയുള്ള സാഹസിക യാത്രയ്ക്ക് പോകുമ്പോള്‍ ഒന്നു
പറഞ്ഞുകൂടായിരുന്നോ?
എഴുത്ത് നന്നായി.
ആശംസകള്‍
പ്രിയപ്പെട്ട മൻസൂർക്ക .. എന്താ പറയ്വ .. പോസ്റ്റ് ചെറുതാണ് എങ്കിലും ഇഷ്ടായി .. വല്ലാത്തൊരു നിഷ്ക്കളങ്കതയുള്ള എഴുത്താണ് താങ്കളുടെ .. അവസാനം ഉമ്മയുടെ ആ അടി വാങ്ങുമ്പൊഴെക്കും വായിച്ചു വരുന്നവരുടെ മനസ്സ് നിറയുന്നത് അത് കൊണ്ടാണ് .. അല്ലെങ്കിലും ഒരുപാട് എഴുതി കൂട്ടുന്നതിലല്ല, എഴുതിയ വാക്കുകളെ വായനക്കാരന്റെ മനസ്സിലേക്ക് എത്തിക്കുന്നതിലാണ് കാര്യം ..
ReplyDeleteഒരു പാട് പോയ വഴി - അത് കൊണ്ട് തന്നെ ഇഷ്ടമുള്ള വഴി .
ReplyDeleteആനയെ ഭയങ്കര ...പേടിയാണ് .. കാരണം .
എന്റെ മിക്കവാറും സ്വപ്‌നങ്ങൾ ഒരാന എന്നെ ഓടിക്കുന്നതായാണ് കാണാറ് ..
ബാവല്ലിയിൽ പോയി വരുമ്പോ ആന കാറിനു നേരെ ഓടി വന്നത് ഒരു ചെറിയ ഞെട്ടൽ ഉണ്ടാക്കിയ സംഭവമാണ് .
യാത്രാ വിവരണം നന്നായി
യാത്രപോകുന്നവരെ ഇങ്ങിനെ നോക്കിയിരിക്കാൻ എനിക്കേറെ ഇഷ്ടമാണ്
ReplyDeleteനോട്ടം വളരെ സെലക്റ്റീവ് ആയിരിയ്ക്കണം കേട്ടോ.
അല്ലെങ്കില്‍ പ്രശ്നമാണേ....!!
വായ് നോട്ടം എന്ന് പറഞ്ഞ് സദാചാരക്കാര് പെരുമാറും...ഹഹഹ
ഈ അജിത്തെട്ടൻ കമൻറ് എഴുതാത്ത ഒരു ബ്ലോഗ് എങ്കിലും കണ്ടിട്ട് മരിച്ചാ മതിയായിരുന്നു ...:)
Delete
ReplyDeleteഈ അജിത്തെട്ടൻ കമൻറ് എഴുതാത്ത ഒരു ബ്ലോഗ് എങ്കിലും കണ്ടിട്ട് മരിച്ചാ മതിയായിരുന്നു ...:)
ഒരുപാട് ഇഷ്ടായി ബന്ദിപ്പൂരിലൂടെ യാത്ര കൂടുതൽ രസകരമായി തോന്നിയത് കെഎസ്ആർടിസി ബസിന്റെ മുമ്പിലിരുന്ന് പോകുമ്പോഴാണ് ...
ആനവണ്ടിയുടെ ഒച്ചയും ബഹളവും ..ചിര പരിചിതമായ വഴിയിലൂടെ ഉള്ള
ഓടിപ്പാച്ചിലും .. അതിനിടയ്ക്ക് നമ്മളെ ഒന്ന് മൈൻറ് പോലും ചെയ്യാതെ ഓടിക്കളിക്കുന്ന
മാൻ കൂട്ടവും ... കുരങ്ങന്മാരും ..ഒരുപാട് ആസ്വദിച്ചിട്ടുണ്ട് ബംഗ്ലൂർ യാത്രയിൽ ...
പ്രൈവറ്റ് ബസിൽ മാത്രം ബംഗ്ലൂരിലെക്ക് യാത്ര ചെയ്തവർ ഒരു വട്ടമെങ്കിലും
കെ എസ ആർ ടി സി യിൽ ഒരു യാത്ര നടത്തണം..ഞാൻ ഉറപ്പു ...തരുന്നു ... ഒരു
പുതിയ മനോഹരമായ അനുഭവമായിരിക്കും അത് ...
ഇംഗ്ലീഷിൽ പറഞ്ഞാൽ ഒരു down to earth journey...
നന്ദി ഈ മനോഹരമായ എഴുത്തിന് ...
നല്ല മധുരമുള്ള യാത്ര !
ReplyDeleteഅതില്‍ അല്പം പേടിയും....
അസ്രൂസാശംസകള്‍
ഇതിലെ ഞാന്‍ പോയിട്ടില്ല .........മനോഹരമായ ഈ വഴികളിലൂടെ ഒരിക്കല്‍ പോകണം !
ReplyDeleteആ അടി എനിക്കും ഇഷ്ടമായി...:)
ReplyDeleteഅക്ഷരങ്ങൾക്ക് ഈ യാത്രയേക്കാൾ ഭംഗി ഉണ്ട് ......യാത്രകളിലൂടെ ഇനിയും അക്ഷരങ്ങൾപൂവിടട്ടെ ....
ReplyDeleteമനസ്സിന് കുളിർമ്മ നൽകുന്ന അനുഭവം, നന്മകൾ വിരിയട്ടേ .., ആശംസകൾ
ReplyDeleteഓര്‍മ്മയില്‍ വീണ്ടും പച്ചച്ച യാത്രകള്‍....
ReplyDeleteവകുപ്പിന്റെ ജീപ്പില്‍ തന്നെ കാടിനുള്ളിലേക്ക്, പിന്നെയും ഉള്ളിലേക്ക്...
മാനും മയിലും ആനക്കൂട്ടങ്ങളും കടന്ന്...
മണ്ണ്‍ പുരണ്ട കാട്ടുപോത്തുകള്‍ മേയുന്ന കാട്ടുചോലക്കുമക്കരെയുള്ള വനസംരക്ഷകരുടെ നിരീക്ഷണ ഗോപുരം വരെ...
അവിടെ നിന്നും സൈലന്റ് വാലിയുടെ ആകാശക്കാഴ്ച...
ഇനി മുഹബ്ബത്ത് ചേര്‍ത്ത് ഒരു സുലൈമാനി ആവാം...
മന്‍സൂ... പറഞ്ഞുറപ്പിച്ച പോലെ നമുക്കൊന്ന് പോവണം, ഭൂമിയെ ഇനിയു അടുത്ത് കാണാന്‍ ..
ആശംസകള്‍ !
ഒരിക്കല്‍ ഊട്ടിക്കടുത്ത് മസിനഗുഡിയില്‍ പോയപ്പോള്‍ അവിടെനിന്ന് തെപ്പക്കാടു വരെ പോയത് ഓര്‍ക്കുന്നു. തെപ്പക്കാട് ഒരു ആനസംരക്ഷണകേന്ദ്രമുണ്ട്. പരിചയസമ്പന്നനായ ഒരു ഡ്രൈവറായിരുന്നു അന്ന് വാഹനമോടിച്ചിരുന്നത്. ആനകളും കടുവകളുമൊക്കെ ഏതൊക്കെ ഭാഗത്ത് ഉണ്ടാവുമെന്ന് അയാള്‍ക്കറിയാമായിരുന്നു. ബന്ദിപ്പൂര്‍ വനത്തിന്റെ മനോഹാരിത അന്ന് ആവോളം ആസ്വദിച്ചു. കാട്ടാനകളെയും മാനുകളെയും മയിലുകളെയും ദൂരെ പാറപ്പുറത്ത് കടുവയെയും കണ്ടു. പക്ഷേ തുറപ്പള്ളിയെപ്പറ്റി ആദ്യമാണ് കേള്‍ക്കുന്നത്. ഈ ഹൃദ്യമായ യാത്രാവിവരണത്തിന് നന്ദി...
ReplyDeleteഅറിയുമോ മൻസു മൈസൂരില്ന്നു വരുമ്പോഴേ ഒരിക്കെ ആന ഓടിച്ചു.. കഷ്ടിച്ച് രക്ഷപെട്ടതാ ...
ReplyDeleteബാവലി വഴി പോയോ?
മനസു ഇങ്ങനെ പറയുമ്പോൾ ഞാൻ കാണുകയാ ആ ഓരോ വഴിയും ... 1 വർഷം 50 ഏറെ തവണ ....
എനിക്ക് മിസ്സ് ആവണൂലോ ..
അല്ല മൻസു, നിനക്ക് നോസ്ടി തലയ്ക്കു പിടിചിരിക്കുവാ ബാക്കിയു ള്ളോന്റെ തലേലും കുത്തി തിരുകണം കേട്ടോ ...അല്ല പിന്നെ :@
മധുരിക്കും ഓര്‍മ്മകള്‍ ....
ReplyDeleteസാധാരണക്കാരന്റ യാത്ര..സാധാരണക്കാരന്‍റെ കാഴ്ച..സാധാരണക്കാരന്‍റെ ഭാഷ..
ReplyDeleteഅതുകൊണ്ടായിരിക്കണം മനസ്സ് വാക്കുകള്‍ക്കൊപ്പം സഞ്ചരിച്ചത്.
ആശംസകളോടെ..
ഞാൻ ആദ്യമായാണ് തുറപ്പള്ളിയെ പറ്റി കേൾക്കുന്നത്.
ReplyDeleteഅല്ലെങ്കിലും ഒറ്റെപ്പെട്ടു പോകുന്ന യാത്രകൾ എത്രകാലം കഴിഞ്ഞാലും മനസ്സിൽ തന്നെ അങ്ങനെ കിടക്കും. വിവരണമ നന്നായി. ഉമ്മയുടെ അടിയുടെ സുഖം വേദനയുള്ള ഒരു സുഖമാണു. കുറെ കഴിയുമ്പോൾ അത് സത്യമായി തീരും. ഇനിയും വഴിയാത്രകളിൽ പച്ചപ്പുള്ള യാത്രകൾ ഉണ്ടാകട്ടെ
യാത്രയിലെ ഓരോ അടയാളങ്ങളും മനസ്സിന്റെ ആഴങ്ങളിൽ പതിയും.
ReplyDeleteവെറുതെയിരിക്കുമ്പോൾ നിർവൃതി ചികയാൻ പറ്റിയ പച്ചപ്പുകൾ.
അനുഭവങ്ങളും കാഴ്ചകളും മനോഹരമായി പകർന്നു നല്കാൻ കഴിയുമ്പോഴാണ്
യാത്രികൻ വിജയിക്കുന്നത്. താങ്കൾ എത്ര വശ്യമായി പറയുന്നു
നല്ല പോസ്റ്റ്
ReplyDeleteഎത്ര പേരുടെ സ്നേഹമാണ് വായനക്കാരെക്കൊണ്ട് അനുഭവിപ്പിച്ചത്. ബജി വില്‍ക്കുന്ന വഴിക്കച്ചവടക്കാരി ഉമ്മയുടെ, നല്ലവനായ പാണ്ടിലോറി ഡ്രൈവറുടെ,മെക്കാനിക്കിന്റെ,ഒടുവില്‍ സ്വന്തം ഉമ്മയുടെ.
ഈ സ്നേഹ പോസ്റ്റിനു നന്ദി
എഴുതി കൊതിപ്പിക്കാന്‍ ചെറുവാടിയെ കഴിഞ്ഞേ ഉള്ളൂ ആരും....
ReplyDeleteവായിച്ചാല്‍ ആ വഴി ഒരു വട്ടമെങ്കിലും ഒന്ന് പോവാന്‍ തോന്നും. കിട്ടുന്ന പത്തു പതിനഞ്ചു ദിവസത്തെ ലീവ് അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും തികയാത്ത എന്നിലെ പ്രവാസിക്ക് യാത്രക്ക് സമയമെവിടെ? ഇത് പോലെ യാത്രാ വിവരണങ്ങളിലൂടെ സ്ഥലങ്ങളെ അറിയുന്നു. അങ്ങോട്ടൊരു മനസ്സഞ്ചാരം നടത്തുന്നു. ഇനിയും എഴുതി കൊതിപ്പിക്കുക ചെറുവാടി. വീണ്ടും വരാം.
തുറപ്പള്ളിയിലെ ആ അമ്മയുടെ മുളകുബാജി പോലെ എരുവുള്ള മധുരമായി ആ അടിയിലെ സ്നേഹം ഞാൻ ഏറ്റുവാങ്ങി....
ReplyDeleteഇഷ്ട്ടപ്പെട്ട വരികള്‍
യാത്രകൾ അങ്ങനെ തുടരട്ടെ, ഒരു നിരീഷണമാണ് ഈ യാത്രകൾ, ജീവിതം മനസ്സിലാക്കാൻ യാത്രകൾക്ക് കഴിയും ഒരുപാട്
ReplyDeleteപലവട്ടം , പല സമയങ്ങളിൽ , പലരോടൊപ്പം , പല ശകടങ്ങളിൽ യാത്ര ചെയ്ത തുറപ്പള്ളിയും അവിടുത്തെ ഹോട്ടലുകളും വീണ്ടും മനസ്സ് നിറച്ചു .
ReplyDeleteനല്ല ഒരു അനുഭൂതി പകർന്ന വായന അനുഭവം നല്കിയ പോസ്റ്റ് .. !
ആഹ്..ഇതിപ്പൊ എത്ര സുലൈമാനികളായി ഇവിടന്ന് കുടിച്ചു പോണൂ..
ReplyDeleteദീർഘ യാത്രകളോട് വല്യേ താത്പര്യം ഇല്ലെങ്കിലും ഈ വായനയിലൂടെ കിട്ടുന്ന യാത്രാനുഭവം ആസ്വാദിക്കാറുണ്ട്..
സാഹിത്യവും സംഗീതവും അവതരണ മേന്മയും കൊണ്ട് കയ്യടക്കാറുള്ള ആ സൗന്ദര്യം പൂർണ്ണമായി പതിഞ്ഞിട്ടില്ലെങ്കിലും...പ്രകൃതിയുടെ വശ്യത വായനയിൽ സന്തോഷം നൽകുന്നു..
നന്ദി ട്ടൊ..ആശംസകൾ..!
ആ വഴിയൊന്നും പോയിട്ടില്ലിതുവരെ..
ReplyDeleteആശംസകൾ...
യാത്രകളെ മനോഹരമാക്കുന്നത് ഇത്തരം ഇടത്താവളങ്ങളും, അപൂര്‍വ്വമായ അനുഭവങ്ങളുമല്ലെ.യാത്രകളില്‍ ആരും പറയാന്‍ താല്‍പ്പര്യമെടുക്കാത്ത ഇടത്താവളങ്ങളെയും, ഒരു യാത്രാനുഭവമാക്കാന്‍ സാധിക്കുന്നത്, യാത്രകളെ അത്രയേറെ ഹൃദയത്തോട് ചേര്‍ത്തുവെച്ചതുകൊണ്ടാണ്......
ReplyDeleteയാത്ര എന്നത് ചെറുവാടിയെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാനാവുന്നു.....
മൻസൂർക്ക എത്ര മനോഹരായിട്ടാണ് ഓരോ യാത്ര വിവരണവും എഴുതുന്നത് .
ReplyDeleteഒന്നുപോലും വിട്ടുപോകാതെ വായനക്കാരിലേക്കും എത്തിക്കുന്ന ഈ കഴിവിനെ അഭിനന്ദിക്കാതെ വയ്യ .
കേട്ടറിവുമാത്രമുള്ള സ്ഥലങ്ങളെപ്പറ്റി മൻസൂർ എഴുതുമ്പോൾ യാത്രപോകാനുള്ള ത്വരയുണരുന്നു. വനപ്രദേശത്ത് ആനയുടെ ആക്രമണം ഭയന്ന് നെഞ്ചിടിപ്പോടെ യാത്രചെയ്യുന്നതിനെപ്പറ്റിയുള്ള വിവരണമായാൽപ്പോലും യാത്രയ്ക്കുള്ള കൊതിയുണർത്തുംവിധം വശ്യമാണ് ആ ആവിഷ്ക്കാരചാരുത.
ReplyDeleteപ്രിയപ്പെട്ട മൻസൂർ... മനസ്സിൽ ഏറെനാളായി കുടിയേറിയ ഒരു വനപ്രദേശമാണ് ബന്ദിപ്പൂർ... പക്ഷേ ഇന്നും അതൊരു സ്വപ്നം മാത്രമായി അവശേഷിയ്ക്കുമ്പോൾ, കൊതിപ്പിച്ചുകൊണ്ടിതാ ഒരു പോസ്റ്റ്... അല്പം ചുരുക്കിക്കളഞ്ഞോ എന്നൊരു സംശയം വായിയ്ക്കുമ്പോൾ തോന്നുന്നുവെങ്കിലും, അതീവ ഹൃദ്യമായ ആവിഷ്കാരശൈലി ആ കുറവ് പരിഹരിയ്ക്കുന്നു....
ReplyDeleteഅമ്മമാരുടെ എല്ലാക്കാലത്തും ഏല്ലാ ദേശത്തും ഒരുപോലെതന്നെ.... എന്റെ കാടുകളിലേയ്ക്കുള്ള ഓരോ യാത്രയിലും അമ്മയുടെ മുഖത്തുതെളിയുന്ന വേവലാതി, ആ സ്നേഹപൂർവ്വമുള്ള ഉമ്മയുടെ അടിയിലും നിറഞ്ഞുനിൽക്കുന്നു... പലപ്പോഴും 2ദിവസം എന്ന് പറഞ്ഞ് കാടുകയറിയാൽ ചിലപ്പോൾ 4-5 ദിവസം കഴിഞ്ഞായിരിയ്ക്കും മടക്കം... അതിന്റെപേരിൽ എന്നും വഴക്ക് കേൾക്കാറുണ്ടെന്ന് മാത്രം... പക്ഷേ തല്ല് കിട്ടിയിട്ടില്ല.. :(
ഫേസ് ബുക്കിലു വായിച്ചതാ...
ReplyDeleteഎന്നാലും പിന്നേം വായിച്ചു... എഴുത്ത് അങ്ങനെയാണല്ലോ..
നിലമ്പൂര്‍ വഴി പോകുമ്പോള്‍ ഈ സ്ഥലം ഇനി നോക്കി വെയ്ക്കാം.
ReplyDeleteമധുരിക്കുന്ന ഓർമ്മകൾ അയവിറക്കുന്ന
ReplyDeleteഈ ഇടത്താവളത്തിൽ ഞാനിന്നാണ് കയറിയിരുന്നത് കേട്ടൊ ഭായ്
valare manoharamaaya oru yathra vivaranam.....................
ReplyDeleteഹേയ് ഒരു യാത്ര കഴിഞ്ഞ സുഖം ..
ReplyDeleteചാരുത നിറഞ്ഞ അക്ഷരങ്ങള്‍ വായനക്കാരനെയും കൂടെ കൂട്ടും പോവാനും തോന്നുന്നു
ആശംസകളോടെ
പതിവിലും അല്പം വ്യത്യസ്തമായ എഴുത്ത്.
ReplyDeleteമിശ്രണങ്ങളുടെ ഏറ്റക്കുറച്ചിളുകളില്‍ മുന്നിട്ടു നില്‍ക്കുന്നത് നോസ്ടാല്‍ജിയ തന്നെയാണ്.
മാതൃവാത്സല്യം മേമ്പോടിയായി വിതറിയിട്ടുണ്ട്.
ഏറ്റവും മനോഹരമായത് ആ ബെഞ്ചിലിരുന്നുകൊണ്ട് മുന്‍പേ പോയ യാത്രികര്‍ക്കൊപ്പം സഞ്ചരിച്ചതാണ്.
എല്ലാംകൂടി ചേര്‍ന്ന വിഭവം രുചികരമാണ്.
വായന അടയാളപ്പെടുത്തുന്നു
ReplyDeleteപരീക്ഷകളുടെ തിരക്കില്‍ വായന വൈകി..എപ്പോഴും യാത്ര തന്നെ അല്ലേ? നല്ല വിവരണം.വാത്സല്യസ്പര്‍ശം ഉള്ള അവസാന വരികള്‍ ഏറെ ആകര്‍ഷകം.
ReplyDeleteസസ്നേഹം
അജിത
ഫേസ്ബുക്കില്‍ വായിച്ചിരുന്നു.
ReplyDeleteഎന്നാലും വീണ്ടു വായിച്ചു രസിച്ചു.
സുന്ദരമായ ഈ യാത്രകള്‍ പോകാനും അതിനെ പറ്റി ഇങ്ങിനെ മനോഹരമായി എഴുതാനും മന്‍സൂര്‍ഭായ് ഭാഗ്യം ചെയ്യണം. ഇനിയും കൊണ്ട് പോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍.
ReplyDeleteഅവസാനം തല്ലു മേടിച്ചെങ്കിലും സംഗതി നന്നായിട്ടുണ്ട്.
ReplyDeleteഎല്ലാർക്കും നന്ദി എല്ലാർക്കും സ്നേഹം
ReplyDeleteദുഃഖം സന്തോഷവും പേടിയും നിസ്സഹായതയും എല്ലാം കൂടിച്ചേർന്നതാണല്ലോ ഓരോ യാത്രയും
ReplyDeleteishtamaayi
". ഈ യാത്രയിൽ കിലോമീറ്ററകളോളം അവരെ പിന്തുടരുന്ന ഭാവം എന്തായിരിക്കുമെന്ന് എനിക്കറിയാം . ഈ ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ ബന്ദിപ്പൂർ വനമായി . വഴിയരികിൽ മുളയൊടിക്കുന്ന ഒരു കൊമ്പൻ അവരെ പേടിപ്പെടുത്തും . അപ്പോൾ ഭയം വിരിയും . കാട് കഴിഞ്ഞാൽ വിരിഞ്ഞു നിൽകുന്ന സൂര്യകാന്തി തോപ്പുകൾ കാണാം . അപ്പോൾ മുഖത്ത് സന്തോഷം വിരിയും . തൊട്ടടുത്ത നിമിഷം ആവുന്നതിലും കൂടുതൽ ഭാരവും വലിച്ച് രണ്ട് കാളകൾ നീങ്ങുന്നത് കാണാം . അവരുടെ മുഖത്ത് അപ്പോൾ വിരിയുന്ന ഭാവം ദുഃഖമാവില്ലേ ? അതുകഴിഞ്ഞാൽ വഴിയരികിൽ ഇളനീർ വെട്ടി വിൽക്കുന്നവരെ കാണും . നെറ്റിയിലെ വിയർപ്പ് തുടച്ച് നിങ്ങൾ നൽകുന്ന പത്ത് രൂപ വാങ്ങുന്ന ശോഷിച്ച കൈകൾ നിങ്ങളിൽ ഒരു ദയനീയ ഭാവം വിരിയിക്കും . ഉടനെ ആൽമരത്തിൽ നിന്നും ഊർന്നിറങ്ങുന്ന വാനരന്മാർ ആശ്ചര്യം നൽകും . ഇങ്ങിനെ ദുഃഖം സന്തോഷവും പേടിയും നിസ്സഹായതയും എല്ലാം കൂടിച്ചേർന്നതാണല്ലോ ഓരോ യാത്രയും . " ഈ കുറിപ്പിൽ എനിക്കേറെ ഇഷ്ടമായ വരികൾ !!
ReplyDelete