Tuesday, January 14, 2014

ചുരം കയറുന്ന സ്വപ്‌നങ്ങൾ



കുട്ടിക്കാലത്ത് കേട്ട ഒരു കഥ . 
രാത്രി വളരെ വൈകി നാടുകാണി ചുരം ഇറങ്ങി വരുന്ന ഒരു വാഹനത്തിന് ഒരു അപരിചിതൻ കൈ കാണിക്കുന്നു . 
സ്വാഭാവികമായും പേടിച്ച യാത്രക്കാർ നിർത്താതെ പോയത് ഒരു കാട്ടാനയുടെ  മുന്നിലേക്ക്‌ . 
സത്യത്തിൽ വഴിയിൽ  ആനയുണ്ട് എന്ന് പറയാനായിരുന്നത്രേ അയാൾ കൈ കാണിച്ചത് . ആരാണ് അയാൾ  , എവിടന്നു വന്നു എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല . കാട്ടാന എന്നൊക്കെ കേട്ടാൽ വിരളുന്ന ഒരു പ്രായത്തിൽ ഒരൽപം ആവേശമുള്ള ഒരു ഫെയറി ടെയിൽ പോലെ ഈ കഥ മനസ്സിലുറച്ചു . കാലം മുന്നോട്ട് നീങ്ങി . പണ്ട് ആ കഥ വീണ്ടും വീണ്ടും ഓർത്ത് അത്ഭുതപ്പെട്ട ഞാൻ , നാടുകാണി ചുരം പലവട്ടം കയറിയിറങ്ങി . അപ്പോഴൊക്കെ കൗതുകം നിറഞ്ഞ കണ്ണുകൾ തേടാറുണ്ട് ഒരു ഒറ്റയാനെ . അതേ പേടിയോടെ സങ്കൽപ്പിക്കാറുണ്ട്‌ അത് മുന്നിൽ വന്ന് ചാടുന്നത്  . ഇരുട്ടിന്‍റെ മറവിൽ നിന്നും ഒരത്ഭുത മനുഷ്യൻ വന്ന് , "മുന്നോട്ട് പോകല്ലേ അവിടെ ആനയുണ്ട്" എന്ന് പറയുന്നത് . പക്ഷേ ഒന്നും സംഭവിച്ചില്ല . പകലിലെ കയറ്റവും രാവിലെ ഇറക്കവും മാത്രം അന്നും ഇന്നും തുടരുന്നു . അതേ ആവേശവും ബാക്കിയാവുന്നു . 

രണ്ട് ചുരങ്ങൾ എന്നെ വല്ലാതെ മോഹിപ്പിക്കാറുണ്ട് . നാടുകാണിയും വയനാടും . അതിന്‍റെ വളവുകളിലൂടെ എന്‍റെ  സ്വപ്‌നങ്ങൾ  പലവട്ടം കയറി ഇറങ്ങിയിട്ടുണ്ട് . നേരത്തെ പറഞ്ഞ കഥ ഇന്നും എന്നെ വിസ്മയിപ്പിക്കുന്നതു കൊണ്ടാവാം , നാടുകാണിയോട്‌ ഒരൽപം ഇഷ്ടക്കൂടുതൽ . നാടുകാണിയുടെ ചരിത്രം തേടി ഒരു നെറ്റ് ടൂർ നടത്തിയപ്പോൾ കിട്ടിയ വാർത്ത കൂടെ ചേർക്കട്ടെ . വില്ല്യം കാംബെൽ എന്ന ബ്രിട്ടീഷുകാരനാണ് നാടുകാണി ചുരത്തിന്‍റെ  പിതാവ് എന്നറിയപ്പെടുന്നത് . ഒരു പണിന്‍റെ സഹായത്തോടെ ചുരം കയറുകയും ഇതേതാണ് നാട് എന്ന് ചോദിച്ചപ്പോൾ നാട് കാണില്ല എന്ന് പറയുകയും ചെയ്തു . ആ ദേഷ്യത്തിൽ സായിപ്പ് അയാളെ വെടിവെച്ച് കൊല്ലുകയും പിന്നെ കുറ്റബോധത്തിൽ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു എന്നാണ് കഥ . ഇതെത്രതൊളം  വിശ്വാസയോഗ്യമാണ് എന്നറിയില്ല . ഒരു പക്ഷേ ആ പണിയന്‍റെ ആത്മാവ് ആയിരിക്കുമോ അന്നാ യാത്രക്കാരുടെ മുന്നിൽ ആനയുണ്ടെന്ന് പറയാൻ കൈ കാണിച്ചത് ..? കഥക്ക് അതിഭാവുകത്വം നൽകാൻ അങ്ങിനെ കൂട്ടി ചേർക്കാം അല്ലേ ..? 

വയനാട് ചുരത്തിനും ഉണ്ട് ഇതുപോലൊരു കഥ . ബ്രിട്ടീഷ്കാര്‍ക്ക് ചുരത്തിന് വഴി കാണിച്ചു കൊടുത്ത ,അതേ കാരണങ്ങള്‍ കൊണ്ട് വധിക്കപ്പെടുകയും ചെയ്ത കരിന്തണ്ടൻ  എന്ന ആദിവാസിയെ പറ്റിയാണ് ആ കഥ . എന്തുകൊണ്ടാവും ചുരങ്ങളെ ചുറ്റിപറ്റി ഇതുപോലുള്ള കഥകൾ പ്രചരിക്കുന്നത്..? എല്ലാം ഒരു മിത്തിന്‍റെ പൊതുസ്വഭാവം ഉള്ളതും . മിത്തുകൾ ഏറെ സ്വാധീനിക്കുന്ന ഒരു സംസ്കാരമാണല്ലോ  നമ്മുടേതും . എന്നാലും നാടുകാണി കഥയേക്കാൾ വിശ്വാസ്യത ഇതിന് തന്നെ . ഒരു വശത്ത് മുകളിലേക്കും മറ്റേ വശം വശം താഴേക്കും കാടുകൾ നിറഞ്ഞ നാടുകാണി യിലേക്ക് തന്നെ തിരിച്ചുവരാം .

നാടുകാണി പലർക്കും ഒരു യാത്രാവഴി മാത്രമാണെങ്കിലും എനിക്കത് ഒരു ലക്ഷ്യം കൂടിയാണ് . ആ ഭംഗി ആസ്വദിക്കാൻ മാത്രമായി അവിടെ പോവാറുണ്ട് ഞങ്ങൾ . വഴിക്കടവിലെ റോഡരുകിൽ ഒരു ഉമ്മ നടത്തുന്ന ചായക്കടയുണ്ട് . നാട് വിട്ടാൽ അടുത്ത സ്റ്റോപ്പ്‌ അതാണ്‌ . മീൻ മുളകിട്ടതും കപ്പയും കഴിക്കാൻ ഭൂമി മലയാളത്തിൽ ആ ഒരു കട കഴിഞ്ഞേ വേറെ ഉള്ളൂ . ഒരു പ്ലേറ്റ് കപ്പ കൂടി പോരട്ടെ എന്ന് പറഞ്ഞാൽ , അടുപ്പിലെ വിറക് കൊള്ളി ഒന്നൂടെ നീക്കി വെച്ച് അതിലേക്ക് വലിച്ചൂതി കണ്ണും തുടച്ച്  ആ ഉമ്മ പറയും , " നിക്ക് പഹയാ ..അനക്ക് മാത്രല്ല വയറ് ഉള്ളത് എന്ന് " . പറഞ്ഞുവന്നത് ചുരത്തിൽ കുറേ നേരം ഇരിക്കാനുള്ള റീച്ചാർജ് സ്റ്റേഷൻ ആണിത് . ഇതും കഴിച്ച് നേരെ ചുരം കയറി മേലെ ഇരിക്കാം .  



താഴെ അകത്തേക്ക് വരൂ എന്ന് പ്രലോഭിപ്പിച്ചുക്കൊണ്ട് കാട് . പലപ്പോഴും തോന്നിയിട്ടുണ്ട് കുത്തനെ ഇറങ്ങി കാടിനുള്ളിൽ മറഞ്ഞാലോ എന്ന് . ഏത് അദൃശ്യ ശക്തിയാവണം ഇങ്ങിനെ വിളിച്ചുക്കൊണ്ടിരിക്കുന്നത് ..? ഏത് രഹസ്യം കൈമാറാനായിരിക്കും  മനസ്സ് കുതറുന്നത്‌ ..? ഏത് താപസന്‍റെ  ഏകാഗ്രതയാവണം ഞാൻ ആഗ്രഹിക്കുന്നത് ..? ഏതെങ്കിലും പർണശാലകളും അതിനകത്തൊരു മുനി കുമാരിയും കാണുമായിരിക്കുമോ അവിടെങ്ങാനും ..? അതോ ഏതോ ഒരു ആദിവാസി ഊരും ഒരു ഉത്സവ കൊടിയേറ്റവും കാണുമായിരിക്കുമോ അതിനകത്ത് ? ഒന്നുറപ്പ് ..ഏതോ അദൃശ്യമായ ഒരു വികാരം കാടിനകത്ത്‌ നിന്നും വിളിക്കുന്നുണ്ട് . കെട്ടു പിണഞ്ഞു നിൽക്കുന്ന മുളകൾക്കിടയിലൂടെ നുഴഞ്ഞു കയറി വരുന്ന കാറ്റ് അത് വീണ്ടും വീണ്ടും പറയുന്നുണ്ട് . 

ഇവിടിരുന്നാൽ സമയം പോകുന്നതറിയില്ല . ചുരമിറങ്ങി വരുന്ന പാണ്ടി ലോറികൾ മറ്റൊരു ആവേശമാണ് . അതിലെ വളയം പിടിക്കുന്ന ആൾക്കാരെ അസൂയയോടെ നോക്കും . ഏതെല്ലാം നാടുകൾ തെണ്ടിയാവണം അവർ വരുന്നത് . വേണമെങ്കിൽ യാത്ര ഗൂഡല്ലൂർ വരെ തുടരാം . പച്ചതേയിലയുടെ മണ മടിക്കുന്ന വഴിയിലൂടെയുള്ള യാത്രകൾ . തോട്ടങ്ങൾ , ഇടമുറിഞ്ഞു വരുന്ന കാടുകൾ . നമ്മളറിയാതെ ഒരു മൂളിപ്പാട്ട് വരും . ചിലപ്പോൾ ഉച്ചത്തിൽ തന്നെയാവും . 

ന്‍റെ സ്വപ്നങ്ങൾ വീണ്ടും ചുരം കയറി . വളവുകൾ തിരിഞ്ഞ് അത് മുന്നോട്ട് പോയി . ചില സ്വപ്നങ്ങൾ ചിന്നിച്ചിതറി കാടിനകത്തേക്ക്‌ പോയി . മറ്റു ചിലത് തേയിലത്തോട്ടങ്ങളിലേക്ക് കയറി . പക്ഷേ ഒരു   സ്വപ്നം മാത്രം വഴി തെറ്റാതെ ചുരത്തിൽ തങ്ങി നിന്നു . ഇരുട്ടിൽ ഒരു കൈ നീണ്ടുവരുന്നു . അത് പറയുന്നു .. "മുന്നോട്ട് പോകരുത് .. അവിടെയൊരു കാട്ടാനയുണ്ട്" .

ചിത്രങ്ങൾ കെ . വി . നൗഷാദ് 

41 comments:

  1. അക്ഷരങ്ങളെ മാറ്റി വെച്ച് എന്‍റെ സ്വപ്നങ്ങൾ വീണ്ടും ചുരം കയറി . വളവുകൾ തിരിഞ്ഞ് അത് മുന്നോട്ട് പോയി . ചില സ്വപ്നങ്ങൾ ചിന്നിച്ചിതറി കാടിനകത്തേക്ക്‌ പോയി . മറ്റു ചിലത് തേയിലത്തോട്ടങ്ങളിലേക്ക് കയറി . പക്ഷേ ഒരു സ്വപ്നം മാത്രം വഴി തെറ്റാതെ ചുരത്തിൽ തങ്ങി നിന്നു . ഇരുട്ടിൽ ഒരു കൈ നീണ്ടുവരുന്നു . അത് പറയുന്നു .. "മുന്നോട്ട് പോകരുത് .. അവിടെയൊരു കാട്ടാനയുണ്ട്" .Ashamsakal Dear

    ReplyDelete
  2. മിത്താണെങ്കിലും ചുരങ്ങളെ കുറിച്ചുള്ള കഥ നന്നായി. നാടുകാണിയിലൂടെ ഒരു പാട് പ്രാവശ്യം സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഉമ്മാന്റെ കടയിൽ ഇതുവരെ കയറിയിട്ടില്ല. നന്നായി എഴുതി

    ReplyDelete
  3. നാടുകാണി ചുരം..പലകുറി ഇതുവഴി പോയിട്ടുണ്ട്. എല്ലാ ചുരങ്ങളും യാത്രികർക്ക് നല്ല കാഴ്ചകളുടെ വിരുന്നൊരുക്കി കാത്തിരിക്കുന്നു. പ്രകൃതിയെ തൊട്ടറിഞ്ഞ ചെറുവാടിയുടെ മറ്റൊരു നല്ല പോസ്റ്റ്‌

    ReplyDelete
  4. വീണ്ടുമോരു ചെറുവാടി മാജിക് !
    താങ്കള്‍ വാക്കുകളില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ മനസും അതോടൊപ്പം കൂടുന്നു .
    ഭക്ഷണം ഒരു ദൌര്‍ബല്യം ആയതിനാല്‍,എവിടെ പോയാലും ചായക്കടയും ഹോട്ടലും മീന്‍ മുളകിട്ടതും പോസ്റ്റില്‍ കടന്നു കൂടുന്നത് വായനക്ക് എരിവു പകരുന്നുണ്ട് .
    തുടരുക ഈ യാത്ര . ഭാവുകങ്ങള്‍ ..

    ReplyDelete
  5. ഇനിയും പോകണം വഴിയിലൂടെ........ :)

    ReplyDelete
  6. കൊള്ളാലോ ഈ നാടുകാണിച്ചുരവും കഥയും
    പാലായില്‍ നിന്ന് ചുരം വരെ വന്നാല്‍ മീന്‍ മുളകിട്ടതും കപ്പയും കിട്ടുമായിരിയ്ക്കും അല്ലേ? നോക്കട്ടെ വരാന്‍ കഴിയോന്ന്!!

    ReplyDelete
  7. ഈ എഴുത്തിലൂടെ കണ്ടത് നാടുകാണിയും വയനാട് ചുരവും ഒന്നുമല്ല.ഏതു ചുരത്തില്‍ നിന്നായാലും കണ്ണും കാലും തെറ്റിയാല്‍ കാണുന്ന ഉള്‍ക്കാടിന്റെ നിഗൂഡതയുടെ ചരിത്രങ്ങള്‍ . കാടിനെ പുഷ്പ്പിക്കുന്ന മനോഹരമായ അവതരണം.

    ReplyDelete
  8. നാടുകാണി ചുരം. ഇത്തവണ വളരെ ചെറുതാക്കിയല്ലോ. അത് പോരാട്ടോ.

    ReplyDelete
  9. കാട്ടില്‍ നിന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തി ഏതാന്നോ ?സംശയമുണ്ടോ ?എങ്ങനെയൊക്കെ പരിഷ്കരിച്ചാലും ആത്മസത്വം നമ്മളെ മാടി മാടി വിളിക്കും ..ചുമ്മാതല്ല ,കാട്ടിലേക്കൊടാനും മരത്തില്‍ വലിഞ്ഞു കേറാനും തോന്നുന്നത് :p

    ReplyDelete
  10. മനസ്സിലൊരു മുന്നറിയിപ്പുമായി മിത്തിന്‍റെ കാവലോടെയുള്ള സഞ്ചാരം
    മനോഹരമായിരിക്കുന്നു.........
    ആശംസകള്‍

    ReplyDelete
  11. നാടുകാണി ചുരം.. നാടുകാണി ചുരം എന്ന് കേട്ടിട്ടേ ഉളൂ, ഇപ്പൊ കാണാന്‍ പറ്റി

    ReplyDelete
  12. കരിന്തണ്ടന്റെ കഥ മറ്റൊരു ബ്ലോഗ്ഗില്‍ പണ്ട് വായിച്ചിരുന്നു. അദ്ധേഹത്തിന്റെ ഓര്‍മ്മകള്‍ പേറി നില്‍ക്കുന്ന ഒരു വടവൃക്ഷവും വയനാടന്‍ ചുരത്തിലുണ്ടെന്ന് അവിടെ നിന്നും അറിഞ്ഞു. മിത്തുകളുടെ കലവറയായി ചുരങ്ങള്‍ നില കൊള്ളുമ്പോള്‍ സ്വപ്‌നങ്ങള്‍ ഇത് പോലെ ചുരം കയറിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

    നല്ല എഴുത്ത് എന്ന് വീണ്ടും വീണ്ടും പറയുന്നില്ല. ആശംസകള്‍

    ReplyDelete
  13. ഒഴിവു കിട്ടിയാല്‍ ചുരം കേറുന്ന സ്വഭാവം ഇവിടെയുമുണ്ടായിരുന്നു.ഞങ്ങള്‍ക്ക് അധികം ദൂരമില്ലല്ലോ..
    ഇപ്പോള്‍ ഒരു യാത്ര പോയിട്ട് കുറേയായി...
    ജീവിതസാഹചര്യങ്ങള്‍ക്ക് പെട്ടെന്ന് മാറ്റമുണ്ടാകുമ്പോള്‍ ജീവിതം തന്നെ മാറുന്നു...
    http://enikkumblogo.blogspot.in/
    ഞാന്‍ വന്നത് ആരുമറിഞ്ഞില്ലാന്നു തോന്നുന്നു.
    ബ്ലോഗില്‍ ഒരീച്ചപോലും കേറിയിട്ടില്ല.
    ഈ കമന്റ് ഒരു വരവറിയിപ്പ്‌ കൂടിയാകട്ടെ...
    ആരും വന്നില്ലെങ്കില്‍ ഇനിയും ഞാന്‍ മടങ്ങേണ്ടി വരും...?

    ReplyDelete
  14. പ്രകൃതിയെ തൊട്ടറിഞ്ഞ് നാടുകാണി
    ചുരം ചുറ്റി വളഞ്ഞ് ചെറുവാടി ഈ യാത്രയിൽ
    സകല വായനക്കാരേയും തന്റെയൊപ്പം കൂട്ടിയിരിക്കുകയാണല്ലോ
    ഇവിടെ അല്ലേ

    ReplyDelete
  15. സ്വപ്നങ്ങൾ ചുരം കയറുക..... നല്ല ഭാവമുള്ള മനോഹരമായ പ്രയോഗം . ഇരുട്ടിൽ നിന്ന് നീണ്ടുവരുന്ന ആ കൈ, അത് യാത്രികരോട് വഴിയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുന്നു.....

    നാടുകാണിച്ചുരത്തെക്കുറിച്ച് ഇതുപോലെ ഒരു കഥയുണ്ടെന്ന് അറിയില്ലായിരുന്നു. വയനാട്ടിലെ കരിന്തണ്ടൻ പകതീർക്കാനായി യാത്രികരെ അപായപ്പെടുത്തുമ്പോൾ നാടുകാണിയിലെ ആദിവാസി സഹായിയായി അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കുന്നു. രണ്ടു കഥകളിലേയും കാര്യമായ വ്യത്യാസം ഇവിടെയാണ്....

    വളരെ നാളുകൾക്കു ശേഷമാണ് സെന്റർകോർട്ടിൽ ഒരു പോസ്റ്റ് വായിക്കുന്നത് . രണ്ടായിരത്തി പതിനാല് ഇവിടെ മനോഹരമായ ചെറുവാടി ഭാഷയിൽ എഴുതിയ വരികളാൽ നിറയട്ടെ - ആശംസകൾ

    ReplyDelete
  16. നന്നായി ആസ്വദിച്ചു, ഈ യാത്രക്കുറിപ്പ്‌.
    വയനാടന്‍ കാടുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കണ്ടു മടങ്ങിയ ഓര്‍മ്മ പെട്ടെന്ന് തികട്ടി വന്നു, ഈ കുറിപ്പ്‌ വായിച്ചപ്പോള്‍.
    നന്ദി.

    ReplyDelete
  17. ചുരത്തിന്‍റെ കഥപോലെതന്നെയാണ് ചുരത്തിലെ തട്ടുകടകളും !!.വഴിക്കടവിലെ തട്ടുകട പോലെ വയനാട് ചുരത്തിലും ഒരു തട്ടുകടയുണ്ട് .പോസ്റ്റില്‍ പറഞ്ഞപോലെ അനക്ക് മാത്രമല്ല പഹയാ വിശപ്പ്‌ എന്ന് പറയുന്നതു പോലെയുള്ള ഒരു ഇത്താത്തയും :)

    ReplyDelete
  18. മനോഹരമായ സ്വപ്നം കാണുന്ന ഒരു സുഖമാണ് ചെറുവാടിയെ വായിക്കുമ്പോൾ,
    നാടുകാണിയെ കുറിച്ചുള്ള കഥ എനിക്കും പുതിയ അറിവ് തന്നെ .
    പിന്നെ ഭക്ഷണം ഇല്ലാത്ത ഒരു യാത്ര പോസ്റ്റ്‌ വായിക്കാമെന്ന അതി മോഹമൊന്നും എനിക്കില്ല ..:P

    ReplyDelete
  19. കഥകളും എഴുത്തും നന്നായി...

    പുതുവത്സരാശംസകള്‍, മാഷേ

    ReplyDelete
  20. ചുരങ്ങളുടെ ചരിത്രം പേറുന്ന ഒരു ചെറിയ പോസ്റ്റ്‌. എഴുത്ത് പതിവുപോലെ ലളിത സുന്ദരം. എങ്കിലും അല്പം കാടു കയറാമായിരുന്നു.

    ReplyDelete
  21. ഫെയറി ടെയിലുകൾക്ക്‌ ചിറക്‌ മുളച്ചുള്ള ചുരങ്ങൾ താണ്ടിയുള്ള യാത്ര ഒരു കൊച്ചു മാലാഖയെ പോലെ സുന്ദരി തന്നെ.. തുടക്കമെന്ന പോലെ തുടർന്നുള്ള അവതരണവും ഇച്ചിരി കൂടി ഹൃദ്യമാക്കാമായിരുന്നു.. ആശംസകൾ ട്ടൊ..

    ReplyDelete
  22. എത്ര സുന്ദരം
    മനോഹരമായി ഈ വിവരണവും ചിത്രങ്ങളും
    മിത്തിലൂടെ കൂട്ടി കൊണ്ടുപോയി യാത്രയിലുടനീളം കൂടെ കൂട്ടി
    നൈസ് ആന്‍റ് സ്വീറ്റ്‌
    ഭാവുകങ്ങള്‍

    ReplyDelete
  23. ഹൃദ്യമായ വായനാനുഭവം....അറിവിന്‍റെ നുറുങ്ങുകള്‍...നന്നായിരിക്കുന്നു...

    ReplyDelete
  24. നല്ല എഴുത്ത് ...നല്ല വായനയിലൂടെ ഒരു യാത്ര

    ReplyDelete
  25. ചുരങ്ങളെ പറ്റിയുള്ള കുറിപ്പ് നന്നായിട്ടുണ്ട് ..എല്ലാ ചുരങ്ങലെ പറ്റിയും ഉള്ള കഥ ഏകദേശം സമാനവും ആണ് ..ഒരു ചുരത്തിന്റെ അടിവാരത്ത് താമസിക്കുന്ന എനിക്ക് അത് പ്രിയപ്പെട്ട എന്റെ നാടിനെ പറ്റിയുള്ള ഒർമ്മകൂടി ആണ്

    ReplyDelete
  26. നല്ല വിവരണം.. ആസ്വാദ്യകരമായി

    ReplyDelete
  27. യാത്രാ വിവരണത്തിന്റെ സുന്ദരമായ അവതരണം. അസൂയ തോന്നുന്നു. ആശംസകള്‍ മന്‍സൂര്‍

    ReplyDelete
  28. മൃദുലമായ എഴുത്ത്. തലോടുന്ന അനുഭവം

    ReplyDelete
  29. വായിച്ചു, കൊതിച്ചു. അല്ലാതെന്തെഴുതാന്‍... ഇത്രയും ചെറിയ കുറിപ്പുകളില്‍ യാത്രാവിവരണമൊതുക്കിയാല്‍ ഇനി വായിക്കില്ല എന്നുകൂടി അറിയിക്കുന്നു.

    ReplyDelete
  30. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ നല്ല ഒരു കവിത വായിച്ചപോലെ.

    ReplyDelete
  31. തിരുവന്തപുരം ജില്ലയിൽ കാട്ടാക്കടക്ക് അടുതും ഉണ്ട് ഒരു ‘നാട്കാണി’ ...നല്ല് വനമാണ് .അവിറ്റെയും കേൾക്കാം ഇതു പോലുള്ള മിത്തുകൾ... യാത്രാനുഭവത്തിന് ആശംസകൾ

    ReplyDelete
  32. പല തവണ പോയിട്ടുണ്ട് നാടുകാണി വഴി... ഇഷ്ടപ്പെട്ട സ്ഥലമാണ്. പോസ്റ്റിനും ആ മനോഹാരിത തന്നെയുണ്ട്.

    ReplyDelete
  33. ചുരങ്ങൾ കയറിയിറങ്ങിയ സ്വപ്‌നങ്ങൾ എന്നത്തേയും പോലെ മനോഹരം.
    വയനാട്ടിൽ ചങ്ങലയിട്ട ഒരു മരമുണ്ട് എന്ന് കേട്ടിരുന്നു,ഉള്ളതാണോ?പിന്നിലൊരു യക്ഷിക്കഥയും.

    ReplyDelete
  34. നല്ല വിവരണം .വീണ്ടും അവിടെ പോകാന്‍ കൊതി തോനുന്നു ..

    ReplyDelete
  35. എല്ലാർക്കും നന്ദി എല്ലാർക്കും സ്നേഹം .
    വീണ്ടും കാണാം ഒരിടവേളക്ക് ശേഷം .
    ഇൻഷാ അള്ളാഹ്

    ReplyDelete
  36. നാടുവാണിയുടെ ചെറു വിശേഷങ്ങൾ ഇങ്ങിനെ ഭംഗിയായ്‌ അവതരിപ്പിക്കാനുള്ള കഴിവുണ്ടല്ലോ അസൂയ തോനുന്നു ... യാത്രക്കൊപം ഒരു മിച്ചു ഉണ്ടായിരുന്നെങ്കിലും ....മനസ് ഇത്ര സൂക്ഷമമായ് നിരീക്ഷിക്കാറുണ്ട് എന്നത് അത്ഭുതം യാത്ര പോകൂ എഴുതൂൂ ഇനിയും ആശംസകൾ

    ReplyDelete
  37. കൊള്ളാം നന്നായിട്ടുണ്ട് നാടുകാണിയേക്കുറിച്ചുള്ള വിശേഷങ്ങള്‍.

    ഒരുപാട് തവണ ഇവിടേയ്ക്ക് കേരളത്തിന്‍റെ അതിരിന്റെ അറ്റത്തുള്ള ഒരു ചായക്കട തേടി വന്നിട്ടുണ്ട്. കാടിന്‍റെ കുളിരും,ഭംഗിയും ആവോളം ആസ്വദിക്കാനുള്ള യാത്രകള്‍.

    നാടുകാണി ചുരത്തിലേക്ക് ഒരിക്കല്‍ കൂടി മനസ്സിനെ കൊണ്ടെത്തിച്ചതിന് ഒരായിരം നന്ദി.

    ReplyDelete
  38. എല്ലാർക്കും നന്ദി എല്ലാർക്കും സ്നേഹം .
    വീണ്ടും കാണാം ഒരിടവേളക്ക് ശേഷം .
    ഇൻഷാ അള്ളാഹ് ഒരിടവേളക്ക് ശേഷം .ഒരിടവേളക്ക് ശേഷം .കാണണം മറക്കരുത്

    ReplyDelete
  39. വളഞ്ഞു പുളഞ്ഞു കിടക്കുന്ന നാടുകാണി ചുരം. എത്രയോ പ്രാവശ്യം ഇതിലൂടെ യാത്ര ചെയ്തിരിക്കുന്നു. എങ്കിലും ഓരോ തവണയും വ്യത്യസ്തങ്ങളായ കാഴ്ചകളൊരുക്കിയായിരിക്കും നാടുകാണി നമ്മെ വരവേല്‍ക്കുന്നത്...ഇഷ്ടമായി

    ReplyDelete
  40. അസ്സലായി.......ഈ യാത്രാവിവരണം കുറച്ചുനേരത്തേക്കെങ്കിലും എന്നെ വയനാടന്‍ കാടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി . ഒരു ചുരം കേറിയെറങ്ങിയ പ്രതീതി. ...thanks

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....