Friday, February 20, 2015

മലനിരകളിലെ കവിത . കുദ്രെമുഖ്ഇരുവശത്തും ധ്യാനത്തിലെന്നപോലെ നിശബ്ദമായി കണ്ണടച്ചിരിക്കുന്ന കാടുകൾ  . കോടമഞ്ഞിനെ വാരിപ്പുണർന്ന  പാതകൾ  . ഫോഗ് ലൈറ്റിനോട് പോലും പിണങ്ങി നിൽക്കുന്ന  കാട്ടുവഴികൾ. മുന്നോട്ടുള്ള യാത്ര  തീർത്തും പ്രയാസകരവും പേടിപ്പിക്കുന്നതുമാണ് . മിന്നി മറയുന്ന മൊബൈൽ റേഞ്ചിൽ ഇടക്കെപ്പോഴോ തേടിവരുന്ന ആരിഫിന്‍റെ  വിളികളിൽ നിറയെ ആശങ്കയുണ്ട് . "സൂക്ഷിക്കണം . ഇന്നലെ കാട്ടാന ഇറങ്ങിയിരുന്നു . കരുതിയെ വണ്ടിയോടിക്കാവൂ ". മഞ്ഞിന്‍റെ  മറ പിടിച്ച് നിന്നേക്കാവുന്ന ഒരൊറ്റയാന്‍റെ  രൂപം  , ദീർഘയാത്ര കാരണം ഉറക്കം വിളിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കണ്ണുകളെ ജ്വലിപ്പിച്ചു നിർത്തി . ആനചൂരടിക്കുന്നോ എന്നറിയാൻ വണ്ടിയുടെ ഗ്ലാസ്സുകൾ താഴ്ത്തിയിട്ടു . അവസരം മുതലെടുത്ത്‌ തണുത്ത കർണ്ണാടകൻ കാറ്റ് അതിക്രമിച്ചു കയറുന്നു .  കുദ്രെമുഖിലേക്കുള്ള ഈ യാത്രയെ പകർത്താൻ ശ്രമിക്കുമ്പോൾ ഇപ്പോഴും കാല്‍വിരലുകളിലൂടെ  ഒരു തരിപ്പ് കയറുന്നു . ചില യാത്രകൾ അങ്ങിനെയാണ് . അത് നൽകുന്ന ആഹ്ലാാവും ഉദ്വേഗവും കൂടുതൽ അനുഭവേദ്യമാവുക പിന്നീടത്‌ ഓർക്കുമ്പോഴാവും .


ഞങ്ങളെത്തുമ്പോൾ മകരമഞ്ഞിനെ  പുതച്ച് കുദ്രെമുഖ് എന്ന ഹിൽ സ്റ്റേഷൻ ഗാഡനിദ്രയിലായിരുന്നു . ഉറങ്ങാതെ നിന്നത് , സുരക്ഷിതമായി ഞങ്ങളെത്തുന്നതും കാത്തിരുന്ന കൂട്ടുകാർ മാത്രം. മഞ്ഞിൽ കുതിർന്ന ആലിംഗനത്തിന് ഊഷ്മളത കൂടുതലായിരുന്നു . മഞ്ഞിന് സ്നേഹത്തിന്‍റെ  മണം  കൂടിയുണ്ട് . കുദ്രെമുഖിലെ  അഞ്ച് ഡിഗ്രി തണുപ്പിൽ ബാർബിക്യൂ വേവുന്ന കനലുകളോട് ഞങ്ങൾ ചേർന്നിരുന്നു .. കോഴിക്കോട്ടെ പെരുമണ്ണകാരൻ മുഹമ്മദിക്ക ഒരുക്കിയ രുചികരമായ ഭക്ഷണം . യാത്രയിലെ ക്ഷീണവും ഭീതിയും കണ്ണുകൾക്ക്‌ താങ്ങാനാവുന്നതിലും അധികമായിരുന്നു. സഹ്യാദ്രി ഭവൻ ഗസ്റ്റ് ഹൗസിന്‍റെ വിശാലമായ കിടപ്പുമുറി ജനലുകൾക്കിടയിലൂടെ ഒഴുകിവരുന്ന കാട്ടുചെമ്പകത്തിന്‍റെ വശ്യഗന്ധത്തില്‍ ലയിച്ചിരുന്നു . ഈ രാത്രിയുടെ ഗന്ധം . 


വൈകിയാണ് ഉണർന്നത് . കോടമഞ്ഞ്‌ ഇനിയും ഇറങ്ങിയിട്ടില്ല . സൂര്യനും കോടമഞ്ഞ്‌ പുതച്ച് പാതിയുറക്കത്തിലാണെന്ന് തോന്നുന്നു . സഹ്യാദ്രിഭവന്‍റെ  മുറ്റം നിറയെ മഞ്ഞുപൂക്കൾ . കുദ്രെമുഖിലെ പുലരിക്ക് ചെണ്ടുമല്ലിപ്പൂക്കളുടെ ഗന്ധമാണ് .  എനിക്ക് തോന്നാറുണ്ട് , കർണ്ണാടകയുടെ മണം തന്നെ ചെണ്ടുമല്ലി പൂക്കളുടേതാണെന്ന് . ഏത് ഗ്രാമത്തിൽ ചെന്നാലും നിറയെ പൂത്തു നിൽക്കുന്ന ചെണ്ടുമല്ലിയെ കാണാം . ഇനി അറിയേണ്ടതും കാണേണ്ടതും കുദ്രെമുഖിനെയാണ്. ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായി , വിജനമായ  വഴികൾക്കും  കാടുപിടിച്ചു കിടക്കുന്ന കുറേ കോര്‍ട്ടേഴ്സുകള്‍ക്കും  എന്നോടൊരുപാട് പറയാനുണ്ടെന്ന് . ഒരു വർഷത്തോളമായി ഇവിടെ ഒരു പ്രോജക്റ്റുമായി  ബന്ധപ്പെട്ടു നിൽക്കുന്ന ആരിഫും സുഹൃത്തുക്കളും ഞങ്ങൾക്ക് നല്ലവഴിക്കാട്ടികള്‍ കൂടിയാണ് . 

ചിക്മംഗളൂർ ജില്ലയിലാണ് കർണാടകയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിൽ സ്റ്റേഷനായ കുദ്രെമുഖ്  സ്ഥിതി ചെയ്യുന്നത് . സംസേ പർവത എന്നൊരു പേരും പറയാറുണ്ട്‌ . കുതിരയുടെ മുഖമുള്ള മലയാണ് ഇങ്ങിനെ ഒരു പേര് വരാൻ കാരണം . നാൽപത്‌ വർഷത്തോളം സജീവമായി നിന്നിരുന്ന കുദ്രെമുഖ് എന്ന ഈ ഗ്രാമം ഇന്ന് പഴയ പ്രതാപത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിക്കുന്ന മണ്ണാണ് . KIOCLഎന്ന ഇരുമ്പ് കമ്പനിയെ ചുറ്റിപറ്റിയുള്ള ലോകമായിരുന്നു കുദ്രെമുഖ് . അയ്യായിരം ജോലിക്കാരും ഒരു ലക്ഷത്തോളം വരുന്ന ആശ്രിത ജോലിക്കാരും  ഉണ്ടായിരുന്ന കമ്പനി പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടുകയായിരുന്നു . അതോടൊപ്പം ഒരു ഗ്രാമം തന്നെ മലയിറങ്ങി . ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് ഇറാൻ ഗവര്‍ണ്മെന്‍റാണ്ഇതിന്‍റെ  നിർമ്മാണം പൂർത്തീകരിച്ചത്‌ . വർഷത്തിൽ എണ്ണൂറ് കോടി ആദായം ഉണ്ടായിരുന്ന ഒരു കമ്പനി  പൊതുമേഖലയിൽ പൂട്ടിപോകുമ്പോൾ അതിനോട് ഏത് പരിസ്ഥിയുടെ പേരിലായാലും യോജിക്കാൻ  എനിക്കൽപം ബുദ്ധിമുട്ടുണ്ട്  സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി തന്നെയാണ് ഇത് പറയുന്നത് . കാരണം ഇന്ന് പ്രേതക്കോട്ട പോലെ നിൽക്കുന്ന കമ്പനിക്കകത്തുകൂടെ നടക്കുമ്പോൾ , പോതുബോധമുള്ള ഏതൊരാളിലും സ്വാഭാവികമായും തോന്നിയേക്കാവുന്ന ഒരു വികാരമാണ് ഞാൻ പങ്കുവെച്ചത് . KIOCL ന്‍റെ  ഇരുമ്പിന് അത്രയും ഡിമാന്റ് ഉണ്ടായിരുന്നു ലോകമാർക്കറ്റിൽ . 1976 ലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത് . തുടർന്ന് മുപ്പത് വർഷത്തോളം മികച്ച പ്രവർത്തനം . 2006 ൽ കമ്പനി അടച്ചുപ്പൂട്ടുമ്പോൾ താഴിട്ടത് അതിനു മാത്രമല്ല  കുദ്രെമുഖ് എന്ന ഗ്രാമത്തിനും  ജനങ്ങൾക്കും അവരുടെ സ്വപ്നങ്ങൾക്കും കൂടിയാവണം . വിജനമായ പാതകളിലൂടെ നടക്കുമ്പോൾ ആൾ താമസമില്ലാത്ത കുറേ കോർട്ടേഴ്സുകൾ കാണാം. തുരമ്പെടുത്ത കമ്പികളും പൊട്ടിത്തകര്‍ന്ന ചില്ലുകളുമുള്ള ആ ജാലകങ്ങളിലൂടെ ഇന്നും നെടുവീര്‍പ്പുകളുടെ ഏങ്ങലുകള്‍ കേള്‍ക്കാനാവുന്നുണ്ട് എനിക്ക്.  ഇത്തരം രണ്ടായിരത്തി അഞ്ഞൂറോളം കോർട്ടേഴ്സുകൾ ഉണ്ട് ഇവിടെ . പടിയിറങ്ങിപ്പോയ ഐശ്വര്യത്തിന്‍റെ ഫോസിലുകലാണത്.  അന്ന് കുട്ടികൾ കളിച്ചിരുന്ന   മുറ്റത്ത്‌ ഇന്ന് കാട്ടുമൃഗങ്ങൾ വിരാജിക്കുന്നു . ഒരു പക്ഷേ മനുഷ്യർ അധിനിവേശം നടത്തിയ തങ്ങളുടെ  മണ്ണ് അവർ  തിരിച്ചുപിടിച്ചതാവും . ഞങ്ങൾ നാടു ചുറ്റാനിറങ്ങി . പ്രകൃതിയുടെ എല്ലാ മാസ്മരികതയും നിറഞ്ഞതാണ്‌ കുദ്രെമുഖ് . സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെ നല്ലൊരു ലക്ഷ്യകേന്ദ്രമാണ് ഇവിടെ. കാടും മലയും പുഴയും തടാകവും എല്ലാം സന്ദർശകർക്ക് നല്ല നിമിഷങ്ങൾ സമ്മാനിക്കും . ഞങ്ങൾ ലേക്കിയ ഡാം ലക്ഷ്യമാക്കി ഇറങ്ങി . ഭദ്രാ നദിയിലാണ് ലേക്കിയ എർത്ത് ഡാം പണിതിട്ടുള്ളത് . മൈനിംഗ് ഫാക്ടറിയിലെ മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന മണ്ണും ശേഖരിക്കാനാണ് ഡാം നിർമ്മിച്ചത് . കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളവും ഡാമിൽ നിന്നും എടുത്തിരുന്നു . ഫോറസ്റ്റ് വകുപ്പിന്‍റെ പ്രത്യേക അനുവാദത്തോടെ മാത്രമേ ഇങ്ങോട്ട് പ്രവേശനം അനുവദിക്കൂ . അതും ഡാമിന്‍റെ ഒരറ്റം വരെ. പക്ഷേ  KIOCL കാരുടെ പ്രത്യേക അനുമതിയോടെ ഞങ്ങൾ ഡാമും കടന്ന് മുന്നോട്ട് പോയി. കാടിന്‍റെ ഭ്രമിപ്പിക്കുന്ന മാദകത്വം . നിബിഡമായ കാട് ഉള്ളിലേക്ക് കയറിച്ചെല്ലാൻ ക്ഷണിക്കുന്നതു പോലെ . 
പക്ഷേ വഴിയരികിൽ കുത്തി മറിച്ചിട്ട പനകൾ ആനകളുടെ ശൌര്യത്തിന്‍റെ അടയാളങ്ങളാണ് . ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചു . കാട്ടുപാതകൾ ചെന്നവസാനിക്കുന്നത് തടാകത്തിലാണ് . തടാകത്തിന് നടുവിലായി കമ്പനിയുടെ ഒരു ബാർജ് ഉണ്ട് . അവിടേക്ക് എത്തിപ്പെടാൻ ചെറിയൊരു ചങ്ങാടവും . മൂന്ന് വീപ്പകൾ കൂട്ടിക്കെട്ടി അതിനുമുകളിൽ മരം പാകിയ ചങ്ങാടം കോഴിക്കോട്ടെ മാപ്പിള ഖലാസിമാർ ഉണ്ടാക്കിയതാണത്രേ . അവരോടുള്ള വിശ്വാസം അതിൽ കയറി ബാർജിലേക്ക് പോവാൻ തീരുമാനിച്ചു . നാളെ ഈ ബാർജ് പൊളിക്കും . സാഹസികം തന്നെ ഈ യാത്ര . ചങ്ങാടം അടുപ്പിച്ച് ബാർജിലേക്ക് വലിഞ്ഞു കയറുമ്പോൾ താഴെ കടുംപച്ച നിറത്തിലുള്ള വെള്ളം .  ബാർജിൽ തടാകത്തിലെ ആഴം അളക്കാനുള്ള സംവിധാനമുണ്ട് . ഇരുപത് മീറ്റരാണ് ആഴം . തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ തല കറങ്ങുന്ന പോലെ . ബാർജിന്‍റെ അകത്ത് നിന്ന് തടാകവും ചുറ്റുമുള്ള കാടും നോക്കികാണുന്നത് സമാനതകളില്ലാത്ത അനുഭവമാണ് . കാടിനും മീതെ കുദ്രെമുഖ് മലനിരകൾ ആശീർവാദം പൊഴിക്കുന്നു . തടാകത്തിന് മീതെവന്ന് ചാടിമറിയുന്ന വലിയ മീനുകൾ . 

കുദ്രെമുഖിലെ ചെറിയ അങ്ങാടി പതുക്കെ ഉണർന്നിട്ടുണ്ട് . ഏതാനും കടകളും ചെറിയൊരു പോലീസ് സ്റ്റേഷനും മാത്രമുള്ള ഗ്രാമം . ഇപ്പോഴും ചെറിയൊരു ജനവിഭാഗം ഇവിടെ അവശേഷിക്കുന്നുണ്ട് . അങ്ങാടിയുടെ തൊട്ടു മുന്നിൽ ഭംഗിയുള്ള ഒരുജൈന ക്ഷേത്രമുണ്ട് . ഭൂരിഭാഗവും ജൈനമത വിശ്വാസികളാണ് ഇവിടെ . പരിപൂർണ്ണ നഗ്നനായാണ് ഗുരുവിന്‍റെ നടപ്പ് . അതവരുടെ ആചാരത്തിന്‍റെ  ഭാഗമാണ് . ഒരു ദിശയിലൂടെ മാത്രമേ ഗുരു സഞ്ചരിക്കൂ . മറ്റൊരു ദിശയിലൂടെ സഞ്ചരിച്ചു വേറൊരു ഗുരു എത്തും . അതാണ്‌ രീതി . അതിനകത്ത് കയറി അവരുടെ ആചാര രീതികൾ കണ്ടറിയണമെന്നുള്ള മോഹം ഉത്തരവാദിത്വപ്പെട്ട ആരെയും കാണാത്തതിനാൽ മാറ്റിവെക്കേണ്ടി വന്നു . ഒരു ഹൈന്ദവ ക്ഷേത്രവും ചെറിയൊരു മുസ്ലീം പള്ളിയും കൂടെയുണ്ട് ഇവിടെ . സമ്പന്നമായ ഒരു ഭൂതകാലത്ത് നിന്നും പ്രതീക്ഷയില്ലാത്ത ഒരു വര്‍ത്തമാനകാലത്തിലേക്ക് കാലെടുത്തുവെച്ച ഒരു ഗ്രാമത്തിന്‍റെ  വേദനിക്കുന്ന വഴികളിൽ ചവിട്ടിയാണ് ഞങ്ങൾ കുദ്രെമുഖ് നടന്നുകാണുന്നത് . വല്ലപ്പോഴുമെത്തുന്ന ഓരോ രോഗികളെയും കാത്ത്  ഒരാശുപത്രി . പശുക്കൾ മേഞ്ഞു നടക്കുന്ന വലിയൊരു മൈതാനം . ഒരുകാലത്ത് പന്തുകളിയുടെയും ക്രിക്കറ്റിന്‍റെയും ആവേശം ഇവിടെയും നിറഞ്ഞിരുന്നു . ഇന്ന് ആരവങ്ങൾ തോർന്ന വെറും മണ്ണ് മാത്രമാണത് . ഷട്ടിൽ കോർട്ടും ബാസ്കറ്റ് ബോൾ ഗ്രൌണ്ടും പുല്ലുകൾ നിറഞ്ഞ് കാട് കേറി നിൽക്കുന്നു . ഇതെല്ലാം വിളിച്ചു പറയുന്നത് കുദ്രെമുഖ് ചുരമിറങ്ങിപ്പോയ  അധികം പഴക്കമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ചാണ് .
ഉച്ചഭക്ഷണത്തിന്‍റെ ആലസ്യത്തിൽ സുഹൃത്തുക്കൾ മയക്കത്തിലേക്ക് വീണപ്പോൾ ഞാനിറങ്ങി നടന്നു . നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാതകളിൽ കറുകപുല്ലുകൾ നിറഞ്ഞിട്ടുണ്ട്‌ . കാട്ടിലേക്ക് നീളുന്ന വഴികൾ . നിറയെ പൂത്തുനിൽക്കുന്ന കൊങ്ങിണിപ്പൂക്കൾ ഈ വഴികളെ സുന്ദരമാക്കുന്നു . ഞാൻ കാട്ടിലേക്ക് കയറി . കാടിനെ തൊടുന്നതും കാണുന്നതും മനസ്സുകൊണ്ടാവണം . ആത്മീയമായ എന്തോ ഒന്ന് വനങ്ങൾക്കുണ്ടെന്ന് തോന്നാറുണ്ട് എനിക്ക് . നമ്മളറിയാതെ ഒരു താപസന്‍റെ എകാഗ്രതയിലേക്ക് മനസ്സ് മാറുന്നു . മുന്നിലൊരു പുള്ളിമാൻ . എന്‍റെ സാമീപ്യം അവനെ ഭയപ്പെടുത്തുന്നില്ല. 
ഒന്ന് തലയുയർത്തി നോക്കി വീണ്ടും മേയാൻ തുടങ്ങി . കാടിന്‍റെ മാദകത്വം ഉന്മാദം നൽകുന്നു . അധികം മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പ് എന്നെ പിൻവലിക്കുന്നുമുണ്ട്. തിരിഞ്ഞു നടക്കാനോരുങ്ങുമ്പോൾ മാനം ഇരുളുന്നപ്പോലെ ഇരുട്ട് കയറുന്നു . ഒട്ടും പ്രതീക്ഷിക്കാതെ ഒരു മഴയെത്തി . ഞാൻ വലിയൊരു മരത്തിന്‍റെ ചുവട്ടിലേക്ക്‌ നീങ്ങി നിന്നു . നിശ്ശബ്ദമായ കാടിന്‍റെ ഭയാനതയിലേക്ക് മഴ പെയ്തിറങ്ങുകയാണ്  .    ഉന്മാദിയായ ഞാൻ ആ മഴത്തുള്ളികൾ കൊണ്ട് സ്വപ്നങ്ങളുടെ പർണ്ണശാല കെട്ടി . എനിക്കായി മാത്രം കാടോരുക്കിയ നിമിഷങ്ങളെ ഞാൻ ഹൃദയത്തിലേക്ക് ചേർത്ത് വെച്ചു . വീണ്ടുമൊരു രാത്രിയിലേക്ക്‌ പ്രവേശിക്കുകയാണ് ഞങ്ങൾ . മഞ്ഞിറങ്ങുന്നത് കാരണം പകലുകൾക്ക്‌ നീളം കുറവാണ് . വീണ്ടും ചെമ്പകമണം നിറയുന്നു . സഹ്യാദ്രി ഭവന്‍റെ  മുറ്റത്ത്‌ ഞങ്ങൾ വട്ടമിട്ടിരുന്നു . തണുപ്പകറ്റാൻ കത്തുന്ന  വിറക് കൊള്ളികളിൽ  കുദ്രെമുഖിന്‍റെ  നൊമ്പരങ്ങളും വേവുന്ന പോലെ തോന്നി . ചുറ്റും കട്ടപിടിച്ച ഇരുട്ടിന്‍റെ  മറവിൽ കാടുറങ്ങുന്നു . വേവുന്ന ഇറച്ചിക്കൊപ്പം ഞാൻ കാടിനേയും തൊട്ടു കൂട്ടി .  കാട്ടിൽ പൂത്ത സൗഹൃദസന്ധ്യക്കൊടുവിൽ  മഞ്ഞ് പുതച്ച് , പൂക്കളെ ശ്വസിച്ച് കാടിനെ പ്രണയിച്ച് ഉറക്കത്തിലേക്കു വീണു . 


വീണ്ടും പുലരി . ഞങ്ങൾ ഇറങ്ങുകയാണ് . സഹ്യാദ്രി ഭവന്‍റെ  മുറ്റത്ത്‌ കൂടുതൽ പൂവുകൾ വിരിഞ്ഞിട്ടുണ്ട് . എനിക്കീ നാടിന്‍റെ ഗന്ധം കുറേ നാൾ കൂടെ വേണം . ചെടിയെ വേദനിപ്പിക്കാതെ ഞാനൊരെണ്ണം പറിച്ചെടുത്തു .   കാടിറങ്ങി വന്ന കാറ്റിൽ ദേവതാരുമരത്തിൽ നിന്നും മഞ്ഞുത്തുള്ളികൾ അടർന്നുവീണു . വിജനമായ വഴികൾ കുറേ ദൂരം ഞങ്ങളെ പിന്തുടർന്നു. അൽപം കൂടെ ചെന്നപ്പോൾ കുദ്രെമുഖ് മലകളുടെ നാഭിയിലൂടെ ഒലിച്ചിറങ്ങുന്ന ഭദ്രാ നദി . നേർത്ത വെള്ളച്ചാലുകൾ മാത്രം . ഭദ്രക്ക് എനിക്ക് മനസ്സിലാവാത്തൊരു ഭാവം . അത് കരയുകയാണോ അതോ ചിരിക്കുകയോ? 


മാധ്യമം ചെപ്പിൽ പ്രസിദ്ധീകരിച്ചത് .

ചിത്രങ്ങൾ - ഹാഷിക്ക് എ. എച്ച് 

22 comments:

 1. ഇടക്കൊക്കെ ഇതുപോലെ ഓരോന്ന് എഴുതിയിടൂ മന്സൂറിക്കാ. വായിക്കുന്ന കാര്യം ഏറ്റു. അനുഭവങ്ങള്‍ ഇതുപോലെ പകര്‍ന്നിടുമ്പോള്‍ അത് വായിക്കല്‍ സന്തോഷം നല്‍കുന്നു.

  ReplyDelete
 2. വായിച്ചു, ഇഷ്ടായി... നന്ദി...

  ReplyDelete
 3. ചെറുവാടിക്കാരൻ റോക്കിങ്ങ് എഗ്യ്ൻ...!
  ബൂലോകത്ത് ഒളിച്ച് കളി നടത്തുന്ന മൻസൂർ ഭായിയും
  ഹാഷിക്ക് ഭായിയും കൂടി ഇത് പോലെ , ഇടക്ക് കാട് കയറിയിറങ്ങിവന്നാൽ
  മതി നമ്മുടെ ബൂലോകത്തെ വീണ്ടും വായനാ സമ്പന്നമാക്കി പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാൻ ..അല്ലേ കൂട്ടരെ

  ReplyDelete
 4. കൊതിപ്പിക്കുന്ന എഴുത്ത്

  ReplyDelete
 5. കുദ്രെമുഖു പോയ പോലെ അനുഭവപെട്ടു. സത്യത്തിൽ ദൈവത്തിന്റെ സ്വന്തം നാടെന്നു പറയാവുന്നത് കർനാടകയാണ്. ചരിത്രവും മിത്തുകളും പുരാണങ്ങളും കുഴഞ്ഞു കിടക്കുകയാണ് ഇവിടം. ആശംസകൾ

  ReplyDelete
 6. നീ വാക്ക് പാലിച്ചതില്‍ സന്തോഷം മന്‍സൂര്‍... നിന്‍റെ വരികളിലൂടെ, ഹാഷിക്കിന്റെ ചിത്രങ്ങളിലൂടെ കുദ്രെമുഖി മോഹിപ്പിക്കുന്നു... അഭിനന്ദനങ്ങള്‍ രണ്ടുപേര്‍ക്കും!!!

  ReplyDelete
 7. കുദ്രെമുഖ്. ഞാൻ ഇതിനു മുമ്പ് കേട്ടിട്ട് പോലുമില്ല ഇങ്ങിനെ ഒരു സ്ഥലം..ഭൂമിയിൽ നാമറിയാത്ത ഏതൊക്കെ മനോഹരമായ സ്ഥലങ്ങൾ ഉണ്ടാവാം. ചെറുവാടിയുടെ എഴുത്തിലൂടെ ഞാൻ ഒരു പാട് സ്ഥലങ്ങൾ പരിചയപ്പെട്ടു..ഒന്നിച്ചു യാത്ര ചെയ്ത പോലെ ഹൃദ്യമായ ഈ വിവരണത്തിന് നന്ദി.

  ReplyDelete
 8. കാടിന്റെ തണുപ്പും അടുത്തതെന്ത് എന്ന ഉദ്വേകം ജനിപ്പിക്കുന്ന നിഗൂഡതയും കാട്ടുപൂക്കളുടെ മണം വഹിച്ചെത്തുന്ന മലങ്കാറ്റും എല്ലാറ്റിനേയും മൂടിപ്പുതപ്പിച്ച് കൊതിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകുതിമാത്രം കാണീച്ചു തരുന്ന കോടമഞ്ഞിന്റെ കുസൃതിയുമെല്ലാം മിഴിവാർന്ന സ്കെച്ചുകളായി മനസ്സിൽ മുദ്രകുത്തിത്തരുന്ന സ്ഫടികജലം പോലെ സുതാര്യമായ എഴുത്തിന്റെ മായാജാലം വീണ്ടും....

  "ഒരുകാലത്ത് പന്തുകളിയുടെയും ക്രിക്കറ്റിന്‍റെയും ആവേശം ഇവിടെയും നിറഞ്ഞിരുന്നു . ഇന്ന് ആരവങ്ങൾ തോർന്ന വെറും മണ്ണ് മാത്രമാണത് . ഷട്ടിൽ കോർട്ടും ബാസ്കറ്റ് ബോൾ ഗ്രൌണ്ടും പുല്ലുകൾ നിറഞ്ഞ് കാട് കേറി നിൽക്കുന്നു . ഇതെല്ലാം വിളിച്ചു പറയുന്നത് കുദ്രെമുഖ് ചുരമിറങ്ങിപ്പോയ അധികം പഴക്കമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ചാണ്" .

  സെന്റർ കോർട്ടിൽ നിന്ന് മനസ്സിലേക്ക് കയറിപ്പറ്റിയ മറ്റൊരു യാത്രാനുഭവക്കുറിപ്പ് കൂടി.

  നന്ദി മൻസൂർ.

  ReplyDelete
  Replies
  1. ഹാഷിക്കിന്റെ കവിതയൂറുന്ന ചിത്രങ്ങളുടെ മനോഹാരിത പ്രത്യേകം എടുത്തുപറയേണ്ടതാണ്. മൻസൂറിന്റെ കാവ്യാത്മക വിവരണത്തിന് സമശീർഷമായി നിൽക്കുന്ന വർണ്ണചിത്രങ്ങൾ...

   Delete
 9. നല്ലൊരു അനുഭവം സമ്മാനിച്ചതിനു നന്ദി....

  ReplyDelete
 10. കുദ്രെമുഖിയിലേക്ക് ഇനി പോകുന്നില്ല..നേരിൽ കണ്ടപോലെ ഈ വായനയിൽ എല്ലാം ആസ്വദിച്ചു. ആ കുളിരും പച്ചപ്പും മനസ്സിൽ ഉണങ്ങാതെ....

  ReplyDelete
 11. യാത്രാവിവരണത്തില്‍ തുളുമ്പിനില്‍ക്കുന്ന കവിത!
  വളരെ നന്നായിരിക്കുന്നു എഴുത്ത്
  ആശംസകള്‍

  ReplyDelete
 12. beautifully written Mansoor ..a beautiful feeling of completion ..hope to see more .

  ReplyDelete

 13. പിണങ്ങിപ്പോയ പൂക്കളും മുസാഫർ കമാൽ ഹുസൈനും വായിച്ച ഫീൽ കിട്ടീലെന്റെ ചങ്ങാതി. പക്ഷെ കുടജാദ്രി പോലെ കുദ്രെ മുഖും മോഹിപ്പിക്കും എന്ന് നീ പറഞ്ഞു പാതിയാക്കി :)

  ReplyDelete
 14. ചെറുവാടി തീരെ പരിചിതമല്ലാത്ത സ്ഥലങ്ങള്‍ എഴുത്തിലൂടെ വരച്ചിടുന്നു. അത് വായിച്ചു തീര്‍ന്നാല്‍ ആ ചുറ്റുപാടിന്റെ അതിമനോഹരമായ ഒരു ചിത്രം നമ്മുടെ മനസ്സില്‍ മായാതെ അവശേഷിക്കയാണ്. അത്ര മനോഹരമാണ് ഈ വിദ്വാന്റെ എഴുത്ത്.

  മലയിറങ്ങി പോയ വലിയ ഒരു വ്യവസായ സംരംഭത്തോടൊപ്പം വിസ്മൃതിയില്‍ മാഞ്ഞ ഒരു ഭൂപ്രദേശത്തെ ഇതിലും മനോഹരമാക്കി ഇനി എങ്ങിനെ കുറിക്കാന്‍? തന്റെ യാത്രയിലെ വഴിയോര കാഴ്ചകളെ വ്യത്യസ്തമായ നിരവധി ഫ്രേമുകളില്‍ വരച്ചു വെക്കുന്ന ചെറുവാടിയുടെ യാത്രാ വിവരണങ്ങളിലേക്ക് വായനക്കാര്‍ എത്തുന്നതിന്റെയും കാരണം മറ്റൊന്നല്ല.

  നല്ല വിവരണം. നല്ല ചിത്രങ്ങള്‍ . ആശംസകള്‍ ചെറുവാടി/ഹാഷിഖ്

  ReplyDelete
 15. വളരെ മനോഹരമായി എഴുതി.കുളിരുന്ന മഞ്ഞും,ചെംബകത്തിന്റെ സൌരഭ്യവും,കറുകപുല്ലുവിരിച്ച പാതകളും എല്ലാം ...ഇഷ്ടമായി.

  ReplyDelete
 16. നന്നായിണ്ട് മൻസൂർ.
  മൻസൂർന്റെ പഴേ പോസ്റ്റുകൾ ഒക്കേം വീണ്ടും വായിക്കാൻ തോന്നി ഇത് വായിച്ചപ്പൊ.

  ReplyDelete
 17. എല്ലാർക്കും നന്ദി .സ്നേഹം

  ReplyDelete
 18. നന്നായിട്ടുണ്ട്‌.വായനക്കരെ കൂടെ കൂട്ടിക്കൊണ്ട്‌ പോകുന്നത്‌ പൊലെയുള്ള ആത്മാർത്ഥതയുള്ള എഴുത്ത്‌.

  ReplyDelete
 19. കുദ്രെമുഖ് എന്ന പേരിനുപോലുമുണ്ട് വല്ലാത്തൊരു വശ്യത. ഈ പേരാണ് എന്നെ ഈ സ്ഥലത്തേക്ക് ആകർഷിപ്പിച്ചത് - സ്ഥലം അനുഭവിച്ചപ്പോൾ പേരുപോലെതന്നെ വശ്യമനോഹരം......

  കുദ്രിമുഖിന്റെ കളറും ആമ്പിയൻസും ഒട്ടും ചോർന്നുപോവാതെ വരികളിലേക്ക് സന്നിവേശിപ്പിച്ചു . തിരക്കുകൾക്കിടയിലും അൽപ്പസമയം ബ്ലോഗിനായി മാറ്റിവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  ReplyDelete
 20. ഫേസ്ബുക്കിൽ രണ്ടുവട്ടം വായിച്ചിരുന്നു.ഒരിക്കൽകൂടി വായിക്കാൻ തോന്നി.. വായിച്ചു. ഈ യാത്രയിൽ നിന്നോടൊപ്പം ഉണ്ടായിരുന്നതുകൊണ്ടാണോ എന്നറിയില്ല... വായിച്ചിട്ട്‌ പൂതി തീരുന്നില്ല...

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....