Sunday, January 8, 2017

ബർമാഗിലെ മഞ്ഞുപൂക്കൾ



മൈനസ് 2 സെൽഷ്യസിൽ ബാക്കു നഗരം തണുത്തു  വിറച്ചു നില്‍ക്കുമ്പോഴാണ് അസർബൈജാൻ തലസ്ഥാനത്ത് വിമാനമിറങ്ങുന്നത്. . മുഖത്തേക്ക് പാറി വീഴുന്ന ചെറിയ മഞ്ഞുപാളികൾ ഒരു പുഷ്‌പാർച്ചന പോലെ നഗരം ഞങ്ങളെ സ്വാഗതം ചെയ്യുന്നതായി തോന്നിപ്പിച്ചു  . കാസ്പിയൻ കടലും കടന്നെത്തിയ കാറ്റ് നഗരം മുഴുവൻ നിറഞ്ഞു നിൽക്കുന്ന  ഒലീവ്മരങ്ങളെ തഴുകിവന്ന് ഞങ്ങളെ  തൊട്ടു .

മഞ്ഞുകാലമെന്നാൽ പ്രണയമാണ് . ബാക്കുവിലെ തെരുവുകൾക്ക് പ്രണയത്തിന്റെ മണമാണ്. മേപ്പിൾ  - ചിനാർ മരങ്ങൾ അതിരിട്ട നിരത്തുകളിലൂടെ ആ ഗന്ധവും ശ്വസിച്ച് നടന്നു . മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നത് കാണാനെന്ത് ഭംഗിയാണ്! . കാലാകാലങ്ങളില്‍ പ്രണയിനികള്‍ കണ്ടുകൂട്ടിയ കാല്പനിക സ്വപ്നങ്ങളാവണം  മേപ്പിൾ -ചിനാര്‍ മരങ്ങള്‍ക്കിത്ര സൌന്ദര്യം.  പ്രാചീനതയുടെ  ഗാഭീര്യം നഗരത്തിന് കൂടുതൽ പ്രൌഢിയേകുന്നു . ഞാനീ നിരത്തുകളിൽ ആരെ തേടണംപഴയ സോവിയറ്റ് സംസ്കാരത്തിന്റെ അവശിഷങ്ങൾക്കിടയിൽ  ദസ്തയേവിസ്കിയുടെ അന്നയെ തിരഞ്ഞു . ഒരു പൂക്കൂടയും പിടിച്ച് എനിക്കെതിരെ വരുന്ന അന്നയെ കൊഴിഞ്ഞു വീഴുന്ന മേപ്പിൾ ഇലകൾക്കിടയിലൂടെ ഞാൻ  കണ്ടു . അന്ന കൂടുതൽ സുന്ദരിയായിരിക്കുന്നു. എത്രയെത്ര ഋതുക്കളിലൂടെ പിറകോട്ട് പോയാണ്   ഈ നിമിഷം അന്നയെ പുനർജ്ജനിപ്പിച്ചത് . ചില പരിസരങ്ങൾ വരച്ചുകാട്ടുന്ന പ്രണയചിത്രങ്ങളാണത്.  സോവിയറ്റ് സ്മരണകളുടെ ചെറിയൊരു അംശം പോലും  ഉരുക്കിയൊലിക്കാൻ കാത്തിരിക്കുന്നൊരു മണ്ണിൽ പഴയ റഷ്യയുടെ അവശിഷ്ടം തേടുന്നത് ചരിത്രപരമായി ശരിയല്ലായിരിക്കാം . പക്ഷേ കാൽപ്പനികതളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരിക്ക് അതാവാം.



പോരാട്ടത്തിൻറെ തെരുവ് 

മാർട്ടിയർ ലെയിനു  മുന്നിലെത്തിയപ്പോള്‍ പൂക്കൾ വിൽക്കുന്നവർ ചുറ്റും കൂടി . മഞ്ഞിന് ഘനീഭവിച്ച ദുഖങ്ങളുടെ മുഖമുണ്ടെങ്കിൽ ആ ചരിത്രം നിങ്ങളെ ഇവിടെയെത്തിക്കുംകറുത്ത ജനുവരി എന്ന് പേരിട്ടു വിളിക്കുന്ന ഒരു പോരാട്ട ദിനത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മയിലേക്ക് . അസർബയ്ജാൻ  കരഞ്ഞ ദിവസമാണത്. നൂറ്റിനാൽപതോളം സാധാരണക്കാർ സോവിയറ്റ് പട്ടാളത്തിന് മുന്നിൽ മരിച്ചുവീണ ദിവസം . ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ മോഹങ്ങളെ ജ്വലിപ്പിച്ച സമരം . മാർട്ടിയാർ ലൈനിലെ സമര സ്മാരകത്തിനകത്ത് കെടാതെ കത്തുന്ന തീജ്വാലയുണ്ട് . അതിനൊരുവശത്ത്  മരിച്ചുവീണവരെല്ലാം അടുത്തടുത്തായി ഉറങ്ങുന്നു . അവരുടെ ചിത്രങ്ങൾ പതിപ്പിച്ച ആദ്യത്തെ അസ്ഥിമാടം തന്നെ നമ്മുടെ ഉള്ളം ഉലക്കുമെന്നുറപ്പ് . അടുത്തടുത്തായുറങ്ങുന്ന ഇണകള്‍. . തന്റെ പ്രിയപ്പെട്ടവൻ മരണപ്പെട്ടതറിഞ്ഞു  ജീവൻ ഹോമിച്ച പ്രിയതമ . അവക്കൊരുമിച്ചു തന്നെ നിത്യനിദ്രയ്ക്കായി ഇടവുമൊരുങ്ങി .ഒരുപക്ഷേ ആ ഒരു സമരത്തിന്റെ ഭാഗമായി ജീവൻ നഷ്ടപ്പെട്ട ഒരേയൊരു സ്ത്രീയും അവരാകണം .രണ്ടും സമർപ്പണം തന്നെ . മാർട്ടിയാർ ലൈനിലെ തീജ്വാലകൾക്ക് ചൂട് കൂടുന്നു . ഈ ശവകുടീരത്തില്‍ കിടക്കുന്നവരുടെ സമരവീര്യം ഇപ്പോഴും തിളക്കുന്നുണ്ടാവണം . മറുവശത്ത് നിരയൊപ്പിച്ച് കായ്ച്ചുനിൽക്കുന്ന ഒലീവ് മരങ്ങൾ . യുദ്ധവും സമാധാനവും. ഇവിടെ നിന്നാൽ കാസ്പിയൻ  കടലിന്‍റെ മനോഹരമായ ദൃശ്യം അനുഭവിക്കാം. നഗരമിഴഞ്ഞു കടലിലേക്കിറങ്ങി ചെല്ലുന്നു. ഉപ്പുരസമുള്ള കാറ്റ്. അത് അസർബൈജാനികളുടെ കണ്ണീരിന്റെ ഉപ്പാണ് .  നമ്മളേയും ഒലീവ് മരങ്ങളേയും തഴുകി ആ കാറ്റ് പിന്നെ കബറുകളെ വലയം ചെയ്യും. അങ്ങനെ നമ്മളും ആ കറുത്ത ജനുവരിയുടെ ഓര്‍മ്മകളില്‍ ചാരും.




മുൾത്താൻ എന്ന വിശ്രമകേന്ദ്രം 
സിൽക്ക് റോഡിലൂടെ നഗരവും കണ്ടു നടക്കുമ്പോഴാണ് മുൾട്ടാൻ കാരവൻസെറായി ((multani Caravanserai) എന്ന ബോർഡ് ശ്രദ്ധയിൽ പെട്ടത് . മുൾട്ടാൻ എന്ന പേര് പാകിസ്ഥാനുമായി ബന്ധപ്പെട്ടതാണ്  എന്നറിയാം; അതുകൊണ്ട്തന്നെ  ഈ നഗരവും അതുമായുള്ള ബന്ധം അറിയണമെന്ന് തോന്നി . പതിനഞ്ചാം നൂറ്റാണ്ടിൽ  മുൾട്ടാനിൽ നിന്നുള്ള കച്ചവടക്കാർ വിശ്രമിക്കുന്ന സ്ഥലമായിരുന്നു ഇത് .   എനിക്കത്ഭുതം തോന്നി . എത്ര ദൂരങ്ങൾ താണ്ടിയാവണം യാത്രാ സൗകര്യം പോലും പരിമിതമായ  ഒരു കാലത്ത് അവരിവിടെ എത്തിപ്പെട്ടത് ! . മറ്റൊന്നുണ്ട് , അന്നത് ഇന്ത്യയാണ് . വിഭജനം നടന്നത് പിന്നെയാണ് . മുൾട്ടാൻ ഇപ്പോൾ പാകിസ്ഥാനിലാണെങ്കിലും , ഈ ചരിത്രം ഇന്ത്യയുടേത്കൂടിയാണ് . ഈ ചിന്തകൾ , ഈ ചരിത്രത്തിന് മേലുള്ള എന്റെകൂടെ  അവകാശം  മാനസികമായി  സ്ഥാപിച്ചെടുത്തു .  ബാക്കുവിലെ പുരാതനമായ ഈ നഗരത്തിൽ അത്രയും പുരാതനമായ ഒരു ബന്ധത്തിന്റെ സ്മാരകം ,   ഒരു മാറ്റത്തിനും ഇടം കൊടുക്കാതെ മറ്റൊരു രാജ്യം അതേ  പേരിൽ സംരക്ഷിച്ചു നിർത്തപ്പെടുന്നു. ചരിത്രത്തോടും സംസ്കാരത്തോടുമുള്ള ബഹുമാനം കൂടിയാണത് . ഉള്ളിലേക്ക് കയറിയാൽ അധികം വിശാലതയൊന്നുമില്ലാത്ത ഒരു ഇടത്താവളം പോലെ. ഇപ്പോഴത് സഞ്ചാരികൾക്ക് കാണാനായി മാത്രമുള്ള ഒരു സ്മാരകം മാത്രമാണ് . വൈകുന്നേരങ്ങളിൽ ചിലപ്പോൾ ചായ കിട്ടാറുണ്ട് എന്നറിഞ്ഞു .  സമയം അനുവദിക്കുമായിരുന്നെങ്കിൽ , ഒരു വൈകുന്നേരം ഇവിടെ വന്നിരുന്ന് ഞാനൊരു ചായ കുടിച്ചേനേ  .  പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ഇന്ത്യൻ കച്ചവടക്കാരന്റെ  വേഷം മനസ്സിലണിഞ്ഞ്  ഓരോ തുള്ളി ചായയിലൂടെയും പഴയൊരു കാലത്തിന്റെ രുചി ഞാൻ ആസ്വദിച്ചേനെ . 

യാനാർ ദാഗിലേക്ക് 
യനാർ ദാഗിലേക്കുള്ള യാത്രയിൽ ഗ്രാമങ്ങളുടെ ഭംഗിയും അറിയാം . നഗരത്തിന്റെ പകിട്ടിൽ ആകൃഷ്ടമാവാത്ത ഗ്രാമങ്ങൾ . വഴിയരികിലെല്ലാം പൂക്കൾ വിൽക്കുന്നവരെ കാണാം. തൊണ്ണൂറ് ശതമാനത്തിലധികവും മുസ്‌ലിംങ്ങളുള്ള രാജ്യമാണ് അസർ ബയ്ജാൻ . ഖാർസ്ഥാനുകളിലെ മീസാൻ കല്ലുകളിൽ മരിച്ചവരുടെ രൂപവും കൊത്തിവെച്ചിട്ടുണ്ട് . പൂക്കൾ അർപ്പിക്കുവരേയും കാണാം . റഷ്യൻ സ്വാധീനമാണ് ഇതിന് പിറകിലെന്ന് എൽച്ചിൻ എന്ന ഗൈഡ് പറഞ്ഞു . ഔദ്യോഗികമായി ഒരു മതവും പ്രഖ്യാപിക്കാത്ത , പൂർണ്ണമായും സെക്കുലറായ ഒരു രാജ്യമാണ്  അസർബയ്ജാൻ . 

യനാർദാഗ് എന്നാൽ കത്തുന്ന പർവ്വതം എന്നാണർത്ഥം . കൃത്രിമമായ ഒരു സംവിധാനവും ഇല്ലാതെ പ്രകൃതിയിൽ നിന്നും മാത്രം വരുന്ന വാതകത്താല്‍ അടിഭാഗം കത്തികൊണ്ടേയിരിക്കുന്നു . 1950  ൽ ഒരു ആട്ടിടയൻ അറിയാതെ തീ കൊളുത്തിയപ്പോഴാണ് ഇത് കണ്ടുപിടിക്കപ്പെട്ടത് എന്ന് പറയുന്നു . മേൽ ഭാഗത്ത് മഡ് വോൾക്കാനോ എന്ന് വിളിക്കുന്ന ചളി തെറിപ്പിക്കുന്ന അഗ്നിപർവ്വതങ്ങൾ . താഴെ കെടാതെ കത്തുന്ന യനാർ ദാഗ്.. ബാക്കുവിലെ തണുപ്പിൽ  അവിടെ നിൽക്കുന്നത്  ആശ്വാസകരമായി തോന്നി. 



ബേഷ് ബർമാഗ് പർവ്വതങ്ങളിലൂടെ

കിഴക്കൻ ഭാഗത്തുള്ള സിയാസൻ ജില്ലയിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ . അവിടെയാണ് ബേഷ് ബർമാഗ് പർവ്വതങ്ങൾ . അസർബയ്ജാനിലേക്ക് തിരിക്കുമ്പോൾ തന്നെ നോക്കി വെച്ചത് മഞ്ഞുമലകൾ എവിടെ ആയിരിക്കുമെന്നാണ് . നിറയെ മഞ്ഞുവീണുകിടക്കുന്ന മലക്ക് മുകളിലേക്ക് പോവാൻ ഞങ്ങളുടെ സാരഥി അലിയുടെ ബെൻസ് വാനിനും കഴിഞ്ഞില്ല . റഷ്യൻ നിർമിതമായ ചെറിയൊരു പഴയ ഫോർ വീൽ കാറിനേ മുകളിലേക്ക് പോവാൻ സാധിക്കൂ. പേരിന് കാറെന്നു പറയുമെങ്കിലും മൂന്നു പേർക്ക് മാത്രം യാത്ര ചെയ്യാൻ പറ്റുന്ന ആ വാഹനം മഞ്ഞുപാളികൾക്കിടയിലൂടെ കുതിച്ചു പായുന്നത് അത്ഭുതമുണ്ടാക്കുന്ന ഒന്നാണ് . മലയുടെ അടിവാരത്ത് മഞ്ഞിൽ ചവിട്ടി നടക്കുന്ന കുതിരകളും പക്ഷികളും എവിടെയോ കണ്ടു മറന്ന ഒരു ചിത്രം പോലെ അനുഭവപ്പെട്ടു . പിന്നെ അതിനെ വിട്ട് വീണ്ടും മുകളിലേക്ക്.  താഴേനിന്നേ കാണാം ഒരു മുസ്ലിം പള്ളിയുടെ ചെറിയ മിനാരങ്ങൾ. അവ മുകളിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു . അതൊരു പ്രലോഭനം പോലെ ഉയരങ്ങൾ കീഴടക്കാൻ തുടങ്ങി.  മുകളിലെ കാഴ്ചകൾ അതിമനോഹരമാണ് .  നിലത്ത് ഉറച്ച് നിന്നില്ലെങ്കിൽ കാറ്റിന്റെ ശക്തിയിൽ ഇടറി വീഴും . ഒരു വശത്ത് കാസ്പിയൻ കടൽ. മറുവശത്ത് മഞ്ഞു മലകൾ, അതിമനോഹരമാണിവിടം. മഞ്ഞുരുകി വെള്ളം കാസ്പിയൻ കടലിലേക്ക് ഒഴുകുന്നത് മൂലം വെള്ളത്തിന്റെ അളവിലും മാറ്റമുണ്ടാകുന്നുണ്ട് എന്ന് ഒരു വായനയിൽ മനസ്സിലായി . കാസ്പിയൻ കടൽ എന്ന് വിളിക്കുന്നുണ്ടെങ്കിലും അതൊരു കടലല്ല . 38000  സ്ക്വയർ കിലോമീറ്റർ വലിപ്പമുള്ള ഒരു തടാകമാണിത് . കാറ്റിന് ശക്തി കൂടി വരുന്നു . നിൽക്കുന്നത് കൂടുതൽ അപകടമാവുമെന്ന മുന്നറിയിപ്പ്. മറ്റൊരു മനുഷ്യസാമീപ്യം പോലും കാണാത്ത ഈ മലമുകളില്‍ അടഞ്ഞു കിടക്കുന്ന പള്ളിയുടെ പടവുകളിലിരുന്ന് ഒരിക്കൽ കൂടെ ഈ കാഴ്ചകളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിച്ചു . പിന്നെ ഒരു കൊച്ചു കുട്ടിയെ പോലെ മഞ്ഞിലൂടെ ഉരുണ്ട് താഴ്വാരത്തേക്ക് .


മഞ്ഞുയുഗവും  താണ്ടി   പഴയ വണ്ടിയിൽ വീണ്ടും   കൊച്ചു ഗ്രാമത്തിലെത്തി. വിശപ്പ് അതിന്റെ ഭീകരാവസ്ഥ കാണിച്ചു  തുടങ്ങിയിരുന്നു. വഴിയരികിൽ കബാബും ചപ്പാത്തിയും വിൽക്കുന്ന ഒരു ചെറിയ തട്ടുകട . ഈ ചപ്പാത്തിയും കബാബുമാണ് കഴിച്ചതിൽ ഏറ്റവും രുചികരമായ ഭക്ഷണം എന്ന് തോന്നി  . ചപ്പാത്തിയും കബാബും ചവച്ച് ഞാനാ  മലമുകളിലേക്ക് നോക്കി നിന്നു . മഞ്ഞിൽ പൊതിഞ്ഞ ബേഷ് ബർമാഗ് പർവ്വതങ്ങൾ . മഞ്ഞുയുഗത്തിലൂടെ ഐസ് ഏജ് സിനിമയിലെ മന്നിയും സിഡും സ്ക്രാട്ടും ഡീഗോയും എല്ലിയുമെല്ലാം  വരിവരിയായി നടന്നുപോകുന്നത് പോലെ .  ആ ഓർമ്മകൾ കാസ്പിയൻ കടലും പർവ്വതങ്ങളും കടന്ന് ദുബായിയിൽ  എന്നെ കാത്തിരിക്കുന്ന കുട്ടികളിൽ  ചെന്നെത്തി . അവർക്കായി മഞ്ഞുവാരി ഞാനുണ്ടാക്കിയ ഒലാഫ് എന്ന കാർട്ടൂൺ കഥാപാത്രം ഇപ്പോഴും ആ മഞ്ഞുമലകളിൽ എന്റെ സ്നേഹത്തിൽ ഉരുകാതെ ഓടിക്കളിക്കുന്നുണ്ടാവും!



(മാധ്യമം വാരാന്തപ്പതിപ്പ് " സഞ്ചാരപഥങ്ങൾ " എന്ന സ്‌പെഷ്യൽ എഡിഷനിൽ പ്രസിദ്ധീകരിച്ചത്)

10 comments:

  1. അസൈര്‍ബാജാനില്‍ മഞ്ഞ് പാളികളില്‍ ചവിട്ടി തണുത്ത് വിറച്ച് ഇല കൊഴിയുന്ന് മേപ്പിള്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ നിന്നും പ്രണയം കുഴിച്ചെടുത്ത് ,യനാര്‍ദാഗിന്‍റെ ചൂടേല്‍പ്പിച്ച് ഓര്‍മ്മകളെ കാറ്റില്‍ പറക്കാതെ നെഞ്ചോടമര്‍ത്തി ഞാനും......മന്‍സൂറിന്‍റെ പിറകേ കൂടിയിരുന്നു.

    ReplyDelete
  2. അതീവഹൃദ്യമായി എഴുത്ത്.
    ഓരോ മുഹൂര്‍ത്തങ്ങളേയും സന്ദര്‍ഭാനുസരണം ഹൃദയത്തില്‍വഹിച്ചുകൊണ്ടുള്ള സഞ്ചാരം മനോഹരമായിരിക്കുന്നു!
    ആശംസകള്‍

    ReplyDelete
  3. ഞാനും വായിച്ചു. ഹൃദ്യമായ വിവരണം. ആശംസകൾ.

    ReplyDelete
  4. "Land of Fire" വിശേഷങ്ങള്‍ നീയുണ്ടാക്കിയ ഒലാഫ് പോലെ ഉരുകാതെ സെന്‍റര്‍ കോര്‍ട്ടിലെത്തിയല്ലോ... നന്നായി മന്‍സൂര്‍ :)

    ReplyDelete
  5. മഞ്ഞുകാലമെന്നാൽ പ്രണയമാണ് .
    ബാക്കുവിലെ തെരുവുകൾക്ക് പ്രണയത്തിന്റെ മണമാണ്.
    മേപ്പിൾ - ചിനാർ മരങ്ങൾ അതിരിട്ട നിരത്തുകളിലൂടെ ആ
    ഗന്ധവും ശ്വസിച്ച് നടന്നു . മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നത്
    കാണാനെന്ത് ഭംഗിയാണ് . കാലാകാലങ്ങളില്‍ പ്രണയിനികള്‍ കണ്ടുകൂട്ടിയ
    കാല്പനിക സ്വപ്നങ്ങളാവണം മേപ്പിൾ -ചിനാര്‍ മരങ്ങള്‍ക്കിത്ര സൌന്ദര്യം. പ്രാചീനതയുടെ
    ഗാഭീര്യം അസൈര്‍ബാജാനിലെ ഈ നഗരത്തിന് കൂടുതൽ പ്രൌഢിയേകുന്നു .

    നാളുകൾക്ക് ശേഷം അതീവ ഹൃദ്യമായി എഴുത്തിലൂടെ ഞങ്ങളെ ഇവിടേക്ക് കൈപിടിച്ച്
    കൊണ്ടുവന്നത്തിൽ അതിയായായ സന്തോഷമുണ്ട് കേട്ടോ ഭായ്

    ReplyDelete
  6. യാത്രാവിവരണത്തില്‍ നിന്നും വേറിട്ടൊരു വായനാനുഭവം ..ബ്ലോഗില്‍ വായിക്കാന്‍ ആളുണ്ടാവില്ല എന്ന് കരുതിയിട്ടാണോ ,അക്ഷരതെറ്റുകള്‍ ധാരാളം ..അത് പോലെ ചിത്രങ്ങള്‍ കുറച്ചു കൂടെ ആവാമായിരുന്നു ..മടിയന്‍ <3

    ReplyDelete
  7. ഞാനും ഫൈസലിക്കയെ പിന്താങ്ങുന്നു... ചിത്രങ്ങള്‍ ഇനിയും വേണം. ആഖ്യാനം മനോഹരം...

    എന്റെ കുഞ്ഞു ബ്ലോഗിലേക്കും സ്വാഗതം

    http://parayathebakivachath.blogspot.in/

    ReplyDelete
  8. മുൻപ് വായിച്ചതായിരുന്നു. എന്നാലിന്ന് വീണ്ടും ഇപ്പോൾ വായിച്ചപ്പൊ കുറച്ചു മുൻപുണ്ടായിരുന്ന സങ്കടമൊക്കെ മാറി മനസ്സിനൊരു മഞ്ഞുമ്മ കിട്ടിയ പോലെ തോന്നി.

    ReplyDelete
  9. ഈ വിവരണത്തിലൂടെ, മൻസൂർ അബ്ദു എന്നെ നയിച്ചത് കേവലം ആസർബൈജാനിന്റെ ഭൗതിക ഭൂമികയിലേക്കല്ല, അതിന്റെ ഹൃദയത്തിലേക്കാണ്. മഞ്ഞ് പുതച്ചുറങ്ങുന്ന ഗതകാല സ്മരണകളിലേക്കാണ്. ഭാവുകങ്ങൾ !

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....