Friday, March 16, 2012

പവിഴ ദ്വീപില്‍ ഉറങ്ങുന്ന ചരിത്രസ്മരണകള്‍



ഏതാനും ദ്വീപുകള്‍ കൂടിച്ചേര്‍ന്ന ഒരു രാജ്യം , അധികം ശ്രദ്ധിക്കപ്പെടാത്ത കുറച്ച് ചരിത്രം , അതിലുപരി "ട്രീ ഓഫ് ലൈഫ് "എന്ന മരം ചേര്‍ന്ന ഒരു പാരമ്പര്യം ഇത്രയും മാത്രമാണ് ബഹ്റൈന്‍ എന്ന രാജ്യത്തിന് പറയാനുള്ളത് എന്ന് കരുതിയിരുന്ന എന്‍റെ വിവരക്കേട് ഞാനിവിടെ അഴിച്ചു വെക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ എന്‍റെ ഈ അബദ്ധ ധാരണയ്ക്കുള്ള പ്രായക്ശ്ചിത്തമായി എഴുതിച്ചേര്‍ക്കുന്നു.

ബഹ്റൈനിലെ പ്രസിദ്ധമായ ബുദയ്യ കോട്ട തേടിയുള്ള ആ യാത്ര വഴിതെറ്റി എന്നെ എത്തിച്ചത് ചരിത്ര സ്മരണകള്‍ മിഴി പൂട്ടി ഉറങ്ങുന്ന ഒരു ഭൂമിയിലേക്കായിരുന്നു . ഓരോ രാജ്യത്തിന്റെയും പുരാതനമായ സംസ്കാരത്തെ അന്വേഷിച്ചിറങ്ങിയാല്‍ അറിയാനും പഠിക്കാനും ഏറെ കാണുമെന്ന ഒരു തിരിച്ചറിവിലേക്കായിരുന്നു ഞാന്‍ എത്തപ്പെട്ടതും . ബഹ്‌റൈന്‍ എന്ന ഈ കൊച്ചു രാജ്യത്തിനും ഉള്ളിലടക്കി പിടിച്ച കുറേ ചരിത്ര സത്യങ്ങള്‍ ഉണ്ടായിരുന്നു എന്ന പുതിയ അറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു .



തകര്‍ന്ന് കിടക്കുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന്റെ നോട്ടത്തില്‍ ഒന്നും കാണില്ലായിരിക്കാം. പക്ഷെ ഒരു ചരിത്രാന്യോഷിയുടെ കണ്ണിലൂടെ സമീപ്പിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു നാഗരികതയുടെ ബാക്കിപത്രം ഇവിടെ വായിച്ചെടുക്കാം . ആര്‍ക്കിയോളജിക്കല്‍ വിഭാഗം "ബാര്‍ബാര്‍ ക്ഷേത്രം " എന്ന് വിളിപ്പേരിട്ട , പുരാതന നാഗരികതയുടെ തിരുശേഷിപ്പുകള്‍ നിറഞ്ഞ ഈ മണ്ണില്‍ നിന്ന് എന്തെല്ലാം അറിയാനുണ്ട് നമുക്ക്..?

ഡില്‍മന്‍ സംസ്കാരവുമായ ബന്ധപ്പെട്ട പേരത്രേ ഇത്. 2000 BC യില്‍ ഡില്‍മന്‍ സംസ്കാരത്തിന്റെ അവസാന കാലത്താണ് ഇത് നിലനിന്നിരുന്നത് എന്നാണ് ചില രേഖകള്‍ പറയുന്നത്. 1954 ഡാനിഷ് പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തുന്നത്. ലൈം സ്റ്റോണുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇത്തരം മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു . സുമേറിയന്‍ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ ഓരോന്നും ഓരോ കാലഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് . എന്നാല്‍ വലിപ്പത്തിലും, ആകൃതിയിലും മൂന്നാമത്തെ ക്ഷേത്രം മറ്റ് രണ്ടിനെക്കാളും വ്യത്യസ്തമായിരുന്നു.



എങ്കി (Enki )എന്ന ദേവനേയും പത്നി നാന്‍ഖൂര്‍ സാക് ( (Ninhursag). ) എന്ന ദേവതയെയും ആയിരുന്നു ഇവര്‍ ആരാധിച്ചിരുന്നത്. വെള്ളത്തിന്‍റെയും വിജ്ഞാനത്തിന്റെയും ദൈവമായിരുന്ന enki യെക്കുറിച്ച് സുമേറിയന്‍ മിത്തോളജിയിലാണ് പരാമര്‍ശമുള്ളത്‌. ക്ഷേത്രത്തിന്‌ ഉള്ളില്‍ത്തന്നെ കാണുന്ന കിണറുകള്‍ ഒരു പക്ഷെ ആ വിശ്വാസത്തിന്റെ അടയാളമാകാം . കിണറിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകള്‍ ഇന്നും കേടു കൂടാതെയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വിഭാഗം ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ആയുധങ്ങളും പാത്രങ്ങളും ചെറിയ സ്വര്‍ണ തകിടുകളും മറ്റും ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിച്ചിട്ടുണ്ട്. പ്രധാനമായും കണ്ടെടുത്തത് ചെമ്പില്‍ നിര്‍മ്മിച്ച ഒരു പശുവിന്റെ തലയാണ് എന്നും പറയപ്പെടുന്നു. മ്യൂസിയത്തിലെ ശേഖരത്തില്‍ ഉള്ള ഈ രൂപം ആരാധനയുമായി ബന്ധപ്പെട്ട ഒന്നാണോ എന്ന് ഒരു വിവരണങ്ങളില്‍ നിന്നും അറിയുവാന്‍ സാധിച്ചില്ല.



സിന്ധൂ നദീതട സംസ്കാരവും, മറ്റ് പല സംസ്കാരങ്ങളെയും കുറിച്ച് പണ്ട് സ്കൂളില്‍ ചരിത്ര പുസ്തകങ്ങളില്‍ പഠിച്ച കുറെ അദ്ധ്യായങ്ങളുണ്ട്‌. അന്ന് പഠന വിഷയം എന്നതിലപ്പുറം അതിനെക്കുറിച്ചൊന്നും അറിയാന്‍ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം . ജീവിതത്തില്‍ ഒരിക്കല്‍ പോലും അതുമായി ബന്ധപ്പെട്ട ഒരു സ്ഥലങ്ങളും കണ്ടിട്ടുമില്ല. പക്ഷേ യുഗങ്ങള്‍ക്ക് പിറകില്‍ സംഭവിച്ചു പോയ ഒരു നാഗരികതയുടെ അവശിഷ്ടങ്ങള്‍ കഥ പറയുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ചിക്കിച്ചികയാന്‍ വളരെയധികം കാര്യങ്ങളുണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു. മിത്തുകളിലെ ദൈവങ്ങളും ആരാധനാ മുറകളും ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും തുടങ്ങി ഇന്ന് ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വാസത്തിലേക്കുള്ള ഈ രാജ്യത്തിന്‍റെ യാത്ര എങ്ങിനെ ആയിരുന്നിരിക്കണം..?

മെസപ്പൊട്ടോമിയന്‍ സംസ്കാരവും, പിന്നെ അതിനോട് തന്നെ ചേര്‍ന്ന ഡില്‍മന്‍ സംസ്കാരവും ആയിരുന്നു ആദ്യ കാലത്തെ ബഹ്റൈന്‍ . അസ്സീറിയന്‍സും ( ആദ്യകാല സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗം) ബാബിലോണിയന്‍ സംസ്കാരവും ആണ് തുടര്‍ന്ന് വന്നത്. പിന്നെ പേര്‍ഷ്യന്‍സും കഴിഞ്ഞാണ് ഇന്ന് കാണുന്ന ഈ ഇസ്ലാമിക രാജ്യം അറബ് സംസ്കാരത്തിലേക്ക് എത്തിയത് എന്നാണ് രേഖകളില്‍ കാണുന്നത്, അത് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ .അ ) കാലത്താണ് . AD 628 ലാണ് പ്രവാചകന്‍ അയച്ച സംഘം ദൌത്യവുമായി ബഹ്റൈനില്‍ എത്തിയത്. അന്നത്തെ ബഹ്റൈന്‍റെയും ഖത്തറിന്റെയും ഭരണാധികാരി ആയിരുന്ന മിര്‍സ ബിന്‍ സവ അല്‍ തമീമിയുടെ നേതൃത്വത്തില്‍ ഈ രണ്ട് രാജ്യവും ഇസ്ലാമിക സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. അതായത് ഏകദേശം ഒരേ സമയത്ത് തന്നെയാണ് ബഹ്റൈനും ഖത്തറും ഇസ്ലാമിക രാജ്യമായി മാറിയത് എന്ന് സാരം . അതിന് ശേഷം മറ്റു മുസ്ലിം മത വിഭാഗങ്ങള്‍ ഭരണത്തില്‍ വന്നിട്ടുണ്ട് എന്നും രേഖകളില്‍ കാണുന്നുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശേഷമാണ് അത്. ഒരു കാലത്ത് യൂറോപ്പില്‍ Tylos എന്ന പേരിലായിരുന്നത്രേ ബഹ്‌റൈന്‍ അറിയപ്പെട്ടിരുന്നത് .

പോര്‍ച്ചുഗീസ് അധിനിവേശം ആരംഭി ക്കുന്നത് 1622 AD മുതല്‍ക്കാണ് . നീണ്ട എണ്‍പതോളം വര്‍ഷങ്ങള്‍ പിന്നെ അവരുടെ അധീനതയില്‍ ആയിരുന്നു രാജ്യം. ഇന്ന് കാണുന്ന ബഹ്റൈനിലേക്ക് എത്തിയത് പിന്നെയും രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും . ആ ചരിത്രം പറയാന്‍ ഒരുപാടുണ്ട്. ബാര്‍ബാര്‍ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു വന്നിട്ട് ഞാന്‍ വന്നു നിന്നത് ബഹ്‌റൈന്‍ ചരിത്രത്തില്‍ ആയി പോയല്ലേ..? പക്ഷെ ചരിത്രത്തിന്റെ ശേഷിപ്പായി അവശേഷിക്കുന്ന ഈ മണ്ണില്‍ ഒരു ചരിത്ര വിദ്യാര്‍ഥിയുടെ ആവേശത്തോടെ നില്‍ക്കുമ്പോള്‍ ആ കഥകളും പറയാതെ വയ്യല്ലോ.



അറാദ്‌ ഫോര്‍ട്ട്‌ കൂടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ബഹ്റൈന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഈ കോട്ടയും. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആണ് ഇതിന്‍റെ നിര്‍മ്മാണം . അതായത് പോര്‍ച്ചുഗീസ് അധിനിവേശത്തിനും മുമ്പ്. പ്രതിരോധത്തിന് വേണ്ടി തന്നെയാണ് ഇതിന്റെയും നിര്‍മ്മാണം. ആ കാലത്തെ യുദ്ധങ്ങളിലും മറ്റും ഒരു നിര്‍ണ്ണായകമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കും ഉണ്ടായിരുന്നിരിക്കണം. കാരണം ഖലീഫ ഭരണം വരുന്നതിന്‌ മുമ്പ് പല അധിനിവേശങ്ങളും നാട്ടു യുദ്ധങ്ങളും ഇവിടെയും നടന്നിരുന്നു എന്ന് രേഖകളില്‍ കാണപ്പെടുന്നുണ്ട്. തനിമ നഷ്ടപ്പെടാതെ പുതുക്കി പണിതെങ്കിലും അറാദ്‌ ഫോര്‍ട്ടിന്റെ ഉള്ളറകള്‍ നമ്മെ വിസ്മയിപ്പിക്കും. പക്ഷെ ഈ ചരിത്ര സത്യങ്ങള്‍ അറിയാനും പഠിക്കാനും സഞ്ചാരികള്‍ക്കായി ഇവിടെ ഒരു വിവരങ്ങളും ലഭ്യമാകുന്നില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ് . അതേ സമയം ഇവയെല്ലാം സൂക്ഷമമായി പരിപാലിക്കുന്ന കാര്യത്തില്‍ ഇവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെ നാട്ടിലെ ഓരോ ചരിത്ര സ്മാരകങ്ങളില്‍ ചെല്ലുമ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലും , അവയെല്ലാം പരിചയപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും നമ്മുടെ രാജ്യം വളരെ ശ്രദ്ധിക്കുന്നു എന്നതും ഇവിടെ എടുത്ത് പറയേണ്ട കാര്യമാണ്.

പൊടിക്കാറ്റ് മറച്ചിട്ടുണ്ട്‌ ഹൈവേകളെ . പതുക്കെയാണ് വാഹനം നീങ്ങുന്നത്‌. കോട്ടയിലെ അനുഭവങ്ങള്‍ക്കൊപ്പം അമര്‍ ദിയാബിന്റെ അറബി സംഗീതം കൂടി ചേര്‍ന്നപ്പോള്‍ സന്തോഷം തോന്നുന്നു. ഈ അവധി ദിവസം നല്ലൊരു അനുഭവമായി എന്ന്തന്നെ പറയാം. പതുക്കെ തണുപ്പിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് ചൂടിലേക്കുള്ള പ്രയാണത്തില്‍ ആണ് പവിഴ ദ്വീപ്‌. ഒപ്പം സമ്പന്നമായ കുറേ ചരിത്ര സത്യങ്ങളെ അടുത്തറിഞ്ഞ സന്തോഷത്തില്‍ എന്‍റെ മനസ്സും.

Saturday, March 3, 2012

ബാക്കിയാവുന്ന മാമ്പഴക്കാലം

തൊടിയിലെ അണ്ണാരകണ്ണന്മാര്‍ക്കും കിളികള്‍ക്കും ഇനി പരിഭവിക്കേണ്ടി വരില്ല. ഇനി ഈ മാവിലെ ഓരോ മാങ്ങയും അവര്‍ക്ക് സ്വന്തമാണ്. അവരുടെ സാമ്രാജ്യത്തിലേക്ക് ചരല്‍കല്ലുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് ഓടിക്കാന്‍ മാമ എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഉമ്മത്തി താത്ത ഇല്ല ഇന്ന്.

ഉമ്മ പറയുമായിരുന്നു , നിന്നെ പെറ്റത്‌ ഞാനാണെങ്കിലും നോക്കിയത് മാമ ആയിരുന്നു എന്ന്. ആ സ്നേഹവും കടപ്പാടും എനിക്കെന്നും മാമയോടും ഉണ്ടായിരുന്നു. പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടി നടന്നു വരുന്ന മാമയുടെ മുഖം മനസ്സിലുണ്ട് ഇന്നും. ഇഷ്ടപ്പെട്ടവര്‍ വിടപറയുമ്പോള്‍ ബാക്കിയാവുന്ന ഓര്‍മ്മകളുടെ കൂട്ടത്തില്‍ അവര്‍ പകര്‍ന്നു തന്ന സ്നേഹത്തിനു പുറമേ ഇങ്ങിനെ ചില അടയാളങ്ങളുമുണ്ട് . വീടിന്‌ പിറകിലൂടെ ഇറങ്ങി ഒറ്റയടിപ്പാതയിലൂടെ നടന്ന് ഈ പറമ്പിലെത്തുമ്പോള്‍ ഞാനറിയാതെ നിന്ന് പോകും. സ്നേഹത്തിന്‍റെ ഒരദൃശ്യ സ്പര്‍ശവുമായി കിളികളോട് കലഹിച്ച് , മാങ്ങകള്‍ പെറുക്കി കൂട്ടി മാമ ഇവിടെയെല്ലാമോ നില്‍ക്കുന്ന പോലെ.

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഇടനാഴികളില്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്‌.
പക്ഷെ കോഴിക്കോട്ടേക്കെത്താന്‍ ഇതുവഴിയല്ലാതെ ഒരു യാത്രയും പറ്റില്ല ഞങ്ങള്‍ക്ക്. പക്ഷെ ഇവിടെത്തുമ്പോള്‍ മനസ്സ് ഞാനറിയാതെ അസ്വസ്ഥമാവുന്നു. ചുറ്റും കണ്ണോടിക്കുമ്പോള്‍ ദൈന്യതയുടെ എത്ര മുഖങ്ങളാണ് നമ്മെ വേട്ടയാടുന്നത്. ഒരു തൂക്ക് പാത്രത്തില്‍ കഞ്ഞിയും പിടിച്ചു ഓടുന്നവര്‍, കയ്യില്‍ മരുന്നും , മനസ്സില്‍ ദുഃഖ ഭാരവുമായി നീട്ടി നടക്കുന്നവര്‍ , ഓരോ ചിത്രങ്ങളും മനസ്സില്‍ ഒരു വേദനയായി നില്‍ക്കുന്നു.

ജനറല്‍ വാര്‍ഡിന്റെ ഇടനാഴികകളിലൂടെ കുറെ വേദനിക്കുന്ന ചിത്രങ്ങളും കണ്ടുനീങ്ങുമ്പോള്‍ ഹഫി എന്‍റെ കയ്യില്‍ മുറുക്കെ പിടിച്ചു. "ദേ ഇവിടെ" എന്ന് പതുക്കെ മന്ത്രിക്കുകയും ചെയ്തു. വിശാലമായ ആ ആശുപത്രിക്ക് പോലും ഉള്‍കൊള്ളാന്‍ പറ്റാത്ത രോഗികള്‍ക്കിടയില്‍ ഒരു പുല്‍പ്പായയില്‍ ചുരുണ്ട് കിടക്കുന്ന മുഖത്തേക്ക് നോക്കിയതും എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മുടിയിഴകളിലൂടെ എന്നെ തലോടിയ , എനിക്ക് വേണ്ടി പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടിയ ആ കൈകള്‍ ശോഷിച്ചിട്ടുണ്ട്, ഞാന്‍ ചിരിക്കുമ്പോള്‍ സന്തോഷിച്ച കണ്ണുകളില്‍ മാത്രം ഒരു തിളക്കം കണ്ടു. അത് ഞങ്ങള്‍ വന്ന സന്തോഷതിന്റെതാണ് . ആ കൈകള്‍ എന്‍റെ മുഖത്ത് തലോടി ആദ്യം പറഞ്ഞത് "മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണോ എന്‍റെ കുട്ടി നാട്ടിലെത്തിയത് " എന്നാണ്. പരിസരം മറന്നു എന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി. പുല്‍പ്പായയില്‍ അമര്‍ന്നിരുന്ന് ഒന്നും പറയാനില്ലാതെ മുഖത്തോട് നോക്കി ഞാനിരുന്നു.

കൈപിടിച്ച് സ്കൂളിലെ ക്ലാസ് മുറി വരെ കൊണ്ടാക്കുന്നതും, എന്നെ തല്ലിയ ഉസ്താദിനോട് വഴക്കിനു പോയതും, നബിദിന ഘോഷയാത്രക്ക്‌ കൊടി കിട്ടാതെ കരഞ്ഞ എനിക്ക് വര്‍ണ്ണ കടലാസുകള്‍ ഒട്ടിച്ച കൊടി ഉണ്ടാക്കി തന്നതും, പഴുത്ത മാങ്ങകളുടെ തൊലി ചെത്തി പാത്രത്തില്‍ ഇട്ട് തരുന്നതും തുടങ്ങി ഗള്‍ഫിലേക്കുള്ള ആദ്യ യാത്രയില്‍ കൂടെ എയര്‍പോര്‍ട്ട് വരെ വന്നതുമായ കുറെ ഓര്‍മ്മകള്‍ എന്നെ പിടിച്ചു വലിക്കുന്നു.

ചുരുട്ടി നല്‍കിയ നോട്ടുകള്‍ മാമ വാങ്ങിയത് മകന്റെ അവകാശമായി കണ്ടാവണം. എന്നാല്‍ "എന്നെ കാണാന്‍ ഓടി വന്നല്ലോ എന്‍റെ കുട്ടി " എന്ന തൊണ്ടയില്‍ കുടുങ്ങിപ്പോയ വാക്കുകള്‍ ആണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത്. അര്‍ബുദത്തിന്റെ വേദനയില്‍ ആ ഒരാശ്വാസം ഞാന്‍ കണ്ടതാണ്. എങ്ങിനെ അവിടിന്നറങ്ങി എന്നറിയില്ല എനിക്ക്. പക്ഷെ അതൊരു അവസാന കൂടിക്കാഴ്ച ആയിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും നാവിന്‍ തുമ്പില്‍ നിന്നും ഒഴിഞ്ഞുപോകാത്ത ഒരു മാമ്പഴത്തിന്റെ രുചി പോലെ ഈ പോറ്റമ്മയും ആ സ്നേഹവും എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

എന്നോ എഴുതേണ്ടിയിരുന്ന ഒരു ഓര്‍മ്മകുറിപ്പ്. ഞാനിതിവിടെ കുറിക്കുന്നു. വിഷമിപ്പിക്കാനല്ല. ഓര്‍മ്മകളും സ്വപ്നങ്ങളും സന്തോഷങ്ങളും ഗൃഹാതുരത്വവും പങ്കു വെക്കുന്ന എന്റെയീ അക്ഷരങ്ങളുടെ ചെറിയ ലോകത്ത് ഈ വളര്‍ത്തുമ്മയേയും കാണണം എനിക്ക്. പ്രാര്‍ത്ഥനകളോടെ .

Saturday, February 18, 2012

ആരവമൊഴിയുന്ന മൈതാനങ്ങള്‍




"ചലഞ്ചെഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന വമ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. കാലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന നിങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം കാണാന്‍ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്"

ഗ്രാമങ്ങളിലെ നിരത്തിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു അനൌണ്‍സ്മെന്റ് ജീപ്പ് കടന്ന് പോയി . ഒപ്പം അതില്‍ നിന്നും പുറത്തേക്കെറിയുന്ന നോട്ടീസുകള്‍ വാരിക്കൂട്ടാന്‍ പിറകെ ഓടുന്ന കുറെ കുട്ടികളും. ഒരു പഴയ കാലഘട്ടത്തെയാണ് ഈ പരിചയപ്പെടുത്തിയത്. നമ്മളില്‍ പലരും ഇപ്പോള്‍ അല്പം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന വാക്കുകള്‍. പ്രത്യേകിച്ചും മലബാര്‍ ഗ്രാമങ്ങളില്‍. ആ ഗ്രാമങ്ങളുടെ തുടിപ്പും ആവേശവുമായിരുന്നു സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങള്‍. വൈകുന്നേരങ്ങളെ സജീവമാക്കിയിരുന്ന ഈ കായിക ഉത്സവത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്...? ചെറിയൊരു തിരിഞ്ഞു നോട്ടം നന്നാവുമെന്ന് തോന്നുന്നു.

നാട്ടുക്കാരെല്ലാം ചേര്‍ന്ന് , നെല്ല് കൊയ്ത പാടങ്ങള്‍ ചെത്തി മിനുക്കി നിരപ്പുള്ള മൈതാനമാക്കുന്നതില്‍ തുടങ്ങുന്നു ആവേശത്തിന്‍റെ കൊടിയേറ്റം. അയല്‍ പ്രദേശങ്ങളിലെ മിക്ക ക്ലബ്ബുകളും പങ്കെടുക്കുന്ന മത്സരത്തിന്‍റെ ആവേശത്തിലേക്ക് റഫറിയുടെ വിസില്‍ മുഴങ്ങുന്നത് മുതല്‍ ഉത്സവമാണ്. പൊടി പാറുന്ന മണ്ണില്‍ മത്സരത്തിന്‍റെ താളം മുറുകുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍. ലോക്കല്‍ മറഡോണമാരുടെയും മെസ്സിമാരുടെയും പേര് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍.അവരുടെ ആവേശം കാലിലെ ഊര്‍ജ്ജമാക്കി കുതിച്ച് പാഞ്ഞു എതിര്‍ടീമിന്‍റെ വല കുലുക്കുമ്പോള്‍ ചാടി മറിയുന്ന കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ.

പക്ഷെ, ഇപ്പോള്‍ ഈ മൈതാനങ്ങളിലെ ആരവങ്ങള്‍ക്ക് ചെവിയോര്‍ക്കുമ്പോള്‍ എനിക്കൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ... ഫുട്ബോളിന് മരണ മണി മുഴങ്ങി എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. പക്ഷെ ഗ്രാമങ്ങളെ മുന്‍നിര്‍ത്തി നടന്നു വന്നിരുന്ന സെവന്‍സ് മത്സരങ്ങള്‍ ഇപ്പോള്‍ വളരെ കുറഞ്ഞുപ്പോയി. വെറും ഫുട്ബോള്‍ എന്നതിനുപരി ഒരുപാട് തലങ്ങളിലേക്ക് അതിന്‍റെ ഗുണങ്ങള്‍ പരന്നിരുന്നു എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. ഐക്യത്തിന്റെ, സാഹോദര്യത്തിന്‍റെ , മത സൗഹാര്‍ദ്ധത്തിന്‍റെ മേഖലകളിലേക്ക്. പല മലബാര്‍ തറവാട്ടുകാരുടെയും പ്രതാപം അറിയിക്കുന്ന വേദി കൂടിയായിരുന്നു ഇത്. സ്വന്തം ടീമും, മത്സരത്തിന്‍റെ സംഘാടനവും തുടങ്ങി അവരുടെ പൊങ്ങച്ചത്തിന്‍റെ മുഖം കൂടി കാണിക്കാന്‍ ഒരു അവസരം കൂടി ആയിരുന്നു ഇത്.

ഫുട്ബോളിന്റെ സാമ്പ്രദായിക സൗന്ദര്യത്തെ, സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങള്‍ നശിപ്പിക്കുന്നു എന്നൊക്കെ പറയാറും കേള്‍ക്കാറുമുണ്ട്. അതിന്‍റെ ശരിയും തെറ്റും വിശകലനം ചെയ്യാന്‍ ഞാനാളല്ല. പക്ഷെ ഒരു മലബാറുക്കാരനായ എനിക്ക് ഫുട്ബോള്‍ എന്നാല്‍ ജീവശ്വാസം പോലെയാണ്. പാടങ്ങളിലും സ്കൂള്‍ മൈതാനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ആരവങ്ങള്‍ കണ്ടും കേട്ടുമാണ് ഞങ്ങള്‍ വളര്‍ന്നത്‌. അതിപ്പോള്‍ കുറയുന്നു എന്നറിയുമ്പോഴുള്ള വിഷമം ചെറുതല്ല. ഒരു ഗ്രാമത്തിന്‍റെ ഹൃദയം മുഴുവന്‍ ഒരേ താളത്തില്‍ മിടിച്ചിരുന്ന ഒരു കായിക രൂപമാണ് ചുരുങ്ങി പോകുന്നത്.

ഒരു സ്ഥലത്ത് കളി കഴിയുമ്പോള്‍ അടുത്ത ഗ്രാമത്തില്‍ വേറെ തുടങ്ങിയിരിക്കും. പിന്നെ കൂട്ടങ്ങളായി അങ്ങോട്ട്‌. ഒരു വേനല്‍ കഴിയുമ്പോള്‍ അടുത്ത സീസന്‍ ആവുന്നത് വരെ കാത്തിരിപ്പിന് നീളം കൂടും. ആ സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളുടെ പരിമിതമായ സാന്നിധ്യമാണ് ഞാനിവിടെ അന്വഷിച്ചതും.

പക്ഷെ മലപ്പുറം ജില്ല വേറെ തന്നെ നില്‍ക്കുന്നു. പേര് കേട്ട പല മത്സരങ്ങളും ഇപ്പോള്‍ ഇല്ല എങ്കിലും കുറെയേറെ ഇപ്പോഴും ഉണ്ട്. അരീക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും സജീവമാണ്. കളിക്കുന്നതിനും കളി ഒരുക്കുന്നതിനും. ഇത് വഴി പോകുമ്പോള്‍ പന്ത് തട്ടി കളിക്കുന്ന കൊച്ചു കുട്ടികളെ കാണാം അവര്‍ക്ക് കളി പറഞ്ഞു കൊടുക്കുന്നവരേയും. നാളത്തെ ഇന്ത്യുടെ പ്രതീക്ഷകള്‍ ആണവര്‍. ഇന്ത്യന്‍ ടീമിലേക്ക് എത്രയെത്ര പ്രതിഭകളെ സമ്മാനിച്ച നാടാണിത്. ഷറഫലിയും ഹബീബും ജാബിറും തുടങ്ങി കുട്ടിക്കാലത്ത് ആരാധിച്ച എത്ര പേരുകള്‍. പുതിയ ഇന്ത്യന്‍ ടീമിലേക്കും കയറി ഇവിടെ നിന്നും കുറെ പേര്‍. എനിക്കുറപ്പുണ്ട് ഈ കൊച്ചു കുട്ടികള്‍ പന്തുതട്ടി പഠിക്കുന്നത് ഇന്ത്യയുടെ പുതിയ പ്രതീക്ഷകളിലേക്കേക്കാണ് എന്ന്. ഒരു പക്ഷെ ഒരു ലോകക്കപ്പ് എന്‍ഡ്രി എന്ന സ്വപ്നത്തിലേക്ക്.

കളികള്‍ മാത്രമല്ല അന്യം നിന്ന് പോകുന്നത്. കളിയരങ്ങുകള്‍ കൂടിയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ പറ്റി എങ്ങിനെ പറയാതിരിക്കും. ഇതുവഴി പോകുമ്പോള്‍ ഒരു നഷ്ടബോധം തോന്നും ഇപ്പോഴും. ഗാലറികളുടെ പഴയ ആരവം മനസ്സിലേക്ക് ഇരച്ചു കയറുന്നു. സിസ്സെഴ്സ് കപ്പ്‌, നെഹ്‌റു കപ്പ്‌, പിന്നെ കോഴിക്കോടിന്‍റെ സ്വന്തം നാഗ്ജി. ബികാസ്‌ പാഞ്ചിയും പാപച്ചനും വിജയനും ജാംഷെഡ്‌ നസ്സീരിയും ചീമ ഒകീരിയും തുടങ്ങി പിന്നെ റഷ്യക്ക് വേണ്ടി ലോക കപ്പ്‌ കളിച്ച ഇഗോര്‍ ബലനോവും അലക്സി മിഹൈലി ചെങ്കോയും വരെ ആവേശം വാരിവിതറിയ രാവുകള്‍.. . കഷണ്ടി തലയുമായി ബെലനോവിനെയും സ്വര്‍ണ്ണ തലമുടിയുമായി ചെങ്കോയെയും പിന്നെ റഷ്യക്ക് വേണ്ടി ലോകകപ്പില്‍ കണ്ടപ്പോള്‍ എത്ര മാത്രം സന്തോഷിച്ചു. നമ്മള്‍ നേരിട്ട് കണ്ട താരങ്ങള്‍. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്.

രാവുകളെ പകലാക്കിയ ഫ്ലെഡ് ലൈറ്റ് ആരവങ്ങള്‍ക്ക് ഇന്ന് ശ്മശാന മൂകത. കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികളുടെ നൊമ്പരങ്ങള്‍ അവിടെ ചുറ്റിതിരിയുന്നതായി അനുഭവപ്പെടുന്നു. കാലം മാപ്പ് നല്‍കാത്ത അവഗണന. ഇടയ്ക്കെന്നോ ദേശീയ ലീഗിലെ ചില മത്സരങ്ങള്‍ വന്നു. വീണ്ടും പഴയ പടി. കണ്ണ് തുറക്കാത്ത അധികാരി വര്‍ഗങ്ങള്‍ അറിയുന്നോ കോഴിക്കോടന്‍ ഫുട്ബോള്‍ പ്രേമികളുടെ സങ്കടം. പട്ടിണി കിടന്നു മരിക്കുന്നവരെ പോലും തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ വരുമ്പോള്‍ ഈ ഒരു ചിന്ത അല്പം കടന്നതാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ എഴുതി വന്ന വിഷയം അതായിപോയല്ലോ.

മൈതാനത്തിലെ പച്ച പുല്ല് കിളിര്‍ക്കുന്നത്‌ പോലെ വീണ്ടും ഗ്രാമങ്ങളും കളിയരങ്ങുകളും സജീവമാകും എന്ന ശുഭാപ്തി വിശ്വാസം ബാക്കി വെക്കാനെ എന്നിലെ കായികപ്രേമിക്കും കഴിയൂ. ഇനി വിസില്‍ മുഴങ്ങുന്നത് പുതിയൊരു മത്സരത്തിന്‍റെ ആവേശത്തിലേക്കാവട്ടെ.

(നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്)

Saturday, February 11, 2012

"നിള"യെന്നെ വിളിക്കുന്നുണ്ട്..!



ബസ്സിന്റെ സൈഡ് സീറ്റില്‍ ചാഞ്ഞിരുന്ന് ഒരു പാതിയുറക്കത്തിന്‍റെ സുഖത്തിലായിരുന്നു ഞാന്‍ . പതിയെ കടന്നുവന്നൊരു കാറ്റിന്റെ തലോടലില്‍ കണ്ണു തുറന്നു നോക്കിയപ്പോള്‍ കുറ്റിപ്പുറം പാലമെത്തിയിട്ടുണ്ട്. പുറത്ത് നിശബ്ദമായി ഒരു പുഴ ഒഴുകുന്നു. "നിള" യെന്ന സുന്ദരി ഒരു സായാഹ്ന മയക്കത്തില്‍ ആണെന്ന് തോന്നുന്നു.

എന്ന് മുതലാണ്‌ നിളയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്..?
ഉച്ചക്ക് ശേഷം വന്നെത്തുന്ന ഉറക്കം അലട്ടുന്ന പീരിയഡുകളുടെ വിരസത ശിവദാസന്‍ മാസ്റ്റര്‍ ക്ലാസ് എടുക്കുമ്പോള്‍ ഉണ്ടാവാറില്ല. മാമാങ്ക മഹോത്സവത്തെ കുറിച്ച് മനോഹരമായി വര്‍ണ്ണിച്ച ആ സാമൂഹ്യ പാഠം ക്ലാസ് മുതലാവണം ആദ്യം നിളയെ അറിയുന്നത്.



ഒരിക്കല്‍ തിരുനാവായ പോയിരുന്നു. നിളയുടെ തീരത്തുള്ള നവമുകുന്ദ ക്ഷേത്രത്തിലും. ഈ പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. എട്ട് തവണ പ്രതിഷ്ഠ നടന്നപ്പോഴും വിഗ്രഹം മണ്ണിനടിയിലേക്ക് താഴ്ന്നു പോകുകയും ഒമ്പതാമത്തെ ശ്രമത്തില്‍ പകുതി താഴ്ന്നെങ്കിലും പൂജാരിമാര്‍ മനശക്തികൊണ്ട് താങ്ങി നിര്‍ത്തി. അങ്ങിനെയാണ് നവമുകുന്ദ എന്ന പേര് വന്നതത്രെ. വിഷു ദിവസങ്ങളില്‍ ഉദയ സൂര്യന്റെ രശ്മികള്‍ വിഗ്രഹത്തിന്റെ പാദങ്ങളില്‍ പതിക്കും എന്നും പറയുന്നു. പുഴയുടെ തീരത്തുള്ള ഈ ക്ഷേത്രവും അവിടെ കണ്ടിരുന്ന ശാന്തതയും ഭംഗിയും ഇപ്പോഴും ഓര്‍മ്മയിലുണ്ട്. മറുകരയില്‍ ഒരു ബ്രഹ്മ ക്ഷേത്രവും ഉണ്ടായിരുന്നു. എന്‍റെ ഓര്‍മ്മയില്‍ കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഉള്ളൂ എന്നാണ്. ഈ അമ്പലത്തിന്റെ അരികിലൂടെയുള്ള ചെങ്കല്ല് പാകിയ പടവിലൂടെ ഇറങ്ങിചെന്നാണ് ഞാന്‍ നിളയെന്ന പ്രണയിനിയെ ആദ്യമായി തൊട്ടറിയുന്നത്. കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് ഞാനെന്റെ ഇഷ്ടവും അറിയിച്ചു.



അഞ്ഞൂറ് വര്‍ഷങ്ങളുടെ പാരമ്പര്യവുമായി തലയുയര്‍ത്തി നില്‍ക്കുന്ന പൊന്നാനി ജുമാ മസ്ജിദും നിളയുടെ തീരത്താണ്. . ഇതിന്‍റെ മിനാരങ്ങളുടെ ആശീര്‍വാദം നേടിയാകണം ഓരോ പ്രഭാതത്തിലും നിള ഉണര്‍ന്ന് ഒഴുകിത്തുടങ്ങുന്നത്‌. ... വാസ്തുശില്പ കലയുടെയും ചരിത്ര തിരുശേഷിപ്പുക്കളുടെയും സമ്മേളനമാണ്‌ പള്ളിയുടെ അകത്തളം. സൈനുദ്ധീന്‍ മഖ്തൂം ആണ് പള്ളിയുടെ സ്ഥാപകന്‍ .



"വിളക്കത്തിരിക്കല്‍ " എന്ന പേരില്‍ അറിയപ്പെടുന്നതാണ് ഇവിടത്തെ മത പഠന ക്ലാസ്. മക്കയില്‍ നിന്നും കൊണ്ട് വന്ന കല്ലിനു മീതെ പ്രത്യേക രീതിയില്‍ ആണ് ഈ എണ്ണ വിളക്കിരിക്കുന്നത്. സന്ധ്യാ നമസ്കാരത്തിന് ശേഷമാണ് ഇത് തെളിയിക്കുന്നത്. പള്ളി ദര്‍സ് സമ്പ്രദായങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. ഒരുപാട് ചരിത്രങ്ങള്‍ ഇനിയും പള്ളിയോട് ചേര്‍ന്ന് ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ യാത്രയുടെ അവ്യക്തമായ ഓര്‍മ്മകളെ എനിക്കുള്ളൂ.

ഇന്നിപ്പോള്‍ ആ യാത്രയെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു അപൂര്‍ണ്ണത തോന്നുന്നുണ്ട് . വെറും കൗതുകത്തിനപ്പുറം അന്നതിനൊരു പ്രാധാന്യം കൊടുക്കാത്തത് തെറ്റല്ല. പക്ഷെ ഇപ്പോള്‍ എന്തൊക്കെയോ അറിയാനും പറയാനും ശ്രമിക്കുമ്പോള്‍ സാധിക്കാതെ വരുന്നല്ലോ എന്നൊരു വിഷമം . ഈ പള്ളിയുടെ , ക്ഷേത്രത്തിന്‍റെ, മാമാങ്കത്തിന്‍റെ , പെരുമ്പടപ്പ്‌ സ്വരൂപത്തിന്‍റെ , വള്ളുവനാടിന്‍റെ പിന്നെ മറ്റനേകം നാട്ടുകഥകളും ഉറങ്ങുന്ന ഈ നിളയുടെ തീരത്തൂടെ വീണ്ടുമൊരു യാത്ര കൊതിച്ചു പോകുന്നു.

കേരളത്തിന്റെ സംസ്കാരത്തോട്‌ ഇത്രയധികം ചേര്‍ന്ന് നിന്നൊരു പുഴ വേറെയുണ്ടോ..? എം. ടി . ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. " ലോകത്തെ ഏത് വലിയ സമുദ്രത്തെക്കാളും കൂടുതലാണ് എനിക്ക് നിളയുടെ മഹത്വം " എന്ന്. നദികള്‍ സംസ്കാരങ്ങളെ സൃഷ്ടിക്കുന്നു എന്നല്ലേ. എല്ലാവരുടെ ജീവിതത്തിലും സ്വാധീനമായി ഒരു നദിയുണ്ടായിരിക്കണം. കൂടല്ലൂര്‍ ഗ്രാമങ്ങളെ നനച്ചു വളര്‍ത്തിയ നിളയല്ലേ മലയാള സാഹിത്യലോകത്തിന് തണല്‍ മരമായ എം. ടീ. യെയും നല്‍കിയത്. ഇന്നും മലയാളികളുടെ വായനയിലെ സുകൃതമായ എത്രയോ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് ഈ പുഴയെ നോക്കിയാണ് എന്നറിയുമ്പോള്‍ എം. ടീ യേക്കാള്‍ കൂടുതല്‍ ഞാന്‍ നിളയെ സ്നേഹിച്ചു പോകുന്നു. പക്ഷെ നഷ്ടപ്പെട്ടു പോകുന്ന പുഴയുടെ അവസ്ഥ കണ്ട് "ഇനിയൊരിക്കലും ഞാന്‍ നിളയെ പറ്റി എഴുതുകയോ മിണ്ടുകയോ ചെയ്യില്ല " എന്ന് വിലപിച്ചപ്പോള്‍ "നിളയുടെ കഥാക്കാരന്‍ "എത്ര കണ്ട് വിഷമിച്ചിട്ടുണ്ടാവണം .

അതൊരു സത്യമാണ്. പലരും പറയാറുണ്ട്‌ ഇനി ചാലിയാറിനെ പറ്റി എഴുതരുത് എന്ന്. പക്ഷെ ഞാന്‍ എഴുതുന്ന ചാലിയാറിനേയും ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. എന്‍റെ ഓര്‍മ്മകളില്‍ നിറയുന്ന ചാലിയാറിന്റെ ആ പഴയ സൌന്ദര്യത്തെ കാണാന്‍ കഴിയാത്ത വിഷമമാണ് പറയുന്നതെന്ന് ഞാനെങ്ങിനെ പറഞ്ഞു മനസ്സിലാക്കും...? ആ ഓര്‍മ്മകളുടെ നിവേദ്യമാണ് ചാലിയാര്‍ കഥകളായി ഞാന്‍ പറഞ്ഞു പോകുന്നത്.



നമുക്ക് നിളയുടെ തീരത്തേക്ക് തിരിച്ചുവരാം. പുഴ ഒഴുകുന്ന വഴികളിലൂടെ ചരിത്രത്തിന്റെ പിന്നാമ്പുറം തേടി, നാട്ടുകഥകളുടെ മിഴിച്ചെപ്പുകള്‍ തേടി , നാടന്‍ പാട്ടുകളുടെ ശീലുകള്‍ തേടി ഈ സംസ്കാരത്തോട്‌ ചേര്‍ന്ന് യുഗങ്ങള്‍ പിറകിലോട്ട് പോയാലോ ?. പല്ലക്കില്‍ ഒരു നാട്ടു രാജാവ് കടന്ന് പോകുന്നത് കാണുന്നില്ലേ..? പെരുമ്പടപ്പ്‌ സ്വരൂപത്തിലേക്ക് സാമൂതിരിയുടെ മുന്നേറ്റമാണ് ഉയര്‍ന്ന് പൊങ്ങുന്ന ആ പൊടിപടലങ്ങള്‍. അകലെ മാമാങ്കത്തിന്റെ കൊടിയേറ്റമുണ്ട്. ഉത്സവത്തിന്റെ ആരവങ്ങളും കേള്‍ക്കുന്നുണ്ട്. നമ്മളിപ്പോള്‍ നൂറ്റാണ്ടുകള്‍ പിറകിലൂടെ യാത്ര ചെയ്യുകയാണ്.

രക്തപങ്കിലമായ മാമാങ്കത്തിന്റെ ഓര്‍മ്മയിലായിരിക്കുമോ പുഴക്ക്‌ ചുവപ്പ് നിറം കാണുന്നത്. കാരണം ഈ അസ്തമയ സൂര്യന്റെ വെളിച്ചം ഏറ്റുവാങ്ങുന്ന പുഴക്ക്‌ ഒരു രക്തവര്‍ണ്ണം തോന്നുന്നു. നഷ്ടപ്പെട്ട മാമാങ്കത്തിന്റെ സാരഥ്യം തിരിച്ച് പിടിക്കാന്‍ വള്ളുവകോനാതിരി , സാമൂതിരിയുമായി നടത്തിയ യുദ്ധങ്ങള്‍. അതില്‍ പിടഞ്ഞു വീണവരുടെ രക്തവും കണ്ണീരും ഒരു കാലത്ത് ഈ നിളയെപോലും കരയിപ്പിച്ചിട്ടുണ്ടാവണം . പുഴയില്‍ വെള്ളം ചീറ്റി കുളിക്കുന്ന ഈ നാട്ടാന പോലും എന്നെ വഴിതിരിച്ചു വിടുന്നത് ആ കാലത്തിലേക്കാണ്. കാരണം ചരിത്രക്കാരന്‍മാര്‍ പറയുന്നത് സാമൂതിരി കൊന്നൊടുക്കിയ പടയാളികളുടെ മൃതദേഹങ്ങള്‍ ആനകള്‍ കാലുകൊണ്ട്‌ ചവിട്ടി മണിക്കിണറിലേക്ക് ഇടാറായിരുന്നു എന്നാണ്. മാമാങ്കത്തിന്റെ പല ശേഷിപ്പുകളും നിളയുടെ തീരത്ത് ചിതറി കിടപ്പുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ കേവലം സ്കൂള്‍ പരീക്ഷയില്‍ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള അഭ്യാസം ഒഴിച്ചാല്‍ ഒരിക്കല്‍ പോലും ഇതൊക്കെ കാണാനോ അറിയാനോ ശ്രമിച്ചിട്ടുണ്ടോ..? ഇല്ലെന്ന് തന്നെ ഉത്തരം.

ഒരു പക്ഷെ മറന്ന ആ ചരിത്രം മുതലാകണം എം ടീ യിലൂടെ വീണ്ടും നമ്മള്‍ നിളയിലേക്കെത്തിയത്. കഥകളിലൂടെ അദ്ദേഹം മറ്റൊരു നദിയെ കാണിച്ച്‌ തന്നു. പുതിയൊരു സംസ്കാരത്തെ പരിചയപ്പെടുത്തി. കുട്ട്യേടത്തിയിലേയും ഇരുട്ടിന്റെ ആത്മാവിലെയും തുടങ്ങി ഇന്നും നമ്മുടെ വായനയെ ഉത്സവമാക്കുന്ന അനശ്വര കഥാപാത്രങ്ങള്‍ എം ടി രചിച്ചത് നിളയിലെ തെളിനീരില്‍ പേന മുക്കി അതിന്‍റെ തീരത്തെ പഞ്ചാരമണലില്‍ എഴുതിയാകണം. ആ കഥാപാത്രങ്ങള്‍ പിറന്നു വീണ തീരത്ത് കൂടി, ചരിത്ര കഥകള്‍ പറയുന്ന കാറ്റും കൊണ്ട് , എല്ലാം അനുഭവമാക്കി ഒരു യാത്ര നിങ്ങളും കൊതിക്കുന്നില്ലേ..?

എം ടിയില്‍ മാത്രം, ഒതുങ്ങി നില്‍ക്കുന്നതല്ലല്ലോ നിളയുടെ തീരം നല്‍കിയ സമ്മാനങ്ങള്‍. ഒ.വി. വിജയനും , വീ കെ എന്നും തുടങ്ങി ലോകം അംഗീകരിച്ച സാഹിത്യ പ്രതിഭകള്‍ , ചരിത്രത്തില്‍ ഇടം പിടിച്ച പള്ളികളും ക്ഷേത്രങ്ങളും . സാംസ്കാരിക കലാ കേരളത്തിന്റെ അഭിമാനമായ കലാ മണ്ഡലം . കൂടെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള , ഇന്നും നമ്മുടെ ചരിത്ര പഠന ക്ലാസ്സുകളിലെ നിറമുള്ള അധ്യായങ്ങളായ ആ പഴയ നാട്ടുരാജ്യ കഥകള്‍. നിള ഒരത്ഭുതമായി മനസ്സില്‍ നിറയുന്നു.

കുറ്റിപ്പുറം പാലം കടന്ന് ബസ്സ് നീങ്ങുമ്പോള്‍ ഞാനൊന്നൂടെ തിരിഞ്ഞു നോക്കി. മയക്കത്തില്‍ നിന്നുണര്‍ന്ന് നിളയെന്നെ വിളിക്കുന്നുണ്ട്. ചരിത്രത്തിന്റെ വഞ്ചിയില്‍ കയറി തന്റെ മാറിലൂടെ ഒരു സവാരിക്ക്.

(ചിത്രങ്ങള്‍ - ഗൂഗിള്‍ )

Saturday, January 28, 2012

ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍




തണുത്ത് വിറക്കുന്നൊരു പ്രഭാതത്തില്‍ തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്‍റെ ഊട്ടി ഓഫീസിലേക്ക് കയറി ചെന്നത് ഒട്ടും പ്രതീക്ഷയില്ലാതെയാണ്‌.
മുന്നില്‍ ഇരിക്കുന്ന സോളമന്‍ എന്ന ഡ്യൂട്ടി ഓഫീസറുടെ സുന്ദര മുഖത്തിന്‌ ചേരാത്തതായി ഒന്നേയുള്ളൂ. ഭംഗിയായി ഒതുക്കി വെച്ച കൊമ്പന്‍ മീശ, പക്ഷെ എന്‍റെ ആത്മവിശ്വാസം ചോര്‍ന്നു പോകാന്‍ അത് ധാരാളമായിരുന്നു.
വന്ന കാര്യം പറഞ്ഞു.
"മസിനഗുഡി ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ രണ്ട് ദിവസം താമസിക്കാന്‍ അനുമതി വേണം".
ഒറ്റവാക്കില്‍ ഉത്തം കിട്ടി. "എല്ലാം ബുക്കിംഗ് ആണ്".

ഇവിടെ താമസിക്കാന്‍ അനുമതി ഈ ഊട്ടി ഓഫീസില്‍ നിന്ന് വാങ്ങണം. എല്ലാ സര്‍ക്കാര്‍ ഓഫീസിന്‍റെയും പൊതുസ്വഭാവം ഒന്നാവും എന്നറിയാന്‍ വല്യ ബുദ്ധി വേണ്ടല്ലോ. പക്ഷെ ഇത് നാട് വേറെയാണ്. അതുകൊണ്ട് ഡീലിംഗ് അല്പം സെന്റിമെന്റല്‍ ആക്കിയപ്പോള്‍ കൊമ്പന്‍ മീശക്കുള്ളിലെ നല്ല മനസ്സ് കനിഞ്ഞു . കേരളത്തില്‍ നിന്നും മസിനഗുഡി കനവുകളും പേറി വന്ന ഞങ്ങളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും രണ്ട് ദിവസത്തേക്ക് താമസം ശരിയാക്കി തരികയും ചെയ്തു.
നന്ദി ഓഫീസര്‍ .... ഈ സ്നേഹത്തിനും നല്ല മനസ്സിനും.

ഫ്ലവര്‍ ഷോയും ദേവദാരു മരങ്ങളും മഞ്ഞും വിരുന്നൂട്ടിയ നീലഗിരി താഴ്വാരങ്ങളിലെ ദിവസങ്ങളെ മാറ്റി വെച്ച് ഞാന്‍ ക്യാമറ മസിനഗുഡിയിലെ വിസ്മയിപ്പിക്കുന്ന കാനന ഭംഗിയിലേക്ക് തിരിച്ച്‌ വെക്കട്ടെ..



ശരിക്കുമൊരു കണ്വാശ്രമം തന്നെ ഇവിടം. ദുഷ്യന്തനേയും ശകുന്തളയേയും നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം. പകരം മറ്റെല്ലാ ആശ്രമ കാഴ്ചകളും ഇവിടുണ്ടല്ലോ. പഴമയുടെ മോടിയുള്ള ഈ ഗസ്റ്റ് ഹൗസിന്‍റെ മുറ്റത്തിരുന്നാല്‍ മുന്നിലൂടെ ഒഴുകുന്ന കാട്ടരുവി കാണാം. ചെറിയ പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന കണ്ണാടി ചില്ലുകള്‍ പോലെയുള്ള വെള്ളം. അത് കുടിക്കാന്‍ വരുന്ന മാനുകള്‍. കുറ്റിച്ചെടികളുടെ ഉള്ളില്‍ നിന്നും നാണം കുണുങ്ങി പതുക്കെ പുറത്ത്‌ വരുന്ന മയിലുകള്‍,മരങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് ഒരു കണ്വാശ്രമം തന്നെ സങ്കല്‍പ്പിച്ചെടുക്കാം നമുക്കിവിടെ. കാട്ടു വള്ളികള്‍ തൂങ്ങി കിടക്കുന്ന അരയാലിന്‍റെ ചുവട്ടിലെ ഈ മതിലില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ടിരിക്കാന്‍ എന്ത് സുഖമാണ്. പ്രകൃതിയുടെ ഭാവപകര്‍ച്ചക്ക് കാതോര്‍ത്ത്‌ അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു. പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..? എന്നാലും ഒരു ഒളികണ്ണ് എപ്പോഴും അവര്‍ക്കുള്ളത് ഇത് മാറിയ കാലമാണ് എന്നൊരു തോന്നല്‍ ഉള്ളതുകൊണ്ടാവണം.


പുലര്‍മഞ്ഞ് ചിത്രം വരയ്ക്കുന്ന "മസിനഗുഡി" യന്‍ പ്രഭാതം ആസ്വദിക്കാന്‍ നേരത്തെ തന്നെ എഴുന്നേറ്റു . കാണ്വാശ്രമത്തിലെ ആതിഥേയരായ മാനുകളും മയിലുകളും കാലത്ത് തന്നെ ഇറങ്ങിയിട്ടുണ്ട് ദര്‍ശനം നല്‍കാന്‍ . പേരറിയാത്ത കുറെ വര്‍ണ്ണകിളികള്‍ കാടിന്‍റെ സുപ്രഭാതം പാടുന്നു. ഈ കാട്ടരുവിക്ക് ഇത്രയും ഭംഗിയും ശാന്തതയും ഉണ്ടാവാന്‍ കാരണം പണ്ട് ഇതിന്‍റെ തീരത്ത് തപസ്സിരിന്നിരുന്ന മുനിമാരെ കുറിച്ചോര്‍ത്തിട്ടാവുമോ ? ആരെയും ശ്രദ്ധിക്കാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ പേടമാനിന്‍റെ കണ്ണുകളില്‍ കാണുന്നത് ദുഷ്യന്തനെ കാണാതെ വിഷമിക്കുന്ന ശകുന്തളയുടെ വികാരമാണോ..? പക്ഷെ എല്ലാം കൂടി ചേര്‍ന്ന പ്രസന്നമായ ഈ പ്രകൃതിയില്‍ ഞാനനുഭവിക്കുന്നതും ഒരു താപസന്‍റെ സന്തോഷവും ഏകാഗ്രതയും തന്നെ.



ജോസഫ് എന്ന മാവേലിക്കരക്കാരനാണ് ഇവിടത്തെ കാവല്‍ക്കാരനും കുക്കും. അടുത്ത വര്‍ഷം റിട്ടയര്‍ ആകുന്നതിന്‍റെ സങ്കടത്തില്‍ ആണ് പുള്ളി. നാട്ടില്‍ പോകുന്നതില്‍ സന്തോഷം ഉണ്ടെങ്കിലും വര്‍ഷങ്ങളായി ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കാടും ചുറ്റുപ്പാടും ഇനി തനിക്ക് അന്യമായി പോകുമല്ലോ എന്ന വിഷമവും അച്ചായന്‍ പങ്കുവെച്ചു.

അരുവിയോട് ചേര്‍ന്ന് കാഴ്ചകള്‍ കണ്ട്‌ സ്വയം മറന്നു നില്‍ക്കുകയാണ് ഹോളണ്ടുക്കാരന്‍ ആല്‍ബര്‍ട്ടും അവന്‍റെ പുതുമണവാട്ടി കാതറിനും. ഹണിമൂണിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എന്‍റെ നാടിനെ തിരഞ്ഞെടുത്ത ഈ ഡച്ച് ജോടികളോട് എനിക്ക് ആദരവ് തോന്നി. കൂടെ ഈ കാടിന്റെ ഭംഗിയില്‍ പുതു ദാമ്പത്യത്തിന്റെ മധുരം ആസ്വദിക്കുന്ന മനസ്സും അത്ഭുതമായി . ഇന്ത്യയെ സ്നേഹിക്കുന്ന ഇവരെ പരിചയപ്പെടാനും സുഹൃത്തുക്കള്‍ ആവാനും എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ഞങ്ങള്‍ സ്നേഹപ്പൂര്‍വ്വം നല്‍കിയ ചായ കുടിച്ചു കൊണ്ട് അവര്‍ നമ്മുടെ നാട് നല്‍കിയ അനുഭവത്തിന്‍റെ സന്തോഷ വര്‍ത്തമാനങ്ങള്‍ പങ്കു വെച്ചു. ഒരു മാസം നീളുന്ന ഭാരത യാത്രയില്‍ നോര്‍ത്തും കഴിഞ്ഞ് സൗത്തിലേക്ക് എത്തിയതേ ഉള്ളൂ. നുണക്കുഴി വിരിയുന്ന പുഞ്ചിരിയുമായി താജ്മഹല്‍ കണ്ട അനുഭവത്തിന്‍റെ ആവേശം കാതറിന്‍ പറയുമ്പോള്‍ കേട്ടിരിക്കുന്ന ഞങ്ങള്‍ക്ക് പോലും കാണാത്ത താജിനെ കുറിച്ചോര്‍ത്തു സങ്കടം തോന്നി. കാതറിനുമായി ഞാന്‍ കൂടുതല്‍ സംസാരിക്കുന്നു എന്ന ഹഫിയുടെ പരാതി ഞാന്‍ തല്‍ക്കാലം കേട്ടില്ലെന്ന് നടിച്ചു. പക്ഷെ കാതറിനൊരു വെസ്റ്റെണ്‍ ശകുന്തളയുടെ ച്ഛായയുണ്ടോ..? വേണ്ട. നമ്മുടെ കഥകളും സംസ്കാരവും നമ്മുടേത്‌ മാത്രമായി നില്‍ക്കട്ടെ അല്ലേ..?

ഇനി ഇവരുടെ യാത്ര കേരളത്തിലെക്കാണ്. ആലപുഴയില്‍ ഹൗസ് ബോട്ടില്‍ ഒരു ദിവസം എന്ന സ്വപ്നത്തില്‍ ആണവര്‍. കേരള യാത്രയെ കുറിച്ച് നല്ല തയ്യാറെടുപ്പ് ഉണ്ട് . അവരുള്ള ദിവസം കോഴിക്കോട് ഞാന്‍ ഉണ്ടാവില്ല എന്നോര്‍ത്തപ്പോള്‍ ഇത്തിരി സങ്കടം തോന്നാതിരുന്നില്ല. ഒരു കോഴിക്കോടന്‍ ഡിന്നര്‍ നഷ്ടപ്പെടുന്ന വിഷമം അവരും മറച്ചു വെച്ചില്ല. പെട്ടൊന്നടുത്ത് അതേപോലെ പിരിയേണ്ടി വന്നപ്പോള്‍ ഇത്തിരി വിഷമം തോന്നി ഞങ്ങള്‍ക്ക്. പക്ഷെ അടുത്ത അവധിക്കാലത്ത്‌ നാട്ടിലെത്തിയപ്പോള്‍ ഉമ്മ എടുത്തു തന്ന അല്പം വൈകിയ ഒരു കത്ത് എടുത്ത് വായിച്ചപ്പോള്‍ എനിക്ക് അത്ഭുതമല്ല തോന്നിയത്. ആ ചെറിയ ഇടവേളയിലെ സൗഹൃദത്തിന് നന്ദി പറഞ്ഞ് ആ സ്നേഹിതന്‍ അയച്ച കത്ത് എനിക്കെന്തുമാത്രം സന്തോഷം നല്‍കി. വഴിയമ്പലങ്ങളില്‍ പരിചയപ്പെട്ട് വിടപറഞ്ഞു പോകുന്നവരുടെ ഭാഷ അല്ലായിരുന്നു അതിന്. പക്ഷെ പ്രിയ സ്നേഹിതാ .. എഴുതാതെ പോയ മറുപടിയിലെ അക്ഷരങ്ങള്‍ നന്ദി കേടിന്‍റെ ഭാഷയില്‍ എന്നെ തിരിഞ്ഞു കുത്തുന്നുണ്ട്. മാപ്പ് .



ഭാഷ അറിയില്ലെങ്കിലും ഹൃദയം കൊണ്ട് ഒരു ആത്മബന്ധം സ്ഥാപിച്ച കാതറിന്‍ പോയപ്പോള്‍ ഹഫിക്കും സങ്കടം തോന്നി. വൈകുന്നേരം ട്രക്കിംഗ് ഉണ്ട്. കാടിന്‍റെ ഉള്ളിലൂടെ ഫോറസ്റ്റ് വകുപ്പിന്‍റെ കണ്ണാടി ചില്ലിട്ട വാഹനത്തില്‍ യാത്ര രസകരമാണ്. നമ്മളേക്കാള്‍ അനുസരണ ആണ് കാട്ടുമൃഗങ്ങള്‍ക്ക്. അവസാനം ഒരു വെള്ളച്ചാട്ടത്തിനരികെ വണ്ടി നിര്‍ത്തി. എത്ര താഴ്ചയിലേക്ക് ആണ് വെള്ളം പതിക്കുന്നത് . കാല് തെറ്റിയാല്‍ പൊടി പോലും കിട്ടില്ല. അപ്പുറം കാട് തന്നെ. ആനക്കൂട്ടങ്ങള്‍ നിറയെ കാണാം. ഹൃദയം നിറഞ്ഞ കാനന കാഴ്ചകള്‍ കണ്ട്‌ ഞങ്ങള്‍ വീണ്ടും ഗസ്റ്റ് ഹൗസിലെത്തി. കാടിനകത്തെ താമസത്തിന് പൊതു സ്വഭാവം ആണ്. അതുകൊണ്ട് തന്നെ ഈ രാത്രി നല്‍കിയ അനുഭവം ഞാന്‍ പറയാന്‍ ശ്രമിച്ചാല്‍ എന്‍റെ തന്നെ മറ്റു പോസ്റ്റുകളിലെ വാക്കുകള്‍ കയറി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം കാട്ടിലെ രാത്രികള്‍ മറ്റു സ്ഥലങ്ങളിലേത് ഞാന്‍ പറഞ്ഞിട്ടുണ്ട് മുമ്പ്. എന്നാലും കാട്ടരുവിയുടെ ശബ്ദവും കാടിന്‍റെ നിശബ്ദതയെ ഭേദിച്ച് കടന്ന് വരുന്ന കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദവും നിറഞ്ഞ ഒരു രാത്രിയുറക്കം സങ്കല്‍പ്പിച്ചു നോക്കൂ. വാക്കുകള്‍ക്കപ്പുറമുള്ള അനുഭൂതിയാണത് .

ഓരോ യാത്രകളും നല്‍കുന്നത് ഓരോ അനുഭവങ്ങള്‍ ആണ്. പുതിയ സ്ഥലങ്ങള്‍ , മനുഷ്യര്‍, അവരുടെ ജീവിതം , ആഘോഷം അങ്ങിനെ ഒരുപാടൊരുപാട്. പിന്നെയുമുണ്ടല്ലോ. വഴിയമ്പലങ്ങളില്‍ പാഥേയവും പുഞ്ചിരിയുമായി സ്വീകരിച്ചവര്‍, ഒരു നോട്ടത്തില്‍ മനസ്സില്‍ കടന്ന് കൂടിയവര്‍ , ഒരു ചിരി സമ്മാനമായി നല്‍കി കടന്നുപോയവര്‍, അറിയാത്ത സ്ഥലങ്ങളില്‍ സഹോദരന്മാരെ പോലെ നിസ്വാര്‍ത്ഥമായി ഒപ്പം നിന്നവര്‍ , കൂടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍. ഓരോ യാത്രയും തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. ഓര്‍മ്മകളുടെ പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാന്‍ എത്രയെത്ര അദ്ധ്യായങ്ങള്‍...!

കാട്ടുവഴികളും നാട്ടുവഴികളും താണ്ടി അനുഭവങ്ങളുടെ പുതിയ ലോകത്തിലേക്കും കാഴ്ച്ചകളിലേക്കും തുറക്കുന്ന മറ്റൊരു യാത്രയുടെ സ്വപ്നത്തില്‍ ആണ് ഞാന്‍ .

ചിത്രങ്ങള്‍ ( വിക്കി / ഗൂഗിള്‍ /സ്വന്തം)

Saturday, January 7, 2012

പ്രണയത്തിന്‍റെ സെഡാര്‍, സമാധാനത്തിന്‍റെ ഒലീവ് .



പ്രണയിക്കാത്തവരുണ്ടാകുമോ ..? ഈ ചോദ്യം തന്നെ ബാലിശമാണ്. ഞാനെപ്പോഴും കാല്‍പനിക പ്രണയത്തിന്റെ ലോകത്താണ്. ഇന്നലെ വീണ്ടും ഖലീല്‍ ജിബ്രാനെ വായനക്കെടുത്തു. "Broken Wings ". തീവ്ര പ്രണയത്തിന്റെ ഓരോ വരികള്‍ വായിക്കുമ്പോഴും എന്റെ മനസ്സില്‍ സെഡാര്‍ മരങ്ങള്‍ തെളിഞ്ഞു വന്നു. ലബനോണിന്റെ മണ്ണിന്റെ ഐശ്വര്യമായി വളരുന്ന ഈ ഭംഗിയുള്ള മരങ്ങള്‍ കാണണം എന്നത് എന്റെ ഭ്രാന്തമായൊരു അഭിനിവേശമാണ്. സല്‍മ കറാമി എന്ന തന്‍റെ പ്രണയിനിയോടൊന്നിച്ചുള്ള നിമിഷങ്ങള്‍ക്ക് തണലൊരുക്കി ഒരു സെഡാര്‍ മരം ഉണ്ടായിരിക്കണം ജിബ്രാന്റെ ജീവിതത്തിലും. ആ മരങ്ങളെ തൊട്ടും തലോടിയും ആയിരിക്കണം അദ്ദേഹം പ്രണയത്തിന്റെ മാന്ത്രിക ഭാവം വരച്ചിട്ട് വായനക്കാരെ വിസ്മയിപ്പിച്ചത്. "എല്ലാ യുവാക്കളുടെ ജീവിതത്തിലും ഒരു "സല്‍മ" യുണ്ട് ജീവിത വസന്തത്തില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട്‌ അവന്‍റെ ഏകാന്തതയെ ആഹ്ലാദ നിമിഷങ്ങളാക്കി മാറ്റുന്ന , നിശ്ശബ്ദ രാത്രികളെ സംഗീതത്താല്‍ നിറക്കുന്ന ഒരുവള്‍", എന്ന് ജിബ്രാന്‍ പറഞ്ഞത് പോലെ , അദ്ദേഹം സൃഷ്‌ടിച്ച പ്രണയ ലോകത്തെ കടമെടുത്ത് എന്റെ മനസ്സിലും തീര്‍ക്കണം മറ്റൊരു പ്രണയലോകം.



പക്ഷെ പൈന്‍മരക്കാടുകള്‍ക്കരികില്‍ സൈപ്രസ് മരങ്ങള്‍ ചുറ്റപ്പെട്ട സ്ഥലത്താണ് ജിബ്രാന്റെ സല്‍മ ഉറങ്ങുന്നത്. അതൊരു സെഡാര്‍ മരങ്ങള്‍ നിറഞ്ഞ ഭൂമിയിലാകാത്തത് എത്ര നന്നായി. അല്ലെങ്കില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സെഡാര്‍ മരങ്ങള്‍ക്ക് മറ്റൊരു മുഖമായേനെ. ദുഃഖത്തിന്റെയോ വിരഹത്തിന്റെയോ അടയാളം പോലെ. പക്ഷെ നിരവധി നോവലുകളിലും മറ്റും വായിച്ചറിഞ്ഞ് ഞാന്‍ കാണാന്‍ കൊതിക്കുന്ന പൈന്‍ മരങ്ങളും സൈപ്രസ് മരങ്ങളും കാണുമ്പോള്‍ എന്‍റെ മനസ്സില്‍ കടന്ന് വരുന്നത് ജിബ്രാനും സല്‍മയും അവരുടെ നഷ്ടപ്രണയവും ആയിരിക്കും.
ലബനോണിന്റെ പതാകയിലെ ചിഹ്നത്തിനുമപ്പുറം മറ്റൊരു ചരിത്രത്തിലും സെഡാര്‍ എന്ന പേര് കയറിപ്പറ്റി. പ്രധാനമന്ത്രി രഫിഖ് ഹരീരിയുടെ കൊലപാതകവും അതോടൊപ്പം സിറിയന്‍ അധിനിവേശവും നിര്‍ത്താന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ "സെഡാര്‍ റവല്യൂഷന്‍ "എന്ന പേരില്‍ ചരിത്രത്തില്‍ കുടിയേറി. പക്ഷെ എന്റെ മനസ്സില്‍ ഖലീല്‍ ജിബ്രാനും പിന്നെ പ്രണയവും പൂക്കുന്ന ലബനോന്‍ താഴ്വരകളുടെ രൂപവുമാണ് സെഡാര്‍ മരങ്ങള്‍ക്ക്.



യൂക്കാലിപ്സ് മരങ്ങളുടെ മണത്തെ ഞാനേറെ ഇഷ്ടപ്പെട്ടുപ്പോയി. ഊട്ടിയാത്രകളിലെ കാട്ടുവഴികളില്‍ തൊലിയുരിഞ്ഞ് നില്‍ക്കുന്ന യൂക്കാലിപ്സ് മരങ്ങള്‍ക്കിടയിലൂടെ ഔഷദക്കാറ്റും കൊണ്ട് സഞ്ചരിക്കുമ്പോള്‍ കിട്ടുന്ന ഒരനുഭൂതിയുണ്ട്. ഇതുവഴിപോകുമ്പോള്‍ വാഹനം നിര്‍ത്തി കുറെ സമയം ചിലവഴിക്കാറുണ്ട് ഞങ്ങള്‍. യൂക്കാലിപ്സ് മരങ്ങളെ കടന്ന് കടന്ന് കുറെ മുന്നോട്ട് പോകും തോറും അന്തരീക്ഷം കൂടുതല്‍ ഇരുളും. കൂടേ അകത്തെ ഭയവും. പലപ്പോഴും തോന്നാറുണ്ട് വന്യമായ കാടിന്റെ ഉള്ളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നാലോ എന്ന്. ഒരു തരം ഭ്രാന്തമായ അഭിനിവേശം. സത്യത്തില്‍ ഈ വഴി വരുന്നത് തന്നെ ഈ മരങ്ങളുടെ ഭംഗിയും ഈ സുഗന്ധവും എല്ലാം കൂടി ചേര്‍ന്ന അന്തരീക്ഷം ആസ്വദിക്കാനാണ് എന്ന് പറഞ്ഞാലും തെറ്റില്ല.



മിത്തുകള്‍ ഏറെ സ്വാധീനിച്ച ഒരു സംസ്കാരമാണ് നമ്മുടേത്‌. നിത്യ ജീവിതത്തില്‍ അതൊരു സ്വാധീനമായോ ദുസ്വാധീനമായോ നിറഞ്ഞു നില്‍ക്കുന്നു നമ്മളറിയാതെ തന്നെ. വയനാട് വഴി പോകുന്നവര്‍ ഈ ആല്‍മരവും ഇതിനു പിന്നിലെ ഐതിഹ്യവും ശ്രദ്ധിക്കാതെ പോകില്ല. ബ്രിട്ടീഷ്കാര്‍ക്ക് ചുരത്തിന് വഴി കാണിക്കുകയും അതേ കാരണങ്ങള്‍ കൊണ്ട് വധിക്കപ്പെടുകയും ചെയ്ത ആദിവാസിയുടെ ആത്മാവ് ഈ മരത്തിലാണ് തളച്ചിടപ്പെട്ടത് എന്നാണ് ഐതിഹ്യം. വഴികാണിച്ചു കൊടുത്തു എന്നതും കൊല്ലപ്പെട്ടു എന്നതും വിശ്വാസയോഗ്യമാണെങ്കില്‍ പോലും ഉപദ്രവകാരിയായി മാറിയ ആ ആത്മാവിനെ ഇവിടെ തളക്കപ്പെടുകയും, അതിനു ശേഷമാണ് ഇത് വഴിയുള്ള യാത്രകളിലെ അനിഷ്ടങ്ങള്‍ സാധ്യമായത് എന്ന് പറയുന്നതിലെ ശരിയേയും തെറ്റിനേയും ഞാനിപ്പോള്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഈ മരവും ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥയും നമ്മള്‍ ഇഷ്ടപ്പെടും. ആ ആദിവാസിയെ ഓര്‍ത്തു വേദനിച്ചെന്നും വരും. ഇതുവഴി പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്നും ഒരേ താല്പര്യത്തോടെ ശ്രദ്ധിക്കാറുണ്ട് ഈ ആല്‍മരം.



ഒറ്റപ്പെട്ട മരുഭൂമിയില്‍ നിറഞ്ഞ പച്ചപ്പോടെ ഒരു മരം. മറ്റൊരു ആകര്‍ഷണവും ഇതിനില്ല. എന്നിട്ടും എന്തുകൊണ്ടാവും ഇത്രധികം സന്ദര്‍ശകര്‍ ഇവിടെ എത്തിപ്പെടുന്നത്..? "ട്രീ ഓഫ് ലൈഫ് " എന്ന ഓമനപ്പേരില്‍ നാല് നൂറ്റാണ്ടിന്റെ നിറവുമായി ഇന്നും പച്ചപ്പോടെ ഇതുണ്ട്, ബഹ്‌റൈന്‍ എന്ന കൊച്ചു ദ്വീപിന്റെ വലിയൊരു ആകര്‍ഷണമായി. സാധാരണ മരുച്ചെടികളില്‍ നിന്നും വ്യത്യസ്തമായി എന്ത് പ്രതിഭാസമാണ് ഇതിന്റെ നിലനില്‍പ്പിന്റെ രഹസ്യം..? പല ദീപുകളായി ഭിന്നിച്ചു നിന്ന ഒരു സംസ്കാരത്തെ ഒന്നാക്കുകയും ഇന്ന് കാണുന്ന ബഹ്റൈന്റെ മാറിയ മുഖത്തിന്‌ പിന്നിലെ ചാലക ശക്തിയായി നിലകൊള്ളുകയും ചെയ്ത രാജാക്കന്മാരുടെ സമര്‍പ്പണത്തിന്റെ അടയാളമോ..അതോ അവരോടു ചേര്‍ന്ന് നിന്ന് രാജ്യ നിര്‍മ്മിതിയില്‍ പ്രവര്‍ത്തിച്ച പ്രജകളുടെ വിയര്‍പ്പോ..? എന്തായിരിക്കും ഇതിന്‌ ജീവജലമായി കാണുക...? ഏതായാലും ഇന്നും തുടരുന്ന, ഞാനടക്കമുള്ള പ്രവാസികളുടെ വിയര്‍പ്പും ഈ അത്ഭുത വൃക്ഷത്തിന്റെ അതിജീവനത്തിന് വളമായി എന്ന് പറയാന്‍ മടിക്കേണ്ടതില്ല. അങ്ങിനെ പറയാതെ പോയാല്‍ പ്രവാസി എന്ന വിളിപ്പേരില്‍ നിരവധി ദേശങ്ങളില്‍ നിന്നും വന്ന് ഇവിടെ വിയര്‍പ്പൊഴുക്കുന്നവരോട് ചെയ്യുന്ന അനീതിയാകും.



ബ്രിട്ടീഷ് ഭരണക്കാലത്ത് മലബാര്‍ കലക്ടര്‍ ആയിരുന്നു കനോലി സായിപ്പിനോട് ഏതെങ്കിലും രീതിയില്‍ ഒരിഷ്ടം തോന്നുന്നുവെങ്കില്‍ അത് നിലമ്പൂര്‍ കാടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന തേക്കുകള്‍ കാണുമ്പോഴാവാണം. ലോകത്തെ തന്നെ ആദ്യത്തെ തേക്ക് കൃഷി എന്ന് പറയുന്നത് ഇവിടെ തുടങ്ങിയതാണ്‌. നിരയൊത്ത് വളര്‍ന്നു നില്‍ക്കുന്ന തേക്ക് മരങ്ങള്‍ കാണുന്നത് നല്ല ഭംഗിയാണ്. കൃത്രിമ വനങ്ങള്‍ എങ്കിലും കോടികള്‍ വിളയുന്ന ഇവിടം കാണേണ്ടത് തന്നെ. നെടുങ്കയം ഭാഗത്ത്‌ പലതവണ പോയിട്ടുണ്ട്. കാടിനോട് ചേര്‍ന്നു നില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന പ്രകൃതിയും മരങ്ങളും ഒരു അനിയന്ത്രിതമായ ആവേശത്തോടെ നമ്മളെ ഉള്ളിലേക്ക് നയിക്കും. അപകടത്തെ കുറിച്ചുള്ള ഒരു ഉള്‍വിളി ഉണ്ടാകുന്നത് വരെ.



ഓര്‍മ്മകളുടെ മാമ്പഴക്കാലം എന്ന് ഒരു മരത്തെ വിളിക്കാന്‍ പറഞ്ഞാല്‍ ഞാനീ മാവിനെ എന്നിലേക്ക്‌ ചേര്‍ത്തു നിര്‍ത്തും. കാരണം ഇതിന്റെ ചില്ലകള്‍ ആഥിത്യമൊരുക്കാത്ത ഒരു കുട്ടിക്കാലം എന്റെ ഓര്‍മ്മയില്‍ ഇല്ല. സച്ചിന്റെ സെഞ്ച്വറികളും പുതിയ സിനിമകളും വായിച്ച പുസ്തകങ്ങളും തുടങ്ങി ഇവിടെ ഞങ്ങള്‍ പറഞ്ഞു തീര്‍ക്കാത്ത വിശേഷങ്ങള്‍ ഇല്ല. അതിന്‍റെ ചില്ലകളില്‍ എവിടെയെങ്കിലും കാണും മാങ്ങകള്‍ പൂണ്ട്‌ കഴിക്കാന്‍ പണ്ട് ഞങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ ചെറിയ കത്തി. തുരുമ്പെടുക്കാത്ത ഓര്‍മ്മകളുടെ പ്രതീകമായി. ഇതിന്റെ ഇലകളുടെ മറവു പിടിച്ചാണ് ഞാന്‍ ആദ്യത്തെയും അവസാനത്തെയും പ്രണയ കത്ത് എഴുതിയത്. പ്രണയിനിക്കെത്താതെ എന്റെ ബാല്യ ചാപല്ല്യതിന്റെ തമാശയായ ആ കത്ത് താഴെ ഒഴുകുന്ന തോട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍ . എന്റെ അക്ഷരങ്ങളുടെ ചിതാഭസ്മം ആ തോടോഴുക്കി ഇരുവഴിഞ്ഞി പുഴയില്‍ ചേര്‍ത്തു കാണും. അത് വായിച്ച്‌ ഇരുവഴിഞ്ഞി പുഴപ്പോലും നാണിക്കുകയോ ആര്‍ത്തു ചിരിക്കുകയോ ചെയ്തു കാണണം. പിന്നെ ഇതിന്‍റെ തീരത്തിരിക്കുമ്പോഴെല്ലാം പൊങ്ങി വരുന്ന കുഞ്ഞോളങ്ങള്‍ എന്നെ പരിഹസിക്കുകയാണോ എന്ന് തോന്നിയിട്ടുണ്ട് എനിക്ക്. കാലം ആ തമാശയെയും ഒഴുക്കിക്കളഞ്ഞു.



പലതവണ പറഞ്ഞതെങ്കിലും ഈ മരത്തെ പറ്റി ഒരിക്കല്‍ കൂടേ ഞാനൊന്ന് പറഞ്ഞോട്ടെ. മരങ്ങളെ കുറിച്ച് പറയുമ്പോള്‍ എനിക്കിഷ്ടപ്പെട്ട ആ ആല്‍മരത്തെ ഒഴിവാക്കാന്‍ പറ്റില്ല. ഒരു ഗ്രാമത്തിന്റെ വിശ്വാസത്തിന്റെ , പ്രതീക്ഷയുടെ, നന്മയുടെ അടയാളമായി ഈ ആല്‍മരവും അതിനു താഴെയുള്ള പ്രതിഷ്ടയും ഉണ്ട്. അനേകം യാത്രകളില്‍ ഞങ്ങള്‍ പലപ്പോഴും വിശ്രമിച്ചിട്ടുണ്ട് ഇതിന്റെ തണലില്‍. നോക്കിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്..? മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.



സമാധാനത്തെ കുറിച്ച് പറയുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സില്‍ ഓടിയെത്തുക ഒരു ഒലീവ് മരമല്ലേ...? ഇന്ന് കിട്ടുന്ന ഒലീവ് എണ്ണകളും അതിന്റെ സ്വാദിഷ്ടമായ ഫലവും അല്ല എന്നെ ഒരു ഒലീവ് മരം കാണാന്‍ പ്രേരിപ്പിക്കുന്നത്. പകരം അതിന് അവകാശപ്പെടാനുള്ള മറ്റു പ്രത്യേകതകള്‍ കൊണ്ടാണ്. അതാണെങ്കില്‍ പറയാന്‍ ഒരുപാടുണ്ടുതാനും.
ഗ്രീസിന്റെ, പഴയ രാജഭരണത്തിന്റെ , ഒളിംപിക്സിന്റെ ചരിത്രങ്ങളിലെല്ലാം ഒലീവ് ഇലകള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ആ ചരിത്രവും പാരമ്പര്യവും തന്നെയാവണം ഒരു ഒലീവ് മരം കണ്ട് , അതിന്റെ ഇലകള്‍ ചേര്‍ത്തൊരു കിരീടം തലയില്‍ വെക്കാന്‍ എന്നെ കൊതിപ്പിക്കുന്നത്. ഓരോ ഒലീവ് മരങ്ങള്‍ കാണുമ്പോഴും ഒരായിരം പ്രാര്‍ത്ഥനകള്‍ നിറയും എന്നില്‍. ഫലസ്തീന് വേണ്ടി, മത സൗഹാര്‍ദ്ധത്തിന് വേണ്ടി, എന്‍റെ ഭാരതത്തിന് വേണ്ടി .

പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍ എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്...!

The trees are God's great alphabet:
With them He writes in shining green
Across the world His thoughts serene.
~Leonora Speyer

(ചിത്രങ്ങള്‍ - ഗൂഗിള്‍)

Thursday, December 1, 2011

ഇന്ന് പെയ്ത മഴ തന്നത് ..!



കുറെ കാലത്തിന് ശേഷം വീണ്ടും മഴ നനഞ്ഞു. ഇവിടെ ബഹറിനില്‍ നല്ല മഴ. ഇപ്പോള്‍ തോന്നുന്ന വികാരങ്ങളെ വരികളാക്കാതെ പറ്റില്ല എനിക്ക്. കാരണം പറഞ്ഞാലും തീരാത്ത പ്രണയമാണ് എനിക്ക് മഴയോട്. ഒരിക്കല്‍ എഴുതിയിരുന്നു, "മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാവില്ല. മനസ്സിലെ പ്രണയം പെയ്ത് തീരുകയും ഇല്ല" എന്ന്. മഴത്തുള്ളികള്‍ വന്ന് വീഴുന്നത് വരണ്ടുണങ്ങിയ ഈ മണ്ണില്‍ മാത്രമല്ലല്ലോ , മനസ്സിലേക്ക് കൂടിയല്ലേ. നല്ല തണുപ്പും. എന്തുകൊണ്ട് ഈ മഴയേയും തണുപ്പിനെയും ഇങ്ങിനെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ ഞാന്‍ ബുദ്ധിമുട്ടും. എന്നാലും വ്യത്യസ്തമായ കുറെ മഴ ആസ്വാദനത്തെ കുറിച്ച് പറയാമല്ലോ.



ഴ മേഘങ്ങള്‍ കൂടി അന്തരീക്ഷം ആകെ ഇരുണ്ടിട്ടുണ്ട്. പക്ഷെ സമയം നാല് മണിപോലും ആയിട്ടില്ല. ഈ ഇരുട്ടിന് എന്തോ ഒരു ശോക ഭാവമാണ് എനിക്ക് തോന്നുന്നത്. ചുറ്റും തെങ്ങുകളും മാവും മറ്റു വൃക്ഷങ്ങളും നിറഞ്ഞ തറവാടിന്റെ കോലായില്‍ ഒറ്റക്കിരിക്കുമ്പോള്‍ മൂടിക്കെട്ടിയ ഈ അന്തരീക്ഷം ആസ്വദിക്കുന്നത് രസകരം തന്നെ. പിന്നെ മഴ പെയ്തു തുടങ്ങി. തകര്‍പ്പന്‍ മഴ. വാഴയിലയില്‍ ശബ്ദത്തോടെ വീണ്‌ വെള്ളം ഒലിച്ചിറങ്ങുന്നു . മരങ്ങളെ ആട്ടിയുലച്ച് കാറ്റും വീശുന്നുണ്ട്. കാറ്റും മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൂടി ഭീകരമായ ഒരവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇതെന്നെ പേടിപ്പെടുത്തുന്നില്ല. പകരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിലേക്ക് നയിക്കുന്നു. കൂട്ടിന് ആരും ഇല്ലാതെ പോയതാണോ അതോ ഒരു കൂട്ടിന്റെ കുറവാണോ ഈ സമയത്തിന്റെ ഭംഗി. രണ്ടുമാവാം. മനസ്സിപ്പോള്‍ സഞ്ചരിക്കുന്നത് യാഥാര്‍ത്യ ലോകം വിട്ട്‌ കാല്പനികമായ ഒരു പ്രപഞ്ചത്തിലൂടെയാണ്. അതില്‍ പ്രണയമുണ്ടാവാം , രതിയുണ്ടാവാം , സ്വപ്നത്തിനുമാത്രം അവകാശപ്പെടാവുന്ന നിറങ്ങളുമുണ്ടാവാം. പക്ഷെ വന്യമായ ഈ മഴ തോരുന്നതോടെ പറന്നുപോകും ഈ ഭാവനാലോകം.



രക്കൊപ്പം വളര്‍ന്നുനില്‍ക്കുന്ന നെല്‍കൃഷി. വിശാലമായ പാടത്തിന് നടുവില്‍ പണിക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കെട്ടിപ്പൊക്കിയ കളപ്പുര. വൈകുന്നേരങ്ങളില്‍ ഇവിടെയിരിക്കാന്‍ നല്ല ഹരമാണ്. തത്തകളും പ്രാവുകളും പറന്നുല്ലസിക്കുന്ന പാടത്ത് , പതുക്കെ കാറ്റിലാടുന്ന പച്ചയണിഞ്ഞ നെല്‍ കൃഷികള്‍ നൃത്തം ചെയ്യുന്നതും നോക്കിയിരിക്കുന്നത് എന്തൊരു രസമായിരുന്നു. ഇതോടൊപ്പം ഒരു മഴ കൂടി വന്ന് ചേര്‍ന്നാലോ. മഴയുടെ വരവും അറിയിച്ചുകൊണ്ട്‌ ഒരു പടിഞ്ഞാറന്‍ കാറ്റ് വീശി. അതറിഞ്ഞിട്ടെന്നോണം കിളികള്‍ പറന്നകന്നു. കാറ്റിന് പിറകെ മഴയെത്തി. കളപ്പുരയിലേക്ക് ഓടിക്കയറി. കൂടേ ഒന്ന് രണ്ട് പണിക്കാരും. പാള തൊപ്പി ഊരിവെച്ച് , മടിക്കുത്തില്‍ നിന്നും വെറ്റിലയെടുത്ത് മുറുക്കാനുള്ള ഒരുക്കം കൂട്ടി നല്ലംപെരവന്‍ ആത്മഗതം പറഞ്ഞു. "ഇപ്പോഴൊന്നും ചോരുന്ന മട്ടില്ല ".
എനിക്ക് സന്തോഷമായി. നെല്‍കതിരുകള്‍ മഴനൃത്തമാടുകയാണ്. അതാസ്വദിച്ച് ഞാനും. ഓലകൊണ്ട് മറച്ച കളപ്പുരയുടെ അരികിലൂടെ തണുത്ത കാറ്റും ഒപ്പം കൂടേ വരുന്ന മഴത്തുള്ളികളും. തണുത്ത് വിറക്കുന്നല്ലോ.



രു മാറ്റവുമില്ല. ഓര്‍മ്മചിത്രങ്ങള്‍ക്ക് മറവിയുടെ ക്ലാവ് പിടിക്കാതിരിക്കാന്‍ അതുപോലെ തന്നെയുണ്ട്‌ ഈ സ്കൂള്‍. തലമുറകള്‍ മാറിമാറി അക്ഷരാഭ്യാസത്തിന്റെ സുകൃതം നുണഞ്ഞിട്ടും, കാലചക്രം ഒരുപാട് തിരിഞ്ഞിട്ടും ഈ വിദ്യാലയം അന്നും ഇന്നും ഒരുപോലെ. സ്കൂളിലേക്ക് കയറുന്ന കല്പടവുകള്‍ക്ക് പോലും തേയ്മാനം വന്നിട്ടില്ലെങ്കില്‍ പിന്നെ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഓടി ഞാനും ഈ കല്‍പടവുകള്‍ കയറുകയാണ്. കയറി കയറി പോകുന്നത് വര്‍ഷങ്ങള്‍ പിറകിലോട്ട് ആണെന്നുമാത്രം. സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക്‌ തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.
കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി കളയാന്‍ അവരുമുണ്ടല്ലോ എന്നോടൊപ്പം. ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ. ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍ മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?



കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ . മലബാര്‍ എക്സ്പ്രസ് വരാന്‍ ഇനിയും സമയമെടുക്കും. കയ്യിലിരിക്കുന്ന പുസ്തകം വായിക്കണോ അതോ പരക്കം പായുന്ന ആള്‍ക്കാരുടെ മുഖഭാവം വായിക്കണോ എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ , രണ്ടിനും അവസരം നല്‍കാതെ മഴയെത്തി. തണുത്തുറഞ്ഞ മരത്തിന്റെ ബെഞ്ചിലിരുന്ന് പാളത്തിലേക്ക് പെയ്തിറങ്ങുന്ന മഴയും ഏറെ ഭംഗിയുള്ള കാഴ്ച്ച തന്നെ. പ്രകൃതി ഒരുക്കിയ കുളിയും കഴിഞ്ഞ് നിറമുള്ള ബോഗികളുമായി മലബാര്‍ എക്പ്രസ് കിതച്ചെത്തി. ഓരോ പ്രദേശങ്ങളിലും പെയ്യുന്ന മഴയുടെ ഭംഗി ട്രെയിനിന്റെ വിന്‍ഡോയിലൂടെ നോക്കികാണ്ട് ഈ മഴയാത്ര അവിസ്മരണീയമാണ്. ഫറോക്ക് പാലത്തിന്റെ മുകളിലൂടെ നീങ്ങുമ്പോള്‍ താഴെ പുഴയില്‍ മഴ പെയ്യുന്നു. തൊപ്പിക്കുട തലയില്‍ ഇട്ട്‌ ഒരു ചെറുവഞ്ചിയില്‍ ഒരാള്‍ തുഴഞ്ഞു നീങ്ങുന്നു. മീന്‍ പിടിക്കുകയാവും. ഞാന്‍ മഴയോടൊപ്പം ആ കാഴ്ച്ച ആസ്വദിക്കുമ്പോള്‍ അയാള്‍ ശപിക്കുകയായിരിക്കും മഴയെ. ഇന്നത്തെ അന്നത്തെ ബുദ്ധിമുട്ടിച്ച നശിച്ച മഴയെന്ന്.



യാനകമായ കാടിന്റെ നിശബ്ധതയിലേക്ക് പെയ്യുന്ന മഴയെ അറിഞ്ഞുട്ടുണ്ടോ..? ശിരുവാണി കാടുകള്‍ ആദ്യമായി അത്തരം ഒരു അനുഭവം ഒരുക്കി. അപ്പോള്‍ പാട്ടിയാര്‍ ബംഗ്ലാവിന് ഒരു പ്രേത കോട്ടയുടെ മുഖമായിരുന്നു. പണ്ട് ഡിറ്റക്ടീവ് നോവലുകളിലോക്കെ വായിച്ച ഭീകര കഥാപാത്രങ്ങള്‍ ചുറ്റും അട്ടഹസിക്കുന്ന പോലെ. പൊതുവേ വെളിച്ചം കുറഞ്ഞ കാട്ടില്‍ ഒരു മഴയുടെ അകമ്പടി കൂടി ആയപ്പോള്‍ ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ ബംഗ്ലാവ് ശരിക്കും ഒരു പ്രേതഭവനം പോലെ തന്നെ. പക്ഷെ ഇത്തിരി ഭയം തോന്നിയെങ്കിലും ഈ അനുഭവത്തെയും ഞാന്‍ ചേര്‍ത്ത് വെക്കുന്നത് പ്രിയപ്പെട്ടൊരു മഴക്കാഴ്ച്ചയുടെ ആല്‍ബത്തിലേക്ക് തന്നെയാണ്. നിഗൂഡതകള്‍ പൊതിഞ്ഞൊരു സുഖമുള്ള അനുഭവം.



തിരക്കിട്ട് തിരിച്ചുവരുന്ന ബോട്ടുകളും ചെറുവഞ്ചികളും. അവര്‍ക്കറിയാം കടലിന്റെയും ആകാശത്തിന്റെയും മാറിവരുന്ന സ്വഭാവം. വൈകിയില്ല. വലിയ തിരമാലകള്‍ക്കൊപ്പം തകര്‍പ്പന്‍ മഴയുമെത്തി. കടലിലേക്ക്‌ പെയ്യുന്ന മഴ. ദൂരെ നങ്കൂരമിട്ടിരുന്ന ആ കപ്പല്‍ മഴ മറച്ചു. പഴയ പ്രതാപത്തിന്റെ ദ്രവിച്ച സ്മാരകമായി ഏതാനും തൂണുകളുമായി നില്‍ക്കുന്ന കോഴിക്കോട്ടെ കടല്‍പ്പാലം. അതിന്റെ താഴെ മഴ നനഞ്ഞ് പന്ത് കളിക്കുന്ന കുട്ടികള്‍. ഓടിച്ചെന്ന് അവരിലൊരാളായി കൂടിയാലോ .? ഉപ്പിലിട്ട നെല്ലിക്ക വില്‍ക്കുന്ന പെട്ടികടക്കാരന്റെ വണ്ടിയോട് ചേര്‍ന്ന് പകുതി നനഞ്ഞും പകുതി നനയാതെയും ഞങ്ങള്‍ നിന്നു. ഈ മഴയിലും ബീച്ചിലെ ബെഞ്ചില്‍ ഒരു കുടക്കീഴിലിരിക്കുന്ന പ്രണയ ജോഡികള്‍. ഒരുപക്ഷെ അവരുടെ പ്രണയ ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം മഴയോട് ചേര്‍ന്നുള്ള ഈ സല്ലാപം.



തിരിച്ചു വരാം. മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല ഇവിടെ . പതിവില്ലാതെ പെയ്യുന്ന മഴയെ കാണാന്‍ ബാല്‍ക്കണിയില്‍ നിന്നും പലരും എത്തിനോക്കുന്നു. ആകാംഷയോടെ നോക്കുന്നവരില്‍ അധികവും കുട്ടികളാണ് . വീടിന്റെ മുറ്റത്ത്‌ നിറഞ്ഞ മഴവെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി കളിക്കുന്നതിന് പകരമാകുമോ അവരുടെ ഈ ജാലക കാഴ്ച്ചകള്‍ ...? ഇപ്പോള്‍ പെയ്യുന്ന ഈ മഴ എന്നെ കൂട്ടികൊണ്ടു പോകുന്നതും അതേ ഓര്‍മ്മകളിലേക്കാണ് മഴയില്‍ കുതിര്‍ന്ന എന്‍റെ ബാല്യത്തിലേക്ക് ..... ഒരുകുടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് പോകുന്നതും, പുസ്തകതാളുകള്‍ കീറി കടലാസ് വഞ്ചി ഉണ്ടാക്കുന്നതും തുടങ്ങി കുറെ മഴയനുഭവങ്ങള്‍ ..... ഇതെല്ലാം കൈമോശം വന്ന ബാല്യങ്ങളെ .......നിങ്ങള്‍ ക്ഷമിക്കുക. പകരം നല്‍കാന്‍ ഈ ഓര്‍മ്മകുറിപ്പുകളല്ലാതെ മറ്റൊന്നുമില്ലെനിക്ക് .
ഇനിയൊരിക്കല്‍ ഒരു മഴക്കാലത്ത് നാട്ടിലെത്തുമ്പോള്‍ തട്ടിന്‍പുറത്തെ തകരപ്പെട്ടിയില്‍ ‍ നിന്നും പഴയ നോട്ടുപുസ്തകത്തിന്റെ മങ്ങിയ താളുകള്‍ കീറി നിങ്ങള്‍ക്ക് കടലാസ് വഞ്ചി ഉണ്ടാക്കിത്തരാം . മുറ്റത്തെ മഴവെള്ളത്തിലൂടെ ഇളംകാറ്റില്‍ ആടിയുലഞ്ഞു പോകുന്ന ആ കടലാസ് വഞ്ചിയില്‍ കയറി ഒരു യാത്രയുമാവാം നമുക്ക്. ദൂരെ ദൂരെ ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ തീരത്തേക്ക്. അപ്പോള്‍ തിളങ്ങുന്ന നിങ്ങളുടെ കണ്ണുകളില്‍ ഞാന്‍ കാണും നഷ്ടപ്പെട്ടുപോയ എന്‍റെ ആ പഴയ ബാല്യം....

(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്നു.
സ്കൂള്‍ ഞങ്ങളുടെ സ്വന്തം തന്നെ)