Friday, February 20, 2015

മലനിരകളിലെ കവിത . കുദ്രെമുഖ്



ഇരുവശത്തും ധ്യാനത്തിലെന്നപോലെ നിശബ്ദമായി കണ്ണടച്ചിരിക്കുന്ന കാടുകൾ  . കോടമഞ്ഞിനെ വാരിപ്പുണർന്ന  പാതകൾ  . ഫോഗ് ലൈറ്റിനോട് പോലും പിണങ്ങി നിൽക്കുന്ന  കാട്ടുവഴികൾ. മുന്നോട്ടുള്ള യാത്ര  തീർത്തും പ്രയാസകരവും പേടിപ്പിക്കുന്നതുമാണ് . മിന്നി മറയുന്ന മൊബൈൽ റേഞ്ചിൽ ഇടക്കെപ്പോഴോ തേടിവരുന്ന ആരിഫിന്‍റെ  വിളികളിൽ നിറയെ ആശങ്കയുണ്ട് . "സൂക്ഷിക്കണം . ഇന്നലെ കാട്ടാന ഇറങ്ങിയിരുന്നു . കരുതിയെ വണ്ടിയോടിക്കാവൂ ". മഞ്ഞിന്‍റെ  മറ പിടിച്ച് നിന്നേക്കാവുന്ന ഒരൊറ്റയാന്‍റെ  രൂപം  , ദീർഘയാത്ര കാരണം ഉറക്കം വിളിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കണ്ണുകളെ ജ്വലിപ്പിച്ചു നിർത്തി . ആനചൂരടിക്കുന്നോ എന്നറിയാൻ വണ്ടിയുടെ ഗ്ലാസ്സുകൾ താഴ്ത്തിയിട്ടു . അവസരം മുതലെടുത്ത്‌ തണുത്ത കർണ്ണാടകൻ കാറ്റ് അതിക്രമിച്ചു കയറുന്നു .  കുദ്രെമുഖിലേക്കുള്ള ഈ യാത്രയെ പകർത്താൻ ശ്രമിക്കുമ്പോൾ ഇപ്പോഴും കാല്‍വിരലുകളിലൂടെ  ഒരു തരിപ്പ് കയറുന്നു . ചില യാത്രകൾ അങ്ങിനെയാണ് . അത് നൽകുന്ന ആഹ്ലാാവും ഉദ്വേഗവും കൂടുതൽ അനുഭവേദ്യമാവുക പിന്നീടത്‌ ഓർക്കുമ്പോഴാവും .


ഞങ്ങളെത്തുമ്പോൾ മകരമഞ്ഞിനെ  പുതച്ച് കുദ്രെമുഖ് എന്ന ഹിൽ സ്റ്റേഷൻ ഗാഡനിദ്രയിലായിരുന്നു . ഉറങ്ങാതെ നിന്നത് , സുരക്ഷിതമായി ഞങ്ങളെത്തുന്നതും കാത്തിരുന്ന കൂട്ടുകാർ മാത്രം. മഞ്ഞിൽ കുതിർന്ന ആലിംഗനത്തിന് ഊഷ്മളത കൂടുതലായിരുന്നു . മഞ്ഞിന് സ്നേഹത്തിന്‍റെ  മണം  കൂടിയുണ്ട് . കുദ്രെമുഖിലെ  അഞ്ച് ഡിഗ്രി തണുപ്പിൽ ബാർബിക്യൂ വേവുന്ന കനലുകളോട് ഞങ്ങൾ ചേർന്നിരുന്നു .. കോഴിക്കോട്ടെ പെരുമണ്ണകാരൻ മുഹമ്മദിക്ക ഒരുക്കിയ രുചികരമായ ഭക്ഷണം . യാത്രയിലെ ക്ഷീണവും ഭീതിയും കണ്ണുകൾക്ക്‌ താങ്ങാനാവുന്നതിലും അധികമായിരുന്നു. സഹ്യാദ്രി ഭവൻ ഗസ്റ്റ് ഹൗസിന്‍റെ വിശാലമായ കിടപ്പുമുറി ജനലുകൾക്കിടയിലൂടെ ഒഴുകിവരുന്ന കാട്ടുചെമ്പകത്തിന്‍റെ വശ്യഗന്ധത്തില്‍ ലയിച്ചിരുന്നു . ഈ രാത്രിയുടെ ഗന്ധം . 






വൈകിയാണ് ഉണർന്നത് . കോടമഞ്ഞ്‌ ഇനിയും ഇറങ്ങിയിട്ടില്ല . സൂര്യനും കോടമഞ്ഞ്‌ പുതച്ച് പാതിയുറക്കത്തിലാണെന്ന് തോന്നുന്നു . സഹ്യാദ്രിഭവന്‍റെ  മുറ്റം നിറയെ മഞ്ഞുപൂക്കൾ . കുദ്രെമുഖിലെ പുലരിക്ക് ചെണ്ടുമല്ലിപ്പൂക്കളുടെ ഗന്ധമാണ് .  എനിക്ക് തോന്നാറുണ്ട് , കർണ്ണാടകയുടെ മണം തന്നെ ചെണ്ടുമല്ലി പൂക്കളുടേതാണെന്ന് . ഏത് ഗ്രാമത്തിൽ ചെന്നാലും നിറയെ പൂത്തു നിൽക്കുന്ന ചെണ്ടുമല്ലിയെ കാണാം . ഇനി അറിയേണ്ടതും കാണേണ്ടതും കുദ്രെമുഖിനെയാണ്. ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായി , വിജനമായ  വഴികൾക്കും  കാടുപിടിച്ചു കിടക്കുന്ന കുറേ കോര്‍ട്ടേഴ്സുകള്‍ക്കും  എന്നോടൊരുപാട് പറയാനുണ്ടെന്ന് . ഒരു വർഷത്തോളമായി ഇവിടെ ഒരു പ്രോജക്റ്റുമായി  ബന്ധപ്പെട്ടു നിൽക്കുന്ന ആരിഫും സുഹൃത്തുക്കളും ഞങ്ങൾക്ക് നല്ലവഴിക്കാട്ടികള്‍ കൂടിയാണ് . 

ചിക്മംഗളൂർ ജില്ലയിലാണ് കർണാടകയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിൽ സ്റ്റേഷനായ കുദ്രെമുഖ്  സ്ഥിതി ചെയ്യുന്നത് . സംസേ പർവത എന്നൊരു പേരും പറയാറുണ്ട്‌ . കുതിരയുടെ മുഖമുള്ള മലയാണ് ഇങ്ങിനെ ഒരു പേര് വരാൻ കാരണം . നാൽപത്‌ വർഷത്തോളം സജീവമായി നിന്നിരുന്ന കുദ്രെമുഖ് എന്ന ഈ ഗ്രാമം ഇന്ന് പഴയ പ്രതാപത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിക്കുന്ന മണ്ണാണ് . KIOCLഎന്ന ഇരുമ്പ് കമ്പനിയെ ചുറ്റിപറ്റിയുള്ള ലോകമായിരുന്നു കുദ്രെമുഖ് . അയ്യായിരം ജോലിക്കാരും ഒരു ലക്ഷത്തോളം വരുന്ന ആശ്രിത ജോലിക്കാരും  ഉണ്ടായിരുന്ന കമ്പനി പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടുകയായിരുന്നു . അതോടൊപ്പം ഒരു ഗ്രാമം തന്നെ മലയിറങ്ങി . ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് ഇറാൻ ഗവര്‍ണ്മെന്‍റാണ്ഇതിന്‍റെ  നിർമ്മാണം പൂർത്തീകരിച്ചത്‌ . വർഷത്തിൽ എണ്ണൂറ് കോടി ആദായം ഉണ്ടായിരുന്ന ഒരു കമ്പനി  പൊതുമേഖലയിൽ പൂട്ടിപോകുമ്പോൾ അതിനോട് ഏത് പരിസ്ഥിയുടെ പേരിലായാലും യോജിക്കാൻ  എനിക്കൽപം ബുദ്ധിമുട്ടുണ്ട്  സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി തന്നെയാണ് ഇത് പറയുന്നത് . കാരണം ഇന്ന് പ്രേതക്കോട്ട പോലെ നിൽക്കുന്ന കമ്പനിക്കകത്തുകൂടെ നടക്കുമ്പോൾ , പോതുബോധമുള്ള ഏതൊരാളിലും സ്വാഭാവികമായും തോന്നിയേക്കാവുന്ന ഒരു വികാരമാണ് ഞാൻ പങ്കുവെച്ചത് . KIOCL ന്‍റെ  ഇരുമ്പിന് അത്രയും ഡിമാന്റ് ഉണ്ടായിരുന്നു ലോകമാർക്കറ്റിൽ . 1976 ലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത് . തുടർന്ന് മുപ്പത് വർഷത്തോളം മികച്ച പ്രവർത്തനം . 2006 ൽ കമ്പനി അടച്ചുപ്പൂട്ടുമ്പോൾ താഴിട്ടത് അതിനു മാത്രമല്ല  കുദ്രെമുഖ് എന്ന ഗ്രാമത്തിനും  ജനങ്ങൾക്കും അവരുടെ സ്വപ്നങ്ങൾക്കും കൂടിയാവണം . വിജനമായ പാതകളിലൂടെ നടക്കുമ്പോൾ ആൾ താമസമില്ലാത്ത കുറേ കോർട്ടേഴ്സുകൾ കാണാം. തുരമ്പെടുത്ത കമ്പികളും പൊട്ടിത്തകര്‍ന്ന ചില്ലുകളുമുള്ള ആ ജാലകങ്ങളിലൂടെ ഇന്നും നെടുവീര്‍പ്പുകളുടെ ഏങ്ങലുകള്‍ കേള്‍ക്കാനാവുന്നുണ്ട് എനിക്ക്.  ഇത്തരം രണ്ടായിരത്തി അഞ്ഞൂറോളം കോർട്ടേഴ്സുകൾ ഉണ്ട് ഇവിടെ . പടിയിറങ്ങിപ്പോയ ഐശ്വര്യത്തിന്‍റെ ഫോസിലുകലാണത്.  അന്ന് കുട്ടികൾ കളിച്ചിരുന്ന   മുറ്റത്ത്‌ ഇന്ന് കാട്ടുമൃഗങ്ങൾ വിരാജിക്കുന്നു . ഒരു പക്ഷേ മനുഷ്യർ അധിനിവേശം നടത്തിയ തങ്ങളുടെ  മണ്ണ് അവർ  തിരിച്ചുപിടിച്ചതാവും . 



ഞങ്ങൾ നാടു ചുറ്റാനിറങ്ങി . പ്രകൃതിയുടെ എല്ലാ മാസ്മരികതയും നിറഞ്ഞതാണ്‌ കുദ്രെമുഖ് . സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെ നല്ലൊരു ലക്ഷ്യകേന്ദ്രമാണ് ഇവിടെ. കാടും മലയും പുഴയും തടാകവും എല്ലാം സന്ദർശകർക്ക് നല്ല നിമിഷങ്ങൾ സമ്മാനിക്കും . ഞങ്ങൾ ലേക്കിയ ഡാം ലക്ഷ്യമാക്കി ഇറങ്ങി . ഭദ്രാ നദിയിലാണ് ലേക്കിയ എർത്ത് ഡാം പണിതിട്ടുള്ളത് . മൈനിംഗ് ഫാക്ടറിയിലെ മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന മണ്ണും ശേഖരിക്കാനാണ് ഡാം നിർമ്മിച്ചത് . കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളവും ഡാമിൽ നിന്നും എടുത്തിരുന്നു . ഫോറസ്റ്റ് വകുപ്പിന്‍റെ പ്രത്യേക അനുവാദത്തോടെ മാത്രമേ ഇങ്ങോട്ട് പ്രവേശനം അനുവദിക്കൂ . അതും ഡാമിന്‍റെ ഒരറ്റം വരെ. പക്ഷേ  KIOCL കാരുടെ പ്രത്യേക അനുമതിയോടെ ഞങ്ങൾ ഡാമും കടന്ന് മുന്നോട്ട് പോയി. കാടിന്‍റെ ഭ്രമിപ്പിക്കുന്ന മാദകത്വം . നിബിഡമായ കാട് ഉള്ളിലേക്ക് കയറിച്ചെല്ലാൻ ക്ഷണിക്കുന്നതു പോലെ . 
പക്ഷേ വഴിയരികിൽ കുത്തി മറിച്ചിട്ട പനകൾ ആനകളുടെ ശൌര്യത്തിന്‍റെ അടയാളങ്ങളാണ് . ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചു . കാട്ടുപാതകൾ ചെന്നവസാനിക്കുന്നത് തടാകത്തിലാണ് . തടാകത്തിന് നടുവിലായി കമ്പനിയുടെ ഒരു ബാർജ് ഉണ്ട് . അവിടേക്ക് എത്തിപ്പെടാൻ ചെറിയൊരു ചങ്ങാടവും . മൂന്ന് വീപ്പകൾ കൂട്ടിക്കെട്ടി അതിനുമുകളിൽ മരം പാകിയ ചങ്ങാടം കോഴിക്കോട്ടെ മാപ്പിള ഖലാസിമാർ ഉണ്ടാക്കിയതാണത്രേ . അവരോടുള്ള വിശ്വാസം അതിൽ കയറി ബാർജിലേക്ക് പോവാൻ തീരുമാനിച്ചു . നാളെ ഈ ബാർജ് പൊളിക്കും . സാഹസികം തന്നെ ഈ യാത്ര . ചങ്ങാടം അടുപ്പിച്ച് ബാർജിലേക്ക് വലിഞ്ഞു കയറുമ്പോൾ താഴെ കടുംപച്ച നിറത്തിലുള്ള വെള്ളം .  ബാർജിൽ തടാകത്തിലെ ആഴം അളക്കാനുള്ള സംവിധാനമുണ്ട് . ഇരുപത് മീറ്റരാണ് ആഴം . തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ തല കറങ്ങുന്ന പോലെ . ബാർജിന്‍റെ അകത്ത് നിന്ന് തടാകവും ചുറ്റുമുള്ള കാടും നോക്കികാണുന്നത് സമാനതകളില്ലാത്ത അനുഭവമാണ് . കാടിനും മീതെ കുദ്രെമുഖ് മലനിരകൾ ആശീർവാദം പൊഴിക്കുന്നു . തടാകത്തിന് മീതെവന്ന് ചാടിമറിയുന്ന വലിയ മീനുകൾ . 





കുദ്രെമുഖിലെ ചെറിയ അങ്ങാടി പതുക്കെ ഉണർന്നിട്ടുണ്ട് . ഏതാനും കടകളും ചെറിയൊരു പോലീസ് സ്റ്റേഷനും മാത്രമുള്ള ഗ്രാമം . ഇപ്പോഴും ചെറിയൊരു ജനവിഭാഗം ഇവിടെ അവശേഷിക്കുന്നുണ്ട് . അങ്ങാടിയുടെ തൊട്ടു മുന്നിൽ ഭംഗിയുള്ള ഒരുജൈന ക്ഷേത്രമുണ്ട് . ഭൂരിഭാഗവും ജൈനമത വിശ്വാസികളാണ് ഇവിടെ . പരിപൂർണ്ണ നഗ്നനായാണ് ഗുരുവിന്‍റെ നടപ്പ് . അതവരുടെ ആചാരത്തിന്‍റെ  ഭാഗമാണ് . ഒരു ദിശയിലൂടെ മാത്രമേ ഗുരു സഞ്ചരിക്കൂ . മറ്റൊരു ദിശയിലൂടെ സഞ്ചരിച്ചു വേറൊരു ഗുരു എത്തും . അതാണ്‌ രീതി . അതിനകത്ത് കയറി അവരുടെ ആചാര രീതികൾ കണ്ടറിയണമെന്നുള്ള മോഹം ഉത്തരവാദിത്വപ്പെട്ട ആരെയും കാണാത്തതിനാൽ മാറ്റിവെക്കേണ്ടി വന്നു . ഒരു ഹൈന്ദവ ക്ഷേത്രവും ചെറിയൊരു മുസ്ലീം പള്ളിയും കൂടെയുണ്ട് ഇവിടെ . സമ്പന്നമായ ഒരു ഭൂതകാലത്ത് നിന്നും പ്രതീക്ഷയില്ലാത്ത ഒരു വര്‍ത്തമാനകാലത്തിലേക്ക് കാലെടുത്തുവെച്ച ഒരു ഗ്രാമത്തിന്‍റെ  വേദനിക്കുന്ന വഴികളിൽ ചവിട്ടിയാണ് ഞങ്ങൾ കുദ്രെമുഖ് നടന്നുകാണുന്നത് . വല്ലപ്പോഴുമെത്തുന്ന ഓരോ രോഗികളെയും കാത്ത്  ഒരാശുപത്രി . പശുക്കൾ മേഞ്ഞു നടക്കുന്ന വലിയൊരു മൈതാനം . ഒരുകാലത്ത് പന്തുകളിയുടെയും ക്രിക്കറ്റിന്‍റെയും ആവേശം ഇവിടെയും നിറഞ്ഞിരുന്നു . ഇന്ന് ആരവങ്ങൾ തോർന്ന വെറും മണ്ണ് മാത്രമാണത് . ഷട്ടിൽ കോർട്ടും ബാസ്കറ്റ് ബോൾ ഗ്രൌണ്ടും പുല്ലുകൾ നിറഞ്ഞ് കാട് കേറി നിൽക്കുന്നു . ഇതെല്ലാം വിളിച്ചു പറയുന്നത് കുദ്രെമുഖ് ചുരമിറങ്ങിപ്പോയ  അധികം പഴക്കമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ചാണ് .








ഉച്ചഭക്ഷണത്തിന്‍റെ ആലസ്യത്തിൽ സുഹൃത്തുക്കൾ മയക്കത്തിലേക്ക് വീണപ്പോൾ ഞാനിറങ്ങി നടന്നു . നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാതകളിൽ കറുകപുല്ലുകൾ നിറഞ്ഞിട്ടുണ്ട്‌ . കാട്ടിലേക്ക് നീളുന്ന വഴികൾ . നിറയെ പൂത്തുനിൽക്കുന്ന കൊങ്ങിണിപ്പൂക്കൾ ഈ വഴികളെ സുന്ദരമാക്കുന്നു . ഞാൻ കാട്ടിലേക്ക് കയറി . കാടിനെ തൊടുന്നതും കാണുന്നതും മനസ്സുകൊണ്ടാവണം . ആത്മീയമായ എന്തോ ഒന്ന് വനങ്ങൾക്കുണ്ടെന്ന് തോന്നാറുണ്ട് എനിക്ക് . നമ്മളറിയാതെ ഒരു താപസന്‍റെ എകാഗ്രതയിലേക്ക് മനസ്സ് മാറുന്നു . മുന്നിലൊരു പുള്ളിമാൻ . എന്‍റെ സാമീപ്യം അവനെ ഭയപ്പെടുത്തുന്നില്ല. 
ഒന്ന് തലയുയർത്തി നോക്കി വീണ്ടും മേയാൻ തുടങ്ങി . കാടിന്‍റെ മാദകത്വം ഉന്മാദം നൽകുന്നു . അധികം മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പ് എന്നെ പിൻവലിക്കുന്നുമുണ്ട്. തിരിഞ്ഞു നടക്കാനോരുങ്ങുമ്പോൾ മാനം ഇരുളുന്നപ്പോലെ ഇരുട്ട് കയറുന്നു . ഒട്ടും പ്രതീക്ഷിക്കാതെ ഒരു മഴയെത്തി . ഞാൻ വലിയൊരു മരത്തിന്‍റെ ചുവട്ടിലേക്ക്‌ നീങ്ങി നിന്നു . നിശ്ശബ്ദമായ കാടിന്‍റെ ഭയാനതയിലേക്ക് മഴ പെയ്തിറങ്ങുകയാണ്  .    ഉന്മാദിയായ ഞാൻ ആ മഴത്തുള്ളികൾ കൊണ്ട് സ്വപ്നങ്ങളുടെ പർണ്ണശാല കെട്ടി . എനിക്കായി മാത്രം കാടോരുക്കിയ നിമിഷങ്ങളെ ഞാൻ ഹൃദയത്തിലേക്ക് ചേർത്ത് വെച്ചു . 



വീണ്ടുമൊരു രാത്രിയിലേക്ക്‌ പ്രവേശിക്കുകയാണ് ഞങ്ങൾ . മഞ്ഞിറങ്ങുന്നത് കാരണം പകലുകൾക്ക്‌ നീളം കുറവാണ് . വീണ്ടും ചെമ്പകമണം നിറയുന്നു . സഹ്യാദ്രി ഭവന്‍റെ  മുറ്റത്ത്‌ ഞങ്ങൾ വട്ടമിട്ടിരുന്നു . തണുപ്പകറ്റാൻ കത്തുന്ന  വിറക് കൊള്ളികളിൽ  കുദ്രെമുഖിന്‍റെ  നൊമ്പരങ്ങളും വേവുന്ന പോലെ തോന്നി . ചുറ്റും കട്ടപിടിച്ച ഇരുട്ടിന്‍റെ  മറവിൽ കാടുറങ്ങുന്നു . വേവുന്ന ഇറച്ചിക്കൊപ്പം ഞാൻ കാടിനേയും തൊട്ടു കൂട്ടി .  കാട്ടിൽ പൂത്ത സൗഹൃദസന്ധ്യക്കൊടുവിൽ  മഞ്ഞ് പുതച്ച് , പൂക്കളെ ശ്വസിച്ച് കാടിനെ പ്രണയിച്ച് ഉറക്കത്തിലേക്കു വീണു . 


വീണ്ടും പുലരി . ഞങ്ങൾ ഇറങ്ങുകയാണ് . സഹ്യാദ്രി ഭവന്‍റെ  മുറ്റത്ത്‌ കൂടുതൽ പൂവുകൾ വിരിഞ്ഞിട്ടുണ്ട് . എനിക്കീ നാടിന്‍റെ ഗന്ധം കുറേ നാൾ കൂടെ വേണം . ചെടിയെ വേദനിപ്പിക്കാതെ ഞാനൊരെണ്ണം പറിച്ചെടുത്തു .   കാടിറങ്ങി വന്ന കാറ്റിൽ ദേവതാരുമരത്തിൽ നിന്നും മഞ്ഞുത്തുള്ളികൾ അടർന്നുവീണു . വിജനമായ വഴികൾ കുറേ ദൂരം ഞങ്ങളെ പിന്തുടർന്നു. അൽപം കൂടെ ചെന്നപ്പോൾ കുദ്രെമുഖ് മലകളുടെ നാഭിയിലൂടെ ഒലിച്ചിറങ്ങുന്ന ഭദ്രാ നദി . നേർത്ത വെള്ളച്ചാലുകൾ മാത്രം . ഭദ്രക്ക് എനിക്ക് മനസ്സിലാവാത്തൊരു ഭാവം . അത് കരയുകയാണോ അതോ ചിരിക്കുകയോ? 


മാധ്യമം ചെപ്പിൽ പ്രസിദ്ധീകരിച്ചത് .

ചിത്രങ്ങൾ - ഹാഷിക്ക് എ. എച്ച് 

Saturday, January 17, 2015

പുകയിലപ്പാടങ്ങൾക്കിപ്പുറം



വീരനഹോസഹള്ളിയിലെ തണുത്ത പകലുകൾക്ക്‌ പുകയിലപ്പാടങ്ങളുടെ ഗന്ധം കൂടിയുണ്ട്. മഞ്ഞുമറച്ച ദൂരക്കാഴ്ചയില്‍ ഞങ്ങൾ അരണ്ട വെളിച്ചം കാണുന്ന ആ സ്ഥലം ലക്ഷ്യം വെച്ച് നടന്നു . അപൂർവ്വമായി മാത്രം കിട്ടുന്ന ഈ പുലർക്കാല യാത്രയുടെ സൗന്ദര്യം ആസ്വദിക്കാനാണ് ഞങ്ങൾ നടന്നു തുടങ്ങിയത് . പ്രതീക്ഷിച്ചതുപോലെ അതൊരു ചായക്കട തന്നെയായിരുന്നു. നാഗറോള കാടിന്‍റെ അതിർത്തിയിൽ ഈ  കട ഞങ്ങൾക്കായി മാത്രം തുറന്നുവെച്ചതുപോലെ തോന്നി  . ചൂടുള്ള ചായയുടെ മധുരത്തിലും തണുപ്പ് അവിടെ ബാക്കിയായി തന്നെ കിടന്നു . മജീദ്ക്ക എന്ന മലയാളി ഈ പുലർക്കാലത്ത് ഞങ്ങളുടെ ആതിഥേയനായി . അടുപ്പിലേക്ക് ആഞ്ഞൂതികൊണ്ട് മജീദ്ക്ക ഒരു കുടിയേറ്റത്തിന്‍റെ  കഥപറഞ്ഞു. അടുപ്പിന്‍റെ ചൂടിനോട് ചേർന്നുനിന്ന് ഞങ്ങൾ  കേൾവിക്കാരായി . 

ഓരോ കുടിയേറ്റത്തിന്‍റെ  പിന്നിലും അതിജീവനത്തിന്‍റെ കഥകൾ കാണും . മണ്ണിനോടും മലകളോടും കാറ്റിനോടും മൃഗങ്ങളോടും പൊരുതി ഒരു ജീവിതം തളിർപ്പിക്കുന്നതിന്‍റെ   കഥ . വേരുറച്ച മണ്ണിൽ  നിന്നും പറിച്ചെറിയപ്പെടുന്ന ജീവിതങ്ങൾ മറ്റൊരു ഭൂമികയിലേക്ക് നട്ടു പിടിപ്പിക്കുമ്പോഴും ആ വേരിൽ ബാക്കിയായ ഒരു  പിടി സ്വന്തം മണ്ണ് അവരെ തിരിച്ചു പോവാൻ പ്രലോഭിപ്പിക്കുന്നുണ്ടാവണം . എട്ട് വർഷമായി മജീദ്ക്കയുടേയും കുടുംബത്തിന്‍റെയും  ലോകം കാടിന്‍റെ  അതിർത്തിയിലുള്ള ഈ ഗ്രാമമാണ്  . നാഗറോള കാടുകളുടെ വന്യതയിലേക്ക് ചൂഴ്ന്നിറങ്ങാൻ ഇതുവഴി വരുന്ന ഓരോ സഞ്ചാരിയും കുടിക്കുന്ന ചായയിലും തിരിച്ച് നാട് പിടിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യന്‍റെ  സ്വപ്‌നങ്ങൾ കൂടി  കലർന്നിട്ടുണ്ട് .  എങ്കിലും പരിഭവങ്ങൾ ബാക്കിയില്ല മജീദ്ക്കാക്ക് . കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു സൗഹൃദാന്തരീക്ഷം ഞങ്ങൾക്കിടയിൽ  രൂപപ്പെട്ടു.




പതുക്കെ ഉണരുകയാണ് ഗ്രാമം . കമ്പിളി പുതച്ചും മഫ്ലർ ചുറ്റിയും ഗ്രാമീണര്‍ തണുത്ത് വിറച്ച് കടയിലേക്ക് വന്നു തുടങ്ങുന്നു . മജീദ്ക്കയും തിരക്കിലേക്ക് . ഞങ്ങളിറങ്ങി നടന്നു .റോഡരികില്‍ നിരന്നു നിൽക്കുന്ന ആൽമരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ വന്ന് നെറുകയിൽ വീഴുന്നു  . മരം പെയ്യുകയാണ് . തൊട്ടടുത്ത്‌ തന്നെ ഫോറസ്റ്റ് ഓഫീസും . അതിന്‍റെ  മരം കൊണ്ട് പണിയിച്ച വേലിക്ക് ചുറ്റും പലവർണ്ണത്തിലുള്ള ലെന്റാന പൂക്കൾ വിരിഞ്ഞു നിൽക്കുന്നു . അതിനെ ഉമ്മവെച്ച് മഞ്ഞുതുള്ളികളും . നിരത്തിലൂടെ നടന്നു കോടമഞ്ഞിനുള്ളിൽ മറഞ്ഞു പോകുന്ന മനുഷ്യർ ഏതോ കണ്ടുമറന്ന സിനിമയിലെ രംഗം ഓര്‍മ്മിപ്പിച്ചു . ഞങ്ങളിപ്പോൾ നാട് കാണാൻ വന്ന സഞ്ചാരികളല്ല . ഈ ഗ്രാമത്തോട് ,  ഇതിന്‍റെ  ആത്മാവിനോട് ലയിച്ച് ചേർന്ന ഗ്രാമീണർ മാത്രമാണ് . 

മഞ്ഞിനെ ആശ്ലേഷിച്ച് നിൽക്കുന്ന പുകയിലപാടങ്ങളും ഇഞ്ചി തോട്ടങ്ങളും പലതവണ കണ്ടതാണ് . അതുകൊണ്ട് അതൊഴിവാക്കി മറ്റുകാഴ്ചകളിലേക്കിറങ്ങി.കറക്കം  കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും മജീദ്ക്ക പ്രാതൽ റെഡിയാക്കി വെച്ചിട്ടുണ്ട് . "വയറ് നിറക്കാൻ ആർക്കും പറ്റും . മനസ്സും കൂടെ നിറയണം"; ഞങ്ങള്‍ നിറഞ്ഞ് കഴിച്ചു. യാത്രപറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു, മജീദ്ക്കയെ ഇനിയും കണ്ടുമുട്ടും, ജീവിതയാത്രയില്‍ പലയിടത്തായി. ഈ രൂപവും വേഷവും മാറിയേക്കാം. എങ്കിലും ഇതേ സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ ഏതെങ്കിലുമൊരു ദിക്കില്‍ ഏതോ ഒരാള്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാവണം.  ഈ മനുഷ്യർ , ഇവരുടെ സ്നേഹം , ഇതെല്ലാം യാത്രയിൽ പതിക്കുന്ന സ്നേഹത്തിന്‍റെ  കയ്യൊപ്പുകളാണ് .

കാടിന്‍റെ അരിക് പറ്റി ജംഗിൾ ഇൻ റിസോർട്ടിലാണ് ഞങ്ങളുടെ താമസം . അതിന്‍റെ വരാന്തയിൽ പുലരുവോളം  ഞങ്ങൾ സംസാരിച്ചിരുന്നു . ഈ   രാത്രിയാമത്തിൽ പതുക്കെ വീശിയെത്തുന്ന കാറ്റിന് പാരിജാതപ്പൂക്കളുടെ മണം . ഈ കാട്ടിലെവിടെയെങ്കിലും ഒരു പാരിജാതം പൂത്തു കാണണം . പൂത്തത് പൂക്കൾ  മാത്രമല്ല , ബ്ലോഗ്‌ ബാക്കി വെച്ച സൗഹൃദങ്ങൾ കൂടിയാണ്.  





ഇനി ഞങ്ങളുടെ വനപർവ്വമാണ് . എന്നും മോഹിപ്പിച്ച നാഗറോള കാടുകൾ . കുടക് ജില്ലയുടെ ഭാഗമാണ് ഇത് . ഒരു ഭാഗം മൈസൂർ ജില്ലയിലും . ബ്രഹ്മഗിരി മലകളുടെ താഴ്വാരം . വയനാട് നിന്നും തുടങ്ങി , ബന്ദിപ്പൂരും മുതുമലയും എല്ലാം ഒരേ കാടിന്‍റെ തുടർച്ച തന്നെ . മൈസൂരിലെ വാഡയാർ രാജാക്കന്മാർ വേട്ടക്കെത്തിയിരുന്നത്  ഈ കാട്ടിലേക്കായിരുന്നു .   കടുവയും പുലിയും ആനകളും ധാരാളമുള്ള കാട്ടിലൂടെയുള്ള പ്രയാണം  പേടിപ്പിക്കുന്ന ഒന്നാണ് . വഴിയരികിലെ കുടിലിന് മുന്നിലിരുന്ന്  തീ കായുകയും കൂടെ എന്തോ കിഴങ്ങ് വേവിക്കുകയും ചെയ്യുന്ന ഒരു ആദിവാസി കുടുംബത്തോട്  വഴിലെങ്ങാനും ആന കാണുമോ എന്ന് അറിയാവുന്ന ഭാഷയിൽ ചോദിച്ചു . അവർക്കറിയാവുന്ന ഭാഷയിൽ അവർ മറുപടിയും പറഞ്ഞു . രണ്ടും കൂടെ ചേർത്ത് ആനയുണ്ടാവില്ല , മുന്നോട്ട് പോവാം എന്ന തീരുമാനത്തിലെത്തി . രണ്ട് വിഭാഗം ആദിവാസി കുടുംബങ്ങൾ ആണ് നാഗറോള  കാടിന്‍റെ സംസ്കാരത്തോട്  ചേർന്ന് ജീവിക്കുന്നത് . കാട് സംരക്ഷിച്ച് നിർത്തുന്നതിന്‍റെ ഭാഗമായി ഇവരെ പുനരധിവസിപ്പിക്കുന്നതിനെ പറ്റി ചർച്ചകൾ നടക്കുന്നു എന്ന് കേൾക്കുന്നു . ആവാസ വ്യവസ്ഥയിൽ നിന്നും മാറി തമാസിക്കേണ്ടി വരുമ്പോൾ അവർക്കും  നേരിടാനുണ്ടാവും കുറേ  പ്രശ്നങ്ങൾ . 


ഞങ്ങൾ മുന്നോട്ട് നീങ്ങി .  ഓരോ ഇലയനക്കത്തിലും ഭീതിയെ ഒളിപ്പിച്ച വനങ്ങൾ . ഒളിക്കണ്ണിട്ട് നോക്കി ഒരു മിന്നായം പോലെ ഓടിമറയുന്ന പുള്ളിമാനുകൾ , അഹങ്കാരത്തിന്‍റെ  തലയെടുപ്പുമായി നിൽക്കുന്ന   കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ , കാടിന്‍റെ പ്രഭാത ഗീതം പാടി പേരറിയാത്ത കിളികൾ , അവർ ഞങ്ങളെ സ്വീകരിക്കുകയാണ് . കാടിന്‍റെ  പേരുകളേ മാറുന്നുള്ളൂ . അതിന്‍റെ പൊതുസ്വഭാവവും അത് നൽകുന്ന  അനുഭൂതിയും എല്ലായിടത്തും ഒന്ന് തന്നെ . വളരെ പതുക്കെ ഓടുന്ന ഞങ്ങളുടെ വാഹനം പോലും കാടിനോട് ചെയ്യുന്നത് അനീതിയാണ് . ആ  ചെറിയ ശബ്ദം പോലും നിശബ്ദമായ ഈ ലോകത്തേക്കുള്ള അധിനിവേശമാണ് .  വൻ വൃക്ഷങ്ങളും ചെറിയ ചെടികളും തപസ്സിലാണ് . താപസന്മാരെ ശല്യപ്പെടുത്തരുത് . നാഗറോള കാടുകളുടെ നിഗൂഡമായ നിശബ്ദത താപസമന്ത്രമാക്കി ഞങ്ങളും അതിനോട്  ചേർന്നു .



Friday, August 8, 2014

മുസഫർ കമാൽ ഹുസൈൻ .. നീ തന്നെയാണോ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌..?




ക്കത്തയിലെ തതോല ബസാറി ഒരു മുഗള ചക്രവർത്തിയുടെ കൊട്ടാരമുണ്ട്. പേർഷ്യന്‍ ശില്പ ചാതുരി നിറഞ്ഞു നില്‍ക്കുന്ന അകത്തളങ്ങളും തൂണുകളും വിശാലമായ ദര്‍ബാറും മുറ്റത്ത്‌ പൂന്തോട്ടങ്ങളും തുടങ്ങി രാജപ്രൗഡിയുടെ എല്ലാ ആർഭാടവും നിറയുന്ന ഒരു കൊട്ടാരമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ തെറ്റി. പകരം വാതില്‍ പാളികള്‍ തലയില്‍ വീഴാതിരിക്കാന്‍ ചണനൂലുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ച ഒരു മണ്‍ക്കൂര , ചുമരുകളില്‍ കാണുന്ന ചിത്രങ്ങള്‍ വിശ്വവിഖ്യാതരായ ചിത്രകാരന്മാര്‍ വരച്ചു ചേര്‍ത്തതല്ല. മൂട്ടക്കറകള്‍ ചെഞ്ചായം പൂശിയതാണ്‌. നാന്നൂറ്റി എണ്‍പത് വര്‍ഷം ഇന്ത്യ മഹാരാജ്യം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി പരമ്പരയിലെ ഇപ്പോഴത്തെ കിരിടാവകാശി താമസിക്കുന്നത് ഇവിടെയാണ്‌. ഇരുപതു വര്‍ഷത്തിനുപ്പുറം മറ്റൊരു ഭരണ മാറ്റം ഈ കുടില്‍ കൊട്ടാരത്തില്‍ നടന്നിട്ടില്ലെങ്കില്‍ അവന്‍ തന്നെയാവും മഹാരാജാവ്.

എങ്ങിനെ ഈ കൊട്ടാരത്തിലേക്ക് എത്തിപ്പെട്ടു . ഇനിയുള്ള കഥകള്‍ പറയാന്‍ എനിക്കെന്റെ ഉപ്പയെ കൂട്ടുപിടിച്ചേ പറ്റൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ ഉപ്പ എഴുതിയ "താല്തോല ബസാറിലെ മുഗള്‍ ചക്രവര്‍ത്തി" എന്ന അന്വോഷണാത്മക ലേഖനം. പുകള്‍ പെറ്റ മുഗള്‍ ഭരണാധികാരികളുടെ ബാക്കിപത്രം തേടിയുള്ള ഒരു യാത്രയായിരുന്നു അത്. ബാബറും, ഹുമയൂണും , അക്ബറും, ജഹാംഗീറും, ഷാജഹാനും , ഔറം ഗസീബും തുടങ്ങി അവസാനം ബഹദൂര്‍ഷയില്‍ അവസാനിച്ച ഭരണചക്രം, ഷാലിമാറും ചെങ്കോട്ടയും താജ്മഹലും തുടങ്ങി ഇന്നും സചേതനമായി നില്‍ക്കുന്ന സ്മാരകങ്ങള്‍, ചരിത്രത്തിനും സാഹിത്യത്തിനും സംസ്കാരത്തിനും കലകള്‍ക്കും നല്‍കിയ സംഭാവനകള്‍, രാജ്യ വിസ്തൃതിക്കും, പെരുമക്കും നിലനില്‍പ്പിനും വേണ്ടി നടത്തിയ അനേകം യുദ്ധങ്ങള്‍ . ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇന്നും ദാഹശമനം വരാത്ത കഥകളുടെ മിഴിചെപ്പായ മുഗള്‍ ഭരണം. കൊടിപറത്തിയ ഈ വംശപെരുമുടെ പുതിയ തലമുറകള്‍ എവിടെയായിരിക്കും...? ഉപ്പ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സാമൂഹ്യപാഠ പുസ്തകങ്ങളുടെ ചട്ടക്കൂടില്‍ നിന്നും ഈ ചോദ്യം പുറത്ത്‌ കടന്നപ്പോഴായിരിക്കണം അവരെ തേടിയുള്ള യാത്രയും നടന്നത്.

കല്‍ക്കത്തയിലെ തല്തോല ബസാര്‍. ഇവിടെ എവിടെയോ ആണ് ആ കുടുംബം താമസിക്കുന്നത് എന്ന കേട്ടറിവേ അവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി അവര്‍ അന്യോഷണം തുടര്‍ന്നു. ഇപ്പോഴത്തെ മുഗള രാജാവിനെ തേടി അങ്ങ് ദൂരെ കേരളത്തില്‍ നിന്നും വന്ന സഞ്ചാരികള്‍ അവനും കൌതുകമായി കാണണം. പുരാതനമായ കല്‍ക്കത്തന്‍ തെരുവുകളിലൂടെ അവന്‍റെ പഴയ റിക്ഷ മുന്നോട്ട് നീങ്ങി. ഒരു ചരിത്രം തേടിയുള്ള യാത്രയില്‍ അവനും ഭാഗമാവുകയായിരുന്നു.

ഒരു നൂറ് ഇടവഴികളും അതിലേറെ കൈവഴികളുമുള്ള തല്തോല ബസാറിലെ തെരുവുകളിലൂടെ കുറെ അലഞ്ഞിട്ടും അവര്‍ക്ക് മുഗളപാദുഷായുടെ കൊട്ടാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചോദിച്ചവര്‍ക്കാര്‍ക്കും അങ്ങിനെയൊരു മുഗള ചക്രവര്‍ത്തി ഈ ഗലികളില്‍ താമസിച്ചിരുന്നു എന്നത് അറിയില്ലായിരുന്നു. അവസാനം വാട്ടര്‍ ടാപ്പിനടുത്തു ക്യൂ നില്‍ക്കുന്ന സ്ത്രീകളോട് കൂടി അന്വേഷിച്ചു.

"കഴിഞ്ഞ വര്‍ഷം അന്തരിച്ച മുഗള ചക്രവര്‍ത്തി മിര്‍സ മുഹമ്മദ്‌ ബേദാര്‍ ഭക്തിന്റെ ഭാര്യയും കുടുംബവും താമസിക്കുന്നത് എവിടെയാണെന്ന് അറിയാമോ..?
ഇത് കേട്ടപ്പോള്‍ മണ്‍കുടവും തൂക്കിപ്പിടിച്ച് തന്‍റെഊഴം കാത്തിരിക്കുന്ന ഒരു സ്ത്രീ ഞങ്ങളെ ഇമ പൂട്ടാതെ കുറെ നേരം നോക്കി നിന്നു. കരിപുരണ്ട അവരുടെ കവിള്‍ തടങ്ങളിലൂടെ കണ്ണുനീര്‍തുള്ളികള്‍ ചാലിട്ടൊഴുകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപ്പോയി. നീല ഞരമ്പുകള്‍ തുടിച്ചുനില്‍ക്കുന്ന ഇടതുകൈകൊണ്ട് പിന്നിപറിഞ്ഞ സാരിത്തുമ്പ് തലയില്‍ വലിച്ചിട്ട ശേഷം അവര്‍ വിതുമ്പി. "വോ സുല്‍ത്താന മേം ഹൂം". (ഞാന്‍ തന്നെയാണ് നിങ്ങള്‍ അന്യോഷിക്കുന്ന മഹാറാണി )
സുഖലോലുപതയില്‍ മതിമറന്നപ്പോള്‍ "ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് , അതിവിടെയാണ് " എന്ന് വിളിച്ചുപറഞ്ഞ നൂര്‍ജഹാന്‍റെയും മുംതാസ് മഹലിന്‍റെയും പരമ്പരയില്‍ പെട്ട ബീഗം തന്നെയാണല്ലോ ഇവരും. "

എനിക്കോര്‍മ്മയുണ്ട് ഉപ്പ പറഞ്ഞത്. ഇവരെ പറ്റി. ഈ രാജ്ഞിയുടെ കണ്ണീരിനെ പറ്റി. അത് പറഞ്ഞപ്പോള്‍ ഉപ്പയുടെ ശബ്ദവും ഇടറിയിരുന്നു. ഇന്ത്യയെ ഒറ്റിക്കൊടുത്ത മിര്‍ ജാഫറിന്‍റെ കുടുംബത്തിനു ആയിരം രൂപ പെന്‍ഷന്‍ കൊടുക്കുന്ന രാജ്യത്ത് , ഒരു നേരത്തെ ആഹാരത്തിനു പോലും വിഷമിക്കുന്ന രാജപരമ്പരയിലെ ഈ കണ്ണികളുടെ അവസ്ഥ താഴെ കാണുന്ന ലേഖനത്തിലെ വരികളില്‍ നിന്നും വായിച്ചെടുക്കാം.

"വാതില്‍ പൊളികള്‍ തലയില്‍ വീഴുന്നത് ശ്രദ്ധിക്കണം. ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ചതാണ്.ബീഗം മുന്നറിയിപ്പ് നല്‍കി. പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്ന് രണ്ട് കുട്ടികള്‍ റൊട്ടി പരിപ്പുവെള്ളത്തില്‍ മുക്കി ആര്‍ത്തിയോടെ തിന്നുകയാണ്. മൂട്ടക്കറകൊണ്ട് ചെഞ്ചായം പൂശിയ ചുവരില്‍ പൊട്ടിത്തകര്‍ന്ന ചില്ലുകള്‍ക്കുള്ളിലിരുന്ന് ബഹദൂര്‍ഷ ചക്രവര്‍ത്തി തുറിച്ചു നോക്കുന്നു. കുട്ടികള്‍ ഭക്ഷണ പാത്രങ്ങള്‍ എടുത്തു അകത്തേക്ക് ഓടിപ്പോയി. ഒരു കീറ് സൂര്യപ്രകാശത്തിനോ ഒരിറ്റ് ശുദ്ധവായുവിനോ പ്രവേശനം അനുവദിക്കാത്ത മുറി".

ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണ ആധ്യായമായ മുഗള്‍ വംശത്തിലെ പുതിയ തലമുറയുടെ കൊട്ടാരവും ജീവിതവും ആണ് ഇവിടെ ലേഖനത്തില്‍ വരച്ചിട്ടത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാവും. എവിടെ ഇപ്പോഴത്തെ ചക്രവര്‍ത്തി എന്ന്. വീണ്ടും ലേഖനത്തിലെ വരികളിലേക്ക് .

" ബീഗം, മൂത്തമകന്‍ കിരീടാവകാശി മുസഫര്‍ കമാല്‍ ഹുസൈനെ കണ്ടില്ലല്ലോ ! നിങ്ങളുടെ കൈയ്യില്‍ ഇന്ത്യ മഹാരാജ്യത്തിന്‍റെ ചെങ്കോല്‍ ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണോ?

ഇറയത്ത്‌ കെട്ടിക്കിടക്കുന്ന ചെളിയില്‍ ചവിട്ടി വഴുതി വീഴാതിരിക്കാന്‍ പെരുവിരല്‍ അമര്‍ത്തിയൂന്നി ഞങ്ങള്‍ പുറത്ത്‌ കടന്നു.വഴി തെറ്റാതിരിക്കാന്‍ ബീഗം കൂടെ അയച്ച സഹോദരന്‍ മുഷ്താഖ് അഹമ്മദ് , തെരുവിലെ മത്സ്യ വില്‍പ്പനക്കാരന്‍റെ അരികില്‍ നിന്നും ഒരു കുട്ടിയെ പിടിച്ച് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹമായിരുന്നു ഇപ്പോഴത്തെ മുഗള ചക്രവര്‍ത്തി "ഹിസ്‌ ഹൈനസ് മുസഫര്‍ കമാല്‍ ഹുസൈന്‍ ".

കാലം ചേര്‍ത്തുവെച്ചൊരു വിധി. രാജ്യഭരണം കയ്യാളേണ്ട പിന്മുറക്കാരന്‍ ഒരു നേരത്തെ അന്നം മുട്ടിക്കാന്‍ തെരുവില്‍ മീന്‍ വില്‍ക്കുന്നു . ബാഗ്‌ ഇ ബാബരില്‍ ഉറങ്ങുന്ന ബാബറും , സികന്ദ്രയിലെ സമാധിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അക്ബറും അറിയുന്നുണ്ടോ അവരുടെ പിന്‍തലമുറയിലെ യുവരാജാവ് തെരുവില്‍ മീന്‍ വില്‍ക്കുകയാണെന്ന്. താജ്മഹലിന്‍റെ  അകത്ത് ഉറങ്ങുന്ന മുംതാസ് മഹലും അറിയുന്നില്ല ഈ രാജ്ഞിയെ പറ്റി. പരിചരിക്കാന്‍ ഒരുപാട് തോഴിമാരില്ല . ആഭരണങ്ങളുടെ പകിട്ടും സുഗന്ധങ്ങളുടെ ഉന്മാദവും ഇല്ല ഈ അന്തപുരത്തില്‍. കാണുന്നത് മുഖം തിരിച്ചു പോകുന്ന ഇന്ത്യന്‍ ചേരികളുടെ മുഖമാണ് .

രാജ്യത്തെ പറ്റി, രാജാക്കന്മാരെ പറ്റി ചരിത്ര ക്ലാസുകളില്‍ നിറഞ്ഞു നിന്ന കുറെ അദ്ധ്യായങ്ങള്‍ ഉണ്ട് . പുസ്തകത്തിന്‌ പുറത്തേക്കും നീണ്ടുപോയ കഥകളും കാണും. പലതും പിന്നീട കണ്ടും കേട്ടും കൂടുതല്‍ അറിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ എന്‍റെ മനസ്സില്‍ എന്നും നിറഞ്ഞു നിന്നത് മുഗള്‍ ഭരണ കര്‍ത്താക്കളും അവരോട് ചേര്‍ത്ത് വായിച്ച കഥകളും തന്നെ. ചരിത്രത്തിലും വായനയിലും പഠനത്തിലും ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു രാജവംശമില്ല. താജ്മഹലും ചെങ്കോട്ടയും ഷാലിമാറും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അതിനുപിന്നിലെ ചരിത്രവും കഥകളും എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്‌. ബാബര്‍ സ്ഥാപിച്ചത് തുടങ്ങി , പാനിപ്പത്ത് യുദ്ധങ്ങളും ,അക്ബറിന്‍റെ ദര്‍ബാറിലെ പണ്ഡിത സദസ്സും , ഷാജഹാന്റെയും മുംതാസിന്‍റെയും പ്രണയവും അതിന്‍റെ അനശ്വര സ്മാരകമായ താജ്മഹലും തുടങ്ങി ഓരോ മുഗള ചക്രവര്‍ത്തിമാരുടെയും ജീവിതം ഒരു ചിത്രമായി എന്നോ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും തോന്നാത്ത ഒരു വികാരം ഈ കഥ വായിക്കുമ്പോള്‍ എന്നെ തൊട്ടുണര്‍ത്തുന്നു. പകിട്ടിലും പത്രാസിലും നീന്തി തുടിച്ച ഒരു രാജകുടുംബത്തിലെ പുതിയ തലമുറക്കാര്‍, ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഴിവില്ലാതെ അതേ ഭാരതത്തില്‍ കഴിഞ്ഞു കൂടുന്നു എന്നറിയുമ്പോള്‍ എന്‍റെ മനസ്സില്‍ താജ്മഹലിന്‍റെ വിസ്മയിപ്പിക്കുന്ന ഭംഗിയില്ല,പകരം മനസ്സ് ഒരു നിര്‍വികാരതയോടെ ഈ കുടിലിനകത്ത് തന്നെ ചുറ്റിത്തിരിയുന്നു. ചെങ്കോട്ടയേയും മുഗള്‍ കൊട്ടാരങ്ങളെയും തഴുകി വീശുന്ന കാറ്ററിയുന്നുണ്ടോ , അതിന് പ്രവേശനം ഇല്ലാത്ത ഒരു കുടില്‍ കൊട്ടാരം ഈ ചേരിയില്‍ ഉണ്ടെന്ന്..?


ഞാനെങ്ങിനെ മറക്കും ആ രാത്രി. ഞങ്ങള്‍ കുട്ടികളുടെ ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ഒന്നര മാസം നീണ്ട ആ ഭാരത പര്യടനവും കഴിഞ്ഞ് ഉപ്പ വന്നുചേര്‍ന്നത്. സമ്മാനങ്ങള്‍ക്കൊപ്പം കെട്ടഴിച്ച യാത്രാവിശേഷങ്ങള്‍. അതില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈ അധ്യായമാണ്. ആ സുല്‍ത്താനയും മുസഫറും അവരുടെ ജീവിതവും. "യാത്രക്കിടയില്‍ " എന്ന പേരില്‍ ആനുകാലികങ്ങളില്‍ പരമ്പരകളായി ആ അനുഭവങ്ങള്‍ നിറഞ്ഞു. പക്ഷെ ചരിത്ര പഠനങ്ങളില്‍ എന്നെ ഏറെ സ്വാധീനിച്ച മുഗള്‍ ഭരണവും ഭരണാധികാരികളും. അവരുടെ പരമ്പര തേടി കണ്ടെത്തിയ ഈ യാത്ര എന്‍റെ  നൊമ്പരമായും ആവേശമായും ഇന്നും നിലനില്‍ക്കുന്നു. ലേഖനത്തില്‍ വായിച്ചറിഞ്ഞ വരികളേക്കാള്‍ ഉപ്പ പറഞ്ഞുതന്ന രൂപത്തില്‍.

ഞാനൊരു യാത്ര മനസ്സില്‍ കുറിച്ചിട്ടു. തല്തോല ബസാറിലേക്ക്. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി ഉപ്പ നടന്ന വഴികളിലൂടെ പോയി എനിക്കും തേടി പിടിക്കണം ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ച ആ മുഗള കൊട്ടാരം. ആ ദര്‍ബാറിലേക്ക് കയറിച്ചെന്ന് എനിക്കവനെ കാണണം. മുസഫര്‍ കമല്‍ ഹുസൈന്‍ എന്ന ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തിയെ. മുംതാസിന്‍റെ പദവി അലങ്കരിക്കുന്ന അവന്‍റെ ബീവിയേയും കാണണം . പറ്റുമെങ്കില്‍ അവരോടൊപ്പം ഇരുന്ന് ഉണക്ക റൊട്ടി പരിപ്പുകറിയില്‍ മുക്കി ഒരു രാജകീയ ഭക്ഷണം കഴിക്കണം. അതൊരു കുടിലാണെങ്കിലും എന്‍റെ ഭാവന ലോകത്ത് അതൊരു കൊട്ടാരമായി തോന്നും. ആ മുറ്റത്ത്‌ വിരിഞ്ഞു നില്‍ക്കുന്നത് ഒരു പൂവാണെങ്കിലും അതിലെനിക്കൊരു ഷാലിമാര്‍ കാണാനാവും. ആ ഒരു സെന്റ്‌ ചുറ്റളവില്‍ ഞാനൊരു മുഗള്‍ സാമ്രാജ്യത്തെ തന്നെ കുടിയിരുത്തും . എന്നിട്ട് തിരിച്ചു പോരുമ്പോള്‍ ഉപ്പ ചോദിച്ച ആ സങ്കല്‍പ്പിക ചോദ്യം ഒരിക്കല്‍ കൂടേ ചോദിക്കണം. ഇന്ത്യ മഹാരാജ്യത്തിന്‍റെ കിരീടവും ചെങ്കോലും ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കുമോ എന്ന്.

തല്തോല ബസാറിലെ ഗലികളിലൂടെ യാത്ര തുടരാന്‍ എന്നെയും നോക്കി മറ്റൊരു സൈക്കിള്‍ റിക്ഷക്കാരന്‍ കാത്തിരിക്കുന്നുണ്ടാവുമോ അവിടെ..?
***


"യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ " എന്ന ബുക്കിനെ പറ്റി സുജ എഴുതിയ അവലോകനം "വായനയുടെ കാണാപ്പുറങ്ങള്‍ "

ആയിഷ എന്ന കഥാപാത്രത്തെ കുറിച്ച് ഷബീര്‍ തിരിച്ചിലാന്‍ എഴുതിയ കുറിപ്പ് " എന്‍റെ ആയിഷ "

Thursday, August 7, 2014

ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌



പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില്‍ ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള്‍ കുട്ടിയായി. ഏതോ കുട്ടികള്‍ കഴിച്ചിട്ട മാങ്ങയണ്ടി ഞാന്‍ തട്ടി തെറിപ്പിച്ചു. സ്കൂള്‍ മുറ്റത്തെ ആ പഴയ കാഞ്ഞിര മരത്തില്‍ തട്ടി അത് തിരിച്ചുവരുമ്പോള്‍ കുറെ പഴയ ഓര്‍മ്മകളും കൂടെ പോന്നു. ഒരു പഞ്ചാരമാങ്ങയുടെ രുചിയുള്ള ഓര്‍മ്മകള്‍. റഹീം മാഷിന്‍റെ മലയാളം ക്ലാസുകള്‍ നടക്കുമ്പോള്‍ പുറത്തു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കി ആരും കാണാതെ എനിക്ക് തരും പ്യൂണ്‍ നാരായണേട്ടന്‍ . ഉപ്പ ഇതേ സ്കൂളിലെ മാഷായതില്‍ ഉള്ള ആനുകൂല്യമാണ്. ഒരിത്തിരി കുശുമ്പ് മറ്റു കുട്ട്യോള്‍ക്ക് എന്നോട് തോന്നാതിരുന്നില്ല.

ഇന്നും ഞാന്‍ ക്ലാസിലെത്താന്‍ അല്പം വൈകിയോ..? ഇടത്തോട്ടൊന്ന് പാളി നോക്കി. കുട്ട്യാലി മാഷിനെ കാണാനില്ല. സമാധാനം. നേരം വൈകിയതിന് ഇന്നലെയും കണ്ണുരുട്ടിയതാണ് എന്നോട്. ഞാനോടി ഏഴ് ബിയിലെ ഒന്നാമത്തെ ബെഞ്ചില്‍ ഇരുന്നു. എന്നേ കണ്ടതും ആമി ഹോം വര്‍ക്ക് ചെയ്ത കണക്കു പുസ്തകം നീട്ടി. ഗംഗാധരന്‍ മാഷ്‌ വരുന്നതിന് മുമ്പായി അത് പകര്‍ത്തണം. അല്ലേല്‍ ബുക്ക്‌ കൊണ്ട് ചെകിടത്താണ് മാഷ്‌ പൊട്ടിക്കുക. ആറാം ക്ലാസ് മുതല്‍ മാഷിന്‍റെ അടിയില്‍ നിന്നും എന്നെ കാക്കുന്നത് ആമിയുടെ സഹായമാണ്.

പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില്‍ നിന്നും ചുണ്ടില്‍ ഒരു കള്ളചിരിയും മുഖത്തൊരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്‍റെ നേരെ നീണ്ടു വരുന്നുണ്ടോ..? എനിക്കങ്ങിനെ തോന്നി. ഹോം വര്‍ക്ക് ചെയ്തു ബുക്ക്‌ തിരിച്ചു നല്‍കുമ്പോള്‍ എന്നെക്കാള്‍ ആശ്വാസം അവള്‍ക്കായിരുന്നോ? എനിക്ക് അടി കിട്ടില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ലേ അത്. നിന്‍റെ നിഷ്കളങ്കതക്ക് നന്ദി ഇപ്പോള്‍ പറഞ്ഞാല്‍ മതിയോ ആമീ..? വൈകിയിട്ടില്ല. കാരണം ഞാനിപ്പോള്‍ ആ പഴയ ഏഴാം ക്ലാസുകാരനാണ്.

സ്കൂളിന്‍റെ മൈതാനത്തിലേക്കിറങ്ങി. എത്ര തവണ വീണതാ ഇവിടെ. തൊലിപൊട്ടി ചോര വരുമ്പോള്‍ ശിവദാസന്‍ മാസ്റ്റര്‍ പഞ്ഞിയില്‍ ടിങ്ക്ചര്‍ മുക്കി മുറിവില്‍ വെക്കും. നീറിയിട്ട് സ്വര്‍ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ്‌ മരുന്ന് വെക്കുമ്പോള്‍ അതില്‍ ഒളിപ്പിക്കുന്ന വാത്സല്യത്തിന്‍റെ മധുരം കൊണ്ടാണ്. യൂത്ത് ഫെസ്റ്റിവലിന് മാഷിന്‍റെ വീട്ടില്‍ നിന്നും ഹാര്‍മോണിയം കൊണ്ടുവരും. മാഷിന്‍റെ വിരലുകള്‍ അതില്‍ തലോടുമ്പോള്‍ പൊഴിക്കുന്ന സംഗീതം പോലെ തന്നയായിരുന്നു മാഷിന്‍റെ ക്ലാസുകളും. അറിയാതെ കേട്ടു പോകുന്ന ഏത് ഹാര്‍മോണിയം ശ്രുതികളും ഇപ്പോഴും എന്നെ കൊണ്ട് പോവാറുണ്ട് ആ പഴയ സ്കൂള്‍ കാലത്തിലേക്ക്. ഒപ്പം മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും . മിക്കപ്പോഴും മാഷിന്‍റെ ക്ലാസുകള്‍ സ്കൂളിനു പുറത്ത് ഏതേലും മരത്തിന്‍റെ ചുവട്ടിലാകും. ആ മരങ്ങളൊക്കെ മാറി അവിടെയെല്ലാം പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ വന്നു. പ്രകൃതിയോട് ചേര്‍ന്നുള്ള ഇത്തരം അനുഭവങ്ങളൊക്കെ പുതിയ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു.

ഈ മൈതാനത്തില്‍ ആയിരുന്നു സ്കൂള്‍ അസംബ്ലി കൂടുക. ഏഴാം ക്ലാസില്‍ വെച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്തപ്പോള്‍ ഇത്തിരി അഹങ്കാരം തോന്നിയോ എനിക്ക് . ആദ്യത്തെ അസംബ്ലിയില്‍ തന്നെ "അസ്സംബ്ലി അറ്റന്‍ഷന്‍ " എന്ന് വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി കുട്ടികളെ ഞെട്ടിക്കുകയും അധ്യാപകരെ ചിരിപ്പിക്കുകയും ചെയ്ത റെക്കോര്‍ഡ്‌ ആരേലും മാറ്റിയിട്ടുണ്ടാവുമോ ആവോ. "എന്നെ സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്താല്‍ സ്കൂളിന്‍റെ ഭാവിക്ക് അത് ചെയ്യും ഇത് ചെയ്യും " എന്നൊക്കെ പ്രസംഗിപ്പിച്ചത് സുബ്രമണ്യന്‍ സാറായിരുന്നു. അത് കേട്ട് ചിരിച്ചു മറിയാന്‍ മുമ്പില്‍ തന്നെ സാറും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.

നോക്കിനില്‍ക്കെ മറ്റൊരു സ്കൂള്‍ ദിവസം കടന്നുവരുന്നു. ഇന്ന് കലോത്സവം അല്ലേ. ഞാനും ഉണ്ടല്ലോ പ്രസംഗ മത്സരത്തിന്. വരാന്‍ സാധ്യതയുള്ള വിഷയങ്ങളെ പറ്റി ഒരു ചെറുകുറിപ്പ് എഴുതിതന്നിട്ടുണ്ട് ഉപ്പ. ഇനി അതുവെച്ച്‌ ഒന്ന് വിശാലമാക്കണം പ്രസംഗം. ആ കുറിപ്പും തേടി ഞാന്‍ അറിയാതെ പോക്കറ്റില്‍ തപ്പിയോ? ഫസല്‍ സാറിന്‍റെ അനൌണ്‍സ്മെന്റ് വരുന്നു. പ്രസംഗ മത്സരം ഫസ്റ്റ് പ്രൈസ് ഗോസ് റ്റു... ആമി ഓടിവന്നു കയ്യില്‍ പിടിച്ചു. ഒപ്പന മത്സരത്തില്‍ അവള് മണവാട്ടി ആയ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അവളുടെ ഉമ്മാന്‍റെ പട്ടുസാരിയുടുത്ത് മുഖത്തൊരു കള്ള നാണവുമായി അവള്‍ നന്നായി ശോഭിച്ചിരുന്നു. മുന്നിലൂടെ ഓടിപ്പോയ ഒരു കുട്ടിയുടെ പാദസരത്തിന്‍റെ കിലുക്കം എന്നെ തിരിച്ചു വിളിച്ചു.



മഴക്കാലമായി. സ്കൂളിലേക്കുള്ള റോഡൊക്കെ വെള്ളത്തിനടിയിലായി. ഇനി കുറച്ച് കാലം സ്കൂളിന് അവധിയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന പോലെ വെള്ളപൊക്കമിറങ്ങാന്‍ കുറെ കഴിയും. വെള്ളമിറങ്ങി കഴിഞ്ഞാല്‍ വീണ്ടും സ്കൂള്‍ തുറക്കും. നല്ല രസമാണ് രണ്ടു വശത്തും വെള്ളം നിറഞ്ഞ വയലുകള്‍ക്കിടയിലൂടെ പോവാന്‍ . പക്ഷെ റോഡിന്‌ നടുവിലൂടെ നടക്കണം . അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വഴക്ക് പറയും. വെള്ളത്തില്‍ വീണു പോകുമോ എന്ന പേടിയാണ് അവര്‍ക്ക്.

അന്നും ഇന്നും ചെറുവാടിക്കാരുടെ സ്വന്തം ഹെഡ് മാഷ്‌ ആണ് കുട്ട്യാലി മാസ്റ്റര്‍. വാത്സല്യം കൊണ്ട് എങ്ങിനെ കുട്ടികളെ നേരെയാക്കാം എന്നതായിരുന്നു മാഷിന്‍റെ വിജയം.ആ മനോഹരമായ പുഞ്ചിരിയുമായി ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ സാറുണ്ട്‌. തലമുറകളുടെ അക്ഷര സൗഭാഗ്യത്തിന് തിരികൊളുത്തിയ സുകൃതവുമായി. നാട്ടിലെത്തുമ്പോള്‍ ഞാനും ഓടിയെത്തും മാഷിനടുത്ത്. ആ ആലിംഗനത്തില്‍ അറിയുക ഒരച്ഛന്‍റെ വാത്സല്യമാണ്.

സ്കൂള്‍ വരാന്തയിലൂടെ പുറത്തോട്ട് നടന്നു. വീതികൂടിയ നെറ്റിയിലെ വിയര്‍പ്പ് തുടച്ച് വേഗത്തില്‍ നടന്നു വരുന്നത് ഖാദര്‍ മാഷല്ലേ. പക്ഷെ മാഷ്‌ ഇന്നില്ല എന്നത് മറ്റൊരു തിരിച്ചറിവും. ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടില്ല. അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ കൂടി പാഠങ്ങളാണ്. കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ. ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവര്‍... ..., പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്.

ദേ... പ്യൂണ്‍ നാരായണേട്ടന്‍ ലോങ്ങ്‌ ബെല്‍ അടിക്കുന്നു. ക്ലാസ് തുടങ്ങാന്‍ സമയമായി. വര്‍ഷങ്ങള്‍ പിറകിലേക്കോടി വീണ്ടും ഏഴ് ബി യിലെ മുന്‍ ബെഞ്ചില്‍ ചെന്നിരുന്നു . നീണ്ട ഹാജര്‍ പുസ്തകവുമായി ഗംഗാധരന്‍ മാസ്റ്റര്‍ എത്തി.
അസീസ്‌ ടീ.പി
ഹാജര്‍ സര്‍
മായ. സി
ഓള് വന്നീല്ല സേര്‍
കെ. ടി. മന്‍സൂര്‍ അഹമ്മദ്
പ്രസന്റ് സര്‍ .
.....................
.....................

Wednesday, August 6, 2014

ഒരു " കുട്ട " നിറയെ മധുരം




കാട് അതിന്‍റെ എല്ലാ അഹങ്കാരത്തോടേയും നിറഞ്ഞു നില്‍ക്കുന്നു . നല്ലൊരു സ്ഥലം നോക്കി റോഡരികില്‍ പുല്‍പ്പായ വിരിച്ച് ഭക്ഷണം കഴിക്കാനിരുന്നു . പുതുതായി തൂമ്പിട്ട മഞ്ഞനിറമുള്ള മുളകള്‍ കാടിന് പതിവിലും ഭംഗി തോന്നിപ്പിക്കുന്നുണ്ട് . കാറ്റിനൊപ്പം മുട്ടിയുരുമ്മുമ്പോള്‍ പുറത്ത് വരുന്നത് മുളകളുടെ പ്രണയത്തിന്‍റെ ശീല്‍ക്കാരമാണോ ..? അങ്ങിനെ തോന്നാതിരുന്നില്ല . കാടിന്‍റെ അരിക് പറ്റിയതിന് അവകാശം പറഞ്ഞ് കുറേ വാനര സുഹൃത്തുക്കളും അടുത്തുക്കൂടി . അവര്‍ക്കും ഭക്ഷണത്തിന്‍റെ വീതം വേണമെന്ന് . പരിഗണിക്കാം എന്ന ഉറപ്പ് കിട്ടിയ പോലെ അവരല്‍പം മാറിയിരുന്നു . വയറ് ആവശ്യപ്പെടുന്ന അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ. യാത്രയില്‍ അത് അങ്ങിനെയാവണം . ബാക്കി വന്നത് വാനരന്മാര്‍ക്ക് നിവേദിച്ചു . കാടിന്‍റെ നിയമത്തിന് എതിരാണത് . അവര്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും മാറി , നമ്മള്‍ തയ്യാറാക്കുന്ന എരിവും എണ്ണയും ഉള്ള ഭക്ഷണങ്ങള്‍ അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും . എല്ലാ വനപാതകളിലും കര്‍ശനമായി എഴുതിവെച്ച ഒന്നാണത് . പക്ഷെ ഭക്ഷണത്തിന് വേണ്ടി ഞങ്ങളോട് സംയമനത്തോടെ സമരം ചെയ്ത അവര്‍ക്ക് വേണ്ടി ആ നിയമലംഘനം നടത്തേണ്ടി വന്നു . അതും കഴിച്ച് മരത്തില്‍ നിന്നും മരത്തിലേക്ക് ചാടി അവര്‍ സന്തോഷം പങ്കുവെച്ചു .

വാര്‍ദ്ധക്യത്തിന്‍റെ ഞെരക്കവുമായി ഒരു കെ . എസ് . ആര്‍ . ടി . സി ബസ് ഞങ്ങളെ കടന്നുപോയി . തിമിരം ബാധിച്ച അതിന്‍റെ പിറകിലെ ചില്ലിലൂടെ സ്ഥലപ്പേര് വായിക്കാം . " കുട്ട " . ഞങ്ങള്‍ക്ക് പോവേണ്ടതും അവിടേക്ക് തന്നെ . പലപ്പോഴും "കുട്ട" എന്ന പേര് വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട് . തോല്‍പ്പെട്ടിയില്‍ നിന്നും രണ്ട് കിലോമീറ്ററോളം മാത്രമേയുള്ളൂ കുട്ടയിലേക്ക് . കര്‍ണ്ണാടകയുടെ ഭാഗം . ഒരു ബസ്സില്‍ കയറി കുട്ടയിലേക്ക് പോവണം എന്നുള്ളത് കുറെ നാളായി നടക്കാത്ത ഒരു മോഹമായി തന്നെ അവശേഷിക്കുന്നു . തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലേയും ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുള്ള ബസ് യാത്രകള്‍ രസകരമാണ് . ഒരു ഗ്രാമം തന്നെ ബസ്സിനകത്ത് കാണാം . മുടി നിറയെ വിവിധ തരം പൂക്കള്‍ ചൂടിയ സ്ത്രീകള്‍ ഒരു പൂന്തോട്ടം പോലെ തോന്നിക്കും . ഒച്ചയും കളിയും ചിരിയുമായി നമ്മളൊരു കവലയിലാണോ അതോ ബസ്സിലാണോ എന്ന് സംശയിച്ചുപോകും . പക്ഷെ അതൊരു രസകരമായ അനുഭവമാണ് . കുട്ട ഒരതിര്‍ത്തി ഗ്രാമം ആണെങ്കിലും കൂടുതലും മലയാളികള്‍ തന്നെ . കുടിയേറ്റക്കാരാണ് കൂടുതലും .



ഓറഞ്ച് തോട്ടങ്ങള്‍ കായ്ച്ചുതുടങ്ങി എന്നറിഞ്ഞപ്പോള്‍ മുതല്‍ അത് കാണണം എന്നുറപ്പിച്ചതാണ് . ഇത്തരം യാത്രകളില്‍ മാത്രമേ കൂടെ കൂടാന്‍ ഭാര്യക്കും താല്‍പര്യമുള്ളൂ . ബത്തേരിയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായ സുഹൃത്ത്‌ അവരുടെ പരിചയത്തിലുളള ഒരു തോട്ടം തന്നെ ഏര്‍പ്പാടാക്കി തന്നു . കണ്ണുകള്‍ക്ക് വിസ്മയം ഒരുക്കി ഓറഞ്ച് തോട്ടങ്ങള്‍ക്കരികില്‍ വണ്ടി നിന്നു . ദൂരങ്ങളോളം പരന്നുകിടക്കുന്ന മരങ്ങള്‍ . എല്ലാത്തിലും നിറഞ്ഞു നില്‍ക്കുന്ന ഓറഞ്ചും . തോട്ടത്തിന് നടുക്ക് പനയോലകള്‍ മറച്ച് ഉണ്ടാക്കിയ മനോഹരമായ ഒരു ഔട്ട്‌ഹൗസ് കാണാം . കുറച്ചകലെ ചെറിയൊരു ഓലമേഞ്ഞ വീടും . വാഹനത്തിന്‍റെ ശബ്ദം കേട്ട് പുറത്തുവന്ന ആള് പരിചയപ്പെടുത്തി . "റഹീം . വീട് മാനന്തവാടി . റഹീംക്ക എന്ന് വിളിക്കാം . പറഞ്ഞിരുന്നു നിങ്ങള്‍ വരുമെന്ന് ". തോട്ടം ചുറ്റിക്കാണുന്നതിന് മുമ്പ് ഒരു ചായയാവാം എന്ന് പറഞ്ഞ് റഹീംക്ക അകത്തേക്ക് പോയി .

മനസ്സ് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട് . തിരക്കില്‍ നിന്നും മാറി ശാന്തമായ പ്രകൃതിയോട് ചേര്‍ന്ന് , ശുദ്ധമായ വായു ശ്വസിച്ച് , മരങ്ങളോടും കിളികളോടും മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പറ്റുന്ന ചില സ്ഥലങ്ങള്‍ . അവിടെ ചിന്തകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പ്രവേശനം പാടില്ല . അതിന് പറ്റിയ ഒരന്തരീക്ഷം എന്തുകൊണ്ടും ഇവിടെയുണ്ട് . ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒരു തീര്‍ത്ഥാടനം പോലെയാണെനിക്ക്. മനസ്സിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്ന എല്ലാ യാത്രകളും ഒരു രീതിയില്‍ തീര്‍ത്ഥാടനം തന്നെയാണ് . തോട്ടത്തില്‍ അങ്ങിങ്ങായി കുറേ തൊഴിലാളികളെ കാണാം . എല്ലാം ഈ നാട്ടുകാര്‍ ആണെന്ന് തോന്നുന്നു . മകളുടെ ശബ്ദം കേട്ടതുകൊണ്ടാവാം , ഓലമേഞ്ഞ കുടിലില്‍ നിന്നും അവളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടി ഇറങ്ങിവന്നു . കൈനിറയെ കുപ്പിവളയും കിലുക്കി അവള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു . ചെറിയൊരു മുക്കുത്തി അവളുടെ മുഖം ആകര്‍ഷണീയമാക്കി . ഒട്ടും സങ്കോചമില്ലാതെ അവള്‍ മകളുടെ സുഹൃത്തും ആയി .

കുട്ടയിലെ തണുപ്പില്‍ ചായക്ക്‌ നല്ല രുചി തോന്നി . അതും ഊതികുടിച്ച്‌ കണ്ണുകള്‍ തോട്ടങ്ങളിലേക്ക് നീട്ടിയെറിഞ്ഞു .

കുട്ടികള്‍ തമ്മില്‍ നല്ല കമ്പനി ആയെന്ന് തോന്നുന്നു .
പക്ഷെ എന്തായിരിക്കും അവര്‍ തമ്മില്‍ സംസാരിക്കുന്നത് ..? കയ്യും കാലും തലയും ഇളക്കി അവര്‍ പരസ്പരം സംസാരിക്കുന്നു. കുട്ടികള്‍ക്ക് സംസാരിക്കാന്‍ ഭാഷ അല്ലെങ്കിലും ഒരു പ്രശ്നമല്ലല്ലോ . നിഷ്കളങ്കമായ നോട്ടത്തിലൂടെയും ആംഗ്യങ്ങളിലൂടെയും ആശയങ്ങള്‍ കൈമാറുന്നു . ഈ തോട്ടം മാത്രമാവും അവളുടെ ലോകം. അവള്‍ ചിരിക്കുന്നതും സംസാരിക്കുന്നതും പരിഭവം പറയുന്നതും ഈ മരങ്ങളോട് തന്നെയാവും . റഹീംക്കയോടൊപ്പം ഞങ്ങളും നടന്നു തുടങ്ങി . ഈ ആഴ്ച മുതല്‍ ഇവ പറിച്ചു തുടങ്ങും . കൂടുതലും കയറ്റി പോകുന്നത് കേരളത്തിലേക്ക് തന്നെ . അന്ന് മുതല്‍ പുറത്തുനിന്നും ദിവസകൂലിക്ക് പണിക്കാര്‍ വരും . തോട്ടത്തെ പറ്റിയും വിളവെടുപ്പുമെല്ലാം പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും തോട്ടത്തില്‍ നിന്നും നേരിട്ട് പറിച്ച് ഒരു നാരങ്ങ എങ്ങിനെ ശാപ്പിട്ട് തുടങ്ങണം എന്ന ചിന്തയിലാണ് ഞാന്‍ . മനസ്സിലിരിപ്പ് പിടികിട്ടിയ പോലെ റഹീംക്ക ഒരു കൊമ്പ് പിടിച്ചു താഴ്ത്തി . ഞാനും ഭാര്യയും അതില്‍ കേറി പിടിച്ചത് ഒന്നിച്ചായിരുന്നു . ആക്രാന്തത്തിന് എന്തൊരു ഐക്യം എന്ന് റഹീംക്കക്ക് തോന്നിക്കാണണം . കുറേ മരങ്ങളിലെ നാരങ്ങകള്‍ ഭൂമിയെ തൊടാന്‍ വെമ്പുന്ന പോലെ . വളരാന്‍ മണ്ണും വളവും നല്‍കിയ ഭൂമിയെ ചുംബിക്കാന്‍ അവ ആഗ്രഹിക്കുന്ന പോലെ തോന്നുന്നു ആ കാഴ്ച .

ഇതിന്‍റെ സന്തോഷം ഒന്ന് വേറെതന്നെ . തോട്ടങ്ങളില്‍ നിന്നും നേരിട്ടറിയുന്ന രുചി . കുടക് ഓറഞ്ച് എന്ന പേരില്‍ മാര്‍ക്കറ്റില്‍ പ്രത്യേകം വില്‍ക്കപ്പെടുന്നു ഇത് . മുക്കുത്തി പെണ്‍കുട്ടിയും മോളും അവരുടെ വീതം മാറി നിന്ന് കഴിക്കുന്നുണ്ട് . കഴിപ്പിക്കുന്നതില്‍ ആണ് ആ പെണ്‍കുട്ടിക്ക് താല്‍പര്യം എന്ന് മനസ്സിലാക്കാം . നല്ല രുചിയുള്ള നാരങ്ങകള്‍ . അതും നുണഞ്ഞ് മുന്നോട്ട് നടന്നു . പരിചിതമല്ലാത്ത കാലൊച്ചകള്‍ കേട്ടിട്ടെന്ന പോലെ ഒരു കറുമ്പന്‍ മുയല്‍ ചാടി മറിഞ്ഞു . ഇവരെല്ലാം ഇവിടത്തെ അന്തേവാസികള്‍ ആണ് . ഓറഞ്ച് മരങ്ങള്‍ക്കിടക്ക് ഇടകൃഷി പോലെ കൈതച്ചക്കകള്‍ ഉണ്ട് . അവയും നല്ല മൂപ്പില്‍ ചുവന്ന് തുടുത്തു നില്‍ക്കുന്നു . രുചി നോക്കാന്‍ മറന്നില്ല . ഈ തോട്ടത്തില്‍ ദിവസം മുഴുവന്‍ ഇങ്ങിനെ നടന്നാലും മടുക്കില്ല . അത്രക്കും മനസ്സിനെ തരളിതമാക്കുന്ന ഒരന്തരീക്ഷം ഇവിടെയുണ്ട്. ഇലകള്‍ മറച്ച് നാരങ്ങകള്‍ തൂങ്ങികിടക്കുന്നത്‌ കുടകിലേക്കുള്ള റോഡിലും മറ്റും കാണാം . അടുത്തറിയുന്നത് ആദ്യമായാണ്‌ . റഹീംക്ക രണ്ട് ഓറഞ്ച് തൈകള്‍ തന്നു . ഭാഗ്യം ഉണ്ടെങ്കില്‍ ഇത് അവിടെയും തളിര്‍ക്കും . കവര്‍ വണ്ടിയില്‍ നിന്നും ഇളകാതെ നോക്കണം . വേര് ഇളകിയാല്‍ ചിലപ്പോള്‍ നശിച്ചുപോകും എന്നും കൂട്ടിച്ചേര്‍ത്തു .

"ഉപ്പാ .. എനിക്കുമൊരു മുക്കുത്തി വേണം ട്ടോ " . മോളുടെ ആവശ്യം ചിരിപ്പിച്ചു . വിട പറയുന്നതിന്‍റെ വിഷമം അവര്‍ക്കിടയിലുണ്ട് . തോട്ടത്തിന്‍റെ അതിര്‍ത്തി കടക്കുമ്പോള്‍ അവര്‍ തമ്മില്‍ കൈമാറിയ ചിരിയില്‍ ഒരു സങ്കടം കാണാമായിരുന്നു . കയ്യില്‍ പാതി കഴിച്ച ഓറഞ്ചുമായി ആ മുക്കുത്തി കുട്ടി കുറച്ച് ദൂരം വാഹനത്തിന് പിറകെ ഓടി . അവളുടെ കുപ്പിവളകളുടെ കിലുക്കം വീണ്ടും കുറെ ദൂരം വന്നു . പിന്നേയത് അവളുടെ പൊട്ടിച്ചിരിയായി ഞങ്ങളില്‍ നിറഞ്ഞു .



കുട്ടയില്‍ നിന്നും മടങ്ങുന്നത് ഒരു കുട്ട നിറയെ മധുരമുള്ള കാഴ്ചകളുമായാണ്. വെള്ളിനാരുകള്‍ പോലെ നരച്ച തലമുടിയുമായി റഹീംക്കയും സ്നേഹം ചേര്‍ത്ത ചായയും . ആ മരങ്ങളുടെ തണലില്‍ വളരുന്ന ഒരു പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ മുഖമുണ്ട് . വനപാതകള്‍ പതുക്കെ ഇരുട്ട് മൂടുന്നു . പേരറിയാത്ത ഏതോ പക്ഷികളുടെ കരച്ചില്‍ മാത്രം വേറിട്ട്‌ നില്‍ക്കുന്നു . അടച്ചിട്ട ചില്ലുകള്‍ക്കിടയിലൂടെ അതിക്രമിച്ചു കടക്കുന്ന തണുത്ത കാറ്റ് . പതുക്കെ കണ്ണുകള്‍ ഉറക്കത്തിലേക്ക് വഴുതിവീണു . അതിലേക്ക് ഒരു സ്വപ്നം കടന്നുവന്നു . എന്‍റെ കയ്യിലിരിക്കുന്ന ഓറഞ്ച് തൈകള്‍ വളര്‍ന്നുവലുതാകുന്നു . കുറെ മരങ്ങള്‍ . അത് കായ്ക്കുന്നു . മരത്തിന് ചുറ്റും കിളികള്‍ പറക്കുന്നു . മുക്കുത്തിയിട്ട ഒരു കുഞ്ഞു പെണ്‍കുട്ടി കുപ്പിവളകളും കിലുക്കി അവിടെല്ലാം ഓടി കളിക്കുന്നു . ഒരു കിളി പറന്നുവന്ന് മരത്തില്‍ നിന്നും പഴുത്തൊരു നാരങ്ങ കൊത്തി താഴേയിട്ടു . അതിന്‍റെ അല്ലികളില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന മധുരവും നുണഞ്ഞ് ആ സ്വപ്നം നാടുകാണി ചുരമിറങ്ങി .

Monday, August 4, 2014

ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട ചില ചിത്രങ്ങൾ



മനസ്സിന്‍റെ  ആൽബത്തിനുള്ളിൽ ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട അനേകം ചിത്രങ്ങളുണ്ട്, ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയ ചില  അവ്യക്ത ബിംബങ്ങൾ . വല്ലപ്പോഴുമൊക്കെ ഒറ്റപ്പെടുമ്പോൾ നൊമ്പരങ്ങളുടെ കുന്നിറങ്ങിവരുന്ന പേരറിയാത്ത  നിമിഷങ്ങളിൽ , എനിക്ക് മറിച്ചു നോക്കുവാനുള്ളതാണ് ആ ആൽബത്തിലെ  ഓരോ താളുകളും  . അവയെന്നോട് സംസാരിക്കാറുണ്ട് . പഴയ കാലങ്ങളെ കുറിച്ചുള്ള കഥകൾ പറഞ്ഞു തരാറുണ്ട് . ചിലപ്പോഴൊക്കെ എന്നെ നോക്കി കരയാറുമുണ്ട്‌ . 

ഓർമ്മകളിൽ ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണ്  ഒരു റാന്തൽ വിളക്ക് .വർഷങ്ങൾ പിറകിൽ നിന്ന് അതിന്‍റെ വെളിച്ചം എന്നെ തേടി പലപ്പോഴും എത്തുന്നു  . പക്ഷേ അത് ചിതറി വീഴുന്നത് ഈ കാലത്തിലേക്കും .  വാഴക്കാട്ടെ മണന്തല കടവിലെ ചെറിയ പള്ളിയുടെ മൂലയിൽ , അത് തെളിഞ്ഞു കൊണ്ടേയിരിക്കുന്നു . മാനമിരുളുമ്പോൾ അതുവഴി കടന്നു പോകുന്ന ഏതെങ്കിലും ഒരു വഴിയാത്രക്കാരനാവാം അതിന് തിരികൊളുത്തുക  . പിന്നത് എരിയുന്നത് കുറേ പേരുടെ പ്രതീക്ഷകളിലേക്കാണ് . കടത്തുതോണി കാത്തുനിൽക്കുന്നവർക്കും  മറുകരയിൽ ഉള്ളവർക്കും ആ വെളിച്ചം ഒരാശ്വാസമാണ് . പുഴയുടെ മടിത്തട്ടിൽ  എവിടെയോ മീൻ പിടിക്കുന്നവർക്കും ഈ വെളിച്ചം തന്നെ കാവൽക്കാരൻ . എനിക്കീ ചിത്രം മറക്കാൻ പറ്റില്ല . ഈ റാന്തൽ വിളക്ക് മാറ്റി നിർത്തിയാൽ ഇങ്ങിനെ ഒരു ചിത്രത്തിനും ഓർമ്മക്കും പൂരണം ഇല്ല . ഇരുകരകളും മാറി മാറി സഞ്ചരിച്ചിരുന്ന ഒരു കാലത്ത് എന്നെ അത്രമാത്രം സന്തോഷിപ്പിച്ചിട്ടുണ്ട് ഇതെല്ലാം  . ഫെയറി ടെയിലുകളിൽ വായിച്ചു മറന്ന  ഏതോ  നാടൻ കഥക്കൂട്ടിന്‍റെ പാശ്ചാത്തലമാണ് ഓർമ്മയിൽ തെളിയുക  . തൊട്ടു താഴെയുള്ള ബോട്ട് ജെട്ടിവരെ ആ വെളിച്ചം കാണാം . ആ പ്രകാശം നൽകുന്ന ധൈര്യത്തിൽ ബോട്ട് ജെട്ടിയുടെ കൈവരിയിൽ ഞങ്ങൾ കുറെ നേരമിരിക്കും . ഗ്വാളിയോർ റയോണ്‍സിലെ രണ്ടാം ഷിഫ്റ്റും കഴിഞ്ഞ് വീടുപറ്റാൻ ഓടുന്നവരും പോയി കഴിഞ്ഞാൽ ആ ഇത്തിരി വെട്ടം താനേ എരിഞ്ഞു തീരും .  പിന്നെ എപ്പോഴോ കമ്പനി പൂട്ടി . ഉച്ചക്ക് രണ്ട് മണിക്കും പിന്നെ രാത്രി പത്ത് മണിക്കും മുഴങ്ങിയിരുന്ന സൈറണ്‍ ഒരിക്കലും വരാത്ത ജോലിക്കാരെ തേടി പിന്നെയും കുറേ കാലം ചൂളമടിച്ചു . കമ്പനിയുടെ അടച്ചുപൂട്ടൽ കാരണം പട്ടിണിയിൽ ആയ കുറെ കുടുംബങ്ങൾ ഉണ്ടായിരുന്നു . അവരുടെ വിശന്ന വയറുകളുടെ നിലവിളിയുടെ വേദന തോന്നി പിന്നെ പലപ്പോഴും ആ ശബ്ദത്തിന് . തുരുമ്പെടുത്ത ഗേറ്റിന്‍റെ  പടികടന്നാരും വരാനില്ലെന്ന് മനസ്സിലാക്കിയിട്ടോ എന്തോ , മാസങ്ങൾക്ക് ശേഷം  അതും നിലച്ചു . ഇന്ന് തിരക്കൊഴിഞ്ഞ കടവിലിരുന്ന് നോക്കിയാൽ  കാലങ്ങൾക്കിപ്പുറവും കെടാതെ ആ റാന്തൽ എരിയുന്നത് എനിക്ക് കാണാം  . ചെവിയിൽ മധുരമുള്ള ,നൊമ്പരമുള്ള ഗാനം പോലെ ആ സൈറനും കേൾക്കാം . ഓർമ്മകൾക്ക് നിറവും മണവും ശബ്ദവും നൽകാൻ പറ്റുന്ന ഒന്നില്ലേ .. ഈ ആൽബം മറിക്കുമ്പോൾ അത് ഞാനറിയുന്നുണ്ട് . 



ഒരു ഫോക്ക് നൃത്തത്തിന്‍റെ ചുവടുകളുമായി വേഗത്തിൽ നടന്ന് വന്ന് കീരൻകുട്ടി തലച്ചുവട് അത്താണിയിൽ ഇറക്കി വെച്ചു . എന്നിട്ടൊരു നാടൻ ബീഡി കത്തിച്ച് അത്താണിയുടെ അരികിൽ ചാരിയിരുന്നു . ആ ഇരുത്തത്തിലെ ചെറിയൊരു മയക്കത്തിൽ മറഞ്ഞുപോയത് ഒരു കാലമാണ് . അത്താണികൾ ഒരു കാലഘട്ടത്തിന്‍റെ അടയാളമായി മാറി കഴിഞ്ഞിരുന്നു . പഴയ കാലത്തെ തലച്ചുവട് എടുക്കുന്നവർക്ക് ഭാരം ഇറക്കി വെക്കാനും പരസഹായമില്ലാതെ തിരിച്ചു തലയിൽ വെക്കാനും വിശ്രമിക്കാനും വേണ്ടി ഉണ്ടാക്കിയവയായിരുന്നു അത്താണികൾ .  . ഒരു പക്ഷേ  കേരളത്തിന്‍റെ ചരിത്രത്തോളം നീണ്ട ഒരു കഥ അത്താണികൾക്കും പറയാൻ കാണുമായിരിക്കും . മാര്‍ത്താണ്ഡ  വർമ്മ മഹാരാജാവിന്‍റെ  കാലത്താണ് കേരളത്തിലെ ഗ്രാമങ്ങളിൽ അത്താണികൾ കണ്ടു തുടങ്ങിയതെന്ന് എവിടേയോ വായിച്ചതോർക്കുന്നു. എന്‍റെ ഗ്രാമത്തിൽ പുഴയിലേക്ക് പോകുന്ന വഴിയിൽ ഉണ്ടായിരുന്നു അതേപോലെ ഒന്ന് . അതിൽ കയറിയിരുന്ന് സൊറ പറയുന്ന മുതിർന്നവരെ ആരാധനയോടെ നോക്കിയിരുന്ന  കാലമുണ്ടായിരുന്നു . പിന്നെപ്പോഴോ പറഞ്ഞറിഞ്ഞു അതിനും പറയുവാൻ കഥയുണ്ടെന്ന് . അത് തൊഴിലാളികളുടെ വിയർപ്പിന്‍റെ സ്മാരകങ്ങൾ ആണെന്ന് . അതുകൊണ്ടാണ് എന്‍റെ ഓർമ്മയിൽ നാട്ടിലാകെയുള്ള ഒരു തലച്ചുമടുകാരൻ കീരൻകുട്ടിയെ അത്താണിയുടെ ഓർമ്മകളോട് ഞാൻ ചേർത്ത് വെച്ചത് .  ഒറ്റ കരിങ്കൽ കൊണ്ടുള്ളതാണ് മിക്ക അത്താണികളും . ഒരുപക്ഷേ ചുമട്ടു തൊഴിലാളികളുടെ വിയർപ്പുതുള്ളികളും കണ്ണീരും വീണ് ദ്രവിച്ചു പോയിരിക്കണം കുറെ അത്താണികൾ . എന്നിരുന്നാലും ജീവിക്കുന്ന ഓർമ്മകളുമായി അവയിപ്പോഴും ചിലയിടങ്ങളിൽതലയുയർത്തി നിൽപ്പുണ്ട്  . അടുത്ത് ചെന്ന് ചെവിയോർത്താൽ ചിലപ്പോൾ ചില ഗദ്ഗദങ്ങൾ കേട്ടെന്നിരിക്കും . 



ആൽബത്തിലെ അടുത്ത പേജ് മറിക്കുമ്പോൾ വീണ്ടുമൊരു പുഴ ഒഴുകുന്നു .  ആ പുഴയെ  ഇത്തിരി കാലങ്ങൾ പിറകിലേക്ക് ഒഴുക്കിയാൽ വീണ്ടും ചില ചിത്രങ്ങൾ തെളിയും . കൂടെ മാപ്പിളപ്പാട്ടിന്‍റെ ഈരടികളും കേൾക്കാം . 'തെരപ്പം'എന്ന് ഞങ്ങൾ വിളിക്കുന്ന ചങ്ങാടമാണത് . പണ്ട് നിലമ്പൂർ കാടുകളിൽ നിന്നും കല്ലായിയിലേക്ക് ഒഴുകിയിരുന്നത്‌ മരങ്ങൾ മാത്രമല്ല ജീവിതങ്ങൾ കൂടിയാണ് . രാത്രികളിൽ പുഴയിലൂടെ പോകുന്ന ചങ്ങാടങ്ങൾ തുഴയുന്നവരുടെ ഇമ്പമാർന്ന മാപ്പിള പാട്ടുകൾ കേട്ട് തീരങ്ങൾ പോലും മയങ്ങിയിട്ടുണ്ടാവണം . ചങ്ങാടത്തിന്‍റെ ഒരറ്റത്ത് വലിയ വിളക്ക് കാണാം . അതൊരു റാന്താലോ പെട്രോൾ മാക്സോ അതുമല്ലെങ്കിൽ മുളകൊണ്ടുള്ള വിളക്കോ ആവാം . എന്നോ പുറപ്പെട്ടതാവണം അവരെല്ലാം . 



മുമ്പ് വാഴക്കാട് മപ്രം  കടവിൽ ഒരു ചായക്കട ഉണ്ടായിരുന്നു . ഹാജിക്ക എന്ന് വിളിക്കുന്ന ആളുടെ . മക്കയിലേക്ക് നടന്നു പോയി ഹജ്ജ് ചെയ്ത ആളാണത്രേ ഹാജിക്ക . ആ വെള്ളത്താടി നിറഞ്ഞ ഐശ്വര്യമുള്ള മുഖം കണ്ടാൽ ഹാജിക്ക തരുന്ന ചായക്ക് വേറെ മധുരം വേണ്ട . ഹാജിക്ക പറയുന്ന തെരപ്പം കഥകളിൽ ഒരു ഹീറോയുണ്ട് . തെരപ്പം കരക്കടുപ്പിച്ച് തമാശകൾ പറഞ്ഞ് വീണ്ടും പുഴയിലൂടെ ഒഴുകുന്ന ചങ്ങാടത്തിന്‍റെ അമരക്കാരനെ കുറിച്ച് . അയാളുടെ പേര് സീതി എന്നായിരുന്നു . പിന്നെ ഏറനാടൻ തമാശയുമായി നിയമസഭ വരേ കയറിച്ചെന്ന സീതി ഹാജിയായിരുന്നു അത് . കാലം പിന്നെയുമൊഴുകി . ബണ്ടുകളും ഡാമുകളും പുഴയെ വേർതിരിച്ചു . കല്ലായിപുഴയെ തേടി ചങ്ങാടങ്ങൾ ഒന്നുമൊഴുകിയില്ല . പക്ഷേ പണ്ടെപ്പോഴോ അവർ പാടിയ മാപ്പിള പാട്ടിന്‍റെ ഈണങ്ങൾ ഇപ്പോഴും എവിടെയൊക്കെയോ മുഴങ്ങി കേൾക്കുന്നുണ്ട് . ആ പാട്ടുകളുടെ ഈരടികൾ എന്നെ വലയം ചെയ്യുന്നുണ്ട് . 

ആൽബം അടച്ച് വെച്ച് കണ്ണുകൾ നീട്ടിയെറിഞ്ഞു .  ദൂരെ ദൂരെ ഓർമ്മകളുടെ  ചങ്ങാടത്തിൽ ഒരു റാന്തൽ വിളക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു . ആരും ചുമട് ചായ്ക്കുവാനില്ലാതെ ഇരുട്ടിന്‍റെ മറവിൽ ഒരത്താണിയും .

- o - 

(മനസ്സിലുള്ളത് വരകളായി പുനർജ്ജനിക്കുക എന്ന് പറയാറില്ലേ .. എന്‍റെ ഓർമ്മചിത്രങ്ങൾക്ക് ഉജ്ജ്വലമായ വരയിലൂടെ ജീവൻ നൽകിയത് ഇസ്ഹാഖ്‌ ഭായിയാണ് ( ഇസ്ഹാഖ്‌ നിലമ്പൂർ ) ഒത്തിരി  സന്തോഷം . ഒത്തിരി സ്നേഹം) 


Sunday, August 3, 2014

മണിക്ക് സ്നേഹപൂർവ്വം .



പാട്ടിയാർ പുഴയിൽ നിന്നും മീനും പിടിച്ച് വരുന്ന വഴിയാണ് മണി . മീനിന് ഒന്നിച്ച് വിലപറഞ്ഞപ്പോൾ കൂടെ കൂടി . കാടിന്‍റെ ഉള്ളിലേക്കൊക്കെ പോവാൻ ഇതുപോലുള്ളവർ നല്ലതാണ് . അല്ലെങ്കിൽ തിരിച്ചു വരുമെന്ന് ഉറപ്പൊന്നുമില്ല . മണി ഒരു ആദിവാസിയാണ്  . ഏത് ഊരാണെന്നൊന്നും   ഓർക്കാൻ പറ്റുന്നില്ല . കാടിനോട് ചേർന്ന്  ഇതുപോലെ  ചില ആദിവാസി വിഭാഗങ്ങൾ കാണും . അവരുടെ രീതിയും ആചാരങ്ങളും അറിയുക രസകരമാണ് . അത് പിന്നെ പറയാം .  

മണിയുടെ  കൂടെ കാട്ടിനുള്ളിൽ നടക്കുമ്പോൾ ഒരു സുരക്ഷിതത്വം തോന്നിയിരുന്നു . അട്ടകൾക്ക് നമ്മളോട് തോന്നുന്ന സ്നേഹം ഇയാളോട് തോന്നുന്നില്ല എന്നത് അത്ഭുതമാണ് . അതോ എന്നെ കടിക്കുന്ന അട്ടയെ ഒഴിവാക്കാനുള്ള ശ്രമത്തിൽ അത് നമ്മൾ അറിയാതെ പോകുന്നതാണോ ..? രണ്ടായാലും പുള്ളി അത് മൈൻഡ് ചെയ്യുന്നില്ല . എന്നെ വല്ലാതെ സ്നേഹിച്ച ഏതാനും അട്ടകളെ കൂളായി മണി കൈകാര്യം ചെയ്യുകയും ചെയ്തു .

മണിയുടെ സംസാരം മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് . ഞങ്ങൾ മുന്നോട്ട് നടന്നു . കാടുകളെ നോക്കി കാണേണ്ടത്  ഹൃദയത്തിലൂടെയാണ് . അറിയാതെ വന്നു കയറുന്ന ഒരു ഭീതിയുണ്ട്  . വേറൊരു സാമ്രാജ്യത്തിലേക്കാണ് അതിക്രമിച്ചു കയറിയത് . അതിനു സ്വന്തക്കാർ ഉണ്ട് . അവരെന്തെങ്കിലും ചെയ്യുമോ എന്ന പേടി . ആ പേടി തന്നെ ഒരു ലഹരിയാണ് . മനസ്സിനെയും ശരീരത്തെയും ഉന്മാദമാക്കുന്ന ഭീതിയുടെ ലഹരി . 

കാടിനുള്ളിലൂടെ നടന്ന് പാട്ടിയാർ പുഴക്കടുത്തെത്തി . മണി വല ഇട്ടിട്ടുണ്ട് . അത് വലിച്ചെടുത്തു . കുറച്ച് നേരത്തെ എടുത്തത്‌ കൊണ്ടാവും അതിൽ കാര്യമായി ഒന്നുമില്ല . പക്ഷേ അതല്ല  കാര്യം . ഒരു വശത്ത് കാടും അതിനോട് ചേർന്ന് പുഴയും ഒക്കെ ചേർന്ന ഈ അന്തരീക്ഷമുണ്ടല്ലോ .. ഇതിന് പകരം വെക്കാൻ എന്തുണ്ട് വേറെ . വന്യമായ നിശബ്ദത ... ഒരു ചെറിയ ഓളം പോലുമില്ലാതെ നിശബ്ദമായി ഉറങ്ങുന്ന പാട്ടിയാർ പുഴ . മേലെ ആകാശം നോക്കി തപസ്സ് ചെയ്യുന്ന വൻ വൃക്ഷങ്ങൾ . ധ്യാനനിരതനായി   ഞാനും കണ്ണടച്ചു . 

അധികം ചുറ്റി തിരിയരുത് എന്ന മുന്നറിയിപ്പ് തന്നിരുന്നു ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും . മാത്രമല്ല , തിരിച്ച് വേഗം പോവണം എന്ന് മണിക്കും നിർബന്ധമുള്ള പോലെ . അതൊരുപക്ഷെ നേരമിരുട്ടുന്നത് കൊണ്ട്  സുരക്ഷയെ ഓർത്തുള്ള വേവലാതി ആവാനും മതി . ഏതായാലും ഉറച്ച കാൽവെപ്പുകളുമായി മണി മുന്നിൽ നടക്കുമ്പോൾ ഒരു ധൈര്യമുണ്ട് . 

ഇത്തരം ഇടങ്ങളിൽ കണ്ടുമുട്ടുന്ന ചിലരുണ്ട് . ആരുമല്ലാതെ നമ്മുടെ എല്ലാമാവുന്നവർ . ഒരു ദിവസമോ അല്ലെങ്കിൽ ഏതാനും മണിക്കൂറുകളോ  മാത്രം നീണ്ടുനിൽക്കുന്നൊരു സൗഹൃദം ആവുമത്  . അതവർക്കും നമുക്കുമറിയാം . എന്നാലും അറിയാതെ വിളക്കി ചേർക്കുന്ന ഒരു സ്നേഹത്തിന്‍റെ  കണ്ണിയുണ്ട് . അങ്ങിനെ എത്രപേരുണ്ട് വഴിയമ്പലങ്ങളിൽ പരിചയപ്പെട്ടവർ . പേരോർക്കുന്നില്ലെങ്കിലും പുഞ്ചിരിയിൽ പൊതിഞ്ഞ അവരുടെ സ്നേഹത്തിന്‍റെ  ഓർമ്മകൾ പിന്തുടരുന്നുണ്ട് . അതുപോലൊരു മുഖത്തെ യാത്രകളിൽ പ്രതീക്ഷിക്കുന്നുമുണ്ട് .  പഴയ ചിത്രങ്ങൾ തപ്പിയപ്പോൾ മണി ദേ  മുന്നിൽ വന്നു നിൽക്കുന്നു . കാട്ടിൽ ഞങ്ങളെ നയിച്ച ആ ഒറ്റയാന് ഒരിക്കൽ കൂടെ സ്നേഹം .