Thursday, June 21, 2012

കാടിനെ ധ്യാനിച്ച്‌ ഗവിയിലേക്ക്



ഈയടുത്തക്കാലത്തായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായിരിക്കും “ഗവി”. ഏകദേശം അഞ്ചോളം ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ട് ഗവിയെ പറ്റി. “ഓര്‍ഡിനറി” എന്ന സിനിമയാണ് ഗവിയുടെ തിരുത്തി എഴുതപ്പെട്ട ജാതകത്തിന് പിന്നില്‍ എന്ന് അവിടെ കണ്ടു മുട്ടിയ സന്ദര്‍ശകരില്‍ നിന്നും മനസ്സിലാകാന്‍ പറ്റി. ഈ സ്ഥലം നിങ്ങള്‍ കണ്ടിരിക്കണം എന്ന് പറയാതെ പറഞ്ഞിരിക്കണം ആ സിനിമ. കാരണം ആ സിനിമ ഇറങ്ങിയതിനു ശേഷം സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുണ്ട് ഇവിടേയ്ക്ക്. ഇവരെല്ലാം ഗവി ആസ്വദിച്ചിരിക്കാം ഇല്ലായിരിക്കാം . പക്ഷെ എരുമേലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശ്രീ. ബേബി ജോണ്‍ പറയുന്നത് , ഈ സന്ദര്‍ശകരുടെ ബാഹുല്യം ഏറ്റവും കൂടുതല്‍ ബാധിച്ചതും ബാധിക്കാന്‍ പോകുന്നതും ഇവിടത്തെ പ്രകൃതിയെ ആണ്. യാത്രയിലുടനീളം വഴിയരികിലും , കാട്ടരുവികളുടെ തീരത്തും മരച്ചുവട്ടിലും എല്ലാം കാണുന്നത് വലിച്ചെറിയപ്പെട്ട മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളുമാണ്. . ആഘോഷ തിമിര്‍പ്പിന്‍റെ അവശിഷ്ടങ്ങള്‍ ഏറ്റു മുറിവേറ്റ പ്രകൃതി ഇങ്ങിനെ വിളിച്ചു പറയുന്നത് കേള്‍ക്കാം. ” എന്നെ ആസ്വദിച്ചോളൂ.. ഉപദ്രവിക്കരുതേ ” എന്ന് . ആഘോഷങ്ങള്‍ക്ക് മാത്രമായി കാടുകയറി പ്രകൃതിയെ ഇങ്ങിനെ ബലാല്‍സംഘം ചെയ്യുന്നവരോട് നിയമം അല്‍പം കൂടി ഗൗരവമായി ഇടപെട്ടേ പറ്റൂ എന്നൊരു അപേക്ഷ കൂടി ഈ കുറിപ്പിനൊപ്പം വെക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും ശക്തവും കണിശവുമായ നിയമങ്ങള്‍ ഉള്ളത് പരിസ്ഥിതി വകുപ്പിനാണ് എന്ന് പറയപ്പെടുന്നു. ലക്ഷ കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരി മല റോഡ്‌ വികസനം പോലും വനം ഭൂമി വിട്ട് കിട്ടാതെ നിയമ കുരുക്കില്‍ പെട്ട് നില്‍ക്കുന്നു. എങ്കില്‍ അതേ കണിശമായ നിയമങ്ങള്‍ ഇങ്ങിനെ പ്രകൃതിയോട് എട്ടുമുട്ടുന്നവരോടും സ്വീകരിച്ചേ മതിയാവൂ. കഴിഞ്ഞ ആഴ്ച വന്ന വാര്‍ത്തയില്‍ പറയുന്നു ഗവിയിലേക്ക് സന്ദര്‍ശകരെ നിയന്ത്രിച്ചു എന്ന്. നിയന്ത്രിക്കേണ്ടത് സന്ദര്‍ശകരെ അല്ല , അവരില്‍ ചിലരുടെ നടപടികളെ ആണ്. ചുരുങ്ങിയത് അഞ്ചു ചെക്ക് പോസ്റ്റുകള്‍ എങ്കിലും ഉണ്ട് ഗവിയിലേക്ക് എത്തുന്നതിനു മുമ്പായിട്ട്. മൂഴിയാര്‍ ഡാം ചെക്ക് പോസ്റ്റില്‍ വിശദമായ പരിശോധന തന്നെയുണ്ട്‌. എന്നിട്ടും മദ്യ കുപ്പികള്‍
വനത്തിനകത്തേക്ക് എത്തിപ്പെടുന്നു എങ്കില്‍ ഈ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അപാകതയുണ്ട് എന്ന് വേണം കരുതാന്‍. പ്രകൃതിയോടുള്ള സ്നേഹമാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് പിന്നിലെങ്കില്‍ അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടത് മദ്യ നിരോധനം ആണ്. കര്‍ണാടകയിലേയോ തമിഴ്നാട്ടിലേയോ വനത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ നിയന്ത്രണമാണ് ഉള്ളത്. ഒരു ബിസ്കറ്റിന്‍റെ പാക്കറ്റ് പോലും പൊളിച്ച് കവര്‍ ഒഴിവാക്കിയേ അവര്‍ അകത്തേക്ക് കടത്തി വിടൂ. ഇവിടെ മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും ലഹരിയില്‍ മനുഷ്യന്‍റെ നിലവിളി പോലും കേള്‍ക്കാത്തവര്‍ എങ്ങിനെ പ്രകൃതിയുടെ നിലവിളി കേള്‍ക്കും…?

ഗവിയിലേക്ക്
കോട്ടയം വരെ ട്രെയിനിലും അവിടന്ന് എരുമേലി കുമളി കാഞ്ഞിരപ്പള്ളി വഴി ഗവിയിലേക്ക് എത്തിപ്പെടുന്നതുമാണ് ഞങ്ങളുടെ യാത്രാ പരിപാടി, സുഹൃത്തുക്കളായ മുണ്ടക്കയം സ്വദേശികള്‍ ജോമോനും സഹോദരന്‍ മാത്തുക്കുട്ടിയും പിന്നെ പൂഞ്ഞാര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി റെജിയും ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. കൂടെ എല്ലാ സഹായവും ചെയ്ത് തന്ന് എരുമേലി ഡെപ്യൂട്ടി റെയ്ഞ്ചാര്‍ ബേബി ജോണ്‍ സാറും ഉണ്ടായിരുന്നു ഞങ്ങളോടൊപ്പം . നന്ദി ഏറെയുണ്ട്‌ ഓഫീസര്‍ , നിങ്ങള്‍ ചെയ്തു തന്ന സഹായത്തിന്‌.



ഞങ്ങളുടെ വരവിന് നന്നായി ഒരുങ്ങിയിട്ടുണ്ട് ജോമോനും കൂട്ടരും. ഒരു ചെമ്പ് നിറയെ ദമ്മിട്ട ചിക്കന്‍ ബിരിയാണി, കപ്പ പുഴുങ്ങിയതും നല്ല കാ‍ന്താരി ചമ്മന്തിയും , പഴവര്‍ഗങ്ങള്‍, പിന്നെ വെള്ളവും എല്ലാം കൂടെ കരുതിയിട്ടുണ്ട്. കാടിനകത്തൂടെ കുറെ യാത്ര ചെയ്യണം ഗവിയിലേക്ക്. ഉച്ച ഭക്ഷണത്തിന് സമയമായി. പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ക്ക് മീതെ പാലത്തില്‍ വെച്ചു ബിരിയാണിയുടെ ദമ്മു പൊട്ടിച്ചു. പിന്നൊന്നും ഓര്‍മ്മയില്ല. ഭക്ഷണത്തിന് ശേഷം കമാണ്ടര്‍ ജീപ്പ് വീണ്ടും ആനച്ചൂര് മണക്കുന്ന കാട്ടു വഴിയിലൂടെ നുഴഞ്ഞുകയറി. ദുര്‍ഘടമായ ഈ വഴികളിലൂടെ അനായാസകരമായി നീങ്ങാന്‍ ജീപ്പ് തന്നെ നല്ല വാഹനം. കാടിന്‍റെ സൌന്ദര്യം നന്നായി ആസ്വദിച്ചു ഞങ്ങളും അച്ചായന്‍ കത്തികളുമായി യാത്രയെ സജീവമാക്കി മാത്തുക്കുട്ടി വാഹനം ഓടിക്കുന്നു. കോണ്‍ഗ്രസ് അനുഭാവി എങ്കിലും പീ സി ജോര്‍ജ്ജിന്‍റെ ആരാധകന്‍ ആണ് മാത്തുക്കുട്ടി.



നാല് ഡാം രിസര്‍വോയിറുകള്‍ ഗവിയിലേക്ക് എത്തുന്നതിനു മുമ്പ് കാണാം. മൂഴിയാര്‍ ഡാം, ആനത്തോട് ഡാം, കാക്കി ഡാം, പമ്പ ഡാം . എല്ലാം ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക് റ്റിന്‍റെ ഭാഗമായി ഉള്ളത്. ഇതില്‍ കാക്കി ഡാമും പരിസരവും ആണ് ഏറ്റവും മനോഹരമായിട്ടുള്ളത്. കുത്തനെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയ കരിങ്കല്‍ തൂണുകള്‍ സ്ഥാപിച്ചു അതുവഴി റെയില്‍ സംവിധാനവും ക്രെയിനും കൊണ്ടുവന്നാണ് ജോലി പൂര്‍ത്തിയാക്കിയത്. ആ സമര്‍പ്പണത്തിന്‍റെ അടയാളമെന്നോണം ഇപ്പോഴും ആ തൂണുകള്‍ കാട് മൂടി കിടപ്പുണ്ട് ഇവിടെ. എങ്ങിനെ അതവിടെ ഉണ്ടാക്കി എന്ന ചോദ്യം ഡാം തന്നെ പണിതില്ലേ എന്ന ഉത്തരത്തില്‍ തട്ടി നില്‍ക്കും. പൊന്നാപ്പുരം കോട്ട എന്ന സിനിമയുടെ ഷൂട്ടിംഗ് ഇവിടെ വെച്ചാണ് നടന്നത്. പക്ഷെ ഈയടുത്ത് ഒരു മലയാള പത്രത്തില്‍ ഗവിയെ പറ്റി വായിച്ച റിപ്പോര്‍ട്ടില്‍ ആ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി സെറ്റ് ഇട്ടതാണ് ഈ തൂണുകള്‍ എന്ന് കണ്ടു. തെറ്റാണ് അത് എന്ന് ഇവിടത്തെ കാവല്‍ക്കാര്‍ പറയുന്നു. കൃത്രിമമായ ഈ തടാകത്തില്‍ ബോട്ടിംഗ് ഉണ്ട്. പക്ഷെ പൊതുജങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. ചുറ്റും കൊടും കാടുകളും ഈ ജലാശയവും ഡാമും മതി മറക്കുന്ന ഒരു കാഴ്ച തന്നെ.

പക്ഷെ ഇവിടെ എന്നെ ആകര്‍ഷിച്ച കാഴ്ച മറ്റൊന്നാണ്. 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്‌. നമൂതിരിപ്പടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ്‌ . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. ഇന്നും യാത്ര ദുര്‍ഘടമായ വഴികള്‍ താണ്ടി അദ്ദേഹം ഇവിടെയെത്തിപ്പെടാന്‍ നന്നായി ബുദ്ധിമുട്ടി കാണണം. ഫോട്ടോഗ്രാഫി നിരോധിച്ചത് കാരണം അതിന്‍റെ ചിത്രം എടുക്കാന്‍ പറ്റിയില്ല. എന്‍റെ ആദര്‍ശം മറ്റൊന്നെങ്കിലും ഇതൊക്കെ കാണുന്നത് സന്തോഷകരം തന്നെ.



കാക്കി ഡാം കഴിഞ്ഞാല്‍ വീണ്ടും വനപാത തന്നെ. റോഡരികില്‍ എല്ലാം ഈറ്റ വെട്ടി കെട്ടി വെച്ചിട്ടുണ്ട്. മേലെ ആദിവാസികളുടെ കുടിലുകള്‍ കാണാം. പാറകള്‍ക്കും മരത്തിനും ഇടയില്‍ കെട്ടി കൂട്ടിയ ചെറിയ സങ്കേതങ്ങള്‍. ഒരാള്‍ക്ക്‌ പോലും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ഇതിനകത്ത് എങ്ങിനെ മൂന്നു നാലാളുകള്‍ താമസിക്കുന്നു. കാറ്റിനെയും മഴയേയും കാട്ടു മൃഗങ്ങളെയും അതിജീവിച്ചു ഇവരെങ്ങിനെ ഇവിടെ ജീവിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ല. ദൈവം ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രത്യേകത നല്‍കിയിരിക്കണം.
“മല പണ്ടാരങ്ങള്‍” എന്ന ആദിവാസി വിഭാഗം ആണിവര്‍. നല്ല കാട്ടുതേന്‍ കിട്ടും എന്നറിഞ്ഞു ഞങ്ങള്‍ അവരുടെ കുടിലിലേക്ക് കയറി ചെന്നു. മുളയുടെ കുറ്റികളില്‍ ശേഖരിച്ചു വെച്ച തേന്‍ രുചി നോക്കിയപ്പോള്‍ തന്നെ മനസ്സിലായി മേന്മ. ഒട്ടും മായം ഇല്ലാത്തത്. തേനീച്ച കൂടിന്റെ അവശിഷ്ടങ്ങള്‍ വരെ ഉണ്ട് അതില്‍. ലിറ്ററിന് നാനൂറു രൂപ വെച്ചാണ് ഇവര്‍ വില്‍ക്കുന്നത്. വില പേശിയപ്പോള്‍ രണ്ട് ലിറ്റര്‍ മുന്നൂറു രൂപയ്ക്കു തന്നു. കാലത്ത് തേന്‍ ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ തടി കുറയുമത്രെ. ഭക്ഷണം കുറയ്ക്കാതെ തടി കുറയുമെങ്കില്‍ പരീക്ഷണം ഈ കാട്ടുതേനില്‍ ആക്കണം. നാട്ടിലെത്തട്ടെ.

വഴിയില്‍ ഇറങ്ങിയും വിശ്രമിച്ചും യാത്ര തുടരുകയാണ്. ഇപ്പോള്‍ എക്കോ പാറ എന്ന് വിളിക്കുന്ന സ്ഥലത്താണ്. കാക്കി ഡാമിന് വേണ്ടി പാറ പൊട്ടിച്ച സ്ഥലം ആണിത്. ഉറക്കെ കൂവിയാല്‍ ശബ്ദം പ്രതിധ്വനിക്കുന്നത് കാരണം ആണ് ഈ പേര് വീണത്‌. കപ്പയും കാന്താരി മുളകും കഴിക്കാന്‍ ഈ സ്ഥലം ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. കോട്ടയംക്കാരുടെ കാ‍ന്താരി ചമ്മന്തിയുടെ എരുവ് ഇപ്പോഴും പോയിട്ടില്ല നാവില്‍ നിന്നും. അത്രക്കും രുചിയും ഉണ്ട്. യാത്രയില്‍ എല്ലാര്‍ക്കും ഒരേ സ്വരത്തില്‍ സംസാരിക്കാന്‍ പറ്റുന്നത് ഭക്ഷണക്കാര്യത്തില്‍ ആണ്.
വഴിയരികില്‍ കാഴ്ചകള്‍ ആസ്വദിച്ച് പതുക്കെ നീങ്ങുന്നത്‌ കാരണം ഗവിയിലെക്കുള്ള ദൂരവും കൂടുന്നു. ഇന്ന് പച്ചക്കാനം എന്ന സ്ഥലത്ത് അന്തിയുറങ്ങി നാളെ ഗവിയിലേക്ക് പോവാനാണ് പരിപാടി. പച്ചക്കാനം വരെ കെ .എസ്‌. ആര്‍. ടി. സി . ബസ് സര്‍വീസ് ഉണ്ട്. കാലത്തും വൈകീട്ടും.



പക്ഷെ ഇതുവഴി ഗവിയിലേക്ക് വരുന്നവര്‍ കുറെ നടക്കേണ്ടി വരും അവിടെയെത്താന്‍. നല്ല ഭംഗിയുള്ള താഴ്വാരം ആണ് പച്ചക്കാനം. കെ. എസ്‌. ഈ. ബി. യുടെ ഒരു ചെറിയ കാന്റീന്‍ ഉണ്ട് ഇവിടെ. നേരത്തെ ഓര്‍ഡര്‍ കൊടുത്താല്‍ ഭക്ഷണം കിട്ടും. ഞങ്ങള്‍ താമസിക്കുന്നത് കെ. എസ്‌. ഈ. ബി. യുടെ “പമ്പ ഹൗസ്” എന്ന റസ്റ്റ്‌ ഹൗസിലാണ്. തിരുവനന്ദപുരം വൈദ്യുതി ഭവന്‍ മുഖേന ബുക്ക് ചെയ്‌താല്‍ ഇവിടെ താമസം കിട്ടും. മുറ്റത്ത്‌ നിന്നാല്‍ തൊട്ടു മുന്നില്‍ പമ്പ ഡാം ആണ്. അതി മനോഹരമായ സ്ഥലം. പക്ഷെ ഡാമിനടുത്തേക്ക്‌ പ്രവേശനം ഇല്ല. പക്ഷെ ഈ മുറ്റത്ത്‌ ഇരുന്നാല്‍ തന്നെ സ്വയം മറന്നു പോകും. കാടിന് നടുവില്‍ പമ്പ ഹൌസും, ഡാമും ജലാശയവും എല്ലാം കൂടി മൂഡിലേക്ക് എത്തിക്കും .


. ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങള്‍ നടന്നു താഴെ വന്നു. ചായ ചോദിച്ചപ്പോള്‍ കരിംചായ മാത്രമേ ഉള്ളൂ എന്നായി . അതെന്ത് എന്ന രീതിയില്‍ എല്ലാരും മുഖത്തോട് മുഖം നോക്കി. ഇനി കരിംകുരങ്ങ് രസായനം പോലെ വല്ല സാധനവും ആയിരിക്കുമോ? സംഗതി വന്നപ്പോള്‍ എല്ലാവരിലും ചിരി ആയി. വൈക്കം മുഹമ്മദ്‌ ബഷീര്‍ പ്രസിദ്ധമാക്കിയ സുലൈമാനി എന്ന കട്ടന്‍ ചായ തന്നെ. അതോടെ ഇടയ്ക്കിടയ്ക്ക് ഒരു കരിംചായ എന്ന് പറഞ്ഞു വാങ്ങിക്കുന്നത് രസകരമാക്കി. പച്ചക്കാനത്ത് ഇടയ്ക്കിടെ കടുവ ആക്രമണം ഉണ്ടാവാറുണ്ട് എന്ന് ബേബി ജോണ്‍ സാര്‍ ഓര്‍മ്മപ്പെടുത്തി. പശുക്കളെ ഇടയ്ക്കിടയ്ക്ക് പിടിച്ചു കൊണ്ട് പോകുമത്രേ. അതോടെ ഇത്തിരി ഭയം കയറി. കാരണം താമസിക്കുന്ന പമ്പ ഹൗസിലേക്ക് കുറച്ച് ദൂരം നടന്നു വേണം പോകാന്‍. സമയം രാത്രിയും. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍. ഏതായാലും രാത്രി ഒരു ട്രെക്കിംഗ് നടത്തി. കാട് ഏറ്റവും ഭീതിയും രസകരവും ആവുന്നത് രാത്രിയില്‍ ആണ്. ഓരോ ഇലയനക്കവും ഉള്ളില്‍ നേരിയ ഒരു ഭീതി ഉണ്ടാക്കും. അപ്പോള്‍ പേടി തോന്നുമെങ്കിലും ഓര്‍ക്കാന്‍ രസമുള്ള അനുഭവം ആണത്. ഒരു കൊമ്പനെ വഴിയില്‍ കാണണേ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം ഉള്ളിലെ ഭീതി കാണരുതേ എന്നും പറയുന്നുണ്ടാവും. ആ ത്രില്‍ തന്നെയാണ് ഇതിലെ രസവും. പക്ഷെ മാത്തുക്കുട്ടിയുടെ മുഖത്ത് ഒരു പേടിയും ഇല്ല. കാടിനെ കീറി മുറിച്ചു പാട്ടും പാടി കൂളായി ചെയ്യുന്നു . എനിക്കാണേല്‍ ആന മുന്നില്‍ വന്നു പെട്ടാല്‍ എന്ത് ചെയ്യും എന്ന് മാത്തുകുട്ടിയോട് ചോദിക്കാന്‍ പോലും ധൈര്യമില്ല.
നല്ല തണുപ്പും കോടമഞ്ഞും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതം . പൂത്തു നില്‍ക്കുന്ന പല വര്‍ണ്ണത്തിലുള്ള വേലിച്ചെടികള്‍ സൂര്യ വെളിച്ചത്തില്‍ നന്നായി തിളങ്ങുന്നു. ലെന്റാന എന്ന് വിളിക്കുന്ന ഈ വേലിച്ചെടികള്‍ക്ക് ഒരു ഗൃഹാതുരത്വത്തിന്‍റെ മുഖവും മണവുമാണ്. സ്കൂളിന്‍റെ അരികില്‍, നമ്മള്‍ സഞ്ചരിച്ച നാട്ടു വഴികളില്‍ , മറ്റേതേലും ഗ്രാമത്തില്‍ എല്ലാം ചിരപരിചയക്കാരെ പോലെ ഇവ നമ്മളെ നോക്കി ചിരിക്കാറില്ലേ..? ഒരിക്കലും ഒരു അന്യതാ ബോധം നല്‍കില്ല ഇവ. നിത്യവും നമ്മള്‍ കാണുന്ന ഒരു സുഹൃത്തിനെ പോലെ തോന്നും ഈ കുഞ്ഞു പൂക്കളെ കാണുമ്പോള്‍. നിഷ്കളങ്കാരായ ഈ പൂക്കളെ വേലി ചെടികള്‍ എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയത് ആരാണ് ..?

നൂല്‍പ്പുട്ടും മുട്ടക്കറിയും പിന്നെ കരിംചായയും. ഇതാണ് പ്രഭാത ഭക്ഷണം . വന്നു നിന്ന കെ എസ്‌ ആര്‍ ടി സി ബസ്സില്‍ നിന്നും ഗവിയിലെക്കുള്ള യാത്രക്കാര്‍ ഇറങ്ങി. ഉച്ചയോടടുക്കും ഇവര്‍ നടന്നു അവിടെ എത്തുമ്പോള്‍. ഒരു വാഹനം പോലും കിട്ടില്ല . അതറിയാതെ വന്നു പെടുന്നവര്‍ ആകും. പക്ഷെ വണ്ടിപ്പെരിയാര്‍ വഴി വരുന്നവര്‍ക്ക് വാഹന സൗകര്യം കിട്ടുമെന്ന് തോന്നുന്നു. ആനച്ചൂര് അടിച്ചപ്പോള്‍ പേടിച്ചു വഴിയില്‍ നിന്ന രണ്ട് പേരെ ഞങ്ങളുടെ വണ്ടിയില്‍ കയറ്റി. തീര്‍ച്ചയായും അവര്‍ക്കത്‌ ആശ്വാസമായിക്കാണണം.
പെരിയാര്‍ വന്യ ജീവി സംരക്ഷണ വനത്തിന്‍റെ ഭാഗമാണ് ഗവി. സമൃദ്ധമായ കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. പ്രകൃതി അതിന്‍റെ എല്ലാ സൗന്ദര്യവും നല്‍കിയത് നമ്മുടെ കേരളത്തിനാണോ..? കേരളത്തിലെ മിക്ക സ്ഥലങ്ങള്‍ കാണുമ്പോഴും ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് തോന്നും. ഗവിയും വിത്യസ്ഥമല്ല. നിബിഡ വനങ്ങള്‍ അതിരിടുന്ന തടാകത്തില്‍ ബോട്ടിംഗ് നടത്താം. പക്ഷെ പാക്കേജ് ടൂറിന്‍റെ ഭാഗമായി വരുന്നവര്‍ക്കെ അവിടേക്ക് പ്രവേശനം ഉള്ളൂ. അതൊരു കുറവ് തന്നെയാണ്. മറ്റു നിലയില്‍ എത്തിപ്പെടുന്നവര്‍ക്ക് ടിക്കറ്റ് വെച്ചെങ്കിലും അതിനടുത്തേക്ക് പ്രവേശനം അനുവദിക്കാമായിരുന്നു. അതുപോലെ തടാകത്തിനു അരികെയുള്ള ചുവന്ന മണ്ണുകള്‍ ചെറിയൊരു കൃത്രിമത്വം തോന്നിപ്പിക്കുന്നുണ്ട്. നന്നായി മതിലുകള്‍ കെട്ടി അതൊന്നു മോടി പിടിപ്പിക്കാമായിരുന്നു.



ഗവി എന്ന ചെറിയ സ്ഥലത്തേക്കാള്‍ ഇവിടേക്കുള്ള യാത്ര ആയിരിക്കും നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കുക. കാരണം നിഗൂഡമായ കാട്ടു വഴികളിലൂടെ കാടിന്‍റെ സ്പന്ദനം അറിഞ്ഞു , കാട്ടു മൃഗങ്ങളോട് സല്ലപ്പിച്ചു , കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഇങ്ങിനെ യാത്ര ചെയ്യുന്നത് സമാനതകളില്ലാത്ത അനുഭവം തന്നെ. ആ ആനന്ദത്തിനൊപ്പം പ്രകൃതി സമ്മാനമായി നല്‍കിയ മഴ ആ സന്തോഷത്തെ ഇരട്ടിയാക്കി. ഒരു മലയണ്ണാന്‍ ചിലച്ചു കൊണ്ട് മറ്റൊരു മരത്തിലേക്ക് ചാടി മറിഞ്ഞു. ഈ മഴ അവനെയും സന്തോഷിപ്പിച്ചിരിക്കണം.
ശബരി മല തീര്‍ഥാടനം ചെയ്യുന്നവര്‍ വാവര്‍ പള്ളിയില്‍ കയറിയിട്ടെ പോകൂ. അപ്പോഴേ അവരുടെ കര്‍മ്മം പൂര്‍ത്തിയാകൂ എന്നാണ് വിശ്വാസം. ഞങ്ങളും നടത്തിയത് ഒരു തീര്‍ത്ഥയാത്ര തന്നെ . പക്ഷെ പ്രകൃതിയിലേക്ക് ആണെന്ന് മാത്രം. യാത്ര അവസാനിക്കുന്നതിനു പകരം പള്ളിയില്‍ കയറിയാണ്‌ യാത്ര തുടങ്ങിയത്. എരുമേലി വന്നു പെട്ടപ്പോള്‍ മത സൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായ ആ പള്ളിയും കണ്ടു എന്ന് മാത്രം. കോട്ടയം, പത്തനംത്തിട്ട , ഇടുക്കി , എന്നീ ജില്ലകളിലൂടെയുള്ള യാത്ര നല്ലൊരു അനുഭവം ആയിരുന്നു.



കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജനശതാബ്ദി എക്സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കയറുമ്പോള്‍ മനസ്സ് നിറയെ സന്തോഷമുണ്ട്. ഒരു തീര്‍ഥാടനം നടത്തിയ സുഖം. പ്രകൃതി ഒരുക്കിയ കാഴ്ച്ചകള്‍, വാര്‍ത്തകളില്‍ വായിച്ചറിഞ്ഞ സ്ഥലങ്ങള്‍, ജോമോനും മാത്തുക്കുട്ടിയും സുഹൃത്തുക്കളും നല്‍കിയ ഊഷ്മളമായ ആഥിത്യം അങ്ങിനെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഹൃദ്യമായ രണ്ട് ദിവസങ്ങള്‍. അവധിക്കാലങ്ങള്‍ സന്തോഷകരമാവുന്നത് ഇങ്ങിനെയൊക്കെയാണ്. പുതിയ ദേശങ്ങള്‍ കാഴ്ച്ചകള്‍ , സ്നേഹം കോരി ചൊരിയുന്ന സുഹൃത്തുക്കള്‍. ഇവരെ, ഈ കാഴ്ചകളെ ഞാനെന്റെ സന്തോഷങ്ങളുടെ പുസ്തകത്തിലേക്ക് എഴുതി ചേര്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് എടുത്ത് പൊടിപിടിക്കാതെ മറിച്ചുനോക്കാന്‍.













71 comments:

  1. ഗവി കണ്ടിട്ടില്ല. കാണണം എന്നുണ്ട്. വിവരണം പതിവ് പോലെ സൂപ്പര്‍. പക്ഷെ അവിടെക്കുള്ള യാത്ര ഇത്ര സൂപ്പര്‍ ആയിരുന്നോ എന്നൊരു സംശയം. :)

    ReplyDelete
  2. മന്‍സൂര്‍ ഭായ് ,
    കുറെ നാളായി ഇവിടെ വന്നു രണ്ട് വാക്ക് പറഞ്ഞിട്ട്.
    വായിക്കാറുണ്ട് എല്ലാം.
    ഈ പോസ്റ്റ്‌ കണ്ടിട്ട് മിണ്ടാതെ പോവാന്‍ പറ്റില്ല.
    ഈ ഗവി എത്ര നാളായീന്നോ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട്.
    പണ്ട് വനിതയില്‍ വായിച്ചതിനു ശേഷം ആണ് എന്‍റെ മോഹം ജനിച്ചത്‌.
    ആ പേരിലുള്ള കൌതുകം തന്നെ പ്രധാന കാരണം.
    ഞാന്‍ കരുതിയത്‌ അത് വേറെ എവിടെയോ ആണെന്നാ.....
    പിന്നെയാ നമ്മടെ കൊച്ചു കേരളത്തിലെ ആണെന്നറിഞ്ഞേ.

    നല്ല വിവരണം മാഷേ...........
    കണ്ട പോലെ തോന്നുന്നു.
    പറഞ്ഞത് ശരിയാണ്,എല്ലാര്‍ക്കും ഒരേ പോലെ സംസാരിക്കാന്‍ പറ്റുന്ന വിഷയം ആഹാര കാര്യം തന്നെ.
    ഈയിടെ ഇവിടേം കിട്ടി നല്ല അസ്സല് തേന്‍.
    എടുത്തു വെചെക്കുവാണ്.
    ഒരാള്‍ തന്ന സമ്മാനം ആണ്.

    പിന്നെ സുഖല്ലേ?മഴക്കുളിരുള്ള ദിവസങ്ങള്‍ ജീവിതത്തെ മനോഹരമാക്കുന്നുവല്ലേ???????????
    സസ്നേഹം
    ശ്രീ വേദ.

    ReplyDelete
  3. മന്‍സൂര്‍ ഭായ് , ഞാന്‍ നിങ്ങളുടെ എല്ലാ യാത്രാ അനുഭവങ്ങളും വായിക്കാറുണ്ട് ,
    ഗവി, എന്റെ ഹിറ്റ്‌ ലിസ്റ്റില്‍ കയറിയിട്ട് കുറെ നാളായി,തയ്യാറെടുപ്പില്‍ ആണ്
    കൂടെ ഈ കുറിപ്പും കൂടി ആയപ്പോള്‍ പോയ പോലെ തന്നെ,
    മനോഹരമായ വിവരണം ,
    സ്നേഹപൂര്‍വ്വം
    ഷഫീക്ക്‌

    ReplyDelete
  4. ഒരാള്‍ക്ക്‌ പോലും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ഇതിനകത്ത് എങ്ങിനെ മൂന്നു നാലാളുകള്‍ താമസിക്കുന്നു. കാറ്റിനെയും മഴയേയും കാറ്റ് മൃഗങ്ങളെയും അതിജീവിച്ചു ഇവരെങ്ങിനെ ഇവിടെ ജീവിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ല. ദൈവം ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രത്യേകത നല്‍കിയിരിക്കണം.

    വൈക്കം മുഹമ്മദ്‌ ബഷീര്‍ പ്രസിദ്ധമാക്കിയ സുലൈമാനി എന്ന കട്ടന്‍ ചായ തന്നെ. അതോടെ ഇടയ്ക്കിടയ്ക്ക് ഒരു കരിംചായ എന്ന് പറഞ്ഞു വാങ്ങിക്കുന്നത് രസകരമാക്കി. പച്ചക്കാനത്ത് ഇടയ്ക്കിടെ കടുവ ആക്രമണം ഉണ്ടാവാറുണ്ട് എന്ന് ബേബി ജോണ്‍ സാര്‍ ഓര്‍മ്മപ്പെടുത്തി. പശുക്കളെ ഇടയ്ക്കിടയ്ക്ക് പിടിച്ചു കൊണ്ട് പോകുമത്രേ. അതോടെ ഇത്തിരി ഭയം കയറി. കാരണം താമസിക്കുന്ന പമ്പ ഹൗസിലേക്ക് കുറച്ച് ദൂരം നടന്നു വേണം പോകാന്‍. സമയം രാത്രിയും. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍. ഏതായാലും രാത്രി ഒരു ട്രെക്കിംഗ് നടത്തി. കാട് ഏറ്റവും ഭീതിയും രസകരവും ആവുന്നത് രാത്രിയില്‍ ആണ്. ഓരോ ഇലയനക്കവും ഉള്ളില്‍ നേരിയ ഒരു ഭീതി ഉണ്ടാക്കും.

    മൻസൂറിക്കാ ഇതൊരപാര എഴുത്താ ട്ടോ,ഈ ഗവി യാത്ര. ഞാൻ ഓർഡിനറി കണ്ട പരിചയമേ ഉള്ളൂ ഗവിയെ.! ഇക്കാടെ എഴുത്ത് അതനുഭവിക്കുന്ന എല്ലാ സന്തോഷവും വായനക്കാരിലേക്കെത്തിച്ച് തരും. അതുകൊണ്ട് വായന ഒന്ന് സ്വസ്ഥമാക്കാനാ 'ഞാനിപ്പൊ വരാം' ന്ന് നേരത്തെ പറഞ്ഞേ. ഇപ്പോഴെന്തായാലും വളരെ വിശദമായി സ്വസ്ഥമായി മുഴുവൻ വായിച്ചു. നല്ല എഴുത്താ ട്ടോ മൻസൂറിക്കാ ങ്ങടെ,അവിടെ ചെന്ന് കാണുന്ന ഒരു ഫീൽ ഉണ്ടാകും വായനക്കാർക്ക്.
    അവിടുത്തെ ട്രെക്കിംഗിനെ പറ്റി പറഞ്ഞപ്പോൾ ഞാൻ മൂന്ന് നാലു കൊല്ലം മുൻപേ നെല്ലിയാമ്പതിയിൽ പോയി പുലർച്ചെ എഴുന്നേറ്റ് ട്രെക്കിംഗിന് പോയതോർക്കുന്നു. ഭ്രമരം എന്ന സിനിമയിലൂടെ ഫേയ്മസായതല്ലേ അത്.?!
    ങ്ങടെ എഴുത്തീനോടെനിക്ക് അസൂയയാ ഇക്കാ,ഇത്രയ്ക്കും രസകരമായി ആ സംഭവങ്ങൾ അനുഭവിപ്പിക്കുന്ന രീതിയിൽ എഴുതുന്നതിനോട്. കാരണം എനിക്കാകെ നാട്ടിലെ സംഭവങ്ങൾ പറയാനെ അറിയൂ. ഇങ്ങനെ യാത്രാ വിവരണം എഴുതാനറിയില്ല. അല്ലെങ്കിലിപ്പോ ആ നെല്ലിയാമ്പതീ പോയത് ഒന്നെഴുതായിരുന്നു.!

    മൻസൂറിക്കാ ആശംസകൾ.

    ReplyDelete
  5. ഗവി വിവരണം ഒരു ഗവിത പോലെ....

    ReplyDelete
  6. സത്യത്തില്‍ ഓര്‍ഡിനറി സിനിമ വന്നില്ലായിരുന്നെങ്കില്‍ ഗവി എന്ന ഈ പ്രദേശം ഇത്രത്തോളം അറിയപ്പെടുമയിരുന്നോ.. ഗവിയെ ആദ്യം പരിചയപ്പെടുത്തിയ സഹപാഠികൂടിയായ (ഒരു ചെറിയ ഗമക്ക് അതും ഇരിക്കട്ടെ! ഞാനാരാ മോന്‍) സുഗീതിനും ഗവിയെ ഇവിടെ മനോഹരമായി പരിചയപ്പെടുത്തിയ സഹബ്ലോഗറായ ചെറുവാടിക്കും(അവിടെയും ഗമ കുറക്കുന്നില്ല. വീണ്ടും ഞാനാരാ മോന്‍) നന്ദി.. എഴുത്ത് മനോഹരമായി ചെറുവാടി.

    ReplyDelete
  7. നന്നായിട്ടുണ്ട് ചെറുവാടീ.... വീട്ടുകാര്‍ ഒക്കെ കഴിഞ്ഞ ആഴ്ച ഗവിയിലേയ്ക്കു പോയിരുന്നു... നാട്ടില്‍ പോയിട്ടു വേണം എനിയ്ക്കും ഒന്നു പോകാന്‍ .... :-(

    ReplyDelete
  8. മദ്യകുപ്പികളും മാലിന്യങ്ങളും ഗവിയുടെ സൌന്ദര്യം കെടുത്തിയിട്ടുന്ടെങ്കിലും ഈ പോസ്റ്റ്‌ വായിച്ചാല്‍ സൌന്ദര്യം അല്പം കൂടിയിട്ടുണ്ട് എന്നെ തോന്നുകയുള്ളൂ.
    നിങ്ങളുടെ നാട്ടിലെ സുലൈമാനിക്ക് ഞങ്ങളുടെ നാട്ടില്‍ കടുംചായ,കട്ടന്‍ചായ എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ ഈ കരിംചായ ആദ്യം കേള്‍ക്കുകയാണ്. കുടിച്ചിട്ട് മറ്റുകുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നല്ലോ അല്ലെ? :-) ഗവി പോലെയുള്ള മലമ്പാതകള്‍ കയറാന്‍ കമാണ്ടര്‍ ജീപ്പ് തന്നെ വേണം. പ്രത്യേകിച്ച് ഇത്രയും വലിയ ബിരിയാണി ചെമ്പുമായിട്ടാണ് യാത്രയെങ്കില്‍ ....

    ReplyDelete
  9. ഗവിയെ നന്നായി പരിചയപ്പെടുത്തി. കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കണ്ടത്‌ പോലെ ഒരു ഫീല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

    ReplyDelete
  10. നല്ല യാത്രാനുഭവം. ഗവിയെ കുറിച്ച് മുമ്പും വായിച്ചിട്ടുണ്ട്. എന്നാലും താങ്കളുടെ അനുഭവം ഹൃദ്യമായി. ഫോട്ടോകള്‍ അതി ഗംഭീരം !

    ReplyDelete
  11. ഗവി മോഹിപ്പിക്കുന്ന ആഗ്രഹമായി മനസ്സില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി.
    (മന്‍സൂര്‍,ഒരല്‍പം ധൃതി കൂടിയോ..? പതിവില്ലാതെ അക്ഷരത്തെറ്റുകള്‍ കാണുന്നു.)
    നന്നായി എഴുതി.

    ReplyDelete
  12. ഹൃദ്യമായ വിവരണം. പതിവു പോലെ പ്രക്കൃതിയെ കൂടുതൽ മനോഹരരിയാക്കി ചുറുവാടി ഈ പോസ്റ്റിലൂടെ.. അഭിനന്ദനങ്ങൾ

    ReplyDelete
  13. പോകാന്‍ വീണ്ടുമൊരു മോഹതീരം കൂടി....! മനോഹരമായ വര്‍ണന, ചുരുങ്ങിപ്പോയോ എന്നും ചിത്രങ്ങള്‍ കുറഞ്ഞു പോയോ എന്നൊക്കെ പരിഭവവും....

    ReplyDelete
  14. ആഹാ നന്നായി , സ്നേഹാശംസകള്‍ പുണ്യവാളന്‍

    ReplyDelete
  15. സുപ്രഭാതം...
    പ്രകൃതിയുടെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടി, സൌന്ദര്യം ചാലിച്ചെഴുതിയ അസൂയപ്പെടുത്തലുകളാണ്‍ സാധാരണ ചെറുവാടിയില്‍ നിന്ന് കിട്ടാറുള്ളത്...
    ഇത്തവണ വെറും ഒരു യാത്രാവിവരണമായി ഒതുങ്ങി കൂടിയിരിയ്ക്കുന്നു...
    ഗവിയെ ഒന്നുകൂടി മൊഞ്ചത്തി ആക്കാമായിരുന്നു...!

    ReplyDelete
  16. :( എന്നെ പറഞ്ഞു പറ്റിച്ചു നിങ്ങള്‍ ഒറ്റയ്ക്ക് പോയി അല്ലെ..............

    ReplyDelete
  17. .
    നല്ല വിവരണം
    ഇനി ഇപ്പൊ അവിടേം പോകാതെ തരമില്ല.
    മന്‍സൂറിന്റെ ഓരോ യാത്ര വിവരണങ്ങളും വായിച്ചു കഴിയുമ്പോള്‍ ഉറച്ച് തീരുമാനിക്കും ഏതായാലും അവിടെ കാണണം എന്ന്
    പക്ഷെ ഇത് വരെ എവിടെയും എത്തിയിട്ടില്ല,
    ഇപ്പൊ കണ്‍ഫ്യൂഷന്‍ എവിടെ ആദ്യം പോകും എന്ന് മാത്രം

    ഈ പങ്കുവെക്കലിനു നന്ദി മന്‍സൂര്‍

    ReplyDelete
  18. അതിമനോഹരമായ ഗവിയെ സംബന്ധിച്ച അതീവഹ്ര്‌ദ്യമായ വിവരണം. മനംകുളിരുന്ന പ്രതീതി. നന്ദി.

    ReplyDelete
  19. പ്രകൃതിയെ സ്നേഹിച്ച് ,പ്രകൃതിയെ പ്രണയിച്ച് തുടരുന്ന ഈ യാത്ര മനസ്സിന് ഒരു പാട് സന്തോഷം ഉണ്ടായിട്ടുണ്ടാകും എന്ന് ഈ അക്ഷരങ്ങള്‍ വ്യകത്മാക്കുന്നു . പ്രകൃതിയിലെ മനോഹാരിത ഈ അക്ഷരങ്ങളിലും കണ്ടു .പതിവുപോലെ അവതരണം ആകര്‍ഷണീയമായി . കൊതി തോന്നുന്നു ഗവിയിലേക്ക് പോകാന്‍ :) ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി.

    ReplyDelete
  20. ഗവി യാത്രാ വിവരണം വളരെ നന്നായി...
    ചെറുവാടിയുടെ ഓരോ പോസ്റ്റ്‌ വായിക്കുമ്പോഴും ഇങ്ങോട്ട് അടുത്ത ലീവിന് ഒന്ന് പോകണം എന്ന് കരുതും. പക്ഷെ ഇതുവരെ നടന്നില്ല. അതി മനോഹരമായ ഒരു പാട് സ്ഥലങ്ങളിലേക്ക് ചെറുവാടി മുന്‍പ് കൊണ്ട് പോയിട്ടുണ്ടെങ്കിലും കാടിന്റെ പല തലങ്ങളിലുള്ള കാഴ്ചകള്‍ പങ്കു വെച്ച ഗവി യാത്ര ഇഷ്ട്ടായി. കുറച്ചു കൂടി ചിത്രങ്ങള്‍ ഉള്‍പെടുത്താന്‍ ശ്രമിക്കാമായിരുന്നു എന്ന സ്ഥിരം പരിഭവം ബാക്കി നില്‍ക്കുന്നു.

    ReplyDelete
  21. ഗവിയിലെത്താന്‍ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും വായിച്ചുകഴിഞ്ഞപ്പോള്‍ കാടിന്റെ നനുത്ത കുളിര്‍മ്മ അനുഭവിച്ചു...
    കൂട്ടിന് മനോഹരമായ ചിത്രങ്ങളും കൂടിയായപ്പോള്‍ കൂടുതല്‍ ആകര്‍ഷണീയമായി. ചിത്രങ്ങളാണ് ശരിക്കും പറഞ്ഞാല്‍ വായിക്കാന്‍ പ്രേരിപ്പിച്ചത്. യാത്രചെയ്യണമെന്ന മോഹം കുറേക്കാലമായി മനസ്സിനെ മഥിക്കുന്നുണ്ടെങ്കിലും പല തടസ്സങ്ങളും പലപ്പോഴും അനുവദിക്കുന്നില്ല. ഏതായാലും ചെറുവാടിയെപ്പോലുള്ളവരുടെ ഇത്തരം പോസ്റ്റുകള്‍ ഒരനുഗ്രഹമാണ്. പോകാനാവാത്ത സ്ഥലങ്ങളെക്കുറിച്ച് അറിയാന്‍ കഴിയുമല്ലോ.. ആശംസകള്‍ നേരുന്നു.

    ReplyDelete
  22. പ്രിയപ്പെട്ട മൻസൂർ.... കാടിന്റെ നനുത്ത സുഖമറിഞ്ഞ്, മാനും, മുയലും, കാട്ടാനയും, കാട്ടുപൂക്കളും നിറഞ്ഞ ഒരു വ്യ്യത്യസ്ത ലോകം.. കാടകങ്ങളുടെ അഗാധതയിൽനിന്നും കോടമഞ്ഞ് ഓരോ രോമകൂപങ്ങളിലേയ്ക്കും പടർന്നുകയറുമ്പോൾമാത്രം അനുഭവിയ്ക്കുവാനാകുന്ന കുളിർമ്മ... മനസ്സിനൊപ്പം വയറുനിറയ്ക്കുവാൻ ഹൈറേഞ്ചിന്റെ സ്വന്തമെന്ന് പറയാവുന്ന കപ്പയും, കാന്താരിച്ചമ്മന്തിയും.. മലബാറിന്റെ തനതുരുചി നിറഞ്ഞ ബിരിയാണി... ഒരു ശരാശരി യാത്രാസ്നേഹിയെ കൊതിപ്പിയ്ക്കുവാൻ ഈ വിവരണമൊക്കെ ധാരാളം... പക്ഷേ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ഒരു ലോകത്തിന്റെ വർണ്ണക്കാഴ്ചകൾ മുഴുവനായും അക്ഷരങ്ങളിലൂടെ വരച്ചുവയ്ക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരന്റെ വാക്കുകളിലൂടെ, ഈ ഗവിയാത്ര നടത്തുമ്പോൾ, കൊതിപ്പിയ്ക്കലിനേക്കാളുപരി, അവർണ്ണനീയമായ ഒരു അനുഭവം തന്നെയായി മാറുന്നു... വളരെ നന്ദി കൂട്ടുകാരാ... ആഗ്രഹിച്ചിട്ടും നടക്കതെപോയ ഒരു ലോകത്തിലേയ്ക്ക് മനസ്സുകൊണ്ട് ഒരു യാത്രയ്ക്കുള്ള അവസരമൊരുക്കിയതിന് ഒരിയ്ക്കൽകൂടി നന്ദി..

    ചിത്രങ്ങൾ കുറഞ്ഞു എന്ന പരാതി, എല്ലാവർക്കുമൊപ്പം എനിയ്ക്കുമുണ്ട് കേട്ടോ...പ്രിയപ്പെട്ട വായനക്കാരുടെ എളിയ അഭ്യർത്ഥന എന്ന നിലയിൽ അതൊന്ന് പരിഗണിയ്ക്കുന്നത് നന്നായിരിയ്ക്കും.. :)
    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  23. ഗവി ഇഷ്ടപെട്ടില്ല എന്ന് മുമ്പ് പറഞ്ഞപ്പോള്‍ ഒരു വിമര്‍ശനക്കുറിപ്പാണ് പ്രതീക്ഷിച്ചത്. ഇതിപ്പോ ഒരു നല്ല സ്ഥലം പോലെ തോന്നുന്നു. ഓര്‍ഡിനറിയില്‍ കണ്ടിരുന്നു. അപ്പോള്‍ നല്ല മനോഹരമായാണ് തോന്നിയത്. ഇത് വായിച്ചപ്പോള്‍ വ്യക്തമായും മനസ്സിലായി.

    നല്ല ഒരു യാത്രാവിവരണം തന്നെ.

    ReplyDelete
  24. അപ്പൊ നാട്ടീ പോയിട്ട് കുടുമ്മത്തില്ലായിരുന്നു എന്നര്‍ത്ഥം....
    പോസ്റ്റ് കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍..
    ഒരു പക്ഷെ എന്റെ മാത്രം തോന്നലായിരിക്കാം...

    ഫോട്ടോസ് സൂപ്പര്‍....

    ReplyDelete
  25. നല്ല യാത്രാ വിവരണം. ഒന്നൂടി വിപുലമാക്കാംആയിരുന്നു.

    ReplyDelete
  26. ഈ വിവരണം വളരെ നന്നായി ചെറുവാടീ.....

    ReplyDelete
  27. നന്ദി മന്‍സൂര്‍, അവിടെ വരെ കൊണ്ട് പോയതിന്. ഗവി കേട്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല എന്നിട്ടല്ലേ കാണുന്നത്.

    ReplyDelete
  28. എട്ടു വര്‍ഷം മുന്‍പ് ഞങ്ങള്‍ ബൈക്കില്‍ റാന്നി,ആങ്ങമൂഴി വഴിക്ക് ഗവിയിലേക്ക് ഒരിക്കല്‍ പോയിട്ടുണ്ട് എന്നാല്‍ ഗവിയില്‍ എത്തും മുന്‍പ് കൊച്ചുപമ്പയ്ക്ക് തൊട്ടുമുന്‍പ് ആനക്കൂട്ടം വഴി മുടക്കി. കുറേ ഏറെ നേരം വഴിയില്‍ നിലയുറപ്പിച്ച ശേഷം സഹ്യപുത്രന്മാര്‍ ഈറ്റക്കാടുകളിലേക്കിറങ്ങി മാറിയെങ്കിലും ഞങ്ങള്‍ യാത്ര അവിടെ അവസാനിപ്പിച്ചു തിരികെ പോന്നു.

    ReplyDelete
  29. അപ്പൊ മ്മടെ തീവണ്ടി സ്ടഷനീന്നും
    പോവമോ അങ്ങോട്ട്‌?ഇതാണ് മുറ്റത്തെ
    മുല്ലക്ക് മണമില്ല ഇല്ല എന്ന് പറയുന്നത്...

    അത് കൊണ്ട് ആണല്ലോ കേരളം കാണാതെ
    നമ്മള്‍ ഒക്കെ അവധിക്കു വേറെ സ്ഥലത്തേക്ക്
    വെച്ച് പിടിപ്പിക്കുന്നത്...ഈ ഗവി എന്നെ
    മത്ത് പിടിപ്പിക്കുന്നു..ഓര്‍ഡിനറി കണ്ടപ്പോള്‍ മുതല്
    ‍തന്നെ..... ചെറുവാടി അതിനു വീര്യവും കൂട്ടി..
    നന്നായി പ്പറഞ്ഞു ഗവി യാത്ര മന്‍സൂര്‍...

    ReplyDelete
  30. ഗവി എത്ര നാളായീന്നോ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട്.കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കണ്ടത്‌ പോലെ തോന്നി വിവരണം വളരെ നന്നായി .....

    ReplyDelete
  31. മന്‍സൂര്‍ ഭായിയുടെ ഓരോ യാത്രയും വായനക്കാരനും മറക്കാനാവാത്ത ഒരു അനുഭവമായി മാറുന്നു.
    തീര്‍ച്ചയായും, യന്ത്രവത്ക്കരിക്കപ്പെട്ടിട്ടില്ലാത്ത പ്രകൃതിയുടെ പച്ചപ്പിലൂടെ നടക്കാന്‍ അവസരം കിട്ടുക
    വല്ലാത്ത ഒരു ഭാഗ്യം തന്നെയാണ്. താങ്കളുടെ ഈ വിവരണങ്ങളിലൂടെ അത് വായിക്കുന്നവര്‍ക്കും സാധ്യമാവുന്നു.
    തുടരുക.

    ReplyDelete
  32. സുന്ദരമായ എഴുത്ത്!!!! കൊതിപ്പിച്ചുകളഞ്ഞു മന്‍സൂര്‍.....
    ദം - അടിച്ചിട്ട് പിന്നൊന്നും ഓര്‍മ്മയില്ലെന്നു രണ്ടുപ്രാവശ്യം പറഞ്ഞപോലെ ഞാനും വായനയ്ക്ക് ശേഷം മറ്റെല്ലാം മറന്നു ഗവിയില്‍ ലയിച്ചു ചേര്‍ന്നു!!

    ("ഗവി" ഇടുക്കിയിലാണോ കോട്ടയത്താണോ പത്തനംതിട്ടയിലാണോ എന്നൊരു സംശയം ബാക്കി?)

    ReplyDelete
    Replies
    1. ഗവി പത്തംതിട്ടയില്‍ ആണ് ജോസെലൈറ്റ് . യാത്രയില്‍ മൂന്നു ജില്ലകള്‍ കടന്നുപ്പോയി.

      Delete
  33. പൊന്നമ്പലമേട് എന്ന സ്ഥലത്ത് പോയ അനുഭവങ്ങൾ ഒരു സുഹൃത്ത് വിശദീകരിച്ചപ്പോഴാണ് ആദ്യമായി ഗവിയെക്കുറിച്ച് കേൾക്കുന്നത്. ഇത്ര വിശദമായി അപ്പോഴും അറിഞ്ഞിരുന്നില്ല.

    എഴുത്തിന്റെ ശൈലിയും നിലവാരവുമൊക്കെ ഉയർന്നിരിക്കുന്നു ചെറുവാടി. മലയാളത്തിലെ യാത്രബ്ലോഗുകളിൽ ഏറ്റവും ശ്രദ്ധേയമായത് ചെറുവാടിയുടെ ബ്ലോഗ് ആണെന്ന് നിസ്സംശയം ഞാൻ പറയും. ഒരു വിളിപ്പാടകലെയുള്ള കാടും, മേടും, പുഴകളും, പ്രകൃതിയും കാട്ടിത്തരുന്ന ചെറുവാടിയുടെ യാത്രാവിവരണങ്ങൾക്ക് പ്രത്യേകമായൊരു ചാരുതയുണ്ട്.

    ReplyDelete
  34. ഗവിയെന്ന സ്ഥലം മനോഹരമായ വിവരണത്തിലൂടെ മനസ്സിലേക്ക്‌ കൊണ്‌ട്‌ വരാന്‍ കഴിഞ്ഞ മന്‍സൂറിന്‌ അഭിനന്ദനങ്ങള്‍..അതിലുപരി യാത്രമധ്യേ തിന്ന ആ ദമ്മിട്ട ചിക്കന്‍ ബിരിയാണിയുടെ സ്വാദോര്‍ത്ത്‌ വായില്‍ നിന്ന് വന്ന വെള്ളം വായന തീരും വരെ നീണ്‌ടു നിന്നു... നല്ല എഴുത്തിന്‌ ആശംസകള്‍

    ReplyDelete
  35. മന്‍സൂ .. ഹൃദയത്തിലേക്ക് കുളിര്‍ കോരിയിടുന്ന
    അവതരണ ശൈലീ കൊണ്ട് വീണ്ടും
    കൊതിപ്പിക്കുന്നു എന്റയീ കൂട്ടുകാരന്‍ ..
    ഗവി എന്ന സ്ഥല നാമം ആദ്യമായി കണ്ടതും
    കേട്ടതും ആ സിനിമയിലേ പാട്ടാണ് ( ആ ചിത്രം കണ്ടില്ല )
    കപ്പയും കാന്താരി മുളകുടച്ചതും ഉമിനീര്‍ ഗ്രന്ഥിയേ ഒന്നുലച്ചു ..
    ഈ യാത്രകളൊക്ക് എങ്ങനെ ഒപ്പിച്ചെടുക്കുന്നു മന്‍സൂ ..
    ഇരുപതിയഞ്ചിന് മുകളിലായി ശബരിമലയില്‍ പൊകുന്നു
    അവിടെയും ഒരൊ വര്‍ഷവും കാണുന്ന വേദന ഇതു തന്നെ
    പരിപാവനമായ കാനനം ഒരു കൊച്ച് സിറ്റി ആയി മാറുന്ന കാഴ്ച
    നമ്മുക്ക് വേണ്ടിയല്ലേലും , വരുന്ന തലമുറക്ക് കാട് എന്നു ചൂണ്ടി
    കാട്ടുവാന്‍ ഒരിറ്റ് സ്ഥലം കാത്ത് വച്ചെങ്കില്‍ ..
    യാത്രകള്‍ ഹരമായ ഈ മനസ്സ് , നമ്മേ കൂടീ കൂട്ടുന്നു
    ആ കാഴ്ചകളുടെ കുളിരിലേക്ക് , ആന ചൂരുള്ള കാട്ടു പാതയിലേക്ക്
    തേന്‍ കിനിയുന്ന മലപണ്ടാരങ്ങളുടെ കുടിലിലേക്ക് ..
    നന്ദീ പ്രീയ കൂട്ടുകാര , തുടരുക ഈ സുന്ദരമായ വിവരണങ്ങള്‍
    (മൂന്നാം ചിത്രത്തിന് താഴെ ആവര്‍ത്തനം ഉണ്ട് വരികള്‍ക്ക്
    ഒന്നു തിരുത്തിക്കൊ മന്‍സൂ , അറിയാതെ വന്നതാകാം .. )

    ReplyDelete
  36. "കര്‍ണാടകയിലേയോ തമിഴ്നാട്ടിലേയോ വനത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ നിയന്ത്രണമാണ് ഉള്ളത്. ഒരു ബിസ്കറ്റിന്‍റെ പാക്കറ്റ് പോലും പൊളിച്ച് കവര്‍ ഒഴിവാക്കിയേ അവര്‍ അകത്തേക്ക് കടത്തി വിടൂ." ----നമ്മുടെ ഏമാന്മാര്‍ എന്നാണ് ഈ രീതിയിലേക്കെത്തുക ?
    “ഓര്‍ഡിനറി“ കാണാത്തതിനാല്‍ ഗവി കണ്ടില്ല.നേരെ ചൊവ്വെ തന്നെ കാണണം എന്ന് കരുതുന്നു.

    ReplyDelete
  37. വായനാസുഖം പകരുന്ന എഴുത്തിലൂടെയുള്ള മനോഹരമായൊരു യാത്ര!
    കണാത്ത കാഴ്ചകള്‍ കണ്ട അറിയാത്ത വിവരങ്ങള്‍ അറിഞ്ഞ സംതൃപ്തിയും,സന്തോഷവും!
    ആശംസകള്‍

    ReplyDelete
  38. ഗവിയെ മനോഹരമായി തന്നെ പരിചയപ്പെടുത്തി..
    ഈ സ്ഥലവും മനസ്സില്‍ കുറിച്ചിട്ടു...

    ReplyDelete
  39. വിവരണം പതിവ് പോലെ മനോഹരമായി , താങ്കളുടെ ശൈലി വായനക്കാരനു മറക്കാനാവാത്ത ഒരു അനുഭവമായി മാറുന്നു.

    ReplyDelete
  40. വിവരണാതീതമാണ് ഈ മനോഹാരിത... എങ്കിലും ഈ വിവരണം ഗവിയുടെ ഭൂപടം പോലെ ആ നാടിനെ വരച്ചു കാട്ടിയിരിക്കുന്നു ... ഇനിയും പ്രതീക്ഷിക്കുന്നു പ്രകൃതിയുടെ വശ്യ ഭംഗി വിളിച്ചോതുന്ന വര്‍ണ്ണാഭമായ പോസ്റ്റുകള്‍.........

    ReplyDelete
  41. ഓർഡിനറിയിലെ ഗവിയെ കുറിച്ച് കുറെയായി കേൾക്കുന്നു.. ഗവിയിലേക്കുള്ള രണ്ടാമത്തെ യാത്രാ വിവരണമാണു ഇപ്പോൾ വായിച്ചത്.. കേരള നാടിന്റെ സൗന്ദര്യം വീണ്ടൂം വീണ്ടൂം കൊതിപ്പിക്കുന്നു...
    എല്ലാ ആശംസകളും

    ReplyDelete
  42. ഗവി യുടെ കാനന ഭംഗികൾ മുഴുവൻ ഒപ്പിയെടുത്ത് ,
    ഒരു നല്ല പിക്നിക് യാത്രയിലൂടെ നമ്മുടെ നാടിന്റെ മനോഹാരിത
    വർണ്ണിച്ച് മൻസൂർ ഈ എഴുത്തിലൂടെ വായനക്കാരുടെ പ്രശംസ വീണ്ടും നേടിയെടുത്തിരിക്കുകയാണല്ലോ...

    ReplyDelete
  43. നല്ല യാത്രാ വിവരണം.

    ReplyDelete
  44. യാത്രാവിവരണം നന്നായിരിക്കുന്നു മൻസൂർ.
    ഞാനും ഒന്നു ശ്രമിച്ചുനോക്കിയതാ ഗവിയിലെത്താൻ..
    പക്ഷെ, ജീപ്പ് മാത്രേ പറ്റുള്ളുവെന്നറിഞ്ഞ് അടുത്ത പ്രാവശ്യത്തേക്ക് മാറ്റിവച്ചു.
    ആശംസകൾ...

    ReplyDelete
  45. നല്ലൊരു വിവരണം മൻസൂർ...

    ആഘോഷങ്ങള്‍ക്ക് മാത്രമായി കാടുകയറി പ്രകൃതിയെ ഇങ്ങിനെ ബലാല്‍സംഘം ചെയ്യുന്നവരോട് നിയമം അല്‍പം കൂടി ഗൗരവമായി ഇടപെട്ടേ പറ്റൂ എന്നൊരു അപേക്ഷ കൂടി ഈ കുറിപ്പിനൊപ്പം വെക്കുന്നു.

    പ്രസ്ക്തം...

    പിന്നെ എനിക്ക് ഗവി എന്ന് പറയുമ്പോൾ പണ്ട് കൂടെ ജോലി ചെയ്ത ഒരു സുഹ്യത്തിനെ ഓർമ്മ വരും. അവിടെ ഒരു ഡാമിൽ അവനും സുഹ്യത്തും മുങ്ങി മരിച്ചു. വലിയ വിഷമം തോന്നിയ സംഭവം.

    ReplyDelete
  46. നല്ല വിവരണം..


    പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗവിയില്‍ പോയിട്ടുണ്ട്..അന്ന് ആരാലും ശ്രധിക്കപ്പെടാതിരുന്നൊരു സ്ഥലമായിരുന്നു ഗവി..

    താങ്കള്‍ പറഞ്ഞത് ശരിയാണ്...ഓര്‍ഡിനറി " ഗവിനെ ശ്രദ്ധാ കേന്ദ്രമാക്കാന്‍ ഒരു നിമിത്തമായി .

    ReplyDelete
  47. പ്രകൃതിയെ തൊട്ടറിഞ്ഞ്..

    ReplyDelete
  48. നാട്ടില്‍ പോയാല്‍ ഗവിയില്‍ പോകണം എന്ന് ഞാനും പറഞ്ഞിരുന്നല്ലോ ചെറുവാടി ...:)
    എന്തായാലും ഞങ്ങളുടെ നാടിന്റെ അടുത്ത് വരെ വന്നു ല്ലേ ...!
    പലതവണ പോയിട്ടുള്ള സ്ഥലം ആണ് ട്ടോ ...!
    അഞ്ചു വര്ഷം ആകുന്നെ ഉള്ളൂന്ന് തോന്നണു ആ വഴി ബസ്‌ പോകാന്‍ തുടങ്ങീട്ടു ...പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പലരും ബസ്സില്‍ കുമുളി വരെ പോയി തിരിച്ചു ആ ബസ്സില്‍ തന്നെ പത്തനംതിട്ടയില്‍ വരുന്ന പതിവുണ്ട് ...:))
    നല്ല മനോഹരമായ വിവരണം ...!

    ReplyDelete
  49. പ്രിയപ്പെട്ട മന്‍സൂര്‍,

    തിരിച്ചു പ്രവാസ ലോകത്തില്‍ എത്തിയപ്പോള്‍ തിരക്കില്‍ പെട്ടു.

    ഈ മനോഹരമായ സ്ഥലത്തിനു എങ്ങിനെ ഗവി എന്ന് പേര് കിട്ടി എന്ന് ചോദിച്ചില്ലേ?ഇതൊരു മലയാളി പേരല്ലല്ലോ.

    ഓര്‍ഡിനറി സിനിമാ ക്ലിപ്പിങ്ങ്സില്‍ ഈ സ്ഥലം കണ്ടിരുന്നു.

    ഈ മഴക്കാലം മുഴുവന്‍ മലകളുടെയും താഴ്വാരങ്ങളുടെയും ഭംഗി ആസ്വദിച്ചു നടക്കുകയാണോ?

    അപ്പോള്‍ കര്‍ക്കിടകം കഴിഞ്ഞു പൊന്നിന്‍ ചിങ്ങ മാസത്തില്‍ വീണ്ടും തിരക്കിലാകാം അല്ലെ?

    കാണാത്ത സ്ഥലങ്ങള്‍......ഭംഗിയുള്ള വിവരണത്തോടെ,ഫോട്ടോകളിലൂടെ കണ്മുന്‍പില്‍ കൊണ്ടുവന്നു തരുന്നതിനു ഒത്തിരി നന്ദി.

    ഈ പച്ചപ്പും, കുളിരും, മഴയും ഹൃദയത്തില്‍ നിറയുന്നു,ചങ്ങായി.

    മനോഹരമായൊരു ദിവസം ആശംസിച്ചു കൊണ്ടു,

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. ചിത്രങ്ങള്‍ ഏതോ യുറോപ്പ് നാടിനെ തോന്നിപ്പിക്കുന്നു .
      പക്ഷെ,പറഞ്ഞിട്ടെന്തു ഫലം ?അവര്‍ക്ക് പരിസ്ഥിതി ബോധമുണ്ട്..നമുക്കില്ലാതെ പോയതും അത് തന്നെ
      വിവരണം അതീവ ഹൃദ്യം..

      Delete
  50. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

    ReplyDelete
  51. എന്നാല്‍ പിന്നെ ഒന്ന് പോയിട്ട് തന്നെ ബാകി കാര്യത്തിലേക്ക് ഉള്ളു ...!!!!.ആന ചൂര് മണക്കുന്ന കാട്ടു വഴിയില്‍ വച്ച് ആന കുത്തി കൊന്നില്ല എങ്കില്‍ നമുക്ക് വീണ്ടും കാണാം ...

    ReplyDelete
  52. പ്രകൃതിയുടെ വശ്യത മുഴുവൻ ചിത്രീകരിക്കുന്ന എഴുത്തും ചിത്രങ്ങളും. മനോഹരം. നല്ല അനുഭവമായി ഈ പോസ്റ്റ്‌.

    ReplyDelete
  53. പ്രകൃതിയെ തൊട്ടറിഞ്ഞു, പ്രകൃതിയില്‍ ലയിച്ച്,
    മനസ്സില്‍ പച്ചപ്പു നിറക്കുന്ന സുഖകരമായ
    ഒരു വിവരണം.
    പറ്റുമെങ്കില്‍ അടുത്ത മാസത്തെ ലീവിനങ്ങോട്ട്
    തന്നെ പോവണം

    അഭിനന്ദനങ്ങള്‍ ചെറുവാടി :)

    ReplyDelete
  54. ഇതൊക്കെ കൊണ്ടാവാം കേരളത്തെ ദൈവത്തിന്‍റെ നാട് എന്ന് വിശേഷിപ്പിക്കുന്നത് ,,ഗവിയിലെ പാരിസ്ഥിതിക പ്രശങ്ങളെ പ്പറ്റി ഈയടുത്ത് ഏഷ്യാനെറ്റില്‍ കണ്ടിരുന്നു ,,,
    ( പഹയാ നിങ്ങളെ വെക്കേഷന്‍ തീരാരായില്ലേ? ..അസൂയ കുശുമ്പ് കൊണ്ട് ചോദിച്ചു പോയതാ ..)

    ReplyDelete
  55. പ്രകൃതി രമണീയമായ ഗവി ഒരു സിനിമയില്‍ കണ്ടതോര്‍ക്കുന്നു. വിവരണം നന്നായി മന്‍സൂര്‍ .

    ReplyDelete
  56. ഗവി മനോഹരം.ചെറുവാടിയുടെ വിവരണം അതി മനോഹരം........

    ReplyDelete
  57. Thnx everybody. now time for a break. my heart felt thanx to all for the support you are given towards. hope we can meet soon. Insha Allah. keep in your prayers.

    ReplyDelete
  58. ചിത്രങ്ങള്‍ കുറച്ച് കൂടി ഉള്‍പ്പെടുത്താമായിരുന്നു. ചരിത്രത്തൊടു കൂടിയുള്ള വിവരണം പ്രശംസനീയം തന്നെ.

    ReplyDelete
  59. കോട്ടയം വരെ ട്രെയിനിലും അവിടന്ന് എരുമേലി കുമളി കാഞ്ഞിരപ്പള്ളി വഴി ഗവിയിലേക്ക് എത്തിപ്പെടുന്നതുമാണ് ഞങ്ങളുടെ യാത്രാ പരിപാടി, മന്‍സൂര്‍ എന്തിനു നിങ്ങള്‍ കുമളി യില്‍ നിന്നും കാഞ്ഞിരപ്പള്ളിക്ക് പോയി ??, കുമളി യില്‍ നിന്നും നേരെ വണ്ടി പെരിയാര്‍ , കക്കികവല വഴി ഗവിയിലേക്ക് പോകാമായിരുന്നു വല്ലോ ? കുമളി - ഗവി 35KM ഉള്ളു , നിങ്ങള്‍ ഗവി എന്ന ചെറിയ പ്രദേശം സന്ദര്‍ശിചില്ലേ?? ഓര്‍ഡിനറി എന്ന സിനിമ ഗവി ഹിറ്റ് ആക്കിയന്കിലും സിനിമയില്‍ കാണിക്കുന്ന പല ഭാഗങ്ങളും ഗവിയില്‍ ഉള്ളതല്ല , മന്‍സൂറിന്റെ വാക്കുകളിലെ മനോഹാരിത ഗവിയെ, ഓര്‍ഡിനറി യെക്കാള്‍ ഹിറ്റ് ആക്കി ..

    ReplyDelete
  60. അപ്പോള്‍ ഗവി എന്നാല്‍ കുട്ടിക്കാനം ആണല്ലേ....സിനിമയില്‍ ....

    ReplyDelete
  61. ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

    ReplyDelete
  62. ഓര്‍ഡിനറി എന്നാ സിനിമ കണ്ടപ്പോ ഒരാഗ്രഹം തോന്നിയതാണ് ഗവിയിലോന്നു പോകണം എന്ന് ..
    ഇപ്പൊ ഗവിയെ കുരിചോരുപാടരിയുകയും ചെയ്തിരിക്കുന്നു.... നല്ല വിവരണം ഇക്ക....
    പതിവുപോലെ പാതി കഥ പറയുന്ന ചിത്രങ്ങളും മനോഹരമാക്കിയ എഴുത്ത്........ ആശംസകള്‍.....

    ReplyDelete
  63. 'ഓർഡിനറി'യിലൂടെ ഗവി വല്ലാതെ മോഹിപ്പിച്ചിരുന്നു....
    ഈ വിർച്വൽ യാത്രകൂടി ആയപ്പോൾ ഗവി ഒരു ലഹരിയാകുന്നു, വനലഹരി..
    നന്ദി...

    ReplyDelete
  64. ഗവിയുടെ ചാരുത വരച്ചിട്ടിരിയ്ക്കുന്നു വരികളിൽ. ഗവി കാണാതെ കണ്ട പ്രതീതി. ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങൾ.

    ReplyDelete
  65. ഇഷ്ടപ്പെട്ടു

    ReplyDelete
  66. നന്നായിട്ടുണ്ട് . നിക്കും ഒരിസം പോണം

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....