Tuesday, February 19, 2013

അമ്മമനസ്സ്



ഒരു പ്രിയ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു .
"കഞ്ഞിയും മാങ്ങയച്ചാറും "
ഇതും പറഞ്ഞാണ് അവര്‍ സംസാരം തുടങ്ങിയത് തന്നെ . ഉടനെ ഞാന്‍ പറഞ്ഞു " സ്നേഹത്തിന്‍റെ ഭക്ഷണമാണത് " .
കഞ്ഞി ഒരിക്കലും എനിക്കൊരു ഇഷ്ടഭക്ഷണം ആയിരുന്നില്ല. പിന്നെങ്ങിനെ അതിനെ സ്നേഹം എന്ന് വിളിക്കാന്‍ പറ്റും.
ഗൃഹാതുരത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നൊരു ഓര്‍മ്മയാണത് . കുഞ്ഞു നാളുകളിലൊക്കെ അസുഖം പിടിക്കുമ്പോള്‍ ഉമ്മ ഉണ്ടാക്കി തരുന്ന പൊടിയരിക്കഞ്ഞി. സ്നേഹത്തിന്‍റെ പാചക കൂട്ടാണത് . ഉപ്പിന് പകരം അമ്മയുടെ കണ്ണീരാണോ ചേര്‍ത്തത് എന്ന് തോന്നിപോകില്ലേ ചിലസമയത്ത് .
വേണ്ടെന്ന് പറയുമ്പോഴും വാത്സല്യത്തില്‍ മുക്കി ഒരു കവിള്‍ കൂടി തരുമ്പോള്‍ അമ്മിഞ്ഞ പാലിന്‍റെ രുചിയായിരിക്കും അതിന് . ഇന്നും അങ്ങിനെ ഒരവസ്ഥ വന്നാല്‍ ഉമ്മ തന്നെ കഞ്ഞി ഉണ്ടാക്കി തരണമെന്ന് ഞാന്‍ വാശിപിടിക്കാറുണ്ട് . ആ സ്നേഹത്തേക്കാള്‍ നല്ലൊരു മരുന്നില്ലെന്ന തിരിച്ചറിവ് മാത്രമല്ലത് .

അമ്മ , സ്നേഹം എന്നീ രണ്ട് ഘടകങ്ങളെ ചേര്‍ത്തൊരു കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ ചില യാഥാര്‍ത്യ ചിത്രങ്ങള്‍ പകര്‍ത്താനാണ് എനിക്കിഷ്ടം. നാട്ടില്‍ സ്ഥിരമായി ബസാറിലേക്ക് പോകുമ്പോള്‍ കാണുന്നൊരു കാഴ്ച്ചയുണ്ട് . മദ്രസ്സയുടെയും സ്കൂളിന്‍റെയും ഇടവേളകളില്‍ തന്‍റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ഒരമ്മ . എനിക്കറിയാം അവരെ. വളരെ ദൂരെ നിന്നാണ് അവര്‍ നടന്ന് വരുന്നത് . ഒട്ടും ആകര്‍ഷകമല്ല അവരുടെ മുഖം. പക്ഷെ ആ പെണ്‍കുട്ടി കുസൃതിയോടെ ഭക്ഷണം കഴിക്കുമ്പോള്‍ ആ അമ്മയുടെ മുഖത്ത് കാണുന്നൊരു സന്തോഷമുണ്ട്. ആ സമയത്ത് ഒരു മാലാഖയുടെ മുഖമാണ് ആ അമ്മക്ക് . സ്നേഹമാണ് സൗന്ദര്യമെങ്കില്‍ ആ സമയം ലോകത്തിലെ ഏറ്റവും വലിയ സുന്ദരി അവരായിരിക്കണം. എന്തോ എന്‍റെ ദിവസങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകളിലൊന്നായി തോന്നാറുണ്ട് ഇത്.

കവി പവിത്രന്‍ തീക്കുനി എഴുതിയ ഒരു അനുഭവകുറിപ്പ് ഓര്‍മ്മ വരുന്നു. ജീവിതം ചോദ്യചിഹ്നമായപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു . അദ്ദേഹവും ഭാര്യയും മകളും റെയില്‍വേ ട്രാക്കില്‍ കുറുകെ കിടക്കുകയാണ് . അകലെ മരണത്തിന്‍റെ ചൂളം വിളി കേള്‍ക്കുന്നു. ഉരുക്ക് പാളങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മരണവും പാഞ്ഞടുക്കുകയാണ് . അപ്പോഴാണ്‌ മകള്‍ പറയുന്നത് " അമ്മേ വെള്ളം കുടിക്കണം " എന്ന്. നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തെ പുല്‍കാം . പക്ഷെ ദാഹിക്കുന്ന ആ കുഞ്ഞിന്‍റെ കരച്ചില്‍ അവഗണിക്കാന്‍ അവര്‍ക്ക് പറ്റുമായിരുന്നില്ല . കുഞ്ഞിനേയും എടുത്ത് തിരിഞ്ഞോടിയത് ജീവിതത്തിലേക്കായിരുന്നു. മകളുടെ ദാഹം അറിഞ്ഞ സ്നേഹത്തിന്‍റെ മനസ്സിന് ആ മകള്‍ തിരിച്ചു നല്‍കിയത് അവരുടെ ജീവിതമാണ്. ഇത് വായിച്ചപ്പോള്‍.... ഏത് നിരീശ്വരവാദിപോലും ദൈവത്തെ ഓര്‍ത്തുപോയിരിക്കും . മാധ്യമം വാരികയില്‍ ആണെന്ന് തോന്നുന്നു ഈ അനുഭവം വായിച്ചത് . വാരിക ഏതായാലും അതിന്‍റെ പേജുകള്‍ എന്‍റെ കണ്ണുനീര്‍ വീണ് നനഞ്ഞിരുന്നു എന്നുറപ്പ്.

മറ്റൊരു ഓര്‍മ്മകുറിപ്പ് കൂടി ഓര്‍മ്മയില്‍ വരുന്നു. അതാര് എഴുതിയത് എന്നോര്‍ക്കാനെ പറ്റുന്നില്ല. പക്ഷെ ആ അമ്മ എന്‍റെ മനസ്സില്‍ വല്ലാതെ പതിഞ്ഞു കിടക്കുന്നുണ്ട്. സ്കൂളില്‍ ഫീസ്‌ അടക്കാതെ പുറത്താക്കുന്നതിന്‍റെ അന്ന് ക്ലാസിന്‍റെ ജനലിലൂടെ അമ്മയുടെ മുഖം കാണാം. പാടത്തെ ചേറും ചെളിയും പുരണ്ട് ചുരുട്ടി പിടിച്ച നോട്ടുകള്‍ കയ്യിലും. അപ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എന്‍റെ അമ്മക്ക് എന്ന്‌ അനുസ്മരിച്ച ആ സ്നേഹമുള്ള മകന്‍ ആരായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലല്ലോ.


ഇനി നമ്മള്‍ തിരിച്ചു നല്‍കുന്നതോ..? തിരസ്കരിക്കപ്പെടുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുന്നു എന്ന് വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത കാലത്ത് ഒരു വൃദ്ധസദനത്തില്‍ നടന്ന ടി.വി ഷോ ഓര്‍മ്മ വരുന്നു. എല്ലാവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍. .. പക്ഷെ അതിലൊരാള്‍ പോലും സ്വന്തം മക്കളെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല എന്നത്. ആരെങ്കിലും കാണാന്‍ വന്നിരുന്നോ അമ്മയെ എന്ന ചോദ്യത്തിന് ഒരമ്മ നല്‍കിയ മറുപടി കേള്‍ക്കൂ.."ആറ് മാസമായി വീട്ടില്‍ നിന്നാരെങ്കിലും വന്നിട്ട്. മകന്‍ കൊണ്ടാക്കിയതാണ് ഇവിടെ. അവന്‍ തിരക്കിലാവും." പക്ഷെ ഒരാഘോഷ ദിവസം പോലും മാറ്റിനിര്‍ത്താന്‍ മാത്രം, ജന്മം നല്‍കി എന്നതിലപ്പുറം എന്ത് തെറ്റാണ് ഈ അമ്മ ചെയ്തത്? എന്തൊരു ചൈതന്യമാണ് ഈ അമ്മയുടെ മുഖത്ത്. വെറ്റില ചെല്ലവും പാല്‍പുഞ്ചിരിയുമായി ഇങ്ങിനെ ഒരമ്മ വീടിന്‍റെ പൂമുഖത്ത്‌ ഇരിക്കുന്നത് സ്വപ്നം കണ്ടാല്‍ തന്നെ കിട്ടും പുണ്യം. സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? മറ്റൊരമ്മയുടെ സങ്കടം കേള്‍ക്കൂ. " തൊണ്ണൂറ്റി നാലില്‍ വന്നതാ ഇവിടെ. സമ്പത്തെല്ലാം അവര്‍ അടിച്ചുമാറ്റി. ബന്ധുക്കള്‍ കുറേയുണ്ട്. പക്ഷെ ആരും വരാറില്ല. " നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ ഈ അഗതിമന്ദിരത്തില്‍ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ അമ്മ. ഇക്കാലമത്രയും ഈ അമ്മ സഹിച്ച സങ്കടത്തിന്‍റെ പാപമുണ്ടല്ലോ, ഇനിയിരൊരു പത്ത്‌ ജന്മം ഏത് രൂപത്തില്‍ ജനിച്ചു മരിച്ചാലും കിട്ടില്ല പാപമോക്ഷം.

ഇനിയുമുണ്ടിവിടെ അശരണരുടെ രോദനം. മകനും മകളും തിരിഞ്ഞു നോക്കാത്തവര്‍, അല്ലെങ്കില്‍ അവരുടെ അവഗണനയില്‍ മടുത്ത്‌ സ്വയം മാറി കൊടുത്തവര്‍ . ഇവരീ അഭയകേന്ദ്രങ്ങളില്‍ സന്തുഷ്ടരാവാം. പക്ഷെ, ഇതാണോ ഇവരര്‍ഹിക്കുന്നത്..? സ്വന്തം മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട ‍, മക്കളെയും പേരമക്കളേയും കളിപ്പിചിരിക്കേണ്ട ഈ പ്രായത്തില്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ഇവരെ തെരുവിലെറിഞ്ഞവരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ എനിക്കറപ്പുണ്ട്. മാതൃത്വത്തിന്‍റെ വിലയറിയാത്ത ഈ നാല്‍കാലി ജന്മങ്ങളുടെ ജീവിതം, അവര്‍ക്കുള്ള വിധി , അതിവിടെ തന്നെ അനുഭവിച്ചു തീരണേ എന്നൊരു പ്രാര്‍ത്ഥന കൂടിയുണ്ട് .

(സാന്ദര്‍ഭികമായി പഴയൊരു പോസ്റ്റിന്‍റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്)
(ചിത്രം ഗൂഗിളില്‍ നിന്നും )

49 comments:

  1. മന്‍സൂര്‍,

    ഒന്നും പറയാതെ പോകാമെന്ന് കരുതി.
    പക്ഷെ.................
    അമ്മ,മാതൃത്വം,എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കെന്നും സങ്കടാണ്.
    അത് തന്നെ ഇത് വായിച്ചപ്പോഴും.
    മന്‍സൂര്‍ എന്നും കണ്ടു കൊണ്ടിരുന്ന കാഴ്ചയും, അനുഭവക്കുറിപ്പും,സ്നേഹമുള്ള മകന്‍റെ ആ ഓര്‍മ്മയും എല്ലാം വാക്കുകള്‍ക്കുമപ്പുറം.

    ഇഷ്ടമായി ഇതെല്ലാം ഓര്‍ത്തു ഭംഗിയായി എഴുതി വെച്ചത്.

    ReplyDelete
  2. അമ്മ = സ്നേഹം.
    കൂടുതല്‍ ഒന്നും പറയുന്നില്ല.
    വ്യക്തിപരമായി എല്ലാവര്‍ക്കും ഓര്‍മ്മകള്‍ ഉണ്ടാവും.
    ചിലരെ അത് വേദനിപ്പിക്കുകയും ചെയ്യും,
    ചിലര്‍ക്ക് ഒന്നിനും കഴിയാതെ പോവുമ്പോഴും...

    ReplyDelete
  3. A different post from your recent ones.

    ReplyDelete
  4. എത്ര പറഞ്ഞാലും തീരാത്ത വിവരണങ്ങളായാണ് അമ്മയുടെ മഹത്വങ്ങള്‍ തുടരുക.എല്ലാ വേദങ്ങളിലും അതിനെ ഊട്ടിയുറപ്പിക്കുന്ന എന്തെല്ലാം വചനങ്ങള്‍ .എത്ര തിരിച്ചുകൊടുത്താലും പലിശയിലേക്ക് പോലും തികയാതെ ഒരു സ്നേഹപ്രപഞ്ചത്തിനു മുന്നില്‍ കടക്കാരനായിപ്പോകുന്ന ഒരവസ്ഥ..

    ReplyDelete
  5. വാര്‍ധക്യം എല്ലാര്‍ക്കും ഉണ്ടല്ലോ....

    ReplyDelete
  6. ഹൃദ്യം, മനോഹരം. കണ്ണുകളെ ഈറനണിയിക്കാന്‍ മാത്രം വികാരഭരിതം!

    ReplyDelete
  7. Good one.
    അമ്മക്ക് പകരം അമ്മ മാത്രം. ഞാന്‍ എന്നും ഓര്‍ക്കുന്നത് പി. കേശവദേവിന്റെ (ഓടയില്‍ നിന്ന്) ഈ വാക്കുകളാണ്: ഏതു തെറ്റിനും മാപ്പ് കൊടുക്കുന്ന ഒരു കോടതി ഉണ്ട് - അതാണ്‌ മാതൃ ഹൃദയം.
    അമ്മയെപ്പറ്റി എഴുതിയ എന്റെ ഈ കവിത ഒന്ന് നോക്കുമല്ലോ:
    http://drpmalankot0.blogspot.com/2012/12/blog-post_25.html

    ReplyDelete
  8. " അമ്മ " എന്ന വാക്ക് പൊലും പുണ്യം പേറുന്നു .........
    മനസ്സൊന്നിടറിയാല്‍ ആദ്യം വിളിക്കുക അമ്മയേ ആകും ....
    മനം പുരണ്ടാല്‍ ആ മണമൊന്നു കിട്ടണം
    അമ്മയുടെ ഓരം പറ്റി കിടക്കണം , ആ കൈത്തലം
    കൊണ്ടൊന്നു തടവണം .. ഇന്നും പരാതിയാ ഭാര്യക്ക് മനസ്സില്‍ :)
    സത്യം പറയുകയാണേല്‍ ലോകത്ത് എവിടെന്നൊക്കെ
    ഭക്ഷണം കഴിച്ചാലും അമ്മയുടെ കൈപുണ്യം എനിക്കെവിടെന്നും-
    നാവില്‍ കിട്ടിയിട്ടില്ല , ഇന്നും ഒരു അമ്മകുട്ടിയും , അമ്മ കൊതിയനുമാണ് ഞാന്‍ ..!
    പനി വരുമ്പൊള്‍ അമ്മയുടെ കഞ്ഞിയുടെയും , ചുട്ട തേങ്ങയിലേ ചമ്മന്തിയുടെ രുചീ
    ദേ ഇപ്പൊള്‍ നാവില്‍ കപ്പലൊടുന്നു .....
    ചിലപ്പൊള്‍ അമ്മയേ പൊലെ കാലം ചിലരെ തരും ..
    അമ്മയേക്കാള്‍ അവര്‍ നമ്മേ സ്നെഹവും വാല്‍സല്യവും കൊണ്ട് പൊതിയും
    അമ്മയോളം ചേര്‍ത്തു നിര്‍ത്തും , മനസ്സില്‍ നിറയും ..................
    വൃദ്ധസദനങ്ങള്‍ പെരുകുന്നത് , അണു കുടുംബങ്ങളിലേക്കുള്ള വ്യഗ്രതയാണ് ..
    കണ്ടു വളരുന്ന ഒരു തലമുറ ഉണ്ട് , അവര്‍ തിരികേ കൊടുക്കുമ്പൊള്‍
    മനസ്സിലാകും ഒഴിവക്കുപെടുന്നതിന്റെ , ഒറ്റക്കാവുന്നതിന്റെ വ്യാപ്തീ ..
    ഒന്നു തൊട്ടു മനസ്സില്‍ .. മന്‍സൂ ..

    ReplyDelete
  9. മന്‍സൂര്‍,

    കഴിഞ്ഞ പോസ്റ്റ്നു ഒരു അഭിപ്രായം എഴുതി തുടങ്ങിയതാണ്‌.
    പക്ഷെ എന്തോ അത് അതില്‍ ചേര്‍ക്കാന്‍ പറ്റിയില്ല.
    മുകളില്‍ ആരോ പറഞ്ഞ പോലെ അവസാന പോസ്റ്റുകളില്‍ നിന്നെല്ലാം വ്യത്യാസമായി ഇത്.
    നൂറില്‍ എത്തിയപ്പോള്‍ ഇടവേള എന്നൊക്കെ പറഞ്ഞിട്ട് ചെഗുവേരയേം ടിപ്പു സുല്‍ത്താനേം പറ്റി പറഞ്ഞോണ്ട് മയിലുകള്‍ സവാരിക്കിറങ്ങിയ ചെരുവിലൂടെ നടത്തിച്ചിട്ട് ഒടുവില്‍ അമ്മേടെ അടുത്തേക്ക് എത്തിച്ചു അല്ലെ???

    മാലാഖ പോലെയുള്ള അമ്മ മുഖം ആ ഭാഗം ഏറെ നന്നായി.
    ഒരുപാട് ഫീല്‍ ചെയ്തു.
    കഴിഞ്ഞ പോസ്റ്റ്‌ ലെ ടിപ്പു സുല്‍ത്താനില്‍ നിന്നും മരുഭൂമിയിലേക്ക് എത്തിയ ആ ഭാഗവും ഏറെ ഇഷ്ടമായി.
    മന്‍സൂര്‍ ന്‍റെ എഴുത്തിന്‍റെ ഭംഗി അവിടെയൊക്കെ ശരിക്കും അനുഭവമാകുന്നു കേട്ടോ.

    നന്നായി മന്‍സൂര്‍.
    ഇതും കഴിഞ്ഞ രണ്ടു പോസ്റ്റുകളും.
    എനിക്കൊരുപാട് ഇഷ്ടമായി.
    നീണ്ട ഇടവേളകള്‍ ഇല്ലാതെ ഒന്നില്‍ നിന്നും ഏറെ വ്യത്യാസമായി ഇനിയുമിനിയും എഴുതൂ ഒരുപാട്.
    എല്ലാ നന്മകളും നല്‍കട്ടെ ഈശ്വരന്‍.

    ReplyDelete
  10. നന്നായെഴുതി, മാഷേ.

    അമ്മ! പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്റെ ഉറവിടം...

    ReplyDelete
  11. വൃദ്ധര്‍ രണ്ടു പ്രാവശ്യം കുട്ടികളാണ് എന്നാണു വയ്പ്പ്. അവരെ കുട്ടികളെ പോലെ തന്നെ കൈകാര്യം ചെയ്യാന്‍ നാം മറന്നുപോവുന്നു

    ReplyDelete
  12. അമ്മയുടെ സ്നേഹം.......
    മനോഹരമായിരിക്കുന്നു ഈ എഴുത്ത്
    ആശംസകള്‍

    ReplyDelete
  13. വ്യത്യസ്ഥത ഉണ്ട്. ടൈപ്പാവാതെ എഴുതാൻ കഴിയുക എന്നതാനു എഴുത്തുകാരന്റെ വിജയം. ആശംസകൾ.

    പക്ഷെ കഞ്ഞി എനിക്കിഷ്ടല്ല. പനിച്ച് തുള്ളിയാലും കഞ്ഞീന്നു കേട്ടാൽ ഞാൻ ഓടിക്കളയും..

    ReplyDelete
  14. കാച്ചിക്കുറുക്കി ഏതൊക്കെയോ മുക്കിലും മൂലയിലും മാത്രമായി അവശേഷിച്ചിരിക്കയാണ് സ്നേഹം, മരുഭൂമിയിലെ പച്ചപ്പുപോലെ....
    ഓരോന്നും കാണുമ്പോഴും കേള്‍ക്കുമ്പോഴും എന്തു പറ്റി ഈ ലോകത്തിന് എന്നോര്‍ത്ത് നെടുവീര്‍പ്പിടാനല്ലാതെ....

    ReplyDelete
  15. അമ്മയെന്ന രണ്ടക്ഷരം
    അമ്പലമൊരു പൊന്നമ്പലം

    ReplyDelete
  16. ഏതു അക്ഷരങ്ങള്‍ കൊണ്ട് എഴുതിയാല്‍ ആണ് അമ്മയെ കുറിച്ച് തീരുക കഴിയില്ല എത്ര എഴുതിയാലും ... അക്ഷരങ്ങള്‍ കണ്ണ് നനയിപ്പിച്ചു കേട്ടോ അതിനു കാരണമുണ്ട് വേര്‍പാടുകളുടെ തീവ്രത മനസ്സുകള്‍ വായനയില്‍ പോലും കണ്ണ് നിറയും ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി

    ReplyDelete


  17. ഗൃഹാതുരത്വവുമായി ബന്ധപ്പെട്ടു
    കിടക്കുന്നൊരു ഓര്‍മ്മയാണത് ...
    കുഞ്ഞു നാളുകളിലൊക്കെ അസുഖം പിടിക്കുമ്പോള്‍
    ഉമ്മ ഉണ്ടാക്കി തരുന്ന പൊടിയരിക്കഞ്ഞി. സ്നേഹത്തിന്‍റെ
    പാചക കൂട്ടാണത് . ഉപ്പിന് പകരം അമ്മയുടെ കണ്ണീരാണോ
    ചേര്‍ത്തത് എന്ന് തോന്നിപോകില്ലേ ചിലസമയത്ത് ....
    ചിലസയത്ത് മാത്രമല്ല എന്നും എപ്പോഴും ഇതുപോൽ പലപ്പോഴും
    അമ്മ മനസ്സിനെ നാമെല്ലാം അടുത്തറിഞ്ഞുകൊണ്ടിരിക്കും..

    ഒപ്പം കവി പവിത്രന്റെ അനുഭവകുറിപ്പ് ..ശരിക്കും ഒരനുഭവമായി മറി കേട്ടൊ ഭായ്

    ReplyDelete
  18. പ്രിയ മന്സു

    രാവിലെ ഇത് വായിച്ചിട്ട് ആകെ ഒരു വിഷമം...
    എനിക്കെന്റെ അമ്മേനെ കാണാന്‍ തോന്നണു....:(

    ReplyDelete
  19. കഞ്ഞി എന്തുകൊണ്ടോ എനിക്ക് തീരെ ഇഷ്ടമല്ല - ഉമ്മയെ ക്കുറിച്ച് ഓര്‍മ്മകള്‍ രാവിലെ തന്നെ ഉണര്‍ന്നു ..നന്ദി .

    ReplyDelete
  20. അമ്മയ്ക്ക് പകരം അമ്മ മാത്രം ...
    നല്ല പോസ്റ്റ്‌ മന്‍സൂര്‍

    ReplyDelete
  21. മാനവ രാശിയുടെ ചുണ്ടിലെ എറ്റവും മധുരമുള്ള പദമാകുന്നു അമ്മ. അത് സ്നേഹവും വാത്സല്യവും പ്രതീക്ഷയും കൊണ്ട് നമ്മെ നിര്ഭായമാക്കുന്ന പദം..
    അക്ഷരങ്ങളെ ആറ്റിക്കുറുക്കിയ രചന

    ReplyDelete
  22. മനോഹരമായി ഹൃദയസ്പര്‍ശിയായി എഴുതി....

    ReplyDelete
  23. മനോഹരമായ സത്യം , ഉള്ളില്‍ തട്ടിയെഴുതി..

    ReplyDelete
  24. മന്‍സൂര്‍,

    ഉള്ളില്‍ തട്ടി എഴുതിയ നഗ്ന സത്യങ്ങള്‍. സ്വന്തം മാതാപിതാക്കളെ പൊങ്ങച്ചത്തിന്റെ പേരില്‍ ഒഴിവാക്കപെടുന്ന പ്രവണത നമ്മുടെയിടയില്‍ കൂടി കൂടി വരുന്നു.

    ഒരൊറ്റ മകന്‍ ആണെങ്കിലും പുതിയ വീട്ടിലേക്കു അവന്‍ താമസം മാറ്റുമ്പോള്‍ മാതാപിതാക്കളെ തനിച്ചു പഴയ വീട്ടില്‍ താമസിപ്പുന്ന ഒരു പാട് പേരെ നേരിട്ടറിയാം.
    എല്ലാവരും ഒരു കാലത്ത് പഴുത്തയിലായായി മാറുന്നതാണ്.

    ആശംസകളോടെ.

    ReplyDelete
  25. അമ്മ, ഒരിക്കലും വറ്റാത്ത സ്നേഹക്കടല്‍. , ഈ കുറിപ്പും പതിവ് പോലെ ഹൃദ്യമായി.

    സസ്നേഹം

    കവി പവിത്രന്‍ തീക്കുനിയുടെ അനുഭവക്കുറിപ്പ് ശരിക്കും ഞെട്ടിചു.

    ReplyDelete
  26. പ്രിയപ്പെട്ട മന്‍സൂര്‍ ,

    സ്നേഹം പെരുമഴയായി പെയ്യുന്നതാണ് അമ്മയുടെ ദിവ്യ സാമീപ്യം.ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത്.കണ്ണിലെ തിളക്കം നഷ്ട്ടപ്പെട്ടാല്‍,മുഖമൊന്നു വാടിയാല്‍,മനസ്സ് തളര്‍ന്നാല്‍ അമ്മയാണ് ആദ്യം അറിയുക.സ്നേഹം നിറഞ്ഞ രക്ഷിതാക്കള്‍ തരുന്ന സുരക്ഷാ ബോധം മഹനീയം.

    പവിത്രന്റെ ജീവിതാനുഭവം ഏറെ ഹൃദയസ്പര്‍ശിയായി.

    മൂല്യങ്ങള്‍ അറിയാതെ പോകുന്ന ഇന്നത്തെ തലമുറ,നേര്‍വഴിക്കു തിരിച്ചു വരും.അവിടെ അമ്മയും അച്ഛനും കണ്കണ്ട ദൈവമായി മാറും.

    എന്തേ,ഇപ്പോള്‍ ഉമ്മയെ ഓര്‍ക്കാന്‍?അസുഖമൊന്നുമില്ലല്ലൊ,ചങ്ങായി?

    പകരം വെക്കാനില്ലാത്ത സ്നേഹം,അമ്മയുടെ സ്നേഹം തന്നെ.

    എല്ലാ അമ്മമാരുടെയും അനുഗ്രഹം ലഭിക്കട്ടെ.......ഈ പോസ്റ്റിനു.അമ്മയെ മറന്ന ഒരു മകനോ മകളോ,ഇത് വായിച്ചു നന്നാകട്ടെ.

    അഭിനന്ദനങ്ങള്‍,ചെറുവാടിക്കാരാ !

    സസ്നേഹം,

    അനു

    ReplyDelete
  27. മാതാവിനെ നഷ്ടപ്പെട്ടവന്റെ മനസ്സിന്റെ മുറിവിൽ/വേദനയിൽ ഈ കുറിപ്പ് ഉപ്പ് പുരട്ടി.

    ReplyDelete
  28. amma....enthaa mansoor
    parayuka..!!

    ReplyDelete
  29. നന്നായിരിക്കുന്നു മന്‍സൂര്‍..
    ആശംസകള്‍

    ReplyDelete
  30. വയസ്സായവരെ ഇക്കാലത്ത് ആര്‍ക്കും വേണ്ട മന്‍സൂര്‍....ഈ ലിങ്ക് നോക്കുക
    http://rosdarppanam.blogspot.in/2013/02/blog-post.html



    "സ്കൂളില്‍ ഫീസ്‌ അടക്കാതെ പുറത്താക്കുന്നതിന്‍റെ അന്ന് ക്ലാസിന്‍റെ ജനലിലൂടെ അമ്മയുടെ മുഖം കാണാം. പാടത്തെ ചേറും ചെളിയും പുരണ്ട് ചുരുട്ടി പിടിച്ച നോട്ടുകള്‍ കയ്യിലും. അപ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എന്‍റെ അമ്മക്ക്" ഇത് സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയിലെ ഡയലോഗാണ്.നടന്‍ സിദ്ദിക്ക് പറയുന്നത് .

    ReplyDelete
  31. അമ്മയില്ലെങ്കില്‍ ഞാനില്ല എന്ന ബോധം ഉള്ളില്‍ ഉള്ള ഏതൊരാള്‍ക്കും ആ സ്നേഹം ഉള്ളിലുണ്ടാകും
    പക്ഷെ ആ ബോധം ഇന്നെവിടെയാണ് നഷ്ടപ്പെടുന്നത് എന്നറിയില്ല
    നല്ല പോസ്റ്റ്‌
    നല്ല ചിന്തകള്‍

    ReplyDelete
  32. അമ്മ = സ്നേഹം , ആശ്വാസം , തണല്‍ , ആശ്രയം

    ReplyDelete


  33. മന്‍സൂര്‍ ഹൃദയസ്പര്‍ശി ആയി എഴുതി

    ReplyDelete
  34. രണ്ടു ദിവസമായി ചുരുട്ടിപിടിച്ച മുഷിഞ്ഞ നോട്ടുകളുമായി പടികടന്നു വരുന്ന അമ്മ എന്റെം ഉറക്കം കളയുന്നു . ഞാനുമത് വായിച്ചതാണ് . പക്ഷെ ആരുടെതാണ് എന്നോര്‍ക്കാന്‍ കഴിയുന്നില്ല . എന്തായാലും സന്തോഷം മന്‍സൂര്‍ ഈ കുറിപ്പ് വായിച്ചപ്പോള്‍ എന്തെന്നാല്‍ എന്റെ അമ്മ ഇപ്പോഴുമെന്റെ അരികിലുണ്ട് . കൂടാതെ ഞാനും ഒരമ്മയാണ് :)

    ReplyDelete
  35. വാക്കുകള്‍ കൊണ്ട് ഹൃദയത്തെ സ്പര്‍ശിച്ചു കളഞ്ഞു...
    അഭിനന്ദനങ്ങള്‍

    ReplyDelete
  36. എന്ത് പറയണമെന്ന് അറിയുന്നില്ല.

    ReplyDelete
  37. അമ്മയെക്കുറിച്ച് എന്ത് പറഞ്ഞാലും അധികമാകില്ല. ഇഷ്ടമായി ഈ എഴുത്ത്.
    ആദികാലം മുതല്‍ക്കീ പ്രപഞ്ചത്തിന്ന –
    സ്ഥിവാരം ആരിട്ടൂ മഹത്തരം
    ജീവരാശികളേതു ജഠരശ്രീ
    കോവിലിങ്കലുദിച്ചു ചൈതന്യമായ്
    കുമ്പിടുകയാ സ്നേഹമഹസ് തന്‍
    മുമ്പില്‍ ഭൂതല പ്രാണവായുക്കളെ
    അമ്മയേക്കാള്‍ ബൃഹത്താം അചലമോ
    ഇമ്മഹിയിങ്കലില്ലാ സമുദ്രവും
    സ്വര്ഗ്ഗ വും തല താഴ്ത്തുന്നു മാതൃത്വ
    സ്വച്ഛശോഭയ്ക്ക് മുന്നിലാത്താദരം
    ഇല്ല മര്ത്യലനു മാതൃജനത്തിന്
    തുല്യമായിട്ട് മറ്റൊരു ദൈവതം
    മുള്ള് കൊള്ളാതെ കല്ലില്‍ പതിക്കാതെ
    കൊള്ളചെയ്യാതെ രോഗങ്ങള്‍ ജീവനെ
    കണ്ണിലെണ്ണയൊഴിച്ചമ്മ മക്കളെ
    കാത്തുകൊള്ളുന്നു കാവല്‍ മാലാഖ പോല്‍
    തന്‍ കിടാവിന്റെ കണ്ണ് നനയുകില്‍
    നെഞ്ചുരുകുന്ന വാത്സല്യമേ തൊഴാം
    ആര് നോല്ക്കും നോയമ്പ്കള്‍ മക്കള്‍ക്കായ്
    അമ്പലങ്ങളില്‍ ചെയ്യുന്നിതര്‍ച്ചന
    കുന്തിരിക്കമാര്‍ പള്ളിനടകളില്‍
    സന്തതികള്‍ക്ക് വേണ്ടി പുകയ്ക്കുന്നു
    ആരനുഗ്രഹിച്ചാല്‍ ഉദിക്കും ശുഭ
    മജ്ജനനീക്കു ചെയ്ക നമസ്യകള്‍
    അപ്രമെയ വാത്സല്യ വാരിധി
    പാല്ക്കടല്‍ പോലെ മംഗളാദായകം"

    അമ്മയെക്കുറിച്ച് ഒരു കവിത ..എഴുതിയത് ആരെന്നറിയില്ല ..... സുന്ദരം.. ആരായാലും..

    ReplyDelete
  38. എന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റ് 'ഉമ്മ' യായിരുന്നു...

    പ്രായമായ മാതാപിതാക്കള്‍ ജീവിച്ചിരുന്നിട്ടും അവരെ പരിചരിച്ച് സ്വര്‍ഗ്ഗം സ്വായത്തമാക്കാന്‍ കഴിയാത്ത വനേക്കാള്‍ ദൌര്‍ഭാഗ്യവാന്‍ ആരുണ്ട്?, എന്ന പ്രവാചക തിരുമേനിയുടെ ഒരു വചനമുണ്ട്

    വേറെന്തു പറയാന്‍ !

    ReplyDelete
  39. ശ്രീമന്സൂ.ര്‍...താങ്കള്‍ അമ്മ മനസ്സാന് വര്‍-ണ്ണിച്ചതെങ്കിലും അകലെയുള്ളഎന്റെ് അമ്മായിയമ്മയെക്കാണാന്‍ പൂതിതോന്നുന്നു.സ്നേഹനിറകുടമായ,വിനയത്തിന്‍ മൂര്‍-ത്തീ ഭാവമായ,സാന്ത്വനപ്പുഞ്ചിരിപൊഴിക്കുന്ന,
    നന്മമാത്രംമൊഴിയുന്ന എത്ര വിവരിച്ചാലും മതിവരാത്ത ആ ഉമ്മയെപ്പോലെ ഒരുമ്മയാകുവാന്‍ എന്നും കൊതിച്ചുപോകും.............മനസ്സില്‍ അമ്മ നിറവും മിഴിയില്അമ്മ നനവും നല്കിയതിന് നന്ദി............

    ReplyDelete
  40. Poornamayi vayikkan sramichu, pattunnilla.....manasu vallathey yayippoyi.....
    http://www.youtube.com/watch?v=4mZ2AL_WZ-A

    ReplyDelete
  41. മൻസൂർ ഭായ്.....

    മാതാപിതാക്കളോടുള്ള സ്നേഹം പലപ്പോഴും കുറയുന്നു എന്നാണല്ലോ ഇത്തര ഓൾഡ് ഏജ് ഹോമുകളുടെ വിജയങ്ങൾ കാണിക്കുന്നത്...
    സ്നേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും , സൗകര്യം ഉണ്ടേങ്കിലും ഇല്ലെങ്കിലും അവരെ ഒരുമിച്ചു താമസിപ്പിക്കണമെങ്കിൽ അതിനു ചിലപ്പോ നമ്മിലുള്ള സ്നേഹം മാത്രം മതിയാവില്ല... അപ്പോഴാണു നമ്മെ എങ്ങിനെ സ്നേഹിക്കണം , എങ്ങിനെ ജീവിക്കണം എന്നു പഠിപ്പിക്കുന്ന മതങ്ങൾക്കുള്ള ശക്തി നമ്മൾ മനസ്സിലാക്കുന്നത്... ദൈവ വിശ്വാസമുള്ളവരാരും ഇങ്ങനെയൊക്കെ ചെയ്യുമെന്നു തൊന്നുന്നില്ല...

    സാധാരണ പോലെ തന്നെ മനസ്സിലേക്കിറങ്ങുന്ന അവതരണം... ആശംസകൾ...

    ReplyDelete
  42. പ്രിയ മന്‍സൂര്‍
    അമ്മയെ പോല്‍
    സ്നേഹംപോല്‍
    സുന്ദരം ഈ കുറിപ്പ്
    സസ്നേഹം
    അജിത

    ReplyDelete

  43. എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി

    ReplyDelete
  44. താങ്കൾ എത്ര ഭംഗിയായി എഴുതി. മഹാ പ്രപഞ്ചമായ അമ്മയെ കുറിച്ച് എത്ര എഴുതിയാലും വായിച്ചാലും മതിയാവില്ല . വളരെ മനോഹരമായി ഈ പോസ്റ്റ്‌.. ഫീസ്‌ അടയ്ക്കാൻ ചേർ പുരണ്ട നോട്ടുകളുമായി സ്കൂളിൽ എത്തുന്ന അമ്മയുടെ ലോകം കീഴടക്കിയ മനസ്സോർത്ത് ഉള്ള് നൊന്തു മൻസൂര്. ആശംസകൾ.

    ReplyDelete
  45. I have been surfing online more than 2 hours today, yet I
    never found any interesting article like yours. It's pretty worth enough for me. In my opinion, if all webmasters and bloggers made good content as you did, the internet will be much more useful than ever before.
    vhs to dvd recorder

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....