Saturday, May 4, 2013

പടിഞ്ഞാറേ മുന്നണിയില്‍ എല്ലാം ശാന്തമാണ്ഒരു യുദ്ധമുന്നണിയിലെ അനുഭവങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടോ ..? ഇല്ലെങ്കില്‍ അത്തരം ഒരനുഭവത്തിലേക്ക് ക്ഷണിക്കുന്ന ഒരു വായനയെ പരിചയപ്പെടുത്താം . എറിക് മറിയ റിമാര്‍ക്ക് എഴുതിയ “All quiet on the western front” എന്ന നോവല്‍ നല്‍കുന്നത് അത്തരം ഒരു കാഴ്ചയാണ് . ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളക്കാര്‍ അനുഭവിച്ച മാനസിക ശാരീരിക പീഡനത്തിന്‍റെ പാശ്ചാതലത്തില്‍ ആണ് കഥ തുടരുന്നത്. പോള്‍ ബൌമര്‍ എന്ന കഥാനായകനും ചൊഡന്‍, ക്രോപ്, മ്യൂളര്‍,ഹായ്, കുച് എന്നീ സുഹൃത്തുക്കള്‍ യുദ്ധമുന്നണിയില്‍ എത്തുന്നതും പിന്നെ അവരുടെ പോരാട്ടവും ആണ് നോവല്‍ പറയുന്നത്  . യുദ്ധം ഒരു പട്ടാളക്കാരന്‍റെ മാനസിക നിലയെ എത്രത്തോളം തകരാറിലാക്കുന്നു എന്ന് ഇതിലെ ഓരോ കഥാപാത്രവും നമ്മോട് പറയുന്നുണ്ട്. അതിജീവനത്തിന് വേണ്ടി എതിരാളിയെ വീഴ്ത്തുമ്പോഴും അവര്‍ക്കും കാണുമല്ലോ ഒരു കുടുംബം എന്നൊരു തോന്നല്‍ ഒരു നിമിഷം അവരെ തളര്‍ത്തുന്നുണ്ട്‌ . തൊട്ടടുത്ത നിമിഷം തലക്ക് മുകളിലൂടെ ചീറിപായുന്ന ഒരു ബുള്ളറ്റോ തൊട്ടു മുന്നില്‍ പറന്നു വീഴുന്ന ഒരു ഷെല്ലൊ അവരെ വീണ്ടും പോരാട്ടത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. അതോ ജീവിക്കണം എന്നാ വാശിയിലെക്കോ ..?. യുദ്ധത്തിനിടയില്‍ അവര്‍ ശത്രുപാളയത്തില്‍ കുടുങ്ങി പോകുന്നുണ്ട് , ഭക്ഷണം കിട്ടാതെ വലയുന്നുണ്ട് , ആക്രമണം കുറഞ്ഞ ഇടവേളകളില്‍ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് . സ്ത്രീകളുടെ കരവലയത്തില്‍ എല്ലാം മറന്ന് ചേരുന്നുമുണ്ട് . 
ഓരോ പട്ടാളക്കാരനും അവന്‍റെ കുടുംബം എന്ന വികാരം എത്രത്തോളം അവരെ തളര്‍ത്തുന്നു എന്ന് ഇതില്‍ വായിച്ചെടുക്കാം. മോര്‍ട്ടറുകള്‍ക്കും പീരങ്കികള്‍ക്കും ഇടയില്‍ അവര്‍ നടത്തുന്ന പോരാട്ടം. ട്രെഞ്ചുകളില്‍ നിന്നും ട്രെഞ്ചുകളിലെക്കുള്ള ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഓട്ടം , മാനസിക പിരിമുറക്കം കൂടി ഭ്രാന്താകുന്നവര്‍ , കൂട്ടുകാരുടെ ചിതറി തെറിച്ചു പോകുന്ന ശരീര ഭാഗങ്ങള്‍ നിര്‍വികാരതയോടെ നോക്കാനും ഒരു വേള അത് നോക്കി തമാശ പറയാനും അവര്‍ക്ക് പറ്റുന്നുണ്ട്. നമ്മള്‍ പരുക്കന്മാര്‍ ആകുന്നു എന്നൊരു ആത്മഗതവും കൂടെ ചേര്‍ക്കുന്നു.

യുദ്ധത്തിന്‍റെ വിജയത്തിനും പരാജയത്തിനും അപ്പുറം അതിന്‍റെ കെടുതികള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട് . അതുകൊണ്ടാവണം ഇറങ്ങിയ വർഷം  തന്നെ നാസി ഗവര്‍മെന്റ് ഇത് നിരോധിക്കാനും കാരണം. പക്ഷെ വിൽപനയിൽ  റിക്കോര്‍ഡ് തന്നെ എഴുതി ചേര്‍ത്തിട്ടുണ്ട് “All quiet on the western front” . ഇതേ പേരില്‍ ചിത്രം ഇറങ്ങി ഓസ്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. നോവല്‍ വായിക്കുമ്പോള്‍ നമ്മള്‍ അക്ഷരങ്ങളിലൂടെയല്ല ഒരു യുദ്ധമുന്നണിയില്‍ ആണ് എന്നൊരു പ്രതീതി വാനയില്‍ ഉടനീളം സാധ്യമാക്കുന്നു എന്നതാണ് ഇതിന്‍റെ വിജയം. ഇരുപത് വയസ്സ് പോലും തികയാത്ത പോള്‍., ചോഡന്‍ ,ക്രോപ് , ഹായ് , കിച് തുടങ്ങിയ കുട്ടി പട്ടാളക്കാര്‍ നമ്മുടെ കൂട്ടുകാരാ വും. അവരുടെ മറ്റൊരു കൂട്ടുകാരന്‍ കിര്‍മിഷിന്‍റെ കാലുകള്‍ മുറിച്ചു മാറ്റുന്നതും പിന്നെ പതിയെ മരിക്കുന്നതും നമ്മെ വിഷമിപ്പിക്കും. അവന്‍റെ അമ്മയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നോര്‍ത്ത് വിഷമിക്കുന്ന പോളിന്‍റെ സംഘര്‍ഷം നമ്മുടേത്‌ കൂടിയാവും. വേദനയില്ലാതെ പെട്ടൊന്ന് മരിച്ചില്ലേ എന്‍റെ മോന്‍ എന്ന് ചോദിച്ച് കരയുന്ന കിരമിഷിന്‍റെ അമ്മ നമ്മുടെ കണ്ണും നനയിക്കും. അവസാനം കിച് എന്ന സുഹൃത്തും തോളില്‍ കിടന്ന് കൊണ്ട് മരിച്ചതും അറിയാതെ മെഡിക്കല്‍ ഷെല്‍ട്ടര്‍ തേടി നീങ്ങുന്ന പോള്‍ , അവന്‍ ഈ കഥപറയാന്‍ ബാക്കിയാവുന്നു. മനസ്സിനെ ഉലച്ചു ഈ വായന. അതിപ്പോഴും ആ യുദ്ധമുന്നണിയില്‍ തന്നെ കറങ്ങി തിരിയുകയാണ് .
“പടിഞ്ഞാറേ മുന്നണിയില്‍ എല്ലാം ശാന്തമാണ്”.
ഡി സി ബുക്സ്5 comments:

 1. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.
  പുസ്തകം വാങ്ങി വായിക്കണം.
  ആശംസകള്‍

  ReplyDelete
 2. വായിയ്ക്കുന്നതിനെക്കാള്‍ യുദ്ധചിത്രങ്ങള്‍ കാണുകയാണെന്റെ ഹോബി
  കുറെ കളക്ഷന്‍ ഉണ്ട്

  ReplyDelete
 3. പുസ്തക പരിചയപ്പെടുത്തലിനെ അഭിനന്ദിക്കുന്നു.മന്‍സൂര്‍ ചെറുവാടിയുടെ ഭാവനാസമ്പന്നമായ ശൈലിക്ക് അല്പം ഭംഗം വന്നുവോ എന്നു തോന്നി.ഇവിടെ വന്നിട്ട് കുറേ ആയി.അതായിരിക്കാം.അതോ പട്ടാള ബൂട്ടുകളുടെ അക്ഷരനിസ്വനങ്ങലായത് കൊണ്ടോ ആവാം .ഒരു കുറ്റപ്പെടുത്തലായി കാണരുതേ...എന്‍റെ ആസ്വാദനക്ഷമതയുടെ ബലഹീനതയെന്നു മാത്രം ധരിക്കുക.ഭാവുകങ്ങളോടെ ...

  ReplyDelete
  Replies
  1. സന്തോഷം മുഹമ്മദ്‌ ഭായ് തുറന്ന അഭിപ്രായത്തിന് . ഞാനത് വളരെ ഇഷ്ടപ്പെടുന്നു . വായിച്ച ഒരു പുസ്തകത്തെ അലക്ഷ്യമായി കുറിച്ചിട്ടു എന്നതാണ് സത്യം. നിങ്ങളുടെ അഭിപ്രായം കാണുമ്പോൾ ആ അലസമായ സമീപനം വേണ്ടിയിരുന്നില്ല എന്ന് ഞാൻ തിരിച്ചറിയുന്നു . തീർച്ചയായും കൂടുതൽ സീരിയസായി എഴുത്തിനെ സമീപ്പിക്കൻ ഈ അഭിപ്രായം ഉപകാരപ്പെടും . ഒത്തിരി നന്ദി

   Delete
 4. യുദ്ധത്തിന്റെ മുന്നിലും പിന്നിലും സമാധാനമില്ല .രക്ത രൂക്ഷിതമായ പോരാട്ടത്തില്‍ വിജയം മാത്രം മുന്നിലാവുമ്പോള്‍ മനുഷ്യത്തം മരവിച്ചു പോകുന്നു .അതുകൊണ്ടാകാം വായന നമ്മെ അസ്വസ്ഥമാക്കുന്നത് .പരിചയപ്പെടുത്തലിനു നന്ദി ചെറുവാടി ..

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....