തിരക്കില്‍ നിന്നും മാറി ശാന്തമായ പ്രകൃതിയോട് ചേര്‍ന്ന് , ശുദ്ധമായ വായു ശ്വസിച്ച് , മരങ്ങളോടും കിളികളോടും പൂക്കളോടും മിണ്ടിയും
പ്രകൃതിയെ ധ്യാനിച്ചും ഇരിക്കാന്‍ പറ്റുന്ന ചില സ്ഥലങ്ങള്‍ . അവിടെ ചിന്തകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പ്രവേശനമില്ല . . ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒരു തീര്‍ത്ഥാടനം പോലെയാണെനിക്ക്. മനസ്സിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്ന എല്ലാ യാത്രകളും ഒരു രീതിയില്‍ തീര്‍ത്ഥാടനം തന്നെയാണ് .
കർക്കിടകമഴ തകർത്തു പെയ്യുകയാണ് . കാട്ടിനുള്ളിലൂടെയും മലഞ്ചെരിവുകളിലൂടെയും പെരുമഴയത്ത് വണ്ടിയോടിക്കുന്നത് എത്ര മനോഹരമായ അനുഭവമാണ് . ഗ്ലാസ് അൽപം താഴ്ത്തിയിട്ടു . മുഖത്തേക്ക് ഒരാവേശത്തോടെ തെറിക്കുന്ന മഴത്തുള്ളികൾ . തണുക്കുന്നത് മനസ്സ് കൂടിയാണ് . റോഡിനിരുവശവും നിറഞ്ഞു നിൽക്കുന്ന പൊന്തകാടുകളിലേക്ക് പെയ്യുന്ന മഴനോക്കി ഞാനിരുന്നു. മഴത്തുള്ളികള്‍ ഇലകളില്‍ പതിക്കുമ്പോഴൂള്ള ശബ്ദം, കാണാതെപ്പോയ ഒത്തിരി മഴക്കാലങ്ങളുടെ ഓര്‍മ്മകള്‍ ചേര്‍ത്തൊരുക്കിയ ഒരു സിംഫണിപോലെ മനസ്സില് നിറയുന്നു.
ഷോളയാർ കാടുകൾക്കിടയിൽ കെ എസ് ഇ ബി യുടെ ഒരു ഐബിയുണ്ട് . അവിടെ ഒരു ദിവസം താമസിക്കണം എന്നതിൽ കവിഞ്ഞൊരു ഉദ്ദേശവും ഈ യാത്രക്കില്ല . വല്ലപ്പോഴും നാട്ടിൽ കൂടിച്ചേരുന്ന സൗഹൃദങ്ങളെ സമ്പന്നമാക്കുന്നത് ഇത്തരം യാത്രകളാണ് . ഐ ബിയിലെത്തുമ്പോള്‍ നേരം ഇരുട്ടി തുടങ്ങുന്നു. തൊട്ടുമുമ്പേ പെയ്തു തോർന്നൊരു മഴയുടെ തുള്ളികൾ നിവേദ്യം പോലെ തലയിൽ വീണു . മരത്തിന് മുകളിൽ ഒറ്റക്കിരിക്കുന്നൊരു വേഴാമ്പൽ . കാടിന്‍റെ നിശബ്ദത അവനും ആസ്വാദിക്കുന്നതുപോലെ .
ഇതുപോലുള്ള യാത്രകളെ തീര്‍ത്ഥാടനം എന്ന് വിളിക്കാമെങ്കിൽ ഈ ഐബിയെ പർണ്ണാശ്രമം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം . വായിച്ചറിഞ്ഞ ആശ്രമസങ്കൽപ്പങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു അന്തരീക്ഷമാണ് ഇവിടെ.എണ്‍പത് വർഷങ്ങളുടെ ചരിത്രവും പേറി ഈ ബംഗ്ലാവ് ഒരൊറ്റയാന്‍റെ തലയെടുപ്പോടെ നിവർന്നു നിൽക്കുന്നു . കനേഡിയൻ സായിപ്പിന്‍റെ കാലത്താണ് ഇതിന്‍റെ നിർമ്മാണം . ജോണ്‍സണ്‍ എന്ന ചാലക്കുടിക്കാരനാണ് ഇവിടത്തെ കെയർ ടേക്കർ .. അത്ര വേഗത്തിൽ സൗഹൃദത്തിലാവുന്ന ഒരു പ്രകൃതമല്ല ജോണ്‍സന് . പക്ഷേ സംസാരിച്ചപ്പോൾ നല്ലൊരു മനസ്സിന്‍റെ ഉടമ കൂടിയാണെന്ന് മനസ്സിലായി . ചെറുപ്പത്തിൽ തന്നെ വീട്ടിൽ ജോലിക്ക് വന്നൊരു കുട്ടിയെ പിന്നെ മകളെ പോലെ കണ്ട് അവളെ വിവാഹവും കഴിപ്പിച്ചൊരു സന്തോഷത്തിലാണ് ജോണ്‍സൻ . തനിക്ക് മൂന്ന് കുട്ടികളാണ് എന്ന് പറയുന്നത് ഒന്ന് ഈ കുട്ടിയേയും ചേർത്ത് പിടിച്ചാണ് . തിരിച്ചറിവുകൾ നഷ്ടപ്പെട്ട വർത്തമാനകാലത്തേക്ക് നോക്കി ജോണ്‍സൻ എന്ന രക്ഷിതാവ് നൽകുന്ന സന്ദേശം ചെറുതല്ല . നിങ്ങൾക്ക് രാത്രിയിലേക്കുള്ള ഭക്ഷണം ശരിയാക്കട്ടെ എന്നും പറഞ്ഞ് ജോണ്‍സൻ അടുക്കളയിലേക്ക് പോയി . ഞാൻ ബംഗ്ലാവിന് ചുറ്റും നടക്കാനിറങ്ങി . ബംഗ്ലാവിന് അതിരിടുന്നത് കാടാണ് . ആ ഒരു ഭീതി മനസ്സിലുണ്ട് . അടുക്കള ഭാഗത്ത് എത്തിയപ്പോള്‍ അടുക്കളയോട് ചേര്‍ന്ന് പുതുതായി ഉയരത്തില്‍ മതില്‍ കെട്ടിയിരിക്കുന്നു. കാൽപെരുമാറ്റം കേട്ടപ്പോൾ ജോണ്‍സൻ എത്തി നോക്കി . "ആനശല്യം കൂടുതലായിരുന്നു . മുറ്റത്തെല്ലാം വരും . ഒരു സുരക്ഷക്ക് വേണ്ടി കെട്ടിയതാ ഈ മതിൽ ". ഞാൻ പിന്നെ അധികം അവിടെ ചുറ്റി തിരിയാനൊന്നും നിന്നില്ല .
തിരിച്ച് വീണ്ടും മുറ്റത്തെത്തിയപ്പോൾ അവിടെ സൗഹൃദസയാഹ്നം തുടങ്ങിയിട്ടുണ്ട് . ബംഗാവിന്‍റെ മുറ്റം മനോഹരമായ പൂന്തോട്ടമാണ് . നിറയെ പൂക്കൾ വിരിഞ്ഞിട്ടുണ്ട് . നേരം ഇരുട്ടിയിരി ക്കുന്നു . കെട്ടിയൊരുക്കിയ കൈവരിയിൽ പിടിച്ച് കാഴ്ച കാണാനിരുന്നു , കൈവരിക്ക് താഴെ കാടിറങ്ങി പുഴയിലേക്ക് ചേരുന്നു . നിശബ്ദത മാത്രം . ഷോളയാർ കാടിറങ്ങി ചാലക്കുടി പുഴയും മുറിച്ചു കടന്നൊരു കാറ്റ് എന്നെ തേടി വന്നു . കാടിനെ ധ്യാനിച്ച് ഒറ്റക്ക് നിൽക്കുന്ന എന്നെയത് വാരിപുണർന്നു . മങ്ങിയ നിലാവെളിച്ചത്തിൽ ഒരു ഇമയനക്കം പോലുമില്ലാതെ ചാലക്കുടി പുഴ. നിശബ്ദമായ പുഴകൾ എനിക്കത്ര ഇഷ്ടമുള്ള കാഴ്ചയല്ല . ഒഴുകുന്ന പുഴകൾ സംഗീതസാന്ദ്രമാണ് . ഷോളയാർ ഡാം കെട്ടഴിച്ചു വിട്ടാൽ ഈ പുഴയും ഒഴുകുമായിരിക്കും . കെട്ടിയിട്ട പുഴകൾ കണ്ണീർ വറ്റിയ ജലാശയങ്ങൾ മാത്രമാണ് . അതിന് ജീവനും സംഗീതവുമില്ല . കോടമഞ്ഞ് നിലാവിനെ മറച്ചപ്പോൾ മൂടുപടം ഇട്ടപ്പോലെ ചാലക്കുടി പുഴയും മറഞ്ഞു .
കുറഞ്ഞ അകലം പോലും കോടമഞ്ഞ് കാരണം കാണുന്നില്ല . ഏതാനും ദൂരംമാത്രം ഇരിക്കുന്ന സുഹൃത്തുക്കളെ പോലും അത് മറച്ചിരിക്കുന്നു . രാവിലെ തകർത്ത് പെയ്തിരുന്ന മഴ രാത്രിയും അനുഗ്രഹിക്കുമോ ..? സമയം ഏറെ ആയെന്നും ഭക്ഷണം കഴിക്കാമെന്നും ഓർമ്മിപ്പിച്ച് വീണ്ടും ജോണ്‍സനെത്തി . ചപ്പാത്തിയും കോഴിക്കറിയും . കേരളത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസുകളിലെ പ്രത്യേകത അവിടെ കിട്ടുന്ന രുചിയുള്ള ഭക്ഷണമാണ് . പിന്നെ അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ . പ്രകൃതിയോട് ഏറ്റവും അടുത്ത സ്ഥലത്താണ് മിക്ക ഗസ്റ്റ് ഹൗസുകളും . ഒരു യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ സ്ഥലത്തോടൊപ്പം ആ രുചിയും കൂടെ പോരും .
വുഡൻ ഫ്ലോറിങ്ങുള്ള കിടപ്പ് മുറി വിശാലമാണ് . എല്ലാവർക്കും ഒരു മുറിയിൽ തന്നെ കിടക്കാം. എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല . പക്ഷേ കാലത്ത് നേരത്തെ എഴുന്നേൽക്കണം എന്നത് കിടക്കുമ്പോഴേ ഉറപ്പിച്ചതാണ് . രാത്രിയിൽ എന്നെ കൊതിപ്പിച്ച മാദക കാഴ്ചകളുടെ പുലർക്കാല ചിത്രം എങ്ങിനെയാവും എന്നറിയണം . വീണ്ടും കൈവരിയുടെ അടുത്തേക്ക് ഓടി , കോടമഞ്ഞ് നീങ്ങിയിട്ടില്ല . ഷോളയാർ കാടിന് മേലെ അത് പറന്നു നിൽക്കുന്നു . ഇളം വെയിലിൽ തിളങ്ങുന്നുണ്ടെങ്കിലും ചാലക്കുടിപുഴ രാത്രിയിലെ നിസ്സംഗ ഭാവം തുടരുന്ന പോലെ . എങ്കിലും സുന്ദരിയായിട്ടുണ്ട് . പക്ഷേ കാൽപനികതക്കുമപ്പുറം ഈ കാഴ്ച്ചകളുണ്ടല്ലോ . അത് നിങ്ങളെ മതിപ്പിക്കും എന്നുറപ്പ് .
മുറ്റം നിറയെ പനിനീർ സുഗന്ധം . എത്ര പനിനീർ പൂക്കളാണ് വിരിഞ്ഞു നിൽക്കുന്നത് , അവയിൽ നിന്നും വമിക്കുന്ന സുഗന്ധം തന്നെ എല്ലായിടത്തും . ഈ സുഗന്ധം പടിയിറങ്ങിപ്പോയ പ്രണയ കാലങ്ങളെ ഓർമ്മിപ്പിക്കുന്നു . പൂക്കളുടെ മേലെ ചിതറി നിൽക്കുന്ന മഞ്ഞുത്തുള്ളികൾ അത്തരം ഓർമ്മകൾക്ക് മേലെ വീണ്ടും പെയ്യുന്നു . ഓർമ്മകളുടെ വീണ്ടെടുപ്പ് കൂടിയാണ് യാത്രകൾ . ഒരാവേശത്തോടെ ഞാനറിയാതെ മുന്നോട്ട് ചലിക്കുന്നു പാദങ്ങൾ . ഇലച്ചാർത്തുകൾക്കിടയിലൂടെ മുന്നോട്ട് നടന്നു . പൂക്കൾ , ചെടികൾ , മരങ്ങൾ , കിളികൾ . ദൂരെ ഒരു മഴയിരമ്പം കേൾക്കുന്നു . അത് കാട്ടിലോ അതോ മനസ്സിലോ . മേലെ ഒരു ഇലയനക്കം . വീണ്ടുമൊരു വേഴാമ്പൽ ഇലകൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി . ഇന്നലെ കണ്ട അപരിചിതത്വം അതിനില്ല . വീണ്ടും ആ കൈവരിയിൽ തന്നെയെത്തി . ഷോളയാർ കാടിന് മേലെ നിറഞ്ഞു നിൽക്കുന്ന കോട മഞ്ഞിൽ കുറേ ചിത്രങ്ങൾ കാണാം . ഒരിക്കൽ കൂടെ ആ കാടിറങ്ങി പുഴയും മുറിച്ചു കടന്നൊരു കാറ്റ് എന്നെ തേടി വന്നെങ്കിൽ ...!!!
വല്ലാതെ പിശുക്ക് കാണിച്ചോ ? പോസ്റ്റ് വളരെ ചെറുതായി പോയി, ആശംസകള്‍
ReplyDeleteഇലച്ചാർത്തുകൾ കാത്തുവെച്ച തണലും തണുപ്പും ഒരു മഴയ്ക്ക് പിന്നാലെ അവയിൽ നിന്ന് ഉതിരുന്ന നീർമണികളുടെ തണുപ്പും ഏറ്റുകൊണ്ട് നിന്നപോലെ ഒരനുഭവം ഈ വായന തന്നു. സ്വച്ഛം, സുന്ദരം, സുരഭിലം.....
ReplyDeleteപ്രണയം എങ്ങും പടിയിറങ്ങി പോയിട്ടില്ല മൻസൂർ.പോയിരുന്നെങ്കിൽ ഈ അനുഭവങ്ങളൊന്നും ഇത്രമേൽ മനോഹരമായ അനുഭൂതികളായി വാക്കുകളിൽ നിറയ്ക്കാനാവുമോ??????
ReplyDeleteമനോഹരമായ ഒരു സ്വപ്നദര്‍ശനം പോലെ തോന്നി ..വളരെ ഹൃദ്യമായ ഈ യാത്രാവിഷ്കാരം..
ReplyDeleteആഹാ... എന്നെയങ്ങ് കൊല്ല്... ഇങ്ങനെ കൊതിപ്പിക്കരുത് മനുഷ്യനെ...
ReplyDeleteഅടുത്ത കാലത്ത് ഇത്തരം സങ്കേതങ്ങള്‍ ഭംഗിയായി സംരക്ഷിക്കപ്പെടുന്നു.പ്രകൃതി സംരക്ഷണം വനം വകുപ്പ് ശരിക്കും ഏറ്റെടുത്തിരിക്കുന്നു.മൃഗങ്ങള്‍ക്ക് മനുഷ്യനെ പേടിയോ അപരിചിതത്വമൊ ഇല്ല.ജോലിക്കു മിക്കവാറും ഗിരിവര്‍ഗ്ഗക്കാര്‍ തന്നെയാണ് താനും.
ReplyDeleteNalla vaayana thannu. Aazamsakal. ....
ReplyDeleteNalla vaayana thannu. Aazamsakal. ....
ReplyDeleteNalla vaayana thannu. Aazamsakal. ....
ReplyDeleteകുറെ ഫോട്ടോസ് കൂടി ചേര്‍ക്കാമായിരുന്നു ചെറുവാടി..
ReplyDeleteSaid it.....
Deleteഇങ്ങിനെയാണെങ്കിൽ ചെറുവാടി എഴുതാതിരിക്കുന്നതാണ് നല്ലത്.....
ReplyDeleteകാരണം ഇത് അത്രമാത്രം മനുഷ്യനെ കൊതിപ്പിക്കുന്നു. എന്റെ മനസ്സിൽ നിറഞ്ഞു കവിയുന്ന അസൂയയോടെ നിങ്ങളെ ഞാൻ ഭാഗ്യവാൻ എന്നു വിളിക്കുന്നു......
ജോണ്‍സണിലൂടെ പര്‍ണ്ണാശ്രമത്തിന്‍റെ വിശുദ്ധിയും കണ്ടു!
ReplyDeleteഹൃദ്യമായി വിവരണം.
ആശംസകള്‍
വളരെ മുൻപ് അവിടെ ചിലവിട്ട ഒരു ദിവസത്തേക്ക് എന്റെ മനസ്സും യാത്ര പോയി
ReplyDeleteകുറെ ഫോട്ടോസ് കൂടെ ചേർക്കാമായിരുന്നു . നല്ല വിവരണം. ഇനിയും എഴുതുക.
ReplyDeleteനിങ്ങളോട് കൂട്ടില്ല :) ഒരു യാത്രക്ക് കൂടെ കൂട്ടാം എന്ന് പറഞ്ഞു കൊതിപ്പിചില്ലേ ;)
ReplyDeleteമനോഹരം.....
ReplyDeleteഒറ്റയ്‌ക്കൊരിക്കലും യാത്രചെയ്യരുത്..
ReplyDeleteവല്ല കാട്ടാനയോ മറ്റോ.. ശ്ശൊ..
അതുകൊണ്ട്, ഇനിമുതല്‍ പോവുമ്പോള്‍ എന്നെയും അറിയിക്കൂ...
എഴുത്ത് ഭഹുകേമം..
ഒത്തിരി ഇഷ്ടം
കുറച്ചൂടി വിശാലത ആവശ്യപ്പെടുന്നു......
ReplyDeleteമുറ്റം നിറയെ പനിനീർ സുഗന്ധം .
ReplyDeleteഎത്ര പനിനീർ പൂക്കളാണ് വിരിഞ്ഞു നിൽക്കുന്നത് ,
അവയിൽ നിന്നും വമിക്കുന്ന സുഗന്ധം തന്നെ എല്ലായിടത്തും .
ഈ സുഗന്ധം പടിയിറങ്ങിപ്പോയ പ്രണയ കാലങ്ങളെ ഓർമ്മിപ്പിക്കുന്നു .
പൂക്കളുടെ മേലെ ചിതറി നിൽക്കുന്ന മഞ്ഞുത്തുള്ളികൾ അത്തരം ഓർമ്മകൾക്ക്
മേലെ വീണ്ടും പെയ്യുന്നു . ഓർമ്മകളുടെ വീണ്ടെടുപ്പ് കൂടിയാണ് യാത്രകൾ .
ഒരാവേശത്തോടെ ഞാനറിയാതെ മുന്നോട്ട് ചലിക്കുന്നു പാദങ്ങൾ ....‘
ഇത്തരം എത്രയെത്ര മനോഹരമായ
വരികളാണ് മ്മ്ടെ ബൂലോഗത്തിന് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നത്
അല്ലേ ...
ങും വല്ലപ്പോഴും ഇതുപോലെ വരുന്നെങ്കിലുമുണ്ടെന്നുള്ള സമാധാനം..!